90-കളിൽ കേരളത്തിൽ തരംഗം തീർത്ത ഒരു ചിരിയുണ്ടായിരുന്നു. കലാഭവൻ മണിയുടെ 'ങ്യാ ഹ്യഹാ' .....എന്ന പ്രത്യേക മോഡൽ ചിരി ക്യാമ്പസുകളിലും, കോമഡി ഷോകളിലും എന്തിന് നാല് യുവാക്കൾ കൂടുന്നിടത്തൊക്കെ മുഴങ്ങിക്കേട്ടകാലം. ആ ചിരി തന്റെ കൈയിൽ നിന്ന് പോയെന്ന്, പിന്നീട് ഒരു അഭിമുഖത്തിൽ മണി പറഞ്ഞിരുന്നു. അതുപോലെ ബേസിൽ ജോസഫ് എന്ന നടനും, സംവിധായകനും, തിരക്കഥാകൃത്തും, ഗായകനും, നിർമ്മാതാവുമായ ഈ ചെറുപ്പക്കാരന്റെ പ്രത്യേക മോഡൽ പൊട്ടിച്ചിരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മണി ഹാസ്യത്തിനായി പ്രത്യേക മോഡൽ ചിരി സ്വന്തമായി ഉണ്ടാക്കിയതാണെങ്കിൽ, കോളിങ്ങ്ബെല്ലിനിടയിൽ അമ്പല മണി മുഴങ്ങുന്നതുപോലെയുള്ള ഈ ചിരി ബേസിൽ എന്ന നടന്റെ ജന്മസിദ്ധമായ ചേരുവയാണ്!

ഇൻസ്റ്റഗ്രാം അടക്കമുള്ള ന്യൂജൻ മീഡിയകൾ എടുത്തുനോക്കിയാൽ കാണാം, മമ്മൂട്ടിയും, മോഹൻലാലുമൊന്നുമല്ല അവിടെ താരം. ബേസിൽ എന്ന ഈ യുവനടനാണ്. സാധാരണ യൂത്ത് ഐക്കണുകളായ നടന്മാർക്ക് അത്രയേറെ കുടുംബ പ്രേക്ഷകരിൽ സ്വാധീനം ഉണ്ടാവില്ല. പക്ഷേ ആരെയും കൈയിലെടുക്കുന്ന നർമ്മവും, വീട്ടിലെ ഒരംഗമാണെന്ന് തോന്നിക്കുന്ന രീതിയിലുള്ള സംസാരവും പെരുമാറ്റവുമൊക്കെയായി ബേസിൽ എന്ന നടൻ മലയാളിയുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. പണ്ട് ജയറാമിനും ദിലീപിനുമൊക്കെ ഉള്ളതുപോലെ, 'നെക്സ്റ്റ് ഡോർ ബോയ് 'എന്ന ഇമേജാണ് ഈ വയനാട്ടുകാരനുമുള്ളത്.

ചെറിയചെറിയ വേഷങ്ങിലുടെ വന്ന്, ജാൻ എ മൻ, പാൽത്തുജാൻവർ, ജയജയജയഹേ, എന്നീ ചിത്രത്തിലൂടെ പേടെുത്ത ബേസിൽ ഇപ്പോൾ 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിൽ പൃഥിരാജിനൊപ്പമുള്ള കോമ്പോയിലുടെയും ചിരിപ്പിക്കയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ സമയത്ത് താൻ ബേസിലിന്റെ ഫാൻ ആണെന്ന് പൃഥി പറഞ്ഞതും ചർച്ചയായിരുന്നു. സാക്ഷാൽ പൃഥിരാജിനെ മാത്രമല്ല, കേരളത്തിലെ സിനിമാപ്രേമികളായ കുടുംബങ്ങളെ ഒന്നടങ്കം, ഈ 34-കാരൻ ആരാധകരാക്കിക്കഴിഞ്ഞു.

ഒരിക്കലും ഒരു നടൻ ആകണമെന്ന് ആഗ്രഹിച്ച് എത്തിയ ആളല്ല, ബേസിൽ ജോസഫ്. സംവിധായകനായ അയാളെ സാഹചര്യങ്ങൾ നടനാക്കുകയായിരുന്നു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്ന് വളർന്നുവന്ന അയാളുടെ ജീവിതവും, തീർത്തും അസാധാരണമാണ്. നിങ്ങളുടെ ഉള്ളിൽ പ്രതിഭയുണ്ടെങ്കിൽ, എക്സ്പീരിയൻസില്ലായ്മയൊന്നും ഒരു പോരായ്മയല്ലെന്നും ബേസിലിന്റെ ജീവിതം തെളിയിക്കുന്നു.

ഒറ്റപ്പടത്തിൽ അസിസ്റ്റന്റ്‌

1990 ഏപ്രിൽ 28ന് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലാണ് ബേസിൽ ജനിച്ചത്. സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്‌ക്കൂൾ, എസ്.കെ.എം.ജെ ഹയർ സെക്കന്ററി സ്‌ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് ബിരുദം നേടി. അതിനുശേഷം ഇൻഫോസിസിൽ ജോലി കിട്ടി. ഒരു ശരാശരി മലയാളി ഇനി ഒരു വിവാഹം കഴിച്ച് സ്വസ്ഥമായി കഴിയാം എന്ന് ചിന്തിക്കുന്ന സമയം. പക്ഷേ ബേസിലിന് സിനിമയായിരുന്നു പാഷൻ. അയാൾ നിരന്തരം ഷോർട്ട് ഫിലിമുകൾ എടുത്തു.

ഇടക്കാലത്ത് മലയാളത്തിൽ ഷോർട്ട് ഫിലിമുകളുടെ ഒരു തരംഗം തന്നെ ഉണ്ടായി. ആ സമയത്താണ് ബേസിൽ ജോസഫ് എന്ന പേര് ജനം അറിഞ്ഞു തുടങ്ങുന്നത്. 2012-ൽ സിറ്റി ലൈഫ് എന്ന ഷോർട്ട് ഫിലിമാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ഷോർട് ഫിലിം. പിന്നീട്,'ശ്', 'പ്രിയംവദ കാതരയാണോ', 'ഒരു തുണ്ടു പടം', തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ബേസിൽ ശ്രദ്ധനേടി. ഇങ്ങനെ ഇറക്കിയ ഷോർട്ട് ഫിലിമുകൾ, അദ്ദേഹം പലർ സംവിധായകർക്കും അയച്ചുകൊടുക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് അത് വിനീത് ശ്രീനിവാസന്റെ കൈയിൽ എത്തുന്നത്. അപ്പോൾ ബേസിൽ വിനീതിന്റെ കൂടെ അസിസ്റ്റന്റായി വർക്ക് ചെയ്യാൻ താൽപ്പര്യമുണ്ട് എന്ന് അറിയിക്കയാണ്. താൻ ഇപ്പോൾ 'തട്ടത്തിൻ മറയത്ത്' കഴിഞ്ഞ് ഇരിക്കയാണെന്നും ഉടനെ സിനിമ ചെയ്യുന്നില്ല എന്നുമായിരുന്നു വിനീതിന്റെ മേസേജ്.

അതോടെ താൻ അത് മറന്നുവെന്നാണ് ബേസിൽ ഒരു അഭിമുഖത്തിൽ പറയുന്നത്. പക്ഷേ വിനീത് വാക്കുപാലിച്ചു. അടുത്ത സിനിമ എടുക്കുന്ന സമയത്ത്, അദ്ദേഹം ബേസിലിന് മെസേജ് അയച്ചു. നിനക്ക് ആ താൽപ്പര്യം ഇപ്പോഴും ഉണ്ടോ എന്ന്. ആ മെസേജ് കണ്ട് താൻ അമ്പരന്നുപോയി എന്നാണ് ബേസിൽ പറയുന്നത്. അങ്ങനെയാണ് 'തിര' എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർത്തിച്ചത്. ധ്യാൻ ശ്രീനിവാസന്റെ അരങ്ങേയറ്റ ചിത്രം കൂടിയായ തിര ശ്രദ്ധിക്കപ്പെട്ടു. അതായിരുന്നു ബേസിൽ അസിസ്റ്റ് ചെയ്ത ഏക പടം.

കസറിയ കുഞ്ഞിരാമായണം

ധ്യാൻ ശ്രീനിവാസൻ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. 'വെറും ഒറ്റപ്പടത്തിന് ക്ളാപ്പടിച്ച ബേസിലാണ്, 2015-ലെ ഓണക്കാലത്തെ ഏറ്റവും വലിയ ഹിറ്റായ കുഞ്ഞി രാമയണം ഒരുക്കിയത്. അന്ന് മോഹൻലാൽ-രഞ്ജിത്ത് ടീമിന്റെ 'ലോഹം' അടക്കമുള്ള ചിത്രങ്ങളെ പിന്തള്ളിയാണ് കുഞ്ഞിരാമയണം ഹിറ്റായത്. സിനിമയെന്നാൽ ഇതാണ്. അത് കോമൺസെൻസിന്റെ കലയാണ്"- ധ്യാൻ പറയുന്നു. ബേസിലിനെ സംബന്ധിച്ച് ഈ നിരീക്ഷണം പൂർണ്ണമായും ശരിയാണ്. ആദ്യ സിനിമ സംവിധാനം ചെയ്യുമ്പോൾ അയാൾക്ക് വെറും 25 വയസ്സാണ് പ്രായം.

അതിന്, ബേസിൽ പൂർണ്ണമായും നന്ദി പറയുന്നത് വിനീത് ശ്രീനിവാസനോടാണ്. 'വിനീത് ശ്രീനിവാസൻ സ്‌കൂളിൽനിന്ന് പുറത്തുവന്നവരാണ് ഞങ്ങൾ. എന്റെ ഗുരുവും, മെന്ററും എല്ലാമാണ് അദ്ദേഹം. ഒരിക്കലും വിചാരിക്കാത്ത ഇടത്ത് സഹസംവിധായകനായിട്ട് വരാൻ അവസരം നൽകിയ ആളാണ് വിനീതേട്ടൻ. പിന്നെ കുഞ്ഞരാമായണത്തിലും വിനീതേട്ടനായിരുന്നു നായകൻ. എല്ലാവരെയും മുന്നോട്ട് കൊണ്ട് വരാൻ ശ്രമിക്കുന്ന സെൽഫ്‌ളെസ്സായിട്ട് ആളുകളെ പ്രമോട്ട് ചെയ്യുന്ന ഒരാളാണ് വിനീതേട്ടൻ. ഏത് രീതിയിലാണ് നമ്മളെ സപ്പോർട്ട് ചെയ്യാൻ കഴിയുന്നത് ആ രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നയാളാണ്. സൗഹൃദത്തിനെല്ലാം വലിയ വില കൊടുക്കുന്ന ആളാണ്. അത് തന്നെയാണ് വിനീതേട്ടന്റെ ചിത്രങ്ങളിൽ എല്ലാവരും ഭാഗമാകുന്നതിന്റെയും വിജയത്തിന്റെയുമെല്ലാം കാരണം."- ബേസിൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.

പക്ഷേ നായകനേക്കാൾ കുഞ്ഞിരാമായണത്തിൽ കൈയടി ഏറെ കിട്ടിയത്, ലാലു എന്ന 'അഞ്ചുപൈസ കുറവുള്ള' കഥാപാത്രത്തെ അവതരിപ്പിച്ച ധ്യാൻ ശ്രീനിവാസന് ആയിരുന്നു. 'ബേസിൽ എന്നെ വെറും പൊട്ടനാക്കി അവതരിപ്പിച്ചു കളഞ്ഞു. പിന്നെ കുറേക്കാലത്തേക്ക് ഞാൻ എന്തു ചെയ്താലും അത് കോമഡിയായി മാറിപ്പോയി"- ധ്യാൻ ഒരു അഭിമുഖത്തിൽ തമാശയായി പറഞ്ഞു. അതിനുശേഷം ബോസിൽ ടോവിനോയെ നായകനാക്കി, ഗോദ എന്ന ചിത്രം സംവിധാനം ചെയ്തു. അതും വലിയ വിജയമാണ്.

നറേഷനിലെ പരീക്ഷണങ്ങളാണ് ഈ യുവ സംവിധായകനെ വ്യത്യസ്തനാക്കുന്നത്. കുഞ്ഞിരാമായണം എടുത്തു നോക്കിയാൽ, കുട്ടന്റെയും ലാലുവിന്റെയും ആയി തുടങ്ങുന്ന കഥ പിന്നീട് കുഞ്ഞിരാമന്റെ കഥ ആവുന്നു. പിന്നീട് വീണ്ടും കുട്ടനിലേക്കും ലാലുവിലേക്കും കുഞ്ഞിരാമനിലേക്കും മാറി മാറി പോകുന്നു. കഥ അവസാനിക്കുന്നത് മനോഹരന്റേതായിട്ട്. ഗോദയിലേക്ക് എത്തുമ്പോൾ കഥാപാത്രങ്ങളെല്ലാം മാറി മാറി കഥ പറയുന്നു. ഫെമിനിസം അവതരിപ്പിക്കാനും ബേസിൽ മടികാണിച്ചിട്ടില്ല. ഗോദയിലൂടെ കൃത്യമായി സ്ത്രീ രാഷ്ട്രീയം പറയാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. പക്ഷേ ബേസിലിന്റെ യഥാർത്ഥ കഴിവ് പുറത്തുകൊണ്ടുവരുന്ന ചിത്രം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.

അഗോളതലത്തിലെത്തിയ മിന്നൽ മുരളി

പാൻ ഇന്ത്യൻ തലംവിട്ട് ഒരു മലയാള സിനിമ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുക എന്ന അത്ഭുതവും ആദ്യം സംഭവിച്ചത് ബേസിലിലുടെയാണ്. 'ടൊവീനോയെ നായകനാക്കി എടുത്ത മിന്നൽ മുരളി ചരിത്രമായി. നെറ്റ്ഫ്ളികിസിൽ തുടർച്ചയായി മൂന്ന് ആഴ്ച ഒന്നാം സ്ഥാനത്തെത്തിയ ഈ സിനിമക്ക്, ലോക വ്യാപകമായി കാഴ്ചക്കാരുണ്ടായി. സത്യത്തിൽ കോവിഡ് കാലത്തിന്റെ ദുരിതങ്ങൾ ഉർവശീശാപം പോലെ ചിത്രത്തിന് ഉപകാരം ആവുകയായിരുന്നു.

ബേസിൽ മിന്നിൽ മുരളിക്കാലം ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. -'കോവിഡിനിടയിൽ നിന്നാണ് ഇങ്ങനെ വലിയ ബജറ്റിൽ സിനിമചെയ്യുന്നത്. നൂറ് പേരെ വെച്ച് സിനിമ ചെയ്യുമ്പോൾ ആരോഗ്യവകുപ്പിൽ നിന്ന് വന്ന് കോവിഡ് ടെസ്റ്റ് ചെയ്യു. ഓരോ ദിവസവും നമ്മൾ സിനിമ ഷൂട്ട് ചെയ്തത് പ്രതിസന്ധിയിലുടെയാണ്. ഒപ്പം കാലാവസ്ഥ പ്രശ്നങ്ങളും. നിരീശ്വരവാദികളായ സാങ്കേതികപ്രവർത്തർ പോലും ഭാര്യയെ വിളിച്ച് ഈശ്വരനെ വിളിക്കാൻ പറഞ്ഞ സാഹചര്യമുണ്ടായി.മിന്നൽ മുരളി എന്ന സിനിമ തിയറ്ററിലേക്കാണ് കൺസീവ് ചെയ്തത്. പക്ഷേ കോവിഡ് എല്ലാം മാറിമാറിച്ചു. അപ്പോഴാണ് നെറ്റ്ഫ്ലിക്സ് വരുന്നത്. ഗ്ലോബൽ അപ്പീലുണ്ട് സൂപ്പർഹീറോയുള്ള സിനിമയ്ക്ക് എന്നതിനാൽ നെറ്റ്ഫ്ലിക്സ് വന്നതും കൂടുതൽ ആൾക്കാരിലേക്ക് എത്താൻ സഹായകരമായി."- ബേസിൽ പറയുന്നു.

സത്യത്തിൽ തീയേറ്റർ റിലീസ് ആണെങ്കിൽ ഈ പടം ഇന്ത്യക്ക് അപ്പുറം പോവില്ലായിരുന്നു. അതുപോലെ മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ ഹീറോയെ ഉണ്ടാക്കിയതിനെക്കുറിച്ചും ബേസിൽ ഇങ്ങനെ പറയുന്നു. 'കേരളത്തിൽ ഒരു സൂപ്പർഹീറോ ഉണ്ടാകുന്നുണ്ടെങ്കിൽ ഇവിടെ നമ്മുടെ വീടിന് അടുത്തുള്ളതോ അല്ലെങ്കിൽ റിലേറ്റ് ചെയ്യാൻ പറ്റുന്നതോ ആയിരിക്കണെന്നുണ്ടായിരുന്നു. ഒരു കോമിക് കഥപോലെ ഒരു നാട്ടിൽ ഒരു തയ്യൽക്കാരൻ ഉണ്ടായിരുന്നു എന്ന് പറയുന്നതുപോലെയാകണം സിനിമ എന്നുണ്ടായിരുന്നു. അങ്ങനെയാണ് 'കുറുക്കന്മൂല' എന്നുപറയുന്ന ഒരു ഗ്രാമത്തിൽ തയ്യൽക്കാരന് മിന്നലേറ്റ് സൂപ്പർ പവർ കിട്ടുന്ന രീതിയിലേക്ക് കൺസീവ് ചെയ്യുന്നത്. മിത്തിക്കൽ സൂപ്പർഹീറോ കൾച്ചറുള്ള ഒരു ആൾക്കാർക്ക്, നമ്മൾ പണ്ടുമുതലേ 'മഹാഭാരത'വും 'രാമായണ'വും ഒക്കെ കാണുമ്പോൾ അവർ ചെയ്യുന്നത് വലിയ സൂപ്പർ ഹീറോയിസമാണ്. നമ്മൾ ഒരു സൂപ്പർഹീറോ ഉണ്ടാക്കുമ്പോൾ 'സൂപ്പർമാനോ' 'ബാറ്റ്മാനോ' ആകാനോ പറ്റില്ല. സൂപ്പർഹീറോ ഴോണറിലേക്ക് നമ്മുടെ ആൾക്കാരെ കൺവിൻസ് ചെയ്യിക്കണം. സൂപ്പർഹീറോ സിനിമകൾ കാണുന്നവർ മാത്രമല്ല ഇതിന്റെ പ്രേക്ഷകർ." - ബേസിൽ പറയുന്നു.

കൊച്ചിയെ ഹോളിവുഡാക്കിയ പ്രതിഭ

അതുപോലെ തന്നെ സോഷ്യൽ മീഡിയയിലെ സിനിമാഗ്രൂപ്പുകളിൽ ഏറെ ചർച്ചയായയാണ് ബേസിൽ സിനിമാറ്റിക്ക് യൂണിവേഴ്സ്. തമിഴിൽ ലോകേഷ് കനകരാജ് സിനിമാറ്റിക്ക് യൂണിവേഴ്സിനെയൊക്കെപ്പോലെ ഇതും വലിയ ചർച്ചയാണ്. കുറക്കന്മൂല, ദേശം എന്നീ പേരുകൾ ബേസിലിന്റെ മൂന്ന് ചിത്രങ്ങളിലും അവർത്തിക്കുന്നത് കാണാം. 'കുഞ്ഞിരാമായണത്തിലും ഗോദയിലും കുറുക്കന്മൂലയുടെയും ദേശത്തിന്റെയും റഫറൻസ് മനഃപൂർവം വച്ചതാണ്. ഈ സിനിമകളൊന്നും ചെയ്യുമ്പോൾ മിന്നൽ മുരളി ആലോചനയിലേ ഇല്ല. കുഞ്ഞിരാമായണത്തിലാണ് കുറുക്കന്മൂല ആദ്യമായി കൊണ്ടുവരുന്നത്. മൂന്നാമത്തെ സിനിമ മിന്നൽ മുരളിയായപ്പോൾ എന്റെ ആ ലോകം അവിടെയും എത്തി. സൽസയാണ് ഇപ്പോഴും 'മിന്നൽ മുരളി'യിലെയും ഏറ്റവും വലിയ മദ്യം. കുറുക്കൻ മൂലയ്ക്ക് സ്വന്തമായി നമ്പർ പ്ലേറ്റുണ്ട്, രജിസ്റ്റ്രേഷനുണ്ട്. കെഎം ന്യൂസ് എന്നു പറഞ്ഞ് സ്വന്തമായി ടിവി ചാനലുമുണ്ട്. മിന്നൽ മുരളിക്ക് സെക്കൻഡ് പാർട്ട് എടുക്കാനും ആലോചനയുണ്ട്. നമുക്ക് ആഗ്രഹമില്ലായ്മ ഒന്നുമില്ല. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുവാണെങ്കിൽ സെക്കൻഡ് പാർട്ട് എടുക്കണമെന്ന് തന്നെയാണ് കരുതുന്നത്. ആലോചനകളൊക്കെ ഉണ്ട്. അതിനുള്ള സാധ്യതകൾ കൂടി തുറന്നിട്ടാണ് സിനിമ എൻഡ് ചെയ്യുന്നത്."- ബേസിൽ പറയുന്നു.

പ്രതിഭയുള്ളവന് ലോക നിലവാരത്തിലെത്താൻ കേരളം തന്നെ ധാരാളമാണെന്ന് ബേസിലിന്റെ ജീവിതം തെളിയിക്കുന്നു. 'ഇവിടെ കാക്കനാട് ഒരു ഫ്ലാറ്റിൽ ഇരുന്നാണ് നമ്മൾ ഈ ചിത്രത്തിന് വിഎഫ്എക്സ് െചയ്തത്. അമേരിക്കയിലൊന്നും അല്ല. കുറച്ച് കമ്പനികൾ ഔട്ട്സോഴ്സ് ചെയ്തിട്ടുണ്ട്. ആൻഡ്രൂ, വിശാഖ്, അരുൺ എന്നിവർ ചേർന്നു തുടങ്ങിയ കമ്പനിയായ മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ് ആണ് വിഎഫ്എകിസിനു പിന്നിൽ. പണ്ട് ഷോർട്ട് ഫിലിം ചെയ്യുന്ന കാലം മുതലേ ഒന്നിച്ച് പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. കുഞ്ഞിരാമായണവും ഗോദയുമൊക്കെ ആൻഡ്രൂ തന്നെയാണ് ചെയ്തത്. നമ്മുടെ നാട്ടിൽ തന്നെയുള്ള, മലയാളത്തിൽ സിനിമ ചെയ്യുന്ന വിഎഫ്എക്സ് ടീം. അവരെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു സിനിമയായിരുന്നു മിന്നൽ മുരളി. ഇത് വർക്കൗട്ട് ചെയ്ത് എടുക്കുക എന്നത് പണിയുള്ള കാര്യമാണ്."- ബേസിൽ പറയുന്നു. നോക്കണം, ഇംഗ്ലീഷ് സിനിമകൾക്ക് കിടപിടിക്കുന്ന വിഎഫ്എകിസ് ഒരുക്കാന നമ്മൾ മലയാളികൾ വളർന്നുകഴിഞ്ഞിരിക്കുന്നു!

അതുപോലെ മിന്നൽ മുരളിയുടെ നൂതനമായ സൗണ്ട് ട്രാക്കിനെക്കുറിച്ചും ബേസിൽ പറയുന്നു.-'വെറുതേ ഒരു സൗണ്ട് ഇട്ടു കൊടുക്കുക എന്നതിനപ്പുറം സൂപ്പർ ഹീറോയിസം ഇൻവെന്റ് ചെയ്യുന്ന ശബ്ദങ്ങൾ ആയിരുന്നു മിന്നൽ മുരളിക്ക് ആവശ്യം. സൂപ്പർഹീറോയുടെ സൂപ്പർ പവറുകൾ പുതിയ തരം ശബ്ദത്തിലൂടെയാണ് കേൾക്കേണ്ടത്. ഇന്റർനെറ്റിലൊന്നും അത്തരം ശബ്ദങ്ങൾ കിട്ടില്ല. ആ സൗണ്ട് എഫക്ടുകൾ നമ്മൾ തന്നെ കണ്ടുപിടിക്കണം. എക്സ്റേയുടെ ഫിലിമുകൾ വിറപ്പിച്ച് അതിൽനിന്നു പ്രതിഫലിക്കുന്ന ശബ്ദം സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ ആലോചിച്ച് ഓരോന്ന് നമ്മൾ കണ്ടുപിടിക്കുകയായിരുന്നു. സൗണ്ട് ഡിസൈനിങിലും ഒരു ക്രിയേറ്റിവിറ്റിയും ഇൻവെൻഷനും നടത്താൻ അവർ ശ്രമിച്ചിട്ടുണ്ട്. "- പ്രതിഭയുള്ളവന് കൊച്ചിയും ഹോളിവുഡ് ആക്കാമെന്ന് ബേസിൽ കാണിച്ചുതരുന്നു. ഒരുപേക്ഷ ഈ ചെറുപ്പക്കാരൻ മലയാള സിനിമക്ക് നൽകിയ ഏറ്റവും വലിയ സംഭാവനയും അതുതന്നെയാണ്.

'ജോജി' ടെംപ്ലേറ്റ് മാറ്റുന്നു

തന്റെ കൂട്ടുകാരുടെയൊക്കെ ചിത്രങ്ങളിൽ വന്നുപോകുന്ന ഒരു കഥാപാത്രമായിട്ടാണ് അദ്യകാലത്ത് ഒരു അഭിനേതാവ്് എന്ന നിലയിൽ നാം ബേസിലിനെ കണ്ട്. ഫ്രണ്ട് സർക്കിളിനകത്തു നിൽക്കുന്ന ചിത്രങ്ങൾ. പിന്നെയാണ് സീരയസ് കഥാപാത്രങ്ങളിലേക്ക് വരുന്നത്. ഇതേക്കുറിച്ച് ബേസിൽ പറയുന്നത് ഇങ്ങനെ.

'അഭിനയിക്കണമെന്ന് വലിയ ആഗ്രഹമൊന്നും എനിക്കില്ലായിരുന്നു. സംവിധായകൻ എന്ന പേരിലാണല്ലോ നമ്മുടെ ഐഡിന്റിറ്റി. ചെയ്ത ചെറിയാ ക്യാരക്ടറുകൾ ആളുകൾക്ക് ഇഷ്ടമായപ്പോൾ പുതിയ സിനിമകൾ വന്നു തുടങ്ങി. പിന്നെ അത് വേണ്ടാന്ന് വെക്കാനുള്ള ഒരു ലെവലിൽ ഞാൻ എത്തിയിട്ടില്ലല്ലോ, വരുമ്പോഴല്ലേ ഇത്തരം സിനിമകളൊക്കെ വരു. അപ്പോൾ അങ്ങനെ ഒരു സൈഡു കൂടി എക്‌സ്‌പ്ലോർ ചെയ്താൽ കൊള്ളാമെന്ന് തോന്നി. സംവിധാനം ചെയ്യുന്ന പ്രൊജക്ടിനൊപ്പം മറ്റ് സിനിമകൾ കൊണ്ട് പോകുക എന്നാണ് കരുതിയിരുന്നത് പിന്നെ സ്വന്തം പ്രൊജക്ട് വരുമ്പോൾ ബ്രേക്ക് എടുത്ത് അതിന്റെ മാത്രം വർക്കിലേക്ക് മാറുക. വീണ്ടും അവസരങ്ങൾ വരുമ്പോൾ അഭിനയിക്കുക എന്നൊക്കെയാണ് കരുതിയിരുന്നത്. കൂടുതൽ മുൻഗണന സംവിധാനത്തിന് തന്നെയാണ്."- ബേസിൽ പറയുന്നു.

പക്ഷേ ദിലീഷ് പോത്തന്റെ ജോജി എന്ന സിനമക്ക് ശേഷമാണ് തന്റെ അഭിനയ ജീവിതം മാറിമറിഞ്ഞത് എന്ന് അദ്ദേഹം പറയുന്നു. 'ജോജിക്ക് ശേഷമാണ് ഞാൻ അതുവരെ ചെയ്തുകൊണ്ടിരുന്ന ടെംപ്ലേറ്റ് കഥാപാത്രങ്ങളിൽ നിന്ന് മാറിയുള്ള വേഷങ്ങൾ എനിക്ക് ലഭിക്കാൻ തുടങ്ങിയത്. ജോജിയിലും പതിവുപോലെ നർമ്മമുള്ള കഥാപാത്രമാണ് എന്നാണ് ഞാൻ കരുതിയത്. പക്ഷേ അത് സീരസായ വേഷമായിരുന്നു. അപ്പോഴാണ് എനിക്കിതൊക്കെ സാധിക്കുമെന്ന് ഞാൻ സ്വയം തിരിച്ചറിയുന്നതും. ശേഷം അത്തരം കഥാപാത്രങ്ങൾ വരാനും ആകാംക്ഷയോടെ സ്വീകരിക്കാനും തുടങ്ങി. എന്നെ വിശ്വസിച്ച് ആ വേഷം തന്നവരെ ഞാൻ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് നന്നാക്കാൻ പരമാവധി ശ്രമിച്ചു'. ബേസിൽ പറയുന്നു

ജാൻ എ മൻ സിനിമയിലെ ജോയ്മോനും, പാൽതു ജാൻവറിലെ പ്രസൂണും, ജയ ജയ ഹേയിലെ രാജേഷും, ജോജിക്ക് ശേഷം ബേസിലിന് ലഭിച്ച മികച്ച വേഷങ്ങളായിരുന്നു. ഇതിൽ ജാൻ എ മൻ സൂപ്പർ ഹിറ്റായിരുന്നു. അതുപോലെ ജയ ജയ ഹേയിലെ രാജേഷും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈയിടെ പൃഥിരാജ് ഒരു അനുഭവം പറഞ്ഞു. നടി ജ്യോതികയുടെയും സൂര്യയുടെയും വീട്ടിൽ ഒരു ഉച്ചയൂണിന് താൻ എത്തിയപ്പോൾ, ജ്യോതിക പറഞ്ഞത്. "ജയ ജയ ഹേയിലെ നായകന്റെ മുഖത്ത് നമുക്ക് ഒരു അടികൊടുക്കാൻ തോന്നും. പക്ഷേ ബേസിൽ ആയതുകൊണ്ട് ക്ഷമിക്കാനും" ഇങ്ങനെയാണെന്ന് പൃഥി പറയുന്നു. അത്രക്ക് ജനപ്രിയനാണ് ബേസിൽ.

ജനപ്രിയ നടൻ എന്ന് അറിയപ്പെടാനില്ല

'അഭിനയിക്കുമ്പോൾ നമ്മൾ എടുക്കുന്ന അദ്ധ്വാനം കുറവാണ്. കഥ കേൾക്കുന്നു. പിന്നെ അഭിനയിക്കാൻ ചെന്നാൽ മതി. ഇതിൽ നിക്ഷേപിക്കുന്ന സമയവും വളരെ കുറവാണ്. എന്നാൽ സംവിധാനം അങ്ങനെയല്ല. ഒരു സിനിമയിൽ ഒരു ദിവസം അഭിനയിച്ചാലും 24 സിനിമകളിൽ ഒന്നായി. അതുകൊണ്ട് എണ്ണം കൂടും. നടൻ എന്ന രീതിയിൽ സിനിമകൾക്കിടയ്ക്കുള്ള ബ്രേക്കുകളിലും അഭിനയിക്കാം. സിനിമ സംവിധാനം ചെയ്യുന്നതിനിടയിലുള്ള സമയത്തും മറ്റു നടന്മാരുടെ ഡേറ്റിനുവേണ്ടി കാത്തിരിക്കുന്ന സമയത്തും ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സംവിധായകൻ എന്ന നിലയിൽ ഒരുപാടു സിനിമ ചെയ്യണമെന്നില്ല. എന്നാൽ ചെയ്യുന്നത് നല്ല സിനിമയാകണം എന്ന ആഗ്രഹമുണ്ട്. ആക്ടിങ് കരിയർ പാരലലായി ഉണ്ടായിരുന്നതു കൊണ്ടു സാമ്പത്തിക സ്ഥിരതയുണ്ടായി. അതു സംവിധാനം ചെയ്യുന്ന സിനിമകൾക്കു കുറെക്കൂടി സമയമെടുത്തു നിലവാരത്തിൽ കോംപ്രമൈസ് ചെയ്യാതെ പ്രവർത്തിക്കാൻ സഹായിച്ചിട്ടുണ്ട്."- തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ബേസിൽ പറയുന്നത് ഇങ്ങനെയാണ്.

ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നടൻ എന്ന ലേബലിൽ അറിയപ്പെടാൻ ആഗ്രഹമില്ലെന്നും ബേസിൽ ജോസഫ് വ്യക്താക്കിയിരുന്നു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുക്കുന്നതിനിടെ 'ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകൻ എന്ന ലേബലിലെത്തുമ്പോൾ ചിത്രങ്ങളിൽ കൂടുതൽ സെലക്ടിവാകാറുണ്ടോ'? എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. അവരെ ഇഷ്ടപ്പെടുന്ന ഒരുപാടു ആളുകൾ ഉണ്ടെന്നും സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടാനാണ് ആഗ്രഹമെന്നുമായിരുന്നു താരത്തിന്റെ മറുപടി.

കോളജ് കാല പ്രണയിനി എലിസബത്ത് ആണ് ബേസിലിന്റെ ഭാര്യ. 2017-ലായിരുന്നു വിവാഹം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് തുടങ്ങിയ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്. ഹോപ്പ് എലിസബത്ത് ബേസിൽ എന്ന ഒരു മകളുമുണ്ട്. ഇപ്പോൾ മിന്നൽ മുരളിയുടെ രണ്ടാംഭാഗം അണിയറയിൽ ഒരുങ്ങുകയാണ് എന്ന വാർത്തയാണ് കേൾക്കുന്നത്. സിനിമാ പ്രേമികൾ ഇതിനായി ആവേശത്തോടെ കാത്തിരിക്കുയാണ്.

വാൽക്കഷ്ണം: സോഷ്യൽ മീഡിയയിലെ രണ്ട് താരങ്ങളാണ് ബേസിൽ ജോസഫും, ധ്യാൻ നായകനായ 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിൽ ബേസിലും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം ഇറങ്ങിയ സമയത്ത് സിനിമ കണ്ട ശേഷം തന്റെ അഭിനയം കണ്ട് ബേസിൽ ജോസഫ് ഞെട്ടിയെന്നും, അതിന്റെ വിഷമത്തിൽ റൂം എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണെന്നും ധ്യാൻ തമാശ രൂപത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ 'ഗുരുവായൂരമ്പലനടയിൽ' ഇറങ്ങിയ ശേഷം ചിലർ തമാശയായി പറയുന്നത് ധ്യാൻ റൂം എടുത്ത് മദ്യപിച്ച് കൊണ്ടിരിക്കുകയാണെന്നാണ്!