- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
2014 മുതൽ പാർട്ടി വിട്ടത് 78 നേതാക്കൾ; 49 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 39ലും തോൽവി; ഈ വർഷം മാത്രം തടിയെടുത്ത് 6 നേതാക്കൾ; ഹാർദിക് പട്ടേൽ, സുനിൽ ഝാക്കർ, അശ്വനി കുമാർ, ആർപിഎൻ സിങ്, കബിൽ സിബൽ, ഇപ്പോൾ ഗുലാം നബിയും; ശശി തരൂരും കയ്യാലപ്പുറത്ത്; രാഹുൽ ഗാന്ധി ലോക തോൽവിയോ? ബിജെപിയുടെ കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യത്തിലേക്ക്!
ജ്യോതിരാദിത്യ സിന്ധ്യ, ക്യാപ്റ്റൻ അമരീന്ദർ സിങ്ങ്, ഹാർദിക് പട്ടേൽ, സുനിൽ ഝാക്കർ, അശ്വനി കുമാർ, ആർപിഎൻ സിങ്, കബിൽ സിബൽ, ഗുലാനബി ആസാദ്...... കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ കോൺഗ്രസ് വിട്ട നേതാക്കളുടെ പട്ടിക തയ്യാറാക്കിയാൽ നാം ഞെട്ടിപ്പോകും. ഇതിൽ മുൻ മുഖ്യമന്ത്രിമാരുണ്ട്, കേന്ദ്രമന്ത്രിമാർ ഉണ്ട്, പിസിസി അധ്യക്ഷന്മാർ ഉണ്ട്, യൂത്ത് കോൺഗ്രസ് നേതാക്കളുണ്ട്. അരനൂറ്റാണ്ട് കാലം കോൺഗ്രസിൽ പ്രവർത്തിച്ച നേതാക്കൾ മുതൽ, കെഎസ്‌യുക്കാർവരെ ഒരുപോലെ നിരാശരായ ഒരു കാലം വേറെയില്ലെന്ന് തോനുന്നു. ഏറ്റവും ഒടുവിലായി അരനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ഗുലാം നബി ആസാദ് എന്ന മുതിർന്ന നേതാവും കോൺഗ്രസിനോട് വിട പറഞ്ഞിരിക്കയാണ്. രാഹുൽഗാന്ധിയുടെ കുശിനിക്കാരും, ചെവി തിന്നുന്നവരും, സെക്യൂരിറ്റിക്കാരുമൊക്കെ പാർട്ടിയിലെ കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറിയെന്ന് ഗുലാം നബി തുറന്ന് അടിക്കുന്നു.
ശരിക്കും ഇലപൊഴിയൽ കാലമാണ് കോൺഗ്രസിൽ. വ്യക്തമായ ഒരു നേതൃത്വം ഇല്ലാതായിട്ട് മൂന്നുവർഷത്തോളമായി. 2019ൽ രാഹുൽ ഗാന്ധി രാജിവെച്ച് ഓടിപ്പോയതാണ്. അതിൽപിന്നെ ആക്റ്റിങ്ങ് പ്രസിഡന്റ് ഭരണമാണ്. സോണിയാഗാന്ധിക്ക് ആവട്ടെ അസുഖവുമാണ്. തെരഞ്ഞെടുപ്പിൽ തുടർച്ചയായി തോറ്റ് തൊപ്പിയിട്ട് കോൺഗ്രസിന്റെ അധികാരം വെറും രണ്ട് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങി. കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്രയും ശോഷിച്ച ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടി അണികളെ മാത്രമല്ല, ആശങ്കാകുലരാക്കുന്നത്. ജനാധിപത്യത്തെും മതനിരപേക്ഷ മൂല്യങ്ങളെയും സ്നേഹിക്കുന്ന എല്ലാവർക്കും ആശങ്ക ഉളവാക്കുന്നതാണ്.
ഈയിടെ രാജ്യാന്തര മാധ്യമമായ 'ന്യയോർക്ക് ടൈംസ്' വളരെ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാർത്ത കോൺഗ്രസിന്റെ തകർച്ചയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് തകരുന്നതോടെ, ഇന്ത്യയുടെ മതേതതരത്വവും ജനാധിപത്യവും തകരുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും മോദി സർക്കാറിന് വൻ ഭൂരിപക്ഷം കിട്ടുകയും, സംസ്ഥാനങ്ങൾ പിടിച്ച് പിടിച്ച് രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുകയും ചെയ്താൽ, പിന്നെ ഇന്ത്യയുടെ ഭരണഘടനപോലും ഭീഷണിയിലാവുന്ന ഒരു കാലം ന്യൂയോർക്ക് ടൈംസ് പ്രവചിക്കുന്നു.
അതായത് കോൺഗ്രസിന്റെ തകർച്ച, കോൺഗ്രസുകാരുടെ മാത്രം ആശങ്കയല്ല. ലോകമെമ്പാടുമുള്ള സെക്കുലർ, ഡെമോക്രാറ്റിക്ക് മനസ്സുള്ളവരെയെല്ലാം അത് പരിഭ്രാന്തിയിൽ ആഴ്‌ത്തുകയാണ്. ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചും അത് ഗുരതരമായ ആശങ്കകൾ ഉയർത്തുകയാണ്.
പക്ഷി നിരീക്ഷകൻ തുടങ്ങിയ പാർട്ടി
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പറയുമ്പോൾ നാം ഏറെ കേട്ടതാണ്, അലൻ ഒക്ടോവിയോ ഹ്യും, എന്ന ബ്രിട്ടീഷുകാരന്റെ പേര്. സ്‌കോട്ട്ലൻഡുകാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനും 'ഇന്ത്യയിലെ പക്ഷി നിരീക്ഷണത്തിന്റെ പിതാവ് ' എന്നറിയപ്പെട്ടയാളുമായിരുന്നു അദ്ദേഹം.
1885ൽ ബ്രിട്ടീഷ് ഭരണകാലത്ത് അലൻ ഒക്ടേവിയൻ ഹ്യൂം, ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം വരുന്ന വ്യത്യസ്ത നാടുകളിൽ നിന്ന് ഉള്ള പ്രതിനിധികൾ ചേർന്നാണ് കോൺഗ്രസ് രൂപീകരിച്ചത്. അന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യമൊന്നും അജണ്ട ആയിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ൽ രൂപവത്കരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടന പേരുമാറ്റിയാണ്, 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായത്.
ഡബ്ല്യുസി ബാനർജിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ. പിന്നീട് കാലന്തരത്തിൽ കോൺഗ്രസ് മിതാവാദികൾ എന്നും തീവ്രവാദികൾ എന്നും ഭിന്നച്ചും, സ്വതന്ത്ര്യ സമരം ഏറ്റെടുത്തതു, ഗാന്ധിജി അതിന്റെ തലപ്പത്ത് വരുന്നതും, നാം ചരിത്ര ക്ലാസുകളിൽ പഠിച്ചതാണ്. ആദ്യം കോൺഗ്രസിന്റെ പ്രസിഡന്റ് സഥാനം വരെ കൈയാളിയ മഹാത്മാഗാന്ധി 1934നുശേഷം കോൺഗ്രസിൽ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും വഹിച്ചിരുന്നില്ല. അദ്ദേഹത്തിന് കോൺഗ്രസിൽ അംഗത്വം പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ത്യ മുഴുവൻ വേരുകൾ ഉള്ള ആ മഹാപ്രസ്ഥാനത്തെ നിയന്ത്രച്ചിരുന്നത് അദ്ദേഹം തന്നെ ആയിരുന്നു. കോൺഗ്രസിന്റെ കുടെപ്പിറപ്പായ ചേരിപ്പേരിൽ ഗാന്ധി ഒരുവേള അതീവ ഖിന്നനും ആയിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കോൺഗ്രസ് പിരിച്ചുവിടമെന്ന് ഗാന്ധിജി പറഞ്ഞത്.
ഗാന്ധിയുടെ കാലത്തെ കോൺഗ്രസ് അല്ല ഇപ്പോഴത്തേതെന്ന് ആർക്കും അറിയാം. ഇന്ദിരാഗാന്ധിയുടെ കാലത്തെ പിളർപ്പിനെ തുടർന്നത് അത് ഐ കോൺഗ്രസായി. നെഹ്റു ഉയർത്തിയ, പ്രതിപക്ഷ ബഹുമാനമുള്ള, സംവാദാധിഷ്ഠിതമായ രാഷ്ട്രീയം മകൾ ഇന്ദിര തന്നെ തകർത്തെറിഞ്ഞു. അഴിമതിയും സ്വജനപക്ഷപാതിത്വവുമായി ആകെ അലമ്പായ ഒരു പാർട്ടിയെയാണ് ഇന്ദിരായുഗത്തിനുശേഷം നമുക്ക് കാണാൻ കഴിയുന്നത്.
കോൺഗ്രസ് പിരിച്ചിവിടണമെന്ന ഗാന്ധിജിയുടെ സ്വപ്നം ഇപ്പോൾ നെഹ്റുവിന്റെ പുത്രിയുടെ പുത്രന്റെ പുത്രനിലുടെ നടപ്പാവുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടും ഇപ്പോഴും പാർട്ടിയെ നിയന്ത്രിക്കുന്ന രാഹുൽഗാന്ധിയെ തന്നെയാണ് ഗുലാംനബി അടക്കമുള്ളവർ കോൺഗ്രസിന്റെ തകർച്ചയുടെ പേരിൽ പ്രതിക്കൂട്ടിൽ കയറ്റുന്നത്.
ഗുലാം നബി ഉയർത്തുന്ന പ്രശ്നങ്ങൾ
ഇപ്പോഴത്തെ പ്രശ്നങ്ങക്കെല്ലാം 'കാരണഭൂതനായി' ഗുലാംനബി ആസാദ് വിലയിരുത്തുന്നത്, രാഹുൽഗാന്ധിയെ തന്നെയാണ്. പ്രശ്നങ്ങൾ നേരിടാൻ ഒട്ടും കഴിവില്ലാത്ത നേതാവാണ് അദ്ദേഹമെന്ന് ഗുലാം നബി ചൂണ്ടിക്കാട്ടുന്നു. രാഹുലിന്റെ പിതാവ് രാജീവ്ഗാന്ധിക്ക് യൂത്ത്കോൺഗ്രസിൽ അംഗത്വം കൊടുത്ത നേതാവാണ് ഗുലാം നബി. പക്ഷേ അദ്ദേഹത്തിന് രാജ്യസഭാ അധ്യക്ഷൻ ആയിരിക്കേ, രാഹുൽ ഗാദ്ധിയുടെ ഒരു അപ്പോയിന്മെന്റിന് മാസങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. ഗുലാം നബി തന്റെ കത്തിൽ ഇങ്ങനെ പറയുന്നു.
''2013 ജനുവരിക്ക് ശേഷം, നിങ്ങൾ അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോൾ, മുമ്പ് നിലവിലുണ്ടായിരുന്ന കൺസൾട്ടേറ്റീവ് മെക്കാനിസം മുഴുവൻ തകർന്നു. മുതിർന്നവരും പരിചയസമ്പന്നരുമായ എല്ലാ നേതാക്കളെയും മാറ്റിനിർത്തി, അനുഭവ പരിചയമില്ലാത്ത സഹപാഠികളുടെ പുതിയ കൂട്ടം പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. ഈ പക്വതയില്ലായ്മയുടെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളിലൊന്നാണ്, യുപിഎ സർക്കാരിന്റെ കാലത്ത് മാധ്യമങ്ങൾക്ക് മുന്നിലെത്തി സർക്കാർ ഓർഡിനൻസ് കീറി കളഞ്ഞത്. കോൺഗ്രസ് കോർ ഗ്രൂപ്പിൽ ചർച്ച ചെയ്തതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതും രാഷ്ട്രപതി ഒപ്പുവെച്ചതുമായ ഓർഡിനൻസാണ് അദ്ദേഹം കീറി കളഞ്ഞതെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.2014ലെ യുപിഎ സർക്കാരിന്റെ പരാജയത്തിന് മറ്റെന്തിനേക്കാളും ഈ ഒരൊറ്റ നടപടി കാര്യമായ പങ്കുവഹിച്ചു.
''ശ്രീ സീതാ റാം കേസരിയെ അധികാരഭ്രഷ്ടനാക്കിയ ശേഷം നിങ്ങൾ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം, 1998 ഒക്ടോബറിൽ പഞ്ചമാരിയിൽ ഒരു പ്രക്ഷോഭത്തിനായി കോൺഗ്രസ് നേതൃത്വം യോഗം ചേർന്നത് നിങ്ങൾ ഓർക്കുന്നുണ്ടാകും. തുടർന്ന് 2003ൽ സിംലയിലും പിന്നീട് ജയ്പൂരിലും ഇത്തരമൊരു സമ്മേളനം നടന്നു. ജനുവരി 2013. ഈ മൂന്ന് അവസരങ്ങളിലും സംഘടനാ കാര്യങ്ങളിൽ വർക്കിങ് ഗ്രൂപ്പിന്റെ അധ്യക്ഷനാവാനുള്ള പദവി എനിക്ക് ലഭിച്ചു. നിർഭാഗ്യകരമെന്നു പറയട്ടെ അന്ന് മുന്നോട്ട് വച്ച നിർദ്ദേശങ്ങളൊന്നും സ്വീകരിക്കപ്പെട്ടില്ല.അവയുടെ സ്ഥാനം ഇപ്പോഴും ചവറ്റുകൊട്ടയിലാണ്.
ഈ ശുപാർശകൾ 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സമയബന്ധിതമായി നടപ്പാക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ, ഈ ശുപാർശകൾ കഴിഞ്ഞ 9 വർഷമായി എഐസിസിയുടെ സ്റ്റോർറൂമിൽ കിടക്കുന്നു. ഈ ശുപാർശകൾ നടപ്പിലാക്കുന്നതിനായി 2013 മുതൽ നിങ്ങൾക്കും അന്നത്തെ വൈസ് പ്രസിഡന്റ് ശ്രീ രാഹുൽ ഗാന്ധിക്കും ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഉണ്ടായിട്ടും അവയെ ഗൗരവമായി പരിശോധിക്കാൻ പോലും ശ്രമിച്ചില്ല.2014 മുതലുള്ള നിങ്ങളുടെ മേൽനോട്ടത്തിലും തുടർന്ന് ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലും കോൺഗ്രസ്സ് രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ അപമാനകരമായ രീതിയിൽ പരാജയപ്പെട്ടു. 2014-2022 കാലയളവിൽ നടന്ന 49 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 39 എണ്ണത്തിലും പരാജയപ്പെട്ടു. പാർട്ടിക്ക് നാല് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ മാത്രമേ വിജയിക്കാനായുള്ളൂ, ആറ് സന്ദർഭങ്ങളിൽ ഒരു സഖ്യസാഹചര്യത്തിൽ എത്താൻ കഴിഞ്ഞു. നിർഭാഗ്യവശാൽ, ഇന്ന് കോൺ്ഗ്രസ്സ് രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഭരിക്കുന്നത്, മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ വളരെ നാമമാത്രമായ സഖ്യകക്ഷിയാണ്.''- ഗുലാം നബി ചൂണ്ടിക്കാട്ടി ഇക്കാര്യങ്ങൾ ആർക്കും തള്ളിക്കളയാൻ ആവില്ല.
ജി-23 നേതാക്കൾക്ക് സംഭവിച്ചത്
2019ലെ തെരഞ്ഞെടുപ്പിനുശേഷം രാഹുൽഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ഒളിച്ചോടുകയാണ് ഉണ്ടായത്. ഇതോടെ നെഹ്റു- ഗാന്ധി കുടുംബത്തിന്റെ ആധിപത്യത്തെനെതിരെ പാർട്ടിയിൽ വൻ കലാപം ഉണ്ടായി. ആ തിരുത്തൽ ശക്തിയാണ് കോൺഗ്രസിലെ ജി- 23 കൂട്ടായ്മ.
കഴിഞ്ഞ വർഷം ഫ്രെബുവരി 26നാണ് ഗുലാനബി ആസാദിന്റെ വസതിയിലാണ് ഈ നേതാക്കളുടെ ആദ്യ യോഗം നടന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ കോൺഗ്രസ് ദുർബലമായെന്ന് മുതിർന്ന നേതാക്കൾ തുറന്നടിച്ചു. ശാന്തി സമ്മേളൻ എന്ന പേരിൽ ജമ്മുവിൽ വിളിച്ച വിമതയോഗത്തിൽ ഗുലാംനബി ആസാദ്, രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ, മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, യുപി പിസിസി അധ്യക്ഷനായിരുന്ന രാജ് ബബ്ബർ, വിവേക് തൻഖ തുടങ്ങിയവർ കോൺഗ്രസിലെ കുടുംബാധിപത്യത്തെ പരസ്യമായി ചോദ്യംചെയ്തു.
ഗുലാംനബിയുടെ സമ്പന്നമായ അനുഭവസമ്പത്ത് കോൺഗ്രസ് എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ലെന്ന് കപിൽ സിബൽ ആരാഞ്ഞു. 'അദ്ദേഹത്തെ പാർലമെന്റിൽനിന്ന് ഒഴിവാക്കുകയാണെന്നറിഞ്ഞപ്പോൾ ദുഃഖം തോന്നി. അദ്ദേഹം തുടരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. കോൺഗ്രസ് ദുർബലപ്പെടുകയാണ്. അതുകൊണ്ടാണ് ഈ ഒത്തുചേരൽ. നേരത്തെയും ഒത്തുചേർന്നിരുന്നു. എല്ലാവരും യോജിച്ച് പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്'- സിബൽ പറഞ്ഞു.
പത്തുവർഷത്തിനിടെ കോൺഗ്രസ് ദുർബലമായെന്ന് ആനന്ദ് ശർമ പറഞ്ഞു. ഗുലാംനബിയെ രാജ്യസഭയിൽനിന്ന് ഒഴിവാക്കിയതിൽ രാജ് ബബ്ബറും പ്രതിഷേധം രേഖപ്പെടുത്തി. 'ഞങ്ങളെ ജി- 23 എന്ന് പലരും വിളിക്കുന്നു. ഞങ്ങൾ ഗാന്ധി- 23 ആണ്. കോൺഗ്രസ് ശക്തിപ്പെടാനാണ് ജി- 23 ആഗ്രഹിക്കുന്നത്'- ബബ്ബർ പറഞ്ഞു.
കശ്ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞതോടെ നിയമസഭ ഇല്ലാതായതാണ് ഗുലാംനബിക്ക് തടസമായത്. കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റ് ഗുലാംനബിക്ക് നൽകണമെന്ന് ആവശ്യമുണ്ടായി. സീറ്റ് ലീഗിന് നൽകി ഹൈക്കമാൻഡ് ഗുലാംനബിയെ വെട്ടി. സീറ്റ് ഒഴിയാൻ ലീഗ് നേതൃത്വം ഒരുക്കമായിരുന്നുവെന്ന് ജി- 23 നേതാക്കൾ ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് താൽപര്യമെടുത്തില്ല. പകരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റ മല്ലികാർജുൻ ഖാർഗെയെ രാജ്യസഭയിലെത്തിച്ച് പ്രതിപക്ഷ നേതാവ് സ്ഥാനം കൈമാറി. ദീർഘകാലമായി രാജ്യസഭയിൽ കോൺഗ്രസ് ഉപനേതാവായ ആനന്ദ് ശർമയെയും തഴഞ്ഞാണ് ഈ നടപടി.
എന്നാൽ പ്രവർത്തകസമിതി യോഗത്തിൽ എ കെ ആന്റണി അടക്കം ചിലർ ഇവർക്കെതിരെ രംഗത്തെത്തി. ഗുലാംനബിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ജി -23 നേതാക്കൾ ഉറച്ചുനിന്നതോടെ ജൂണിനുള്ളിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. പിന്നാലെ ഗുലാംനബിയെയും ആനന്ദ് ശർമയെയും തെരഞ്ഞുപിടിച്ച് സ്ഥാനങ്ങളുടെ ചുമതലയിൽനിന്ന് നീക്കി. ബിജെപിയെ ചെറുക്കുന്നതിൽ രാഹുൽ പരാജയമാണെന്ന നിലപാടാണ് വിമതർക്ക്. ആന്റണിയെയും വേണുഗോപാലിനെയും പോലെ ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്തവർ സോണിയയിലും രാഹുലിലും അമിതസ്വാധീനം ചെലുത്തുന്നതും വിമതനീക്കത്തെ പ്രചോദിപ്പിച്ചു. പക്ഷേ തിരുത്തൽ നടപടികൾ ഒന്നും ഉണ്ടായില്ല. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയവരെ ഒതുക്കുന്ന സമീപനം ആണ് പിന്നീടും ഉണ്ടായത്. ജി-23 നേതാക്കളുടെ വീടന് പ്രവർത്തകരെക്കൊണ്ട് നേതാക്കൾ കല്ലെറിയിപ്പിക്കുക വരെയുണ്ടായി. ഇതേ തുടർന്നാണ് ആദ്യം കബിൽ സിബലും പിന്നീട് ഗുലാം നബിയും പാർട്ടി വിട്ടത്.
അമരീന്ദർ സിങ്ങ് മുതൽ കബിൽ സിബൽ വരെ
അടുത്തകാലത്തായി കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും എടുക്കുന്ന വിഡ്ഡിത്തങ്ങൾക്ക് കൈയും കണക്കുമില്ല. പഞ്ചാബിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മാറ്റി പകരം മുൻ ക്രിക്കറ്റ് താരം സിദ്ദുവിന് നേതൃത്വം കൊടുത്തത് തന്നെ ഉദാഹരണം. മറ്റ് എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും കരുത്തനും ജനകീയനുമായ നേതാവായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിങ്. സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഉപജാപകസംഘം, രാഹുൽഗാന്ധിയെ സ്വാധീനിച്ചാണ് ഈ മാറ്റം നടപ്പാക്കിയത്. അമരീന്ദർ സ്വന്തമായി പാർട്ടിയുണ്ടാക്കി മാറി. ഫലമോ, കോൺഗ്രസ് തോറ്റമ്പി. ആ ആദ്മി ഭരണത്തിൽ കയറി.
അതുപോലെ മധ്യപ്രദേശിൽ ജോതിരാദിത്യ സിന്ധ്യയെയും, കൂടെ നിർത്താൽ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ല. മാധവറാവു സിന്ധ്യയും, രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധംപോലെ അല്ല മക്കൾ തമ്മിൽ. 2020 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നപ്പോൾ, ഒന്ന് വിളിച്ച് പ്രശ്നം അന്വേഷിക്കാൻ പോലും രാഹുൽ ഗാന്ധി കൂട്ടാക്കിയില്ല എന്ന് ജ്യോതിരാദിത്യ ആരോപിച്ചിരുന്നു. അതുപോലെ രാജസ്ഥാനിലെ കരിസ്മാറ്റിക്ക് കോൺഗ്രസ് നേതാവ് ആയിരുന്ന രാജേഷ് പൈലറ്റിന്റെ മകൻ സച്ചിൽ പൈലറ്റുമായി നല്ല ബന്ധം പുലർത്താൻ രാഹുൽഗാന്ധിക്ക് ഇപ്പോഴും കഴിയുന്നില്ല. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം അവിടെ ഇപ്പോഴും തലവേദനയാണ്. ബിജെപി ആഗ്രഹിക്കാത്തതുകൊണ്ടും, പ്രാദേശിക പ്രശ്നങ്ങൾ കൊണ്ടും മാത്രമാണ് രാജസ്ഥാനിൽ, ഗോവൻ, കർണ്ണാടക മോഡലിൽ അട്ടിമറികൾ ഉണ്ടാവാഞ്ഞത്.
അതുപോലെ ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ ഫീസ് പറ്റുന്ന ഇന്ത്യയിലെ മോസ്റ്് വാണ്ടഡ് ക്രിമിനൽ ലോയറും, ഏത് വിഷയത്തെക്കുറിച്ചും പഠിച്ച് സംസാരിക്കാൻ കഴിവുള്ള വ്യകതിയുമായ ഒരു അസാമാനയ പ്രതിഭആയിരുന്നു കബിൽ സിബൽ. ജി-23 രൂപീകരിച്ച് പ്രശ്നങ്ങൾ പറഞ്ഞിട്ടും തുടരുന്ന അവഗണനയെ തുടർന്ന് ഈ നേതാവും, പാർട്ടി വിട്ടും. മറ്റ് ഏത് പാർട്ടിയിൽ ചേർന്നാലും വലിയ സ്ഥാനം ഈ പ്രതിഭക്ക് കിട്ടുമെന്ന് ഉറപ്പാണ്. എന്നാൽ കബിൽ സിബൽ പാർട്ടി വിട്ടതിന്റെ കാരണങ്ങൾ പരിശോധിക്കാതെ, ്ഇപ്പോൾ ഗുലാം നബിയെ ചെയ്യുന്നപോലെ അദ്ദേഹത്തെ അപഹസിക്കാനാണ് കോൺഗ്രസ് നേതാക്കൾ തയ്യാറാവുന്നത്. സമാജ്വാദി (എസ്‌പി) പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്കു മത്സരിക്കുമെന്ന് അറിയിച്ചാണു സിബൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്. അതുപോലെ മറ്റൊരു ജി-23 നേതാവായ ആനന്ദ് ശർമ്മയും ഇപ്പോൾ ഔദ്യോഗിക സ്ഥാനങ്ങൾ ഒന്നും സ്വീകരിച്ചിട്ടില്ല. അദ്ദേഹവും പുറത്തേക്കുള്ള വഴിയിലാണെന്ന് വ്യക്തം.
അപ്രത്യക്ഷനാവുന്ന രാഹുൽ ഗാന്ധി!
കോൺഗ്രസ് പ്രസിഡന്റ് അല്ല. എന്നാൽ പാർട്ടിയിലെ എല്ലാകാര്യവും താൻ അറിയണം. തന്റെ നിയന്ത്രണത്തിൽ അല്ലാതെ സംസ്ഥാനങ്ങളിൽപോലും ഒന്നും സംഭവിക്കരുത്. ഇതാണ് രാഹുൽഗാന്ധിയുടെ ഇപ്പോഴത്തെ നിലപാട്. രാഹുലിലെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് പറയാനുണ്ട്. അഴിമതി രഹിതനാണ്, സ്നേഹ സമ്പന്നനാണ്, പുരോഗമനവാദിയാണ്...പക്ഷേ അങ്ങേയറ്റം ദുർബലനും, സ്തുതിപാഠകരുടെ വലയിൽപെടുന്നവനും ആണ്. 2019ലെ തെരഞ്ഞെുടുപ്പ് തോൽവിയെ തുടർന്നുണ്ടായ രാജിതന്നെ ഉദാഹരണം.
മാത്രമല്ല, ഇടക്കിടെ രാഹുൽ ഗാന്ധിയെ കാണാതാവും. പിന്നെ അണികൾ തപ്പിപിടിക്കണം. ഹിമാലയത്തിൽ തപസ്സിലാണെന്നും, തായ്ലൻഡിൽ വിശ്രമത്തിലാണെന്നും, ഇറ്റലിക്കാരി കാമുകിയുടെ കുടെ ആണെന്നുമൊക്കെ അഭ്യൂഹങ്ങൾ ടാബ്ലോയിഡുകളിൽ വാർത്തയാവും. ബിജെപിയുടെ സൈബർ വിങ്് ഇത് നന്നായി പ്രചരിപ്പിക്കും. ഇതിനൊക്കെ നിൽക്കേണ്ട വല്ല കാര്യവും അദ്ദേഹത്തിനുണ്ടോ. ഇത്രയും സുരക്ഷാഭീഷണികൾ ഉള്ള ഒരു കുടുംബത്തിലെ അംഗം എന്ന നിലയിൽ ഒന്ന് പറഞ്ഞ് പോകാനുള്ള മാന്യതപോലും പലപ്പോഴും അദ്ദേഹം കാണിക്കാറില്ല. ഇങ്ങനെ മണ്ഡലം നോക്കാതെ ഊരുചുറ്റിയതിന്റെ ഫലമാണ് അമേഠിപോലും നഷ്ടമായത്. സ്മൃതി ഇറാനി രാഹുലിന്റെ അഭാവത്തിൽ അവിടെ ക്യാമ്പ് ചെയ്ത പ്രവർത്തിക്കയായിരുന്നു. ഇപ്പോൾ ഇതേ രീതിയിലുള്ള മുറുമുറുപ്പ് വയനാട്ടിൽനിന്നും ഉയരുന്നുണ്ട്.
ഇന്ത്യൻ പ്രായോഗിക രാഷ്ട്രീയം കാര്യമായി ഒന്നും അറിയാത്ത അവസ്ഥയിലാണ് സോണിയാഗാന്ധി കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. അവർക്ക് അഹമ്മദ് പട്ടേൽ എന്ന അതിവിശ്വസ്തനായ മികിച്ച നേതാവിന്റെ സഹായം ഉണ്ടായിരുന്നു. നമ്മുടെ കെ മുരളീധരൻ ഒരിക്കൽ 'അലൂമിനിയം പട്ടേൽ' എന്ന് വിളിച്ച് പരിഹസിച്ച ആ മനുഷ്യനായിരുന്നു, സോണിയാ ഗാന്ധിയുടെ എല്ലാ തീരുമാനങ്ങൾക്ക് പിന്നിലെ കരുത്ത്. പക്ഷേ രാഹുൽ ഗാന്ധിക്ക് അതുപോലെ ഒരു ടീം ഇല്ല. പകരം ഉപജാപക സംഘം മാത്രമാണ്.
2014ലെ തോൽവിക്ക്ശേഷം പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖാർഗേയെ തെരഞ്ഞെടുത്തപ്പോൾ എല്ലാവരും ഞെട്ടിയിരുന്നു. എത്രയോ മിടുക്കന്മാരെ അവഗണിച്ചാണ് ഖാർഗേയെ തെരഞ്ഞെടുത്തത്. തപ്പിത്തടഞ്ഞ് ലോക്സഭയിൽ സംസാരിക്കുന്ന ഖാർഗേക്ക് പക്ഷേ ഗുണം ചെയ്തത്, നെഹ്റു കുടുംബത്തിന്റെ വിശ്വസ്തൻ എന്ന പേരാണ്. 2019ൽ അധീർരഞ്ജൻ ചൗധരി എന്ന അധികം ആരും കേട്ടിട്ടുപോലുമില്ലാത്ത നേതാവിനെയാണ്, പ്രതിപക്ഷ നേതാവ് ആക്കുന്നത്. ചൗധരിയുടെ പ്രസംഗം കേൾക്കുമ്പോഴാണ് ഖാർഗേ എത്ര മിടുക്കൻ ആയിരുന്നു എന്ന് നമുക്ക് ഓർമ്മവരിക. അതായത് കാര്യങ്ങൾ തീരുമാനിക്കുന്നത്, രാഹുലിന്റെ ഉപജാപക സംഘം ആണെന്ന് ഗുലാം നബി പറയുന്നത് എത്രയോ ശരിയാണ്.
ശശി തരൂരിന്റെ ഭാവിയെന്ത്?
അതിനിടെ നമ്മുടെ ശശിതരൂരിന്റെ ഭാവിയെക്കുറിച്ചും ദേശീയ മാധ്യമങ്ങളിൽ വലിയ ചർച്ച നടക്കുന്നുണ്ട്്. കോൺഗ്രസിന് നിഷ്പ്രയാസം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ ഉയർത്തിക്കാട്ടാൻ കഴിയുന്ന പ്രതിഭയാണ്, യു എൻ അണ്ടർ സെക്രട്ടറിയായി സേവനം നടത്തിയ, ഈ ലോക പ്രശസ്തനായ ഈ എഴുത്തുകാരൻ. പക്ഷേ രാഹുൽഗാന്ധിയും ഉപജാപകസംഘവും സമ്മതിക്കില്ല.
ജി-23 നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും, അവരുടെ പ്രസ്താവനയിൽ ഒപ്പിടുകയും ചെയ്ത നേതാവാണ് തരൂർ. അതിനാൽ ഗുലാംനബിയുടെ പുറത്താകലിന്റെ പശ്ചാത്തലത്തിൽ തരൂരിന്റെ ഭാവിയും ദേശീയ മാധ്യമങ്ങൾ ചർച്ചയാക്കുന്നുണ്ട്. തനിക്ക് പല പാർട്ടികളിൽനിന്നും ഓഫർ വന്നതായി തരൂർ ഇന്ത്യൻ എക്പ്രസിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നുണ്ട്. ബിജെപിയുമായി ആശയഭിന്നത ഉണ്ടെന്നും, ആം ആദ്മി പാർട്ടിയിൽനിന്ന് അടക്കം ക്ഷണം വന്നുവെന്നും അദ്ദേഹം സമ്മതിക്കുന്നു. ''ഏറെകാലം ഒരേ റൂട്ടിൽ വണ്ടിയോടിക്കുന്ന ആളല്ല ഞാൻ'' എന്ന് അർഥഗർഭമായി പറഞ്ഞുകൊണ്ടാണ് ശശി തരൂർ തന്റെ അഭിമുഖം അവസാനിപ്പിക്കുന്നത്.
ഇതോടെ ശശി തരൂരും വൈകാതെ കോൺഗ്രസ് ഉപേക്ഷിക്കും എന്ന ചർച്ച വരുന്നുണ്ട്. പക്ഷേ തരൂർ ഒരിക്കലും ബിജെപിയിൽ പോകാനും ഇടയില്ല. ഇടക്ക് സംസ്ഥാന രാഷ്ട്രീലത്തിൽ സജീവമാകാനും തരൂർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ കോണഗ്രസ് ഒരു തീരുമാനവും എടുക്കില്ല. ശശി തരൂരിനെ കേരളാ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള ഒരു കാമ്പയിന് കോൺഗ്രസ് നേതൃത്വം തുടക്കും കുറിച്ചുവെന്ന് നോക്കുക. അതോടെ പിണറായി സർക്കാറിന്റെ അന്ത്യം കുറിക്കും. പക്ഷേ സപിഎമ്മിന് ആശ്വസിക്കാം. അത്തരം തീരുമാനങ്ങൾ ഒന്നും എടുക്കാനുള്ള ബുദ്ധിയും വൈഭവവും ഒന്നും കോൺഗ്രസ് പാർട്ടിക്കും, രാഹുൽ ഗാന്ധിക്കുമില്ല.
പ്രിയങ്ക എവിടെ; പുതിയ പ്രസിഡന്റ് ആര്?
അതിനിടെയാണ് പ്രിയങ്കയെ ഉയർത്തിക്കൊണ്ടുവരാൻ ചിലർ ശ്രമിച്ചത്. ഗാന്ധി, നെഹ്റു കുടുംബം എന്നും ഇന്ത്യൻ ജനതക്ക് ഒരു നൊസ്റ്റാൾജിയ തന്നെയാണ്. രൂപവും ഭാവും കൊണ്ട് ഇന്ദിരാഗാന്ധിയെ ഓർമ്മിപ്പിക്കുന്ന, രാഹുൽ ഗാന്ധിയുടെ സഹോദരി ഇക്കഴിഞ്ഞ യുപി തെരഞ്ഞെടുപ്പിൽ തലങ്ങും വിലങ്ങും ഓടി നടന്ന് കാടിളക്കി പ്രചാരണമാണ് നടത്തി. പക്ഷേ ഫലം ഒന്നും ഉണ്ടായില്ല. വെയിലുകൊണ്ട് പ്രിയങ്കയുടെ മുഖകാന്തിപോയത് മിച്ചം. മാത്രമല്ല, പ്രിയങ്കയുടെ ഭർത്താവ് ആയ റോബർട്ട് വധേര എന്ന മൊറാദാബാദിലെ പിച്ചളക്കച്ചവടക്കാരൻ, ഒന്നാന്തരം ഒരു 'ക്രോണി'യാവാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകളുടെ കാര്യത്തിൽ സംശയത്തിന്റെ നിഴലിലാണ് വധേര. ഈ സാഹചര്യത്തിൽ പ്രിയങ്കയെ ഇനിയും നേതൃത്വത്തിലേക്ക് ഉയർത്തിക്കാട്ടാനുള്ള സാധ്യതകൾ കാണുന്നില്ല.
അതേസമയം ഗുലാംനബിയുടെ രാജി ചില കാര്യങ്ങളിൽ തീരുമാനം എടുക്കാൻ കോൺഗ്രസിനെ നിർബന്ധിക്കയാണ്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പിന്റെ തീയതി കോൺഗ്രസ് നാളെ തീരുമാനിക്കുമെന്നാണ് അറിയുന്നത്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനും, രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗഹലോട്ട് കോൺഗ്രസ് പ്രസിഡന്റായി വരും എന്നാണ് പൊതുവെ കരുതുന്നത്. പ്രസിഡന്റ് പദം ഏറ്റെടുക്കാൻ ഗെഹലോട്ടിനു വിസമ്മതമില്ലെങ്കിലും, അത് ഗാന്ധി കുടുംബത്തിന്റെ സമ്മർദത്തിനു വഴങ്ങിയാണെന്ന പ്രതീതിയോടെ വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. പ്രസിഡന്റ് പദവിയിലേക്കു മുൻപ് പരിഗണിച്ചിരുന്ന കമൽനാഥ് മധ്യപ്രദേശിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണു താൽപര്യമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ദലിത് നേതാവിനെ തീരുമാനിച്ചാൽ മുകുൾ വാസ്‌നിക്, മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ എന്നിവരെ പരിഗണിക്കും.
ഇതിനിടെ, ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റിനെ പാർട്ടി പ്രസിഡന്റാക്കണമെന്ന് എംപിമാർക്കിടയിൽ ആവശ്യമുയർന്നിട്ടുണ്ട്. ഹിന്ദി ഹൃദയഭൂമിയിൽനിന്നുള്ള യുവ നേതാവെന്ന നിലയിൽ പ്രവർത്തകർക്ക് ഊർജം പകരാൻ സച്ചിനു കഴിയുമെന്നാണു വാദം. അതേസമയം, തനിക്കൊപ്പമുള്ള എംഎൽഎമാരെയും കൂട്ടി ബിജെപി ഭരിക്കുന്ന ഹരിയാനയിലെ റിസോർട്ടിൽ 2020 ഓഗസ്റ്റിൽ സച്ചിൻ പോയതു രാജസ്ഥാൻ സർക്കാരിനെതിരായ കലാപനീക്കമായി നേതൃത്വത്തിലെ ഒരുവിഭാഗം ഇപ്പോഴും വിലയിരുത്തുന്നുണ്ട്. സച്ചിൻ പ്രസിഡന്റാകണമെന്ന ആവശ്യത്തെ എതിർക്കാൻ സോണിയയുടെ വിശ്വസ്തനായ ഗെഹലോട്ട് തന്നെയാകും മുന്നിലുണ്ടാവുക. ലോക്‌സഭയിൽ പാർട്ടിയുടെ നേതൃസ്ഥാനത്തു നിന്ന് അധീർ രഞ്ജൻ ചൗധരിയെ നീക്കി പകരം ശശി തരൂർ, മനീഷ് തിവാരി എന്നിവരിലൊരാളെ നിയമിക്കണമെന്നും എംപിമാർക്കിടയിൽ അഭിപ്രായമുണ്ട്.
പക്ഷേ ഇത് കോൺഗ്രസ് ആണ്. എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. മറുഭാഗത്ത് ആളും അർത്ഥവുമായി ബിജെപി വലിയ ചാക്കുമായി കാത്തിരിക്കയാണ്. ഇഡിയും, കസ്റ്റസും, എൻഐഐയും അടക്കമുള്ള എല്ലാ സംവിധാനങ്ങളും അവർക്ക് ഉണ്ട്. അങ്ങോട്ട് വന്നാൽ പണവും പദവികളും, അല്ലെങ്കിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ. എത്ര കോൺഗ്രസ് നേതാക്കൾക്ക് ഈ ട്രാപ്പിനെ അതിജീവിക്കാൻ കഴിയും. കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ സ്വപ്നം അതി വിദൂരത്തൊന്നുമല്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്ന സൂചന.
വാൽക്കഷ്ണം: രാഹുൽഗാന്ധി വഴിതെറ്റിക്കുന്ന 'കർണ്ണേജപന്മാരുടെ' ലിസ്റ്റിൽ ഒന്നാമതായി, പല കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്ന പേരുകളിൽ ഒന്ന് നമ്മുടെ കെ സി വേണുഗോപാലിന്റെതാണ്. ഒരു രാഷ്ട്രീയ ചാണക്യനായി വളരുമെന്ന് പ്രതീക്ഷിച്ച വേണുഗോപാൽ ഒരു രാഷ്ട്രീയ ശകുനിയാവുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ