- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേത് പുലിവാൽ വാടക പ്രസവം! വിവാഹം കഴിഞ്ഞ് നാലുമാസത്തിനുള്ളിൽ കൃത്രിമ മാർഗത്തിലൂടെ ഇരട്ടക്കുട്ടികൾ ഉണ്ടായതിൽ അന്വേഷണം; ഷാരൂഖ് ഖാൻ തൊട്ട് സണ്ണി ലിയോൺ വരെ ഇങ്ങനെ കുട്ടികൾ ഉണ്ടായവർ; പ്രസവവും ഇനി ഒരു ചോയ്സ്; ടോപ്പ് സെലിബ്രിറ്റികൾക്കിടയിൽ ട്രെൻഡിങ്ങായ വാടക ഗർഭധാരണത്തിന്റെ കഥ
കുഞ്ഞുങ്ങളെ അതിയായി സ്നേഹിക്കുകയും എന്നാൽ വിവാഹം വെറുക്കുകയും ചെയ്യുന്ന രാജീവ് മേനോൻ എന്ന മോഹൻലാലിന്റെ കഥാപാത്രത്തെ ഓർമ്മയില്ലേ. കാലത്തിന് മുമ്പേ സഞ്ചരിച്ച ഒരു ചിത്രമായിരുന്നു ലോഹിതദാസ് എഴുതി, സിബിമലയിൽ സംവിധാനം ചെയ്ത 'ദശരഥം'. ആ സിനിമ ഇറങ്ങുമ്പോൾ വാടക ഗർഭധാരണം ഇന്ത്യയിലും കേരളിലും അത്ര അറിയപ്പെട്ടിരുന്നില്ല. 1989-ലാണ് ഈ ചിത്രം ഉണ്ടായത് എന്നോർക്കണം. ഇന്ന് കാലം എത്രയോ മാറി. സരോഗസി എന്ന് അറിയപ്പെടുന്ന വാടക ഗർഭധാരണങ്ങൾ ബോളിവുഡിലെ അഭിനേതാക്കളും വ്യവസായ പ്രമുഖരും അടങ്ങുന്ന ടോപ്പ് സെലിബ്രിറ്റികൾക്കിടയിൽ ട്രെൻഡിങ്ങായി. നിരവധി സാധാരക്കാരും ഇപ്പോൾ ഈ മാർഗം സ്വീകരിക്കുന്നു.
ഏറ്റുവും ഒടുവിലായി തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയുടെ വാടക പ്രസവമാണ് വൻ വിവാദത്തിന് ഇടയാക്കിയത്. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ കൃത്രിമ മാർഗങ്ങളിലൂടെ കുട്ടികൾ ജനിച്ചത് നിയമവിരുദ്ധമാണെന്നാണ് വാദം. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹിതരായത്. തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നതായി വിഘ്‌നേഷ് ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
വാടക ഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല നയൻതാര അമ്മയായതെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. നയൻതാരയുടെ ഒരു ബന്ധുവാണ് ഇവർക്ക് വേണ്ടി വാടകഗർഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ നയൻതാരയുടേത് ശരിക്കും പുലിവാൽ വാടക പ്രസവം ആയിരിക്കയാണ്.
പക്ഷേ ഇങ്ങനെ വാടക ഗർഭധാരണത്തിലൂടെ കുട്ടിയുണ്ടാവുന്ന ആദ്യത്തെ സെലിബ്രിറ്റിയല്ല നയൻസ്. ഷാരൂഖ് ഖാൻ - ഗൗരി, ശില്പാഷെട്ടി-രാജ് കുന്ദ്ര, ആമിർ ഖാൻ-കിരൺ റാവു, കരൺ ജോഹർ, ലിസ റേ, ഏക്താ കപൂർ തുടങ്ങി നിരവധി താരങ്ങൾ ഇത്തരത്തിൽ മാതാപിതാക്കളായിട്ടുണ്ട്. ഇനി ഭാവിയിൽ ഇത് വ്യാപകമാവാദനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ യഥാർഥ നിയമവശങ്ങൾ ചർച്ചയാവേണ്ടതും അത്യാവശ്യമാണ്.
എങ്ങനെ ഒരു ഗർഭപാത്രം വാടകക്ക് എടുക്കാം!
ദമ്പതികളുടെ പൂർണസമ്മതത്തോടെ തങ്ങളുടെ കുഞ്ഞിനെ മറ്റൊരു സ്ത്രീ പ്രസവിക്കുകയെന്നതാണ് വാടക ഗർഭധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സ്ത്രീക്ക് സ്വന്തം ഗർഭപാത്രത്തിൽ കുഞ്ഞിനെ ജനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുഞ്ഞിനെ മറ്റൊരു സ്ത്രീ പ്രസവിക്കുന്നതാണ് സരോഗസി. ഭർത്താവിന്റെയും ഭാര്യയുടെയും അണ്ഡവും ബീജവും കൃത്രിമബീജസങ്കലനത്തിലൂടെ ഭ്രൂണമാക്കി മറ്റൊരു വാടക ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. പ്രസവിച്ചുകഴിഞ്ഞാൽ കുഞ്ഞിനെ യഥാർഥ അച്ഛനമ്മമാർക്ക് നൽകുന്നു. അണ്ഡമോ ബീജമോ ഏതെങ്കിലുമൊന്ന് പുറത്തുനിന്ന് സ്വീകരിക്കുന്നവരുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായി വാടക ഗർഭധാരണം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് തരം വാടക ഗർഭധാരണ രീതിയാണ് ഉള്ളത്. ഒന്ന് ട്രഡീഷണൽ സറോഗസി, രണ്ട് ജെസ്റ്റെഷണൽ സറോഗസി.
ട്രഡിഷണൽ സറോഗസിയിൽ ഈ രീതിയിൽ ആരോഗ്യമുള്ള സ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് ദമ്പതികളിൽ പുരുഷന്റെ ബീജം നിക്ഷേപിക്കും. തുടർന്ന് സ്ത്രീ ദമ്പതികൾക്കായി കുഞ്ഞിനെ പ്രസവിച്ചു നൽകും. നിയപരമായി കുട്ടിയുടെ മാതാപിതാക്കൾ ഈ ദമ്പതികളായിരിക്കും. എന്നിരുന്നാലും കുട്ടിയുടെ ബയോളജിക്കൽ മദർ എന്നത് ഗർഭധാരണം നടത്തിയ സ്ത്രീയാണ്.കാരണം ഇവരുടെ അണ്ഡമാണ് കൃത്രിമമായി നിക്ഷേപിക്കപ്പെട്ട ബിജത്തിൽ കലരുന്നത്. ജെസ്റ്റെഷണൽ സറോഗസിയിൽ ദമ്പതികളിൽ സ്ത്രീയുടേയും പുരുഷന്റേയും അണ്ഡവും ബീജവും ശേഖരിച്ച് ഇവ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുക.
ഇതിന് വിവാഹിതരായി അഞ്ച് വർഷം കഴിയണം. ഭാര്യക്ക് 25-50 വയസും ഭർത്താവിന് 26-55 വയസും ഇടയിൽ പ്രായം വേണം. ദമ്പതികൾക്ക് നേരത്തേ കുട്ടികൾ ഉണ്ടാകാൻ പാടില്ല. മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള കുട്ടികൾ അല്ലെങ്കിൽ മറ്റ് അനോരോഗ്യമുള്ള കുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് വാടകഗർഭധാരണത്തെ ആശ്രയിക്കാം. ഗർഭം ധരിക്കാൻ ആരോഗ്യാവസ്ഥ അനുവദിക്കാത്തവർക്കും ഈ മാർഗം പരിഗണിക്കാം.ഇന്ത്യക്കാരായ 35- 45 പ്രായഗണത്തിലുള്ള വിധവകൾക്കും അനുമതിയുണ്ട്.
വാടക ഗർഭധാരണം അനിവാര്യമാണെന്ന് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ദമ്പതികൾ സമർപ്പിക്കേണ്ടതുണ്ട്. സാഹചര്യം രേഖമൂലം സമർപ്പിക്കുകയും ജില്ലാ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന സ്ത്രീക്കുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയെല്ലാം ഉറപ്പാക്കണം. വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന സ്ത്രീകൾ ദമ്പതികളുടെ ബന്ധുവായിരിക്കണം. 25-35 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകളായിരിക്കണം. ഇവർ വിവാഹിതരും അമ്മമാരുമായിരിക്കണം. മെഡിക്കൽ, സൈക്കോളജിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇവർക്ക് നിർബന്ധമാണ്.
വാടക ഗർഭധാരണത്തിലെ ചൂഷണവും കച്ചവടവും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള കർശന നിയമങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് രാജ്യത്ത് വാടക ഗർഭധാരണ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വന്നത്. വാണിജ്യ ഗർഭധാരണം നിരോധിക്കുകയും നിയമപരമായി അതിനവകാശമുള്ളവർക്ക് ശരിയായ രീതിയിൽ തന്നെ ഇത് സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കിയത്. വാണിജ്യ താത്പര്യത്തോടെ വാടക ഗർഭധാരണം വാഗ്ദാനം ചെയ്യുന്ന അനധികൃത ക്ലിനിക്കുകൾക്കും ലാബുകൾക്കും കനത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ. നിയമം ലംഘിച്ചാൽ 10 വർഷം വരെ തടവും 10 ലക്ഷം രൂപയും ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. പ്രതിഫലേച്ഛയില്ലാതെയുള്ള വാടക ഗർഭ ധാരണമാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് 5 വർഷം തടവും 5 ലക്ഷം പിഴയും വരെ ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
നടിക്കെതിരെ ഹീനമായ സൈബർ അധിക്ഷേപം
പക്ഷേ ഇന്ത്യയിലെ പരമ്പരാഗത സമൂഹം ഇപ്പോളും, വാടക ഗർഭധാരണത്തെ അംഗീകരിച്ചിട്ടില്ല. നയൻതാരയും വിഘ്നേഷ് ശിവനും തങ്ങൾ മാതാപിതാക്കളായെന്ന സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടപ്പോൾ ഉണ്ടായ പൊങ്കാല അത് സൂചിപ്പിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്നാണ്, കുഞ്ഞുങ്ങളുടെ കാലുകളിൽ ഉമ്മ വയ്ക്കുന്ന ചിത്രങ്ങൾ പങ്കിട്ട് വിഘ്നേഷ് കുറിച്ചത്. എന്നാൽ ഈ പോസ്റ്റിനും അതിനെ കുറിച്ചുള്ള മാധ്യമ വാർത്തകൾക്കും താഴെ താരങ്ങൾക്കെതിരെ കടുത്ത അധിക്ഷേപവും വ്യാപകമായ സൈബർ ആക്രമണവുമാണ് നടന്നത്.
'നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', എന്നായിരുന്നു വിഘ്നേഷ് ശിവന്റെ കുറിപ്പ്. ഇതിൽ വന്ന ചില കമന്റുകൾ ഇങ്ങനെയാണ്.''ഐശ്വര്യ റായ് പോലും സ്വന്തം കുഞ്ഞിനെ പ്രസവിച്ചു പിന്നെയാ ഈ കുടുംബംകലക്കി, അവസരങ്ങൾ കളയാൻ പറ്റില്ല അത് തന്നെ, പറ്റിയൊരു തമിഴനും'.
'ഷൂട്ടിങ് നേരത്തേ തുടങ്ങിയിരുന്നു.... അതുകൊണ്ടാണ് പെട്ടെന്ന് റിലീസ് ആയത്....!'
'ജൂൺ 9 ന് കല്യാണം, 4 മാസം കഴിഞ്ഞ് അമ്മയായി. പൂർണ്ണ ഗർഭകാല വളർച്ച പെട്ടെന്ന് കൈ വരിച്ചു.യൂറിയ ആയിരിക്കും ഭക്ഷിച്ചത്',' നാല് മാസം കൊണ്ട് പ്രസവിക്കുന്ന ജർമ്മൻ ഇനത്തിൽ പെട്ടതാണ് ഈ ഇനത്തിൽ പെട്ടവ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളെയും പ്രസവിക്കുന്നു അതുകൊണ്ട് ഇപ്പോൾ കമ്പോളത്തിൽ ഇതിന് ഡിമാൻഡ് കൂടുതൽ ആണ്'... ഇങ്ങനെ പോകുന്ന ഹേറ്റ് കമന്റുകൾ. ഇതിൽ മലയാളികളാണ് ഏറെ എന്നതും നമ്മെ ഞെട്ടിച്ചു. നയൻതാരയുടെ മാസക്കുളി തെറ്റിയത് എന്നുമുതൽ, വിവാഹത്തിന് മുമ്പ് ഗർഭിണിയായിരുന്നോ, തുടങ്ങിയ വഷളൻ ചോദ്യങ്ങൾ നമ്മുടെ സമൂഹത്തിന്റെ പൊതുബോധം വ്യക്തമാക്കുന്നുണ്ട്.
അതേസമയം താരങ്ങൾക്ക് ആശംസ അറിയിച്ചും പിന്തുണച്ചമുള്ള കമന്റുകളും ഉണ്ട്. ''സറോഗസി ഒന്നും നമ്മൾ മലയാളികൾക്ക് സെറ്റ് ആവൂലാന്ന്. പത്തു മാസം ചുമന്ന് , നൊന്തു പെറ്റ്. ഹോ അതൊരു ശീലമായിപ്പോയി' എന്നായിരുന്നു ഒരാളുടെ പരിഹാസം.
അതേസമയം താരങ്ങൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളിൽ പ്രതികരിച്ച് എഴുത്തുകാരി ശ്രീപാർവ്വതിയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ- 'നയൻതാര - വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികൾ കല്യാണത്തിന് മുന്നേ നയൻതാര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം? അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ നിന്നും മാറി നടക്കൂ'. ഈ രീതിയിൽ താരങ്ങളുടെ സ്വകാര്യതയുമായി സിനിമാ ജീവിതത്തെ കൂട്ടി ഇണക്കരുത് എന്ന് പറയുന്ന നിരവധി പോസ്റ്റുകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.
ആമിർ ഖാൻ മുതൽ പ്രിയങ്കചോപ്ര വരെ
മാതാപിതാക്കളായ വാർത്ത പങ്കുവെച്ച് സൈബർ ആക്രമണം നേരിട്ട ആദ്യ താരദമ്പതികളല്ല നയനും വിഘ്‌നേഷും. പ്രിയങ്ക ചോപ്രയ്ക്കും ഭർത്താവ് നിക് ജൊനാസിനും വാടക ഗർഭധാരണത്തിന്റെ സഹായത്തോടെ കുഞ്ഞ് ജനിച്ചെന്ന വാർത്ത മാറിയ കാലത്തിന്റെ മാതൃത്വ കാഴ്ചപ്പാടുകളെ കുറിച്ചുള്ള വലിയ ചർച്ചകളിലേക്ക് ചെന്നെത്തിയിരുന്നു. സോഷ്യൽ മീഡിയ രണ്ടായി പിരിഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ ഉയർന്നു. എന്തിന് എഴുത്തുകാരി തസ്ലീമ നസ്രിൻ പോലും ചർച്ചയിൽ പങ്കാളിയായി. പുരോഗമ പക്ഷത്ത് നിൽക്കുന്നു എന്ന് പറയുന്ന തസ്ലീമപോലും തീർത്തും പിന്തിരിപ്പൻ അഭിപ്രായമാണ് ഈ വിഷയത്തിൽ പറഞ്ഞത്.
'വാടക ഗർഭധാരണത്തിലൂടെ ലഭിക്കുന്ന റെഡിമെയ്ഡ് കുഞ്ഞിനോട് അമ്മയ്ക്കുണ്ടാകുന്ന വികാരമെന്താണ്? നൊന്തുപ്രസവിക്കുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളോടുണ്ടാകുന്ന അതേ സ്‌നേഹം ഈ അമ്മമാർക്ക് കുഞ്ഞുങ്ങളോടുണ്ടാകുമോ?' എന്നായിരുന്നു തസ്ലീമയുടെ സംശയം. ഇത് തീർത്തും അശാസ്ത്രീയമായിരുന്നു. വാടക കുഞ്ഞുങ്ങൾക്ക് സ്നേഹക്കുറവ് തോന്നും എന്നതൊക്കെ വെറും സങ്കൽപ്പം മാത്രമാണ്.
വാടക ഗർഭപാത്രത്തിന്റെ സഹായത്തോടെ സ്വന്തം കുഞ്ഞ് എന്ന സ്വാർഥ താല്പര്യം സാക്ഷാത്കരിക്കുന്നതിന് പകരം ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ ദത്തെടുക്കയാണ് ദമ്പതികൾ ചെയ്യേണ്ടതെന്നും തസ്ലീമ അഭിപ്രായപ്പെട്ടു. ട്വീറ്റ് വിവാദമായതോടെ തന്റെ അഭിപ്രായം വാടകഗർഭധാരണത്തെ സംബന്ധിച്ചുമാത്രമാണെന്നും പ്രിയങ്കയും നിക്കുമായി യാതൊരുബന്ധവുമില്ലെന്നും അവർ പറഞ്ഞൊഴിഞ്ഞു.
പക്ഷേ ബോളിവുഡിന് 'സരോഗസി' സ്വാഭാവികമായ ഒരു പ്രക്രിയ ആയിക്കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കയാണ്. വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായത് പൊതുജനമധ്യത്തിൽ ആദ്യ തുറന്നുപറഞ്ഞ പ്രശസ്തരായ ദമ്പതികളുടെ കൂട്ടത്തിലാണ് ആമിർ ഖാന്റെയും രണ്ടാംഭാര്യ കിരൺ റാവുവിന്റെയും സ്ഥാനം. ഗർഭപാത്ര സംബന്ധമായ ചില പ്രശ്നങ്ങളെ തുടർന്ന് തുടർച്ചയായി അബോർഷൻ സംഭവിച്ചതോടെയാണ് കുഞ്ഞിനായി സരോഗസിയെ സമീപിക്കാൻ കിരണും ആമിറും തീരുമാനിക്കുന്നത്. 2011ൽ ഇരുവരുടേയും ജീവിതത്തിലേക്ക് ആസാദ് കടന്നുവന്നു. പിന്നീട് പലപ്പോഴും വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാകുന്നതിനെ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
ഷാറൂഖാൻ മുതൽ സണ്ണിലിയോൺ വരെ
പാപ്പരാസികൾ ഏറെ ആഘോഷിച്ച, വിവാദമാക്കിയ വാർത്തയായിരുന്നു 48-ാം വയസ്സിൽ ഷാരൂഖ് ഖാൻ സരോഗസിയുടെ സഹായത്തോടെ അച്ഛനായത്. ടീനേജുകാരായ ആര്യനും സുഹാനയ്ക്കും ശേഷമെത്തിയ കുഞ്ഞ് അബ്രാമിന്റെ ചിത്രങ്ങൾക്കായി മാധ്യമങ്ങൾ പരക്കംപാഞ്ഞു. ഷാരൂഖിനും ഗൗരിക്കും സരോഗസിയിലൂടെ പിറന്ന കുഞ്ഞിന്റെ യഥാർഥ അമ്മ ആരാണ് എന്ന തലക്കെട്ടുകളിൽ വാർത്തകളും ചർച്ചകളും തകൃതിയായി നടന്നു. അതിനെല്ലാം ഉപരിയായി അബ്രാമിനെ ഗർഭം ധരിച്ചിരിക്കേ ലിംഗനിർണയ പരിശോധന നടത്തിയെന്ന ആരോപണങ്ങളും ഉയർന്നു. പ്രിമെച്വർ ബേബിയായിരുന്നു അബ്രാം. അതിനാൽ തന്നെ കുഞ്ഞിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളിൽ ഒട്ടും സന്തുഷ്ടനായിരുന്നില്ല ഷാരൂഖ്.
താൻ ഭാഗമായ പബ്ലിക് ലൈഫിലെ സർക്കസിലേക്ക് കുഞ്ഞിനെ വലിച്ചിഴക്കരുതെന്ന് കടുത്തഭാഷയിൽ തന്നെ ഷാരൂഖ് പ്രതികരിച്ചു. മാസം തികയാതെ പിറന്ന കുഞ്ഞ് ആശുപത്രിയിൽ കഴിയുമ്പോൾ ഒരു ചലച്ചിത്രതാരത്തിന്റെ മകനാണ് എന്നുകരുതി രാജ്യത്ത് നിരോധിച്ച ലിംഗനിർണയ പരിശോധന നടത്തിയെന്ന ആരോപണം ഉയർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അച്ഛനൊപ്പം നുണക്കുഴിക്കവിളുമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട അബ്രാം വളരെ വേഗത്തിലാണ് ആരാധകരുടെ ഹൃദയം കവർന്നത്. അബ്രാമിന്റെ കുസൃതികൾ ഷാരൂഖിനെപ്പോലെ ആരാധകരും ആസ്വദിച്ചുതുടങ്ങി.
ഇന്ത്യൻ യുവത്വത്തിന്റെ ഹൃദയമിടിപ്പായ സണ്ണിലിയോൺ രണ്ടുവയസ്സുകാരിയായ നിഷ എന്ന പെൺകുട്ടിയെ ദത്തെടുത്ത വാർത്ത കൈയടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. തൊട്ടടുത്ത വർഷം സരോഗസിയിലൂടെ സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി. കുഞ്ഞ് വേണമെന്ന് തോന്നിയ ദമ്പതികൾ ആദ്യം ചെയ്തത് ദത്തെടുക്കലാണ് എന്നതുകൊണ്ടുതന്നെ സരോഗസിയെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾക്ക് സണ്ണി ലിയോണിന്റെ കാര്യത്തിൽ മൂർച്ച കുറവായിരുന്നു.
2017-ലാണ് സരോഗസിയുടെ സഹായത്തോടെ കരൺ ജോഹർ അച്ഛനാകുന്നത്. കരണിന്റെ ലൈംഗിക ആഭിമുഖ്യം പലപ്പോഴും ചർച്ചയായിട്ടുള്ളതിനാൽ തന്നെ കുഞ്ഞുങ്ങളുടെ അമ്മയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പിറകേയായിരുന്നു മാധ്യമങ്ങൾ. രക്ഷിതാവ് എന്ന ഉത്തരവാദിത്തത്തെ അത്യാഹ്ലാദത്തോടെ കരൺ സ്വീകരിച്ചുവെങ്കിലും കുഞ്ഞുങ്ങൾ മുതിരുമ്പോൾ സരോഗസിയെ കുറിച്ച് അവരെ പറഞ്ഞുമനസ്സിലാക്കുക ഒരുപക്ഷേ എളുപ്പമായരിക്കില്ലെന്ന് കരൺ പിന്നീട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 'വാടകഗർഭധാരണം നമുക്ക് തന്നെ പുതുമയാർന്ന ഒരു കാര്യമാണ്. ഇതേക്കുറിച്ച് കുട്ടികളോട് വിവരിക്കുന്നത് അതികഠിനമായിരിക്കും. നാളെ നിങ്ങൾ ഒരു സിംഗിൾ ഫാദറിനുണ്ടായ കുഞ്ഞുങ്ങളാണെന്ന് മക്കളോട് എനിക്ക് പറയേണ്ടി വരും. പുറമേ നിന്നുള്ളവർക്ക് ഇത് വളരെ സ്വാർഥമായ ഒരു തീരുമാനമാണെന്ന് വിമർശിക്കാം. എന്റെ ജീവിതത്തിലെ ശൂന്യതയാണ് കുട്ടികൾ വന്നതോടെ ഇല്ലാതായത്.'
ഗർഭധരണം ഒരു ചോയ്സ്
ഇന്ന് അസുഖമുള്ളവർ മാത്രമല്ല സറോഗസിയെ ആശ്രയിക്കുന്നത്. പ്രസവിക്കണോ വേണ്ടയോ എന്നത് സ്ത്രീയുടെ ചോയ്സ് ആയിട്ടാണ് ലോകത്തിലെ വികസിത രാഷ്ട്രങ്ങൾ കാണുന്നത്. പഴയതുപോലെ മാതൃത്വം എന്തോ വലിയ ചക്കരയാണെന്നുള്ള ധാരണയൊന്നും ഇവർക്കില്ല. ഈയിടെ സുപ്രീം കോടതിയും അമ്മയാകണോ വേണ്ടയോ എന്നത്, സ്ത്രീയുടെ തീരുമാനം മാത്രം ആണെന്നും അത് അടിച്ചേൽപ്പിക്കരുത് എന്നും നിരീക്ഷിച്ചിരുന്നു.
സിംഗിൾ പാരന്റ്, സ്വവർഗാനുരാഗികളായ ദമ്പതികൾ, ഗർഭകാലം പൂർത്തിയാക്കാൻ ശാരീരിക ബുദ്ധിമുട്ടുള്ള അമ്മമാർ എന്നിവർക്കും അനുഗ്രഹമാണ് ഇത്.ലൈംഗികാഭിമുഖ്യത്തിലെ വ്യത്യസ്തകൾ കാരണം വിവാഹിതനാകേണ്ടെന്ന് തീരുമാനിക്കുന്ന, അതേസമയം തനിക്ക് സ്വന്തം രക്തത്തിൽ തന്നെ പിറന്ന അനന്തരാവകാശികൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാണ് സരോഗസി.
ഹോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ അനുഭവം തന്നെ നോക്കുക. ബാച്ചിലർ ആയിരിക്കാൻ ആഗ്രഹിക്കുന്ന അയാൾ വാടക ഗർഭധാരണത്തിലുടെയാണ് പിതാവ് ആയത്. അതിനും മുന്നേ ബാച്ച്ലർ ഡാഡ് ആയിരിക്കാൻ കരണിനേക്കാൾ മുമ്പേ തീരുമാനിച്ച വ്യക്തിയാണ് തുഷാർ കപൂർ. പ്രായപൂർത്തിയായ ഒട്ടേറെ അവിവാഹിതരായ സ്ത്രീകൾ കുട്ടികളെ വളർത്തുന്നുണ്ട്. അത്തരത്തിൽ മാതൃത്വം ആഘോഷിക്കപ്പെടുമ്പോൾ എന്തുകൊണ്ട് അവിവാഹിതനായ തനിക്ക് പിതൃത്വം ആഘോഷിച്ചുകൂടാ എന്ന ചിന്തയിൽനിന്നാണ് കുട്ടി വേണമെന്ന് ചിന്തിച്ചുതുടങ്ങിയതെന്ന് തുഷാർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 'അമ്മയുടെയും അച്ഛന്റെയും അവസ്ഥയിലൂടെ എനിക്ക് കടന്നുപോകണമെന്നു തോന്നി. ആ വെല്ലുവിളി ഞാൻ ഏറ്റെടുത്തു.' അങ്ങനെ വിവാഹിതാനാകാതെ സരോഗസിയുടെ സഹായത്താൽ തുഷാർ അച്ഛനായി. പിന്നീട് തുഷാറിന്റെ സഹോദരി ഏക്ത കപൂറും സരോഗസിയുടെ സഹായത്തോടെ അമ്മയായിരുന്നു.
തുടർച്ചയായ അബോർഷനുകളെ തുടർന്നാണ് ശില്പ ഷെട്ടി സരോഗസിയിലൂടെ സമീഷയെന്ന പെൺകുഞ്ഞിന്റെ അമ്മയാകുന്നത്. 'വിഹാന് ശേഷം ഒരു കുഞ്ഞ് വേണമെന്ന് ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. പക്ഷേ എനിക്ക് ഒരു ഓട്ടോ ഇമ്യൂൺ ഡിസീസ് ഉണ്ട്. ഗർഭിണി ആകുമ്പൾ അത് വല്ലാതെ അലട്ടും അബോർഷനാകും. വളരെ ഗുരുതരമായ ശാരീരിക അവസ്ഥയായിരുന്നു. കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആദ്യ തീരുമാനം. നാലുവർഷത്തോളം അതിനായി ശ്രമിച്ചെങ്കിലും ചിലകാരണങ്ങളാൽ അത് നടന്നില്ല. തുടർന്നാണ് സരോഗസിയെ സ്വീകരിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. മൂന്നുതവണത്തെ ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷമാണ് സമീഷ ഞങ്ങളുടെ ജീവിതത്തിലെത്തുന്നത്.' ശില്പ പറയുന്നു. ശ്രേയസ് തൽപഡെ, ലിസ റായ്, പ്രീതി സിന്റ, സൊഹൈൽ ഖാൻ എന്നിവരും വാടക ഗർഭപാത്രത്തെ ആശ്രയിച്ച് രക്ഷിതാക്കളായവരാണ്. പക്ഷേ നമ്മുടെ നാട്ടിൽ പൊതുവേ ഇപ്പോഴും സരോഗസിയെ ആശ്രയിക്കുന്നവരെ എന്തോ കുഴപ്പം ഉള്ളവർ ആയിട്ടാണ് കാണുന്നത്.
വിലക്കുവാങ്ങാം അമ്മമാരെ
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വാടകഗർഭധാരണത്തിന്റെ മറവിൽ വ്യാപകമായ തരികിടകൾ നടക്കുന്നുണ്ടെന്നും ആക്ഷേപം ഉണ്ട്. നമ്മുടെ നാട്ടിൽവരെയുള്ള വൃക്കമാഫിയയെപ്പോലെയൊക്കെ കൃത്യമായ ഏജന്റുകൾ പ്രവർത്തിക്കുന്ന ഒരു 'കുടിൽ വ്യവസായമായി' ഇത് മുംബൈയിലൊക്കെ പ്രവർത്തിക്കുന്നുണ്ടെന്ന് വൻ പരാതികൾ ഉണ്ട്. ധവളവിപ്ലവത്തിന്റെ ക്രേന്ദമായിരുന്ന ഗുറാത്തിലെ ആനന്ദ് നേരത്തെ ലോകത്തിലെ വാടക അമ്മമാരുടെ തലസ്ഥാനം എന്നപേരിലാണ് അറിയപ്പെടുന്നത്. ഇവിടം സന്ദർശിച്ച ബിജു രാഘവന 2013ൽ ഗൃഹലക്ഷ്മിയിൽ ഇങ്ങനെ എഴുതി.
'' വാടക അമ്മമാരുടെ കേന്ദ്രമായ സത്‌കൈവൽ ഹോസ്പിറ്റലിന്റെ മുറ്റത്താണ് ഞാനിപ്പോൾ. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ ഏഴെട്ട് ദമ്പതികൾ ആരെയോ കാത്തിരിക്കുന്നുണ്ട്. യു.എസ്., ഓസ്‌ട്രേലിയ, കാനഡ, യു.കെ. ഇസ്രയേൽ, സിങ്കപ്പൂർ, ഫിലിപ്പിൻസ്, തുർക്കി, ഐസ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇവിടേക്ക് കുഞ്ഞുങ്ങളെ അന്വേഷിച്ച് കൂടുതൽ ആളുകൾ ഒഴുകുന്നത്. ഒരു മാസം ശരാശരി മുപ്പത് കുട്ടികളെങ്കിലും ഈ ആശുപത്രിയിൽ വാടക ഗർഭപാത്രം വഴി പിറക്കുന്നുണ്ട്. ഇവിടെ ജനിച്ച മൊത്തം കുട്ടികളുടെ എണ്ണം 700 കവിഞ്ഞിരിക്കുന്നു.''
വാടക അമ്മമാരുടെ വീട് ആശുപത്രിയിൽനിന്ന് കുറച്ച് അകലെയാണ്. ഡോ.നയന പട്ടേൽ ഞങ്ങളെ അവിടേക്ക് കൂട്ടി. വലിയൊരു ഹോസ്റ്റലാണത്. അതിനകത്ത് ടി.വിയിൽ സീരിയൽ കണ്ടുരസിക്കുന്നു ഗർഭിണികളിൽ ചിലർ. അടുത്ത മുറിയിലുള്ള ചിലർ എംബ്രോയ്ഡറി വർക്കിലാണ്. പഴവും പാനീയങ്ങളും നിറച്ച പാത്രങ്ങൾ അരികിൽ വെച്ച് ഉറങ്ങുന്നു ഒരു എട്ടുമാസക്കാരി. 180 ഗർഭിണികൾ ഇവിടെ താമസിക്കുന്നു. ഇരുപതോളം മുറികളിൽ സസുഖം ഗർഭകാലം ചെലവിടുന്നവർ. അവർക്കുള്ള മരുന്നുകളുമായി ഓടിനടക്കുന്ന നഴ്‌സ്. ''ഗർഭിണിയാവാനുള്ള ഇഞ്ചക്ഷൻഎടുത്തുകഴിഞ്ഞാൽ പിന്നെ പ്രസവിക്കുന്ന നിമിഷം വരെ ഈ ഹോസ്റ്റലിലാണ് എല്ലാവരും താമസിക്കുന്നത്. അടുത്തുള്ള ചില വീടുകളിലും ഗർഭിണികളെ താമസിപ്പിച്ചിട്ടുണ്ട്.'' മേട്രൺ കൂടിയായ നഴ്‌സ് മാലാബെൻ പറഞ്ഞു.
മൂന്നരലക്ഷം രൂപവരെ ഇവർക്ക് ഇതിനായി പ്രതഫലം ലഭിക്കുന്നുണ്ടെന്നാണ് 2013ൽ എഴുതിയ റിപ്പോർട്ടിൽ പറയുന്നത്. പക്ഷേ കഴിഞ്ഞവർഷം പുതിയ നിയമം വന്നതോടെ ഇത്തരം സെന്ററുകൾക്ക് പൂട്ട് വീണിരിക്കാണ്. ഇപ്പോൾ രഹസ്യമായാണ് വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ നടക്കുന്ന അനധികൃതമായ കാര്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും കാരവൻ മാസിക അടക്കം വിശദമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബീഹാറിലെയും ഒഡീഷയിലെയുമെല്ലാം പാവങ്ങളെ വാടക ഗർഭാധരണത്തിന്റെ പേരിൽ വഞ്ചച്ചതിന്റെ കഥകൾ ഒക്കെയും നേരത്തെയും വാർത്ത ആയിരുന്നു.
എന്തായാലും ഇന്ത്യൻ യുവത്വവും അതിശക്തമായ മാറ്റത്തിന് വിധേയമായി ക്കൊണ്ടിരിക്കയാണ്. പരമ്പരാഗത രീതിയിലുള്ള നൊന്തു പ്രസവത്തിന്റെ സെന്റിമെൻസിൽ അവർ വീഴില്ല. പ്രസവിക്കണോ വേണ്ടയോ എന്നത് സ്ത്രീയുടെ ചോയ്സ് മാത്രം ആവുന്ന കാലമാണിത്. അപ്പോൾ നിയമങ്ങളും ആ രീതിയിൽ മാറണം. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ കാര്യത്തിൽ നിയമലഘനം ചൂണ്ടിക്കാട്ടി, അന്വേഷണം നടത്തുന്നത്, ഭരണകൂടവും സദാചാര പൊലീസ് കളിക്കുന്നതിന് തുല്യമാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്തായാലും ഈ സംഭവത്തോടെ വാടക ഗർഭധാരണം സംബന്ധിച്ച നിയമങ്ങൾക്ക് കൃത്യതയും വ്യക്തതയും ഉണ്ടാവുമെന്നാണ് കരുതുന്നത്.
വാൽക്കഷ്ണം: ലോഹിതദാസ് എന്ന എഴുത്തുകാരന്റെ പ്രതിഭയിൽ നമ്മൾ അതിശയിച്ച് പോകും, 'ദശരഥം' എന്ന സിനിമ കണ്ടാൽ. വാടക ഗർഭധാരണത്തിന്റെ മാനസിക പ്രശ്നങ്ങളും, രാജീവ് മേനോൻ എന്ന വ്യക്തിയുടെ ചോയ്സുമെല്ലാം എത്ര കൃത്യമായാണ് ലോഹി എഴുതിയിട്ടുള്ളത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ