'ഒരുത്തനെ വെട്ടിക്കൊന്നു, ഒരുത്തനെ കുത്തിക്കൊന്നു'... എന്നൊക്കെപ്പറയുന്ന എം എ ം മണിയൂടെ കുപ്രസിദ്ധമായ വൺ ടു ത്രീ പ്രസംഗത്തിനുശേഷം കേരളം ഞെട്ടിയ ദിവസമായിരുന്നു കടന്നുപോയത്. കേരളത്തിന്റെ കൊലപാതക രാഷ്ട്രീയത്തിൽ ചുവന്ന ലിപികളിൽ എഴുതേണ്ട ഡയലോഗാണ്, സിപിഎം മുൻ സൈബർ പോരാൽും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയിൽനിന്ന് ഉണ്ടായത്. പാർട്ടിക്കവേണ്ടി കൊന്നിട്ടുണ്ടെന്ന് ആകാശ് ഫേസ്‌ബുക്കിലുടെ പരസ്യമായി വെളിപ്പെടുത്തിയിരിക്കയാണ്!

'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് ഞങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും''- ആകാശ് തുറന്നടിച്ചു.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്. വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സിപിഎമ്മിനും പൊലീസിനും പരാതി ലഭിച്ചു. മട്ടന്നൂരിലെ പാർട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളിൽ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാർട്ടി ഇടപെടണമെന്ന് ഡിവൈഎഫ്‌ഐ മട്ടന്നൂർ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ആകാശിന്റെ ക്വട്ടേഷൻ ബന്ധം ചോദ്യം ചെയ്തതാണ് വിരോധമെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ ആരോപണം.

പക്ഷേ ഇവിടെ അറിയാതെ ആണെങ്കിലും ആകാശ് പറഞ്ഞുപോയ ഒരു വലിയ സത്യം ഉണ്ട്. യുവാക്കളെ പാർട്ടി വഴിതെറ്റിക്കുകയായിരുന്നു. നേതാക്കളുടെ ആഹ്വാനം കേട്ട് വെട്ടാനും കുത്താനും ഇറങ്ങും. അവസാനം പാർട്ടി കൈ ഒഴിയുന്നതോടെ കുടുങ്ങും. സത്യത്തിൽ യുവാക്കളെ പറഞ്ഞ് പിരികേറ്റി, കൈയിൽ വടിവാൾ കൊടുപ്പിച്ച്, ചെറിയ ചെറിയ അക്രമങ്ങൾ നടത്തിച്ച് വലിയ ഗുണ്ടകൾ ആക്കുകയാണ് പാർട്ടി ചെയ്യുന്നത്. അല്ലാതെ ആരും ക്വട്ടേഷൻ സംഘമായോ, സ്വർണ്ണക്കടുത്തുകാരനായോ ഒന്നും ജനിക്കുന്നില്ലല്ലോ. വെട്ടിക്കൊന്ന ഷുഹൈബിനോട് ആകാശ് അടക്കമുള്ളവർക്ക് യാതൊരു വ്യക്തിവൈരാഗ്യവും ഉണ്ടായിരുന്നില്ല. പാർട്ടി എങ്ങനെയാണ് ഗുണ്ടകളെ ഉണ്ടാക്കുന്നത് എന്നതിന് തെളിവാണ് ആകാശ് തില്ലങ്കേരിയുടെ ജീവിതം.

മട്ടന്നുർ- തില്ലങ്കേരി ഡിഫൻസ് ഫോഴ്സ്

ചെറുപ്പത്തിലെ കുട്ടികളുടെ മനസ്സിലേക്ക് മതവിശ്വാസം പോലെ, അന്ധമായ പ്രത്യയശാസ്ത്ര വിശ്വാസം അടിച്ച് കയറ്റുക. ഒരു പോസ്റ്റർ കീറിയാൽപോലും എതിരാളിയെ തല്ലിച്ചതക്കത്ത രീതിയിൽ ചെഞ്ചോര രാഷ്ട്രീയം അവനെ പഠിപ്പിക്കുക. അങ്ങനെ ചെയ്യുന്നവൻ വീരനാണ് എന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുക. സിപിഎം തങ്ങളുടെ പാർട്ടി ഗ്രാമങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മസ്തിഷ്‌ക്ക പ്രക്ഷാളന പദ്ധതിയുടെ ഇരകൾ ആണ് ആകാശ് തില്ലങ്കേരിയെപ്പോലുള്ള യുവാക്കൾ.

ഒരു പാർട്ടി കുടുംബത്തിൽ ജനിച്ച ആകാശ് പ്ലസ് ടുവരെ മാത്രമാണ് പഠിച്ചത്. വിമാനത്താവള ജോലികളും ഹോട്ടൽ മാനേജ്‌മെന്റും പരിശീലിപ്പിക്കുന്ന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ കുറച്ചുകാലം പഠിച്ചിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ അയാൾ, എസ്എഫ്ഐക്ക് വേണ്ടിയുള്ള അടിപിടിക്കേസുകൾ എന്ന് പറയുന്ന 'ചെറിയ വർഗസമരങ്ങളിൽ' പങ്കാളിയായിരുന്നു. അക്കാലത്തുതന്നെ ആർഎസ്എസ്- സിപിഎം സംഘർഷങ്ങൾ നിരവധി ഉണ്ടായ പ്രദേശങ്ങളാണ് മട്ടുന്നുർ- തില്ലങ്കേരി മേഖല. അതിനായി സിപിഎമ്മിന് നല്ലൊരു ഡിഫൻസ് ഫോഴ്സ് ഈ മേഖലയിൽ ആവശ്യമായിരുന്നു. അങ്ങനെയാണ് മട്ടന്നുർ- തില്ലങ്കേരി ഡിഫൻസ് ഫോഴ്സ് എന്ന് രഹസ്യപ്പേരിട്ട് പാർട്ടിക്കകത്ത് ചില ഉശിരൻ ചെറുപ്പക്കാരെ രഹസ്യമായി സംഘടിപ്പിക്കുന്നത്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തിയ അന്വേഷണത്തിൽ, ഇത്തരം ഡിഫൻസ് ഫോഴ്്സുകൾക്ക് നാടൻ ബോംബുണ്ടാക്കൽ തൊട്ട്, ആയുധ പരിശീലനം വരെ നൽകിയിരുന്നു.

സ്വാഭാവികമായും ആകാശ് തില്ലങ്കേരിയം ആ ഗ്യാങ്ങിലെത്തിയെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ആ സമയത്താണ് പി ശശി മാറി, പി ജയരാജൻ കണ്ണുർ ജില്ലാ സെക്രട്ടറിയായി ഉയരുന്നത്. അഴിമതിയുടെ യാതൊരു സ്പർശവുമേൽക്കാത്ത നേതാവ് ആണെങ്കിലും, അടിക്ക് അടി, വെട്ടിന്് വെട്ടിന്, കണ്ണിന് കണ്ണ് എന്ന ശൈലിയായിരുന്നു പി ജെക്ക്. ആർഎസ്എസ് വെട്ടിനുറക്കിയിട്ടും, ജരാസന്ധനെപ്പോലെ മുറികൂടിവന്ന് പാർട്ടി അണികൾക്കിടയിൽ ആരാധനാപാത്രമായ പി ജയരാജനോട് ആകാശ് തില്ലങ്കേരിക്കും അന്ധമായ ആരാധനായിരുന്നു. അങ്ങനെയാണ് അയാൾ ഡിഫൻസ് എന്ന പേരിൽ സിപിഎം നടത്തുന്ന കില്ലർ സ്‌ക്വാഡുകളിലേക്ക് എത്തിപ്പെടുന്നത് എന്നാണ് അയാളുടെ സുഹൃത്തുക്കൾ പറയുന്നത്.

മാവില വിനീഷിനെ കൊല്ലുന്നു

2016 മുതൽ 2018വരെയുള്ള കാലയളവിൽ കണ്ണൂരിലും മാഹിയിലുമായി നടന്നത് 12 രാഷ്ട്രീയ കൊലപാതകങ്ങളാണ്. 2016 മെയ്‌ 19ന് എൽഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ നടന്ന കൊലപാതകമായിരുന്നു തുടക്കം. 2016 ജൂലൈ 11നു പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ സി.വി.ധനരാജ് കൊല്ലപ്പെട്ടു മണിക്കൂറുകൾക്കുള്ളിലാണു പയ്യന്നൂരിലെ ബിഎംഎസ് പ്രവർത്തകൻ രാമചന്ദ്രൻ കൊലക്കത്തിക്കിരയായത്. 2016 ഒക്ടോബറിൽ സിപിഎം പ്രവർത്തകൻ പാതിരിയാട് കെ.മോഹനൻ ജോലി ചെയ്യുന്ന കള്ളുഷാപ്പിൽ വെട്ടേറ്റുമരിച്ച് 48 മണിക്കൂറിനുള്ളിൽ പിണറായിയിൽ ബിജെപി പ്രവർത്തകൻ രമിതുകൊല്ലപ്പെട്ടു. അതിനുശേഷം മാഹിയിൽ രണ്ടു കൊലപാതകങ്ങളും നടന്നത് അരമണിക്കൂറിനിടയിലായിരുന്നു. നിരവധി സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവർത്തർ കേസിൽ പ്രതികളായി.

 

ഈ കൊലകൾക്കെല്ലാം സഹായിയായി ആകാശിന്റെ പേരും ഉണ്ടായിരുന്നു. പക്ഷേ അയാൾ ഒരു കേസിൽ പ്രതിചേർക്കപ്പെടുന്നത്, 2016 സെപ്റ്റംബർ മൂന്നിന് മാവില വിനീഷ് എന്ന ബിജെപി പ്രവർത്തകനെ തില്ലങ്കേരിയിൽ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയപ്പോഴാണ്. വിനീഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാർ തന്നെയെന്നു സിപിഎം പ്രചരിപ്പിച്ചുവെങ്കിലും, ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ വാഹനത്തിനു നേരെ ബോംബേറുണ്ടായതിനു പ്രതികാരമായാണു വിനീഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പിന്നീടു കണ്ടെത്തി. 'വിനീഷിനെ കൊത്തിയ കത്തി, അറബിക്കടലിലെറിഞ്ഞിട്ടില്ല' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ തില്ലങ്കേരിയിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങളും പിന്നീടു പുറത്തു വന്നിരുന്നു.

വിനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ആകാശ് നാട്ടിലുണ്ടാവാറില്ല. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ ജോലിയെന്നാണു നാട്ടിൽ പറയപ്പെടുന്നത്. ഈ കൊലക്കേസോടെ പാർട്ടിക്കുള്ളിൽ വീര പരിവേഷമാണ് ആകാശിന് കിട്ടിയത്. കടും ചുവപ്പ് ഷർട്ടുകളിട്ട്, മുടി മേലോട്ട് ചീകിവെച്ച്, കൊമ്പൻ മീശ പിരിച്ചുവെച്ച് മംഗലശ്ശേരി നീലകണ്ഠൻ ശൈലിയിൽ ആകാശ് ഫേസ്‌ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു. അക്കാലത്തൊക്കെ പാർട്ടിയുടെ പൂർണ്ണ പിന്തുണയും ഈ കൊലയാളി സംഘത്തിന് ഉണ്ടായിരുന്നു.

ക്രൂരമായ ഷുഹൈബ് വധം

2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു വെട്ട്. ഷുഹൈബിനെ ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. ഇതോടെ രക്തം വാർന്നു ഷുഹൈബ് മരിക്കുകയായിരുന്നു. ഈ കേസിൽ പ്രതികളായതോടെ ആകാശ് തില്ലങ്കേരി, ദീപ് ചന്ദ് എന്നിവരെ സിപിഎമ്മിൽ നിന്നും പുറത്താക്കി.

ഇതിന് രണ്ടുകാരണങ്ങളാണ് പറഞ്ഞുകേൾക്കുന്നത്. ആദ്യത്തേത്് പാർട്ടിയുടെ അറവില്ലാതെയയാണ് ഈ കൊല നടന്നത് എന്നാണ്. പ്രാദേശിക നേതാക്കളുടെ ഷുഹൈബുമായുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. പക്ഷേ അന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ആയിരുന്നു. ആകാശ് തില്ലങ്കേരി പാർട്ടി അംഗമാണെന്ന് സ്ഥിരീകരിച്ച ജയരാജൻ പക്ഷേ, പിടിയിലായത് യഥാർഥ പ്രതികൾ ആണോ എന്ന് അറിയാൻ കഴിയില്ല എന്നും സ്ഥിരീകരിച്ചു. പക്ഷേ ഈ പുറത്താക്കൽ വെറും കണ്ണിൽ പൊടിയിടൽ മാത്രമാണെന്നും സിപിഎമ്മിന്റെ കൂറ് കൊലയാളികൾക്ക് ഒപ്പമാണെന്നു പരസ്യമായി എല്ലാവർക്കും അറിയാമായിരുന്നു. മറ്റൊരുകാര്യം കൊല്ലപ്പെട്ട ഷെൈുഹബ് കാന്തപുരം എ പി വിഭാഗം സുന്നികളുടെ പ്രവർത്തകൻ കൂടി ആയിരുന്നുവെന്നാണ്. ഇവർ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നവരാണ്. അവരുടെ സമ്മർദം അതിജീവിക്കാൻ കൂടിയായിരുന്നു പുറത്താക്കാൽ. പക്ഷേ രാഷ്ട്രീയ ഗോഡ്ഫാദറായ പി ജയരാജൻ ഇവരെ കൈവിട്ടിരുന്നില്ല.കേസിനായി കോടികളാണ് പാർട്ടി ചെലവിട്ടത്.

ജയിലിലും സുഖവാസം

കണ്ണൂർ സെൻട്രൻ ജയലിൽ ആകാശ് തില്ലങ്കേരിയും കൂട്ടരും ശരിക്കും ജയിലറയിലെ ആർഭാട'ജീവിതമാണ് നയിച്ചിരുന്നത്. ഷുഹൈബ് വധക്കേസ് പ്രതികൾക്ക് ജയിലിൽ സ്‌പെഷൽ പരിഗണനയാണ് ലഭിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ പരാതി നൽകിയിരുന്നു. ആകാശ് തില്ലങ്കരി ജയിൽ അധികാരിയെപോലെ പെരുമാറുന്നതായി പരാതിയിൽ പറയുന്നു. ഇയാളടെ സെൽ പൂട്ടാറില്ല. ആകാശിനെ കൂത്തുപ്പറമ്പ് സ്വദേശിനി മൂന്നു ദിവസത്തിനുള്ളിൽ 12 മണിക്കൂർ സന്ദർശിച്ചതായും പരാതിയിൽ പറയുന്നു. യുവതിയുമായി സ്വതന്ത്രമായി ഇടപെടാനും സ്വകാര്യസംഭാഷണം നടത്താനും അധികാരികൾ സാഹചര്യമൊരുക്കിയതായും പരാതിയിൽ പറയുന്നു.

ഷൂഹൈബ് വധക്കേസ് സിബിഐക്ക് വിടാതിരിക്കാനായി ലക്ഷങ്ങളാണ് പിണറായി സർക്കാർ ചെലവിട്ടത്. സിബിഐ അന്വേഷണത്തെ എതിർക്കാൻ കൊണ്ടുവന്ന അഭിഭാഷകർക്ക് വേണ്ടി സർക്കാർ ചെലവാക്കിയത് 34 ലക്ഷം രൂപയാണ്. വിജയ് ഹൻസാരിയ, അമരേന്ദ്രർ ശരൺ സീനിയർ എന്നി അഭിഭാഷകരെയാണ് കൊണ്ടുവന്നത്. വിജയ്ക്ക് 12ലക്ഷവും, അമരേന്ദ്രർ ശരണിന് 22 ലക്ഷം രൂപയും നൽകി. നോക്കണം ജനങ്ങളുടെ നികുത്തിപ്പണം എടുത്താണ് സർക്കാർ ഒരു കൊലയാളികൾക്കായി ചെലവിടുന്നത്.

ഒടുവിൽ ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി, രണ്ടാംപ്രതി രഞ്ജിത് രാജ്, മൂന്നാം പ്രതി കെ. ജിതിൻ, നാലാംപ്രതി സി.എസ്. ദീപക്ചന്ദ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചൂ. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
പുറത്തിറങ്ങുമ്പോൾ ഇവർക്ക് സൈബർ ലോകത്ത് വീരപരിവേഷം നൽകരുതെന്ന നിർദ്ദേശവുമായി സിപിഎം രംഗത്തെത്തിയിതും വാർത്തയായി. ഇത് സംബന്ധിച്ച നിർദ്ദേശങ്ങളുടെ ശബ്ദ സന്ദേശങ്ങൾ സിപിഎം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചത് പുറത്തായി. പ്രതികൾക്ക് വീരപരിവേഷം നൽകിയാൽ കോൺഗ്രസും ബിജെപിയും അടക്കമുള്ളവർ ആയുധമാക്കുമെന്നും അതുകൊണ്ട് സ്വീകരണമൊരുക്കൽ പാർട്ടി കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങണം എന്നുമാണ് സന്ദേശത്തിന്റെ പൊരുൾ.

സൈബർ പോരാളിയായി മാറുന്നു

ജയിലിൽ കിടക്കുന്ന സമയത്തുതന്നെ സിപിഎമ്മിന്റെ സൈബർ പേരാളിയായി ആകാശ് അറിയപ്പെട്ടു തുടങ്ങിയിരുന്നു. ഇരുമ്പഴിക്കുള്ളിൽവെച്ചും അയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. 'അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്നൊരു പുലരിക്കായി പ്രയത്‌നിക്കുന്നു' എന്നു പേരുള്ള സിപിഎം അനുകൂല സൈബർ സംഘത്തിലെ അംഗമാണ് ആകാശ്. ആ ഗ്രൂപ്പിലെ പോരാളി എന്നാണു ഫേസ്‌ബുക് പ്രൊഫൈലിൽ ആകാശ് സ്വയം രേഖപ്പെടുത്തിയിരിക്കുന്നത്. ആകാശ് തില്ലങ്കേരി എന്ന പേരിലുണ്ടായിരുന്ന ഫേസ്‌ബുക് പേജ് ഉണ്ടായിരുന്നു. വിവാദങ്ങളെ തുടർന്ന് ഇതൊക്ക ഡിലീറ്റ് ചെയ്തു. എം വി ആകാശ് എന്ന പേരിൽ മറ്റൊരു പേജ് നിലവിലുണ്ട്.

സിപിഎമ്മിനെ ന്യായീകരിച്ചും എതിരാളികളെ രൂക്ഷമായി വിമർശിച്ചും ഫേസ്‌ബുക്കിൽ സജീവമായി ആകാശ് ഇടപെട്ടു. സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ, ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവരോടുള്ള ആരാധന സ്ഫുരിക്കുന്ന ചിത്രങ്ങളും കമന്റുകളും ആകാശിന്റെ പേജിലുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പി.ജയരാജൻ എന്നിവരോടൊപ്പമെടുത്ത സെൽഫി ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതൊക്കെ വലിയ വിവാദ കോലാഹലമാണ് ഉണ്ടാക്കിയത്. പി.ജയരാജന്റെ മകൻ ജെയിൻ രാജിനൊപ്പമുള്ള ചിത്രങ്ങളും വിവാദമുണ്ടാക്കി. പക്ഷേ അപ്പോഴും മീശപരിച്ച് ഫോട്ടോയിട്ട് ആരെയു കൂസാതെ ആകാശ് തന്റെ പ്രവർത്തനം തുടർന്നു.

പിജെ ആർമിയെന്ന കൂട്ടായ്മയുടെ ഭാഗമാണ് താനെന്ന് തില്ലങ്കേരി പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. ഒരുവേള പി ജെ ആർമിക്ക് പിന്നിലെ ബുദ്ധികേന്ദ്രവും തില്ലേങ്കേരിയാണെന്ന് പറയപ്പെട്ടു. അപകടം മണത്ത പി ജയരാജൻ ഈ സംഘടന പിരിച്ചുവിട്ടു.

ഫേസ്‌ബുക്കിലുടെ മൊട്ടിട്ട പ്രണയം

കഴിഞ്ഞവർഷം മെയ് 12 നാണ് സിപിഎം സൈബർ പോരാളി ആയിരുന്ന ആകാശ് തില്ലങ്കേരി വിവാഹിതനായിത്. ഏച്ചൂർ സി.ആർ.ഓഡിറ്റോറിയത്തിൽ നിറഞ്ഞ ജനാവലിയെ സാക്ഷി നിർത്തിക്കൊണ്ട്, കണ്ണുർ വാരം സ്വദേശിനിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകനെയാണ് ആകാശ് ജീവിത സഖിയാക്കിയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സോഷ്യൽ മീഡിയയിലുടെയുള്ള പരിചയം പ്രണയത്തിലെത്തുകയായിരുന്നു. അനുപമ ഇക്കാര്യം വീട്ടിൽ തുറന്നു പറഞ്ഞു. ഇത് അവരും അംഗീകരിച്ചു. ഇതോടെയാണ് വീട്ടുകാരുടെ സമ്മതത്തോടെയുള്ള അറേഞ്ചഡ് വിവാഹമായി അതു മാറിയത്.

കണ്ണൂരിൽ കൊലക്കേസുകളിൽ പ്രതിസ്ഥാനത്തുള്ള പലരും വിവാഹം രഹസ്യമായാണ് നടത്തിയത്. എന്നാൽ സേവ് ദി ഡേറ്റ് അടക്കം പുറത്തിറക്കി ആഘോഷ പൂർവ്വമാണ് ആകാശ് കല്യാണം നടത്തിയത്. പാർട്ടി നേതാക്കളോട് വിവാഹത്തിന് പോകരുതെന്ന നിർദ്ദേശം സിപിഎം രഹസ്യാമായി നൽകിയിട്ടുണ്ടായിരുന്നു.

പി.ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും വിവാഹത്തിൽ പങ്കെടുത്തില്ലെങ്കിലും കാസർകോട്, മഞ്ചേശ്വരം മേഖലയിലെ ഡി വൈ എഫ് നേതാക്കൾ സജീവമായി കല്യണത്തിന് പങ്കെടുത്ത ഫോട്ടോകൾ പുറത്തു വന്നു. ഡി വൈഎഫ്ഐ ബായാർ മേഖല സെക്രട്ടറി സക്കറിയ ബയർ അടക്കമുള്ളവർ വിവാഹത്തിന് വന്നതും വാർത്തയായി. എന്നാൽ വ്യക്തിപരമായ സൗഹൃദത്തിന്റെ പേരിലാണ് കല്യാണത്തിന് പങ്കെടുത്തതെന്നും, വിവാഹത്തിൽ പങ്കെടുക്കുന്നതിന് പാർട്ടി വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും സക്കറിയ പ്രതികരിച്ചു.

ജയിലായ ആകാശ് തില്ലങ്കേരിയെ കാണാൻ കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് ചട്ടം ലംഘിച്ച് സമയം അനുവദിച്ചെന്ന് നേരത്തെ കെ സുധാകരന്റെ ആരോപിച്ചിരുന്നു. എന്നാൽ ആകാശ് തില്ലങ്കേരി ജയിലിൽ കിടക്കുമ്പോഴും ചെന്ന് കണ്ടത് അനുപമ അല്ലെന്നാണ് സൂചനകൾ. നേരത്തെ ടി.പി വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും കിർമാണി മനോജും വിവാഹിതരായിരുന്നു. ടി.പി വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ കിർമാണി മനോജും വിവാഹം ചെയ്തത് ഡോക്ടറെയാണ്. മുഹമ്മദ് ഷാഫിയുടെ വിവാഹം ഏറെ ആർഭാടത്തോടെയാണ് നടത്തിയത്. ടി.പി വധക്കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഷാഫിയുടെ വിവാഹത്തിന് തലശേരി മണ്ഡലം എംഎൽഎയും സിപിഎം നേതാവുമായ എ.എൻ ഷംസീർ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു.

സ്വർണ്ണ- ക്വട്ടേഷൻ സംഘത്തിലേക്ക്

പക്ഷേ വളരെ പെട്ടെന്ന് സിപിഎമ്മിലെ ശാക്തിക ചേരി മാറിമറിഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ പാർട്ടിയെ ഏറ്റവും അധികാരമുള്ള അനൗദ്യേഗിക തസ്തികയായ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പി ജയരാജൻ മാറി. മാത്രമല്ല കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ആയാൾ പൂർണ്ണമായും ഒതുക്കപ്പെട്ടു. പിണറായിക്ക് മുകളിൽ വളരുന്ന ഒരു വന്മരത്തെ പാർട്ടി സൗകര്യപൂർവം വെട്ടി. ഇതുതന്നെയാണ് ആകാശ് തില്ലങ്കേരിയെയും ബാധിച്ചത്. അതോടെ പാർട്ടി അവരെ പൂർണ്ണമായും കൈവിട്ടു.

അതോടെ മറ്റ് വഴികൾ അടഞ്ഞ ഇവർ സ്വർണ്ണ-ക്വട്ടേഷൻ സംഘത്തിലേക്ക് മാറുകയായിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയാണ്, ഈ വഴിയിൽ ആകാശിന്റെ മാർഗദർശി. എന്നാൽ പാർട്ടിക്കു പുറമെ സ്വന്തമായി ക്വട്ടേഷൻ ടീം വളർത്തിയെടുത്തുന്നു എന്നതാണ് ആകാശിന് മേൽ സിപിഎം ചുമത്തുന്ന കുറ്റം. ഇതിനു പുറമെ മാസം ലക്ഷങ്ങളുടെ വരുമാനവും നടപടിക്ക് കാരണമായി എന്നാണ് വിവരം.

മട്ടന്നൂർ എയർപോർട്ട് കേന്ദ്രീകരിച്ച് സകലവിധ ക്വട്ടേഷൻ ജോലികളും പാർട്ടിക്കതീതമായി ആകാശ് നടത്തിയിരുന്നുവെന്നും ഇതുവഴി ലക്ഷങ്ങൾ മാസവരുമാനം ഉണ്ടാക്കിയെന്നുമാണ് പാർട്ടിക്ക് ലഭിച്ച വിവരം. കണ്ണൂർ ജില്ലയിൽ കഴിഞ്ഞവർഷം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ അക്രമത്തിനെതിരായി നടത്തിയ രണ്ട് ജാഥകൾ ആകാശിനെക്കുറിച്ച് വ്യക്തമായ ധാരണ അണികൾക്കു നൽകാനായിരുന്നു. 'അക്രമരഹിത ആകാശുമാർ രഹിത പാർട്ടി'യാണ് വരും നാളുകളിൽ സിപിഎം മുന്നോട്ട് വെക്കുന്ന ആശയം. ജയരാജനും ആകാശും തമ്മിലുള്ള ബന്ധം ഷൂഹൈബ് വധക്കേസിൽ തന്നെ പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

അതിനിടെ കരിപ്പുർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി പിടിയിലായി. അതോടെ ആകാശിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് - ക്വട്ടേഷൻ വിവാദ സമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ വാർത്ത സമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു. ആകാശ് അടങ്ങുന്ന ക്വട്ടേഷൻ സംഘത്തെ പാർട്ടി ഒരു ചുമതലയും ഏൽപ്പിച്ചിട്ടില്ല എന്നാണ് അന്ന് ജയരാജൻ വ്യക്തമാക്കിയത്. കണ്ണിപ്പൊയിൽ ബാബു വധക്കേസ് പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം സംഘമായി ചേർന്ന് ക്വട്ടേഷൻ പണി നടത്തിയവരാണ് ആകാശ് തില്ലങ്കേരിയും, അർജുൻ ആയങ്കിയും അടക്കമുള്ളവർ എന്നായിരുന്നു ജയരാജന്റെ വാക്കുകൾ.

പി.ജയരാജന്റെ പ്രതിച്ഛായ തെറ്റായി ഉപയോഗപ്പെടുത്തിയാണ് ആകാശ് തില്ലങ്കേരി, അർജ്ജുൻ ആയങ്കി എന്നീ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് ഡിവെഎഫ്‌ഐ നേതാവ് മനു സി വർഗ്ഗീസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മനു പാർട്ടിയെ ഒറ്റുകൊടുക്കുന്ന ആളാണെന്ന് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. തുടർന്ന് ഡിവൈഎഫ്‌ഐ ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകി.

വാ തുറന്നാൽ ആരൊക്കെ കുടങ്ങും?

നേരത്തെ ഡിവൈഎഫ്ഐക്കെതിരെ ആകാശ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ നേതൃത്വം തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അത് തുടർന്നാൽ പരസ്യമായി രംഗത്തെത്തേണ്ടി വരുമെന്നുമായിരുന്നു വെല്ലുവിളി. അതിനിടെ ആകാശിന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ പൊതുവേദിയിൽ വെച്ച് ഒരു ട്രോഫി സമ്മാനിച്ചത് നേരത്തെ വിവാദമായിരുന്നു. എന്നാൽ, ഇങ്ങനെ ട്രോഫി നൽകാനുള്ള സാഹചര്യം തില്ലങ്കേരി തന്നെയുണ്ടാക്കിയതാണ് എന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.

ഇക്കാര്യം തെളിയിക്കുന്ന ആകാശ് തില്ലങ്കേരിയുടെ വാട്‌സ്ആപ് ചാറ്റ് പാർട്ടി ഫോറങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സരീഷ് ആകാശ് തില്ലങ്കേരിക്കെതിരെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരി സിപിഎം നേതൃത്വത്തിനെതിരെ വെല്ലുവിളി മുഴക്കിക്കൊണ്ട് രംഗത്തെത്തിയത്.പല കാര്യങ്ങളിലും കുഴിയിൽ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചു.

പാർട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തെന്നു സൂചിപ്പിക്കുന്ന കമന്റിലൂടെയാണ് ആകാശ് സിപിഎംഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്. ''പല ആഹ്വാനങ്ങളും തരും, കേസ് വന്നാൽ തിരിഞ്ഞുനോക്കില്ല. പട്ടിണിയിൽ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാൻ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല, നിരാകരിക്കുകയും ഇല്ല. പക്ഷേ, പാർട്ടിയുടെ സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങൾ ആ വഴിയിൽ നടന്നത്'' ആകാശ് തില്ലങ്കേരി കുറിച്ചു.

രക്തസാക്ഷികളെ ഒറ്റുകൊടുത്തവൻ എന്ന് ആരോപിച്ച ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ അത് തെളിയിക്കാൻ ആകാശ് വെല്ലുവിളിച്ചിരുന്നു. കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലയാളികൾക്ക് ഒപ്പം ക്വട്ടേഷൻ നടത്തുന്നു എന്ന് ഷാജറിന്റെ ആരോപണമാണ് ആകാശ് തില്ലങ്കേരിയെ ചൊടിപ്പിച്ചത്. അത് തെളിയിച്ചാൽ തെരുവിൽ വന്നു നീൽക്കാമെന്നും കല്ലെറിഞ്ഞു കെന്നോളു എന്നുമായിരുന്നു ഫേസ്‌ബുക്ക് പ്രതികരണം. ഇല്ലാ കഥകൾ തുടർന്നാൽ പരസ്യമായി പ്രതികരിക്കുമെന്നും ആകാശ് കുറിപ്പിൽ മുന്നറിയിപ്പു നൽകി

'പാർട്ടി ഷുഹൈബ് കേസിൽ പ്രതിചേർക്കപെട്ടപ്പോൾ എന്നെ പുറത്താക്കിയതാണ്. അത് എനിക്കും നിങ്ങൾക്കും പാർട്ടിക്കും എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണ്..അന്ന് മുതൽ ഞാൻ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാർട്ടിക്ക് ഉത്തരവാദിത്വമേൽക്കേണ്ട ബാധ്യത ഇല്ല..അതൊരു വസ്തുതയാണ്..എന്നുകരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അംഗീകരിക്കാൻ കഴിയില്ല....ഒരു വാർത്ത സമ്മേളനം പ്രതീക്ഷിക്കാം '- ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

പക്ഷേ തില്ലങ്കേരി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ ഭീതിയിലാവുന്നത് സിപിഎം തന്നെയാണ്. കാരണം ഷുഹൈബിന്റെ പിതാവ് ഇപ്പോഴും പറയുന്നത് പി ജയരാജൻ അറിയാതെ തന്റെ മകൻ കൊല്ലപ്പെടില്ല എന്നാണ്. എന്തായാലും സിപിഎം എങ്ങനെ യുവാക്കളെ ഉപയോഗിക്കുന്നുവെന്നും, എങ്ങനെ ക്വട്ടേഷൻ സംസ്‌ക്കാരം സിപിഎമ്മിൽ പിടിമുറക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരമാണ് ആകാശ് തില്ലങ്കേരി എന്ന ചെറുപ്പക്കാരന്റെ ജീവിതം.

വാൽക്കഷ്ണം: ആകാശ് വാർത്താ സമ്മേളനം നടത്തിയാൽ അത് ശരിക്കും കേരള രാഷ്ട്രീയത്തിലെ ഒരു ബോംബ് തന്നെ ആയിരിക്കും. പക്ഷേ അതുവരേക്കും അയാൾ ജീവിച്ചിരിക്കുമോ എന്നും കണ്ടറിയണം!