- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെല്ലാരി രാജ ജനാർദ്ദന റെഡ്ഡി ബിജെപിയിൽ തിരിച്ചെത്തുമ്പോൾ!
'ആളുകൾ പറയുന്നത് എനിക്ക് 100 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ്. അവരെ തിരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് 1,000 കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്"- 2010ൽ ഗാലി ജനാർദ്ദന റെഡ്ഡി എന്ന മന്ത്രി കർണാടക നിയമസഭയിൽ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. പ്രതിദിനം 5 കോടിരൂപ വരെ ഖനനത്തിലുടെ സമ്പാദിച്ച ഒരു കാലം അവർക്കുണ്ടായിരുന്നുവത്രേ! ബെല്ലാരി സഹോദന്മാർ എന്ന നിലയിൽ അറിയപ്പെട്ട, ഗാലി കരുണാകര റെഡ്ഡി, ഗാലി ജനാർദ്ദന റെഡ്ഡി, ഗാലി സോമശേഖര റെഡ്ഡി എന്നിവർ കർണ്ണാടക രാഷ്ട്രീയത്തിലെ കിരീടം വെച്ച രാജാക്കന്മാർ തന്നെയായിരുന്നു. ഇവരുടെ വീടുകളിൽ കോടികൾ വിലയുള്ള സ്വർണ്ണവും, വജ്രവും, വിഗ്രഹവുമൊക്കയാണ് ഉള്ളത്. ലക്ഷങ്ങൾ വിലമതിക്കുന്ന കിരീടവും വാളുമൊക്കെയാണ് ഇവർ സമ്മാനമായി കൊടുക്കാറുള്ളത്.
കന്നഡ രാഷ്ട്രീയത്തിൽ വീണ്ടും റെഡ്ഡി സഹോദരന്മാർ ചർച്ചയാവുകയാണ്. മൂന്നു സഹോദരങ്ങളിൽ രണ്ടാമനും, ഉഗ്ര പ്രതാപിയുമായ സാക്ഷാൽ ജനാർദ്ദന റെഡ്ഡി ഒരിടവേളക്ക് ശേഷം ബിജെപിയിൽ തിരിച്ചെത്തിയിരിക്കയാണ്. കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന സ്വന്തം പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച് കർണാടകയിൽ എംഎൽഎ ആയി തുടരവെയാണ് ജനാർദ്ദന റെഡ്ഡിയുടെ 'ഘർവാപസി'. ബെല്ലാരി മേഖലയിൽ ബിജെപിക്ക് പതിനഞ്ചോളം സീറ്റുകൾ നഷ്ടപ്പെടാൻ റെഡ്ഡിയുടെ പാർട്ടിയുടെ സാന്നിധ്യവും പ്രവർത്തനവും കാരണമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. അതുമനസ്സിലാക്കിയാണ് തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് ബിജെപി റെഡ്ഡിയെ തിരിച്ചുകൊണ്ടുവന്നത്.
ഡൽഹിൽ പോയി അമിത് ഷായെ സന്ദർശിച്ച ശേഷം ബംഗളുരുവിൽ മടങ്ങിയെത്തിയ ജനാർദ്ദന റെഡ്ഡിയെ, മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ യെദിയുരപ്പയും, സംസ്ഥാന അധ്യക്ഷനായ മകൻ വിജയേന്ദ്രയും ചേർന്ന് മധുരം നൽകിയാണ് സ്വീകരിച്ചത്. ബെല്ലാരി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ബി ശ്രീരാമലുവിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജനാർദ്ദന റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
റെഡ്ഡിമാരുടെ സംഘബലം കണ്ടുതന്നെയാണ് ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിൽ മൂന്നു മുഴം മുൻപേ എറിയുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം മാറ്റാൻ ജനാർദ്ദന റെഡ്ഡിയുടെ പുനഃപ്രവേശം ഗുണം ചെയ്യുമെന്നാണ് ബിജെപി നേതാക്കളുടെ കണക്കു കൂട്ടൽ. ഇപ്പോഴും ഈ മേഖല അടക്കി ഭരിക്കുന്ന ഖനി രാജാക്കന്മാരായ റെഡ്ഡിമാർ വഴി ബെല്ലാരി, കോപ്പാള ഉൾപ്പടെയുള്ള മണ്ഡലങ്ങളെങ്കിലും ജയിക്കുമെന്ന വിശ്വാസമാണ് ബിജെപി ദേശീയ നേതൃത്വത്തിനുള്ളത്. പക്ഷേ ശതകോടികളുടെ അഴിമതിയും, അക്രമവും, ജയിൽവാസവുമായി ഒരു കറുത്ത അധോലോക ജീവിതത്തിന്റെ ഫ്ളാഷ് ബാക്കുള്ള ഇവരെ കുട്ടുപിടിക്കുന്നത്, ബിജെപിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്നും കരുതുന്നവരുണ്ട്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച് ശതകോടീശ്വരനിലേക്കുള്ള വളർച്ച. ശരിക്കും അസാധാരണം തന്നെയാണ് ബെല്ലാരിയുടെ സഹോദരങ്ങളുടെ കഥ.
ചിട്ടിപൊട്ടിയപ്പോൾ ഖനനം
മലയാളികളെ സംബന്ധിച്ച് രാജമാണിക്യം എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ നായകനായ മമ്മൂട്ടിയുടെ രാജ, പോത്ത് കച്ചവടം നടത്തുന്ന സ്ഥലമാണ് കർണ്ണാടകയിലെ ബെല്ലാരി. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നാണിത്. വെറും മൂന്നോ നാലോ അടി താഴ്‌ത്തിയാൽ പോലും ഇരുമ്പരിര് കിട്ടും. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ ഖനന അഴിമതിയുടെ ഹോട്ട്‌സ്‌പോട്ടായി ഈ നാട് ഉയർന്നു. 2011-ൽ ബെല്ലാരിയിൽ ഖനനം നിരോധിച്ച ഇന്ത്യൻ സുപ്രീം കോടതി അടുത്തിടെ നിരോധനത്തിൽ ഭാഗികമായി ഇളവ് വരുത്തിയിട്ടുണ്ട്. ഇരുമ്പയിരിനുവേണ്ടിയുള്ള ഖനന കമ്പനികളുടെ പോരാട്ടം, പച്ചപ്പ് നിറഞ്ഞ ജില്ലയിൽ നിന്ന്, കർണ്ണാടകയിലെ ചോരയൊലിക്കുന്ന ജില്ലയാക്കി ബെല്ലാരിയെ മാറ്റി.
റെഡ്ഡി സഹോദരന്മാരില്ലാതെ ബെല്ലാരിയുടെ കഥ അപൂർണ്ണമാണ്. ഒരു പൊലീസ് കോൺസ്റ്റബിളിൽ ജനിച്ച, മൂന്ന് സഹോദരന്മാർ, ഗാലി കരുണാകര റെഡ്ഡി, ഗാലി ജനാർദ്ദന റെഡ്ഡി, ഗാലി സോമശേഖര റെഡ്ഡി എന്നിവരാണ് ബെല്ലാരി സഹോദരങ്ങൾ എന്ന് അറിയപ്പെടുന്നത്. എനോബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു ചെറിയ ചിട്ടി ബിസിനസിലാണ് ഇവരുടെ തുടക്കം. 1989-ൽ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഈ ചിട്ടിക്കമ്പനി പ്രവർത്തിച്ചു. 1998-ൽ ഇത് അവസാനിപ്പിച്ചു. നിക്ഷേപകർക്ക് പണം കൊടുക്കാതെ ചിട്ടി പൊട്ടുകയായിരുന്നു. അതിലൂടെ ബല്ലാരി സഹോദരന്മാർ ഇരുനൂറ് കോടിയോളം രൂപ തട്ടിയെന്നാണ് പറയുന്നത്. പിന്നെയാണ് അവർ ഖനന ബിസിനസിലേക്ക് ഇറങ്ങുന്നത്. അതിലുടെ വരുമാനം വന്നതോടെ കേബിൽ ശൃംഖലകൾ, പത്രം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിവിധ മേഖലകളിൽ അവർ കാശെറിഞ്ഞ് കാശുവാരി.
സുഷമയിലൂടെ വളർച്ച
1999-ൽ ബെല്ലാരി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ബിജെപി നേതാവ് സുഷമ സ്വരാജ് മത്സരിച്ചതോടെയാണ് ഇവർ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. ബെല്ലാരി സഹോദരങ്ങളെ രാഷ്ട്രീയത്തിലെത്തിച്ചത് ശ്രീരാമലു എന്ന ബിജെപി നേതാവാണ്. അക്കാലത്ത് മോട്ടോർ സൈക്കിളിൽ കറങ്ങി നടന്നിരുന്ന സഹോദരങ്ങൾ ഇപ്പോൾ ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നത്. 1952 മുതൽ ബെല്ലാരി കോൺഗ്രസിന്റെ കോട്ടയാണ്. 1999ലും വിജയം സോണിയക്കൊപ്പം നിന്നു. പക്ഷേ റെഡ്ഡി സഹോദരന്മാർ കോടികൾ ഇറക്കി, കാടിളക്കി സുഷമക്കായി പ്രചാരണം നടത്തി. ഇതോടെയാണ് അവർ ബിജെപിക്ക് വേണ്ടപ്പെട്ടവരാക്കിയത്.
2008-ൽ ബിജെപിയെ കർണാടകത്തിൽ തനിച്ച് അധികാരത്തിലെത്തിക്കാൻ യദിയൂരപ്പയെ സഹായിച്ചവരിൽ പ്രധാനി ജനാർദ്ദന റെഡ്ഡിയായിരുന്നു. പ്രധാന ധനസ്രോതസ്സും അദ്ദേഹമായിരുന്നു. റെഡ്ഡി പണം നിർലോഭമിറക്കി. ബെല്ലാരി മേഖലയിലെ ഇരുപത്തഞ്ചോളം നിയമസഭാമണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതിൽ പതിനാറുപേർ ജയിച്ചുകയറി. കേവലം 110 സീറ്റുകളുള്ള ബിജെപിക്ക് കർണ്ണാടകയിൽ സർക്കാർ രൂപീകരിക്കാൻ ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പിന്തുണ ആവശ്യമാണെന്ന് വന്നതോടെ റെഡ്ഡിമാർക്ക് ഉയർന്ന സ്ഥാനം ലഭിച്ചത്. ബിജെപിയെ അധികാരത്തിൽ നിലനിർത്താൻ സഹായിക്കാൻ അവർ കാശെറിഞ്ഞും ഭീഷണിപ്പെടുത്തിയും സ്വതന്ത്രരെ അണിനിരത്തി.
അങ്ങനെ യെദിയുരപ്പ മുഖ്യമന്ത്രിയായി. ജനാർദൻ റെഡ്ഡി ടൂറിസം, അടിസ്ഥാന സൗകര്യ വികസന മന്ത്രിയായി. സഹോദരന്മാരിൽ മൂത്തവനായ ഗാലി കരുണാകര റെഡ്ഡി സംസ്ഥാന റവന്യൂ മന്ത്രിയായി. പിന്നീട് ഇദ്ദേഹം ബെല്ലാരി ലോക്‌സഭാ സീറ്റിൽ വിജയിക്കുകയും ചെയ്തു. ഇളയ സഹോദരൻ സോമശേഖര എംഎൽഎ യായി. ജനാർദന്റെ അടുത്ത അനുയായി ബി. ശ്രീരാമുലുവും ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായിരുന്നു. അതോടെ ശരിക്കും റെഡ്ഡി റിപ്പബ്ലിക്കായി ബെല്ലാരി മാറി!
50,000 കോടിയുടെ അഴിമതി
2000-നും 2001-നും ഇടയിൽ ജി രാഘവ റെഡ്ഡിയുടെ ഖനികൾ അവർ ലീസിന് പിടിച്ചു. ബെയ്ജിങ് ഒളിമ്പിക്‌സ് അടുത്തിരിക്കെ ചൈനയിൽ നിന്ന് ഇരുമ്പിന്റെ ആവശ്യം വൻതോതിൽ ഉയർന്നതും ഈ സമയത്താണ്. ചൈനയിലേക്കുള്ള ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നവരിൽ മുൻനിരക്കാരായി റെഡ്ഡികൾ മാറി. ഇത് അവർക്ക് വലിയ കോടികളുടെ വിറ്റുവരുണ്ടാക്കി. ഓബുലാപുരം മൈനിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന അവരുടെ കമ്പനിയുടെ ലിമിറ്റഡിന്റെ പ്രതിദിന വിറ്റുവരവ് ഏകദേശം രൂപ 5 കോടിയായിരന്നുവെന്ന് പത്രങ്ങൾ എഴുതി. ഇതുനുപിന്നാലെ കണ്ണൂം മൂക്കുമില്ലാത്ത അഴിമതി യദൂരിയപ്പ സർക്കാറിലൂടെ അവർ നടത്തി. അനധികൃതമായ ഖനനമായിരുന്നു ഇതിൽ പ്രധാനം. സർക്കാർ ഉത്തരവുകൾ പോലും വ്യാജമായി ഉണ്ടാക്കി. മൊത്തം 5,0000 കോടിയുടെ അഴിമതി ഇക്കാലത്ത് നടന്നിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ ഇത് തെറ്റാണെന്നും ഒരുലക്ഷം കോടിയിലധികം അഴിമതി നടന്നിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്.
2008 ഡിസംബറിൽ അന്നത്തെ ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ ബെല്ലാരിയിലെ ഖനനത്തിലെ വൻ ലംഘനങ്ങളും വ്യവസ്ഥാപിത അഴിമതിയും വിശദമാക്കി ഒരു ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് റെഡ്ഡിമാരുടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്. സന്തോഷ് ഹെഗ്‌ഡെ തുടർ നടപടികൾക്കായി റിപ്പോർട്ട് ഗവർണർക്കും ചീഫ് സെക്രട്ടറിക്കും കൈമാറിയതോടെ യെഡിയൂരപ്പയുടെ വീഴ്ച ആരംഭിച്ചു. ജനതാദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും ഒരു കോൺഗ്രസ് രാജ്യസഭാംഗത്തിന്റെ ഭാര്യയും ഒരു ബിജെപി എംഎൽഎയും ഖനന മാഫിയയിൽ ഉൾപ്പെട്ട എഴുന്നൂറിലേറെ സർക്കാർ ഉദ്യോഗസ്ഥരും ലോകായുക്തയുടെ പ്രതിപ്പട്ടികയിലുണ്ടായിരുന്നു.
ഖനി കേന്ദ്രമായ ബെല്ലാരിയിലെ ഒരു കമ്പനി മുഖ്യമന്ത്രിയുടെ മക്കൾ നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റിനു 10 കോടിരൂപ നൽകിയതിലും ബാംഗ്ലൂർ നഗരപ്രാന്തത്തിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളിൽ നിന്നു വാങ്ങിയ ഒരേക്കർ ഭൂമിക്കു 1.48 കോടിരൂപ മതിപ്പുവിലയ്ക്കു പകരം 20 കോടിരൂപ നൽകിയതിലും ക്രമക്കേടുണ്ടെന്നും ലോകായുക്ത കുറ്റപ്പെടുത്തി. ലോകായുക്തയുടെ പ്രാഥമിക റിപ്പോർട്ട് അംഗീകരിച്ച സുപ്രീം കോടതി അനധികൃത ഖനനം കർണാടകയിലെ ധാതുസ്രോതസ്സുകൾ വറ്റിച്ചുവെന്നു കണ്ടെത്തി. മറ്റൊരു ഭൂമി ഇടപാടിൽ യെഡിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി. യെഡിയൂരപ്പ കളങ്കിതനാണെന്നു ബിജെപിയിലെ ഒരു വിഭാഗം എംഎൽഎമാർ തന്നെ കുറ്റപ്പെടുത്തിയതോടെ ബിജെപി കേന്ദ്രനേതൃത്വം കൈവിട്ടു. യെഡിയൂരപ്പയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. പിന്നെ അഴിമതിയുടെ പേരിൽ ജയിൽവാസം. അതേ അവസ്ഥയാണ് ജനാർദ്ദന റെഡ്ഡിക്കും വന്ന് ചേർന്നത്.
വൈഎസ്ആറുമായും അടുത്ത ബന്ധം
കർണാടകയിൽ തങ്ങൾക്ക് ഒരിഞ്ച് ഭൂമിയില്ലെന്നും ആന്ധ്രാപ്രദേശിലെ ഒബാലപുരം മൈനിങ് കമ്പനി വഴിയാണ് പണം സമ്പാദിക്കുന്നതെന്നും ഇവർ നേരത്തെ പറഞ്ഞിരുന്നു. റെഡ്ഡിമാരുടെ ഉയർച്ചയിൽ സുഷമയെപ്പോലെ പ്രധാന പങ്കുവഹിച്ചയാളാണ്, അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി. ജനാർദ്ദൻ റെഡ്ഡി വൈഎസ്ആർ തന്റെ 'പിതാവ്' ആണെന്നായിരുന്നു പറഞ്ഞിരുന്നത്.
2000 കോടി മുടക്കി അവർ ബ്രാഹ്‌മണി സ്റ്റീൽസ് പ്ലാന്റ് എന്ന കമ്പനി ആന്ധ്രയിൽ സ്ഥാപിച്ചു. ഇതിനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആർ റെഡ്ഡി വലിയതോതിൽ ഭൂമി അനുവദിച്ചു. നിലവിൽ നിലവിലുള്ള വിമാനത്താവളത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ വിമാനത്താവളം സ്ഥാപിക്കാൻ റെഡ്ഡി സഹോദരന്മാർക്ക് 3,115.64 ഏക്കർ ഭൂമിയാണ് അനുവദിച്ചത്. കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ കമ്പനികൾ വിമാനത്താവളം സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്നതിന് പുറമെ ഭൂമി അനുവദിച്ചതിൽ നിരവധി ക്രമക്കേടുകളും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. വൈഎസ്ആറിന്റെ മരണം 'റെഡ്ഡി ബന്ധങ്ങളെ' ദുർബലപ്പെടുത്തി. എന്നിരുന്നാലും മകൻ ജഗൻ മോഹൻ റെഡ്ഡിയുമായും ബെല്ലാരി സഹോദരങ്ങൾക്ക് നല്ല ബന്ധമായിരുന്നു.
2011 മേയിൽ ജഗൻ മോഹൻ റെഡ്ഡി ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ റെഡ്ഡിമാർ ശ്രീകാളഹസ്തി ക്ഷേത്രത്തിൽവെച്ച് 12 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ കിരീടം സംഭാവന ചെയ്തു. 2009-ൽ വൈഎസ്ആറിന്റെ മരിച്ചതിനെത്തുടർന്ന്, മുഖ്യമന്ത്രിയായ കെ. റോസയ്യ ഖനി സഹോദരരുടെ എതിരാളിയായിരുന്നു. ഖനന പ്രവർത്തനങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രത്തിന് കത്തയച്ചതും റെഡ്ഡി ഗ്യാങ്ങിന് തിരിച്ചടിയായി.
ഒടുവിൽ ജയിലിൽ
അതായത് കർണ്ണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും ഒരുപോലെ തിരിച്ചടികൾ ഉണ്ടായി. സദാനന്ദ ഗൗഡയുടെ നേതൃത്വത്തിലുള്ള പുതിയ കർണാടക സർക്കാർ, അഴിമതി ചൂണ്ടിക്കാട്ടി റെഡ്ഡിമാരെ മാറ്റിനിർത്തി. 2011 സെപ്റ്റംബർ 5നാണ് ജനാർദ്ദന റെഡ്ഡി അറസ്റ്റിലാവുന്നത്. അന്ന് വീട്ടിൽ സിബിഐ നടത്തിയ റെയ്ഡിൽ 3 കോടി പണവും 30 കിലോ സ്വർണവും പിടികൂടി. ഇയാളെയും ഭാര്യാസഹോദരൻ ശ്രീനിവാസ റെഡ്ഡിയും ഒപ്പം അറസ്റ്റിലായി. 2015 വരെ ജാമ്യമില്ലാതെ ജയിലിൽ കിടക്കേണ്ടി വന്നതോടെ ബിജെപി നേതാക്കൾ പതിയെ റെഡ്ഡിയുമായുള്ള അടുപ്പം അവസാനിപ്പിച്ചു. ബെല്ലാരിയിൽ കാലുകുത്തരുതെന്ന ഉപാധികളോടെ കിട്ടിയ ജാമ്യം ജനാർദ്ദന റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിനു തടസമായി. ബിജെപി നേതൃത്വവുമായി അടുക്കാൻ ശ്രമിച്ചെങ്കിലും ബെല്ലാരി ഇല്ലാത്ത ജനാർദ്ദന റെഡ്ഡിയെ അവർക്കു വലിയ താല്പര്യമുണ്ടായില്ല.
2018- ൽ ബിജെപിയുടെ ബി ശ്രീരാമലുവിനായി, റെഡ്ഡി മുകളാൽമുരു മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങിയെങ്കിലും ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് കോടതി ഇടപെടലുണ്ടായി. സുഷമ സ്വരാജിന്റെ മരണത്തോടെ ജനാർദ്ദന റെഡ്ഡിയെ കർണാടകയിലെ നേതാക്കളും തള്ളിപ്പറഞ്ഞു തുടങ്ങി. ഇതോടെയായിരുന്നു 2021-ൽ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് റെഡ്ഡി ബെല്ലാരിയിൽ തങ്ങാനുള്ള അനുമതി നേടിയെടുത്തത്. തുടർന്ന് ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് പുതിയ പാർട്ടി രൂപീകരിച്ചു. സഹോദരൻ സുധാകർ റെഡ്ഡി പക്ഷേ ബിജെപിയിൽതന്നെ തുടർന്നു.
രണ്ടര പതിറ്റാണ്ടു കാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ചു 2022 ൽ ആയിരുന്നു ജനാർദ്ദന, കല്യാണ രാജ്യ പ്രഗതി പക്ഷ എന്ന പാർട്ടി ഉണ്ടാക്കിയത്. ബെല്ലാരി, കൊപ്പാള, റായ്ച്ചൂർ, ബീദർ, വിജയനഗര തുടങ്ങി കല്യാണ കർണാടക മേഖലയിലെ 15 ജില്ലകളിൽ പാർട്ടി വളർത്താൻ റെഡ്ഡി അരയും തലയും മുറുക്കി ഇറങ്ങി. ഈ ജില്ലകളിലെ ചില മണ്ഡലങ്ങളിൽ ബിജെപിയെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാൻ ഇദ്ദേഹത്തിന്റെ പുതിയ പാർട്ടിക്ക് കഴിഞ്ഞു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് കന്നി അങ്കത്തിൽ ഗംഗാവതി മണ്ഡലത്തിൽ നിന്ന് ജയിച്ചു കയറി ജനാർദ്ദന ഏവരെയും ഞെട്ടിച്ചു. ഖനി അഴിമതിക്കേസും അറസ്റ്റും ജയിൽവാസവുമായി നടന്ന ജനാർദ്ദന റെഡ്ഡി 13 വർഷത്തെ ഇടവേളയ്ക്കു ശേഷമങ്ങനെ കർണാടക നിയമസഭ കണ്ടു.
ഫുട്ബോൾ ആയിരുന്നു ജനാർദ്ദയുടെപാർട്ടിയുടെ ചിഹ്നം. തന്നെ എല്ലാവരും പന്ത് തട്ടുകയായിരുന്നെന്നും ഇനി അതിനു നിന്ന് കൊടുക്കില്ലെന്നും പ്രഖ്യാപിച്ചായിരുന്നു പാർട്ടി ചിഹ്നം ഉയർത്തിക്കാട്ടി റെഡ്ഡി നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്. മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു കൊണ്ട് ബിജെപിക്ക് ബെല്ലാരി ബെൽറ്റിൽ നല്ല രീതിയിൽ തലവേദനയുണ്ടാക്കാൻ അദ്ദേഹത്തിനായി. വോട്ടുഭിന്നിച്ചതോടെ പല ബിജെപി നേതാക്കളും തോറ്റു. ഇതോടെയാണ് റെഡ്ഡിയെ എങ്ങനെയെങ്കിലും മടക്കിക്കൊണ്ടുവരിക എന്ന നിലപാടിലേക്ക് ബിജെപി എത്തിയതും.
ധരിക്കുന്നതുപോലും തങ്ക വസ്ത്രങ്ങൾ
ആഡംബരത്തിന്റെ അവസാന വാക്കാണ് ജനാർദ്ദന റെഡ്ഡി. 'ബോംബ് പ്രൂഫ്' ആയ 60 കിടപ്പുമുറികളുള്ള കൊട്ടാരമാണ് ഇദ്ദേഹത്തിന്റെ വീട്. കോട്ട പോലെയുള്ള ഈ വീട് കമാൻഡോകളുടെ കാവലിലാണ്, കൂടാതെ സിസിടിവി അടക്കമുള്ള എല്ലാ സംവിധാനവുമുണ്ട്. 2.2 കോടി രൂപ വിലമതിക്കുന്ന തങ്കം കൊണ്ട് നിർമ്മിച്ച സിംഹാസനത്തിലാണ് അദ്ദേഹം വീട്ടിൽ ഇരിക്കുക. മുകളിൽ സ്വർണ്ണകിരീടമുള്ള ഒരു കറങ്ങുന്ന ചന്ദന പീഠം, 2.58 കോടി വിലമതിക്കുന്ന സ്വർണ്ണ വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്. 20.87 ലക്ഷം രൂപയുടെ സ്വർണം പൂശിയ പാത്രങ്ങൾ ഈ വീടിനെ അലങ്കരിക്കുന്നു. ഈ തളികയിലാണ് റെഡ്ഡി വിശേഷ അവസരങ്ങളിൽ ഭക്ഷണം കഴിക്കുക എന്നും ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു.
ധരിക്കാൻ 20ലക്ഷം രൂപയുള്ള സ്വർണ്ണനൂൽ ഷർട്ടുമുണ്ട്! പകൽ പറക്കാൻ ഉപയോഗിക്കുന്ന അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്ററാണ്. രാത്രി ലാൻഡിങ് സൗകര്യമുള്ള ബെൽ ഹെലികോപ്റ്ററും. മൂന്ന് ആഡംബര കാറുകൾ-ഒരു റോൾസ് റോയ്‌സ് ഫാന്റം. ബിഎംഡബ്ല്യു, ഔഡി എന്നിവയുണ്ട്. ഒരു ഡസൻ എസ്യുവികൾ റെഡ്ഡിയുടെ പക്കലുണ്ട്.
4 കോടി രൂപ വിലമതിക്കുന്ന അത്യാധുനിക ബസും ജനാർദ്ദന റെഡ്ഡി പണ്ടേ ഉപയോഗിക്കുന്നുണ്ട്. ഷാരൂഖ് ഖാനെപ്പോലുള്ള ബോളിവുഡ് സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന ഒരു കിടപ്പുമുറിയും ടെലിവിഷനും അടുക്കളയുമൊക്കെയുള്ള ബസാണിത്. ഇതിലാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം അടക്കം നടത്താറുള്ളത്.
'ബെല്ലാരിയിലെ മുഖ്യമന്ത്രി' എന്നാണ് നാട്ടുകാർ ഇപ്പോഴും ജനാർദ്ദനയെ വിശേഷിപ്പിക്കുന്നത്. തികഞ്ഞ ഭക്തനായ ഇദ്ദേഹം തിരുപ്പതിയിലെ ബാലാജി ക്ഷേത്രത്തിന് 45 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണകിരീടമാണ് ഒരിക്കൽ സമ്മാനിച്ചത്. ബെല്ലാരയിയിലെ ശ്രീകാളഹസ്തി ക്ഷേത്രത്തിലെ ഉത്സവവും വലിയ ആഘോഷമായാണ് റെഡ്ഡിമാർ നടത്താറുള്ളത്. 250 പേരുടെ സമുഹ വിവാഹമൊക്കെ ഇതേ ചടങ്ങിൽ നടക്കും. ഒരിക്കൽ ബിജെപി അധ്യക്ഷൻ നിതിൻ ഗഡ്കരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇവിടെ ഒത്തുകൂടിയാണ്. അന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന ഭീമാകാരമായ വാളാണ്് റെഡ്ഡിമാർ ഗഡ്ക്കരിക്ക് സമ്മാനിച്ചത്.
ജനത്തിന് ദുരിതം മാത്രം
ഇങ്ങനെയൊക്കെ ആണെങ്കിലും ബെല്ലാരിയിലെ പാവങ്ങളുടെ ജീവിതം കൂടുതൽ കൂടുതൽ ദുസ്സഹമാക്കുകയാണ് റെഡ്ഡിമാരും ചെയ്തത്. വനമേഖലയിൽനിന്നുപോലും ജനാർദ്ദന റെഡ്ഡി ഖനനം നടത്തിയത് ലോകായുക്ത റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. ആദിവാസികളെ തല്ലിയോടിക്കാൻ അവർക്ക് സ്വന്തമായി ഗുണ്ടാ സംഘവും ഉണ്ടായിരുന്നു. പല്ലിന് പല്ലിന് കണ്ണിന് കണ്ണ് എന്ന രീതിയിൽ എതിരാളികളെ അരിഞ്ഞിടുകയായിരുന്നു രീതി. ബെല്ലാരിയിലെ റെഡ്ഡിമാരുടെ ജോലിക്കാർ താമസിക്കുന്ന കോളനികളിലൊക്കെ കൈയും കാലുമില്ലാത്ത ധാരാളം വികാലാംഗരെ അക്കാലത്ത് കാണാമായിരുന്നുവെന്ന് സ്ഥലം സന്ദർശിച്ച ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുതലാളിക്കുവേണ്ടി കാലും കൈയും കൊടുക്കുന്നത് വലിയ കാര്യമായാണ് അണികൾ കരുതുന്നത്. ഒരു സ്വകാര്യ ഗുണ്ടാ സേനയെതന്നെ ഇതിനായി റെഡ്ഡി ഉണ്ടാക്കിയിരുന്നു!
ഇങ്ങനെ കൊല്ലും കൊലയും ഗുണ്ടായിസവുമാണ് റെഡ്ഡി ഭരണത്തിന്റെ പാർശ്വഫലങ്ങൾ. ഖനിതൊഴിലാളികൾ അടക്കമുള്ള ബെല്ലാരിയിലെ ജനങ്ങളിൽ 70 ശതമാനവും ഇപ്പോഴും കൊടും ദാരിദ്ര്യത്തിലാണ്. ഇരുമ്പയിര് പൊടിയിൽ പൊതിഞ്ഞ ചെറിയ കുടിലുകളിലാണ് നിരവധി പ്രദേശവാസികൾ ഇപ്പോഴും താമസിക്കുന്നത്. ദാരിദ്ര്യം മാത്രമല്ല നാട്ടുകാരെ അലട്ടുന്ന വിഷയം. അമൂല്യമായ അയിര് കടത്തുന്ന ട്രക്കുകളുടെ പാതയിൽ അവശേഷിക്കുന്ന ഇരുമ്പയിര് പൊടി ശ്വസിക്കുന്നതിനാൽ ഇവരിൽ പലരും ആസ്തമാ രോഗികളാണ്. ശ്വാസകോശ രോഗങ്ങളും ചർമ്മരോഗങ്ങളും, ഏറ്റവും കൂടുതലുള്ള ജില്ലയാണിത്.
റെഡ്ഡി അറസ്റ്റിലാവുന്നതുവരെ രാപ്പകലില്ലാത്ത അനധികൃത ഖനനമായിരുന്നു ഇവിടെ. അമിതവേഗതയിൽ വരുന്ന ട്രക്കുകമൂലം രാത്രി ഉറങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ട കാലം. അനുവദനീയമായ അളവിനപ്പുറം ലോറികൾ കടത്തിവിടുന്നത് കാരണം റോഡുകൾ അന്ന് തകർന്ന നിലയിലായിരുന്നു. 16 ടൺ അയിര് കൊണ്ടുപോകാൻ അനുമതിയുള്ള ഒരു ലോറി 30 ടൺ കയറ്റിക്കൊണ്ടുപോവുന്നതാണ് ഇതിന് കാരണം. പക്ഷേ ഇപ്പോൾ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം, ഖനനം നടക്കുന്നതിനാൽ കാര്യങ്ങൾ ഏറെ മെച്ചെപ്പടിക്കുണ്ട്.
പക്ഷേ പഴയതുപോലെ വ്യാപകം അല്ലെങ്കിലും ഇപ്പോഴും ഇവിടെ അനധികൃത ഖനനം നടക്കുന്നുണ്ട്. പ്രദേശത്തെ യുവാക്കൾ ഗുണ്ടാ സംഘങ്ങളിലേക്ക് ആകർഷിക്കാനും ഇത് ഇടയാക്കി. ഈസി മണിക്കായി യുവാക്കൾ ഇത്തരം സംഘങ്ങളിൽ പെടുന്നു. പഠനം പൂർത്തിയാക്കുകാതെ ഖനന മാഫിയ കൊടുക്കുന്ന, ഫാൻസി ബൈക്കും വാങ്ങി, കള്ളക്കടത്തിന് എസ്‌കോർട്ട് പോവുന്ന ചെറുപ്പക്കാർ അനവധിയായിരുന്നു.
ഈ രീതിയിൽ സാമൂഹികമായും സാമ്പത്തികമായും ഒരു പ്രദേശത്തെ തകർക്കയാണ് റെഡ്ഡിമാർ ചെയ്തത്. ഇത്രയേറെ അഴിമതി നടത്തിയിട്ടും, ആരോപണങ്ങൾ ഉണ്ടായിട്ടും ജനാർദ്ദൻ റെഡ്ഡി കൂളായി ബിജെപിയിൽ തിരിച്ചെത്തുന്നു. ഇതോടെ ബിജെപിയുടെ അഴിമതി വിരുദ്ധ യുദ്ധത്തെ ചോദ്യം ചെയ്ത് മേഖലയിൽ പ്രചാരണം കൊഴുപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. എന്തായാലും ബെല്ലാരിയിൽ റെഡ്ഡിയുഗം അവസാനിക്കുന്നില്ല എന്ന് ചുരുക്കം.
വാൽക്കഷ്ണം: അഴിമതിയുടെ പേരിൽ ഡൽഹി മുഖ്യമന്ത്രിയെ വരെ ജയിലിൽ അടച്ച ബിജെപിയാണ്, ഇത്രയും കോടികളുടെ അഴിമതി നടത്തിയ ആളെ വീണ്ടും പാർട്ടിയിലേക്ക് കൊണ്ടുവരുന്നത്. പണത്തിന് മീതെ പരുന്തും പറക്കില്ല എന്നത് വെറും പഴഞ്ചൊല്ല് മാത്രമല്ല.