മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി മലദ്വാരത്തില്‍ ഒളിപ്പിച്ച 32 ലക്ഷം രൂപയൂടെ സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ചു കടത്തി പുറത്തെത്തിച്ച യുവാവ് അവസാനം പോലീസിന്റെ പിടിയില്‍. രണ്ട് ക്യാപ്സൂളായി മലദ്വാരത്തില്‍ ഒളിപ്പിച്ച 433 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കീരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ മറ്റ് രണ്ടുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെ രാവിലെ 07.15 ഓടെ് റിയാദില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ തിരൂര്‍ താനാളൂര്‍ സ്വദേശി മുഹമ്മദലി (36) ആണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് കാപ്സ്യൂളുകളിലാക്കി പാക്ക് ചെയ്ത് സ്വന്തം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് വിദേശത്ത് ഇയാള്‍ നിന്നും എത്തിയത്.

കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണം പിടികൂടാതായപ്പോള്‍ രക്ഷപ്പെട്ടുവെന്ന് കരുതി പുറത്തെത്തിയപ്പോഴാണു പോലീസിന്റെ പിടിയിലായത്. നേരത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദലിയെ കാത്തു പോലീസ് പുറത്തുതന്നെ നില്‍ക്കുന്നുണ്ടായിലരുന്നു. കരിപ്പൂര്‍ പോലീസിന്റെ നേതൃത്വത്തിലാണു പിടികൂടിയത്. ഇയാളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തു നിന്ന ഓമശ്ശേരി മാനിപുരം സ്വദേശികളായ സിറാജുദ്ദീന്‍(42), സലാം (35) എന്നിവരേയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

അഭ്യന്തര വിപണിയില്‍ 32 ലക്ഷത്തിലധികം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്തുനിന്നും കഴിഞ്ഞ രണ്ടാഴ്ചക്കിടെ പോലീസ് പിടികൂടുന്ന രണ്ടാമത്തെ സ്വര്‍ണ്ണക്കടത്തു കേസാണിത്.

പുതിയ മലപ്പുറം എസ്.പി ആര്‍. വിശ്വനാഥ് ചുമതലയേറ്റെടുത്ത ശേഷമുള്ള രണ്ടാമത്തെ സ്വര്‍ണക്കടത്തുമാണ് പിടികൂടുന്നത്. നേരത്തെ മലപ്പുറം എസ്.പിയായ സുജിത് ദാസിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ വ്യാപകമായ സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. എന്നാല്‍ ഇതില്‍ വന്‍ ഗൂഡാലോചനയുണ്ടെന്നും പിടികൂടുന്ന സ്വര്‍ണം പൂര്‍ണമായും കസ്റ്റഡിയിലെടുക്കാതെ മുക്കുകയാണെന്നും ആരോപിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ രംഗത്തുവന്നിരുന്നു. ഇതിനു ശേഷം വീണ്ടും കസ്റ്റംസിനെ വെട്ടിച്ചു കടത്തുന്ന സ്വര്‍ണം പോലീസ് പിടികൂടാന്‍ തുടങ്ങിയിട്ടുണ്ട്.