'ഏറെക്കാലത്തിനുശേഷം ഒരു സിനിമ കണ്ട് കണ്ണുനിറഞ്ഞു'- കാര്‍ത്തിയും അരവിന്ദ് സ്വാമിയും നായകനായ, പ്രേംകുമാര്‍ സംവിധാനം ചെയ്ത മെയ്യഴകന്‍ എന്ന പുതിയ ചിത്രം കണ്ടതിനുശേഷം കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ അടക്കം നിറയുന്ന വാക്കുകളാണിത്. ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെയം കാര്‍ത്തിയുടെയും പ്രകടനമാണ് തകര്‍ത്തത്. രണ്ടാം പകുതിയില്‍ അവര്‍ തമ്മിലുള്ള ക്ലോസ്അപ്പ് രംഗങ്ങള്‍ ലോകോത്തരമാണെന്ന് നിരൂപകര്‍ എഴുതുന്നു. കാര്‍ത്തിയുടെ കഥാപാത്രത്തിന്റെ സൗണ്ട് മോഡുലേഷന്‍ ഒന്ന് കേള്‍ക്കണം. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കാര്‍ത്തിക്ക് ഈ പടത്തിന് ഒരു ദേശീയ അവാര്‍ഡ് കിട്ടേണ്ടതാണെന്ന് മാധ്യമങ്ങള്‍ എഴുതുന്നു.

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് മുഖവുരയൊന്നും ആവശ്യമില്ലാത്ത താരസഹോദരന്മാരാണ് സൂര്യയും കാര്‍ത്തിയും. അച്ഛന്‍ ശിവകുമാറിന്റെ പാതയിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്. ചേട്ടന്‍ സൂര്യ ആയിരുന്നു ആദ്യം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചേട്ടന്‍ സൂപ്പര്‍ താരമായി മാറുന്നതിനിടെ കാര്‍ത്തിയും വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. രാമലക്ഷമണ്‍മ്മാരെപ്പോലെയുള്ള സഹോദരങ്ങള്‍ എന്നാണ്, എന്നാണ് തമിഴ് സിനിമാ മാഗസിനുകള്‍ ഇവരെ വിശേഷിപ്പിക്കുന്നത്. സീതയായി നടിയും, സൂര്യയുടെ ഭാര്യയുമായ ജ്യോതികയും! ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും ശക്തമായ താര കുടുംബമായി ഇവര്‍ അറിയപ്പെടുന്നു.

സുരൈപോട്ര് എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ സൂര്യക്ക് പിന്നാലെ, ഇപ്പോള്‍ കാര്‍ത്തിയും തമിഴകത്തേക്ക് മറ്റൊരു മികച്ച നടന്‍ അവാര്‍ഡ് കൊണ്ടുവരുമെന്ന് വിലയിരുത്തലുകള്‍ ഉണ്ടാവുകയാണ്.

ദ ആക്സിഡന്‍ഷ്യല്‍ ആക്റ്റര്‍

'പഠിച്ചത് ബോയ്സ് സ്‌കൂളില്‍, അത് കഴിഞ്ഞ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്,. പ്രൊഫസര്‍മാരുടെ കൂട്ടത്തില്‍ പോലും ഒരു ലേഡിയില്ല. അങ്ങനെ പഠനകാലത്തൊന്ന് പ്രേമിക്കാന്‍, ഒന്ന് ലൈനടിക്കാന്‍ കൊതിച്ചിട്ടുണ്ട്. ഒരു കാര്യം നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചാല്‍ കാലം അതിന് മറുപടി തരും. അങ്ങനെ എനിക്ക് കിട്ടിയ മറുപടിയാണ് വല്ലവരയന്‍ വന്ദിയ ദേവന്‍. ലോകസുന്ദരിയായ ഐശ്വര്യാറായിയെ ലൈനിടുന്നു, മിസ് ചെന്നൈയായിരുന്ന തൃഷയെ ലൈനിടുന്നു. എന്തിനേറെ പറയുന്നു . വഞ്ചി തുഴയുന്ന, മീന്‍ പിടിക്കുന്ന ഒരു പെണ്‍കുട്ടിയോടും പ്രണയം. ആരെയും വെറുതേ വിടില്ല. എത്രനാളത്തെ കാത്തിരിപ്പാണ് ഇങ്ങനെ ഒരു കഥാപാത്രം..' പൊന്നിയിന്‍ സെല്‍വന്‍ വേദിയില്‍ ചിരിയോടെ കാര്‍ത്തി തന്റെ ജീവിതം പറഞ്ഞിരുന്നു.

അത് ശരിയാണുതാനും. ഒരിക്കലും ഒരു നടന്‍ ആവാന്‍ ആഗ്രഹിച്ചിരുന്നില്ല അദ്ദേഹം. സാധാരണ നടന്‍മ്മാരെപ്പോലെ കോളജ് ഡ്രോപ്പ് ഔട്ട് അല്ല കാര്‍ത്തി. അമേരിക്കയില്‍ പോയി പഠിച്ച് ഉന്നത് വിദ്യാഭ്യാസം നേടിയയാളാണ്. അവന്‍ ഒരു വലിയ കമ്പനി സിഇഒ ഒക്കെയായി മാറുമായിരുന്നെന്നാണ് പിതാവ് കരുതിയിരുന്നത്. പിന്നീട് പാരമ്പര്യമായി കിട്ടിയ സിനിമാക്കമ്പം തലക്ക് പിടിച്ചപ്പോഴും സംവിധാനമായിരുന്നു മനസ്സില്‍. പക്ഷേ അയാള്‍ യാദൃശ്ചികമായി നടനായി. 'ദ ആക്സിഡന്‍ഷ്യല്‍ ആക്റ്റര്‍' എന്നാണ് ഒരു അഭിമുഖത്തില്‍ കാര്‍ത്തി തന്നെക്കുറിച്ച് പറയുന്നത്.





1977 മെയ് 25 ന് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നടനും നിര്‍മ്മാതാവുമായ ശിവകുമാറിന്റെയും, ലക്ഷ്മിയുടെയും മകനായാണ് കാര്‍ത്തി ജനിച്ചത്. മുഴുവന്‍ പേര് കാര്‍ത്തിക് ശിവകുമാര്‍. പറയത്തക്ക യാതൊരു അല്ലലുമില്ലാത്ത, ഒരു പരിധിവരെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവന്‍ എന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ബാല്യം. ''അച്ഛന്‍ ജീവിതത്തിന്റെ വലിയയൊരു കാലവും സിനിമാ കരിയറിനായി മാറ്റി വെച്ചതാണ്. രാമായണമോ മഹാഭാരതമോ അല്ല സിനിമാ ലോകത്തെ കഥകളാണ് അച്ഛന്‍ കുട്ടിക്കാലത്ത് ഞങ്ങളോട് പറഞ്ഞിരുന്നത്''- ഒരു അഭിമുഖത്തില്‍ കാര്‍ത്തി പറയുന്നു. ബൃന്ദ ശിവകുമാര്‍ എന്ന സഹോദരിയും സൂര്യക്കും കാര്‍ത്തിക്കും ഉണ്ട്. ഗായിക, ഡബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ബൃന്ദ പേരെടുത്തു. അങ്ങനെ നോക്കുമ്പോള്‍ ശരിക്കും ഒരു കലാകുടുംബമാണ് അത്.

സൂര്യയെപ്പോലെ, പഠിക്കാനും മിടുക്കനായിരുന്നു കാര്‍ത്തി. ചെന്നൈയിലെ പത്മ ശേഷാദ്രി ബാലഭവനിലും സെന്റ് ബേഡ്സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസവും സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ചെന്നൈയിലെ ക്രസന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് ചെന്നൈയില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്ത അദ്ദേഹം വിദേശത്ത് ഉപരിപഠനത്തിന് ശ്രമിച്ചു. ' ഈ ജോലിയില്‍ ഒരുതരം മടുപ്പുവന്നു. അപ്പോഴാണ് എനിക്ക് കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. അങ്ങനെ യുഎസിലെ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് നേടി. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ബിംഗ്ഹാംടണ്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.'' കാര്‍ത്തി പറയുന്നു.

അന്ന് മുണ്ടുടുക്കാനറിയാത്ത നടന്‍

അവിടെ അദ്ദേഹം ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് നേടി. പക്ഷേ അപ്പോഴും രക്തത്തില്‍ അലിഞ്ഞ സിനിമാമോഹം ഉള്ളില്‍ കിടന്ന് കത്തി. ബിരുദാനന്തര ബിരുദം നേടുന്നതിനിടയില്‍, ചലച്ചിത്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള ഐച്ഛിക കോഴ്‌സുകളും അദ്ദേഹം പഠിച്ചു.

ന്യൂയോര്‍ക്കില്‍ താമസിക്കുമ്പോള്‍ കാര്‍ത്തി പാര്‍ട്ട് ടൈം ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു. ഈ സമയത്താണ് സംവിധായകന്‍ എന്ന നിലയില്‍ അരക്കെ നോക്കാമെന്ന് ഉറപ്പിക്കുന്നത്. സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ അടിസ്ഥാന ഫിലിം മേക്കിംഗില്‍ രണ്ട് കോഴ്സുകളില്‍ പങ്കെടുത്തു.

അമേരിക്കയില്‍നിന്ന് ഒരു പുതിയ മനുഷ്യനായാണ് കാര്‍ത്തി തിരിച്ചെത്തിയത്. തുടര്‍ന്ന് സംവിധായകന്‍ മണിരത്നത്തെ കണ്ടു. യുഎസില്‍നിന്ന് ടെക്ക്നോളജി പഠിച്ച ആ 27കാരനെ തള്ളിക്കളയാന്‍ മണിരത്നത്തിന് കഴിഞ്ഞില്ല. അങ്ങനെ

ആയുധ എഴുത്ത് എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.ചേട്ടന്‍ സൂര്യയും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ആയുധ എഴുത്തിന്റെ ഷൂട്ടിങിനിടെ ആക്സ്മികമായ അയാള്‍ നടനായി. സിദ്ധാര്‍ഥ് സംസാരിക്കുന്ന ഒരു സീനാണ് എടുക്കുന്നത്. തൊട്ടടുത്ത് ഇരിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണെങ്കില്‍ ഓവര്‍ ആക്ട് ചെയ്ത് സീന്‍ കുളമാക്കുന്നു. സഹികെട്ട മണിരത്നം തന്റെ സഹായിയായ കാര്‍ത്തിയോട് പറഞ്ഞു. . നീ ആ പച്ച ഷര്‍ട്ട് വാങ്ങിയിട്ടിട്ട് പോയി സിദ്ധാര്‍ഥിന്റെ അടുത്ത് ഇരിക്ക്. ഡയലോഗൊന്നുമില്ല നീ പോയി വെറുതേ അടുത്തിരുന്നാല്‍ മതി. അങ്ങനെ ആ ചെറിയ സീനില്‍ കാര്‍ത്തി ക്യാമറയ്ക്ക് മുന്നിലെത്തി. അന്ന് ആളെ തികയ്ക്കാന്‍ വെറുതേ പിടിച്ചിരുത്തിയ ആ യുവാവാണ് ഇപ്പോള്‍ കാര്‍ത്തിയെന്ന വലിയ നടനായി മാറിയത്. ഇതറിഞ്ഞതോടെ പിതാവ് ഒരു ഉപദേശം നല്‍കി. ''ആഗ്രഹിക്കുന്ന ഏതു സമയത്തും ഒരാള്‍ക്ക് ഒരു സംവിധായകനായി മാറാം. പക്ഷേ, നടന്റെ കാര്യം അങ്ങനെയല്ല. കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തണം''.

അങ്ങനെയാണ് 2007-ല്‍ അമീര്‍ സുല്‍ത്താന്‍െ പരുത്തീവീരന്‍ എന്ന ചിത്രത്തില്‍ നായകനാവുന്നത്. തമിഴ് സിനിമയിലെ ന്യൂജന്‍ തരംഗം ആളിക്കത്തിച്ച ആ സിനിമ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സാമ്പത്തികമായം ചിത്രം വിജയമായി. പുതുമുഖത്തിന്റെ പരിമിതികളൊന്നും ആ സിനിമ കണ്ടവര്‍ക്ക് തോന്നിയില്ല. പക്ഷേ ഏറെ വിചിത്രം, അമേരിക്കയില്‍നിന്ന് മടങ്ങിയെത്തിയ, കാര്‍ത്തിക്ക് അന്ന് നന്നായി മുണ്ടുടുക്കാന്‍ പോലും അറിയില്ലായിരുന്നു എന്നാണ്. തനി അര്‍ബന്‍ ബോഡി ലാംഗ്വോജ് ആയിരുന്നു അവന്റെത്. അമീര്‍ സുല്‍ത്താനും കൂട്ടരും ഏറെ പണിപ്പെട്ടയാണ് പരുത്തി വീരനിലെ ഒരു കട്ട ലോക്കല്‍ മനുഷ്യനാക്കി കാര്‍ത്തിയെ മാറ്റിയത്. പ്രിയാമണിക്കൊപ്പമുള്ള ആ ചിത്രം ഇന്നും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്.




പരുത്തിവീരനെക്കുറിച്ച് ചേട്ടന്‍ സൂര്യ ഈയിടെ ഇങ്ങനെ പറഞ്ഞു-''കമല്‍ഹാസന്‍ സാറിന്റെ കൂടെ പൂജ വച്ച് ആരംഭിച്ച ചിത്രമാണ് 'പരുത്തി വീരന്‍'. സിനിമ കണ്ടിട്ട് രജനി സാറും ഒരു അനുഗ്രഹം കാര്‍ത്തിക്കു നല്‍കിയിരുന്നു. എല്ലാവര്‍ക്കും അവസരം ലഭിക്കുകയില്ല, ലഭിക്കുന്ന ആ സന്ദര്‍ഭത്തെ കൃത്യമായി കാര്‍ത്തി പ്രയോജനപ്പെടുത്തിയെന്നായിരുന്നു രജനി സര്‍ പറഞ്ഞത്. കാര്‍ത്തി ഇന്ന് ഇവിടെ ഇരിക്കുന്നതിനു കാരണക്കാരായ കുറച്ചുപേരുണ്ട്. മണി സര്‍ (മണിരത്നം), മദ്രാസ് ടാക്കീസില്‍ കാല് എടുത്തു വച്ചപ്പോള്‍ മുതല്‍ അവന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത് അദ്ദേഹമാണ്. പിന്നീട് ഞ്ജാനവേല്‍, പരുത്തിവീരനെ നല്‍കിയ അമീര്‍ ഇവര്‍ക്കൊക്കെയാണ് നന്ദി പറയേണ്ടത്.''- സൂര്യ അനിയന്റെ ചലച്ചിത്ര യാത്ര ഓര്‍ത്തെടുക്കുന്നു.

തീരനും, കൈതിയും, പിന്നെ പി എസും

2010-ല്‍ ആയിരത്തില്‍ ഒരുവന്‍. പിന്നെ പയ്യ എന്ന സിനിമയും, അതിലെ പാട്ടുകളും ഉണ്ടാക്കിയ തരംഗവും കാര്‍ത്തിയെ സൂര്യയെ പോലെ തന്നെ തെന്നിന്ത്യയുടെ പ്രിയപ്പെട്ടവനാക്കി മാറ്റി. നാന്‍ മഹാന്‍ അല്ലൈ, സിറുത്തൈ, കോ, സഗുനി ആദ്യത്തെ അഞ്ചു ചിത്രങ്ങള്‍ വന്‍ ഹിറ്റ്. പിന്നീട് വന്ന ചിത്രങ്ങള്‍ വരിവരിയായി പരാജയപ്പെട്ടു. ബിരിയാണിയിലൂടെ മികച്ച തിരിച്ചുവരവ്. പിന്നെ

അലക്‌സ് പാണ്ഡ്യന്‍, ആള്‍ ഇന്‍ ആള്‍ അഴക് രാജാ, മദ്രാസ്, കൊമ്പന്‍, ഇനി ഏഴു നാള്‍, കഷ്‌മോറ, തീരന്‍ അധികാരം ഒന്‍ട്ര്, കൈതി, സുല്‍ത്താന്‍, വിരുമാന്‍, സര്‍ദാര്‍.. അങ്ങനെ ഒട്ടനവധി ചിത്രങ്ങള്‍.

കാര്‍ത്തിയുടെ ചലച്ചിത്ര യാത്രയില്‍, ജയവും പരാജയവും ഏതാണ്ട് ഒരേ ത്രാസിലായിരുന്നു. തുടര്‍ച്ചയായി സിനിമകള്‍ ലഭിച്ചിരുന്ന ഘട്ടത്തില്‍ പലപ്പോലും തുടര്‍വിജയങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കാര്‍ത്തിയ്ക്ക് സാധിച്ചിരുന്നില്ല. പലപ്പോഴും വലിയ ഹിറ്റ് സമ്മാനിക്കും എന്ന് കരുതിയ ചിത്രങ്ങള്‍ പോലും വലിയ പരാജയങ്ങളിലേയ്ക്കാണ് നീങ്ങിയത്. എന്നാല്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റായി വിലയിരുത്തുന്ന ചിത്രങ്ങളും ഏറെയാണ്. അതിലൊന്നാണ് 2017-ല്‍ പുറത്തിറങ്ങിയ 'തീരന്‍ അതികാരം ഒന്‍ട്ര്'. ഒരു പോലീസ് ഉദ്യോഗസ്ഥനായി കാര്‍ത്തി എത്തുന്ന ചിത്രം തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. തീരന്‍ തിരുമാരന്‍ എന്ന കഥാപാത്രം യഥാര്‍ത്ഥ ജീവിതത്തില്‍ ഐ ജി എസ്. ആര്‍. ജന്‍ഗിദാണ്.

അതുപോലെ കാര്‍ത്തിയെ സൂപ്പര്‍സ്റ്റാറാക്കിയ ചിത്രമാണ് കൈതി. നായികയില്ല, ഐറ്റം ഡാന്‍സില്ല, പാട്ടില്ല. തുടക്കം മുതല്‍ ക്ലൈമാക്സ് വരെ രാത്രിയില്‍ മാത്രം ഷൂട്ട് ചെയ്ത കൈതി എന്ന ചിത്രം തെന്നിന്ത്യയില്‍ ഉണ്ടാക്കിയ ഓളം നിസ്സാരമായിരുന്നില്ല. ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്സിലെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാരില്‍ ഒരാള്‍ളായി കാര്‍ത്തിയുടെ ദില്ലി എന്ന കഥാപാത്രമായാണ് കാര്‍ത്തി എത്തിയത്. ദില്ലിയ്ക്ക് ലഭിച്ച പ്രേക്ഷക പ്രശംസയും ജന സ്വീകാര്യതയും ഇന്നും ഓരോ വേദികളിലും കാര്‍ത്തിയെത്തുമ്പോള്‍ ആരാധകര്‍ ഓര്‍മിപ്പിക്കാറുണ്ട്. അതേസമയം ലോകേഷ് കനകരാജ് ഈ സീരിസില്‍ രണ്ടാമതായി ചെയ്ത വിക്രം എന്ന ചിത്രത്തില്‍ കാര്‍ത്തിയെ പ്രതീക്ഷിച്ച എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടത് ചേട്ടന്‍ സൂര്യയെ ആയിരുന്നു.




അതുപോലെ മണിരക്നം എന്ന തന്റെ ഗോഡ്ഫാദറുടെ സൃഷ്ടിയായ പൊന്നിയന്‍ സെല്‍വനിലുടെയും കാര്‍ത്തി കീര്‍ത്തി വര്‍ധിപ്പിച്ചു. എംജിആറും, കമലഹാസനും, രജനീകാന്തുമൊക്കെ കൊതിച്ചിരുന്ന വല്ലവരയന്‍ വന്ദിയ ദേവന്‍ എന്ന കഥാപാത്രം ഒടുവില്‍ കാര്‍ത്തിയെ തേടിയെത്തുകയായിരുന്നു. മണിരത്നം ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു. -''കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ നോവല്‍ എന്നെങ്കിലും സിനിമയാക്കിയാല്‍ വല്ലവരയന്‍ വന്ദിയ ദേവന്‍ എന്ന കഥാപാത്രം ആര് ചെയ്താല്‍ നന്നാകും എന്ന ചോദ്യത്തിന് ജയലളിത ഒറ്റപേരേ പറഞ്ഞുള്ളൂ. സാക്ഷാല്‍ രജനികാന്ത്. അതുകേട്ട ശേഷമാണ് രജനി ഈ നോവല്‍ വായിക്കുന്നത്. താന്‍ ചെയ്താല്‍ നന്നാകും എന്ന് ജയലളിത പറഞ്ഞ ആ വേഷം രജനിയുടെ സ്വപ്നം കൂടിയായ വര്‍ഷങ്ങള്‍. പക്ഷേ കാലം ആ വേഷം കാത്തുവച്ചത് കാര്‍ത്തിക്കായിരുന്നു.'' കാര്‍ത്തിയാവട്ടെ ആ വേഷം ഗംഭീരമാക്കുകയും ചെയ്തു

തമന്നയും തൃഷയുമായി ഗോസിപ്പുകള്‍

തികഞ്ഞ ഒരു ഫാമിലിമാന്‍ ആയിട്ടാണ് കാര്‍ത്തി അറിയപ്പെട്ടിട്ടുള്ളതെങ്കിലും അദ്ദേഹവും നിരവധി തവണ ഗോസിപ്പുകള്‍ക്ക് ഇരയായിട്ടുണ്ട്. നടി തമന്നയുമായി പ്രണയത്തിലായിരുന്നെന്നായിരുന്നു ആദ്യ ഗോസിപ്പ്. ഇരുവരും അഭിനയിച്ച പയ്യ എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ഹിറ്റ് ജോഡികളായ ഇരുവരും പിന്നീട് സിരുത്തൈ എന്ന തമിഴ് ചിത്രത്തിലും ഒരുമിച്ച് അഭിനയിച്ചു. ഇതും വന്‍ വിജയമായി. ഇതോടെയാണ് തമന്ന-കാര്‍ത്തി ഗോസിപ്പ് പരന്നത്. എന്നാല്‍ ഈ ഗോസിപ്പ് അധിക കാലം നീണ്ടു നിന്നില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ തന്നെ കാര്‍ത്തി സിനിമാ പശ്ചാത്തലമില്ലാത്ത രഞ്ജിനി ചിന്നസ്വാമിയുമായി വിവാഹം കഴിച്ചു.

2011 ലാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. എന്നാല്‍ ഇത്തരമൊരു ഗോസിപ്പിനെക്കുറിച്ച് കാര്‍ത്തിക്കും തമന്നയ്ക്കും പല മാധ്യമങ്ങളോടും മറുപടി പറയേണ്ടി വന്നു. തങ്ങള്‍ രണ്ട് പേരും സുഹൃത്തുക്കളാണെന്നും മറ്റൊന്നുമില്ലെന്നും ഇരു താരങ്ങളും വ്യക്തമാക്കി. ഒരുവേള തമന്ന ജെഎഫ്ഡബ്ലൂ എന്ന മാഗസിനോട് ഇതേ പറ്റി വിശദമായി സംസാരിക്കുകയും ചെയ്തു.

പൊന്നിയിന്‍ സെല്‍വനിലെ കാര്‍ത്തിയുടെയും തൃഷയുടെയും കെമിസ്ട്രി വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ തൃഷയുടെ സൗന്ദര്യത്തില്‍ മയങ്ങി 'എന്റെ ജീവിതം നിനക്കാണ് ദേവി' എന്ന് കാര്‍ത്തി പറയുന്നുണ്ട്. ഇത് കണ്ട് കാര്‍ത്തിയെ ഭാര്യ ചോദ്യം ചെയ്തു എന്ന് നടനും നിരൂപകനുമായ ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. നിങ്ങള്‍ റൊമാന്‍സ് ഇല്ലാത്ത സിനിമയില്‍ അഭിനയിക്കില്ലേ, നിങ്ങളുടെ സഹോദരന്‍ സൂര്യ റൊമാന്‍സില്ലാത്ത സിനിമകളില്‍ അഭിനയിക്കുന്നുണ്ടല്ലോ, നിങ്ങള്‍ക്കും അങ്ങനെ സിനിമകളില്‍ അഭിനയിക്കരുതോ, അല്ല, നടിമാരെ കണ്ടിട്ടാണോ നിങ്ങള്‍ക്ക് കൂടുതല്‍ റൊമാന്‍സ് കിട്ടുന്നത്?' എന്നൊക്കെ ചോദിച്ച് ഭാര്യ ദിവസവും കാര്‍ത്തിയുമായി വഴക്കിടുകയാണ് ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. എന്നാല്‍ ഇതും വെറും ഗോസിപ്പായിട്ടാണ് കാര്‍ത്തി എടുത്തിട്ടുള്ളത്.

അതുപോലെ സൂര്യയുടെ ഭാര്യ ജ്യോതികയുമായും നല്ല ബന്ധമാണ് കാര്‍ത്തിക്ക്. വിവാഹശേഷം അഭിനയം നിര്‍ത്തിയ ജോ്യതികയുടെ തിരിച്ചുവരവിന് നിര്‍ബന്ധിച്ചതും കാര്‍ത്തിയായിരുന്നു. 2006-ലായിരുന്നു സൂര്യ, ജ്യോതിക വിവാഹം. ജ്യോതികയുമായുള്ള സൂര്യയുടെ ബന്ധത്തില്‍ നടന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ജ്യോതികയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് തീരുമാനിച്ച സൂര്യ വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരുന്നു. കാര്‍ത്തി ഈ ബന്ധത്തിന് അനുകൂലമായിരുന്നു.

ആ വിവാഹത്തെക്കുറിച്ച് കാര്‍ത്തി ഇങ്ങനെ പറയുന്നു. -''അവരില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്യം എന്തെന്നാല്‍ അച്ഛന്റെയും അമ്മയുടെയും സമ്മതം കിട്ടാതെ വിവാഹം ചെയ്തില്ല എന്നതാണ്. അവരുടെ അനുവാദത്തിനായി കാത്തിരുന്നു. എന്നിട്ടാണ് വിവാഹം വിവാഹം ചെയ്തത്. അപ്പോള്‍ അതിന്റെ മൂല്യം വളരെ വലുതാണ്. സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കാതെ മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം ചെയ്തു.''




ഇപ്പോള്‍ മരുമക്കളും അമ്മയും തമ്മില്‍ ചെറിയ പിണക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അത് മനോഹരമാണെന്നും കാര്‍ത്തി ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ''അമ്മയ്ക്ക് ദേഷ്യമേ വരാറില്ല, എന്നാല്‍ അമ്മായിയമ്മയുടെ സ്ഥാനത്ത് വന്നതോടെ അമ്മയ്ക്കും ദേഷ്യം വരുന്നെന്ന് പറഞ്ഞ് ഞാന്‍ കളിയാക്കാറുണ്ട്''. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. മലയാള ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേക്കാണ് 36 വയതിനിലെ. ജ്യോതികയുടെ കരിയറിന് സൂര്യയപ്പോലെ തന്നെ കാര്‍ത്തിയും വലിയ പിന്തുണ നല്‍കുന്നുണ്ട്.

രാമലക്ഷണ്‍മ്മാരെപ്പോലെ

യാതൊരു ഈഗോയുമില്ലാതെ തോളില്‍ കൈയിട്ട് നടക്കുന്ന രണ്ട് സഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ചേട്ടന്‍ സിനിമയില്‍ വലിയ താരമായതിന് ശേഷമാണ് കാര്‍ത്തി സിനിമയില്‍ എത്തുന്നത്. നടന്‍ ശിവകുമാറിന്റെ മകന്‍, സൂര്യയുടെ സഹോദരന്‍ എന്നീ മുഖവുരകള്‍ ഒരു പോലെ തനിക്ക് നേട്ടവും കോട്ടവും ആയിട്ടുണ്ട് എന്ന് കാര്‍ത്തി ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. തനിക്ക് ഒരു എന്‍ട്രി കിട്ടാന്‍ മേല്‍വിലാസം തുണച്ചു. പക്ഷേ അത് പലപ്പോഴും തനിക്കുമേല്‍ അമിത ഭാരവും തന്നു എന്നും നടന്‍ പറയുന്നു.

സുരറൈ പോട്രുവിലെ കഥാപാത്രം ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ നടിപ്പിന്‍ നായകനെന്നാണ് സൂര്യ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് അറിയപ്പെടുന്നത്. പക്ഷേ അദ്ദേഹത്തിന്റെ സര്‍വൈവല്‍ എളുപ്പമായിരുന്നില്ല എന്ന് കാര്‍ത്തി പറഞ്ഞിരുന്നു. ചേട്ടനെക്കുറിച്ച് സംസാരിക്കുമ്പോള്‍ കാര്‍ത്തിക്ക് ആയിരം നാവാണ്. ''ചേട്ടനും ഞാനും വളര്‍ന്ന സാഹചര്യങ്ങള്‍ വേറെയാണ്. ഞാന്‍ എഞ്ചിനീയറിംഗ് പഠിച്ചതാണ്. ജോലി ചെയ്ത ശേഷം പിന്നീട് അമേരിക്കയില്‍ പോയി. ചേട്ടന്‍ കോളേജില്‍ പഠിച്ച് കഷ്ടപ്പെട്ട് ഒരു കമ്പനിയില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തു. ഒരു മാനേജറായി മാറിക്കൊണ്ടിരിക്കെയാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വരുന്നത്. അവരുടെ സ്ട്രഗിള്‍ വേറെ തരത്തിലായിരുന്നു. ഞങ്ങളുടെ അപ്പന്‍ പോലും സൂര്യക്ക് അഭിനയിക്കാന്‍ അറിയുമായിരുന്നോ എന്ന് ആദ്യകാലത്ത് നിര്‍മ്മാതക്കളോട് ചോദിച്ചിരുന്നു. പൊക്കക്കുറവ് അടക്കമുള്ള പലകാര്യങ്ങളും അദ്ദേഹം വിമശനവിധേയനായി. എന്നിട്ടും അവന്‍ അടിച്ചുകയറി. സൂരറൈ പോട്ര്, വാരണം ആയിരം എന്നീ സിനിമകള്‍ മാത്രം മതി പുള്ളിയുടെ ഡെഡിക്കേഷന്‍ ലെവല്‍ മനസിലാക്കാന്‍. ഡാന്‍സ് കളിക്കാന്‍ അറിയാത്ത സൂര്യ കഠിനാധ്വാനം ചെയ്താണ് തന്റെ ഡാന്‍സ് മെച്ചപ്പെടുത്തി വിമര്‍ശകരുടെ വായടിപ്പിച്ചത്. അപ്പോഴും താരത്തിന്റെ പൊക്കത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പല കോണില്‍ നിന്നും വന്നുകൊണ്ടേയിരുന്നു.''- കാര്‍ത്തിപറഞ്ഞു.

നേരത്തെ ചേട്ടന്റെ സിനിമാ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ കാര്‍ത്തി പങ്കുവെച്ച കുറിപ്പം വൈറല്‍ ആയിരുന്നു. 'മൈനസുകള്‍ തന്റെ ഏറ്റവും വലിയ പ്ലസ്സാക്കി മാറ്റാന്‍ രാവും പകലും കഠിനാധ്വാനം ചെയ്തവന്‍' എന്നാണ് കാര്‍ത്തി സഹോദരന്‍ സൂര്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതുപോലെ കമലഹാസിന്റെ വിക്രം സിനിമയിലെ സൂര്യയുടെ റോളക്സിനെക്കുറിച്ച് കാര്‍ത്തി പറയുന്നത്് ഇങ്ങനെ. ''എനിക്ക് ശരിക്കും ഷോക്കിങ് തന്നെ ആയിരുന്നു റോളെക്‌സ്. ഒരു വില്ലന്‍ കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് അണ്ണന്‍ പറയുമായിരുന്നു. അത് കമല്‍ സാറിന് വേണ്ടി ആവുമ്പോള്‍ കൂടുതല്‍ സന്തോഷം എന്നായിരുന്നു അണ്ണന്‍ പറഞ്ഞത്. കമല്‍ സാറിനോടുള്ള സ്നേഹവും ബഹുമാനവും കാണിക്കാനുള്ള ഒരു അവസരമായിട്ടു കൂടിയാവണം അണ്ണന്‍ അതിനെ എടുത്തത്. പക്ഷെ അത് ഇത്രത്തോളം വലിയ ഹിറ്റ് ആവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വളരെ ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളു എങ്കിലും അണ്ണന്‍ ഞെട്ടിച്ചു.




ലുക്ക് മൊത്തത്തില്‍ വേറെ ആയിരുന്നു, അണ്ണന്‍ സ്‌ക്രീനില്‍ പുക വലിക്കുന്ന സീനുകളില്‍ അഭിനയിച്ചിട്ട് കുറെ നാളായിരുന്നു. ഒരു ദിവസം കൊണ്ട് അതെല്ലാം ഒരുമിച്ച് ബ്രേക്ക് ചെയ്യുന്ന കഥാപാത്രം ആയിരുന്നു റോളെക്‌സ്. എനിക്ക് ചെയ്യണം എന്ന് തോന്നി, ട്രൈ ചെയ്തു എന്നായിരുന്നു അണ്ണന്റെ മറുപടി. അത് വരെയും ഞാന്‍ അത് കണ്ടിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് വന്നപ്പോള്‍ നല്‍കിയ മറുപടിയായിരുന്നു അത്. സ്‌ക്രീനില്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

എന്നപ്പാ ഈ ചെയ്തു വച്ചിരിക്കുന്നത് എന്ന് തോന്നിപ്പോയി. ടെറര്‍ ആയിരുന്നു, ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയൊരു ഇമ്പാക്ട് ഉണ്ടാക്കാന്‍ എങ്ങിനെ സാധിക്കുന്നുവെന്ന് അതിശയിച്ചു പോയി. വന്നതും നിന്നതും സംസാരിച്ചതുമെല്ലാം ഭീകരമായിരുന്നു. എനിക്ക് അത് കണ്ടപ്പോള്‍ ആദ്യം തോന്നിയത് അണ്ണനാണ് ആ കഥാപാത്രമായി വരുന്നത് എന്നറിയാതെ കണ്ടാല്‍ മതിയായിരുന്നു എന്നാണ്. അങ്ങനെ ആയിരുന്നെങ്കില്‍ വലിയൊരു ഇമ്പാക്ട് ഉണ്ടായേനെ. ബാക്കി എല്ലാവര്‍ക്കും കിട്ടിയത് അതാണ്. അത് എനിക്ക് കിട്ടാതെ പോയല്ലോ എന്ന വിഷമമായിരുന്നു.' - കാര്‍ത്തി പറഞ്ഞു.

കാര്‍ത്തിയെക്കുറിച്ച് പറയുമ്പോള്‍ സൂര്യക്കും വാക്കുകള്‍ ഏറെയാണ്-''എന്നേക്കാളും ആളുകള്‍ക്കിഷ്ടം കാര്‍ത്തിയോടാണെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അസൂയ തോന്നാറുണ്ട്. ക്ഷേത്രങ്ങളിലും വിമാനത്താവളങ്ങളിലും എല്ലായിടത്തും ആളുകള്‍ എന്റെ അടുക്കല്‍ വരുന്നു. അവര്‍ എന്നെക്കാള്‍ അവനെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് പറയുന്നു. കാര്‍ത്തിക്ക് മുമ്പ് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നിരിക്കാം പക്ഷെ കാര്‍ത്തി തന്റെ കഥാപാത്രങ്ങള്‍ക്ക് തന്നെ പൂര്‍ണമായും നല്‍കുന്നയാളാണ്. അദ്ദേഹം എപ്പോഴും സിനിമയെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഞാന്‍ പറയും കാര്‍ത്തിയാണ് എന്നേക്കാള്‍ മികച്ച നടനെന്ന്''- സൂര്യ പറയുന്നു.

''ഇതിനകം അന്‍പത് സിനിമയെങ്കിലും കാര്‍ത്തിക്ക് ചെയ്യാമായിരുന്നു. പക്ഷേ, ഓരോ സിനിമയ്ക്കും അദ്ദേഹം നല്‍കുന്ന സമയവും പ്രയത്നവും വളരെ വലുതാണ്. ആദ്യ സിനിമയായ പരുത്തി വീരനും പിന്നീട് വന്ന നാന്‍ മഹാന്‍ അല്ല എന്ന സിനിമയും രണ്ടും വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളുമാണ്. എങ്ങനെ ഇത്രയും വ്യത്യസ്തമായി കാര്‍ത്തി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ട്. കൈലി ഉടുക്കുന്നതും തണ്ണി അടിക്കുന്നതുമൊക്കെ എനിക്കൊരിക്കലും ചെയ്യാന്‍ സാധിക്കില്ല. അങ്ങനെ കഥ പറയാന്‍ വരുന്നവരോട് കാര്‍ത്തിയുടെ അടുത്തേക്ക് പൊയ്ക്കോളാന്‍ പറയും. കാര്‍ത്തിയുടെ റൂട്ട് വേറെ എന്റെ റൂട്ട് വേറെ എന്ന് ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു.''- സൂര്യ ഈയിടെ പറഞ്ഞു.

സഹോദരന്‍മ്മാര്‍ തമ്മിലുള്ള ഈഗോയും സ്വത്തുകേസുകളുമൊക്കെയായി എന്നും കലുഷിതമായിക്കും പൊതുവെ താരകുടുംബങ്ങള്‍. ഇവിടെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ തോളില്‍ കൈയിട്ട് നടക്കയാണ്. ഇപ്പോള്‍ കാര്‍ത്തിക്ക് ദേശീയ അവാര്‍ഡ് കിട്ടുമെന്ന് പറയുന്ന, മെയ്യഴകന്റെ നിര്‍മ്മാണവും ചേട്ടന്‍ സൂര്യയുടെയും ഭാര്യ ജ്യോതികയുടെയും കമ്പനിയാണ്. സൂര്യയുടെ അഗരം ഫൗണ്ടേഷനിലും കാര്‍ത്തി സഹകരിക്കുന്നു. സ്വന്തമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തുന്നു. താരജാടകള്‍ ഒട്ടുമില്ലാത്ത എളിമയാണ് സൂര്യയെപ്പോലെ കാര്‍ത്തിയെയും പ്രിയപ്പെട്ടവനാക്കുന്നത്.




വാല്‍ക്കഷ്ണം: മലയാളത്തെ ഏറെ സ്നേഹിക്കുന്ന നടനാണ് കാര്‍ത്തി. ഫാസിലിന്റെ ചിത്രങ്ങള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറയാറുണ്ട്. അതുപോലെ മോഹന്‍ലാലിനോടും കാര്‍ത്തിക്ക് ആരാധനയുണ്ട്. ഒരിക്കല്‍ മോഹന്‍ലാല്‍ ചെയ്ത ആടുതോമയെ അനുകരിച്ച്, ആ മോഡല്‍ കൂളിങ്ഗ്ലാസും വെച്ചായിരുന്നു അദ്ദേഹം ഒരു പ്രേമോഷന് എത്തിയത്. അത് ലാലിനോടുള്ള തന്റെ സ്നേഹമാണെന്ന് തുറന്ന് പറയുകയും ചെത്തു.