"ജയ് ശ്രീറാം..." റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം ആഘോഷത്തിന്റെ ആങ്കർ ആയ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ്ഖാൻ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട്് വേദിയിൽ എത്തിയപ്പോൾ, ആരും ഞെട്ടിയില്ല. മുമ്പ് മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ കുടങ്ങിയപ്പോൾ, ഷാരൂഖിനെ പാക്കിസ്ഥാൻ അനുകൂലിയാക്കിവർപോലും ഇപ്പോൾ അദ്ദേഹത്തെ ദേശീയവാദിയാക്കുന്നു. ഇത് ഷാറൂഖ് ഖാന്റെ കാര്യം മാത്രമല്ല. നടൻ ആമിർ ഖാനെ എടുത്തുനോക്കു. നേരത്തെ പി കെ അടക്കമുള്ള സിനിമകളിലൂടെയും, റിയാലിറ്റി ഷോകളിലുടെ വലിയ സോഷ്യൽ കമ്മിറ്റ്മെന്റ് ഉണ്ടെന്ന് തോനുന്ന ഇമേജ് സൃഷ്ടിച്ച നടനാണ് ഇദ്ദേഹം. എന്നാൽ സമകാലീന ഇന്ത്യയിലെ എന്തെങ്കിലും ഒരു പ്രശ്നത്തെക്കുറിച്ച് ആമിർ പ്രതികിരിച്ചിട്ടുണ്ടോ? കൃഷ്ണമൃഗവേട്ടയടക്കം കേസുകൾ ഇനിയുമുള്ള ബോളിവുഡിലെ ബാഡ്ബോയ് സൽമാൻ ഖാനും, പൊതുവിഷയങ്ങളിൽ ഒന്നും മിണ്ടാറില്ല. കവി ജാവേദ് അക്തർ പറഞ്ഞതുപോലെ ഇ ഡിപ്പേടി നമ്മുടെ താരങ്ങളെപ്പോലും പിടികൂടുകയാണ്.

രാജീവ് ഗാന്ധിക്കൊപ്പം സാക്ഷാൽ അമിതാബച്ചൻ നിലനിന്ന 80-കളിൽ, ഹിന്ദി സനിമാലോകത്തും കോൺഗ്രസ് പാർട്ടിയായിരുന്നു പ്രാമുഖ്യം നേടിയത്. പക്ഷേ അന്നൊന്നും ബോളിവുഡ് രാഷ്ട്രീയത്തിന്റെ പേരിൽ ഇതുപോലെ വിഭജിക്കപ്പെട്ടിരുന്നില്ല. .ഇന്ന് ഹിന്ദിസിനിമാലോകം രണ്ടായി പിളർന്നിരിക്കുന്നു. ബിജെപി.യെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷവും എതിർക്കുന്ന ചെറിയ വിഭാഗവും. പണ്ട്, സുനിൽ ദത്തിനെയും അമിതാഭ് ബച്ചനെയും ജയാ ബച്ചനെയും ഹേമമാലിനിയെയും ശത്രുഘ്‌നൻ സിൻഹയെയുംപോലെ ഏതാനുംപേർ നേരത്തേതന്നെ രാഷ്ട്രീയത്തിന്റെ രുചി നോക്കിയിരുന്നെങ്കിലും ബോളിവുഡ് ഏറെക്കുറെ കക്ഷിരാഷ്ട്രീയ മുക്തമായിരുന്നു. എന്നാൽ ഇപ്പോഴോ. വലിയ ഭൂരിപക്ഷമുള്ള ബിജെപി ബെൽറ്റും, ഏതാനുംപേരുള്ള പ്രതിപക്ഷ ബെൽറ്റുമായി ഹിന്ദി സിനിമാലോകം മാറിയിരിക്കുന്നു.

കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നവർക്ക് ഒന്നൊന്നായി അവസരം കുറയുന്നു. മറ്റുള്ളവർക്ക് അവാർഡുകളും അംഗീകാരങ്ങളും തളികയിൽവെച്ച് കിട്ടുന്നു. അവർക്ക് ഇ ഡിപ്പേടിയും, ഇൻകംടാക്സ് പേടിയുമില്ല. ഹിന്ദി സിനിമാലോകത്തും ഇപ്പോൾ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിന്റെ വാർത്തകളാണ്. അടുത്തകാലത്തായി നിരവധി താരങ്ങളും, അണിയറപ്രവർത്തകരുമാണ് ബിജെപിയിൽ ചേരുന്നത്. കോൺഗ്രസിന്റെയും, ഇടതുപക്ഷത്തിന്റെയും ശബ്ദം ഏതാനും പേരിൽ ഒതുങ്ങുന്നു.

കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിനിമകളും ബോളിവുഡിൽനിന്ന് പുറത്തുവരുന്നു. സവർക്കറുടെ സിനിമ, ഈ തെരഞ്ഞെടുപ്പ്കാലത്ത് ഇറങ്ങിയതുമാത്രമല്ല, അതിന് എത്രയോ മുമ്പുതന്നെ തീവ്രദേശീയതയും, വംശീയ മുൻവിധികളുമുള്ള സിനിമകൾക്ക് ബോളിവുഡ് വേദിയാവുന്നുവെന്ന്, വിമർശനം ഉയർന്നിട്ടുണ്ട്. എന്തായാലും രാഷ്ട്രീയ വിഭജിക്കപ്പെട്ട ബോളിവുഡിലെ പ്രധാന കളിക്കാരെ ഒന്ന് പരിചയപ്പെടാം.

കാവിപ്പടയുടെ തീപ്പൊരിയായി കങ്കണ

ബോളിവുഡിലെ ബിജെപിയുടെ ഏറ്റവും വലിയ പോരാളി ആരാണെന്ന് ചോദിച്ചാൽ അത് നടി കങ്കണ റണൗട്ട് എന്നേ പറയാൻ കഴിയു. ട്വിറ്റിറിലും ഇൻസ്റ്റയിലുമൊക്കെയായി നിരന്തരം കങ്കണ ബിജെപിക്കുവേണ്ടി പോരാടിച്ചു. രാജ്യത്തുണ്ടാവുന്ന പ്രധാന സംഭവവികാസങ്ങളിലെല്ലാം അവർ അതിശക്തമായി പ്രതികരിച്ചു. ഇതിന്റെ ഒക്കെ ഭാഗമായാണ്, കങ്കണ റണൗട്ടിനെ ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ബിജെപി. ലോക്‌സഭാ സ്ഥാനാർത്ഥിയാക്കിയത്. മുംബൈയിലെ സ്ഥാനാർത്ഥിത്വമാണ് മോഹിച്ചിരുന്നതെങ്കിലും നറുക്കുവീണത് സ്വന്തം നാട്ടിലാണ്. അവിടെയും കങ്കണ വാർത്തകളിൽ നിറഞ്ഞ് നിൽക്കയാണ്. ഉരുളക്കുപ്പേരിപോലെ മറുപടികൊടുത്ത്, ഹിമാചാൽ രാഷ്ട്രീയത്തിൽ ചുരുങ്ങിയ ദിവസംകൊണ്ട് സകലരെയും നിഷ്പ്രഭരാക്കി.

ഹിമാചലിനെ ഒരു സാധാരണ കുടുംബത്തിൽനിന്ന് ചലച്ചിത്ര സ്വപ്നങ്ങളുമായി വെറും 17ാം വയസ്സിൽ മുബൈയിലെത്തിയ കങ്കണക്ക് സമാനതകളില്ലാത്ത പീഡനങ്ങളാണ് നേരിടേണ്ടിവന്നത്. ആദിത്യ പാഞ്ചോളിയെന്ന നടൻ, കണ്ണണയെ കെട്ടിയിട്ടുവരെ പീഡിപ്പിച്ചതും അയാളുടെ ഭാര്യയോടുവരെ പരാതി പറഞ്ഞിട്ടും ഫലമില്ലാതായതുമൊക്കെ കങ്കണ തന്നെ പരസ്യമായി വെളിപ്പെടുത്തിയപ്പോൾ ചലച്ചിത്ര ലോകം നടുങ്ങിയതാണ്.

ഉദ്ധവ് താക്കറെയുമായുള്ള പോരാട്ടത്തിന് ബിജെപി. നൽകിയ പ്രതിഫലംകൂടിയാണ് കങ്കണക്കുള്ള പാർട്ടി ടിക്കറ്റെന്നണ് വിമർശകർ പറയുന്നു. നടൻ സുശാന്ത് സിങ് രാജ്പുത് ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനു പിന്നാലെ, ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ ആഞ്ഞടിച്ച് കങ്കണ രംഗത്തെത്തി. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ചാനലിലൂടെ അവർ പുറത്തുവിട്ടത് സിനിമയുടെ തിളക്കത്തിനു പിന്നിലുള്ള വേർതിരിവിന്റെ ചിത്രമാണ്. അവരുടെ വാക്കുകൾ ഏറെ ചർച്ചയാകുകയും ചെയ്തു. എന്നാൽ, മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ പൊലീസിനെയും പരിഹസിച്ചതോടെ വിവാദത്തിനു രാഷ്ട്രീയഛായ കൂടുതലായി.

മുംബൈ പാക്ക് അധിനിവേശ കശ്മീരിനെപ്പോലെയാണെന്ന പരിഹാസം വൻ വിവാദമായി. ഇതോടെ മഹാരാഷ്ട്ര സർക്കാർ കങ്കണക്കെതിരെ തിരഞ്ഞു. കേന്ദ്രം കങ്കണക്ക് ഒപ്പവും. നടിയുടെ മുംബൈയിലെ ഫ്ളാറ്റിൽ അനധികൃതമായി നിർമ്മിച്ചെന്ന് ആരോപിക്കപ്പെടുന്ന ഭാഗം പൊളിച്ചതോടെ പോരാട്ടം മുറുകി. അതോടെ ഉദ്ധവ് താക്കറെക്കെതിരേ കങ്കണ നിരന്തര വിമർശനം അഴിച്ചുവിട്ടു. ഉദ്ധവ് സർക്കാർ വീണപ്പോൾ അവർ ആഹ്ലാദം മറച്ചുവെച്ചതുമില്ല.

കങ്കണയ്ക്ക് കേന്ദ്രം വൈപ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചു. ഇതിനിടെ ബാബർ സേനയെന്നു പേരെടുത്തുവിളിച്ചുള്ള അവഹേളനങ്ങളായി കങ്കണ വിവാദമായി. വിഷാദരോഗത്തെക്കുറിച്ചുള്ള വിവാദപരാമർശവും കർഷകസമരത്തെ 'തീവ്രവാദികളുടെ ബഹളം' എന്ന അധിക്ഷേപവും താണ്ഡവ് സീരീസിൽ ദൈവങ്ങളെ അപമാനിച്ചവരുടെ തലവെട്ടണമെന്ന ആഹ്വാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്ലാതെ തന്നെ തുടർച്ചയായി ഭരണമേൽപ്പിക്കണമെന്ന നിർദ്ദേശവും.... അങ്ങനെ ഒന്നിനുപിന്നാലെ ഒന്നായി ട്വീറ്റുകൾ, വിവാദങ്ങൾ.

നടി ഷബാന ആസ്മിയും ഭർത്താവും കവിയുമായ ജാവേദ് അക്തറും കറാച്ചിയിൽ സാംസ്‌കാരിക പരിപാടിയിൽ പോകാനിരുന്നതിനെ കണക്കറ്റ് വിമർശിച്ച കങ്കണ, ഷബാനയെ ആന്റി നാഷനൽ എന്നു വിളിച്ചതോടെയാണു കമന്റുകളിലെ പൊളിറ്റിക്സിലേക്കു രാജ്യത്തിന്റെ ശ്രദ്ധ തിരിയുന്നത്. ഷബാനയും ജാവേദും കറാച്ചി പ്രോഗ്രാം ഒഴിവാക്കിയെങ്കിലും, ക്ഷണം സ്വീകരിച്ചതു പോലും ശരിയായില്ലെന്നു പറഞ്ഞു കങ്കണ ആഞ്ഞടിച്ചു. വിവാദ പരാമർശങ്ങളുടെ പേരിൽ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിന്റെ വിചാരണനടപടികൾ നടക്കുകയാണ്. കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഈയിടെ തള്ളിയിരുന്നു. ഇങ്ങനെ നിരന്തമായ വിവാദങ്ങൾക്ക് ഒടുവിലാണ് അവർ മത്സരംഗത്തേക്ക് എത്തുന്നത്.

പൗരത്വം തിരിച്ചുപിടിച്ച അക്ഷയ്

ബോളിവുഡിലെ എറ്റവും വിലപിടിച്ച താരമായ അക്ഷയ്കുമാർ തന്റെ മോദി അനുകൂല നിലപാടുകൾ നേരത്തെ പരസ്യമാക്കിയതാണ്. ബിജെപിയേക്കാൾ നരേന്ദ്ര മോദി എന്ന വ്യക്തിയോടുള്ള സ്നേഹവും ആദരവുമാണ് അക്ഷയ്ക്കുള്ളത് എന്നാണ് വിലയിരുത്തൽ. മോദിയുമായുള്ള രാഷ്ട്രീയേതര അഭിമുഖത്തിലൂടെ അക്ഷയ് കുമാർ വാർത്തകളിൽ ഇടം നേടിയിരുന്നു. 'കേസരി', 'ടോയ്‌ലറ്റ്: ഏക് പ്രേം കഥ', 'എയർലിഫ്റ്റ്', തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയത ഉയർത്തുന്ന ആശയം അദ്ദേഹം പറഞ്ഞിരുന്നു. മലയാളത്തിൽ മോഹൻലാൽ ചെയ്ത വേഷങ്ങൾ, ഹിന്ദിയിൽ പ്രിയദർശൻ പുനഃസൃഷ്ടിച്ചപ്പോൾ അക്ഷയ് ആയിരുന്നു നായകൻ. ഈ ചിത്രങ്ങൾ പലതും ഹിറ്റായി. ഇപ്പോൾ അക്ഷയ്കുമാറിനെപ്പോലെ പ്രിയദർശനും ബിജെപി ചായവ് പ്രകടിപ്പിക്കാറുണ്ട്.

ഈ തെരഞ്ഞെടുപ്പിൽ അക്ഷയ്കുമാർ ബിജെപി സ്ഥാനാർത്ഥിയാവുമെന്ന് കൊണ്ടുപിടിച്ച പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ല എന്നാണ് അക്ഷയുടെ നിലപാട്. പക്ഷേ തന്റെ ട്വീറ്റുകളിലുടെയും മറ്റും അദ്ദേഹം പരസ്യമായ ബിജെപി ചായ്വ് പ്രകടിപ്പിക്കാറുണ്ട്.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അക്ഷയ് കുമാർ വോട്ട് ചെയ്യാതിരുന്നതും വിവാദമായിരുന്നു. നടിയും എഴുത്തുകാരിയുമായ ഭാര്യ ട്വിങ്കിൾ ഖന്ന ജുഹുവിലെ ഒരു ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയെങ്കിലും അക്ഷയ് കുമാറിനെ അവർക്കൊപ്പം കണ്ടില്ല. അതിനിടെയാണ് ദേശീയതയെക്കുറിച്ച് ഇത്രയേറെ പറയുന്ന അക്ഷയ്കുമാറിന് കനേഡിയൻ പൗരത്വമാണെന്നാണ് വാർത്തകൾ വന്നത്. തുടർന്ന് നടന്നതിയ ശ്രമങ്ങൾക്ക് ഒടുവിൽ 2023-ലാണ് അദ്ദേഹം ഇന്ത്യൻ പൗരത്വം തിരിച്ച് പിടിച്ചത്.

1967ൽ പഞ്ചാബിലെ അമൃത്സറിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ്കുമാർ ജനിച്ചത്. 1991-ൽ പുറത്തിറങ്ങിയ സൗഗന്ധ് എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറി. തുടർന്ന് നൂറിലേറെ ഇന്ത്യൻ സിനിമകളിൽ അദ്ദേഹം നായകനായി വേഷമിട്ടു. 2009-ൽ അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2011-ൽ 44-ാം വയസ്സിലാണ് അക്ഷയ്കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരുകയായിരുന്ന താരം അവിടത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. അതോടെയാണ് ഇന്ത്യൻ പൗരത്വം നഷ്ടമായത്. എന്നാൽ, 12 വർഷത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ഇന്ത്യൻ പൗരനായി. ഇതോടെ അദ്ദേഹത്തിന്റെ കനേഡിയൻ പൗരത്വം നഷ്ടമായി.
കഴിഞ്ഞവർഷംസ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ചത് അക്ഷയ്കുമാർ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. മനസ്സും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി എന്ന കുറിപ്പോടെ രജിസ്‌ട്രേഷൻ രേഖയുടെ ചിത്രവും നടൻ പങ്കുവെച്ചു.

തന്റെ കനേഡിയൻ പൗരത്വത്തിന്റെപേരിൽ ഒരുപാടു വിമർശനങ്ങൾ ഏൽക്കേണ്ടിവന്നിട്ടുള്ള വ്യക്തിയാണ് അക്ഷയ് കുമാർ. രാഷ്ട്രീയപരമായ പ്രതികരണങ്ങൾ നടത്തിയാൽ എതിരാളികൾ ഉപയോഗിക്കുന്ന ആയുധവും അദ്ദേഹത്തിന്റെ പൗരത്വംതന്നെയായിരുന്നു. രാജ്യത്തോടുള്ള തന്റെ സ്നേഹത്തെ ആളുകൾ ചോദ്യംചെയ്യുന്നതുകണ്ട് നിരാശ തോന്നിയിട്ടുണ്ടെന്ന് നടൻ നേരത്തേ പറഞ്ഞിട്ടുണ്ട്. ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാൻ സമ്പാദിച്ചതും നേടിയതുമെല്ലാം ഇവിടെനിന്നാണ് എന്നായിരുന്നു ഇതേക്കുറിച്ച് അക്ഷയ്കുമാർ പ്രതികരിച്ചത്. ഇപ്പോൾ ഇന്ത്യൻ പൗരത്വം തിരിച്ചുപിടിച്ചതിനെതുടർന്ന് അദ്ദേഹം മത്സരിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ തൽക്കാലം സിനിമയിൽ മാത്രം സജീവമാകാനാണ് താരത്തിന്റെ തീരുമാനം.

അജയ് ദേവ്ഗൺ മുതൽ ജൂഹിചൗള വരെ

ബിജെപിയിലേക്കുള്ള നടീ നടന്മാരുടെ കുത്തൊഴുക്കാണ് ഇപ്പോൾ ബോളിവുഡിൽ കാണുന്നത്. സംവിധായകൻ മധുർ ഭണ്ഡാർക്കറും നടീനടന്മാരായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, അനുപം ഖേർ, കിരൺ ഖേർ, പരേഷ് റാവൽ, സണ്ണി ഡിയോൾ, മാധുരി ദീക്ഷിത്, പായൽ റോഹത്ഗി, ഇഷ കോപ്പിക്കർ, രവീണ ടണ്ഠൻ, ജൂഹി ചാവ്‌ല എന്നിവരും ബിജെപി. ചായ്വ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മുംബൈ സന്ദർശിച്ചപ്പോൾ ചായ സത്കാരത്തിന്റെ ഭാഗമാവുകയും അദ്ദേഹത്തോടുള്ള ആദരവ് പ്രകടമാക്കുകയും ചെയ്തത് കരൺ ജോഹറിനെപ്പോലെ ഒട്ടേറെപ്പേരാണ്.

രാമായണത്തിലെ രാമനായ അരുൺ ഗോവിൽ ബിജെപി ടിക്കറ്റിൽ മീററ്റിൽനിന്ന് മത്സരിക്കുന്നുണ്ട്. ഹേമമാലിനി വീണ്ടും മഥുരയിൽ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ടെലിവിഷനിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള യാത്രയാണ് സ്മൃതി ഇറാനിയുടേത്. കേന്ദ്രമന്ത്രിപദം അലങ്കരിക്കുന്ന സ്മൃതി ഇറാനി എവിടെ മത്സരിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു ജയിച്ച നടൻ ഗോവിന്ദയെ ഇത്തവണ ഏക്‌നാഥ് ഷിന്ദേ ശിവസേന ടിക്കറ്റിൽ മത്സരിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ബിഹാറിലെ ഭഗൽപ്പുരിൽ മകളും ബോളിവുഡ് താരവുമായ നേഹ ശർമയെ സ്ഥാനാർത്ഥിയാക്കുമെന്ന് എംഎ‍ൽഎ. അജയ് ശർമ പറഞ്ഞിട്ടുണ്ട്. സവർക്കറായി വഷമിട്ട രൺദീപ് ഹൂഡ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റോഹ്തക്കിൽനിന്ന് ബിജെപി. സ്ഥാനാർത്ഥിയാകുമെന്ന വാർത്തകളും ശക്തമാണ്.

പല നടന്മാരും സംഘപരിവാർ ആശയങ്ങളല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തുന്ന വികസനവും, ദേശീയതയുമാണ് കാര്യമായി ചർച്ചയാക്കുന്നത്. അക്ഷയ്കുമാറിനെപ്പോലെ അതിന് മികച്ച ഉദാഹരണമാണ് അജയ് ദേവ്ഗണും. നേരത്തെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അജയ് ദേവ്ഗണുമായി അടുത്ത ബന്ധമായിരുന്നു. 'ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് മോദിയെ വളരെ ഇഷ്ടമാണ്. എന്നാൽ നിങ്ങൾ ശ്രദ്ധിച്ചാൽ, മോദി പ്രധാനമന്ത്രിയായതിന് ശേഷം എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തെ കൂടുതൽ തവണ കാണാറുണ്ടായിരുന്നു"- ഇങ്ങനെയാണ് 2016-ൽ ഒരു അഭിമുഖത്തിൽ അജയ്ദേവ്ഗൺ പറഞ്ഞത്. അതിനുശേഷം മോദി അജയ് ദേവ്ഗണിനെ കാണുകയും ചെയ്തു.

പക്ഷേ അനുപം ഖേറിനെപ്പോലുള്ളവർ ശക്തമായി ബിജെപിക്കുവേണ്ടി നിലകൊള്ളുന്നുമുണ്ട്. കാശ്മീരി പണ്ഡിറ്റായ ഖേർ, കാശ്മീർ വിഷയത്തിലെ നിലപാടിന്റെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും അനുകൂലിച്ചത്്. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുന്നതിൽ അടക്കമുള്ള കാര്യത്തിൽ ഖേർ ബിജെപിക്ക് ഒപ്പം ശക്തമായി നിലകൊണ്ടു.


സ്വര ഭാസ്‌ക്കർ എന്ന വിമത ശബ്ദം?

ബോളിവുഡിലെ സംഘപരിവാർ വിരുദ്ധ ചേരിയുടെ അധ്യക്ഷയെന്നാണ് നടി സ്വര ഭാസ്‌ക്കറിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ജെൻഎയു സമരം, പൗരത്വഭേദഗതി നിയമം എന്നിവയിലൊക്കെ അവർ ബിജെപിയുടെ അജണ്ടകൾക്കെതിരെ ആഞ്ഞടിച്ചു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുടെ ഭാഗമായും, സ്വര വാർത്തകളിൽ നിറഞ്ഞു. മുംബൈയിൽ രാഹുൽഗാന്ധി മണിഭവൻ മുതൽ ഓഗസ്റ്റ് ക്രാന്തി മൈതാൻവരെ നടത്തിയ പദയാത്രയിൽ സ്വര ഭാസ്‌കർ വീണ്ടും സാന്നിധ്യമറിയിച്ചു.

ഇന്ത്യൻ നേവി ഉദ്യോഗസ്ഥനും തെലുങ്ക് വംശജനുമായ സി. ഉദയ് ഭാസ്‌കറിന്റെയും ബിഹാർ സ്വദേശിനിയും ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സിനിമാ സ്റ്റഡീസ് പ്രൊഫസറുമായിരുന്ന ഇറാ ഭാസ്‌കറിന്റെയും മകളായി, 1988 ഏപ്രിൽ 9-ന് ഡൽഹിയിലാണ് സ്വര ഭാസ്‌കർ ജനിച്ചത്. ഡൽഹിയിൽ വളർന്ന സ്വര ഭാസ്‌കർ, അവിടെ സർദാർ പട്ടേൽ വിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി പിന്നീട് ഡൽഹി സർവ്വകലാശാലയിലെ മിറാൻഡ ഹൗസിൽനിന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. തുടർന്ന് ഡൽഹിയിലെ ജെഎൻയുവിൽനിന്ന് സോഷ്യോളജിയിൽ അവർ ബിരുദാനന്തര ബിരുദം നേടി. പിന്നീടാണ് ഇവർ അഭിനയ മേഖലയിലേക്ക് തിരിഞ്ഞത്.

താൻ പഠിച്ച കോളജ് കുടിയായ ജെഎൻയുവിൽ ഉണ്ടായ അതിക്രങ്ങളിലാണ് സ്വര ബിജെപിയുമായി പരസ്യമായി ഉടക്കുന്നത്. 2019-ൽ കനയ്യകുമാറിനുവേണ്ടി ബിഹാറിലെ ബേഗുസരായിൽ അവർ പ്രചാരണത്തിന് എത്തിയിരുന്നു. തീക്ഷ്ണമായ വിമർശനങ്ങളിലൂടെ സംഘപരിവാറിന്റെ കണ്ണിലെ കരടാണ് അവർ.
മുസ്ലിം ഭീകരവാദം എന്ന് നിങ്ങൾക്ക് വിശേഷപ്പിക്കാമെങ്കിൽ ഹിന്ദു ഭീകരവാദവും ഉണ്ടെന്ന് സ്വര തുറന്നടിക്കുന്നു. പ്രഞ്ജാ സിങ് ടാക്കൂറിന്റെയും, സ്വാധി പ്രാചിയെയുമൊക്കെ പിന്നെ എന്ത് പേരിൽ വിളിക്കണമെന്ന് അവർ ചോദിക്കുന്നു.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവർ ഇന്ന് രാജ്യം ഭരിക്കുന്നുവെന്നും അവരെയൊന്നും ആരും ജയിലിലടച്ചിട്ടില്ലെന്നും സ്വര പറഞ്ഞതും വൻ വിവാദമായി. -"ഈ രാജ്യത്ത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെന്ന അത്രമേൽ നല്ലൊരു മഹാനായ മനുഷ്യന്റെ കൊലപാതകം നടന്നു. അന്നും കുറച്ചുപേരുണ്ടായിരുന്നു. ആ കൊലപാതകത്തെ പോലും ആഘോഷിച്ചവർ. അവർ ഇന്ന് രാജ്യം ഭരിക്കുകയാണ്. അവരെ എല്ലാവരെയും ജയിലിലടക്കാമോ? ഇല്ല"- ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ അവർ ചോദിച്ചത് വൻ വിവാദമായി.

സവർക്കർക്കെതിരെ പ്രസ്താവന നടത്തിയതിന്റെ പേരിലും അവർ സംഘപരിവാറിന്റെ സൈബർ ആക്രമണങ്ങൾക്ക് ഇരയായി. നിരവധി കേസുകളും, വധഭീഷണികളും ഉണ്ടായി. നടിയുടെ മെൈുബ വെർസോവയിലെ താമസ സ്ഥലത്തേക്കാണ് ഭീഷണിക്കത്തുകൾ പലതവണ വന്നു. സവർക്കറെ വിമർശിച്ചാൽ കൊന്നുകളുമെന്നായിരുന്നു ഒരു കത്ത്. പക്ഷേ സ്വര ഒന്നിനെയും ഭയന്നില്ല. 2023 ഫെബ്രുവരിയിൽ അവർ ആക്ടിവിസ്റ്റും സമാജാവാദി പാർട്ടി പ്രവർത്തകനുമായ ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ചു. ഇപ്പോൾ അവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല സ്വര. അവരുടെ പല അവസരങ്ങളും രാഷ്ട്രീയ കാരണങ്ങളാൽ നഷ്ടപ്പെട്ടിട്ടുമുണ്ട്.


ദീപിക പദുക്കോൺ മോദിവിരുദ്ധയോ?

എല്ലാവർക്കും സ്വര ഭാസ്‌ക്കർമാർ ആവാൻ കഴിയില്ലെല്ലോ. ആദ്യം വലിയ ആവേശത്തോടെ ജെഎൻയു സമരത്തെയൊക്കെ പിന്തുണച്ച താരങ്ങളിൽ പലരും പിന്നീട് മിണ്ടാതാവുന്ന കാഴ്ചയും ബോളിവുഡ് കണ്ടു. സൂപ്പർതാരം, ദീപികാ പദുകോൺ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് തന്റെ രാഷ്ട്രീയം പ്രകടിപ്പിച്ചെങ്കിലും പിന്നീടവർ അത്തരമൊരു നീക്കം നടത്തിയിട്ടില്ല. പഠാൻ എന്ന സിനിമയുടെ സമയത്ത് ദീപികയുടെ കാവി ബിക്കിനിയും സംഘപരിവാർ വലിയ ചർച്ചയാക്കി. പക്ഷേ പടം സൂപ്പർ ഹിറ്റായി.

ഭീഷണി ദീപികക്ക് പുതുയുള്ളതല്ല. ദീപിക പദുകോൺ മാത്രല്ല, സംവിധായകൻ സഞ്ജയ് ലീല ബെൻസാലിയടക്കം ഇന്ത്യൻ ചലച്ചിത്രലോകത്തെ പ്രമുഖർ മറക്കാൻ കഴിയാത്ത കാര്യങ്ങളാണ് പത്മാവത് സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായത്. പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ ചിത്രം ദേശീയ ശ്രദ്ധ നേടിയിരുന്നു. രജപുത്ര റാണി പത്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നും സമുദായത്തെ അപമാനിക്കും വിധം ചരിത്രം വളച്ചൊടിച്ചുവെന്നും ആരോപിച്ചുകൊണ്ട് രാജസ്ഥാനിലെ രജപുത് കർണി സേന ഉൾപ്പെടെയുള്ള സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തു വന്നു. 2017 ജനുവരിയിൽ ജയ്പൂർ കോട്ടയിൽ വച്ചുള്ള ചിത്രീകരണത്തിനിടെ സംവിധായകൻ സജ്ഞയ് ലീല ബൻസാലിക്കെതിരെ കർണി സേനാംഗങ്ങളുടെ ആക്രമണമുണ്ടായി. അദ്ദഹത്തെ ക്രൂരമായി തല്ലിയ അക്രമികൾ അദ്ദഹത്തിന്റെ തലമുടി പറിച്ചെടുത്തു. ഉപകരണങ്ങൾ നശിപ്പിച്ചുകൊണ്ട് ചിത്രീകരണം തടസ്സപ്പെടുത്തി.

ചിത്രം പ്രദർശിപ്പിക്കുന്ന ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് രാജ്പുത് കർണി സേന പ്രഖ്യാപിച്ചു. നായിക ദീപികയെ അധിക്ഷേപിച്ചുകൊണ്ട് സേനാ മേധാവി ലോകേന്ദ്ര സിങ് കാല്വി വിവാദ പ്രസ്താവന നടത്തി. സുബ്രഹ്മണ്യൻ സ്വാമിയെപ്പോലുള്ള ബിജെപി. നേതാക്കളും ദീപികയ്ക്കും ചിത്രത്തിനുമെതിരെ രംഗത്തെത്തി. സംവിധായകൻ സജ്ഞയ് ലീല ബൻസാലിയുടെ തല കൊയ്യുന്നവർക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രാജ്പുത് കർണി സേനാംഗങ്ങൾ ദീപികാ പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നും ഭീഷണി ഉയർത്തിയിരുന്നു. ദീപികയുടെയും ബൻസാലിയുടെയും തല വെട്ടുന്നവർക്ക് ബിജെപി. നേതാവ് സൂരജ് പാൽ അമു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനെതിരെ പൊലീസ് കേസെടുത്തു. മൂക്കും മുലയും ചെത്തിക്കൊല്ലേണ്ട ശൂർപ്പണഖ എന്നാണ് സംഘപിവാറുകാർ ഈ നടിയെ വിശേഷിപ്പിച്ചത്.

സംഘപരിവാർ, ദീപിക പദുക്കോണിനെ ടാർജറ്റ് ചെയ്യാൻ കാരണങ്ങൾ പലതാണ്. സാധാരണ സെലിബ്രിറ്റികളെപ്പോലെ, സാമൂഹിക വിഷയങ്ങളിൽ ഒന്നും മിണ്ടാത്തർ അല്ല അവർ. വിവിധ പത്രങ്ങളിൽ കോളം എഴുതുന്ന എഴുത്തുകാരിയാണ്. ഹിന്ദുസ്ഥാൻ ടൈംസിൽ ജീവിതശൈലി വിഭാഗത്തിനായി പ്രതിവാര കോളങ്ങൾഎഴുതുന്നുണ്ട്. ഇന്റവ്യൂകളിൽ ഭക്ഷണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും മാത്രം അഭിപ്രായം പറയാതെ രാഷ്ട്രീയവും പൊതുകാര്യങ്ങളുമെല്ലാം അവർ പറയും. കഴിഞ്ഞ എത്രയോ വർഷമായി അവൾ അങ്ങനെയാണ്. പക്ഷേ അവർ ജെഎൻയുവിൽ ചിലവഴിച്ച പത്ത് മിനുട്ടിലാണ് സംഘപരിവാറിന്റെ കണ്ണുള്ളത്. അവർ 'തുക്ഡേ തുക്ഡേ' ഗ്രൂപ്പിന്റെ കൂടെയാണെന്ന ബിജെപി മന്ത്രിയുടെ പ്രഖ്യാപനം ആ പത്ത് മിനുട്ടിന്റെ മെറിറ്റിലാണ്. ഇപ്പോൾ കഴിഞ്ഞ കുറച്ചുകാലമായി അവർ കാര്യമായി ഒന്നും മിണ്ടാറില്ല. ഇത് ബിജെപിക്ക് മുന്നിൽ മെരുങ്ങിയതിന്റെ സൂചനയായി പലരും പറയുന്നുണ്ട്. പക്ഷേ ദീപിക പദുക്കോൺ തന്റെ രാഷ്ട്രീയ നിലപാടുകളിൽനിന്ന് അണുവിട മാറിയിട്ടിലെന്നും, വിവാദ കുതുകിയല്ലാത്ത നടി തൊഴിലിൽ ശ്രദ്ധകേന്ദ്രീകരിക്കയാണ് ചെയ്യുന്നത് എന്നുമാണ് അവരെ അനൂകുലിക്കുന്നവർ പറയുന്നത്.

ഇടതിനൊപ്പം ജാവേദ് അക്തർ ടീം

ഒരുകാലത്ത് ബോളിവുഡിലെ നടീനടന്മാർ നല്ലൊരു ശതമാനവും കോൺഗ്രസിന് ഒപ്പമായിരുന്നു. പക്ഷേ ഇന്ന് കോൺഗ്രസിനുവേണ്ടി സംസാരിക്കാൻ ബച്ചൻ കുടുംബംപോലുമില്ല. പക്ഷേ അവിടെയും സ്വരഭാസ്്ക്കറിനെപ്പോലെ ചില ഒറ്റപ്പെട്ട ശബ്ദങ്ങളുണ്ട്. നടി, പൂജാ ഭട്ട്, അമോൽ പലേക്കർ, ഭാര്യ സന്ധ്യാ ഗോഖലെ എന്നിവർ രാഹുൽഗാന്ധിയുടെ ജോഡോ യാത്രയുടെ ഭാഗമായി.
റിയ സെൻ, രശ്മി ദേശായി, അകാൻഷ പുരി, സുശാന്ത് സിങ്, തപ്‌സി പന്നു, അനുരാഗ് കശ്യപ്, ഊർമിള മാംതോഡ്കർ, ശില്പാ ഷിന്ദേ എന്നിവർ ചിലയിടങ്ങളിൽ ബിജെപി. വിമർശനവുമായി രംഗത്തെത്തി. ഇതിൽ പ്രശസ്ത സംവിധാകയകൻ അനുരാഗ് കാശ്യപ് സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ്. വധഭീഷണികൾപോലും അവഗണിച്ചാണ് കാശ്യപിന്റെ പ്രവർത്തനം.

കോൺഗ്രസിന്റെയും ബിജെപിയുടെയും കടുത്ത വിമർശകനായിരുന്ന ലോകപ്രസിദ്ധ ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്വർധനും രാഹുൽ ഗാന്ധിയുടെ പദയാത്രയിൽ ചേർന്നിരുന്നു. ആനന്ദ് പട്വർധൻ എക്കാലവും വർഗീയതക്കെതിരായ സന്ധിയില്ലാത്ത നിലപാടാണ് എടുക്കാറുള്ളത്. എങ്ങനെയാണ് രാമക്ഷേത്രത്തിന്റെ പേരിൽ ബിജെപി, ഉത്തരേന്ത്യയിൽ വളർന്നത് എന്നൊക്കെ തന്റെ ഡോക്യുമെന്റികളിലുടെ അദ്ദേഹം പല തവണ കാണിച്ചുതന്നിട്ടുണ്ട്. സംവിധാകയൻ മഹേഷ് ഭട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരെയും രംഗത്തെത്തിയിരുന്നു. പലയിടത്തും അദ്ദേഹം കേന്ദ്ര സർക്കാറിനെ വിമർശിക്കുകയും ചെയ്തു.

പക്ഷേ ഇപ്പോഴും മോദി- അമിത്ഷാ ടീമിന്റെ കണ്ണിലെ കരടാണ് ബോളിവുഡിലെ തുക്കടെ ഗ്യാങ്ങിന്റെ തലവൻ എന്ന് അമിത്ഷാ തന്നെ ഒരിക്കൽ പരിസഹിച്ച, കവിയും ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ജാവേദ് അക്തറും, ഭാര്യയും നടിയുമായ ശബ്നാ ആസ്മിയും. ഇടതുപക്ഷത്തിനുവേണ്ടി ഇപ്പോഴും പൊരുതുന്ന ടീമാണ് ഇവർ.

2020-ൽ അൽജസീറ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ മോദിയെ ഫാസിസറ്റ് എന്ന് ജാവേദ് അക്തർ വിളച്ചത് വലിയ വിവാദമായി. 'തീർച്ചയായും നരേന്ദ്ര മോദി ഒരു ഫാസിസ്റ്റ് ആണ്. ഫാസിസ്റ്റുകൾക്ക് തലയിൽ കൊമ്പൊന്നുമുണ്ടാവില്ല. ഫാസിസം എന്നത് ഒരു ചിന്താഗതിയാണ്. ഞങ്ങളാണ് എല്ലാവരെക്കാളും മെച്ചപ്പെട്ടവർ എന്ന ചിന്തയാണ് അവർക്കുള്ളത്. നമ്മളുടെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ഇവരാണ്. ജനങ്ങളെ ഒന്നായി എപ്പോൾ വെറുക്കാൻ തുടങ്ങുന്നുവോ അപ്പോൾ മുതൽ നിങ്ങൾ ഒരു ഫാസിസ്റ്റാവുന്നു'-ജാവേദ് അക്തർ പറഞ്ഞു.

ജാവേദ് അക്തറിനൊപ്പം സംവിധായകൻ മഹേഷ് ഭട്ടും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യ ഇസ്ലാമോഫോബിക് ആണെന്ന് കരുതുന്നുണ്ടോ എന്നാണ് ഇദ്ദേഹത്തോട് ചോദിച്ചത്. '2011ന് ശേഷമാണ് ലോകവ്യാപകമായി ഇസ്ലാമോഫോബിയ വ്യാപിപ്പിച്ചത്. പക്ഷെ ഇവിടത്തെ (ഇന്ത്യയിലെ) ഇസ്ലാമോഫോബിയ നിർമ്മിച്ചെടുത്തതാണ്. കാരണം ഒരു സാധാരണ ഇന്ത്യക്കാരൻ മുസ്ലിമിനെ ഭയപ്പെടുന്നതായി എനിക്കു തോന്നുന്നില്ല," മഹേഷ് ഭട്ട് പറഞ്ഞു. ജാവേദ് അക്തറിന്റെ ഭാര്യയും നടിമയുമായ ശബ്ന ആസ്മിയും നിർഭയം സംഘപരിവാറിനെ വിമർശിക്കാറുണ്ട്. -" കൽബുർഗിയുടെയും, പൻസാരയുടെയും, ഗൗരിലങ്കേഷിന്റെയുമൊക്കെ അനുഭവമാണ് ഞങ്ങളെ തേടിയെത്തുക എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. എന്നാലും ഞങ്ങൾ പൊരുതും'- ശബ്ന ആസ്മി പറയുന്നു.

വാൽക്കഷ്ണം: ബോളിവുഡിനെപ്പോലെ രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിട്ടില്ലെങ്കിലും ദക്ഷിണേന്ത്യൻ സിനിമാ ഇൻഡസ്ട്രിയിലും രാഷ്ട്രീയ ചേരിതിരിവ് ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ സുരേഷ്ഗോപിയും, മുകേഷും, ഗണേശ്‌കുമാറമൊക്കെ രാഷ്ട്രീയത്തിലുണ്ടെങ്കിലും, അത് ഒരു പൊളിറ്റിക്കൽ ഡിവിഷനിലേക്ക് കടന്നിട്ടില്ല. അത്രയും ആശ്വാസം.