ഇന്ദിരാഗാന്ധി വധത്തെതുടര്‍ന്ന് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായ കാലം. രാജീവിനെ ബിബിസി ഇന്റവ്യൂ ചെയ്യുന്നു. ഡൂണ്‍ സ്‌കൂളിലടക്കം പഠിച്ച രാജീവിന് അന്ന് ഹിന്ദി അത്ര നന്നായി വഴങ്ങുന്നില്ല. എന്നാല്‍ അഭിമുഖം നടത്തുന്ന ബിബിസി ലേഖകനായ സായിപ്പ്, തനി ലോക്കല്‍ ഹിന്ദിയില്‍ ക്യാമറാനുമായി ആശയ വിനിമയം നടത്തിയപ്പോള്‍, രാജീവ്ഗാന്ധി ഞെട്ടിപ്പോയി. അതാണ് സര്‍ മാര്‍ക്ക് ടള്ളി എന്ന ബിബിസി ലേഖകന്‍. അയാള്‍ കര്‍മ്മംകൊണ്ട് തനി ഭാരതീയനായിരുന്നു! ആഴമേറിയ അറിവും കൈമുതലാക്കി ഇന്ത്യക്കുവേണ്ടി ജീവിച്ച മാധ്യമ പ്രവര്‍ത്തകന്‍. ബംഗ്ലാദേശ് യുദ്ധവും, ഭോപ്പാല്‍ വാതക ദരുന്തവും, ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും, ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും കൊലയും, ബാബറി മസ്ജിദിന്റെ പതനുവുമൊക്കെയായി, ഇന്ത്യയുടെ കലലെരിയുന്ന കാലത്തിന് ക്യാമറ പിടിച്ച സാക്ഷി. ടള്ളി രാജിവെച്ചപ്പോള്‍ ബി.ബി.സി എന്ന സ്ഥാപനം പോലും അവരുടെ നിരാശ പരസ്യമാക്കി.

സാധാരണ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമ പ്രവര്‍ത്തകര്‍ സാദാ ഒരു മാസ്‌ക്കുമായാണ് നടക്കുക എന്നാണ് പറയുക. കാരണം അവരില്‍ പലരും ഇന്ത്യതെ ഒരു കുപ്പത്തൊട്ടിയായിട്ടാണ് കാണുന്നത്. പാമ്പാട്ടികളുടെയൂും, ആള്‍ദൈവങ്ങളുടെയും, അപരിഷ്‌കൃതരുടെയും നാടായി ഇന്ത്യയെ കാണാതെ, ആ രാജ്യത്തിന്റെ ആത്മാവ് കണ്ടത്താന്‍ ശ്രമിച്ച ഇവിടുത്തെ നഗരങ്ങളെയും, തീവണ്ടിയെയും, ഗ്രാമങ്ങളെയുമൊക്കെ സ്നേഹിച്ച് ആ മനുഷ്യനാണ് 90-ാം വയസ്സില്‍ കടന്നുപോവുന്നത്. 1992-ല്‍ പദ്മശ്രീയും 2005-ല്‍ പദ്മഭൂഷണും നല്‍കി രാജ്യം മാര്‍ക് ടള്ളിയെ ആദരിച്ചിരുന്നു. മാര്‍ക് അന്തരിച്ച വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സഹ പ്രവര്‍ത്തകനുമായ സതീഷ് ജേക്കബ് ആണ് പുറംലോകത്തെ അറിയിച്ചത്. ഐതിഹാസമായ ഒരു ജീവിതത്തിനാണ് അതോടെ തിരശ്ശീല വീഴുന്നത്.

വഴിതെറ്റിയെത്തിയ പുരോഹിതന്‍!

1935 ഒക്ടോബര്‍ 24-ന് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയിലെ ടോളിഗഞ്ചിലാണ് വില്യം മാര്‍ക്ക് ടള്ളി ജനിച്ചത്. മുത്തച്ഛന്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ കറുപ്പ് വ്യാപാരവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ലാഭകരമായ ബിസിനസ്സുകളില്‍ ഒന്നായിരുന്നു ഇത്. ടള്ളിയുടെ പിതാവ് കൊല്‍ക്കത്തയിലെ ഒരു വലിയ ബ്രിട്ടീഷ് കമ്പനിയില്‍ പങ്കാളിയായിരുന്നു.





ഒരു ബ്രിട്ടീഷ് ബാലനായി ഇന്ത്യയില്‍ വളര്‍ന്നപ്പോള്‍ നേരിട്ട വിരോധാഭാസത്തെക്കുറിച്ച് ടള്ളി പലപ്പോഴും വിവരിച്ചിട്ടുണ്ട്. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഒരു കൊച്ചു ബ്രിട്ടീഷുകാരനായിട്ടാണ് അദ്ദേഹത്തെ മാതാപിതാക്കള്‍ വളര്‍ത്തിയത്. ഇന്ത്യന്‍ കുട്ടികളുമായി ഇടപഴകുന്നതിനോ അവരോടൊപ്പം കളിക്കുന്നതിനോ അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ അനുവദിച്ചിരുന്നില്ല. 'ഇന്ത്യക്കാരെപ്പോലെ ആകരുത്' എന്ന കര്‍ശനമായ നിര്‍ദ്ദേശമായിരുന്നു അന്ന് ബ്രിട്ടീഷ് കുടുംബങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ഇന്ത്യന്‍ കുട്ടികളുമായി കൂട്ടുകൂടാന്‍ അനുവാദമില്ലായിരുന്നെങ്കിലും, അദ്ദേഹത്തെ നോക്കിയിരുന്ന ഇന്ത്യന്‍ ആയമാരുമായി അദ്ദേഹം വളരെ അടുത്തു. അവരിലൂടെയാണ് അദ്ദേഹം ഹിന്ദി വാക്കുകളും ഇന്ത്യന്‍ കഥകളും ആദ്യമായി കേള്‍ക്കുന്നത്. കുട്ടിക്കാലത്ത് രക്ഷിതാക്കള്‍ തടഞ്ഞുനിര്‍ത്തിയ ആ വലിയ 'ഇന്ത്യയെ' അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിലൂടെയും എഴുത്തിലൂടെയും പിന്നീട് സ്വീകരിച്ചു. ഇവിടുത്തെ സാധാരണക്കാരോടും അദ്ദേഹം പുലര്‍ത്തിയിരുന്ന ആത്മബന്ധത്തിന് പിന്നില്‍ തന്റെ കുട്ടിക്കാലത്തെ ഈ 'അകലം പാലിക്കല്‍' ഒരു കാരണമായിരിക്കാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഒന്‍പതാം വയസ്സില്‍ ഉപരിപഠനത്തിനായി അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്ക് പോകേണ്ടി വന്നു. ഇംഗ്ലണ്ടിലെ പ്രശസ്തമായ മര്‍ല്‍ബറോ കോളേജിലാണ് അദ്ദേഹം തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ട്രിനിറ്റി ഹാളില്‍ നിന്ന് അദ്ദേഹം ബിരുദം നേടി ഒരു ഘട്ടത്തില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ പുരോഹിതനാകാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി ഓക്സ്ഫോര്‍ഡിലെ ലിങ്കണ്‍ തെക്കന്‍ സെമിനാരിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് ആ വഴി ഉപേക്ഷിക്കുകയും പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയുകയും ചെയ്തു. 1964-ലാണ് അദ്ദേഹം ബിബിസിയില്‍ ചേരുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ ബിബിസിയുടെ ഇന്ത്യന്‍ പ്രതിനിധിയായി കൊല്‍ക്കത്തയിലേക്കും പിന്നീട് ഡല്‍ഹിയിലേക്കും എത്തി. 1965 മുതല്‍ ഇന്ത്യയിലെ ബിബിസി കറസ്‌പോണ്ടന്റായി സേവനമനുഷ്ഠിച്ചു. തുടര്‍ച്ചയായി 22 വര്‍ഷം ബിബിസിയുടെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്നു.ബിബിസി റേഡിയോ 4-ലെ 'സംതിങ് അണ്ടര്‍സ്റ്റുഡ്' എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു അദ്ദേഹം. 1994-ല്‍ ബിബിസിയില്‍ നിന്ന് രാജിവച്ചു. തുടര്‍ന്ന് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായിരുന്നു.

ഇന്ദിരാവധം ലോകത്തെ അറിയിച്ചു

ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത ലോകം ആദ്യമായി അറിഞ്ഞത് ബിബിസി റേഡിയോയിലുടെ മാര്‍ക്ക് ടള്ളി നല്‍കിയ റിപ്പോര്‍ട്ടിലൂടെയാണ്. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വിവരം ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് ബിബിസി പുറത്തുവിട്ടു. പ്രധാനമന്ത്രിയുടെ മകന്‍ രാജീവ് ഗാന്ധി പോലും തന്റെ അമ്മയുടെ മരണം സ്ഥിരീകരിക്കാന്‍ ബിബിസി റേഡിയോയെയാണ് ആശ്രയിച്ചതെന്ന് പില്‍ക്കാലത്ത് പറയപ്പെട്ടിട്ടുണ്ട്.




മാര്‍ക്ക് ടള്ളിക്ക് ഈ വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന സതീഷ് ജേക്കബിന്റെ അതിവേഗത്തിലുള്ള റിപ്പോര്‍ട്ടിംഗ് വഴിയാണ്. അന്നേദിവസം രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് ഒരു ആംബുലന്‍സ് കുതിച്ചുപായുന്നത് കണ്ട സതീഷ് ജേക്കബ് ഉടന്‍ തന്നെ ആശുപത്രിയിലെത്തി ഒരു ഡോക്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഉടന്‍ ജേക്കബ് ഓഫീസിലേക്ക് ഓടുകയും ലണ്ടനിലേക്ക് വിളിച്ച് വിവരം കൈമാറുകയും ചെയ്തു. ആ സമയത്ത് മുസ്സൂറിയിലായിരുന്ന ടള്ളി ഉടന്‍ തന്നെ ഡല്‍ഹിയിലെത്തി ബാക്കി റിപ്പോര്‍ട്ടിംഗുകള്‍ ഏറ്റെടുത്തു. അന്നത്തെ സര്‍ക്കാര്‍ മാധ്യമമായ ആകാശവാണി വൈകുന്നേരം 6 മണിക്ക് രാജീവ് ഗാന്ധി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷമാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ബിബിസി രാവിലെ തന്നെ വിവരം പുറത്തുവിട്ടത് ലോകമെമ്പാടും വലിയ ചര്‍ച്ചയായി.

ഇന്ദിരാവധത്തിന് കാരണമായ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ റിപ്പോര്‍ട്ടിങ്ങിലുടെയാണ്, മാര്‍ക്ക് ടള്ളി ശ്രദ്ധേയനാവുന്നതും. 1984 ജൂണില്‍ സൈനിക നടപടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള നാല് ദിവസങ്ങളില്‍ മാര്‍ക്ക് ടള്ളി അമൃത്സറില്‍ നേരിട്ടുണ്ടായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ തുടങ്ങിയ ദിവസം വിദേശ പത്രപ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹത്തോടും അമൃത്സര്‍ വിടാന്‍ സൈന്യം ഉത്തരവിട്ടു. നഗരം വിടേണ്ടി വന്നെങ്കിലും തന്റെ സഹപ്രവര്‍ത്തകനായ സതീഷ് ജേക്കബുമായി ചേര്‍ന്ന് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു. രഹസ്യ സ്രോതസ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് ബിബിസി വാര്‍ത്തകള്‍ നല്‍കിയത്.

സൈനിക നടപടിയില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം സര്‍ക്കാര്‍ കണക്കുകളേക്കാള്‍ (493) വളരെ കൂടുതലാണെന്ന് (ഏകദേശം 2000-ത്തിന് മുകളില്‍) മാര്‍ക്ക് ടള്ളി റിപ്പോര്‍ട്ട് ചെയ്തിരുന്നു.അത് വലിയ വിവാദമായി. 'അമൃതസര്‍ മിസ് ഗാന്ധീസ് ലാസ്റ്റ് ബാറ്റില്‍' എന്ന പുസ്തകത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മാര്‍ക്ക് ടള്ളിയും സതീഷ് ജേക്കബും ചേര്‍ന്ന് 1985-ല്‍ പുറത്തിറക്കിയ ഈ പുസ്തകം, ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ രേഖകളിലൊന്നായി കരുതപ്പെടുന്നു.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഒഴിവാക്കാമായിരുന്നുവെന്നും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയമായ തെറ്റായ കണക്കുകൂട്ടലുകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും പുസ്തകം പറയുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസ് തന്നെയാണ് ഭിന്ദ്രന്‍വാലയെ ആദ്യം വളര്‍ത്തിയതെന്നും എന്നാല്‍ പിന്നീട് അദ്ദേഹം നിയന്ത്രണാതീതനായി മാറിയെന്നും ടള്ളി ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളില്ലാതെ ധൃതിപിടിച്ച് നടത്തിയ നീക്കമായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന് പുസ്തകം വിമര്‍ശിക്കുന്നു. സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളിലെ പ്രതിരോധം സൈന്യം പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു. കനത്ത ആള്‍നാശം ഉണ്ടായതോടെയാണ് ക്ഷേത്ര സമുച്ചയത്തിനുള്ളിലേക്ക് ടാങ്കുകള്‍ കയറ്റാന്‍ ഡല്‍ഹിയില്‍ നിന്ന് അനുമതി നല്‍കിയതെന്ന് ടള്ളി രേഖപ്പെടുത്തുന്നു.




അകാല്‍ തഖ്ത് തകര്‍ക്കപ്പെട്ടത് സിഖ് സമൂഹത്തില്‍ വലിയ മുറിവുകളുണ്ടാക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടി നിരീക്ഷിച്ചിരുന്നു. സുവര്‍ണ്ണക്ഷേത്രത്തിലെ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഇന്ദിരാഗാന്ധിക്ക് ടള്ളിയോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ബിബിസി തെറ്റായ വിവരങ്ങള്‍ നല്‍കുന്നു എന്ന് അവര്‍ ആരോപിച്ചു. ഇക്കാര്യം ടള്ളിയുടെ മുഖത്തുനോക്കിയും ഇന്ദിരാഗാന്ധി ഒരിക്കല്‍ പറഞ്ഞിരുന്നു.

ഭോപ്പാല്‍ മുതല്‍ ബാബറി വരെ!

1984-ല്‍ ഭോപ്പാല്‍ ദുരന്തം നടന്ന സമയത്ത് ബിബിസി ഡല്‍ഹി ബ്യൂറോ ചീഫ് ആയിരുന്ന മാര്‍ക്ക് ടള്ളി, ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ അവിടെയെത്തിയ ആദ്യ വിദേശ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.

ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ഭോപ്പാലിലെത്തിയ അദ്ദേഹം കണ്ട കാഴ്ചകള്‍ ഭയാനകമായിരുന്നു. ഗ്യാസ് ചോര്‍ച്ച മൂലം ശ്വാസം മുട്ടുന്ന മനുഷ്യരെയും മൃഗങ്ങളെയും, കണ്ണുകള്‍ നീറുന്ന അവസ്ഥയിലുള്ള ജനങ്ങളെയും അദ്ദേഹം നേരിട്ട് കണ്ടു. ഭരണകൂടത്തിന്റെ പരാജയങ്ങളെയും ജനങ്ങളുടെ ദുരിതങ്ങളെയും ടള്ളി ലോകത്തിന് മുന്നിലെത്തിച്ചു.

ദുരന്തം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും അദ്ദേഹം ഭോപ്പാല്‍ സന്ദര്‍ശിക്കുകയും അതിജീവിച്ചവരുടെ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പ്രധാനമായും അദ്ദേഹത്തിന്റെ ലേഖനങ്ങളിലും പുസ്തകങ്ങളിലും കാണാം. 'നോ ഫുള്‍ സ്റ്റോപ്്സ് ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തില്‍ ഇന്ത്യയിലെ വിവിധ സാമൂഹിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതിനിടെ ഭോപ്പാല്‍ ദുരന്തത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരും ഭരണകൂടവും സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ നിന്ന് എത്രമാത്രം അകലെയാണെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ അമേരിക്കന്‍ ആസ്ഥാനവുമായുള്ള ബന്ധവും പ്ലാന്റിലെ സുരക്ഷാ വീഴ്ചകളും അദ്ദേഹം തന്റെ അന്വേഷണങ്ങളിലൂടെ പുറത്തുകൊണ്ടുവന്നു. പ്ലാന്റിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും ചില ഉദ്യോഗസ്ഥര്‍ ഇതില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നതായും അദ്ദേഹം കണ്ടെത്തി.

1991 മെയ് 21-ന് ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പ്രധാന വിദേശ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മാര്‍ക്ക് ടള്ളി. തന്റെ വിവിധ പുസ്തകങ്ങളിലൂടെ അദ്ദേഹം രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെയും അന്ത്യത്തെയും കുറിച്ച് എഴുതിയിട്ടുണ്ട്. രാജീവ് ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വരുത്തിയ ചില വലിയ തെറ്റുകളെക്കുറിച്ചും, അദ്ദേഹത്തിന് തുടക്കത്തില്‍ ലഭിച്ച ജനപിന്തുണ എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും ടള്ളി തന്റെ പുസ്തകങ്ങളില്‍ പറയുന്നു.




ഇന്ത്യയിലെ പ്രധാനമന്ത്രിമാരില്‍ തനിക്ക് ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നത് രാജീവ് ഗാന്ധിയോടാണെന്ന് മാര്‍ക്ക് ടള്ളി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സൗഹൃദമുണ്ടായിരുന്നിട്ടും രാജീവിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. 1989-ലെ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി 'ഹിന്ദു കാര്‍ഡ്' ഉപയോഗിച്ചതിനെ വിമര്‍ശിച്ച് ടള്ളി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ തങ്ങള്‍ തമ്മിലുള്ള സ്നേഹത്തെ ബാധിച്ചിട്ടില്ലെന്ന് രാജീവ് ഗാന്ധി നേരിട്ട് പറഞ്ഞിരുന്നതായും ടള്ളി അനുസ്മരിക്കുന്നു. രാജീവ് വധം തന്നെ വ്യക്തിപരമായി തളര്‍ത്തിയ ഒന്നാണെന്ന് ടള്ളി അനുസ്മരിച്ചിട്ടുണ്ട്.

1992 ഡിസംബര്‍ 6-ന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തിന് സാക്ഷിയായ പ്രധാന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സര്‍ മാര്‍ക്ക് ടള്ളി. ആ സമയത്ത് ബിബിസിയുടെ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് ആയിരുന്നു അദ്ദേഹം. അയോധ്യയില്‍ കര്‍സേവകര്‍ പള്ളി തകര്‍ക്കുന്നത് അദ്ദേഹം നേരില്‍ കണ്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്യമായ പ്രതിരോധം തീര്‍ക്കാതെ പിന്‍വാങ്ങുന്നത് കണ്ടപ്പോള്‍ ഭരണകൂടത്തിന്റെ അധികാരം പൂര്‍ണ്ണമായും തകര്‍ന്നു എന്നാണ് അദ്ദേഹം പിന്നീട് വിശേഷിപ്പിച്ചത്. റിപ്പോര്‍ട്ടിങ്ങിനിടെ ഒരു സംഘം കര്‍സേവകര്‍ അദ്ദേഹത്തെ വളയുകയും 'മാര്‍ക്ക് ടള്ളിക്ക് മരണം' എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഈ സമയത്ത് ഒരു ഹിന്ദു പുരോഹിതനും പ്രാദേശിക ഉദ്യോഗസ്ഥനും ഇടപെട്ട് അദ്ദേഹത്തെ ഒരു ക്ഷേത്രത്തിലെ മുറിയില്‍ പൂട്ടിയിട്ടാണ് രക്ഷപ്പെടുത്തിയത്.

അയോധ്യയിലെ ടെലിഫോണ്‍ ലൈനുകള്‍ വിച്ഛേദിക്കപ്പെട്ടതിനാല്‍, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി അദ്ദേഹം ഫൈസാബാദിലേക്ക് (ഇന്നത്തെ അയോധ്യ നഗരം) കാര്‍ ഓടിച്ചു പോയി അവിടെയുള്ള ടെലിഗ്രാഫ് ഓഫീസില്‍ നിന്നാണ് ബിബിസി ലണ്ടന്‍ ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് അയച്ചത്. തന്റെ വിവിധ പുസ്തകങ്ങളിലും ലേഖനങ്ങളിലും ഇന്ത്യയിലെ മതേതരത്വത്തിന് ഏറ്റ ഏറ്റവും വലിയ ആഘാതമായിട്ടാണ് അദ്ദേഹം ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. എങ്കിലും, ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിന് ഇത്തരം സംഭവങ്ങളെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

പുറത്താക്കപ്പെട്ടത് രണ്ടുതവണ

തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ രണ്ട് തവണ ഇന്ത്യയില്‍ നിന്ന് ടള്ളി പുറത്താക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് അടിയന്തരാവസ്ഥാ കാലത്തെ പുറത്താക്കലായിരുന്നു. 1969ലാണ് ആദ്യമായി മാര്‍ക്ക് ടള്ളിക്ക് ഇന്ത്യ വിടേണ്ടി വന്നത്. ഫ്രഞ്ച് സംവിധായകന്‍ ലൂയി മാള്‍ നിര്‍മ്മിച്ച 'ഫാന്റം ഇന്ത്യ' എന്ന ഡോക്യുമെന്ററി പരമ്പര ബിബിസി സംപ്രേഷണം ചെയ്തതായിരുന്നു കാരണം. ഇന്ത്യയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ബിബിസിയെ പുറത്താക്കി. ഇതിനെത്തുടര്‍ന്ന് ടള്ളിക്കും മടങ്ങേണ്ടി വന്നു. പിന്നീട് 1971-ലാണ് അദ്ദേഹം വീണ്ടും ഇന്ത്യയിലെത്തിയത്.

1975-ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അനുമതി വാങ്ങണം എന്ന 'സെന്‍സര്‍ഷിപ്പ് കരാറില്‍' ഒപ്പിടാന്‍ ബിബിസിയും മാര്‍ക്ക് ടള്ളിയും വിസമ്മതിച്ചു. ഇതോടെയാണ് അദ്ദേഹം പുറത്താക്കപ്പെട്ടത്. പക്ഷേ ടള്ളി ലണ്ടനില്‍ ഇരുന്നുകൊണ്ട് ബിബിസിയിലൂടെ ഇന്ത്യയിലെ വാര്‍ത്തകള്‍ ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് ഇന്ത്യക്കാര്‍ വിശ്വസനീയമായ വാര്‍ത്തകള്‍ക്കായി ടള്ളിയുടെ ബിബിസി റിപ്പോര്‍ട്ടുകളെയാണ് ആശ്രയിച്ചിരുന്നത്. 18 മാസങ്ങള്‍ക്ക് ശേഷം, 1977-ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.




താന്‍ പറയാത്ത കാര്യങ്ങള്‍ ബിബിസിയുടെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ട് സര്‍ക്കാരും ചില കേന്ദ്രങ്ങളും തന്നെ വേട്ടയാടിയിരുന്നതായി അദ്ദേഹം പിന്നീട് പുസ്തകങ്ങളില്‍ സൂചിപ്പിച്ചു. ഇത്തരം പുറത്താക്കലുകള്‍ ഉണ്ടായിട്ടും ഇന്ത്യയോടുള്ള തന്റെ സ്നേഹം അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിരുന്നു. ടള്ളിക്ക് ഇന്ത്യന്‍ നേതാക്കളുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് തന്നെ പുറത്താക്കിയെങ്കിലും ഇന്ദിരാഗാന്ധിയുടെ കരുത്തുറ്റ നേതൃത്വത്തെ അദ്ദേഹം ബഹുമാനിച്ചിരുന്നു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായിയുമായും ടള്ളിക്ക് നല്ല ബന്ധമായിരുന്നു.മൊറാര്‍ജി ദേശായിയുടെ കര്‍ക്കശമായ സ്വഭാവത്തെക്കുറിച്ച് ടള്ളി രസകരമായ പല അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്. ദേശായിയുടെ ഭക്ഷണരീതികളെക്കുറിച്ചും (പ്രത്യേകിച്ച് മൂത്രചികിത്സ) അദ്ദേഹത്തിന്റെ കടുംപിടുത്തങ്ങളെക്കുറിച്ചും ടള്ളി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മൂത്രം കുടി ലോകം അറിഞ്ഞതും ടള്ളിയുടെ റിപ്പോര്‍ട്ടോടെയാണ്!

ഹരിയാനയുടെ സിംഹം എന്നറിയപ്പെട്ടിരുന്ന ഉപപ്രധാനമന്ത്രി ദേവിലാലുമായുള്ള ടള്ളിക്ക് അടുത്ത ബന്ധമായിരുന്നു. ദേവിലാലിന്റെ ഗ്രാമീണ രാഷ്ട്രീയ ശൈലിയെ ടള്ളി വളരെ താല്‍പ്പര്യത്തോടെയാണ് നിരീക്ഷിച്ചിരുന്നത്. തന്റെ റിപ്പോര്‍ട്ടിംഗിനിടയില്‍ ദേവിലാലുമായി നടത്തിയ കൂടിക്കാഴ്ചകളും അദ്ദേഹത്തിന്റെ തനതായ നാടന്‍ സംസാരശൈലിയും ടള്ളി തന്റെ പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്. ഒരിക്കല്‍ തിരഞ്ഞെടുപ്പ് സമയത്ത്, തന്റെ പാര്‍ട്ടിയുടെ പ്രകടനപത്രികയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദേവിലാല്‍. ഗ്രാമീണരായ ജനങ്ങളോട് സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് വാക്കായ 'മാനിഫെസ്റ്റോ' എന്നതിന് അദ്ദേഹം നല്‍കിയ വ്യാഖ്യാനമാണ് ടള്ളിയെ ചിരിപ്പിച്ചത്. ദേവിലാല്‍ ജനങ്ങളോട് പറഞ്ഞു: 'ഈ മാനിഫെസ്റ്റോ എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ഇതൊരു തരം കള്ളമാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി രാഷ്ട്രീയക്കാര്‍ പറയുന്ന നുണകളാണിവ. പക്ഷേ, ഞാന്‍ പറയുന്നത് കേള്‍ക്കൂ, എന്റെ മാനിഫെസ്റ്റോയിലെ നുണകള്‍ മറ്റുള്ളവരുടേതിനേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ടതാണ്!'തന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പോലും വെറും രാഷ്ട്രീയ തന്ത്രങ്ങളാണെന്ന് ഇത്രയും നിഷ്‌കളങ്കമായും പരസ്യമായും സമ്മതിച്ച ദേവിലാലിന്റെ രീതി തന്നെ അത്ഭുദപ്പെടുത്തിയെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ ശക്തമായ തീരുമാനമെടുക്കാനുള്ള കഴിവിനെ മാര്‍ക്ക് ടള്ളി പലപ്പോഴും അഭിനന്ദിച്ചിട്ടുണ്ട്. യു.പി.എ സര്‍ക്കാരിന്റെ അവസാന കാലത്തുണ്ടായ 'നയപരമായ സ്തംഭനാവസ്ഥ' മാറ്റാന്‍ മോദിക്ക് സാധിച്ചുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. മോദിയെ ഒരു 'മികച്ച ആശയവിനിമയക്കാരന്‍' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഇന്ത്യന്‍ ബ്യൂറോക്രസിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മോദി ശ്രമിച്ചതിനെ ടള്ളി അനുകൂലിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് ഓഫീസില്‍ എത്തുന്നതും ഫയലുകള്‍ വേഗത്തില്‍ നീങ്ങുന്നതും ഒരു നല്ല മാറ്റമാണെന്ന് അദ്ദേഹം കരുതി.

പക്ഷേ മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ മതേതര സ്വഭാവത്തിന് മാറ്റം വരുന്നത് ടള്ളി ആശങ്കയോടെയാണ് കണ്ടിരുന്നത്.ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുന്നത് ഇന്ത്യയുടെ വൈവിധ്യത്തെ ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുന്നതിനെക്കുറിച്ച് ടള്ളി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമര്‍ശിക്കുന്ന മാധ്യമങ്ങളെ സര്‍ക്കാര്‍ നേരിടുന്ന രീതിയെ അദ്ദേഹം ചോദ്യം ചെയ്തു. മോദിയുടെ വികസന അജണ്ടയെയും ഭരണപരമായ കരുത്തിനെയും അംഗീകരിക്കുമ്പോള്‍ തന്നെ, ഇന്ത്യയുടെ മതേതര പാരമ്പര്യത്തിലും ജനാധിപത്യ സ്ഥാപനങ്ങളിലും ആ ഭരണം ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് മാര്‍ക്ക് ടള്ളിക്ക് വിമര്‍ശനാത്മകമായ നിലപാടായിരുന്നു ഉണ്ടായിരുന്നത്.

പ്രണയം ഇന്ത്യന്‍ തീവണ്ടികളോട്!

ഒരോ അണുവിലും ഇന്ത്യയെ പ്രണയിച്ച വ്യക്തിയായിരുന്നു മാര്‍ക്ക് ടള്ളി. ഇന്ത്യന്‍ റെയില്‍വേയോടുള്ള അദ്ദേഹത്തിന്റെ പ്രണയം വളരെ പ്രശസ്തമാണ്. ട്രെയിനുകള്‍ വെറുമൊരു യാത്രാമാര്‍ഗ്ഗമല്ല, മറിച്ച് ഇന്ത്യയുടെ ആത്മാവാണ് എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ടള്ളിയുടെ പിതാവ് ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു. കുട്ടിക്കാലത്ത് സ്‌കൂളില്‍ പോകാന്‍ ഈ ട്രെയിനാണ് ഉപയോഗിച്ചിരുന്നത്. കുന്നിന്‍ചരിവിലൂടെ ഓടുന്ന ചെറിയ ട്രെയിനുകളില്‍ നിന്ന് ചാടിയിറങ്ങുന്നതും വീണ്ടും കയറുന്നതുമെല്ലാം ഒരു 'തമാശ'യായാണ് അദ്ദേഹം കണ്ടിരുന്നത്. റെയില്‍വേയോടുള്ള തന്റെ താല്‍പ്പര്യത്തിന്റെ തുടക്കം അവിടെയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

റെയില്‍വേയെക്കുറിച്ച് അദ്ദേഹം നേരിട്ട് എഴുതിയതും ആമുഖം നല്‍കിയതുമായ നിരവധി പുസ്തങ്ങളുണ്ട്. 'ഇന്ത്യാസ് ലാസ്റ്റ് സ്റ്റീം ട്രെയിന്‍' എന്ന പുസ്തകം, ഇന്ത്യയിലെ നീരാവി എന്‍ജിനുകളുടെ പ്രതാപകാലത്തെയും അത് നിലച്ചുപോകുന്നതിനെക്കുറിച്ചുമുള്ള ഹൃദയസ്പര്‍ശിയായ വിവരണമാണ്. അതുപോലെ, 'ധിമിവാലി ഫാസ്റ്റ് പാസഞ്ചര്‍' എന്നത് ഇന്ത്യന്‍ റെയില്‍വേയിലെ യാത്രാനുഭവങ്ങളെക്കുറിച്ച് അദ്ദേഹം രചിച്ച ഹിന്ദി പുസ്തകമാണ്. റെയില്‍വേ ചരിത്രകാരനായ രാജേന്ദ്ര അക്ലേക്കര്‍ മുംബൈയിലെ ട്രെയിനുകളെക്കുറിച്ച് എഴുതിയ പുസ്തകങ്ങള്‍ക്ക് ആമുഖം എഴുതിയതും ടള്ളിയാണ്. ബിബിസിക്ക് വേണ്ടി അദ്ദേഹം റെയില്‍വേയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. 'സ്റ്റീം ഇന്ത്യന്‍ സമ്മര്‍' എന്നത് ഇന്ത്യയിലെ അവസാനത്തെ നീരാവി എന്‍ജിനുകളെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്.

'ഗ്രേറ്റ് റെയില്‍വേ ജേണീസ്' എന്ന പുസ്തകത്തില്‍, പാകിസ്ഥാനിലെ കറാച്ചി മുതല്‍ ഖൈബര്‍ പാസ് വരെയുള്ള റെയില്‍വേ യാത്രകളെ അദ്ദേഹം അവതരിപ്പിക്കുന്നു. ക്യൂന്‍ ഓഫ് ഹില്‍സ് എന്ന ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേയെക്കുറിച്ചുള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബിബിസി ഡോക്യുമെന്ററിയും ശ്രദ്ധേയമാണ്. റെയില്‍വേ ഇല്ലായിരുന്നെങ്കില്‍ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങള്‍ വെറും ചെറിയ തുറമുഖങ്ങളായി ഒതുങ്ങിപ്പോകുമായിരുന്നുവെന്ന് മാര്‍ക്ക് ടള്ളി നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനതയെയും സംസ്‌കാരത്തെയും കോര്‍ത്തിണക്കുന്ന ഒരു ജനാധിപത്യപരമായ പൊതുഗതാഗത സംവിധാനമായാണ് അദ്ദേഹം ട്രെയിനുകളെ കണ്ടിരുന്നത്. അദ്ദേഹം തന്റെ ഡല്‍ഹിയിലെ വീട്ടില്‍ ബ്രിട്ടീഷ് ഭരണകാലത്തെ റെയില്‍വേ കമ്പനികളുടെ മുദ്രയുള്ള ചായക്കപ്പുകള്‍ പോലും കൗതുകത്തിനായി സൂക്ഷിച്ചിരുന്നു.

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഈസ്റ്റ് എന്ന പ്രദേശത്താണ് സര്‍ മാര്‍ക്ക് ടള്ളി വര്‍ഷങ്ങളോളം താമസിച്ചിരുന്നത്. ഇന്ത്യയിലെ തന്റെ വീടിനെക്കുറിച്ചും ആ പ്രദേശത്തെക്കുറിച്ചും അദ്ദേഹം ധാരാളം സ്നേഹത്തോടെയും ആദരവോടെയും എഴുതിയിട്ടുണ്ട്. ഡല്‍ഹിയുടെ തിരക്കുകള്‍ക്കിടയിലും നിസാമുദ്ദീനിലെ തന്റെ വീടും പരിസരവും വളരെ ശാന്തമായിരുന്നതായി അദ്ദേഹം ഓര്‍മ്മിച്ചിട്ടുണ്ട്. ഈ പ്രദേശം മധ്യകാലഘട്ടത്തിലെ സൂഫി സന്യാസി നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗ സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. ഈ ചരിത്രപരമായ അന്തരീക്ഷം അദ്ദേഹത്തെ വളരെയധികം ആകര്‍ഷിച്ചു.

നിസാമുദ്ദീന്‍ വിവിധ സംസ്‌കാരങ്ങളും മതങ്ങളും ഒത്തുചേരുന്ന സ്ഥലമാണ്. ദര്‍ഗയിലെ ഖവ്വാലികളും പ്രാര്‍ത്ഥനകളും, സമീപത്തുള്ള ഹുമയൂണിന്റെ ശവകുടീരം പഴയ ഡല്‍ഹിയുടെ സ്പന്ദനങ്ങള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ എഴുത്തുകളില്‍ കടന്നുവന്നിട്ടുണ്ട്.




ലണ്ടനിലെ ബിബിസി ആസ്ഥാനത്ത് നിന്ന് വ്യത്യസ്തമായി, ഡല്‍ഹിയിലെ തന്റെ വീട്ടില്‍ ഇരുന്നുകൊണ്ട് ഇന്ത്യയുടെ യഥാര്‍ത്ഥ സ്പന്ദനം അറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സാധാരണക്കാരായ അയല്‍വാസികളും, ദര്‍ഗ സന്ദര്‍ശിക്കാന്‍ വരുന്നവരുമായി അദ്ദേഹം നല്ല ബന്ധം പുലര്‍ത്തി. ഒരു വിദേശ പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി, ഇന്ത്യയുടെ ഭാഗമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.

'ദി ഹാര്‍ട്ട് ഓഫ് ഇന്ത്യ' എന്ന ഇന്ത്യയെക്കുറിച്ചുള്ള തന്റെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അദ്ദേഹം നിസാമുദ്ദീന്‍ ജീവിതം പകര്‍ത്തിവെച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയുടെ ഹൃദയമിടിപ്പ് അറിയണമെങ്കില്‍ ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കണം. ആധുനിക ഡല്‍ഹിയും പഴയ ഡല്‍ഹിയും തമ്മിലുള്ള വ്യത്യാസം നിസാമുദ്ദീനിലെ ജീവിതത്തിലൂടെ അദ്ദേഹത്തിന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചു. ടള്ളിക്ക് നിസാമുദ്ദീനിലെ വീട് വെറുമൊരു താമസസ്ഥലം മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യ എന്ന രാജ്യത്തിന്റെ വൈവിധ്യവും ചരിത്രവും അനുഭവിക്കാനുള്ള ഒരു ജാലകമായിരുന്നു!

വാല്‍ക്കഷ്ണം: ഞാന്‍ ഒരു വിദേശയല്ല ഇന്ത്യാക്കാരനാണ് എന്ന് മാര്‍ക്ക് ടള്ളി ഒരു പൊതുവേദിയില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ സ്നേഹിച്ച് കൊതിതീരാതെയാണ് 90-ാം വയസ്സിലും അദ്ദേഹത്തിന്റെ മടക്കം.