- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
എട്ടാം ക്ലാസിൽ നിർത്തിയ പഠനം; തീപ്പെട്ടിക്കമ്പനി തൊട്ട് സിനിമാ നിർമ്മാണം വരെ പൊട്ടി; പട്ടിണി കിടന്ന മദിരാശിക്കാലം; ഒടുവിൽ നടനെന്ന നിലയിൽ കീർത്തി; മമ്മൂട്ടിയെയും ലാലിനെയും വരെ ഇരുത്തുന്ന അമ്മയുടെ പ്രസിഡന്റായി 18 വർഷം; എംപിയും എഴുത്തുകാരനും; മലയാളത്തിന്റെ ചിരിക്കൂടുക്ക ഇന്നസെന്റിന്റെ അസാധാരണ ജീവിതം
''നാഷണൽ അവാർഡിന്റെ ദിവസം. മൂന്ന് പേരാണ് ടി വിയിൽ എഴുതിക്കാണിക്കുന്നത്. അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ഇക്കാര്യം ഞാൻ ആലീസിനെ വിളിച്ച് കാണിച്ചു. ചില മാധ്യമ പ്രവർത്തകരും വിളിച്ച് അവാർഡ് സാധ്യത പറഞ്ഞു. അതോടെ ടെൻഷനായി. അപ്പോഴതാ എഴുതിക്കാണിക്കുന്നു, അവസാനഘട്ടത്തിൽ മത്സരം ബച്ചനും മമ്മൂട്ടിയും തമ്മിലാണെന്ന്. ഞാൻ ഔട്ടായി. അതോടെ ബച്ചന് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുതെന്നായി എന്റെ മനസ്സിൽ. ഒന്നുകൂടി എന്റെ പേര് വന്നാലോ എന്ന് കരുതി കുറേ നേരം ടീവി നോക്കിയിരുന്നു. അടുത്ത റൗണ്ട് വന്നപ്പോൾ മമ്മൂട്ടിയെ കാണാനില്ല. അവാർഡ് അമിതാഭ് ബച്ചന് കിട്ടി. അപ്പോൾ എന്തിനാണ് നിങ്ങൾ അങ്ങനെ ആലോചിച്ചതെന്ന് ആലീസ് എന്നോട് ചോദിച്ചു.
എനിക്ക് എത്രയോ അടുപ്പമുള്ള ആളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ അച്ഛനായും ചേട്ടനായുമെല്ലാം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുടുംബ കാര്യങ്ങൾ പോലും പരസ്പരം പങ്കുവെയ്ക്കാറുണ്ട്. അയാൾക്ക് അവാർഡ് കിട്ടരുതെന്ന് ചിന്തിച്ചതിൽ പിന്നീട് ഞാൻ വിഷമിച്ചു. ചില സമയം അങ്ങനെയാണ്. അത്രയും പ്രിയപ്പെട്ടവരെ കുറിച്ച് പോലും ചില സമയത്ത് നമുക്ക് അങ്ങനെയൊക്കെ തോന്നിപ്പോകും''- ഇന്നസെന്റ് ഒരു അഭിമുഖത്തിൽ രസകരമായി തുറന്ന് പറയുകയാണ്.
ഇതുപോലെ തന്നെ തന്നെ ട്രോളാൻ ആർക്ക് കഴിയും. അതാണ് ഇന്നസെന്റിന്റെ നിഷ്‌ക്കളങ്കതയും സത്യസന്ധതയും. 'പത്താം നിലയിലെ തീവണ്ടി' എന്ന ചിത്രത്തിലെ അഭിനയത്തിന് തന്നെയും ദേശീയ അവാർഡിന് പരിഗണിക്കുന്നതായുള്ള വാർത്ത വന്നപ്പോഴുള്ള മാനസിക സംഘർഷമാണ് ഇന്നസെന്റ് സരസമായി പറഞ്ഞത്.
കഥകളുടെ രാജാവായിരുന്നു ഇന്നസെന്റ്. ജീവതാനുഭവങ്ങളിൽനിന്ന് സ്ഫുടം ചെയ്തെടുത്ത ആ കഥകൾ കേൾക്കാനായി എവിടെപോയാലും പിറകെ ആളുകൾ കൂടി. പൊടിപ്പും, തൊങ്ങലുംചേർത്ത് അദ്ദേഹം പൊട്ടിച്ച കഥകൾക്ക് കൈയും കണക്കുമില്ല. നിമിഷ നേരംകൊണ്ട് എങ്ങനെ കഥയുണ്ടാക്കുന്നുവെന്ന ചോദ്യത്തിനും ഇന്നസെന്റിന് മറുപടിയുണ്ട്. അത്രവലിയ ജീവിത അനുഭവങ്ങളിലൂടെയാണ് കടന്നുപോയതെന്ന്. വെറും എട്ടാംക്ലാസും ഗുസ്തിയും മാത്രമുള്ള ആ കുട്ടിയിൽനിന്ന്, കേരളത്തെ പൊട്ടിച്ചിരിപ്പിച്ച നടനായും, 'അമ്മ'യുടെ പ്രസിഡന്റായും, എം പിയായും, എഴുത്തുകാരനായുമൊക്കെയുള്ള ആ വളർച്ച അതിശയിപ്പിക്കുന്നത്. ഏതൊരു മോട്ടിവേഷൻ ക്ലാസിലും, ആദ്യം പറയാവുന്ന ജീവിത കഥയാണ് അത്.
എട്ടാം ക്ലാസിൽ നിർത്തിയ പഠിത്തം
1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിൽ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ, എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. തോറ്റ് തോറ്റ് പല വിദ്യാലയങ്ങളിലായി പഠിച്ച് ഒരുപാട് അനുഭവ സമ്പത്ത് തനിക്ക് ഉണ്ട് എന്നാണ് ഇതേക്കുറിച്ച് ഇന്നസെന്റ് പറയുക. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി. സ്ുകുളിൽ ഉഴപ്പൻ ആയിരുന്നെങ്കിലും ക്ലാസ് ലീഡറായി നേതൃപാടവം അന്നേ അദ്ദേഹം കാണിച്ചിരുന്നു. നന്നായി പഠിക്കുന്ന സഹോദരങ്ങൾ ഒരുപാടുള്ള ഒരു അറിയപ്പെടുന്ന കുടുംബമായിരുന്നു അത്. ഒരു ജ്യേഷ്ഠൻ ഡോക്ടറായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ബന്ധുക്കളും ഒരുപാട്.
സ്‌കൂളിൽ ഇമ്പോസിഷൻ എഴുതിയതിനും തല്ലുകൊണ്ടതിനും കണക്കില്ല. ഇമ്പോസിഷൻ എഴുതിയെതി തന്റെ കൈ വളഞ്ഞുപോയി എന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നു. '''മോഹൻജദാരോ, ഹാരപ്പ എന്നീ സ്ഥലങ്ങൾ കുഴിച്ചപ്പോൾ കുറേ സാധനങ്ങൾ കിട്ടി. കിട്ടിയെങ്കിൽ അവരെടുത്ത് തിന്നോട്ടെ. പക്ഷേ അത് പഠിക്കാൻ എനിക്ക് ഇമ്പോസിഷനാണ്''- അക്കാലം ഇന്നസെന്റ് അനുസ്മരിക്കുന്നു. അങ്ങനെ മടുത്ത് എട്ടാംക്ലാസിൽ പഠനം നിർത്തിയ ആ കുട്ടി എഴുതിയ പുസ്‌കത്തിന്റെ ഒരു ഭാഗം ഇന്ന് കേരളത്തിലെ സ്‌കുൾ കുട്ടികൾ പഠിക്കുന്നുണ്ട്!
''ഞാൻ നിങ്ങളെപ്പോലെ പഠിച്ചുവന്ന ആളല്ല, നല്ലവണ്ണം കഷ്ടപ്പെട്ട് 'ബുദ്ധി'മുട്ടി പഠിച്ച ഒരാളാണ്. എന്നെ പഠിപ്പിച്ച ഹെഡ്‌മാസ്റ്റർ വൈലോപ്പിള്ളി ശ്രീധരമേനോൻ ക്ലാസെടുത്തുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ പദ്യം 'കാക്ക' അദ്ദേഹം തന്നെ ചൊല്ലിക്കേൾപ്പിച്ച്, അദ്ദേഹം തന്നെ അർഥം പറഞ്ഞുതരുമ്പോൾ ഞാൻ വേറെയെന്തോ ആലോചിച്ചുകൊണ്ട് ഏതോ ലോകത്ത് ഇരിക്കുകയാണ്. അന്ന് വിചാരിച്ചിട്ടില്ല, ഭാവിയിലെ അഞ്ചാം ക്ലാസിൽ എന്റെ കുട്ടികളോ, എന്റെ മകന്റെ കുട്ടികളോ ഞാൻ എഴുതിയ പുസ്തകത്തിലെ ഭാഗവും പഠിക്കേണ്ടിവരുന്ന കാലവും ഉണ്ടാവുമെന്ന്. 'കാൻസർ വാർഡിലെ ചിരിയിലെ' ഒരു ഭാഗം പാഠപുസ്തകത്തിൽ വന്നപ്പോൾ എന്റെ ഭാര്യ ആലീസ് തലയിൽ കൈവെച്ചു പറഞ്ഞു, ഈ കുട്ടികളും വഴിതെറ്റി പോകുമല്ലോ എന്ന്!''- ഇന്നസെന്റ് ഒരു അഭിമുഖത്തിൽ പറയുന്നു.
മദിരാശിയിലെ പട്ടിണിക്കാലം
ചെറുപ്പത്തിലേ സിനിമാ കമ്പക്കാരനായിരുന്നു അയാൾ. പഠനം നിർത്തിയതോടെ നാട്ടിൽ നിൽക്കക്കള്ളിയില്ലാതായി. പിന്നെ മദ്രാസിലേക്ക് പോയി. അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി. ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. 1972ൽ സുഹൃത്തും അയൽവാസിയായ മോഹൻ സംവിധാനം ചെയ്ത നൃത്തശാലയായിരുന്നു ആദ്യസിനിമ.
ആ കാലം, മാതൃഭൂമിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഇന്നസെന്റ് ഇങ്ങനെ ഓർക്കുന്നു. ''ഒരു പത്രക്കാരനായി വേഷമായിരുന്നു അതിൽ. നസീർ, ഉമ്മർ, ജയഭാരതി, സീമ എന്നിവരാണ് അഭിനയിച്ചത്. ഒരു കാർണിവൽ നാട്ടിലേക്ക് വരുമ്പോ കെ.പി. ഉമ്മർ അഭിനയിച്ച മാനേജർ പത്തുപതിനഞ്ചുപേരെ വിളിച്ചിരുത്തി ഒരു പാർട്ടികൊടുക്കും. ആ പാർട്ടിയിൽ ഞാനും പങ്കെടുത്ത് വെള്ളമടിച്ച് എന്തൊക്കെയോ പറയുന്നു. നാട്ടിൽവരുമ്പോ തിയേറ്ററിൽ ചെന്നിരുന്ന് ഞാൻ പടം കാണും. സിനിമയിൽ എന്നെ കാണുമ്പോ ഞാൻ തൊട്ടടുത്തുള്ള ആളുകളെനോക്കും. അവർക്കെന്നെ മനസ്സിലാകുന്നൊന്നുമില്ലായിരുന്നു. പടംകഴിഞ്ഞ് പോകുമ്പോ ഞാൻ നടൻ സത്യനൊക്കെ നടക്കുന്നതുപോലെ നടക്കും. ഒരാവശ്യവും ഇല്ല. അപ്പോഴും നമ്മുടെയൊക്കെ വിചാരം ആരൊക്കെയോ നോക്കുന്നുണ്ടെന്നാണ്.
അന്ന് ഇന്നത്തെപ്പോലെയല്ല. പ്രേംനസീർ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, മധു, കെ.പി. ഉമ്മർ അങ്ങനെ ഒരുനിരയിലുള്ള ആളുകൾക്കേ റോളൊള്ളൂ. നമുക്കവിടെ ചുറ്റിപ്പറ്റി നടക്കാമെന്ന് മാത്രം. ഞാനിടയ്ക്ക് മദ്രാസ് റെയിൽവേ സ്റ്റേഷനിൽ ചെന്നുനിൽക്കും. മുടിയൊക്കെ ചുരുട്ടി കിളിക്കൂടൊക്കെ വെച്ചിട്ട് ചിലയാളുകൾ ട്രിവാൻഡ്രം മെയിലിൽ വന്നിറങ്ങും. ഇവരുടെ വിചാരം എന്താണെന്നുവച്ചാ ഇപ്പോ സിനിമാനടനായി, നസീറായി പോകാമെന്നാണ്... എനിക്കിത് കാണുമ്പോ ചിരിവരും. കാരണം ഞാൻ രണ്ടുകൊല്ലമായി മുടിയൊക്കെ ചുരുട്ടി വന്ന് ഇങ്ങനെനിൽക്കുന്നത്.
അന്ന് ഞാനും നടൻ രവിമേനോനും ഒരുമിച്ചാണ് താമസിക്കുന്നത്. ഒരുദിവസം കാലത്തെഴുന്നേറ്റ് ഞാൻ ബക്കറ്റിൽ വെള്ളമെടുത്ത് കുളിക്കാൻനോക്കുമ്പോ രവിമേനോൻ എന്റെ അടുത്തുവന്ന് പറഞ്ഞു: 'ഇങ്ങനെ കാലത്തെഴുന്നേറ്റ് കുളിച്ചാൽ വിശപ്പുണ്ടാകും. അപ്പോ എന്തെങ്കിലും കഴിക്കണമെന്ന് തോന്നും. ഇവിടെയാണെങ്കി ഒന്നുമില്ല. കുളിച്ചാൽ വിശപ്പ് കൂടും എന്നുള്ളത് എനിക്ക് പറഞ്ഞുതന്നത് രവിയായിരുന്നു. പിന്നെ എവിടെയെങ്കിലും ഷൂട്ടിങ്ങിന് വിളിച്ചാൽ കാലത്ത് ഒരു ഭക്ഷണം, ഉച്ചയ്ക്ക് ഒരു ഭക്ഷണം. അതാണ് നമുക്ക് ആകെ കിട്ടുന്നത്. ഒരു ദിവസം 15 രൂപ. ഇങ്ങനെയൊക്കെയായിരുന്നു അഭിനയം. ''- ആ ദുരിതകാലവും നർമ്മത്തിൽ ചാലിച്ചാണ് ഇന്നസെന്റ് പറയുക.
തുടർന്ന് ജീസസ,് നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. നെല്ലിൽ സംവിധായകൻ രാമുകാര്യാട്ട്, നായകനുമായി തെറ്റുകയും ജയഭാരതിയുമൊത്തുള്ള പാട്ടുസീൻ വേണമെങ്കിൽ ഞാൻ ഇന്നസെന്റിനെകൊണ്ട് എടുപ്പിക്കും എന്ന് പറഞ്ഞതും അദ്ദേഹം രസകരമായി പറയാറുണ്ടായിരുന്നു. 'കാട് കുളിരണ്' എന്ന പാട്ടിലെ ചൂടൻ രംഗങ്ങൾ അഭിനയിക്കുന്ന കാര്യം ഇന്നസെന്റ് വെറുതെ സ്വപ്നം കണ്ടു. പക്ഷേ തലേന്ന് ദേഷ്യത്തിന് പറഞ്ഞത് രാമുകാര്യാട്ടിനോട് മറന്നുപോയിരുന്നു. അങ്ങനെ രണ്ടുവർഷം മദ്രാസിൽ പരിശ്രമിച്ചു. ഒടുവിൽ ഇന്നസെന്റിന് മനസ്സിലായി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന്. അങ്ങനെ നാട്ടിലേക്ക് തിരിച്ചുവന്നു
ഡോർ ടു ഡോർ കച്ചവടക്കാരൻ
നാട്ടിൽ തിരിച്ചെത്തിയപ്പോഴും മനസ്സിൽ സിനിമ ആയിരുന്നു. ആ കാലത്ത് ബന്ധുക്കളോടൊപ്പം കർണാടകയിലെ ദാവൺഗരെയിൽ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തി. അതിലെ പ്രയാസങ്ങളും തീപ്പെട്ടിക്കമ്പനി എട്ടുനിലയിൽ പൊട്ടിയ കഥയുമൊക്കെ ഇന്നൻെസന്റ് പല അഭിമുഖങ്ങിലും സരസമായി പറഞ്ഞിട്ടുണ്ട്. ആ സമയത്ത് ദാവൺഗരെയിലുള്ള കേരളസമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ അഭിനയിക്കുകയും അവിടെയുള്ളവരുടെ അംഗീകാരം നേടുകയും ചെയ്തു. ആ തീപ്പെട്ടിക്കമ്പനിക്കാലത്ത് കേട്ട 'അഴകാന നീലിമയിൽ' എന്ന ഒരു പരസ്യഗാനം ഇന്നസെന്റ് പിന്നീട് നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന സിനിമയിൽ പുനുരാവിഷ്‌ക്കിച്ച് ഹിറ്റാക്കി!
തീപ്പട്ടി കമ്പനി പൊട്ടിയതോടെ നാട്ടിലെത്തി പല ബിസിനസുകൾ ചെയ്തു. അതോടൊപ്പം രാഷ്ട്രീയപ്രവർത്തനവും ഉണ്ടായിരുന്നു. 1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി. തന്റെ രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ചും ഇന്നസെന്റ് വളരെ രസകരമായിട്ടാണ് പറയുക. ആർഎസ്‌പിയുടെ ജില്ലാ നേതാവായിരുന്നു അദ്ദേഹത്തിന് ആ പാർട്ടിയിൽ ആളുകൂടുന്നത് തീരെ ഇഷ്ടമില്ലായിരുന്നുവത്രേ. കാരണം പുതുതായി ഒരുത്തൻ വന്നാൽ തന്റെ സ്ഥാനം പോകുമോ എന്ന ഭീതി തന്നെയാണ് ഇതിന് പിന്നിൽ. അതുകൊണ്ട് പാർട്ടിയിൽ ചേരാൻ വന്നവരെപ്പോലും തിരിച്ചയക്കുമായിരുന്നെന്നാണ് അദ്ദേഹം പറയാറുള്ളത്്.
ഒരു അഭിമുഖത്തിൽ ഇന്നസെന്റ് ആ കാലം സ്മരിക്കുന്നത് ഇങ്ങനെ. '' ഡൽഹി, ആഗ്ര, കാൺപുർ എന്നി സ്ഥലങ്ങളിൽപ്പോയി ലേഡീസ് ബാഗ് പോലുള്ള സാധനങ്ങൾ ഹോൾസെയിലായി വാങ്ങികൊണ്ടുവന്ന് വിൽക്കാൻ നടക്കും. ഒരു ദിവസം പള്ളാത്തിരുത്തിയിലൂടെ പോകുകയായിരുന്നു. അന്നവിടെ കടത്തുണ്ട്. അതിലൂടെ പോകുമ്പോ നടൻ സുകുമാരൻ ഒരു കാറിൽ പോകുന്നു. ഞാൻ ആലോചിച്ചു. ദൈവമേ ഇയാളും എന്നെപ്പോലെ ഒരു നടനല്ലേ. ഞാനും അങ്ങനെ പോവേണ്ടവനല്ലേ. ഞാൻ എന്റെ സ്‌കൂട്ടർ തിരിച്ചു. അന്നത്തോടെ അത് നിറുത്തി.
പിന്നെ മദ്രാസിലേക്ക് തിരിച്ചുപോയി ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് നിർമ്മാണക്കമ്പനി തുടങ്ങി. അഞ്ച് പടങ്ങൾ നിർമ്മിച്ചു. ഇളക്കങ്ങൾ, വിടപറയുംമുമ്പെ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരുകഥ ഒരു നുണക്കഥ. മിക്കതും വിജയിച്ചില്ല. മമ്മൂട്ടിയും പ്രേംനസീറുമൊക്കെ ഞങ്ങളുടെ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിടപറയും മുമ്പെ എന്ന സിനിമയിലാണ് പ്രേംനസീർ അഭിനയിച്ചത്. ആ ചിത്രം നൂറുദിവസം ഓടി. പക്ഷേ, അതിൽ വല്യ പൈസയൊന്നും കിട്ടിയില്ല. മുതൽമുടക്കാൻ കാശില്ലാത്തതുകൊണ്ട് കടംമേടിക്കലായിരുന്നു. അപ്പോ കിട്ടണ കാശ് അങ്ങോട്ട് കൊടുക്കേണ്ടിവന്നു. ''- ഇന്നസെന്റ് ഓർക്കുന്നു.
ഇളക്കങ്ങളിലുടെ ആദ്യ ബ്രേക്ക്
മോഹന്റെ ഇളക്കങ്ങളിലെ അഭിനയത്തിലുടെയാണ് നടൻ എന്ന നിലയിൽ ഇന്നസെന്റിന് ആദ്യ ബ്രേക്ക് കിട്ടുന്നത്. അതിലെ കറവക്കാരൻ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. മദ്രാസ് ഫിലിം ഫാൻസിന്റെ ഹാസ്യനടനുള്ള അവാർഡും ഇന്നസെന്ററിന് കിട്ടി. അടൂർഭാസി, ബഹദൂർ, കുതിരവട്ടം പപ്പു തുടങ്ങിയ താരങ്ങൾ നിറഞ്ഞാടിയിരുന്ന സമയത്താണ് അത്. 'മലയാളത്തിലെ സീരിയസ് ഹാസ്യത്തിന്റെ ഉടമ ഇന്നസെന്റ്, ഇരിങ്ങാലക്കുടക്കാരൻ' എന്നാണ് അന്ന് പത്രത്തിൽ വന്നിരുന്നത്.
''ഇളക്കങ്ങൾ എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ 'സബാഷ് ഇന്നസെന്റ് സബാഷ്' എന്നാണ് മാതൃഭൂമി എഴുതിയത്. അത് വലിയ ആത്മവിശ്വാസം പകർന്ന ഒന്നായിരുന്നു. പക്ഷേ പിന്നീട് ഒരു സിനിമയിലേക്കും ആരും വിളിച്ചില്ല. കാലങ്ങൾക്കുശേഷം 'അവിടത്തെപ്പോലെ ഇവിടെയും' എന്ന സിനിമയിൽ അഭിനയിക്കാൻവേണ്ടി ക്ഷണിച്ചു. മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ആ സിനിമയിൽ രണ്ട് സീനേ എനിക്കൊള്ളൂ. കുന്നംകുളം കച്ചവടക്കാരനായി. അങ്ങനെ ഒരു റോൾ വന്നപ്പോൾ തിരക്കഥാകൃത്ത് ജോൺപോളാണ് സംവിധായകൻ കെ.എസ്. സേതുമാധവൻ സാറിനോട് എന്റെ പേര് പറഞ്ഞത്. അങ്ങനെ എന്നെ ആലുവയിലേക്ക് വിളിച്ചുകൊണ്ടുപോയി. അവിടെ ഒരു സീൻ ഞാൻ മാറ്റിയെഴുതി നർമ്മമുണ്ടാക്കി. സേതുമാധവൻ സാറിന് അതിഷ്ടമായി. അങ്ങനെ കൂടുതൽ സീനിലേക്ക് ആ കഥാപാത്രം വളർന്നു''- ഇന്നസെന്റ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
റാംജിറാവിൽ തുടങ്ങിയ ജൈത്രയാത്ര
ചെറിയവേഷങ്ങൾ ചെയ്തിരുന്നു ഇന്നസെന്റ്, 1986 മുതലാണ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. സത്യൻ അന്തിക്കാടിന്റെ സിനിമകളാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്്, നാടോടിക്കാറ്റ് എന്നിവ ഉദാഹരണം. പക്ഷേ 1989 ൽ ഇറങ്ങിയ സിദ്ധീഖ് ലാലിന്റെ റാംജിറാവു സ്പീക്കിങ് ആണ് അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവായത്. അതിലെ മാന്നാർ മത്തായി വലിയ ജനപ്രീതി നേടിയെടുത്ത് ഒരു കൾട്ട് പോലെ വളർന്നു. തുടർന്ന് മഴവിൽക്കാവടി, ഗജകേസരി യോഗം, കേളി, മാലയോഗം, ഗോഡ് ഫാദർ, കിലുക്കം, വിയ്റ്റ്നാം കോളനി, മന്നാർ മത്തായി സ്പീക്കിങ്ങ്, ദേവാസുരം, കാബൂളിവാല ... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകൾ.
കോമഡിറോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ് ഇന്നസെന്റ്. ദേവാസുരം അടക്കമുള്ള സിനിമകൾ അത് തെളിയിക്കന്നു. അതുപോലെ സ്പോട്ടിൽ നർമ്മം ഉണ്ടാക്കാനുള്ള കഴിവാണ് ഈ നടന്റെ ഏറ്റവും വലിയ പ്രേത്യേകത. റാംജി റാവ് സ്പീക്കിങ്' എന്ന പടത്തിൽ 'ഒരു കറുത്ത തോക്ക് കിട്ടിയിട്ടുണ്ട്', എന്ന പ്രശസ്തമായ ഡയലോഗ് ഇന്നസെന്റ് കൈയിൽനിന്ന് ഇട്ടതാണ്. അതുപോലെ 'എന്റെ കാല് തല്ലിയൊടിച്ചാ അമ്മാവന്റെ കാലും ഞാൻ തല്ലിയൊടിക്കുമെന്ന്' പറയുന്ന മിഥുനത്തിലെ ഡയലോഗ്. അങ്ങനെ എത്രയെത്ര.
ഇന്നസെന്റിന്റെ വീട്ടിൽ നടന്ന പല സംഭവങ്ങളും സിനിമയിൽ വന്നിട്ടുണ്ട്. '' എന്റെ അപ്പൻ എന്റെ ചേട്ടന് പെണ്ണുകാണാൻ പോയി വീട്ടിവന്നതിനുശേഷം എന്ത് സ്ത്രീധനം കിട്ടുമെന്ന് പറയാനെടുക്കുന്ന സമയം. അതാണ് 'പൊന്മുട്ടയിടുന്ന താറാവ്' എന്ന സിനിമയിൽ ജുബ്ബ ഊരുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം സംസാരിക്കുന്നത്. എന്റെ വീട്ടിൽ എന്റെ അപ്പൻ ചെയ്ത ഒരു കാര്യം ഞാൻ പറഞ്ഞപ്പോൾ സത്യൻ അന്തിക്കാട് പറഞ്ഞു. അതുമതി. അതിന്റെ അപ്പുറത്ത് വേറെ ഒരു ഹ്യൂമർ ഇല്ല'- ഇന്നസെന്റ് പറയുന്നു.
മലയാളത്തിനുപുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു സിനിമകൾക്ക് കഥ എഴുതി. ചില സിനിമകളിൽ പാട്ടുപാടി താനൊരു ഗായകൻ കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട്. ചരുക്കിപ്പറഞ്ഞാൽ സകലകലാ വല്ലഭനാണ് ഇരിങ്ങാലക്കുടക്കാരൻ 'നിഷ്‌ക്കളങ്കൻ'.
'അമ്മ'യുടെ നേതൃത്വത്തിൽ
നല്ലൊരു സംഘാടകൻ കൂടിയാണ് ഇന്നസെന്റ്. മമ്മൂട്ടിയെയും മോഹൻലാലിനെയും വരെ നിയന്ത്രിച്ച് അയാൾ തുടച്ചയായ 18 വർഷമാണ് താരസഘടനായ അമ്മയുടെ പ്രസിഡന്റായത്. അതേക്കുറിച്ച് ഇന്നസെന്റ് ഇങ്ങനെ പറയുന്നു.
''മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഉള്ളപ്പോൾ തന്നെ 18 വർഷത്തോളം അമ്മയുടെ പ്രസിഡന്റ് ആയി. പിന്നീട് ഞാൻ ഒഴിവായതാണ്. പല തവണ അവർ പോവല്ലേ പോവല്ലേ എന്ന് പറഞ്ഞു. അതിന് പിന്നിൽ ഒരു കാരണമുണ്ട്. മമ്മൂട്ടി അമ്മ മീറ്റിങ്ങിനിടയിൽ ഒരാളോട് പറയുകയാണ് 'ഇത് ഇങ്ങനെയെ ചെയ്യാൻ പറ്റൂ, ഇരിക്കവിടെ എന്ന്'. അത് അയാളുടെ ഉള്ളിൽ ഒരു വിദ്വേഷം ഉണ്ടാക്കും. മമ്മൂട്ടി വലിയ ഒരു നടനാണ്, അയാളുടെ കൈയിൽ നല്ല പണമുണ്ട്. ഇനിയും നല്ല ഒരുപാട് സിനിമകൾ ചെയ്യും. അങ്ങനെയുള്ള ഒരാളെ നമുക്ക് പേടിക്കണ്ട എന്ന നിലയ്ക്ക് തിരിച്ചു മറുപടി പറയാം. ഞാൻ ഒന്ന് ഇരിക്കടോ എന്ന് പറഞ്ഞാൽ അത് മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ജയറാം ആയാലും ഇരിക്കും. അത് ഭയം കൊണ്ടല്ല സ്നേഹം കൊണ്ടാണ്. ഇന്നസെന്റിനെ പിണക്കാൻ പറ്റില്ല. അയാൾ പറയുന്നതിൽ ന്യായം ഉണ്ട് എന്ന തോന്നലാണ് ഈ 18 വർഷവും എന്നെ അമ്മയുടെ 'നായരായി' ഇരുത്തിയത്.''- ഇന്നസെന്റ് പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് നിരവധി തമാശകളും ഇന്നസെന്റ് ഉണ്ടാക്കിയിട്ടുണ്ട്. '' ഞാൻ എട്ടാം ക്ലാസുകാരനാണ്, തീരെ ബുദ്ധിയില്ലാത്തവനാണ് എന്നൊക്കെയാണ് ആലീസിന്റെ ധാരണ. സംഘടനയുടെ പ്രസിഡണ്ടായിരുന്നപ്പോൾ മകൻ ആലീസിനോട് പറഞ്ഞു, ഒരു ബുദ്ധിയുമില്ലാതെയോണോ പത്ത് നാനൂറ്റിച്ചില്ലാനം ആളുകളെ കൊണ്ടുനടക്കുന്നത്. പതിനെട്ടു വർഷമായില്ലേ. ഒരാളെയും അപ്പച്ചന് പേടിയില്ലല്ലോ. ധൈര്യമായിട്ടല്ലേ അപ്പച്ചൻ ആളുകളോട് സംസാരിക്കുന്നത്. അത് കേട്ടപ്പോൾ ആലീസ് പറഞ്ഞു. ഒരാളേയും പേടി ഉണ്ടാവില്ല, ബുദ്ധി ഉണ്ടെങ്കിലല്ലേ പേടി ഉണ്ടാവുകയുള്ളൂ.''-ഇതാണ് ഇന്നസെന്റ്. സ്വയം തഗ്ഗടിക്കാനും തന്നെതന്നെ ട്രോളാനുമുള്ള അദ്ദേഹത്തിന്റെ ഈ കഴിവ് അധികം പേർക്കില്ല.
എല്ലാറ്റിനും തുണയായി ആലീസ്
ഇന്നസെന്റ് കഥകൾ കേൾക്കുന്നവർക്കെല്ലാം സുപരിചിതയാണ് ഭാര്യ ആലീസ്. ഭാര്യയൊക്കൊണ്ട് തമാശകൾ പറയുക അദ്ദേഹത്തിന്റെ ഹോബിയാണ്. ഏതു ചാനലിൽ ഇന്നസെന്റ് പ്രത്യക്ഷപ്പെട്ടാലും ആലിസിനെ കുറിച്ച് പറയാതെ പോവില്ല. 47വർഷങ്ങൾക്കു മുൻപാണ് ആലീസ് ഇന്നസെന്റ് എന്ന ഇരിങ്ങാലക്കുടക്കാരന്റെ കൈപിടിച്ചു ജീവിതം തുടങ്ങിയത്. 1976 സെപ്റ്റംബർ 6 നായിരുന്നു വിവാഹം. അന്ന് ഇന്നസെന്റ് ഒന്നുമായിരുന്നില്ല. പക്ഷേ അവർ ഭർത്താവിന് കടുത്ത പിന്തുണ നൽകി. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്നു. കാൻസർ ബാധിതനായ ഇന്നസെന്റിന് ജീവിതത്തിലേക്ക് തിരികെ വരാനുള്ള കരുത്ത് നൽകിയതും മറ്റാരുമല്ല.
ആലീസിനെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞ ഒരു കഥയിങ്ങനെ. ഒരിക്കൽ കാൻസർ രോഗമുണ്ടോ എന്ന സംശയത്തിൽ ഒരുപാട് ടെസ്റ്റുകൾ നടത്തി. പക്ഷേ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അപ്പോൾ അലീസിന് വിഷമം ഇത്രയും ടെസ്റ്റ് നടത്തി പണം പോയല്ലോ എന്നായിരുന്നു. 'അല്ല അസുഖം കണ്ടെത്തി ടെസ്റ്റിലെ കാശ് മുതലാവണോ എന്നാണോ നീ കരുതിയത്' എന്ന് ചോദിച്ച കാര്യം, ഇന്നസെന്റ് പറയാറുണ്ട്.അതുപോലെ ഇന്നസെന്റ് ഏറ്റവും ടെൻഷൻ അടിച്ചതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നതും ഭാര്യക്ക് കാൻസർ ബാധിച്ചപ്പോഴാണ്. പക്ഷേ പിന്നീട്് അദ്ദേഹം അതും മനപ്പൊരുത്തം എന്ന് പറഞ്ഞ് തമാശയാക്കി.
ചാലക്കുടി എം പിയാവുന്നു
അതിനിടെ ഇന്നസെന്റ് രാഷ്ട്രീയത്തിലും ഇറങ്ങി. 2014 ലെ ലോക്സഭാ ഇലക്ഷനിൽ ഇന്നസെന്റ് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. ഇടത് സ്ഥാനാർത്ഥിയായിട്ടും യുഡിഎഫുകാരും ബിജെപിയും ഒന്നും അദ്ദേഹത്തെ വല്ലാതെ വിമർശിച്ചില്ല. യുഡിഎഫിന്റെ ഉറച്ചകോട്ട എന്ന് കരുതിയിരുന്നു,ചാലക്കുടി പിടിക്കാൻ ഇടയാക്കിയത് ഇന്നസെന്റിന്റെ വ്യക്തി പ്രഭാവം കൂടിയായിരുന്നു. മമ്മൂട്ടിയും ലാലും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനായി പ്രചാരണത്തിന് എത്തി. സിനിമാ നടൻ, എഴുത്തുകാരൻ പിന്നെ, നർമഭാഷകൻ എന്നിവയുടെ ബലത്തിലാണ് താൻ എംപി.സ്ഥാനത്തേക്ക് വിജയിച്ചതെന്നും അദ്ദേഹവും ഒരിക്കൽ പറഞ്ഞിരുന്നു.
എന്നാൽ എം പി എന്ന നിലയിൽ അത്രക്ക് നല്ല പ്രകടനമെന്നുംു ഇന്നസെന്റിന് കാഴ്ച വെക്കനായില്ല. എന്നാൽ മോശവും ആയിരുന്നില്ല. 'നമ്മുടെ ഭാഷ അവർക്കും, അവരുടെ ഭാഷ നമുക്കും മനസ്സിലാവില്ല, അതിനാൽ ഭാഷ ഒരു പ്രശ്നമായില്ല' എന്നാണ് അദ്ദേഹം പാർലിമെന്ററിനെക്കുറിച്ച് തമാശ പറഞ്ഞത്. യുഡിഎഫ് തരംഗം ആഞ്ഞടിച്ച 2019ലെ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ തോൽക്കുകയും ചെയ്തു. പക്ഷേ എന്നിട്ടും എല്ലാവിധ നേതാക്കന്മാരുമായും, രാഷ്ട്രീയക്കാരുമായുമൊക്കെ വ്യക്തിബന്ധം പുലർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരിക്കലും ഒരു കട്ട പാർട്ടിക്കാരൻ ആയിരുന്നില്ല ഇന്നസെന്റ്. വിശാലമായ സൗഹൃദത്തിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
കാൻസറിനെ സധൈര്യം നേരിട്ടു
2013ൽ തൊണ്ടയ്ക്ക് അർബുദ രോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് കീമോതെറാപ്പിക്ക് വിധേയനാവുകയും തുടർന്ന് സുഖം പ്രാപിക്കുകയുമുണ്ടായി. ഈ അനുഭവങ്ങൾ ആണ് ഒരുലക്ഷം കോപ്പിയോളം വിറ്റുപോയി റെക്കോർഡിട്ട 'കാൻസർ വാർഡിലെ ചിരി' എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നത്.
കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ഗംഗാധരന്റെ ആമുഖ കുറിപ്പോടെയാണ് ഈ അനുഭവക്കുറിപ്പുകൾ ആരംഭിക്കുന്നത്. 'ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്' എന്നാണു അദ്ദേഹത്തിന്റെ കുറിപ്പിന്റെ ആമുഖം തന്നെ. കാൻസർ രോഗികളിൽ പൊതുവെ കാണപ്പെടുന്ന വിഷാദത്തിന്റെ അലോസരത ഇന്നസെന്റിനെ അലട്ടിയില്ല, ഒരുപക്ഷെ ഉള്ളിൽ അലട്ടിയിട്ടുണ്ടെങ്കിൽ പോലും അത് പുറത്ത് കാണിക്കാതെ സമർഥമായി മറച്ചു പിടിച്ചു. പക്ഷെ ഭാര്യ ആലീസിനും രോഗം വന്നു എന്നറിഞ്ഞപ്പോഴാണ് ഇന്നസെന്റ്് ഉലഞ്ഞു പോയതായി തനിക്ക് തോന്നിയതെന്ന് ഡോക്ടർ ഗംഗാധരൻ സാക്ഷ്യപ്പെടുത്തുന്നു. നീണ്ട ഒന്നരവർഷത്തോളമാണ് സിനിമയിൽ നിന്ന് അസുഖം അദ്ദേഹത്തെ മാറ്റി നിർത്തിയത്. പക്ഷേ അസുഖം ഭേദമായി തിരികെ പ്രിയദർശന്റെ 'ഗീതാഞ്ജലി' യിൽ തിരിച്ചുവന്നു.
പിന്നെ തന്റെ കാൻസർ അനുഭവങ്ങൾ പറഞ്ഞ് അദ്ദേഹം ചിരിപ്പിച്ചു. പ്രണയവും, നർമ്മവും, കൗമാരത്തിന്റെ ലൈംഗിക അഭിനിവേശങ്ങളും അടങ്ങിയ കഥകൾ പറഞ്ഞ് പറഞ്ഞ് മലയാളിയെ കൊതിപ്പിച്ചു. അതിൽ ഒരു കഥ പ്രിയദർശൻ തമിഴിൽ സിനിമയുമാക്കി. ''ഒരു ടീച്ചർ തന്നെ പെണ്ണുകാണാൻ ചിലർ വരുന്ന ദിവസം ഒരു പട്ടിയെ കളയാൻ എന്നെ എൽപ്പിച്ചിരുന്നു. ഞാൻ അതിനെ ഒരു ചളിക്കുഴയിൽ കൊണ്ടിട്ടു. പക്ഷേ പട്ടി അവിടെനിന്ന് ചാടി നേരെ ടീച്ചറുടെ വീട്ടിലേത്തി. അവിടെ പെണ്ണുകാണാൻ വന്നയാളും ബന്ധുക്കളും ഇരിക്കുന്നു. നേരെ പട്ടി അകത്തു കയറി ഇവരെല്ലാം ഇരിക്കുന്നിടത്ത് വന്ന് ഒരു കുടച്ചിൽ. അന്നേവരെ അകത്തേക്കു കയറാത്ത പട്ടിയാണ്. പിന്നെ ബെഡ്‌റൂമിൽ പോയി അവിടെയും ഒരു കുടച്ചിൽ. അടുക്കളയിൽ കയറി ഒരു കുടച്ചിൽ.കുറേ നാൾ കഴിഞ്ഞ് ടീച്ചർ അമ്മയെ കണ്ടപ്പോൽ പറഞ്ഞു, ആ കല്യാണം ഒഴിഞ്ഞുപോയി എന്ന്. മരിക്കുന്നതിന് കുറച്ചുനാളുകൾക്ക് മുമ്പ് എന്നെ കണ്ടപ്പോൾ ടീച്ചർ പറഞ്ഞത് ഇപ്പോഴും ആ മണം അവിടെ തങ്ങി നിൽക്കുന്നുണ്ട് എന്നാണ്. അതെന്നോ ഒരിക്കൽ പ്രിയനോട് പറഞ്ഞു, പ്രിയൻ അത് തമിഴിൽ സിനിമയാക്കി.''- ഇന്നസെന്റ് അതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
അതെ, ഇനി കഥകൾ പറയാൻ ഇതുപോലെ ഒരു ആളില്ല. ഒരുപാട് കഥകളും നർമ്മങ്ങളും ബാക്കിയാക്കി ഇന്നസെന്റ് കടന്നുപോവുകയാണ്.
വാൽക്കഷ്ണം: ഇന്നസെന്റിന്റെ ഒരു പുസ്തകത്തെ വിലയിരുത്തി കെ എം മാത്യു ഇങ്ങനെ എഴുതി. ''മറ്റുള്ളവരുടെ മണ്ടത്തരങ്ങളിലും വീഴ്ചകളിലും ചിരിക്കുന്ന നമ്മൾ സ്വന്തം മുഖത്തുനോക്കി സ്വയം ചിരിക്കുന്നതിൽ തൽപ്പരർ അല്ല. അതിന് ജീവിതത്തെ തന്നെ ഒരു ഹാസ്യനാടകമായി കാണാനുള്ള ചങ്കൂറ്റം വേണം. ആ ചങ്കൂറ്റം ഇന്നസെന്റ് കാട്ടുന്നുണ്ട്.'' ഇന്നസെന്റിന്റെ ജീവിതം വിലയിരുത്തുമ്പോഴും ഈ വാക്കുകൾ അന്വർഥമാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ