ലിവർപൂൾ: ചെറുപ്പക്കാരുടെ മരണം പതിവ് വാർത്തയായി മാറിയ ബ്രിട്ടനിലെ മലയാളികൾക്കിടയിൽ മറ്റൊരു യുവതി കൂടി ഓർമ്മയായിരിക്കുന്നു. കൊതിതീരെ കണ്ടു ജീവിക്കാൻ കൊതിച്ച നാട്ടിലെത്തി ദിവസങ്ങൾകൊണ്ട് തന്നെ ആശുപത്രിയിൽ അഭയം തേടേണ്ടി വന്ന നിർഭാഗ്യമാണ് മാനന്തവാടി സ്വദേശി അനു മാർട്ടിനെ കാത്തിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി രക്താർബുദത്തിന് ചികിത്സയിൽ ആയിരുന്ന 37 കാരി അനു ചികിത്സയിലിരിക്കെ ഇന്നലെ മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ വച്ചാണ് മരണത്തിനു കീഴടങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി രോഗം ഗുരുതരാവസ്ഥയിൽ ആയിരുന്നതായി പറയപ്പെടുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ ഓർമ്മിക്കാൻ ഒട്ടേറെ സുവർണ നിമിഷങ്ങൾ ഭർത്താവ് മാർട്ടിനും കുഞ്ഞുങ്ങൾക്കും നൽകി അനു ഓർമ്മയിലേക്ക് ചേക്കേറുക ആയിരുന്നു.

ഏഴും മൂന്നും വയസുള്ള രണ്ടു പെൺകുട്ടികളുടെ അമ്മയാണ് അനു. ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ്റ് ഹോസ്പിറ്റലിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭർത്താവ് മാർട്ടിനൊപ്പം ജീവിക്കാൻ മൂന്നാഴ്ച മുമ്പാണ് അനു യുകെയിൽ എത്തിയത്. ക്യാൻസർ ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിച്ചു രോഗശമനം ആയെന്ന ചിന്തയിലാണ് അനു യുകെയിൽ എത്തുന്നത്. എന്നാൽ യാത്രാ ക്ഷീണം അനുവിനെ വീണ്ടും ആശുപത്രിയിൽ തന്നെ എത്തിക്കുക ആയിരുന്നു.

അനു കഴിഞ്ഞ രണ്ട് വർഷക്കാലമായിട്ട് രോഗബാധിതയായി ചികിത്സയിലായിരുന്നുവെങ്കിലും മജ്ജ മാറ്റിവയ്ക്കൽ ചികിത്സയിലൂടെ രോഗശമനം നേടിയാണ് മൂന്ന് ആഴ്ചകൾക്ക് മുമ്പ് ലിവർപൂളിൽ എത്തിച്ചേർന്നത്. എന്നാൽ ലിവർപൂളിലെത്തിയ ദിവസം തന്നെ വളരെ ക്ഷീണിതയായി കാണപ്പെടുകയും തുടക്കത്തിൽ ലിവർപൂൾ റോയൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി റോയൽ ഹോസ്പിറ്റലിലേക്കും മാറ്റുക ആയിരുന്നു.

എന്നാൽ കഴിഞ്ഞ ആഴ്ചയിൽ അനുവിന്റെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് മാഞ്ചസ്റ്റർ ഇൻഫോർമറി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ജീവിതത്തിലേക്കു മടക്കി വിളിക്കാൻ ഉള്ള ശ്രമമാണ് നടത്തിയത്. പക്ഷെ ഇന്നലെ വൈകുന്നേരത്തോടെ ചികിത്സയോട് പ്രതികരിക്കാതെ മരണം സംഭവിക്കുക ആയിരുന്നു. മക്കളായ ആൻജെലിന, ഇസബെൽ എന്നിവർ നാട്ടിലാണ്. അനു, മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വിപി ജോർജ്, ഗ്രെയ്‌സ് ദമ്പതികളുടെ ഇരട്ടമക്കളിൽ ഒരാളാണ്. മൂന്ന് മാസങൾ മുമ്പ് മാത്രമാണ് മാർട്ടിൻ നഴ്‌സായി ആയി ലിവർപൂളിൽ എത്തിച്ചേർന്നത്.