രു സഖ്യം പിരിഞ്ഞാൽ സാധാരണ ഇരുകക്ഷികളിലും ഒരു മ്ലാനതയാണ് ഉണ്ടാവുക. പക്ഷേ ഇവിടെ ഒരു രാഷ്ട്രീയ സഖ്യം പിരിഞ്ഞതിന്റെ പേരിൽ അണികൾ അത് പടക്കംപൊട്ടിച്ച് ആഘോഷിക്കയാണ്. അതാണ് അണ്ണാഡിഎംകെ- ബിജെപി സഖ്യം പൊളിഞ്ഞപ്പോൾ, ചെന്നെയിലെ എഐഎഡിഎംകെ ഓഫീസുകളിൽ സംഭവിച്ചത്. പ്രവർത്തകർ പടക്കം പൊട്ടിച്ച് സന്തോഷിക്കയാണ്. സത്യത്തിൽ ബിജെപി എന്ന പാർട്ടിയേക്കൾ ആവർ ഭയക്കുന്നത്, കെ അണ്ണാമലൈ എന്ന വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ 'ശല്യം' തീർന്നുവല്ലോ എന്നാണ്. അണ്ണാമലൈയുമായുള്ള ഭിന്നതകൾ കൊണ്ടാണ് തമിഴ്‌നാട്ടിലെ ബിജെപി എഐഎഡിഎംകെ സംഖ്യം പൊളിയുന്നത്.

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയെക്കുറിച്ച് അണ്ണാമലൈ നടത്തിയ വിവാദപരാമർശങ്ങൾക്ക് പിന്നാലെയാണ് എഐഎഡിഎംകെയുടെ തീരുമാനം. എംപിമാരും എംഎൽഎമാരും ജില്ലാ മേധാവികളും പങ്കെടുത്ത യോഗത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസായതിന് പിന്നാലെ എഐഎഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ പി മുനുസ്വാമിയാണ് ബിജെപി സഖ്യം ഉപേക്ഷിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രവർത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.

അറിയിപ്പിന് പിന്നാലെ എഐഎഡിഎംകെ പ്രവർത്തകർ പാർട്ടി ആസ്ഥാനത്തിനുമുന്നിൽ ആഹ്ലാദപ്രകടനം നടത്തി. സനാതന ധർമ്മ പരാമർശത്തിൽ തമിഴ്‌നാട് ഹിന്ദു മത സ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖറിനെതിരെയുള്ള പ്രതിഷേധത്തിനിടെ അണ്ണാമലൈ നടത്തിയ വിവാദ പരാമർശമാണ് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.1956ൽ മധുരയിൽ പൊതുസമ്മേളനത്തിൽ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊൻ മുത്തുമാരലിംഗ തേവർ അത് ശക്തമായി എതിർത്തുവെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്. പരാമർശത്തിനെതിരെ മുൻ മന്ത്രിമാരടക്കമുള്ള എഐഎഡിഎംകെ നേതാക്കൾ ശക്തമായി രംഗത്തെത്തിയിരുന്നു.

എൻഡിഎ സഖ്യം പൊളിഞ്ഞതോടെ ഡിഎംകെ ക്യാമ്പിലും ആവേശം ഏറെയാണ്. മറുവശത്ത് 'ഇന്ത്യാ' എന്ന സഖ്യമുണ്ട്. അതിനാൽ അടുത്ത പത്തുവർഷത്തേക്ക് തമിഴ്‌നാട് ഭരണം തങ്ങളുടെ കൈകളിൽ തന്നെ ആയിരിക്കുമെന്ന് ഇവർ കരുതുന്നു. പക്ഷേ അണ്ണാമലൈ എന്ന മുൻ ഐപിഎസ് ഉദ്യോസ്ഥന് ഇതുകൊണ്ടൊന്നും, യാതൊരു കുലുക്കവുമില്ല. തന്റെ പ്ലാൻ കൃത്യമായി വർക്കൗട്ടാവുന്നതിന്റെ ഗൂഢ സന്തോഷത്തിലാണ് അയാൾ എന്നാണ് ടൈംസ് ഓഫ് ഇന്ത്യയെപ്പോലുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടിലെ അണ്ണാമലൈ പ്ലാൻ

ഒരു മുന്നണി ഉണ്ടാക്കി എങ്ങനെയെങ്കിലും തെരഞ്ഞെടുപ്പിൽ ജയിച്ച് സർക്കാരിൽ പങ്കാളിയായി അധികാരത്തിന്റെ എല്ലിൻ കഷണം കിട്ടാൻ വേണ്ടിയല്ല അണ്ണാമലൈ തമിഴ്‌നാട്ടിൽ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിക്കുന്നത് എന്നാണ്, അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ബിജെപിയെ ഒറ്റക്കക്ഷിയായി വളർത്തിക്കൊണ്ടുവന്ന് തമിഴ്‌നാടിനെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച് സംസ്ഥാനത്തെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ യോജിപ്പിക്കുക എന്നതാണ് അണ്ണാമലൈ ഏറ്റെടുത്തിട്ടുള്ള ദൗത്യമെന്ന് ഇവർ പറയുന്നു.

ദ്രാവിഡ രാഷ്ട്രീയം തമിഴ്‌നാടിന്റെ ക്യാൻസർ ആണ് അണ്ണാമലൈ കരുതുന്നത്. 1967 ൽ അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡിഎംകെ അധികാരം പിടിച്ചതിന് ശേഷം ഒരു ദേശീയ പാർട്ടിക്കും അവിടെ വളരാൻ കഴിഞ്ഞിട്ടില്ല. ഒരു രൂപയ്ക്ക് രണ്ട് സേർ അരി എന്ന സൗജന്യ വാഗ്ദാനത്തിലൂടെ വോട്ടർമാരെ പ്രലോഭിപ്പിച്ചിട്ടാണ് അണ്ണാദുരൈ അധികാരം പിടിച്ചത്. അന്ന് രണ്ട് മാസത്തിൽ കൂടുതൽ ആ നിരക്കിൽ അരി നൽകാൻ അണ്ണാദുരൈക്ക് കഴിഞ്ഞിരുന്നില്ല. പക്ഷെ അതിന് ശേഷം സൗജന്യങ്ങൾ വാരിക്കോരി തരും എന്ന് പ്രകടനപത്രികയിൽ പറഞ്ഞും അതൊക്കെ നൽകിയുമാണ് ഇക്കാലംവരെ അവിടെ ഡിഎംകെയും എഐഡിഎംകെ യും മാറി മാറി ജയിച്ചിട്ടുള്ളത്.

ഡിഎംകെ യുടെ രാഷ്ട്രീയവും നിലപാടും എല്ലായപ്പോഴും നമ്മുടെ രാജ്യത്തിന് എതിരായിരുന്നവെന്ന് ബിജെപി ആരോപിക്കുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഡി.എംകെക്കാർ തമിഴ് പുലികൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴും ഒരു സ്വതന്ത്ര തമിഴ്‌നാട് ഡിഎംകെ.ക്കാർ സ്വപ്നം കാണുന്നുണ്ട്. വിഘടനവാദം നിയമവിരുദ്ധം ആയതുകൊണ്ട് മാത്രമാണ് അത് പബ്ലിക്ക് ആയി പറയാത്തത്.

'' തമിഴ്‌നാട്ടിൽ വ്യാപിച്ച ദ്രാവിഡ ക്യാൻസർ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. അതിന് വേണ്ടിയാണ് അണ്ണാമലൈ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ മുന്നണി മര്യാദ എന്ന കാപട്യത്തിലൂടെ അണ്ണാ ഡി. എം. കെ.ക്ക് വഴങ്ങികൊടുക്കാൻ അദ്ദേഹത്തിന് കഴിയില്ല.ബിജെപിയുമായി എഐഡിഎംകെ സഖ്യം അവസാനിപ്പിച്ചത് അണ്ണാമലൈയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ഒരു സൗകര്യമാണ്. തമിഴ്‌നാട്ടിൽ ബിജെ പി ഒറ്റയ്ക്ക് ഭരിക്കുക എന്ന ലക്ഷ്യത്തിൽ അൽപ്പം പോലും വെള്ളം ചേർക്കാൻ അണ്ണാമലൈ തയ്യാറല്ല. അദ്ദേഹം മറ്റുള്ളവരെ പോലെ അധികാരത്തിന് വേണ്ടി രാഷ്ട്രീയത്തിൽ വന്ന ശരാശരി രാഷ്ട്രീയക്കാരനല്ല. മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി മാറുന്ന ഭാരതത്തിനൊപ്പം തമിഴ് നാടിനെയും ഉറപ്പിച്ചു നിർത്താൻ വന്ന അസാധാരണ വ്യക്തിയാണ്. അതുകൊണ്ട് മറ്റു രാഷ്ട്രീയക്കാരുടെ ഒരു ദൗർബല്യവും അദ്ദേഹത്തിനില്ല. ദ്രാവിഡന്റെ പേര് പറഞ്ഞു നടക്കുന്ന കരുണാനിധി കുടുംബത്തിന്റെ രാജവാഴ്ച അവസാനിപ്പിക്കണം'-ഇങ്ങനെയാണ് അണ്ണാമലൈയുടെ നീക്കങ്ങളെക്കുറിച്ച് ദിനതന്തി പത്രത്തിൽ മാധ്യമ പ്രവർത്തകൻ ആർ സുബ്ബറാവു എഴുതുന്നത്.
സർവീസിലിരിക്കേ ഗുണ്ടകളുടെ പേടിസ്വപ്നമായ ഈ മനുഷ്യന് രാഷ്ട്രീയ ഗുണ്ടകളെയും ചൊടിയോടെ നേരിടാൻ കഴിയുമെന്നാണ് ആരാധകർ പറയുന്നത്.

ഗൗണ്ടർ വോട്ടുകൾ എങ്ങോട്ട്?

്ഉത്തരേന്ത്യയിലൊക്കെ ബിജെപി കൃത്യമായി നടപ്പാക്കിയ മതത്തെവെച്ച് ജാതിയെ വെട്ടുക എന്ന പരിപാടി തന്നെയാണ് അണ്ണാമലൈ തമിഴ്‌നാട്ടിലും നടപ്പാക്കാൻ പോവുന്നത്. വ്യക്തമായ നേതൃത്വമില്ലാത്ത എഐഡിഎംകെയെ പതുക്കെ പതുക്കെ വിഴുങ്ങാൻ കഴിയും എന്നാണ് അദ്ദേഹം കരുതുന്നത്. തമിഴ്‌നാട്ടിലെ ഗൗണ്ടർ ജാതിക്കാരാണ് എഐഡിഎംകെയുടെ വോട്ട്ബാങ്ക്. അതിൽ ഇപ്പോൾ തന്നെ ബിജെപിക്ക് അനുകൂലമായി, ഒരു ട്രെൻഡ് കാണുന്നുണ്ടെന്നാണ് നിഷ്പക്ഷ മാധ്യമങ്ങൾ പറയുന്നത്. അണ്ണാമലൈയും ഗൗണ്ടർ ആണ്.

ആദ്യം എഐഡിഎംകെയെ തകർത്ത് മുഖ്യധാരാ പ്രതിപക്ഷമാവുക. അതിനുശേഷം അധികാരം പിടിക്കുക. അതാണ് ഇവിടെ അണ്ണാമലൈ പയറ്റുന്ന തന്ത്രം. സനാതാന ധർമ്മ വിവാദത്തിലൊക്കെ, മതവികാരം പരമാവധി ആളിക്കത്തിക്കാനാണ് ബിജെപി ക്യാമ്പ് ശ്രമിച്ചത്. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ എന്നീ ജില്ലകളും ദിണ്ടിഗലിലേയും ധർമപുരിയിലേയും കുറച്ച് ഭാഗവും അടങ്ങുന്ന കൊങ്കുനാട്ടിലാണ് ബിജെപിയുടെയും പ്രതീക്ഷ. ഇതുാെണ്ടാണ് കൊങ്കുനാട് എന്ന പേരിൽ കോയമ്പത്തുർ ആസ്ഥാനമാക്കി പുതിയ സംസ്ഥാനം വേണമെന്ന് ബിജെപി കാമ്പയിൻ നടത്തിയത്.

ഇന്ത്യയിൽ ബിജെപിക്ക് ചുവടുറപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുന്ന സംസ്ഥാനം ഏത് എന്ന് ചോദിച്ചാൽ അതിന്റെ ആദ്യ ഉത്തരം തമിഴ്‌നാടാണ്. അണ്ണാ ഡിഎംകെ എന്ന പ്രബല പാർട്ടിയുമായി സഖ്യമുണ്ടാക്കിയിട്ട് പോലും നാല് സീറ്റിൽ മാത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാനായത്. എന്നാൽ 15 വർഷത്തിന് ശേഷം തമിഴ്‌നാട് നിയമസഭയിൽ അംഗങ്ങളുണ്ടായി എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ കാര്യമാണ്.

ആകെയുള്ള നാല് എംഎ‍ൽഎമാരിൽ രണ്ട് പേർ കൊങ്കുനാട് മേഖലയിൽനിന്നാണ്. കോയമ്പത്തൂർ സൗത്തിൽ കമൽഹാസനെ തോൽപ്പിച്ച വാനതി ശ്രീനിവാസൻ എന്ന മഹിളാ മോർച്ചയുടെ അഖിലേന്ത്യാ പ്രസിഡറാണ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയും പുതിയ കേന്ദ്രമന്ത്രി എൽ. മുരുകനും കൊങ്കുനാട് മേഖലയിൽ നിന്നുള്ളവർ. ബിജെപിക്ക് തമിഴ്‌നാട്ടിൽ കുറച്ചെങ്കിലും സ്വാധീനമുള്ളത് കോയമ്പത്തൂരിലാണ്. കോയമ്പത്തൂർ തലസ്ഥാനമായി കൊങ്കുനാട് എന്ന പുതിയ സംസ്ഥാനമെന്ന വാദം ബിജെപി. ഉയർത്തിക്കൊണ്ടു വരുന്നത് ആ ഭാഗത്തെ പാർട്ടി വളർച്ചയ്ക്ക് വേണ്ടിയാണ് എന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ടാലുള്ള സാധ്യതകൾ വിശദീകരിച്ച് വോട്ട് ബാങ്കുകൾ രൂപീകരിക്കാമെന്നും ആന്തരിക പ്രശ്നങ്ങൾ അലട്ടുന്ന അണ്ണാ ഡി.എം.കെയിൽനിന്ന് ഗൗണ്ടർ വിഭാഗത്തെ ഒപ്പം കൂട്ടാമെന്നും ബിജെപി. കണക്ക് കൂട്ടുന്നുണ്ട്.

തമിഴ്‌നാട്ടിലെ ആഭ്യന്തര വരുമാനത്തിന്റെ വലിയ പങ്ക് കൊങ്കുനാട് മേഖലയിലെ ജില്ലകളിൽനിന്നാണ്. പ്രധാനപ്പെട്ട വ്യാപാര വ്യവസായശാലകൾ ഈ ജില്ലകളിലുണ്ട്. പ്രത്യേകിച്ച് നാമക്കലിലും സേലത്തും കോയമ്പത്തൂരും തിരുപ്പൂരും. ഒപ്പം കാർഷികകേന്ദ്രം കൂടിയാണ് ഈ പ്രദേശങ്ങൾ. ഈ മേഖല ആദ്യം പിടിച്ചാൽ അത് തമിഴകത്തിന്റെ ഹൃദയത്തിലേക്കുള്ള വളർച്ചയുടെ തുടക്കം ആവുമെന്നും ബിജെപി കരുതുന്നു. എന്തായാലും കൊങ്കുനാടിന്റെയും ഗൗണ്ടർമാരുടെയും പ്രാദേശിക വികാരം ആളിക്കാത്തിക്കാൻ ബിജെപി നേതാക്കൾ കണിഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

തമിഴകത്തിന്റെ 'പ്രതിപക്ഷ നേതാവ്'

കേരളത്തിലെ കെജെപി എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്ന നേതാക്കളെപ്പോലെയുള്ള ഒരാളല്ല അണ്ണാമലൈ. ഇത്രയും പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും, തമിഴകത്തിന്റെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ് എന്ന പദവി അയാൾ നേടിയെടുത്തു. പ്രാദേശികവാദവും ജാതീയമായ വോട്ടുബാങ്കുകളും കൊടികുത്തിവാഴുന്ന തമിഴ്‌നാട്ടിൽ മതബോധത്തിന്റെ പേരിൽ ഒരിടം പെട്ടെന്ന് നേടിയെടുക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവ് ഇന്ന് ബിജെപിക്കുമുണ്ട്.

മുപ്പത്തിയേഴാം വയസ്സിൽ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാർട്ടി സംസ്ഥാന അധ്യക്ഷനായിരുന്നു അണ്ണാമലൈ. അതുവരെ ഹിന്ദുത്വ രാഷ്ട്രീയം മാത്രം കേട്ടുശീലിച്ച തമിഴ്‌നാട്ടിലെ ബിജെപി അണികൾക്കിടയിലേക്ക് ഭരണപക്ഷത്തിനെതിരെ കൃത്യമായ ആരോപണങ്ങൾ ഉന്നയിക്കുന്ന, തുടർച്ചയായി അഴിമതി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്ന, ഉരുളയ്ക്കുപ്പേരി പോലെ എന്തിനും ഏതിനും മറുപടി നൽകുന്ന ഒരു വീരപുരുഷനായാണ് അണ്ണാമലൈ അവതരിച്ചത്. മാത്രമല്ല, ഡൽഹിയിൽപോയി സംസാരിക്കുമ്പോൾപോലും ഹിന്ദി ഒഴിവാക്കിയാണ് അദ്ദേഹം സംസാരിക്കുക. തമിഴന്റെ ഭാഷാവികാരം അയാൾക്ക് നന്നായി അറിയാം. ഉത്തരേന്ത്യൻ ഗോസായി പാർട്ടി എന്ന ആരോപണത്തിൽനിന്ന് മാറ്റി തമിഴന്റെ പാർട്ടിയാക്കി ബിജെപിയെ വളർത്താനാണ് അണ്ണാമലൈ നോക്കുകന്നത്.

അടിമുടി രാഷ്ട്രീയക്കാരൻ എന്നതിനേക്കാൾ സിവിൽ സർവീസ് ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിത്തിരിച്ച യുവാവ് എന്ന പ്രതിച്ഛായയും ഒരു കർഷക കുടുംബത്തിൽനിന്ന് സ്വന്തം അധ്വാനത്താൽ ഉയർന്നുവന്ന വ്യക്തി എന്ന മേൽവിലാസവുമാണ് തുടക്കം മുതൽ അണ്ണാമലൈയ്ക്കു ലഭിച്ചത്. പദവി ഏറ്റെടുത്ത് രണ്ടു വർഷത്തിനുള്ളിൽ അണ്ണാഡിഎംകെയെ പോലും അപ്രസക്തമാക്കും വിധം സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് അണ്ണാമലൈ വളർന്നുകഴിഞ്ഞു.

ഉദയനിധിയുടെ സനാതന പരാമർശത്തിനെതിരെയും അണ്ണാമലൈ രംഗത്തു വന്നിട്ടുണ്ട്. മുഗളന്മാർക്കും ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ക്രിസ്ത്യൻ മിഷനറിമാർക്കും പോലും തൊടാൻ പറ്റാതിരുന്ന സനാതന ധർമത്തെ ഇല്ലാതാക്കാൻ ആരാണ് ഉദയനിധി എന്നു ചോദിച്ചായിരുന്നു അണ്ണാമലൈയുടെ മറുപടി. സ്വന്തം അമ്മയോട് അമ്പലത്തിലേക്ക് പോകരുതെന്നു പറയാനുള്ള ധൈര്യം ഉദയനിധിക്കുണ്ടോയെന്നും ബിജെപി തമിഴ്‌നാട് അധ്യക്ഷൻ ആഞ്ഞടിച്ചു. ആധ്യാത്മികതയുടെ മണ്ണായാണ് തമിഴ്‌നാടിനെ അണ്ണാമലൈ വിശേഷിപ്പിച്ചതും.തമിഴ്‌നാട്ടിൽ കോൺഗ്രസും, എഐഡിഎംകെയും അടക്കമുള്ള പാർട്ടികൾ ഏതാണ്ട് തീർന്നുകഴിഞ്ഞു. ഇനി ഡിഎംകെയും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള ഫൈറ്റാണ് വരാനിരിക്കുന്നത്. സ്റ്റാലിന് എഴുപതുവയസ്സായി. അതുകൊണ്ടുതന്നെ ഇനിയുള്ള കാലം ഏതാണ്ട് സമപ്രായക്കാരായ ഉദയനിധിയും, അണ്ണാമലൈയും തമ്മിലുള്ള പോരാട്ടത്തിനാവും തമിഴകം സാക്ഷ്യം വഹിക്കുകയെന്ന് മാധ്യമങ്ങൾ എഴുതുന്നുണ്ട്. അതിനായുള്ള ഉദയനിധിയുടെ ഡ്രസ് റിഹേഴ്സലായിരുന്നു ഈ സനാതന വിവാദം എന്ന് കരുതുന്നവരും ഉണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ അനുഭവമാണ് അണ്ണാമലൈയുടേത്. അതുകൊണ്ടുതന്നെ അയാൾ തമിഴ്‌നാട് പിടിക്കുമെന്ന് പറഞ്ഞാൽ അത് വെറുംവാക്കല്ല എന്ന് ഉറപ്പിക്കാം.

'ഉഡുപ്പി സിങ്കം' എന്ന സൂപ്പർ കോപ്പ്

'സൂപ്പർ കോപ്പ്', 'ഉഡുപ്പി സിങ്കം' എന്നൊക്കെ അറിയപ്പെടുന്ന അണ്ണാമലൈ കുപ്പുസ്വാമി ഐപിഎസ് കർണാടകയിൽ ഏറെ ജനപ്രിയനായ ഒരു പൊലീസ് ഓഫീസർ ആയിരുന്നു. 2020 ഓഗസ്റ്റ് 25ാനാണ് ഈ 2011 ബാച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ, ബിജെപിയിൽ പ്രാഥമികാംഗത്വം എടുത്തുകൊണ്ട്, തന്റെ മുപ്പത്തഞ്ചാം വയസ്സിൽ ഔപചാരികമായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

താനൊരു തികഞ്ഞ രാജ്യസ്നേഹി ആണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൃദയത്തിൽ വച്ചാരാധിക്കുന്ന വ്യക്തിയാണ് എന്നുമൊക്കെ അവകാശപ്പെടുന്ന അണ്ണാമലൈ പറയുന്നത് രാജ്യത്ത് സ്വജനപക്ഷപാതവും പാദസേവയും ഒന്നുമില്ലാത്ത ഒരേയൊരു പാർട്ടി ബിജെപി ആണെന്നും പറഞ്ഞുള്ള അണ്ണാമലൈയുടെ ആദ്യ പ്രസംഗം തന്നെ ശ്രദ്ധേയമായിരുന്നു.

കർണാടക പൊലീസിൽ എസ്‌പി ആയിരുന്ന അണ്ണാമലൈ, മെയ് 2019 -ലാണ് സർവീസിൽ നിന്ന് രാജിവെച്ചിറങ്ങുന്നത്. തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ജനിച്ച അണ്ണാമലൈ കോയമ്പത്തൂർ പിഎസ്ജി കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും, ഐഐഎം ലഖ്‌നൗവിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടിയ ശേഷമാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത്. 2011 ബാച്ചിൽ ഐപിഎസ് പാസായ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിങ് 2013 -ൽ ഉഡുപ്പി എഎസ്‌പി ആയിട്ടായിരുന്നു. സ്ഥാനമേറ്റെടുത്ത ശേഷം ആ തീരദേശ നഗരത്തിലെ കുറ്റവാളികൾക്ക് അണ്ണാമലൈ ഒരു പേടിസ്വപ്നമായി മാറിയിരുന്നു. അവിടെ വച്ചാണ് അദ്ദേഹത്തിന് 'ഉഡുപ്പി സിങ്കം' എന്ന വിളിപ്പേര് കിട്ടിയത്. 2013 -14 കാലയളവിൽ വർഗീയ കലാപങ്ങൾ ധാരാളമുണ്ടായ ഭട്കൽ ബെൽറ്റിൽ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹം ഖുർആനും ആഴത്തിൽ അഭ്യസിക്കാൻ ശ്രമിച്ചിട്ടുണ്ട്. കുന്താപൂരിലെ ഒരു പള്ളിയിലെ മൗലവിയുടെ സഹായത്തോടെ താൻ ഇസ്ലാമിനെ പഠിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

2015 -16ൽ ചിക്കമംഗളുരു എസ്‌പി ആയി സ്ഥാനക്കയറ്റം കിട്ടുന്നു. അതിനു ശേഷം 2017 -ലുണ്ടായ ബാബാ ബുദൻഗിരി കലാപത്തെ നേരിട്ട സമയത്തെ അണ്ണാമലൈയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. എട്ടുവർഷത്തോളം വിവിധ പോസ്റ്റുകളിൽ ഇരുന്ന ശേഷമാണ് ക ഐപിഎസിൽ നിന്ന് രാജിവെക്കാൻ തീരുമാനിക്കുന്നത്. 'വീ ദ ലീഡേഴ്‌സ്' ഫൗണ്ടേഷൻ, 'കോർ ടാലന്റ് ആൻഡ് ലീഡർഷിപ് ഡെവലപ്പ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്നീ സ്ഥാപനങ്ങളുടെയും ഭാഗമാണ്. 2018 -ൽ ബംഗളുരുവിൽ ഡിസിപി ആയിരിക്കെ ആർഎസ്എസ് നേതാവ് സിടി രവിയുമായുണ്ടായ അടുപ്പമാണ് അണ്ണാമലൈയെ സംഘ്പരിവാറിലെക്ക് അടുപ്പിക്കുന്നത്.

2018 ൽ ബെംഗളൂരു സൗത്ത് ഡിസിപി ആയിരുന്ന കാലത്ത് സീനിയർ ആയിരുന്ന മധുകർ ഷെട്ടി ഐപിഎസ് ദുരൂഹ സാഹചര്യത്തിൽ സ്വൈൻ ഫ്ലൂ മൂർച്ഛിച്ച് മരിച്ചതിനു പിന്നാലെയാണ് ആ സംഭവം വല്ലാതെ അലട്ടിയ അണ്ണാമലൈയും ഐപിഎസ് രാജിവെക്കുന്നത്. കഴിഞ്ഞ വർഷം ജോലി രാജിവെച്ചിറങ്ങിയ ശേഷം ജന്മനാടായ കരൂരിൽ ജൈവകൃഷി പരീക്ഷണങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു അണ്ണാമലൈസൈക്കിളിംഗിൽ തൽപ്പരരായ അണ്ണാമലൈ 2018 -ൽ നടന്ന 200 കിമി സൈക്ലിങ് മത്സരത്തിൽ പങ്കെടുത്തിരുന്നു. ഇടയ്ക്കിടെ ബാക്ക് പാക്കിങ്ങിനും ഹൈക്കിങ്ങിനും പോകുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു. സംഗീതത്തിലും അഭിരുചിയുള്ള അണ്ണാമലൈ ഇളയരാജ, എആർ റഹ്മാൻ ഗാനങ്ങളുടെ ആരാധകനാണ്. ഇത്രയും വലിയ കരിയർ ഹിസ്റ്റിയുള്ള ഒരാൾ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ, അത് വെറുതെയാവില്ല എന്ന് ഉറപ്പാണെല്ലോ.

സ്റ്റാലിന്റെ അഴിമതി പൊളിക്കുന്നു

തമിഴ്‌നാട്ടിൽ വൻ ഭൂരിപക്ഷത്തിൽ അധികാരമേറ്റ്, മികച്ച ഇമേജിൽ മുന്നോട്ടുപോവുന്ന, സ്റ്റാലിൻ സർക്കാറിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന് തുണിയുരിച്ച് നിർത്തിയത്, അണ്ണാമലൈ തന്നെയാണ്. മുഖ്യ പ്രതിപക്ഷമായ എഐഎഡിഎംകെക്ക് ഇവിടെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.

കാശ്മീർ ഫയൽസ് എന്നത് ഇന്ത്യയൊട്ടൊകെ ചർച്ച ചെയ്ത വിവാദ സിനിമയാണെങ്കിൽ, ഡിഎംകെ ഫയൽസ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതിയാണ്. നമ്മൾ മലയാളികൾ മന്നാർഗുഡി മാഫിയയെ അനുസ്മരിപ്പിച്ച് പിണ്ണാർഗുഡി മാഫിയ എന്ന് പിണറായി കുടുംബത്തിന്റെ അഴിമതികളെ ട്രോളുമ്പോൾ, തമിഴകത്തും അതിനേക്കാൾ വലിയ അഴിമതിയാണ് ഇപ്പോഴും നടക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും ചേർന്ന് ഒരു ലക്ഷം കോടിയിലധികം രൂപ നേടിയെടുത്തു എന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ പുറത്തുവിട്ട വിവരങ്ങളാണ് ഡിഎംകെ ഫയൽസ് എന്ന പേരിൽ ഏതാനും മാസങ്ങൾക്കു മുൻപ് തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയത്.

അന്ന് ഇന്ത്യൻ യുവാക്കളുടെ ആരാധനാ മൂർത്തിയും, തമിഴ്‌നാട് ധനമന്ത്രിയുമായ പഴനിവേൽ ത്യാഗരാജന്റെ ശബ്ദരേഖ ഉൾപ്പെടെയാണ് അഴിമതിക്ക് തെളിവായി അണ്ണാമലൈ സമർപ്പിച്ചത്. പക്ഷേ, സർക്കാർ ഒരു അന്വേഷണവും നടത്തിയില്ല. പക്ഷേ അണ്ണാമലൈ അടങ്ങിയില്ല. ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ഗവർണർക്ക് സമർപ്പിച്ച അദ്ദേഹം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി. നേരത്തെ കത്തിനിന്ന ഗവർണർ- സർക്കാർ പോര്് ഇതോടെ കൂടുതൽ ശക്തമായി.

എന്തിനും ഏതിനും കമ്മീഷൻ കൊടുക്കേണ്ടിവരുന്ന പഴയ ജയലളിത- ശശികല ടീമിന്റെ ഭരണത്തിന് സമാനമായ മാഫിയയാണ്, ഇപ്പോൾ തമിഴ്‌നാട്ടിലെ കിരീടം വെക്കാത്ത രാജാവായി വാഴുന്ന എം കെ സ്റ്റാലിന്റെ ഭരണത്തിലും നടക്കുന്നത് എന്ന് അണ്ണാമലൈ തെളിവ് സഹിതം വ്യക്തമാക്കിയപ്പോൾ, തകർന്നുപോയത് ദേശീയ മാധ്യമങ്ങൾ അടക്കം ഏറെ പുകഴ്‌ത്തിയ ഡിഎംകെ ഭരണത്തിന്റെ ഇമേജ് ആയിരുന്നു. ഒരു വേള സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരെ ഉയർത്തിക്കാട്ടാൻ 'ഇന്ത്യ' എന്ന പ്രതിപക്ഷ സഖ്യത്തിൽ ആലോചനകൾ നടക്കവേയാണ് ഇടിത്തീയായി ഡിഎംകെ ഫയസ് പൊട്ടിവീണത്.

അതിന് പിന്നാലെ പഴനിവേൽ ത്യാഗരാജന്റെ വകുപ്പുമാറ്റവും ഉണ്ടായി. ഡിഎംകെയുടെ കൊടിയ അഴിമതിയെക്കുറിച്ച് പറയുന്നത് പഴനിവേൽ ത്യാഗരാജൻ ആണെന്നാണ് ആരോപണം. ഇതിന് പിന്നാലെ മുൻ സ്പീക്കർ സെന്തിൽ ബാലാജിയുടെ ഇഡി അറസ്റ്റുമെല്ലാം വലിയതോതിൽ ഡിഎംകെയുടെ ഇമേജ് ഇടിച്ചുവെന്നത് വസ്തുതയാണ്. ഇടഞ്ഞുനിൽക്കുന്ന പഴനിവേൽ ത്യാഗരാജനെ അടക്കം വലിയൊരു ഡിഎംകെ നിരയെ അണ്ണാെൈമല ബിജെപിയിലേക്ക് കൊണ്ടുവരും എന്നും കേൾക്കുന്നു. മാത്രമല്ല, പഴയ ശശികലയുടെ ടീമിലെ ഒരുവിഭാഗവും, ബിജെപിയുമായി സഹകരിക്കുമെന്ന് കേൾക്കുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഗെയിം ചേഞ്ചർ തന്നെയാണ് അണ്ണാമലൈ.

വാൽക്കഷ്ണം: പറുമേക്ക് എൻഡിഎ സഖ്യം വിട്ടതിൽ വലിയ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മുന്നണിയിൽ കടിച്ചുതൂങ്ങാൻ അവസാന നിമിഷം വരെ അണ്ണാഡിഎംകെ ശ്രമിച്ചിരുന്നു. ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ, അണ്ണാമലൈ മാപ്പ് പറയണമെന്നും അല്ലെങ്കിൽ അദ്ദേഹത്തിന് പകരം 'വിവാദത്തിന് ഇടനൽകാത്ത ഒരു നേതാവിനെ' അധ്യക്ഷനായി നിയമിക്കണമെന്നും എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ പാർട്ടിയെ തമിഴ്‌നാട്ടിൽ പുനരുജ്ജീവിപ്പിച്ച അണ്ണാമലൈയെ തഴയാൻ ബിജെപി കേന്ദ്രനേതൃത്വം ഒരുക്കമല്ലായിരുന്നു. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്ന് മുൻപ് അണ്ണാമലൈ തുറന്നടിച്ചിരുന്നു.