- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വേഷം മാറി ഏഴുവർഷം പാക്കിസ്ഥാനിൽ താമസിച്ച സൂപ്പർ സ്പൈ; സുവർണ്ണ ക്ഷേത്രത്തിൽ ബോംബ് വെക്കാനുള്ള പദ്ധതി തകർത്തു; സർജിക്കൽ സ്ട്രൈക്കിലൂടെ സൂപ്പർ ഹീറോ; പണ്ട് പിണറായിയുടെ തലക്ക് തോക്ക് ചൂണ്ടിയെന്നും കഥകൾ; ഇപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെ 'കാലൻ'; ഇന്ത്യയുടെ ജെയിംസ് ബോണ്ട്! അജിത്ത് ഡോവലിന്റെ അപർസർപ്പക ജീവിതകഥ
ഇന്ത്യയുടെ എത്ര ഭരണാധികാരികൾക്ക് വെടിവെക്കാൻ അറിയാം. അല്ലെങ്കിൽ തോക്ക് കണ്ടവർ എത്രപേർ ഉണ്ട്. കടലാസിലെ കണക്കുകൂട്ടൽ അല്ല ഒരു യുദ്ധമുഖത്ത് സംഭവിക്കുന്നത്. ഇസ്രയേൽ എന്തുകൊണ്ട് ലോകത്തെ വിറപ്പിക്കുന്ന സായുധ ശക്തിയായി എന്ന ചോദ്യത്തിന് ഒരു കാരണമായി വാഷിങ്്ടൺ പോസ്റ്റിന്റെ ലേഖകൻ ഇയാൻ മക്കി ചൂണ്ടിക്കാട്ടുന്നത്, 67ലെ യുദ്ധരംഗത്ത് മുൻപന്തിയിൽ നിന്നവരാണ് പിന്നീട് അധികാരത്തിൽ ഏറിയവർ എന്നാണ്. പക്ഷേ നമ്മുടെ നേതാക്കളിൽ പലരും യുദ്ധത്തിൽ പങ്കെടുക്കുക പോയിട്ട് അതിന്റെ അടുത്തുകൂടി പോയിട്ടില്ല. രക്തം കണ്ടാൽ തലകറങ്ങി വീഴുന്ന വാചക വീരന്മാർ ആണ് ഇതിൽ ഏറെയും.
എന്നാൽ ഇതിന് ഒരു അപവാദമുണ്ട്. ആഭ്യന്തര മന്ത്രിക്ക് തൊട്ടടുത്തായി ഇരിക്കുന്ന കാബിനറ്റ് പദവിയുള്ള നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ തന്നെ. ഈ 77ാം വയസ്സിലും ദിവസവും 18 മണിക്കൂർ ജോലിചെയ്യുന്ന ഈ മനുഷ്യന് തോക്ക് തൊട്ട് ടോർപിഡോവരെ പ്രവർത്തിപ്പിക്കാൻ അറിയാം. ആ രീതിയിൽ പരിശീലനം കിട്ടിയ ഒരു സൂപ്പർ സ്പൈ ആയിരുന്നു അജിത്ത്. ഇന്ത്യയിലും വിദേശത്തുമായി, മരണം മുന്നിൽ കാണുന്ന നിരവധി സൈനിക നീക്കങ്ങളിൽ പങ്കെടുത്തയാൾ. മരുഭുമിയിൽ ദിവസങ്ങളോളം വെള്ളം കിട്ടാതെ പിടിച്ച് നിൽക്കാനും, കടലിൽ ഒറ്റപ്പെട്ടുപോയാൽ അതിജീവിക്കാനുമൊക്കെ പരിശീലനം കിട്ടിയ ഒരു സൂപ്പർ കമാൻഡോ.
ഇന്ന് അജിത് കുമാർ ഡോവൽ എന്ന പേര് കേൾക്കുന്നമ്പോൾ തീവ്രവാദികളുടെയും രാജ്യദ്രോഹികളുടെയും ഉറക്കം കെടും. വെറുമാരെു ഉപദേഷ്ടാവിന്റെ പൊൽറ്റിക്കൽ പോസ്റ്റിൽ അല്ല, ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവൻ ഇരിക്കുന്നത്. അദ്ദേഹം അവിടെ ഇരുന്ന് ഇന്ത്യക്ക് വേണ്ടി പോരാടുകയാണ്. ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഒറ്റരാത്രി ഇരുട്ടിവെളുക്കുന്നതിന് മുമ്പ് ഇരുമ്പഴിക്കുള്ളിൽ എത്തിച്ച 'ഓപ്പറേഷൻ ഒക്റ്റോപ്പസിന്റെ' ആസൂത്രണം നോക്കുക. അരിയും മലരും കുന്തിരക്കവും വാങ്ങിവെച്ച് കാലനെ കാത്തിരിക്കാൻ എതിരാളികളോട് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ടുകാർ അറിഞ്ഞില്ല, പാക്കിസ്ഥാനെയും പഞ്ചാബ് തീവ്രവാദികളെയുമൊക്കെ വിറപ്പിച്ച ഒരു 'കാലൻ' തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്! ആർഎസ്എസ് നേതാക്കളെയും പൊലീസുകാരെയുമൊക്കെ പോപ്പുലർ ഫ്രണ്ടുകാർ പറഞ്ഞ് പേടിപ്പിക്കാറുള്ളത് അയാളുടെ വീട് എവിടെയാണ്, ഭാര്യ എവിടെയാണ് ജോലിചെയ്യുന്നത് എന്നൊക്കെ ഞങ്ങൾക്ക് അറിയാമെന്ന് പ്രസംഗിച്ചുകൊണ്ടാണ്. പക്ഷേ അവർ അറിഞ്ഞില്ല തങ്ങൾ ഏത് ബാങ്കിൽ നിന്നാണ് പണം പിൻവലിക്കുന്നത് എന്നൊക്കെ അറിയാവുന്ന ഒരാൾ മുകളിൽ ഇരിക്കുന്നുണ്ടെന്ന്!
അതാണ് അജിത്ത് കുമാർ ഡോവലിന്റെ ചാരക്കണ്ണ്. ജെയിംസ് ബോണ്ട്, റോംബോ ചിത്രങ്ങളോട് കടിപിടിക്കുന്ന, ഒരു അപസർപ്പക കഥയാണ്് അദ്ദേഹത്തിന്റെ ജീവിതം.
കേരള കേഡറിൽ നിന്ന് ചാരവലയത്തിലേക്ക്
1945ൽ ഇപ്പോൾ ഉത്തരാഖണ്ഡിന്റെ ഭാഗമായ പൗരി ഗഡ്്വാളിലെ ഗിരി ബനേൽസ്യൂൻ ഗ്രാമത്തിലാണ് ഡോവലിന്റെ ജനനം. അജിത് കുമാർ ഡോവൽ എന്നാണ് മുഴുവൻ പേര്. ഗഡ്വാളി ബ്രാഹ്‌മണ കുടുംബമാണ് ഡോവലിന്റേത്. അച്ഛൻ ഇന്ത്യൻ ആർമിയിലായിരുന്നു. അജ്മീർ മിലിട്ടറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠിക്കാനും കായിക രംഗത്തും ചെറുപ്പത്തിലേ ഇദ്ദേഹം മിടുമിടുക്കൻ ആയിരുന്നു.
സാമ്പത്തിക ശാസ്ത്രത്തിൽ ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കോടെ ബിരുദാനന്തര ബിരുദമെടുത്തു. 1968 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായി. ഡോവലിന്റെ കഴിവു ആദ്യം തിരിച്ചറിഞ്ഞത്, അന്നത്തെ ആഭ്യന്തര മന്ത്രി കെ.കരുണാകരനായിരുന്നു. 1971 ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എ.എസ്‌പി. ആയി അയച്ചത് ഡോവലിനെ ആയിരുന്നു. അന്ന് അവിടെ അദ്ദേഹം നടത്തിയ പല കാര്യങ്ങളും കലാപം നിയന്ത്രിക്കുന്നതിലേക്ക് മുതൽക്കൂട്ടായി.
പിന്നെ അദ്ദേഹം കേന്ദ്ര കേഡറിലേക്ക് മാറി. റോയുടെയും ഐബിയുടെയും പ്രധാന ദൗത്യങ്ങൾക്കായി നിയോഗിക്കപ്പെട്ടു. അവിടെനിന്ന് അദ്ദേഹത്തിന്റെ കരിയറും ജീവിതവും മാറിമറിയുകായിരുന്നു. ഒന്നും രണ്ടും വർഷമല്ല 33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിനൊപ്പം ചേർന്നു പ്രവർത്തിച്ചത്. ആറു വർഷം പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈകമ്മീഷണറായും ഡോവൽ പ്രവർത്തിച്ചു.
സിനിമാ സ്റ്റെൽ ജീവിതം
റാംബോ ജെയിസ് ബോണ്ട് സിനിമകളിൽ കാണുന്നപോലെ അതിസാഹസികമായിരുന്നു, അദ്ദേഹത്തിന്റെ ചാര ജീവിതം. ഏഴു വർഷം മുസ്ലീമിന്റെ വേഷത്തിൽ ഇന്ത്യൻ ചാരനായി പാക്കിസ്ഥാനിൽ കഴിഞ്ഞതാണ് അതിൽ എറ്റവും പ്രധാനം. ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജൻസ് മേധാവിയാണ് ഇദ്ദേഹം. ഈ ഏഴുവർഷംകൊണ്ട് ചില ആണവ പദ്ധതികൾ അടക്കം പാക്കിസ്ഥാന്റെ പല രഹസ്യങ്ങളും ഡോവൽ ചോർത്തിയെന്നാണ് പറയുന്നത്. ഇതിനിടെ പാക്കിസ്ഥാനിലെ മർമ്മപ്രധാനമായ എല്ലാ സ്ഥലങ്ങളും കൈവെള്ളയിൽ രേഖപോലെ ഹൃദിസ്ഥമാക്കാനും ഡോവലിനായി. ഇങ്ങനെ സിനിമാ സ്റ്റൈലിൽ നടത്തിയ ചാര പ്രവർത്തിയാണ് അദ്ദേഹത്തിനെ ഇന്ത്യയുടെ ജയിംസ്ബോണ്ട് എന്ന് വിശേഷിപ്പിക്കാൻ പ്രധാന കാരണം. ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രയേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് ഡോവലിന്റെ ബുദ്ധിയാണ്. ഇതിന്റെ ഗുണം നാം കാർഗിൽ യുദ്ധകാലത്ത് കണ്ടു. പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റം ആദ്യം നമ്മെ അറിയിച്ചത് ഇസ്രയേൽ ആണ്. ഈയിടെ ചൈനയുടെ ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ട് ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചിരുന്നു. അത് നാം തകർത്തതും ഇസ്രയേൽ ടെക്ക്നോളജി വച്ചാണ്.
1988ൽ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം ബോംബ് വച്ച് തകർത്തുകൊടും കലാപം അഴിച്ചുവിടാനുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെ നീക്കം നിഷ്പ്രഭമാക്കിയതും ഡോവലിന്റെ കുശാഗ്രബുദ്ധിയാണ്. തീവ്രവാദികൾക്കുള്ള ബോംബുമായി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന പാക്കിസ്ഥാൻ ചാരനെ തന്ത്രപൂർവം കുരുക്കിയ ഡോവൽ പൊട്ടാത്ത കുറേ ബോംബുകളുമായി അതേ ചാരന്റെ വേഷത്തിൽ തീവ്രവാദികളുടെ സംഘത്തിൽ കയറിപ്പറ്റിയെന്നാണ് പറയുന്നത്. പിന്നീട് തീവ്രവാദികൾ ക്ഷേത്രം തകർക്കാൻ പലയിടത്തായി സ്ഥാപിച്ചതെല്ലാം ഡോവൽ കൈമാറിയ ആ പൊട്ടാത്ത ബോംബാണ്. പ്രതിരോധം നേരിട്ടാൽ ഈ ബോംബുകൾ പൊട്ടിച്ച് പൊലീസിനെ സമ്മർദ്ദത്തിലാക്കാം എന്ന കണക്കുകൂട്ടലിലാണ് അവ സ്ഥാപിക്കപ്പെട്ടത്. പക്ഷേ പഞ്ചാബ് പൊലീസുമായി 16 ദിവസം നീണ്ടു നിന്ന ആക്രമണത്തിനിടെ പലയിടങ്ങളിലായി സ്ഥാപിച്ച ബോംബുകളിൽ ഒരെണ്ണം പോലും പൊട്ടിയില്ല.
അങ്ങനെ സുവർണ ക്ഷേത്രത്തിന് കേടുപാടുകളൊന്നും വരുത്താതെ തന്നെ 41 തീവ്രവാദികളെ വധിക്കാനും 200 പേരെ ജീവനോടെ പിടിക്കാനും കഴിഞ്ഞു. ഈ വീരപ്രവർത്തിക്കുള്ള അംഗീകാരമായിട്ടാണ് 1988ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ കീർത്തിചക്ര പൊലീസ് ഓഫീസറായ ഡോവലിന് സമ്മാനിച്ചത്. അതുവരെ സൈനികർക്ക് മാത്രം നൽകിവന്നിരുന്ന പുരസ്‌കാരമാണ് കീർത്തിചക്ര.
മിസോറാമിലെ ഒളിപ്പോരാളികള്ളെ ഒതുക്കാനും സോറാം നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി അവരിൽ ഒരാളായി നിന്നാണ് അജിത് ഡോവൽ അവരുടെ തന്നെ പല കമാൻഡർമാരെയും വകവരുത്തിയത്. കലാപത്തിനു നേതൃത്വം നൽകിയ ലാൽ ഡെംഗയുടെ ഏഴു കമാൻഡർമാരെയാണ് ഇത്തരത്തിൽ തീർത്തത്.
1999ലെ കാണ്ഡഹാർ കാണ്ഡഹാറിലെ ഓപ്പറേഷൻവിമാന റാഞ്ചലിൽ ഭീകരരുമായി വിലപേശി ബന്ദികളെ മോചിതും ഡോവലാണ്. അദ്ദേഹത്തിന്റെ സാഹസിക നേട്ടങ്ങളിൽ മറ്റൊന്നു പഞ്ചാബ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ റൊമാനിയൻ നയതന്ത്ര പ്രതിനിധിയെ ഒരു പോറൽ പോലുമേൽപ്പിക്കാതെ രക്ഷപ്പെടുത്തിയ ഓപറേഷൻ ആണ്. 1995ൽ ഇന്റലിജൻസ് ബ്യൂറോ തലവനായി നിയമിതനായ അജിത് ഡോവൽ 10 വർഷത്തെ സേവനത്തിന് ശേഷം 2005ലാണ് വിരമിച്ചത്.
ആത്മീയതയിൽ നിന്ന് തിരിച്ചുകൊണ്ടു വന്നത് മോദി
ഐതിഹാസികമായ ഒരു കരിയറിനുശേഷം 2005ലാണ് അജിത്ത് ഡോവൽ വിരമിക്കുന്നത്. അതിനുശേഷം ആത്മീയ പ്രവർത്തനങ്ങളിലേക്ക് നീങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആത്മീയതയും സേവനും ലക്ഷ്യമാക്കി വിവേകാനന്ദ ഫൗണ്ടേഷൻ എന്ന സംഘടന സ്ഥാപിച്ച് പ്രവർത്തിച്ചു വരികയായിരുന്നു ഡോവൽ. പക്ഷേ ഡോവലിനെ നന്നായി അറിയാമായിരുന്ന നരേന്ദ്ര മോദി അയാളെ വിടാൻ ഒരുക്കം അല്ലായിരുന്നു.
2014 ൽ മോദി പ്രധാനമന്ത്രിയതിന് ശേഷമാണ് ഡോവൽ വീണ്ടും വാർത്തകളിൽ നിറയുന്നത്. മോദി സർക്കാർ ഏറ്റവും ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കുക എന്നാണ്. പ്രതിരോധ, നയതന്ത്ര വിഷയങ്ങളിൽ ഇന്ത്യ കൈക്കൊള്ളേണ്ട നിലപാടുകൾ രൂപീകരിക്കുന്ന, രാജ്യസുരക്ഷയിൽ ഏറ്റവും നിർണായകമായ പങ്കുവഹിക്കുന്ന സ്ഥാനമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേത്. 2014 മെയ് 30നാണ് അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നത്. അതിനുശേഷമുള്ള ഇന്ത്യയുടെ പ്രൊഫഷണൽ മികവ് നാം കണ്ടറിഞ്ഞതാണ്.
2018ൽ പ്രതിരോധരംഗത്തെ നയതന്ത്രങ്ങളിൽ വലിയ മാറ്റംകൂടി ഡൽഹി സാക്ഷിയായി. അജിത് ഡോവലിന് കാബിനറ്റ് റാങ്കോടെ കൂടുതൽ അധികാരങ്ങൾ നൽകി.ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഡോവലായിരിക്കും ഇനി മുതൽ പ്രധാനമന്ത്രിക്ക് നേരിട്ട് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതും കാബിനറ്റ് സെക്രട്ടറിക്ക് പകരമായി സേനാ തലവന്മാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നതും. നീതി ആയോഗ് ചെയർമാൻ, കാബിനറ്റ് സെക്രട്ടറി, ആർബിഐ ഗവർണർ, മൂന്നു സൈനിക മേധാവികൾ, ഹോം സെക്രട്ടറി, ധനകാര്യ- പ്രതിരോധ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന ഉന്നതരുടെ കൂട്ടായ്മയാണ് അജിത് ഡോവലിന് കീഴിൽ നിലവിൽ വന്നത്. ഇവരിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അജിത് ഡോവൽ പ്രധാനമന്ത്രിയെ നേരിട്ട് കാര്യങ്ങൾ ധരിപ്പിക്കുക. ഇതോടെ ഒരു ആഭ്യന്തര മന്ത്രിക്ക് സമാനമായ അധികാരങ്ങളാണ് അദ്ദേഹത്തിന് കിട്ടിയത്.
മുൻകാലങ്ങളിൽ ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കീഴിലുള്ള മൂന്നു ഡെപ്യൂട്ടികളുടെ നിയമനം ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കീഴിൽ പ്രതിരോധ ആസൂത്രണ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. പ്രതിരോധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ ആസൂത്രണചുമതലയാണ് ഈ കമ്മറ്റിക്ക്. ഇതോടെ ഫലത്തിൽ ഇന്ത്യയുടെ പ്രതിരോധ- രാജ്യസുരക്ഷാ സംവിധാനങ്ങൾ കിടയറ്റത്് ആയിരിക്കയാണ്.
ഉറി തൊട്ട് പിഎഫ്ഐ വരെ
സുരക്ഷാ ഉപദേഷ്ടാവായ ആ വർഷം തന്നെ ജൂണിൽ ഇറാക്കിലെ തിക്രിത്ത് ഐസിസ് ഭീകരർ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്സുമാരെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ഇറാക്കിൽ നേരിട്ടെത്തിയ ഡോവൽ അവിടെ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയാണ് ഇതു സാധ്യമാക്കിയത്.
മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാന്മറിൽ കയറിയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു. നേപ്പാളിൽ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണർത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയിൽ മഹീന്ദ രാജപക്സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമുണ്ടായിരുന്നു.
പാക്കിസ്ഥാന് ഇന്ന് എറ്റവും കൂടുതൽ പേടിക്കുന്നതം ഡോവലിനെയാണ്. അഫ്ഗാൻപാക്കിസ്ഥാൻ അതിർത്തിയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്നും ഇതിനു പിന്നിൽ ഡോവലാണെന്നുമാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. കാശ്മീരിൽ വിഘടനവാദികൾക്കും ഭീകരർക്കുമെതിരേയുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതും ഡോവൽ തന്നെ. ഇതുകൊണ്ടു തന്നെ പാക് തീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റിൽ ഡോവൽ എന്നുമുണ്ടായിരുന്നു.
ഉറിയിലെ സർജിക്കൽ സ്ട്രൈക്കോടെ ഡോവൽ ശരിക്കും ഇന്ത്യയുടെ സൂപ്പർ ഹീറോ ആയി. പാക്കിസ്ഥാനിൽ കയറി ആക്രമണം നടത്തി തിരിച്ചു വന്ന ശേഷം ഇന്ത്യ അറിയിച്ചപ്പോഴാണ് ആ രാജ്യംപോലും കാര്യം അറിഞ്ഞത് പോലും. അതിനുശേഷമാണ് ഓപ്പറേഷൻ ഒക്റ്റോപ്പസ് വരുന്നത്. ഇരുട്ടിവെളുക്കുന്നതിന് മുമ്പ് പോപ്പുലർ ഫ്രണ്ട് എന്ന പാർട്ടിയുടെ നേതാക്കൾ ഒക്കെയും അകത്തായി! അതിന് രാത്രി മുഴവൻ ഉറക്കം ഇളച്ച് നേതൃത്വം കൊടുത്തതും ഈ 77 കാരനാണ്.
മസൂദ് അസ്ഹറിന്റെ കാര്യത്തിൽ പിഴച്ചു
പക്ഷേ എല്ലാ കണക്കുകളും കളികളും ജയിക്കുന്ന ആരുമില്ല. അതുപോലെ ഡോവലിന് പിഴച്ച ഒരു കാര്യമായാണ് 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിൽ ഉണ്ടായത്. അന്ന് മസൂദ് അസ്ഹറ് എന്ന കൊടുംഭീകരനെ വിട്ടയച്ചതിന്റെ പേരിൽ പിൽക്കാലത്ത് രാഹുൽഗാന്ധി അടക്കമുള്ളവർ ഡോവലിനെ പ്രതിക്കൂട്ടിൽ കയറ്റാറുണ്ട്.
കാഠ്മണ്ഡു-ഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരർ നൂറ്റിയൻപതിലേറെ യാത്രക്കാരെയാണ് ബന്ദികളാക്കിയത്. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഉമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്പേയ് സർക്കാർ വഴങ്ങി. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു. അന്ന് മസൂദ് അസ്ഹറിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുകയായിരുന്നു ഡോവലും കൂട്ടുരും. അയാൾക്ക് വെടിവെക്കാൻ പോലും അറിയില്ല എന്നായിരുന്നു നിഗമനം. എന്നാൽ മസൂദ് ജയിലിൽനിന്നു മോചിതനായശേഷം ജയ്ഷെ മുഹമ്മദ് രൂപീകരിക്കായാണ് ഉണ്ടായത്. ചാവേർ ആക്രമണരീതി കശ്മീരിൽ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരർ ആയിരുന്നു. കശ്മീരി യുവാക്കളെയും സംഘടനയിൽ ചേർത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജയ്ഷെ മുഹമ്മദ് നടത്തിയത്.
പുൽവാമ ആക്രമണം നടന്ന സമയത്തും രാഹുൽഗാന്ധി ഇക്കാര്യം എടുത്തിട്ടിരുന്നു. ''മോദിയോട് ഒറ്റ ചോദ്യം മാത്രം,. ആരാണ് പുൽവാമയിൽ സിആർപിഎഫ് ജവാന്മാരെ കൊന്നത്. ആരാണ് ആ കൊലയാളികളുടെ നേതാവ്. അയാളുടെ പേരാണ് മസൂദ് അസ്ഹർ. നിങ്ങളുടെ സർക്കാരാണ് അയാളെ മോചിപ്പിച്ച് പാക്കിസ്ഥാനിലേയ്ക്ക് അയച്ചത് രാഹുൽ പറഞ്ഞു. മോദി, താങ്കളെപ്പോലെയല്ല ഞങ്ങൾ ഭീകരവാദത്തിനു മുന്നിൽ മുട്ടുമടക്കില്ല''-രാഹുൽ ഇങ്ങനെയാണ് പറഞ്ഞത്.
പക്ഷേ അന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മസൂദ് ഈ രീതിയിൽ വളരാൻ കഴിവുള്ള ആളാണെന്ന് ഡോവൽ കരുതിയിരുന്നില്ല. പക്ഷേ തീവ്രവാദികളുമായി നേരിട്ടു സംസാരിച്ച് 41 തീവ്രവാദികളെ വിട്ടയയ്ക്കണം എന്ന ആവശ്യത്തിൽനിന്നു മൂന്നു പേരുടെ മോചനം എന്ന ആവശ്യത്തിലേക്കാണ് എത്തിക്കാൻ ഡോവലിന് ആയി. ആ അർത്ഥത്തിൽ ദൗത്യം പരാജയം അല്ലെന്നും വിലയിരുത്തലുകൾ ഉണ്ടായി.
മകന്റെ പേരിൽ വിവാദങ്ങൾ
തീർത്തും അഴിമതിരഹിതനും ശക്തനായ രാജ്യസ്നേഹിയുമാണെന്ന ഡോവലിന്റെ ഇമേജിന് മങ്ങലേൽപ്പിക്കുന്ന ഒരേ ഒരു സംഭവമാണ് ഇതുവരെ ഉണ്ടായത്. അത് മകൻ വിവേക് ഡോവൽ എന്ന യുകെ പൗരനെക്കുറിച്ചുള്ള സാമ്പത്തിക ആരോപണമാണ്. 2019ൽ കാരവൻ മാഗസിനാണ് ഇതുസംബദ്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
വിവേക് ഡയറക്ടറായ ജിഎൻവൈ ഏഷ്യ ഫണ്ട് കമ്പനിയുടെ പേരിൽ ഒരുവർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് ഒഴുകിയത് 8300 കോടി രൂപയുടെ വിദേശനിക്ഷേപമാണെന്നാണ് വാർത്ത. ഒരു ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റായ വിവേക് ഡോവൽ സിംഗപ്പൂരിലാണ് കഴിയുന്നത്. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിൽ, അനധികൃത നിക്ഷേപങ്ങൾ കുപ്രസിദ്ധിയുള്ള ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയിൽ പെടുന്ന കേയ്മാർ ദ്വീപുകളിലാണ് ഈ കമ്പനി രൂപീകരിച്ചതെന്നും വാർത്തിയിൽ പറയുന്നുണ്ട്. അതുപോലെ ഡോവലിന്റെ മകനും അമിതാഷയുടെ മകനും ബിസിനിസ് പങ്കാളികൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംഭവം കോൺഗ്രസും ഏറ്റുപിടിച്ചു. ഇത്രയും വലിയ തുക ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെത്തിയതെങ്ങനെയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് ചോദിച്ചു. കമ്പനിക്ക് രണ്ടു ഡയറക്ടർമാരുണ്ട്. ഒന്ന്, അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ. ഡോൺ ഡബ്ല്യു. ഇബാങ്ക്സ് എന്ന പേരിലാണ് രണ്ടാം ഡയറക്ടർ. ഇതാരാണെന്നു വ്യക്തമാക്കണം. ഇയാളുടെപേര് നികുതിവെട്ടിപ്പു നടത്തിയവരെക്കുറിച്ചു വെളിപ്പെടുത്തലുള്ള പാനമ രേഖകളിലുമുണ്ടെന്നും ജയറാം രമേഷ് പറഞ്ഞു.ഡോവലിന്റെ മറ്റൊരു മകൻ ശൗര്യയുടെ പേരിൽ സിയൂസ് എന്ന പേരിൽ കമ്പനിയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ജി.എൻ.വൈ. ഏഷ്യയും സിയൂസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നു സർക്കാർ വിശദീകരിക്കണം. രാജ്യം ഭരിക്കുന്ന ത്രിമൂർത്തികളിൽ ഒരാളാണ് ഡോവലെന്നും ജയറാം രമേഷ് പരിഹസിച്ചു. പക്ഷേ തന്റെ കൈകൾ സുതാര്യമാണെന്നും ഏത് അന്വേഷണത്തിനും റെഡിയാണെന്നുമാണ് ഡോവലിന്റെ പ്രതികരണം. പക്ഷേ തുടർ അന്വേഷണങ്ങളിലും ഇതുസംബന്ധിച്ച് തെളിവുകൾ ഒന്നും കിട്ടിയിരുന്നില്ല.
പിണറായിയുടെ തലക്ക് തോക്ക് ചൂണ്ടിയോ?
ഉള്ളതും ഇല്ലാത്തതുമായ ഒരുപാട് വീരാരധനാകഥകൾ അജിത്ത് ഡോവലിനെക്കുറിച്ച് പ്രചരിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് പിണറായിയുടെ തലക്ക് തോക്ക് ചൂണ്ടിയ കഥ. കോൺഗ്രസ് മുഖപത്രമായ വീക്ഷണമാണ് തലശ്ശേരികലാപത്തിൽ നടന്ന സംഭവം എന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ഈ വാർത്ത പുറത്തുവിട്ടത്. വീക്ഷണം വാർത്തയിൽ ഇങ്ങനെ പറയുന്നു. ''എഴുപതുകളിൽ തലശ്ശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അന്നത്തെ സർക്കാർ നിയോഗിച്ച യുവ ഐപിഎസ് ഓഫിസർ അജിത് ഡോവലാണ് പിണറായിയെ കയ്യോടെ പിടികൂടിയത്. അക്രമ മേഖലയിൽ സമാധാനം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ പുറമെ സമാധാന പ്രസംഗം നടത്തി വിഷയം ആളിക്കത്തിക്കാനാണ് അന്നത്തെ സിപിഎം നേതൃത്വം ശ്രമിച്ചത്. ഇത് മനസിലാക്കിയാണ് എഎസ്‌പിയായി എത്തിയ അജിത് ഡോവൽ രണ്ടാം ദിവസം തന്നെ പിണറായി വിജയനെ പിടികൂടിയത്. പൊലീസിന്റെ പിടിയിൽ നിന്നും കുതറി ഓടാൻ ശ്രമിച്ച വിജയനെ അജിത് ഡോവൽ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.
കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ പിന്നെ തനിക്ക് മറ്റൊന്നും നോക്കാനില്ലെന്ന് പറഞ്ഞ് പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടിയെന്നാണ് സാക്ഷികൾ പറയുന്നത്. തുടർന്ന് മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞെന്നും ചരിത്രം. ഇക്കാര്യം അന്നത്തെ സി പി എം നേതാവായിരുന്ന എം വി രാഘവൻ പിൽക്കാലത്ത് പങ്കുവെച്ചിരുന്നു.''- ഇങ്ങനെയാണ് വീക്ഷണം വാർത്തയിൽ പറയുന്നത്.
എന്നാൽ ഇങ്ങനെയാരു സംഭവം കേട്ടുകൾവിപോലുമില്ലെന്നും അന്ന് പിണറായി വിജയൻ കൂത്തുപറമ്പ് എംഎൽഎയാണെന്നും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ പ്രദേശത്ത് സമാധാനം ഉറപ്പിക്കുന്നതിൽ പിണറായി വിജയന്റെയും സിപിഎമ്മിന്റെയും പങ്ക് എടുത്തുപറയുന്നുണ്ട്. തലശ്ശേരി കലാപത്തിൽ ആർഎസ്എസിനെ പേരെടുത്ത് വിമർശിക്കുന്ന കമ്മീഷൻ, കോൺഗ്രസിന്റെ നിഷ്‌ക്രിയത്വവും ചൂണ്ടിക്കാണിക്കുന്നുണ്ട്. വാർത്തക്ക് ആധികാരികമായി വീക്ഷണം പറയുന്നത് എം വി രാഘവൻ ഈ സംഭവം പറഞ്ഞുവെന്നതാണ്. എന്നാൽ രാഘവൻ ഇത് പൊതുവേദികൽ എവിടെയും പറഞ്ഞതായി ആരും കേട്ടിട്ടില്ല. രാഘവന്റെ അത്മകഥയായ 'ഒരു ജന്മം' എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നില്ല. സിപിഎമ്മിനെ അടിക്കാൻ ഇത്രയും വലിയ വടി കിട്ടിയിട്ടും ഇത്രയും കാലം എതിരാളികൾ മിണ്ടാതിരുന്നതെന്നും, അതുതന്നെ വീക്ഷണം വാർത്ത പച്ചക്കള്ളമാണെന്നതിന്റെ തെളിവാണെന്നും സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ കഥ ശരിയാവാം തെറ്റാവാം. ഡോവലിനെകുറിച്ച് പ്രചരിക്കുന്ന കഥകൾ എഴുതണമെങ്കിൽ ഒരു പുസ്തകം തന്നെ വേണ്ടിവരും. പക്ഷേ അജിത്ത് ഡോവൽ എന്ന ഇന്ത്യൻ ജയിംസ് ബോണ്ട് ഈ രാജ്യത്തിന് നൽകിയ സേവനങ്ങൾ മറക്കാൻ ആവില്ല. ഇന്ന് പാക്കിസ്ഥാനും ചൈനയും അടക്കമുള്ള ഇന്ത്യയുടെ ശത്രുക്കൾ ഏറ്റവും ആഗ്രഹിക്കുന്ന വാർത്തകളിൽ ഒന്നാണ് അജിത്ത് ഡോവലിന്റെ മരണം. അതുകൊണ്ട്തന്നെ പ്രധാനമന്ത്രിക്ക് ഒരുക്കിയതുപോലുള്ള കിടയറ്റ സുരക്ഷയാണ്, ഡോവലിനായി രാജ്യം ഒരുക്കിയിരിക്കുന്നതും.
വാൽക്കഷ്ണം: അജിത്ത് ഡോവൽ മാധ്യമങ്ങൾക്ക് പിടികൊടുക്കുന്നത് അപുർവങ്ങളിൽ അപുർവമാണ്. ഈ പ്രചരിച്ച കഥകളിൽ ഏതാണ് ശരി ഏതാണ് കെട്ടുകഥ എന്ന് ചോദിച്ചപ്പോൾ സത്യം ചിലപ്പോൾ കെട്ടുകഥയേക്കാൾ അവിശ്വസനീയം ആയിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മുറുപടി. എല്ലാവർക്കും വിരമിച്ചശേഷം സർവീസ് സ്റ്റോറി എഴുതാം പക്ഷേ രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ തനിക്ക് അതിനും കഴിയില്ല എന്നാണ് ഡോവൽ പറയുന്നത്. അതായത് മിത്തും യാഥാർഥ്യവും കൂടിക്കലർന്ന കഥകളിലൂടെ ഡോവൽ, ശിവജിയും വിക്രമാദിത്യനുമൊക്കെയായി ഇന്ത്യൻ മനസ്സിൽ തിളങ്ങി നിൽക്കുമെന്നാണ് ചുരുക്കം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ