- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പേടിച്ച് ഓടാതെ മുന്നിൽ നിന്ന് യുദ്ധം നയിച്ച സെലൻസ്‌ക്കി; ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന മനുഷ്യനായ മെസി; ഇറാനിലെ പ്രതിഷേധാഗ്നിക്ക് തീ കൊളുത്തിയ മഹ്സ അമിനി; ആഗോള ചലച്ചിത്ര അവതാരമായ ജെയിംസ് കാമറൂൺ; ഒപ്പം എംബാപ്പെ മുതൽ എംബിഎസ് വരെയുള്ളവരും; 2022ൽ ലോകത്തെ സ്വാധീനിച്ച പ്രമുഖ വ്യക്തികൾ ഇവരാണ്
''ലോകത്തിലെ 99 ശതമാനം മനുഷ്യരും ഒരുപോലെ ചിന്തിക്കുമ്പോൾ വെറും ഒരു ശതമാനം മാത്രമാണ് മറിച്ച് ചിന്തിക്കുന്നത്. അവരാണ് ചരിത്രം സൃഷ്ടിക്കുന്നത്. മറ്റുള്ളവർ ആ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.''- ശാസ്ത്രകാരനും എഴുത്തുകാരനുമായ കാൾ സാഗൻ ഒരിക്കൽ പറഞ്ഞ ഈ വാക്കുകളാണ്, ഈ വർഷം ടൈം മാഗസിൻ ക്വാട്ട് ചെയ്തിരിക്കുന്നത്. 2022ൽ ചരിത്രം സൃഷ്ടിച്ചവരെപ്പറ്റി പാശ്ചാത്യ മാധ്യമങ്ങൾ ഏറെ ചർച്ചചെയ്യുന്നുണ്ട്. പക്ഷേ വാഷിംങ്ങ്ടൺ പോസ്റ്റും, ബിബിസിയും അടക്കമുള്ളവരുടെ കാഴ്ചപ്പാടുകൾ വെച്ചുനോക്കുകൾ, പ്രശസ്തി അല്ലെങ്കിൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള കഴിവാണ്, ഇൻഫ്ളുവെൻഷ്യൽ പേഴ്സൺ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് മനസ്സിലാവുന്നത്. നടി കിം കർദോഷിയാനും, നമ്മുടെ ദീപിക പദുക്കോണുമൊക്കെ ആ ലിസ്റ്റിൽ സ്ഥാനം പിടിക്കുന്നത് അങ്ങനെയാണ്.
പക്ഷേ ലോകത്തിൽ ഒരുപാട് പേർക്ക് പ്രചോദനം ആവുകയും, ഇനിയുള്ള അവരുടെ ജീവിതത്തിൽ ആശയും ആവേശവും ആവേണ്ട വ്യക്തികളാണ് സത്യത്തിൽ ഈ ലിസ്റ്റിൽ സ്ഥാനം പിടിക്കേണ്ടിയിരുന്നത്. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ അടിസ്ഥാനത്തിലല്ല അത് തീരുമാനിക്കപ്പെടേണ്ടത്്. ആ അർത്ഥത്തിൽ നോക്കുമ്പോൾ, പാശ്ചാത്യമാധ്യമങ്ങളിൽനിന്ന് വരുന്ന വിവരങ്ങളുടെ പകുതിയേ നമുക്ക് എടുക്കാൻ കഴിയൂ. പക്ഷേ ലോകത്തിലെ പ്രമുഖ മാധ്യമങ്ങൾക്കെല്ലാം ഈ വർഷത്തെ ഏറ്റവും ഇൻഫ്്ളുവെൻഷ്യൽ ആയ വ്യക്തി ആരാണെന്നതിൽ ഒരു സംശയവുമില്ല. ടൈം മാഗസിനും, ബിബിസിയും, സിഎൻഎന്നും, വാഷിങ്്ടൺ പോസ്റ്റും, എന്തിന് ഇടതുപക്ഷ മാധ്യമമായ ഗാർഡിയനുപോലും അക്കാര്യത്തിൽ ഒരേ അഭിപ്രായമാണ്. അതാണ് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി!
1 സെലൻസ്‌ക്കി: ഹാസ്യനടനിൽ നിന്ന് നായകനിലേക്ക്
സ്വയം രക്ഷപ്പെടാനുള്ള അവസരം ഉണ്ടായിട്ടും, അത് വേണ്ടെന്ന് വെച്ച് രാജ്യത്തിന്റെ മുന്നിൽനിന്ന് പട നയിച്ച നായകൻ. അതാണ് വൊളോഡിമിർ സെലൻസ്‌കി എന്ന യുക്രൈൻ പ്രസിഡന്റ്. സെലൻസ്‌കിയുടെ ഒറ്റ ആത്മബലമാണ്, റഷ്യയപ്പോലൊരു വൻ ശക്തിക്ക് മുന്നിൽ അടിയറവുപറയാതെ യുക്രൈനിനെ മുന്നോട്ടുകൊണ്ടുപോവുന്നത്.
ഈ വർഷത്തെ ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതും മറ്റാരെയുമല്ല.
ഒരു ടെലിവിഷൻ ഹാസ്യനടൻ എന്ന നിലയിൽ നിന്ന് രാജ്യത്തിന്റെ പ്രസിഡന്റായും പിന്നീട് ആഗോള നേതാവെന്ന നിലയിലേക്കും സെലൻസ്‌ക്കി വളർന്നിരിക്കയാണ്. റഷ്യ പെട്ടന്ന് തന്നെ യുക്രൈനെ കീഴടക്കുമെന്നും, കീവിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും കരുതിയ എല്ലാവരേയും അമ്പരപ്പിച്ചാണ് യുക്രൈൻ മാസങ്ങൾ ചെറുത്ത് നിന്നതും, ഇടയ്ക്ക് റഷ്യൻ സേനയെ പല മേഖലയിൽ നിന്ന് തിരികെ തുരത്തിയതും. യുക്രൈനിലെ നേതാക്കൾ സുരക്ഷാ താവളങ്ങളിലേക്ക് ഒളിക്കുമെന്ന് കരുതിയ ഇടത്ത് സെലൻസ്‌കി ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി വന്ന് പോരാട്ടത്തിന് മുന്നിൽ നിന്നു.
യുവാക്കൾ ആരും നാട് വിട്ട് പോകരുതെന്നും, ജനങ്ങൾ ആയുധമെടുത്ത് ഇറങ്ങണം എന്നുമുള്ള സെലൻസ്‌ക്കിയുടെ ആഹ്വാനം രാജ്യം കൈക്കൊണ്ടു. യുദ്ധം തുടങ്ങിയപ്പോൾ തന്നെ അമേരിക്ക സെലൻസ്‌ക്കിക്ക് രക്ഷപ്പെടാനുള്ള പാത ഒരുക്കിയിരുന്നു. പക്ഷേ അയാൾ അത് വേണ്ടെന്ന് വെച്ച് രാജ്യത്തോടൊപ്പം തുടർന്നു. കിട്ടാവുന്ന എല്ലാ അന്താരാഷ്ട്ര വേദികളിലും, യുക്രൈനിന്റെ കാര്യം പറഞ്ഞ് ലോക ശ്രദ്ധയും സഹായവും നേടി. അസാധാണമായ അതിജീവനക്കരുത്ത് എന്നാണ് സെലൻസ്‌ക്കിയെക്കുറിച്ച് ടൈം മാഗസിൻ വിശേഷിപ്പിച്ചത്.
2 മെസി: ലോകത്തിന്റെയും മിശിഹ
ഈ ലോകത്ത് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന വ്യക്തി. അന്റാർട്ടിക്കയിൽ ഒഴിച്ച് ലോകത്തിന്റെ ഏത് കോണിൽപോയാലും അവിടെ പത്താംനമ്പർ ജേഴ്സി അണിഞ്ഞ, ഒരു മെസിയുടെ പ്രതിരൂപത്തെ കാണാമെന്നാണ് ബിബിസി എഴുതിയിരിക്കുന്നത്. ലയണൽ മെസി അക്ഷരാർഥത്തിൽ കാൽപ്പന്തുകളിയുടെ മിശിഹ ആയ വർഷമാണ് കടന്നുപോകുന്നത്. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ അടക്കം നേടിക്കൊണ്ട്, ലോകകപ്പ് കൂടി നേടിയതോടെ, ഈ 35കാരൻ കായികലോകത്തിന്റെ നെറുകയിലാണ്. പോയ വർഷത്തെ ഏറ്റവും സക്സസ്ഫുൾ ആയ സ്പോർസ് മാൻ മെസിയാണെന്ന കാര്യത്തിൽ ലോക മാധ്യമങ്ങൾക്ക് ഒരു തകർക്കുവുമില്ല.
ഒരു ഫുട്ബോളർ എന്ന നിലയിൽ കിട്ടാവുന്ന എല്ലാ നേട്ടങ്ങളും സ്വന്തമാക്കിക്കഴിയുമ്പോഴും അങ്ങേയറ്റം ശാന്തനും സൗമ്യനും വിനയാന്വിതനുമാണ് മെസി എന്നതും, ലോകമെമ്പാടും അദ്ദേഹം സ്നേഹിക്കപ്പെടാൻ മറ്റൊരു കാരണം ആവുന്നു. പൊതുവേ സ്ത്രീലമ്പടന്മാരായ ഫുട്ബോൾ താരങ്ങൾക്കിയിലെ ഫാമിലി മാൻ. മെസി കളിക്കളത്തിലും പുറത്തും ചൂടാകുന്നത് അത്യപുർവമാണ്.
22ാം വയസ്സിൽ ഫിഫ ഫുടബോളർ ഓഫ് ദ ഇയർ ആയ താരം. 2021 ൽ ലഭിച്ച ഏഴാമത് ബാലൺ ഡി ഓർ. 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4ാം തവണയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഇതും ഒരു റെക്കോർഡാണ്. ഇപ്പോൾ 8ാം തവണത്തെ ബാലൻ ദി ഓർ അദ്ദേഹത്തെ കാത്തിരിക്കയാണ്. പക്ഷേ ഇതൊന്നുമല്ല, മെസിയുടെ തകർക്കാൻ പറ്റാത്ത റെക്കോർഡ് എന്നാണ് ബിബിസി വിലയിരുത്തുന്നത്. രണ്ടുലോകകപ്പുകളിൽ മികച്ച കളിക്കാരനായി ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട് മെസി. ഈ റെക്കോർഡ് അധികം ആർക്കും തകർക്കാൻ കഴിയില്ല. മെസി വിരമിക്കൽ പ്രഖ്യാപണം ഒഴിവാക്കിയതും, ആരാധകർക്ക് ആശ്വാസമാവുന്നുണ്ട്.
3 മഹ്സ: ഇറാനിലെ പ്രതിഷേധാഗ്‌നി
സ്വയം എരിഞ്ഞടങ്ങിക്കൊണ്ട് ഒരാൾ വലിയ മതപരിഷ്‌ക്കരണത്തിന് തുടക്കിമിടുക. അതാണ് ഇറാനിലെ മതകാര്യപൊലീസ് പീഡിപ്പിച്ച് കൊന്ന മഹ്സ അമിനിയുടെ കാര്യത്തിൽ കണ്ടത്. ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത 22 -കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു. ഇത് വലിയ തരത്തിലുള്ള രോഷത്തിന് ഇടയാക്കി. ഇതോടെ ശക്തമായ പ്രതിഷേധ സമരങ്ങളും ഉണ്ടായി. സ്ത്രീകളാണ് സമരങ്ങൾക്ക് തുടക്കം കുറിച്ചതെങ്കിലും ഒട്ടേറെ പുരുഷന്മാരും അവർക്കൊപ്പം തെരുവിലേക്ക് ഇറങ്ങി. 1979 -ലെ ഇസ്ലാമിക് റെവല്യൂഷന് ശേഷം കണ്ട ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി ഇത് മാറി. ആയിരത്തോളം പേരെ പൊലീസ് ഇതുവെരെ വെടിവെച്ചു കൊന്നു. അമ്പതിനായിരത്തോളം പേരെ തുറങ്കിലടച്ചു കഴിഞ്ഞു. എന്നിട്ടും ഇറാനിലെ സ്ത്രീകൾ പൊരുതുകയാണ്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖുമേനിയുടെ ചിത്രം ഹിജാബിനൊപ്പം തീയിടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ലോക വ്യാപകമായി വൈറലായി.
ടൈം മാഗസിൻ 2022 -ലെ 'ഹീറോസ് ഓഫ് ദ ഇയർ' ആയി തെരഞ്ഞെടുത്തത് ഇറാനിലെ പൊരുതുന്ന സ്ത്രീകളെയാണ്. ഫുട്ബോൾ ലോകകപ്പിൽ ദേശീയഗാനം പോലും പാടായെ ഇറാൻ ടീം മാറിനിന്നു.ഇറാൻ അമേരിക്കയോട് തോറ്റപ്പോൾ ജനങ്ങൾ ആ പരാജയം ആഘോഷിച്ച് കൊണ്ടാണ് തങ്ങളുടെ സർക്കാരിനോട് പ്രതിഷേധിച്ചത്. അതിൽ പങ്കെടുത്ത പലരെയും ഇറാൻ വധശിക്ഷക്ക് വിധേയരാക്കി. എന്റെ മൃതദേഹത്തിനരികിൽനിന്ന് ഖുർആൻപോലും വായിക്കരുതെന്ന് പറഞ്ഞ് കൊലക്കയറിലേക്ക് നടന്നു നീങ്ങുന്ന ചെറുപ്പക്കാരുടെ ചിത്രങ്ങൾ ലോകത്തെ ഞെട്ടിക്കയാണ്. ഒടുവിൽ മതകാര്യ പൊലീസിനെ പിൻവലിക്കാൻ പോലും ഇറാൻ നിർബന്ധിതരായി.
4 ഋഷി സുനക്ക്: പുതിയ പ്രതീക്ഷ
ഒന്നൊന്നായി പ്രധാനമന്ത്രിമാർ സഥാനമൊഴിയുന്ന ബ്രിട്ടിനിൽ പുതിയ പ്രതീക്ഷയായി സ്ഥാനമേറ്റിരിക്കയാണ്, ഇന്ത്യൻ വംശജനായ ഋഷി സുനക്. ബ്രിട്ടൻ കണ്ട ഏറ്റവും ധനാഢ്യന്മാരായ പ്രധാനമന്ത്രിമാരിലൊരാൾ എന്ന വിശേഷണം സുനകിനു സ്വന്തമാണ്. ഹെഡ്ജ് ഫണ്ട് മാനേജർ പദവിയിൽ ജോലി ചെയ്തു നേടിയ സമ്പാദ്യമത്രയും വെളിപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കുന്ന ഋഷി സുനകിനെ അതിസമ്പന്നനാക്കുന്നത് ഭാര്യ അക്ഷത മൂർത്തിക്ക് ഐടി ഭീമന്മാരായ ഇൻഫോസിസിലുള്ള ഓഹരി പങ്കാളിത്തമാണ്. ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ എൻ.ആർ.നാരായണ മൂർത്തിയുടെ മകളാണ് അക്ഷത. സുനക് ബിസിനെസല്ലാം വിട്ട് 33ാം വയസ്സിൽ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുകയായിരുന്നു. അവിടെയും അദ്ദേഹം ജയിച്ചിരിക്കയാണ്. 2022ലെ സർപ്രൈസ് പൊളിറ്റീഷ്യനായി വാഷിങ്ങ്ടൺ പോസ്റ്റ് വിശേഷിപ്പിക്കുന്നത് സുനാകിനെയാണ്.
ബോറിസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഋഷി സുനക്. ആ സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവച്ചത് ധനമന്ത്രിയായിരുന്നു ഋഷി സുനക്കായിരുന്നു. 2015 മെയിലാണ് റിച്ച്മണ്ടിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടി പ്രതിനിധിയായി ഋഷി സഭയിലെത്തുന്നത്. കൺസർവേറ്റീവ് പാർട്ടി അണികൾക്കിടയിൽ ഋഷി അതിവേഗം സ്വീകാര്യനാകുകയായിരുന്നു. 2017 പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനക്കിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസുകാർക്കും തൊഴിലാളികൾക്കും വേണ്ടി ഋഷി നടപ്പാക്കിയ പദ്ധതികൾ അദ്ദേഹത്തെ ജനപിന്തുണ വർധിപ്പിച്ചു.
പഴയ ലോക പൊലീസിന്റെ ഹാങ്ങോവർ നിലനിൽക്കുന്നുവെന്ന് അല്ലാതെ ബ്രിട്ടന്റെ സാമ്പത്തിക മേഖലയടക്കം ഇപ്പോൾ അത്രയൊന്നും മെച്ചമല്ല. കടുത്ത പ്രതിസന്ധിയിലുടെ കടന്നുപോകുന്ന രാജ്യത്തെ കൈപിടിച്ചുയർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സുനക്കിന്റെ മുന്നിലുള്ളത്. ഫിനാൻസ് മാനേജ്മെന്റിൽ വിദഗ്ധനായ ഋഷിയെ ഏറെ പ്രതീക്ഷയോടെയാണ് ബ്രിട്ടനും ലോകവും ഉറ്റു നോക്കുന്നത്.
5 ജെയിംസ് കാമറൂൺ: സിനിമാ അവതാരം
കാലിഫോർണിയ തൊട്ട് കോട്ടയം വരെ ഒരുപോലെ ചർച്ചയായ ഒരു സിനിമ. ലോകത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രം. ലോകത്തിൽ ഏറ്റവും കൂടതൽ തീയേറ്ററുകളിൽ പ്രദർശിക്കപ്പെട്ട സിനിമ. എല്ലാം പോകുന്നത് ഒരേ ഒരു സംവിധായകന്റെ ക്രെഡിറ്റിലാണ്. അവതാർ 2 വിലുടെ ജെയിസ് കാമറൂൺ ലോകം കീഴടക്കിയ വർഷം കൂടിയാണ് കടന്നുപോകുന്നത്.
ടൈറ്റാനിക്കിന്റെ സംവിധായകൻ എന്ന ഒറ്റവാക്കുമതി അയാളെ ലോകം അറിയാൻ. വെള്ളിത്തിര സ്വപ്നം കണ്ട് പഠനംപോലും പാതിവഴിയിൽ ഉപേക്ഷിച്ച കിറുക്കൻ, ഏലിയസിന്റെയും റോബോട്ടുകളുടെ അദ്ഭുദ ലോകം ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത പ്രതിഭ, സമുദ്ര മലിനീകരണത്തിനും, പരിസ്ഥിതി മലിനീകരണത്തിനും എതിരെ ശക്തമായ കാമ്പയിൻ നടത്തുന്ന മനുഷ്യസ്നേഹി, പരിസ്ഥിതി പ്രേമം മൂത്ത് ഇനി ഇറച്ചി കഴിക്കില്ലെന്ന് പരസ്യമായി പറഞ്ഞ വീഗൻ, ബുഷിന്റെ യുദ്ധക്കൊതിയിൽ പ്രതിഷേധിച്ച് അമേരിക്കൻ പൗരത്വം വേണ്ടെന്ന് പറഞ്ഞ ധീരൻ, ലോക മറിയുന്ന സമുദ്രശാസ്ത്രജ്ഞൻ, നാസയുടെ ചൊവ്വാ പര്യവേഷണങ്ങളിലെ അംഗം......അങ്ങനെ പോവുന്ന ഒരു കാലത്ത് വെറും ട്രക്ക് ഡ്രൈവർ ആയിരുന്നു ഈ ജെയിംസ് കാമറൂണിന്റെ വിശേഷണങ്ങൾ. അവതാർ രണ്ടാം ഭാഗത്തിൽ ഒന്നും തീരുന്നില്ല. അത് അഞ്ചുഭാഗങ്ങളായി ഇറക്കണമെന്നാണ് ഈ മനുഷ്യന്റെ സ്വപ്നം.
തികഞ്ഞ പ്രകൃതിസ്നേഹിയും ഒപ്പം മനുഷ്യസ്നേഹിയുമാണ് കാമറൂൺ. സമുദ്രമാണ് ഈ ലോകത്ത് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വസ്തു. സമുദ്രമലീനകരത്തിനെതിരെ നടത്തുന്ന എല്ലാ കാമ്പയിനുകളുടെയും മുൻ പന്തിയിൽ കാമറൂണിനെ കാണാം. അതിൽ തന്നെ സമുദ്രാന്തർ ഭാഗത്താണ് അദ്ദേഹത്തിന്റെ സ്പെഷ്യലൈസേഷൻ. സമുദ്രമാണോ, സിനിമയാണോ ഏറ്റവും പ്രിയം എന്ന ചോദ്യത്തിന് സമുദ്രം എന്നാണ് അദ്ദേഹം ഒരിക്കൽ മറുപടി നൽകിയത്.ഇന്ത്യയോട് വളരെയധികം സ്നേഹം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് കാമറൂൺ. ഇന്ത്യൻ പുരാണങ്ങളോടും ഇതിഹാസങ്ങളോടും അദ്ദേഹത്തിന് വലിയ കമ്പമാണ്. ഈ വായനക്കിടയിലാണ് അവതാർ എന്ന വാക്ക് തനിക്ക് കിട്ടിയതും, പുനർജ്ജന്മം എന്ന അർഥമുള്ള സംസ്‌കൃത വാക്ക് അതേ അർത്ഥത്തിൽ എടുത്ത് ഉപയോഗിക്കയാണ് താൻ ചെയ്തതെന്നും കാമറൂൺ ഒരിക്കൽ പറഞ്ഞു. ഇപ്പോൾ അവതാർ 2 ഇന്ത്യയിലടക്കം തരംഗമാവുകയാണ്.
6 ബോസോസ്: പിഴക്കാത്ത കണക്കുകൾ
ഇലോൺ മസ്‌ക്കിനും സുക്കർ ബർഗിനുമൊക്കെ വൻ തിരിച്ചടിയേറ്റ ഒരു സാമ്പത്തിക കാലം കൂടിയായിരുന്നു 2022. ട്വിറ്റർ ഏറ്റെടുക്കലിലൊക്കെപ്പെട്ട് കൈപൊള്ളി മസ്‌ക്കിന് ശതകോടികളാണ് നഷ്ടമായത്. പക്ഷേ അവിടെയാണ് ആമസോൺ സ്ഥാപകൻ ജെഫ് ബോസോസിന്റെ പ്രസക്തി. അദ്ദേഹത്തിന്റെ വരുമാനം ഇത്തവണയും വർധിച്ചു. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി മസ്‌ക്ക് തന്നെയാണെങ്കിലും വരുമാന വർധനവ് ഉണ്ടായിരിക്കുന്നത് രണ്ടാമത്തെ സമ്പന്നനായ ബോസോസിനാണ്. ഭാര്യ മക്കൻസിയുമായി 2019 ൽ വേർപിരിയുകയും ആമസോണിലെ അദ്ദേഹത്തിന്റെ കാൽഭാഗം ഓഹരി അവർക്ക് നൽകേണ്ടി വന്നെങ്കിലും ലോകത്തിലെ സമ്പന്ന പട്ടികയിലെ സ്ഥാനം അദ്ദേഹത്തിന് നഷ്ടമായില്ല.
1994 ൽ തന്റെ ഗാരേജിൽ തുടക്കമിട്ട ആമസോൺ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളിലൊന്നാണ്. ഇ- ബിസിനസിന്റെ വൈവിധ്യവത്ക്കരണത്തിലൂടെയാണ് ജെഫ് ബോസോസ് ഇപ്പോഴും വാർത്തകളിൽ നിറയുന്നത്.നിരന്തരമായ വൈവധ്യവത്്ക്കരണമാണ് ബോസോസിന്റെ ഏറ്റവും വലിയ പ്രത്യേകത. കോവിഡ് കാലത്ത ഡ്രോണുകൾ ഉപയോഗിച്ചാണ് അദ്ദേഹം പേരെടുത്തത്. ഓർഡർ നൽകി അരമണിക്കൂറിനകം ഉപയോക്താവിന്റെ പക്കൽ സാധനമെത്തിക്കാൻ കഴിയുന്ന 'പ്രൈം എയർ ' എന്ന ഡ്രോണുകളാണ് ആമസോൺ വികസിപ്പിച്ച് എടുത്തത്.
ആമസോണിന് പുറമേ ബ്ലൂ ഒറിജിൻ എന്ന പേരിൽ ജെഫ് ബെസോസിന് ബഹിരാകാശ കമ്പനിയുമുണ്ട്. വാഷിങ്ടൺ പോസ്റ്റ് പത്രവും 57കാരനായ കോടീശ്വരന്റെ ഉടമസ്ഥതയിലാണുള്ളത്. 2018ൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ കുറവായതിന്റെ പേരിൽ വൻ വിമർശനം നേരിട്ട അദ്ദേഹം ഇപ്പോൾ ആ മേഖലയിലും സജീവമാണ്. കാൻസർ ഗവേഷണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയക്കായി കോടികളാണ് ഇപ്പോൾ അദ്ദേഹം ചെലവിടുന്നത്.
7 സൽമാൻ റുഷ്ദി: മതവെറിയുടെ ഇര
തന്റെ എഴുത്തുകളിലൂടെയല്ല മതവെറിയുടെ ലോകത്തിലെ ഏക്കാലത്തെയും വലിയ ഇര എന്ന നിലയിലാണ്, എഴുത്തുകാരൻ സൽമാൻ റുഷ്ദി ഇത്തവണയും മാധ്യമങ്ങളൽ റിഞ്ഞതാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 12ന് പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കാനെത്തിയ ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിക്ക് കുത്തേറ്റു. ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്‌ത്തുകയായിരുന്നു. അക്രമി ന്യൂജഴ്സി സ്വദേശി ഹാദി മതാറിനെ (24) പിന്നീട് അറസ്റ്റ് ചെയ്തു. ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ട് അനുസരിച്ച് റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടു.
മുംബൈയിലാണു റുഷ്ദി ജനിച്ചത്. 1981ൽ ഇറങ്ങിയ 'മിഡ്നൈറ്റ്സ് ചിൽഡ്രൻ' ബുക്കർ സമ്മാനം നേടി. യുകെയിൽ മാത്രം ഈ നോവൽ 10 ലക്ഷം കോപ്പികളാണു വിറ്റഴിഞ്ഞത്. 1988ൽ ഇറങ്ങിയ നാലാമത്തെ നോവലായ 'സേറ്റാനിക് വേഴ്സസ്' പ്രവാചകനിന്ദ ആരോപിച്ച് ഇറാനിൽ നിരോധിച്ചു. പിറ്റേവർഷം റുഷ്ദിയെ വധിക്കാൻ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചു. വധഭീഷണി ഉയർന്നതോടെ റുഷ്ദി 9 വർഷമാണു ബ്രിട്ടനിൽ ഒളിവിൽ കഴിഞ്ഞത്. ഖുമൈനിയുടെ ശാസനയിൽനിന്നു പിന്നീട് ഇറാൻ അകലം പാലിച്ചെങ്കിലും റുഷ്ദിക്കെതിരായ ഭീഷണി നിലനിന്നു. കഴിഞ്ഞ 20 വർഷമായി ന്യൂയോർക്കിലാണു താമസം. 2016ൽ യുഎസ് പൗരത്വവും സ്വീകരിച്ചു.
റുഷ്ദിയുടെ പുസ്തകത്തിൽ മതവിരുദ്ധമായി ഒന്നുമില്ലെന്നും, ലോക ഇസ്ലാമിക മേധാവിത്വം കൊതിക്കുന്ന ഇറാൻ അത് വ്യാഖ്യാനിച്ച് ഒപ്പിച്ചതാണെന്നും നേരത്തെ വിമർശനം വന്നിരുന്നു. ഇപ്പോൾ ഇത്രയും വർഷം കഴിഞ്ഞതോടെ ഫത്വ അസാധുവായിരിക്കും എന്നാണ് ഏവരും കരുതിയത്. പക്ഷേ മതത്തിന്റെ വെറി, അതിന്റെ ഭീകരാവസ്ഥയാണ് റുഷ്ദിയുടെ ആക്രമണം വീണ്ടും ഓർമ്മിപ്പിക്കുന്നത്.
8 മാക്രോൺ എന്ന മാതൃക
'മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണ്.'- മതങ്ങളെ പ്രീണിപ്പിക്കാൽ മത്സരിക്കുന്ന നേതാക്കളുള്ള നമ്മുടെ നാട്ടിലൊക്കെ കേട്ടാൽ തന്നെ ഞെട്ടുന്ന ഈ പ്രഖ്യാപനം നടത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രാണാണ്. മതനിന്ദാകുറ്റം ആരോപിച്ച് സാമുവൽ പാറ്റിയെന്ന അദ്ധ്യാപകന്റെ തല ഇസ്ലാമിക ഭീകരർ വെട്ടിമാറ്റിയപ്പോൾ, മാക്രോൺ പറഞ്ഞത് അങ്ങനെയാണ്. ( എന്നാൽ നമ്മുടെ ജോസഫ് മാഷിനെ മഠയൻ എന്ന് വിളിച്ച് അധിക്ഷേപിക്കയായിരുന്നു നമ്മുടെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി ചെയ്തത്)
2017ൽ, നമ്മുടെ ആം ആദ്മിപോലുള്ള എൻ മാർഷേ എന്ന പുതിയ പാർട്ടിയുമായി അധികാരത്തിൽ പ്രസിഡന്റായതോടെ മാക്രോൺ കടുത്ത ഭീഷണി നേരിട്ടത് ഇസ്ലാമിസ്റ്റുകളിൽനിന്നായിരുന്നു. അദ്ധ്യാപകന്റെ തലവെട്ടുകയും നിരവധി ഭീകരാക്രമണങ്ങൾ നടത്തുകയും ചെയ്തതോടെ മാക്രോൺ ശക്തമായി നിലപാട് എടുത്തു. അതോടെ ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളുടെ കടുത്ത ശത്രുവായും അദ്ദേഹം മാറി.
ഭീകരതയെ നേരിടാൻ ലിബറൽ ജനാധിപത്യത്തിനാവില്ല എന്ന പൊതുധാരണയെ തിരുത്തിയെഴുതിയ പ്രസിഡന്റാണ് ഇമ്മാനുവൽ മാക്രാൺ. തുടർച്ചയായ ഭീകരാക്രമണങ്ങളിൽ വിറങ്ങലിച്ചു നിന്ന ഫ്രാൻസിന്റെ ജനാധിപത്യത്തെ സംരക്ഷിക്കാൻ അസാധാരണ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം മടികാട്ടിയില്ല. ഫ്രാൻസിന്റെ ഒരുപറ്റം ധീരരായ മാധ്യമപ്രവർത്തകരുടെ ജീവനെടുക്കുന്നതിന് കാരണമായ വിവാദ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടാണ് ഷാർലി എബ്ദോ വാരിക കൊലയാളികളെ വീണ്ടും വെല്ലുവിളിച്ചപ്പോൾ അവർക്ക് സമ്പൂർണ്ണ പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റും കൂടെയുണ്ടായിരുന്നു.
ഇപ്പോഴിതാ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിലും മാക്രോൺ താരമായി. തന്റെ ടീമിനുവേണ്ടി ആർത്തലക്കാനും, തോറ്റപ്പോൾ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാനും ഫ്രാൻസിന്റെ പ്രസിഡന്റ് ഒപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏത് വിദേശ മാധ്യമങ്ങളുടെയും ഇൻഫ്ളുവെൻഷ്യൽ ലിസ്റ്റിൽ മാക്രോണിന്റെ പേര് കാണാം.
9 എംബാപ്പേ: പുതിയ താരോദയം
മെസി കപ്പെടുത്ത ലോകകപ്പ് ഫൈനലിലും, പക്ഷേ കിലിയർ എംബാപ്പെ എന്ന ആ 24കാരനായിരുന്നു. ഈ വർഷത്തെ താരോദയം എന്നാണ് ലോക മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കലാശക്കളിയിൽ അർജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ഹാട്രിക്കിലൂടെ ടീമിനെ ഷൂട്ടൗട്ട് വരെ എത്തിച്ച എംബാപ്പെ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി. ലോകകപ്പിൽ എട്ട് ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയാണ് ടോപ്‌സ്‌കോറർക്കുള്ള അംഗീകാരം സ്വന്തമാക്കിയത്.
കിലിയൻ അഡെസന്മി എംബാപ്പെ ലോട്ടിൻ എന്നാണ് എംബാപ്പെയുടെ മുഴുവൻ പേര്. ഡിസംബർ 20, 1998ലാണ് ജനനം. ഫ്രാൻസിൽ സ്ഥിരതാമസമാക്കിയ രണ്ട് ആഫ്രിക്കൻ മാതാപിതാക്കൾക്കാണ് എംബാപ്പെ ജനിച്ചത്. 1998-ൽ ഫ്രാൻസിൽ നടന്ന ലോകകപ്പ് കഴിഞ്ഞ് കൃത്യം ആറ് മാസത്തിന് ശേഷം, നൈജീരിയൻ വംശജനായ കാമറൂണിയൻ പിതാവിന്റെയും അൾജീരിയൻ മാതാവായ മിസ്റ്റർ ആൻഡ് മിസ്സിസ് വിൽഫ്രഡിന്റെയും ഫ്രാൻസിലേക്ക് കുടിയേറിയ ഫൈസ എംബാപ്പെയുടെയും ഒരു കായിക കുടുംബത്തിലാണ് എംബാപ്പെ ജനിച്ചത്. ഫുട്‌ബോളിൽ ഏറെ സാധ്യതകളുണ്ടായിരുന്ന മകൻ കൈലിയന്റെ കഴിവുകൾ അവർ നന്നായി കൈകാര്യം ചെയ്തു, തൊഴിൽപരമായി ഫുട്‌ബോൾ പരിശീലകനായ പിതാവ് തന്നെയാണ് മകനെ ഫീൽഡിൽ ഇറക്കിയത്.
ഇന്ന് ലോകഫുട്‌ബോളിൽ വിലപിടിപ്പുള്ള താരമാണ് എംബാപ്പെ. 2020-ൽ, ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം 110 മില്യൺ ഡോളറായരുന്നു. 2019ൽ മാത്രം എംബാപ്പെ 30 മില്യൺ ഡോളർ ശമ്പളമായി നേടിയതായി ഫോർബ്‌സ് റിപ്പോർട്ട് ചെയ്തു.
ഫ്രഞ്ച് നടിയായ സ്മറ്റായിരുന്നു എംബാപ്പെയുടെ ആദ്യ കാമുകി. ഇവർ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായങ്കിലും ബന്ധം വിവാഹത്തിൽ കാലാശിച്ചില്ല. അടുത്തിടെ ട്രാൻസ്വുമൺ മോഡലായ ഇനെസ് റോയിക്കൊപ്പം എംബാപ്പെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും പ്രണയത്തിലാണെന്നാണ് പുറത്തുവന്ന വാർത്തകൾ. ട്രാൻസ് കാമുകിയുടെ പേരിൽ അടുത്തിടെ സൈബറിടത്തിൽ അടക്കം അധിക്ഷേപവും എംബൈപ്പെ കേൾക്കേണ്ടി വന്നിരുന്നു. പക്ഷേ എംബാപ്പേക്ക് ആ പ്രണയത്തിൽ യാതൊരു ഖേദവുമില്ല.
കപ്പടിച്ചത് അർജന്റീനയാണെങ്കിലും അതിനുശേഷമുള്ള സംഭവവികാസങ്ങളിൽ നിറഞ്ഞുനിന്നത് എംബാപ്പെ ആയിരുന്നു. അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടീനസ് എംബാപ്പെയുടെ തലയുള്ള പാവവെച്ച് പ്രകടനം നടത്തിയതെല്ലാം വംശീയ അധിക്ഷേപമാണെന്ന് വ്യാപകമായി വിമർശിക്കപ്പെട്ടു. ഒരു കാര്യം ഉറപ്പാണ്. ഇനിയുള്ള കാലം എംബാപ്പെയുടേതാണ്.
10 എംബിഎസ്: പരിഷ്‌ക്കരണങ്ങളുടെ തമ്പുരാൻ
മതകാർക്കശ്യങ്ങൾക്ക് ഒരുപരിധി നിശ്ചയിച്ച്, കാലത്തിന് അനുസരിച്ച മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്ത ഒരു നേതാവിന് ആരെങ്കിലും അവാർഡ് നൽകുകയാണെങ്കിൽ അത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് തന്നെയാവും പോവുക. കാരണം അത്രയേറെ പരിഷ്‌ക്കാരങ്ങളാണ് അദ്ദേഹം സൗദി അറേബ്യയിൽ നടപ്പാക്കിയത്.
മി. എവരത്തിങ് എന്നാണ് പശ്ചാത്യ മാധ്യമങ്ങൾ അദ്ദേഹത്തിന് നൽകിയ വിശേഷണം.
രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിവിൽ സൗദിയുടെ പ്രധാന വരുമാന സ്രോതസ്സിൽ വിള്ളൽ വീണപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിഷൻ ഫോർ ദ് കിംങ്ഡം ഓഫ് ദി സൗദി അറേബ്യ അവതരിപ്പിക്കപ്പെട്ടത്. സൗദിയുടെ സമ്പദ് വ്യവസ്ഥയിൽ കാലോചിതമായ മാറ്റങ്ങൾക്കും സാമൂഹിക സാമ്പത്തിക പരിഷ്‌ക്കരണങ്ങൾക്കും ഉന്നം വെച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്.
സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസും നൽകാനും രാജ്യത്ത് ശരിയാ നിയമം ബാധകമല്ലാത്ത പുതിയ സാമ്പത്തികമേഖലയ്ക്ക് തുടക്കമിടാനുമുള്ള തീരുമാനങ്ങൾ മുഹമ്മദ് സൽമാന് ലോകജനതക്ക് മുൻപിൽ ഒരു പരിഷ്‌കർത്താവിന്റെ രൂപമാണ് നൽകിയിത്.
നബിയുടെ കാലത്ത് സ്ത്രീകൾ ഒട്ടകം ഓടിച്ചിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് ആധുനിക ഒട്ടകമായ കാർ ഓടിക്കാം എന്നതായിരുന്നു എംബിഎസിന്റെ വാദം. അതിനിടെ സൗദിയിൽ സിനിമാ തീയേറ്ററുകൾ വന്നു. ടൂറിസ്റ്റുകൾ അബായ ധരിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിലൂടെ ഡ്രസ്സ് കോഡിന് മാറ്റം വരുത്തുന്നു, പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമവും മാറി.
പക്ഷേ ഇതിനേക്കാൾ ഒക്കെ വലിയ രണ്ടു പരിഷ്‌ക്കരണങ്ങൾ കോവിഡിന്റെ മറവിൽ സൗദി നടത്തി. ഇസ്ലാമിക ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങളാണ് സൗദി അറേബ്യ റദ്ദാക്കിയത്. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണ് സൗദി അറേബ്യൻ ഭരണ കൂടം നിർത്തലാക്കാൻ തീരുമാനിച്ചത്. അതുപോലെ ഉച്ചഭാഷിണികൾ വച്ചുള്ള പള്ളികളിൽ നിന്നുള്ള പ്രഭാഷണങ്ങളും സൗദിയിൽ നേരത്തെ വിലക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. ഈ രീതിയിൽ പുതിയ ഒരു സൗദിയെയാണ് എംബിഎസ് ലക്ഷ്യമിടുന്നത്. മലയാളികൾ ഉൾപ്പടെ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഗുണം നൽകുന്നയാണ് അദ്ദേഹത്തിന്റെ പരിഷ്‌ക്കരണങ്ങൾ.
പക്ഷേ ടൈം മാഗസിന്റെയോ, ന്യയോർക്ക് ടൈംസിന്റെയോ, ഫോബ്സിൻെയോ ഒന്നും ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയിൽ നിങ്ങൾക്ക് എംബിഎസിന്റെ പേര് കണ്ടെത്താൻ കഴിയില്ല. ജമാൽ ഖഷോഗി വധത്തിന്റെ കറ എംബിഎസിൽനിന്ന് മായാതെ നിൽക്കുന്നതുകൊണ്ടാണ് അത്.
വാൽക്കഷ്ണം: ലോകമാധ്യമങ്ങളുടെ വിവിധ അവലോകനങ്ങളിൽ ലോകത്തിലെ ഏറ്റവും കരുത്തരായ നേതാക്കളിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടം പിടിച്ചിട്ടുണ്ട്. പക്ഷേ സമൂഹത്തെ സ്വാധീനിക്കത്തക്ക രീതിൽ, ഒരു ജനതയുടെ ഭാഗധേയം മാറ്റിമറിക്കുന്ന രീതിയിൽ ഇടപെടാൻ കഴിയുന്ന വ്യക്തികളുടെ എണ്ണം ഇന്ത്യയിൽ കുറവാണ്. ധനമന്ത്രി നിർമ്മല സീതാരാമന്റെ പേര് ഒന്നിരണ്ടിടത്ത് കണ്ടു. അയൽ രാജ്യങ്ങൾ മുഴുവൻ പ്രതിസന്ധിയിലേക്ക് പോയപ്പോൾ, ഇന്ത്യ സാമ്പത്തികമായി വളരുന്നതിന്റെ പേരിലാണിത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ