- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
'കാവാലയ, കാവാലയ'... പണ്ട് എ ആ റഹ്മാന്റെ 'മുക്കാലാ മുക്കാബാല'യൊക്കെ അലയടിച്ചതുപോലെ, കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരു തമിഴ്സിനിമാ ഗാനം ഹിറ്റാവുകയാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഷകളിൽ ആ പാട്ടിന്റെ വേർഷനുകള്ൾ ഉണ്ടാവുന്നു. സ്റ്റെൽ മന്നൻ രജനീകാന്തിന്റെ അതിശക്തമായ തിരിച്ചുവരവിന് ഇടയാക്കിയ പാൻ ഇന്ത്യൻ ഹിറ്റായ ജയിലർ സിനിമുടെ പാട്ടും, അതിനേക്കാൾ ഗംഗീര ബിജിഎമ്മും ഒരുക്കിയ അനിരുദ്ധ് രവിചന്ദർ എന്ന 32കാരനായ യുവാവാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകനും!
10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം. എ ആർ റഹ്മാന്റെ 8 കോടിയെന്ന റെക്കോർഡ് തിരുത്തിയാണ് അനിരുദ്ധ് രാജ്യത്തെ ഏറ്റവും വിലപിടിച്ച സംഗീതസംവിധായകനായത്. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിഫലത്തിന്റെ കാര്യത്തിൽ റഹ്മാനെ മറികടക്കാൻ ഒരു സംഗീതജ്ഞനും സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ഷാറുഖ് ഖാൻ ചിത്രം ജവാന് വേണ്ടിയാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങി ബോളിവുഡിലേക്ക് കാലെടുത്തുവെച്ചത്.
ഇതോടെ ഒരു പുതിയ ഈഗോ ക്ലാഷും തമിഴ് സിനിമാലോകത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ എ ആർ റഹ്മാനും പ്രതിഫലം ഒറ്റയിടിക്ക് 8 കോടിയിൽ നിന്ന് 10 കോടിയിലേക്ക് ഉയർത്തുകയായിരുന്നു. നാനി നായകനായെത്തുന്ന പുതിയ ചിത്രത്തിനു സംഗീതമൊരുക്കാനാണ് റഹ്മാൻ 10 കോടി ആവശ്യപ്പെട്ടതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. തെലുങ്കിലെ കീരവാണി അടക്കമുള്ള പ്രഗത്ഭരായ സംഗീത സംവിധായകരുടേതിനേക്കാൾ ഇരട്ടി പ്രതിഫലമാണ് റഹ്മാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലം കൂട്ടിച്ചോദിച്ചതുകൊണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കൾ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണു വിവരം.
പക്ഷേ ഇത് ചെന്നൈ സംഗീത ലോകത്ത് വമ്പൻ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. അനിരുദ്ധിന്റെ ചിത്രങ്ങൾ തുടർച്ചയായി വിജയിക്കുന്നതുകൊണ്ടാണ് അയാൾ പ്രതിഫലം ഉയർത്തുന്നത്. എന്നാൽ അടുത്തകാലത്തായി എ.ആർ.റഹ്മാന്റെ ഗാനങ്ങളും ബിജിഎമ്മുമൊന്നും പഴയപോലെ എൽക്കുന്നില്ല. എന്നിട്ടും ഒരു പാട്ട് പാടുന്നതിന് റഹ്മാൻ കൈപ്പറ്റുന്നത് 3 കോടി രൂപയാണ്. ഇത് കുറയ്ക്കണമെന്നാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം. ഫലത്തിൽ പഴയ ഇളയരാജ-റഹ്മാൻ കാലത്തുണ്ടായപോ്ലെയുള്ള ഒരു വിഭജനം സംഗീതലോകത്ത് വരികയാണെന്നും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ച വരന്നുണ്ട്. റഹ്മാന്റെ കാലം കഴിഞ്ഞുവെന്ന് അനിരുദ്ധിന്റെ ആരാധകർ പറയുമ്പോൾ, രജനീകാന്തിന്റെ പിന്തുണ കൊണ്ട് മാത്രമാണ് അനിരുദ്ധ് വളർന്നതെന്നും നമുക്ക് കാത്തിരുന്ന് കാണാമെന്നുമാണ് റഹ്മാൻ ഫാൻസ് തിരിച്ചടിക്കുന്നത്.
പാട്ടിലെ സൂപ്പർ സ്റ്റാറായ ഇളയരാജ
തമിഴ് സിനിമാലോകത്ത് അതിപ്രഗൽഭരായ ഒരുപാട് സംഗീത സംവിധായകർ ഉണ്ടായിരുന്നെങ്കിലും, സംഗീത ലോകത്തെ ഒരു സുപ്പർ സ്റ്റാർ എന്ന് പറയാൻ കഴിയുക ഇളയരാജയെ തന്നെയാണ്. നായകന്റെ പേരും, സംവിധാകന്റെപേരും അപ്രസക്തമാക്കി, സിനിമകൾ ഇളയരാജയുടെ പേരിൽ അറിയപ്പെട്ടകാലം. അരനൂറ്റാണ്ടുപിന്നിട്ട തന്റെ സംഗീത ജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ള ഇദ്ദേഹം, ഏതാണ്ട് ആയിരത്തോളം ചലച്ചിത്രങ്ങൾക്ക് പിന്നണി സംഗീതമൊരുക്കിയിട്ടുണ്ട്.
തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള പന്നൈപുരത്തിൽ, രാമസ്വാമിയുടെയും നാലാം ഭാര്യ ചിന്നതായമ്മാളുടെയും മൂന്നാമത്തെ മകനായിട്ട് ഒരു ദരിദ്ര കുടുംബത്തിലാണ് ഇളയരാജ ജനിച്ചത്. യാഥാർത്ഥ പേര്, ജ്ഞാനദേശികൻ എന്നായിരുന്നു. സ്കൂൾ വിദ്യാഭ്യാസസമയത്ത് പിതാവ് ആ പേരു മാറ്റി രാജയ്യ എന്നാക്കി മാറ്റി. ഗ്രാമത്തിലെ സുഹൃത്തുക്കൾ രാജയ്യ എന്നത് രാസയ്യ എന്ന് മാറ്റി വിളിക്കാൻ തുടങ്ങി. സംഗീതാധ്യാപകനാണ് രാസയ്യയെ രാജയാക്കിയത്. സിനിമയുടെ നിർമ്മാതാവ് പഞ്ചു അരുണാചലം ഈ പേരിന്റെ കൂടെ ഇളയ എന്നു കൂടി ചേർത്ത്, ഇളയരാജ എന്നാക്കി മാറ്റി. അക്കാലത്തെ പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായിരുന്ന എ.എം. രാജയുടെ പേരുമായുള്ള സാദൃശ്യം ഒഴിവാക്കാനാണ്, ഇളയരാജ എന്ന പേരു നൽകിയത്.
അദ്ദേഹം ജനിച്ച് വളർന്ന അന്തരീക്ഷം തമിഴ് നാടൻ ശീലിന്റെ മാറ്റൊലികളാൽ സമൃദ്ധമായിരുന്നു. പതിനാലാം വയസ്സിൽ ജ്യേഷ്ഠനായ പാവലർ വരദരാജൻ നയിച്ചിരുന്ന സംഗീതസംഘത്തിൽ ചേർന്ന് പ്രവർത്തിച്ച് തുടങ്ങി. ഈ സംഘത്തോടൊപ്പം ഒരു ദശാബ്ദക്കാലത്തോളം ദക്ഷിണേന്ത്യ മുഴുവൻ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. 1970 കളിൽ ഇളയരാജ സലിൽ ചൗധരിയെപ്പോലുള്ള പ്രശസ്ത സംഗീതസംവിധായകരോടൊപ്പം, റെക്കോഡിങ് സ്റ്റുഡിയോകളിൽ ഗിറ്റാറിസ്റ്റായും, ഹാർമോണിസ്റ്റായും ഒക്കെ ജോലി ചെയ്തിട്ടുണ്ട്. ജി.കെ.വെങ്കിടേഷ് എന്ന കന്നട സംഗീതസംവിധായകന്റെ സഹായി ആയി ഏതാണ്ട് 200 ഓളം ചിത്രങ്ങളിൽപ്രവർത്തിച്ചിട്ടുണ്ട്.
ഈ കാലഘട്ടത്തിൽ അദ്ദേഹം സ്വന്തമായി ഈണങ്ങൾ തയ്യാറാക്കാനും തുടങ്ങിയിരുന്നു. 1976ൽ ഇറങ്ങിയ 'അന്നക്കിളി'യാണ് ഇളയരാജയുടെ കന്നിച്ചിത്രം. തമിഴ് നാടൻ ശീലുകളുടെ മട്ടിലുള്ള ഈണങ്ങളും, പാശ്ചാത്യ സംഗീതത്തിന്റെ ശൈലിയിലുള്ള ഓർക്കസ്ട്രേഷനും കൂട്ടിയിണക്കിയുള്ള നവീനമായ ശൈലിയാണ് ഇളയരാജ ഈ ചിത്രത്തിനായി അവലംബിച്ചത്. ഇത് ഒരു ട്രെൻഡ് സെറ്ററായി. 80കളുടെ മധ്യത്തോടെ ഇളയരാജയുടെ പേരും പ്രശസ്തിയും വർദ്ധിച്ചു വന്നു. ഒട്ടുമിക്ക സിനിമാ ഗാനരചയിതാക്കളുടെ രചനകൾക്കും അദ്ദേഹം സംഗീതം പകർന്നു. കണ്ണദാസൻ, വാലി, വൈരമുത്തു, ഒ.എൻ.വി. കുറുപ്പ്, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രമുഖരോടൊപ്പം ചേർന്ന് ജനപ്രിയഗാനങ്ങൾ സിനിമാലോകത്തിനു സമ്മാനിച്ചിട്ടുണ്ട്.
ഭാരതിരാജ, കെ.ബാലചന്ദർ, മണിരത്നം, സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ,ബാലു മഹേന്ദ്ര, വംശി, തുടങ്ങിയ ദക്ഷിണേന്ത്യയിലെ മുൻസംവിധായകരുടെ ചിത്രങ്ങളിൽ ഇളയരാജയുടെ സംഗീതം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറി. 80കളിൽ രജനീകാന്തിനേക്കാൾ പ്രതിഫലം ഇളയരാജ വാങ്ങിയിരുന്നു. സംഗീതം ഇളയരാജ എന്ന ഒരു പേര് മതിയായിരുന്നു പടം ഹിറ്റാവാൻ. പക്ഷേ ഈ വിജയങ്ങൾ അദ്ദേഹത്തെ കടുത്ത അഹങ്കാരിയാക്കി തീർത്തുവെന്നും വിമർശനം ഉണ്ട്. സിനിമയുടെ എല്ലകാര്യങ്ങളും ഇളയരാജ തീരുമാനിക്കുന്ന അവസ്ഥയെത്തി. തനിക്ക് ഇഷ്ടമില്ലാത്തവരെ മൊത്തം കട്ടുചെയ്തു. കാസറ്റിൽ തന്റെ അല്ലാതെ ആരുടെയും പടം കൊടുക്കാതെ ആയി. മണിക്കൂറുകൾ ആളുകളെ ക്യൂ നിർത്തി ഇളയാരാജുടെ കാൽതൊട്ട് വണങ്ങിക്കുക പോലുള്ള കലാപരിപാടികൾ വേറെയും.
91-ൽ ദളപതി എന്ന മണിരത്നം ചിത്രത്തിലെ ഇളയരാജ ഈണമിട്ട് എസ്പി. ബാലസുബ്രഹ്മണ്യവും, സ്വർണ്ണലതയും ആലപിച്ച 'അടി രാക്കമ്മ കൈയെ തട്ട്' എന്ന ഗാനം ബിബിസി മികച്ച പത്തു ഗാനങ്ങൾക്കായി നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തുകയുണ്ടായി. പക്ഷേ മണിരത്നത്തിന്റെ അടുത്ത സിനിമയിലുടെ തമിഴിൽ പുതിയ ഒരു സംഗീത താരോദയം ഉണ്ടായി.
രാജാ തരംഗം തകർത്ത് റഹ്മാനിയ
ഇളയരാജ തരംഗം തകർക്കുന്നത്, എ ആർ റഹ്മാനൻ എന്ന പയ്യനാണ്. പതിനൊന്നാം വയസ്സിൽ സംഗീത രംഗത്തെത്തിയതാണ് ആർ കെ ശേഖറിന്റെ മകൻ ദിലീപ്കുമാർ, ദീർഘകാലം ഇളയരാജയുടെ അസിസ്റ്റന്റായും പീഡനങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. 1992ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'റോജ'യിലൂടെ സിനിമാ സംഗീതലോകത്ത് അദ്ദേഹം ശ്രദ്ധേയനായി. റോജയിലെ പാട്ടുകൾ രാജ്യം മുഴുവൻ ഏറ്റുപാടിയതോടെ തിരക്കുള്ള സംഗീതജ്ഞനായി റഹ്മാൻ അതിവേഗം വളർന്നു. അന്ന് ഇളയരാജയുടെ കൗണ്ട് ഡൗണും തുടങ്ങി.
എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സജീവ് ആല ഇങ്ങനെ നിരീക്ഷിക്കുന്നു. ''സംഗീതപ്രേമികൾക്ക് ഇളയരാജയും റഹ്മാനും മഹാദ്ഭുതങ്ങളാണ്. മ്യൂസിക്ക് ശൈലിയിൽ മാത്രമല്ല സംസാരത്തിലും സംസ്ക്കാരത്തിലും ഇരുവരും തീർത്തും വ്യത്യസ്തരാണ്. ഇത്രത്തോളം ഈണങ്ങൾ ഈ മനുഷ്യൻ എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് അതിശയപ്പെടുത്തിയ മാന്ത്രികനാണ് ഇളയരാജ. സിറ്റുവേഷൻ പറഞ്ഞുടൻ അഞ്ച് മിനിറ്റുകൊണ്ട് ട്യൂൺ ചെയ്തതാണ് അഥർവത്തിലെ പുഴയോരത്ത് പൂത്തോണിയെത്തീല ഗാനമെന്ന് ഡെന്നീസ് ജോസഫ് പറഞ്ഞിട്ടുണ്ട്. പാട്ട് ഇഷ്ടമുള്ള എല്ലാവർക്കും എന്നെന്നും ആരാധനാമൂർത്തി തന്നെയായിരിക്കും ഇസൈജ്ഞാനി ഇളയരാജ.
പക്ഷേ ഇളയരാജയ്ക്ക് വലിയൊരു പ്രശ്നമുണ്ട്. ഞാനാണ് സംഗീതം ഐ ആം ദി മ്യൂൂസിക്ക് എന്ന് നിരന്തരം അനൗൺസ് ചെയ്യുന്ന മെഗലോമാനിയുടെ പിടിയിലാണ് അദ്ദേഹം. 1991ൽ റിലീസായ ദളപതിയിൽ ബ്രഹ്മാണ്ഡ ഹിറ്റ് ഗാനങ്ങൾ ചെയ്ത് പ്രശസ്തിയുടെ അത്യൂന്നതങ്ങളിൽ ഇളയരാജ വിരാജിക്കുന്ന കാലത്താണ് ചിന്ന ചിന്ന ആശയുമായി ആ ചിന്നപ്പയ്യൻ വന്നത്.
അന്നേവരെ കേൾക്കാത്ത, അന്നേവരെ പരിചയപ്പെട്ടില്ലാത്ത ഒരു അദ്ഭുത പ്രപഞ്ചത്തിലേക്കാണ് റോജ കൂട്ടിക്കൊണ്ടു പോയത്. ഇളയരാജ എന്ന ഇതിഹാസത്തിന്റെ സ്വാധീനമോ സ്പർശമോ ഇല്ലാത്ത പുതുപുത്തൻ സംഗീതം. ഫ്ളൂട്ട്, ഗിറ്റാർ, വയലിൻ, ഡ്രംസ് വാദ്യോപകരണങ്ങൾ പൊഴിക്കുന്ന നാദം തീർത്തും ഇളയരാജയിൽ നിന്ന് വ്യത്യസ്തം. മളൃലവെ സൗണ്ടിങ്. പുതുമയെ പുണരാതിരിക്കാൻ മനുഷ്യനാവില്ല. എ ആർ റഹ്മാൻ തരംഗമായി. ജെന്റിൽമാനും കാതലനും കൂടി വന്നതോടെ റഹ്മാൻ ഇസൈ പുയലായി അവരോധിക്കപ്പെട്ടു. മുക്കാബലാ മുക്കാബലാ ഗാനം ദക്ഷിണേന്ത്യൻ അതിർത്തികൾ ഭേദിച്ച് ഗംഗസ്സമതലവും ഉപഭൂഖണ്ഡവും കടന്ന് വേൾഡ് ഹിറ്റായി. കർണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും ഖവാലിയും ഫോക്കും റോക്കും റാപ്പും ബ്ളൂസും ജാസും റെഗ്ഗേയും എന്നുവേണ്ട സംഗീതത്തിന്റെ സർവശാഖകളും റഹ്മാന്റെ സ്റ്റുഡിയോയിൽ വന്ന് മെറ്റമോർഫോസിസിന് വിധേയമായി. റഹ്മാന്റെ ന്യ വേവ് ഓഫ് ഇന്ത്യയൊട്ടാകെ അലയടിച്ചു.
ഒരു കാലത്ത് മലയാളത്തിലെ എല്ലാ സംഗീത സംവിധായകരുടെയും മ്യുസിക്ക് അറേഞ്ചറായിരുന്ന ആർ കെ ശേഖറിന്റെ മകൻ ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കൾക്കിടാവിനെ കൂടുതൽ മനോഹരമാക്കി മുത്തുവിലെ സൂപ്പർ ഹിറ്റ് ഗാനമാക്കി. ദിൽസേയിലെ ലതാ മങ്കേഷ്കർ ദിയാ ജലേയിലുമുണ്ട് പുഞ്ചിരിതഞ്ചി കൊഞ്ചിക്കുന്ന മലയാളമധുരം. വിണ്ണൈത്താണ്ടി വരുവായിൽ റഹ്മാൻ മലയാളത്തെ ഓമനപ്പെണ്ണാക്കി.
ഇളയരാജയുടെ ഈഗോയും തലക്കനവുമായി ഒത്തുപോകാൻ കഴിയാതെ ഫീൽഡ് ഔട്ടായ കവി വൈരമുത്തു റഹ്മാന്റെ നവസംഗീതത്തെ മുഗ്ദ്ധകല്പനകളാൽ അണിയിച്ചൊരുക്കി. ജുറാസിക് പാർക്കിലും സുഖമാന ജോഡികൾ ജാസ് മ്യൂസിക് പാടി നടക്കുമെന്ന് എഴുതി വാലിയും റഹ്മാനോടൊത്ത് ചേർന്നു. ഹിന്ദിയിൽ മെഹബൂബ്, പി കെ മിശ്ര, ഗുൽസാർ, ആനന്ദ് ബക്ഷി തുടങ്ങിയവരും റഹ്മാനായി പുതുകാവ്യഭാഷ തീർത്തു.''
റഹ്മാൻ- ഇളയരാജ ഈഗോ തുടരുന്നു
റഹ്മമാന് തന്റെ ഗുരുകൂടിയായ ഇളയരാജയോട് എന്നും സ്നേഹവും ബഹുമാനവും ആയിരൂന്നെങ്കിലും രാജാക്ക് തിരിച്ച് അങ്ങനെയായിരുന്നില്ല. റഹ്മാനെ കുത്താൻ കിട്ടുന്ന ഒരു അവസരവും അദ്ദേഹം പാഴാക്കാറില്ല. പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ മുഴുവൻ അംഗീകരിക്കപ്പെട്ട് തുടങ്ങിയത് റഹ്മാന്റെ വരവോടെയാണ്. കാസറ്റുകളിൽ വാദ്യകലാകാരന്മാരുടെ പേരുകൾ വന്നു. എച്ച്. ശ്രീധർ എന്ന സൗണ്ട് എഞ്ചിനീയർ വാഴ്ത്തപ്പെട്ടു. കോറസ് എന്ന മുഖമില്ലാപ്പേര് റഹ്മാൻ 'ഹാർമണി' എന്നാക്കി മാറ്റി. അവരുടെയെല്ലാം പേരുകൾ കാസറ്റിലും സിഡിയിലും തെളിഞ്ഞു. യേശുദാസ് എസ്പിബി, ലതാ മങ്കേഷ്കർ, ആശാ ഭോസ്ലേ,ജാനകി, ചിത്ര, തുടങ്ങിയ പ്രതിഭകൾക്ക് അവരുടെ സ്ഥാനത്തിനനുസരണമായ ഈണങ്ങൾ സൃഷ്ടിച്ച റഹ്മാൻ ഓരോ പടത്തിലും ഒരു പുതുമുഖത്തെയെങ്കിലും അവതരിപ്പിച്ചു.
എ ആർ റഹ്മാൻ സംസാരിക്കുമ്പോൾ സ്നേഹത്തിന്റെ വിനയത്തിന്റെ മോട്ടിവേഷന്റെ നൊട്ടേഷൻസ് ഹൃദയത്തിന്റെ കോഡുകളിൽ സ്പർശിക്കുന്നു. വിണ്ണെത്താണ്ടിയിട്ടും മണ്ണിന്റെ വേരുകളിൽ നിന്ന് ഇന്നും റഹ്മാൻ അടർന്നുമാറിയിട്ടില്ല. പഴയ നാണം കുണുങ്ങി പയ്യനിൽ നിന്ന് അല്പം ഡാൻസ് മൂവ്മെന്റ്സൊക്കെ ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടുണ്ടെങ്കിലും ചെന്നെമൊസാർട്ട് ഇപ്പോഴും സൂഫിവര്യന്റെ ധ്യാനാത്മകഭാവം കൈവിട്ടിട്ടേയില്ല.
ഒരു വർഷം 50- 60 പടങ്ങൾക്ക് ഇളയരാജ സംഗീതം നല്കിയിരുന്നു. എന്നാൽ കേവലം നാലോ അഞ്ചോ ചിത്രങ്ങൾക്ക് മാത്രമാണ് റഹ്മാൻ മ്യൂസിക് ചെയ്തത്. അതോടെ സംഗീതസംവിധാനത്തിലും പുതിയ ടാലന്റുകൾ കടന്നുവന്നു. ആ മാറ്റത്തിന്റെ ഉല്പന്നമാണ് പുതിയ സെൻസേഷനായ അനിരുദ്ധ് പോലും. പത്തുവർഷം ഇളയരാജയുടെ കീബോർഡ് പ്ളെയറായിരുന്നു റഹ്മാൻ. 500ൽ പരം പടങ്ങളിൽ അവർ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ റഹ്മാന്റെ സംഗീതത്തെയും വളർച്ചയേയും അംഗീകരിക്കാൻ ഇന്നേവരെ ഇസൈജ്ഞാനി തയ്യാറായിട്ടില്ല. കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം അദ്ദേഹം റഹ്മാനെതിരെ ഒളിയമ്പുകൾ എയ്യുന്നു. ഓസ്കാർ അവാർഡ് നേടിയപ്പോൾ റഹ്മാനെ ആദരിക്കാനായി ചെന്നെയിൽ നടന്ന പരിപാടിയുടെ വേദിയിൽ വച്ച് പോലും ഇളയരാജ പരോക്ഷമായി വിമർശനം നടത്തി സ്വയം ചെറുതായി.
പലയിടത്തുനിന്നും എടുത്ത് ഒട്ടിച്ചുണ്ടാക്കിയതാണ് റഹ്മാൻ സംഗീതം എന്നുപറഞ്ഞു നടക്കുന്ന ഇളയരാജ താനാണ് താൻ മാത്രമാണ് ഒറിജിനൽ കംപോസർ എന്ന് വിളംബരം ചെയ്ത് അപഹാസ്യനാകുന്നു. എന്നാൽ ഇത്തരം പരിഹാസങ്ങളും കുത്തുവാക്കുകളും ഒന്നും റഹ്മാനെ സ്പർശിച്ചിട്ടേയില്ല. അദ്ദേഹം ഇപ്പോൾ ഒരു അന്താരാഷ്ട്ര ബ്രാൻഡായി വളർന്നുകഴിഞ്ഞു. റോജ റിലീസായിട്ട് 31 വർഷങ്ങൾ കഴിഞ്ഞിട്ടും റഹ്മാന്റെ സൂര്യശോഭയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. സംഗീതപരിപാടിക്കിടെ ദാഹിച്ചു വലഞ്ഞ ഓർക്കസ്ട്ര കലാകാരന് ഒരു കുപ്പി വെള്ളം കൊണ്ടു കൊടുത്ത സെക്യൂരിറ്റി ജീവനക്കാരനെ ഇളയരാജ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചു. ആ പാവം സാഷ്ടാംഗം വീണ് മാപ്പുപറയുന്നത് കണ്ടപ്പോൾ കടുത്ത രാജാഫാൻസ് പോലും രോഷാകുലരായിട്ടുണ്ടാവും.
ഇളയരാജ രമണിമഹർഷിയുടെ ഉപാസകനാണ്. മൂകാംബിക ഭക്തനാണ്. പക്ഷേ വാക്കിലും പ്രവൃത്തിയിലും അഹംഭാവവും ധാർഷ്ട്യവും തുറിച്ചുനില്ക്കുന്നു. അതേസമയം നേട്ടങ്ങളുടെ കൊടുമുടികൾ ഒന്നൊന്നായി കീഴടക്കിയിട്ടും മെലഡിയുടെ ലാളിത്യമുള്ള ജീവിതദർശനം റഹ്മാനെ മുന്നോട്ടേക്ക് നയിക്കുന്നു. ഈയിടെ ഒരു അഭിമുഖത്തിൽ റഹ്മമാനോടുള്ള ഒരു ചോദ്യം ഇങ്ങനെയാണ്. '' ആരാണ് താങ്കളുടെ ബെസ്റ്റ് ഫ്രണ്ട്...?എന്റെ ഡ്രൈവർ രാജ്. പിന്നെ കൂടെ വർക്ക് ചെയ്യുന്ന എഞ്ചിനീയർ കാർത്തിക്, ക്യാമറ കൈകാര്യം ചെയ്യുന്ന ആശിഖ്. ഇവരോടെല്ലാം ഒരു കാര്യം എപ്പോഴും പറയാറുണ്ട്. സൗണ്ട് എഞ്ചിനീയർ അറ്റ്മോസ് ചെയ്യണം. ക്യാമറാമാൻ ഡയറക്ടറാകണം. അടുത്ത ലെവൽ. അതായിരിക്കണം നമ്മുടെ ലക്ഷ്യം''- ഇങ്ങനെ പറയാൻ റഹ്മാനെപ്പോലെ എത്രപേർക്ക് കഴിയും.
ലതാ രജനീകാന്തിന്റെ സഹോദരപുത്രൻ
പിന്നീട് അങ്ങോട്ടുള്ള തമിഴ് സംഗീതലോകത്തിന്റെ മാത്രമല്ല ഇന്ത്യൻ മ്യൂസിക്കിന്റെ തന്നെ മുഖം ആയിരുന്നു റഹ്മാൻ. ഇപ്പോഴിതാ ആ തരാപദവിക്ക് ഇളക്കം തട്ടുകയാണ്. അവിടേക്കാണ് അനിരുദ്ധ് രവിചന്ദർ എന്ന ചെറുപ്പക്കാരൻ നടന്നടുക്കുന്നത്. 1990 ഒക്ടോബർ 16ന് തമിഴ് നടൻ രവി രാഗവേന്ദ്രയുടെ മകനായി ജനിച്ച അനിരുദ്ധ് രജനികാന്തിന്റെ ഭാര്യ ലതയുടെ സഹോദരപുത്രൻ കൂടിയാണ്. അതിനാൽ തന്നെ അനിരുദ്ധിനോട് രജനിക്ക് പ്രത്യേക വാത്സല്യവുമുണ്ട്. ആരെയും ശുപാർശ ചെയ്യാന ഇഷട്പ്പെടാത്ത രജീനകാന്ത് തന്റെ ചിത്രങ്ങളിൽ അനിരുദ്ധിന്റെ പേര് പറയാറുണ്ടെന്നാണ് തമിഴക മാധ്യമങ്ൾ പറയുന്നുത്. തിരിച്ച് അനിരുദ്ധും രജനീകാന്തിന്റെ കടുത്ത ആരാധകനാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട കൊമേർഷ്യൽ ചിത്രം രജനി പൂണ്ടുവിളയാടിയ ബാഷയാണെന്ന് അനിരുദ്ധ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
കുടുംബപാരമ്പര്യം കൊണ്ട് സിനിമയിലേക്കുള്ള എൻട്രി എളുപ്പമായെങ്കിലും സംഗീതവഴിയിൽ മേൽവിലാസം ഉണ്ടാക്കിയത് പ്രതിഭയും കഠിനാധ്വാനവും കൊണ്ടു മാത്രമാണ്. ബാല്യം മുതൽ മനസിൽ പാട്ട് മാത്രമായിരുന്നു ഒഴുകിയത്. മ്യൂസിക്കിൽ ട്രാക്ക് തെറ്റിയാൽ എംബിഎ തിരഞ്ഞെടുത്തോളം എന്നു വീട്ടുകാർക്ക് വാക്കു നൽകിയിരുന്നു. എന്നാൽ സംഗീതലോകത്തെ ഈ പുതുസ്വരത്തിനു കുടുംബത്തെ നിരാശപ്പെടുത്തേണ്ടി വന്നില്ല.
പത്തു വയസു മുതൽ സ്വന്തമായി വരികൾ ചിട്ടപ്പെടുത്തി. എ.ആർ റഹ്മാനായിരുന്നു പ്രചോദനം. ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസകിൽ ചേർന്ന് പിയാനോ പഠിച്ചു. ചെന്നൈയിലെ സൗണ്ട്ടെക് മീഡിയ ഓഡിയോ എൻജിനീറിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സൗണ്ട് എൻജിനീയറിങ്ങും പഠിച്ചു. സ്കൂൾ പഠനകാലത്ത് എ.ആർ. റഹ്മാൻ ജഡ്ജായിരുന്ന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത് പുരസ്കാരം വാങ്ങിയത് വഴിത്തിരിവായി. ഈ ജീവിതം സംഗീതവഴിയിൽ തന്നെയെന്നുറപ്പിച്ച നിമിഷം.പിന്നെ കുറേക്കാലം റഹ്മാന്റെ അസിസ്റ്റന്റുമായി. അങ്ങനെ ഇരിക്കയെയാണ് ബന്ധുകൂടിയായ ഐശര്യ രജനീകാന്ത് ഒരു സിനിമയെടുത്തത്. അത് ഒരു പുതിയ സംഗീത പ്രതിഭയുടെ ഉദയമായി.
കൊലവെറി കൊലമാസ്സായപ്പോൾ
യോ ബോയ്സ്.. ആം സിങ്ങിങ്ങ് സോങ്ങ്.. സൂപ്പ് സൂങ്ങ്.. ഫ്ലോപ് സോങ്ങ്.. വൈ ദിസ് കൊലവെറി ... അതെ...അനിരുദ്ധിനെക്കുറിച്ച് പറയുമ്പോൾ കൊലവെറി സോങ്ങിനെക്കുറിച്ചല്ലേ പറഞ്ഞു തുടങ്ങാനാകൂ. രജനിയുടെ മകൾ ഐശ്വര്യയുടെ ആദ്യ ചിത്രം 'ത്രീ'യ്ക്കുവേണ്ടി അനിരുദ്ധ് എന്ന ചെറുപ്പക്കാരൻ സംഗീതമിട്ട് ധനുഷ് തന്നെ പാടിയ 'വൈ ദിസ് കൊലവെറി കൊലവെറി ഡി...'യുടെ ഹാങ് ഓവർ ഇപ്പോഴും വെർച്വൽ ലോകത്തുനിന്നു വിട്ടുപോയിട്ടില്ല. ഇന്ത്യ 2011ൽ ലോകത്തിനു നൽകിയ ഏറ്റവും വലിയ വൈറൽ ഹിറ്റ്. തമിഴിങ്ലിഷിലാണ് ഒറിജിനൽ കൊലവെറി വന്നതെങ്കിലും മലയാളത്തിലും മറാഠിയിലും ഹിന്ദിയിലും ഇംഗ്ലിഷിലും എന്തിന് ഫ്രഞ്ചിലും സ്പാനിഷിലുംവരെ ഡ്യൂപ്ലിക്കേറ്റ് കൊലവെറികളിറങ്ങി. 130 രാജ്യത്തെ ജനങ്ങളാണു കൊലവെറിക്കു തലയാട്ടിയത്.
യൂട്യൂബിൽ അപ്ലോഡ് ചെയ്ത് ദിവസങ്ങൾക്കകം കോടിക്കണക്കിനു ഹിറ്റുകൾ. ഫെയ്സ് ബുക്കിൽ ഇഷ്ടക്കാരുടെ എണ്ണം 150000 കവിഞ്ഞു. ഓരോ നിമിഷവും ആരാധകർ കൂടിക്കൂടി വന്നു. രാജ്യത്തെ എല്ലാ റേഡിയോ സ്റ്റേഷനുകളും ഓരോ മണിക്കൂറിലും പല തവണ സംപ്രേഷണം ചെയ്തു. ഹിന്ദി ഗായകൻ സോനു നിഗം സ്വന്തം മകൻ നീവാനെക്കൊണ്ടു കൊലവെറി പാടിച്ചപ്പോൾ അതും യൂട്യൂബിൽ വൻഹിറ്റ്. പ്രായഭേദമെന്യ ആസ്വാദക മനസ്സുകളെ ഇളക്കിമറിച്ചു പാട്ട് മുന്നേറിയപ്പോൾ അനിരുദ്ധിന്റെ മാർക്കറ്റ് ഹൈപിച്ചിലെത്തി.
കൊലവെറി ഭാഗ്യം കൊണ്ടു മാത്രം ഹിറ്റായതല്ലെന്നു പിന്നീടുള്ള വർഷങ്ങളിൽ അനിരുദ്ധ് തെളിയിച്ചു. സൂപ്പർഹിറ്റുകളുടേയും ബിജിഎമ്മുകളുടേയും ഒരു ബ്രാൻഡായി അനിരുദ്ധ് മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. 2012ൽ എതിർ നീച്ചൽ, ഡേവിഡ് എന്നീ ചിത്രങ്ങൾക്കുവേണ്ടി സംഗീതം ചെയ്തു. 2013ൽ വണക്കം ചെന്നൈ, ഇരണ്ടം ഉലകം എന്നീ ചിത്രങ്ങളും 2014ൽ കത്തി, കാക്കി സട്ടൈ, മാരി എന്നീ ചിത്രങ്ങൾക്കു വേണ്ടിയും സംഗീതം ചെയ്തു.പിന്നീട് നാനും റൗഡിതാൻ, വേതാളം, തങ്ക മകൻ,റെമോ, വിവേകം തുടങ്ങിയ ചിത്രങ്ങളും ചെയ്തു.പ്രേമം എന്ന മലയാളം ചലച്ചിത്രത്തിലെ 'റോക്കാൻ കൂത്ത്' എന്ന ഗാനം ആലപിച്ചത് അനിരുദ്ധ് ആണ്.
വിക്രവും ജയിലറും വഴി നെറുകയിൽ
കമൽഹാസൻ നായകനായ വിക്രമിലെ വ്യത്യസ്തമായ ബിജിഎമ്മുകൾ അനിരുദ്ധിനെ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സംഗീതസംവിധായകരിൽ ഒരാളാക്കി മാറ്റി. പുതുതലമുറയുടെ പൾസ് തൊട്ടറിയാൻ ഈ ചെറുപ്പക്കാരന് അസാമാന്യ കഴിവുണ്ടായിരുന്നു. സന്തനം, അമർ, പ്രപഞ്ജൻ, റോളക്സ്... വിക്രം സിനിമയിലെ ഓരോ കഥപാത്രങ്ങൾക്കും വ്യത്യസ്തമായ പശ്ചാത്തലസംഗീതം. 21 ഓളം ബിജിഎമ്മുകളുമാണ് വിക്രമിൽ അനിരുദ്ധ് പരീക്ഷിച്ചത്. അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയ ബീസ്റ്റിലെ ഗാനം മണിക്കൂറുകൾക്കകം ഒന്നര കോടിയിലേറെ കാഴ്ചക്കാരെ നേടി. തെന്നിന്ത്യയിൽ ഏറ്റവും വേഗത്തിൽ 100 മില്യൻ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോർഡും ഈ പാട്ടിനു സ്വന്തം. ധനുഷും സായ് പല്ലവിയും തകർത്താടിയ 'റൗഡി ബേബി'യുടെ റെക്കോർഡ് ആണ് 'അറബിക് കുത്ത്' തകർത്തത്. സോഷ്യൽപ്ലാറ്റ്ഫോമുകളിൽ സ്ക്രോൾ ചെയ്താൽ കാണുന്നത് ഈ ഗാനത്തിന്റെ റീൽസുകൾ മാത്രമായിരുന്നു. മാസ്റ്ററിലെ വാത്തി സോങ്ങും അനിരുദ്ധിന്റെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. വിജയ്യുടെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയ ലിയോയിലെ 'നാ റെഡി' പാട്ട് ദിവസങ്ങളോളം ട്രെൻഡിങ് നിരയിൽ ഇളക്കം തട്ടാതെ നിന്നു. അനിരുദ്ധ് ഈണമൊരുക്കിയതിനൊപ്പം വിജയ് തന്നെയാണ് പാടിയതെന്ന പ്രത്യേകതയും ഉണ്ട്.
രജനീകാന്ത് നായകനാകുന്ന ജെയിലറിലെ കാവാലാ.. പാട്ടും തിയറ്ററുകളെ ഇളക്കി മറിച്ചു. ഇൻസ്റ്റ്ഗ്രാമടക്കമുള്ള സോഷ്യൽ പ്ലാറ്റുഫോമുകളിൽ ഈ ഗാനരംഗം ലോക വ്യാപകമായ ട്രെൻഡിങായി. പേട്ടയും ദർബാറുമടക്കം രജനിയുടെ മൂന്നു ചിത്രങ്ങൾക്കാണ് ഇദ്ദേഹം സംഗീതമൊരുക്കിയത്. നായികയ്ക്കു പിന്നാലെ കല്യാണ മോഹവുമായി നടന്നു പാടുന്ന ഹാസ്യഗാനം 'കോലമാവു കോകില' എന്ന ചിത്രത്തിലെ കല്യാണ വയസ് എന്ന ഈ ഗാന തമിഴകത്തെ ഹരംകൊള്ളിച്ച ഹിറ്റ് പാട്ടായിരുന്നു. ഷാരൂഖ് ഖാൻ ആരാധകരെ ആവേശക്കൊടുമുടി കയറ്റിയ ജവാൻ ചിത്രത്തിന്റെ ടീസറിന്റെ പശ്ചാത്തലത്തിലുള്ള റാപ്പ് ഗാനത്തിന് അനിരുദ്ധിന് ഏറെ പ്രശംസ ലഭിച്ചു. അനിരുദ്ധിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ.
റഹ്മാനിയ ഇനി അനിരുദ്ധ് മാനിയ
പാട്ട് കൊണ്ടു കൊടുങ്കാറ്റ് സൃഷ്ടിക്കാൻ കഴിവുള്ള സംഗീതസംവിധായകൻ, അതാണ് അനിരുദ്ധ് രവിചന്ദർ. ഈണമൊരുക്കിയത് അനിരുദ്ധ് ആണെങ്കിൽ സംശയിക്കേണ്ട, പാട്ട് ട്രെൻഡിങ് ലിസ്റ്റിൽ തന്നെയാകും. ആരാധകരെ ഇളക്കി മറിക്കുന്ന പശ്ചാത്തല സംഗീതവും വ്യത്യസ്തമായ ട്രാക്കും അനിരുദ്ധിന്റെ പ്രത്യേകതയാണ്.
വലിയ വാഹനപ്രേമിയാണ് അനിരുദ്ധ്. ഇറക്കുമതി ചെയ്യുന്ന കാറുകളാണ് പ്രിയം. ബി എം ഡബ്യൂ 320 ആണ് അനിരുദ്ധ് നാട്ടിൽ ഓടിക്കുന്നത്. വിദേശത്ത് പോയാൽ ലംബോർഗിനി, ഫെരാരി എന്നിവ വാടകയ്ക്കെടുത്ത് അതിലായിരിക്കും കറക്കം. ഹോളിവുഡ് സിനിമകൾ അത്ര പ്രിയമല്ലാത്ത അനിരുദ്ധ് ടെലിവിഷൻ സീരിയലുകൾക്ക് അടിമയാണ്. ലോകം കണ്ട ഏറ്റവും വലിയ ലഹരിക്കടത്തുകാരനായ പാബ്ളോ എസ്കോബാറിന്റെയും ഫിക്ഷണൽ കഥാപാത്രമായ വാൾട്ടർ വൈറ്റിന്റെയും ആരാധകനായ കടുത്ത ഫാനായ അനിരുദ്ധ് കൂടുതൽ സമയവും ചെലവഴിക്കുന്നത് അമേരിക്കൻ ടെലിവിഷൻ സീരിയലുകളായ നാർകോസും ബ്രേക്കിങ് ബാഡും കണ്ടുകൊണ്ടാണ്. അനിരുദ്ധിന്റെ 'ഹോളാ അമിഗോ' എന്ന പാട്ടിൽ ഇത് കാണാം. 'പ്ളാട്ടാ ഒ പ്ളൂമോ'യിലാണ് ഈ പാട്ട് അനിരുദ്ധ് അവസാനിപ്പിക്കുന്നത്.
ശുദ്ധ വെജിറ്റേറിയൻ ആണ് അനിരുന്ധ്. ലോകം മുഴുവൻ സഞ്ചരിച്ചാലും വെജിറ്റേറിയൻ ആഹാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കും. പ്രിയപ്പെട്ട ആഹാരം ചോറാണ്. പാർട്ടികളും ആഘോഷങ്ങളും ഇഷ്ടമില്ലാത്ത അനിരുദ്ധ് കൂടുതൽ സമയവും ചെലവഴിക്കുക ആൽവാർപേട്ടിലെ സ്വന്തം സ്റ്റുഡിയോയിലായിരിക്കും. ഡ് സ്പാനിഷ് ഫുട്ബോൾ ക്ളബ് റിയൽ മാഡിഡ്രിന്റെ വലിയ ആരാധകനാണ്. . നടൻ ശിവകാർത്തികേയൻ, സംവിധായകന്മാരായ വിഗ്നേഷ് ശിവൻ, നെൽസൽ ദിലീപ് കുമാർ എന്നിവർ അനിരുദ്ധിന്റെ അടുത്ത സുഹൃത്തുക്കളാണ്. അമേരിക്കയെ വളരെയധികം ഇഷ്ടപ്പെടുന്ന അനിരുദ്ധ് ഇടയ്ക്കിടെ അവിടേയ്ക്ക് യാത്ര പോകാറുമുണ്ട്. എത്ര മുതിർന്നാലും പുറത്തുപോയി ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്.
മൂന്നു തവണ ഫിലിംഫെയർ അവാർഡ്, സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ മൂവി അവാർഡ് ഒൻപതു തവണ, ആറു തവണ എഡിസൺ അവാർഡ്, അഞ്ചു തവണ വിജയ് അവാർഡ്. പാട്ടുകൾ വൈറലാകുന്ന മുറയ്ക്കു അവാർഡുകളും അനിരുദ്ധ് എന്ന സംഗീതസംവിധായനിലേക്ക് ഒഴുകിയെത്തി. ജയിലറിലെ കാവാലയ പാട്ടിലൂടെ പാൻ ഇന്ത്യൻ തരംഗമായിരിക്കയാണ് ഈ യുവാവ്. അതുകഴിഞ്ഞ് ഇതാ ഷാറൂഖ് ഖാന്റെ ജവാൻ എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ ഒരു സംവിധായകനും ഇന്നുവരെ വാങ്ങിയിട്ടില്ലാത്ത 10 കോടിയെന്ന മോഹ പ്രതിഫലവും വാങ്ങുന്നു.
ഈ സമയത്ത് എ ആർ റഹ്മാന്റെ കരിയർ നോക്കുക. വലിയ ഹിറ്റുകൾ ഒന്നും അദ്ദേഹത്തിന് സൃഷ്ടിക്കാനായില്ല. മലയാളത്തിൽ മലയൻകുഞ്ഞ് എന്ന സിനിമക്ക് റഹ്മാൻ ചെത്ത ബിജിഎം ഒന്നും തീരെ ക്ലിക്ക് ആയില്ല. പക്ഷേ ഇളയ രാജയെപ്പോലെയല്ല, എന്നും വിനയാന്വിതൻ ആയതിനാൽ തമിഴ്മാധ്യമങ്ങൾ ആരും തന്നെ അദ്ദേഹത്തിനെതിരെ തിരിഞ്ഞതുമില്ല.
ഇപ്പോഴിതാ അനിരുദ്ധിനോട് മത്സരിക്കാൻ എ.ആർ.റഹ്മാൻ പ്രതിഫലത്തുക 8 കോടിയിൽ നിന്ന് 10ലേക്കുയർത്തിയെന്നാണ് റിപ്പോർട്ട്. ഇതിൽ നിർമ്മാതാക്കൾക്കും വിതരണക്കാർക്കും പ്രതിഷേധമുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനിരുദ്ധിന് അടിക്കടി വിജയങ്ങൾ കൊണ്ടുവരാൻ കഴിയുന്നതുകൊണ്ടാണ് അയാൾ പ്രതിഫലം ഉയർത്തുന്നത്. പക്ഷേ റഹ്മാൻ വെറും ഈഗോയുടെ പുറത്തും. ചരിത്രത്തിൽ ആദ്യമായി റഹ്മാനെതിരെ നെഗറ്റീവ് കമൻസ് വന്നുതുടങ്ങിയിരിക്കുന്നു. ഇളയരാജാക്കാലം ആവർത്തിക്കയാണോ?
വാൽക്കഷ്ണം: തമിഴക സിനിമയിൽ പൊതുവെ ഒരു ലോബിയിലും പെടാത്ത ആളായാണ് രജനീകാന്തിനെ കരുതുന്നത്. പക്ഷേ രജനിയുടെ ബന്ധുവായതുകൊണ്ട് മാത്രമാണ് അനിരുന്ധ് വളർന്നുവന്നത് എന്നും സോഷ്യൽ മീഡിയയിൽ റഹ്മാൻ ഫാൻസ് തള്ളുന്നുണ്ട്. ഇതൊക്കെ വെറും ചീപ്പ് പ്രചാരണം മാത്രമാണ്. ബന്ധുത്വം കൊണ്ട് ഒന്നോ രണ്ടോ ചിത്രങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയും. പക്ഷേ ലോങ്ങ് റണ്ണിൽ പ്രതിഭ തന്നെയാണ് അടിസ്ഥാനം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ