- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, വിദ്യാഭ്യാസ ജിഹാദ്, ഇക്കണോമിക്ക് ജിഹാദ്, തൊട്ടുള്ള വിവിധ കാര്യങ്ങൾ, ട്രോളായും അല്ലാതെയുമൊക്കെ കേരളത്തിലടക്കം പ്രചരിക്കാറുണ്ട്. എന്നാൽ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം, അൽജസീറ ചാനലിനെ രാജ്യത്ത് നിരോധിക്കാനായി പ്രത്യേകം നിയമം പാസാക്കിയതോടെ ചർച്ചയായ ഒരു വാക്കാണ് മീഡിയാ ജിഹാദ്. ഇന്ന് ബിസിസി കഴിഞ്ഞാൽ, ലോകത്ത് എമ്പാടും വേരുകളുള്ള രണ്ടാമത്തെ ചാനൽ എന്ന വിശേഷണമുള്ള, യുദ്ധ മുഖത്തുനിന്നുവരെ വാർത്തകൾ എത്തിക്കുന്ന വിഖ്യാതമായ അൽജസീറ മീഡിയാ നെറ്റ്‌വർക്കുനേരെയാണ് ഈ ആരോപണം ഉയരുന്നത്.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ പ്രധാന പങ്ക് വഹിക്കുന്ന സമയത്ത്, ഖത്തർ ആസ്ഥാനമായ അൽ ജസീറ ചാനലിനെ രാജ്യത്ത് നിന്ന് തുരത്താനുള്ള നടപടിയുമായി ഇസ്രയേൽ മുന്നോട്ട് പോവുകയാണ്. ഭീകരപ്രവർത്തനത്തിന് പിന്തുണകൊടുക്കയല്ല അൽജസീറ ചെയ്യുന്നത്, അതിലെ മാധ്യമ പ്രവർത്തകരും ഭീകരവാദികളാണെന്നാണ് നെതന്യാഹു ആരോപിക്കുന്നണ്ട്. ഹമാസുമായി അടുത്ത ബന്ധമാണ് അൽജസീറക്ക് ഉള്ളതെന്നും, ജേർണലിസ്റ്റുകളായി ഭീകരവാദികളെ എടുക്കുന്നണ്ടെന്നും ഇസ്രയേൽ ആരോപിക്കുന്നു.
'അൽ ജസീറ ഇസ്രയേലിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചു. ഒക്ടോബർ ഏഴിന് നടന്ന കൂട്ടക്കൊലയിൽ പങ്കാളികളായി. ഹമാസിനെ പിന്തുണക്കുന്നവരെ നമ്മുടെ നാട്ടിൽ നിന്ന് നീക്കം ചെയ്യാൻ സമയമായിരിക്കുന്നു. ഭീകരവാദ ചാനലായ അൽ ജസീറ ഇനി ഇസ്രയേലിൽ നിന്ന് സംപ്രേഷണം ചെയ്യില്ല. ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമപ്രകാരം ഉടൻ പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കുന്നു,' -നെതന്യാഹു ട്വിറ്ററിൽ കുറിച്ചു. നെതന്യാഹുവിന്റെ ഈ ട്വീറ്റിനുശേഷമാണ് അൽജസീറ നടത്തുന്നത് മാധ്യമ പ്രവർത്തനമോ, അതോ മീഡിയാ ജിഹാദോ എന്ന ചോദ്യമുയരുന്നത്.
ജേർണലിസ്റ്റുകളായി ജിഹാദികളും?
അൽ ജസീറ നിരോധിക്കുന്നതിനായി പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കിയിരക്കയാണ് ഇസ്രയേൽ. ബിൽ ഉടൻ തന്നെ പാസാക്കാൻ സെനറ്റിന് നിർദ്ദേശം നൽകിയ പ്രധാനമന്ത്രി ബെഞ്ചെമിൻ നെതന്യാഹു അൽ ജസീറ അടച്ചുപൂട്ടൻ ഉടൻ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ടൈംസ് ഓഫ് ഇസ്രയേലിനെയും എഎഫ്‌പിയേയും ഉദ്ധരിച്ചുകൊണ്ട് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 70-10 വോട്ടുനിലയിലാണ് പാർലമെന്റിൽ നിയമം പാസാക്കിയത്. വിദേശ ചാനലുകളുടെ ഓഫീസുകൾ നിരോധിക്കുന്നതിനുള്ള അധികാരവും നിയമം സർക്കാരിന് നൽകുന്നു.
കഴിഞ്ഞ ജനുവരിയിലുണ്ടായ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട അൽ ജസീറയുടെ മാധ്യമ പ്രവർത്തകനും ഫ്രീലാൻസറും ഭീകരവാദികളാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. മറ്റൊരു ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരു മാധ്യമ പ്രവർത്തകൻ ഹമാസിന്റെ ഡെപ്യൂട്ടി കമാൻഡറാണെന്നും ഇസ്രയേൽ ആവകാശവാദം ഉന്നയിച്ചിരുന്നു. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രിയുടെ തെറ്റായ ആരോപണങ്ങൾക്കും പ്രേരണക്കും ശേഷം ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെയും നെറ്റ്‌വർക്കിന്റെയും സുരക്ഷയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരിക്കുമെന്ന് അൽ ജസീറ പ്രതികരിച്ചു. ഇത്തരം അപകീർത്തികരമായ ആരോപണങ്ങൾ ധീരവും പ്രഫഷനൽ കവറേജും തുടരുന്നതിൽനിന്ന് ഞങ്ങളെ തടയില്ലെന്നും എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അൽ ജസീറ അധികൃതർ പറഞ്ഞു.
പക്ഷേ അൽജസീറ ചാനൽ ഇസ്ലാമിക ഭീകരവാദത്തിന്റെ മുഖമാണെന്ന് ഇസ്രയേൽ നേരത്തെ ആരോപിച്ചിരുന്നു. തങ്ങൾക്കെതിരെ ആയിരക്കണക്കിന് നുണക്കഥകളാണ് അൽജസീറ ഉണ്ടാക്കിയതെന്നന്ന് ഇവർ പറയുന്നു. ഇസ്രയേലിൽ ഹമാസ് ആക്രമണമുണ്ടായപ്പോൾ, സ്വാഭാവിക തിരിച്ചടി എന്ന രീതിയിലാണ് അൽജസീറ റിപ്പോർട്ട് ചെയ്തത്. ജനം തെരുവിൽ മരിച്ചുവീഴുമ്പോൾ ആഹ്ലാദത്തോടെയാണ് അൽജസീറയിൽ വാർത്തകൾ വന്നത്. ഹമാസ് സ്ത്രീകളെയും കുട്ടികളെയും ചാവേർ ബോംബാക്കുന്നതും, ആശുപത്രിക്ക് മുകളിൽവരെ റോക്കറ്റ് സ്ഥാപിക്കുന്നതും, ഇസ്രയേലിലേക്ക് നുറുകണക്കിന് തുരങ്കങ്ങൾ കുഴിച്ചതുമൊന്നും അൽജസീറ വാർത്തയാക്കാറില്ല. പകരം അവർ എന്തിനും എതിനും ഇസ്രയേലിനെ കുറ്റപ്പെടുത്തുന്നു. ഗസ്സയിലെ സകല പ്രശ്‌നത്തിനും യഹൂദസമൂഹത്തെ ഉത്തരവാദികളാക്കുന്നു.
എന്നാൽ ഗസ്സയിലടക്കമുള്ള ഇസ്രയേലിന്റെ നരനായാട്ട് പുറത്തുകൊണ്ടുവന്നതിനാണ് തങ്ങളെ ആക്രമിക്കുന്നതന്നൊണ് അൽജസീറ പറയുന്നത്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ 32,845 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത് എന്നാണ് അൽജസീറ പറയുന്നത്. ഇവർക്കൊപ്പം നിന്നതാണ് തങ്ങൾക്കെതിരെയുള്ള വൈരാഗ്യത്തിന് കാരണമെന്നും അൽജസീറ ആരോപിക്കുന്നു. ആ പറഞ്ഞതിൽ ശരിയുണ്ടെന്ന് നിഷ്പക്ഷമതികളായ ആരും സമ്മതിക്കും. കാരണം ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന കണ്ണില്ലാത്ത ക്രുരതകൾ, ബോംബിനെയും, റോക്കറ്റിനെയും തൃണവത്ക്കരിച്ചുകൊണ്ട് ഷൂട്ട് ചെയ്ത് ലോകത്തിന് മുന്നിലെത്തിച്ചത് അൽജസീറ തന്നെയാണ്. ഗസ്സക്ക് അനുകൂലമായി ലോക മനസാക്ഷിയെ ഉണർത്താൻ അൽജസീറക്ക് ആയി. പക്ഷേ അവർ നിഷ്പക്ഷരാണോ? എങ്കിൽ ഹമാസിന്റെ ക്രൂരതകളെ അതുപോലെ വിമർശിക്കാൻ അവർക്ക് കഴിയാത്ത് എന്തുകൊണ്ടാണ്? അവിടെയാണ് മധുരം പൊതിഞ്ഞ ഒരു വിഷഗുളികയാക്കി വാർത്തയെ അവതരിപ്പിക്കുന്ന അൽജസീറയുടെ രീതി വിമർശിക്കപ്പേടേണ്ടത്. ടി വി തുറന്നാൽ ലോകം മൂഴുവൻ മുസ്ലീങ്ങളെ പീഡിപ്പിക്കുന്നുവെന്ന രീതിയിലാണ് വാർത്തകൾ അവർ കൊടുക്കുക. പക്ഷേ നിഷ്പക്ഷതയുടെ മൂടുപടം അപ്പോഴും അവർക്ക് അണിയാൻ കഴിയുന്നുവെന്നത് അവരുടെ പ്രൊഫഷണൽ വിജയം.
ബിസിസി കഴിഞ്ഞാൽ രണ്ടാമൻ
ഖത്തർ തലസ്ഥാനമായ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബി-ഇംഗ്ലീഷ് ഭാഷയിലുള്ള അന്താരാഷ്ട്ര റേഡിയോ- ടെലിവിഷൻ പ്രക്ഷേപണ മാധ്യമമാണ് അൽ ജസീറ. ലണ്ടൻ, മലേഷ്യ, വാഷിങ്ടൺ, ദുബായ്, തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളിൽ നിന്ന് പ്രാദേശിക വാർത്തകളും സംപ്രേഷണം ചെയ്യുന്നു. ഇരുനൂറ്റി അമ്പതോളം രാജ്യങ്ങളിൽ ബ്യൂറോകൾ പ്രവർത്തിക്കുന്നു.
ബിബിസിക്ക് ശേഷം ലോകത്തിലെ ഒരു മീഡിയ കമ്പനിയുടെയും ഏറ്റവും വലിയ ബ്യൂറോയാണിത്. അൽ ജസീറ സൗദിയിൽ ഒരു അറബി പത്രം എന്ന നിലക്കാണ് ആരംഭിക്കുന്നത്. തുടക്കം സ്വകാര്യ ഉടമസ്ഥതയിൽ ആയിരുന്നു. ഖത്തർ റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ എന്ന ഒരു സ്വകാര്യ-മാധ്യമ കൂട്ടായ്മയാണ് ഇതിന് നേതൃത്വം കൊടുത്തത്. പക്ഷേ ഈ സംഘടനക്ക് ഖത്തറിന്റെ കൃത്യമായ ഫണ്ടിങ്ങ് ഉണ്ടായിരുന്നു. ശേഷം സാറ്റലൈറ്റ് ടെലിവിഷനായി പുതിയ വിഭാഗം തുടങ്ങി.
അൽ ജസീറ സാറ്റലൈറ്റ് ചാനൽ (അന്ന് ജെഎസ്സി അല്ലെങ്കിൽ ജസീറ സാറ്റലൈറ്റ് ചാനൽ എന്ന് വിളിക്കപ്പെട്ടു) 1996 നവംബർ 1 നാണ് തുടങ്ങിയത്. അന്ന് ആദ്യത്തെ ബിബിസി അറബിക് ഭാഷാ ടെലിവിഷൻ സ്റ്റേഷൻ അടച്ച സമയം ആയിരുന്നു. ഇതും അൽജസീറയുടെ വളർച്ചയിൽ നിർണ്ണായകമായി. ശരീഅത്ത് നിയമപ്രകാരം വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ബിബിസി സംപ്രഷണം ചെയ്തതാണ് വിലക്കിന് കാരണം. ഈ ഗ്യാപ്പിൽ അൽജീസീറ വളർന്നു.
ആദ്യം പ്രതിദിനം 6മണിക്കൂർ പ്രോഗ്രാമാണ് നടത്തിയത്. പിന്നീട് അത് 1997 അവസാനത്തോടെ 12 മണിക്കൂറായി വർദ്ധിച്ചു. 1999 ജനുവരി 1 ആയിരുന്നു അൽ ജസീറയുടെ 24 മണിക്കൂർ സംപ്രേഷണത്തിന്റെ ആദ്യ ദിനം. ഒരു വർഷത്തിനുള്ളിൽ മൂന്നിരട്ടിയായി വർധിച്ച് 500 ജീവനക്കാരായി. യൂറോപ്യൻ യൂണിയൻ, റഷ്യ എന്നിവിടങ്ങളിലായി ഒരു ഡസൻ ബ്യൂറോകളായി. വാർഷിക ബജറ്റ് 25 മില്യൺ ഡോളറായി വളർന്നു. പിന്നീട്, അൽ ജസീറ ബാൽക്കൻസ്, അൽജസീറ തുർക്ക്, അൽജസീറ അമേരിക്ക, അൽജസീറ സ്പോർട്സ്, അൽജസീറ ചിൽഡ്രൻസ് ചാനൽ എന്നിവയായി അത് വളർന്നു പന്തലിച്ചു.
ഖത്തർ കൊടുത്തത് ശതകോടികൾ
തങ്ങൾ സ്വതന്ത്രമാധ്യമ പ്രവർത്തനമാണ് നടത്തുന്നത് എന്നാണ് അൽജസീറ അവകാശപ്പെടുന്നത്. പക്ഷേ എ ജെ എം എൻ, എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അൽജസീറ മീഡിയാ നെറ്റവർക്ക്, ഖത്തർ സർക്കാരിൽ നിന്ന് പൊതുഫണ്ട് സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഖത്തർ ഗവൺമെന്റിന് എഡിറ്റോറിയൽ സ്വാധീനമുണ്ട്. എന്നാൽ ഖത്തർ ഗവൺമെന്റിന്റെ ഔദ്യോഗിക വീക്ഷണം, തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് അൽജസീറ പറയുക. പക്ഷേ യുണൈറ്റഡ് സ്റ്റേറ്റ്സ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഈ അവകാശവാദത്തോട് വിയോജിക്കുന്നു, അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് നിയന്ത്രിക്കുന്നതും ധനസഹായം നൽകുന്നതും ഖത്തർ സർക്കാരാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ, അൽ ജസീറയെ അതിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ നിലനിർത്താൻ 137 മില്യൺ ഡോളറാണ് ലോൺ നൽകിയത്. 'അൽ ജസീറ: ദി ഇൻസൈഡ് സ്റ്റോറി ഓഫ് ദ അറബ്' എന്ന ഡോക്യുമെന്റിയ ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. 2017- ലെ ഖത്തർ നയതന്ത്ര പ്രതിസന്ധിയുടെ സമയത്ത് ,സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും അൽ ജസീറ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്ന് അൽജസീറ സംസാരിച്ചത് ഖത്തറിന് വേണ്ടിയായിരുന്നു.
ഇന്ന് ആഗോള ഇസ്ലാമിക പ്രചാരണത്തിന് ഫണ്ട് വരുന്ന രാജ്യങ്ങളിൽ ഏറ്റവും പ്രധാനം ഖത്തറാണ്. ഇസ്ലാമിക ലോകത്തിന്റെ മാധ്യമ മുഖം, എന്ന ഖത്തറിന്റെ ആശയം നിഷ്പക്ഷതയുടെ മൂടുപടമിട്ട് അൽജസീറയിലൂടെ നടപ്പാവുക എന്നതായിരുന്നു, യഥാർത്ഥ്യം. ബിബിസിയെപ്പോലെ ലോകം മുഴവൻ പടർന്നു പന്തലിച്ച് കിടക്കുന്ന ഒരു മാധ്യമ സാമ്രാജ്യത്തിലൂടെ പാൻ ഇസ്്ലാമിസം പടത്തുക എന്ന ഖത്തറിന്റെ അജണ്ട തന്നെയായിരുന്നു ഇതിന് പിന്നിൽ. അത്് കൃത്യമായ പ്രൊഫഷണിലിസത്തോടെ നടപ്പാക്കാൻ പറ്റി എന്നിടത്താണ് ചാനലിന്റെ വിജയം.
ലാദന്റെ അഭിമുഖത്തിൽ ലോകമറിഞ്ഞു
അൽജസീറ ചാനലിലെ ലോകം അറിഞ്ഞത്, ആഗോള ഇസ്ലാമിക ഭീകരൻ ഉസാമ ബിൻ ലാദനുമായുള്ള അഭിമുഖത്തിലൂടെയാണ്. ഈ ഒറ്റ ഇന്റവ്യൂ ലോകത്തെ ഞെട്ടിച്ചു. 2001 ഒക്ടോബർ 21-ന് അൽ ജസീറ ലേഖകൻ തയ്‌സീർ അലോണിയാണ്, അമേരിക്ക കോടികൾ ചെലിവിട്ട് തിരയുന്ന ബിൻ ലാദനുമായി ഒരു അഭിമുഖം നടത്തിയത്. എന്നിരുന്നാലും ഇതിന്റെ പൂർണ്ണരൂപം അൽജസീറ കാണിച്ചില്ല. തങ്ങൾ അമേരികകയുടെ നോട്ടപ്പുള്ളിയാവുമെന്ന ഭയം അവർക്കുണ്ടായിരുന്നു. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം, അൽ ജസീറയുടെ അനുമതിയില്ലാതെ സിഎൻഎൻ അഭിമുഖം സംപ്രേഷണം ചെയ്തു. അഭിമുഖത്തിനിടെ, സെപ്റ്റംബർ 11-ലെ ആക്രമണത്തിന് പിന്നിൽ താനാണെന്നന്ന് ലാദൻ സമ്മതിക്കുന്നുണ്ട്.
ഹൈജാക്കർമാരെ 'യുദ്ധം അമേരിക്കയുടെ ഹൃദയത്തിലേക്ക് നയിച്ച ധീരരായ ആളുകൾ' എന്ന് ബിൻ ലാദൻ വിശേഷിപ്പിച്ചു, 'അവർ അത് ചെയ്തു. ഇത് നമ്മൾ മനസ്സിലാക്കുന്നത് പോലെ, സ്വയരക്ഷയ്ക്ക് വേണ്ടി നമ്മൾ നേരത്തെ പ്രക്ഷോഭം നടത്തിയതാണ്.അതിന് ആളുകളെ പ്രേരിപ്പിക്കുന്നത് തീവ്രവാദമാണെങ്കിൽ, നമ്മുടെ മക്കളെ കൊല്ലുന്നവരെ കൊല്ലുന്നതിനെതിരെ പ്രതികരിക്കുന്നത് തീവ്രവാദമാണെങ്കിൽ, ചരിത്രം ഞങ്ങളെ തീവ്രവാദികളാണെന്ന് സാക്ഷ്യപ്പെടുത്തട്ടെ'- ലാദൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുഎസ് അധിനിവേശത്തെ 'ആഗോള കുരിശുയുദ്ധം' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അതുപോലെ അൽജസീറയുടെ പ്രചാരണം വൻതോതിൽ വർധിപ്പിച്ച മറ്റൊരു സംഭവമായിരുന്നു, 2011-ൽ അറബ് വസന്തമെന്നും, മുല്ലപ്പൂ വിപ്പവം എന്നും അറിയപ്പെട്ട സംഭവം. 2011-ൽ ടുണീഷ്യയിലെ ഒരു ചെറിയ നഗരത്തിലെ അശാന്തിയെക്കുറിച്ച് മിഡിൽ ഈസ്റ്റിൽ ഉടനീളം വാർത്തകൾ പ്രചരിപ്പിച്ച അൽ ജസീറ, ആ രാഷ്ട്രീയ മാറ്റത്തിന് നൽകിയ പിന്തുണ ഏറെയാണ്.
യുട്യൂബ്, ഗൂഗിൾ എന്നിവയെക്കാളും തങ്ങളുടെ പ്രദേശങ്ങളെയും ലോകത്തെയും കുറിച്ചുള്ള വാർത്തകൾ ലഭിക്കുന്നതിന് മിഡിൽ ഈസ്റ്റിലെ ആളുകൾ അൽ ജസീറയെ ആശ്രയിച്ചു. അറബ് വസന്തത്തിന്റെ സമയത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റൺ പ്രസ്താവിച്ചു, 'അൽ-ജസീറ ആളുകളുടെ മനസ്സും മനോഭാവവും അക്ഷരാർത്ഥത്തിൽ മാറ്റുന്നതിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. അത് ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യുക, അത് ശരിക്കും ഫലപ്രദമാണ്". ഇതാണ് അൽജസീറയുടെ വിജയം. തീർത്തും പ്രൊഫഷണൽ ആണവർ. വിശകലനം ശരിയോ തെറ്റോ ആവട്ടെ അത് തീർത്തും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്നു.
ലേഖികയെ വെടിവച്ച് കൊന്ന് ഇസ്രയേൽ
2001 ലെ അഫ്ഘാൻ യുദ്ധത്തിലെ മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്തുകൊണ്ട് വന്നതോടെ അൽ ജസീറ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ നേർക്കാഴ്ചകൾ അൽ ജസീറ യുദ്ധഭൂമിയിൽ നിന്ന് സംപ്രേഷണം ചെയ്തു. അൽ ജസീറയുടെ നിരവധി പ്രതിനിധികൾക്ക് ഇറാഖ് യുദ്ധത്തിൽ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ, ഗസ്സയിലും അതുതന്നെയാണ് സംഭവിക്കുന്നത്.
തങ്ങൾക്കെതിരെ നിരന്തരം പണിയുന്ന അൽജസീറക്ക് എട്ടിന്റെ പണി ഇസ്രയേലും കൊടുക്കാറുണ്ട്. ജീവൻ പണയം വച്ചാൽ അൽജസീറ ലേഖകർ ഗസ്സയിൽ നിന്നടക്കം റിപ്പോർട്ട് ചെയ്യാറുള്ളത്. എ പി വാർത്താ ഏജൻസിയും അൽ ജസീറയും പ്രവർത്തിക്കുന്ന ഗസ്സയിലെ ഓഫീസ് 2021ൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ തകർന്നിരുന്നു. വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽജസീറ ചാനൽ ലേഖികയെ 2022 മെയിൽ ഇസ്രയേൽ സൈന്യം തലയ്ക്ക് വെടിവെച്ചുകൊന്നത് വൻ വിവാദമായിരുന്നു. ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തക ഷിറിൻ അബൂ അഖ്‌ലയാണ് (51) മരിച്ചത്.
ഫലസ്തീൻകാരും ഇസ്രയേൽ സൈന്യവും തമ്മിൽ സംഘർഷം നടക്കുന്നതിനിടെയാണ് സംഭവമെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ, സംഘർഷത്തിലാണ് വെടിവെപ്പെന്ന ഇസ്രയേൽ വാദം കള്ളമാണെന്നും ഷിറിനൊപ്പം വെടിയേറ്റ സഹപ്രവർത്തകൻ അലി സമൗദി പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് മാധ്യമപ്രവർത്തകരും ഇസ്രയേൽ വാദം നിഷേധിച്ചു.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുവാനെന്ന് പറഞ്ഞ് ജെനിൻ നഗരം വളഞ്ഞ ഇസ്രയേൽ സൈനികർ ഒരു വീട് വളഞ്ഞ് ആക്രമണം നടത്തുന്നതായി, കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഷിറിൻ വാർത്താ ബ്യൂറോയിൽ അയച്ച സന്ദേശത്തിൽ പറയുന്നു. സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഷിറിൻ അടക്കമുള്ള മാധ്യമപ്രവർത്തകർക്കു നേരെ വെടിവെപ്പുണ്ടായത്. സംഘർഷ സമയത്ത് മാധ്യമപ്രവർത്തകർ ധരിക്കുന്ന മേൽക്കുപ്പായം ധരിച്ചാണ് ഷിറിൻ അടക്കമുള്ള മാധ്യമപ്രവർത്തകർ റിപ്പോർട്ടിങ് നടത്തിയത്. ഷെറിൻ വെടിയേറ്റ് വീണിട്ടും ഇസ്രയേൽ സൈന്യം വെടിവെപ്പ് നിർത്തിയില്ലെന്ന് അവർക്കൊപ്പമുണ്ടായിരുന്ന ഫലസ്തീൻ മാധ്യമപ്രവർത്തക ഷദ ഹനയിഷ പറഞ്ഞു.
ഷിറിനൊപ്പം റിപ്പോർട്ടിംഗിലുണ്ടായിരുന്ന അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ അലി സമൗദിക്കാണ് ആദ്യം വെടിയേറ്റത്. തൊട്ടുപിന്നാലെ ഷിറിനും വെടിയേറ്റു. മറ്റുള്ളവർക്ക് നേരെയും സൈന്യം വെടിവെച്ചതായി കൂടെയുള്ള മാധ്യമപ്രവർത്തകർ പറയുന്നു. ജെനിൻ നഗരത്തിലെ ഇസ്രയേലി സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെ, മാറി നിൽക്കാനോ റിപ്പോർട്ടിങ് അവസാനിപ്പിക്കാനോ ആവശ്യപ്പെടാതെ സൈന്യം മാധ്യമപ്രവർത്തകർക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അൽജസീറ റിപ്പോർട്ടർ അലി സമൗദി പറഞ്ഞു. അൽ ജസീറയുടെ ആദ്യകാല റിപ്പോർട്ടർമാരിൽ ഒരാളായിരുന്നു മരിച്ച ഷിറിൻ. 1997 -ലാണ് അവർ അൽജസീറയിൽ ജോലിയിൽ പ്രവേശിച്ചത്.
മരണം അൽജസീറയിലെ മാധ്യമ പ്രവർത്തകർക്ക് പുത്തരിയല്ല.
സിറിയയിലും അഫ്ഗാനിലുമൊക്കെ യുദ്ധ റിപ്പോർട്ടിങ്ങിനിടെ അൽജസീറ റിപ്പോട്ടേഴ്സ് കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതും മതസ്വർഗം എന്ന സങ്കൽപ്പത്തിന്റെ നേർപ്പിച്ച രൂപമാണെന്ന് വിമർശനമുണ്ട്. ചാവേറുകൾ സ്വർഗം കിട്ടുമെന്ന പ്രതീക്ഷയിൽ മരണഭയമില്ലാതെ പ്രവർത്തിക്കുന്നതുപോലെ. ശരിക്കും ഒരു ഇന്റ്വലക്ച്വൽ ജിഹാദാണ് അൽജസീറ നടത്തുന്നത് എന്ന് സുബ്രമണ്യം സ്വാമിയൊക്കെ വിമർശിക്കാറുണ്ട്.
ഇസ്ലാമിക തീവ്രവാദത്തിന്റെ അടിവേര് എന്ന് വിശേഷിപ്പക്കപ്പെടാറുള്ള ഈജിപ്ഷ്യൻ ബ്രദർഹുഡിനെയും അൽജസീറ ന്യായീകരിക്കാറുണ്ട്. 2015-ൽ ഈജിപ്ത്തിലെ നിരോധിത സംഘടനയായ ബ്രദർഹുഡിനെ അനുകൂലിച്ച കേസിൽ മൂന്ന് അൽ ജസീറ മാധ്യമ പ്രവർത്തരെ അറസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ നോക്കുമ്പോൾ ലോകത്ത് എമ്പാടുമുള്ള ഇസ്ലാമിക തീവ്രാവാദികളെ പിന്തുണക്കുക എന്ന ആഗോള പദ്ധതി അൽജസീറക്കുണ്ട്. പക്ഷേ താലിബാനെയും, അൽഖായിദയെയും വിമർശിക്കുന്ന പല റിപ്പോർട്ടുകളും അൽജസീറയിൽ കാണാം. അതും പക്ഷേ ഖത്തറിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായതുകൊണ്ട് കൂടിയാണ്. താലിബാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ഇസ്ലാമിക രാജ്യമല്ല, ഖത്തർ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ഇസ്ലാമിക രാജ്യമാണ് അവർ സ്വപ്നം കാണുന്നത് എന്ന് ചുരുക്കം.
തികഞ്ഞ ഇന്ത്യാവിരുദ്ധർ
രാഷ്ട്രീയമായി നോക്കുമ്പോൾ തികഞ്ഞ, ഇന്ത്യാവിരുദ്ധരാണ് അൽജസീറ. പൗരത്വഭേദഗതി നിയമത്തിലും, കാശ്മീർ പ്രശ്നത്തിലും, ഇന്ത്യ- ചൈന വിഷയത്തിലുമൊക്കെ അവർ കടുത്ത ഇന്ത്യാവിരുദ്ധത തന്നെയാണ് പ്രകടിപ്പിക്കാറുള്ളത്. ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് രക്ഷയില്ല, എന്ന ഷുഡുവാദത്തിന്റെ അംശങ്ങൾ അവരുടെ എല്ലാം റിപ്പോർട്ടിങ്ങിലും കാണാം.
പൗരത്വഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ തന്നെ ഇസ്ലാമിക ഗ്രൂപ്പുകളിൽനിന്ന് കുപ്രചാരണം അൽജസീറ ചാനലും ഏറ്റെടുത്തു. പൗരത്വം കൊടുക്കാനുള്ള നിയമത്തെ പൗരത്വം എടുത്തുകളയാനുള്ള നിയമമായി ചിത്രീകരിച്ച്, വലിയ കോലഹാലമുയർത്തി നടന്ന സിഎഎ സമരങ്ങൾ ആളിക്കത്തിക്കാൻ ശ്രമിച്ച ചാനലുകളിൽ ഒന്ന് അൽജസീറയായിരുന്നു. ഈയിടെയുംഅൽജസീറ ഈ വിഷയത്തിൽ കുപ്രചാരണം നടത്തിയപ്പോൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ചുട്ട മറുപടി നൽകിയിതും വാർത്തയായി.
ഇക്കഴിഞ്ഞ മാർച്ച് 11ന് അൽ ജസീറയുടെ എക്സ് ഹാൻഡിലാണ് 'ഇന്ത്യ ഇംപ്ലിമെൻസ് ആന്റി മുസ്ലിം 2019 സിറ്റിസൺസ് ലോ വീക്ക്സ് ബിഫോർ ഇലക്ഷൻ' എന്ന തലക്കെട്ടിൽ സിഎഎ കുറിച്ച് നുണകൾ കുത്തി നിറച്ച് ലേഖനം പ്രത്യക്ഷപ്പെട്ടത്. അൽ ജസീറയുടെ ലേഖനത്തിലെ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ളപ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി)യുടെ ഫാക്ട് ചെക്ക് വിഭാഗം ചൂണ്ടിക്കാട്ടി.
'അൽ ജസീറ പൗരത്വ ഭേദഗതി നിയമത്തെ 'മുസ്ലിം വിരുദ്ധം' എന്ന് വിളിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഇന്ത്യൻ പൗരന്റെയും പൗരത്വം സിഎഎ എടുത്തുകളയില്ലെന്ന് പിഐബി വ്യക്തമാക്കി. ഇത് ഒരു മതത്തിനും / സമുദായത്തിനും എതിരല്ല. അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ മാത്രമുള്ള നിയമമാണിത്," പിഐബി വ്യക്തമാക്കി. ഇത് ആഗോള തലത്തിൽ വാർത്തയായതോടെ അൽജസീറ പെട്ടുപോയ അവസ്ഥയിലായി.
നേരത്തെ,ബിബിസി ഡോക്യുമെന്ററിക്ക് വിലർക്കേർപ്പെടുത്തിയതിന് പിന്നാലെ അൽജസീറയുടെ ഡോക്യുമെന്ററിക്കും ഇന്ത്യയിൽ പ്രദർശന വിലക്ക്. രാജ്യത്തെ മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട് അൽജസീറ നിർമ്മിച്ച 'ഇന്ത്യ...ഹു ലിറ്റ് ദി ഫ്യൂസ്' എന്ന ഡോക്യമെന്ററിയുടെ പ്രദർശനം അലഹബാദ് ഹൈക്കോടതിയാണ് വിലക്കിയത്്. രാജ്യത്തെ 172 ദശലക്ഷം മുസ്ലിങ്ങളും നരേന്ദ്ര മോദി സർക്കാരിന് കീഴിൽ അരക്ഷിതരായാണ് ജീവിക്കുന്നത് എന്ന് പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുധീർ കുമാർ എന്ന ആക്ടിവിസ്റ്റ് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. രാജ്യത്തെ മുസ്ലിങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായാണ് അൽജസീറ ഡോക്യുമെന്ററി സംസാരിക്കുന്നതെന്നും, ഡോക്യമെന്ററിക്ക് പ്രദർശനാനുമതി നൽകിയാൽ അത് സാമൂഹിക ഐക്യത്തെ ബാധിക്കുമെന്നുമാണ് ഹർജിയിലെ ആരോപണങ്ങൾ. ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററി വിലക്കിക്കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ നടപടി.
ഡോക്യുമെന്ററി സംപ്രേഷണം ചെയ്താൽ ഉണ്ടാകാൻ സാധ്യതയുള്ള ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത് ഹർജിയിൽ തീരുമാനം ഉണ്ടാകുന്നത് വരെ പ്രദർശനം മാറ്റിവയ്ക്കുന്നുവെന്നാണ് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയത്. ഡോക്യുമെന്റിയെ നിഷ്പക്ഷമായി വിലയിരുത്തിയവർ പറയുന്നത്, ഇന്ത്യയിലെ മുസ്ലീങ്ങളിൽ അരക്ഷിതത്വം സൃഷ്ടിക്കാനുള്ള ആശയങ്ങൾ അതിൽ ഉണ്ടെന്നാണ്.
മാത്രമല്ല ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും, ശാസ്ത്ര-സാങ്കേതിക പുരോഗതിയും അടക്കമുള്ള കാര്യങ്ങളൊന്നും അൽജസീറ ഹൈലറ്റ് ചെയ്യാറില്ല. ഗുജറാത്തിലെ പട്ടേൽ പ്രതിമ തന്നെ ഉദാഹരണം. കാക്കയ്ക്ക് കാഷ്ടിക്കാൻ ഒരു പ്രതിമ എന്ന ഇസ്ലമോ ലെഫ്റ്റിന്റെ പ്രചാരണം, അൽജസീറയും ഏറ്റെടുക്കയായിരുന്നു. എന്നാൽ ഇന്ന് പട്ടേൽ പ്രതിമ, കോടികളുടെ ടൂറിസം വരുമാനമായി ഒരു പ്രദേശത്തിന്റെ മുഖഛായ മാറ്റുന്ന രീതിയിൽ വളർന്നു. ഈ കാര്യത്തെകുറിച്ച് അൽജസീറ മിണ്ടില്ല. അതുപോലെ കാശ്മീരിൽ 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോൾ, അൽജസീറയിലും നിലവിളിയായിരുന്നു. ഇപ്പോൾ ടൂറിസത്തിലടക്കം താഴ്‌വരയിൽ വന്ന വൻ മാറ്റങ്ങളും, കാശ്മീരികളിൽ വലിയൊരു വിഭാഗം അതിനെ സ്വാഗതം ചെയ്യുന്നത് ഒന്നും അൽജസീറ കാണില്ല.
അൽജസീറയുടെ പ്രൊഫഷണലിസം അംഗീകരിക്കുമ്പോൾ തന്നെ, അവർ ബാറ്റുചെയ്യുന്നത് ആഗോള ഇസ്ലാമിന് വേണ്ടിയാണെന്ന് വ്യക്തമാണ്. ബിജെപി വക്താവ് മീനാക്ഷിലേഖ ഇങ്ങനെ എഴുതി-" ലോകത്ത് എമ്പാടുമുള്ള കഷ്ടപ്പെടുന്ന മനുഷ്യരല്ല അൽജസീറയുടെ പ്രശ്നം. ഇസ്ലാമിന്റെ വളർച്ചയാണ്. എന്തിന് ഇസ്ലാം ഇസ്ലാമിനെ കൊല്ലുന്നതുപോലും അവർക്ക് പ്രശ്നമല്ല. പക്ഷേ ഇസ്ലാം വേഴ്സ്സ് യഹൂദർ അല്ലെങ്കിൽ ഇസ്ലാം വേഴ്സ്സ് സംഘപരിവാർ എന്ന ആശയത്തെ അവർ പെരുപ്പിക്കുന്നു. ഇവർ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ല, പരോക്ഷമായ മതപ്രചാരണമാണ്". നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ ഇതിൽ കുറേ സത്യങ്ങളുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശകർ പറയുന്നതുപോലെ, മീഡിയാ ജിഹാദാണ് അൽജസീറയുടെ പ്രവർത്തനം എന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.
വാൽക്കഷ്ണം: കേരളത്തിലും അതി പ്രശസ്തമാണ് അൽജസീറ. കേരള മീഡിയ അക്കാദമിയുടെ ഈ വർഷത്തെ മീഡിയ പേഴ്‌സൺ ഓഫ് ദി ഇയർ അവാർഡ് സമ്മാനിച്ചിരിക്കുന്നത്, അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂദിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മാനിക്കുക. ഡിസംബറിൽ ഖാൻ യൂനിസിലെ യു.എൻ സ്‌കൂളിനെതിരായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വാഇലിന് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ക്യാമറാമാൻ സാമിർ അബൂ ദഖ കൊല്ലപ്പെട്ടു. ഒക്ടോബർ 28ന് നുസൈറത് അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ വാഇലിന്റെ ഭാര്യയും 15കാരനായ മകനും ഏഴ് വയസുള്ള മകളും ഉൾപ്പെടെ എട്ട് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു! ഈ രീതിയിൽ ജീവൻ പണയം വച്ചാണ് അൽജസീറയുടെ ജേർണലിസ്ററുകൾ റിപ്പോർട്ട് ചെയ്യുന്നത്.