- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസിറ്റിങ് വിസയിൽ യുകെയിൽ കഴിയവേ അഭയാർത്ഥി വിസ തേടി; ജീവിതം കയ്യെത്തിപിടിക്കാൻ നോക്കവേ കാൻസർ പിടികൂടി; മാനുഷിക പരിഗണനയിൽ സർക്കാർ അഞ്ചു വർഷത്തെ വിസ നൽകിയപ്പോഴേക്കും മരണമെത്തി; തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ജെർലിൻ മരണത്തിനു കീഴടങ്ങിയത് മക്കളെ ഒരു നോക്ക് കാണാനാകാതെ
ലണ്ടൻ: വിസിറ്റിങ് വിസയിലോ ടൂറിസ്റ്റ് വിസയിലോ യുകെയിൽ എത്തിയാൽ പിന്നീടുള്ള ജീവിതം സുരക്ഷിതവും സുരഭിലവും ആണെന്ന കെട്ടുകഥയുടെ ഇരകളായി മാറിയ നൂറുകണക്കിന് മലയാളികളിൽ ഒരാൾ കൂടി എന്ന വിലാസത്തിൽ അറിയപ്പെടാനിടയുള്ള ജെർലിൻ പ്രയാസ തുല്യ നാളുകൾക്ക് ശേഷം ഓർമ്മയായിരിക്കുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഇവർ കാൻസർ രോഗത്തെ തുടർന്ന് ഏറെ നാളായി വേദനാപൂർണമായ ജീവിതമാണ് അനുഭവിച്ചിരുന്നത്. വിസിറ്റിങ് വിസയിൽ എത്തിയ ജെർലിനും ഭർത്താവും കുട്ടികളും പിന്നീട് തുടർന്നും യുകെയിൽ നിൽക്കാനുള്ള സാധ്യതകൾ തേടുക ആയിരുന്നു. നാട്ടിൽ നിന്നും തന്നെ ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പിന്നീട് രണ്ടു വർഷത്തെ അഭയാർത്ഥി വിസയിലാണ് യുകെയിൽ തങ്ങിയിരുന്നത്.
കൃത്യമായ ജോലിയും വരുമാനവും ഇല്ലാതായതോടെ കുട്ടികളെ പിന്നീട് നാട്ടിലേക്ക് അയക്കുക ആയിരുന്നു. ഇതിനിടയിൽ ക്രൂരത കാട്ടാൻ തയ്യാറെടുത്തു നിന്ന വിധം വിധി പെരുമാറിയതോടെ ജെർലിൻ കാൻസർ രോഗിയായി. ഇതേ തുടർന്ന് മാനുഷിക പരിഗണന കാട്ടണമെന്ന കുടുംബത്തിന്റെ പരിഗണന ഏറ്റെടുത്ത ബ്രിട്ടീഷ് സർക്കാർ ജെർലിനും ഭർത്താവിനും അഞ്ചു വർഷത്തെ വിസയും നൽകി. രോഗം കഠിനമാകുകയും നാട്ടിലേക്ക് പോകാൻ സാധികാത്ത സാഹചര്യവും സംജാതമായതോടെ കുട്ടികളെ നാട്ടിൽ നിന്നും എത്തിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. ഏറെ നാളുകളായി കുട്ടികളെ എങ്ങനെയും യുകെയിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു രോഗക്കിടക്കയിലും ജെർലിനും ഭർത്താവും. കഴിഞ്ഞ ദിവസം കുട്ടികൾക്ക് അമ്മയെ കാണാൻ വിസ അനുവദിക്കപ്പെട്ടു എന്നും സൂചനയുണ്ട്.
എന്നാൽ മക്കളെ മരണത്തിനു മുൻപ് അവസാനമായി ഒന്ന് കാണുക എന്ന ആഗ്രഹം പൂർത്തിയാക്കാതെയാണ് ജെർലിൻ ജീവിതത്തിൽ നിന്നും മടങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ജെർലിന്റെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മൃതദേഹം യുകെയിൽ തന്നെ സംസ്‌കരിക്കാനുള്ള സാധ്യതകളാണ് ഈസ്റ്റ് ഹാമിൽ കുടുംബത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ മലയാളികൾ ചൂണ്ടിക്കാട്ടുന്നതും. ഈസ്റ്റ് ഹാം സെന്റ് മൈക്കിൾസ് പള്ളിയിൽ പതിവായി എത്തിയിരുന്ന ജെർലിനും ഭർത്താവിനും സാധ്യമായ സഹായമൊക്കെ നൽകുവാൻ പ്രദേശത്തെ മലയാളികൾ ശ്രമിക്കുന്നുണ്ട്. അമ്മയ്ക്ക് അന്ത്യചുംബനം നൽകാൻ കുട്ടികളെ യുകെയിൽ എത്തിക്കുക എന്ന ദൗത്യമാണ് ഇപ്പോൾ മലയാളി സമൂഹം ഏറ്റെടുക്കേണ്ടി വരുന്നതും.
നാല് വർഷം മുൻപ് ഈസ്റ്റ് ഹാമിൽ തന്നെ മരിച്ച നിലയിൽ കാണപ്പെട്ട രാജീവ് എന്നയാളും ഇത്തരത്തിൽ യുകെയിൽ എത്തി ആരുമറിയാതെ മരണത്തിനു കീഴടങ്ങുക ആയിരുന്നു. ദിവസങ്ങളോളം പട്ടിണി കിടന്നുള്ള മരണമാണ് രാജീവിന് ഉണ്ടായിരുന്നതെന്ന് അക്കാലയളവിൽ പ്രദേശവാസികൾ പറഞ്ഞ ജീവിത അനുഭവമാണ്. രാജീവിന്റെ ബന്ധുക്കൾ അടക്കം ഉള്ളവർ യുകെയിൽ ഇത്തരത്തിൽ കഴിയുന്നതിനാൽ ബ്രിട്ടനിൽ കുടിയേറ്റ നിയമത്തിനു എതിരായി എത്തുന്ന മലയാളികളെ കുറിച്ചുള്ള നിരവധി വാർത്തകൾ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചിരുന്നു. അന്നൊക്കെ രാജീവ് പ്രയാസപൂർണമായ ജീവിതമാണ് യുകെയിൽ നയിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയപ്പോഴും ബന്ധുക്കളായി യുകെയിൽ ഉണ്ടായിരുന്നവർ നാട്ടിലേക്ക് നൽകിയത് ഇവിടെ സുഖപൂർണമായ ജീവിതം ആണെന്നാണ്.
കൃത്യമായ ജോലിയും വരുമാനവും ഇല്ലാതെ ഈസ്റ്റ് ഹാമിൽ കടകൾക്ക് മുന്നിൽ എത്തി ജോലിക്കായി കൈനീട്ടി നിൽക്കുന്ന ജീവിതത്തെയാണ് ഇവർ നിറം പിടിപ്പിച്ച കഥകളാക്കി നാട്ടിൽ എത്തിച്ചിരുന്നത്. ഇത്തരത്തിൽ ഏതാനും പേർക്ക് കൗൺസിൽ ഫ്ലാറ്റുകൾ ലഭിച്ചതോടെ സർക്കാർ സൗജന്യമായി വീടും നൽകും എന്ന കെട്ടുകഥയും നാട്ടിലെത്തി. ഇതോടെ കിടപ്പാടം വിറ്റും യുകെയിൽ എത്താം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉയർന്ന വിദ്യാഭ്യസ യോഗ്യതയോ യുകെയിൽ എത്തിയാൽ ജോലി കണ്ടുപിടിക്കാനുള്ള പരിജ്ഞാനമോ ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യമോ പോലും ഇല്ലാതെയാണ് തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമങ്ങളിൽ നിന്നും ഇത്തരത്തിൽ മലയാളികൾ എത്തികൊണ്ടിരിക്കുന്നത്.
രണ്ടു ദിവസത്തിന് മുൻപ് ന്യുഹാം ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയ ജെർലിനും മൂന്നു വർഷം മുൻപ് യുകെയിൽ എത്തുന്നത് വലിയ തോതിൽ പണം മുടക്കിയ ശേഷമാണ്. ഇത്തരത്തിൽ ആളുകളെ വഞ്ചിക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്ത നിരവധി എജൻസികൾ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ട്. ഇവർ പറഞ്ഞു നൽകുന്ന നിറം പിടിപ്പിച്ച കഥകൾ വിശ്വസിച്ചാണ് അനേകം മലയാളികൾ ഇപ്പോഴും എത്തികൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിയാൽ പിന്നെ എല്ലാം സൗജന്യം ആണെന്നാണ് എജൻസികൾ നൽകുന്ന പ്രധാന വിവരം. നിലവിലെ യുകെയിലെ സാഹചര്യത്തിൽ ജോലി ലഭിച്ച് എത്തുന്നവർ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ് യുകെയിൽ എത്തിയാൽ ജോലിയൊക്കെ തനിയെ കിട്ടും എന്ന കഥ പ്രചരിപ്പിച്ച് ആളുകളെ മോഹം നൽകി യുകെയിലേക്ക് ചവിട്ടിക്കയറ്റുന്നത്.
ഈ മാഫിയ സംഘത്തെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ അടക്കം തുടർ പരമ്പരകൾ നൽകിയിട്ടും ഒരു അന്വേഷണവും നടത്താൻ കേരള സർക്കാർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ ഒന്നും സർക്കാരിനോ പ്രവാസി കാര്യ വകുപ്പിലെ നോർക്കയ്ക്കോ ഒന്നും ചെയ്യാനില്ല എന്ന മട്ടിലുള്ള നിസ്സംഗതയാണ് പ്രകടമാകുന്നത്. തിരുവനന്തപുരം സ്വദേശി രാജീവ് നാലു വർഷം മുൻപ് യുകെയിൽ അനാഥാവസ്ഥയിൽ മരണത്തിനു കീഴടങ്ങിയപ്പോൾ യുകെയിൽ തൊഴിൽ ലഭിക്കാതെ ടൂറിസ്റ്റ് വിസയിലും ഷെങ്കൻ വിസയിലും എത്തി നരക യാതന അനുഭവിക്കുന്ന മനുഷ്യ ജീവിതതങ്ങളെ കുറിച്ചു വ്യക്തമായ ചിത്രം സർക്കാരിൽ എത്തിച്ചിരുന്നതുമാണ്. എന്നാൽ ഒരു നടപടിയും ഇത്തരക്കാർക്ക് എതിരെ ഉണ്ടാകുന്നില്ല എന്നതിന്റെ തെളിവാണ് ഇപ്പോഴും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എത്തികൊണ്ടിരിക്കുന്ന മലയാളികളുടെ എണ്ണം തെളിയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ