രേ സമയം ഇരുനൂറുപേരെയൊക്കെ ഇടിച്ചിടുന്നതിന്റെ പേരിൽ മലയാളികൾ ബാലകൃഷ്ണയെപ്പോലെ ട്രോളിക്കൊല്ലുന്ന നടനാണ് തെലുഗ് സൂപ്പർസ്റ്റാർ പവൻ കല്യാൺ. പവർസ്റ്റാർ എന്ന് അറിയപ്പെടുന്ന, ഈ നടനാണ് ഇപ്പോൾ ആന്ധ്രയിലെയും രാഷ്ട്രീയ സൂപ്പർതാരം. കഴിഞ്ഞകൊല്ലം ഇതേസമയത്ത് വെറും എംഎൽഎ മാത്രമായിരുന്ന ഇദ്ദേഹം ഇന്ന് ഉപ മുഖ്യമന്ത്രിയാണ്. സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയപ്പോൾ, പിണങ്ങിയ മൂത്ത സഹോദരനും തെലുഗ് സൂപ്പർസ്റ്റാറുമായ ചിരഞ്ജീവി അടക്കമുള്ളവർ ഇന്ന് പവനെ കെട്ടിപ്പിടിക്കുന്നു. 1,800 കോടി ആസ്തിയുള്ള, നടിയും മോഡലും വ്യവസായിയുമായ റഷ്യാക്കാരി യായ മൂന്നാം ഭാര്യ പവനുമായി പിരിഞ്ഞിരിക്കയായിരുന്നു. തിരഞ്ഞെടുപ്പിൽ പവന്റെ ജനസേന പാർട്ടി മിന്നുന്ന ജയം കാഴ്ചവെച്ചതോടെ അവരും തിരിച്ചെത്തി!

ഇന്ന് കേന്ദ്രത്തിലെ കിങ്മേക്കർ കൂടിയാണ് പവൻ കല്യാൺ. കാരണം പവന്റെ നിർബന്ധത്തിന് വഴങ്ങിയാണ്, ഒരിക്കൽ ഇട്ടിട്ടുപോന്ന എൻഡിഎ സഖ്യത്തിലേക്ക് ചന്ദ്രബാബു നായിഡു മടങ്ങിയത്. അതാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായത്. കാരണം 16 സീറ്റുള്ള ടിഡിപിയുടെയും, രണ്ടു സീറ്റുള്ള ജനസേന പാർട്ടിയുടെ പിന്തുണയോടെയാണ്, മോദി സർക്കാർ ഇന്ന് ഭൂരിക്ഷം തികച്ച് ഭരിക്കുന്നത്.

തെലുഗുമണ്ണിൽ എന്നും സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. സിനിമയിലുടെ ആന്ധ്രാ മക്കളുടെ ഹൃദയം കീഴടക്കിയ എൻടിആറിനോടാണ്, പവൻ കല്യാൺ ഇപ്പോൾ ഉപമിക്കപ്പെടുന്നത്. ഇന്ന് ആന്ധ്രാ പ്രദേശ് ഉപ മുഖ്യമന്ത്രിയായ പവൻ നാളെ, എൻടിആറിനെപ്പോലെ നാടുഭരിക്കുമെന്ന് ആരാധകർ പറയുന്നു. പക്ഷേ അതിനിടയിൽ ഒരു തെലുഗ് മസാല സിനിമപോലെ, സിനിമാകുടുംബങ്ങൾ തമ്മിൽ സ്പർധയും വിദ്വേഷവും ഉണ്ടാവുന്നുമുണ്ട്്. പവന്റെ ബന്ധുകൂടിയായ അല്ലു അർജുൻ കുടുംബം സത്യപ്രതിജ്ഞക്ക് എത്താത്തതാണ് ഈ അഭ്യൂഹങ്ങൾക്ക് കാരണം. അതോടെ ഇനി ചിരഞ്ജീവി കുടുബവും, അല്ലു അർജുൻ കുടുംബവും തമ്മിലുള്ള പോരാട്ടത്തിനായിരിക്കും ഇനി ആന്ധ്രാപ്രദേശ് സാക്ഷ്യംവഹിക്കുക.

ചിരഞ്ജീവി അനിയനൊപ്പം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ താരകുടുംബങ്ങളിൽ ഒന്നായ കൊനിഡേല കുടുംബത്തിലെ ഇളമുറക്കാരനായ പവൻ, ചേട്ടൻ ചിരഞ്ജീവി വഴിയാണ് സിനിമയിലെത്തിയത്. തന്റെ ഗോഡ്ഫാദർ ചേട്ടനാണെന്നും, കൗമാരക്കാലത്ത് ഡിപ്രഷൻ വന്ന് ആത്മഹത്യക്ക് ശ്രമിച്ച തന്നെ ജീവിതത്തിലേക്ക തിരിച്ചുവിട്ടതും അദ്ദേഹമാണെന്നൊക്കെ പവൻ പറയാറുണ്ട്. ചേട്ടന്റെ കെയറോഫിൽ അഭിനയം തുടങ്ങിയ പവൻ പിന്നെ അദ്ദേഹത്തെയും കടത്തിവെട്ടി, ഒരു ദിവസം രണ്ടുകോടി രൂപപോലും പ്രതിഫലം വാങ്ങുന്ന സൂപ്പർസ്റ്റാറായി ഉയർന്നു!

2008 ഓഗസ്റ്റ് 26-ന് തിരുപ്പതിയിൽവെച്ച് പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ചിരഞ്ജീവി രാഷ്ട്രീയത്തിൽ കടന്നപ്പോൾ, വലംകൈയായി പവനും ഉണ്ടായിരുന്നു. പാർട്ടിയുടെ യൂത്ത് വിങ്് പ്രസിഡന്റായിരുന്നു അദ്ദേഹം. പക്ഷേ പാർട്ടി ക്ലച്ച് പിടിക്കാതായതോടെ ചിരഞ്ജീവി പാർട്ടി പിരിച്ചുവിട്ടു. ഇത് അനിയയന് ഇഷ്ടപ്പെട്ടിട്ടില്ല. അന്നുമതൽ തുടങ്ങിയ അകൽച്ചയാണ്. പിന്നീടാണ് ചേട്ടനെ ധിക്കരിച്ച് പവൻ സ്വന്തമായി പാർട്ടിയുണ്ടാക്കിയത്.

2014-ലാണ് പവൻ കല്ല്യാൺ ജനസേന പാർട്ടി രൂപീകരിച്ചത്. മുൻ വർഷങ്ങളിൽ ഒറ്റയ്ക്കു മത്സരിച്ചിരുന്ന പാർട്ടി പിന്നീട് എൻഡിഎ മുന്നണിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളിൽ പവൻകല്യാണിന്റെ സാന്നിധ്യം വലിയ വാർത്തയായിരുന്നു. ദേശീയ സുരക്ഷയ്ക്കായി മോദി എടുക്കുന്ന കർക്കശമായ തീരുമാനങ്ങളും തിരഞ്ഞെടുപ്പു നേട്ടം നോക്കാതെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും തന്നെ മോദിയിലേക്ക് ഏറെ അടുപ്പിച്ചെന്നാണ് പവൻ കല്യാൺ പറഞ്ഞിരുന്നത്. തുടർന്ന പവൻ നടത്തിയ ശ്രമങ്ങൾ ടിഡിപിയെ എൻഡിഎയിൽ കൊണ്ടുവരാനായിരുന്നു. ജയിലിൽ കടിക്കവേപോലും ചന്ദ്രബാബു നായിഡുവിനെ നേരിട്ട് കണ്ട് ഒരു വർഷത്തോളം സംസാരിച്ചും, ഒരു പരിധിവരെ ബ്രയിൻ വാഷ് ചെയ്തുമാണ് അയാൾ ടിഡിപിലെ സംഘപരിവാർ ലാവണത്തിലെത്തിച്ചത്. മോദിയുമായി ഉടക്കി എൻഡിഎ വിട്ട നായിഡുവിന് ബിജെപിയുമായി സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അപ്പോൾ ഇടനിലക്കാരനായി നിന്നത് പവൻ കല്യാൺ ആണ്. 'എല്ലാവിഴുങ്ങുന്ന അനാക്കൊണ്ട' എന്നായിരുന്നു നേരത്തെ സഖ്യം വിട്ടപ്പോൾ മോദിയെക്കുറിച്ച് നായിഡു പറഞ്ഞത്. പക്ഷേ പവൻ കല്യാൺ അതെല്ലാം പഴയകാര്യങ്ങളാണെന്ന് പറഞ്ഞ് തള്ളി.

ആന്ധ്രയിൽ ജഗമോഹൻ റെഡ്ഡിയുടെ കിരാത ഭരണം അവസാനിപ്പിക്കാൻ ശക്തമായ സഖ്യം വേണമെന്നായിരുന്നു പവർ സ്റ്റാറിന്റെ നിലപാട്.
അതിന്റെ ഭാഗമായി തെലുങ്കുദേശവും ജനസേനപാർട്ടിക്ക് ഒപ്പം എഡിഎയിൽ എത്തി. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് തിരിഞ്ഞെടുപ്പ് നടന്ന ആന്ധ്രയിലെ ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി. സംസ്ഥാനം ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ടിഡിപിക്ക് കിട്ടിയപ്പോൾ, കേന്ദ്രത്തിൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ല. അതോടെ 16 ലോക്സഭാ സീറ്റുകളുള്ള ചന്ദ്രബാബു നായിഡു കിങ്് മേക്കറായി. ഇപ്പോൾ കൂടുതൽ കേന്ദ്രമന്ത്രി സ്ഥാനവും, ആന്ധ്രാപ്രദേശിനുള്ള പ്രത്യേക പാക്കേജുമൊക്കെ മോദിയോട് വിലപേശി വാങ്ങുകയാണ് അദ്ദേഹം.

പവനിന്റെ ജനസേന പാർട്ടിക്കും ലോക്സഭയിൽ രണ്ടു സീറ്റുണ്ട്. ഇപ്പോഴത്തെ അംഗബലം വെച്ചുനോക്കുമ്പോൾ അതും നിർണ്ണായകമാണ്. കഴിഞ്ഞ തവണ ഇടതുപാർട്ടികളെ ഒപ്പം കൂട്ടിയാണ് പവൻ മത്സരിച്ചത്. അന്ന് നിയമസഭയിലേക്ക് പവൻ കല്യാൺ മാത്രമാണ് ജയിച്ചത്. പക്ഷേ ഇത്തവണ 20പേർ ജനസേനയിൽനിന്ന് ആന്ധ്ര നിയമസഭയിൽ എത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, തന്റെ നേട്ടങ്ങൾക്കെല്ലാം കാരണക്കാരനായ പവനെ നായിഡു മറന്നില്ല. അങ്ങനെ പവൻ ഉപമുഖ്യമന്ത്രിയായി.

പവൻ മത്സരിക്കാനുള്ള ഉറച്ച തീരുമാനം എടുത്തതോടെ ചേട്ടനും മനസ്സുമാറ്റി. ചിരഞ്ജീവി തിരഞ്ഞെടുപ്പിൽ പവന് വോട്ടുതേടി വീഡിയോ ഇറക്കി. പുതിയ ആന്ധ്രാമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തമിഴ് സൂപ്പർതാരം രജനീകാന്തിനൊപ്പംചിരഞ്ജീവിയും കുടുംബവും പങ്കെടുത്തു. കൊനിഡേല കുടുംബത്തിലെ സമ്പൂർണ്ണമായ ഐക്യമാണ് അവിടെ കണ്ടത്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പവൻ കല്ല്യാണിന്റെ ചുവടുവെപ്പ് കുടുംബവും ആവേശത്തോടെയാണ് വരവേറ്റത്. കഴിഞ്ഞ കുറേക്കാലമായി ഒരു വിവരവും ഇല്ലാതിരുന്ന പവന്റെ റഷ്യാക്കാരിയായ കോടീശ്വരി ഭാര്യയും സത്യപ്രതിജ്ഞക്ക് എത്തിയിരുന്നു.

കോടീശ്വരിയായ ഭാര്യ തിരിച്ചുവന്നു

പവനിന്റെ സ്വകാര്യ ജീവിതത്തിലും, എന്നും ഗോസിപ്പുകളുടെ ബഹളമായിരുന്നു. മൂന്ന് തവണയാണ് നടൻ വിവാഹിതനായത്. 1997-ലാണ് നന്ദിനി എന്ന യുവതിയെ പവൻ കല്യാൺ വിവാഹം ചെയ്യുന്നത്. സിനിമാ രംഗത്തേക്ക് പ്രവേശിച്ച് ഒരു വർഷത്തിനുള്ളിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് വർഷത്തിനുള്ളിൽ ഒപ്പം അഭിനയിച്ച രേണു ദേശായിയുമായി അദ്ദേഹം, ലിവ് ഇൻ റിലേഷൻഷിപ്പിലേക്ക് കടന്നു. ഇതറിഞ്ഞ നന്ദിനി കേസ് ഫയൽ ചെയ്തു. താനുമായുള്ള വിവാഹബന്ധം നിലനിൽക്കെ രണ്ടാമത് വിവാഹം ചെയ്തു എന്നായിരുന്നു ആരോപണം. എന്നാൽ താൻ രണ്ടാമത് വിവാഹിതനായിട്ടില്ലെന്ന് പവൻ കോടതിയിൽ വ്യക്തമാക്കി. തെളിവുകളുടെ അഭാവത്തിൽ കേസ് ഒഴിവായി.

പിന്നീട് 5 കോടി രൂപ ജീവനാംശം നൽകിയാണ് പവൻ ഈ ബന്ധത്തിൽ നിന്ന് ഒഴിവായത്. 2009- ൽ രേണു ദേശായിയെ വിവാഹം ചെയ്തു. എട്ട് വർഷം നീണ്ട ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിലാണ് വിവാഹ ജീവിതത്തിലേക്ക് ഇരുവരും കടന്നത്. എന്നാൽ 2012-ൽ ഇരുവരും വേർപിരിഞ്ഞു.വിവാഹമോചനത്തിന് പവൻ കല്യാൺ നിർബന്ധം പിടിച്ചെന്ന് പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ രേണു ദേശായി തുറന്ന് പറയുകയുമുണ്ടായി. രണ്ട് മക്കളും ഇരുവർക്കുമുണ്ട്. രേണു ദേശായിയുമായി പിരിഞ്ഞ ശേഷം പവൻ കല്യാണിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് റഷ്യൻ നടിയും മോഡലുമായ അന്ന ലെസ്നവയാണ്. തീൻ മാർ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും അടുക്കുന്നത്. 2013 ലായിരുന്നു വിവാഹം. രണ്ട് മക്കളും ഈ ബന്ധത്തിലുണ്ട്. ഈയിടെ അന്നയിൽനിന്നും പവൻ വിവാഹമോചനം നേടി എന്ന് വാർത്ത വന്നിരുന്നു.

പക്ഷേ പവൻ ജയിച്ചതോടെ എല്ലാവും അമ്പരിപ്പിക്കുന്ന സംഭവമാണ് പിന്നീട് ഉണ്ടായത്. ഫലം വന്നതിന് ശേഷം വീട്ടിലെത്തിയ പവൻ കല്ല്യാണിനെ ആരതിയുഴിഞ്ഞാണ് ഭാര്യ അന്ന ലെസ്‌നേവ സ്വീകരിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പവനും അന്നയും വിവാഹമോചിതരായെന്നും അന്ന വിദേശത്തേക്ക് താമസം മാറ്റിയെന്നുമുള്ള റിപ്പോർട്ടുകളെല്ലാം തെറ്റി. ആരതിയുഴിഞ്ഞതിന് ശേഷം പവൻ കല്ല്യാണിന്റെ നെറ്റിയിൽ അന്ന കുങ്കുമം ചാർത്തുന്ന വീഡിയോയും വൈറലായി.

അന്നയേയും പവനിനേയും ഒരുമിച്ച് കാണുന്നത് വിരളമായിരുന്നു. ബന്ധുവായ നടൻ വരുൺ തേജിന്റെ വിവാഹ നിശ്ചയത്തിലും, രാം ചരണിന്റെ കുഞ്ഞ് പിറന്ന ശേഷം നടന്ന ചടങ്ങിലും അന്ന പങ്കെടുത്തിരുന്നില്ല. തുടർന്നാണ് ഇരുവരും പിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. മോഡലിങ്ങ് കൂടാതെ വലിയ ഹോട്ടൽ ശൃംഖലയുടെ ഉടമ കൂടിയാണ് അന്ന. റഷ്യയിലും സിംഗപ്പൂരിലുമായി 1800 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ ഉണ്ടെന്നാണ് വിവരം.


അല്ലു അർജുൻ തെറ്റി

സൂപ്പർതാരം ചിരഞ്ജീവിയുടെയും നിർമ്മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെയും ഇളയ സഹോദരനാണ്് പവൻ. കാക്കിനാഡ ജില്ലയിലെ പിതാപുരത്തുനിന്ന് നിയമസഭാ മത്സരത്തിൽ വൈഎസ്ആർ കോൺഗ്രസിന്റെ മുതിർന്ന നേതാവ് വംഗ ഗീതയെ 70,279 വോട്ടുകൾക്ക് പരാജയപ്പെടുത്തി പവൻ നേടിയത് മിന്നും ജയമാണ്. കോൺഗ്രസിനെയും വൈഎസ്ആർ കോൺഗ്രസിനെയും അതിനിശിതമായി വിമർശിച്ചായിരുന്നു പവനിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാൽ ബന്ധുവും മറ്റൊരു സൂപ്പർ താരവുമായ അല്ലു അർജുൻ വെഎസ്ആർ കോൺഗ്രസിനുവേണ്ടിയാണ് വോട്ട് പിടിച്ചത്. പവനിന്റെ സത്യപ്രതിജ്ഞാചടങ്ങിന് അല്ലു എത്തിയതുമില്ല. ഇതോടെ പവനും അല്ലുവും തമ്മിൽ ഉടക്കിലാണെന്നും വാർത്തകൾ വരുന്നുണ്ട്്

തെന്നിന്ത്യയിൽ ഒരുപാട് വേരുകളുള്ള താരകുടുംബമാണ് അല്ലു-കൊനിഡേല. അല്ലു രാമലിംഗത്തിന്റെ മകളായ സുരേഖയാണ് ഈ രണ്ട് കുടുംബങ്ങളേയും ചേർത്തുനിർത്തുന്ന കണ്ണി. സുരേഖയെ വിവാഹം ചെയ്തതുകൊനിഡേല കുടുംബത്തിൽ നിന്നുള്ള ചിരഞ്ജീവിയാണ്. അല്ലു കുടുംബവും കൊനിഡേല കുടുംബവുമാണ് തെലുങ്ക് സിനിമയുടെ നട്ടെല്ല്. അല്ലു രാമലിംഗത്തിന്റെ മകൻ അല്ലു അരവിന്ദിന്റെ മക്കളായ അല്ലു അർജുനും അല്ലു സിരീഷും നടന്മാരാണ്. അല്ലു വെങ്കടേഷ് മാത്രമാണ് ബിസിനസിലേക്ക് വഴിമാറിയത്. അതുപോലെ ചിരഞ്ജീവിയും സഹോദരങ്ങളായ നാഗേന്ദ്ര ബാബുവും പവൻ കല്ല്യാണുമാണ് തെലുങ്ക് സിനിമയെ ഭരിക്കുന്നത്. ചിരഞ്ജീവിയുടേയും സുരേഖയുടേയും മകൻ രാം ചരണും നാഗേന്ദ്ര ബാബുവിന്റെ മക്കളായ വരുൺ തേജയും നിഹാരിക കൊനിഡേലും തെലുങ്കിൽ തിരക്കുള്ള അഭിനേതാക്കളായി മാറിക്കഴിഞ്ഞു. ചിരഞ്ജീവിയുടെ സഹോദരി വിജയ ദുർഗയുടെ മകൻ സായ് തേജും തെലുങ്കിൽ തന്റേതായ മേൽവിലാസമുണ്ടാക്കിയിട്ടുണ്ട്.

ഇപ്പോൾ സായ് തേജ്, അല്ലു അർജുനേയും ഭാര്യ സ്‌നേഹ റെഡ്ഡിയേയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് അൺഫോളോ ചെയ്തതും വാർത്തയായി. സത്യപ്രതിജ്ഞാ ചടങ്ങിലും ഹൈദരാബാദിൽ നടത്തിയ വിജയാഘോഷത്തിന്റെ ഭാഗമായുള്ള പാർട്ടിയിലും അല്ലു അർജുനും കുടുംബവും പങ്കെടുക്കാത്തതിനെ തുടർന്നാണിത്. ബന്ധുക്കൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു അല്ലു അർജുനും സായ് തേജും. രാഷ്ട്രീയപരമായി അല്ലു എതിർ ചേരിയിൽ നിൽക്കുന്നതുകൊണ്ടാണ് ഈ പ്രശ്‌നങ്ങളുണ്ടായതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർസിപി സ്ഥാനാർത്ഥി എസ് രവിചന്ദ്ര കിഷോർ റെഡ്ഡിയുടെ നന്ദ്യാലയിലെ പ്രചാരണത്തിന് അല്ലു അർജുനും പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തായതിനാലാണ് താൻ പ്രചാരണത്തിന്റെ ഭാഗമായതെന്ന് അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പവൻ കല്ല്യാണിന് വിജയാശംസകളും നേർന്നിരുന്നു. പക്ഷേ ഇപ്പോൾ സത്യപ്രതിഞ്ജാ ചടങ്ങിൽ പങ്കെടുക്കാതിരുന്നതോടെ അല്ലുകുടുംബവും- കൊനിഡേല കുടുംബവും വേർപരിയുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

നേരത്തെ പവൻ കല്യാണിന് ചേട്ടനുമായുള്ള പ്രശ്നത്തിന്റെ ഒരു പ്രധാനകാരണമായി പറഞ്ഞിരുന്നത് ചിരഞ്ജീവിക്ക്, അല്ലു അർജുനോടുള്ള അമിതമായ വാത്സല്യമായിരുന്നു. അതുപോലെ രാജമൗലയിടെ ആർആർഅറിലിടക്കം കിടിലൻ പ്രകടനം നടത്തി പാൻ ഇന്ത്യൻ നായകനായ, ചിരഞ്ജീവിയുടെ മകൻ രാം ചരൺ തേജ തന്നെ കടത്തിവെട്ടുന്നതിലും പവന് അസ്വസ്ഥതയുണ്ടായിരുന്നു. എന്നാൽ തേജയും വല്യച്ചനും കെട്ടിപ്പിടിച്ച് വീണ്ടും ഭായ്-ഭായ് ആയി മാറി. പക്ഷേ അല്ലു കുടുംബം ചിരഞ്ജീവിയിൽനിന്നുവരെ അകലുകയും ചെയ്തു.
നേരത്തെ തന്നെ അല്ലുഅർജൂൻ ഫാൻസും പവൻ കല്യാൺ ഫാൻസും തമ്മിൽ പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇനി ഇപ്പോൾ ആ വൈരാഗ്യം തെലുഗു സിനിമാ ഇൻഡസ്ട്രിയെയും രണ്ടായി മുറിക്കുമെന്ന് ഭയക്കുന്നവരുണ്ട്. ഉപ മുഖ്യമന്ത്രിയായിട്ടും, നമ്മുടെ സുരേഷ് ഗോപിയെപ്പോലെ അഭിനയം ഒഴിവാക്കില്ല എന്ന നിലപാടിലാണ് പവൻ. മാത്രമല്ല, വൈഎസ്ആർ കോൺഗ്രസ് അനുഭാവിയെന്ന് അറിയപ്പെടുന്ന അല്ലു അർജുൻ ഭാവിയിൽ പവന് എതിരായി രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള സാധ്യതയും തെലുഗ് മാധ്യമങ്ങൾ തള്ളിക്കളയുന്നില്ല.

എൻടിആർ കടുംബത്തിൽനിന്നും ഭീഷണി

തമിഴ്‌നാട്ടിലെപ്പോലെ സിനിമാ കുടുംബങ്ങൾക്ക് രാഷ്ട്രീയത്തിലും വലിയ വളക്കുറുള്ള മണ്ണാണ് ആന്ധ്രയും. ഒരു നടൻ എന്ന നിലയിൽനിന്ന് പൊളിറ്റീഷ്യൻ എന്ന നിലയിലേക്കുള്ള യാത്രയിൽ പവൻ, എൻടിആർ കുടുംബത്തിൽനിന്നും വലിയ ഭീഷണി നേരിടുന്നുണ്ട്. എൻടിആറിന്റെ മകനും ബാലയ്യ എന്ന പേരിൽ അറിയപ്പെടുന്ന നടനും ടിഡിപി എംഎൽഎയുമായ നന്ദമൂരി ബാലകൃഷ്ണ എന്ന റെബലുമായി പവന് അത്ര നല്ല ബന്ധമല്ല. നരേന്ദ്ര മോദിയുടെ മുന്നിൽപോലും കാലിൽമ്മേൽ കാലുവെച്ച് ഇരിക്കുന്ന അത്ര ധാർഷ്ട്യം കൂടെപ്പിറപ്പായ ബാലയ്യ, ചന്ദ്രബാബു നായിഡുവിനെപ്പോലും പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. തന്റെ സഹോദര പുത്രനായ ജൂനിയർ എൻടിആറിനോടുപോലും ബാലയ്യ തെറ്റിലാണ്.

ഇപ്പോൾ പവന്റെ വളർച്ചയിൽ ബാലയ്യക്കും അസംതൃപ്തിയുണ്ട്. കാരണം തുടർച്ചയായി മൂന്നുതവണ എംഎൽഎയായിട്ടും, അളിയൻകൂടിയായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബാലകൃഷ്ണയെ കാബിനറ്റിൽ എടുത്തിട്ടില്ല. അതിന് കാരണവും, ഒന്ന് പറഞ്ഞ് രണ്ടാമത്തേത്തിന് ആളുകളുമായി തെറ്റുന്ന ബാലകൃഷ്ണയുടെ സ്വഭാവമാണ്. മാത്രമല്ല, ഹാട്രിക് ജയം നേടിയെങ്കിലും ബാലയ്യയുടെ ജന പിന്തുണ കാര്യമായി കുറയുകയാണെന്ന്, ഭൂരിപക്ഷത്തിൽനിന്ന് വ്യക്തമാണ്.

ടിഡിപിയുടെ ശക്തികേന്ദ്രമായ, എൻ ടി രാമറാവുവിന്റെ പഴയ മണ്ഡലമായ ഹിന്ദുപുരിലാണ് ബാലകൃഷ്ണ ഇത്തവണയും ജനവിധി തേടിയത്. വൈഎസ്ആർസിപി സ്ഥാനാർത്ഥി ടിഎൻക്കെതിരെ 31,602 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. 2014ൽ 81,543 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച നടൻ 2019-ലെ ജഗൻ തരംഗത്തിലും 91,704 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി. പക്ഷേ ഇത്തവണ, ടിഡിപി തംരഗത്തിലും ഭൂരിപക്ഷം പകുതിയിധികം ഇടിഞ്ഞു. നിരന്തരമായി വിവാദത്തിൽപെട്ട് ആളുകളെ വെറുപ്പിക്കുന്ന സ്വാഭാവം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് വിലയിരുത്തൽ.

തെലുഗു സിനിമയുടെ പ്രതിനിധികളായി ബാലയ്യയും, പവൻ കല്യാണും മാത്രമാണ് ഇപ്പോൾ നിയമസഭയിലുള്ളത്. വൈഎസ്ആർ കോൺഗ്രസിന്റെ നേതാവും മുൻ ടൂറിസം മന്ത്രിയുമായ റോജ, നഗരി നിയമസഭാ മണ്ഡലത്തിൽ ദയനീയ പരാജയമാണ് നേരിട്ടത്. മുതിർന്ന ടിഡിപി നേതാവ് ഗാലി മുദ്ദുകൃഷ്ണമ നായിഡുവിന്റെ മകൻ ഗാലി ഭാനു പ്രകാശ് 40,000 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് അവരെ പരാജയപ്പെടുത്തിയത്. 2019ൽ രണ്ടായിരം വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് റോജ ജയിച്ചതും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ തന്നെ തുടരുകയായിരുന്ന റോജ രണ്ടാം റൗണ്ട് കഴിഞ്ഞപ്പോൾ വേദി വിട്ടു. മണ്ഡലത്തിലെ ഭൂമി കൈയേറ്റം, അഴിമതി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും ഈ തിരഞ്ഞെടുപ്പിൽ റോജ നേരിട്ടിരുന്നു.

നിലവിലെ സാഹചര്യം അനുസരിച്ച് ബാലയ്യ അല്ലാതെ ആരും പവന് ഭീഷണിയായി തെലുഗ് സിനിമയിൽ വളരാൻ സാഹചര്യമില്ല. അതിനിടെ ജൂനിയർ എൻടിആറും, ബാലയ്യയും തമ്മിൽ ഒരു സന്ധിയുണ്ടാവുകയും, അവർ ഒന്നിച്ച് നിന്ന് പവനെ പ്രതിരോധിക്കാൻ ഇടയുണ്ട് എന്നും ചില മാധ്യമങ്ങൾ പറയുന്നുണ്ട്. ചന്ദ്രബാബു നായിഡു പവന് കല്യാണിന് കൊടുക്കുന്ന അമിത പ്രാധാന്യത്തിൽ, എൻടിആർ ഫാമിലിയിലും അസ്വസ്ഥതകൾ ഉണ്ടെന്ന് കേൾക്കുന്നു. ഭാവിയിൽ ജൂനിയർ എൻടിആർ നേരിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല.

പവൻ എൻ.ടി.ആർ ആവുമോ?

രോഗശയ്യയിലുള്ള പിതാവിനെ കൊന്ന് സ്വത്ത് തട്ടിയെടുക്കുന്ന മക്കളെയും മരുമക്കളെയുമൊക്കെ കാണിക്കുന്ന ഒരു തെലുഗ് സിനിമപോലെതന്നെയാണ് പലപ്പോഴും ഇവിടുത്തെ രാഷ്ട്രീയവും. തനിക്ക് മക്കളേക്കാൾ പ്രിയപ്പെട്ട, മകളുടെ ഭർത്താവ് ചന്ദ്രബാബു നായിഡു പിന്നിൽനിന്ന് കുത്തി, കൊട്ടാരവിപ്ലവത്തിലുടെ അധികാരം പിടിച്ചതിന്റെ വ്യഥയിലാണ് സാക്ഷാൽ എ ടി രാമറുവു എന്ന വന്മരം വീണത്.

എൻ ടി ആറിന്റെ രണ്ടാം വിവാഹത്തോടെയാണ് എല്ലാ പ്രശ്നവും തുടങ്ങുന്നത്. 1942-ലാണ് നന്ദമൂരി ബസവതാരകത്തെ രാമറാവു വിവാഹം കഴിക്കുന്നത്. ആ ദാമ്പത്യത്തിൽ 12 മക്കളും ഉണ്ടായി. 85-ൽ ബസവതാരകം മരിച്ചു. പിന്നെ 1993-ലാണ് എൻടിആർ ലക്ഷ്മി ശിവപാർവതിയെ വിവാഹം കഴിക്കുന്നത്. ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഒരു കോളജ് അദ്ധ്യാപികയായ ലക്ഷ്മി പാർവതി എൻടിആറിന്റെ അത്മകഥ എഴുതാൻ വന്നയാളാണ്. ക്രമേണേ അവർ രഹസ്യ ജീവിതം തുടങ്ങി. ഇത് വിവാദമായപ്പോഴാണ് വിവാഹം കഴിച്ചത്. ഇത് കുടുബത്തിൽ വലിയ പൊട്ടിത്തെറിയുണ്ടായി. രോഗിയായ എൻടിആറിനെ മൂൻ നിർത്തി ഭാര്യയാണ് ഭരണം നടത്തുന്നത് എന്ന് പരാതി വന്നു. അങ്ങനെയാണ് എൻടിആറിന്റെ 12 മക്കളുടെയും പിന്തുണതോടെ, ചന്ദ്രബാബു നായിഡു അട്ടിമറി നടത്തുന്നത്.

1995 സെപ്റ്റംബർ 1 ന് 45-ാംവയസ്സിൽ, എൻ.ടിആറിന്റെ നേതൃത്വത്തിനെതിരായ വിജയകരമായ അട്ടിമറിയെ തുടർന്ന്, നായിഡു, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കാൻ നായിഡുവിന് കഴിഞ്ഞു. തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ മരുമകൻ ഇങ്ങനെ ചെയ്തത് എൻടിആറിന് സഹിച്ചില്ല. നായിഡുവിനെതിരെ പ്രതികാരം ചെയ്യുമെന്ന് എൻടിആർ പ്രതിജ്ഞയെടുത്തു. റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ, രാമറാവു തന്നെ, മകനാൽ തടവിലാക്കപ്പെട്ട, പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തി ഷാജഹാനുമായി താരതമ്യപ്പെടുത്തി. തിരിച്ചുവരവിന് അദ്ദേഹം പ്രതിജ്ഞയെടുത്തു. പക്ഷേ 1996-ൽ എൻടിആർ ഹൃദായാഘാതം വന്ന് മരിച്ചു. ഈ മരണവും വിവാദമായി. അമിതമായ ലൈംഗിക ഉത്തേജകമരുന്നകൾ കൊടുത്ത ലക്ഷ്മി പാർവതിയാണ് മരണത്തിന് ഉത്തരവാദിയെന്നുവരെ നായിഡുപക്ഷക്കാർ ആരോപിച്ചിരുന്നു.

ലക്ഷ്മി പാർവതിയും എൻടിആറിന്റെ രാഷ്ട്രീയ പാരമ്പര്യത്തിനായുള്ള നായിഡുവിന്റെ അവകാശവാദത്തെ എതിർത്തു. ടിഡിപിയുടെ നേതാവെന്ന നിലയിൽ നായിഡു ഇതിനകം തന്നെ പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും സ്വീകരാര്യത നേടിക്കഴിഞ്ഞിരുന്നു. പക്ഷേ ലക്ഷ്മി പാർവതി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് നായിഡു അദ്ദേഹത്തെ പിന്നിൽനിന്നു കുത്തിയ വഞ്ചകനാണെന്നാണ്.

അതായത് അധികാരം പിടിക്കാനുള്ള കളിയിൽ എത്തിക്സ് വലുതായൊന്നും ഇവിടെ ആരും നോക്കാറില്ല. കണ്ണുമടച്ച് വിശ്വസിച്ച് പവൻ കല്യാണിനെ, ചന്ദ്രബാബു നായിഡു വളർത്തിവിടുന്നത്് കാണുമ്പോൾ, ചിലരൊക്കെ ഓർമ്മിപ്പിക്കുന്നത് എൻ ടി ആറിന്റെ അനുഭവമാണ്. കാരണം പവൻ കല്യാൺ കളികൾ നന്നായി അറിയുന്ന ആളാണ്. എവിടെയും രണ്ടാമനായി നിൽക്കാൻ ഇഷ്ടപ്പെടാത്തയാൾ. ചെറിയ വേഷങ്ങൾ ചെയ്തുവന്ന്, സ്വന്തം ചേട്ടനെപ്പോലും പിന്തള്ളി സൂപ്പർ സ്റ്റാറായി മാറിയ പവൻ ഏത് മേഖലയിൽ എത്തിയാലും ഒന്നാംസ്ഥാനം പിടിക്കുന്നവനാണ്. ചന്ദ്രബാബു നായിഡുവിന് ഇപ്പോൾ 74 വയസ്സായി. അടുത്ത തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് കരുത്തുണ്ടാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇനി ആന്ധ്രാമുഖ്യമന്ത്രി പദം എന്ന ലക്ഷ്യം തന്നെയാവും, 56കാരനായ പവന് ഉണ്ടാവുക. അതിനെ പ്രതിരോധിക്കാനുള്ള ശ്രമം എൻടിആറിന്റെ മക്കൾ തുടങ്ങിക്കഴിഞ്ഞു. നാടകമോ, ഉലകം എന്ന് പറയുന്നതുപോലെ, ആന്ധ്ര പൊളിറ്റിക്സ്വെച്ചുനോക്കുമ്പോൾ 'സിനിമയേ രാഷ്ട്രീയം' എന്നേ പറയാൻ കഴിയൂ.


വാൽക്കഷ്ണം: കേരളത്തിലേതുപോലെയല്ല ആന്ധ്രയിലെ ഫാൻസ് പോര്. പവൻ കല്യാണിന്റെ ആരാധകരും, രാം ചരൺ തേജയുടെ ഫാൻസും തമ്മിലുള്ള സംഘർഷത്തിൽ ഒരാളുടെ ജീവനാണ് കഴിഞ്ഞമാസം നഷ്ടമായത്! നേരത്തെ പവൻ കല്യാൺ ഫാൻസും, പ്രഭാസ് ഫാൻസും തമ്മിൽ ഒരു വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു ജീവൻ പൊലിഞ്ഞിരുന്നു. ബാലകൃഷ്ണ- ജൂനിയർ എൻടിആർ ഫാൻസും, അല്ലു-രാം ചരൺ തേജ ഫാൻസുമായൊക്കെ ഇവിടെ ഏറ്റുമുട്ടൽ ഉണ്ടാവാറുണ്ട്. അതായത് സിനിമാകുടുംബങ്ങൾ തമ്മിൽ അടുക്കുന്നതതും അകലുന്നതും ഇവിടെ ജീവൻ പണയംവെച്ചുള്ള കളിയാണ്!