മിസ്റ്റർ പെർഫക്ഷനിസ്റ്റ്! ബോളിവുഡ് സൂപ്പർതാരം ആമിർഖാനെ വിശേഷിപ്പിക്കാൻ ഇതിൽ കൂടുതൽ വാക്കുകളില്ല. സിനിമയിലും, ടിവി ഷോകളിലുമാവട്ടെ താൻ ഇടപെടുന്ന എന്തിലും, പെർഫെക്ഷൻ ആഗ്രഹിക്കുന്ന താരമാണ് ആമിർ ഖാൻ. ബോളിവുഡിലെ സൂപ്പർതാരമായപ്പോഴും, ഒരേ ഇമേജിൽ തളച്ചിട്ടുപോവാതെ വ്യത്യസ്തവും കലാമൂല്യവമുള്ള നിരവധി ചിത്രങ്ങൾ, കാൽനൂറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽനിന്നുണ്ടായി. ഗായകൻ, നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ... അങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. ആമിർ ആങ്കർ ചെയ്ത സത്യമേവ ജയതേ പോലുള്ള ഒരു ടെലിവിഷൻ ഷോ ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ അത്ഭുതമാണ്.

8ാം വയസ്സിൽ ബാലതാരമായി തുടങ്ങിയ ആമിർ, ഈ 59ാം വയസ്സിലും ആ തൊഴിൽ തുടരുന്നു. നിർമ്മാതാവ് കൂടിയായ പിതാവിന്റെ ചില ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ കടക്കെണിയിൽനിന്ന് രക്ഷപ്പെടാൻ ചെറുപ്പത്തിലേ അയാൾക്ക് മുഖത്ത് ചായം തേക്കേണ്ടിവന്നു. പിന്നീട് രണ്ടായിരം കോടി ആസ്തിയുള്ള സൂപ്പർ താരമായി വളർന്നിട്ടും അയാൾ വിനയാന്വിതനായി. 1988-ൽ പുറത്തിറങ്ങിയ ഖയാമത് സെ ഖയാമത് തക്ക് എന്ന ആദ്യ ചിത്രംമുതൽ അദ്ദേഹം വാർത്തകളിൽ ഇടംപിടിക്കുന്നു. ദംഗലും, പി കെയും, ത്രി ഇഡിയറ്റ്സും, താരെ സമീൻ പറും, ഗജിനിയും, മംഗൾപാണ്ഡേയും, ലഗാനും, രംഗീലയും, രാജാഹിന്ദുസ്ഥാനിയുമൊക്കെയായി ഈ കേരളക്കരയിലും തീയേറ്റുകൾ നിറച്ച എത്രയെത്ര ഹിറ്റുകൾ.

അടുത്ത കാലത്താണ് ആമിറിന്റെ കരിയറിൽ ചെറിയോരു വീഴ്ച വന്നത്. ആമിറിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ലാൽ സിങ് ഛദ്ദ എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതോടെ ആമിർ വീണ്ടും ഇടവേളയെടുത്തു. അതുകഴിഞ്ഞ് കരിയറിൽ വീണ്ടും സജീവമാവുകയാണിപ്പോൾ. സിനിമകളിൽ നിന്നും മാറി നിന്നത് തന്റെ വ്യക്തി ജീവിതത്തിൽ ഏറെ സഹായിച്ചെന്നും മക്കളോടൊപ്പം സമയം ചെലവഴിക്കാൻ ഇടവേള സഹായിച്ചെന്ന് ആമിർ ഒരു അഭിമുഖത്തിൽ പറയുന്നു.

പക്ഷേ ആമിർഖാന്റെ സിനിമകളല്ല അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് ബോളിവുഡ് സിനിമാ മാധ്യമങ്ങളിലെ ചൂടൻ ചർച്ച്. ആമിറിന്റെ കുടുംബ ജീവിതം പലപ്പോഴും ആരാധകർക്ക് കൗതുകമായിട്ടുണ്ട്. രണ്ട് തവണയാണ് നടൻ വിവാഹമോചനം നേടിയത്. എന്നിട്ടും ആദ്യ ഭാര്യ റീന ദത്തയുമായോ രണ്ടാമത് വിവാഹം ചെയ്ത കിരൺ റാവുവുമായോ ഒരു പ്രശ്നവും ആമിർ ഖാനില്ല. പരസ്പരം സമ്മതത്തോടെ നിയമപരമായി വേർപിരിഞ്ഞവർ കുട്ടികളുടെ കാര്യത്തിൽ ഒരു പോലെ ശ്രദ്ധ കൊടുക്കുന്നു. റീനയുമായും കിരണുമായും വലിയ സൗഹൃദം ആമിറിനുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിലെല്ലാം ഇവർ ഒരുമിച്ച് കൂടുന്നു. കൗതുകകരമായ മറ്റൊരു കാര്യമെന്തെന്നാൽ റീന ദത്തയും കിരൺ റാവുവും തമ്മിൽ വലിയ ആത്മബന്ധമുണ്ടെന്നാണ്. ഒരു അസാധാരണ കുടുംബകഥയാണ അത്.

വിവാഹമോചനം കഴിഞ്ഞിട്ടും സുഹൃത്തുക്കൾ

സിനിമയിൽ എത്തുന്നതിന് മുമ്പാണ് ആമിർ, അയൽവാസിയായ റീന ദത്ത എന്ന ഹിന്ദു പെൺകുട്ടിയുമായി പ്രണയത്തിലായത്. പക്ഷേ വിവാഹകാര്യത്തിൽ കുടുംബത്തിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു. അതോടെ അവർ ഒളിച്ചോടി. 1986-ലാണ് റീനയും ആമിർ ഖാനും വിവാഹിതരായത്. റീനയെ ഇസ്ലാമിലേക്ക് പരിവർത്തനം നടത്തിയാണ് വിവാഹം കഴിച്ചതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അന്നാൽ ആമിർ പിന്നീട് ഇത് നിഷേധിച്ചു. റീന എക്കാലവും അവളുടെ മതം തന്നെയാണ് പിന്തുടർന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. റീനയെ വിവാഹം കഴിക്കുമ്പോൾ താൻ സിനിമയിൽ ഒന്നുമായിരുന്നില്ലെന്നും അവളുടെ പിന്തുണയാണ് തനിക്ക് ഈ നേട്ടങ്ങൾക്ക് കാരണമാക്കിയത് എന്നും ആമിർ ഇന്നും പറയും.

2002-ൽ ആമിറും റീനയും വേർപിരിഞ്ഞു. അതിന്റെ കാരണം ഇരുവരും ഇതുവരെയും തുറന്ന് പറഞ്ഞിട്ടില്ല. പരസ്യമായി വിഴുപ്പലക്കിയിട്ടുമില്ല. രണ്ട് പേരും ഇപ്പോഴും സുഹൃത്തുക്കളാണ്. ഇറ ഖാൻ, ജുനൈദ് ഖാൻ എന്നിവരാണ് ആമിറിനും റീന ദത്തയ്ക്കും പിറന്ന മക്കൾ. മക്കൾ അമ്മയുടെ കൂടെയാണ് വളർന്നതെങ്കിലും എല്ലാറ്റിനും ഒപ്പം അച്ഛനും വിളിപ്പുറത്തുണ്ടായിരുന്നു.

ഈ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്യുന്നത്. ആമിർ നായകനായ ലഗാൻ എന്ന സിനിമയുടെ സഹ സംവിധായികയായിരുന്നു ഇവർ. പക്ഷേ ആ സിനിമയുടെ സമയത്തൊക്കെ താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും, പിന്നീടാണ് ആമിറുമായി അടുത്തതെന്നുമാണ് കിരൺ റാവു പറയുന്നത്. 2005-ൽ ഇവർ വിവാഹിതരായി. ഈ ബന്ധത്തിൽ സറൊഗസി വഴി ആസാദ് എന്ന മകനും ആമിറിനുണ്ട്. 2021- ലാണ് ഇരുവരും വേർപിരിയുന്നത്. ഇതിനുശേഷം ആമിർ നടി ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ താരം ഇക്കാര്യം നിഷേധിച്ചു.

പക്ഷേ വിവാഹമോചനം കഴിഞ്ഞിട്ടും ആദ്യഭാര്യയെപ്പോലെ രണ്ടാം ഭാര്യയും ആമിറിന്റെ സുഹൃത്തായി തുടർന്നു. മാത്രമല്ല, ആമിറിന്റെ മുൻ ഭാര്യമാരായ റീനയും കിരൺ റാവുവും അടുത്ത സുഹൃത്തുക്കളാണ്. അടുത്തിടെ റീന ദത്തയുടെ മകൾ ഇറ ഖാന്റെ വിവാഹ ചടങ്ങിൽ നിറ സാന്നിധ്യമായി കിരൺ റാവു ഉണ്ടായിരുന്നു. റീനയെ പോലെ ഇറ ഖാനും തനിക്ക് പ്രിയപ്പെട്ട വ്യക്തിയാണെന്ന് കിരൺ റാവു പറയുന്നു. "നല്ല പെയിന്റർ കൂടിയായ ഇറ ബെർലിനിൽ നിന്നുള്ള പെയിന്റിങ് ആണ് എനിക്ക് സമ്മാനിച്ചത്. വിവാഹത്തിന്റെ തിരക്കിനിടയിലും തനിക്കായി സമ്മാനം കണ്ടെത്താൻ അവൾ തയ്യാറായി. അന്ന് തങ്ങൾ രണ്ട് പേരും കണ്ണീരണിഞ്ഞു"- കിരൺ റാവു ഓർത്തു.

വേർപിരിഞ്ഞെങ്കിലും, ആമിറിന്റെ വീട്ടുകാരും റീന ദത്തയുമെല്ലാം തനിക്കിപ്പോഴും കുടുംബം തന്നെയാണെന്നും കിരൺ റാവു വ്യക്തമാക്കയിട്ടുണ്ട്. " ഞങ്ങൾ ഒരു കുടുംബമാണ്. തിങ്കളാഴ്ചകളിൽ ഞങ്ങളെല്ലാവരും ഡിന്നറിന് ഒത്തുചേരാറുണ്ട്. ഒരു ഹൗസിങ് സൊസൈറ്റിയിലാണ് ഞങ്ങൾ താമസിക്കുന്നത്. മുകൾനിലയിൽ എന്റെ അമ്മായിയമ്മ ( ആമിറിന്റെ അമ്മ ) താമസിക്കുന്നു. റീനയും ആമിറിന്റെ കസിൻ നുസത് ഖാനും അടുത്തടുത്ത് താമസിക്കുന്നു. ഇതിന് കാരണം ഞങ്ങൾ പരസ്പരം ശരിക്കും ഇഷ്ടമുള്ളവരാണ്. റീനയ്ക്കും, അവന്റെ ചേട്ടൻ ജുനൈദിനുമൊപ്പം ഞാൻ കറങ്ങാറുണ്ട്. വിവാഹമോചനം നേടിയെന്ന് കരുതി ഈ ബന്ധങ്ങളൊന്നും ഉപേക്ഷിക്കേണ്ടതില്ല"- കിരൺ പറയുന്നു. മുൻ ഭാര്യമാർക്കൊപ്പം പൊതുവേദികളിൽ ആമിർ ഖാൻ എത്താറുണ്ട്. കിരൺ റാവുവിന്റെ സിനിമയിലും ആമിർ അഭിനയിച്ചു. ഡിവോഴ്സോടെ ഇല്ലാക്കഥപോലും പരസ്പരം പറയുകയും, വിഴപ്പലക്കുകയകും ചെയ്യുന്നവർക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത ബന്ധമാണിത്.

ആമിറുമായി ഇപ്പോഴും തുടരുന്ന ബന്ധത്തെക്കുറിച്ച് കിരൺ ഇങ്ങനെ പറയുന്നു. -"വിവാഹമോചനം നേടിയ രണ്ട് വ്യക്തികൾ ഒരുമിച്ച് വർക്ക് ചെയ്യുന്നത് തുടരുന്നു. ഒരേ ബിൽഡിംഗിൽ താമസിക്കുന്നു, പലപ്പോഴും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. ഇതൊക്കെ ആളുകൾക്ക് അസ്വഭാവികമായി തോന്നാറുണ്ട്. പല ഘട്ടങ്ങളിലും ആമിർ തന്റെ അഭിപ്രായം ചോദിച്ചിട്ടുണ്ട്. പല തരത്തിലും ഒരേ പോലെ ചിന്തിക്കുന്നവർ ആയതിനാൽ അദ്ദേഹത്തെ സ്വാധീനിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വന്തമായ പാത പിന്തുടരുന്ന വ്യക്തിയാണെങ്കിലും എന്റെ അഭിപ്രായങ്ങൾക്ക് ആമിർ വില കൽപ്പിക്കുണ്ട്"- കിരൺ റാവു പറഞ്ഞു.

ഒരു അഭിമുഖത്തിൽ കിരൺ റാവുവിനെക്കുറിച്ച് ആമിറും തുറന്നടിക്കുന്നുണ്ട്. "ഒരു വൈകുന്നേരം കിരണിനോട് ഒരു ഭർത്താവെന്ന നിലയിൽ എന്താണ് തനിക്കുള്ള കുറവുകളെന്നും, മുന്നോട്ടേക്ക് എനിക്കെന്തൊക്കെ മെച്ചപ്പെടുത്താമെന്നും ഞാൻ ചോദിച്ചു. കുറിച്ച് വെക്കൂയെന്ന് അവൾ. എല്ലാ പരാതികളും പോയന്റായി അവൾ എഴുതി. നിങ്ങളൊരുപാട് സംസാരിക്കുന്നു, മറ്റൊരെയും സംസാരിക്കാൻ അനുവദിക്കുന്നില്ല, സ്വന്തം വാദത്തിൽ തന്നെ പിടിച്ച് നിൽക്കുന്നു എന്നൊക്കെ പറഞ്ഞു. ഇരുപതോളം പോയന്റുകൾ കിരൺ തനിക്ക് തന്നു"- ആമിർ ഖാൻ തുറന്ന് പറയുന്നു.

പ്രതീ സിന്റുമായൊക്കെ ഗോസിപ്പുകൾ

എന്നും ഗോസിപ്പുകോളങ്ങൾ നിറയ്ക്കാറുണ്ട് ആമിർഖാന്റെ സ്വകാര്യജീവിതം. അത്തരത്തിലൊന്നായിരുന്നു നടി പ്രീതി സിന്റയെ രഹസ്യമായി വിവാഹം കഴിച്ചുവെന്നത്. റീന ദത്തുമായുള്ള വിവാഹ ബന്ധം പിരിഞ്ഞതിന് പിന്നാലെയായിരുന്നു ആമിർ ഖാൻ പ്രീതിയെ രഹസ്യമായി വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിക്കുന്നത്. പ്രീതി ബോളിവുഡിൽ കരിയർ കെട്ടിപ്പടുക്കുന്ന സമയമായിരുന്നു അന്ന്. തന്റെ ലുക്കും അഭിനയവുമൊക്കെ കൊണ്ട് യുവാക്കളുടെ പ്രിയം നേടാൻ പ്രീതിക്ക് അതിവേഗം സാധിച്ചിരുന്നു.

ആമിർ ഖാനും പ്രീതി സിന്റയും 2001-ലെ ദിൽ ചാഹ്താ ഹേ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിൽ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഫർഹാൻ അക്തർ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാർത്ത അധികം വൈകാതെ ചർച്ചയായി മാറി. ആമിർ രഹസ്യമായി പ്രീതി സിന്റയെ വിവാഹം കഴിച്ചുവെന്നും വാർത്ത പരന്നു. ഈ സമയത്ത് ഒരു അഭിമുഖത്തിൽ പ്രീതി വാർത്തകൾ നിരസിച്ചു കൊണ്ട് രംഗത്ത് എത്തി. ആമിർഖാൻ നല്ല സുഹൃത്ത് മാത്രമാണെന്നായിരുന്നു അവരുടെ പ്രതികരണം.

ആമിറിന്റെ സ്വകാര്യ ജീവിതം ബ്രിട്ടീഷ് പത്രങ്ങളിൽപോലും ഒരിക്കൽ ചർച്ചയായിരുന്നു. 2005-ൽ സ്റ്റാർഡസ്റ്റ് മാസികയിൽ വന്ന റിപ്പോർട്ടിൽ പറഞ്ഞത് ആമിർ ഖാന്, ബ്രിട്ടീഷ് മാധ്യമ പ്രവർത്തകയായ ജസീക്കയിൽ ഒരു മകൻ ജനിച്ചുവെന്നാണ്. എന്നാൽ ആ മകനെ അദ്ദേഹം ഒരിക്കും അംഗീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഡിഎൻഎ പരിശോധന നടത്താൻ തയ്യാറാണെന്ന് ജെസീക്ക പറഞ്ഞിരുന്നുവെന്നും എന്നാൽ ആമിർ മൗനം പാലിക്കുകയായിരുന്നുവെന്നും വാർത്തയിൽ പറയുന്നുണ്ട്.

എന്നാൽ ഇതെല്ലാം കഥകൾ മാത്രമാണെന്നും യാതൊരു അടിസ്ഥാനവുമില്ലെന്നുമാണ് ആമിർഖാന്റെ ആരാധകർ പ്രതികരിച്ചത്. താരമാവട്ടെ ഇക്കാര്യത്തിൽ ഒന്നും തുറന്ന് പറഞ്ഞിട്ടുമില്ല. തന്നെക്കുറിച്ച് ഇത്രയും വലിയൊരു ആരോപണം ഉയർന്നു വന്നിട്ടും ആമിർ ഖാൻ എന്തുകൊണ്ട് പ്രതികരിച്ചിരുന്നില്ലെന്നും മറ്റ് ചിലർ ചോദിക്കുന്നുണ്ട്. ഈ ജനുവരിയിൽ മകളുടെ വിവാഹം നടന്നപ്പോഴും സോഷ്യൽ മീഡിയയിൽ ചിലർ ആമിറിന്റെ ബ്രിട്ടീഷ് പുത്രനെ കുത്തിപ്പൊക്കി. പക്ഷേ ഇത്തരം വിഷയങ്ങളിലൊന്നം താരം യാതൊരു രീതിയിലും പ്രതികരിച്ചിട്ടില്ല.


മകളും കോടീശ്വരി; വ്യത്യസ്തമായ വിവാഹം

ആമിർഖാന്റെ മകൾ ഇറയും ഇന്ന് മോഡലും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമയൊക്കെ പ്രശസ്തയാണ്. പത്തുകോടിയോളം ഇവർക്ക് ആസ്തിയുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇറാഖാൻ. ഫിറ്റ്‌നസ്, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളാണ് അവളുടെ ഇഷ്ടകാര്യങ്ങൾ. സോയ അക്തറിന്റെ നിർമ്മാണ കമ്പനിയുമായി സഹകരിച്ച് ഒരു പുരാതന ഗ്രീക്ക് ട്രാജഡിയെ കേന്ദ്രീകരിച്ച് ഒരു നാടകവം ഇറ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ സഹോദരൻ ജുനൈദ് ഖാനാണ് പ്രധാന വേഷം ചെത്തത്. ഐറ അഗത്സു എന്ന എൻജിഒയുടെ സ്ഥാപകയാണ് ഇറാ ഖാൻ. മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളെ സഹായിക്കുന്നതിൽ സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കഴിഞ്ഞ ജനുവരി 3ന് ആയിരുന്നു ഇറ ഖാന്റേയും, ജിം ട്രെയിനർ നൂപുർ ശിഖാരെയുടെയും വിവാഹം. സാധാരണ ബോളിവുഡ് കല്യാണ ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ലളിതമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്. ഇറാ ഖാനും നൂപുർ ശിഖാരെയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഒരു സൈക്ലിങ് ഇവന്റിനിടേയാണ് നൂപുർ, ഇറയെ കണ്ടുമുട്ടുന്നത്. അതിനുശേഷം സൗഹൃദം പ്രണയത്തിലെത്തി. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞു. കഴിഞ്ഞ നവംബർ പത്തൊമ്പതിന് മുംബൈയിൽ നടന്ന ചടങ്ങിൽ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. വിവാഹ തീയതി ജനുവരി 3ന് തിരഞ്ഞെടുത്തതിലും ഇറക്ക് ന്യായീകരണമുണ്ട്. അന്നാണ് താനും നൂപുറും ആദ്യമായി ചുംബിച്ച ദിവസമെന്ന് ഇറ പറയുന്നു!

1985 ഒക്ടോബർ 17ന് പൂണെയിൽ ജനിച്ച നൂപൂർ വിദ്യാഭ്യാസം പൂർത്തിയാക്കിയത് മുംബൈയിലാണ്. ആമിർ ഖാന്റെയും സുസ്മിത സെന്നിന്റെയും ഫിറ്റ്‌നസ് ട്രെയിനറായിരുന്നു നൂപൂർ. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹം. വിവാഹത്തിനുവേണ്ടി വരൻ എത്തിയതും വേറിട്ട കാഴ്ചയായിരുന്നു. ഷോർട്സും ബനിയനും സ്നീക്കേഴ്സും ധരിച്ച് എട്ട് കിലോമീറ്റർ ജോഗ് ചെയതാണ്, നൂപുർ വിവാഹ വേദിയിലെത്തിയത്. സാന്റാ ക്രൂസിൽനിന്ന് ബാന്ദ്രയിലേക്ക് എട്ടുകിലോമീറ്റർ വിവാഹം ഓട്ടം വൈറലായി. ബാന്ദ്രയിലെ താജ് ലാൻഡ്സ് എൻഡിലായിരുന്നു രജിസ്റ്റർ ചടങ്ങ്. ദമ്പതിമാർ പ്രതിജ്ഞ എടുത്തശേഷം ആമിർഖാൻ മരുമകനെ ആശ്ലേഷിക്കുകയും ചെയ്തു. ഇതിന് പിന്നാലെ, നൂപുറിനോട് പോയി കുളിക്കാനാണ്, ഇറ ചിരിയോടെ ആവശ്യപ്പെട്ടത്. ജോഗിങ്ങിന്റെ പ്രധാന്യം മനസ്സിലാക്കുന്നതിനായുള്ള ബോധവത്ക്കരണമായിും അവർ തങ്ങളുടെ വിവാഹത്തെ മാറ്റി!

ഇറാഖാന്റെ അമ്മ റീന ദത്തയ്ക്ക് പുറമെ ആമിർ ഖാന്റെ രണ്ടാം ഭാര്യയായിരുന്ന കിരൺ റാവുവും വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഒരു കുടുംബമായി റീനയും കിരൺ റാവുവും ആമിർ ഖാനും മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും നടത്തി. വിവാഹ ചടങ്ങിനിടെ ആമിർ രണ്ടാം ഭാര്യ കിരണിന് സ്നേഹചുംബനം നൽകിയതും വാർത്തയായിരുന്നു.

ജൂനൈദിന്റെ സിനിമക്കെതിരെ സംഘപരിവാർ

താരപുത്രന്മാർ ബോളിവുഡിൽ എന്നും വാർത്തയാണ്. ഷാറൂഖ് ഖാന്റെ മകനൊക്കെ മയക്കുമരുന്ന് വിവാദത്തിൽപോലും പെട്ടു. എന്നാൽ ഇവരിൽനിന്നൊക്ക വ്യത്യസ്തരായിരുന്നു ആമിറിന്റെ മക്കൾ. മകൾ ഇറയെ പോലെ ബോളിവുഡ് പാർട്ടികളിലും ആഘോഷങ്ങളിലും ജുനൈദും പങ്കെടുക്കാറില്ല. വളരെ വിരളമായി മാത്രമേ പൊതുവേദികളിൽ എത്താറുള്ളത്. ആമിറിനെ പോലെ വളരെ സിമ്പിൾ ഗെറ്റപ്പിലാണ് മകനും പൊതുവേദിയിൽ എത്താറുള്ളതും. തീയേറ്റർ ആർട്ടിസ്റ്റ് എന്ന നിലയിലും ജുനൈദ് തിളങ്ങിയിരുന്നു. നേരത്തെ ഒരു സാധാരണ ബോട്ടിൽ പൊതുജനങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന ജുനൈദിന്റെ വീഡിയോയും വൈറലായിരുന്നു. മുമ്പ് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോണ്ടിച്ചേരി വരെ ട്രാൻസ്പോർട്ട് ബസിൽ ജുനൈദ് യാത്ര ചെയ്തും വാർത്തയായി. പക്ഷേ ഇതിലൊക്കെ വാർത്തയാവാൻ പോലും എന്തിരിക്കുന്നു എന്നാണ് ജുനൈദ് ഒരിക്കൽ ചോദിച്ചത്.

സഹോദരിയുടെ വിവാഹത്തിനും വളരെ സിമ്പിൾ ലുക്കിലാണ് ജനൈദ് എത്തിയത്. ഇറ- നൂപുർ വിവാഹത്തോടെയാണ് ജുനൈദ് ഖാൻ ചർച്ചയായത്. ഹോളിവുഡ് താരം ഹെന്റി കാവിലുമായുള്ള ജുനൈദിന്റെ രൂപസാദ്യശ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. 'ദേശി സൂപ്പർമാൻ' എന്നാണ് ആരാധകർ ജുനൈദിനെ വിശേഷിപ്പിക്കുന്നത്. ഇരുവരുടേയും സമാനതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വർഷങ്ങൾക്ക് മുൻപ് തന്നെ ജുനൈദ് സിനിമയിലെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അന്ന് ആമീർ ഖാൻ അത് നിഷേധിക്കുകയും ചെയ്തു. പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ജുനൈദ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

പക്ഷേ അദ്ദേഹത്തിന്റെ ആദ്യ സിനിമതന്നെ വിവാദത്തിലായി. യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന മഹാരാജ് എന്ന സിനിമയിലൂടെയാണ് ജുനൈദ് ബോളിവുഡിലേക്ക് കാലെടുത്തൂവച്ചത്. പക്ഷേ സിനിമക്കെതിരെ സംഘപരിവാർ രംഗെത്തിയിരിക്കയാണ്. നേരത്തെ, മഹാരാജയുടെ റിലീസ് തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി തടഞ്ഞിരുന്നു. സിനിമ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് കാണിച്ച് നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സിനിമ ഹിന്ദുവിഭാഗത്തിനെതിരെ അക്രമം നടത്താൻ പ്രേരിപ്പിക്കുന്നു എന്നാണ് ഹർജിയിലെ ആരോപണം.

സിദ്ധാർഥ് മൽഹോത്ര സംവിധാനം ചെയ്ത സിനിമ ജൂൺ 14ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ്മ റിലീസ് ചെയ്യാനിരുന്നത്. എന്നാൽ, കോടതി ഉത്തരവോടെ സിനിമയുടെ അണിയറപ്രവർത്തകർക്ക് ജൂൺ 18 വരെ കാത്തിരിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട കേസ് ജൂൺ 18നാണ് ഇനി കോടതി പരിഗണിക്കുക.

കൃഷ്ണ ഭക്തരും പുഷ്ടിമാർഗ വിഭാഗമായ വല്ലഭാചാര്യരുടെ അനുയായികളും സമർപ്പിച്ച ഹരജിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. 1862-ലെ മഹാരാജ് അപകീർത്തിക്കേസിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത് ഹിന്ദുമതത്തെയല്ല, കൊലയും ബലാൽസംഗവും നടത്തുന്ന ആൾ ദൈവങ്ങളെയാണ് വിമർശിക്കുന്നത് എന്നാണ് അണിയറ ശിൽപ്പികൾ പറയുന്നത്.

ട്രെയ്‌ലറോ പ്രമോഷൻ പരിപാടികളോ ഇല്ലാതെ രഹസ്യമായാണ് ചിത്രം റിലീസ് ചെയ്യാൻ ശ്രമിക്കുന്നത്. ജുനൈദ് ഖാനെ കൂടാതെ ജയ്ദീപ് അഹ്ലവത്, ശാലിനി പാണ്ഡെ, ശർവാരി വാഹ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സഹോദരനുമായി ഇന്നും പ്രശ്നം

സിനിമാലോകത്തെ ട്രബിൾ ഷൂട്ടറായാണ് ആമിർഖാൻ അറിയപ്പെടുത്തത്. ജാക്കി ഷറോഫ് അടക്കമുള്ള സീനിയർ താരങ്ങൾ തങ്ങളുടെ മക്കളെ ഒന്ന് ഉപദേശിക്കാനും, മോട്ടിവേറ്റ്ചെയ്യാനും ഉപയോഗിക്കുക ആമിറിനെയാണ്. പൊതുവേ ഈഗോയില്ലാത്ത ജെന്റിൽമാൻ എന്ന് അറിയപ്പെടുന്നതുകൊണ്ട്, ചലച്ചിത്രലോകത്തെ പല പ്രശ്നങ്ങളുടെയും മധ്യസ്ഥനാണ് ഈ താരം. ഡിവോഴ്സായ ഭാര്യമാരെപ്പോലും സുഹൃത്തായി നിലനിർത്താൻ കഴിയുന്ന ആ 'ആമിർഖാൻ കരിസ്മ' ഒന്നുവേറെയാണ്. പക്ഷേ ഇതേ ആമിർ സ്വന്തം സഹോദരൻ ഫൈസൽ ഖാനുമായി പ്രശ്നത്തിലാണ് എന്നതാണ് വേറെ കാര്യം.

ഇറാ ഖാന്റെ വിവാഹത്തിൽപോലും ഫൈസൽ പങ്കെടുത്തില്ല. വിവാഹത്തിൽ പങ്കെടുക്കാതിരുന്ന ഫൈസൽ അന്ന് രാത്രി സോഷ്യൽ മീഡിയയിൽ ലൈവിൽ വരികയും ചെയ്തു. സഹോദരന്റെ മകളുടെ വിവാഹക്കാര്യമൊന്നും ഫൈസൽ സംസാരിച്ചില്ല. സാധാരണ പോലെ ആരാധകരോടെ സംസാരിക്കുകയും രാജ്യത്തെ മതേതരത്തെക്കുറിച്ചും മറ്റും സംസാരിക്കുകയും ചെയ്തു. പിറ്റേ ദിവസം മറ്റൊരു വിവാഹച്ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും ഫൈസൽ ഖാൻ പങ്കുവെച്ചു. ഇതോടെയാണ് ആമിറിന്റെ ആരാധകരുടെ ചോദ്യങ്ങൾ വന്നത്. സഹോദരന്റെ മകളുടെ വിവാഹത്തിന് പോയില്ലേ എന്നാണ് ചോദ്യങ്ങൾ. കമന്റുകൾക്ക് ഫൈസൽ ഖാൻ മറുപടി നൽകിയിട്ടില്ല. ആമിർ സഹോദരനെ ക്ഷണിച്ചില്ലേ എന്ന ചോദ്യങ്ങളും വന്നു. മുമ്പൊരിക്കൽ ആമിർ ഖാനെതിരെ ഫൈസൽ ഖാൻ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. ആമിറും തന്റെ മറ്റ് ബന്ധുക്കളും തന്നെ വീട്ടു തടങ്കലിൽ വെച്ചെന്നായിരുന്നു ഫൈസൽ ഖാന്റെ ആരോപണം. ഈ വിഷയം കോടതി വരെ എത്തുകയുമുണ്ടായി.

പിന്നീടും ആമിർ ഖാനെതിരെ ഫൈസൽ ഖാൻ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് ആമിർ നടത്തിയ പരാമർശത്തിനെതിരെയാണ് ഫൈസൽ രംഗത്ത് വന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചെന്നാണ് ഏവരും കരുതിയത്. അമ്മയുടെ പിറന്നാൾ ദിന പാർട്ടിക്ക് എത്തിയപ്പോൾ രണ്ട് പേരും കെട്ടിപ്പിടിക്കുന്ന ഫോട്ടോകളും അന്ന് പുറത്ത് വന്നു.എന്നാലിപ്പോൾ വിവാഹത്തിന് എത്താത്ത സാഹചര്യത്തിൽ ഇവർ തമ്മിൽ വീണ്ടും പ്രശ്നമായി എന്നാണ് ആരാധകർ പറയുന്നത്. ഫൈസൽ ഖാന് പുറമെ ഫർഹത് ഖാൻ, നിഖത് ഖാൻ എന്നീ രണ്ട് സഹോദരിമാരും ആമിർ ഖാനുണ്ട്. പക്ഷേ ഇത് ആമിറിന്റെ പ്രശ്നം അല്ലെന്നും, ഒരു സ്ഥിരം പ്രശ്നക്കാരനാണ് ഫൈസൽ ഖാൻ എന്നുമാണ് പറയുന്നത്.

കോൺഗ്രസിന് വോട്ട് അഭ്യർത്ഥിച്ചിട്ടില്ല

എന്നും മതേതരത്വത്തിനും, ജനാധിപത്യത്തിനും, മാനവികതക്കും വേണ്ടി നിലകൊണ്ട നടനാണ് ആമിർ. ടെലിവിഷൻ പ്രോഗ്രാമുകളിലൊക്കെ അദ്ദേഹം എടുക്കുന്ന നിലപാടുകളിൽനിന്ന് അത് വ്യക്തമാണ്. എന്നാൽ താൻ ഒരു കക്ഷിയുടെയും ആളല്ല എന്നും ആമിർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കോൺഗ്രസിന് വോട്ട് അഭ്യർത്ഥിക്കുന്ന ആമിർ ഖാന്റെ വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ താൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും പ്രചാരകനല്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും താരം വ്യക്തമാക്കി.

'ആമിർ ഖാൻ തന്റെ 35 വർഷത്തെ സിനിമ കരിയറിൽ ഇതുവരെ ഒരുരാഷ്ട്രീയ പാർട്ടിയുടേയും പ്രചാരകനായി പ്രവർത്തിച്ചിട്ടില്ല. വർഷങ്ങളായി ജനങ്ങളിൽ തെരഞ്ഞെടുപ്പ് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രചാരണങ്ങളിൽ നടൻ ഭാഗമാകുന്നുണ്ട്. എന്നാൽ ഇതുവരെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടി നടൻ രംഗത്തെത്തിയിട്ടില്ല. ആമിർ ഖാൻ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് അടുത്തിടെ വൈറലായ വിഡിയോയിൽ ഞങ്ങൾ ആശങ്കാകുലരാണ്. ഇതൊരു വ്യാജ വിഡിയോയാണെന്നും തീർത്തും അസത്യമാണെന്നും അദ്ദേഹം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു"- ആമിർഖാന്റെ വക്താവ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. മുംബൈ പൊലീസിന്റെ സൈബർ ക്രൈം സെല്ലിൽ ഈ വിഷയത്തിൽ പരാതിയും നൽകിയിട്ടുണ്ട്. ആമിർ ഖാൻ അവതരിപ്പിച്ച ടെലിവിഷൻ ഷോയായ സത്യമേവ ജയതേയുടെ പ്രമോ വിഡിയോയാണ് എഡിറ്റ് ചെയ്ത് കോൺഗ്രസിന് വോട്ട് അഭ്യർത്ഥിക്കുന്നതായി പ്രചരിപ്പിക്കുന്നത്. ഇതു കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പങ്കുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പക്ഷേ അതോടെ ആമിർഖാനെ സംഘപരിവാർ തീർത്തും ശത്രുപക്ഷത്ത് നിർത്തുകയാണ്. മകന്റെ സിനിമക്കെതിരെ വരുന്ന പ്രതിഷേധത്തിന്റെ ഒരു കാരണവും ഇതുതന്നെ. നേരത്തെയും കങ്കണ റണ്ണൗത്തിനെപ്പോലുള്ള, ബിജെപി പക്ഷത്തുള്ള അഭിനേതാക്കൾ ആമിറിനെതിരെ രംഗത്തുവന്നിരുന്നു.

ആമിർ മുമ്പ് നൽകിയ ഒരഭിമുഖത്തിൽ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ, ഭാര്യ ഹിന്ദു മതക്കാരിയാണെങ്കിലും മക്കൾ ഇസ്ലാം മതം മാത്രമാണ് പിന്തുടരുന്നതെന്ന് പറഞ്ഞിരുന്നു. ഇതിനെയാണ് കങ്കണ വിമർശിച്ചത്. ആമിറിന്റെ മക്കളിൽ മതപരമായ കൂടിച്ചേരൽ നടന്നിട്ടുണ്ടെന്നും അവർക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങൾ ആവശ്യമാണെന്നും കങ്കണ ട്വീറ്റിൽ വിമർശിച്ചു. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും മക്കൾ എങ്ങനെ മുസ്ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും ട്വീറ്റിൽ കങ്കണ ചോദിച്ചത് വിവാദമായി. നേരത്തെ ആമിർ ഹജ്ജ് ചെയ്തതും സംഘപരിവാർ കുത്തിപ്പൊക്കി. എന്നാൽ ആമിർഖാൻ ഇതേപ്പറ്റിയൊന്നും പരസ്യമായി പ്രതികരിച്ചിട്ടില്ല. പക്ഷേ ആമിറിനെ അറിയുന്നവർക്ക് നന്നായി അറിയാം. അദ്ദേഹം മതം നോക്കി ജീവിക്കുന്ന ആളല്ല എന്ന്. സിനിമയിലും ടിവി ഷോകളിലും നാം കാണുന്ന ആമിർ അങ്ങനത്തെയാളല്ല എന്ന് വ്യക്തമാണ്. പക്ഷേ വിവാദം അവസാനിക്കുന്നില്ല.

വാൽക്കഷ്ണം: ചലച്ചിത്രമേഖലയിൽ തനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ചും ഈയിടെ ആമിർ പറഞ്ഞു. 1000 കോടി ബജറ്റിൽ മകേഷ് അംബാനി നിർമ്മിക്കുന്ന മഹാഭാരതം ആയിരുന്നു അത്. സംവിധായകൻ കൂടിയാ ആമിറിനായിരുന്നു ഈ പ്രൊജക്റ്റിന്റെ ചുമതല. പക്ഷേ ചില കാരണങ്ങളാൽ അത് നടന്നില്ല. ആമിർഖാന്റെ സ്വകാര്യദുഃഖുമായി അത് ഇന്നും തുടരുന്നു.