- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഐശ്വര്യാറായി ഉപേക്ഷിച്ചിട്ടുപോലും കുലുങ്ങാത്ത കാമുകൻ; മദ്യപിച്ച് കാറോടിച്ച് ഒരാളെ അരച്ചുകൊന്ന കേസിലും പുല്ലുപോലെ പുറത്തിറങ്ങി; പെട്ടത് കൃഷ്മൃഗവേട്ടയിൽ; മൂന്നുമാസത്തിനിടെ രണ്ടു തവണ വധശ്രമമുണ്ടായത് മാനിന്റെ പേരിൽ; വിശുദ്ധമൃഗത്തെ കൊന്ന താരത്തെ വെറുതെ വിടില്ലെന്ന് ബിഷ്ണോയികൾ; സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ ജീവനുവേണ്ടി നെട്ടോട്ടത്തിൽ!
അർധരാത്രി മദ്യപിച്ച് മദോന്മ്മത്തനായി അതിവേഗതയിൽ കാറോടിച്ച് ഒരാളെ അരച്ചുകളയുകളും നാലുപേരെ വികലാംഗരാക്കിയിട്ടും, ബോളിവുഡിലെ മെഗാ സ്റ്റാർ സൽമാൻഖാന് യാതൊരു കഴുപ്പവും ഉണ്ടായിരുന്നില്ല. കോടികൾ വാരിവിതറി, സാക്ഷികളെ മൊഴിമാറ്റിയും, ഭീഷണിപ്പെടുത്തിയുമൊക്കെ അയാൾ കേസ് തേച്ച് മാച്ച് ഇല്ലാതാക്കി. എന്നാൽ സൽമാൻ പെട്ടുപോയത് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസിലാണ്. ഇതിലും കോടികൾ എടുത്തെറിഞ്ഞ് കേസിൽനിന്ന് ഒരു പരിധിവരെ തടിയൂരിയെങ്കിലും, മരണഭീതി ഇപ്പോഴും സൽമാനെ വേട്ടയാടുകയാണ്. കാരണം കൃഷ്ണമൃഗത്തെ വിശുദ്ധ മൃഗമായി കരുതുന്ന ബിഷ്ണോയി സമുദായത്തിലെ ചില തീവ്രവാദികളും അധോലോകസംഘങ്ങളും ഇക്കാര്യം വളരെ ഗൗരവമായി എടുത്തിരിക്കയാണ്.
ഗായകൻ സിദ്ദുമൂസെവാലയുടെ കൊലപാതകത്തിൽ ആരോപിതരായ, കാനഡയിൽ വ്യാപകമായി വേരുകൾ ഉള്ള അധോലോക നായകൻ ലോറൻസ് ബിഷ്ണോയി സൽമാനെ വധിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യപാനം മാത്രമല്ല, മൂന്നുതവണ, ഹിന്ദി സിനിമാലോകത്തെ ഏറ്റവും വിലപിടിച്ച താരത്തിനെതിരെ വധശ്രമവും ഉണ്ടായി. അതുകൊണ്ടുതന്നെ പേടിച്ച് ജീവൻ കൈയിൽ പിടിച്ചാണ് സൽമാന്റെ ഇപ്പോഴുള്ള ജീവിതം. ലോറൻസ് ബിഷ്ണോയിയെ കൂടാതെ ബിഷ്ണോയി ടൈഗർ ഫേസ്സ് എന്ന ഒരു സംഘടനയും സൽമാന്റെ പിറകിലുണ്ട്. ഇവർ പക്ഷേ കൊല്ലാനല്ല, കാണുന്നിടത്തിട്ട് തല്ലാനാണ് ആഹ്വാനം ചെയ്യുന്നത്!
പക്ഷേ സൽമാനെ പേടിപ്പിക്കുന്ന റിപ്പോർട്ടുകൾ അതൊന്നുമല്ല. ബോളിവുഡിലെ ബാഡ് ബോയ് എന്ന് അറിയപ്പെടുന്ന ഈ നടന് വലിയൊരു വിഭാഗം ശത്രുക്കൾ സിനിമയിലും, റിയൽ എസ്റ്റേറ്റ് മേഖലയിലും, അഡ്വെർട്ടൈസിങ്ങ് ഇൻഡസ്ട്രിയിലുമൊക്കെയായി ഉണ്ട്. കിങ്ങ് ഖാന്റെ പതനം കാത്തിരിക്കുന്നവർ. അവരും ലോറൻസ് ബിഷ്ണോയി സംഘവും കൈകോർത്തിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നതോടെ ശരിക്കും പേടിച്ചാണ് സൽമാന്റെ ജീവിതം. താരത്തിന്റെ സുരക്ഷ ഇപ്പോൾ വർധിപ്പിരിക്കയാണ്.
അടിക്കടി വീട് മാറുകയാണ്. സിദ്ദുമൂസെവാലെക്കുശേഷം അടുത്തത് സൽമാൻ എന്നാണ് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ആപ്ത വാക്യം. ഇതോടെ ഉറക്കിമില്ലാത്ത രാത്രികളാണ് സൽമാന് ഉണ്ടാവുന്നത്. മനുഷ്യനെ കൊന്നതിന് രക്ഷപ്പെട്ട താരം പക്ഷേ മൃഗത്തെ കൊന്നതിന് പെട്ടുപോകുയാണ്. ഈ 57ാം വയസ്സിൽ ബോളിവുഡിന്റെ മസിൽമാൽ ഇതുപോലെ വിയർത്ത് ആരും കണ്ടിട്ടില്ല.
താരത്തെ തേടി ഷൂട്ടർമാർ എത്തുമ്പോൾ
കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടുതവണയാണ് താരത്തിനുനേരെ വധശ്രമം ഉണ്ടായത്. അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയുടെ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ പൻവേലിലെ സൽമാൻ ഖാന്റെ ഫാം ഹൗസിന് സമീപത്തുവെച്ച് കൊല നടത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു.
ഈ വർഷം ജൂണിന് സൽമാൻ ഖാന് വധഭീഷമി സന്ദേശം ലഭിച്ചിരുന്നു. ഗായകൻ സിദ്ദു മൂസ് വാലയുടെ ഗതി വരുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സൽമാൻ ഖാനും പിതാവ് സലിം ഖാനുമായിരുന്നു വധഭീഷണി. പഞ്ചാബ് പൊലീസ് പറയുന്നതനുസരിച്ച്, സിദ്ധു മൂസ് വാല വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് സൽമാൻ ഖാനെ കൊല്ലാൻ ലോറൻസ് ബിഷ്ണോയി സംഘം പ്ലാൻ ബി തയ്യാറാക്കിയിരുന്നു.
ഗോൾഡി ബ്രാറും ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് അടുത്തിടെ അറസ്റ്റിലായ ലോറൻസ് നിഷ്നോയ് സംഘത്തിന്റെ ഷൂട്ടർ കപിൽ പണ്ഡിറ്റുമായിരുന്നു ഈ പദ്ധതിക്ക് നേതൃത്വം നൽകിയത്. ഇതിനായി കപിൽ പണ്ഡിറ്റ്, സന്തോഷ് ജാദവ്, ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടർമാരും മുംബൈയിലെ വാസെ ഏരിയയിലെ പൻവേലിൽ ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. സൽമാൻ ഖാന്റെ പൻവേലിലുള്ള ഫാം ഹൗസിന് സമീപത്തായിരുന്നു ഇത്.
അക്രമി സംഘത്തിലെ ഒരാൾ സൽമാൻ ഖാന്റെ ഫാം ഹൗസിലേക്കുള്ള വഴിയിലെ വീട്ടിൽ ഒന്നര മാസത്തോളം വാടകയ്ക്കെടുത്ത് താമസിച്ചിരുന്നു. താരത്തെ ആക്രമിക്കാൻ ഈ ഷൂട്ടർമാരുടെ പക്കൽ ചെറിയ ആയുധങ്ങളും ഉണ്ടായിരുന്നു. ഹിറ്റ് ആൻഡ് റൺ കേസിൽ ഉൾപ്പെട്ടതു മുതൽ താരം കാറിന്റെ വേഗതയിൽ വളരെ ശ്രദ്ധാലുവായിരുന്നുവെന്ന് ഷൂട്ടർമാർ മനസ്സിലാക്കി. പൻവേലിലെ ഫാം ഹൗസിലേക്ക് പോകുമ്പോൾ സൽമാൻ ഖാന്റെ കാർ വളരെ കുറഞ്ഞ വേഗതയിലാണ് ഓടിച്ചിരുന്നത്. മിക്ക സമയത്തും സ്വകാര്യ അംഗരക്ഷകൻ ഷെറയോടൊപ്പമുണ്ടായിരുന്നു സൽമാന്റെ യാത്ര.
ഇതിനുപുറമെ, ഫാംഹൗസിലേക്കുള്ള വഴിയിലെ കുഴികളുടെ എണ്ണവും ഷൂട്ടർമാർ മനസ്സിലാക്കി. ഇവിടെ കാറിന്റെ വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി കുറയുമായിരുന്നു. സൽമാൻ ഖാന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ ലോറൻസ് ബിഷ്ണോയി സംഘം ഫാം ഹൗസിന് പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ആരാധകരാണെന്ന വ്യാജേനയും ഇവർ താരത്തിന്റെ നീക്കങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു.സൽമാൻ ഖാൻ രണ്ട് തവണ ഫാം ഹൗസ് സന്ദർശിച്ചിരുന്നുവെങ്കിലും സംഘാംഗങ്ങൾ ആക്രമിക്കാനുള്ള അവസരം ലഭിച്ചില്ല. സംഘാംഗങ്ങളിൽ ചിലർ അടുത്തിടെ പിടിയിലായതോടെയാണ് ഗൂഢാലോചനയെ കുറിച്ച് പൊലീസിന് മനസ്സിലായത്. ഇതോടെ അടിക്കടി വീടുകൾ മാറിയൊക്കെ പൂർണ്ണമായും രഹസ്യജീവിതമാണ് നയിക്കുന്നത്. പൊതുരംഗത്തും ഇപ്പോൾ അധികം പ്രത്യക്ഷപ്പെടുന്നില്ല. സിദ്ദുമൂസെവാലയുടെ മരണത്തോടെ സൽമാനും ആകെ വിരണ്ടിരിക്കയാണെന്നാണ് റിപ്പോർട്ടുകൾ.
പാതി ഹിന്ദുവും പാതി മുസ്ലീമും
അബ്ദുൾ റഷീദ് സലിം സൽമാൻ ഖാൻ എന്നാണ് താരത്തിന്റെ മുഴവൻ പേര്. പക്ഷേ
സംഘപരിവാർ സംഘടനകളൊക്കെ തനിക്കെതിരെ തിരിയുമ്പോൾ സൽമാൻ എടുക്കുന്ന ഒരു സ്ഥിരം നമ്പറാണ് തന്റെ ജനനം. സൽമാന്റെ അമ്മ ഹിന്ദുവാണ്. ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ് അദ്ദേഹം ജനിച്ചത്. സുശീലയുമായി അദ്ദേഹത്തിന്റെത് പ്രണയ വിവാഹം ആയിരുന്നു. സൽമാന് അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു സലിം ഖാൻ അക്കാലത്തെ നടി കൂടിയായ ഹെലെനെ വിവാഹം കഴിച്ചത്. പിതാവ് അങ്ങനെ രണ്ടാമത് വിവാഹം കഴിച്ചത് ഞങ്ങൾ കുട്ടികൾക്ക് വളരെ വിഷമമുണ്ടാക്കിയതായി പിൽക്കാലത്ത് സൽമാൻ പറഞ്ഞിട്ടുണ്ട്.
നടന്മാരായ അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവർ സഹോദരങ്ങളാണ്. അൽവിറ, അർപ്പിത എന്നിവർ സഹോദരിമാരാണ്. നടനും സംവിധായകനുമായ അതുൽ അഗ്നിഹോത്രിയാണ് അൽവിറയെ വിവാഹം കഴിച്ചിരിക്കുന്നത്. ഇതിൽ അർപ്പതയെ സൽമാന്റെ രണ്ടാനമ്മ ഹെലന് ഉപേക്ഷക്കപ്പെട്ട നിലയിൽ കിട്ടിയ ദത്തുപുത്രിയാണ്. പക്ഷേ സൽമാൻ അടക്കമുള്ളവർ അവരോട് ഒരു വിവേചനവും കാണിച്ചില്ല. കോടികൾ മുടക്കിയാണ് സൽമാൻ അവർക്ക് വീടും വിവാഹവുമൊക്കെ നടത്തിക്കൊടുത്തത്.
ചെറുപ്പത്തിലേ അഭിനയിക്കാനും സൗന്ദര്യ സംരക്ഷണത്തിലും ശ്രദ്ധാലുവായിരുന്നു അയാൾ. പിതാവിന്റെ ശ്രമത്തിലുടെ മോഡലിങ്ങിലും പിന്നീട് സിനിമയിൽ എത്തി.
1987ൽ 21ാം വയസ്സിലാണ് സൽമാൻ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. രാജ്ശ്രി ഫിലിംസിന്റെ ബീവി ഹൊ തോ ഐസി എന്ന ചിത്രത്തിലൂടെ. പക്ഷേ ഇത് വിജയിച്ചില്ല. എന്നാൽ രാജ്ശ്രി ഫിലിംസിന്റെ തന്നെ ചിത്രമായ മേനെ പ്യാർ കിയ സൽമാനെ ഇന്ത്യയിലെ ഒരു പുതിയ താരമാക്കി മാറ്റി. സമപ്രായക്കാരനും കൂട്ടുകാരനുമായ സൂരജ് ബർജാത്യയുടെ ചിത്രമായിരുന്നു ഇത്. ഇതിലെ ഗാനങ്ങൾ ഇന്ത്യയാകെ ഹരമായി മാറി. കേരളത്തെപ്പോലും ഈ ചിത്രം ഇളക്കിമറിച്ചു. യുവാക്കൾക്കിടയിൽ സൽമാൻ ട്രെൻഡിങ്ങ് ആയി. അങ്ങനെ വെറും 23ാം വയസ്സിൽ ആയാൾ ഒരു പാൻ ഇന്ത്യൻ താരമായി. ഈ സിനിമയിൽ അദ്ദേഹത്തിൻ ഏറ്റവും നല്ല പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡും കിട്ടി.
പിന്നീടങ്ങോട്ട് സൽമാന്റെ കാലം തന്നെ ആയിരുന്നു. വിജയങ്ങളും പരാജയങ്ങളും മാറിമാറിയെത്തി. ഒന്നിടവിട്ട വർഷങ്ങളിൽ ഒരു മെഗാഹിറ്റ് എന്ന രീതി അദ്ദേഹം എപ്പോഴും പിന്തുടർന്നു. പരസ്യങ്ങളും ടീവിഷോകളുമായി കോടികൾ വാരി. ലക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും വ്യക്തി ജീവിതത്തിൽ എന്നും വഴക്കാളിയായിരുന്നു സൽമാൻ ഖാൻ.
ഐശ്വര്യാറായിതൊട്ട് കത്രീന കൈഫ് വരെ
വെറും 23ാംമത്തെ വയസ്സിൽ സൂപ്പർസ്റ്റാർ ആയി മാറിയ ചെറുപ്പക്കാരനാണ് സൽമാൻ. അപ്രതീക്ഷിതമായി എത്തിയ കോടികളും പ്രശസ്തിയും അയാളെ ശരിക്കും മാറ്റിമറിച്ചുകളഞ്ഞു. മദ്യവും, പാർട്ടികളും, പ്രണയവും ഹോബിയായി മാറി. ഇന്നും ക്രോണിക്ക് ബാച്ചിലർ ആയി നിലക്കുന്ന സൽമാൻ ഖാന് നിരവധി തകർന്ന പ്രണയങ്ങളുടെയും കഥ പറയാനുണ്ട്.
ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ബന്ധമായിരുന്നു സൽമാനും ഐശ്വര്യയും തമ്മിലുള്ള പ്രണയം. 2002ൽ അത് വേർപിരിഞ്ഞു. പക്ഷേ സൽമാൻ കുലുങ്ങില്ല. ഉടൻ തന്നെ അടുത്ത ബന്ധത്തിലേക്ക് കടന്നു. സൽമാൻ അതിനിടക്ക് ഐശര്യറായിയെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ പുറത്തുവരികയും പൊലീസ് കേസ് ആവുകയും ചെയ്തു. ഈ ബന്ധം ശരിക്കും ടോക്സിക്ക് എന്നായിരുന്നു ഐശ്വര്യറായി പറഞ്ഞതെന്ന് അവരുടെ സുഹൃത്തുക്കളെ ഉദ്ധരിച്ച് മുംബൈ കുട്ടിപ്പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കല്യാണക്കത്ത് അടിച്ചതിനുശേഷം വിവാഹം മുടങ്ങിപ്പോയ കഥയും ആരാധകരുടെ പ്രിയപ്പെട്ട സല്ലൂവിന്റെ ജീവിത്തിലുണ്ട്. നീണ്ട പത്തു വർഷത്തെ പ്രണയമായിരുന്നു നടി സംഗീത ബിജ്‌ലാനിയും സൽമാനും തമ്മിൽ. വിവാഹ തീയതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തു. എന്നാൽ തന്റെ സുഹൃത്തും നടിയുമായ സോമി അലിയുമായി സൽമാന് ബന്ധമുണ്ടെന്ന് സംശയിച്ച് സംഗീത വിവാഹത്തിൽ നിന്ന് പിന്മാറിയെന്നാണ് മുംബൈ പത്രങ്ങൾ പറയുന്നത്. സൽമാനിൽ നിന്ന് വേർപിരിഞ്ഞ സംഗീത പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധവും നീണ്ടുപോയില്ല. 2010ൽ ഇരുവരും വിവാഹമോചിതരായി.
അതിനുശേഷം കത്രീന കെയ്ഫിന്റെ പേരാണ് സൽമാനൊപ്പം കേട്ടത്. ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുമെന്ന് കേട്ടെങ്കിലും അതും വൈകാതെ പൊളിഞ്ഞു.
റൊമാനിയക്കാരിയായ മോഡൽ ലൂലിയ വാൻച്വറിനെ സൽമാൻ വിവാഹം കഴിക്കാൻപോകുന്നുവെന്ന് ഒരു കാലത്ത് പ്രചാരണങ്ങളുണ്ടായിരുന്നു. പക്ഷേ ഈ പ്രണയങ്ങൾ ഒക്കെ പൊട്ടുന്നതിനുള്ള പ്രധാന കാരണം സൽമാന്റെ സ്വഭാവദൂഷ്യവും ദേഷ്യവും തന്നെ ആയിരുന്നു. ഈ അടുത്ത സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ വിവാഹത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് സൽമാൻ തുറന്നു പറഞ്ഞു.'' ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന രീതിയാണിത്. എന്നാൽ ജീവിതത്തിൽ ഒരു കൂട്ടുവേണം. അത്രമാത്രം'.
മദ്യപിച്ച് റോഡിൽ അരച്ചുകളഞ്ഞു
സൽമാൻഖാന്റെ ജീവിത്തിലെ ഏറ്റവും കറുത്ത അധ്യായം ആയിരുന്നു, 2002 സപ്തംബർ 28ന് ഉണ്ടായത്. അന്ന് രാത്രി പാർട്ടികഴിഞ്ഞ് നന്നായി മദ്യപിച്ച് മുംബൈ ബാന്ദ്രയിൽ ബേക്കറിക്കു മുമ്പിൽ ഉറങ്ങിക്കിടന്നവരുടെയിടയിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നുന്നൊണ് കേസ്്. അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് സാരമായി പരിക്കേറ്റു. രണ്ടുപേരുടെ കാലുകൾ അറ്റുപോയി.
സൽമാൻഖാൻ കാറിൽ നിന്നിറങ്ങി ഓടുന്നത് കണ്ടതായി ചില സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നു. വഴിയിൽ ഉറങ്ങി കിടന്ന ആളുകളുടെ ദേഹത്തു കൂടി വണ്ടി ഓടിച്ചു കയറ്റിയത് സൽമാൻ ഖാൻ തന്നെയാണെന്ന് സാക്ഷികൾ പറഞ്ഞു. ഇത് കണക്കിലെടുത്തായിരുന്നു കീഴ് കോടതി വിധി. സൽമാന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നത് താരമല്ല വണ്ടി ഓടിച്ചതെന്നായിരുന്നു. ഇത് കോടതി കീഴ് കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രധാന സാക്ഷിയും സൽമാന്റെ അംഗരക്ഷകനുമായ പൊലീസ് കോൺസ്റ്റബിൾ രവീന്ദ്രപാട്ടീലിന്റെ മൊഴിയായിരുന്നു കേസിൽ പ്രധാനം. മൊഴിമാറ്റാനായി രവീന്ദ്രപാട്ടീലിന് കോടികളുടെ ഓഫർ ഉണ്ടായി. അത് വഴങ്ങാഞ്ഞപ്പോൾ ഭീഷണിയും പീഡനവും. പക്ഷേ അയാൾ മൊഴിമാറ്റിയില്ല.
സെഷൻസ് കോടതി മനപ്പൂർവമല്ലാത്ത നരഹത്യ കേസിൽ നടനെ അഞ്ചുവർഷം കഠിനതടവിന് ശിക്ഷിച്ചപ്പോൾ ബോളിവുഡ് നടുങ്ങി. എന്നാൽ അന്നുതന്നെ ഹൈക്കോടതിയിൽനിന്ന് സൽമാന് ജാമ്യം ലഭിച്ചു. ഒറ്റ ദിവസം കൊണ്ടാണ് ജാമ്യം. നോക്കണം പണത്തിന്മേൽ പരുന്തും പറക്കില്ല എന്ന് പറയുന്നത് എത്ര ശരിയാണ്.
ഈ കേസിലെ അപ്പീലിലാണ് സെഷൻസ് കോടതി വിധിച്ച അഞ്ചു വർഷം കഠിനതടവ് മുബൈ ഹൈക്കോടതി ജസ്റ്റിസ് എ.ആർ. ജോഷി റദ്ദാക്കിയത്. പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെന്നും സംശയങ്ങൾക്കതീതമായി കുറ്റം തെളിയേണ്ടതുണ്ടെന്നും ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
നിറഞ്ഞുകവിഞ്ഞ കോടതിമുറിയിൽ വിധി കേൾക്കാൻ നടനും സഹോദരി അൽവിരയുമെത്തിയിരുന്നു. ജഡ്ജി വിധി പ്രസ്താവിച്ചയുടനെ സൽമാൻ പൊട്ടിക്കരഞ്ഞു.കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രമുഖ സാക്ഷികളുടെ മൊഴികളിൽ വൈരുധ്യമേറെയുണ്ടെന്ന് ജസ്റ്റിസ് ജോഷി ചൂണ്ടിക്കാട്ടി. ഇത്തരം മൊഴികളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാനാവില്ലെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.
നമ്മുടെ ശ്രീറാം വെങ്കിട്ടരാമൻ കേസിൽ എന്നപോലെ പൊലീസിന്റെ ഒത്തുകളി തന്നെ ആയിരുന്നു തുടക്കത്തിൽ തന്നെ കേസ് അട്ടിമറിക്കാൻ കാരണം.
മദ്യപിച്ചാണ് സൽമാൻ വാഹനമോടിച്ചിരുന്നതെന്ന് പൊലീസ് ആദ്യം വ്യക്തമാക്കിയിരുന്നില്ല. രക്തപരിശോധനയ്ക്ക് ശേഷമാണ് പ്രധാനസാക്ഷിയായ പൊലീസ് കോൺസ്റ്റബിൾ രവീന്ദ്രപാട്ടീൽ മദ്യപിച്ചിരുന്നതായി മൊഴി നൽകിയത്. 2002 സപ്തംബർ 28-നാണ് പാട്ടീൽ അപകടം സംബന്ധിച്ച് പൊലീസിൽ ആദ്യം മൊഴി നൽകിയത്. മദ്യപിച്ചാണ് സൽമാൻ വാഹനം ഓടിച്ചിരുന്നതെന്ന് അതിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ 2002 ഒക്ടോബർ ഒന്നിന് സൽമാന്റെ രക്തപരിശോധനാഫലം വന്നു. അതിന് ശേഷമാണ് പാട്ടീൽ മജിസ്‌ട്രേട്ടിന് മുമ്പാകെ സമർപ്പിച്ച മൊഴിയിൽ നടൻ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് പറഞ്ഞത്. ഇത് കോടതി വിശ്വസനീയമല്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. മദ്യപിച്ചത് പൂർണ്ണമായി തെളിയിക്കാനായില്ല.
സൽമാന്റെ രക്തസാമ്പിൾ എടുത്ത് രണ്ടു ദിവസം കഴിഞ്ഞായിരുന്നു പരിശോധന. അതിനാൽ രക്തം സൽമാന്റെ തന്നെയാണോയെന്നുള്ള കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു.. പ്രമുഖസാക്ഷികളുടെ മൊഴികളിലെ വൈരുധ്യം. ഇത്തരം മൊഴികളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാനാവില്ലെന്നും വിധിന്യായത്തിൽ വ്യക്തമാക്കി. കാറിന്റെ ടയർ പൊട്ടിയാണോ അപകടം നടന്നത് അതോ അപകട ശേഷമാണോ ടയർ പൊട്ടിയത് എന്ന കാര്യം കണ്ടെത്താനും പ്രോസിക്യൂഷനായിട്ടില്ല. കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ.സൽമാന്റെ അംഗരക്ഷകനായിരുന്ന രവീന്ദ്ര പാട്ടീൽ മരിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ വിചാരണ ചെയ്യാനും ആയില്ല.
വിവാദമായ കൃഷ്മൃഗവേട്ട
1998ൽ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ സൽമാൻ ഖാൻ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രാജസ്ഥാനിൽ ഉണ്ടായിരുന്നു. ഈ സമയത്താണ് വിവാദമായ വേട്ട നടന്നത്. രണ്ട് കൃഷ്ണ മൃഗങ്ങളെയും രണ്ട് ചിങ്കാരമാനുകളെയും കൊന്നുവെന്ന കേസുകളാണ് സൽമാന് മേൽ ചുമത്തപ്പെട്ടത്. സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ, സോണാലി ബാന്ധ്രെ, നീലം, തബു എന്നിവർ ചേർന്നാണ് വേട്ട നടത്തിയത്. കങ്കണി ഗ്രാമത്തിൽ വേട്ട നടത്തിയതിനും അനധികൃതമായി ആയുധം കൈയിൽവച്ചതിനുമാണ് കേസ്.
ചിങ്കാരമാനുകളെ കൊന്നകേസിൽ പല കാരണങ്ങളാലും കുറ്റ വിമുക്തനായെങ്കിലും കൃഷ്ണ മൃഗങ്ങളെ കൊന്ന കേസിൽ ശിക്ഷിക്കപ്പെടുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിത വിഭാഗത്തിലെ പ്രഥമ പട്ടികയിൽ ഉൾപെട്ട മൃഗങ്ങളാണിവ. 2018 ഏപ്രിൽ 5-ന് ജോധ്പൂർ കോടതി കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ഖാൻ കുറ്റക്കാരനാണെന്ന് വിധിച്ചു. പക്ഷേ സെയ്ഫ് അലി ഖാൻ, സൊനാലി ബിന്ദ്രെ, നീലം, തബു എന്നിവരെ വെറുതെവിട്ടു. അഞ്ച് വർഷത്തെ തടവും 10000 രൂപ പിഴയുമാണ് സൽമാണ് വിധിച്ചത്. പക്ഷേ തൊട്ടടുത്ത ദിവസം തന്നെ ജാമ്യം കിട്ടി. ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വാദം കേൾക്കു ന്ന ജഡ്ജി ഉൾപ്പെടെ 87 പേരെ സ്ഥലം മാറ്റിയിരുന്നു. കേസിൽ അഞ്ചുവർഷം ശിക്ഷിക്കപ്പെട്ട സൽമാൻ രണ്ടു ദിവസമാണ് ജയിലിൽ കഴിഞ്ഞത്. രണ്ട് രാത്രി മുഴുവൻ ജയിലിൽ കിടന്നെങ്കിലും വലിയ സൗകര്യങ്ങൾ സൽമാന് എത്തിച്ചു നൽകിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.ഖാനെ ഏപ്രിൽ 7-ന് ജാമ്യത്തിൽ വിട്ടയച്ചു.
50,000 രൂപ കെട്ടിവെക്കാൻ കോടതി ഉത്തരവിട്ടു. സേവനപ്രവർത്തനങ്ങൾ ചെയ്യുന്ന താരത്തിന് മാനുഷിക പരിഗണന നൽകി ജാമ്യമനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. സാക്ഷിമൊഴികൾ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും വാദമുയർന്നു. കെട്ടിച്ചമച്ച തെളിവുകളാണ് പൊലീസ് ഹാജരാക്കിയതെന്നും ദൃക്സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. ഈ കേസിൽ അപ്പീൽ ഇനിയും തീർപ്പാക്കിയിട്ടില്ല.
ഈ കേസിലും സിനിമാലോകം ഒറ്റെക്കെട്ടായി സൽമാന് പിറകിൽ നിൽക്കയായിരുന്നു. സൽമാന്റെ പടങ്ങൾ തടസ്സപ്പെട്ടാൻ ബോളിവുഡിന് ഉണ്ടാകുന്ന കോടികളുടെ നഷ്ടം ആയിരുന്നു എവിടെയും ചർച്ച. പണം ഒഴുക്കി എല്ലാവരെയും സൽമാൻ വിലക്കെടുന്നു. പക്ഷേ അയാൾക്ക് വിലക്കെടുക്കാൻ പറ്റാത്ത ഒരു വിഭാഗം ആളുകൾ ഈ ലോകത്ത് ഉണ്ടായിപ്പോയി. അവരാണ് കൃഷ്ണമൃഗങ്ങളെ ജീവന് തുല്യം സ്്നേഹിക്കുകയും പരിശുദ്ധ മൃഗങ്ങളായി ആരാധിക്കയും ചെയ്യുന്ന ബിഷ്ണോയികൾ.
കോടതി വിട്ടാലും ബിഷ്ണോയികൾ വിടില്ല
സൽമാൻ ഖാനെ കുടുക്കിയ ബിഷ്ണോയി സമുദായത്തിന്റെ ജീവിതകഥയും ഏറെ രസകരമാണ്. പടിഞ്ഞാറൻ രാജസ്ഥാനിൽ ബിഷ്ണോയി സമുദായക്കാർ അറിയപ്പെടുന്നതു തന്നെ പ്രകൃതി സംരക്ഷകരായിട്ടാണ്. കൃഷ്ണ മൃഗത്തെ ദൈവമായി കാണുന്നവരാണ് ഇവർ. മാനിന് പാലൂട്ടുന്ന ബിഷ്ണോയി സ്ത്രീയുടെ ചിത്രം അവരുടെ വിശ്വാസത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു. പരിക്കേറ്റതും കൂട്ടംതെറ്റിയതുമായ മാനുകളെ ഇവർ ദത്തെടുക്കുകയും മക്കളെപ്പോലെ പരിചരിക്കുകയും ചെയ്യുന്നു. ബിഷ്‌ണോയ്കൾ മൃതദേഹം ദഹിപ്പിക്കാറില്ല. മരം വെട്ടുന്നത് ഒഴിവാക്കാനാണിത്. മൃതദേഹം കുഴിച്ചിടുന്നത് മണ്ണിനെ ഫലപുഷ്ടിയുള്ളതാക്കുമെന്നും ഇവർ കരുതുന്നു.
15ാം നൂറ്റാണ്ടിൽ രൂപം കൊണ്ടതാണ് ബിഷണോയി വിശ്വാസം. ഗുരു ജംബേശ്വർ ആണ് അതിന്റെ സ്ഥാപകൻ. 29 പ്രമാണങ്ങളുള്ള ആ വിശ്വാസത്തിലെ എട്ട് പ്രമാണങ്ങൾ ജൈവ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ദൈവത്തിന്റെ കണ്ണിൽ എല്ലാ ജീവി വർഗ്ഗങ്ങളും തുല്യരാണെന്നാണ് അവരുടെ വിശ്വാസം.
സ്വന്തം ജീവിതം അപകടത്തിലായാൽ പോലും പ്രകൃതിയെ സംരക്ഷിക്കുക എന്നത് ബിഷ്ണോയി സമുദായം എത്രയോ കാലമായി ചെയ്തു വരുന്നതാണ്. അതിനുദാഹരണമാണ് അമൃതാ ദേവി ബിഷ്ണോയിയുടെ കഥ. 1730 ൽ രാജാവിന്റെ ആളുകൾ വൃക്ഷങ്ങൾ മുറിക്കുവാനെത്തിയപ്പോൾ തടഞ്ഞ അമൃതാ ദേവിയുടെയും മക്കളുടെയും കഥ പ്രശസ്തമാണ്. രാജാവിന്റെ ആളുകൾ മരം മുറിക്കാനായി എത്തിയപ്പോൾ അമൃതാദേവിയും മൂന്നുമക്കളും ചേർന്ന് മരങ്ങളെ ഇറുകിപ്പുണർന്നുനിന്നു. അവരെത്തുടർന്ന് പിന്നാലെ മറ്റുള്ള ബിഷ്ണോയികളുമെത്തി. എന്നാൽ, അന്ന് രാജാവിന്റെ ആളുകൾ കൊന്നുതള്ളിയത് 363 പേരെയാണ്. എന്നിട്ടും അവർ പിന്മാറിയില്ല. അത്രയും വലിയ സമരം നടത്തിയവരാണോ ഒരു ചലച്ചിത്ര താരത്തിന് മുന്നിൽ അടിയറവ് പറയുക!
അവർ ഒരിക്കലും വഹ്ന എന്ന വൃക്ഷം മുറിക്കാറില്ല. അതിനി വീടിന് ഭീഷണിയാകുന്ന തരത്തിൽ വളർന്നാൽപ്പോലും. അവർ മുറിക്കില്ലായെന്ന് മാത്രമല്ല, ചുറ്റുമുള്ള മറ്റ് സമുദായത്തിലുള്ളവർ മുറിക്കുന്നതിൽ നിന്നും ഇവർ തടയുകയും ചെയ്യുന്നു. പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും പുറത്തുനിന്ന് രഹസ്യമായി രാത്രികളിൽ മൃഗങ്ങളെ വേട്ടയാടാനെത്തുന്നവരുമായി കലഹിക്കേണ്ടി വരാറുണ്ട് പലപ്പോഴും ഇവർക്ക്.
പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച്ചുള്ള നിയമങ്ങളെല്ലാം ഇവർ പഠിച്ചുവെക്കാറുണ്ട്. മൃഗങ്ങളെയോ മറ്റോ അക്രമിക്കാനെത്തുവർക്കെതിരെ പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങാനും ഇവർക്ക് മടിയില്ല. അതിനായി നിരവധി എൻജിഒകളും പ്രവർത്തിക്കുന്നുണ്ടിവിടെ. സൽമാൻ ഖാനെതിരെയുള്ള കേസും ശിക്ഷയും ഒരുപാട് പേർക്ക് ഒരു പാഠമായിട്ടുണ്ട് എന്നുമാണ് ബിഷ്ണോയി ടൈഗർ ഫോഴ്സ് ജനറൽ സെക്രട്ടറി രാം നിവാസ് പറയുന്നത്. വന്യജീവികളെ ഉപദ്രവിച്ചാൽ അഴിയെണ്ണും ആരായാലും എന്ന കാര്യം ഏറെക്കുറെ ആളുകൾക്ക് ബോധ്യമായി എന്നും ഇവർ പറയുന്നു.
തീർക്കുമെന്ന് ലോറൻസ് ബിഷ്ണോയി
പൊതുവേ ശാന്തരും സമാധാന പ്രേമികളും ആണെങ്കിലും, ബിഷ്ണോയികളിലെ ഒരു വിഭാഗം ഇപ്പോൾ അധോലോക പ്രവർത്തനങ്ങളിൽവരെ എത്തിയിരിക്കയാണ്. അവരിൽ പ്രമുഖനാണ് മനുഷ്യക്കടത്ത് തൊട്ട് ആൽബം നിർമ്മാണവും, ക്വട്ടേഷനും ഒക്കെയുള്ള ലോറൻസ് ബിഷ്ണോയി.
കൃഷ്ണമൃഗത്തെ കൊന്നതിന് സൽമാൻ ഖാനോട് പൊറുക്കില്ലെന്ന് അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയി പരസ്യമായാണ് പറഞ്ഞത്. ഗായകൻ സിദ്ദു മുസൈവാലയെ കൊന്നകേസിൽ തിഹാർ ജയിലിലാണ് ബിഷ്ണോയി ഇപ്പോൾ. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നിൽ അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കിയിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് സിദ്ധുവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ സംഘത്തിലെ അംഗമായ ലക്കി, കാനഡയിൽനിന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
''കൃഷ്ണമൃഗത്തെ കൊന്നകേസിൽ സൽമാൻ ഖാന്റെ വിധി കോടതിയല്ല. താൻ വിധിക്കും. ഞാനും തന്റെ സമുദായവും സൽമാനോട് ക്ഷമിക്കില്ല''- സൽമാനെ കൊല്ലാൻ ആളെവിട്ട കേസിൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ ലോറൻസിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. സൽമാൻ ഖാനെ വകവരുത്താൻ ബിഷ്ണോയി ഷൂട്ടറെ അയച്ചിരുന്നുവെന്ന് പൊലീസ് റെക്കോഡിലുണ്ട്. രാജസ്ഥാൻ സ്വദേശിയായ സമ്പത്ത് നെഹ്റയോട് സൽമാനെ വകവരുത്തണമെന്ന് ബിഷ്ണോയി ആവശ്യപ്പെട്ടു. സമ്പത്ത് നെഹ്റ മുംബൈയിലെത്തുകയും ബാന്ദ്രയിലെ നടന്റെ വസതിയുടെ പരിസരത്ത് ചുറ്റിത്തിരിയുകയും ചെയ്തു. ഒരു പിസ്റ്റൾ മാത്രമേ ഇയാളുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ദൂരെ നിന്ന് സൽമാനെ വെടിവെയ്ക്കാൻ സാധിച്ചില്ല.
തുടർന്ന് ഇയാൾ ദിനേഷ് ഫൗജി എന്നൊരോളോട് ആർകെ സ്പിങ് റൈഫിൾ എത്തിച്ചു നൽകാൻ ആവശ്യപ്പെട്ടു. 3-4 ലക്ഷം രൂപ അതിനായി അനിൽ പാണ്ഡെ എന്നൊരാളുടെ പക്കൽ കൊടുക്കുകയും ചെയ്തു. എന്നാൽ പൊലീസ് ദിനേഷ് ഫൗജിയെ അറസ്റ്റ് ചെയ്തതോടെ ഓപ്പറേഷൻ നടന്നില്ല. 2011-ൽ റെഡി എന്ന സിനിമയുടെ സെറ്റിൽവച്ചു സൽമാൻ ഖാനെ അപായപ്പെടുത്താൻ ഇവർ ആസൂത്രണം ചെയ്തിരുന്നു. നരേഷ് ഷെട്ടിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാൽ ആയുധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ആ ശ്രമവും പരാജയപ്പെട്ടു.സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ ഇവർ ഭീഷണിക്കത്തും അയച്ചിരുന്നു.
സൽമാനെ ലക്ഷ്യമിടുന്നതിന് പിന്നിൽ ബിഷ്ണോയി സമുദായത്തിന്റെ രക്ഷകൻ ആണെന്ന് തെളിയിക്കാനുള്ള ശ്രമവും ലോറൻസിനുണ്ട്. അതുവഴി വിദേശത്ത് അടക്കമുള്ള സ്വസമുദായക്കാരിലൂടെ വൻ ഫണ്ട് ശേഖരിക്കാൻ കഴിയും. തന്റെ അധോലോക പ്രവർത്തനങ്ങൾക്ക് മറ ഒരുക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങൾ ലോറൻസിന് ഈ വിഷയത്തിൽ ഉണ്ട്. എന്തായാലും സൽമാന് ഇത് ഉറക്കമില്ലാത്ത നാളുകളാണ്. കാരണം കൃഷ്ണമൃഗവേട്ട ഒരു വിശ്വാസ പ്രശ്നമാണ്. അതിന്റെ പക എത്രകാലം കഴിഞ്ഞാലും നിലനിൽക്കും. മനുഷ്യരെ കൊന്നിട്ട് പുല്ലുപോലെ ഇറങ്ങിപ്പോയ സൽമാൻ, മൃഗവേട്ടയോടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടം ഓടുകയാണ്!
വാൽക്കഷ്ണം: നടിയെ ആക്രമിച്ച കേസും, ശ്രീറാം വെങ്കിട്ടരാമൻ കേസും എന്താകും എന്നതിന്റെ സൂചനകൾ സൽമാൻഖാൻ കേസിലും നമുക്ക് കാണാൻ കഴിയും. പണവും അധികാരവും ഉള്ളവന്റെ മുന്നിൽ സാക്ഷികൾ ഒന്നൊന്നായി കുറുമാറും. തെളിവുകൾ ആവിയാവും. മൊബൈൽ ഫോണുകൾ കാണാതാവും!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ