കാക്കയ്ക്ക് കാഷ്ടിക്കാൻ 3,000 കോടി രൂപ മുടക്കി പ്രതിമ പണിയുന്നു! ഗുജറാത്ത് നർമ്മദയിലെ സാധു ദ്വീപിൽ, 182 മീറ്റർ ഉയരുമുള്ള, ലോകത്തിലെ എറ്റവും വലിയ പ്രതിമയായ പട്ടേൽ പ്രതിമ ഉയർന്നപ്പോൾ, കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ പ്രചാരണം ഇതായിരുന്നു. യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരട്ടി ഉയരമുള്ള, സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് അറിയപ്പെടുന്ന ഈ പ്രതിമ ഇന്ന് ഗുജറാത്ത് ടൂറിസത്തിന്റെ ജീവനാഡിയാണ്.

ഈയിടെ വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര, പട്ടേൽ പ്രതിമ സന്ദർശിച്ചതിന്റെ വിശദാംശങ്ങൾ തന്റെ സഫാരി ടി വി ചാനലിൽ സംപ്രേഷണം ചെയ്യുകയുണ്ടായി. ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ ഈ പ്രതിമ മാറ്റി. നൂറുകണക്കിന് ആളുകളുാണ് ദിനം പ്രതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെ എത്തുന്നതുന്നത്. ഇലട്രിക്ക് ഓട്ടോകളും, ആംഫി തീയേറ്ററും, ഫുഡ് കോർട്ട്, അപ്രോച്ച് റോഡുമൊക്കെയായി ആ പ്രദേശം ആകെ മാറി.

സ്ത്രീകൾക്കടക്കം ആയിരക്കണക്കിന് ആളുകൾക്ക് പുതിയ തൊഴിലവസരമായി. കച്ചവടക്കാർക്കും നല്ല വരുമാനമുണ്ടാവുന്നു. ഈ പ്രദേശത്തെ ഭൂമി വില എത്രയോ ഇരിട്ടികളായി. അതായത് കാക്കയ്ക്ക് കാഷ്ടിക്കാനാനെന്ന് പ്രബുദ്ധനായ മലയാളി പറഞ്ഞ പട്ടേൽ പ്രതിമ, ഒരു പ്രദേശത്തിന്റെ സാമ്പത്തിക നാഡിയായി മാറുന്നു.

വികസനവും മാറ്റവും അങ്ങനെയാണ് ഉണ്ടാവുന്നത്. ഇപ്പോൾ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് വന്നാലും സമാനമായ കാര്യമാണ് സംഭവിക്കുന്നത്. പത്തുവർഷം മുമ്പ് അവിടം സന്ദർശിച്ചവർക്ക് അറിയാം, യുപിയിലെ അതി പിന്നാക്ക പ്രദേശമായ ഫൈസാബാദ്് ജില്ലയിലെ ഒരു ഊഷരഭൂമിയായിരുന്നു ഇവിടം. ബാബറി മസ്ജിദ് തർക്കത്തെ തുടർന്നുള്ള പൊലീസ് കാവലും, വെടിവെപ്പിന്റെയും ആക്രമത്തിന്റെയും ഓർമ്മകളുമായി വെറും നെഗറ്റീവ് ഇമേജായിരുന്നു ആ നാടിൻെ കുറിച്ച് തന്നെ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവിടേക്ക് ഒരു കുഞ്ഞും തിരിഞ്ഞുനോക്കിയില്ല. സദാ പൊലീസ്- പട്ടാള ബന്തവസുള്ള ഒരു പ്രദേശത്തേക്ക് ആരാണ് കടന്നുവരാൻ ആഗ്രഹിക്കുക. കാര്യമായ വ്യവസായശാലകളില്ല, ടൂറിസം തഥൈവ, വരണ്ട മണ്ണായതുകൊണ്ട് കൃഷിയിലും ലാഭമില്ല.

പക്ഷേ ഇന്ന് അയോദ്ധ്യയിലേക്ക് നോക്കുക. ശതകോടികളുടെ ബിസിനസാണ് ഈ നാട്ടിലേക്ക് ഒഴുകിയെത്തുന്നത്. മൊത്തം ഒരു ലക്ഷം കോടിയുടെ ഇൻഫ്രാസ്ട്രക്ച്ചർ വികസനം തന്നെ നടന്നു കഴിഞ്ഞു. മക്കയും മദീനയും, ജറുസലേമും പോലെ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായി അയോദ്ധ്യയെ മാറ്റിയെടുക്കയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ലക്ഷ്യം. പട്ടേൽ പ്രതിമപോലെ രാമക്ഷ്രേതവും ഒരു നാടിന്റെ ഗതി മാറ്റുകയാണ്. പെട്ടിക്കടക്കാർ തൊട്ട് ഓഹരി വിപണയിൽവരെ രാമക്ഷേത്രം പോസറ്റീവായ ചലനങ്ങൾ തീർക്കയാണ്.

മൊത്തം ഒരുലക്ഷം കോടിയുടെ വികസനം

10 വർഷത്തിനുള്ളിൽ ഒരു പ്രദേശത്ത് ഒരുലക്ഷം കോടിയിലേറെ രൂപയുടെ അടിസ്ഥാന വികസനം! ഞെട്ടിപ്പിക്കുന്ന വികസനമാണ് അയോദ്ധ്യയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തുന്നത്. മാസ്റ്റർ പ്ലാൻ 2031 പ്രകാരം അയോധ്യയുടെ പുനർവികസനം 85,000 കോടി രൂപ മുതൽമുടക്കിൽ 10 വർഷത്തിനുള്ളിൽ പൂർത്തിയാകും. മറ്റുപദ്ധതികളിലൂടെ മുടക്കിയതുംവെച്ച് നോക്കുമ്പോൾ മൊത്തം ഒരുലക്ഷം കോടിയിലേറെ രൂപയുടെ വികസനം.

അയോധ്യ മാസ്റ്റർ പ്ലാൻ-2031, വിഷൻ അയോധ്യ-2047 എന്നിവയ്ക്ക് കീഴിൽ, 34 എക്‌സിക്യൂട്ടീവ് ഏജൻസികൾ ഒരേസമയം 80,000 കോടിയിലധികം മൂല്യമുള്ള 250 പദ്ധതികൾ അയോധ്യയിൽ നടപ്പാക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 37 ഏജൻസികൾ നടപ്പാക്കുന്ന റോഡ്, റെയിൽവേ, സൗന്ദര്യവൽക്കരണം, പാർക്കിങ്, ഘട്ട് പുനരുദ്ധാരണം, നവീകരണം തുടങ്ങി 29,604 കോടി രൂപയുടെ 178 പദ്ധതികൾ ഈ ദിവസങ്ങളിൽ അഥോറിറ്റി ദൈനംദിന നിരീക്ഷണം നടത്തിവരികയാണ്. ഈ ഫണ്ടിന്റെ വലിയൊരു ഭാഗം കേന്ദ്രം നൽകുന്നുണ്ട്.

രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺ ഷിപ്പാണ് അയോദ്ധ്യ. 1,100 ഏക്കറിൽ പാരമ്പര്യ-ആധുനിക ശൈലികൾ സംയോജിപ്പിച്ച് നിർമ്മിക്കുന്ന ടൗൺഷിപ്പ് ന്യൂ അയോദ്ധ്യ എന്നാണ് അറിയപ്പെടുക. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ച് മുൻനിര വ്യവസായ ഗ്രൂപ്പുകളെല്ലാം അയോദ്ധ്യയിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടൽ, ഹൗസിങ് കോളനികൾ എന്നിവയാണ് അവിടെ ഒരുങ്ങുന്നത്. കൂടാതെ രാജ്യത്തെ പ്രമുഖ ബാങ്കുകളും വാണിജ്യ സ്ഥാപനങ്ങളും ശാഖകൾ തുറക്കാനും തയ്യാറായി നിൽക്കുന്നുണ്ട്.

ക്ഷേത്രം വരുന്നതോടെ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാകും അയോദ്ധ്യയെന്നാണ് വിലയിരുത്തൽ. പ്രതിദിനം 80,000 മുതൽ ഒരുലക്ഷം വരെ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലേക്കുള്ള യാത്ര സുഗമമാക്കുന്ന റാംപഥ്, ഭക്തിപഥ്, ധരപഥ്, ശ്രീരാമ ജന്മഭൂമി പാത എന്നീ നാല് റോഡുകളും, വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന അയോദ്ധ്യ-സുൽത്താൻപൂർ നാലുവരി പാത, ശ്രീരാമ ജന്മഭൂമി വരെയുള്ള നാലുവരിപ്പാത എന്നിങ്ങനെ സ്വപ്ന സമാനമായ അടിസ്ഥാന സൗകര്യങ്ങളാണ് അയോദ്ധ്യയിൽ ഒരുക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ സിഡംബർ 30ന് മാത്രം ആയോദ്ധ്യയിൽ 15,700 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. അയോദ്ധ്യയുടെയും പരിസര പ്രദേശങ്ങളുടെയും വികസനത്തിനായി 11,100 കോടി രൂപയുടെ പദ്ധതികൾ, 4,600 കോടി രൂപയുടെ മറ്റ് അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ, നയാ ഘട്ട് മുതൽ ലക്ഷ്മൺ ഘട്ട് വരെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നവീകരണം, രാം കി പൈദി മുതൽ രാജ് ഘട്ട് വരെയുള്ള തീർത്ഥാടക പാതയുടെ പുനരുദ്ധാരണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

താജ് മുതൽ കല്യാൺ ജൂവലറി വരെ

ഒരുകാലത്ത് തർക്കഭൂമിയിലേക്ക് നയിച്ച ഇടുങ്ങിയ പാത ഇപ്പോൾ വിശാലമായ, രണ്ട് വരികളുള്ള ശ്രീരാമ ജന്മഭൂമി പാതയായി മാറിയിക്കുന്നു. വലിയ കവാടങ്ങളും ചുമർചിത്രങ്ങളാൽ അലങ്കരിച്ച കൂറ്റൻ മതിലുകളും അതിന്റെ സവിശേഷതകളാണ്. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡായ രാംപഥ് ഇപ്പോൾ ഏകദേശം 845 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച 13 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി പാതയാണ്. അയോധ്യയിലെ മനുഷ്യരെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാണ് അവരുടെ ജീവിതത്തിൽ വന്നിട്ടുള്ളത്. രാമക്ഷേത്രം വന്നതോടെ അയോധ്യയിലേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് തുടങ്ങി. ആളുകൾ വർധിച്ചു. ബിസിനസ് കൂടി. അതിനൊത്ത് ജീവിത നിലവാരം വർധിക്കാൻ തുടങ്ങി.

35 പുതിയ ഹോട്ടലുകൾ, 600 ഹോം സ്റ്റേകൾ, ഒരു അന്താരാഷ്ട്ര വിമാനത്താവളം, ഒരു റെയിൽവേ സ്റ്റേഷൻ, വിശാലമായ റോഡുകൾ, അലങ്കരിച്ച കെട്ടിടങ്ങൾ എന്നിവ ഉൾകൊള്ളുന്ന വിശാലമായ ഒരു നഗരമാണ്അയോദ്ധയിപ്പോൾ. ഈ വളർച്ചയും വികസന പ്രവർത്തനങ്ങളും അയോദ്ധ്യ അടിസ്ഥാനമായുള്ള നിക്ഷേപ താൽപര്യം വർധിപ്പിക്കുകയാണ്. ഭക്തരുടെ കുത്തൊഴുക്ക് ലക്ഷ്യമിട്ട് ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പടെ അയോദ്ധ്യയിൽ ഔട്‌ലെറ്റുകൾ തുറക്കുന്നുണ്ട്.

രാമക്ഷേത്രം സ്ഥാപിക്കാൻ 2019-ൽ സുപ്രീം കോടതി അനുമതി നൽകിയതു മൂതൽ അയോദ്ധ്യ ബിസിനസ് സെന്ററായി മാറിയിരുന്നു. ക്ഷേത്ര നിർമ്മാണത്തിനുള്ള സ്ഥലം കണ്ടെത്തിയതിനുശേഷം 50 ശതമാനം വരെയാണ് അയോദ്ധ്യയിൽ സ്ഥല വില കൂടിയത്. താജ്, റാഡിസൺസ് തുടങ്ങിയ ഫൈവ് സ്റ്റാർ ഹോട്ടൽ ഗ്രൂപ്പുകളും അയോദ്ധ്യയിൽ പദ്ധതികളുമായെത്തുന്നുണ്ട്. സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ഹോട്ടലിന്റെയടക്കം നിർമ്മാണം ഉടൻ ആരംഭിക്കും. മുംബൈ ആസ്ഥാനമായ ഹോട്ടൽ ബിസിനസ് ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നിൽ. ഡാബർ ഇന്ത്യ, കൊക്കക്കോള, ഐ.ടി.സി, പാർലെ തുടങ്ങിയ എഫ്.എം.സിജി കമ്പനികളും അയോദ്ധ്യയിൽ വിതരണ ശൃംഖലകൾ ശക്തമാക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്‌സിന്റെ 250ാമത് ഷോറൂം അയോദ്ധ്യയിൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സരയൂ നദിക്കരയിൽ ഭൂമിക്ക് ലക്ഷങ്ങൾ

അയോദ്ധ്യയിൽ എല്ലായിടത്തും ഭൂമിക്ക് വില കുതിച്ച് ഉയരുകയാണെന്നാണ് ദ ഹിന്ദു പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇവിടുത്തെ എറ്റവും കണ്ണായ സ്ഥലമാണ് സരയൂ നദിക്കര. ഇവിടെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ ഭൂമി വാങ്ങിക്കൂട്ടുകയാണ്. ചെറുതും വലുതുമായി നൂറ്റിപ്പത്തോളം ഹോട്ടലുകൾ ഇവിടെ നിർമ്മാണം ആരംഭിച്ചിരിക്കയാണ്. നദിക്കരയിൽ കഫേകൾ, ഭക്ഷണശാലകൾ, വാട്ടർ സ്‌പോർട്ടുകൾ, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ എന്നിവയും ഒരുക്കുന്നുണ്ട്. സരയൂ നദിയുടെ പ്രധാന ഘട്ടുകളെല്ലാം വൃത്തിയാക്കി പുനർനിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ വാരാണസിപോലെ, ഈ ഘട്ടുകളും തീർത്ഥാടന ടൂറിസം ഡെസ്റ്റിനേഷനായി അറിയപ്പെടാൻ തുടങ്ങും.

സരയൂ നദിക്കരയിൽ കോടികൾ വിലമതിക്കുന്ന വീട് പണിയാൻ ഒരുങ്ങുകയാണ് നടൻ അമിതാബ് ബച്ചൻ. അയോധ്യയിലെ സെവർ സ്റ്റാർ എൻക്ലേവിൽ അദ്ദേഹം വസ്തു സ്വന്തമാക്കി. ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കാൻ ബച്ചൻ ഉദ്ദേശിക്കുന്ന പ്ലോട്ടിന് 14.5 കോടിയോളം വിലയുണ്ടെന്നുമാണ് മാധ്യമങ്ങൾ എഴുതുന്നത്. 'ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമായ അയോദ്ധ്യയിൽ ഈ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"-എന്നാണ് ബച്ചൻ പറഞ്ഞത്. നടന്റെ ജന്മസ്ഥലമായ അലഹബാദിലേക്ക് അയോദ്ധ്യയിൽ നിന്ന് നാഷണൽ ഹൈവേ 330 വഴി നാല് മണിക്കൂർ യാത്രയേയുള്ളൂ.

രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 മിനിറ്റും, അയോധ്യ വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റും അകലെയായാണ് ബച്ചന്റെ വസ്തു സ്ഥിതി ചെയ്യുന്നത്. ബച്ചന്റെ പാത പിന്തുടർന്ന് നിരവധി സെലിബ്രിറ്റികളും, കോർപ്പറേറ്റുകളും സരയൂ നദിക്കരയിലേക്ക് എത്തുന്നുണ്ട്. വെറുതെ കാട്പിടിച്ചു കിടന്ന സ്ഥലത്തിന് ലക്ഷങ്ങളാണ് ഇപ്പോൾ വില വരുന്നത്.

എച്ച്.ഡി.എഫ്.സി മുതൽ ഫെഡറൽബാങ്ക് വരെ

ഒരു പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയെ അടയാളപ്പെടുന്നതുന്നത് ആവിടുത്തെ ബാങ്ക് ആക്സസബിലിറ്റിയാണെന്ന് പൊതുവെ പറയാറുണ്ട്. ബാബറി തർക്കത്തിന്റെ പേരിൽ പതിറ്റാണ്ടുകൾ സാമ്പത്തിക വളർച്ച മുരടിച്ചുപോയ ഈ നാട്ടിലേക്ക്, ഇപ്പോൾ ന്യൂജൻ ബാങ്കുകളുടെ അടക്കം കുത്തൊഴുക്കാണ്.

നിലവിൽ ജില്ലയിൽ മൂന്ന് ശാഖകളുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് ഈ മാസം പുതിയൊരു ശാഖ കൂടി തുറക്കുന്നുണ്ട്. ഇതുകൂടാതെ മാർച്ച് അവസാനത്തോടെ മറ്റൊരു ശാഖയും തുറക്കും. കർണാടക ബാങ്ക് ഈയിടെ തങ്ങളുടെ 915-ാം ശാഖ തുറന്നത് അയോദ്ധ്യയിലാണ്. മറ്റൊരു സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് എ.ടി.എമ്മുകളുടെ എണ്ണം ഉയർത്താനായി മൊബൈൽ എ.ടി.എമ്മുകൾ സ്ഥാപിച്ചു വരുന്നു. അയോധ്യയുടെയും ഫൈസാബാദിന്റെയും വിവിധ ഭാഗങ്ങളിൽ ഇവ സജ്ജീകരിക്കാനാണ് പദ്ധതി.

ഫൈസാബാദ് ജില്ലയിൽ നിലവിൽ 250 ഓളം ബാങ്ക് ശാഖകളുണ്ട്. ബാങ്ക് ഓഫ് ബറോഡയ്ക്കാണ് ഏറ്റവും കൂടുതൽ ശാഖകൾ. 34 എണ്ണം. ജില്ലയുടെ ലീഡ് ബാങ്ക് കൂടിയാണ് ബാങ്ക് ഓഫ് ബറോഡ. എസ്.ബി.ഐക്ക് 26 ശാഖകളും പ്രാദേശിക ബാങ്കായ ബറോഡ യു.പി ഗ്രാമീൺ ബാങ്കിന് 33 ശാഖകളുമുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിന് അയോദ്ധ്യ നഗരത്തിൽ നാല് ശാഖകൾ കൂടാതെ ജില്ലയിൽ മൊത്തം 21 ശാഖകളുണ്ട്. എയർപോർട്ടിന് സമീപത്ത് മറ്റൊരു ശാഖ ഇപ്പോഹ തുറക്കായണ്. കാനറ ബാങ്കിന് അയോദ്ധ്യ നഗരത്തിൽ ആറ് ശാഖകളും ജില്ലയിൽ ആകെ 11 ശാഖകളുമുണ്ട്. രാമക്ഷേത്രത്തിനടുത്തായാണ് ഇതിലൊരെണ്ണം.

കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്ക് 2022 ഒക്ടോബറിൽ അയോദ്ധ്യയിൽ ശാഖ തുറന്നിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന് നിലവിൽ ഇവിടെ ശാഖകളില്ല. പക്ഷേ ഇവരും വൈകാതെ അയോധ്യയിൽ എത്തുമെന്നാണ് അറിയുന്നത്.

അമ്പരപ്പിക്കുന്ന റെയിൽ-വ്യോമ സൗകരങ്ങൾ

അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റമാണ് അയോദ്ധ്യയിൽ വന്നിരിക്കുന്നത്. അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്റെ നവീകരണം ആദ്യ ഘട്ടം പൂർത്തിയാക്കി. പുതിയ റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം 40 ട്രെയിനുകൾ ഉണ്ട്. 50,000 യാത്രക്കാരും ഉൾകൊള്ളാൻ കഴിയും. 251 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ റെയിൽവേ സ്റ്റേഷൻ എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ, ഫുഡ് പ്ലാസ, വെയിറ്റിങ് ഹാളുകൾ, ടോയ്ലറ്റുകൾ, കുടിവെള്ള സ്റ്റേഷനുകൾ, കടകൾ, രാജ്യത്തെ ഏറ്റവും വലിയ കോൺകോഴ്സ് എന്നിവ ഉൾപ്പെടുന്ന മൂന്ന് നില കെട്ടിടം ആയാണ് നിർമ്മിച്ചിരിക്കുന്നത്. നവീകരണം പൂർത്തിയാകുമ്പോൾ 60,000 പേരെ ഉൾക്കൊള്ളാനാകും. ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയാദ്ധ്യ ധാം റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. ഒപ്പം ആറ് വന്ദേഭാരത്, രണ്ട് അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.

ക്ഷേത്രത്തിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് മഹാഋഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം. എയർ ഇന്ത്യയും ഇൻഡിഗോയും പ്രവർത്തനം ആരംഭിച്ചതോടെ വിമാനത്താവളം പ്രവർത്തനക്ഷമമായിട്ടുണ്ട്. ഒരുകാലത്ത് 178 ഏക്കറിൽ പരന്നുകിടന്നിരുന്ന ഒരു എയർ സ്ട്രിപ്പ്, ഇപ്പോൾ 821 ഏക്കറിൽ പുതിയ വിമാനത്താവളം ആയി നിലകൊള്ളുന്നു. അയോദ്ധ്യയിലെ മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളവും പ്രധാനമന്ത്രിയാണ് രാജ്യത്തിന് സമർപ്പിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

ആദ്യഘട്ടത്തിൽ പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകുമെന്നാണ് കരുതുന്നത്. രണ്ടാം ഘട്ടത്തിൽ ഇത് 60 ലക്ഷമായി ഉയരും. 6500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആദ്യ ഘട്ട നിർമ്മാണത്തിന് 1,450 കോടി രൂപയിലധികം ചെലവായി. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് സമാനമായാണ് ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം ഒരുക്കിയിരിക്കുന്നത്.

ഓഹരി വിപണിയിലും ചലനങ്ങൾ

മൺസൂണിൽ പെയ്യുന്ന മഴയുടെ അളവുതൊട്ട്, ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ വേഗതവരെ ബാധിക്കുന്ന ഒന്നാണ് ഇന്ത്യൻ ഓഹരി വിപണി എന്നത് ഒരു പഴയ തമാശയാണ്. ഇതിൽ കാര്യവുമില്ലാതില്ല. രാജ്യം ശാന്തവും സുരക്ഷിതമാവുമാവുകയും, വലിയ വികസന പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന തോന്നൽ വരികയും ചെയ്താൽ അത് ഓഹരി വിപണിയെ ബാധിക്കും. ഇപ്പോൾ ഇന്ത്യൻ ഓഹരി വിപണി നല്ല പ്രകടനം കാഴ്ചവെക്കുന്നതിൽ, പരോക്ഷമായി രാമക്ഷേത്രത്തിന് പങ്കുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

അയോധ്യയുമായി ബന്ധപ്പെട്ട എല്ലാ കമ്പനികളുടെയും ഓഹരിമുല്യം കൂടുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഇൻവെസ്റ്റ് ചെയ്ത ഹോട്ടൽ, ഹോസ്പ്പിറ്റാലിറ്റി കമ്പനികളുടെ ഓഹരികളിൽ വലിയ മുന്നേറ്റമാണ് കാണുന്നത്. ഇത്തരം നേട്ടങ്ങൾ ്ഉണ്ടായ ഒരു കമ്പനിയാണ് ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ സിന്ദൂരി ഹോട്ടൽസ്. ഒരാഴ്ചയ്ക്കിടെ 64 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായിരിക്കുന്നത്. കമ്പനി അയോധ്യയിൽ തേധി ബസാറിൽ 3,000 സന്ദർശക വാഹനങ്ങൾ ഉൾക്കൊള്ളുന്നതിനായി ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള മൾട്ടി ലെവൽ പാർക്കിങ് സൗകര്യം നിർമ്മിക്കുന്നുണ്ട്. 1,000-ത്തിലധികം ഭക്തരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു റൂഫ്ടോപ്പ് റെസ്റ്റോറന്റ് സംവിധാനവും ഉണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആഡംബര ടെന്റുകൾക്ക് പേരുകേട്ട കമ്പനിയാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രവേഗ് ലിമിറ്റഡ്. കഴിഞ്ഞ നവംബറിൽ അയോധ്യയിലെ ബ്രഹ്‌മകുണ്ഡിനോട് ചേർന്ന് 30 ടെന്റുകളും ഒരു റെസ്റ്റോറന്റും ഉള്ള ഒരു ആഡംബര റിസോർട്ട് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിൽ 75 ശതമാനം ടെന്റുകളും പ്രീ ബുക്ക് ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.

ക്ഷേത്ര ഉദ്ഘാടനത്തിനായി അയോധ്യയിലേക്ക് വിവിധ നഗരങ്ങളിൽ നിന്നായി 1000 ത്തോളം ട്രെയിനുകൾ ഓടിക്കാനാണ് ഇന്ത്യൻ റെയിൽവെ പദ്ധതിയിടുന്നത്. ഇതിൽ നിന്ന് നേട്ടമുണ്ടാക്കുന്നത് ഓൺലൈൻ ട്രെയിൻ ബുക്കിങ് രംഗത്തെ കുത്തകയായ ഐആർസിടിസിയാണ്. ഒരാഴ്ചയായി 5 ശതമാനം മുന്നേറിയ ഓഹരി 945 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അയോധ്യയിൽ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ജനുവരി 10 മുതൽ വിമാന സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഇൻഡിഗോ ഡൽഹിയിൽ നിന്നും അഹമ്മദാബാദിൽ നിന്നും അയോധ്യയിലേക്ക് സർവീസ് നടത്തും. ഡിമാൻഡ് വർധിച്ചതിനെ തുടർന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്. ഇതിൽ നിന്നും നേട്ടം ലഭിക്കുക ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് ഓഹരികൾക്കാണ്.

ചികിത്സാ വിപ്ലവമായി പള്ളി

ഫൈസാബാദ് ജില്ലയിലെ വികസനം അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മാത്രം ഒതുങ്ങുന്നില്ല. രാമക്ഷേത്രംപോലെ തന്നെ വലിയ രീതിയിലാണ്, അയോധ്യയിൽനിന്ന് 22 കിലോമീറ്റർ അകലെയുള്ള രോണായി ഗ്രാമത്തിൽ പള്ളിയും ഒരുങ്ങുന്നത്. കോടികളുടെ പദ്ധതികളാണ് ഇവിടെയും. ഇതിന്റെ സ്ഥലമെടുപ്പം ഡിസൈനുമെല്ലാം പൂർത്തിയായി. ഏതാനും മാസങ്ങൾക്കുള്ളിൽ നിർമ്മാണം ആരംഭിക്കും.

താജ്മഹലിലോട് കിടപിടിക്കുന്ന രീതിയിലാണ് പള്ളി ഡിസൈൻ ചെയ്തിരിക്കുതെന്നാണ്, ബിജെപി നേതാവും മസ്ജിദ് വികസന സമിതി ചെയർമാനുമായ ഹാജി അർഫാത് ഷെയ്ഖ് പറയുന്നത്. പള്ളിക്കൊപ്പം കാൻസർ ആശുപത്രിയും ചരിത്രമ്യൂസിയവുമടങ്ങുന്ന വിശാലസമുച്ചയത്തിന്റെ നിർമ്മാണത്തിന് മാസങ്ങൾക്കുള്ളിൽ തുടക്കമാകും. ഇതോടെ അയോധ്യ ജില്ലയിൽതന്നെയുള്ള ധാനിപുരിലെ രോണായി ഗ്രാമം വിശ്വാസവും ചരിത്രവും സൗഹൃദവും വിളംബരംചെയ്യുന്ന അടയാളമായിമാറും. രാമക്ഷേത്രത്തിലേക്ക് എന്നപോലെ നിരവധി ടൂറിസ്റ്റുകളും വിശ്വാസികളും ഇങ്ങോട്ടും ഒഴുകുമെന്നും അധികൃതർ കണക്കൂകുട്ടുന്നു. നേരത്തെ അയോദ്ധ്യയെപോലെ തന്നെ വികസനം അത്രയൊന്നും എത്തിയിട്ടില്ലാത്തത ഒരു ഗ്രാമം മാത്രമായിരുന്നു, രോണായിയും.

ദവയുടെയും ദുആയുടേയും' (മരുന്നിന്റെയും പ്രാർത്ഥനയുടേയും) കേന്ദ്രമായിട്ടാണ് ഈ പള്ളി പ്രവർത്തിക്കേണ്ടത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയും ഉയരുന്നത്. സമുച്ചയത്തിലുള്ള കമ്യൂണിറ്റി കിച്ചനിൽ തുടക്കത്തിൽ പ്രതിദിനം രണ്ടായിരം പേർക്ക് സൗജന്യഭക്ഷണം നൽകാനാണ് ആലോചന. ആശുപത്രി പൂർണസജ്ജമായിക്കഴിഞ്ഞാൽ പ്രതിദിനം അയ്യായിരം പേർക്ക് ഭക്ഷണം നൽകാനാകും.

"നമസ്‌കാരത്തിന് വേണ്ടി മാത്രമുള്ള സ്ഥലമായിരിക്കില്ല അത്. 500 കിടക്കകളുള്ള ക്യാൻസർ ആശുപത്രിയും പള്ളിയിൽ നിർമ്മിക്കുന്നുണ്ട്. യു.പിയിൽ നിന്ന് ഇനിയാർക്കും അർബുദ ചികിത്സയ്ക്കായി മുംബൈയിലേക്ക് പോകേണ്ടിവരില്ല. 'ഇതു കൂടാതെ, മെഡിക്കൽ കോളജും ദന്ത മെഡിക്കൽ കോളജും എഞ്ചിനീയറിങ് കോളജും പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടാകും. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ഭക്ഷണം നൽകുന്ന ആദ്യത്തെ പള്ളിയാണിത്. ഒരേ സമയം 5000 പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം'- മസ്ജിദ് വികസന സമിതി ചെയർമാനുമായ ഹാജി അർഫാത് ഷെയ്ഖ് പറയുന്നു.

സുപ്രീംകോടതി നിർദ്ദേശപ്രകാരം അയോധ്യാ ജില്ലാ ഭരണകൂടം അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയും നിർമ്മാണസമിതി വാങ്ങാനുദ്ദേശിക്കുന്ന ആറ് ഏക്കർ ഭൂമിയും ചേരുന്ന പ്രദേശത്ത് മുഹമ്മദ് ബിൻ അബ്ദുള്ള മോസ്‌കും വിശാലമായ കാൻസർ ആശുപത്രിയും ചരിത്രമ്യൂസിയവും കമ്യൂണിറ്റി കിച്ചനും 2024 പകുതിയോടെ നിർമ്മാണം ആരംഭിക്കും. മതമൈത്രിയുടെ സന്ദേശമായി ഉയരാനൊരുങ്ങുന്ന ചരിത്രമ്യൂസിയത്തിൽ 1857-ലെ സ്വാതന്ത്ര്യസമരപ്പോരാട്ടമാണ് പ്രമേയം.

1857ൽ ബ്രിട്ടീഷുകാർക്കെതിരേ ലഖ്‌നൗ മുതൽ അയോധ്യവരെയുള്ള പ്രദേശങ്ങളിലെ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾ ഒറ്റക്കെട്ടായി പോരാടിയതിന്റെ ചരിത്രമുഹൂർത്തങ്ങളായിരിക്കും മ്യൂസിയത്തിൽ അണിനിരക്കുകയെന്ന് ഇൻഡൊ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി അത്തർ ഹുസൈൻ പറയുന്നു.

യുപിയുടെ മുഖഛായ മാറുന്നു

നിർമ്മാണം പൂർത്തിയായൽ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയായി ഇത് മാറുമെന്നാണ് ബിജെപി നേതാവും മസ്ജിദ് വികസന സമിതി ചെയർമാനുമായ ഹാജി അർഫാത് ഷെയ്ഖ്. പറയുന്നത്." ഈ പള്ളി താജ്മഹലിനേക്കാൾ മികച്ചത് ആയിരക്കും. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയെന്ന ഖ്യാതിയും ഇവിടെയായിരിക്കും. ഈ മസ്ജിദിൽ 21 അടി ഉയരവും 36 അടി വീതിയുമുള്ള കാവി നിറമുള്ള ഖുർആൻ സ്ഥാപിക്കും. മസ്ജിദിൽ ആദ്യ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത് മക്ക ഹറം പള്ളിയിലെ ഇമാം അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് ആയിരിക്കുമെന്നും"- ഹാജി അർഫാത് ഷെയ്ഖ് മാധ്യമങ്ങളോട് പറഞ്ഞു.

ഇൻഡൊ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷനാണ് പള്ളിസമുച്ചയത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടംവഹിക്കുന്നത്. ഫൗണ്ടേഷന്റെ കീഴിൽ മുഹമ്മദ് ബിൻ അബ്ദുള്ള പള്ളിയും സാംസ്‌കാരികസമുച്ചയവും നിർമ്മിക്കുന്നതിന് നിർമ്മാണസമിതിക്ക് രൂപംനൽകിയിട്ടുണ്ട്. 11 അംഗ ട്രസ്റ്റാണ് പ്രവർത്തനങ്ങളുടെ പ്രതിദിന നടത്തിപ്പ് ഏകോപിപ്പിക്കുന്നത്. 2020-ലാണ് ജില്ലാ ഭരണകൂടം ഭൂമി അനുവദിച്ചത്. ജനുവരിയിൽ ചേരുന്ന ട്രസ്റ്റ് യോഗത്തിൽവെച്ച് നിർമ്മാണപദ്ധതിക്ക് അന്തിമരൂപം നൽകുമെന്ന് അത്തർ ഹസ്സൻ പറഞ്ഞു. സമുച്ചയത്തിന്റെ പുതിയ ഡിസൈനും നിശ്ചയിക്കും. ലഖ്‌നൗ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഫർ ഫറൂഖിയാണ് ട്രസ്റ്റിന്റെ തലവൻ. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാജി അരാഫത് ഖാനാണ് നിർമ്മാണസമിതിയുടെ ചെയർമാൻ.

2019 നവംബർ ഒമ്പതിനാണ്, ബാബരി മസ്ജിദ് നിന്നയിടത്ത് രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകി സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ക്ഷേത്രം നിർമ്മിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം രാംജന്മഭൂമി ന്യാസിന് കോടതി നൽകിയ കോടതി, പകരം പള്ളി നിർമ്മിക്കാൻ സുന്നി വഖഫ് ബോർഡിന് അഞ്ചേക്കർ സ്ഥലം അനുവദിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് അയോധ്യയിലെ ധനിപൂർ ഗ്രാമത്തിൽ അഞ്ച് ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ പള്ളിക്കായി അനുവദിക്കായിരുന്നു.

ഇവിടെയും കോടികളുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ രാമക്ഷേത്രവും, പള്ളിയും വരുന്നതോടെ ഉത്തർപ്രദേശിന്റെ മുഖഛായ മാറുകയാണ്. ഇതുകൊണ്ടുതന്നെയാണ്, അയോധ്യയിലെ സാധാരണക്കാർ, ഹിന്ദുമുസ്ലിം ഭേദമന്യേ പുതിയ മാറ്റങ്ങളിൽ ആഹ്ലാദിക്കുന്നത്. ടൈംസ് നൗവിന്റെ ഒരു റിപ്പോർട്ടിൽ കാണുന്നത്, അയോദ്ധ്യയിലെ മുസ്ലീങ്ങളിൽ ഭൂരിഭാഗവും രാമക്ഷേത്രത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ്. സംഘർഷമേഖല എന്ന ടാഗലൈനിൽനിന്ന് സമാധന-വികസിത മേഖല എന്ന് അറിയപ്പെടാൻ ആരാണ് ആഗ്രഹിക്കാത്തത്.

വാൽക്കഷ്ണം: പക്ഷേ ഇതൊന്നും, നൂറ്റാണ്ടിലെ എറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നായ ബാബറി മസ്ജിദ് പൊളിച്ചതിന് സാധൂകരണം ആവില്ല. അതിന്റെ കേസ് കോടതിയിൽ വേറെ നടക്കുന്നുണ്ട്. പക്ഷേ മുറിവുകൾ ഒരിക്കലും മറക്കില്ല, പൊറുക്കില്ല എന്ന് പറഞ്ഞ് അടുത്ത തലമുറയിലേക്ക് വടിവാൾ രാഷ്ട്രീയവും ഹേറ്റ് പൊളിറ്റിക്സും തള്ളിവിടുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ ഇപ്പോഴുള്ള സവവായം. ചരിത്രത്തിലെ തെറ്റുകൾ മറന്നും, പൊറുത്തും തന്നെയാണ് മന്യഷ്യസമൂഹം പുരോഗമിക്കുന്നത്. കുരിശുയുദ്ധങ്ങൾ നടത്തിയ യൂറോപ്പ് രാജ്യങ്ങളുടെ അതിർത്തികൾ കുമ്മായ വരകൾക്കുള്ളിൽ മാത്രമാക്കുന്നത് ഈ മാനവിക ബോധത്തിന്റെ അടിസ്്ഥാനത്തിലാണ്. പക്ഷേ ഇന്ത്യയിലെ മാർക്സ്റ്റ് നേതൃത്വത്തിനും, സ്വത്വ ഷുഡുക്കൾക്കും വേണ്ടത് ഈ പ്രശ്നം എന്നും നില നിൽക്കുക എന്നതാണ്. അയോദ്ധ്യയിലെ ജനങ്ങൾ പൊറത്താലും ഇവർ അത് വകവെച്ചുതരില്ല.

അവലംബം:

https://www.news18.com/india/not-just-ram-mandir-ayodhya-set-for-historys-biggest-transformation-with-over-200-projects-underway-8666963.html

https://www.businesstoday.in/magazine/the-buzz/story/ayodhya-how-the-ram-mandir-construction-is-fuelling-an-economic-boom-414120-2024-01-19

https://www.thehindu.com/news/national/commerce-meets-communion-with-god/article67645269.ece