- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും'! 80കളുടെ അവസാനത്തിൽ കെ മുരളീധരൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ കോൺഗ്രസിൽ ഉണ്ടായ പുകിലുകൾ പലർക്കും ഓർമ്മയുണ്ടാവും. ഗൾഫിൽ ജോലിക്ക് പോയി പരാജയപ്പെട്ട് ഒരു പണിയുമില്ലാതെ സേവാദൾ കളിച്ച് നടന്നിരുന്ന മകനെ, കരുണാകരൻ നൂലിൽ കെട്ടിയറിക്കിയെന്ന് ആക്ഷേപിച്ചത് അന്നത്തെ എ ഗ്രൂപ്പ് എന്ന എ കെ ആന്റണി പക്ഷം ആയിരുന്നു. കെ മുരളീധരന് ഇല്ലാത്ത കുറ്റമൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. അയാൾ കിങ്ങിണിക്കുട്ടനായും, കരുണാകരൻ കിട്ടമ്മാവനായും പരിഹസിക്കപ്പെട്ടു.
സർക്കാർ മാധ്യമമായ ആകാശവാണിയിൽപോലും നാടകങ്ങൾ ഉണ്ടായി. അഴിമതിക്കാരനും, മാഫിയയും, രാഷ്ട്രീയ ദല്ലാളുമൊക്കെയായി സകല തിന്മകളുടെയും വിളനിലമായി മുരളീധരനെ ഒരു വിഭാഗം ചിത്രീകരിച്ചു. പക്ഷേ അതെല്ലാം അതിജീവിച്ച് മുരളീധരൻ വളർന്നുവെന്നത് വേറെ കാര്യം. ( ആ അപവാദ വ്യവസായത്തിലെ ഒരു തമാശ മുരളി പിൽക്കാലത്ത് പറഞ്ഞു. കോഴിക്കോട് എന്ത് പുതിയ കെട്ടിടം വന്നാലും അത് കെ മുരളീധന്റെ ബിനാമി സ്ഥാപനമാണെന്ന് പ്രചാരണം നടക്കുന്ന കാലം. ഒരിക്കൽ ഒരു വലിയ കെട്ടിടം പണി നടക്കുകയാണ്. മറകെട്ടിയാണ് നിർമ്മാണം നടക്കുന്നത്. പതിവുപോലെ അത് മുരളീധരന്റെ കെട്ടിടമാണെന്ന് കരക്കമ്പി മറുകി. പക്ഷേ നിർമ്മാണം പുരോഗമിച്ചപ്പോൾ അവർ മറ മാറ്റി. അപ്പോഴാണ് മനസ്സിലായത് അത് ഒരു മുസ്ലിം പള്ളിയാണെന്ന്!)
അന്ന് കരുണാകരനെ മക്കൾ രാഷ്ട്രീയത്തിന്റെ വക്താവാക്കി മാറ്റി, വീഴ്ത്താൻ എല്ലാകളിയും കളിച്ചത് ആന്റണി പക്ഷം ആയിരുന്നു. പക്ഷേ ഇന്ന് കാലം ന്യുജൻ ഭാഷയിൽ പറഞ്ഞാൽ ഉൾട്ടയിടിക്കുന്നു. മുഖ്യമന്ത്രി സ്ഥാനവും, കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനവും അടക്കം ലഭിച്ച്, വി കെ കൃഷ്ണമേനോനുശേഷം ഏറ്റവും ഉന്നതിയിലെത്തിയ മലയാളിയായ രാഷ്ട്രീയ നേതാവ്, അറക്കപ്പറമ്പിൽ കുര്യൻ മകൻ ആന്റണിയെന്ന 82കാരനെയും ഇപ്പോൾ പുത്ര വിവാദം തിരിഞ്ഞുകൊത്തുകയാണ്. കേരളത്തിൽ കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ കോഡിറേറ്ററായ, മകൻ അനിൽ പാർട്ടി വിട്ടത്, വിശ്രമജീവിതത്തിലേക്ക് നീങ്ങുന്ന ഈ സമയത്ത് എ കെ ആന്റണി ബ്ലഡ് പ്രഷർ തെല്ലൊന്നുമല്ല ഉയർത്തുന്നത്. ബിബിസിയുടെ 'മോദി: ദ ക്വസ്റ്റിയൻ' എന്ന ഡോക്യൂമെന്റി, യൂത്ത് കോൺഗ്രസുകാർ അടക്കം ആവേശത്തോടെ പ്രചരിപ്പിക്കവേ, അതിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയ അനിൽ ആന്റണി, ഷാഫി പറമ്പിലും, വി ടി ബൽറാമും, രാഹുൽ മാങ്കൂട്ടത്തിലും അടക്കമുള്ള യുവ നിരയിൽനിന്ന് കണക്കിന് വാങ്ങുകയും ചെയ്തു.
ഒറ്റരാത്രി ഇരുട്ടിവെളുക്കുന്നതിന് മുമ്പ് അനിൽ കോൺഗ്രസിൽ വെറുക്കപ്പെട്ടവനായി. പ്രാദേശിക യൂത്തന്മാർപോലും അയാളെ പൊങ്കാലയിട്ട് പോസ്റ്റ് ഇടുകയാണ്. കെപിസിസിയുടെ ഡജിറ്റിൽ മീഡിയ കോർഡിറേറ്റർ എന്ന നിലയിൽ എന്ത് പ്രവർത്തനമാണ് അനിൽ ആന്റണി കാഴ്ചവെച്ചതെന്ന് ഇവർ ചോദിക്കുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെക്കുറിച്ച് ഒരു ട്വീറ്റ്പോലും ഇയാൾ നടത്തിയോ? പിണറായി സർക്കാറിന്റെ ഭരണത്തെ തുറന്നുകാട്ടൻ എന്തെങ്കിലും സംഭാവന നൽകിയോ? അങ്ങനെ പോകുന്ന ചോദ്യ ശരങ്ങൾ. ഇതോടെ എ കെ ആന്റണി എന്ന ആദർശത്തിന്റെ പേരിൽ, ഏത് നിമിഷവും രാജി സന്നദ്ധ അറിയിച്ചിരുന്നു ഒരു രാഷ്ട്രീയ നേതാവിന്റെ വെള്ള ഖദറിൽ കൂടിയാണ് ചളി പുരളുന്നത്. പ്രായപൂർത്തിയായ മകന്റെ ചെയ്തികൾക്ക് പിതാവ് എങ്ങനെ ഉത്തരവാദിയാവും എന്നത് ശരിയാണ്് പക്ഷേ അങ്ങനയല്ല കോൺഗ്രസ് രാഷ്ട്രീയം. അവിടെ മകനെ വെച്ച് ചിലപ്പോൾ അച്ഛനെ വെട്ടും. തിരിച്ചും!
അനിൽ മാത്രമല്ല, സഹോദരൻ അജിത് പോൾ ആന്റണിയും, കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ട്. പക്ഷേ അധികം ആർക്കും അറിയാത്തതാണ്, എ കെ ആന്റണി കുടുംബ കഥ. ഇതുവരെ യാതൊരു വിവാദത്തിലും പെടാത്ത ആ കുടുംബം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.
ചില്ലർ ആപ്പിന്റെ ബുദ്ധികേന്ദ്രം
എതിരാളികൾ പ്രചരിപ്പിക്കുന്നപോലെ മൂക്കാതെ പഴുത്ത നേതാവോ, വെറും കൂപമണ്ഡുകമോ അല്ല, അനിൽ. അമേരിക്കയിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയ ഡിജിറ്റൽ മാധ്യമ രംഗത്തെക്കുറിച്ചുള്ള കൃത്യമായ അറിവുള്ളൻ തന്നെയാണ്.
ഏതാണ്ട് ഒരു ദശാബ്ദം മുൻപ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ പഠനകാലത്ത് അനിലും സുഹൃത്തുക്കളും കൂടി രൂപീകരിച്ച മൊബൈൽ ടെക്നോളജി സംരംഭം ഏറെ ചർച്ചയായിരുന്നു. രാജ്യവ്യാപകമായി 1000, 500 നോട്ടുകൾ പിൻവലിക്കപ്പെടുമ്പോൾ, ഏറ്റവും ഉപഭോക്താക്കളുടെ ഡിമാൻഡ് വർധിക്കുന്നത് നോ-കറൻസി വ്യവഹാരങ്ങൾക്കായി രൂപപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷനുകൾക്കായിരുന്നു.
ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും ശ്രദ്ധേയമായ പണം കൈമാറ്റാനുള്ള ആപ്ലിക്കേഷനുകളിൽ ഒന്നാണ് അനിലും സുഹൃത്തുക്കളും കൂടി ഏതാനും വർഷങ്ങൾക്കു മുൻപ് രൂപം കൊടുത്ത ചില്ലർ. ഇത്തരം ആപ്പുകളുമായി അമേരിക്കയിലും അനിൽ നേട്ടമുണ്ടാക്കി. ചിദംബരത്തിന്റെ മകൻ കാർത്തിയും ഒപ്പമുണ്ടായിരുന്നു. നിരവധി അഴിമതി കേസുകളിൽ കുടുങ്ങിയ കാർത്തിയുടെ വിശ്വസ്തരിൽ ഒരാളാണ് ആന്റണിയുടെ മകൻ. ഈ സൗഹൃദവലയങ്ങളെല്ലാം ഉപയോഗിച്ചാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായും അനിൽ മാറുന്നത്.
സ്റ്റാൻഡ്ഫോർഡ് സർവകലാശാലയിൽ നിന്ന് മാനേജ്മെന്റ് ആൻഡ് എഞ്ചിനീയറിങിൽ മാസ്റ്റർ ബിരുദമുള്ള വ്യക്തിയാണ് അനിൽ. പക്ഷേ മകൻ രാഷ്ട്രീയത്തിൽ വരുന്നതിന് ആന്റണിക്ക് ഒരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. കെ കരുണാകരനെപ്പോലെയൊക്കെ മക്കളെ പ്രമോട്ട് ചെയ്യാൻ അദ്ദേഹം ഒട്ടും ശ്രമിച്ചിരുന്നില്ല. സ്വ പ്രയത്നത്തിലുടെ തന്നെയാണ് അനിൽ വളർന്നുവന്നത്. അധികാരത്തിന്റെ ഒരു ഇടനാഴികളിലും മക്കളെ ആന്റണി അടുപ്പിച്ചിരുന്നുമില്ല.
ഫൈസൽ പട്ടേലുമായുള്ള സൗഹൃദം
കഴിഞ്ഞതിന് മുമ്പത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി നവമാധ്യമങ്ങളിൽ നടത്തിയ പ്രചാരണമാണ് അനിൽ ആന്റണിയെ ശ്രദ്ധേയനാക്കിയത് .സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും അന്ന് അനിലിനൊപ്പമുണ്ടായിരുന്നു. ഇരുവരും ചേർന്നാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സൈബർ തന്ത്രങ്ങളൊരുക്കിയത്. ഇത് പാർട്ടിക്ക് ഗുണം ചെയ്തെന്നായിരുന്നു നേതാക്കളുടെ വിലയിരുത്തൽ. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അടക്കം ഉപയോഗിക്കുന്ന ഡാറ്റാ അനാലിസിസ് രീതി അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് പ്രയോജനപ്പെട്ടത്രേ. കേരളത്തിലെ പ്രളയ സമയത്ത് കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ശേഖരിക്കാൻ അനിൽ ആന്റണി നടത്തിയ പ്രവർത്തനവും വാർത്തായായിരുന്നു.
ഇതോടെ ഗുജറാത്തിനു പിന്നാലെ കർണാടകത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിലും ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല കോൺഗ്രസ് നേതൃത്വം അനിൽ ആന്റണിയേയും ഫൈസൽ പട്ടേലിനെയും ഏൽപ്പിച്ചു. രാജസ്ഥാൻ തെരഞ്ഞെടുപ്പിലും അനിൽ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല. അമേരിക്കൻ സർവകലാശാലയിലെ പഠനമാണ് അനിലിനെയും ഫൈസലിനെയും സുഹൃത്തുക്കളാക്കിയത്. കേരളത്തിലെ എൻജിനീയറിങ് പഠനത്തിനു ശേഷം സ്റ്റാൻഫഡിൽ നിന്ന് മാനേജ്മെന്റ് സയൻസ് ആൻഡ് എൻജിനീയറിംഗിൽ അനിൽ ബിരുദം നേടി. ഫൈസൽ ഹാർവഡ് സർവകലാശാലയിൽ നിന്നുള്ള എം.ബി.എ ബിരുദധാരിയാണ്. ഇരുവർക്കുമൊപ്പം ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല നിർവഹിക്കാൻ സിലിക്കൺവാലിയിൽ നിന്നുള്ള വിദഗ്ധ സംഘവുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ചാണക്യനെന്ന് അറിയപ്പെടുന്ന പ്രശാന്ത് കിഷോർ ഉപയോഗപ്പെടുത്തുന്നതിനും അപ്പുറമുള്ള സാങ്കേതിക വിദ്യയെയാണ് അനിലും സംഘവും കൂട്ടുപിടിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നു എന്നതാണ് അനിലിന്റെ പ്രചാരണ രീതിയെ പ്രശാന്ത് കിഷോറിന്റേതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പിൽ പൊതുവികാരം എതിരായിട്ടും ട്രംപ് വിജയിച്ചതിനു പിന്നിലും ഡിജിറ്റൽ മീഡിയയിലെ പ്രചാരണമായിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെയാണ് അനിലും സംഘവും ഇന്ത്യൻ രാഷ്ട്രീയത്തിൽ പരീക്ഷിക്കുന്നത് എന്നായിരുന്നു അന്ന് വന്ന വാർത്തകൾ പറയുന്നത്.
ഗോഡ് ഫാദർ ശശി തരുർ
കേരളത്തിലേക്കുള്ള അനിലിന്റെ എൻട്രിയിലും എ കെ ആന്റണിക്ക് യാതൊരു പങ്കും ഇല്ലായിരുന്നു. ഡാറ്റാ അനലിറ്റിക് വിദഗ്ദ്ധനായ അനിലിനെ, കെപിസിസിയുടെ ഡിജിറ്റൽ മീഡിയാ സെൽ അധ്യക്ഷക്കാൻ ശശി തരൂരാണ്, നാലുവർഷം മുമ്പ് നിർദ്ദേശിച്ചത്. അന്നത്തെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഇതിന് പിന്തുണ കൊടുത്തു. ഇതോടെ അനിലിന്റെ വരവിനു തടസങ്ങളൊന്നുമില്ലാതായി. പക്ഷേ അപ്പോഴും ചങ്കിടിപ്പ് ഉയർന്നത് കോൺഗ്രസിലെ യുവ നേതാക്കൾക്ക് ആയിരുന്നു. തങ്ങളുടെ അവസരം കളയാനായി ഡൽഹിയിൽനിന്ന് കെട്ടിയെടുത്ത ഒരു പടപ്പ് എന്ന രീതിയിലായിരുന്നു അവർക്ക് തുടക്കം മുതലേ അനിലിനോടുള്ള സമീപനം. ഒരു അവസരം കിട്ടിയപ്പോൾ അവർ അത് ഇപ്പോൾ നന്നായി വിനിയോഗിക്കയും ചെയ്യുന്നു.
പക്ഷേ മക്കൾ രാഷ്ട്രീയത്തെ എക്കാലവും എതിർത്തുവന്ന ആദർശധീരൻ എ കെ ആന്റണിയുടെ മകൻ പതുക്കെ കേരള രാഷ്ട്രീയത്തിലും എത്തിയത് മാധ്യമങ്ങൾ എഴുതി പൊലിപ്പിച്ചു. ഇനി കോൺഗ്രസിന്റെ പ്രചരണ വേദികളിൽ അനിൽ സ്ഥിരം സാന്നിധ്യം ആവുമെന്നും, എ കെ ആന്റണി രാജ്യസഭയിൽനിന്ന് ഒഴിയുമ്പോൾ മകനെ പിൻഗാമിയാക്കി ഡൽഹിക്ക് അയക്കുമെന്ന്വരെ അഭ്യൂഹങ്ങൾ വന്നു. പക്ഷേ ആന്റണിയുടെ സ്വഭാവം അറിയുന്ന എല്ലാവർക്കും നന്നായി അറിയാമായിരുന്നു, പത്തുപൈസയുടെ സഹായം അയാളിൽനിന്ന് വഴിവിട്ട് കിട്ടുകയില്ലെന്ന്.
''അച്ഛനോ അമ്മയോ നേതാവാണെന്നതുകൊണ്ട് ആർക്കും രാഷ്ട്രീയത്തിൽ മൗലിക അവകാശമില്ല എന്നാൽ അത് ഒരു അയോഗ്യതയായി കാണേണ്ടതില്ല''- വിവാദങ്ങളോട് അനിൽ ആന്റണി അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. തൻേറത് മക്കൾ രാഷ്ട്രീയത്തിലൂടെയല്ല, മെറിറ്റിലൂടെയാണ് കിട്ടിയത് എന്ന അഭിപ്രായമാണ് അനിലിന് എക്കാലവും ഉണ്ടായിരുന്നത്. അത് ശരിയായിരുന്നു താനും. എ കെ ആന്റണിയല്ല, ശശി തരൂരാണ് അനിലിന്റെ ഗോഡ് ഫാദർ. തരൂരിനോടുള്ള കടപ്പാട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ പരസ്യമായി പിന്തുണച്ച് അനിൽ പ്രഖ്യപിച്ചതാണ്. എ കെ ആന്റണി അന്ന് മല്ലികാർജുൻ ഖാർഗേക്ക് ഒപ്പമായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
തന്റെ രാജിക്കത്തിലും അനിൽ, ശശി തരൂരിനെ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. അതേ സമയം അനിൽ ആന്റണിയുടെ നിലപാടിനെ തരൂർ പൂർണ്ണമായും പിന്തുണച്ചിട്ടില്ല. അത് അപക്വമാണെന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ശശി തരൂരിനെ പരാമർശിക്കുന്ന നിരന്തര ട്വീറ്റുകളും മറ്റു രാഷ്ട്രീയ ചർച്ചകളും അനിൽ ആന്റണിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സജീവമായിരിക്കുമ്പോഴും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ച് ഒരു വരിപോലും എവിടെയും പരാമർശിക്കപ്പെട്ടിട്ടില്ല. അതും കോൺഗ്രസ് നേതാക്കൾ എടുത്തുകാട്ടുന്നുണ്ട്.
രണ്ടാമത്തെ മകനും രാഷ്ട്രീയത്തിൽ
അധികം ആർക്കും അറിയാത്ത കാര്യമാണ് എ കെ ആന്റണിയുടെ രണ്ടാമത്തെ മകനായ അജിത് പോൾ ആന്റണിയും കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടെന്നത്. ഇദ്ദേഹവും ഉയന്ന വിദ്യാഭ്യാസണ്ട്. ചില സിനിമകളിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. 'രാഹുൽ പ്രിയങ്കാ ഗാന്ധി സേന'യുടെ ദേശീയ വൈസ് പ്രസിഡന്റായി അജിത് ആന്റണി ചുമതലയേറ്റത് കഴിഞ്ഞവർഷം ആയിരുന്നു. കോൺഗ്രസ് നേതാവ് ജഗദീഷ് ശർമ്മയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 2022 ജൂലൈ ആറിനായിരുന്നു ഈ ട്വീറ്റ്.
'രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതലയേറ്റ അജിത് പോൾ ആന്റണിക്ക് അഭിനന്ദനങ്ങൾ'- എന്നാണ് ജഗദീഷ് ശർമ്മയുടെ ട്വീറ്റ്. സംഘടനയുടെ ദക്ഷിണേന്ത്യയിലെ ചുമതലയും അജിത്തിനായിരിക്കുമെന്ന് ജഗദീഷ് ശർമ്മ അറിയിച്ചു. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ സേനക്ക് ഒന്നും കാര്യമായ ഒരു ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വെറുതെ ഒരു കടലാസ് സംഘടനയാണെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കാൾ പറയുന്നത്.
അജിത് പോൾ ആന്റണി എന്ന വ്യക്തി ആദ്യം വാർത്തയാവുന്നത് 2020 ഒക്ടോബറിലെ ഒരു ഫേസ്ബുക്ക് പോസ്റ്റിലുടെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് കാരണമായത് പാർട്ടിയുടെ സഖ്യനീക്കങ്ങളെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ എ കെ ആന്റണി അട്ടിമറിച്ചതു കൊണ്ടാണെന്ന ആരോപണം ഈ സമയത്ത് ചർച്ചയായിരുന്നു. ഇത് നിഷേധിച്ച് കൊണ്ട് കാര്യമായ പ്രതികരണങ്ങൾ പാർട്ടിയോ നേതാക്കന്മാരോ നടത്തിയതുമില്ല. അതോടെയാണ് മകൻ അജിത്ത് പോൾ ആന്റണി ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്റെ പിതാവിനെ ന്യായീകരിച്ച് ശക്തമായി രംഗത്ത് എത്തിയത്.
ആ പോസ്റ്റ് ഇങ്ങനെയായിരുന്നു. ''നമസ്കാരം സുഹൃത്തുക്കളേ, അടുത്തിടയായി അടിസ്ഥാനമില്ലാത്ത കുറെ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ആണ് പ്രചരിപ്പിക്കുന്നത്. ഒന്നാമത്തെ ആരോപണം യുപിയിലെ സഖ്യം യാഥാർഥ്യം ആകാത്തതിന്റെ കാരണം എന്റെ അച്ഛൻ ആണെന്ന്. സത്യത്തിൽ കോൺഗ്രസ് സഖ്യത്തിന് തയ്യാറായിരുന്നു പക്ഷെ മായാവതി രണ്ടു സീറ്റിൽ കൂടുതൽ കോൺഗ്രസിന് തരില്ല എന്ന് വാശി പിടിച്ചു. അതുകൊണ്ട് തന്നെ ഒറ്റയ്ക്കു മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. മറ്റൊന്ന്. ഡൽഹിയിൽ സഖ്യത്തിന് കോൺഗ്രസ് തയ്യാറായിരുന്നു.പക്ഷെ ഒരു സീറ്റ് അല്ലെങ്കിൽ രണ്ടെണ്ണം മാത്രം കോൺഗ്രസിന്. ഒരു ഘട്ടത്തിൽ കോൺഗ്രസ് അത് സമ്മതിച്ചുമാണ്. അപ്പോഴാണ് ആപ് ഡിമാൻഡ് മാറ്റി പഞ്ചാബിലും ഹരിയാനയിലും സീറ്റ് ആവശ്യപ്പെട്ടത്.പിന്നൊന്ന് ആന്ധ്രയെ സംബന്ധിച്ചാണ്. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി കോൺഗ്രസിന് 10 സീറ്റ് കൊടുക്കാൻ തയ്യാറായി എന്ന്. ജഗന്മോഹൻ റെഡ്ഢി അത്തരമൊരു സമ്മതം നടത്തിയതായി ഒരറിവും ഇല്ല. അപ്പോൾ പിന്നെ ഈ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതെന്തിന്? വെറുതെ ആക്ഷേപിക്കുക. അത്രതന്നെ. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ... തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു തളർത്താമെന്നു ആരെങ്കിലും വ്യാമോഹിക്കുന്നുവെങ്കിൽ ഒരുകാര്യം മനസിലാക്കിക്കോളൂ.... അതെല്ലാം വെറും വ്യാമോഹം മാത്രമായിരിക്കും.''- ഇങ്ങനെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്. ഇതും കോൺഗ്രസിൽ വലിയ ചർച്ചയായി.
തുടർന്ന് നടന്ന ഒരു അഭിമുഖത്തിൽ താൻ അച്ഛനുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും അത് ഇട്ടത് എന്റെ പേഴ്സണലായിട്ടുള്ള ഒപ്പീനിയൻ ആണെന്നും അജിത് ആൻണി പറഞ്ഞു. ''സാധാരണ ഇത്തരം സംഭവങ്ങൾ ഞാൻ കാര്യമാക്കാറില്ല. പക്ഷേ, ഇത്തവണ ക്ലാരിഫിക്കേഷൻ കൊടുത്തുവെന്നേയുള്ളൂ. കാരണം എനിക്ക് അറിയാവുന്ന ഫ്രണ്ട്സും അറിഞ്ഞു കൂടാത്ത പലരും വരെ ഫേസ് ബുക്ക് മെസ്സഞ്ചറിൽ മെസേജ് ഇട്ട് എന്താണിതിന്റെ സത്യാവസ്ഥ എന്ന് ചോദിക്കുന്ന അവസ്ഥയുണ്ടായി.''- അജിത്ത് പറഞ്ഞു.
വീട്ടിൽ ആന്റണി രാഷ്ട്രീയം സംസാരിക്കാറില്ലെന്നും, ഇപ്പോൾ നോയിഡയിലെ ജനഹിത് ലോ കോളേജിൽ നിയമം പഠിച്ചു കൊണ്ടിരിക്കുകയാണ് താൻ എന്നും രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ചിന്തിച്ചിട്ടില്ല എന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. നിയമം പഠിക്കുന്നത് രാഷ്ട്രീയത്തിൽ ഇറങ്ങാനാണോ എന്ന ചോദ്യത്തിന് '' അങ്ങനെ ദീർഘ വീക്ഷണത്തിൽ ഞാൻ നോക്കിയിട്ടില്ല. വീട്ടിൽ അച്ഛനും അമ്മയും നിയമപഠനം പൂർത്തിയാക്കിയിട്ടുണ്ട്. അമ്മ എലിസബത്ത് പ്രാക്ടീസ് ചെയ്യുന്നുമുണ്ട്.''- അജിത്ത് പറയുന്നു.
ഭാര്യയുടെ പെയിന്റിങ്ങിന്റെ വില 28 ലക്ഷം?
ശരിക്കും അഭിഭാഷക കുടുംബമാണ് എ കെ ആന്റണിയുടേത്. 1967ൽ എന്റോൾ ചെയ്തെങ്കിലും, രാഷ്ട്രീയ രംഗത്താണ് ആന്റണി സജീവമായത്. ആന്റണി സഹോദരൻ എ കെ ജോൺ ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. ഇളയമകൻ അജിത്തും അഭിഭാഷകനാണ്. ഭാര്യ എലിസബത്തും വക്കീൽ വേഷം അണിഞ്ഞിരുന്നു. 2011ൽ കനറാ ബാങ്കിന്റെ ഡൽഹി നെഹ്റു പ്ളേസിലെ ശാഖാ മാനേജർ സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടർന്നാണ് അവർ എന്റോൾ ചെയ്തത്. കനറാ ബാങ്കിൽ തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ സായാഹ്ന കോഴ്സിൽ ചേ4ന്നാണ് നിയമ ബിരുദം സമ്പാദിച്ചത്. ലോ അക്കാദമിയിൽ 1993- 96 കാലയളവിലായിരുന്നു പഠനം.
1975 ൽ കനറാ ബാങ്കിൽ ക്ളർക്കായാണ് എലിസബത്ത് ജോലി തുടങ്ങുന്നത്. ആന്റണിയുടെ ഭാര്യയാകുന്നത് 1985 ലും. വിവാഹസമയത്ത് ആന്റണി എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. ഭർത്താവിനൊപ്പം പൊതുവേദികളിൽ അധികമൊന്നും പ്രത്യക്ഷപ്പെടാൻ താൽപ്പര്യം കാട്ടാതിരുന്ന ഇവർ തിരുവനന്തപുരത്താണ് അധികകാലവും ജോലി ചെയ്തത്. പിന്നീട് ആന്റണി ഡൽഹിയിലേക്ക് മാറിയതോടെ ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ വാങ്ങി.
നല്ലൊരു ചിത്രകാരി കൂടിയാണ് എലിസബത്ത്. എന്നും വിവാദങ്ങളിൽനിന്ന് അകന്ന് നിൽക്കുന്ന ആന്റണി കുടുംബം ആദ്യമായി വിവാദത്തിൽ പെട്ടത് എലിസബത്തിന്റെ ചിത്രങ്ങളിലൂടെയാണ്. എലിസബത്ത് വരച്ച ചിത്രം എയർ ഇന്ത്യ 28 ലക്ഷം രൂപയ്ക്ക് വാങ്ങി എന്ന ഒരു വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് പിന്നീട് മനസ്സിലായി. എലിസബത്ത് ആന്റണിയുടെ രണ്ട് പെയിന്റിംഗുകൾ 2.5 ലക്ഷം രൂപയ്ക്കാണ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയത്. ഇതും അവർ പൂർണ്ണമായും ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിച്ചത്. ഇക്കാര്യം വ്യക്തമാക്കി എലിസബത്ത് പോസ്റ്റ് ഇട്ടതോടെയാണ് വിവാദം അടങ്ങിയത്. അവിടെയും ഭാര്യയിലുടെ ആന്റണി ആദർശധീരൻ ഇമേജ് പൊളിക്കാനാണ് ചിലർ നീക്കം നടത്തിയത്.
'കോൺഗ്രസ് ഭീരുക്കൾക്ക് ഒപ്പം'
രാജിവെച്ച ശേഷം അതിരൂക്ഷമായ ഭാഷയിലാണ് അനിൽ ആന്റണി കോൺഗ്രസിനെ വിമർശിച്ചത്. ''രാഹുൽ ഗാന്ധിയോട് ഇഷ്ടവും ബഹുമാനവുമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരെ കാണുമ്പോഴും അണികളെ കാണുമ്പോഴും സഹതാപമാണ്. എന്തും പറയുന്ന ഒരു കാലത്തിലേക്ക് കോൺഗ്രസുകാർ അധഃപതിച്ചത് കാരണമാണ് കോൺഗ്രസ് ഈ നിലയിലേക്ക് എത്തിയത്. കോൺഗ്രസ് ഭീരുക്കൾക്ക് ഒപ്പമാണ ഇന്ന്. മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് പോകാൻ ആലോചിക്കുന്നില്ല.''- അനിൽ പറയുന്നു.
''ഞാൻ ജനിച്ചപ്പോൾ മുതൽ കോൺഗ്രസിലാണ്. ജനിച്ചതു മുതൽ കണ്ടുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിയല്ല കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറായി കാണുന്നത്. ഞാനൊരു പരാമർശം നടത്തി. അത് സങ്കീർണ്ണമായ പരാമർശം അല്ല. വളരെ ലളിതമായ ഒന്നായിരുന്നു. ബിജെപിയുമായി ഒരുപാട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ എനിക്കുണ്ട്. എങ്കിൽപോലും രാജ്യത്തിന്റെ രൂഢമൂലമായ താത്പര്യങ്ങളായ അഖണ്ഡത, പരമാധികാരം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ രാഷ്ട്രീയത്തിനതീതമായ കാര്യങ്ങൾ കൂടി ആലോചിക്കണം. ഇത്രയും മാത്രമാണ് ഞാൻ പറഞ്ഞത്. വേറെ ഒന്നും ഞാൻ പാഞ്ഞിട്ടില്ല. കോൺഗ്രസ് പാർട്ടിയുടെ ഒരു നയത്തിനെതിരെയും പറഞ്ഞിട്ടില്ല. പല നേതാക്കളും അണികളും എന്നെ വിളിച്ച് ഇത് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു. അത് സാധ്യമല്ലെന്ന് ഞാൻ വ്യക്തമായി അവരോട് പറഞ്ഞു. അതിന്റെ കാരണം ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്.
എന്റെ ഫേസ്ബുക്കിലെ കമന്റുകൾ ഒന്നും ഞാൻ ഡിലീറ്റ് ചെയ്തിട്ടില്ല. എല്ലാവർക്കും അവിടെ പോയി നോക്കാം. അപ്പോൾ വ്യക്തമാകും. വാട്സ് ആപ്പ്, മെസ്സഞ്ചർ എന്നിവയിലൂടെ അസഭ്യമായ മെസേജുകൾ ലഭിക്കുന്നു. പലതും മോശവും സംസ്കാര ശൂന്യവുമായ ഭാഷയിലാണ്. ഇത് എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയാം. ഇങ്ങനെയൊരു അന്തരീക്ഷത്തിൽ എന്റെ പശ്ചാത്തലത്തിൽ വരുന്നവർക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ സ്റ്റാൻഡ്ഫോർഡ് സർവ്വകലാശാലയിൽ നിന്നുള്ള ബിരുദധാരിയാണ്. കഴിഞ്ഞ പത്ത്, പന്ത്രണ്ട് വർഷമായി അന്ത്രാരാഷ്ട്ര തലത്തിലും ദേശീയതലത്തിലും സൈബർ, ഡിജിറ്റൽ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്. അങ്ങനെയുള്ള എനിക്ക് ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. അത് കാരണമാണ് ഞാൻ പദവികളിൽ നിന്ന് രാജി വച്ചത്.''- അനിൽ ആന്റണി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ആന്റണിയുടെ മകനുപോലും പ്രവർത്തിക്കാൻ കഴിയാത്ത രീതിയിൽ കോൺഗ്രസ് മാറിയോ എന്ന ചോദ്യത്തിന്' ഇന്നത്തെ കോൺഗ്രസിൽ എന്നെ പോലുള്ള വ്യക്തി പ്രവർത്തിക്കുന്നത് അസാധ്യമായ കാര്യമാണ്' എന്നാണ് അനിലിന്റെ മറുപടി.
ഒരു ക്രി സംഘി കുടി ജനിക്കുന്നു
ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയുമോ എന്ന ചോദ്യത്തിന അനിലിന്റെ മറുപടി ഇങ്ങനെയാണ്. ''ഇന്ന് ഒരു പാർട്ടിയിലേക്കും പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്റെ പ്രൊഫഷണൽ ജോലിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇപ്പോൾ രാഷ്ട്രീയത്തെ കുറിച്ച് ഒന്നും ചിന്തിക്കുന്നില്ല. എന്റെ പ്രൊഫഷണൽ ജീവിതത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.''
അനിൽ ഇങ്ങനെ പറയുന്നുണ്ടെങ്കിലും വൈകാതെ നമുക്ക് മറ്റൊരു ടോം വടക്കനെ കാണാം എന്ന നിലയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ രഹസ്യ പ്രതികരണം. സോഷ്യൽ മീഡിയയിലെ കോൺഗ്രസ് അനുഭാവികൾ ആകട്ടെ എ കെ ആന്റണിയെന്ന കേരളത്തിലെ സമുന്നതനായ രാഷ്ട്രീയ നേതാവിന്റെ മകനെപ്പോലും ക്രി സംഘിയാക്കുകയാണ് ചെയ്യുന്നത്! മാർക്സിറ്റുകാർ ആ കുടുംബത്തെ തന്നെ ക്രിസംഘികളാക്കുന്നു.
ദേശീയതലത്തിലും കോൺഗ്രസ് നേതാക്കൾക്ക് ഇതേരീതിയിൽ ചില സംശയമുണ്ട്. ഭാരത് ജോഡോ യാത്ര നിർണായക ഘട്ടത്തിൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വരുത്തി തീർക്കുകയെന്ന ബിജെപിയുടെ അജണ്ടയാണ് ഇതിന് പിന്നിലെന്നും നേതാക്കൾ സംശയിക്കുന്നു. ഡോക്യുമെന്ററിയെ എതിർക്കുന്ന കുറിപ്പിലും രാജിക്കത്തിലും രാജ്യതാത്പര്യമെന്ന് അനിൽ ആവർത്തിക്കുന്നത് ഈ അജണ്ടയുടെ പുറത്താണെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അനിൽ ആന്റണിയെ പിന്തുണച്ച് ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഈ കൊട്ടിഘോഷിക്കപ്പെടുന്ന അക്കാദമിക്ക് ബ്രില്ല്യൻസ് അനിൽ ആന്റണിക്ക് കേരളത്തിൽ പ്രായോഗികമാക്കാൻ പറ്റിയോ എന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നുണ്ട്. എന്താണ് അദ്ദേഹം ഇതുവരെ കേരളത്തിനായി ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. ഒന്നര വർഷം മുമ്പേ അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുവെന്നാണ് കെപിസിസി വൃത്തങ്ങളും സൂചിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ് കെ.സുധാകരൻ അധ്യക്ഷകനായതോടെ അനിൽ ആന്റണി പുറത്തായി. എന്നാൽ പകരം മറ്റാരേയും നിയോഗിക്കാത്തതുകൊണ്ട് അദ്ദേഹം കെപിസിസി സോഷ്യൽ മീഡിയ കോർഡിനേറ്ററായി തുടർന്നു. പുനഃസംഘടനയോടെ ഈ സ്ഥാനത്ത് പുതിയ ആളെ നിയമിക്കും.
ഫലത്തിൽ അനിലിന്റെ നിലപാട് മൂലം ഏറ്റവും ദോഷം ഉണ്ടായിരിക്കുന്നത് എ കെ ആന്റണിക്ക് തന്നെയാണ്. മകന്റെ നിലപാടിന്റെ പേരിൽ ഒന്ന് പ്രതികരിക്കാൻ പോലും കഴിയായെ, ആ വെറ്ററൻ നേതാവ് ശരിക്കും ലോക്കായി. അനിലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നവർക്കും നന്നായി അറിയാം, കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇനി ആന്റണി തിരിച്ചുവരില്ലെന്ന്. ഈ കോലാഹലങ്ങൾ കേട്ട് പഴയ കിങ്ങിണിക്കുട്ടനായ കെ മുരളീധരൻ ഊറിച്ചിരിക്കുന്നുണ്ടാവും. രാഷ്ട്രീയം എന്നാൽ ഇങ്ങനെയാക്കെയാണ്. കരുണാകരൻ പറയുന്നതുപോലെ രാഷ്ട്രീയത്തിൽ രണ്ടും രണ്ടും കൂട്ടിയാൽ എല്ലായിപ്പോഴും നാല് ആവില്ല. ചിലപ്പോൾ അത് മൂന്നരയോ, ചിലപ്പോൾ അത് അഞ്ചോ അവാം!
വാൽക്കഷ്ണം: അനിലിന്റെ വീഴ്ചയിൽ താരമായത് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ്. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാരമേഷിന്റെ ട്വീറ്റ് ഇങ്ങനെയാണ്. ''ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ രണ്ട് ആൺമക്കളുടെ കഥ. ഒരാൾ ഭാരത് ജോഡോ യാത്രയിൽ തളരാതെ പലപ്പോഴും നഗ്നപാദനായി നമ്മുടെ രാഷ്ട്രത്തെ ഒന്നിപ്പിക്കാൻ നടക്കുന്നു. മറ്റേയാൾ തന്റെ കടമകളും യാത്രകളും പാർട്ടിയേയും അവഗണിച്ച് സൂര്യന് താഴെ ആഹ്ലാദിക്കുന്നു''. ജയാറം രമേഷ് ഉദ്ദേശിച്ചത് ചാണ്ടി ഉമ്മനെയും, അനിൽ ആന്റണിയെയുമാണെന്ന് വ്യക്തം. അത്രയും മതി, മുത്താണ് ചാണ്ടി ഉമ്മൻ എന്ന് പറഞ്ഞ് ആരാധകർ സോഷ്യൽ മീഡിയയിൽ തള്ള് തുടങ്ങുകയും ചെയ്തു. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാവുക എന്നത് എത്ര ശരിയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ