- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മംഗലശ്ശേരി നീലകണ്ഠനെപ്പോലെ അരക്കുതാഴെ തളർന്നുപോയ മകൻ; സിനിമയും, കേന്ദ്രമന്ത്രിവരെ എത്തിയ രാഷ്ട്രീയ ജീവിതം ഉപേക്ഷിച്ച് മകന്റെ ചികിത്സക്കായി യുഎസിൽ; അവിടെയും നടനായും കർഷകനായും തിളങ്ങി; വഴി മാറി നടക്കുന്ന മുണ്ടയ്ക്കൽ ശേഖരൻ! നടൻ നെപ്പോളിയന്റെ ദേവാസുര ജീവിതം
വർഷങ്ങൾക്ക്മുമ്പ് ജീവൻ ടെക്നോളജീസ് ഐ ടി സൊല്യൂഷൻസ് എന്ന ചൈന്നെ കേന്ദ്രമായി വലിയ കമ്പനിയിൽ ജോലികിട്ടിയ പാലക്കാട്ടുകാരൻ തന്റെ ജീവിതത്തിലെ ഒരു അവിസ്മരണീയ സംഭവം കുറിച്ചിരുന്നു. -'' കമ്പനിയിലെ പുതുമഖങ്ങളായ ഞങ്ങൾക്ക് ഒരാഴ്ചയായി ഓറിയെന്റേഷൻ ആൻഡ് ട്രെയിനിങ് പ്രോഗ്രാമം നടന്നുവരികയായിരുന്നു. അവസാനദിവസം കമ്പനി സിഇഒ നിങ്ങളെ അഭിസംബോധന ചെയ്യുമെന്നും, അത് മിസ്സ് ചെയ്യരുതെന്നും നേരത്തെ അറിയിപ്പുവന്നിരുന്നു. അങ്ങനെ സിഇഒയെ കാത്തിരിക്കുമ്പോൾ അതാ വരുന്നു, നമ്മുടെ മുണ്ടയ്ക്കൽ ശേഖരൻ. 'നീലകണ്ഠാ..നീ ഇറങ്ങണം...എന്നാലേ എനിക്ക് ഹരം കൂടൂ' എന്ന് നെഞ്ച് നിവർത്തിപ്പറഞ്ഞ മുണ്ടക്കൽ ശേഖരനായി വേഷമിട്ട നടൻ നെപ്പോളിയനാണ്, അമേരിക്കയിൽവരെ പടർന്നു പന്തലിച്ച ഈ കമ്പിനിയുടെ സിഇഒ എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഒരു താരത്തിന്റെ യാതൊരു ജാടകളുമില്ലാതെ പക്കാ പ്രൊഫഷണൽ ആയായിരുന്നു അദ്ദേഹത്തിന്റെ രീതികളും''.
അതാണ് തെന്നിന്ത്യയിലെ കുമരേശൻ ദുരൈസാമി എന്ന് 'പൂർവാശ്രമത്തിൽ' അറിയപ്പെട്ട നേപ്പോളിയൻ എന്ന നടന്റെ ഗരിമ. നായകനായും, വില്ലനായും വെള്ളിത്തിരിയിൽ നിറഞ്ഞു നിന്ന നെപ്പോളിയിൻ, കൈവച്ച മേഖലകളിൽ എല്ലാം വിജയിച്ച പ്രതിഭയാണ്. സ്പോർട്സ്, സിനിമ, രാഷ്ട്രീയം, ഐടി ബിസിനസ്, കൃഷി അങ്ങനെ തൊട്ടതെല്ലാം പോന്നാക്കിയ പ്രതിഭ. കോളജ് കാലത്ത് അറിയപ്പെടന്ന ഡെക്കാൽത്തലൻ അത്ലറ്റും, ബാസ്റ്റക്ക്‌ബാൾ താരുമായ കുമരേശൻ ദുരൈസാമി പിന്നീട് സിനിമയിൽ നെപ്പോളിയനായി. രാഷ്ട്രീയത്തിൽ ഇറങ്ങി കേന്ദ്രമന്ത്രിയായി. വലിയ ഐടി കമ്പനി ഉടമയായി.
ഇപ്പോൾ അദ്ദേഹം വീണ്ടും വാർത്തകൽ നിറയുന്നത് അമേരിക്കയിൽ കർഷകനായിട്ടാണ്. വാണിജ്യ അടിസ്ഥാനത്തിൽ പച്ചക്കറിക്കൃഷി താരം വിജയിക്കുന്നു. യുഎസിലെ നാഷ്വില്ലെ ടെനിസിയിൽ 300 ഏക്കർ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈൻ ഉൽപാദനവും നടത്തുന്നുണ്ട്. അമേരിക്കയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ താമസിക്കുന്ന നെപ്പോളിയന് ഒരേ ഒരു ദുഃഖമേയുള്ളു. മംഗലശ്ശേരി നീലകണ്ഠനെപ്പോലെ അരക്കുതാഴെ തളർന്നുപോയ മകൻ. അവനുവേണ്ടി എല്ലാം ഉപേക്ഷിച്ച ഒരു പിതാവിന്റെ ജീവിതം കൂടിയാണ് നെപ്പോളിയൻേറത്.
അമ്മാവന്റെ വഴിയെ രാഷ്ട്രീയത്തിൽ
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ കർഷകനായിരുന്ന ദുരൈസാമി റെഡ്ഢിയാരുടേയും, സരസ്വതി അമ്മാളിന്റെയും മകനായി 1963 ഡിസംബർ രണ്ടിനാണ് ജനനം. കുമരേശൻ ദുരൈസാമി എന്നതാണ് ശരിയായ പേര്. നെപ്പോളിയൻ എന്നത് സിനിമയിൽ എത്തിയപ്പോൾ കിട്ടിയ പേരാണ്. കിരുമ്പകരൻ, മങ്കെകരസി, ദേവി, ഈശ്വരി എന്നിവർ ഇളയ സഹോദരങ്ങളാണ്. ഒരു ഇടത്തരം കർഷക കുടുംബമായിരുന്നു തങ്ങളുടേത് എന്ന് ഒരു അഭിമുഖത്തിൽ നെപ്പോളിയൻ പറയുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസം തൃച്ചിയിലെ പെരുവാളന്നൂർ ഗവ. ഹൈസ്‌കൂളിൽ പൂർത്തിയാക്കിയ കുമരേശൻ തൃച്ചി സെന്റ്. ജോസഫ് കോളേജിൽ നിന്ന് ബിരുദം നേടി.
സ്‌ക്കൂൾ- കോളജ് കാലത്ത് കിടിലൻ സ്പോർട്മാൻ ആയിരുന്നു കുമരേശൻ. ഡെക്കാത്‌ലണിലെ ഡിവിഷണൽ തലത്തിലുള്ള അത്‌ലറ്റാണ്. കൂടാതെ യൂണിവേഴ്‌സിറ്റി തലത്തിൽ ബാസ്‌ക്കറ്റ് ബോളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. പിന്നീട് തമിഴ്‌നാട് ട്രൂ ബാസ്‌കറ്റ് ബോൾ അസോസിയേഷന്റെ ചെയർമാനായും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു.
വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ഡിഎകെ പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കുമരേശൻ. യൗവനത്തിൽ എത്തിയതോടെ അവൻ മുത്തുവേൽ കരുണാനിധിയുടെ കടുത്ത ആരാധകനായി. ജീവിതത്തിലെ ആദ്യ വഴിത്തിരിവ് തുടങ്ങുന്നത് അമ്മാവനും ഡിഎംകെ നേതാവുമായ കെ എൻ നെഹ്റു 1989-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് തമിഴ്‌നാട് വൈദ്യുതി വകുപ്പ് മന്ത്രിയായി അധികാരമേൽക്കുന്നതോട് കൂടിയാണ്. വിശ്വസ്തനായ ഒരാൾ കൂടെയുണ്ടാവണം എന്ന് കരുതി ഇരുപത്തിയാറുകാരനായ അനന്തരവൻ കുമരേശനെ തന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയി നിയമിച്ചു. അവിടെ തുടങ്ങിയതാണ് കുമരേശന്റ രാഷ്ട്രീയ ബന്ധം. അത് ഒടുവിൽ കേന്ദ്രമന്ത്രി സ്ഥാനത്തിൽവരെയെത്തി.
ഭാരതിരാജ നെപ്പാളിയനാക്കുന്നു
അപ്പോഴും കുമരേശന്റ ഉള്ളിൽ നിറഞ്ഞുനിന്നത് അഭിനയമോഹം ആയിരുന്നു.
ആയിടക്കാണ് നാഗാർജുന അഭിനയിച്ച് റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഉദയം എന്ന ചിത്രം ശിവ എന്ന പേരിൽ ഡബ്ബ് ചെയ്ത് തമിഴ്‌നാട്ടിൽ റിലീസ് ആകുന്നത്. സിനിമ കണ്ട സുഹൃത്തുക്കളിൽ ചിലർ അതിലെ പുതിയ നായകന് കാഴ്ചയിൽ കുമരേശനോട് സാമ്യം ഉണ്ടെന്ന് പറഞ്ഞു. കുമരേശനും ആ സിനിമ കണ്ടു. അതോടെ ഉള്ളിൽ ഉറങ്ങിക്കിടന്ന അഭിനയമോഹം ആളിക്കത്തി.
'നിനക്കും സിനിമയിൽ അഭിനയിച്ച് കൂടേ' എന്ന് സുഹൃത്തുക്കൾ നിരന്തരം പറഞ്ഞു തുടങ്ങിയപ്പോൾ, ഒരിക്കൽ അമ്മാവൻ നെഹ്റുവിനോട് കുമരേശൻ തന്റെ ആഗ്രഹം വെളിപ്പെടുത്തി. അന്നത്തെ ഡെപ്യൂട്ടി സ്പീക്കർ ദുരൈസാമിയുമായുള്ള അനൗപചാരിക സംഭാഷണത്തിന്റെ ഇടയിൽ അദ്ദേഹത്തോട് കുമരേശന്റെ അഭിനയ മോഹത്തേക്കുറിച്ച് അമ്മാവൻ പറഞ്ഞു. ഭാരതിരാജ തന്റെ അടുത്ത കുടുംബ സുഹൃത്ത് ആണെന്നും അദ്ദേഹത്തോട് ശുപാർശ ചെയ്യാമെന്നും ദുരൈസാമി ഉറപ്പ് നൽകി.
ദുരൈസാമി നൽകിയ ശുപാർശക്കത്തുമായി ഭാരതിരാജയെ ചെന്ന് കണ്ട കുമരേശന്റെ സമയം നല്ലതായിരുന്നു. ഭാരതിരാജ 'പുതു നെല്ല് പുതു നാത്ത്' എന്ന സിനിമയുടെ ഷൂട്ട് തുടങ്ങാൻ പോകുന്ന സമയം... ഷൂട്ടിങ് നടക്കുന്ന അംബാസമുദ്രത്തിലേക്കുള്ള സംഘത്തിൽ കുമരേശനെയും ഉൾപ്പെടുത്തി. മുപ്പത് ദിവസത്തെ ഷൂട്ടിംഗിൽ ഇരുപത്തി അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കുമരേശനെ ക്യാമറയുടെ മുന്നിൽ നിർത്തിയില്ല. ഇരുപത്തി ആറാം ദിവസം മേക്കപ്പ് ചെയ്ത് വരാൻ പറഞ്ഞു. മേക്കപ്പ് ചെയ്ത തന്റെ മുഖം കണ്ണാടിയിൽ കണ്ടപ്പോൾ അയാൾ ഞെട്ടി. ഇരുപത്തി ഏഴ് വയസ്സ് പ്രായമുള്ള തനിക്ക് ഏതാണ്ട് അറുപത്തി അഞ്ച് വയസ്സ് പ്രായം മതിക്കുന്ന വേഷം!
വിഷമം ഉള്ളിലൊതുക്കി അഭിനയിച്ച് തീർത്തു. ഷൂട്ടിങ് കഴിയുന്ന ദിവസം ഭാരതി രാജ കുമരേശനോട് പറഞ്ഞു 'ഞാൻ നിന്റെ പേര് മാറ്റാൻ പോവുകയാണ്... നെപ്പോളിയൻ'... നെപ്പോളിയൻ എന്ന നടൻ അവിടെ ജനിക്കുകയായിരുന്നു. 1991-ൽ റിലീസ് ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടുള്ള ആ യാത്രയിൽ നെപ്പോളിയൻ തിരിഞ്ഞുനോക്കിയിട്ടില്ല. നാല് ഭാഷകളിലായി ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അയാൾ വേഷമിട്ടു.
നായകനും വില്ലനുമായി തകർക്കുന്നു
'പുത് നെല്ല് പുതു നാത്ത്' എന്ന സിനിമക്ക് ശേഷം നെപ്പോളിയനെ തേടിയെത്തിയതെല്ലാം പ്രായമേറിയ കഥാപാത്രങ്ങൾ ആയിരുന്നു. തന്നെക്കാളും രണ്ടോ മൂന്നോ വയസ്സ് അധികമുള്ള കാർത്തിക്കിന്റെ അച്ഛനായി വരെ അഭിനയിച്ചു. അത്തരം വേഷങ്ങളിൽ തളക്കപ്പെട്ട് പോകുമോ എന്ന് ആശങ്കപ്പെട്ടിരുന്ന സമയത്താണ് രജനികാന്തിന്റെ യജമാൻ സിനിമയിലേക്ക് വിളിക്കുന്നത്. രജനികാന്തിന്റെ നായക കഥാപാത്രമായ വാനവരായനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന വല്ലവരായൻ എന്ന കഥാപാത്രം. ആ സിനിമക്ക് ശേഷം നെപ്പോളിയന്റെ കരിയർ ഉയർച്ചയുടെ പാതയിൽ ആയിരുന്നു. യജമാനിലെ വേഷത്തേക്കുറിച്ച് അറിഞ്ഞാണ് ഐ വി ശശി ദേവാസുരത്തിലേക്ക് നെപ്പോളിയനെ ക്ഷണിക്കുന്നത്. മംഗലശ്ശേരി നീലകണ്ഠന് ഒത്ത എതിരാളിയായ മുണ്ടക്കൽ ശേഖരൻ ആയി നെപ്പോളിയൻ കളം നിറഞ്ഞാടി.
തമിഴ്, തെലുങ്ക്, മലയാള സിനിമകളിൽ ധാരാളം വില്ലൻ വേഷങ്ങൾ നെപ്പോളിയനെ തേടിയെത്തി. 1993ൽ ഭാരതി രാജയുടെ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ നെഗറ്റീവ് ഷേഡുള്ള കേന്ദ്ര കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ 94ൽ പ്രതാപ് പോത്തൻ സംവിധാനം ചെയ്ത സീവലപ്പേരി പാണ്ടി എന്ന സിനിമ സൂപ്പർ ഹിറ്റായതോടെയാണ് നെപ്പോളിയന്റെ താര മൂല്യം കുത്തനെ ഉയർന്നത്. നെപ്പോളിയനെ നായകനാക്കി നിരവധി സിനിമകൾ ഉണ്ടായി. എട്ടുപട്ടി രസ (1997) എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക പുരസ്‌കാരം ലഭിച്ചു.1998-ൽ കലൈമാമണി ,എംജിആർ അവാർഡ് എന്നിവ ലഭിച്ചു. 2000 മുതൽ 2006 വരെ സൗത്ത് ഇന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി നിയമിതനായി.
മുണ്ടക്കൽ ശേഖരൻ എന്ന കൾട്ട്
പക്ഷേ ഒരുപാട് ചിത്രങ്ങളിൽ നെപ്പോളിയൻ വേഷമിട്ടുവെങ്കിലും, ദേവാസുരം എന്ന ക്ലാസിക്ക് കൾട്ടായ ചിത്രത്തിലെ പ്രതിനായകനായ മുണ്ടയ്ക്കൽ ശേഖരൻ ഇന്നും ചലച്ചിത്രപ്രേമികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ലോകത്ത് എവിടെ പോയാലും മുണ്ടയ്ക്കൽ ശേഖരന്റെ പേരിൽ മലയാളികൾ തന്നെ തിരിച്ചറിയുമെന്ന് ഈയിടെ ഒരു അഭിമുഖത്തിലും നെപ്പോളിയിൽ പറയുന്നുണ്ട്. രജനീകാന്തിന്റെ യജമാനൻ എന്ന സിനിമയിലെ പ്രകടനം കണ്ട്, ദേവാസുരത്തിലേക്ക് നെപ്പോളിയനെ നിർദ്ദേശിച്ചത് മോഹൻലാൽ തന്നെയായിരുന്നു.
ഇക്കഴിഞ്ഞ വിഷുക്കാലത്ത് 30 വർഷം പൂർത്തിയാക്കിയ ദേവസുരം എന്ന സിനിമയെ ഇന്ന് തലമുറുകൾ കണ്ടുകഴിഞ്ഞു. ഐ.വി. ശശി-രഞ്ജിത് സിനിമ സൃഷ്ടിച്ച ആ മായിക പ്രപഞ്ചത്തെക്കുറിച്ച് ഇന്നും ചെറുപ്പക്കാൻ എഴുതുന്നു. മംഗലശ്ശേരി നീലകണ്ഠനും മുണ്ടയ്ക്കൽ ശേഖരനും ഭാനുമതിയും വാര്യരുമെല്ലാം മലയാളികൾക്ക് ഇന്നും ചിരപരിചിതരാണ്. മാതൃഭൂമി എൻ പി മുരളീകൃഷ്ണൺ ഇങ്ങനെ എഴുതുന്നു. -''വർഷങ്ങൾ കഴിയുന്തോറും വീര്യമേറുന്നൊരു വീഞ്ഞാണീ സിനിമ. അതിലെ കഥാപാത്രങ്ങളുടെ വീരസ്യത്തിനും ഗരിമയ്ക്കും പൊലിമ കുറഞ്ഞിട്ടേയില്ല. അവരുടെ സംഭാഷണങ്ങളുടെ മൂർച്ചയ്ക്കും ബന്ധങ്ങളുടെ ഇഴയടുപ്പത്തിനും വൈരത്തിന്റെ വീര്യത്തിനും യാതൊരു മാറ്റവുമില്ല. ഒരു സിനിമ അതിന്റെ ഉള്ളടക്കം, ആഖ്യാനം, കഥാപാത്ര നിർമ്മിതി, കഥാപശ്ചാത്തലം, ലൊക്കേഷൻ തുടങ്ങിയവയിൽ ഏതിലെങ്കിലും പിൽക്കാല സിനിമകൾക്ക് പ്രചോദനമേകുന്ന വിധം ശ്രദ്ധേയമാകുമ്പോഴാണ് അവയെ ട്രെൻഡ് സെറ്റർ എന്നു സിനിമാ വ്യവസായം വിളിക്കാറ്. മുപ്പതു വർഷം മുൻപ് റിലീസ് വേളയിൽ ദേവാസുരം ഇപ്പറഞ്ഞ ഘടകങ്ങളിലെല്ലാം തന്നെ തരംഗം തീർക്കുകയായിരുന്നു.
ഏഴിലക്കര ദേശത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന പാത്രസൃഷ്ടിയായിരുന്നു നീലകണ്ഠനും ശേഖരനും. ദേവനും അസുരനും എന്ന് എളുപ്പം രൂപപ്പെടുത്താവുന്ന ദ്വന്ദ്വങ്ങളിൽ ഇവരെ സമം ചേർക്കുമ്പോഴും, ആരാണ് ദേവനെന്നും അസുരനെന്നും ഒരു വേള സംശയം തോന്നുന്ന പാത്രസൃഷ്ടികളാകുന്നു ഇവ. ദേവാസുര സങ്കൽപ്പങ്ങളിലെ നന്മ-തിന്മ ദ്വന്ദ്വങ്ങൾ ഇരുവരിലും ഒരുപോലെ ആവേശിച്ചിട്ടുണ്ട്. ശേഖരനാണ് അസുരൻ. എന്നാൽ നീലകണ്ഠനിലും പ്രതിനായക സ്വഭാവമുണ്ട്. മുണ്ടയ്ക്കൽ ശേഖരനെന്ന പ്രതിനായകൻ കേവലം പ്രതിനായകൻ മാത്രമാകുന്നില്ല, നായകനെപ്പോലെ അസ്ഥിത്വമുള്ള കഥാപാത്ര നിർമ്മിതിയാണതും. അതുകൊണ്ടുതന്നെ നായകനു പോന്ന പ്രതിനായകനെയും പ്രേക്ഷകർ ഓർത്തുവയ്ക്കുന്നു. മുണ്ടയ്ക്കൽ ശേഖരനില്ലാതെ മംഗലശ്ശേരി നീലകണ്ഠന് പൂർണതയില്ല. തിരിച്ചുമങ്ങനെ തന്നെ. ''-മുരളീകൃഷ്ൺ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും മീമുകളും ട്രോളുകളുമായി സോഷ്യൽ മീഡയിൽ മംഗലശ്ശേരി നീലകണ്ഠനും, മുണ്ടയ്ക്കൽ ശേഖരനും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.
സ്റ്റാലിനോട് ഉടക്കി പാർട്ടിവിടുന്നു
തമിഴകത്തെ സംബന്ധിച്ച് സിനിമയും രാഷ്ട്രീയവും രണ്ടല്ല. തങ്ങളുടെ ഉറച്ച പാർട്ടിക്കാരനായ ഒരു യുവാവ് അടിക്കടി സിനിമയിൽ വിജയം ആവർത്തിക്കുന്നത് ഡിഎംകെ നേതവ് കലൈഞ്ജർ കരുണാനിധി ശ്രദ്ധിച്ചിരുന്നു. അങ്ങനെ കൈ നിറയെ അവസരങ്ങൾ ഉള്ളപ്പോൾ, 2001-ൽ കരുണാനിധിയുടെ നിർദ്ദേശ പ്രകാരം ചെന്നൈയിലെ വില്ലിവാക്കം നിയോജക മണ്ഡലത്തിൽ നെപ്പോളിയൻ മത്സരിച്ചു. നല്ല ഭൂരിപക്ഷത്തിന് നിയമസഭയിലേക്ക് തിരഞ്ഞെുക്കപ്പെട്ടു. അതോടെ സിനിമകളുടെ എണ്ണം കുറക്കേണ്ടി വന്നു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൈലാപ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പേരമ്പല്ലൂർ മണ്ഡലത്തിൽ നിന്ന് പാർലമെന്റംഗമായ നെപ്പോളിയൻ, 2009 മുതൽ 2013 വരെ രണ്ടാം മന്മോഹൻ സിങ് മന്ത്രിസഭയിലെ സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് മന്ത്രിയായിരുന്നു. ഇതോടെ സിനിമ അഭിനയം തീർത്തും അവസാനിപ്പിക്കേണ്ടിവന്നു.
കേന്ദ്രമന്ത്രി എന്ന നിലയിൽ ശരാശരി പ്രകടനം മാത്രമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. പക്ഷേ തമിഴ്‌നാടിനുവേണ്ടി തനിക്ക് ചെയ്യാവുന്നത് പരമാവധി ചെയ്തുവെന്ന് ഒരു അഭിമുഖത്തിൽ നെപ്പോളിയൻ പറയുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന് പിഴച്ചുപോയത് മറ്റൊരിടത്തായിരുന്നു. അന്ന് ഡിഎംകെയിൽ സ്റ്റാലിനും, സഹോദരൻ അഴഗിരിയുമായി കടുത്ത ഗ്രൂപ്പിസം ആയിരുന്നു. ഇതിൽ അഴഗിരിയുടെ വിശ്വസ്ഥനായാണ് നെപ്പോളിയൻ അറിയപ്പെട്ടത്. പിൽക്കാലത്ത് സ്റ്റാലിൻ പാർട്ടി പിടിച്ചു. .സ്റ്റാലിന്റെ ഉദയത്തോടെ അഴഗിരിക്കൊപ്പം, നെപ്പോളിയനും 2014-ൽ ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ടു. അതോടെ നെപ്പോളിയൻ ഡിഎംകെ രാഷ്ട്രീയത്തോട് വിരക്തി തോന്നി.
2014-ൽ ബിജെപിയിൽ ചേർന്ന നെപ്പോളിയൻ പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായും പ്രവർത്തിച്ചു. നെപ്പോളിയനെപ്പോലെ ഒരു നടൻ പാർട്ടിയിൽ ചേർന്നത് ബിജെപി കൊട്ടിഘോഷിച്ചെങ്കിലും അതുകൊണ്ടെന്നും വലിയ ഗുണം ഉണ്ടായില്ല. 2015-ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു. ഇപ്പോൾ എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയാതോടെ, പഴയതെല്ലാം മറന്ന് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ നേപ്പോളിയന് ക്ഷണം ഉണ്ടായതായി കേൾക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ അമേരിക്കയിലുള്ള അദ്ദേഹം പ്രതികരിച്ചിട്ടില്ല.
മകനുവേണ്ടി ഇന്ത്യവിടുന്നു
കൈവച്ച മേഖലകളെല്ലാം പൊന്നാക്കിയ നെപ്പോളിയിന് ഒരേ ഒരു ദുഃഖം മാത്രമാളുള്ളത്. മകൻെ അസുഖം. നെപ്പോളിയൻ - ജയസുധ ദമ്പതിമാരുടെ ആദ്യ പുത്രൻ ധനുഷിന് മൂന്ന് നാല് വയസ്സ് പ്രായമുള്ളപ്പോൾ ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. മസ്‌ക്കുലർ സിസ്ട്രോഫി എന്ന അപൂർവ രോഗമായിരുന്നു ഇത്. ഇതുമൂലം കുട്ടി അരക്കുതാഴെ തളർന്നുപോയി. വൻ ചെലവുള്ള മരുന്നുകളാണ് ഇതിന് വേണ്ടത്. മകന്റെ ചികിത്സയ്ക്കായി ലോകം മുഴുവൻ അന്വേഷിച്ചുവെങ്കിലും ആ രോഗാവസ്ഥക്ക് ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.
അങ്ങനെ ലഭ്യമായതിൽ മികച്ച ചികിത്സക്ക് വേണ്ടിയാണ് നെപ്പോളിയനും കുടുംബവും അമേരിക്കയിലേയ്ക്ക് പോകുന്നത്. ഇടയ്ക്കിടെ ചികിത്സക്ക് പോയി വരുന്ന സന്ദർഭങ്ങളിൽ ഒന്നിലാണ് മകൻ ധനുഷ് അച്ഛനോട് തനിക്ക് അമേരിക്കയിൽ തന്നെ താമസിച്ചാൽ മതി എന്ന് പറയുന്നത്. -''ഇന്ത്യയിൽ വീൽ ചെയറിൽ ഞാൻ പോകുമ്പോൾ എല്ലാവരും എന്തോ ഒരു വസ്തുപോലെ എന്നെ നോക്കുന്നു. ഇവിടെ അങ്ങനെ ഒരു വ്യത്യാസം എനിക്ക് ഫീൽ ചെയ്യുന്നില്ല. പിന്നെ, വീൽ ചെയറിൽ എവിടെയും പോകാനുള്ള സൗകര്യവും ഉണ്ട്''. അത് കേട്ടതോടെയാണ് നെപ്പോളിയൻ അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുന്നത്.
പക്ഷേ, സിനിമ, രാഷ്ട്രീയം എന്നീ തിരക്കുകളിൽ നിരന്തരം ഇന്ത്യയിലേക്ക് യാത്രകൾ വേണ്ടി വന്നിരുന്നു. ഭാര്യ ജയസുധ പൂർണ്ണമായും തന്റെ സമയം കുട്ടികൾക്കായി നീക്കി വച്ചു. അമേരിക്ക ആസ്ഥാനമായി ജീവൻ ടെക്നോളജീസ് എന്ന ഐ ടി സൊല്യൂഷൻസ് കമ്പനി തുടങ്ങുന്നതും ഇതിനിടയിൽ ആണ്. അതും വൻ വിജയമായി. ജീവൻ ടെക്നോളജിക്ക് ഇന്ന് അമേരിക്കയിലും ഇന്ത്യയിലും നിരവധി ഓഫീസുകൾ ഉണ്ട്. എണ്ണൂറിലധികം പേർ അവിടെ ജോലി ചെയ്യുന്നു. താനും കുടുംബവും താമസിക്കുന്ന അമേരിക്കയിലെ ടെന്നെസി സ്റ്റേറ്റിലെ നാഷ്വിൽ പ്രവിശ്യയിൽ വലിയൊരു ഫാമും ഇന്ന് സ്വന്തമായുണ്ട് നെപ്പോളിയന്.
കർഷകൻ, ഹോളിവുഡ് നടൻ
രാഷ്ട്രീയത്തിൽ ഇറങ്ങിയതിനുശേഷം പാക്കിരി (2007), ദശാവതാരം (2008) തുടങ്ങിയ സ്റ്റോൺ ബ്ലോക്ക്‌ബസ്റ്റർ സിനിമകളിൽ മാത്രമാണ് അദ്ദേഹം മേക്കപ്പിട്ടത്. യുഎസിലെ ടെന്നസിയിലെ നാഷ്വില്ലിൽ സ്ഥിരതാമസമാക്കിയെങ്കിലും കിദാരി (2016) എന്ന ചിത്രത്തിലൂടെ അദ്ദേഹം തന്റെ അഭിനയ തിരിച്ചുവരവ് നടത്തി. തുടർന്ന് അദ്ദേഹം മുത്തുരാമലിംഗത്തിൽ (2017) കാർത്തിക്കിന് പകരമായി ഗൗതം കാർത്തിക്കിന്റെ പിതാവിനെ അവതരിപ്പിച്ചു.
അതിനിടെ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ നടനെ ഹോളിവുഡും തിരിച്ചറിഞ്ഞു. അമാനുഷിക ത്രില്ലറായ 'ഡെവിൾസ് നൈറ്റ്: ഡോൺ ഓഫ് ദി നൈൻ റൂജ്'(2019) എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ക്രിസ്മസ് കൂപ്പൺ (2019) എന്ന മറ്റൊരു അമേരിക്കൻ അമേരിക്കൻ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. പൂർണ്ണമായും യുഎസിൽ ചിത്രീകരിച്ച ഒരു ഹോളിവുഡ് സിനിമയിൽ അഭിനയിച്ച ഏക തമിഴ് നടൻ താനാണെന്നും നെപ്പോളിയൻ അഭിമാനത്തോടെ പറയാറുണ്ട്.
ധനുഷിനെ കൂടാതെ ഇളയ മകൻ ഗുണാൽ, ഭാര്യ ജയസുധ എന്നിവരും താരത്തിനൊപ്പം യുഎസിലാണ്. മകന് സുഖമായി ഉറങ്ങാൻ അത്യാധുനിക കിടക്കയാണ് വാങ്ങിയിരിക്കുന്നത്. ഈ കിടക്കയിൽ ഫിസിയോതെറാപ്പിക്കുള്ള സൗകര്യമുണ്ടെന്ന് നെപ്പോളിയൻ ഒരു യുട്യൂബ് വിഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. മൂന്നു നിലയിലുള്ള കൊട്ടാര സദൃശ്യമായ വീട്ടിലാണ് താരവും കുടുംബവും യുഎസിൽ താമസിക്കുന്നത്. ഹൈടെക് സംവിധാനങ്ങളുള്ള വീട്ടിൽ മൂത്ത മകന് എല്ലാ നിലകളിലും സുഖമായി സഞ്ചരിക്കാൻ ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്വിമ്മിങ് പൂളിൽ എത്തുന്നതിന് വേറെ ലിഫ്റ്റ് സൗകര്യവുമുണ്ട്. ബെൻസും ടെസ്ലയും ഉൾപ്പെടെയുള്ള വാഹനങ്ങളും കുടുംബത്തിനായി ലിഫ്റ്റ് സജ്ജീകരിച്ച പ്രത്യേക വാനുമുണ്ട്. വീടിനുള്ളിൽ ബാസ്‌കറ്റ്ബോൾ കോർട്ടും കായിക പ്രേമിയായ നെപ്പോളിയൻ നിർമ്മിച്ചിട്ടുണ്ട്. ഇവിടെയാണ് കൃഷി തുടങ്ങിയത്. യുഎസിലെ നാഷ്വില്ലെ ടെനിസിയിൽ 300 ഏക്കർ വരുന്ന കൃഷിസ്ഥലത്ത് പച്ചക്കറിക്കൃഷി കൂടാതെ പശു ഫാമും വൈൻ ഉൽപാദനവും നടത്തി ഒരു ഹൈട്ടക്ക് കർഷൻ എന്ന നിലയിലും അദ്ദേഹം പേരെടുക്കുന്നു.
സാമൂഹിക പ്രവർത്തനത്തിലും അദ്ദേഹം സജീവമാണ്. മസ്‌ക്കുലർ സിസ്ട്രോഫിയക്കും അനുബന്ധ രോഗങ്ങൾക്കുമുള്ള ചികിത്സക്കായി തമിഴ് നാട്ടിലെ തിരുനെൽവേലി ജില്ലയിൽ മയോപ്പതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മസ്‌ക്കുലാർ ഡിസ്ട്രോഫി ആൻഡ് റിസേർച്ച് സെന്റർഎന്ന സ്ഥാപനവും അദ്ദേഹം നടത്തി വരുന്നു.
എന്തിനോടും ക്ഷമിക്കാനും പൊറുക്കാനും പഠിക്കണമെന്നാണ് നെപ്പോളിയൻ തന്റെ അഭിമുഖങ്ങളിൽ ഇപ്പോൾ ആവർത്തിക്കാറുള്ളത്. വിജയുമായി തന്റെ ബന്ധത്തിലുള്ള വിള്ളൽ പരിഹരിക്കണമെന്നും അദ്ദേഹം പറയുന്നു. 2007ൽ 'പോക്കിരി' എന്ന സിനിമയുടെ സെറ്റിൽ വെച്ച് വിജയും നെപ്പോളിയനും തമ്മിൽ വഴക്കുണ്ടായിരുന്നു. അതിനുശേഷം ഇരുവരും പരസ്പരം സംസാരിക്കുന്നത് നിർത്തി. പക്ഷേ ഇനിയും ആ ഭിന്നത നീട്ടിക്കൊണ്ടുപോവേണ്ടതില്ല എന്നും വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖറുമായി താൻ ഇക്കാര്യം സംസാരിക്കുമെന്നും നെപ്പോളിയൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
2023 ഡിസംബർ 2 ന് നെപ്പോളിയൻ തന്റെ 60-ാം ജന്മദിനം ആഘോഷിച്ചത് അമേരിക്കയിൽ വച്ചായിരുന്നു. അന്ന് അദ്ദേഹത്തിന് ഒരു സർപ്രൈസ് കിട്ടി. തൊണ്ണൂറുകളിലെ സഹതാരങ്ങളായ മീനയും ഖുശ്‌ബുവും ടെന്നസിയിലെ നാഷ്വില്ലെയിൽ എത്തി താരത്തെ ഞെട്ടിച്ചു. ഖുശ്‌ബു എഴുതി,- 'ഇത് വളരെ സന്തോഷകരമായ ഒരു പുനഃസമാഗമം ആയിരുന്നു. നിങ്ങൾക്ക് 60 വയസ്സായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല''.
വാൽക്കഷ്ണം: തന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ സന്ദർഭം ആയി നെപ്പോളിയൻ ഒരു അഭിമുഖത്തിൽ പറയുന്നത് ഇതാണ്- ''കേന്ദ്ര മന്ത്രിയുമായിരുന്ന് കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും സജീവ രാഷ്ട്രീയത്തിൽ തുടരാൻ ആയിരുന്നു എന്റെ തീരുമാനം. വീട്ടിൽ ഇത് സംസാരിച്ചപ്പോൾ എന്റെ മകൻ ധനുഷ് ചോദിച്ചു - 'ഇനിയും ഞങ്ങളെ ഒറ്റയ്ക്കാക്കി പോവുകയാണോ അച്ഛാ?'.. ആ ചോദ്യം നേരെ എന്റെ ഹൃദയത്തിൽ ആണ് കൊണ്ടത്. അന്ന്, അപ്പോൾ സിനിമ, രാഷ്ട്രീയം, പദവി, പ്രശസ്തി എല്ലാം മാറ്റി വച്ച് ഇനിയുള്ള ജീവിതത്തിൽ എന്റെ മക്കൾക്ക് ആണ് മുൻഗണന വേണ്ടത് എന്ന തീരുമാനം എടുത്തു. ആ തീരുമാനം എടുത്തതിൽ ഇന്ന് ഞാൻ ഏറെ സന്തുഷ്ടനാണ്''- എത്ര അച്ഛന്മാർക്ക് ഇതുപോലെ മക്കൾക്ക് വേണ്ടി ജീവിക്കാൻ കഴിയും.