''പാക്കിസ്ഥാന് ദാവൂദ് ഇബ്രാഹിം ഉണ്ടെങ്കില്‍ ഇന്ത്യക്ക് അരുണ്‍ ഗാവ്ലിയുണ്ട്-'' 90-കളുടെ തുടക്കത്തില്‍ മുംബൈ രാഷ്ട്രീയത്തിലേക്ക് അരൂണ്‍ ഗാവ്ലിയെന്ന അധോലോക നായകനെ, ദാവൂദിന് ബദലായി ഇറക്കിക്കളിക്കുമ്പോള്‍ ശിവസേന തലവന്‍ ബാല്‍ താക്കറെ പറഞ്ഞ വാക്കുകളാണിത്. ദാവൂദിന്റെ നേതൃത്വത്തിലുള്ള മുസ്ലീം അധോലോകത്തിനെതിരെ, ഒരു ഹിന്ദു അധോലോകം വേണെമെന്ന് പരസ്യമായി പറഞ്ഞവര്‍ അന്ന് ഒരുപാടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും സമാനമായ ഒരു അണ്ടര്‍വേള്‍ഡ് ഇക്വേഷന്‍ രൂപപ്പെട്ട് വരികയാണ്. അതാണ് ഡി കമ്പനിക്കുപകരം ബിഷ്ണോയി സംഘം എന്ന വാര്‍ത്ത.

ഈയിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍.സി.പി. അജിത്പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ മരണത്തിന്റെ പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. നടന്‍ സല്‍മാന്‍ ഖാനുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലാണ് സിദ്ദിഖി കൊല്ലപ്പെട്ടത്. സല്‍മാനെ കിട്ടിയില്ലെങ്കില്‍, സൃഹൃത്തിനെ തട്ടി പകതീര്‍ക്കയാണ്, ലോറന്‍സ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള ഹിന്ദു അധോലോകം! അപ്പോഴതാ മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നിരിക്കയാണ്. സല്‍മാനും കൂട്ടരും ഡി കമ്പനിയുടെ സഹായം തേടിയത്രേ. സല്‍മാനെ ആക്രമിക്കാന്‍ വന്ന ടീമിനെ ഡി കമ്പനി നോക്കിക്കോളും എന്നാണ് പ്രചാരണം.

അതിനിടെ മറ്റൊരു വിവാദം കൂടിവന്നു. ഈ ഡി കമ്പനി വെറും ഡ്യൂപ്പിക്കേറ്റാാണെന്ന്. ഇന്ത്യയിലെ ഏറ്റവും വലിയ അധോലോകമായി അറിയപ്പെട്ടിരുന്ന ഡി കമ്പനി എന്ന ദാവൂദ് ഇബ്രാഹീം ഗ്രൂപ്പ്, കഴിഞ്ഞ കുറച്ചുകാലമായി തകര്‍ന്നു തരിപ്പണമായിരിക്കയാണ്. അവരുടെ പേരില്‍ ചിലര്‍ കളിക്കുന്ന കളിയാണെന്നും ആരോപണം ഉയരുന്നുണ്ട്. ഏറിയ തലത്തിലുള്ള ഡ്യൂപ്ലിക്കേറ്റുകളെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാല്‍ അണ്ടര്‍വേള്‍ഡിനും ഡ്യൂപ്പിക്കേറ്റ് എന്നാല്‍ കുറച്ച് കടുപ്പമാണ്! ഇന്ത്യയില്‍ എവിടെ എന്നപോലെ വര്‍ഗീയത അവിടെയും എത്തുന്നു.

ബോളിവുഡ് അണ്ടര്‍വേള്‍ഡ് നെക്സസ്

മുംബൈ അധോലോകവും ബോളിവുഡും തമ്മിലുള്ള ബന്ധം നേരത്തെയും പലതവണ വിവാദമായിട്ടുണ്ട്. 80-കളില്‍ ഹിന്ദി സിനിമയെ നിയന്ത്രിച്ചിരുന്നത്, ദാവൂദ് ഇബ്രാഹിമാണെന്നത് പരസ്യമായ രഹസ്യമാണ്. 93-ല്‍ മുംബൈ സ്ഫോടന പരമ്പര നടക്കുന്നതുവരെ ദാവുദിന്റെ പരസ്യമായ അപ്രമാദിത്വം ബോളിവുഡില്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് ഒപ്പം കിടക്കപങ്കിടാന്‍ നായികമാര്‍ മത്സരിച്ചു. ദാവൂദ്് പറയുന്നവര്‍ക്ക് സിനിമയില്‍ അവസരം എളുപ്പമായി. പിന്നില്‍നിന്ന് ഫിനാന്‍സ് ചെയ്തുകൊണ്ട് അവര്‍ ബോളിവുഡിനെ വരച്ചവരയില്‍ നിര്‍ത്തി.

മുംബൈ സ്ഫോടന പരമ്പരകള്‍ക്കുശേഷം, ദാവൂദ് ഇബ്രാഹീം ഇന്ത്യയില്‍നിന്ന് മുങ്ങിയെങ്കിലും ഡി കമ്പനി ഹിന്ദി സിനിമയുടെ പിന്നാമ്പുറങ്ങളില്‍ സജീവമായിരുന്നു. 97 ഓഗസ്റ്റില്‍ ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ പ്രധാനിയായിരുന്നു ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകം രാജ്യത്തെത്തന്നെ നടുക്കിയിരുന്നു. ഇതിന്റെ അന്വേഷണം സംഗീത ലോകത്തെ കുടിപ്പകയിലേക്കും ഡി കമ്പനിയിലേക്കുമാണ് നീണ്ടത്. അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്ത് 2001-ല്‍ റിലീസായ ചിത്രമായ ചോരി ചോരി ചുപ്‌കെ ചുപ്‌കെ എന്ന സല്‍മാന്‍ ഖാന്‍ നായകനായും പ്രീതി സിന്റയും റാണി മുഖര്‍ജിയും നായികമാരായും എത്തിയ സിനിമയും, അണ്ടര്‍വേള്‍ഡ് ഫണ്ടിങ്ങിനെ തുടര്‍ന്ന് വിവാദമായിരുന്നു. ഇതിനെക്കുറിച്ച് കോടതിയില്‍ കേസ് വന്നപ്പോള്‍ സത്യം തുറന്നുപറഞ്ഞ ഒരേയൊരു താരം പ്രീതി നടി പ്രീതി സിന്റ് മാത്രമായിരുന്നു.




ഇതിനു പിന്നാലെ അധോലോകത്തുനിന്നും സ്ഥിരമായി ഭീഷണികോളുകള്‍ വന്നുതുടങ്ങി പ്രീതിക്ക്. +92 കണ്ടാല്‍ പേടിച്ച് ഫോണ്‍ എടുക്കാത്ത സ്ഥിതിയിലേക്കാണ് അത് തന്നെ കൊണ്ടെത്തിച്ചത് എന്നാണ് ഇതിനെക്കുറിച്ച് പ്രീതി പിന്നീട് പറഞ്ഞിട്ടുള്ളത്. അനുപമ ചോപ്രയുടെ 'കിങ് ഓഫ് ബോളിവുഡ്: ഷാരൂഖ് ഖാന്‍ ആന്‍ഡ് ദി സെഡക്ടീവ് വേള്‍ഡ് ഓഫ് ഇന്ത്യന്‍ സിനിമ' എന്ന പുസ്‌കത്തില്‍ ഷാരൂഖ് ഖാന്‍ അധോലോകത്തുനിന്ന് നേരിടേണ്ടിവന്നിട്ടുള്ള ഭീഷണികളെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. കുച്ച് കുച്ച് ഹോതാ ഹേ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തനിക്കും ഭീഷണികോളുകള്‍ വന്നിട്ടുണ്ടെന്ന് കരണ്‍ ജോഹറും വെളിപ്പെടുത്തിയിട്ടുണ്ട്. 'ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്' എന്ന തന്റെ ആത്മകഥയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.

കുച്ച് കുച്ച് ഹോതാ ഹേ സിനിമയുടെ റിലീസ് 1998-ലെ ഒരു വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. ആ 'പ്രത്യേക' വെള്ളിയാഴ്ചയില്‍ നിന്നും ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണം എന്ന ഭീഷണിയുമായി അധോലോകനേതാവ് അബുസലിം വിളിച്ചു. അല്ലാത്തപക്ഷം വെടിവെച്ചുകൊല്ലും എന്ന അവരുടെ ഭീഷണികേട്ട് തന്റെ അമ്മ തളര്‍ന്നുവീണതിനെക്കുറിച്ചും കരണ്‍ പറയുന്നുണ്ട്. മാത്രമല്ല, സിനിമ റിലീസായ ദിവസം താന്‍ രഹസ്യമായി ഒരു ഹോട്ടല്‍ റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്നും കരണ്‍ തുറന്നുപറയുന്നു.

മകന്‍ ഹൃത്വിക് റോഷനെ നായകനാക്കി ഒരുക്കിയ കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിന്റെ വിജയത്തിന് സംവിധായകന്‍ രാകേഷ് റോഷന് നേരിടേണ്ടിവന്നത് ശരീരത്തില്‍ തുളച്ചുകയറിയ ഒരു വെടിയുണ്ടയാണ്. അങ്ങനെ വെടിയുണ്ടകളുടെ ചെറുതല്ലാത്ത ചരിത്രം ബോളിവുഡിന് പറയാനുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ബാബാ സിദ്ദിഖിയുടെ മരണവും എന്നും വിലയിരുത്തലുണ്ട്.

മതവികാരം കത്തിച്ച് ബിഷ്ണോയി സംഘം

രാത്രിയില്‍ മദ്യപിച്ച് വണ്ടിയോടിച്ച് വഴിയരികില്‍ കിടന്ന ഒരാളെ അരച്ചുകൊന്നകേസില്‍ രക്ഷപ്പെട്ടയാളാണ് സല്‍മാന്‍ ഖാന്‍. പക്ഷേ ഒരു മാനിനെ വേട്ടയാടിയതിന്റെ പേരില്‍ അയാള്‍ ഇന്നും ജീവന്‍ പോവുമെന്ന ഭീതിയില്‍ കഴിയുന്നു. അതാണ് ഇന്ത്യയിലെ മത വികാരം. അത് കത്തിച്ചുകൊണ്ടുതന്നെയാണ് ലോറന്‍സ് ബിഷ്ണോയി സംഘം വളരുന്നത്.

പടിഞ്ഞാറന്‍ ഥാര്‍ മരുഭൂമിയിലും ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഒരു ഹിന്ദു മതവിഭാഗമാണ് ബിഷ്ണോയ്. അവര്‍ വിഷ്നോയ് എന്നും അറിയപ്പെടുന്നു. വൈഷ്ണവ ആരാധകരായ ഒരു വിഭാഗമാണിവര്‍. ഗുരു ജംബേശ്വര്‍ രൂപപ്പെടുത്തിയ ഇരുപത്തി ഒന്‍പത് തത്ത്വങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബിഷ്ണോയികള്‍ ജീവിച്ചുവരുന്നത്. പ്രകൃതിസംരക്ഷണത്തിലും, സസ്യജന്തുജാലങ്ങളോടുള്ള സ്നേഹത്തിലും ബിഷ്ണോയികള്‍ പ്രസിദ്ധരാണ്. ഇവരെ പ്രഹ്ലാദപന്ഥികള്‍ എന്നും അറിയപ്പെടുന്നു. 2010-ലെ കണക്കനുസരിച്ച് 600,000 വിഷ്നോയ് വിഭാഗത്തിന്റെ അനുയായികള്‍ വടക്കന്‍, മധ്യ ഇന്ത്യയില്‍ താമസിക്കുന്നുണ്ട്. ഈ ബിഷ്ണോയികളുടെ പുണ്യ മൃഗമാണ് കൃഷ്ണമൃഗം. അതിനെ കൊന്നതിന്റെ പേരിലാണ് ലോറന്‍സ് ബിഷ്ണോയി, സല്‍മാനെ കൊല്ലുമെന്ന് പ്രഖ്യാപിച്ചത്.

1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറന്‍സ് ബിഷ്‌ണോയി നടനെ വകവരുത്താന്‍ ശ്രമിച്ചത്. ഈ സംഭവം നടക്കുമ്പോള്‍ ലോറന്‍സിന് പ്രായം വെറും അഞ്ചുവയസ്സാണെന്ന് ഓര്‍ക്കണം. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജ്ജന്മമായാണ് ബിഷ്ണോയികള്‍ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി അവര്‍ കണക്കാക്കുന്നു. വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ ബിഷ്‌ണോയികള്‍ ഇടപെടാറുണ്ട്.

1998 ഒക്ടോബര്‍ 2 നാണ് സല്‍മാനെതിരേ ബിഷ്‌ണോയി വിഭാഗത്തിലുള്ള ഒരാള്‍ പോലീസില്‍ പരാതി നല്‍കുന്ന്. കൃത്യം പത്ത് ദിവസത്തിന് ശേഷം സല്‍മാന്‍ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഈ കഥ കേട്ട് വളര്‍ന്ന, അന്ന് കുഞ്ഞായിരുന്ന ലോറന്‍സ് ബിഷ്‌ണോയിക്ക് ക്രമേണേ സല്‍മാനോടുള്ള പകയും വര്‍ധിച്ചുകൊണ്ടേയിരുന്നുവെന്നാണ് പറയുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ബിരുദത്തിന് കോളേജില്‍ ചേര്‍ന്ന ലോറന്‍സ് ബിഷ്‌ണോയി പഠനം പൂര്‍ത്തിയാക്കിയില്ല. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചത് പിടിക്കപ്പെട്ടപ്പോള്‍ ഇയാള്‍ ഒന്നാം നിലയിലെ പരീക്ഷ ഹാളില്‍ നിന്ന് ഉത്തരക്കടലാസുമായി നിലത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.




പിന്നീട് പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിയമപഠനത്തിന് ചേര്‍ന്ന് ലോറന്‍സ് ബിഷ്‌ണോയി കാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായി. ആ കാലഘട്ടത്തില്‍ തന്നെയാണ് ഇയാള്‍ ഗോള്‍ഡ് ബ്രാര്‍ എന്നറിയപ്പെടുന്ന സതീന്ദര്‍ സിംഗ് എന്ന അധോലോകാംഗവുമായി ചങ്ങാത്തതിലാകുന്നത്. ഈ സൗഹൃദം ഇയാളെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിച്ചു. 2010 മുതല്‍ ഇയാള്‍ക്കെതിരേ വധശ്രമം, ഭീഷണിപ്പെടുത്തല്‍, മോഷണം തുടങ്ങി വിവിധ കേസുകള്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. നിയമ പഠനം പൂര്‍ത്തിയാക്കിയെങ്കിലും അധോലോക നായകനായി അറിയപ്പെടാനായിരുന്നു ലോറന്‍സ് ബിഷ്‌ണോയിയുടെ തീരുമാനം

കൃഷ്ണമൃഗ വേട്ട കേസില്‍ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം 2018 ല്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ജോധ്പൂര്‍ കോടതി സല്‍മാന് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ടു. സല്‍മാന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അതേ സമയം നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്ത ലോറന്‍സ് കൃഷ്ണമൃഗത്തെ കൊന്നതിന് താന്‍ സല്‍മാനോട് പകരം വീട്ടുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു. ഇത് ഇയാള്‍ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. സല്‍മാന്‍ ഖാനെപ്പോലെയുള്ള ഒരു പ്രമുഖ നടനെ ഭീഷണിപ്പെടുത്തുക വഴി തന്റെ പ്രശസ്തി വര്‍ധിപ്പിക്കാനാണ് ഇയാള്‍ ലക്ഷ്യമിടുന്നതെന്ന വാദവുമുണ്ട്.

അതിനിടെ കാനഡയിലേക്ക് തന്റെ തട്ടകം മാറ്റി ബിഷ്ണോയി വലിയ സംഘമായി വളര്‍ന്നു. ഇന്ന് അയാളുടെ കൈയില്‍ നിരവധി എന്തിനും പോന്ന ഷൂട്ടര്‍മാര്‍ തന്നെയുണ്ട്. നേരത്തെ ഗായകന്‍ സിദ്ദുമൂസെവാലയുടെ കൊലയിലും ഈ സംഘം ആരോപിതരായി. ഇന്ന് കൊടുംകുറ്റവാളികളുടെ കൂട്ടത്തിലാണ്, ലോറന്‍സ് ബിഷ്ണോയി സംഘത്തെ പൊലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മത വികാരം കത്തിച്ച് വളര്‍ന്ന ഇയാള്‍ ശരിക്കും പഴയ അരുണ്‍ ഗാവ്ലിക്കാലംപോലെ ഒരു ഹിന്ദു അധോലോകമാണ് ലക്ഷ്യമിടുന്നത്. മറുഭാഗത്ത് സല്‍മാന്‍ ആയത് ഈ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നു. ജയിലില്‍ കിടന്നിട്ടും, മുംബൈയെ വിറപ്പിച്ച അരുണ്‍ ഗാവ്ലിയെപ്പോലെ, അഹമ്മദാബാദിലെ സെന്‍ട്രല്‍ ജയിലിലാണ് ലോറന്‍സ് ഉള്ളത്. അവിടെ തടവില്‍ കിടന്നാണ് സംഘത്തെ നയിക്കുന്നത്.

ഡി കമ്പനിയെപ്പോലെ വളര്‍ച്ച

ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയോടാണ് ലോറന്‍സ് ബിഷ്ണോയ് സംഘത്തെ എന്‍ഐഎ താരതമ്യം ചെയ്യുന്നത്. കുപ്രസിദ്ധ കുറ്റവാളി സത്വീന്ദര്‍ സിങ് എന്ന ഗോള്‍ഡി ബ്രാര്‍ ആണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധമാണ് സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് ബിഷ്ണോയി സംഘത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇവരുമായി ബന്ധമുള്ളവര്‍ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണ്. ദാവൂദ് ഇബ്രാഹിമിന്റെ പാതയാണ് ഇവര്‍ പിന്തുടരുന്നതെന്നും എന്‍ഐഎ പറയുന്നു. ലോറന്‍സ് ബിഷ്ണോയ്, ഗോള്‍ഡി ബ്രാര്‍ ഉള്‍പ്പടെ 16 ഗുണ്ടാ നേതാക്കന്മാര്‍ക്കെതിരെ യുഎപിഎ നിയമത്തിന്‍ കീഴില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

90- കളില്‍ ചെറിയ കുറ്റകൃത്യങ്ങളിലൂടെ തന്റെ ശൃംഖല കെട്ടിപ്പടുത്ത ദാവൂദ് ഇബ്രാഹിമിന് സമാനമായാണ് ലോറന്‍സ് ബിഷ്ണോയും വളര്‍ന്നത്. മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങള്‍, കൊള്ള സംഘങ്ങള്‍ എന്നിവയിലായിരുന്നു ദാവൂദിന്റെ ആദ്യ ശ്രദ്ധ. പിന്നീട് പാകിസ്താന്‍ ഭീകരരുമായി ചേര്‍ന്ന് ഡി-കമ്പനി രൂപീകരിച്ചു. സമാനായി ബിഷ്‌ണോയ് സംഘം ചെറിയ കുറ്റകൃത്യങ്ങളില്‍ തുടങ്ങി. പിന്നീട് വിപൂലീകരിച്ചു. സംഘത്തില്‍ 11 സംസ്ഥാനങ്ങളിലായി 700 ഷൂട്ടര്‍മാര്‍ ഉണ്ടെന്നും അതില്‍ 300 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണെന്നമാണ് വിലയിരുത്തല്‍. ഉത്തരേന്ത്യയില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വേരുകളുണ്ട്. ദാവൂദിന്റെ ഡി കമ്പനിയേയും ഇന്ന് ബിഷ്‌ണോയ് സംഘം വെല്ലുവിളിക്കുന്നു.




കാനഡയിലേക്ക് കൊണ്ടുപോവാം എന്നതുള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് സംഘത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നത്. ഖലിസ്ഥാനി ഭീകരവാദിയായ ഹര്‍വിന്ദര്‍ സിങ് റിന്‍ഡ കൊലപാതകങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമായി ബിഷ്ണോയി സംഘത്തിലെ ഷൂട്ടര്‍മാരെയാണ് ഉപയോഗിക്കുന്നതെന്നാണ് നിഗമനം. ആരുമായും വ്യക്തി വൈരാഗ്യമില്ലെന്നും സല്‍മാന്‍ ഖാനേയും ദാവൂദ് ഇബ്രാഹിമിനേയും സഹായിക്കുന്നവര്‍ കരുതിയിരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു. ഞങ്ങളുടെ സഹോദരങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പ്രതികരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ സംഘത്തെ കണ്ടെത്തി പിടികൂടാനാണ് മഹാരാഷ്ട്രാ പോലീസിന്റെ നീക്കം.

രുമാസത്തെ ആസൂത്രണമാണ് ഈ കൊലയ്ക്ക് പിന്നിലും നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പഞ്ചാബ് ജയിലില്‍ വച്ച് പരിചയപ്പെട്ട മൂന്ന് ഷൂട്ടര്‍മാരെയാണ് ഇതിനായി നിയോഗിച്ചത്. 14,000 രൂപ വാടകയില്‍ മുംബൈ കുര്‍ളയില്‍ ഒരുമാസത്തോളം ഇവര്‍ക്ക് വീട് എടുത്തു നല്‍കി. ഓരോര്‍ത്തര്‍ക്കും അമ്പതിനായിരം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തു. വീടും പരിസരവും നിരീക്ഷിച്ച പ്രതികള്‍ കൃത്യമായ ആസൂത്രണത്താടെ കൊലപാതകം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ ദാവൂദിന് ഇസ്ലാമിക സര്‍ക്കിളുകളില്‍നിന്ന് പിന്തുണ കിട്ടുന്നതുപോലെ ഹിന്ദു സര്‍ക്കിളുകള്‍ കൂട്ടത്തോടെ ബിഷ്ണോയിയെ പിന്തുണക്കുന്നില്ല. പകരം കാനഡയിലെ സിഖ് സമൂഹമാണ് അദ്ദേഹത്തിന്റെ തുറപ്പുചീട്ട്. പക്ഷേ അധോലോകത്തിലെയും വര്‍ഗീയ ധ്രുവീകരണംമൂലം, ഹിന്ദുക്കളിലെ ഒരു വിഭാഗവും ഇവരെ പിന്തുണക്കുന്നുണ്ട്.

സല്‍മാന് ഇനി നെഞ്ചടിപ്പിന്റെ കാലം

മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ബോളിവുഡും മറാത്താ രാഷ്ട്രീയവും. കൊലപാതക ഉത്തരവാദിത്വം ഏറ്റെടുത്ത ലോറന്‍സ് ബിഷ്ണോയ് സംഘം നല്‍കുന്നത് എതിരാളികള്‍ക്ക് ഭീതിയുടെ സന്ദേശമാണ്. തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ സുരക്ഷയും വര്‍ധിപ്പിച്ചിരിക്കയാണ്.ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഗാലക്സി അപ്പാര്‍ട്ട്മെന്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ബോളിവുഡിലെ സുഹൃത്തുക്കളോട് ഇപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കരുതെന്നും കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാന്റെ മുംബൈയിലെ വീടിനു നേരെ വെടിയുതിര്‍ത്തതിന് പിന്നിലും ബിഷ്‌ണോയി സംഘമാണ്. സല്‍മാന്റെ സഹോദരങ്ങളായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവരുമായും സിദ്ദിഖിക്ക് ഏറെ അടുപ്പമുണ്ടായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് സല്‍മാന്റെ വീട്ടിലുണ്ടായ വെടിവെപ്പും ഏവരെയും ഞെട്ടിച്ചരുന്നു. അന്നും വലിയ സുരക്ഷയാണ് നടന് ഏര്‍പ്പെടുത്തിയത്. ലോറന്‍സ് ബിഷ്‌ണോയി സല്‍മാനെ കൊലപ്പെടുത്താന്‍ 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു എന്നും ആറ് പേര്‍ക്ക് പണം നല്‍കിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

വെടിവയ്പ്പിന്റെ ശബ്ദം കേട്ടാണ് അന്ന് താന്‍ എഴുന്നേറ്റതെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞരിരുന്നു. ഞെട്ടിയുണര്‍ന്ന് ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും താന്‍ ആരെയും കണ്ടില്ല. തന്റെ ജീവന്‍ അപകടത്തിലാണെന്ന് മനസിലായെന്നും താരം വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 14നാണ് സല്‍മാന്‍ ഖാന് എതിരെ ആക്രമണമുണ്ടായത്. ആറ് പേര്‍ അന്നത്തെ സംഭവത്തില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

ബോളിവുഡിലെ 'ബാഡ് ബോയ്' എന്ന് അറിയപ്പെടുന്ന സല്‍മാന്‍ഖാന് ഇത് ഒരുപരിധിവരെ ഇത് സ്വയംകൃത അനര്‍ത്ഥമാണ്. നടി ഐശ്വര്യറായി അടക്കമുള്ളര്‍, സല്‍മാന്റെ ടോക്സിക്ക് ബിഹേവിയറിനെകുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് സല്‍മാനുമായി പ്രണയത്തിലായിരുന്നു ഐശ്വര്യ. അതിഭീകരമായ പീഡനകാലം എന്നാണ് അവര്‍ അതേക്കുറിച്ച് പറഞ്ഞത്. വെറും 23ാ-മത്തെ വയസ്സില്‍ സൂപ്പര്‍സ്റ്റാര്‍ ആയി മാറിയ ചെറുപ്പക്കാരനാണ് സല്‍മാന്‍. അപ്രതീക്ഷിതമായി എത്തിയ കോടികളും പ്രശസ്തിയും അയാളെ ശരിക്കും മാറ്റിമറിച്ചുകളഞ്ഞു. മദ്യവും, പാര്‍ട്ടികളും, പ്രണയവും ഹോബിയായി മാറി. ഇന്നും ക്രോണിക്ക് ബാച്ചിലര്‍ ആയി നിലക്കുന്ന സല്‍മാന്‍ ഖാന്‍ നിരവധി ആരോപണങ്ങളില്‍ പെട്ടു.




കല്യാണക്കത്ത് അടിച്ചതിനുശേഷം വിവാഹം മുടങ്ങിപ്പോയ കഥയും സല്‍മാന്റെ ജീവിതത്തിലുണ്ട്. നീണ്ട പത്തു വര്‍ഷത്തെ പ്രണയമായിരുന്നു നടി സംഗീത ബിജ്ലാനിയും സല്‍മാനും തമ്മില്‍. വിവാഹ തീയതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ തന്റെ സുഹൃത്തും നടിയുമായ സോമി അലിയുമായി സല്‍മാന് ബന്ധമുണ്ടെന്ന് സംശയിച്ച് സംഗീത വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നാണ് മുംബൈ പത്രങ്ങള്‍ പറയുന്നത്.

അതിനുശേഷം കത്രീന കെയ്ഫിന്റെ പേരാണ് സല്‍മാനൊപ്പം കേട്ടത്. ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുമെന്ന് കേട്ടെങ്കിലും അതും വൈകാതെ പൊളിഞ്ഞു.

റൊമാനിയക്കാരിയായ മോഡല്‍ ലൂലിയ വാന്‍ച്വറിനെ സല്‍മാന്‍ വിവാഹം കഴിക്കാന്‍പോകുന്നുവെന്ന് ഒരു കാലത്ത് പ്രചാരണങ്ങളുണ്ടായിരുന്നു. പക്ഷേ ഈ പ്രണയങ്ങള്‍ ഒക്കെ പൊട്ടുന്നതിനുള്ള പ്രധാന കാരണം സല്‍മാന്റെ സ്വഭാവദൂഷ്യവും ദേഷ്യവും തന്നെ ആയിരുന്നു. സല്‍മാന്‍ഖാന്റെ ജീവിത്തിലെ ഏറ്റവും കറുത്ത അധ്യായം ആയിരുന്നു, 2002 സപ്തംബര്‍ 28ന് ഉണ്ടായത്. അന്ന് രാത്രി പാര്‍ട്ടികഴിഞ്ഞ് നന്നായി മദ്യപിച്ച് മുംബൈ ബാന്ദ്രയില്‍ ബേക്കറിക്കു മുമ്പില്‍ ഉറങ്ങിക്കിടന്നവരുടെയിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നുന്നൊണ് കേസ്്. അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. രണ്ടുപേരുടെ കാലുകള്‍ അറ്റുപോയി. അതില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍ ആണ് കൃഷ്ണമൃഗക്കേസ് ഉണ്ടായിരിക്കുന്നത്. മനുഷ്യനെ കൊന്നിട്ടും കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലാത്ത അയാള്‍ക്ക് തീരാ തലവേദനയായി മാന്‍വേട്ട മാറുന്നു.

ഇത് ഡ്യൂപ്പിക്കേറ്റ് ഡി കമ്പനിയോ?

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്തതിന് ലോറന്‍സ് ബിഷ്‌ണോയി സംഘാംഗങ്ങളായ വിക്കി ഗുപ്തയും സാഗര്‍പാലും കഴിഞ്ഞ ഏപ്രില്‍ 14 ന് ഗുജറാത്തില്‍ നിന്ന് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജയിലിലായ ഈ പ്രതികള്‍ക്ക് വധഭീഷണിയുള്ളതായി കുടുംബാംഗങ്ങള്‍ അറിയിച്ചതോടെയാണ് സംഭവത്തില്‍ ഡി കമ്പനിയുടെ ബന്ധം വെളിവാകുന്നത്. തങ്ങളെ കൊല്ലാന്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ ആസൂത്രണം ചെയ്യുന്നുവെന്നാണ് പ്രതികള്‍ ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയ ബന്ധുക്കളോട് പറഞ്ഞത്.

രണ്ട് പ്രതികളും ഇപ്പോള്‍ തലോജ ജയിലിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ ഇവരെ കൊല്ലിക്കാന്‍ ശ്രമിക്കയാണെന്ന് ബന്ധുക്കള്‍ പറയുന്നു. മെയ് മാസത്തില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സഹപ്രതി അനൂജ് ഥാപ്പന്റെ അതേ ഗതി തങ്ങളുടെ സഹോദരങ്ങള്‍ക്കും നേരിടേണ്ടിവരുമെന്ന് കത്തില്‍ ആരോപിച്ചിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അനൂജ് ഥാപ്പന്‍ (32) ഏപ്രില്‍ 26 ന് പഞ്ചാബില്‍ നിന്ന് അറസ്റ്റിലായി. എന്നാല്‍ മെയ് ഒന്നിന് ക്രൈംബ്രാഞ്ചിന്റെ പോലീസ് ലോക്കപ്പിലെ ശുചിമുറിയില്‍ താപനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കൊലക്ക് പിന്നില്‍ ഡി കമ്പനിയാണെന്നാണ് പറയുന്നത്.

അതായത് അധോലോകത്തെ അധോലോകം കൊണ്ടുതന്നെ നേരിടുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ മാറുന്നത് എന്നാണ് മുംബൈ മാധ്യമലോകത്തെ ഒരു വിഭാഗം പറയുന്നത്. അതായത് ലോറന്‍സ് ബിഷ്ണോയി സംഘം തനിക്കെതിരെ തിരിഞ്ഞപ്പോള്‍ ഡി കമ്പനിയെ അവരെ നേരിടുവാന്‍ സല്‍മാന്‍ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്. ഇപ്പോള്‍ മുബൈയിലെ സല്‍മാന്റെ ബിസിനസുകള്‍ക്കും പരോക്ഷമായി സംരക്ഷണം നല്‍കുന്നത് ഇതേ ഡി കമ്പനിയാണെന്നാണ് പറയുന്നത്.

പക്ഷേ ഇവിടെയും പ്രശ്നമുണ്ട്. പഴയ ഡി കമ്പനി ഇന്ന് നിലവിലില്ല. വിവിധ രോഗബാധകളാല്‍, അവശനാണ് ഇന്ന് ദാവൂദ് ഇബ്രാഹിം. പാക്കിസ്ഥാനിലെ കറാച്ചിയില്‍, ഏതാണ്ട് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന നിലയിലാണ് ദാവൂദ് ഇബ്രാഹിം. അതുകൊണ്ടുതന്നെ ഡി കമ്പനിതന്നെ ഇപ്പോള്‍ ഫലത്തില്‍ പ്രവര്‍ത്തിക്കുന്നില്ല.




എന്നാല്‍ ദാവൂദ് സംഘത്തില്‍ നേരത്തെയുണ്ടായിരുന്ന ചിലര്‍, പതുക്കെ ഒരു സംഘം തട്ടിക്കൂട്ടി ഡി കമ്പനി എന്ന് പേരിട്ടതാണെന്നാണ് മുംബൈ മിറര്‍ പോലുള്ള ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ഡ്യൂപ്പിക്കേറ്റ് ഡി കമ്പനിയാണ്, ബിഷ്ണോയി സംഘത്തെ നേരിടാന്‍ എന്ന പേരില്‍ രംഗത്ത് എത്തിയിരിക്കുന്നുവെന്ന് പറയുന്നത്. എന്നാല്‍ ഇതെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ തന്നെയും ദാവൂദ് ഇബ്രാഹീമിനെയും ബന്ധപ്പെടുത്തി വാര്‍ത്തകൊടുത്തതിന് സല്‍മാന്‍ എഎന്‍ഐ ന്യൂസ് ഏജന്‍സിക്കെതിരെ കേസ് കൊടുത്തതാണ്. അന്ന് അവര്‍ തിരുത്തും കൊടുത്തും. ഇപ്പോഴും തങ്ങള്‍ ആരുടെയും പുറകെ പോയിട്ടില്ലെന്നും, രാജ്യത്തിലെ ഔദ്യേഗിക സംവിധാനങ്ങളെ മാത്രമാണ് വിശ്വാസമെന്നും ഖാന്‍ കുടുംബം പറയുന്നുണ്ട്. പക്ഷേ അപ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല.

വാല്‍ക്കഷ്ണം: കാര്യങ്ങള്‍ വളരെപെട്ടന്ന് വര്‍ഗീയമായി കൂടി മാറുകയാണ്. സിനിമാ മേഖലയിലും ദാവൂദ്- അരുണ്‍ ഗാവ്ലി കാലത്തെ വര്‍ഗീയ ചേരിതിരിവ് വീണ്ടും വരികയാണോ എന്നുപോലും സംശയിക്കപ്പെടുന്നുണ്ട്.