- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസും തമ്മിൽ ഏറ്റമുട്ടി ഒരാൾ മരിച്ചുവെന്ന് വാർത്ത വന്നാൽ നമുക്ക് അത് വിശ്വസിക്കാൻ കഴിയുമോ? പക്ഷേ അതുപോലെയല്ല പുഷ്പയും, ബാഹുബലിയും, ആർആർആറുമൊക്കെയായി ഇന്ത്യൻ സിനിമയെ നയിക്കുന്ന തെലുങ്കിലെ കാര്യം. അവിടെ പവർ സ്റ്റാർ എന്ന് വിളിക്കുന്ന നടനും രാഷ്ട്രീയക്കാരനുമായ സൂപ്പർ സ്റ്റാർ പവൻ കല്യാണിന്റെ ആരാധകരും, ആർആർആർ സിനിമയുടെ പാൻ ഇന്ത്യൻ താരമായ രാം ചരൺ തേജയുടെ ഫാൻസും തമ്മിലുള്ള സംഘർഷത്തിൽ ഒരാളുടെ ജീവനാണ് കഴിഞ്ഞമാസം നഷ്ടമായത്! ( നേരത്തെ പവൻ കല്യാൺ ഫാൻസും, പ്രഭാസ് ഫാൻസും തമ്മിൽ ഒരു വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരു ജീവൻ പൊലിഞ്ഞിരുന്നു.) ഏറ്റവും വിചിത്രം, പവൻകല്യാണിൻൈറ മൂത്ത ജ്യേഷ്ഠൻ ചിരഞ്ജീവിയുടെ മകനാണ് ഈ രാം ചരൺ തേജ എന്നതാണ്. അതായാത് സഹോരന്മാർ തമ്മിലുള്ള യുദ്ധം. വെറും സഹോദരങ്ങൾ മാത്രമായിരുന്നില്ല, ചിരഞ്ജീവിയും പവൻ കല്യാണും. പവന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, അത്മഹത്യയിൽനിന്ന് കരകയറ്റി തന്നെ സൂപ്പർ സ്റ്റാർ ആക്കിയത് ചേട്ടനാണ്.
ഇന്ന് രാജക്പുർ കുടുംബം കഴിഞ്ഞാൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സിനിമാ കുടുംബം എന്നാണ് കൊനിഡേല എന്ന വീട്ടുപേരുള്ള ചിരഞ്ജീവി കുടുംബം അറിയപ്പെടുന്നത്. ചിരഞ്ജീവിയും പവൻകല്യാണും മാത്രമല്ല, സഹോദരൻ നാഗബാബുവിന്റെ മകൻ വരുൺ തേജും അറിയപ്പെടുന്ന നടനാണ്. നാഗബാബുവിന്റെ മകൾ നിഹാരികയും, കുടുംബത്തിൽനിന്ന് സ്ത്രീകൾ അഭിനയിക്കില്ല എന്ന മാമൂലുകൾ ലംഘിച്ച് അഭിനയരംഗത്തുണ്ട്. ചിരഞ്ജീവിയും പവൻ കല്യാണും, രം ചരൺ തേജയും തൊട്ട് അല്ലുഅർജുൻവരെയുള്ള സൂപ്പർ താരങ്ങളിലേക്ക് ആ കുടുംബത്തിന്റെ വേരുകൾ നീളുന്നു. അല്ലു അർജുന്റെ മുത്തച്ഛൻ അല്ലു രാമലിംഗയ്യ തെലുങ്കിലെ പ്രശസ്തനായ ഹാസ്യതാരമായിരുന്നു. നമ്മുടെ നാട്ടിൽ അടുർ ഭാസിയെപ്പോലെയൊക്കെ അറിയപ്പെടുന്നയാൾ. അല്ലു രാമ ലിങ്കയ്യയുടെ മകളായ സുരേഖയാണ് നടൻ ചിരഞ്ജീവി വിവാഹം കഴിച്ചത്.
ഇന്ന് ചിരഞ്ജീവി കുടുംബത്തിന്റെ ആധിപത്യത്തിലാണ് തെലുങ്ക് സിനിമാ ലോകം. ഈ ബന്ധുത്വത്തിന്റെ പേരിൽ മാത്രം താരങ്ങളായവർ ഒട്ടനവധി. ബോളിവുഡ് താരം സുശാന്തിന്റെ ആത്മഹത്യയെ തുടർന് നെപ്പോട്ടിസം ഒരു വിഷയമായി ചർച്ചയായപ്പോൾ ഈ കുടുംബാധിപത്യത്തെ നവ മാധ്യങ്ങൾ വിമർശന വിധേയമാക്കുകയുണ്ടായി.
പക്ഷേ തന്റെ സമകാലികരെ അപേക്ഷിച്ച് യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വപ്രയത്നത്തിലൂടെ ഉയർന്ന് വന്ന താരമായിരുന്നു ചിരഞ്ജീവി. സഹോദരങ്ങളെ സിനിമയിൽ എത്തിച്ചതും, അദ്ദേഹം തന്നെ. ഇപ്പോൾ, ചിരഞ്ജീവി കുടുംബത്തിലെ അനൈക്യത്തെക്കുറിച്ചും, രാഷ്ട്രീയ ഭിന്നതകളെക്കുറിച്ചുമാണ് വാർത്തകൾ പുറത്തുവരുന്നത്. ചിരഞ്ജീവി നേരത്തേ പ്രജാ രാജ്യം പാർട്ടിയുണ്ടാക്കിയിരുന്നു. പിന്നീട് അത് ക്ലച്ച് പടിക്കാതായപ്പോൾ കോൺഗ്രസിൽ ലയിച്ചു. പിന്നീട് അദ്ദേഹം രാജ്യസഭാഗംഗവും, കേന്ദ്രമന്ത്രിയുമായി.
ഇപ്പോൾ രാഷ്ട്രീയ മോഹങ്ങൾ അവസാനിപ്പിച്ച് ചിരഞ്ജീവി സിനിമയിൽ തുടരുകയാണ്. എന്നാൽ പവർ സ്റ്റാർ എന്ന് തെലുങ്ക് മക്കൾ വിളിക്കുന്ന അനിയൻ പവൻ കല്യാണിന്റെ ജനസഖ്യം പാർട്ടി ശക്തമായി രാഷ്ട്രീയത്തിയുണ്ട്. ഇപ്പോൾ ബിജെപി സഖ്യം വിട്ട് ടിഡിപിയുടെ കൂടെയാണ് പവൻ. ഇത്തവണ എന്ത് വിലകൊടുത്തും, വൈഎസ് ജഗമോഹൻ റെഡ്ഡിയെ ആന്ധ്രയിൽനിന്ന് ഇറക്കുമെന്ന പ്രതിജ്ഞയിലാണ് പവൻ. പക്ഷേ ചിരഞ്ജീവിക്ക് പവന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. ഇതോടെ കൊനിഡേല എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാകുടുംബവും ഇനി അടുക്കാത്ത വിധം പിളർന്നിരിക്കയാണ്. 69കാരനായ ചിരംഞ്ജീവിക്ക് ഇനി ഒരു അങ്കത്തിന് ബാല്യമുണ്ടോ എന്ന് സംശയമാണ്. പക്ഷേ 55കാരനായ പവൻ കല്യാൺ കലിപ്പിൽ തെന്നയാണ്. എൻടിആറിനെപ്പോലെ സിനിമയും രാഷ്ട്രീയവും ഒരുപോലെ നിയന്ത്രിക്കുമെന്ന വാശിയിൽ.
ആദ്യമായി ഒരുകോടി വാങ്ങിയ നടൻ
എൻ.ടി.രാമറാവുവിനു ശേഷം തെലുങ്ക് മക്കളുടെ കൺ കണ്ട ദൈവമായി വളർന്ന ചിരഞ്ജീവി, 90 കളുടെ തുടക്കത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന സിനിമാ താരമായിരുന്നു. ടോളിവുഡ് എന്നറിയപ്പെടുന്ന തെലുങ്ക് സിനിമാ ലോകം ബാഹുബലിക്ക് മുമ്പ് എൻ ടി ആറിന്റെയും ചിരഞ്ജീവിയുടെ പേരിലായിരുന്ന അറിയപ്പെട്ടിരുന്നത്. ആന്ധ്രയിലെ പടിഞ്ഞാറേ ഗോദാവരിയിൽ മൊഗൽതുർ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് 1955 ഓഗസ്റ്റ് 22 ന് കൊനിഡേല ശിവശങ്കര വരപ്രസാദ് എന്ന ചിരഞ്ജീവിയുടെ ജനനം. കൊമേഴ്സ് ബിരുദധാരിയായ അദ്ദേഹം തന്റെ അഭിനയ മോഹം സാക്ഷാത്ക്കരിക്കുന്നതിനായി പഠന ശേഷം അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയുണ്ടായി. തുടർന്നാണ് അഭിനയത്തിലേക്ക് തിരിയുന്നത്.
ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് വളർന്ന നടനാണ് ചിരഞ്ജീവി.
ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. അന്നത്തെ നായക സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായ രൂപഭാവങ്ങൾ കൊണ്ടാകാം ആദ്യ കാലഘട്ടങ്ങളിൽ കൂടുതലും നെഗറ്റീവ് റോളുകളായിരുന്നു അദ്ദേഹത്തെ തേടിയെത്തിയത്. വെളുത്ത് തുടുത്ത തെലുങ്ക് നായകർക്കിടയിലേക്ക് ഇരുണ്ട നിറവുമുള്ള ഈ നടൻ വേറിട്ട് നിന്നു. അന്നത്തെ മുൻ നിരക്കാരുടെ നാടകീയത മുറ്റി നിൽക്കുന്ന അഭിനയ ശൈലിയെ അപേക്ഷിച്ച് പുതുമ നൽകാൻ ചിരഞ്ജീവിക്കായി. വില്ലൻ വേഷങ്ങളിലെ തനതും വേറിട്ടതുമായ അഭിനയ ശൈലി അദ്ദേഹത്തിന് ഉപനായക പദവിയിലേക്ക് സ്ഥാനകയറ്റം നൽകി.
80കളുടെ തുടക്കം മുതൽ ഉപനായക വേഷങ്ങളിലാണ് ചിരഞ്ജീവി തിളങ്ങിയത്. 1982 -ൽ തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി എൻ ടി രാമറാവു കളമൊഴിഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് സൂപ്പർസ്റ്റാർ കൃഷ്ണ അവരോധിക്കപ്പെടുകയും ചെയ്തു. ഇതിനിടെ ലോ ബജറ്റ് ചിത്രങ്ങളിലെ നായക വേഷങ്ങളിലൂടെ ക്രമാനുഗതമായി ചിരഞ്ജീവിയുടെ കരിയർ ഗ്രാഫും ഉയർത്തി. 1983-ൽ റിലീസായ കോദണ്ഡ റാമി റെഡ്ഡിയുടെ കൈതി ചിരഞ്ജീവിയുടെ കരിയറിലെ വഴിത്തിരിവായി മാറി. സിൽവസ്റ്റർ സ്റ്റാലന്റെ റാംബോ സീരിസിലെ 'ഫസ്റ്റ് ബ്ലഡ്' ആയിരുന്നു കൈദിയുടെ പ്രചോദനം. ഗ്രാമീണ മേഖലകളിലെ ജാതീയവും ജന്മിത്തപരവുമായ ചൂഷണങ്ങൾക്ക് എതിരെ ശബ്ദമുയർത്തുന്ന അഭ്യസ്ഥവിദ്യനായ ഒരു കർഷക യുവാവിന്റെ പ്രതികാരത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറഞ്ഞ കൈദി വൻ വിജയമായിരുന്നു. തുടർന്നിങ്ങോട്ട് ചെറുതും വലുതുമായ തുടർ വിജയങ്ങളിലൂടെ ചിരഞ്ജീവി മുന്നേറിക്കൊണ്ടിരുന്നു.
1987 -ൽ റിലീസായ ഫാസിലിന്റെ മമ്മൂട്ടി ചിത്രമായ പൂവിന് പുതിയ പൂന്തെന്നലിന്റെ തെലുങ്ക് പതിപ്പായ പസിവാഡി പ്രാണത്തിന്റെ പടു കൂറ്റൻ വിജയത്തോടെ കൃഷ്ണയുടെ താര സിംഹാസനത്തിനിളക്കം തട്ടി. സമാന്തരമായി ബാലകൃഷ്ണയും തുടർ ഹിറ്റുകളുമായി മുൻ നിരയിലേക്ക് കുതിക്കുകയായിരുന്നു. ഏതാണ്ടിതേ സമയത്താണ് വെങ്കിടേഷും നാഗാർജ്ജുനയും കളം പിടിക്കുന്നതും. 90 -കളോട് കൂടി ഈ നാൽവർ സംഘം തെലുങ്ക് സിനിമാ ലോകം കീഴടക്കുന്ന കാഴ്ചയാണ് പിന്നെ കാണുന്നത്. ആ തലമുറ മാറ്റത്തിന്റെ അമരക്കാരൻ ചിരഞ്ജീവിയായിരുന്നു.
90-കളുടെ തുടക്കത്തിൽ റിലീസായ കൊണ്ഡാവീട്ടി ദോംഗ, ജഗദേഗ വീരഡു, അതി ലോക സുന്ദരി, ഗ്യാംഗ് ലീഡർ തുടങ്ങിയ ചിത്രങ്ങളുടെ അഭൂത പൂർവ്വമായ വിജയം ചിരഞ്ജീവിയെ ടോളിവുഡിന്റെ നെറുകയിലെത്തിച്ചു. 1992- ൽ റീലീസായ കെ.രാഘവേന്ദ്ര റാവുവിന്റെ ഖരാനാ മൊഗ്ഗാഡുവിന്റെ ചരിത്ര വിജയം ചിരഞ്ജീവിയെ ഇന്ത്യയിലെ തന്നെ മുൻ നിരക്കാരനാക്കി തീർത്തു. തെലുങ്ക് സിനിമാ ചരിത്രത്തിലാദ്യമായി 10 കോടിക്ക് മേൽ ഗ്രോസ് കളക്ഷൻ ലഭിക്കുന്ന ചിത്രമായിരുന്നു അത്. തൊട്ടടുത്ത ചിത്രമായ ആപത് ബാന്ധവഡുവിന് 1.25 കോടി പ്രതിഫലം കൈപ്പറ്റി ചിരഞ്ജീവി ദേശീയ ശ്രദ്ധയാകർഷിക്കുകയുണ്ടായി. ബോളിവുഡ് അതികായകൻ അമിതാഭ് ബച്ചനു പോലും അപ്രാപ്യമായ ഒരു പ്രതിഫലമായിരുന്നു അത്. ചിരഞ്ജീവിയുടെ ഈ റെക്കോഡ് പ്രതിഫലത്തെ തുടർന്നങ്ങോട്ട് ഇന്ത്യാ ടുഡേയും ദ വീക്കുമടക്കമുള്ള ദേശീയ മാധ്യമങ്ങൾ ചിരഞ്ജീവിയുടെ ഈ നേട്ടത്തെ ഘോഷിച്ച് തലക്കെട്ടുകൾ നിരത്തി .'ബിഗ്ഗർ ദാൻ ബച്ചൻ' എന്നായിരുന്നു അന്നത്തെ മാധ്യമ വിശേഷണം.
ആത്മഹത്യചെയ്യാനോരുങ്ങിയ പവൻ
അനിയൻ പവൻ കല്യാണിനെയും, സിനിമയിലേക്ക് കൊണ്ടുവന്നത് ചിരംഞ്ജീവിയാണ്. ചേട്ടന്മാത്രമല്ല, തനിക്ക് ഗുരവും മാർഗദർശിയുമാണ്, ചിരംഞ്ജീവിയെന്നാണ് നടൻ പവൻ കല്യാൺ പറയാറുള്ളത്. പക്ഷേ ഇപ്പോൾ ചേട്ടനും അനിനയും രണ്ട് തട്ടിലാണ്. രോഗത്തിന് അടിമയായിരുന്ന പഴയ കാലത്തെക്കുറിച്ചുള്ള നടുക്കുന്ന ഓർമകൾ പവൻ കല്യാൺ, ഒരു ടെലിവഷൻ ഷോയ്ക്കിടെ നടൻ നന്ദമുരി ബാലകൃഷ്ണയോട് തുറന്ന് പറഞ്ഞത് വൈറലായിരുന്നു.
" കുട്ടിക്കാലത്ത് എനിക്ക് ആസ്മയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അടിക്കടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സമൂഹത്തിനോട് ഇടപെടുന്ന വ്യക്തിയായിരുന്നില്ല ഞാൻ. 17-ാം വയസ്സിൽ, പരീക്ഷകളുടെ സമ്മർദ്ദം എന്റെ വിഷാദം കൂട്ടി.എന്റെ മൂത്ത സഹോദരൻ (ചിരഞ്ജീവി) വീട്ടിലില്ലാത്ത സമയത്ത് ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ജീവനൊടുക്കാൻ പദ്ധതിയിട്ടത് ഞാൻ ഓർക്കുന്നു.ജ്യേഷ്ഠൻ നാഗബാബുവും ഭാര്യാസഹോദരി സുരേഖയും ചേർന്നാണ് എന്നെ രക്ഷിച്ചത്. എനിക്കു വേണ്ടി ജീവിക്കൂ എന്ന് സഹോദരൻ ചിരഞ്ജീവി പറഞ്ഞു. ഒന്നും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. എങ്കിലും ജീവിക്കൂ. അന്നുമുതൽ, ഞാൻ എന്നെത്തന്നെ പഠിപ്പിക്കുകയും പുസ്തകങ്ങൾ വായിക്കുകയും കർണാടക സംഗീതം അഭ്യസിക്കുകയും ആയോധനകലകൾ അഭ്യസിക്കുകയും ചെയ്യുന്നതിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തു." -പവൻ പറഞ്ഞു.
2019-ൽ തെലങ്കാനയിൽ പരീക്ഷയിൽ തോറ്റ നിരവധി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തുവെന്ന വാർത്തയോട് പ്രതികരിക്കവെ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്, നിങ്ങളോട് മാത്രം മത്സരിക്കുക.അറിവും വിജയവും കഠിനാധ്വാനത്തിലൂടെയാണ് വരുന്നത്, ഇന്ന് നമ്മൾ സഹിക്കുന്നത് നമ്മുടെ നാളെയെ രൂപപ്പെടുത്തും. നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പ് ആകുക" -പവൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിൽ കൈപൊള്ളുന്നു
പക്ഷേ 90കളിലെ പ്രതാപകാലത്തിനുശേഷം ചിരംജീവിയുടെ ഗ്രാഫ് പതിയെ താഴുന്ന കാഴ്‌ച്ചയാണ് കാണുന്നത്. ചില ചിത്രങ്ങൾ പരാജയപ്പെടുകയും മറ്റു ചിലത് ശരാശരി വിജയം നേടുകയും ചെയ്തു. തുടർന്നദ്ദേഹം ഒരു വർഷത്തോളം അഭിനയം വിട്ടു നിന്നു. ഇതിനിടയിൽ നിരവധി ഇതര ഭാഷാ ചിത്രങ്ങൾ റീമേക്കിനായി കണ്ടു. അങ്ങനെയാണ് സിദ്ദിഖിന്റെ മമ്മൂട്ടി ചിത്രമായ ഹിറ്റ്ലർ അദ്ദേഹം കാണുന്നത്. ചിത്രം കണ്ടിഷ്ടമായ അദേഹം തെലുങ്ക് പ്രേഷകരുടെ അഭിരുചികൾക്ക് അനുസൃതമായി വേണ്ട മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഹിറ്റ്ലർ അതേ പേരിൽ തന്നെ റീമേക്ക് ചെയ്തു. ഒറിജിനലിനെ പോലെ തന്നെ തെലുങ്ക് പതിപ്പും ബ്ലോക്ക്‌ബസ്റ്റർ വിജയം നേടി.
പക്ഷേ 1986- 92 കാലഘട്ടത്തിലെ തുടർ വിജയങ്ങൾ അദ്ദേഹത്തിന് അന്യമായി.
ഒന്ന് രണ്ട് ശരാശരി വിജയങ്ങൾ തുടർന്നൊരു പടുകൂറ്റൻ ഹിറ്റ് അതായി പിന്നിട് ചിരഞ്ജീവിയുടെ കരിയർ ഗ്രാഫ്. 2000ത്തിൽ അദ്ദേഹം ഫാൻസ് അസോസിയേഷനുകൾ ശക്തമാക്കി. അതിന്റെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയുമുണ്ടായി. 2002 -ൽ റിലീസായ, ബി.ഗോപാൽ സംവിധാനം ചെയ്ത ' ഇന്ദ്ര ' ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറി. ചിത്രത്തിലെ രാഷ്ട്രീയ നിറമുള്ള ചില ഡയലോഗുകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു എൻടിആർ ആകാനുള്ള വൃഥാ വ്യായാമമായി മാറി തുടർന്നുള്ള ചിരഞ്ജീവി ചിത്രങ്ങൾ. ഒടുവിൽ 2008 ൽ പ്രഖ്യാപിക്കപ്പെട്ട പ്രജാരാജ്യത്തിലൂടെ ചിരഞ്ജീവിയുടെ രാഷ്ട്രീയ പ്രവേശനവും സാധ്യമായി.
മറ്റൊരു എൻടിആർ ആകാനുള്ള ചിരഞ്ജീവിയുടെ മോഹങ്ങൾ ദയനീയമായി പരാജയപ്പെട്ടു. പാർട്ടിക്ക് കാര്യമായ പിന്തുണ കിട്ടിയില്ല. അതോടെ അദ്ദേഹം പാർട്ടി പിരിച്ചുവിട്ട് കോൺഗ്രസിൽ ചേർന്നു. പിന്നെ രാജ്യസഭാമായും കേന്ദ്ര സഹമന്ത്രിയായും പത്തുവർഷം. അതിനുശേഷം തന്റെ തട്ടകമായ വെള്ളിത്തിരയിലേക്ക് തിരികെയെത്തി. എ.ആർ.മുരുഗദാസിന്റെ വിജയ് ചിത്രമായ കത്തിയുടെ തെലുങ്ക് പതിപ്പായ 'കൈതി നമ്പർ :150' യിലൂടെയായിരുന്നു മെഗാ സ്റ്റാർ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയത്. പക്ഷേ പിന്നീട് അങ്ങോട്ട് കാര്യമായ ഹിറ്റുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
'കൈതി നമ്പർ: 150'നു ശേഷം റിലീസ് ചെയ്ത, സൈറ നരസിംഹ റെഡ്ഡി ആവറേജായപ്പോൾ, വൻ ഹൈപ്പുമായി എത്തിയ ആചാര്യ ഫ്ളോപ്പായി മാറി. അതോടെ ചിരഞ്ജീവി വീണ്ടും റീ മേക്ക് ചിത്രങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അജിത്തിന്റെ വേതാളത്തിന്റെയും മോഹൻലാലിന്റെ ലൂസിഫറിന്റെയും തെലുങ്ക് പതിപ്പുകളിലാണ് ചിരഞ്ജീവിയുടെ പ്രതീക്ഷ. പക്ഷേ രണ്ടും ആവറേജായി. ലൂസിഫറിൽ മോഹൻലാൽ ചെയ്തതിന്റെ ഏഴയലത്ത് എത്തിക്കാൻ തെലുങ്ക് സൂപ്പർ സ്റ്റാറിന് ആയില്ല.
ഒരു ദിവസം പ്രതിഫലം 2 കോടി
പക്ഷേ പവൻ കല്യാണ് വെച്ചടി കയറ്റമായിരുന്നു. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുണ്ടായിരുന്ന നടൻ തീപാറുന്ന ആക്ഷൻ രംഗങ്ങളിലൂടെ പവർ സ്റ്റാർ എന്ന പദവി നിലനിർത്തി. ഒരുഘട്ടത്തിൽ സീരിയൽ നടിമാർ ചെയ്യുന്നപോലെ ദിവസവേതനം വാങ്ങുകയായിരുന്നു പവൻ. ഒരു ദിവസം രണ്ടുകോടി രൂപയായിരുന്നു പ്രതിഫലം എന്നാണ്് താരം ഒരിക്കൽ പറഞ്ഞത്.
"22 ദിവസം ഷൂട്ടിങ് ഉണ്ടെങ്കിൽ എനിക്ക് 45 കോടി രൂപ വരെ പ്രതിഫലം ലഭിക്കും. എന്നാൽ എല്ലാ സിനിമയ്ക്കും ഇതേ പ്രതിഫലം ലഭിക്കില്ല. സിനിമയിൽ നിന്നും സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അത് തന്നെ പൊതു പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കാറില്ല.രാജ്യത്തെ വലിയ നടന്മാരിൽ ഒരാളാണ് ഞാൻ. മറ്റ് മുൻനിര നായകന്മാരോട് മത്സരിക്കാത്ത ഒരു സാധാരണ നായകൻ എന്ന നിലയിൽ, ഞാൻ ഒരു വർഷത്തിൽ ഏകദേശം 200 ദിവസം ജോലി ചെയ്യുകയും ഏകദേശം 400 കോടി സമ്പാദിക്കുകയും ചെയ്യുന്നു. പക്ഷേ, ശ്രമിച്ചാൽ എനിക്ക് 1000-1500 കോടി രൂപ എളുപ്പത്തിൽ സമ്പാദിക്കാം. അതാണ് എന്റെ ശേഷി. എന്നാൽ ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിലാണ് എനിക്ക് കൂടുതൽ താൽപ്പര്യം', പവൻ കല്യാൺ പറയുന്നു.
2008 ഓഗസ്റ്റ് 26-ന് തിരുപ്പതിയിൽവെച്ച് പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ചിരഞ്ജീവി രാഷ്ട്രീയത്തിൽ കടന്നപ്പോൾ, വലംകൈയായി സഹോദരൻ പാവനും ഉണ്ടായിരുന്നു. പാർട്ടിയുടെ യൂത്ത് വിങ്് പ്രസിഡന്റായിരുന്നു അദ്ദേഹം. പക്ഷേ പിന്നീട് ചിരഞ്ജീവി പാർട്ടി പിരിച്ചുവിട്ടത് അനിയന് ഇഷ്ടപ്പെട്ടിട്ടില്ല. അന്നുമതൽ തുടങ്ങിയ അകൽച്ചയാണ്. പിന്നീടാണ് ചേട്ടനെ ധിക്കരിച്ച് പവൻ സ്വന്തമായി പാർട്ടിയുണ്ടാക്കിയത്. ജേഷ്ഠനുമായുള്ള ബന്ധം വഷളാവാൻ പവന് മറ്റൊരുകാരണം കൂടിയുണ്ടായി. അദ്ദേഹം സ്വന്തം മകൻ രാം ചരൺ തേജയെയും, അല്ലു അർജുനനെയും വഴിവിട്ട് സഹായിക്കുന്നുണ്ടെന്നും, അത് തനിക്ക് പാരയായി മാറുമെന്നും പവൻ ഭയന്നിരുന്നതതായി തെലുങ്ക് മാധ്യമങ്ങൾ എഴുന്നിട്ടുണ്ട്.
മൂന്നു വിവാഹങ്ങൾ; അനവധി പ്രണയങ്ങൾ
പവൻ കല്യാണിന്റെ സ്വകാര്യ ജീവിതത്തിലും, ഗോസിപ്പുകളുടെ ബഹളമാണ്.
താര കുടുംബത്തിലെ ഇളമുറക്കാരാനായ രാം ചരൺ, വരുൺ തേജ് ഉൾപ്പെടെയുള്ള നടന്മാർ പോലും സ്വകാര്യ ജീവിതം ഗോസിപ്പ് വിഷയമാകാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ പവൻ കല്യാണിന്റെ ജീവിതം ഇങ്ങനെയല്ല മുന്നോട്ട് പോയത്. മൂന്ന് തവണയാണ് നടൻ വിവാഹിതനായത്. ആദ്യ വിവാഹമോചനം ചെറുതല്ലാത്ത കോളിളക്കവും ഉണ്ടാക്കി.
1997-ലാണ് നന്ദിനി എന്ന യുവതിയെ പവൻ കല്യാൺ വിവാഹം ചെയ്യുന്നത്.
സിനിമാ രംഗത്തേക്ക് പ്രവേശിച്ച് ഒരു വർഷത്തിനുള്ളിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ച് വർഷത്തിനുള്ളിൽ ഒപ്പം അഭിനയിച്ച രേണു ദേശായിയുമായി പവൻ കല്യാൺ ലിവ് ഇൻ റിലേഷൻഷിപ്പിലേക്ക് കടന്നു. ഇതറിഞ്ഞ നന്ദിനി കേസ് ഫയൽ ചെയ്തു. താനുമായുള്ള വിവാഹബന്ധം നിലനിൽക്കെ കല്യാൺ രണ്ടാമത് വിവാഹം ചെയ്തു എന്നായിരുന്നു ആരോപണം. എന്നാൽ താൻ രണ്ടാമത് വിവാഹിതനായിട്ടില്ലെന്ന് പവൻ കല്യാൺ കോടതിയിൽ വ്യക്തമാക്കി. തെളിവുകളുടെ അഭാവത്തിൽ കേസ് ഒഴിവായി.
പിന്നീട് 5 കോടി രൂപ ജീവനാംശം നൽകിയാണ് പവൻ കല്യാൺ ഈ ബന്ധത്തിൽ നിന്ന് ഒഴിവായത്. 2009 ൽ രേണു ദേശായിയെ വിവാഹം ചെയ്തു. എട്ട് വർഷം നീണ്ട ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിലാണ് വിവാഹ ജീവിതത്തിലേക്ക് ഇരുവരും കടന്നത്. എന്നാൽ 2012- ൽ ഇരുവരും വേർപിരിഞ്ഞു.
വിവാഹമോചനത്തിന് പവൻ കല്യാൺ നിർബന്ധം പിടിച്ചെന്ന് പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ രേണു ദേശായി തുറന്ന് പറയുകയുമുണ്ടായി. രണ്ട് മക്കളും ഇരുവർക്കുമുണ്ട്. രേണു ദേശായിയുമായി പിരിഞ്ഞ ശേഷം പവൻ കല്യാണിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് റഷ്യൻ വനിതയായ അന്ന ലെസ്നവയാണ്. തീൻ മാർ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും അടുക്കുന്നത്. 2013 ലായിരുന്നു വിവാഹം. രണ്ട് മക്കളും ഈ ബന്ധത്തിലുണ്ട്. ഈയിടെ അന്നയിൽനിന്നും പവൻ വിവാഹമോചനം നേടി.
പവന്റെ രാഷ്ട്രീയ എതിരാളിയായ ജഗൻ മോഹൻ റെഡ്ഡി ഇക്കാര്യം തിരിഞ്ഞെടുപ്പ് വേദികളിൽപോലും ഉന്നയിക്കാറുണ്ട്്. ഈയിടെ ആന്ധ്രയിലെ പ്രൈമറി സ്‌കൂളുകളുടെ പ്രധാന ഭാഷ ഇംഗ്ലീഷ് ആക്കി മാറ്റിയപ്പോൾ പവൻ അതിനെ എതിർത്തിരുന്നു. അപ്പോൾ ജഗൻ ഇങ്ങനെ തിരിച്ചിടിച്ചു. "- മൂന്ന് ഭാര്യമാരും അസംഖ്യം മക്കളുമുള്ള താങ്കൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി മനസ്സിലാവില്ലേ"? തന്റെ സ്വകാര്യ ജീവിതമല്ല ഇവിടെ ചർച്ചയെന്ന് പവനും മറുപടി പറഞ്ഞു.
ആന്ധ്രയിൽ ജഗനെ തുരത്തും
2014ലാണ് പവൻ കല്ല്യാൺ ജനസേന പാർട്ടി രൂപീകരിച്ചത്. മുൻ വർഷങ്ങളിൽ ഒറ്റയ്ക്കു മത്സരിച്ചിരുന്ന പാർട്ടി പിന്നീട് എൻഡിഎ മുന്നണിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലികളിൽ പവൻകല്യാണിന്റെ സാന്നിധ്യം വലിയ വാർത്തയായിരുന്നു. ദേശീയ സുരക്ഷയ്ക്കായി മോദി എടുക്കുന്ന കർക്കശമായ തീരുമാനങ്ങളും തിരഞ്ഞെടുപ്പു നേട്ടം നോക്കാതെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും തന്നെ മോദിയിലേക്ക് ഏറെ അടുപ്പിച്ചെന്നാണ് പവൻ കല്യാൺ മുമ്പ് പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ ജനസേന പാർട്ടി എൻഡിഎ സഖ്യം വിട്ട്,ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാർട്ടി ടിഡിപിക്കൊപ്പം കൂടിയിരിക്കയാണ്. നേരത്തെ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ചന്ദ്രബാബു നായിഡുവിനെ പവൻ കല്യാൺ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി ജനസേന- ടിഡിപി- ബിജെപി സഖ്യത്തിനായി പവൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നാണു വിവരം. പക്ഷേ ടിഡിപിയുമായി ചേരുന്നത് ബിജെപി തയ്യാറല്ലാത്തുകൊണ്ടാണ് പവൻ സഖ്യം വിട്ടത്.
ഇപ്പോൾ എന്തുവിലകൊടുത്തം ആന്ധ്രയിൽനിന്ന് ജഗൻ മോഹൻ റെഡ്ഡിയെ തുരത്തുമെന്നാണ് പവൻ പറയുന്നത്. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. വൈഎസ്ആർ രാജശേഖര റെഡ്ഡിയുടെ ഭാര്യയും, മൂത്തമകളും അടക്കമുള്ളവർ ഇപ്പോൾ ജഗനെ വിട്ട് കോൺഗ്രസിന്റെ കൂടെയാണ്. അതിനിടെയിലാണ് പവൻ ഉയർത്തുന്ന ഭീഷണിയും. പക്ഷേ പവന് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് ജഗൻ പറയുന്നത്.
കഴിന്നവർഷം ജനസേന പാർട്ടി തെലങ്കാന നിയമസഭയിൽ മത്സരിച്ച് സം പൂജ്യരായിരുന്നു. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജനസേന പാർട്ടി മത്സരിച്ച എട്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ഏഴു സീറ്റുകളിൽ കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. പക്ഷേ അത് തെലുങ്കാനായിലാണ്. ആന്ധ്രയിലാണ് തങ്ങളുടെ പവർ എന്നാണ് പവൻ പറയുന്നത്. നേരത്തെ വിശാഖപട്ടണത്തുനിന്ന് തുടങ്ങിയ പവന്റെ രാഹി യാത്രക്ക് വൻ പിന്തുണയാണ് കിട്ടിയത്." കഴിഞ്ഞ നാല് വർഷമായി വൈഎസ്ആർസിപി നേതാക്കൾ സംസ്ഥാനം കൊള്ളയടിച്ചു. വിശാഖപട്ടണത്തിലെ ചെങ്കൽ പ്രദേശത്തെ നശിപ്പിച്ച ഇവർ കഞ്ചാവ് കടത്ത്, മദ്യം, മണൽ, ഭൂമാഫിയ ഇടപാടുകൾ എന്നിവയിലൂടെ വലിയ പണമുണ്ടാക്കി.സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. പെട്രോളിന് എക്സൈസ് തീരുവ വർധിപ്പിച്ചു, മാലിന്യത്തിന് നികുതി ചുമത്തി," പവൻ കല്യാൺ പ്രസംഗങ്ങളിൽ കത്തിക്കയറുകയാണ്.
പലയിടത്തും പവൻ ആരാധകരും ജഗൻ ആരാധകരും ഏറ്റുമുട്ടി. വൈഎസ്ആർ കോൺഗ്രസിലുള്ള നടി റോജയെ പവന്റെ ആളുകൾ ആക്രമിച്ചതായും പരാതിയുണ്ട്. ഈ അക്രമവും, കൊലവെറിയും, തെലുങ്ക് സിനിമയിലേക്കും പടരുകയാണ്. നേരത്തെ യാത്രാ 2 എന്ന സിനിമയുടെ റിലീസ് ദിനത്തിൽ പല തീയേറ്റുകളിലും എറ്റുമുട്ടിൽ ഉണ്ടായി. മമ്മൂട്ടി, ജീവ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രം,
ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹൻ റെഡ്ഡിയുടെ വ്യക്തിജീവിതവും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവുമാണ് പറഞ്ഞത്. പക്ഷേ വൻ ഹൈപ്പിൽ വന്ന ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു.
അതിനിടെ പവൻ കല്യാൺ നായകനാവുന്ന ഉസ്താദ് ഭഗത് സിങ് എന്ന ചിത്രത്തിന്റെ ടീസർറും വിവാദമായി. ടീസറിലെ പൊലീസ് സ്റ്റേഷൻ രംഗത്തിൽ ജനസേനാ പാർട്ടിയുടെ ചിഹ്നമായ ഗ്ലാസ് ഉൾപ്പെടുന്നുണ്ട്. ഒരു വില്ലൻ കഥാപാത്രം ഈ ഗ്ലാസ് താഴെയിട്ട് തകർക്കുന്നു. ഇതിലൊരു കഷണമെടുത്ത്, ഈ ഗ്ലാസ് പ്രതിനിധീകരിക്കുന്നത് നമ്മുടെ വലിപ്പമല്ല, നമ്മുടെ സൈന്യത്തേയാണ്, അദൃശ്യമായ സൈന്യത്തെ എന്ന് നായകനായ പവൻ കല്യാൺ പറയുന്നു.തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെയൊരു രംഗമുള്ള ടീസർ പുറത്തിറങ്ങിയത് ജനങ്ങളെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടിയിലുള്ളവർ ആരോപിക്കുന്നത്. പൊട്ടിയതാണെങ്കിലും ഗ്ലാസ് ഉയർത്തിപ്പിടിച്ചുള്ള നായകന്റെ പ്രകടനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വകുപ്പിൽപ്പെടുമെന്നും ജഗൻ അനുയായികൾ പറയുന്നു. ഈ രീതിയിൽ ഒരു തെലുങ്ക് മസാല സിനിമപോലെ മുന്നേറുകയാണ്, രാഷ്ട്രീയവും!
വാൽക്കഷ്ണം: എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന് ശ്രീനിവാസൻ പറഞ്ഞതുപോലെയാണ് തെലുങ്ക് മസാല സിനിമകളും. സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. പക്ഷേ റീമേക്ക് ചെയ്യുമ്പോൾ തിരക്കഥ പൂർണമായി മാറ്റാൻ പവൻ കല്യാൺ നിർദ്ദേശം നൽകി. നായകനായി താൻ മാത്രം മതിയെന്നും ക്ലൈമാക്സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവൻ കല്യാൺ നിർദ്ദേശിച്ചത്. അങ്ങനെ മലയാളത്തിൽ പൃഥ്വി അവതരിപ്പിച്ച കോശിയെന്ന കഥാപാത്രത്തെ തെലുങ്കിൽ വില്ലനാക്കിയാണ് പടം ഇറങ്ങിയത്!