- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് കുപ്പത്തൊട്ടിയിൽനിന്ന് വിശപ്പടക്കിയ 19കാരി; ഇന്ന് അടിവസ്ത്രംപോലും ലേലത്തിൽ പോകുന്നത് ഒന്നരക്കോടിക്ക്; ഗായിക മഡോണ തിരിച്ചുവരുമ്പോൾ
പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകമഹാത്ഭുതം എന്ന് വിശേഷപ്പിക്കപ്പെടാറുള്ളത് നമ്മുടെ മമ്മൂട്ടിയാണ്. പക്ഷേ ആഗോള തലത്തിൽ തന്നെ നോക്കിയാൽ, 60 കഴിഞ്ഞാലും തങ്ങളുടെ സൗന്ദര്യം നിലനിർത്തുന്ന സ്ത്രീകൾ വളരെ കുറവാണ്. എന്നാൽ മഡോണ എന്ന ലോകത്തിലെ ഏറ്റവും വിലപിടിച്ച ഗായികക്ക് മുന്നിൽ, നമ്മുടെ മമ്മൂട്ടിയെന്നും ഒന്നുമല്ല. 65 വയസ്സായി മഡോണക്ക്. ഇന്നും കത്തുന്ന സൗന്ദര്യമാണ്. പതിനായിരങ്ങളെ ആവേശക്കൊടുമുടിയിലെത്തിക്കുന്ന മൂന്ന് മണിക്കൂർ സ്റ്റേജ് ഷോ, ഇന്നും അവർ ചെയ്യുന്നത് കണ്ടാൽ ഞെട്ടിയിരിക്കും!
മഡോണ എന്ന പോപ്പ് റാണിയുടെ തിരിച്ചുവരവിന്റെ വേദിയായിരുന്നു,
ബ്രസീലിലെ കോപകബാന ബീച്ചിൽ രണ്ടുദിവസം മുമ്പ് നടന്ന സംഗീതപരിപാടി. ഇവിടുത്തെ വിശാലമായ മണൽപ്പരപ്പ് മൊത്തമായി ഒരു ഡാൻസ് ഫ്ളോറായി മാറി. തല ഒരു തൊപ്പിയാൽ മൂടിയും കൈയിൽ ഒരു ജപമാല മുറുകെ പിടിച്ചും തകർത്താടി 'പോപ്പ് രാജ്ഞി' വേദിയെ പ്രകമ്പനം കൊള്ളിച്ചു. ഒക്ടോബറിൽ ലണ്ടനിൽ ആരംഭിച്ച ദി സെലിബ്രേഷൻ എന്ന മഡോണയുടെ ടൂറിന്റെ അവസാന ഷോയായിരുന്നു അത്.
1.6 ദശലക്ഷത്തിലധികം ആരാധകർ മഡോണയുടെ സംഗീതപരിപാടി ആസ്വദിച്ചു. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിൽ നിന്ന് വലിയ ആരവങ്ങൾ ഉയർന്നു, കടൽത്തീരത്തെ അഭിമുഖീകരിക്കുന്ന അപ്പാർട്ട്മെന്റുകളിലും ഹോട്ടലുകളിലും ആളുകൾ തിങ്ങിക്കൂടി. ഹെലികോപ്റ്ററുകളും ഡ്രോണുകളും മുകളിലൂടെ പറന്നു, കടൽത്തീരത്ത് മോട്ടോർബോട്ടുകൾ നങ്കൂരമിട്ടു. ' ഞങ്ങൾ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ്," - മഡോണ ജനക്കൂട്ടത്തോട് പറഞ്ഞു. സമുദ്രക്കാഴ്ചയും പർവതങ്ങളും നഗരത്തെ അഭിമുഖീകരിക്കുന്ന ക്രൈസ്റ്റ് ദി റിഡീമർ പ്രതിമയും ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ കൂട്ടിച്ചേർത്തു: 'ഈ സ്ഥലം മാന്ത്രികമാണ്". ലൈക്ക് എ വിർജിൻ, ഹംഗ് അപ്പ് എന്നിവയുൾപ്പെടെ മഡോണ തന്റെ ക്ലാസിക് ഹിറ്റുകൾ വീണ്ടും അവതരിപ്പിച്ച് അവർ അർമാദിച്ചു.
പോപ്പിന്റെ പുരുഷ ലോകത്ത് ആധിപത്യം സ്ഥാപിക്കുന്ന ആദ്യ വനിത ഇതാ തിരിച്ചുവന്നിരുക്കുന്നുവെന്ന് അതോടെ ലോകമാധ്യമങ്ങൾ എഴുതി. തീർത്തും അസാധാരണമാണ് ഈ സ്വരംകൊണ്ടും, സൗന്ദര്യംകൊണ്ടും ലോകത്തെ ആനന്ദലഹരിയിൽ ആറാടിച്ച മഡോണയുടെ ജീവിതം.
വിലക്കുകൾ ലംഘിച്ച ബാല്യം
300 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റഴിക്കുകയും 850 മില്യൺ ഡോളർ ആസ്തി കണക്കാക്കുകയും ചെയ്ത മഡോണ സംഗീത വ്യവസായത്തിലെ ഏറ്റവും വിജയകരമായ സ്ത്രീകളിൽ ഒരാളാണ്. ഫോർബ്സ് മാസികയുടെ സംഗീതത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്ത്രീകളുടെ വാർഷിക റാങ്കിംഗിൽ 11 തവണ അവർ ഒന്നാമതെത്തിയിട്ടുണ്ട്. അവൾ 28 ഗ്രാമി നോമിനേഷനുകൾ നേടുകയും ഏഴു തവണ അവാർഡ് നേടുകയും ചെയ്തു.
ഗാനരചയിതാവ്, സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. കൈയിൽവെറും 35 ഡോളറുമായി ന്യൂയോർക്കിലെത്തിയ മഡോണ ഇന്ന ഒരു പരിപാടിക്ക് വാങ്ങുന്നത് 34 കോടിയാണ്!
മഡോണ ലൂയിസ് സിക്കോൺ എന്നാണ് ഈ ലോക പോപ്പ് സംഗീത റാണിയുടെ പൂർണ്ണമായ പേര്. 1958 ഓഗസ്റ്റ് 16 ന് അമേരിക്കയിലെ മിഷിഗണിലെ ബേ സിറ്റിയിൽ കത്തോലിക്കാ മാതാപിതാക്കളായ മഡോണ ലൂയിസിന്റെയും, സിൽവിയോ ആന്റണി എന്ന ടോണി സിക്കോണിന്റെയും മകളായാണ് അവൾ ജനിച്ചത്. ചെറുപ്പത്തിലേ ദുരന്തം മഡോണയുടെ കുടെപ്പിറപ്പാണ്. അവളുടെ അഞ്ചാം വയസ്സിൽ അമ്മ സ്തനാർബുദം ബാധിച്ച് മരിച്ചു. രണ്ട് മൂത്ത സഹോദരന്മാരോടും മൂന്ന് ഇളയ സഹോദരങ്ങളായ വലിയ കുടുംബമായിട്ടും അമ്മയുടെ മരണത്തോടെ അവൾ ഒറ്റപ്പെട്ടുപോയി എന്നാണ് ആത്മകഥയിൽ പറയുന്നത്. അമ്മയുടെ പെട്ടെന്നുള്ള ദാരുണമായ മരണം മഡോണയെ അസ്വസ്ഥയാക്കി. അതിന'ശേഷം പിതാവ് പുനർവിവാഹിതനായതും അവൾക്ക് ഇഷ്പ്പെട്ടില്ല. അന്ന് തുടങ്ങിയതാണ് പിതാവുമായുള്ള അവളുടെ പ്രശ്നങ്ങൾ.
ചെറുപ്പത്തിലേ റെബൽ ആയിരുന്ന അവൾ. സെക്സിയായ വസ്ത്രം ധരിക്കാനും, സ്വാതന്ത്ര്യത്തോടെ നടക്കാനും ആഗ്രഹിച്ചവൾ. ആൾക്കൂട്ടത്തിൽ വേറിട്ടുനിൽക്കാനുള്ള അവളുടെ ആഗ്രഹം. മുടിയിലും, വസ്ത്രങ്ങളിലും, മിനി സ്കേർട്ടിലുമെല്ലാം അവൾ ഇതിനായുള്ള പരീക്ഷണം നടത്തും. പിതാവിന് അത് ഇഷ്ടമല്ല. അങ്ങനെ അവർ തമ്മിൽ വഴക്ക് പതിവായി.സ്കൂളിലും തികഞ്ഞ നിഷേധിയായിരുന്നു മഡോണ. അവിടെയും പഠിക്കാനല്ല ആടാനും പാടാനുമായിരുന്നു അവൾക്ക് ഇഷ്ടം. വീട്ടിലെ പ്രശ്നങ്ങൾ വർധിച്ചതോടെ മഡോണ നാടുവിട്ടു. വെറും 19ാമത്തെ വയസ്സിൽ ഒരു ബാഗുമെടുത്ത്, കൈയിൽ ഏതാനും ഡോളറുകളുമായി തനിക്ക് ഒരു പരിചയവുമില്ലാത്ത ന്യൂയോർക്ക് നഗരത്തിലേക്ക് വണ്ടി കയറി!
കുപ്പത്തൊട്ടിയിൽനിന്ന് വിശപ്പടക്കിയ കാലം
1978-ൽ ന്യൂയോർക്കിൽ എത്തുമ്പോൾ 19കാരിയായ ആ സുന്ദരിയുടെ കൈവശമുണ്ടായിരുന്നത് ചെറിയ സ്യൂട്ട്കേസ്, ഒരു വിന്റർ കോട്ട് എന്നിവയാണ്. ഒപ്പം 35 ഡോളറും. "അന്നു ഞാൻ പേടിച്ചു വിറച്ചു. ന്യൂയോർക്ക് എന്ന വലിയ നഗരം കണ്ടപ്പോൾ ശ്വാസം നിലച്ചുപോയി. മാലിന്യത്തിന്റെ രൂക്ഷ ഗന്ധത്തിൽ ഛർദിക്കാൻ തോന്നി"-മഡോണ പിന്നീട് പറഞ്ഞു.
ന്യൂയോർക്ക് തിയേറ്റർ ഡിസ്ട്രിക്റ്റിലെ ടൈംസ് സ്ക്വയറിലാണ് ആദ്യം ഇറങ്ങിയത്. ദിവസം മുഴുവൻ നഗരത്തിന്റെ കോണുകളിൽ അലഞ്ഞുനടന്നു, അപ്പോഴാണ് തന്നെ പിന്തുടരുന്ന ഒരാളെ അവൾ ശ്രദ്ധിച്ചത്. അവളുടെ സ്ഥാനത്ത് മറ്റൊരാൾ അത്തരമൊരു സാഹചര്യത്തിൽ ഭയപ്പെടുമായിരുന്നു. പക്ഷേ മഡോണ അവനെ അഭിവാദ്യം ചെയ്യുകയും, ന്യൂയോർക്കിൽ വീടില്ലാത്തതിന്റെ കഥ അവനോട് വിവരിക്കുകയും ചെയ്തു. ഒടുവിൽ, അവൾ അവന്റെ വീട്ടിൽ അഭയം പ്രാപിച്ചു. എന്നാൽ അത് ലൈംഗിക ചൂഷണത്തിലേക്കുള്ള വഴിയാണെന്ന് അവൾക്ക് മനസ്സിലായില്ല. വർഷങ്ങൾക്കുശേഷം പ്രശസ്തയായപ്പോൾ, മഡോണ ന്യൂയോർക്കിൽവെച്ച് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തത് പരാമർശിച്ചിരുന്നു. പക്ഷേ സംഭവം ചർച്ച ചെയ്യാൻ മഡോണ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അത് അവളെ അത് ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു.
മഡോണ പിന്നീട് 232 ഈസ്റ്റ് സൗത്ത് സ്ട്രീറ്റിൽ എ, ബി വഴികൾക്കിടയിലുള്ള, മനുഷ്യരുടെ താമസത്തിന് അനുയോജ്യമല്ലാത്ത ഒരു തകർന്ന നാലാം നിലയിലേക്ക് മാറി. വർഷങ്ങളോളം ദാരിദ്ര്യത്തിൽ തന്നെയായിരുന്നു ജീവിതം. പാറ്റ കയറിയിറങ്ങുന്ന കുടുസ്സു മുറിയിലെ താമസം. ഇടനാഴിയിലേക്കിറങ്ങിയാൽ ലഹരിയിൽ ആടിയുലയുന്ന യുവതികളെ മുട്ടി നടക്കേണ്ടിവരും. പല ദിവസങ്ങളിലും ആവശ്യത്തിന് ആഹാരം പോലും ഇല്ലായിരുന്നു. ചിലപ്പോൾ ചവറ്റുകുട്ടയിൽ നിന്ന് ഭക്ഷണം കഴിക്കുന്ന അവസ്ഥപോലും വന്നു. എന്നാലും താൻ ഒരിക്കൽ ലോകം കീഴടക്കുമെന്ന് അവൾ ഉറച്ചുവിശ്വസിച്ചിരുന്നു. സിനിമയിലോ ആൽബത്തിലോ കടന്നുകുടുകയായിരുന്നു അവളുടെ ലക്ഷ്യം. ഇതിനായി പല ഓഡിഷനുകളിലും പങ്കെടുത്തുവെങ്കിലും ആദ്യകാലത്ത് അവളെ ആർക്കും വേണ്ടായിരുന്നു.
മേരി ഗബ്രിയേലിൽ എഴുതിയ 'മഡോണ: ഒരു വിമത ജീവിതം' എന്നാ 800 പേജുള്ള പുസ്തകത്തിലും മഡോണയുടെ അക്കാലത്തെ കഷ്ടതകൾ പറയുന്നുണ്ട്. 1970കളിലെയും 80കളിലെയും ന്യൂയോർക് നഗരത്തിന്റെ ക്ലോസ് അപ് ചിത്രം കൂടി ഇതിലുണ്ട്. ഒരു വശത്ത് കലയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ചവർ. പണം ഉണ്ടാക്കുക മാത്രമാണ് ജീവിതലക്ഷ്യമെന്നു കരുതുന്ന മറ്റൊരു കൂട്ടർ. വിയറ്റ്നാം യുദ്ധത്തിനെതിരെ മാതൃരാജ്യത്തിന്റെ മനസ്സുണർത്താൻ തെരുവിലിറങ്ങിയ യുവതലമുറ. കലാപ കലുഷിതമായിരുന്നു അന്നത്തെ അന്തരീക്ഷം. അസ്വസ്ഥതയുടെയും അനിശ്ചിതത്വത്തിന്റെയും ഇരുട്ടിലാണ് മഡോണ പാട്ടിന്റെ പ്രകാശം ചൊരിഞ്ഞത്. പതിയെ അവൾക്കും അവസരം കിട്ടി. ലൈക്ക് എ വെർജിൻ, ട്രൂ ബ്ലൂ, റേ ഓഫ് ലൈറ്റ്, കൺഫഷൻസ് ഓൺ എ ഡാൻസ് ഫ്ലോർ... തരംഗം സൃഷ്ടിച്ച ആൽബങ്ങൾ തുരുതുരാ ഇറങ്ങി. പോപ് രാജ്ഞിയുടെ കിരീടം മഡോണക്ക് കിട്ടി. പിന്നെ അവൾ ലോക വ്യാപകമായി തരംഗമായി.
എന്നും എൽജിബിടി കമ്യൂണിറ്റിക്ക് ഒപ്പം
മഡോണ ഒരു സ്വവർഗ്ഗാനുരാഗ ഐക്കണായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുമ്ട്. കൗമാരപ്രായത്തിൽ അവളെ പരിചയപ്പെടുത്തിയത് നൃത്ത പരിശീലകനായ ക്രിസ്റ്റഫർ ഫ്ളിൻ എന്ന പരസ്യമായ സ്വവർഗ്ഗാനുരാഗിയായിരുന്നു . അതിനുശേഷം, മഡോണ തന്റെ ജീവിതത്തിനും കരിയറിനും എൽജിബിടി സമൂഹത്തിന്റെ പ്രാധാന്യം അംഗീകരിച്ചിട്ടുണ്ട്, ' സ്വവർഗാനുരാഗികളല്ലെങ്കിൽ തനിക്ക് ഒരു കരിയർ ഉണ്ടാകില്ല' എന്ന് ഒരിക്കൽ അവർ പരസ്യമായി പറഞ്ഞു. എന്നും ഈ കമ്യൂണിറ്റിക്കുവേണ്ടി ശബ്ദമയുർത്തി.
ഒരിക്കൽ യുഎഇയിൽവെച്ച് അവർ ആ രാജ്യത്തെ വിമർശിക്കാനുള്ള ധീരത കാട്ടി. 2012-ൽ, രാജ്യത്തിന്റെ എൽജിബിടി വിരുദ്ധ നിയമങ്ങൾളെ വിമർശിച്ചതിന് റഷ്യയിൽ അവർക്കെതിരെ കേസെടുത്തു. 'സ്ത്രീ ശരീരത്തിൽ കുടുങ്ങിയ ഒരു സ്വവർഗ്ഗാനുരാഗി' എന്നാണ് അവരെ ടൈം മാഗസിനടക്കം വിശേഷിപ്പിച്ചത്. 1980-കളിൽ എച്ച്ഐവി/എയ്ഡ്സ് പകർച്ചവ്യാധിക്കെതിരെ പരസ്യമായി ആദ്യമായി പ്രതികരിച്ച സെലിബ്രിറ്റി മഡോണയാണ്. രോഗത്തിനെതിരെ സംസാരിക്കുന്നത് തെറ്റിദ്ധരിക്കാൻ ഇടയാക്കുമെന്ന് പലരും പേടിച്ച്, രാഷ്ട്രീയക്കാർ ഉൾപ്പെടെ പലരും നിശ്ശബ്ദരായിരുന്നു. പക്ഷേ തന്റെ കരിയറിനെക്കുറിച്ച് ആലോചിക്കാതെ, മഡോണ വേദികളിൽ ബോധവൽക്കരണ സന്ദേശം പകർന്നു. ലഘുലേഖകൾ നേരിട്ടു വിതരണം ചെയ്തു. കീത്ത് ഹാരിങ് ഉൾപ്പെടെ ഒട്ടേറെ സുഹൃത്തുക്കൾ മാരകരോഗത്തിനു കീഴടങ്ങുന്നതു കണ്ടു. പക്ഷേ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ഒരവസരവും പാഴാക്കിയില്ല. ആയിരക്കണക്കിന് സ്വവർഗ്ഗാനുരാഗികളായ പുരുഷന്മാർ എയ്ഡ്സ് ബാധിച്ച് മരിക്കുന്നത് സർക്കാർ തുടക്കത്തിൽ അവഗണിച്ചപ്പോൾ ഈ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചയാക്കിയത് മഡോണയാണ്.
വിമർശനങ്ങളെ പുല്ലുപോലെ നേരിടാനും അവർക്കറിയാം.
ദുർമന്ത്രവാദത്തിൽ നിന്ന് ആശയങ്ങൾ മോഷ്ടിച്ചാണ് മഡോണ പ്രശസ്തയായതെന്ന ആരോപണം ഉയർന്നിരുന്നു. സ്റ്റുഡിയോയിൽ ഇഷ്ടപ്പെട്ട പുരുഷന്മാരെ നോക്കിയാണ് പാട്ടുകൾ കംപോസ് ചെയ്യുന്നതെന്ന് വ്യാപക പ്രചാരണമുണ്ടായി. ഇതെല്ലാം മഡോണയുടെ ആത്മകഥയിൽ പറയുന്നുണ്ട്.
ഫിഷ്നെറ്റ് വസ്ത്രം ധരിച്ചതിന്റെ പേരിൽ ആദ്യത്തെ ജോലിയിൽ നിന്നു പുറത്തായതുൾപ്പെടെ എല്ലാ വിശദാംശങ്ങളും അതിലുണ്ട്. ഒന്നും ഒളിക്കാനും മറയ്ക്കാനും തനിക്കില്ല എന്നാണ് മഡോണ പറയുക.
ശക്തയായ മത വിമർശക
വാ തുറന്നാൽ തലക്കെട്ട് സൃഷ്ടിച്ചിരുന്ന വിവാദ വ്യക്തിത്വമാണ് മഡോണ.
കടുത്ത ഒരു മത- പൗരോഹിത്യ വിമർശകയാണ്. 1989-ൽ പുറത്തിറങ്ങിയ മഡോണയുടെ ലൈക്ക് എ പ്രെയർ എന്ന പോപ് ആൽബത്തിൽ യേശുവിന്റെ രൂപവും കത്തുന്ന കുരിശും ചിത്രീകരിച്ചത് വൻ വിവാദമായിരുന്നു. ഏറ്റവും പൈശാചികമായ പ്രകടനമെന്നായിരുന്നു വത്തിക്കാൻ അന്ന് ഈ ആൽബത്തെ വിമർശിച്ചത്.
2008-ൽ റോമിൽ നടന്ന സംഗീത മേളയ്ക്കിടെ മഡോണ 'ലൈക് എ വെർജിൻ' എന്ന പഴയ ഹിറ്റ് ഗാനം മാർപാപ്പയ്ക്ക് സമർപ്പിച്ചു. കത്തോലിക്കാ സഭയെ പ്രകോപിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്്. സ്റ്റിക്കി ആൻഡ് സ്വീറ്റ് എന്ന് പേരിട്ട തന്റെ പ്രശ്സ്തമായ സംഗീത പര്യടനത്തിന്റെ ഭാഗമായാണ് മഡോണ റോമിലെത്തിയത്. അറുപതിനായിരത്തോളം ആരാധകർ തടിച്ചു കൂടിയ സംഗീത മേളയ്ക്കിടെ തീർത്തും അപ്രതീക്ഷിതമായാണ് മഡോണ തന്റെ പഴയ ഹിറ്റ് ഗാനം മാർപാപ്പയ്ക്ക് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഇത് വിശ്വാസികൾക്ക് കടുത്ത പ്രകോപനമായി. അതിനും. രണ്ട് വർഷം മുമ്പ് റോമിൽ നടന്ന മറ്റൊരു സംഗീത വിരുന്നിനിടെ യേശുവിന്റെ ക്രൂശിത മരണത്തിനോട് സാമ്യം തോന്നിക്കുന്ന രംഗം മഡോണ സ്റ്റേജിൽ അവതരിപ്പിച്ചിരുന്നു.കന്വകാത്വം, ഗർഭഛിദ്രം അനുവദിക്കാതിരിക്കൽ തുടങ്ങിയ സഭയുടെ നിലപാടുകൾ അവർ പാട്ടുകളിലുടെയും വിമർശന വിധേയമാക്കി.
ഇക്കഴിഞ്ഞ വർഷവും വ്യാകുലമാതാവിന്റെ വേഷത്തിലാണ് വാനിറ്റി ഫെയറിൽ അവർ പ്രത്യക്ഷപ്പെട്ടു. മഡോണയുടെ രണ്ടുകണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകിയിറങ്ങുന്നുണ്ട്. ഏഴു വ്യാകുലങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നെഞ്ചിൽ വാൾ ചിത്രീകരിച്ചിട്ടുമുണ്ട്. അന്ത്യഅത്താഴത്തിന്റെ രീതിയിലാണ് മറ്റൊരുചിത്രീകരണം. ക്രിസ്തുവിന്റെ സ്ഥാനത്ത് മഡോണ. അപ്പസ്തോലന്മാരുടെ സ്ഥാനത്ത് നഗ്നകളായ സ്ത്രീകൾ. ഇതൊക്കെ വിവാദായെങ്കിലും, മഡോണക്ക് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. പാരീസ് ഭീകരാക്രമണം തന്റെ 'റിബൽ ഹാർട്ട്' എന്ന ആൽബത്തിന്റെ പ്രചരണത്തിനായി ഉപയോഗിച്ചതായി മഡോണയ്ക്കെതിരെ ആരോപണം ഉണ്ടായിരുന്നു. ഷാർലി ഹെബ്ദോയുടെ കാർട്ടൂണുകൾക്ക് എതിരെ ഇസ്ലാമിക തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടപ്പോഴും മഡോണ ശക്തമായി പ്രതിഷേധിച്ചു.
പക്ഷേ 2022-ൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മഡോണ പ്രകടിപ്പിരുന്നു. 'ഹലോ പോപ്പ് ഫ്രാൻസിസ്, ഞാനൊരു നല്ല ക്രിസ്ത്യാനിയാണ്, ഇത് സത്യമാണ്! ഞാൻ അവസാനമായി കുമ്പസാരിച്ചിട്ട് പതിറ്റാണ്ടുകളായി. ചില പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ നമുക്ക് ഒരു ദിവസം കൂടിക്കാഴ്ച നടത്താൻ കഴിയുമോ?' എന്നായിരുന്നു മഡോണയുടെ ട്വീറ്റ്. ഇതോടെ മഡോണ വിശ്വാസത്തിലേക്ക് തിരിയുന്നോ എന്നുവരെ ചർച്ചകൾ വന്നു. പക്ഷേ അത് അവർ ശരിക്കും പറഞ്ഞതാണോ അതോ ട്രോളിയതാണോ എന്നും ഇപ്പോഴും മനസ്സിലായിട്ടില്ല. ഇടക്ക് കബാലി എന്ന ജൂത മിസ്റ്റിസിസത്തിലും മഡോണ പെട്ടിരുന്നു. 2004-ൽ എസ്തർ എന്ന ഹീബ്രു നാമം സ്വീകരിക്കുകയും ചെയ്തു. പക്ഷേ അതിലും ഉറച്ചുനിന്നില്ല.
അടിവസ്ത്രത്തിന് കിട്ടിയത് ഒന്നരക്കോടി
പണ്ട് സിൽക്ക് സ്്മിത കടിച്ച ഒരു ആപ്പിൾ ഒരുലക്ഷത്തിന് ലേലം പോയ ഒരു കഥ കേട്ടിട്ടില്ലേ. അത് കഥമാത്രമായിരിക്കും. പക്ഷേ അതിന്റെ പത്തിരിട്ടിയാണ് ആരാധകർക്ക്, മഡോണയെന്ന സെക്സ് ബോംബിനോടുള്ള ആരാധന. മഡോണയുടെ അടിവസ്ത്രംപോലും ഒന്നരക്കോടി ഡോളറിനാണ്് ലേലംപോകാറുള്ളത്. പ്രശസ്തമായ 'മെറ്റീരിയൽ ഗേളിൽ' മഡോണ ധരിച്ച വസ്ത്രമാണ് ലേലത്തിന് വെച്ചത്. മെർലിൻ മൺറോ സ്റ്റെലിലുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രം, കാലിഫോർണിയയിലെ ജൂലിയൻസ് ഓക്ഷൻ സെന്ററിൽ ലേലത്തിന് വച്ചപ്പോൾ വിലയിട്ടത് 75 ലക്ഷം മുതൽ 1.5 കോടിയോളം വരെയാണ്്! ഒന്നരക്കോടി അടുപ്പിച്ചുള്ള തുകക്കാണ് അത് ലേലത്തിന് എടുത്തതും!
അതുപോലെ മഡോണ തൊട്ടതും പിടിച്ചതുമൊക്കെ പിൽക്കാലത്ത് വൻ തുകക്ക് ലേലത്തിന് പോയിട്ടുണ്ട്. താരം ഒരുകാലത്ത് സ്വന്തമാക്കിയിരുന്ന ബംഗ്ലാവ്പോലും ഇങ്ങനെ വിൽപ്പനക്ക് വെച്ചിരുന്നു. പ്രശസ്തമായ ഹോളിവുഡ് ഹില്ലിൽ ഹോളിവുഡ് സൈനിന് താഴെയായാണ് മനോഹരമായ ഈ ബംഗ്ലാവിന് മഡോണയുടെ പേരിൽ 21 മില്യൻ ഡോളാറാണ് വിലയിട്ടത്.. 10000 ചതുരശ്ര അടിയിലധികമാണ് ബംഗ്ലാവിന്റെ ആകെ വിസ്തീർണ്ണം. 1993 മുതൽ 96 വരെ മഡോണ ഇവിടെ ജീവിച്ചിരുന്നതായാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. 1996 ൽ 5.3 മില്യൻ ഡോളറിനാണ് ബംഗ്ലാവിന്റെ കൈമാറ്റം നടന്നത്. തെക്കൻ കലിഫോർണിയയിൽ സ്പാനിഷ് ശൈലിയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കെട്ടിടമാണിതെന്ന് പരസ്യത്തിൽ എടുത്തു പറഞ്ഞിരുന്നു.
മഡോണയുടെ ആദ്യകാലത്തെ മറ്റൊരു ഇഷ്ടങ്ങളിൽ ഒന്നായിരുന്നു ന്ഗനയായി ചുറ്റിക്കറങ്ങൽ! ഇതൊക്കെ പരസ്യമായി അവൾ എഴുതുകയും പറയുകയും ചെയ്യും. ഇങ്ങനെ എഴുതിയതുകൊണ്ട് കാമുകൻ അവളെ ഉപേക്ഷിച്ച് പോയിട്ടുമുണ്ട്.
മഡോണ എഴുതിയ സെക്സ് എന്ന പുസ്തകമാണ് താനവരെ ഉപേക്ഷിക്കാൻ കാരണമെന്ന് വനില ഐസ് എന്ന് അറിയപ്പെടുന്ന റോബർട്ട് വാൻ വിങ്കിൾ മുമ്പ് പറഞ്ഞിരുന്നു. മഡോണയുടെ കാമുകനായിരുന്ന ഈ റിയാലിറ്റി ഷോ താരം എട്ടുമാസം കഴിഞ്ഞപ്പോൾ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. അശ്ലീലത നിറഞ്ഞ സെക്സ് എന്ന പുസ്തകത്തിൽ തന്റെ ചിത്രവും ഉൾപ്പെടുത്തിയതാണ് ഐസിന് തീരെ പിടിക്കാതിരുന്നത്.
"നഗ്നയായി ചുറ്റി നടക്കുന്നതും ഫോട്ടോകൾ എടുക്കുന്നതും അവരുടെ സ്വകാര്യ ഇഷ്ടങ്ങളായിട്ടാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ പുസ്തകം പുറത്തുവന്നപ്പോൾ അതിൽ എന്റെ ചിത്രം കണ്ട് ഞാൻ ഞെട്ടി"- ഐസ് പറയുന്നു. മഡോണയ്ക്ക് തന്നെക്കാൾ പ്രായം കൂടുതൽ ഉണ്ടായിരുന്നു എങ്കിലും അവർ നല്ലൊരു പ്രണയിനി ആയിരുന്നുവെന്ന് പറയാൻ ഐസ് മടികാണിച്ചിട്ടില്ല. എന്നാൽ, സെക്സ് എന്ന പുസ്തകം പുറത്തുവന്നതോടെ താൻ നാണംകെട്ടുപോയി എന്ന് അദ്ദേഹം പറയുന്നു. പക്ഷേ മഡോണക്ക് ഇതിലൊന്നും യാതൊരു കൂസലും ഇല്ലായിരുന്നു. ഒരുത്തൻപോയാൽ നൂറുകാമുകന്മ്മാർ വരും എന്നതാണ് അവരുടെ ലൈൻ. നഗ്നചിത്രങ്ങൾ പങ്കുവെച്ചതിന് ഈയിടെ മഡോണയ്ക്ക് ഇൻസ്റ്റാഗ്രാം ലൈവിൽ വിലക്ക് കിട്ടിയിരുന്നു. നഗ്നത ആസ്വദിക്കേണ്ട ഒന്നാണെന്നാണ് അവരുടെ വാദം.
ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ
പക്ഷേ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ എന്നാണ് മഡോണ സ്വയം വിശേഷിപ്പിക്കാറുള്ളത്. ഇപ്പോൾ അവർ ആറ് കുട്ടികളുടെ അമ്മയാണ്. തന്റെ രണ്ട് വിവാഹങ്ങളിലൂടെയും അസംഖ്യം പ്രണയങ്ങളിലൂടെയും അവർ തലക്കെട്ട് സൃഷ്ടിരുന്നു. ആദ്യം യുഎസ് നടൻ സീൻ പെന്നുമായും (19851989), പിന്നീട് ബ്രിട്ടീഷ് സംവിധായകൻ ഗൈ റിച്ചിയും (20002008)മായിട്ടായിരുന്നു വിവാഹം. പക്ഷേ മക്കൾക്ക് അവർ സ്നേഹ നിധിയായ അമ്മയാണ്.
നേരത്തെ മകൻ റോക്കോ റിച്ചിയുടെ ന്യൂഡ് ബോഡി പെയ്ന്റിങ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മഡോണ ഞെട്ടിച്ചിരുന്നു. ഇറ്റലിയിലെ മിലാനിൽ നടന്ന എക്സിബിഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് മഡോണ പോസ്റ്റ് ചെയ്തത്. അമേരിക്കൻ മോഡൽ ലിൻലി എയ്ലേഴ്സിന്റെ നഗ്നശരീരത്തിൽ റോക്കോ റിച്ചി ലൈവ് ആയി പെയ്ന്റിങ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും കൂട്ടിചേർത്തതാണ് മഡോണയുടെ വീഡിയോ. താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയെന്നും മകനെ കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്നും മഡോണ വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ഒരിക്കലും മറക്കാനാകാത്ത നിമിഷമായിരുന്നു അതെന്നും താരം പോസ്റ്റിൽ പറയുന്നുണ്ട്. ന്യൂഡ് പെയ്ന്റിങ്ങിൽ അസാമാന്യ വൈദഗ്ധ്യമുള്ള റോക്കോ നടൻ കൂടിയാണ്.
മഡോണയുടെ ആറ മക്കളിൽ രണ്ടാമത്തെയാളാണ് 23-കാരാനായ റോക്കോ. ലോർഡ്സ് ലിയോൺ, മേഴ്സി ജെയിംസ്, ഡേവിഡ് ബാന്ദ എന്നിവരും ഇരട്ട ഹസോദരിമാരുമാണ് മറ്റു മക്കൾ. ഇതിൽ ഏറ്റവും മുതിർന്നയാളായ ലോർഡ്സ് ലിയോൺ ഫാഷൻ രംഗത്ത് സജീവമാണ്. തന്റെ ശരിക്കുമുള്ള കുട്ടികൾ ഏതാണ് ദത്തെുടത്തവർ ഏതാണ് എന്ന് ഒന്നും മഡോണ വെളിപ്പെടുത്താറില്ല. ജീവകാരുണ്യ പ്രയത്നങ്ങൾ മഡോണ ഏറെ ചെയ്യാറുണ്ട്. സ്വന്തം ചാരിറ്റബിൾ ഓർഗനൈസേഷനുകളായ റേ ഓഫ് ലൈറ്റ് ഫൗണ്ടേഷനും റൈസിങ് മലാവിയും ഒരുപാട് ധനസഹായങ്ങൾ പാർശ്വവത്കൃതരായവർക്ക് നൽകുന്നുണ്ട്.
പ്രസന്നമായ വാർധക്യം
ഈ 65ാം വയസ്സിലും 25കാരിയുടെ ചുറുചുറുക്കോടെ ആടിപ്പാടിത്തിമർക്കുന്ന മഡോണയെന്ന, സ്റ്റേജിന് തീപ്പിടിപ്പിക്കുന്ന സൗന്ദര്യധാമം, ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലൂടെയാണ് കഴിഞ്ഞ കുറച്ചുകാലമായി കടന്നുപോയത്. കോവിഡ് ബാധിച്ചതിനുശേഷം, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അതിഗുരുതരമായ പ്രചാരണങ്ങൾ നടന്നിരുന്നു.
മഡോണ പ്ലാസ്റ്റിക്ക് സർജനിലും ബോട്ടോക്സും ചെയ്തപ്പോൾ ടൈം മാഗസിനിൽപോലും അവലോകനങ്ങൾ വന്നു. ബെലിൻഡ ലസ്കോംബ് 'മഡോണയുടെ മുഖവും വാർദ്ധക്യത്തിന്റെ മിഥ്യയും' എന്ന ലേഖനമാണ് ടൈമിൽ എഴുതിയത്. 'പ്രസന്നമായി വാർദ്ധക്യം' എന്ന ആശയമാണ് അദ്ദേഹം മഡോണയെ മുൻനിർത്തി പറയാൻ ശ്രമിച്ചത്. ഇതിനെതിരെ വാർധക്യത്തെ പിടിച്ചു നിർത്തുന്നുവെന്ന എതിർവാദങ്ങളുമുണ്ടായി. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ മഡോണ എഴുതി. 'ഈ ലോകത്ത് വ്യാപിക്കുന്ന സ്ത്രീവിരുദ്ധതയുടെയും ആഴം നോക്കുക. 45 വയസ്സ് കഴിഞ്ഞ സ്ത്രീകളെ ആഘോഷിക്കാൻ വിസമ്മതിക്കയാണോ. ലോകം. അവൾ ശക്തമായ ഇച്ഛാശക്തിയും കഠിനാധ്വാനിയും സാഹസികതയും തുടരുകയാണെങ്കിൽ അവളെ ശിക്ഷിക്കാനാണ് ധൃതി".- അതുകൊണ്ടുതന്നെ മഡോണയെ യാഥർത്ഥ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതിനിധിയായി വിലയിരുത്തുന്നവരുമുണ്ട്.
കോവിഡിനുശേഷമാണ്് മഡോണക്ക് ബാക്ടീരിയൽ അണുബാധയുണ്ടാവുന്നത്. അത് ഗുരുതരമായി. കഴിഞ്ഞ വർഷം ജൂണിൽ ന്യൂയോർക്ക് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മഡോണ, തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ഗായിക, ലോകപര്യടനവും മറ്റ് ഔദ്യോഗിക പരിപാടികളുമെല്ലാം നീട്ടിവയ്ക്കുകയും ചെയ്തു. ഒരുവേള മഡോണ മരിച്ചുവെന്നുവരെ വ്യാജ വാർത്തകൾ ഇറങ്ങി.
2023 നവംബർ 18ന് പോപ് ഇതിഹാസം മഡോണയുടെ പുത്തൻ ചിത്രങ്ങൾ കണ്ട് ആരാധകർ ആശങ്കപ്പെട്ടിരുന്നു. ഗായിക വളരെ ക്ഷീണിതയും അവശയുമായാണ് ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഇതോടെ ആരോഗ്യകാര്യത്തിൽ കുറച്ചധികം ശ്രദ്ധ പുലർത്തണമെന്നും ആരാധകർ കമന്റുകളിലൂടെ പ്രതികരിച്ചു. അമിതമായി ജോലിചെയ്യുന്നതാണ് അവരുടെ പ്രശ്നമെന്ന് പല ഡോക്ടർമാരും പറഞ്ഞു.
പക്ഷേ സകലരെയും ഞെട്ടിച്ചുകൊണ്ട്, ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോൾ അവർ വീണ്ടും പാട്ടുമായി രംഗത്തിറങ്ങി. ഇപ്പോൾ ഇതാ ഈ 65ാം വയസ്സിലും തീപാറുന്ന പ്രകടനവുമായി മഡോണ വീണ്ടും ലോക പര്യടനനം നടത്തി. പാടിയും ആടിയും അവർ സ്റ്റേജിൽ തീപടർത്തി. മഡോണക്ക് ചരമഗീതം എഴുതിയവരെക്കൊണ്ടുതന്നെ അവർ എല്ലാം തിരുത്തിച്ചു. ബ്രസീലിലെ കോപകബാന ബീച്ചിൽ കഴിഞ്ഞ ദിവസത്തെ പ്രകടനം കണ്ടതോടെ മാധ്യമങ്ങൾ എഴുതി.-" മഡോണ ദ ഗ്രേറ്റ്'.
വാൽക്കഷ്ണം: ലോക ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയെക്കാൾ ആരാധകർ ഉണ്ടായീരുന്നത് മഡോണക്ക് ആയിരുന്നോ?ഫുട്ബോൾ മാന്ത്രികൻ മറഡോണ മരിച്ചെങ്കിലും ട്വിറ്ററിൽ പലരും നിത്യശാന്തി നേർന്നത് പോപ്പ് ഗായിക മഡോണക്കാണ്. ഇത് ട്രെൻഡിങ് ആവുകയും ചെയ്തു. മഡോണയുടെ പ്രശസ്തമായ ഒരു പാട്ടിന്റെ വീഡിയോയും പലരും ട്വീറ്റ് ചെയ്തിരുന്നു!