- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ വിവാദത്തിന്റെ യാഥാർത്ഥ്യം
കോവിഷീൽഡ് കൊല്ലുമോ! കഴിഞ്ഞ ദിവസങ്ങളിൽ ലോക വ്യാപകമായി ചർച്ചയായ വാർത്തയായിരുന്നു ഇത്. ലോകമാധ്യമങ്ങളായ ബിബിസിയും സിഎൻഎന്നും തൊട്ട് നമ്മുടെ നാട്ടിലെ ഓൺലൈൻ മാധ്യമങ്ങൾവരെ ഇത് വലിയ രീതിയിൽ ആഘോഷിച്ചു. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ പാർശ്വഫലം ഉണ്ടാകുമെന്ന് നിർമ്മാതാക്കളായ അസ്ട്രസെനക്ക കമ്പനി സമ്മതിച്ചുവെന്ന, ഞെട്ടിപ്പിക്കുന്ന വാർത്തായായിരുന്നു അവർ പുറത്തവിട്ടത്. ഒരു വസ്തുവിന്റെ നിർമ്മാതാക്കൾ തന്നെ അതിന് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞാൽ അത് അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. ബ്രിട്ടനിലെ ഹൈക്കോടതിയിൽ ഒരു കേസിന്റെ ഭാഗമായാണ്, അസ്ട്രസെനക്ക കുറ്റസമ്മതം നടത്തിയെന്ന് പറയുന്ന വാർത്തയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയായിരുന്നു.
"അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന്, കോവിഷീൽഡ് നിർമ്മാതാക്കളായ അസ്ട്രസെനക്ക കമ്പനി സമ്മതിച്ചു. കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. കോവിഷീൽഡ്, വാക്‌സ്സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിച്ച വാക്സിനാണിത്. വാക്സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവും വരെയുണ്ടായതായി പരാതി ഉയർന്നിരുന്നു. ഒട്ടേറെ കുടുംബങ്ങൾ അസ്ട്രസെനക്കയ്ക്കെതിരേ കോടതിയിലും പോയി. വാക്‌സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ അസ്ട്രസെനക്ക സമ്മതിച്ചു.സുരക്ഷാ ആശങ്കയെത്തുടർന്ന് അസ്ട്രസെനക്ക-ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിച്ചിരുന്നു."- ഇങ്ങനെയുള്ള കണ്ടന്റിലാണ് വാർത്ത പുറത്തുവന്നത്.
ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലും വ്യാപകമായ ആശങ്കകളാണ് പങ്കുവയ്ക്കപ്പെടുന്നത്. ഈ വിഷയം എത്രയും വേഗം പരിഗണിക്കണമെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരധ്വരാജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സാമൂഹികമാധ്യമങ്ങളിലും വലിയ തോതിലാണ് വാക്‌സിനെക്കുറിച്ച് ആശങ്കകൾ ഉയരുന്നത്. നമ്മുടെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ 'കേശവമാമന്മാർ' അഴിഞ്ഞാടുകയായി. അതോടെ കോവിഡിനുശേഷമുള്ള സകല രോഗങ്ങൾക്കും മരണങ്ങൾക്കും ഉത്തരവാദി കോവിഷീൽഡ് വാക്സിനാണ് എന്ന അവസ്ഥ വന്നു. ഇന്ത്യയിലെ അടക്കം, കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിച്ച ഈ വാക്സിൻ ഒറ്റ രാത്രികൊണ്ട് കൊടും വില്ലനായി. എന്നാൽ ഇത്തരം വാർത്തകൾ പെരുപ്പിച്ചതാണെന്നും കോവിഷീൽഡ് വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണെന്നുമാണ് ശാസ്ത്ര പ്രചാരകർ പറയുന്നത്.
വിവാദമായ ജാമി സ്‌കോട്ട് കേസ്
ആദ്യം തന്നെ നമുക്ക് കേസിന്റെ മെറിറ്റിലേക്ക് പോകാം. ജാമി സ്‌കോട്ട് കേസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ബ്രിട്ടീഷ് പൗരനായ ജാമി സ്‌കോട്ട് എന്നയാൾ, 2021 ഏപ്രിലിൽ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്‌കത്തിന് തകരാർ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതോടെയാണ്, നിയമ നടപടികളുടെ തുടക്കം. ഇതോടെ തനിക്ക് ജോലിക്ക് പോകാൻ കഴിയാതായെന്നും മൂന്നുതവണ താൻ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്. തുടർന്നാണ് യു.കെ. ഹൈക്കോടതിക്ക് മുന്നിൽ കേസ് എത്തിയത്്. അപ്പോഴാണ് വാക്സിന്റെ പാർശ്വഫലം നിർമ്മാതാക്കളായ ആസ്ട്രസെനക്ക കമ്പനി സമ്മതിച്ചെന്ന് വാർത്ത വന്നത്.
ഇതിൽ ആദ്യം പരിശോധിക്കേണ്ടത്, കോവിഷീൽഡിന് പാശ്വർഫലങ്ങൾ ഉണ്ട് എന്ന് ആസ്ട്രസെനക്ക സമ്മതിച്ചോ എന്നാണ്. നമ്മുടെ മാധ്യമങ്ങൾ പറയുന്നതുപോലെ ഒരു കുറ്റസമ്മത മൊഴിയല്ല അത്. വളരെ അപൂർവമായ കേസുകളിൽ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമിന് കോവിഷീൽഡ് കാരണമാകാമെന്ന് കമ്പനി മറുപടി നൽകിയത്. ആവും എന്നല്ല ആകാം എന്നാണ്. അതേസമയം, മേൽപ്പറഞ്ഞ വാക്സിനോ മറ്റേതെങ്കിലും വാക്സിനുകളോ സ്വീകരിച്ചില്ലെങ്കിൽക്കൂടിയും ടി ടി എസ് ഉണ്ടാകാമെന്നും കമ്പനി പറയുകയുണ്ടായി. എന്നാൽ, വാക്സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിട്ടുണ്ട്.
ഇവിടെ വളരെ അപുർവം എന്നവാക്ക് ശ്രദ്ധിക്കണം. അതായത് പത്തുലക്ഷത്തിൽ ഏഴ് എന്ന നിലയിൽ മാത്രമാണ്, പാർശ്വഫല സാധ്യത. വാക്സിൻ കുത്തിവെച്ച എല്ലാവർക്കും പാർശ്വഫലം ഉണ്ടാവും എന്നല്ല. പത്തുലക്ഷം പേരെ എടുത്താൽ വെറും എഴുപർക്ക് പാർശ്വഫലത്തിനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്. ലക്ഷക്കണക്കിന് പേർ കോവിഡ് ബാധിച്ച് മരിച്ചുവീഴുമ്പോൾ, എതാനും പേർക്കുള്ള പാർശ്വഫല സാധ്യത അവഗണിക്കാൻ തക്കതാണ്. ഇനി നോക്കുക ടി.ടി.എസ് എന്ന ഈ രോഗം വാക്സിൻ സ്വീകരിച്ചില്ലെങ്കിലും ഉണ്ടാവും എന്നും കമ്പനി കോടതിയിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതൊന്നും, വാർത്തയാക്കാതെ ഭീതി വ്യാപാരം നടത്തുകയാണ് മാധ്യമങ്ങൾ ചെയ്തത്.
അവർ നിർമ്മാതാക്കളല്ല, വിതരണക്കാർ
ഇനി ഈ വാക്സിന്റെ ആധികാരികയെക്കുറിച്ച് പറയാനുള്ള ആസ്ട്രസെനക്കയുടെ അവകാശവാദത്തിലേക്ക് വരാം. ലോകവ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടപോലെ, ആസ്ട്രസെനെക്ക മരുന്നു കമ്പനി കോവിഷീൽഡ് നിർമ്മാതാക്കളല്ല വിതരണക്കാർ മാത്രമാണ്. അവർ നിർമ്മാണത്തിന് പണം കൊടുത്ത് പങ്കാളിയാവുകയാണ്. പക്ഷേ ആ വാക്സിൻ വികസിപ്പിച്ചെടുത്തത് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയാണ്. അവിടുത്തെ ശാസ്ത്രജ്ഞരാണ് വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ആധികാരികമായി പറയേണ്ടത്. ഉദാഹരമായി ടയോട്ട കമ്പനി യുടെ ഒരു പുതിയ കാറിന്റെ നിർമ്മാണത്തിൽ നമ്മുടെ മാരുതി പങ്കാളിയാവുന്നു എന്ന് വെക്കുക. കാറിന്റെ യന്ത്രഭാഗങ്ങൾക്ക് എന്തെങ്കിലും കംപ്ലെയന്റ് ഉണ്ടെങ്കിൽ അതിന് ആധികാരികമായി മറുപടിപറയേണ്ടത്, ടയോട്ടയാണ്. അതുപോലെ ലളിതമാണ് ഇതും.
ആരോഗ്യവിദഗദ്ധനായ ഡോ ബി ഇക്‌ബാൽ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ മാധ്യമമായ ലൂക്കയിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. "ആസ്ട്രസെനെക്ക മരുന്നു കമ്പനി വിപണനം ചെയ്യുന്ന കോവിഡ് വാക്സിൻ കോവിഷീൽഡ്, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്തതാണ്. ഫീൽഡ് ട്രയലിനായി ഫണ്ടിങ് നടത്തുക മാത്രമാണ് ആസ്ട്രാസെനെക്ക ചെയ്തിട്ടുള്ളത്.ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്‌സിനോളജി പ്രൊഫസർ സാറാ കാതറിൻ ഗിൽബെർട്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് വാക്‌സിന്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് വാക്‌സിനായി വൈറൽ വെക്റ്റർ വാക്‌സിൻ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ദശലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പാർശ്വഫലങ്ങളില്ലാതെ വാക്സിൻ എടുത്തിട്ടുണ്ട്.
വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജൻസിയല്ല. മരുന്നിന്റെ പേറ്റന്റ് കൈവശമുള്ളതിനാൽ ആസ്ട്രസെനെക്ക കോടതിയിൽ മൊഴികൊടുത്തതാവാം.
വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങൾ കോവിഷീൽഡിന്റെ അപകടസാധ്യതകൾ, നേട്ടങ്ങൾ പരിഗണിക്കുമ്പോൾ വളരെ അപൂർവ്വമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.'- ഡോ ഇഖ്ബാൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം കാര്യങ്ങളിൽ ഏറെ ശ്രദ്ധയുള്ളവരാണ്, അമേരിക്കയും യൂറോപ്യൻ യൂണിയനും. അവിടെ വലിയ സമ്മർദ്ദ ശക്തിയാണ് വാക്സിൻ വിരുദ്ധർ. അമേരിക്കയിലൊക്കെ വാക്സിൻ കോടതികൾപോലുമുണ്ട്. അവിടെ ചെറിയ സംശയങ്ങൾ ഉണ്ടെങ്കിൽപോലും വലിയ തുക കോമ്പൻസേഷൻ കൊടുക്കേണ്ടിവരും. അതുമുന്നിൽ കണ്ട് ഒരു ഡിസ്‌ക്ലൈമർപോലെ ഒരു സാധനം കോടതിയിൽ പറയുകയാണ് ആസ്ട്രസെനക്ക ചെയ്തത്. അതാണ് ഒരു ബോംബായി പർവതീകരിക്കപ്പെട്ടത്.
വില തുച്ഛം ഗുണം ഏറെ
1.4 ദശലക്ഷം ആളുകളെ മരണത്തിലേക്ക് തള്ളിവിടുകയും ആഗോള സമ്പദ്വ്യവസ്ഥയെ തകർക്കുകയും ചെയ്ത കോവിഡ് എന്ന വില്ലനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപോരാളിയായിരുന്നു കോവിഷീൽഡ്. ആയിരക്കണക്കിന് ശാസ്ത്രജ്ഞർ ഊണും ഉറക്കവുമില്ലാതെ മാസങ്ങൾ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് അത്.ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇംഗ്ലണ്ടിലെ ആസ്ട്രാസെനെക്ക ബഹുരാഷ്ട്ര മരുന്നുകമ്പനിയും ചേർന്ന് വികസിപ്പിച്ചെടുത്തതിനാൽ ഇത് ഓക്സ്ഫോർഡ്- ആസ്ട്രാസെനെക്ക വാക്സിൻ എന്നും അറിയപ്പെടുന്നു. ചിമ്പാൻസിയിൽ നിന്നെടുത്ത രൂപഭേദം വരുത്തിയ അഡിനോവൈറസാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിന് മനുഷ്യശരീരത്തിൽ പെരുകാനുള്ള ശേഷിയില്ല. അതിനാൽ അവ മനുഷ്യരിൽ രോഗമുണ്ടാക്കില്ല.
പേശികളിലേയ്ക്ക് നേരിട്ട് കുത്തിവയ്ക്കുന്ന വാക്സിനാണിത്.
മനുഷ്യകോശോപരിതലത്തിലെ ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം-2 എന്ന സ്വീകരണികളിലേയ്ക്ക് കോവിഡ് 19 വൈറസിന്റെ ഉപരിതലത്തിലുള്ള സ്പൈക്ക് എസ്-1 പ്രോട്ടീൻ ബന്ധിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. വാക്സിനിലുള്ള ചിമ്പാൻസിയിലെ അഡിനോനോവൈറസ് ശരീരത്തിലെത്തിയാൽ അത് കോവിഡ്-19 വൈറസിലുള്ളതുപോലെ സ്പൈക്ക് പ്രോട്ടീനിനെ ഉത്പാദിപ്പിക്കും. ഇതോടെ നമ്മുടെ ശരീരത്തിൽ കോവിഡിനെതിരായ ആന്റിബോഡികൾ ഉണ്ടാവും. പിന്നീട് എപ്പോഴെങ്കിലും രോഗകാരിയായ കോവിഡ്-19 വൈറസ് ശരീരത്തിലെത്തിയാൽ അവയുടെ പ്രതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനിനെ ഈ ആന്റിബോഡികൾ തിരിച്ചറിഞ്ഞ് ഉടനേതന്നെ നശിപ്പിക്കും. ഇതാണ് കോവിഷീൽഡിന്റെ പ്രവർത്തന തത്വം. ആധുനിക വൈദ്യത്തിലെ ഒരു മരുന്ന് കണ്ടെത്തുന്നത് നിരവധി പരീക്ഷണ നിരീക്ഷണങ്ങളിലുടെയാണ്. അതുപോലെയാണ് കോവിഷീൽഡും.
2020 ഏപ്രിൽ 23 നും 2020 നവംബർ നാലിനും ഇടയിൽ ബ്രിട്ടൺ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവരിൽ ട്രയലുകൾ നടത്തി. ഇന്ത്യൽ സീറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചും (ഐസിഎംആർ) ഒന്നിച്ച് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയലുകൾ ഈ വാക്സിനുമായി ബന്ധപ്പെട്ട് നടത്തി.ഇങ്ങനെ ആയിരിക്കണക്കിന് ആളുകളിൽ പരീക്ഷിച്ച് പാർശ്വഫലങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് മരുന്ന് വിപണിയിൽ എത്തിയത്. പിന്നെ പത്തുലക്ഷത്തിൽ ഒരാൾക്കുപോലും പാർശ്വഫലത്തിന് സാധ്യതയുണ്ടെങ്കിൽ അത് തുറന്ന് പറയുകയാണ് ശാസ്ത്രത്തിന്റെ രീതി. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.
കോവിഷീൽഡിന് വിലകുറവാണെന്നതിനാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അത് ഏറെ പ്രയോജനം ചെയ്തു. ഫൈസർ വാക്സിനൊക്കെ ഇതിന്റെ ഇരുപത് മടങ്ങ് വിലയാണ്. മറ്റു വാക്സിനുകളെ പോലെ ശക്തമായ ശീതികരണ സംവിധാനം ആവശ്യമല്ലാത്തതിനാൽ വികസ്വര രാജ്യങ്ങളിൽ ഇത് എളുപ്പത്തിൽ വിതരണം ചെയ്യാം. അതിനാൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെ ജീവൻ രക്ഷകനായിട്ടാണ് കോവിഷീൽഡിനെ വിലയിരുത്തപ്പെട്ടത്.
പാർശ്വഫലം പത്തു ലക്ഷത്തിൽ ഏഴോ എട്ടോ
വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. അതിലൊന്നാണ് ഇപ്പോൾ വിവാദമമായ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ അഥവാ ടി ടി എസ് എന്നരോഗം. ശരീരത്തിന്റെ ചിലഭാഗങ്ങളിൽ രക്തം കട്ടപിടിക്കുകയും ഒപ്പം പ്ലേറ്റ്ലെറ്റുകൾ അപകടകരമായ രീതിയിൽ കുറയുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. കാലുകൾ, മസ്തിഷ്‌കം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിൽ രക്തം കട്ടപിടിക്കാം. കടുത്ത തലവേദന, വയറുവേദന, കാലുകളിൽ വീക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്.ഹൃദ്രോഗികൾ, ഹൃദയധമനീ രോഗങ്ങൾ ഉള്ളവർ, രക്തസംബന്ധമായ രോഗങ്ങൾ ഉള്ളവർ, വൃക്കരോഗികൾ തുടങ്ങിയവരിലൊക്കെ ടി.ടി.എസിനുള്ള സാധ്യത കൂടുതലാണ്. അല്ലാതെ എല്ലാവർക്കും ഈ രോഗം വരുമെന്ന് പൊതുവായി പറയുന്നത് ശരിയല്ല.
പക്ഷേ ഒരു കാര്യം നോക്കണം, പത്തു ലക്ഷത്തിൽ ഏഴോ എട്ടോ വ്യക്തികളിൽ മാത്രമാണ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം വാകിസിന്റെ പാർശ്വഫലമായി ഉണ്ടാവാൻ സാധ്യതയുള്ളത്. വാക്സിൻ അവതരിപ്പിച്ച് ആറുമാസത്തിനുള്ളിൽത്തന്നെ ടി.ടി.എസ്. എന്ന അപൂർവ പാർശ്വഫലത്തേക്കുറിച്ച് തിരിച്ചറിഞ്ഞിരുന്നു. അത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതാണ് ആസ്ട്രസെനക്ക കമ്പനി പറഞ്ഞത്. അല്ലാതെ അത് ഒരു രഹസ്യവിവരം പുറത്തുവിടുകയോ, കുറ്റസമ്മതം നടത്തുകയോ, അല്ല. എത് മരുന്നിന്റെയും പാശ്വഫല സാധ്യതകൾ കൃത്യമായി മോഡേൺമെഡിസിനിൽ രേഖപ്പെടുത്താറുണ്ട്. പാരസെറ്റമോളിലുപോലും അമിതമായി കഴിച്ചാൽ പാർശ്വഫലമുണ്ട്. അത് ലിവർ കോശങ്ങൾക്ക് നാശമുണ്ടാക്കും. പക്ഷേ ഒരു ദിവസം 10 ഗുളകിയെന്ന ഹൈ ഡോസിൽ ആരും കഴിക്കില്ലല്ലോ! ഇതുവരെ 13.5 ബില്യൺ അഥവാ 135 കോടിയിലേറെപേർക്ക് കോവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ എത്രപേർക്ക് പാർശ്വഫലം ഉണ്ടായിയെന്ന് നോക്കുക.
മാത്രമല്ല, കോവിഡാനന്തരം ഉണ്ടാവുന്ന പോസ്റ്റ് കോവിഡ് സിൻഡ്രോമുകളെയും പലരും, ഇതുമായി കുട്ടിക്കെട്ടുന്നു. കോവിഡിന്റെ ചികിത്സയ്ക്കൊപ്പം മതിയായ വിശ്രമമെടുക്കാത്തവരിൽ പലർക്കും അനന്തര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിശ്രമം പ്രധാനമാണെന്ന് നിരന്തരം പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ ചികിത്സ കഴിഞ്ഞയുടൻ ജോലികളിലും മറ്റും പ്രവേശിച്ചത് ശരീരത്തിന്റെ ആഘാതം മാറുന്നതിന് മുമ്പ് വീണ്ടും പീഡിപ്പിച്ചതിനു തുല്യമായി. അക്കൂട്ടരിൽ ആരോഗ്യ പ്രശ്നങ്ങൾ കൂടുകയും ചെയ്തിട്ടുണ്ട്. ഇത് വാക്സിനേഷന്റെ കുഴപ്പമല്ല.
ആധുനിക ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധുനിക വാക്സിനുകൾ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണ്. ചില അർബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനും വാക്സിനുകൾ പ്രയോഗിച്ച് വരുന്നു. ഉദാഹരണമായി ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സീൻ എച്ച് പി വി (ഗർഭാശയ കാൻസർ),ഹെപ്പറ്റെറ്റിസ് ബി വാക്സിൻ (കരൾ കാൻസർ) തുടങ്ങിയവ.എച്ച്ഐവി/എയ്ഡ്‌സ് പോലുള്ള മറ്റ് പകർച്ചവ്യാധികൾക്കുള്ള വാക്‌സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.
2023 നവംബറിൽ കോവിഷീൽഡ് ഉൾപ്പെടെയുള്ള വാക്സിനേഷനെ കേന്ദ്രീകരിച്ച് ഐ.സി.എം.ആർ. പഠനം നടത്തിയിരുന്നു. ഇന്ത്യയിലെ 47 ആശുപത്രികളെ ആധാരമാക്കി കോവിഡ് വാക്സിൻ സ്വീകരിച്ചവരെ നടത്തിയ പഠനത്തിൽ പാർശ്വഫലങ്ങൾ കാര്യമായില്ലെന്നാണ് കണ്ടെത്തിയത്. കോവിഷീൽഡുമായി ബന്ധപ്പെട്ട ഗുണഫലങ്ങളാണ് ഏറെയെന്നും അപൂർവമായി മാത്രമേ പാർശ്വഫലങ്ങളുണ്ടാകൂ എന്നും ഐ.സി.എം.ആർ പഠനത്തിലുണ്ട്. ജീവനും മരണത്തിനുമിടയിലുള്ള മഹാമാരിക്കാലത്ത് ജീവൻ സംരക്ഷിക്കാനുള്ള എല്ലാ മാർഗങ്ങളും ആരാഞ്ഞ കൂട്ടത്തിലാണ് വാക്സിനും സ്വീകരിക്കുന്നത്. മേൽപ്പറഞ്ഞ പാർശ്വഫലങ്ങളൊന്നും ഇത്രത്തോളം ഊതിവീർപ്പിക്കേണ്ടതല്ല. വൃക്കരോഗികൾ, പ്രമേഹരോഗികൾ തുടങ്ങിയ അനുബന്ധ രോഗികളിലാണ് പ്രശ്നങ്ങൾ പലതും വളരെ അപൂർവമായി കണ്ടെത്തിയിട്ടുള്ളത്.
മോദി- ആർഎസ്സ് വാക്സിൻ!
പക്ഷേ കോവിഷീൽഡ് വിവാദം ഗുണം ചെയ്തത്, വർഷങ്ങളായി വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നവർക്കാണ്. നമ്മുടെ ഈ കൊച്ചുകേരളത്തിലടക്കം അതിഭീകരമായ വാക്സിൻ വിരുദ്ധത പലരും പ്രചരിപ്പിക്കുന്നുണ്ട്. വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകുന്നു എന്നാണ് ഇതിൽ എറ്റവും പ്രധാനം. വാകിസിനുകളും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ് ശാസ്ത്രീയമായ അഭിപ്രായം.
അതുപോലെ ബിൽ ഗേറ്റ്സിനെ തെറ്റായി ഉദ്ധരിച്ചുകൊണ്ട് ഭൂമിയിൽ നിന്നും മനുഷ്യരെ 'ഇല്ലാതാക്കാൻ' വാക്സിനേഷൻ ഉപയോഗിക്കുന്നുവെന്നും ഇവർ പ്രചരിപ്പിച്ചിരുന്നു. വാക്സിനുകൾ ജനിതക വസ്തുക്കളിൽ ഇടപെടുകയും മനുഷ്യ ഡിഎൻഎയിൽ മാറ്റം വരുത്തുകയും ചെയ്യുന്നുവെന്നും ഇവർ പ്രചരിപ്പിച്ചു. ഒന്നാമാത് ബിൽഗേറ്റ്സ് അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ഇടക്ക് വാകിസിൻ മുസ്ലിം ജനസംഖ്യകുറക്കാനുള്ള തന്ത്രമാണെന്നുവരെ പ്രചാരണം വന്നിരുന്നു. മോദി- ആർഎസ്എസ് വാക്സിനേഷൻ എന്നാണ് എം ആർ വാക്സിനേഷനെ ചില ഭീതി വ്യാപാരികൾ വിശേഷിപ്പിച്ചത്!
തയോമെർസൽ, അലുമിനിയം തുടങ്ങിയ വാക്സിനുകളിലെ ഘടകങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് വാക്സിൻ വിരുദ്ധർ പ്രചരിപ്പിക്കുന്നു.പ വാക്സിനുകളിൽ നിരുപദ്രവകരമായ ഘടകമാണ് തിയോമെർസൽ. ഇതിന് പ്രതികൂല ഫലങ്ങൾ ഒന്നും തന്നെയില്ല. അലുമിനിയം, വാക്സിനിൽ ഒരു അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് വലിയ അളവിൽ പോലും വിഷാംശം കുറവായ വസ്തുവാണ്. ചില വാക്സിനുകളിൽ ഫോർമാൽഡിഹൈഡ് ഉണ്ടെങ്കിലും വളരെ കുറഞ്ഞ അളവിലാണ് ഉള്ളത് എന്നതിനാൽ നിരുപദ്രവകരമാണ്. പക്ഷേ ഹറാമായ നിരവധി ഘടകങ്ങൾ വാക്സിനിൽ ഉണ്ടെന്ന് മുസ്ലിം സമുദായത്തിനകത്ത് ഇന്നും പ്രചാരണമുണ്ട്.
വാക്സിനുകൾ സർക്കാർ - ഫാർമസ്യൂട്ടിക്കൽ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന സിദ്ധാന്തത്തിന് ലോക വ്യാപകമായി പ്രചാരണമുണ്ട്. വാക്സിൻ കൊണ്ട് തടയാൻ കഴിയുന്ന അഞ്ചാംപനി പോലുള്ള രോഗങ്ങൾ നിരുപദ്രവകരമാണെന്നും പ്രചാരണം ഉണ്ട്. ഇത് ശരിയല്ല. ഈ രോഗം മൂർഛിച്ചാൽ മാരകമാണ്. അഞ്ചാംപനി പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം പ്രതിരോധ കുത്തിവയ്‌പ്പാണ്. പല രോഗങ്ങളും ഈ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാൻ വാക്സിന് കഴിഞ്ഞു. ഉദാ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും പോളിയോ നിർമ്മാർജനം ചെയ്യപ്പെട്ടു. അവിടെ താലിബാൻ അടക്കമുള്ള മതമൗലികവാദികൾ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നതുകൊണ്ടാണ് പോളിയോ പോലും ആ രാജ്യങ്ങളിൽ തുടരുന്നത്.
വസൂരി, സ്മാൾ പോക്സ് തുടങ്ങിയ രോഗങ്ങളേയെല്ലാം വാക്സിൻ കണ്ടെത്തിയതുകൊണ്ടാണ് കീഴടക്കാനായത്. ഒരുകാലത്ത് ലക്ഷങ്ങൾ മരിച്ച വസൂരിയെ വാക്സിൻ ഈ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാക്കി. ഇതൊന്നും കണക്കിലെടുക്കാതെ ഹീനമായ കുപ്രചാരണം ചില കേന്ദ്രങ്ങൾ തുടരുകയാണ്. അവർക്ക് കിട്ടിയ വടിയായിപ്പോയി, ആസ്ട്രസെനക്ക വിവാദം.
സത്യത്തിൽ വാകിസൻ എടുത്തവർ ഉള്ളതുകൊണ്ടാണ് എടുക്കാത്തവർ പോലും സുരക്ഷിതരായിരിക്കുന്നത്. സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾ പ്രതിരോധ കുത്തിവെയ്‌പ്പുകൾ എടുത്തതാണെങ്കിൽ അവർക്കിടയിൽ രോഗാണുക്കൾ പടരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അതിനാൽ വാക്സിൻ മൂലം രോഗപ്രതിരോധ ശേഷി കൈവന്ന ആളുകളോടൊപ്പം വസിക്കുന്ന, വാക്സിൻ എടുക്കാത്ത ആളുകൾക്കും രോഗത്തിൽ നിന്ന് പരിരക്ഷ ലഭിക്കുന്നു. ഇതിനെയാണ് ആർജ്ജിത പ്രതിരോധ ശേഷി അഥവാ സമൂഹ പ്രതിരോധശക്തി എന്നൊക്കെ പറയുന്നത്. പക്ഷേ വാക്സിൻ വിരുദ്ധർ ഇതും ചേർത്താണ് വീമ്പുപറയുക. ഞാൻ ഇത്രയും കാലം വാക്സിൻ എടുക്കാതിരുന്നിട്ടും യാതൊരു കുഴപ്പവും വന്നില്ലെന്ന്!
വാൽക്കഷ്ണം: ജീവിതത്തിൽ ഇതുവരെ വാക്സിൻ എടുത്തിട്ടില്ല എന്ന് പറയുന്നവരൊക്കെയുണ്ട്. അവരോട് ചോദിച്ചുനോക്കുക, പേപ്പടി കടിച്ചാൽ വാക്സിൻ എടുക്കുമോയെന്ന്! അലോപ്പതി മരുന്നുകൾ കടലിൽ എറിയണം എന്ന് പറഞ്ഞവരൊക്കെ കാര്യമായ അസുഖം വരുമ്പോൾ എത്താറുള്ളത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലാണ് എന്നതും മറക്കരുത്.