- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അന്തർജനം കന്യകയായി മരിച്ചാൽ ശവത്തെ ഭോഗിച്ച് പാപം തീർക്കണം; കൗമാരക്കാരികൾ വൃദ്ധരെ വിവാഹം ചെയ്യേണ്ടിവന്ന കാലം; കടൽയാത്ര ചെയ്താലും മുങ്ങിക്കുളി തെറ്റിച്ചാലും ഭ്രഷ്ട്; നമ്പൂതിരിയുടെ മലമൂത്ര വിസർജനം പോലും വലിയ ചടങ്ങ്; പട്ടിണിയും പരിവട്ടവുമായി നായർ പട്ടാളം; ജാതി വ്യവസ്ഥ സവർണ്ണർക്ക് സുഖിക്കാൻ ഉണ്ടാക്കിയതാണോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ മറുപുറം!
വർത്തമാനകാലത്തിൽ ജീവിക്കാതെ, ഭൂതകാലം ഇത്രമേൽ ചർച്ചചെയ്യുന്ന ഒരു സമൂഹം മലയാളികളെപ്പോലെ വേറെ ഇല്ലെന്ന് തോനുന്നു. 1921ലെ മലബാർ കലാപം തൊട്ട് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ഹീനമായ ജാതി വ്യവസ്ഥവരെ ഇടക്കിടെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവാറുണ്ട്. ഇപ്പോൾ വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന സമയമായതോടെ, തലക്കരവും, മുലക്കരവും, മുലമുറിച്ച് നാടുവാഴിക്ക് സമർപ്പിച്ച നങ്ങേലിയുമെല്ലാം സജീവമായി ചർച്ചചെയ്യപ്പെടുകയാണ്.
പക്ഷേ ഈ നരേറ്റീവുകളെ ഒരു വിഭാഗം, ജാതി നിർമ്മാർജത്തിന് പകരം ജാതി പോഷണത്തിനായി ഉപയോഗിക്കുന്ന ഹീനമായ അവസ്ഥയും കാണുന്നുണ്ട്. ജാതി എന്നുപറയുന്നത് തേച്ചാലും കളിച്ചാലും മാറാത്ത ഒരു ശ്വാശ്വത സത്യമാണെന്നും, നിങ്ങൾ ജാതി മാറിയാലും മതം മാറിയാലും അത് നിങ്ങളെ പിന്തുടരും എന്ന തെറ്റായ വാദമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഇതിന് ചേർത്ത് പിടിച്ച് ഉയരുന്ന മറ്റൊരു വാദമാണ് കേരളത്തിലെ ജാതി വ്യവസ്ഥ എന്നത് സവർണ്ണർക്ക് സുഖിക്കാൻ വേണ്ടിയും അവർണ്ണരെ ആജീവനാന്തം ചൂഷണം ചെയ്യാനുള്ള കെണിയാണെന്നതും.
പത്തൊമ്പതാം നൂറ്റാണ്ട് പോലെത്തെ സിനിമകൾ ഈ വാദത്തിന് ഒപ്പമാണ്. സിനിമ കണ്ടാൽ നമുക്ക് തോന്നുക, മേൽജാതിക്കാർ തങ്ങൾക്ക് സുഖമായി ജീവിക്കുന്നതിനായി ഉണ്ടാക്കിയ ഒരു വ്യവസ്ഥയാണ് ജാതി വ്യവസ്ഥ എന്നാണ്. എന്നാൽ ഇതേക്കുറിച്ച് പഠിച്ച റോബിൻ ജിഫ്രിയെപ്പോലുള്ള പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നത്, ആർക്കും യാതൊരു ഗുണവുമില്ലാത്ത മൊത്തം റിസൾട്ട് പൂജ്യമാവുന്ന 'നെഗറ്റീവ് സം ഗെയിം' ആയിരുന്നു ജാതി വ്യവസ്ഥ എന്നതാണ്. ബ്രാഹ്മണരും നായന്മാരുമൊക്കെ അതിന്റെ ഇരകൾ ആയിരുന്നു എന്നതാണ് യാഥാർഥ്യം.
19ാം നൂറ്റാണ്ടിന്റെ സാമൂഹിക അവസ്ഥ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. വിരലിലെണ്ണാവുന്ന സവർണ്ണകുടുംബങ്ങൾക്ക് മാത്രമായിരുന്നു അക്കാലത്ത് മൂന്നുനേരം ഭക്ഷണം പോലും കഴിക്കാനുള്ള അവസ്ഥപോലും ഉണ്ടായിരുന്നു. നമ്പൂതിരി സമുദായത്തിലാവട്ടെ, ദുരാചാരങ്ങളുടെ കുത്തൊഴുക്കായിരുന്നു. 'പട്ടിയായി ജനിക്കാം പൂച്ചയായി ജനിക്കാം പക്ഷേ ഒരു അ്പഫനായി ജനിക്കാൻ കഴിയില്ല' എന്ന് വി ടി ഭട്ടതിരിപ്പാട് എഴുതിയത് 20ാം നുറ്റാണ്ടിലാണ്. അപ്പോൾ പത്തൊമ്പൊതാം നൂറ്റാണ്ടിലെ നമ്പൂതിരി സമുദായത്തിന്റെ അവസ്ഥ എന്തായിരിക്കും!
നരകിച്ചത് അപ്ഫന്മാരും സ്ത്രീകളും
ലോകത്ത് എവിടെയും ഇല്ലാത്ത രീതിയിൽ അതിവിചിത്രമായിരുന്നു കേരളത്തിലെ ജാതിവ്യവസ്ഥ. ഇന്ത്യയിലെ തന്നെ ജാതി വ്യവസ്ഥയുടെ ഉൽപ്പത്തിയെപ്പറ്റി രണ്ട് സിദ്ധാന്തങ്ങൾ ആണ് നിലവിലുള്ളത്. ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്നും, അല്ല ആര്യന്മാരാണ് ഇതുകൊണ്ടുവന്നതെന്നും. എന്നാൽ ദക്ഷിണേന്ത്യയിൽ സംഘകാലത്തോ അതിനു മുമ്പോ ഇന്നു കാണുന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ഗംഗസ്സമതലത്തിൽ നിന്ന് പിൽക്കാലത്ത് ദക്ഷിണേന്ത്യയിലേക്ക് ഉണ്ടായ ബ്രാഹ്മണ കുടിയേറ്റത്തോടൊപ്പം വന്നതാവും ജാതി സമ്പ്രദായവും എന്നാണ് അനുമാനം. എന്നാൽ ഇതിനൊന്നും കൃത്യമായ തെളിവുകൾ ഇല്ല. എങ്ങനെ ഒക്കെയോ കറങ്ങിത്തിരിഞ്ഞ് ഇങ്ങനെ എത്തിയെന്ന് മാത്രം. എന്നാൽ ഏതെങ്കിലും ഒരു സമുദായം തങ്ങളുടെ ഉന്നതിക്കായി മറ്റുള്ളരെ ചൂഷണം ചെയ്യാൻ ഉണ്ടാക്കിയതാണ് ജാതി വ്യവസ്ഥയെന്ന വാദം നിലനിൽക്കുന്നതല്ല. കാരണം അങ്ങനെ ആയിരുന്നെങ്കിൽ ആ സമൂഹത്തിന് ദോഷകരമായ നിരവധി ആചാരങ്ങൾ അതിൽ ഉണ്ടാകുമായിരുന്നില്ലല്ലോ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും കേരളത്തിലെ നമ്പൂതിരിയുടെ അവസ്ഥ ദയനീയമായിരുന്നുവെന്ന് വിടി ഭട്ടതിരിപ്പാടും, എംആർബിയും, ഇഎംഎസും , ലളിതാംബിക അന്തർജനവുമൊക്കെ എഴുതിയിട്ടുണ്ട്. നമ്പൂതിരി കുടുംബത്തിലെ മൂത്ത പുത്രന് മാത്രമേ സ്വസമുദായത്തിൽ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു. ഇയാളെ 'അച്ഛൻ നമ്പൂതിരി' എന്നും, ഇളയ സഹോദരങ്ങളെ 'അപ്ഫൻ നമ്പൂതിരി' എന്നും വിളിച്ചിരുന്നു. അഫ്ഫൻ നമ്പൂതിരിമാർക്ക് നായന്മാരും അമ്പലവാസികളുമായുള്ള സംബന്ധം മാത്രമേ നടപ്പുണ്ടായിരുന്നുള്ളൂ. മുവന്തി നേരത്ത് റാന്തൽ വിളക്കുമായി സംബന്ധ വീടുകളിൽ എത്തുകയും, രാവിലെത്തന്നെ കുളി ജപങ്ങൾക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നമ്പൂതിരിമാർക്ക് സംബന്ധക്കാരിക്കോ, അതിൽ നിന്നും ജനിക്കുന്ന മക്കൾക്കോ ചെലവിനു കൊടുക്കുകയോ സ്വത്ത് നൽകുകയോ വേണ്ടിയിരുന്നില്ല.
ഇതുകാരണം ലോകത്ത് ഒരിടത്തുമില്ലാത്ത മറ്റൊരുകാര്യം കൂടി കേരളത്തിൽ നടന്നു. സ്വന്തം പിതാവിനെ മക്കൾക്കോ, മക്കളെ പിതാവിനോ തൊടാൻ പോലും പറ്റാത്ത അവസ്ഥയായി! തൊട്ടൽ അയിത്തം തന്നെ. 'പട്ടിയായി ജനിക്കാം പൂച്ചയായി ജനിക്കാം പക്ഷേ അപ്ഫനായി ജനിക്കാൻ പറ്റില്ല' എന്നായിരുന്നു വി.ടി ഭട്ടതിരിപ്പാട് എഴുതിയത് ഇതൊക്കെ ഓർത്തുകൊണ്ട് തന്നെയാണ്. കടൽ കടന്ന് യാത്ര ചെയ്താൽ നമ്പൂതിരിക്ക് ഭ്രഷ്ടാണ്. വടക്കോട്ട് കോരപ്പുഴ കടക്കാൻ പാടില്ല. മുങ്ങിക്കുളി തറ്റിച്ചാലും ഭ്രഷ്ട് ഉറപ്പ്. ഇങ്ങനെ പുറത്തേക്ക് യാത്ര ചെയ്യാൻ പോലുമാവാതെ, ആധുനിക വിദ്യാഭ്യാസമില്ലാതെ ആ 'ഠ' വട്ടത്തിൽ ഒതുങ്ങാനായിരുന്നു, അന്നത്തെ 'ചൂഷകരുടെ' യോഗം.
അന്തർജനങ്ങളുടെ കാര്യമായിരുന്നു ഏറെ ദയനീയം. കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷന്മാരെല്ലാം, സംബന്ധം മാത്രം അനുവദിക്കപ്പെട്ട് പുറത്തുപോയതിനാൽ, സ്ത്രീകൾക്ക് വിവാഹവും ലൈംഗികതയും കിട്ടാക്കനിയായി. അവിവാഹിത സ്ത്രീകളുടെ എണ്ണം കുറക്കാനായി മൂത്ത അച്ഛൻ തിരുമേനി മൂന്ന് വിവാഹം വരെ സ്വജാതിയിൽ നിന്നും കഴിക്കുന്നത് പതിവാക്കി. ഇതോടെ കൗമാരക്കാരികൾക്കുപോലും വൃദ്ധരെ വിവാഹം കഴിക്കേണ്ടിവന്നു. നമ്പൂതിരിമാരുടെ അടുക്കളകൾ കന്യകമാരാൽ നിറഞ്ഞ് കവിഞ്ഞുകൊണ്ടിരുന്നു. അക്കാലത്ത് അന്തർജനങ്ങളിൽ 60 ശതമാനവും അവിവാഹിതരോ, വിധവകളോ ആയിരുന്നു. മാത്രമല്ല, അച്ഛൻ നംബൂതിരിമാരുടെ ഭാര്യമാർ തമ്മിലുള്ള പോരും കലശലായിരുന്നു. പുറംലോകം അവർ കാണാറുണ്ടായിരുന്നില്ല. അങ്ങനെ സ്ഥിരം ഒരു നാലുചുവരുകൾക്കുള്ളിൽ ആയിരുന്നു അവരുടെ ജീവിതം. അങ്ങനെ ഒരു കുടുംബത്തിൽ ഒന്നെന്ന രീതിയിൽ ഭ്രാന്തി സ്ത്രീകളും അക്കാലത്ത് പതിവായിരുന്നു. നോക്കുക അവർണ്ണ സ്ത്രീകൾ അനുഭവിച്ചതിനേക്കാൾ വലിയ ആഭ്യന്തര പീഡനമാണ് സവർന്ന സ്ത്രീകൾ അനുഭവിക്കുന്നത്.
മലമുത്രവിസർജ്ജനംപോലും വലിയ ചടങ്ങ്
അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും കൂത്തരങ്ങായിരുന്നു അന്നത്തെ നമ്പൂതിരി സമുദായം. ശങ്കരാചാര്യർ കോഡ്രീകരിച്ചുവെന്ന് പറയുന്ന ആചാരങ്ങൾപോലും, തനി പ്രാകൃതമായിരുന്നു. മലവിസർജനത്തിന് പോലും എങ്ങനെ ഇരിക്കണം എന്ന് കൃത്യമായി ശാസനകൾ ഉണ്ടായിരുന്നു. മലബാർ മാന്വനിലെ കൊച്ചി രാജചരിത്രത്തിൽ അത് വിശദീകരിക്കുന്നത് ഇങ്ങനെ ''അക്കാലത്തെ ബ്രാഹ്മണരുടെ ദിനചര്യ ഇങ്ങനെയാണ്. രാവിലെ ഉറക്കമെണീറ്റ ഉടനെ വിദ്വാനെയൊ, ഭർത്താവുള്ള സ്ത്രീയെയൊ, പശുവിനെയൊ, നദിയെയൊ, സുഗന്ധദ്രവ്യങ്ങളെയൊ കണി കണ്ടാൽ ഉത്തമമെത്ര. വിധവയെയൊ, കുരുടനെയൊ, മുറിമൂക്കനെയൊ കണികണ്ടാൽ ആ ദിനം അശുഭമാണ്.
ഭൂമി ഭൂമിദേവിയാണ്. അതിനാൽ ഭൂമീയിൽ നേരെ മലമൂത്രവിസർജ്ജനം അരുത്. ഇതിനായി ഓരോ സമയവും ഏത് ദിക്ക് നോക്കിയാണ് ഇരിക്കേണ്ടതെന്ന് ആചാരമുണ്ട്. പകൽ വടക്കോട്ട്, രാത്രി തെക്കോട്ട്, സന്ധ്യകളിൽ മാനത്തോട്ട് നോക്കിയും. തന്റെ നിഴൽ തട്ടുന്നിടത്ത് മലമുത്രവിസർജ്ജനം പാടില്ല. വിസർജ്ജനം കഴിഞ്ഞാലാവട്ടെ ലിംഗം കൈയിലെടുത്ത് എഴുന്നേറ്റ് കോരിയ വെള്ളവും മണ്ണും കൂട്ടി ശൗചിക്കണം. ഒരു നെല്ലിക്കയിൽ പകുതി പ്രമാണം മണ്ണുചേർത്ത് ആദ്യം ലിംഗവും, ഒരു പിടി മണ്ണുകൂടി ഏഴു തവണ മലദ്വാരവും, പത്തു പ്രാവശ്യം ഇടതുകൈയും, പിന്നീട് ഏഴുതവണ രണ്ടുകൈയും, മുമ്മൂന്നു പ്രാവശ്യം രണ്ടു കാലും....ഇങ്ങനെയെത്ര ശൗചം ചെയ്യാൻ. ശൗചം കഴിഞ്ഞ്, പന്ത്രണ്ടും,നാലും പ്രാവശ്യം വെള്ളം കൊണ്ട് വായ്ക്കകം ഉലുക്കുഴിയേണ്ടതാകുന്നു.''- നോക്കുക, എങ്ങനെയുണ്ട്. മലമൂത്ര വിസർജനത്തിനുപോലും എത്ര ചടങ്ങ്, എത്ര സമയം.
ബ്രാഹ്മണൻ ഉടുതുണിയുമായി കുളിക്കരുതെന്നാണ് നിയമം. ആ തുണികൊണ്ട് ശരീരം തുടക്കരുതെന്നും എഴുതിവെച്ചിരിക്കുന്നു. പഴകിയ ഭക്ഷണം കഴിക്കാൻ പാടില്ല, കുട്ടികളുടെ ഉച്ഛിഷ്ടവും. കന്യകമാരായ അന്തർജനത്തെ അച്ഛൻ തിരുമേനിയും, വേളി കഴിഞ്ഞ അന്തർജനത്തെ ഭർത്താവും ഒഴികെ മറ്റാരും കാണാൻ പാടില്ല. ബ്രാഹ്മണ സ്ത്രീകൾ ദാസിയെ കൂടാതെ പുറത്തിറങ്ങരുത്, അവർ വെള്ള വസ്ത്രമേ ഉടുക്കാവൂ. ഭർത്താവ് മരിച്ചാൽ അവൾ സന്യാസിയെപ്പോലെ ജീവിച്ചു കൊള്ളണം.
ശവഭോഗവും സ്മാത്ത വിചാരവും
അതി പൈശാചികമായ ചില ആചാരങ്ങളും അക്കാലത്ത് നിലനിന്നിരുന്നു. അതിലൊന്നാണ് ബ്രാഹ്മണ കന്യക മരിച്ചാലുള്ള ശവഭോഗം. നിഷേകം എന്ന പേരിലാണ് അത് അറിയപ്പെട്ടിരുന്നത്. അന്തർജനം കന്യകയായി മരിച്ചാൽ അത് ഒരു ബാധയും മൂർത്തിയുമായി മാറുമെന്നും, അതിനാൽ നീച ജാതിയിൽപ്പെട്ട ഒരാൾ ആ ശവത്തെ ഭോഗിച്ച് മോക്ഷം കൊടുക്കണം എന്നുമായിരുന്നത്രേ ആ ദുരാചാരം! 'നീചൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ഭ്രഷ്ട ജാതിയാണത്രേ ശവഭോഗം നടത്തുക. ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം എന്ന പുസ്തകത്തിലടക്കം ഈ പരാമർശമുണ്ട്. കാണിപ്പയ്യൂർ മാധവൻ നമ്പൂതിരിയും ഇത് ശരിവെക്കുന്നു. പെൺകുട്ടിയെ മനോഹരമായി ഒരുക്കിയാണത്രേ ഈ ചടങ്ങ് നടത്തുക. പിൽക്കാലത്ത് ഇത് നീചൻ ശവത്തെ താലികെട്ടുന്ന രീതിയിൽ പരിഷ്ക്കരിക്കപ്പെട്ടു.
'മണാളർ' എന്ന ഒരു പ്രത്യേക വിഭാഗത്തിന്റെ കാര്യവും ഞെട്ടിക്കുന്നതാണ്. ചില ശൂദ്ര ജാതിക്കാരുമായുള്ള ലൈംഗിക ബന്ധം ബ്രാഹ്മണർക്ക് ഭ്രഷ്ട് വിളിച്ചു വരുത്തുന്നതാണ്. പക്ഷേ ശൂദ്ര സ്ത്രീ വേശ്യയാണെങ്കിൽ ബ്രാഹ്മണർക്ക് ബന്ധം വിലക്കിയിട്ടില്ല. ആ സാഹചര്യത്തിൽ ഇത്തരം മണാളരെക്കൊണ്ടും മറ്റു രണ്ടു ശൂദ്രരെക്കൊണ്ടും ശാരീരികബന്ധം നടത്തിച്ച്, സ്ത്രീ വേശ്യയായി എന്ന് ഉറപ്പിച്ചതിന് ശേഷമേ അപ്ഫൻ നമ്പൂതിരിമാർ സംബന്ധത്തിൽ ഏർപ്പെട്ടിരുന്നുള്ളുവത്രേ!
എതെങ്കിലും അന്തർജനത്തിന് വിവാഹേതര ബന്ധം ഉണ്ടായാൽ സ്മാത്ത വിചാരം നടത്തി പ്രതികളെ മുഴുവൻ ഭ്രഷ്ട് കൽപ്പിച്ച് പടിയടച്ചു പിണ്ഡംവെക്കുക ആയിരുന്നു അന്നത്തെ രീതി. കുറിയേടത്ത് താത്രിയുടെ സ്മാത്ത വിചാരമൊക്കെ ഏറെ പ്രശസ്തമാണ്. എം ടിയുടെ 'പരിണയം' എന്ന ചിത്രവും ഇതേ പ്രമേയമാണ് പറയുന്നത്. കുറ്റം സമ്മതിപ്പിക്കാനായി വിഷജീവികളെയും മൂർഖൻ പാമ്പിനെയടക്കവും ഉപയോഗിക്കുന്ന പതിവും ഉണ്ടായിരുന്നു! അടച്ചിടപ്പെട്ട എല്ലാ സമൂഹത്തിലെന്നപോലുള്ള ലൈംഗിക പ്രശ്നങ്ങൾ അക്കാലത്ത് ഏറെയായിരുന്നു. 1850 മുതൽ 1927 വരെയുള്ള കാലയളവിൽ സാമൂതിരിയുടെ അധീനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60ഓളം സ്മാർത്ത വിചാരങ്ങൾ നടന്നിരുന്നു. ഷൊർണ്ണൂരിനടുത്ത് കവളപ്പാറയിൽ കാൽ നൂറ്റാണ്ടിലേറെ നീണ്ടുനിന്ന സ്മാർത്ത വിചാരത്തിനു ശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രവുമുണ്ട്. അത്രയും കാലം ഇരുട്ടുമുറിയിൽ അന്തർജനം നരകിച്ചതു മിച്ചം !
ഒരു അന്തർജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാൽ അവരുടെ ദാസിയായ നായർ സ്ത്രീയെയാണ് ആദ്യം വിസ്തരിക്കുക. ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാൽ പിന്നീട് അന്തർജ്ജനത്തെ ''സാധനം'' എന്നാണു വിളിക്കുക. സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കർമ്മം. സ്മാർത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം അവൾ ആ ഇരുട്ടുമുറിയിൽ കഴിയേണ്ടി വന്നേക്കാം
അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് കുറ്റവിചാരണ നടത്തുക.കുറ്റം തെളിഞ്ഞുകഴിഞ്ഞാൽ സാധനത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും പുറത്താക്കി, മരിച്ചുപോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തർജ്ജനത്തിന്റെ കോലം ദർഭകൊണ്ടുണ്ടാക്കി, ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ. അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തിൽ പങ്കെടുത്ത് ജനം പിരിഞ്ഞുപോകും. കുറിയേടത്ത് താത്രിയുടെ സ്മാത്ത വിചാരത്തെക്കുറിച്ചുള്ള കഥകൾ ഒക്കെ കേരളം ഏറെ ചർച്ച ചെയ്തതുമാണ്. ഇങ്ങനെ ഭ്രഷ്ട് കിട്ടിയവരുടെ കാര്യം അതി ദയനീയമാണ്. ജനിച്ച നാട്ടിൽ നാലാം തരം പൗരനായി മരിക്കാനാണ് അവരുടെ യോഗം. പലരും നാടുവിട്ടു. ചിലർ മതം മാറി. ഇങ്ങനെ പുറത്താക്കുന്ന സ്ത്രീകളെയും മറ്റ് മതക്കാർ കൊണ്ടുപോവുകയാണ് പതിവ്.
ഗതികെട്ട അവസ്ഥയിൽ തറവാടുകൾ
19ാം നൂറ്റാണ്ടിലെ നായർ തറവാടുകളുടെ അവസ്ഥയും അങ്ങേയറ്റം ഗതികെട്ട നിലയിലായിരുന്നു. അക്കാലത്തെ നാടിന്റെ പൊതു അവസ്ഥപോലെ 80 ശതമാനം തറവാടുകളും നിത്യവൃത്തിക്ക് വകയില്ലാത്തവർ ആയിരുന്നുവെന്നാണ്, 'നായർ മേധാവിത്വത്തിന്റെ പതനം' എന്ന വിഖ്യാതമായ പുസ്തകം എഴുതിയ ഗവേഷകൻ റോബിൻ ജിഫ്രി ചൂണ്ടിക്കാട്ടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തിൽ എം ഭാസ്ക്കരനുണ്ണിയും, കേരള ചരിത്രവും ജാതിവ്യവസ്ഥയും എന്ന പുസ്തകത്തിൽ പി കെ ബാലകൃഷ്ണനും ഇക്കാര്യം ശരിവെക്കുന്നു.
കടുത്ത ഭക്ഷ്യക്ഷാമവും നിലനിന്ന നാളുകൾ ആയിരുന്നു അത്. ഇഡ്ലി, ദോശ, ചായ, കാപ്പി, സാമ്പാർ ഇവയൊന്നും അന്ന് മലയാളി മെനുവിൽ ഇല്ല. പുട്ടിനെ കുമ്പം തൂറി എന്ന മ്ലേച്ച ഭക്ഷണം ആയാണ് കരുതിയിരുന്നത്. തികച്ചും കേരളീയം എന്നു നാം കരുതുന്ന അവിയൽ പോലും അറുപത്തിനാലിനം വിഭവങ്ങളും ആയി 'അമൃതേത്ത്' കഴിച്ചിരുന്ന കൊച്ചി രാജാവിന്റെ ഭക്ഷണലിസ്റ്റിൽ ഇല്ലായിരുന്നു. കപ്പ കേരളത്തിലേക്ക് വരുന്നത് 1880 ലെ അരി ക്ഷാമത്തിന്റെ സമയത്താണ്. രാവിലേയും വൈകിട്ടും ചാമയോ അരിയോ കൊണ്ടുള്ള കഞ്ഞിയും താളുകൊണ്ടുള്ള കറിയും ഒക്കെയായിരുന്നു അക്കാലത്ത് മലയാളി കർഷക കുടുംബത്തിലെ ഭക്ഷണം. രാവിലെ ഭക്ഷണത്തിന് പാലത്തേക്ക് (പകലത്തേക്ക്) എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണവും വൈകിട്ടു കാപ്പിയും ഒന്നുമില്ല.
1850കളിൽതന്നെ തിരുവിതാംകൂറിൽ അരി ഇറക്കുമതി ചെയ്യേണ്ടിവന്നു. മിക്ക നായർ തറവാടുകളുടെയും അക്കാലത്തെ ഒരു പ്രധാന പ്രശ്നം മൂന്ന് നേരത്തേക്കുള്ള ഭക്ഷണം എവിടെനിന്ന് കണ്ടുപിടിക്കും എന്നതായിരുന്നു. പപ്പടം പോലും അന്നത്തെ നായർ തറവാടുകളിൽ ഒരു ലക്ഷ്വറി ആയിരുന്നുവെന്ന് റോബിൻ ജിഫ്രി എഴുതുന്നുണ്ട്! കൃഷിയല്ലാതെ വ്യവസായമോ, വാണിജ്യമോ ഇല്ലാത്ത ആ കാലത്ത് പട്ടിണി മാറ്റുക എന്നത് തന്നെ ഒരു വലിയ കാര്യമായിരുന്നു.
ചികിത്സാസൗകര്യങ്ങളുടെ അഭാവം തൊട്ട് പോഷകാഹാരക്കുറവ്വരെ അക്കാലത്ത് വലിയ പ്രശ്നമായിരുന്നു. സ്വാതന്ത്ര്യം കിട്ടുന്ന 1947 ൽപോലും ഇന്ത്യയിലെ ആണുങ്ങളുടെ ശരാശരി ആയുസ്സ് 50 വയസ്സിൽ താഴെ ആയിരുന്നു. 19ാം നൂറ്റാണ്ടിൽ അന്ന് ശരാശരി മലയാളി പുരുഷന്റെ ആയുർദൈർഘ്യം 35 വയസ്സായിരുന്നു! വസൂരിപോലുള്ള രോഗങ്ങൾ വന്നാൽ ഒരു പ്രദേശം നക്കിത്തുടച്ച് പോവുകയായിരുന്നു പതിവ്. ഇതിൽനിന്നൊന്നും സവർണ്ണർ ആണെന്ന് പറഞ്ഞിട്ട് നായന്മാർക്ക് മോചന ഉണ്ടായിരുന്നില്ല.
അതുപോലെ അന്നത്തെ കരം പിരിവും ഭീകരം ആയിരുന്നു. പത്തൊമ്പൊതാം നൂറ്റാണ്ട് സിനിമയിൽ പറയുന്നപോലെ, മുലക്ക് കരം ഉണ്ടായിരുന്നില്ലെങ്കിലും, മറ്റ് നികുതികൾ സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കല്യാണത്തിന് പന്തലിടുന്നത് തൊട്ടു സ്ത്രീകൾ സ്വർണ അരഞ്ഞാണം ഇടുന്നത് വരെ എന്തിനും കാശ് പിടുങ്ങാൻ സർക്കാർ റെഡി. കുതിരക്കും പശുവിനും കൊടുക്കാനുള്ള പുല്ലു വിൽക്കാൻ തിരുവനന്തപുരം ചന്തയിൽ എത്തുന്ന സ്ത്രീകളോട് കെട്ടു താഴെ വയ്ക്കുന്നതിനു കരം മേടിച്ചിരുന്നു.
ഡ്രില്ലുപോലെ നായർ പടയാളികളുടെ യുദ്ധങ്ങൾ
നായർ പട്ടാളത്തിന്റെ യുദ്ധവും അക്കാലത്ത് ബഹു കോമഡിയായിരുന്നു. നായന്മാരുടെ പ്രധാന ജോലി യുദ്ധം ചെയ്യലാണ്. പത്തുനാൽപ്പത് നാട്ടുരാജ്യങ്ങളും പ്രമാണിമാരുമായി എപ്പോഴും എന്തെങ്കിലും ശണ്ഠകൾ ഉണ്ടാവും. എന്നാൽ ഇന്നത്തെ പട്ടാളത്തിന്റെ യുദ്ധം പോലുള്ളതല്ല അന്ന്. ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരെപ്പോലെ രാവിലെ കുളിച്ചൊരുങ്ങി വന്ന് ഉച്ചക്ക് ലഞ്ച് ബ്രേക്ക് ഒക്കെ എടുത്ത് വൈകുന്നേരം അവസാനിക്കുന്ന ഒരു ഡ്രില്ലുപോലത്തെ യുദ്ധമായിരുന്നു അതെന്ന്, കേരള ചരിത്രവും ജാതിവ്യവസ്ഥയും എന്ന പുസ്തകത്തിൽ പി.കെ ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നുണ്ട്!
നായർ പടയാളികൾക്ക് വെറും ഉപജീവനം മാത്രമായിരുന്നു ഈ യുദ്ധങ്ങൾ. അന്ന് വലിയ സൈന്യങ്ങൾ ഒന്നും ഇല്ലായിരുന്നെന്നും, നാടുവാഴിക്കുപോലും ഒരു തോർത്തുണ്ടും ഒരു മേൽമുണ്ടും ഒരു ചെറിയ വീടും മാത്രമാണ് ഉണ്ടായിരുന്നതെന്നും പി.കെ ബാലകൃഷ്ൻ ചൂണ്ടിക്കാട്ടുന്നുണ്ട്. പച്ചീക്കോ ഉപരോധം എന്ന പേരിൽ കുപ്രസിദ്ധമായ ഒരു പോർട്ട്ഗീസ് കോട്ട് പിടിച്ചെടുക്കാൻ പോയ സംഭവമൊക്കെ പി കെ ബാലകൃഷ്ണൻ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്്്. വെറും പത്തുപേരുള്ള ഒരു കോട്ടയിൽ എത്താനൊക്കെ നായർ പട്ടാളത്തിന് വേണ്ടിയിരുന്നത് മാസങ്ങളാണ്. വെടിക്കോപ്പും ആയുധങ്ങളുമുള്ള ബ്രിട്ടീഷ് പട്ടാളത്തെ നോക്കുമ്പോൾ ഇവർ ഒന്നും അല്ലായിരുന്നു.
സാമൂതിരിയും, ശക്തൻ തമ്പുരാനും, മാർത്താണ്ഡവർമ്മയെയുപോലുള്ള ഏതാനും പേരുടെ സൈന്യവും അവരുടെ കീഴിൽ പരിശീലനം സിദ്ധിച്ച നായർ പട്ടാളവും മാത്രമായിരുന്നു ഇതിന് അപവാദം. ടിപ്പുവിനെതിരെ മലബാറിലെ രാജാക്കന്മാർ ശക്തമായ എതിർപ്പുകൾ നടത്തിയത് നായർ പടയെ ഉപയോഗിച്ചുകൊണ്ടായിരുന്നു.
'ആധുനിക തിരുവിതാംകൂറിന്റെ നിർമ്മാതാവ്' എന്നറിയപ്പെടുന്ന മാർത്താണ്ഡ വർമ്മയാണ് നായർ പട്ടാളത്തെ നവീകരിച്ചത്. മാർത്താണ്ഡ വർമ്മയുടെ അംഗരക്ഷകരെ തിരുവിതാംകൂർ നായർ പട്ടാളം (ട്രാവൻകൂർ നായർ ആർമി) എന്നാണ് വിളിച്ചിരുന്നത്. ആദ്യകാലങ്ങളിൽ നായന്മാരെ മാത്രമേ ഈ പടയിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പിന്നീട്, അത് വിപുലീകരിക്കുകയും നിരവധി ഉപ ഘടകങ്ങൾ രൂപീകരിക്കുകയും ചെയ്തു. നായന്മാർ അല്ലാത്തവരുടെ പ്രവേശനത്തെത്തുടർന്നും നായർ പട്ടാളം എന്ന പേര് മാറ്റമില്ലാതെ തുടർന്നു.
1741 ൽ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി ഡച്ച് സൈനിക മേധാവി യൂസ്റ്റാക്കിയുസ് ഡി ലാനോയിയെ പിടികൂടി. തന്റെ സൈന്യത്തിൽ ചേരുകയും ആധുനിക രീതിയിൽ സൈനികരെ പരിശീലിപ്പിക്കുകയും ചെയ്യാമെന്ന വ്യവസ്ഥയിൽ ഡച്ച് സൈനിക മേധാവിയെ വെറുതെ വിടാൻ മാർത്താണ്ഡ വർമ്മ തിരുമാനിച്ചു. തിരുവിതാംകൂർ സൈന്യം 1818 ൽ തിരുവിതാംകൂർ നായർ ബ്രിഗേഡ് ആയി പുനഃസംഘടിപ്പിച്ചു. തിരുവിതാംകൂർ സൈന്യം 1935 മുതൽ ഇന്ത്യൻ സ്റ്റേറ്റ് ഫോഴ്സിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനുമായി സംയോജിപ്പിച്ചതോടെ നായർ ബ്രിഗേഡ് ഇന്ത്യൻ സൈന്യവുമായി മദ്രാസ് റെജിമെന്റിന്റെ 9 ആം ബറ്റാലിയനായും (ഒന്നാം തിരുവിതാംകൂർ) 1954 ൽ മദ്രാസ് റെജിമെന്റിന്റെ 16 ആം ബറ്റാലിയനായും (രണ്ടാം തിരുവിതാംകൂർ) കൊച്ചി കാലാൾപ്പട (പെരുമ്പടപ്പ് നായർ പട) 17 ആം ബറ്റാലിയനായും സംയോജിപ്പിക്കപ്പെട്ടു.
അതായത് ശക്തരായ ഭരണാധികാരികൾ ഉള്ളിടത്തുമാത്രമെ നായർ പട്ടാളവും നിലനിന്നിരുന്നുള്ളൂ. അല്ലാത്തിടത്തൊക്കെ അത് പേരിനുമാത്രമുള്ള ഒരു സൈന്യം മാത്രം ആയിരുന്നു. മാർത്താണ്ഡവർമ്മയെന്ന കരുത്തനായ ഭരണാധികാരി ഇല്ലായിരുന്നെങ്കിൽ ട്രാവൻകൂർ നായർ ആർമിയും ഒന്നും ആവുമായിരുന്നില്ല.
പരക്കെ ബഹുഭർതൃത്വം
പതിറ്റാണ്ടുകൾ തുടർന്ന നമ്പൂതിരി സംബദ്ധം ഒരുതരം ലൈംഗിക അരാജകത്വത്തിലേക്കാണ് നായർ സമുദായത്തെ കൊണ്ടെത്തിച്ചതെന്ന് പി.കെ ബാലകൃഷ്ണൻ തന്റെ കേരള ചരിത്രവും ജാതിവ്യവസ്ഥയും എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാര്യമാരുടെ കാര്യം പോകട്ടെ സ്വന്തം ചോരയിൽ പിറന്ന കുട്ടിയിൽ പോലും യാതൊരു അവകാശവും അന്ന് നായർക്ക് ഇല്ലായിരുന്നു. അമ്മ വീട്ടിൽ വളരുന്ന കുട്ടിക്ക് വേണ്ടി വിദ്യാഭ്യാസത്തിനു സഹായിക്കാനോ അൽപ്പം സ്വത്തു സമ്പാദിച്ചുവക്കാനോ പോയിട്ട്, ഒന്നു കളിപ്പിക്കാനോ കളിപ്പാട്ടം വാങ്ങാനോ ഉള്ള അവകാശമോ അവസരമോ അന്നുണ്ടായിരുന്നില്ല. നീണ്ടുനിന്ന ദാമ്പത്യബന്ധങ്ങൾ ആ തലമുറയിൽ നായന്മാർക്ക് ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. ബഹുഭർതൃത്വം അന്ന് വ്യാപകമായിരുന്നു. ഒരാൾ അകത്തുള്ളപ്പോൾ പുറത്ത് ഒരു അടയാളം വെക്കുകയാണ് പതിവ്. പെണ്ണിന് പിടിച്ചില്ലെങ്കിൽ പിന്നെ പടിക്ക് പുറത്താണ്.
വരനും വധുവും തമ്മിലുള്ള ഉത്തരവാദിത്തങ്ങളില്ലാത്ത സ്വതന്ത്ര ബന്ധമായിരുന്നു അക്കാലത്ത് നായർമ്മാർക്കിയിൽ ഉണ്ടായിരുന്നത്. ബന്ധം നിലനിൽക്കുന്ന കാലത്ത് ചെലവിന്പോലും കൊടുക്കണമെന്നില്ല. കാരണം മരുമക്കത്തായത്തിൽ എല്ലാ ഉത്തരവാദിത്തവും അവളുടെ കുടുംബം വഹിക്കും. ഇരുവരുടെയും ശാരീരിക ആവശ്യങ്ങൾ നടക്കുന്നതിനായി കാരണവന്മാരുടെ സമ്മതത്തോടെ ഒരാളെ തിരഞ്ഞെടുക്കുന്നു എന്നുമാത്രം. ഭാര്യാഭർത്താക്കന്മാരിൽ ആഴത്തിലുള്ള വൈകാരികബന്ധങ്ങൾ ഉണ്ടായിരുന്നില്ല. വിവാഹ എന്നാൽ ലൈംഗികബന്ധങ്ങളും സന്താനോല്പാദനവും മാത്രമാവുന്ന അവസ്ഥവന്നു.
സമ്പത്തുള്ള പ്രഭുകുടുംബങ്ങളും രാജകുടുംബങ്ങളും മറ്റും ഉന്നതരെ അവരുടെ ചെലവുകൾ മുഴുവൻ നടത്തിക്കൊടുത്ത് പെൺകുട്ടികളുടെ ഭർത്താവാക്കി തറവാട്ടിലൊ തറവാട്ടുസ്വത്തായ മറ്റേതെങ്കിലും കെട്ടിടങ്ങളിലോ സ്ഥിരമായി താമസിപ്പിക്കുന്ന കൂട്ടിരുപ്പ് എന്നൊരു സമ്പ്രദായവും ഉണ്ടായിരുന്നു. നമ്പൂതിരിയെ ദത്തെടുത്ത് പോറ്റുന്ന അവസ്ഥയായിരുന്നു ഫലത്തിൽ അവിടെ. അതിൽ പിറക്കുന്ന സന്തതികളെ സ്ത്രീയുടെ കുടുംബം പോറ്റും.
പാഞ്ചാലി സമ്പ്രദായവും വ്യാപകം
വളരെ ലളിതമായ കല്യാണച്ചടങ്ങുകൾ മാത്രമേ പലപ്പോഴും ഉണ്ടായിരുന്നുള്ളൂ. സ്ത്രീധനം ഉണ്ടാവാറില്ല. വിളക്കുവെച്ച് പറയോ നാഴിയോ നിറച്ച്, കാരണവന്മാരുടെ അനുവാദത്തോടെ, ഒരു പുടവ വരൻ വധുവിന് നൽകുന്നു. വധു വരനെയും വസ്ത്രത്തെയും തൊഴുത് പുടവവാങ്ങി വലതുവശത്തു നിന്നും ഇടതു ഭാഗത്തേക്ക് വന്നാൽ കുടുംബാംഗങ്ങൾ അരിയുംപൂവും എറിയുന്നു. പാലും പഴവും നൽകുന്നു. അതോടെ ചടങ്ങ് കഴിഞ്ഞു. പിന്നീട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ ഭർത്താവിന് ഭാര്യവീട്ടിൽ ചെല്ലാമായിരുന്നു.
രണ്ടുപേർക്കും പരസ്പര സമ്മതമായ കാലത്തോളം ബന്ധം തുടരാം. സ്ത്രീക്ക് മതിയെന്നു തോന്നിയാൽ പായ പുറത്തുവച്ച് പുടവമടക്കി ബന്ധം അവസാനിപ്പിക്കാം. സംബന്ധത്തിന്നെന്ന പോലെ കരനാഥന്റെയും മറ്റും അനുവാദം ആവശ്യമില്ല. ഇത് സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും അവകാശവും നൽകിയിരുന്നതായി കണക്കാക്കാം. എന്നാൽ സൈന്യവൃത്തി ചെയ്യുന്നവരിലും മറ്റും പ്രസ്തുതബന്ധം നിലനില്ക്കുമ്പോഴും ഭാര്യയും ഭർത്താവും മറ്റു പങ്കാളികളുമായി ബഹുവൈവാഹികബന്ധം പുലർത്തിയിരുന്നു. പല സ്ത്രീകളും ഭർത്താവിന്റെ സഹോദരനെ കൂടി വിവാഹം ചെയ്തിരുന്നു. ഇതിനെ പാഞ്ചാലീ സമ്പ്രദായം എന്നറിയപ്പെടുന്നു.
മരുമക്കത്തായമായതിനാൽ ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കും മക്കൾക്കും അവകാശങ്ങൾ ഇല്ല. മക്കളിൽ അച്ഛന് ആചാരപരമായ അവകാശം മാത്രം. മരിച്ചാൽ പുല പോലും സ്പർശനബന്ധം ഇല്ലേൽ ഇല്ല. പല തറവാടുകളിലും കാരണവർ ഭാര്യയെ കൊണ്ടുവന്നു താമസിപ്പിക്കും. എങ്കിലും അയാൾ മരിച്ചാൽ ശവം പുറത്തെടുക്കുന്നതിനു മുമ്പ് ആ സ്ത്രീക്ക് അവിടം വിടണം. മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിൽ പകൽ സമയങ്ങളിൽ പുരുഷന്മാർ സ്വന്തം കാര്യങ്ങൾ നോക്കുകയും രാത്രി ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു.
മിക്കസമൂഹങ്ങളിലും തറവാടിനു പ്രാധാന്യവും വ്യക്തിക്കും വ്യക്തിബന്ധങ്ങൾക്കും പരിഗണന കുറവും എന്നതായിരുന്നു അവസ്ഥ. അതുകൊണ്ടുതന്നെ, പിതൃബന്ധം, പാതിവ്രത്യം, ഏകപത്നീവ്രതം, ഏകപങ്കാളി തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾക്ക് വലിയ സ്ഥാനമില്ലായിരുന്നു. തറവാടിനുവേണ്ടി യത്നിക്കുക എന്നതുമാത്രമായിരുന്നു പ്രധാനമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
'നമ്പൂതിരിലെ മനുഷ്യനാക്കുക'
ഇതൊക്കെ നോക്കുക, സവർണ്ണർ സമുദായവും അനാചാരങ്ങളാലും അന്ധവിശ്വാസങ്ങളാലും നശിക്കുക തന്നെ ആയിരുന്നു. ജാതി വ്യവസ്ഥ കൊണ്ട് അവർക്കും ഒരു നേട്ടവും കിട്ടിയിട്ടില്ല. പകരം അവരെയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ആധുനിക ലോകത്ത് നിന്ന് അകറ്റുകയുമാണ് ഇതുമൂലം ഉണ്ടായത്. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ട് പോലത്തെ സിനിമകൾ കണ്ടാൽ തോന്നുക, ബ്രാഹ്മണ സമുദായം ഈ ജാതിവ്യവസ്ഥകൊണ്ട് മുതലെടുത്ത് സുഖിച്ച്് അങ്ങ് ജീവിക്കയാണെന്നാണ്.
പക്ഷേ പതുക്കെ കേരളത്തിലേക്കും നവോത്ഥാനത്തിന്റെ വെളിച്ചം എത്തി. മിഷനറിമാരുടെ പള്ളിക്കൂടങ്ങളും, അച്ചടി വിപ്ലവവും കേരളത്തെ ശരിക്കും മാറ്റി മറിക്കയായിരുന്നു. അതുപോലെ ഡോ. ഹെർമൻ ഗുണ്ടർട്ടും, അയ്യൻകാളിയും, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും, പൊയ്കയിൽ അപ്പച്ചനും, തൊട്ട് വി.ടി ഭട്ടതിരിപ്പാടും, ഇ.എം.എസും, മുഹമ്മദ് അബുദുറഹിമാൻ സാഹിബും, മന്നത്ത് പത്മനാഭനും അടക്കമുള്ള എത്രയത്രയോ പേർ. അതോടൊപ്പം മതേതരത്വവും അവസരസമത്വവും ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനയും. ലോകമെമ്പാടുമുള്ള ശാസ്ത്രത്തിന്റെ സാങ്കേതിക വിദ്യയുടെയും വേലിയേറ്റങ്ങൾ കേരളത്തിലുമുണ്ടായി. ഉദാഹരണമായി പൊതുഗതാഗതം വന്നാൽ പിന്നെ അയിത്തക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ. അല്ലാതെ കേരളീയ നവോത്ഥാനം എന്ന് നാം പറയുന്നത് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. ഒരു പാർട്ടിക്കോ വ്യക്തിക്കോ പ്രസ്ഥാനത്തിനോ ആയി അതിന്റെ നേട്ടം പരിമിതപ്പെടുത്താനും കഴിയില്ല.
ഈ ആധുനിക നവോ്തഥാനത്തിന്റെ വേലിയേറ്റത്തിനിടയിലാണ്, നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ശ്രമം വന്നത്. വി ടിയുടെയും എംആർബിയുടെയും ഇഎംഎസിന്റെയും നേതൃത്വത്തിലുള്ള വിധവാവിവാഹവും, പന്തിഭോജനവും, പൂണുൽപൊട്ടിക്കൽ പ്രസ്ഥാനവുമൊക്കെ മർമ്മത്തുതന്നെ കൊണ്ടു. പതുക്കെ പതുക്കെ ഈ ദുരാചാരങ്ങൾ അപ്രത്യക്ഷമായി. സംബദ്ധം നിർത്തലാക്കാനും ദുരാചാരങ്ങൾ ഒഴിവാക്കാനുമായി മന്നത് പത്മനാഭൻ അടക്കമുള്ളവർ പൊരുതിയത് അദ്ദേഹത്തിന്റെ അത്മകഥ വായിച്ചാൽ മനസ്സിലാവും.
കാര്യങ്ങൾ ഇങ്ങനെ ആയിരിക്കേ, ഒരുവിഭാഗം മൊത്തത്തിൽ വലിയ പീഡകരും മറുവിഭാഗം മൊത്തത്തിൽ ഇരകളും എന്ന നറേറ്റീവ് കുത്തിപ്പൊക്കുന്നത് ഫലത്തിൽ മാനവിക വിരുദ്ധമാണ്. അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന പുസ്തകത്തിൽ ബ്രാഹ്മണൻ എങ്ങനെ ഒരു അന്ധവിശ്വാസമാവുന്നുവോ, അതുപോലെയാണ് ശൂദ്രനും എന്ന് അംബേദ്ക്കർ പറയുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തെ ജാതി സമ്പ്രദായത്തിന്റെ ഗുണഭോക്താക്കൾ ആയി കാണാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വാൽക്കഷ്ണം: ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ വർണ്ണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ അങ്ങനെ ഇല്ലായിരുന്നു. ബ്രാഹ്മണരും ശൂദ്രരും ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. അധികാരം ഇല്ലാതിരുന്ന മൊത്തം നായന്മാരും അപ്പോൾ ശൂദ്രരുടെ ലിസ്റ്റിലാണ് വരിക! ജാതിവാദികളും ജാത്യാഭിമാനികളും ഇതും കൂടി അറിയണം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ