- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ചെഗുവേരയുടെ നാട് തകർന്നത് കുപ്പത്തൊട്ടിയിൽനിന്ന് ഭക്ഷിക്കുന്ന രീതിയിലേക്ക്; കറൻസിക്ക് വിലയിടഞ്ഞതോടെ ബാർട്ടർ സിസ്റ്റം തിരിച്ചുവരുന്നു; വസ്ത്രങ്ങളും ബാഗുകളും കൊടുത്ത് ഭക്ഷണം വാങ്ങാം; നാണയപ്പെരുപ്പം നൂറും വിലക്കയറ്റം ആയിരം ശതമാനവും; പട്ടിണിക്കിടയിലും ഫുട്ബോളിനെ പ്രണയിക്കുന്ന രാജ്യം; അർജന്റീനയുടെ അതിജീവന കഥ
ലോകകപ്പ് ഫുട്ബോൾ അർജന്റീന തോൽക്കാൻ ആഗ്രഹിക്കുന്ന ഒരു അർജന്റീനക്കാരനെപ്പറ്റി നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? എന്നാൽ അങ്ങനെയൊരാൾ ഉണ്ട്. അതും മുത്തശിമാർ ഉറങ്ങാതെ കിരീടജയം സ്വപ്നം കാണുന്ന റൊസാരിയോ തെരുവുള്ള അർജന്റീനയിൽ. ആൾ വെറുമൊരു ആരാധകൻ മാത്രമല്ല, കാൽപ്പന്തുകളിയുടെ മിശിഹ മെസ്സിയുമായി അടുത്ത ബന്ധമുള്ള ആളുമാണ്. കൃത്യമായി പറഞ്ഞാൽ മെസ്സിയെ ഇന്നത്തെ മെസ്സിയാക്കുന്നതിൽ ഏറ്റവും നിർണായക പങ്കുവഹിച്ചയാൾ.
വർഷങ്ങൾക്കു മുമ്പ് കുഞ്ഞു മെസ്സിയിൽ വളർച്ചാ ഹോർമോൺ അപര്യാപ്തത കണ്ടെത്തിയ ഡോക്ടർ ഡീഗോ ഷ്വാർസ്റ്റെയ്‌നാണ് ആ വ്യക്തി.ഒമ്പതാം വയസിൽ രോഗം കണ്ടെത്തി കൃത്യസമയത്ത് ചികിത്സ നൽകിയ ഡോക്ടർ ഷ്വാർസ്റ്റെയ്‌നാണ് മെസ്സിയെ വൈകല്യം ബാധിക്കുന്നതിൽ നിന്നു രക്ഷപെടുത്തിയത്. പിന്നീട് നാലു വർഷം ഷ്വാർസ്റ്റെയ്‌ന്റെ കീഴിൽ ചികിത്സ നേടിയ ശേഷമാണ് മെസ്സിയെ സ്പാനിഷ് ക്ലബ് ബാഴ്‌സലോണ റിക്രൂട്ട് ചെയ്യുന്നതും വിദഗ്ദ്ധ ചികിത്സയ്ക്കായി സ്‌പെയിനിലേക്കു കൊണ്ടുപോകുന്നതും. സ്‌പെയിനിലേക്കു പോകും മുമ്പ് തന്റെ പ്രിയപ്പെട്ട ഡോക്ടർക്ക് മെസ്സി നൽകിയ സമ്മാനം ഇന്നും അദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ട്. മെസ്സിയുടെ ആദ്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സ് ക്ലബ് ജഴ്‌സിയിൽ നൽകിയ ഓട്ടോഗ്രാഫ്.
ഇങ്ങനെയുള്ള ഒരാൾ എന്തിന് മെസ്സിയും അർജന്റീനയും തോൽക്കണം എന്ന് ആഗ്രഹിക്കുന്നുവെന്നാണ് ചിന്തിക്കുന്നതെങ്കിൽ അതിനു കൃത്യമായ കാരണമുണ്ട്. അത് മെസ്സിയോടും ഫുട്‌ബോളിനോടുമുള്ള വിരോധമല്ല. മറിച്ച് അർജന്റീന ഭരണകൂടത്തോടുള്ള പ്രതിഷേധമാണ്.മെസ്സിയുടെയും ടീമിന്റെയും ഓരോ ജയവും രാജ്യത്തെ ജനങ്ങൾ ആഘോഷിക്കുമ്പോൾ അതിന്റെ മറവിൽ ഭരണകൂടം ജനവിരുദ്ധ നടപടികൾ കൂടുതലായി നടത്തുമെന്നാണ് ഡോക്ടർ പറയുന്നത്. ''ജനം ഫുട്‌ബോൾ ലഹരിയിൽ ആയിരിക്കുമ്പോൾ അവർക്ക് അത് അനയാസാസം ചെയ്യാനാകും. ആരും ചോദ്യം ചെയ്യാൻ തെരുവിൽ ഇറങ്ങില്ല.
മെസ്സിയുടെ ഒരു ഗോളോ, ടീമന്റെ ഒരു ജയമോ രാജ്യം ആഘോഷിക്കുമ്പോൾ അതിന്റെ മറവിൽ അവർ നാണയപ്പെരുപ്പം സൃഷ്ടിക്കും, വിലക്കയറ്റം സൃഷ്ടിക്കും, പകൽക്കൊള്ള നടത്തും. ആരും അറിയില്ല. അതുകൊണ്ടാണ് അർജന്റീനയും മെസ്സിയും മൂന്നു മത്സരങ്ങളും തോറ്റ് പുറത്താകാൻ ഞാൻ ആഗ്രഹിക്കുന്നത്. അതോടെ അർജന്റീനയെ സംബന്ധിച്ച് ലോകകപ്പ് പെട്ടെന്നു കഴിയും. ജനം കൂടുതൽ ജാഗരൂകരായിരിക്കും''- ഡോക്ടർ പറഞ്ഞത് കേട്ട് ലോകം ഞെട്ടിയിരുന്നു. ഇറാൻ ഫുട്ബോർ ടീം തോറ്റപ്പോൾ അവിടെയുണ്ടായ ആഹ്ലാദ പ്രകടനങ്ങൾ നോക്കുക. ഒറ്റപ്പെട്ടതാണെങ്കിലും സമാനാമായ സാഹചര്യം അർജന്റീനയിലും ഉണ്ടാവുന്നു. കാരണം അവർ അത്ര മടുത്ത് കഴിഞ്ഞു.
തകർന്ന് തരിപ്പിണമായി ഒരു രാജ്യം
പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസിന്റെ ഭരണത്തിനു കീഴിൽ അർജന്റീനയിലെ ജനങ്ങൾ അസംതൃപ്തരാണെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ പലകുറി പ്രക്ഷോഭങ്ങൾക്കു വഴിവച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രസതിസന്ധിയിലേക്കകാണ് രാജ്യം നീങ്ങുന്നതെന്നും വിദേശമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഡോക്ടറുടെ അഭിപ്രായപ്രകടനം. ഈ ആൽബെർട്ടോ ഫെർണാണ്ടസ് അധികാരത്തിൽ ഏറിയപ്പോൾ ഇടതുപക്ഷം എന്ന് പറഞ്ഞാണ് ദേശാഭിമാനിയും സൈബർ സഖാക്കളും തള്ളി മറിച്ചത്. ഇപ്പോൾ അതേ ഇടതുപക്ഷത്തിനെതിരെ അർജന്റീനയിലെ ജനം തിരിഞ്ഞിരിക്കയാണ്.
കറൻസിക്ക് വിലയിടഞ്ഞതോടെ, ബാർട്ടർ സിസ്റ്റത്തിലേക്ക് തിരിച്ചുപോകുന്ന ഒരു രാജ്യത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ, നഗരങ്ങളിൽ കുട്ടികൾ കുപ്പത്തൊട്ടിയിൽനിന്ന് എടുത്ത് ഭക്ഷണം തേടുന്ന രാജ്യം, അതിരൂക്ഷമായ വിലക്കയറ്റം മൂലം രാവിലത്തെ വിലയല്ല ഉച്ചക്ക്ശേഷം എന്നതിനാൽ വിലനിലവാര ബോർഡ് പോലും ഹോട്ടലുകളിൽ പ്രദർശിപ്പിക്കാൻ കഴിയാത്ത രാജ്യം, ജനസംഖ്യയുടെ 36 ശതമാനവും കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന രാജ്യം, നാണയപ്പെരുപ്പം നൂറു ശതമാനവും വിലക്കയറ്റം ആയിരം ശതമാനവും എത്തിനിൽക്കുന്ന രാജ്യം......
ഇങ്ങനെ കൊടും കെടുതികളിലൂടെ കടന്നുപോകുന്ന ഈ രാജ്യമാണ്, ലോകകപ്പ് ഫുട്ബോളിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ തകർപ്പൻ കളിയുമായി ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ എത്തിനിൽക്കുന്നത്. അർജന്റീനയെന്ന ലോകമെമ്പാടും ഫുട്ബോൾ ആരാധകരുള്ള ആ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള വിദേശമാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വായിച്ചാൽ നാം നടുങ്ങിപ്പോവും. പക്ഷേ എല്ലാ ജീവിത ദുരിതത്തിനിടയിലും, അവർ കാൽപ്പന്തുകളിയിൽ എല്ലാ മറക്കും. ഫുട്ബോൾ എന്നത് വെറുമൊരു കളിമാത്രമല്ല അവർക്ക്. ജീവിത കെടുതികൾ മറക്കാനുള്ള ഒരു ഒറ്റമൂലികൂടിയാണ്.
ഒരു നൂറ്റാണ്ട് മുമ്പത്തെ അർജന്റീനയുടെ അവസ്ഥ കേട്ടാൽ അതിശയിച്ചുപോകും. അന്ന് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു, ഇത്. എണ്ണയും പ്രകൃതിവാതകവും, ധാതുസമ്പത്തും, കൃഷിയും നല്ല കാലാവസ്ഥയുമുണ്ടായിട്ടും, ആ രാജ്യം ഈ രീതിയിൽ ദാരിദ്ര്യത്തിലേക്ക് എത്തിയത് എങ്ങനെയാണ്. അവിടെയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ പിടിപ്പ്കേട് നാം അറിയുന്നത്. കോടികളുടെ വിഭവങ്ങൾ കൈയിലുണ്ടായിട്ടും പട്ടിണികിടക്കേണ്ട ഗതികേടാണ്, മറഡോണയുടെയും, മെസ്സിയുടെയും നാട്ടുകാർക്ക് വന്നുചേർന്നിട്ടുള്ളത്.
സമ്പന്നതയിൽ നിന്ന് പട്ടിണിയിലേക്ക്
വെള്ളിയുടെ നാട് എന്നായിരുന്നു ഒരു കാലത്ത് അർജന്റീന അറിയപ്പെട്ടിരുന്നത്. തെക്കേ അമേരിക്കയിൽ യൂറോപ്യൻ ഭൂരിപക്ഷമുള്ള ഏക രാജ്യമാണിത്. സ്പാനിഷ് ഇറ്റാലിയൻ വംശജരാണ് ജനസംഖ്യയിൽ 97 ശതമാനവും. ശേഷിക്കുന്നവരിൽ മെസ്റ്റിസോകളും അമേരിന്ത്യരും ഉൾപ്പെടുന്നു.
അർജന്റീനയിൽ ജനവാസം ആരംഭിച്ചിട്ട് 8,000 വർഷത്തിലേറെയായിരിക്കാനിടയില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചത് 1500-നു ശേഷമാണ്. അതിനുമുൻപ് ഈ പ്രദേശത്തെ അധിവസിച്ചിരുന്നത് അമേരിന്ത്യർ ആയിരുന്നു. ഏതാണ്ട് 20,000 വർഷങ്ങൾക്കുമുൻപ് ഏഷ്യാവൻകരയിൽനിന്ന് പശ്ചിമാർധ ഗോളത്തിൽ ചെന്നെത്തിയ മംഗോളിയൻ ജനതയുടെ പിൻഗാമികളായാണ് ഇക്കൂട്ടർ കരുതപ്പെടുന്നത്. സ്പെയിനിൽനിന്നുള്ള കുടിയേറ്റക്കാരെ (1516) ഏറ്റവും ആകർഷിച്ചത് തദ്ദേശീയർ ധാരാളമായി ഉപയോഗിച്ചുപോന്ന വെള്ളി ഉപകരണങ്ങളായിരുന്നു. ഈ പ്രദേശത്തിന് 'വെള്ളിയുടെ നാട്' എന്നു പേരിടുവാനുള്ള കാരണവും ഇതുതന്നെയാണ്. ചിലിയിൽനിന്നുള്ള (1553) കുടിയേറ്റക്കാർ സ്ഥാപിച്ച സാന്തിയാഗോ ദെൽ എസ്റ്റെറോ നഗരമാണ് ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രം. വെള്ളിഖനനമായിരുന്നു യൂറോപ്യരുടെ ലക്ഷ്യം. തുടർന്ന് ഒരു സ്പാനിഷ് കോളനിയായാണ് ഈ നാട് നിലനിന്നത്. പിന്നീടാണ് ബ്യൂണയസ് അയേണ്സ് കേന്ദ്രേീകരിച്ച് ഒരു സ്വയം ഭരണത്തിലേക്ക് രാജ്യം നിങ്ങുന്നത്.
1868-80 കാലഘട്ടത്തിലാണ് അർജന്റീനയ്ക്ക് സാമ്പത്തികരംഗത്ത് അഭൂതപൂർവമായ പുരോഗതിയുണ്ടായത്. ഇക്കാലത്തെ രാഷ്ട്രത്തലവന്മാരായിരുന്ന ഡോമിൻഗോ ഫാസ്റ്റിനോ സർമിയെന്റോ, നിക്കളാസ് അവെല്ലാനഡ എന്നിവരാണ് ഈ പുരോഗതിക്കു കാരണഭൂതർ. പാംപസ്പ്രദേശം ഒരു കാർഷികമേഖലയായി വികസിപ്പിക്കുവാനും രാജ്യത്തെ റെയിൽ-റോഡ് സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുവാനും ഇവർക്കു സാധിച്ചു. അക്കാലത്ത് ലോകത്തിലെ ആദ്യ പത്തു സമ്പന്നരാഷ്ട്രങ്ങളിൽ ഒന്നായിരുന്നു ഈ നാട്. തുടർന്ന് സൈനിക അട്ടിമറികളുടെയും പട്ടാളഭരണത്തിന്റെയും ഇടതുപക്ഷ ഭരണത്തിന്റെയുമൊക്കെ കഥകളാണ് ഈ നാടിന് പറയാനുള്ളത്. ഇടതു-വലത് കക്ഷികൾ മാറിമാറി ഭരിച്ചു. പക്ഷേ നാട് വികസനത്തിലേക്കല്ല, ദാരിദ്ര്യത്തിലേക്കാണ് കൂപ്പുകുത്തിയത്.
നാണയപ്പെരുപ്പ കെണിയിൽ
90കളിൽ ഉണ്ടായ കടക്കണിയിൽനിന്നും അതിനുശേഷമുണ്ടായ നാണയപ്പെരുപ്പത്തിൽനിന്നും ഇപ്പോഴും കരകയറാൻ ഈ നാടിന് ആയിട്ടില്ല. ഇത് അർജന്റീനയുടെ മാത്രം അവസ്ഥയല്ല. ബ്രസീൽ, പെറു, വെനിസ്വേല, തുടങ്ങിയ രാജ്യങ്ങളിലൊക്കെ പ്രശ്നങ്ങൾ സമാനമാണ്.
2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ലാറ്റിൻ അമേരിക്കയെയാണ് ഏറ്റവുമധികം ബാധിച്ചത്. ഉൽപന്നവില കുത്തനെ ഇടിഞ്ഞതോടെ രാജ്യങ്ങൾ കടക്കെണിയിലായി. ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിച്ചു. ഈ സാമ്പത്തികത്തകർച്ചയെ ഫലപ്രദമായി നേരിടാൻ അന്നത്തെ ഇടതുപക്ഷ സർക്കാരുകൾക്കു കഴിഞ്ഞില്ല. സ്വാഭാവികമായും 2010കളുടെ മധ്യത്തോടെ അവിടങ്ങളിൽ തീവ്രവലതുപക്ഷ-മധ്യപക്ഷ സർക്കാരുകൾ അധികാരത്തിലേറി. പക്ഷേ അവർക്കും പ്രശ്നം പരിഹരിക്കാൻ ആയില്ല.
മിക്ക ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമാണ്. പണപ്പെരുപ്പവും വിലക്കയറ്റവും സംഘടിത കുറ്റകൃത്യങ്ങളും പെരുകി. ഭരണ അഴിമതിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും നിരക്ഷരതയും സ്ത്രീപീഡനങ്ങളും ഇളവില്ലാതെ തുടരുന്നു. ലോകത്ത് ഏറ്റവും ഉയർന്ന ബാങ്ക് പലിശ നിരക്ക് ലാറ്റിൻ അമേരിക്കയിലാണെന്നും ഒരു പഠനം പറയുന്നു.അതോടെയാണ് ലാറ്റിൻ അമേരിക്ക വീണ്ടും ഇടത്തോട്ട് നീങ്ങിയത്. പിങ്ക് തരംഗം എന്നാണ് ഇതിന് പറയുന്നത്.
2019ൽ അർജന്റീനയിൽ അൽബെർടോ ഫെർണാണ്ടസ് നേടിയ വൻവിജയം പുതിയ പിങ്ക് തരംഗത്തിനു തുടക്കമിട്ടു. 2020ൽ മെക്സിക്കോയിൽ ആദ്രേ മാനുവൽ ലോപസ് ഒബ്രഡോറിന്റെ വിജയം അതിനു തുടർച്ചയായി. അദ്ദേഹം മെക്സിക്കോയുടെ ലിഥിയം വ്യവസായങ്ങളെ ദേശസാൽക്കരിച്ചു. ഖനനമേഖല പൂർണമായും സർക്കാർ ഏറ്റെടുത്തു. 2020ൽ 'മൂവ്മെന്റ് ടുവേഡ്സ് സോഷ്യലിസം' എന്ന സഖ്യം ബൊളീവിയത്തിൽ ഭരണത്തിൽ തിരിച്ചെത്തി. 2021ൽ പെറു, ചിലെ, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലും ഇടതുസഖ്യം തിരഞ്ഞെടുപ്പു വിജയം നേടി. ഈ മുന്നേറ്റത്തിൽ ആദിവാസി-ഗോത്ര സമൂഹങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുന്നവരും ഹരിത രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവരും ഉൾപ്പെടുന്ന വിഭിന്ന വിഭാഗങ്ങളുടെ കൂട്ടായ്മയായാണ് ലക്ഷ്യമിടുന്നത്. സാർവത്രിക സൗജന്യ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ മുഖ്യലക്ഷ്യങ്ങളായും ഉയർത്തിപ്പിടിക്കുന്നു.
ഇപ്പോൾ ലാറ്റിൻ അമേരിക്കയിൽ ഏറ്റവും ജനസംഖ്യയുള്ള ഏഴു രാജ്യങ്ങളിൽ ബ്രസീൽ, മെക്സിക്കോ, കൊളംബിയ, അർജന്റീന, പെറു, വെനസ്വേല, ചിലി ഭരണം പിങ്ക് ടീം എന്നുപറയുന്ന ഇടതുപക്ഷസഖ്യത്തിന്റേതാണ്.. മേഖലയിലെ ആകെ ജനസംഖ്യയുടെ 80 ശതമാനവും ഈ രാജ്യങ്ങളിലാണ്. പക്ഷേ ഈ ഇടതുപക്ഷം എന്ന് കാൽപ്പനികമായി വിലയിരുത്തുക എന്നല്ലാതെ ജനങ്ങുടെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടില്ല. കുപ്പത്തൊട്ടിയിൽനിന്ന് എടുത്ത് ജനം ഭക്ഷിക്കുന്ന രീതിയിലേക്ക് ഇപ്പോൾ അർജന്റീന മാറുകയാണ്.
കുപ്പത്തൊട്ടിയിൽ നിന്ന് അന്നം തേടുന്നവർ
ലോകകപ്പിന് ഒരു മാസ് മുമ്പ് റോയിട്ടേഴ്സ് പുറത്തുവിട്ടത് കുപ്പത്തൊട്ടിയിൽനിന്ന് വിശപ്പടക്കുന്ന അർജന്റീനക്കാരുടെ അവസസ്ഥയാണ്. മാലിന്യ കുമ്പാരത്തിൽ നിന്നും ഭക്ഷണം കണ്ടെത്തി കഴിക്കുന്ന ഗ്രാമത്തെ പറ്റിയുള്ള റിപ്പോർട്ട് വായിച്ചാൽ ആരുടെയും കണ്ണ് നിറഞ്ഞുപോകും. 'എല്ലാ ദിവസവും മാലിന്യകൂമ്പാരത്തിൽ പോവും. നഗരത്തിലെ മാലിന്യവും കൊണ്ട് വരുന്ന ട്രക്കും കാത്ത് ഗ്രാമവാസികൾ അവിടെയുണ്ടാവും. ഭക്ഷ്യാവശിഷ്ടങ്ങളിൽ നിന്ന് കഴിക്കാൻ അവശ്യമായവ പെറുക്കിയാണ് ഞാൻ വരുന്നത്'- തലസ്ഥാന നഗരിയായ ബ്യൂണസ് അയേണ്സിലെ മാലിന്യകൂമ്പാരത്തിൽ നിന്നും സാധനങ്ങൾ പെറുക്കി വിറ്റു ജീവിക്കുന്ന തന്റെ ജൂലിയോ ദുരിത കഥ റോയിട്ടേഴ്സിനോട് പറയുന്നു.
അർജന്റീയിലെ തന്നെ ഏറ്റവും ദരിദ്രമായ ചേരികളിലൊന്നിലാണ് ജുലിയോ താമസിക്കുന്നത്. ഇവിടെത്തെ മാലിന്യമലയെ ചുറ്റിപ്പറ്റിയാണ് നൂറോളം കുടുംബങ്ങൾ താമസിക്കുന്നത്. പഴയ കുപ്പി, പ്ലാസ്റ്റിക് തുടങ്ങിയ ആക്രി സാധനങ്ങളിൽ നിന്ന് വിൽപന സാധ്യതയുള്ളത് ഇവർ പെറുക്കിയെടുക്കുന്നു. ഇത്തരത്തിലാണ് ഈ ചേരിയിലെ ആളുകൾ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വളരെ നീളമേറിയ ലോക്ക്ഡൗണായിരുന്നു അർജന്റീയിൽ ഉണ്ടായിരുന്നത്. ഇക്കാലയളവിൽ നിരവധി പേരുടെ തൊഴിൽ നഷ്ടമായി. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ഇവിടെയുള്ള മിക്ക കുട്ടികളും വിദ്യാഭ്യാസം ഉപേക്ഷിച്ചു. റോസിയോ അവരിൽ ഒരാളാണ്. പുസ്തകംകൈയിലെടുക്കേണ്ട റോസിയോടെ ചുമലിൽ ഇപ്പോഴുള്ളത് ആക്രി ചാക്കാണ്.
'കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകളിൽ ഫോണില്ലാത്തതിനാൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. സുഹൃത്തിന്റെ ഫോൺ കടം വാങ്ങിയെങ്കിലും റേഞ്ച് പ്രശ്‌നമായതിനാൽ അതും വെറുതെയായി. സംശയങ്ങൾ തീർക്കാൻ വീട്ടിലും ആരുമില്ല. വലിയ ഉയരങ്ങളിലെത്തണമെന്നായിരുന്നു എന്റെ ആഗ്രഹം എന്നാൽ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല',- റോസിയോ പറയുന്നു.
എട്ട് വയസ്സുമുതൽ റോസിയോ ഈ മാലിന്യകൂമ്പാരത്തിൽ ജോലി ചെയ്യുന്നു. സ്‌കൂൾ വിട്ട് വരുമ്പോഴാണ് ജോലിയെടുത്തിരുന്നത്. മുഴുവൻ സമയവും റോസിയോ ഇപ്പോൾ ഈ ജോലിയിലാണ്.'വിൽക്കാൻ പറ്റിയ സാധനങ്ങൾ ഇവിടെ നിന്ന് കിട്ടാറുണ്ട്. മണിക്കൂറുകൾ വെയിലത്ത് തിരയണം. ചൂടു കാരണം തലവേദനിക്കാൻ തുടങ്ങും. കുപ്പിചില്ലുകൾ തട്ടി നിരവധി തവണ കാല് പൊട്ടിയിട്ടുണ്ട്',- ജൂലിയോ പറയുന്നു.
മാലിന്യകൂമ്പാരത്തിൽ നിന്ന് കിട്ടിയ സാധനങ്ങൾ കൊണ്ട് ചെറിയ ജൂലിയോ ചെറിയൊരു കുടിലുണ്ടാക്കിയിട്ടുണ്ട്. റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ, ഫ്രോസൻ ഭക്ഷണങ്ങൾ എന്നിവ ലഭിച്ചാൽ ഇവർക്ക് സന്തോഷമായി. ചില സമയങ്ങൾ അലപം പഴകിയ മാംസവും ഇവർ നന്നായി വേവിച്ച് ഉപയോഗിക്കും. പഴകിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഇവർ വകവെയ്ക്കുന്നില്ല. വിശപ്പ് സഹിക്കാതെ വന്നാൽ എന്തുചെയ്യുമെന്നാണ് ഇവർ ചോദിക്കുന്നത്.പണപ്പെരുപ്പം നൂറ് ശതമാനത്തിന് മുകളിലാണ് അർജന്റീനയിൽ. ഇവിടെ ഇപ്പോൾ ഭക്ഷണം വിലപിടിപ്പുള്ള വസ്തുവാണ്.അർജന്റീനയുടെ മൊത്തം ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിന് അവശ്യമായ പോഷക ആഹാരം ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്.
തിരികെ ബാർട്ടറിലേക്ക്
തലസ്ഥാനമായ ബ്യൂണസ് അയേഴ്സിന് പുറത്ത് 65 കിലോമീറ്റർ അകലെയുള്ള ലുജാനിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഒരു ദിവസം 12 മണിക്കൂർ മാലിന്യ മലകളിലൂടെ സഞ്ചരിക്കുന്ന സെർജിയോ ഒമറിന്റ വീഡിയോയും റോയിട്ടേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. എന്റെ വരുമാനം ഇനി മതിയാകില്ല. അഞ്ച് കുട്ടികളുള്ള തന്റെ കുടുംബത്തെ പോറ്റുക എന്നത് പ്രയാസകരമായി മാറിയിരിക്കുകയാണെന്ന് 41 കാരനായ ഒമർ പറഞ്ഞു. അതിജീവനത്തിനായുള്ള പോരാട്ടത്തിൽ തങ്ങൾക്ക് വിൽക്കാൻ കഴിയുന്ന എന്തെങ്കിലും സാധനങ്ങൾ കണ്ടെത്താനാണ് അയാൾ കുപ്പ പരുതുന്നത്.ധാരാളംപേർ മാലിന്യക്കൂമ്പാരങ്ങളിലൂടെ അലഞ്ഞുനടക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
മാനവ സാമ്പത്തിക പുരോഗതിയിലെ ഏറ്റവും നിർണ്ണായകമായ ഒന്നായി കരുതുന്നതാണ് നാണയ വ്യവസ്ഥ. ബാർട്ടർ സമ്പ്രദായത്തിൽനിന്ന് മാറി കറൻസികൾ വന്നതാണ് സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നാണ്. എന്നാൽ, അർജന്റീയൽ ഇത് റിവേഴ്സ് ഇക്കണോമിയുടെ കാലമാണ്. അവിടെ നഗരങ്ങളിൽ എല്ലാം മുട്ടിന് മുട്ടിന് ബാർട്ടർ ഷോപ്പുകൾ മുളച്ചിരിക്കയാണ്. പഴയ വസ്ത്രങ്ങളും ബാഗുകളും, വീട്ടുപകരണങ്ങളുമൊക്കെ നിങ്ങൾക്ക് ഇവിടെ ഭക്ഷണത്തിന് പകരം മാറാൻ കഴിയും. ഇതുപോലെയുള്ള സാധനങ്ങൾ ഒരു ബാഗ് മാവിനും പിസ്തയ്ക്കും പകരം ആളകുൾ വിൽക്കുകയാണ്. എന്നും രാവിലെ ബാർട്ടർ ക്ലബ് തുറക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ആളുകൾ ക്യൂ നിൽക്കാൻ തുടങ്ങും.
'ആളുകൾ വളരെ നിരാശരായി വരുന്നു, അവരുടെ ശമ്പളം പര്യാപ്തമല്ല, കാര്യങ്ങൾ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ആളുകളുടെ പക്കൽ പണമില്ല, അവർക്ക് എന്തെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകണം, അതിനാൽ കൈമാറ്റമല്ലാതെ മറ്റൊരു മാർഗവുമില്ല.'- റോയിട്ടേഴസിനോട് 26 കാരനായ പാബ്ലോ ലോപ്പസ് പറഞ്ഞു.
ഡോളർ ഇവിടെ സ്വർണംപോലെ വിലയുള്ള വസ്തുവാണ്്. അർജന്റീനിയൻ കറൻസിയായ പെസോ ആർക്കും വേണ്ട. ഡോളർ കൊള്ളയടിക്കുമെന്ന് ഭയന്ന് വിദേശികൾ ഇപ്പോൾ അർജന്റീനയിലേക്ക് ടൂറുപോലും ഒഴിവാക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി വന്നതോടെ അക്രമത്തിന്റെയും അരാജകത്വത്തിന്റെയും വാർത്തകളും ധാരാളമായി പുറത്തുവരുന്നുണ്ട്. മദ്യത്തിന് വിലകൂടിയതോടെ വ്യാജവാറ്റും, കൃത്രിമ ലഹരിയുടെ ഉപയോഗവും, അതുവഴിയുള്ള മാഫിയാ പ്രവർത്തനവും വർധിച്ചിട്ടുണ്ട്.
പ്രണയം ഫുട്ബോളിനോട് മാത്രം
ഇങ്ങനെയൊക്കെ ആണെങ്കിലും അർജന്റീന എല്ലാ ജീവിത ദുരിതങ്ങളും മറക്കുന്ന ത് ഒരേ ഒരു കാര്യത്തിലാണ്. അതാണ് ഫുട്ബോൾ. 40 കോടി വരുന്ന ഒരു ജനതയുടെ ജീവശ്വാസമാണത്. വൈകുന്നേരം സ്ഥിരമായി മൈതാനത്തിലേക്ക് പോവുക എന്നത് ഈ ജനതയുടെ ഒരു ശീലമാണ്. ഒന്നുകിൽ കളിക്കാൻ, അല്ലെങ്കിൽ കളികാണാൻ. 140 കോടിവരുന്ന ഇന്ത്യൻ ജനതയിൽ എത്രപേർക്ക് ഈ ശീലമുണ്ട്. വയോധികർപോലും ഫുട്ബോൾ കളി കാണാൻ എത്തുന്നത് ഇവിടുത്തെ പതിവ് കാഴചയാണ്. കൊച്ചുകുട്ടികൾ വരെ ആദ്യം കേൾക്കുന്ന ശബ്ദം തെരുവുകളിൽ പന്ത് തട്ടുന്നത് ആവും. ലാറ്റിൻ അമേരിക്കയെ മൊത്തത്തിൽ എടുത്താലും ഫുട്ബോൾ ഒരു കളിയല്ല ഒരു മതമാണ് എന്ന് പറയുന്നത് അതുകൊണ്ടാണ്. ഇപ്പോൾ അർജന്റീനക്ക് വൻ തോതിൽ വിദേശ നാണ്യം നേടിത്തരുന്നതും, യൂറോപ്യൻ ക്ലബുകളിലേക്ക് കളിക്കാൻ പോകുന്നവർ തന്നെയാണ്. ഫുട്ബോൾ കൂടി ഇല്ലായിരുന്നെങ്കിൽ ഈ നാടിന്റെ ദാരിദ്ര്യം സങ്കൽപ്പിക്കാൻ കഴിയുന്നതിൽ അപ്പുറം ആവുമായിരുന്നു.
ചരിത്രം പരിശോധിക്കുമ്പോൾ ഫുട്ബോളിലെ വമ്പന്മാർ തന്നെയാണ് അർജന്റീന. കപ്പ് സ്വന്തമാക്കിയ മാറഡോണയും ഡാനിയൽ പാസറെല്ലയും. പിന്നെ മെസ്സി, ബാറ്റിസ്റ്റ്യൂട്ട, കനീജിയ, ക്രെസ്പോ, റിക്വൽമി, അഗ്യൂറോ, ടെവസ്, മരിയോ കെംപസ്.... താരങ്ങളുടെ എണ്ണം ഇനിയുമേറെയുണ്ട്. രണ്ടുതവണയാണ് അർജന്റീന ലോകകപ്പ് കിരീടമുയർത്തിയത്. ആദ്യമായി ആ സുവർണകിരീടം അർജന്റീനയിലേക്കെത്തുന്നത് 1978-ലാണ്. അന്ന് ഡാനിയേൽ പസാറെല്ല നയിച്ച അർജന്റീന ഫൈനലിൽ നെതർലൻഡ്സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്ത് കിരീടത്തിൽ മുത്തമിട്ടു. മരിയോ കെംപെസ് എന്ന ഗോളടിയന്ത്രത്തിന്റെ മികവിലാണ് അർജന്റീന അന്ന് കിരീടം നേടിയത്. സ്വന്തം മണ്ണിൽ നടന്ന ലോകകപ്പ് തന്നെ നേടിക്കൊണ്ട് അർജന്റീന ചരിത്രം കുറിച്ചു.
പിന്നീട് എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും അർജന്റീന വിശ്വജേതാക്കളായി. ഇത്തവണ ഡീഗോ മാറഡോണയുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ കരുത്തിലാണ് ആൽബിസെലസ്റ്റസ് രണ്ടാം തവണയും കിരീടം നേടിയത്. ഫൈനലിൽ പശ്ചിമ ജർമനിയെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് കീഴടക്കിയത്. ഈ ലോകകപ്പിലാണ് പ്രശസ്തമായ ദൈവത്തിന്റെ ഗോൾ പിറന്നത്. കരുത്തരായ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ മത്സരത്തിലാണ് ഈ സംഭവമരങ്ങേറിയത്. ആ മത്സരത്തിൽ മാറഡോണ നേടിയ നൂറ്റാണ്ടിന്റെ ഗോളും ആരും മറന്നുപോകരുത്. അതിനുശേഷം പിന്നീടൊരു ലോകകിരീടം സ്വന്തമാക്കാൻ അർജന്റീനയ്ക്ക് സാധിച്ചിട്ടില്ല. 1990 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും മാറഡോണയും സംഘവും പരാജയപ്പെട്ട് കണ്ണീരോടെ മടങ്ങി. 1930 ലോകകപ്പിലും അർജന്റീന ഫൈനലിൽ പരാജയപ്പെട്ടിരുന്നു.
മാറഡോണയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ലോകം ലയണൽ മെസ്സിയെ വാഴ്‌ത്തി. അതിനിടയിൽ ക്ലോഡിയേ കനീജിയയും ഹെർനാൻ ക്രെസ്പോയും റോബർട്ടോ അയാളയും ഒർട്ടേഗയും ഹാവിയർ മഷറാനോയും ഗബ്രിയേൽ ബാറ്റിസ്റ്റിയൂട്ടയും യുവാൻ റോമാൻ റിക്വൽമിയുമെല്ലാം വന്നെങ്കിലും മെസ്സിയോളം ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചില്ല. ഫുട്ബോളിലെ മിക്ക റെക്കോഡുകളും മെസ്സിക്ക് കളിപ്പാട്ടങ്ങളായി മാറിയ കാലത്ത് അദ്ദേഹം നേടാത്ത ക്ലബ്ബ് കിരീടങ്ങളില്ല. എന്നാൽ അർജന്റീനയുടെ കുപ്പായത്തിൽ ലോകകപ്പ് സ്വന്തമാക്കാൻ മെസ്സിക്ക് ഇനിയും സാധിച്ചിട്ടില്ല. അർജന്റീനയ്ക്ക് വേണ്ടി ഒരു കിരീടം പോലും നേടിയിട്ടില്ല എന്ന വിമർശകരുടെ സ്ഥിരം വായ്‌പ്പാട്ടിന് കഴിഞ്ഞ കോപ്പ അമേരിക്കയിലൂടെ മെസ്സി മറുപടി നൽകി. ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ കീഴടക്കി മെസ്സി അർജന്റീനയുടെ ജഴ്സിയിൽ ആദ്യമായി കിരീടം ഉയർത്തി. ബ്രസീലിനെ കീഴടക്കി കപ്പ് നേടിയതുകൊണ്ടുതന്നെ ആ പേരും പറഞ്ഞ് ഇനിയൊരു വിമർശനവും മെസ്സിക്ക് കേൾക്കേണ്ടി വരില്ല. കോപ്പ അമേരിക്ക നേടാനായി സഹതാരങ്ങൾ മെസ്സിക്ക് വേണ്ടി കൈയും മെയ്യും മറന്ന് പോരാടുകയായിരുന്നു.
പിന്നാലെ വന്ന ഫൈനലിസീമ കിരീടം നേടിക്കൊണ്ട് അർജന്റീന ചരിത്രം കുറിച്ചു. യൂറോപ്യൻ ചാമ്പ്യന്മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളും പരസ്പരം ഏറ്റുമുട്ടുന്ന ചാമ്പ്യന്മാരുടെ പോരാണ് ഫൈനലിസീമ. ചുരുക്കത്തിൽ ഒരു മിനി ലോകകപ്പ് ഫൈനൽ തന്നെ. യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയായിരുന്നു അർജന്റീനയുടെ എതിരാളി. വമ്പുകുലുക്കി വന്ന അസൂറിപ്പടയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ തലയുയർത്തിനിന്നപ്പോൾ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സാക്ഷാൽ മെസ്സിയായിരുന്നു.പക്ഷേ ഇതുകൊണ്ടൊന്നും മെസ്സി എന്ന യുഗപ്രതിഭയുടെ മനസ്സിൽ തണുത്തുറഞ്ഞുകിടക്കുന്ന ലോകകപ്പ് മോഹങ്ങൾ അസ്തമിക്കില്ല. ഒരിക്കൽ ചുണ്ടിനും കപ്പിനുമിടയിൽ ലോകകപ്പ് കിരീടം നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും മെസ്സിയുടെ മനസ്സിൽ നിന്ന് തികട്ടി വരുന്നുണ്ടാകും. 2014 ലോകകപ്പ് ഫൈനലിന്റെ 113-ാം മിനിറ്റിൽ ജർമനിയുടെ മരിയോ ഗോട്സെ ഗോൾ നേടുമ്പോൾ അർജന്റീന ആരാധകരുടെ നെഞ്ചകം നീറി. അന്ന് മത്സരശേഷം മെസ്സി പൊട്ടിക്കരഞ്ഞത് ഒരു അർജന്റീന ആരാധകനും മറക്കാനാവില്ല. കഴിഞ്ഞ ലോകകപ്പിൽ ശക്തമായ ടീമിനെ അണിനിരത്തിയാണ് മെസ്സിയും സംഘവും ഇറങ്ങിയതെങ്കിലും പ്രീ ക്വാർട്ടറിൽ ചാമ്പ്യന്മാരായ ഫ്രാൻസിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും അർജന്റീന പ്രതീക്ഷിക്കുന്നില്ല.
ചെഗുവേരയുടെ നാട്ടിൽ സംഭവിക്കുന്നത്
ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും ഇവിടെ സാധാരണ ജനങ്ങൾക്ക് യാതൊരു രക്ഷയുമില്ല. ഈ സ്ഥിതിയിലേക്ക് എത്തിച്ചത് ദീർഘവീക്ഷണമില്ലാത്ത ഭരണാധികാരികൾ തന്നെയാണ്. 1990കളിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി നോട്ടടിച്ച് കൂട്ടുകയാണ് ഭരണാധികാരികൾ ചെയ്തത്. അതോടെ നാണയപ്പരുപ്പം രൂക്ഷമായി. കറൻസിക്ക് വിലയില്ലാതായി. കോവിഡിൽ ഉൽപ്പാദനം നിലച്ചത് ഇരട്ടി ദുരിതമായി. റഷ്യയുടെ ഉക്രെയ്‌നിന്റെ അധിനിവേശം ഉയർത്തിയ ആഗോള സാമ്പത്തിക മാന്ദ്യം കൂടിയായതൊടെ പണപ്പെരുപ്പം ഭീകരമായ അവസ്ഥയിലെത്തി.
അർജന്റീനയെന്നത് കേരളത്തിന് ചെഗുവേരയുടെ നാടാണ്. ഫുട്ബോളിൽ പലരും അർജന്റീനയെ പിന്തുണക്കുന്നതുപോലും ഈ രാഷ്ട്രീയ പക്ഷപാതിത്വം വച്ചാണ്. എന്നാൽ ചെഗുവേരയുടെ ആശയം കൊണ്ടെന്നും യാതൊരു ഗുണവും ആ നാടിന് കിട്ടിയിട്ടില്ല. മാത്രമല്ല അന്ധമായ ഇടതുപക്ഷ - സോഷ്യലിസ്റ്റ് പ്രേമം രാജ്യത്തിന് വല്ലാതെ ദോഷം ചെയ്തിട്ടുമുണ്ട്. വിപണി പൂർണ്ണമായും തുറന്ന് കൊടുക്കാത്ത രാജ്യമാണ് ഇന്നും അർജന്റീന. ചൈനയെ ഡെങ്ങ്സിയാവോ പിങ് രക്ഷിച്ചതുപോലെ ക്യാപിറ്റലിസ്റ്റ് നയങ്ങൾ നടപ്പാക്കുകയും, കൂടുതൽ വിദേശ മുലധന നിക്ഷേപത്തിലേക്ക് പോവുകയും ചെയ്താൽ മാത്രമേ ഈ രാജ്യത്തിന് രക്ഷപ്പെടാൻ കഴിയൂ എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഐഎംഎഫിന് അടക്കം കോടികൾ ഇപ്പോൾ തന്നെ അർജന്റീനകൊടുക്കാനുണ്ട്. അതിനാൽ ഇനി വായ്‌പ്പ കിട്ടുക പണിയാണ്. അതുപോലെ ടൂറിസം, എണ്ണ- പ്രകൃതിവാതകം എന്നിവയുടെ സാധ്യതകൾ ഒന്നും ഈ രാജ്യം പുർണ്ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല.
പക്ഷേ ഇത്തരം വിമർശനങ്ങൾ എല്ലാം ഉണ്ടാവുമ്പോൾ അർജന്റീനിയൻ ഭരണകർത്താക്കൾക്ക്, പ്രത്യേകിച്ച് ഇടതുപക്ഷം എന്ന് പറയുന്നവർക്ക് ഒരു റെഡിമെയിഡ് മറുപടിയുണ്ട്. എല്ലാറ്റിനും കാരണം അമേരിക്കയാണ്! അർജന്റീനയിൽ ഏറ്റവും നന്നായി ചെലവാകുന്ന മുദ്രാവാക്യവും ഇതുതന്നെയാണ്. പക്ഷേ സ്വന്തമായി വാണിജ്യങ്ങളും, വ്യവസായങ്ങളും ഉണ്ടാക്കി, വിയറ്റ്നാമിനെയും, ദക്ഷിണകൊറിയെയും, ഇന്തോനേഷ്യയെയുമൊക്കെപോലെ വളരാനുള്ള ഒരു ശ്രമം ഈ വൈകിയ വേളയിലാണ് ഇവിടെ ആലോചിക്കുന്നത്.
വാൽക്കഷ്ണം: 96 ശതമാനം സാക്ഷരതയുള്ള രാജ്യമാണിത്. പക്ഷേ കേരളത്തെപോലെ തന്നെ ഉന്നതവിദ്യാഭ്യാസ രംഗത്ത് അർജന്റീനയും വലിയ പരാജയമാണ്. ഉന്നത വിദ്യാഭ്യാസം ലഭിച്ചവർ ആകട്ടെ, രാജ്യം വിട്ട് യൂറോപ്പിൽ സെറ്റിൽ ആവുകയും ചെയ്യുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ