- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ നിന്ന് ജനവിധി തേടി 'രണ്ടാം ഭിന്ദ്രൻവാല'
'ഭിന്ദ്രൻവാലയുടെ ആശയങ്ങൾ നടപ്പാക്കാനായി ഒരു വോട്ട്"- ജൂൺ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ഖദൂർ സാഹിബ് എന്ന പാർലിമെന്റ് മണ്ഡലത്തിലെ ഈ സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ബാനറുകളും കണ്ടാൽ ആരും ഒന്ന് നടുങ്ങും. സുവർണ്ണക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ സൈന്യം തീർത്തുകളഞ്ഞ ഭിന്ദ്രൻവാലയെന്ന സിഖ് ഭീകരൻ ഇവിടെ ഹീറോയാണ്. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായി ഇന്ദിരാഗാന്ധിയുടെ കൊലപാതകം നടന്നതും, അതിനുശേഷമുള്ള സിഖ് കൂട്ടക്കൊലയൊക്കെ ഇന്നും രാജ്യത്തിന്റെ നടുക്കുന്ന ഓർമ്മകളാണ്. പക്ഷേ അതിനെല്ലാം കാരണക്കാരനായ ഭിന്ദ്രൻവാലയുടെ ആശയങ്ങൾക്ക് വേണ്ടി 2024-ലെ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കുന്നത്, രണ്ടാം ഭിന്ദ്രൻ വാലഎന്ന് അറിയപ്പെടുന്ന, അമൃത്പാൽ സിങാണ്. ഖലിസ്ഥാൻ വാദം ഉന്നയിക്കുകയും, പൊലീസിനെ ആക്രമിക്കുകയുമൊക്കെ ചെയ്തതിന്റെ പേരിൽ ജയിലിൽ കഴിയുന്ന അതേ അമൃത്പാൽ സിങ്. കാരഗൃഹവാസത്തിനിടെയാണ് പുള്ളി നോമിനേഷൻ നൽകിയതും, ജന്മനാട്ടിൽ മത്സരിക്കുന്നതും!
ദേശരക്ഷാനിയമം ചുമത്തപെട്ട് അസമിലെ ജയിലിൽ കഴിയുന്ന ഈ സിഖ് മത പ്രചാരകൻ, പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയതോടെ, ഇവിടുത്തെ രാഷ്ട്രീയ ചിത്രം തന്നെ മാറിയെന്നാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്. പഞ്ചാബിലെ മറ്റേത് മണ്ഡലത്തേക്കാളും സിഖ് വോട്ടർമാർ കൂടുതലുള്ള സീറ്റാണിത്. 75 ശതമാനം. സിഖ് അവകാശങ്ങൾക്കായി നിലകൊള്ളുന്ന ശിരോമണി അകാലിദൾ, ആണ് മണ്ഡല പുനർനിർണ്ണയത്തിന് മുമ്പേ ഈ മേഖലയിൽ കൂടുതൽ തവണ ജയിച്ചിട്ടുള്ളത്.
നിലവിൽ കോൺഗ്രസിന്റെ കൈവശമുള്ള സീറ്റിൽ അമൃത്പാൽ സിങിന്റെ സാന്നിധ്യംമൂലം പഞ്ചകോണമത്സരമാണ്. കോൺഗ്രസിനായി മുൻ എംഎൽഎ കുൽബീർസിങ്് ജീര, ബിജെപിക്കായി മൻജിത് സിങ്് മന്ന, ആം ആദ്മി പാർട്ടിക്കായി സംസ്ഥാന ഗതാഗത മന്ത്രി ലാൽജിത്ത് സിങ്് ഭുള്ളർ, ശിരോമണി അകാലിദളിന്റെ വീർസിങ്് വലത്തോഹ എന്നിവരാണ് മത്സരിക്കുന്നത്. ചില സിഖ് രാഷ്ട്രീയ സംഘടനകൾ ഇതിനകം അമൃത്പാൽ സിങിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അമൃത്പാൽ സംഘപരിവാറിന്റെ ആളാണെന്ന് ശിരോമണി അകാലിദൾ ആരോപിക്കുന്നു. അമൃതപാൽ മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചത്, ആർഎസ്എസ് നേതാവായ അഭിഭാഷകൻ ആണെന്നും, പത്രിക അംഗീകരിച്ചത് സംശയാസ്പദമാണെന്നും ഇവർ പറയുന്നു. പരമ്പരാഗത പാർട്ടികളുടെ വോട്ട് ബാങ്ക് തകർക്കാൻ ബിജെപി നടത്തുന്ന ശ്രമമാണ് ഈ സ്ഥാനാർത്ഥിത്വമെന്നും വിമർശനമുണ്ട്. എന്തൊക്കെയായാലും പഞ്ചാബിൽ വീണ്ടും ചർച്ചയാവുകയാണ് അപകടകരമായ ആശയങ്ങളുടെ പേരിൽ അകത്തായ ഈ ചെറുപ്പക്കാരൻ.
പഴയ ട്രക്ക് ഡൈവ്രർ ഇന്ന് കോടീശ്വരൻ
ജയിലിൽ കിടന്ന് മത്സരിക്കുന്ന അമൃതപാലിന്റെ ആസ്തിവിവരം പുറത്തുവന്നപ്പോഴും രാജ്യം ഞെട്ടി. നിർഗതിയും പരഗതിയുമില്ലാതെ ദുബൈയിടലക്കം ഒരു കാലത്ത് ട്രക്ക് ഓടിച്ച് നടന്ന ഇയാൾക്ക് ഇന്ന് ആയിരം കോടിയുടെ ആസ്തിയാണ്. തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുക്കൾ സംബന്ധിച്ച വിവരം പുറത്തുവന്നത്. അസമിലെ ദിബ്രുഗഡിലെ അതിസുരക്ഷാ ജയിലിലുള്ള അമൃത്പാലിനുവേണ്ടി അമ്മാവൻ താൻ തരണാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ 23നാണ് അമൃത്പാലിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. ്.
അമൃത്സറിലെ ബാബ ബകാലയിലെ റയ്യയിലുള്ള എസ്‌ബിഐയുടെ ശാഖയിൽ 1000 കോടിയുണ്ടെന്നാണ് സത്യവാങ്മുലത്തിൽ പറയുന്നത്. അമൃത്പാലിന്റെ ഭാര്യ കിരൺദിപ് കൗറിന് 18.37 ലക്ഷത്തിന്റെ സ്വത്തുണ്ട്. അമൃത്പാലിനെതിരെ 12 ക്രിമിനൽ കേസുകളുണ്ടെങ്കിലും ഒന്നിലും കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടില്ല. പത്താംക്ലാസ് മാത്രമാണ് വിദ്യാഭ്യാസം.അമൃത്പാലിന് ലോക്സഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹമുണ്ടെന്ന് ആദ്യം പറഞ്ഞത് അഭിഭാഷകനായ രാജ്ദേവ് സിങ് ഖൽസയാണ്. പിന്നാലെ കുടുംബാംഗങ്ങൾ ജയിലിലെത്തി അമൃത്പാലിനെ കാണുകയും ചെയ്തു. തുടർന്ന് നാമനിർദ്ദേശപത്രിക കുടുംബത്തിന് ജയിലിൽവച്ച് ഒപ്പിട്ടു നൽകുകയായിരുന്നു.
അമൃത്സർ ജില്ലയിലെ ജല്ലുപുർ ഖേരയിലായിരുന്നു അമൃത്പാലിന്റെ കുട്ടിക്കാലം. ദുബായിലും പഞ്ചാബിലുമായി ബിസിനസ് ചെയ്യുന്ന താർസെം സിങ്ങിന്റെയും നാട്ടിൽത്തന്നെ ജീവിക്കുന്ന ബൽവീന്ദർ കൗറിന്റെയും മകനാണ്. 2012ൽ കുടുബ ബിസിനസ് നടത്താൻ വേണ്ടി അമൃത്പാൽ ദുബായിലേക്ക് വിമാനം കയറി. മെക്കാനിക്കൽ എഞ്ചിനീയർ എന്നാണ് വിദ്യാഭ്യാസ യോഗ്യത കാണിച്ചിരിക്കുന്നത്. പഞ്ചാബിലെ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിവരങ്ങളാണ് അമൃത്പാൽ പങ്കുവെച്ചിരിക്കുന്നത്. പക്ഷേ ഇയാൾ കോളജ് ഡ്രോപ്പ് ഔട്ട് ആണെന്നാണ്് സുഹൃത്തുക്കൾ പറയുന്നത്. ഇപ്പോൾ ഇലക്ഷൻ കമ്മീഷന് നൽകിയ വിവരങ്ങളിലും ഡിഗ്രിയൊന്നും കാണാനില്ല.
സോഷ്യൽ മീഡിയയിൽ ആഹ്വാനങ്ങളും പോസ്റ്റുകളുമായി ഇയാൾ കഴിഞ്ഞ കുറേവർഷങ്ങളായി സിഖുകാർക്കിടയിൽ സജീവമായിരുന്നു. മതത്തിന്റെ നല്ല വശങ്ങൾ എടുത്ത് കാട്ടുന്ന മോട്ടിവേറ്റർ ആയിട്ടാണ് തുടക്കം. അതുകൊണ്ട് തന്നെ ഒരു അനുയായികൾക്ക് ഒരു അപരിചിത മുഖമായിരുന്നില്ല ഇയാൾ. നേരത്തെ സിഖ് വിശ്വാസപ്രകാരമുള്ള തലപ്പാവ് പോലും അതുവരെ ധരിക്കാത്തയാളായിരുന്നു അമൃത്പാൽ. പണിയെന്നും കിട്ടാതെ ആയതോടെ, ദുബായിൽ ട്രക്ക് ഡ്രൈവറായി ഇയാൾ ജോലിനോക്കിയിരുന്നു. പക്ഷേ ഒരു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ അമൃത്പാൽ കെട്ടിലും മട്ടിലും ആകെ മാറിയിരുന്നു.
പുതിയ അമൃത് പാൽ പരമ്പരാഗത സിഖ് വേഷവിധാനങ്ങളണിഞ്ഞ് പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും മതമേധാവിത്വത്തെയും കുറിച്ച് വാചാലനാകുന്ന ഒരാളാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും പഞ്ചാബിയിലും സംസാരിച്ച് ആൾക്കൂട്ടത്തെ കൈയിലെടുക്കുന്നു. മയക്കുമരുന്നിന്റെ വിപുലസാന്നിധ്യവും രൂക്ഷമായ തൊഴിലില്ലായ്മയും വൻതോതിൽ വിഴുങ്ങുന്ന പഞ്ചാബിലെ പുതിയ ആരാധനാരൂപമാകാൻ അമൃത്പാലിനു വേണ്ടിവന്നത് വിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രമായിരുന്നു.
രണ്ടാം ഭിന്ദ്രൻവാലയെന്നാണ് അയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. അങ്ങനെ തീവ്രവാദ പ്രചാരണം നടത്തുകയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വെല്ലുവിളിക്കയും, പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയുമൊക്കെ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജയിലിലായത്. അതോടെ പ്രശ്നം തീർന്നുവെന്ന് കരുതിയവർക്ക് തെറ്റി. ഇപ്പോൾ ജയിലിൽനിന്ന് സ്ഥാനാർത്ഥിയായി അയാൾ വീണ്ടും ഞെട്ടിക്കുന്നു.
'എന്റെ വോട്ട് ലഹരിക്കെതിരെ'
പൊതുവെ നാം പ്രതീക്ഷിക്കുന്നത് അപ്പുറത്തെ വലിയ പിന്തുണയാണ് അമൃത്പാലിന് ലഭിക്കുന്നതെന്നാണ്, ഇവിടം സന്ദർശിച്ച മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. അമൃത്പാൽ സിങിന്റെ ജന്മ നാടായ ജല്ലപ്പുർ ഖേഡ ഗ്രാമം ഒന്നാകെ തങ്ങളുടെ നേതാവിന് പിന്നിൽ അണി നിരന്നിരിക്കയാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമൃത്പാലിന്റെയും ബന്ധുക്കളുടെയും വീടുകളാണ് പ്രചാരണ സമിതി ഓഫീസായി പ്രവർത്തിക്കുന്നത്. പ്രചരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അനുയായികൾ എത്തിയിട്ടുണ്ട്. പിതാവ് തർസീം സിങും, അമ്മ ബൽവീന്ദർ കൗറും, അമൃത്പാലിന്റെ സേവകരുടെ കുടെ വീട്വീടാന്തരം കയറി ഇറങ്ങി കാമ്പയിൽ നടത്തുന്നു.
ഒട്ടേറെ യുവാക്കളെ അമൃത്പാൽ ലഹരിയിൽനിന്ന് വിശ്വാസ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി അഴിമതി നിറഞ്ഞതാണെന്നും, അതിനെല്ലാം മാറ്റം വരാൻ അമൃത്പാലിനെപ്പോലുള്ളവ ജയിക്കണമെന്ന അഭിപ്രായവും നാട്ടുകാർ പ്രകടിപ്പിക്കുന്നു. അമൃത്പാൽ ജയിച്ചാൽ സിഖ് ഭരണഘടനപ്രകാരമേ, പ്രവർത്തിക്കൂ എന്ന് പ്രചാരണത്തിന്റെ മേഖലാ കോഡിനേറ്റർ ലഖ്വീന്ദർ സിങ് പറഞ്ഞു. വിദേശത്തേക്കുള്ള കുടിയേറ്റം കുറക്കാൻ നടപടി, സിഖ് തടവുകാരുടെ മോചനം, നദീജല തർക്കപരിഹാരം തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ധാനങ്ങൾ.
അമൃത്സറിൽ നിന്ന് ഒരു മണിക്കൂറോളം വാഹനമോടിക്കുമ്പോൾ എത്താവുന്ന ഖദൂർ സാഹിബ് ലോക്‌സഭാ മണ്ഡലത്തിൽ അമൃതപാൽ സിങിന്റെ ഹോർഡിങ്ങുകൾ ധാരളാമുണ്ട്. അമൃത്പാൽ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കുതിച്ചതോടെ ഈ മണ്ഡലം ദേശീയ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്. പിതൃസഹോദരന്മാർ, സിഖ് സംഘടനകൾ, എൻആർഐകൾ, ചില പ്രദേശവാസികൾ എന്നിവരും അദ്ദേഹത്തിന്റെ പ്രചാരണത്തിൽ സജീവമാണ്. നിരവധി യുവാക്കളെ രക്ഷിച്ച മയക്കുമരുന്ന് വിരുദ്ധ സമരസേനാനി എന്ന നിലയിൽ പാൽ പ്രശസ്തനാണ്. അതാണ് നാട്ടുകാരിൽ പലരും എടുത്തു പറയുന്നത്. ലഖ്വീന്ദർ കൗർ എന്ന സ്ത്രീ ദ വയർ ഓൺലൈനിനോട് ഇങ്ങനെ പറയുന്നു. "ഞങ്ങൾ അഞ്ച് സഹോദരിമാരാണ്, എന്റെ സഹോദരന്റെ മരണം വലിയ തിരിച്ചടിയായി. അവർ മയക്കുമരുന്നിന് അടിമയായാണ് മരിച്ചത്. എന്റെ സഹോദരന്റെ നഷ്ടം മറികടക്കുന്നതിന് മുമ്പ്, എന്റെ 20 വയസ്സുള്ള മകനും മയക്കുമരുന്നിന് ഇരയായി. ഞാൻ ഈ കൊടും ചൂടിൽ ജോലി ചെയ്യുമ്പോൾ, പകലോ രാത്രിയോ എന്നറിയാതെ എന്റെ മകൻ കട്ടിലിൽ കിടക്കുന്നു. അമൃതപാൽ പുറത്തായിരുന്നെങ്കിൽ പുകവലിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ ഒരു യുവാവും ധൈര്യപ്പെടുമായിരുന്നില്ല"- അവർ കണ്ണീരോടെ പറഞ്ഞു.
മയക്കുമരുന്നിന് പകരം മതം
ഇവിടുത്തെ മറ്റൊരു വോട്ടറായ, ദൽബീർ കൗറും ഈ മേഖലയിൽ മയക്കുമരുന്ന് ഒരു വലിയ പ്രശ്നമാണെന്ന് പറഞ്ഞു. "അമൃത്പാലിന്റെ ലഹരിവിരുദ്ധ യജ്ഞത്തിലൂടെ പ്രയോജനം നേടിയ ആളുകൾ അദ്ദേഹത്തിന് വോട്ടുചെയ്യാൻ ഒരുങ്ങുകയാണ്. അമൃതപാൽ യുവാക്കളെ സിഖ് മതത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവൻ എന്തെങ്കിലും തെറ്റ് ചെയ്തിരുന്നോ?"അവർ ദ വയറിനോട് പറഞ്ഞു." അദ്ദേഹം ജയിലിൽ പോയത് മുതൽ കുട്ടികൾ അധഃപതനത്തിന്റെ പാതയിലാണ്. അദ്ദേഹം യുവാക്കളെ ഗുർബാനി ചൊല്ലി, അവരെ സിഖ് മതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിൽ എന്താണ് തെറ്റ്? അവൻ നിരപരാധിയായിരുന്നു, പക്ഷേ അവനെ തടവിലാക്കപ്പെട്ടു."- ദൽബീർ കൗർ പറയുന്നു. അമൃത്പാലിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നവർ പോലും അദ്ദേഹം മയക്കുമരുന്ന് നിർമ്മാർജ്ജനത്തിനായി ഒരുപാട് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.
പക്ഷേ മയക്കുമരുന്നിനെതിരെ പൊരുതി അതിനേക്കാൾ ലഹരിയുള്ള മത തീവ്രവാദം യുവാക്കളുടെ മസ്തിഷ്‌ക്കത്തിലേക്ക് അടിച്ചേൽപ്പിക്കയാണ് അമൃത്പാൽ ചെയ്തത്. പഞ്ചാബിനെ വിഴുങ്ങുന്ന മറ്റൊരു വിപത്ത് ആണെല്ലോ മയക്കുമരുന്ന്. ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിലൊക്കെ നാം അതുകണ്ടു. ഇന്ത്യയിൽ ഏറ്റവും അധികം മയക്കുമരുന്ന് രോഗികൾ ഉള്ള സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ടുതന്നെ ഇവിടെ ലഹരിവിമുക്ത പ്രവർത്തനങ്ങൾക്കും വലിയ ഡിമാന്റാണ്. നമ്മുടെ അമൃത് പാലും ലഹരിവിമുക്ത പ്രവർത്തകനായാണ് തുടങ്ങിയത്.
അമൃത്പാലിന്റെ സംഘടനയായ, പഞ്ചാബിന്റെ അവകാശികൾ എന്ന് അർത്ഥം വരുന്നു 'വാരിസ് പഞ്ചാബ് ദേ'യുടെ നേതൃത്വത്തിൽ ലഹരി വിമുക്തകേന്ദ്രങ്ങളെന്ന പേരിൽ കുറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പ്രധാനമായും യുവാക്കൾക്ക് പഠനക്ളാസുകളും പരിശീലനവുമാണ് നൽകുന്നത്. പക്ഷേ ഇവിടെ ഒരു ലഹരിയിൽനിന്ന് ആളുകളെ മോചിപ്പിച്ചിട്ട് മറ്റൊരു ലഹരി നൽകുകയാണ് ഇയാൾ ചെയ്തത്. അതായതുകൊക്കെയിന് പകരം മതവികാരം തലച്ചോറിലേക്ക് കൊടുത്തു. അങ്ങനെ അവിടം സിഖ്് പ്രൈഡിനുവേണ്ടി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളായും പതുക്കെ മിനി തീവ്രവാദ കേന്ദ്രങ്ങളുമായി മാറി.
മയക്കുമരുന്നിനെതിരായ അമൃത്പാലിന്റെ പ്രചാരണവും പൊള്ളയാണെന്ന് ആരോപണം ഉണ്ട്. ഇയാൾ സഞ്ചരിച്ചിരുന്ന മെഴ്സിഡീസ് ബെൻസ് കാർ മയക്കുമരുന്നു മാഫിയത്തലവനായ റാഫേൽ സിങ് സമ്മാനിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കാറിൽ നഗരവീഥികളിലൂടെ സഞ്ചരിച്ച് സൺറൂഫിലൂടെ തലയുയർത്തി കാണുന്നവരെ മുഴുവൻ അഭിവാദ്യംചെയ്യുന്നത് ഇഷ്ടപരിപാടിയായിരുന്നു. പിന്നീട് കേസുവന്നപ്പോൾ ഈ കാറിലാണ് പൊലീസിനെ വെട്ടിച്ചുകടന്നത്.
വിദേശസഹായത്തോടെ തീവ്രവാദത്തിലേക്ക്
ലോകത്ത് സിഖ് സമൂഹം ഏറെയുള്ള കാനഡയിൽനിന്നാണ്, ഇന്ത്യയിലെ ഖലിസ്ഥാൻ തീവ്രവാദത്തിന് ഫണ്ട് വരുന്നത്. ഈയിടെ കാനഡയിലെ ചില ഖലിസ്ഥാൻ ഭീകരവാദികൾ വെടിയേറ്റ് മരിച്ചതിനെ ചൊല്ലി ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. ഈ കൊലകൾക്ക് പിന്നിൽ ഇന്ത്യൻ ചാര സംഘടനായ 'റോ' ആണെന്നാണ് ആക്ഷേപം. നമ്മുടെ അമൃത്പാൽ സിങിനും ഫണ്ട് വന്നിരുന്നത് കാനഡിയിൽനിന്നായിരുന്നു.
'വാരിസ് പഞ്ചാബ് ദേ'യുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും ഗുരുദ്വാരയിലും വൻതോതിൽ ആയുധങ്ങൾ സമാഹരിച്ചിട്ടുണ്ടെന്നും പൊലീസ് റിപ്പോർട്ടുണ്ടായിരുന്നു. യുവാക്കളുടെ മനസ്സുമാറ്റി ചാവേറുകളാക്കാനായിരുന്നു പരിശീലനം. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതകത്തിനുപിന്നിൽ മനുഷ്യബോംബായി പ്രവർത്തിച്ച ദിലാവർ സിങ്ങിനെ മാതൃകയാക്കാനാണ് യുവാക്കൾക്കു ലഭിച്ച ഉപദേശം. പരിശീലനത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐ.യുടെ സഹായം ലഭിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. പരിശീലനംനേടിയവർ അമൃത്പാലിന്റെ സ്വകാര്യപട്ടാളത്തിന്റെ ഭാഗമാകുമെന്നാണ് പൊലീസ് പറയുന്നത്.
ദുബായിൽ ട്രക്ക് ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അമൃത്പാൽ ഐഎസ്ഐ.യുമായി ബന്ധമുറപ്പിച്ചതെന്നാണ് സൂചന. ഖലിസ്ഥാന്റെ പേരിൽ സിഖ് യുവാക്കളെ പ്രചോദിപ്പിക്കുന്നതിന് ഐഎസ്‌ഐ പണവും മറ്റു സഹായങ്ങളും അമൃത്പാലിന് വാഗ്ദാനം ചെയ്തിരുന്നെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെ.ടി.എഫ്)ന് സമാനമായി ആനന്ദ്പുർ ഖൽസ് ഫോഴ്‌സ് (എ.കെ.എഫ്) എന്ന പേരിൽ സ്വന്തം സൈന്യത്തെ രൂപവത്കരിക്കാൻ പാൽ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മനുഷ്യ ബോംബ് സ്‌ക്വാഡുകളേയും അമൃത്പാൽ തയ്യാറാക്കിയിരുന്നു. കൊല്ലപ്പെട്ട ഖലിസ്ഥാൻ തീവ്രവാദികളുടെ അനുമസ്മരണ ചടങ്ങുകളിലേക്ക് അമൃത്പാൽ എത്തുകയും അവിടെ വെച്ച് യുവാക്കൾ ആയുധ പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
നോക്കുക, ഈ രീതിയിൽ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷക്കുതന്നെ ഭീഷണിയായ മനുഷ്യനാണ് ഇപ്പോൾ കൂളായി സ്ഥാനാർത്ഥിയായിരിക്കുന്നത്. രാജ്യ സുരക്ഷാ ഭീഷണി എന്ന ഒറ്റക്കാരണംകൊണ്ട് അമൃത്പാലിന്റെ പത്രിക തള്ളാമായിരുന്നു. പക്ഷേ അതുണ്ടായില്ല. അതിനുപിന്നിലും ഒരുപാട് സംശയങ്ങൾ അവശേഷിക്കുന്നുണ്ട
ഭിന്ദ്രൻവാലക്ക് ഒരു വോട്ട്
ജർണയിൽ സിങ് ഭിന്ദ്രൻവാലയെ അനുകരിക്കാനുള്ള പല ശ്രമങ്ങളും അമൃത്പാൽ നടത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷാ സ്വാധീനമൊഴികെ വേഷവിധാനങ്ങളടക്കം പലതും ഭിന്ദ്രൻവാലയുടെ രീതികൾക്ക് സമാനമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭിന്ദ്രൻവാല എന്ന പേരും ഇയാൾക്ക് വീണു. താൻ വിഘടനവാദിയും ഭിന്ദ്രൻവാലയുടെ അനുയായിയുമാണെന്ന് അമൃത് പാൽ നേരത്തെ തുറന്നുപറയുന്നുമുണ്ട്. "ഭിന്ദ്രൻ വാല (സന്ത് ജി) മരിച്ചിട്ടില്ല. ഇവിടെ ജീവിക്കുന്നുണ്ട്. എല്ലാ ഗ്രാമത്തിലും അദ്ദേഹത്തിന്റെ ചിത്രം കാണാം. ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു. എന്നാൽ, എനിക്ക് അദ്ദേഹത്തെപ്പോലെ ആകാൻ കഴിയില്ല' -എന്ന് പ്രസംഗങ്ങളിലുടനീളം അമൃത്പാൽ അനുയായികളോട് ആവർത്തിച്ചിരുന്നു.
ഇപ്പോൾ ഭ്രിന്ദൻവാലയുടെ ആശയങ്ങൾ നടപ്പാക്കാൻ ഒരു വോട്ട് എന്ന് പറഞ്ഞാണ് അമൃത്പാലിന്റെ പ്രചാരണം. മണ്ഡലത്തിന്റെ പലഭാഗങ്ങളിലും അമൃത്പാൽ സിംഗിന് പിന്തുണ പ്രഖ്യാപിച്ച് വലിയ ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. ചില ഹോർഡിംഗുകളിൽ ബിന്ദ്രവാലയുടെ മുദ്രാവാക്യങ്ങളും, ഗുരു ഗ്രന്ഥ സാഹിബിൽ നിന്നുള്ള ചില വരികളും, ശ്രീ ഗുരു രവിദാസ് വിഭാവനം ചെയ്ത ജാതിരഹിതവും വർഗരഹിതവുമായ സമൂഹമായ ബീഗംപുരയെ പരാമർശിക്കുന്നുണ്ട്. ചില ഹോർഡിംഗുകളിൽ ബിന്ദ്രവാല, സിദ്ദു, മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറ എന്നിവരുടെ ഫോട്ടോകൾ കാണാം.
നിജ്ജാർ ഗ്രാമ, റോഡിലെ ഗ്രാമ ഗുരുദ്വാരയ്ക്ക് പുറത്ത് ഒരു ഹോർഡിങ് ഇങ്ങനെയാണ് "നിജ്ജാർ ഗ്രാമത്തിലെ മുഴുവൻ വോട്ടർമാരും രാഷ്ട്രീയത്തിന് അതീതമായി ഉയർന്ന്, അമൃതപാൽ സിംങ് ഖൽസയെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. ഒരു രാഷ്ട്രീയ നേതാവും (എതിരാളി പാർട്ടികളിൽ നിന്ന്) ഞങ്ങളുടെ ഗ്രാമത്തിലേക്ക് വോട്ട് തേടി വരരുത്.അമൃത്പാലിന് പിന്തുണ വർദ്ധിപ്പിക്കുന്നതിനായി ഗുരുദ്വാരകളിൽ പ്രത്യേക യോഗങ്ങളും നടന്നിട്ടുണ്ട്.
നീതി തേടാനുള്ള ശ്രമങ്ങളും പ്രതിഷേധങ്ങളും ഫലം കാണാത്തതിനാൽ അമൃത്പാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് സംഗത്തിന്റെ (സിഖ് മതസഭയുടെ) തീരുമാനമാണെന്ന് അമൃത്പാലിന്റെ പിതാവ് തർസെം സിങ് ദി വയറിനോട് പറഞ്ഞു."അമൃത്പാലിന്റെ പ്രചാരണം തങ്ങളുടെ സ്വന്തം പോരാട്ടമായാണ് ആളുകൾ കണക്കാക്കുന്നത്. തുടക്കത്തിൽ അമൃത്പാൽ മടിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. വാസ്തവത്തിൽ, ഞങ്ങളെ പിന്തുണയ്ക്കുന്നതിനായി നിരവധി ആളുകൾ എഎപി, കോൺഗ്രസ്, എസ്എഡി എന്നിവയുടെ ഉന്നത സ്ഥാനങ്ങൾ ഉപേക്ഷിച്ചു. കർഷക സംഘടനകളും സിഖ് സംഘടനകളും ഉൾപ്പെടെ എല്ലാവരോടും ഞങ്ങളെ പിന്തുണക്കുന്നുണ്ട്'-അദ്ദേഹം പറയുന്നു.
മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ഭാര്യ പരംജിത് കൗർ ഖൽറയും ഖദൂർ സാഹിബിൽ അമൃത്പാലിനായി പ്രചാരണം നടത്തുന്നുണ്ട്. "പഞ്ചാബിലെ ജനങ്ങൾക്കുവേണ്ടി ഞാൻ അമൃത്പാൽ സിങ്ങിനെ പിന്തുണയ്ക്കുന്നു, മയക്കുമരുന്ന് നിർത്താനും യുവാക്കളെ പ്രചോദിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രചാരണം മുന്നോട്ട് കൊണ്ടുപോകണം. പഞ്ചാബിലെ യുവാക്കളെ രക്ഷിക്കാനും കർഷകർക്ക് നീതി ലഭ്യമാക്കാനും ബന്ദി സിങ് (സിഖ് രാഷ്ട്രീയ തടവുകാർ) മോചനത്തിനായി ഞങ്ങൾ പോരാടുകയാണ്. മനുഷ്യാവകാശങ്ങളുടെ വേദിയായി ഖാദൂർ സാഹിബ് ഉയർന്നുവരണം"- പരംജിത് കൗർ ഖൽറ പറയുന്നു. അതായത് ചുരുക്കിപ്പറഞ്ഞാൽ, ഒരു ഭീകരവാദിയെന്ന നിലയിലല്ല, യുവാക്കളെ മയക്കുമരുന്നിൽനിന്ന് രക്ഷിക്കുന്ന മഹാനായും, സിഖ് മതപ്രചാരകനായുമൊക്കെയാണ് അമൃത്പാൽ സിങ്് പഞ്ചാബ് ഗ്രാമങ്ങളിൽ അറിയപ്പെടുന്നത്. പഞ്ചകോണ മത്സരം നടത്തുന്ന ഈ മണ്ഡലത്തിൽ വോട്ട് ഏത് രീതിയിൽ ഭിന്നിക്കുമെന്നോ, ആരു ജയിക്കുമെന്നോ, പറയാൻ പറ്റാത്ത അവസ്ഥയാണ്.
വാൽക്കഷ്ണം: ചരിത്രം ആവർത്തിക്കുന്നുണ്ടോ? 1989-ൽ, പഞ്ചാബിൽ തീവ്രവാദം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നപ്പോൾ, ഖലിസ്ഥാൻ അനുകൂല സൈദ്ധാന്തികനും ശിരോമണി അകാലിദൾ (അമൃത്സർ) പ്രസിഡന്റുമായ സിമ്രൻജിത് സിങ് മാൻ ജയിലിൽ കിടന്നിരുന്നായിരുന്നു തരൺ തരണ മണ്ഡലത്തിൽ മത്സരിച്ചത്. ഇപ്പോൾ അമൃത്പാൽ മത്സരിക്കുന്ന് ഖദൂർ സാഹിബ്, മണ്ഡലം തരൺ തരണിന്റെ ഭാഗമായിരുന്നു. അന്ന് ജയിലിൽ കിടന്നുതന്നെ നല്ല ഭൂരിപക്ഷത്തിന് സിമ്രൻജിത് സിങ് മാൻ ജയിച്ചു. ഇപ്പോൾ 25 വർഷത്തിനുശേഷം ചരിത്രം ആവർത്തിക്കയാണ്. ജയിലിൽ കിടന്ന് മത്സരിക്കുന്ന അമൃത് പാലിനെ മണ്ഡലം തുണയ്ക്കുമോ? കാത്തിരുന്ന് കാണാം.