ലണ്ടൻ: ബ്രിട്ടന്റെ പുതിയ കുടിയേറ്റ നിയമങ്ങളുടെ വിശദാംശങ്ങൾ പുറത്തു വന്നു. തൊഴിലാളി ക്ഷാമം നേരിടുന്ന സോഷ്യൽ കെയർ പോലുള്ള മേഖലകളിലെക്ക് സ്‌കിൽഡ് വർക്കേഴ്സിനുള്ള വിസാ ഫീസ് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇരട്ടിയാകും. ഹോം ഓഫീസിന്റെ കണക്കുകൾ നൽകുന്ന സൂചനയാണിത്. ഇപ്പോൾ രാജ്യത്തുൾല സ്‌കിൽഡ് വർക്കർമാർക്ക് നൽകുന്ന ഇൻ-കൺട്രി വിസകളുടെ എണ്ണം 2023/24 ലെ 2,04,000 എന്നതിൽ നിന്നും 2028/29 ആകുമ്പോഴേക്കും 5,84,000 ആയി വർദ്ധിക്കും എന്നാണ് കണക്കാക്കുന്നത്. വിദേശങ്ങളിൽ നിന്നും വരുമെന്ന് പ്രതീക്ഷിക്കുന്ന 2 ലക്ഷം സ്‌കിൽഡ് വർക്കർമാർക്ക് പുറമെയാണിത്.

2023/24 കാലത്ത് വിദേശത്തു നിന്നും എത്തും എന്ന് പ്രതീക്ഷിക്കുന്ന സ്‌കിൽഡ് വർക്കർമാരുടെ എണ്ണം 2,05,000 ആണ്. അതായത് മൊത്തം വിദേശ സ്‌കിൽഡ് വർക്കർമാരുടെ എണ്ണം നിലവിലെ 4,09,000 എന്നതിൽ നിന്നും 6,84,000 ആയി ഉയരും എന്നർത്ഥം. ഈ കണക്കുകൾ പുറത്തു വന്നതോടെ നെറ്റ് ഇമിഗ്രേഷൻ കുറയ്ക്കണമെന്ന ആവശ്യം കൺസർവേറ്റീവ് ബാക്ക് ബെഞ്ചുകളിൽ നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് 6,06,000 എന്ന റെക്കോർഡ് നിലയിലേക്ക് എത്തിയിരുന്നു.

ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനും മന്ത്രി റോബർട്ട് ജെന്റിക്കും കുടിയേറ്റത്തിന്, പ്രത്യേകിച്ചും സ്‌കിൽഡ് വർക്കർമാരുടെ വരവിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. നിലവിൽ സ്‌കിൽഡ് വർക്കർ വിസ ലഭിക്കണമെങ്കിൽ, യു കെയിൽ ലഭിക്കേണ്ട മിനിമം വേതനം , 26,200 പൗണ്ട് എന്നതിൽ നിന്നും 34,500 പൗണ്ട് ആക്കണമെന്നാണ് ഇവർ ഉയർത്തുന്ന പ്രധാന ആവശ്യം. ഇതുവഴി, കുറഞ്ഞ വേതനമുള്ള തൊഴിലുകളിലേക്കുള്ള വിദേശികളുടെ വരവ് കുറയും. മാത്രമല്ല, തൊഴിലുടമകൾക്ക് ബ്രിട്ടീഷ് പൗരന്മാർക്ക് ആവശ്യമായ പരിശീലനം നൽകാൻ പണം മുടക്കേണ്ടതായും വരും.

അതുപോലെ സോഷ്യൽ കെയർ മേഖലയിൽ വിദേശ കെയർ വർക്കർമാരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ചും ആലോചനകൾ നടക്കുന്നുണ്ട്. നിലവിൽ പ്രതിവർഷം ശരാശരി 1,20,000 പേരാണ് ഇതിനായെത്തുന്നത്. അതുപോലെ വിദേശ തൊഴിലാളികൾക്ക് യു കെയിലേക്ക് കുടുംബത്തെ കൊണ്ടുവരുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും.