- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് എഴുതിയത് അത്രമേല്‍ സ്നേഹിക്കുന്ന അമ്മയെന്ന്; ഇപ്പോള്‍ സ്നേഹിക്കാന്‍ കഴിയാത്ത ക്രൂര; 18ാം വയസ്സില്‍ സിഗരറ്റും സെക്സും മണക്കുന്ന വസ്ത്രങ്ങള്‍ കഴുകാത്ത മകളെ ശാസിക്കാന്‍ പാടില്ലേ; മേരി റോയിയെ അപമാനിക്കുന്നോ? അരുന്ധതി റോയിയുടെ പുതിയ പുസ്തകവും വന്‍ വിവാദത്തില്‍
അരുന്ധതി റോയിയുടെ പുതിയ പുസ്തകവും വന്‍ വിവാദത്തില്‍
മഹാന്‍മ്മാരെന്നും, മഹതികളെന്നും നമ്മള്‍ കരുതുന്ന പലരുടെയും കുടുംബ ജീവിതം ദുരന്തമായിരിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി. പിതാവിനോട് കലഹിച്ച്, ഗാന്ധിയുടെ ഒരു മകന്‍ മുഴുക്കുടിയനായിപ്പോവുകയും ഇസ്ലാമിലേക്ക് മതം മാറുകയും തിരിച്ചുവരികയുമൊക്കെ ചെയ്തതും, ഗാന്ധിജിയുടെ ബ്രഹ്‌മചര്യ പരീക്ഷണങ്ങള്‍ മറ്റുള്ളവരിലുണ്ടാക്കിയ ട്രോമയുമെല്ലാം പലപ്പോഴായി വെളിപ്പെട്ടിരുന്നു. ലോകത്ത് വിജയിക്കുന്ന പലരും കുടുംബത്തില്‍ വിജയിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതുപോലെ ഒരു അനുഭവം വീണ്ടും ലോകം ചര്‍ച്ചചെയ്യുകയാണ്. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ 'മദര്‍ മേരി കംസ് ടു മി'യാണ് സ്വന്തം അമ്മയും സാമൂഹിക പ്രവര്‍ത്തകയുമായി മേരി റോയിയെ തന്നെ 'എക്സ്പോസ്' ചെയ്യുന്നത്.
മേരി റോയ് എന്ന പേര്, ഇന്ത്യയുടെ ചരിത്രത്തില്‍ ഇടം പിടിച്ചതാണ്. തിരുവിതാംകൂര്‍ ക്രിസ്തീയ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരേ ഒറ്റയ്ക്കു യുദ്ധം ചെയ്ത് വിജയം കൈവരിച്ച സത്രീ. മേരി റോയ് വേഴ്സസ് ഗവണ്‍മെന്റ് ഓഫ് കേരള എന്ന കേസ് ലോക പ്രശസ്തമാണ്. സാമൂഹിക പ്രവര്‍ത്തക, അധ്യാപക എന്നിങ്ങനെയുള്ള നിലയിലെല്ലാം അവര്‍ അറിയപ്പെട്ടു. പക്ഷേ 2022-ല്‍ 89-ാം വയസ്സില്‍ മരിക്കുമ്പോള്‍ അവര്‍ക്ക് ഒരു പ്രശസ്തികൂടിയുണ്ടായിരുന്നു. ബുക്കര്‍ സമ്മാനം നേടിയ 'ഗോഡ് ഓഫ്് സ്മോള്‍ തിങ്സ്' രചിച്ച ലോക പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മ എന്ന നിലയിലേക്ക് അവരുടെ ടാഗ് ലൈന്‍ മാറി. 'ഗോഡ് ഓഫ്് സ്മോള്‍ തിങ്സിന്റെ' ആമുഖത്തില്‍ അരുന്ധതി അമ്മയ്ക്ക് നന്ദി പറയുന്നുമുണ്ട്. പക്ഷേ ഇപ്പോള്‍ പുറത്തിറങ്ങിയ അരുന്ധതി റോയുടെ 'മദര്‍ മേരി കംസ് ടു മി' എന്ന പുസ്തകം മേരി റോയ് എന്ന നമ്മുടെ മനസ്സില്‍ പതിഞ്ഞ ബിംബത്തെ വലിച്ച് കീറീകയാണ്.
അമ്മ ജീവിച്ചിരിക്കുമ്പോള്‍ എഴുതാന്‍ പറ്റാത്ത പുസ്തകമാണിതെന്നും അരുദ്ധതി റോയ് പറയുന്നു. പക്ഷേ അതോടൊപ്പം അരുദ്ധതിക്കുനേരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. കുഞ്ഞുനാളില്‍ സഹായിക്കാനാളില്ലാതെ രണ്ടുമക്കളെ പോറ്റിയിരുന്നു ഒരു അമ്മ അല്‍പ്പം റഫ് ആയിപ്പോയതിനെ പെരുപ്പിക്കയാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം വരുന്നുണ്ട്. വെറും 18ാം വയസ്സില്‍ മദ്യത്തിന്റെയും ലഹരിയുടെയും കാമുകന്‍മ്മാരുടെയും പിറകെ പോവാനുള്ള സ്വാതന്ത്ര്യത്തെ ഏത് അമ്മയാണ് അംഗീകരിക്കയെന്ന മറുചോദ്യവും ഉയരുന്നുണ്ട്.
ടോക്സിക്ക് ബാല്യം
തീര്‍ത്തും ടോക്സിക്കായ ഒരു ബാല്യത്തിന്റെ ഓര്‍മ്മകളാണ്, അരുന്ധതി റോയ് തന്റെ പുസ്തകത്തില്‍ പങ്കുവെക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ താനനുഭവിച്ച ആ ദുരിതങ്ങളാണ് അവര്‍ നിര്‍വികാരയായി എഴുതിയിരിക്കുന്നത്. മൂന്നു വയസ്സു മുതലുള്ള കഠിനകാലങ്ങളെയാണ് ഓര്‍ത്തെടുക്കുന്നത്.
മേരി റോയി മക്കളുടെ ബാല്യത്തില്‍ അവരോട് സ്നേഹമോ കാരുണ്യമോ കാണിച്ചില്ല. പകരം ചെറിയ തെറ്റുകള്‍ക്കുപോലെ മക്കളെ രൂക്ഷമായി ആക്രമിക്കുകയും ചെയ്തു. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് മറ്റു കുട്ടികളെപ്പോലെ തന്റെ മക്കളും തന്നെ അങ്ങനെ തന്നെ മിസ്സിസ്സ് റോയ് വിളിക്കണമെന്ന് മേരി റോയ് നിഷ്‌കര്‍ഷിച്ചിരുന്നു. പുസ്തകത്തിലുടനീളം മിസ്സിസ്സ് റോയ് എന്നാണ് അരുന്ധതി അമ്മയെ അഭിസംബോധന ചെയ്യുന്നത്. ''അവര്‍ വിദ്യാര്‍ത്ഥികളെ സ്നേഹിക്കുകയും അവരില്‍ പ്രകാശം ചൊരിയുകയും ചെയ്തു. സ്‌കൂളില്‍ അമ്മ പ്രകാശം ചൊരിഞ്ഞപ്പോള്‍ ഞങ്ങള്‍ മക്കളുടെ ജീവിതത്തില്‍ അവര്‍ ഇരുട്ട് വീഴ്ത്തി''- അരുന്ധതി റോയ് എഴുതുന്നു. മേരി റോയിയുടെ മകളാവുന്നതിനു പകരം വിദ്യാര്‍ത്ഥിയായാല്‍ മതിയായിരുന്നു എന്നും അരുന്ധതി ആഗ്രഹിച്ചിട്ടുണ്ടത്രേ!
അമ്മയെങ്ങനെയൊക്കെ പെരുമാറുമെന്ന് ആ മക്കള്‍ക്ക് യാതൊരു നിശ്ചയവുമില്ലായിരുന്നു. മകളത് ഒരുപാട് സഹിച്ചു, പൊറുക്കുകയും ചെയ്തു. എന്നാല്‍ സഹോദരനായ ലളിത് റോയ്ക്ക് അതിനു കഴിഞ്ഞില്ല. അവന്‍ വീടുവിട്ടിറങ്ങിപ്പോയി.''മറ്റുള്ളവര്‍ അവരെ വിവരിച്ചപ്പോള്‍ ഞങ്ങള്‍ മക്കള്‍ അവരെ അനുഭവിക്കുകയായിരുന്നു'- എന്നാണ് അരുന്ധതി എഴുതുന്നത്.
മേരിറോയിയും കടുത്ത ആസ്തമരോഗിയായിരുന്നു. അതിനാല്‍ താന്‍ എപ്പോള്‍ വേണമെങ്കിലും മരിച്ചുപോകുമെന്നും അമ്മ പതിവായി പറഞ്ഞിരുന്നുവെന്ന് അരുന്ധതി എഴുതുന്നു. -''താന്‍ മരിച്ചാല്‍ നീ തെരുവിലേക്ക് എറിയപ്പെട്ടുപോകുമെന്നും, ആരും നിന്നെ നോക്കാനുണ്ടാകില്ലെന്നും അതുകൊണ്ട് എത്രയും വേഗം സ്വയം ജീവിക്കാന്‍ പഠിക്കണമെന്നും എനിക്ക് അവര്‍ മുന്നറിയിപ്പുകള്‍ നല്‍കി. അതുകേട്ട് ഭയന്ന് ഞാന്‍ ആസ്മ കൊണ്ട് ശ്വസിക്കാന്‍ വയ്യാതെ പൊറുതിമുട്ടുന്ന അമ്മയുടെ ശ്വാസകോശമാകാന്‍ ശ്രമിച്ചു. അവര്‍ക്ക് വേണ്ടി ശ്വസിക്കാന്‍ ആ ശരീരത്തിന്റെ ഭാഗമായി മാറി അമ്മയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഞാന്‍ കൊതിച്ചു. പതിനാറാം വയസ്സില്‍ ഞാന്‍ ആര്‍ക്കിടെക്ചര്‍ പഠിക്കാന്‍ ചേര്‍ന്ന വിദ്യാലയത്തിന്റെ തുറന്ന പുല്‍ത്തകിടിയിലേക്ക് കടന്നുചെല്ലുകയും മറ്റ് വിദ്യാര്‍ഥികളെ കാണുകയും ഒക്കെ ചെയ്തപ്പോളാണ് അമ്മയ്ക്ക് വേണ്ടി ശ്വസിക്കാന്‍ നിര്‍ബന്ധിതയാകാതെ തന്നെ എനിക്ക് ജീവിക്കാന്‍ കഴിയുമെന്ന് തോന്നിയത്''- അരുദ്ധതി റോയ് എഴുതുന്നു.
മറ്റൊരു അനുഭവം ഇങ്ങനെയാണ്-''അമ്മയ്ക്ക് ഒരു മുതിര്‍ന്ന സഹോദരിയുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ മറ്റുള്ളവരില്‍ നിന്നൊക്കെ വ്യത്യസ്ത. തന്റെ വിവാഹം ഭദ്രമായി സംരക്ഷിച്ച് നിലനിര്‍ത്തിയ ഒരാള്‍. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്നു അവരുടെ ഭര്‍ത്താവ്. നല്ല വീട്, നല്ല ഭര്‍ത്താവ്, നല്ല മക്കള്‍ ഒക്കെയായി എല്ലാം ശരിയായ ഒരാള്‍ ആയിരുന്നു അവര്‍. എന്റെ ആ അങ്കിള്‍ വൈമാനികനായതിനാല്‍ ഞങ്ങള്‍ക്ക് ഒരിക്കല്‍ ഒരു വിമാനയാത്രയ്ക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചു.
എന്റെ ആദ്യ വിമാനയാത്ര. യാത്രയ്ക്കിടയില്‍ വിമാനത്തില്‍ വെച്ച് ഞാന്‍ അമ്മയോട് ഒരു കാര്യം ചോദിച്ചു. അമ്മേ, എന്തുകൊണ്ടാണ് അമ്മയുടെ ചേച്ചിക്ക് അമ്മയെപ്പോലെ വലിയ വണ്ണം ഇല്ലാത്തത്? അന്ന് കടുത്ത ആസ്തമ രോഗിയായിരുന്ന അമ്മയ്ക്ക് സ്റ്റിറോയ്ഡ് മരുന്നുകളൊക്കെ മൂലം അമിതമായ വണ്ണവും ചീര്‍ത്ത വട്ടമുഖവും ഒക്കെ വെച്ചിരുന്നു. എന്റെ ചോദ്യം കേട്ട പാടെ തീ പാറുന്ന കണ്ണുകളോടെ അമ്മ എന്റെ നേരെ നോക്കി, എന്റെ കുഞ്ഞു ശബ്ദം രൂക്ഷമായ പരിഹാസത്തോടെ അനുകരിച്ചു. എന്റെ ഉള്ള് ആകെ കീറിമുറിഞ്ഞുപോയി. നോക്കിക്കോ, നീ എന്റെ പ്രായമാകുമ്പോഴേക്കും എന്റെ മൂന്നിരട്ടി ചീര്‍ക്കും, അമ്മ എന്നോട് പറഞ്ഞു.
പക്ഷേ ഉടന്‍ തന്നെ അവര്‍ എന്നെ സമാധാനിപ്പിച്ചു. നിന്റെ അച്ഛനും അമ്മയും ഞാനല്ലേ, അങ്ങിനെ രണ്ടിരട്ടി നിന്നെ സ്നേഹിക്കാനാണ് തന്റെ വണ്ണം എന്നായിരുന്നു അമ്മയുടെ വാക്കുകള്‍. പക്ഷേ അതിനകം ഞാന്‍ ആകെ നുറുങ്ങിപ്പോയിരുന്നു. ഈ ഒരു രീതി ഞാന്‍ എന്നും അമ്മയില്‍ നിന്ന് അനുഭവിച്ചിട്ടുണ്ട്. ഒരു നിമിഷം എന്റെ മനസ്സ് അവര്‍ വലിച്ചുകീറിക്കളയും. അടുത്ത നിമിഷം അതെടുത്ത് തുന്നി ചേര്‍ക്കും. വീണ്ടും വലിച്ചുകീറും, വീണ്ടും തിരിച്ച് ചേര്‍ക്കും''- അരുദ്ധതി എഴുതി.
'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിലെ അമ്മു'
അമ്മയോടൊത്തുള്ള കോട്ടയത്തെ തന്റെ ജീവിതമാണ് പില്‍ക്കാലത്ത് അരുന്ധതി റോയ്, ലോക പ്രശ്സതമായ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സില്‍' എഴുതിയത്. അരുന്ധതി ഓര്‍മയില്‍നിന്നും ഭാവനയില്‍നിന്നും ഒരു ലോകം സൃഷ്ടിച്ചപ്പോള്‍ അതില്‍ അമ്മയും കടന്നുവന്നു. എപ്പോഴും അസാധാരണ വലിപ്പമുള്ള പൊട്ടും ജിമിക്കിയും ഷോര്‍ട്‌സും ടീ ഷര്‍ട്ടും ധരിച്ചു നടക്കാന്‍ ശ്രമിച്ചിരുന്ന അമ്മ ഒരു ധൈര്യമായിരുന്നുവെന്നാണ് അരുദ്ധതി റോയ് മുമ്പ് എഴുതിയത്. ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി'ന്റെ ആദ്യ പേജിലൊന്നില്‍ അമ്മയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് ഇങ്ങനെ എഴുതിയത്-'' അത്രമേല്‍ സ്‌നേഹിക്കയാല്‍ എന്നെ പോകാന്‍ അനുവദിച്ച അമ്മയ്ക്ക്''.
ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ഫെഡെറീകോ ഫെലീനിയുടെ സിനിമയില്‍നിന്ന് ചാടിയിറങ്ങിവന്ന ഒരു കഥാപാത്രമാണ് അമ്മയെന്ന് അരുദ്ധതി റോയ് പറയാറുണ്ട്. അമ്മയെയും മകളെയും അടുത്തറിയുന്നവര്‍ക്കറിയാം, കലാപകലുഷിതവും കരുത്തുറ്റതുമായ അവരുടെ ആത്മബന്ധത്തിന്റെ അപൂര്‍വത.പതിനെട്ടാം വയസില്‍ ആര്‍ക്കിടെക്ചര്‍ പഠിക്കാനായി വീടു വിട്ടു ഡല്‍ഹിയിലെത്തിയ അരുന്ധതി അധികം താമസിയാതെ അമ്മയുമായി പിണങ്ങി. ന്നു വന്നു കാണുന്നതു പോയിട്ട് വീട്ടിലേക്കൊരു കത്തുപോലും അയയ്ക്കാതിരുന്ന എത്രയോ വര്‍ഷങ്ങള്‍. ആര്‍ക്കിടെക്ചര്‍ പഠനവും സിനിമാപ്രവര്‍ത്തനവും, അതിനിടെ രണ്ടു വിവാഹങ്ങളുമായി ഒഴുക്കുവെള്ളംപോലെയുള്ള ജീവിതവുമായി മകള്‍ ഉത്തരേന്ത്യയില്‍ അലഞ്ഞുതിരിഞ്ഞപ്പോള്‍ അതെല്ലാം അവളുടെ അവകാശം, സ്വാതന്ത്ര്യം എന്നായിരുന്നു എല്ലായിപ്പോഴും മേരി റോയിയുടെ നിലപാട്.
പില്‍ക്കാലത്തു മകളുടെ എഴുത്തും ആക്ടിവിസവും വാര്‍ത്തയും വിവാദവുമായപ്പോള്‍ ആ അമ്മ മനം നൊന്തതും അതേ സ്‌നേഹപാവശ്യത്താല്‍ തന്നെ. അവള്‍ക്ക് വല്ല ആപത്തും വരുമോ ആവോ. മേരി റോയ് ഇടയ്ക്കിടെ വ്യാകുലപ്പെട്ടു. ''എന്നെ വളര്‍ത്തി വലുതാക്കിയ, സംസാരത്തിനിടെ ശല്യപ്പെടുത്തും 'എക്‌സ്‌ക്യൂസ് മി' എന്നു പറയാന്‍ പഠിപ്പിച്ച, സ്വന്തം ഇഷ്ടത്തിനു പോകാന്‍ അനുവദിക്കാന്‍ മാത്രം വാല്‍സല്യത്തോടെ, എന്നെ സ്‌നേഹിച്ച എന്റെ അമ്മ മേരി റോയിക്ക്...'' എന്നെഴുതിയാണ് അരുന്ധതി റോയ് 'ദ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' സമര്‍പ്പിച്ചത്. ബുക്കര്‍ പുരസ്‌കാരം നേടിയ നോവലിനെക്കുറിച്ച് മേരിയുടെ അഭിപ്രായം പതിവുപോലെ ഉജ്വലമായിരുന്നു-'' എന്റെ മകള്‍ ഹൃദയം തൊടുന്നൊരു നോവല്‍ എഴുതിയിരിക്കുന്നു''.
പ്രധാനകഥാപാത്രങ്ങളിലൊന്നായ അമ്മുവിന് ആധാരമായത് മേരി റോയ് തന്നെ. പക്ഷേ, അതിനൊപ്പം അരുന്ധതി ഒരു ഒരു വിശദീകരണം നല്‍കാറുണ്ട്: അമ്മയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ സംഭവിക്കാമായിരുന്നത് എന്തൊക്കെയാണോ, അതാണ് നോവലിലെ അമ്മു! സ്വന്തം കുടുംബമാണ് ഗോഡ് ഓഫ് സ്മോള്‍ തിങ്സിന്റെ പശ്ചാത്തലമെന്ന് മേരി റോയിയും വ്യക്തതമാക്കിയിട്ടുണ്ട് പക്ഷേ, അതിനുമപ്പുറം സഞ്ചരിക്കാന്‍ നോവലിസ്റ്റിനു സ്വാതന്ത്യമുണ്ടെന്നും മേരി റോയ് പറഞ്ഞിരുന്നു-''സമൂഹത്തിലെ അവശവിഭാഗങ്ങളോട് അരുന്ധതിക്ക് എന്നും അനുകമ്പയുണ്ട്. അവരുടെ അവസ്ഥ അവളെ എന്നും ദുഃഖിപ്പിച്ചിട്ടേയുള്ളൂ. നോവലില്‍ ആ വിഷയം ഉള്‍പ്പെടുത്തുകയെന്നത് അവളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടൊരുകാര്യമാണ്.അതിന് എന്നെ ബലിയാടാക്കിയെന്നു മാത്രം. നോവലില്‍ അവളുടെ അമ്മ ഒരു ദലിത് യുവാവുമായി പ്രണയത്തിലാകുന്നു. എന്നേടല്ലാതെ മറ്റാരാടോണ് അവള്‍ ഈ സ്വാതന്ത്ര്യമെടുക്കുക. ഞാനവളുടെ അമ്മയല്ലേ.''- മേരി റോയ് ഒരിക്കല്‍ ്ഇങ്ങനെയാണ് പറഞ്ഞത്.
എന്നാല്‍ ഗോഡ് 'ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്' പുസ്തകം പ്രസിദ്ധീകരിച്ചപ്പോഴുള്ള മേരിറോയിയുടെ യഥാര്‍ത്ഥ പ്രതികരണം അരുദ്ധതി ഈ പുസ്തകത്തിലാണ് വെളിപ്പെടുത്തുന്നത്. രഹസ്യങ്ങള്‍ തുറന്നു പറഞ്ഞേക്കുമോ എന്ന് ഭയന്ന് ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് പുറത്തുവന്നപ്പോള്‍ മേരി റോയ് വെറുതേ ആശുപത്രിയില്‍ അഡ്മിറ്റായത്രേ! ആശുപത്രിക്കിടക്കയില്‍ കിടന്ന് മകളുടെ നോവല്‍ മൂന്നുനാലു പ്രാവശ്യം വായിച്ചതിനുശേഷം അമ്മ മകളെ വിളിപ്പിച്ചു. അതിലെ ഒരു ഭാഗം വായിച്ച്, ഇതെങ്ങനെ നീ ഓര്‍ത്തുവെച്ചു എന്ന് ചോദിച്ചിരുന്നു. ഓര്‍ത്തതല്ലെന്നും ഞാന്‍ ഭാവനയില്‍ നിന്നും എഴുതിയതാണെന്നും പറഞ്ഞപ്പോള്‍ അല്ല, അത് സത്യമായ കാര്യമാണെന്ന്, നീ ഓര്‍ത്തതാണെന്നും അമ്മ പറയുന്നു. അരുന്ധതിയെന്ന എഴുത്തുകാരിയെ ഇരുത്തിച്ചിന്തിപ്പിച്ച ഒരു കാര്യമായിരുന്നു അത്. ഓര്‍മ്മയും ഭാവനയും കൂടിക്കലരുന്നതിനെക്കുറിച്ചുള്ള പാഠങ്ങള്‍ അരുന്ധതി ഇവിടെ വിശദീകരിക്കുന്നു. ഈ രചനയും അങ്ങനെ ഒന്നാണെന്ന് അവര്‍ സമ്മതിക്കുന്നു.സത്യത്തില്‍ ഞാനിതിനെ വായിച്ചത് ഫിക്ഷനായിട്ടാണ്. വേണമെങ്കില്‍ ഓട്ടോ- ഫിക്ഷന്‍ എന്നു വിശേഷിപ്പിക്കാം. ഫിക്ഷന്റെ സൗന്ദര്യം ഇതിലാകെ നിറഞ്ഞുകിടപ്പുണ്ട്.
മേരിറോയിയുടെ പോരാട്ട ജീവിതം
എന്നാല്‍ അമ്മയുടെ പോരാട്ട ജീവിതത്തെ അരുന്ധതി റോയും ക്യാന്‍സല്‍ ചെയ്യുന്നില്ല. അങ്ങന്‍െ ആരു ശ്രമിച്ചാലും കഴിയുകയുമില്ല. അസാധാരണമായ പോരാട്ട ജീവിതം തന്നെയാണ് അവരുടേത്. കോട്ടയത്തെ സമ്പന്നമായ സുറിയാനി കുടുംബത്തിലാണ്, 1933-ല്‍ മരി റോയ് ജനിച്ചത്. പ്രസവമെടുത്തത് ഡോക്ടറായ ഇളയമ്മയാണ്. മുത്തശ്ശന്‍ ജോണ്‍ കുര്യന്‍ സ്ഥാപിച്ച സ്‌കൂളാണ് കോട്ടയത്തെ ആദ്യ സ്‌കൂളുകളിലൊന്നായ റവ. റാവു ബഹദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂള്‍. മലയാളം മീഡിയത്തില്‍ പഠിക്കാന്‍ കുട്ടികളില്ലാത്തതുകൊണ്ട് മാത്രം നിലച്ചു പോയതാണ് ആ സ്‌കൂള്‍. അദ്ദേഹം ചീഫ് എന്‍ജീനിയറായിരുന്നു. റിട്ടയര്‍ ചെയ്തുകഴിഞ്ഞ്് പുരോഹിതനായി. ജോണ്‍ കുര്യന്‍ മകളുടെ നാലുമക്കളില്‍ ഇളയവളായിരുന്നു മേരി. അന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് പൊതുവെ വിദ്യാഭ്യാസം കുറവായിരുന്നു. എന്നാല്‍ ആ കുടുംബം വ്യത്യസ്തരായിരുന്നു. ഡല്‍ഹി ജീസസ് മേരി കോണ്‍വെന്റിലും, ബിരുദത്തിന് ചെന്നൈ ക്വീന്‍ മേരീസിലുമാണ് മേരി റോയ് പഠിച്ചത്. അപ്പോഴേക്കും ഓക്സ്ഫഡില്‍നിന്ന് ബിരുദമെടുത്ത് ജ്യേഷ്ഠന്‍ ജോര്‍ജ് ഐസക് മടങ്ങിയെത്തി കൊല്‍ക്കത്തയില്‍ ജോലിക്കു ചേര്‍ന്നു. മേരിയും സഹോദരന്റെ അടുത്തേക്കുപോയി. ( ഈ സഹോദരന് എതിരെയാണ് പില്‍ക്കാലത്ത് മേരി റോയിക്ക് ഐതിഹാസികമായ നിയമപോരാട്ടം നടത്തേണ്ടി വന്നതും )
കൊല്‍ക്കത്തയില്‍ ഒരു കമ്പനിയില്‍ സെക്രട്ടറിയായി ജോലിചെയ്യുന്നതിനിടെയാണ് മേരി, ബംഗാളി ബ്രാഹ്‌മണനായ രാജീബ് റോയിയെ കണ്ടുമുട്ടുന്നത്. ( തന്റെ പിതാവ് ബ്രാഹ്‌മണനല്ലെന്ന് അരുന്ധതി റോയ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ വ്യക്തതയില്ല) അത് പ്രണയ വിവാഹമായി. വീട്ടുകാര്‍ക്കും എതിര്‍പ്പുണ്ടായില്ല. വിവാഹത്തെ തുടര്‍ന്ന് അസമിലെ തേയിലത്തോട്ടത്തില്‍ മാനേജരായി അദ്ദേഹം ജോലിക്കുചേര്‍ന്നു. തുടക്കത്തില്‍ വളരെ സന്തോഷമുള്ള ജീവിതമായിരുന്നു. പക്ഷേ, വിവാഹശേഷമാണ് മേരി മനസ്സിലാക്കുന്നത് രാജീബ് കടുത്ത മദ്യപാനിയാണെന്ന്. നല്ല മനുഷ്യനായിരുന്നു അദ്ദേഹമെങ്കിലും മദ്യപാനസ്വഭാവം മൂലം ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും രണ്ടു കുഞ്ഞുങ്ങളും ജനിച്ചു; ലളിതും അരുന്ധതിയും. ജീവിതം ദുസ്സഹമായതോടെ മേരി മക്കളെ കൂട്ടി നാട്ടിലേക്കു മടങ്ങി.
തന്റെ മുപ്പതാം വയസ്സില്‍ രണ്ട് മക്കളുമായി ഊട്ടിയിലുള്ള പിതാവിന്റെ പൂട്ടിക്കിടന്ന കോട്ടേജില്‍ അവര്‍ താമസം തുടങ്ങി. തരക്കേടില്ലാത്തൊരു ജോലിയും കിട്ടിയതോടെ ജീവിതം പച്ചപിടിച്ചതുടങ്ങി. അപ്പോഴാണ് അപ്പന്റെ വീട്ടില്‍നിന്ന് ഇറങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ എത്തുന്നത്. അഞ്ചും മൂന്നും വയസ്സുള്ള കുഞ്ഞുമക്കളുമായി മുപ്പതാം വയസ്സില്‍ മേരി റോയ് ജീവിതത്തെനോക്കി പകച്ചുനിന്ന ഒരു നിമിഷമുണ്ടായിരുന്നു. ക്രിസ്ത്യന്‍ സ്ത്രീകളുടെ ഗതികേടിന്റെ ആഴം അനുഭവിച്ചറിഞ്ഞ ആ ദിവസം.
ഇതേക്കുറിച്ച് അരുദ്ധതീറോയ് മുമ്പ് എഴുതിയത് ഇങ്ങനെയാണ്. 'അച്ഛനുമായുള്ള ബന്ധം അമ്മ വേര്‍പെടുത്തിയ ശേഷം ഞങ്ങള്‍ താമസിച്ചത് അമ്മയുടെ അച്ഛന്റെ വക ഒരു ചെറിയ വീട്ടിലാണ്. വളരെ ക്രൂരസ്വഭാവക്കാരനായിരുന്ന അദ്ദേഹം അതിനകം മരണമടഞ്ഞിരുന്നു. ആയിടെ ഒരു ദിവസം അമ്മയുടെ അമ്മയും അവരുടെ മൂത്ത സഹോദരനും കൂടി ഞങ്ങളുടെ വീട്ടിലെത്തി. ഉടനടി വീട് ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. തിരുവിതാംകൂര്‍ കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പെണ്‍്കുട്ടികള്‍ക്ക് പിതൃസ്വത്തിന്റെ നാലിലൊന്നോ അയ്യായിരം രൂപയോ, തമ്മില്‍ ഏതാണ് കുറവ് അതിനു മാത്രമേ അര്‍ഹത ഉണ്ടായിരുന്നുള്ളൂ. അതോടെ ഞങ്ങള്‍ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയായി. പക്ഷേ ഞങ്ങള്‍ ഒരു വക്കീലിനെ കാണാന്‍ ഓടി. തിരുവിതാംകൂര്‍ കൃസ്ത്യാനികളുടെ നിയമത്തിനു അവിടെ മാത്രമേ പ്രാബല്യമുള്ളൂ, തമിഴ്നാട്ടിലില്ലെന്ന് അദ്ദേഹം അറിയിച്ചു. അതുകൊണ്ട് ഞങ്ങള്‍ക്ക് ആ വീട്ടില്‍ നിന്ന് ഒഴിയേണ്ടി വന്നില്ല. പക്ഷേ ആ സംഭവം ഉളവാക്കിയ മാനഹാനി അമ്മ ഏറെക്കാലം ഉള്ളിലൊതുക്കിക്കഴിഞ്ഞു. പിന്നീട് സാമ്പത്തികമായി താങ്ങാനായപ്പോള്‍ അവര്‍ ആ നിയമത്തിനെതിരെ വര്ഷങ്ങളോളം നിയമയുദ്ധം നടത്തി. അവസാനം സുപ്രീം കോടതി ആ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച് പിന്‍കാല പ്രാബല്യത്തോടെ റദ്ദാക്കി. വളരെ ചുരുക്കം പേര്‍ മാത്രമേ ആ കടുത്ത പോരാട്ടത്തില്‍ അമ്മയുടെ ഒപ്പം ഉണ്ടായിരുന്നുള്ളൂ''- അരുദ്ധതി പറയുന്നു.
1960കളുടെ പാതിയോടെ കീഴ്‌കോടതികളില്‍ നിന്നും ആരംഭിച്ച മേരിയുടെ ഈ നിയമപോരാട്ടം 1984-ല്‍ സുപ്രീംകോടതിയുടെ മുന്‍പിലെത്തി. 1986-ല്‍, തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം സുപ്രീംകോടതി അസാധുവാക്കി. വില്‍പ്പത്രമെഴുതാതെ മരിക്കുന്ന അപ്പന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന ക്രിസ്ത്യന്‍ പുരുഷസമൂഹത്തെ ഞെട്ടിച്ച ആ വിധിയാണ് മേരിയെ പ്രശസ്തയാക്കിയത്.
പ്രിയപ്പെട്ട അധ്യാപിക
ഒരു സ്‌കുള്‍ തുടങ്ങനായി അതന്റെ അമ്മ നടത്തിയ കഷ്ടപ്പാടുകളെക്കുറിച്ചും അരുന്ധതി എഴുതുന്നുണ്ട്.-'' ആദ്യം അമ്മ ചെയ്തത് ഒരു ചെറിയ സ്‌കൂള്‍ തുടങ്ങുകയാണ്. റോട്ടറി ക്ലബിന്റെ കെട്ടിടത്തില്‍ ഒരു ഭാഗം വാടകയ്ക്ക് എടുത്തായിരുന്നു തുടക്കം. തലേ രാത്രി പുരുഷന്മാര്‍ ക്ലബ്ബില്‍ കൂടിയപ്പോള്‍ ബാക്കിയാക്കിയ സിഗററ്റ് കുറ്റികളും കാപ്പിക്കപ്പുകളും ഒക്കെ നീക്കി വൃത്തിയാക്കിയശേഷം രാവിലെ ഞങ്ങള്‍ സ്‌കൂളിന്റെ ബെഞ്ച് ഡെസ്‌ക് ഒക്കെ നിരത്തും. എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചു. ക്രമേണ മറ്റൊരിടത്തേക്ക് മാറി സ്‌കൂള്‍ മനോഹരമായ ഒരു സ്ഥാപനമായി വളര്‍ന്നു''.
പില്‍കാലത്ത് 1966-ല്‍ ഊട്ടിയിലെ വീട് അമ്മയും സഹോദരങ്ങളും ചേര്‍ന്ന് മേരിക്കുനല്‍കി. അത് ഇഷ്ടദാനം മാത്രമായിരുന്നു. പിതൃ സ്വത്തിന്റെ പങ്കല്ല. അതു വിറ്റുകിട്ടിയ പണത്തില്‍ ഒരുഭാഗം കൊണ്ടാണ് മേരി റോയ് കോട്ടയത്ത് സ്‌കൂളിനായി സ്ഥലംവാങ്ങിയത്. ലാറി ബേക്കറുടെ കരവിരുതില്‍ തീര്‍ത്ത മനോഹരമായ കെട്ടിടത്തില്‍ 1967-ല്‍ ക്ളാസ് ആരംഭിച്ചത്. മക്കള്‍ ലളിതും അരുന്ധതിയും, ലാറി ബേക്കറുടെ മകളും ഉള്‍പ്പെടെ വെറും ഏഴുപേരുമായി കോര്‍പസ് ക്രിസ്റ്റിയെന്ന പേരിട്ട ആ സ്‌കൂള്‍ തുടങ്ങി. മേരിറോയ് സ്‌കൂള്‍ കോമ്പൗണ്ടിനു നടുവിലെ കോട്ടേജില്‍തന്നെ താമസിച്ചു.
പള്ളിക്കൂടത്തില്‍ ആദ്യത്തെ മൂന്നുവര്‍ഷം മലയാളം മാത്രമേയുളളൂ. മലയാളത്തിലാണ് കണക്കും സാമൂഹ്യശാസ്ത്രവും സയന്‍സുമെല്ലാം പഠിക്കുക. ശേഷം ഇംഗ്ലീഷ് പഠിക്കുന്നതുകൊണ്ട് ആ ഭാഷയിലുളള പ്രാവീണ്യം കുറയുന്നില്ല, മറിച്ചു വര്‍ധിക്കുകയാണെന്നായിരുന്നു മേരി റോയ് പക്ഷം. തുടക്കം മുതല്‍ ഗുരുകുലവിദ്യാഭ്യാസം പോലെയൊന്നായിരുന്നു എന്നും പള്ളിക്കൂടം. ലാറി ബേക്കറുടെ വാസ്തുശില്‍പ ചാതുര്യം കൊണ്ടാണ് കാഴ്ചയിലെ ആദ്യ മാറ്റം. ടി. കലാധരന്റെ ''ഗണപതി' മുതല്‍ പ്രശസ്തരായ പല ചിത്രകാരന്മാരുടെയും പെയിന്റിങുകളും ശില്‍പങ്ങളും കല്‍വിളക്കുകളും നിറഞ്ഞ് ക്യാമ്പസ്. വൃത്തിയെന്നത് മാലിന്യ നിര്‍മാര്‍ജ്ജനമെന്ന് കൂടി പരിചയപ്പെടുത്തുന്ന പാഠ്യപദ്ധതിയായിരുന്നു 'പള്ളിക്കൂട'ത്തിന്റേത്. ആ സ്‌കൂള്‍ ഇത്രയും ഉയരങ്ങളിലെത്തുമെന്ന്് താന്‍ വിചാരിച്ചില്ലെന്ന് മേരി റോയ് തന്നെ പിന്നീട് പറഞ്ഞു. വിദ്യാഭ്യാസവിചക്ഷണയായ മേരി റോയിയുടെ മേല്‍നോട്ടത്തില്‍, നിലവിലെ പഠനസമ്പ്രദായത്തില്‍നിന്ന് തികച്ചും വിഭിന്നമായ ഒരു കാല്‍വയ്പായിരുന്നു അത്. ഇന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയ, ഇന്ത്യയിലെ മികച്ച സ്‌കൂളുകളിലൊന്നായി 'പള്ളിക്കൂടം' എന്ന് പേരുമാറ്റിയ ആ സ്‌കൂള്‍ മാറിക്കഴിഞ്ഞു.
ഒരിക്കല്‍ തന്റെ വീടിനു സമീപമുള്ള ഭിത്തിയില്‍ ഒരു മാര്‍ബിള്‍ ഫലകം ചാരിവെച്ചു മേരിറോയ്. കോട്ടയം നഗരസഭ നിര്‍മിക്കാന്‍ ഉദ്ദേശിച്ച മാലിന്യ സംസ്‌കരണശാലയ്ക്ക് മന്ത്രി തറക്കല്ലിട്ടപ്പോള്‍ സ്ഥാപിച്ച ഫലകം. പദ്ധതി നടപ്പിലാക്കാതെയായപ്പോള്‍ അതിളക്കി വീട്ടില്‍ കൊണ്ടുെവച്ചു. ഇതു വിഷയമാക്കി വിദ്യാര്‍ഥികളെക്കൊണ്ട് നഗരസഭയ്ക്ക് മുന്നില്‍ തെരുവുനാടകം അവതരിപ്പിച്ചു. അന്നേവരെ കോട്ടയം കാണാത്ത മറ്റൊരു പ്രതിഷേധ മാര്‍ഗം.
സ്ത്രീകള്‍ക്കെതിരേ പ്രത്യേകിച്ചും ചെറുപ്രായത്തിലുള്ളവര്‍ക്കെതിരേയുള്ള കടന്നാക്രമണം ചെറുക്കാന്‍ കുട്ടികള്‍ക്കു കഴിയണമെന്നതും പാഠ്യപദ്ധതിയിലുണ്ടായി. തന്റെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആത്മരക്ഷയ്ക്കുവേണ്ട പരിശീലനമുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ കോട്ടയം റെയില്‍േവേ സ്റ്റേഷനില്‍ ട്രെയിനിലെ ശൗചാലയത്തില്‍ ഒരു പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതിന്റെ പിറ്റേന്ന് സ്‌കൂളിലെ കൂട്ടായ്മയില്‍ അവര്‍ പറഞ്ഞു-''ബാത്റൂമില്‍ കയറി കതക് തുറന്ന് പിന്നില്‍ ആരുമില്ലെന്ന് ഉറപ്പിച്ചിട്ട് മാത്രം അകത്ത് കയറുക''.
തിരുവിതാംകൂര്‍ ക്രിസ്തീയ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീം കോടതിയുടെ അനുകൂലവിധി സ്വന്തം കാര്യത്തില്‍ നടപ്പിലാക്കാന്‍ കാലതമാസം വന്നു. അതില്‍ പ്രതിഷേധിച്ച് സ്വന്തം വീട്ടില്‍ ബോര്‍ഡ് തൂക്കി പ്രതിഷേധിച്ചു. പാമ്പും കോണിയും കളി ചിത്രീകരിക്കും വിധം. നിയമയുദ്ധത്തിന്റെ കഥയായിരുന്നു അതില്‍. സുപ്രീംകോടതി വിധിപ്രകാരം അവകാശം സ്ഥാപിച്ചുകിട്ടാന്‍ സബ് കോടതി, ഹൈക്കോടതി, വീണ്ടും കീഴ്‌ക്കോടതി, കോട്ടയം സബ് കോടതി എന്നിവിടങ്ങളിലെ കേസ് നടത്തിപ്പിന്റെ നാള്‍ വഴിയായിരുന്നു ചിത്രീകരിച്ചിരുന്നത്. താന്‍ അസ്ഥികൂടമാകുമ്പോള്‍ നീതി നടപ്പാക്കി സ്വത്ത് ലഭിക്കുന്നതായും ചിത്രീകരിച്ചു.
'അരുന്ധതി അമ്മയെ അപമാനിക്കുന്നു'
ഈ പുസ്തകം പുറത്തിറങ്ങിയതോടെ അരുന്ധതി റോയ്ക്കെതിരെയും അതി നിശിതമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്്. 89 വയസ്സില്‍ മരിച്ച, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരു വനിതയെ അപമാനിച്ചുവെന്നാണ് അത്. മേരി റോയിയുടെ വിശാലമായ മനസ്സിനെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നും അവുടെ നിസ്സാര തെറ്റുകളെ പെരുപ്പിക്കുന്നുവെന്നും വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 2010-ല്‍ സ്വത്ത് കിട്ടിയപ്പോള്‍ സഹോദരന് തന്നെ തിരികെ നല്‍കി എല്ലാവരേയും വീണ്ടും ഞെട്ടിച്ച വനിതയാണ് മേരി റോയ്.
''ഞാന്‍ സഹോദരനെതിരേയല്ല, നീതി തേടിയാണ് കോടതിയില്‍ പോയത്. അന്നത്തെ നിയമവാഴ്ചയ്ക്കെതിരേയുള്ള പോരാട്ടം. സ്വത്തിനുവേണ്ടിയുള്ള വാശിയല്ലായിരുന്നു. നമ്മളാരും ഇവിടെനിന്നും ഒന്നും കൊണ്ടുപോകുന്നില്ല. പക്ഷേ, മക്കള്‍ തുല്യരാണ്, പെണ്‍കുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധം മാത്രമായിരുന്നു അത്.''- മേരി റോയ് അന്ന് പറഞ്ഞത് അങ്ങനെയാണ്. സഹോദരനുമായുള്ള അമ്പതിലധികം വര്‍ഷം നീണ്ട പിണക്കം മാറാന്‍ ഒരു ഫോണ്‍കോള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. വൈകാതെ സഹോദരന്‍ മേരിയെ കാണാനെത്തി. ഈ സംഭവങ്ങളും മേരി റോയ് കുടുംബത്തിന് കൊടുത്ത കരുതലുമെല്ലാം മറച്ചുവെച്ച്, കോട്ടയത്തെ ബന്ധുക്കളെയെല്ലാം ടോകിസ്‌ക്കാക്കി എന്നാണ് വിമര്‍ശനം വരുന്നത്.
മേരി റോയ് കേസുകൊടുത്ത സഹോദരന്‍, ജോര്‍ജ് ഐസ്‌ക്ക് പാലത്തിങ്കല്‍ ഒരു വലിയ മനുഷ്യസ്നേഹിയും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാലാട്ട് അച്ചാര്‍ എന്ന സ്ഥാപനമൊക്കെ നടത്തിയിരുന്ന, ജോര്‍ജ് ഐസ്‌ക്ക് എക്കാലവും പുരോഗനപക്ഷത്താണ് നിലകൊണ്ടത്. 67-ല്‍ അദ്ദേഹം ഊട്ടിയിലെ പിതാവിന്റെ വീട് മേരി റോയിക്ക് ഇഷ്ടദാനം കൊടുത്തിരുന്നു. പിന്നീട് ഇത് നിയമം ആവണമെന്ന് കരുതി മേറി റോയിക്കൊണ്ട് കേസ് കൊടുപ്പിച്ചതും, അതിനുള്ള പണംമൊക്കെ സ്വരൂപിച്ച് കൊടുത്തതും, ജോര്‍ജ് ഐസ്‌ക്ക് പാലത്തിങ്കല്‍ ആണെന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നത്! പക്ഷേ ഇതിനൊന്നും സ്ഥിരീകരണമില്ല. എന്നാല്‍ ഒരുകാര്യം ഉറപ്പാണ്. പലരും പ്രചരിപ്പിക്കുന്നതുപോലെ ഒരു വില്ലനായിരുന്നില്ല, ജോര്‍ജ് ഐസ്‌ക്ക്. എന്നാല്‍ അരുന്ധതിയടക്കം, കോട്ടയത്തെ ബന്ധുക്കളെക്കുറിച്ച് നിരന്തരം അപാവാദം പ്രചരിപ്പിക്കുന്നുവെന്ന പരാതി അവര്‍ക്കുണ്ട്.
അതുപോലെ മേരി റോയിയെയും പുസ്തകം വ്യക്തിഹത്യ ചെയ്യുന്നുവെന്ന് പരാതിയുണ്ട്. സാമ്പത്തിക ഭദ്രത ഇല്ലാത്തകാലത്ത്, ആസ്തമയില്‍ ബുദ്ധി മുട്ടുന്ന കാലത്ത്, രണ്ടു പിള്ളേരെ ഒറ്റക്ക് വളര്‍ത്തി വലുതാക്കി അവരവരുടെ മേഖലയില്‍ വിജയിപ്പിക്കാന്‍ വഴി കാട്ടിയ ഒരു അമ്മയാണ് അവര്‍. എഴുത്തുകാരനും സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുമായ ജെ എസ് അടൂര്‍ ഇങ്ങനെ എഴുതുന്നു-'' പതിനേഴ് വയസ്സില്‍ സിഗരറ്റും സെക്സും മണക്കുന്ന വസ്ത്രങ്ങള്‍ കഴുകാത്ത ഒരു മകളെ/ മകനെ കണ്ടാല്‍ അച്ഛനും അമ്മയ്ക്കും അന്നും ഇന്നും എന്ത് തോന്നും?പതിനെട്ടു വയസ്സില്‍ കഞ്ചാവ് മദ്യവുമൊക്കെ സേവിച്ചു അവരുടെ മകളോ മകനോ ആരുടെ കൂടെ എങ്കിലും താമസം തുടങ്ങിയാല്‍ സങ്കടവും ദേഷ്യവും വരാത്ത ആരെങ്കിലും ഉണ്ടോ?''- ഈ ചോദ്യം വളരെ പ്രസക്തമാണ്. ട്വിറ്റിറിലും, ഇന്റസ്റ്റയിലുമായി നിരവധിപേര്‍ ചോദിക്കുന്ന ചോദ്യമാണിത്.
അരുന്ധതി റോയിയെ സംബന്ധിച്ച് ഒരു സ്വാതന്ത്ര്യ ദാഹിയാണ് അവര്‍. രണ്ടു വിവാഹങ്ങളില്‍നിന്ന് അവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. കാശ്മീര്‍ വിഘടനവാദത്തെപ്പോലും അവര്‍ സ്വാതന്ത്ര്യമായാണ് കാണുന്നത്. അതിന്റെ പേരില്‍ കേസുകളുമുണ്ട്. എഴുത്തുകാരനും നിരൂപകനുമായ എന്‍ ഇ സുധീര്‍ ഇങ്ങനെ എഴുതുന്നു-''2022 സെപ്റ്റംബര്‍ ഒന്നിന് മിസ്സിസ്സ് റോയ് അഥവാ മേരി റോയ് ജീവിതത്തില്‍നിന്ന് വിടവാങ്ങി. അത് അരുന്ധതി റോയിയെ സംബന്ധിച്ച് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു.
ആ സ്വാതന്ത്ര്യത്തിന്റെ പൂര്‍ത്തീകരണമാണ് മദര്‍ മേരി കംസ് ടു മി എന്ന ഓര്‍മ്മപ്പുസ്തകമായി രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്തുവന്നിരിക്കുന്നത്. അരുന്ധതി റോയ് എന്തിനാണ് ഇങ്ങനെയൊരു ആത്മകഥ എഴുതിയത് എന്ന് ചോദിച്ചാല്‍, മിസ്സിസ്സ് റോയിയില്‍ നിന്ന് സ്വതന്ത്രയാകാന്‍ എന്നുതന്നെയാവും അതിന്റെ ഉത്തരം. ആ ഓര്‍മ്മ പോലും അവരുടെ മനസ്സിനെ സങ്കീര്‍ണ്ണമായി ബാധിച്ചിരുന്നു. അതാണ് ഭാവന കലര്‍ന്ന ഓര്‍മ്മയായി വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്''. അതെ, സ്വാതന്ത്ര്യ ദാഹത്തെക്കുറിച്ചുള്ള കലഹം തന്നെയല്ലേ, ആ അമ്മക്കും മകള്‍ക്കുമിടയില്‍ നടന്നത്. അരുന്ധതി റോയ് അതിനെ ചൈല്‍ഡ് ഹുഡ് ട്രോമയാക്കി വികസിപ്പിക്കയല്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം.
വാല്‍ക്കഷണം: 'താന്‍ പാതി മലയാളിയും പാതി ബംഗാളിയും, മുഴുവനായി ദേശദ്രോഹിയുമാണെന്നാണ്, ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ അരുന്ധതി റോയ് പരിഹാസരൂപേണ പറഞ്ഞത്. ഒപ്പം ട്രംപിനും, മോദിക്കും, ഇസ്രയേലിനും ഒരു ലോഡ് വിമര്‍ശനവും. അര്‍ബന്‍ മാവോയിസ്റ്റ് എന്ന പേര് അവര്‍ അന്വര്‍ത്ഥമാക്കുകയാണ്.