- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറു ദിവസത്തെ ജോലിക്ക് വെറും ആയിരം രൂപ വേതനം; പത്തുവര്‍ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, 8 വര്‍ഷം ഒറ്റ സീന്‍ നടന്; മമ്മൂട്ടിയുടെ സഹായത്തില്‍ വളര്‍ന്ന നടന് ഇപ്പോള്‍ പാവങ്ങളുടെ മമ്മൂട്ടി; പണിയറിയുന്ന സംവിധായകനായും വളര്‍ച്ച; മലയാള സിനിമയിലെ ഒറ്റക്കൊമ്പന്! ജോജു ജോര്‍ജിന്റെ ജീവിതം
മലയാള സിനിമയിലെ ഒറ്റക്കൊമ്പന്! ജോജു ജോര്‍ജിന്റെ ജീവിതം
നൂറുദിവസം പൊരിവെയിലത്ത് ജോലിചെയ്തിട്ട് വെറും ആയിരംരൂപ മാത്രമാണ് പ്രതിഫലം കിട്ടിയതെങ്കില്‍, നിങ്ങള്‍ എത്രപേര്‍ അതില്‍ തുടരും! പക്ഷേ ഇദ്ദേഹത്തിന് ഇങ്ങനെ ഒരു ദിവസം മാത്രമായിരുന്നില്ല, ജോലിചെയ്യേണ്ടി വന്നത്. വര്‍ഷങ്ങളാണ്. അതും രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ല എന്ന് വിലയിരുത്തപ്പെട്ട ഒരു ഇന്‍ഡസ്ട്രിയില്‍. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന മലയാള സിനിമയില്‍, ഒരു നടനുവേണ്ട ഗ്ലാമര്‍ യാതൊന്നുമില്ലാത്ത, ഗോഡ്ഫാദര്‍പോയിട്ട് പരിചയക്കാര്‍പോലുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ എന്താവാനാണ്. പലരും അയാളെ ഉപദേശിച്ചു, ചിലര്‍ പരിഹസിച്ചു. ഈ പണി നിര്‍ത്തി, വല്ല കൂലിപ്പണിക്കെങ്കിലും പോവാന്‍.
പക്ഷേ അയാള്‍ക്ക് സിനിമയോട് ഭ്രാന്തമായ അഭിനിവേശമായിരുന്നു. ഒരു മോട്ടിവേഷന്‍ ക്ലാസിലും കേള്‍ക്കാത്ത അസാധാരണമായ ജീവിതമാണ് അയാളുടേത്. കടംവാങ്ങി കുടുംബം നടത്തി അയാള്‍ സിനിമാ സെറ്റിലെത്തി. പക്ഷേ എല്ലാകാലവും എല്ലാവരെയും അവഗണിക്കാന്‍ കഴിയില്ലല്ലോ? ഒടുവില്‍ അയാളുടെ കാലവും വന്നു. ഒരിക്കല്‍ പണി നിര്‍ത്തിപ്പോയ്ക്കോളാന്‍ എല്ലാവരും ഉപദേശിച്ച അതേ മലയാള സിനിമയില്‍, ഇന്ന് അയാള്‍ എഴുതി സംവിധാനം ചെയ്ത 'പണി' എന്ന ചിത്രമാണ്, ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത്. നടന്‍, നിര്‍മ്മാതാവ്, എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ നിലകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കയാണ് ജോജു ജോര്‍ജ് എന്ന 47കാരന്‍! ശരിക്കും ഒരു ഒറ്റക്കൊമ്പനാണ് അദ്ദേഹം. ആരെയം കൂസാത്ത, ആര്‍ക്കും വിധേയപ്പെടാത്ത, ഒറ്റയാന്‍!
ഒരു പൂഴുവില്‍നിന്ന് പൂമ്പാറ്റ രൂപപ്പെടുന്നതുപോലുള്ള മനോഹരമായ ഒരു പരിണാമ ചക്രമാണ്, ജോജു ജോര്‍ജിന്റെ ചലച്ചിത്ര ജീവിതം. മൂന്നു പതിറ്റാണ്ടുമുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് കക്ഷി തുടങ്ങിയത്. ആള്‍ക്കൂട്ടങ്ങളിലെ മുഖങ്ങളിലൊന്നായും, ഗുണ്ടാസംഘങ്ങളിലുമൊക്കെയായി, പഴയ ചിത്രങ്ങളില്‍ അയാള്‍ മന്നിമറഞ്ഞ് പോവുന്നത് കാണാം. നായകന് തല്ലിച്ചതക്കാനുള്ള കളിപ്പാട്ടമായൊക്കെ എത്രയോ കാലം ജോജു വേഷമിട്ടു. പിന്നെ പതുക്കെയുള്ള വളര്‍ച്ച. പ്രതിനായകനായി, സ്വഭാവ നടനായി, കൊടും വില്ലനായി, പിന്നെ നായകനായി... ജോസഫിലും, ഇരട്ടയിലും, നായാട്ടിലുമൊക്കെ അഭിനയം കൊണ്ട് ഞെട്ടിച്ച ജോജു ജോര്‍ജ് ഇപ്പോള്‍ സംവിധാനം കൊണ്ടും ഞെട്ടിക്കയാണ്.
ഒന്നും രണ്ടുമല്ല അഞ്ചു ഭാഷകളിലാണ്, ജോജു ഡയറക്ട് ചെയ്ത പണി എന്ന ചിത്രം തിയേറ്ററുകളിലെത്തിയത് എന്നോര്‍ക്കണം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മണിരത്നം, കമലഹാസന്‍, രജനീകാന്ത്് എന്നിങ്ങളെ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ പടം കണ്ട് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു. അതുപോലെ, ബോളിവുഡില്‍നിന്ന് സാക്ഷാല്‍ അനുരാഗ് കാശ്യപും. ഈ ഒരു ഒറ്റപ്പടത്തോടെ ഒരു പാന്‍ ഇന്ത്യന്‍ താരം എന്ന നിലയിലേക്ക് ജോജു വളര്‍ന്നിരിക്കയാണ്.
കോളജ് ഡ്രോപ്പൗട്ടായി സിനിമയിലേക്ക്
വ്യക്തിജീവിതത്തിലും, പൊതുജീവിതത്തിലും പുലര്‍ത്തുന്ന സത്യസന്ധതയാണ് ജോജുജോര്‍ജിന്റെ ഏറ്റവും വലിയ പ്രത്യേകത. പഠിക്കാന്‍ മോശമായിരുന്നുവെന്നും, കോളജ് ഡ്രോപ്പൗട്ടാണ് താന്‍ എന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. 1977 ഒക്ടോബര്‍ 22-ന് തൃശൂര്‍ ജില്ലയിലെ മാളക്കടുത്ത് കുഴൂരിലാണ് ജനനം. ജോര്‍ജ്ജ് പരേതട്ടില്‍, റോസി ജോര്‍ജ്ജ് എന്നിവരാണു മാതാപിതാക്കള്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, കുഴൂര്‍ ജി.എച്ച്.എസ്.എസിലും തുടര്‍പഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമായിരുന്നു.
മാള ശ്രീമുരുകന്‍ ടാക്കീസില്‍നിന്ന് സിനിമ കണ്ടപ്പോള്‍ തുടങ്ങിയ കമ്പമാണ്. ക്രൈസ്റ്റ് കോളേജില്‍ പഠിക്കുമ്പോളും സിനിമയായിരുന്നു മനസ്സില്‍. പഠനം നന്നായി ഉഴപ്പി. കോളേജില്‍ പഠിക്കുമ്പോള്‍ ക്ലാസ് കട്ടുചെയ്ത് അടുത്തുള്ള തീയേറ്ററിലായിരിക്കും താന്‍ ഏറെ സമയവുമെന്നാണ് ഒരു അഭിമുഖത്തില്‍ ജോജു പറയുന്നുണ്ട്. 1991-ല്‍ സംവിധാന സഹായിയായിട്ടാണ് സിനിമ രംഗത്തേക്ക് വന്നത്. മനോരമ ന്യൂസിന്റെ അഭിമുഖത്തില്‍ അക്കാലം ജോജു ഇങ്ങനെ ഓര്‍ക്കുന്നു-'' കോളജില്‍ പരീക്ഷാക്കാലത്താണ് മഴവില്‍ക്കൂടാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതാണ്. അതില്‍ സഹായിയായി. അതായിരുന്നു എന്റെ ആദ്യ ചിത്രം. ഞാന്‍ പരീക്ഷ എഴുതാനൊന്നും പോയില്ല. ഹോട്ടല്‍ മാനേജ്മെന്റിന് പഠിക്കാന്‍ വീട്ടുകാര്‍ പണം അയച്ച് തന്നിരുന്നു. ഞാന്‍ അതിനൊന്നും ശ്രമിക്കാതെ സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്നു. സര്‍ട്ടിഫിക്കേറ്റ് കിട്ടണമെങ്കില്‍ ആറുമാസത്തെ ട്രെയിനിംഗ് അറ്റന്‍ഡ് ചെയ്യണം. അതിനായി ഗോവയില്‍ പോവാന്‍ ട്രെയിന്‍ കാത്തുനില്‍ക്കവേയാണ്, മദ്രാസിലേക്കുള്ള വണ്ടി കണ്ടത്. നമ്പര്‍ 20 മദ്രാസ് മെയില്‍. ഈ ട്രയിനിലാണ് മലയാളത്തിലെ പ്രമുഖരായ നടന്‍മ്മാരൊക്കെ യാത്ര ചെയ്തിരുന്നത്. അന്ന്് സിനിമയില്‍ രക്ഷപ്പെടണമെങ്കില്‍ മദ്രാസില്‍ പോവണം. കൈയില്‍ 6000 രൂപയുണ്ട്. ഞാന്‍ ഗോവ ഉപേക്ഷിച്ച്, ടിക്കറ്റുപോലുമെടുക്കാതെ നേരെ മദ്രാസ് മെയിലില്‍ കയറി. പക്ഷേ അവിടെ ചെന്നിട്ടും യാതൊരു ഫലമുണ്ടായില്ല. കുറേ അലഞ്ഞുതിരിഞ്ഞത്് മിച്ചം. അവിടെ ഒന്നുമാകാന്‍ കഴിയാഞ്ഞതോടെ തിരികെ നാട്ടിലേക്ക് പോന്നു''- ജോജു പറയുന്നു.
പക്ഷേ സിനിമ അയാളെ പിന്നെയും മോഹിപ്പിച്ചു. സിനിമയുമായി ബന്ധമുള്ള ആരെ കണ്ടാലും പോയി ചാന്‍സ് ചോദിക്കും. അങ്ങനെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായത്. ഒന്നും രണ്ടുമല്ല, പത്തുവര്‍ഷമാണ് കടന്നുപോയത്. പലപ്പോഴും ഡയലോഗുപറയാനുള്ള വേഷം കിട്ടാനുള്ള താല്‍പ്പര്യം മൂലം ജൂനിയര്‍ ആര്‍ട്ടിസ്റ്റിനുള്ള പ്രതിഫലംപോലും, ജോജുവിന് കിട്ടിയിരുന്നില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സംഘടനയുണ്ട്. 90-കളില്‍ അവര്‍ക്കുള്ള പ്രതിഫലം 150 രൂപയാണ്. അതിനാല്‍ അവര്‍ നൂറു ദിവസം വര്‍ക്ക് ചെയ്താല്‍ 15,000 രൂപ ലഭിക്കും. പക്ഷേ ജോജുവിന് കിട്ടുക, നുറ് ദിവസത്തേക്ക് ആയിരം രൂപയാണ്. കാരണം അയാള്‍ ഡയലോഗ് പറയുന്ന ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്! അങ്ങനെ, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ പ്രതിഫലം വാങ്ങിയ നടനായിട്ടാണ് അയാള്‍ കരിയര്‍ തുടങ്ങിയത്.
പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും
തന്റെ ആ പത്തുവര്‍ഷങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേത് കൂടിയായിരുന്നെന്ന് ജോജു പറയും. ഒരാളില്‍നിന്ന് കടം വാങ്ങി മറ്റൊരാളുടെ കടം വീട്ടുക. അങ്ങനെ ഒരു ചങ്ങലപോലെ കടം പെരുകി. എന്നിട്ടും സിനിമ വിട്ടില്ല. അല്ലെങ്കിലും സിനിമ വിട്ടാല്‍ ചെയ്യാന്‍, അയാള്‍ക്ക് മറ്റൊരു പദ്ധതി ഉണ്ടായിരുന്നില്ല. ക്രമേണെ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ എന്ന നിലയില്‍നിന്ന് പതുക്കെ മുഖം കാണുന്ന വേഷങ്ങളിലേക്ക് മാറി. 2000-ത്തില്‍ ഇറങ്ങിയ വിനയന്റെ മമ്മൂട്ടി ചിത്രമായ ദാദാ സാഹിബിലാണ് ആദ്യമായി ഡയലോഗ് പറയുന്നത്. പഴയ പല ചിത്രങ്ങളും പോസ് ചെയ്ത് നോക്കിയാല്‍ നായകര്‍ക്ക് ഒപ്പം ജോജുവിനെ കാണാം. പിന്നെ പതുക്കെ ചെറിയ വേഷങ്ങള്‍ കിട്ടിത്തുടങ്ങി. പത്തുവര്‍ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ശേഷം അയാള്‍ എട്ടുവര്‍ഷം ചെറിയ വേഷങ്ങളുമായി ഉന്തിത്തള്ളി നീക്കി.
1983, ഹോട്ടല്‍ കാലിഫോര്‍ണിയ, കസിന്‍സ്... ജോജുവിനെ ആളറിയുന്ന വേഷങ്ങള്‍ വന്നുതുടങ്ങി. നര്‍മ്മവും, ഗൗരവവും ചേരുമ്പടി ചേര്‍ക്കുന്ന ആ പ്രത്യേക ശൈലി ശ്രദ്ധിക്കപ്പെട്ടു. 2013-ലാണ് ലാല്‍ജോസിന്റെ 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന ചിത്രം ഉണ്ടാവുന്നത്. ജോജു, തനിക്ക് ശരിക്കും ബ്രേക്ക് ആവുമെന്ന് കരുതിയ സിനിമയായിരുന്നു ഇത്. അതില്‍ കുഞ്ചാക്കോബോബനൊപ്പം പ്രധാനവേഷമായിരുന്നു. കുഞ്ചാക്കോയുടെ ആട്ടിന്‍കുട്ടിപോലെത്തെ കഥാപാത്രത്തിന്റെ ഒപ്പം മുഴുനീളം നിറഞ്ഞു നില്‍ക്കുന്ന കുഴപ്പം പിടിച്ച മൂന്ന് സഹോദരങ്ങളില്‍ ഒരാള്‍ ആയിട്ടായിരുന്നു റോള്‍. വേഷം നന്നായെങ്കിലും ചിത്രം പരാജയമായി. അതോടെ വീണ്ടും പഴയ അവസ്ഥ. അന്നൊക്കെ പലരില്‍നിന്നായി കടംവാങ്ങിയൊക്കെയാണ് താന്‍ പിടിച്ചുനിന്നതെന്ന് ജോജു പറയുന്നു. കുഞ്ചാക്കോ ബോബനെ ആദരിക്കാനുള്ള ഒരു ടീവി ഷോയില്‍ വന്ന് ജോജു ഇക്കാര്യം തുറന്ന് പറയുന്നുണ്ട്. ചാക്കോച്ചനൊക്കെ തനിക്ക് എത്രയോ കടം തന്ന് സഹായിച്ച ആളാണെന്ന്.
പണ്ട് വികാരിയച്ചനായി സെമിനാരിയില്‍ പോവാനും അദ്ദേഹം ആലോചിച്ചിരുന്നു. പക്ഷേ അങ്ങനെയായിരുന്നെങ്കില്‍ അത് ഒരു തെറ്റായ തീരുമാനം ആയിപ്പോയേനെ എന്നും ജോണി ലൂക്കോസുമായുള്ള ഒരു അഭിമുഖത്തില്‍ ജോജു പറയുന്നുണ്ട്. പക്ഷേ പ്രതിഭകളെ അധികാലം പുറത്ത് നിര്‍ത്താന്‍ കഴിയില്ലല്ലോ. ഒടുവില്‍ ജോജുവിന്റെ മാവും പൂത്തു. അയാള്‍ക്കും ഒരു ബ്രേക്ക് കിട്ടി.
ബ്രേക്കായ രാജാധിരാജ
ഹിറ്റ്മേക്കര്‍ എന്ന് അറിയപ്പെട്ടിരുന്ന ലാല്‍ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും പരാജയപ്പെട്ടതിന്റെ നിരാശയില്‍നിന്ന് ജോജുവിനെ കരകയറ്റിയത് മമ്മൂട്ടി ചിത്രമായ രാജാധിരാജയായിരുന്നു. 2014-ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് അജയ് വാസുദേവ് ആയിരുന്നു. പടത്തില്‍ ഒരു ചെറിയ വേഷത്തിലേക്കാണ് ജോജു ആദ്യമെത്തിയത്. പക്ഷേ പിന്നീട് അത് മമ്മൂട്ടിക്ക് ഒപ്പം നില്‍ക്കുന്ന സെക്കന്‍ഡ് ഹീറോ വേഷത്തിലേക്ക് എത്തി. ആദ്യം ചില പതര്‍ച്ചകള്‍ ജോജു കാണിച്ചപ്പോള്‍ ധൈര്യം തന്നത് മമ്മൂട്ടിയാണ്. നിനക്ക് ചെയ്യാന്‍ പറ്റുമെന്ന മമ്മൂട്ടിയുടെ വാക്കുകളാണ് തന്റെ കരിയര്‍ മാറ്റിയത് എന്ന് ജോജു അനുസ്മരിക്കുന്നുണ്ട്.
അക്കാലത്തെ ഹിറ്റ് എഴുത്തുകാരായ, ഉദയ് കൃഷ്ണ-സിബി കെ തോമസ് കോമ്പോയുടെ രചനയില്‍, മമ്മൂട്ടിയുടെ സ്വന്തം നിര്‍മ്മാണ കമ്പനിയായ പ്ലേ ഹൗസ് നിര്‍മ്മിച്ച ചിത്രം സാമ്പത്തികമായി വിജയമായി. തുടര്‍ച്ചയായ പരാജയങ്ങളിലുടെ മമ്മൂട്ടിയും പിറകോട്ട് അടിച്ചു നില്‍ക്കുന്ന സമയമായിരുന്നു അത്. ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന വിഖ്യാത ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടായ ഈ ഗ്യാങ്സ്റ്റര്‍ മൂവിയില്‍, മമ്മൂട്ടിയുടെ അളിയന്‍ കഥാപാത്രമായ അയ്യപ്പനായി എത്തിയ ജോജു അരങ്ങ് തകര്‍ത്തു. നര്‍മ്മം വേണ്ടിടത്ത് നര്‍മ്മവും, രൗദ്രംവേണ്ടിടത്തത് അങ്ങനെയും കൊടുത്ത് രൂപപ്പെടുത്തിയെടുത്ത അയ്യപ്പന്‍ സോഷ്യല്‍ മീഡിയയിലും തരംഗമായി. ചിത്രം തുടങ്ങുമ്പോള്‍ സല്‍ഗുണ സമ്പന്നായി തോനുന്ന അയ്യപ്പന്‍ ഒരു ഗുണ്ടയാണ് എന്ന് അവതരിപ്പിക്കുന്ന ആദ്യ സീന്‍തന്നെ ഗംഭീരമായിരുന്നു.
പില്‍ക്കാലത്ത് ഇതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ജോജു അതിന്റെ ക്രെഡിറ്റ് മമ്മൂട്ടിക്ക് നല്‍കുന്നു. മമ്മൂട്ടിയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്നും ആദ്യകാലത്ത് തന്നെ പല ചിത്രങ്ങളിലും ശിപാര്‍ശ ചെയ്തിരുന്നുവെന്നും ജോജു പറയുന്നുണ്ട്. മമ്മൂട്ടിയുടെ വജ്രം, ബ്ലാക്ക് എന്നീ ചിത്രങ്ങളിലും ജോജുവിന് തരക്കേടില്ലാത്ത വേഷമായിരുന്നു. പിന്നെ പതുക്കെ പതുക്കെ, 'പാവങ്ങളുടെ മമ്മൂട്ടി' എന്ന നിലയിലേക്ക് ജോജു വളര്‍ന്നു. ജോസഫ്, ഇരട്ട, ചോല തുടങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളുടെയും പ്രകടനത്തതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു വിളിപ്പേര് സോഷ്യല്‍ മീഡിയ ഇട്ടുകൊടുത്തത്. അതില്‍ കുറച്ച് കാര്യവുമുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാത്ത പലരും പകരക്കാരനാക്കിയത് ജോജുവിനെയാണ്. മമ്മൂട്ടിയെന്ന മെഗാതാരത്തിനൊപ്പം കിടപിടിക്കുന്ന ഗരിമ ഇന്ന് അയാള്‍ക്കുണ്ടെന്നത് വസ്തുതയാണ്. ജോജു അതി നിഷേധിക്കുമെങ്കിലും. മമ്മൂട്ടിയെവിടെ ഞാന്‍ എവിടെ എന്ന് അദ്ദേഹം വിനയാന്വിതനാവും.
കരിയര്‍ മാറ്റിയ ജോസഫ്
ഒറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറിമാറിയാന്‍ എന്ന് സുരേഷ് ഗോപി പറയുന്നത്, പലപ്പോഴും ബാധകമാവാറുള്ളത് സിനിമയിലാണ്. ഒറ്റപ്പടം മതി ഒരാളുടെ തലവര മാറ്റാന്‍. അങ്ങനെ ജോജുവിന്റെ ജീവിതം മാറ്റിമറിച്ച സിനിമയായിരുന്നു, എം. പത്മകുമാര്‍ സംവിധാനം ചെയ്ത് 2018-ല്‍ പുറത്തിറങ്ങിയ ജോസഫ്. ഷാഹി കബീര്‍ രചിച്ച ചിത്രത്തില്‍ ജോസഫായി ജോജു ജോര്‍ജിന്റെ വേഷപ്പകര്‍ച്ചയായിരുന്നു. ചിത്രം മാസിനെയും ക്ലാസിനെയും ഒരുപോലെ ആകര്‍ഷിച്ചു. 'പൂ മുത്തോളെ നിന്നെ' എന്ന പാട്ട് ഇന്നും പ്രേക്ഷകരുടെ നൊമ്പരമാണ്. ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലുടെ കടന്നുപോവുന്ന ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ ജീവിതം ജോജു ഭദ്രമാക്കി. ആ ഒരു ഒറ്റപ്പടത്തോടെ ജോജുവിന്റെ കരിയര്‍ കുത്തനെ ഉയര്‍ന്നു. ജോസഫ് ജോജുവിന് അവാര്‍ഡുകളും അംഗീകാരങ്ങളും കൊണ്ടുവന്നു. പിന്നെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതേ വര്‍ഷം തന്നെ ഇറങ്ങിയ സനല്‍കുമാര്‍ ശശിധരന്റെ ചോല എന്ന ചിത്രത്തിലെ ജോജുവിന്റെ പ്രകടനവും വേള്‍ഡ്ക്ലാസ് ആയി വിലയിരുത്തപ്പെട്ടു.
അഭിനയത്തിന്റെ സ്വാഭാവികതയും തീഷ്ണതയുമാണ് ഈ നടന്റെ ഏറ്റവും വലിയ പ്രത്യേകത. അയാള്‍ എവിടെയും അഭിനയിക്കയാണെന്ന് തോന്നില്ല. ഹാസ്യം, വില്ലന്‍, പ്രണയ നായകന്‍ തുടങ്ങി ഏത് വേഷങ്ങളും ആ കൈയില്‍ ഭദ്രമാണ്. ജോജുവിന്റെ പ്രണയ സിനിമകള്‍ ഇന്ന് സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ പ്രത്യേകം ചര്‍ച്ചയാണ്. ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസിലെ, നൈല ഉഷക്കൊപ്പമുള്ള സീനുകള്‍ അടക്കം ശ്രദ്ധേയമായിരുന്നു.
ജോജുവിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു, 2021-ല്‍ ഇറങ്ങിയ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്. ഷാഹി കബീറിന്റെ രചനയില്‍, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ക്കൊപ്പം ഇതില്‍ ജോജു ചെയ്ത വേഷവും ഞെട്ടിക്കുന്നതാണ്. എങ്ങനെ ഇത്ര മൈന്യൂട്ട് ഭാവങ്ങപോലും ഒരു നടന് സ്വാംശീകരിക്കാന്‍ കഴിയുന്നുവെന്ന് നായാട്ടിലെ അഭിനയം കണ്ട് പലരും എഴുതിയിരുന്നു. ചിത്രം സാമ്പത്തികമായും വലിയ വിജയമായിരുന്നു.
പക്ഷേ ജോജുവിന്റെ കരിയര്‍ ബെസ്റ്റ് എന്ന് ഈ ലേഖകനൊക്കെ കരുതുന്നത്, 2023-ല്‍ ഇറങ്ങിയ ഇരട്ട എന്ന ചിത്രമാണ്. നവാഗതനായ രോഹിത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഇരട്ടവേഷത്തില്‍ ജോജു ശരിക്കും വിസ്മയമായി. ഒരു സ്വഭാവ ചേര്‍ച്ചയുമില്ലാത്ത, ശത്രുക്കളായ ഇരട്ടകളുടെ ജീവിതം. രണ്ടുപേരും പൊലീസില്‍. ചിത്രത്തിന്റെ ഇരട്ട ക്ലൈമാക്സും ഞെട്ടിക്കുന്നതായിരുന്നു. ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തം മറ്റെയാളെയും ബാധിക്കുന്ന ആ പടത്തിന്റെ ക്ലൈമാക്സ് മാത്രം മതി ജോജുവെന്ന നടന്റെ റേഞ്ച് മനസ്സിലാക്കാന്‍. അങ്ങനെ മലയാളത്തിലെ മൂന്‍നിര നടന്‍മ്മാര്‍ക്കൊപ്പം തിളങ്ങിനില്‍ക്കുന്ന സമയത്താണ് അദ്ദേഹം, സംവിധാനത്തിലേക്ക് കടക്കുന്നത്. ക്യാമറയ്ക്ക് മുന്നിലെത്തിയിട്ട് 30ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഈ സംവിധാന സംരംഭം.
പാളാത്ത പണി!
നടന്‍ എന്ന നിലയില്‍ കത്തി നില്‍ക്കുമ്പോള്‍ സംവിധാനത്തിലേക്ക് ജോജു തിരിഞ്ഞപ്പോള്‍, നെറ്റി ചുളിച്ചവര്‍ ഏറെയുണ്ട്. ജഗതി ശ്രീകുമാറിനെയും, നെടുമുടി വേണുവിനെപ്പോലുള്ള നടന്‍മ്മാര്‍പോലും, സംവിധായക വേഷം അണിഞ്ഞപ്പോള്‍ വിജയങ്ങള്‍ ഉണ്ടായിരുന്നിട്ടില്ല. ഒരു സിനിമ എഴുതി സംവിധാനം ചെയ്യാന്‍ എടുക്കുന്ന സമയംവെച്ച് നോക്കുമ്പോള്‍, അതിന്റെ എത്രയോ ഇരട്ടി നടന്‍ എന്ന നിലയില്‍ ജോജുവിന് സമ്പാദിക്കാമായിരുന്നു. പക്ഷേ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി സിനിമയിലെത്തിയ അയാള്‍ക്ക്, സംവിധാനവും ഒരു പാഷന്‍ തന്നെയായിരുന്നു. അങ്ങനെയാണ് 'പണി' എന്ന ചിത്രം ഉണ്ടാവുന്നത്.
ചിത്രത്തിന്റെ വണ്‍ലൈന്‍ കേട്ടപ്പോള്‍ ആദ്യം കൗതുകം തോന്നിയിരുന്നില്ല. എത്രയോ തവണ ചര്‍വിത ചര്‍വണം ചെയ്യപ്പെട്ട ക്വട്ടേഷന്‍-ഗാങ്സ്റ്റര്‍ തീം വെച്ച് ജോജു എന്തുണ്ടാക്കാനാണ് എന്നാണ് ഈ ലേഖകനൊക്കെ മനസ്സില്‍ കരുതിയത്. പ്രേക്ഷകര്‍ക്കുള്ള ഒരു എട്ടിന്റെ പണിയാവും എന്ന് കരുതി കയറിയതാണ്. പക്ഷേ പടം തുടങ്ങി ഇന്റര്‍വെല്‍ ആവുന്നതേ അറിഞ്ഞുള്ളു. അത്ര വേഗത്തിലാണ് ചിത്രം ചലിക്കുന്നത്!
സാധാരണ നമ്മള്‍ കൊച്ചിയിലെ ഗ്യാങ്ങ്സ്റ്ററുടെ കഥയാണെങ്കില്‍ ഇവിടെ അത് തൃശൂരിലേക്ക് മാറുകയാണ്. അവിടെയാണ് ഗിരി എന്ന ഹൈ പ്രാഫൈല്‍ എക്‌സ് ഗ്യാങ്ങ്സ്റ്ററുള്ളത്. ഗിരിയുടെ വേഷത്തിന് പെര്‍ഫക്റ്റ് മാച്ചാണ് ജോജു.
സാധാരണ ഇത്തരം സിനിമകളില്‍ നായകന്‍ നന്‍മമരം ആയിരിക്കം. പക്ഷേ ഇവിടെ അതില്ല. നായകന്‍ വല്യ സംഭവമാണ് എന്ന് കാണിക്കാന്‍ ഒരു ബില്‍ഡപ്പുമില്ല. സിംപിള്‍ ആണ് ഇന്‍ട്രോ. എന്നിട്ടും ഒരു ആക്ഷന്‍ ത്രില്ലറ്റിന്റെ അതേ മൂഡ് കൊടുക്കാന്‍ കഴിയുന്നിടത്താണ് ജോജു ജോര്‍ജ് എന്ന ഫിലിം മേക്കറുടെ വിജയം. ബിഗ് ബോസ് മലയാളം സീസണ്‍ 6-ലെ മത്സരാര്‍ഥികളായി ശ്രദ്ധപിടിച്ചു പറഞ്ഞിയ സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ഈ ചിത്രത്തിലെ പ്രധാന വില്ലന്‍മ്മാരെ അവതരിപ്പിച്ചിട്ടുള്ളത്. കീടം വില്ലന്‍മ്മാരായി, രണ്ടുപേരും കത്തിക്കയറുകയാണ്. മലയാളസിനിമയില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ക്ലൈമാക്‌സുമാണ് ചിത്രത്തിന്റെത്. അത് കണ്ടപ്പോള്‍ തലപെരുത്തുപോയി! എന്തിനാണ് ജോജു സംവിധായകനായതെന്ന് അപ്പോഴാണ് മനസ്സിലായത്.
ആദ്യചിത്രം തന്നെ വന്‍ വിജയമായിട്ടും, അതിലും ജോജു വലിയ ആവേശമൊന്നും കാണിക്കുന്നില്ല. പണി എന്ന ചിത്രം മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിത്തിരിവ് ആകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് രസകരമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം- 'ഈ ചോദ്യം ചോദിക്കുന്നവരുള്‍പ്പെടെ മലയാള സിനിമ കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇത്തരം ഒരു ചോദ്യം ചോദിക്കാന്‍ കാരണമായത്. കെ ജി ജോര്‍ജിനെ പോലുള്ള സംവിധായകര്‍ മലയാള സിനിമയില്‍ സൃഷ്ടിച്ച മാറ്റങ്ങളെ പറ്റി നിങ്ങള്‍ക്ക് ധാരണയുണ്ടോ? മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രഗത്ഭ നടന്‍മാര്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സിനിമകള്‍ നിങ്ങള്‍ ആരും തന്നെ ശ്രദ്ധിച്ചിട്ടില്ല എന്നുണ്ടോ?''- അതാണ് ജോജു. താന്‍ എന്തോ വലിയ സംഭവം ചെയ്തു എന്ന ഭാവമൊന്നും അയാള്‍ക്കില്ല. ഇനിയും തുടര്‍ച്ചയായി സംവിധാന രംഗത്തേക്ക് ഉണ്ടാവുമോ എന്ന ചോദ്യത്തിനും കാത്തിരുന്ന് കാണാമെന്നാണ് ജോജുവിന്റെ പ്രതികരണം. അല്ലെങ്കിലും ഒന്നും പ്ലാന്‍ ചെയ്തുകൊണ്ടല്ലോ, അയാള്‍ ഈ നിലയില്‍ എത്തിയത്.
'പണിയെടുത്ത് തന്നെയാടാ കാശുണ്ടാക്കിയത്'
എന്ത് ബോംബ് വീണാലും, മിണ്ടാതെ പോകുന്ന നിഷ്‌കുവല്ല സ്‌ക്രീനിന് പുറത്തെ ജോജു. മേക്കട്ടുകയറാന്‍ വന്നാല്‍ പിന്നെ വെറുതെ വിടാറുമില്ല. 2021-ല്‍ ഇന്ധന വിലര്‍ധനവിനെതിരെ റോഡ് തടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരേ നടന്‍ നടത്തിയ പ്രതിഷേധവും, പിന്നാലെ ഉണ്ടായ പ്രതിഷേധവും ആക്രമണവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
വൈറ്റിലയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും, താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു ആവര്‍ത്തിച്ചു പറഞ്ഞു. കീമോ തെറാപ്പിക്ക് പോകേണ്ട ഒരു കാന്‍സര്‍ രോഗിയടക്കം റോഡില്‍ കുടുങ്ങിയതിനെ കുറിച്ച് എടുത്തു പറഞ്ഞായിരുന്നു താരത്തിന്റെ പ്രതിഷേധം. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കണമെന്നും നടന്‍ മാധ്യമപ്രവര്‍ത്തകരോടും പ്രതികരിച്ചു. ഇതേസമയം, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. അപ്പോള്‍ 'പണിയെടുത്ത് തന്നെയാടാ കാശുണ്ടാക്കിയത്' എന്ന ചുട്ട മറുപടിയും ജോജു നല്‍കി. ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘര്‍ഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു.
ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് ചിലര്‍ അടിച്ചു തകര്‍ത്തു. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പോലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പക്ഷേ നടന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും നടത്തി. പക്ഷേ ജനം ജോജുവിന് ഒപ്പമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് അദ്ദേഹത്തിന് കിട്ടിയത്. നേരത്തെ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെ് ഇടത് മുന്നണി നടത്തിയ വഴിതടയില്‍ സമരത്തിനെതിരേ പ്രതികരിച്ച സന്ധ്യ എന്ന വീട്ടമ്മയെ ആദരിച്ചവരാണ് ഇന്ന് ജോജുവിനെതിരെ തിരിയുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി. 'പണിയെടുത്ത് തന്നെയാടാ കാശുണ്ടാക്കിയത്' എന്ന ജോജുവിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ തരംഗമായി. വഴി തടഞ്ഞുള്ള അനാവശ്യസമരങ്ങള്‍ക്കെതിരെ അത് വലിയ ക്യാമ്പയിനായി മാറി.
പക്ഷേ വിവാദങ്ങളില്‍നിന്ന് എന്നും അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നത് എന്നും പലപ്പോഴും അതില്‍ പെട്ടുപോകുകയാണെന്നും ജോജു പറയുന്നു. സിനിമാസെറ്റിന് പുറത്ത് തികച്ച ഫാമിലിമാനാണ് അയാള്‍. അബ്ബയാണ് ഭാര്യ. ഇയാന്‍, സാറാ, ഇവാന്‍ എന്നീ മൂന്ന് മക്കള്‍. ആരുടെയും പിന്തുണയില്ലാതെ കഠിനാധ്വാനത്തിലൂടെ, ഒറ്റക്ക് വഴിവെട്ടിവന്നവനാണ്, ജോജു. അയാളില്‍നിന്ന് ഇനിയും ഒരുപാട് മലയാള സിനിമക്ക് കിട്ടാനുണ്ട്.
വാല്‍ക്കഷ്ണം: 'നിങ്ങള്‍ പൊട്ടനാണോ', എന്ന് ഒരു ഇന്റവ്യൂവിനിടെ ആങ്കര്‍ ചോദിച്ചാല്‍ എന്തായിരിക്കും ഒരു താരത്തിന്റെ പ്രതികരണം. ആദ്യകാലത്ത് താന്‍ സുഹൃത്തുക്കളാല്‍ നിരന്തരം പറ്റിക്കപ്പെട്ട കഥ ഒരു അഭിമുഖത്തിനിടെ പറയുമ്പോളാണ് ആങ്കര്‍ 'ഇങ്ങനെ പറ്റിക്കപ്പെടാന്‍ നിങ്ങള്‍ പൊട്ടനാണോ' എന്ന് ചോദിച്ചത്. അപ്പോഴും ഒട്ടും പ്രകോപിതനാവാതെ നീണ്ട ചിരിയായിരുന്നു ജോജുവിന്റെ മറുപടി. സൗഹൃദങ്ങളുടെ കാര്യത്തില്‍ ഞാന്‍ പൊട്ടനാണ് എന്ന് തന്നെയായിരുന്നു താരത്തിന്റെ തുടര്‍ന്നുള്ള വാക്കുകള്‍.