ഡബ്ലിൻ: വിന്റർകാലം എത്തിയതോടെ രാജ്യത്ത് പകർച്ചാ രോഗങ്ങളും ഭീതിപടർത്തുകയാണ്. പനികളടക്കമുള്ള രോഗങ്ങൾ മൂലം നിരവധി രാജ്യത്ത് ചികിത്സയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. H1N1 പനി ബാധിച്ച് നാല് മരണം സംഭവിച്ചതായും എച്ച്എസ്ഇയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

വരും ആഴ്ചകളിൽ അയർലണ്ടിൽ പനി ബാധിതരുടെ എണ്ണം പതിന്മടങ്ങായി വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി. ആശുപത്രികളിൽ ചികിത്സക്ക് എത്തിയ 20 മുതൽ 40 വയസ്സ് വരെയുള്ളവരിൽ ഫ്‌ളൂ ബാധ സ്ഥിരീകരിക്കുകയും ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ പ്രവേശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

സാധാരണ പകർച്ചപ്പനിക്ക് ഉള്ള അതേ ലക്ഷണങ്ങൾ തന്നെയാണ് H1N1 നും. പനി, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തലവേദന, ക്ഷീണം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ കാണാം. അതോടൊപ്പം ചുമയും ചെറിയ രീതിയിലുള്ള കഫവും ശ്വാസംമുട്ടലും അനുഭവപ്പെടാം. വയറിളക്കവും ഛർദ്ദിയും പോലെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. എന്നാൽ വൈറസ് പൂർണമായും ശരീരത്തെ കീഴടക്കിയാൽ രോഗി രക്തം ഛർദ്ദിക്കുന്നതുൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമാക്കിയേക്കാം.

പ്രതിരോധ കുത്തിവെയ്‌പ്പാണ് ഈ പനിബാധയെ തടയാനുള്ള പ്രതിരോധ മാർഗം. പനി ലക്ഷണങ്ങൾ പ്രകടമാകുന്നവർ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ നിർബന്ധമായും പരിശോധനകൾക്ക് വിധേയമാക്കണമെന്ന് എച്ച്.എസ്.ഇ നിർദ്ദേശിക്കുന്നു. രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. രോഗബാധിതരായവരെ മറ്റുള്ളവരിൽനിന്നു മാറ്റിനിർത്തുകയും ശ്വാസകോശസ്രവങ്ങൾ മറ്റുള്ളവരിലേക്കു പകരാതിരിക്കാനായി പ്രത്യേക തരം മാസ്‌ക് ഉപയോഗിക്കുകയും വേണം.