കേരളത്തിലെ ഏറ്റവും ഭാഗ്യവാനായ രാഷ്ട്രീയ നേതാവ് ആരാണെന്ന് ചോദിച്ചാൽ, അറക്കപ്പറമ്പിൽ കുര്യൻ മകൻ ആന്റണി എന്ന 82 വയസ്സുള്ള വെറ്ററൻ കോൺഗ്രസ് നേതാവിന്റെ പേര് ആയിരിക്കും ആദ്യം ഉയർന്നുവരിക. മികച്ച പ്രാസംഗികനോ, സംഘാടകനോ, ജനനായകനോ, ഒന്നുമല്ലാതിരുന്നിട്ടും അദ്ദേഹത്തെത തേടി പദവികൾ വന്നുകൊണ്ടിരുന്നു. 69ൽ വെറും ഇരുപത്തി ഒൻപതാം വയസിൽ കെപിസിസി ജനറൽ സെക്രട്ടറി, 1970-ൽ മുപ്പതാം വയസിൽ യുഡിഎഫ് കൺവീനറും നിയമസഭാ അംഗവും, 1973-ൽ മുപ്പത്തിമൂന്നാം വയസിൽ കെപിസിസി പ്രസിഡന്റ്, 1977-ൽ മുപ്പത്തിയേഴാം വയസിൽ കേരള മുഖ്യമന്ത്രി, 1984-ൽ നാൽപ്പത്തിനാലാം വയസിൽ എഐസിസി ജനറൽ സെക്രട്ടറി എന്നീ പദവികൾ ആന്റണിയെ തേടിയെത്തി. കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ നേതാവ്, വി കെ കൃഷ്ണമേനോനുശേഷം പ്രതിരോധ മന്ത്രിയായ മലയാളി, കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമൻ.... അങ്ങനെ പോകുന്നു 52 വർഷമായി തുടരുന്ന ആ രാഷ്ട്രീയ ജീവിതം.

2022 ഏപ്രിൽ രണ്ട് മുതൽ വിരമിച്ച് തിരുവനന്തപുരത്തുള്ള വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ആന്റണി, തന്റെ അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത രീതിയിൽ കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ നേരിടുന്നത്. അതിന് തുടക്കമിട്ടത് മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനമാണ്. മകന്റെ ബിജെപി പ്രവേശനം തന്റെ ഹൃദയം തകർത്തുവെന്നും, ജീവിതകാലം മുഴുവൻ താൻ കോൺഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം പറയുന്നു. പക്ഷേ മുതിർന്ന മക്കൾ ചെയ്യുന്നതിന് രക്ഷിതാക്കൾ എന്തു പിഴച്ചുവെന്നും, മകന്റെ കാലുമാറ്റമല്ല, ആന്റണിയുടെ രാഷ്ട്രീയ ജീവിതമാണ് ഓഡിറ്റ് ചെയ്യേണ്ടത് എന്നുമാണ് സോഷ്യൽ മീഡിയാ ആക്റ്റീവ്റ്റുകൾ പറയുന്നത്.

ഇതോടെ നിരവധി ആളുകളാണ് ആന്റണിയുടെ കഴിവുകേടും, ഇമേജ് സംരക്ഷണ പ്രവർത്തികളും ചൂണ്ടിക്കാണിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ആർക്കും യാതൊരു ഉപകാരവും ചെയ്യാത്ത നിർഗുണ പരബ്രഹ്മായിട്ടാണ് അവർ ആന്റണിയെ വിലയിരുത്തത്. അദ്ദേഹം അഴിമതിക്കാരനല്ല, സ്വജനപക്ഷപാതിയുമല്ല. പക്ഷേ ഒരു നേതാവിന് വേണ്ട പാണ്ഡിത്യമോ, ദീർഘവീക്ഷണമോ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അന്വേഷണ ത്വരയോ ഒന്നും ആന്റണിക്ക് ഇല്ലായിരുന്നു. അദ്ദേഹം എന്നും തന്റെ ഇമേജിന്റെ തടവറയിൽ ആയിരുന്നു.

മന്മോഹൻസിങ്ങിനെ കോൺഗ്രസ് തലപ്പത്ത് വന്നപ്പോൾ ആന്റണിയാണ് രണ്ടാമൻ. രാഷ്ട്രീയം അത്രയൊന്നും അറിയാത്ത മന്മോഹന് പകരം കോൺഗ്രസിന്റെ മുഖം ആവേണ്ടിയിരുന്നത് ആന്റണിയാണ്. പക്ഷേ അദ്ദേഹത്തിന് നല്ലരീതിയിൽ ഹിന്ദിയിൽ ഒരു പ്രസംഗം നടത്താൻ പോലം കഴിയുമായിരുന്നില്ല. കോൺഗ്രസിന്റെ നാശം തുടങ്ങിയത് അവിടെനിന്നാണെന്ന്, സമീർ ജെയിനിനെപ്പോലുള്ള മാധ്യമ പ്രവർത്തകർ എഴുതിയത്. മാത്രമല്ല, പ്രതിരോധമന്ത്രിയെന്ന നിലയിലുള്ള ആന്റണിയുടെ പത്തുവർഷക്കാലം ഇന്ത്യൻ സൈന്യം വല്ലാതെ പിറകോട്ട് അടിച്ചു. അഴിമതി ഭയന്ന്, അദ്ദേഹം പുതിയ ഒരു കരാറുകളിലും ഒപ്പിട്ടില്ല. ഇതോടെ സേനയുടെ നവീകരണം പോയിട്ട് അറ്റകുറ്റപ്പണികൾ പോലും സമയത്തിന് നടന്നില്ല എന്നാണ് ബിജെപി ആരോപിക്കുന്നത്.

ചൈന ഇന്ത്യയുടെ ഭുമി കൈയേറിയപ്പോഴും, പാക്കിസ്ഥാൻ സേന ഇന്ത്യയുടെ അഞ്ച് പട്ടാളക്കാരുടെ തലവെട്ടിയപ്പോളും ശക്തമായി പ്രതിഷേധിക്കാൻപോലും ആന്റണിക്ക് കഴിഞ്ഞില്ല.

വളർച്ച മനോരമയുടെ പി ആർ വർക്കിൽ

സോഷ്യൽ മീഡിയകൾ ഒന്നും ഇല്ലാതിരുന്ന, മനോരമയും മാതൃഭൂമിയും ചേർന്നാൽ കേരളത്തിന്റെ രാഷ്ട്രീയ അജണ്ട ഒരു പരിധിവരെ സെറ്റ് ചെയ്യാൻ കഴിയുന്ന ഒരു കാലത്തായിരുന്നു ആന്റണിയുടെ വളർച്ച. ഒരണ സമരക്കാലം മുതൽ മനോരമയുടെ നിർലോഭമായ പിന്തുണ, ആദ്യകാലത്ത് നിരീശ്വരവാദിയെന്ന് അവകാശപ്പെട്ടിട്ട്പോലും ഈ നേതാവിന് നിർലോഭമായി കിട്ടിയിരുന്നു. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ദിനേഷ് ദിവാകർ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''96ലെ തെരഞ്ഞെടപ്പ് സമയത്തൊക്കെ ആദർശധീരനാക്കി ആന്റണിക്കുേവേണ്ടി പരസ്യമായി കാമ്പയിൻ നടത്തുകയായിരുന്നു മനോരമ. തടിക്കസേരയിൽ ഇരിക്കുന്ന മുഖ്യമന്ത്രി, കാന്റീനിൽനിന്ന് ഊണുകഴിക്കുന്ന, ഓട്ടോറിക്ഷയിൽ സെക്രട്ടറിയയേറ്റിൽ വന്നിറങ്ങുന്ന മുഖ്യമന്ത്രി എന്നിങ്ങനെ. ചാരായ നിരോധനത്തോടെ പതിനായിരക്കണക്കിന് സ്ത്രീകളുടെ കണ്ണീരൊപ്പിയ മുഖ്യമന്ത്രിയായും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. പക്ഷേ അതൊന്നും തിരഞ്ഞെടുപ്പിൽ തുണച്ചില്ല. 80 സീറ്റ് നേടി എൽഡിഎഫാണ് അധികാരത്തിൽ വന്നത്.''

എഴുത്തുകാരൻ ബഷീർ വള്ളിക്കുന്ന് ഇങ്ങനെ ചുണ്ടിക്കാട്ടുന്നു. ''പി ആർ വർക്കിന് ഒരു ഉദാഹരണം പറയാം. സാധാരണ നിയമസഭയിലേക്ക് കാറിൽ വരുന്ന വരുന്ന എ കെ ആന്റണി ഒരു ദിവസം ഓട്ടോറിക്ഷയിൽ വരുന്നു. നിയമസഭയുടെ കവാടത്തിൽ മനോരമയുടെ ഫോട്ടോഗ്രാഫർ ക്യാമറ സൂം ചെയ്ത് റെഡിയാക്കി കാത്തിരിക്കുന്നു.
പിറ്റേ ദിവസത്തെ ഫ്രന്റ് പേജ് ഫോട്ടോ അതാണ്.. വെൽ പ്ലാൻഡ് ഡ്രാമ..
ഈ വാർത്തയും ചിത്രവും കൊണ്ട് പ്രത്യേകിച്ച് ആർക്കും ഒരു ദോഷമില്ലാത്തതുകൊണ്ട് അതിന് പിറകിൽ ആരും സൈക്കിളെടുത്ത് കൂടില്ല. സത്യവിരുദ്ധമായ ഒന്നും സംഭവിച്ചിട്ടുമില്ല..ഓട്ടോയിൽ വന്നോ?. വന്നു.. ഇമേജ് ബിൽഡിങ് നടന്നോ?.. നടന്നു..
ഇമേജ് ബിൽഡിങിനും പി ആർ വർക്കിനും മനോരമയെ കഴിഞ്ഞേ വേറെ ആരുമുള്ളൂ,''- ബഷീർ വള്ളിക്കുന്ന് ചൂണ്ടിക്കാട്ടുന്നു.

പക്ഷേ സോഷ്യൽ മീഡിയകാലം വന്നതോടെ ഇത് മാറി. പാർലിമെന്റിലെ എ കെ ആന്റണിയുടെ പെർഫോമൻസിന്റെ സ്റ്റാറ്റിറ്റിക്‌സ് എടുത്തുകൊണ്ട്, 'ഒരു ചോദ്യം പോലും ചോദിക്കാതെ ഇരിക്കുന്ന ഇങ്ങേരെയൊക്കെ എങ്ങിനെയാണ് സ്ഥാനമാനങ്ങൾ തേടിയെത്തിയത്' എന്നാണ് ഇപ്പോൾ വിമർശനം. നല്ലൊരു കമ്യുണിക്കേറ്റർ പോലുമല്ല ആന്റണി. കേരളത്തിൽ സ്വന്തമായി 'പി ആർ സ്‌കൂൾ' സ്ഥാപിച്ച ആളാണെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.

എം എ ജോണിനെ ചതിച്ചു

മുറ്റത്തെ നന്മരമായി മാധ്യമങ്ങൾ ആന്റണിയെ വാഴ്‌ത്തുമ്പോഴും ശുദ്ധമായ രാഷ്ട്രീയ വഞ്ചനകളും ആന്റണി നടത്തിയിട്ടുണ്ട്. പഴയ യുവ തുർക്കി എം എ ജോൺ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. 1969 ൽ നടന്ന കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് കോൺഗ്രസിൽ മറ്റൊരു പാർട്ടിക്കുതന്നെ ജന്മം കൊടുത്തുകളഞ്ഞു. അന്ന് ടി.ഒ.ബാവയെ എല്ലാവരും ചേർന്ന് കെപിസിസി പ്രസിഡന്റാക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനെതിരെ കോൺഗ്രസിലെ യുവനേതാവായിരുന്ന എം എ ജോൺ രംഗത്തിറങ്ങി. 'എം എ ജോൺ നമ്മെ നയിക്കും' എന്ന മുദ്രാവാക്യം ഉണ്ടായ കാലം. നേതാക്കളുടെ അനുനയതന്ത്രങ്ങൾക്കൊന്നും വഴങ്ങാതെ ജോൺ മത്സരത്തിൽ ഉറച്ചുനിന്നു. അന്ന് ജോണിനൊപ്പം ഉറച്ചുനിന്ന ആളായിരുന്നു എ കെ ആന്റണി. പക്ഷേ കോഴികൂവുന്നതിന് മുമ്പ് ആന്റണി കൂറുമാറി. ടി ഒ ബാവയുടെ ഏജന്റ് ആയാണ് താൻ പിന്നീട് ആന്റണിയെ കാണുന്നതെന്നും അത് തന്നെ ഞെട്ടിച്ചുവെന്നും ജോൺ പിന്നീട് പറയുന്നുണ്ട്. ടിഒ ബാവ കെപിസിസി പ്രസിഡന്റായതിനു പിന്നാലെ ജോണിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ചരിത്രം. ജോൺ കോൺഗ്രസിൽ ഉറച്ചു നിന്നിരുന്നെങ്കിൽ, ആ പാർട്ടിയുടെ ചരിത്രം മാറുമായിരുന്നു.

പക്ഷേ പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും എന്നാണെല്ലോ. ചരിത്രത്തിന്റെ കാവ്യ നീതിയെന്നോണം അതുപോലെ ഒരു തിരിച്ചടി 1992 ജനുവരിയിൽ ആൻണിക്കും കിട്ടി. അന്ന് ആന്റണിയാണ് കെപിസിസി പ്രസിഡന്റ്. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേന്നുവരെ ചക്കരയും ഈച്ചയുമായി കഴിഞ്ഞിരുന്ന വയലാർ രവിയും എകെ ആന്റണിയും തമ്മിലാണ് ഒടുവിൽ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി കൊമ്പുകോർത്തത്. ഇരുവരെയും എതിരാളികളാക്കിയത് കെ കരുണാകരൻ എന്ന രാഷ്ട്രീയ ചാണക്യന്റെ അടവുകളായിരുന്നു.

കരുണാകരന്റെ ഐ ഗ്രൂപ്പുമായി കാര്യമായ അടുപ്പം ഇല്ലാതിരുന്ന, വയലാർ രവിയെ കരുണാകരൻ ചാക്കിട്ടു. പൂജപ്പുര ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വയലാർരവിയുടെ സുഖവിവരം അന്വേഷിച്ചെത്തിയി മുഖ്യമന്ത്രി കരുണാകരൻ അദ്ദേഹത്തെ വശത്താക്കി. ആന്റണിക്കെതിരെ വയലാർ രവി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു.വോട്ടെടുപ്പിനു തൊട്ടുമുമ്പ് കരുണാകരൻ ഏന്തോ രഹസ്യം പറയാനായി ആന്റണിയുടെ അടുത്തേക്ക് ചെന്നു. ആന്റണിയാകട്ടെ എന്നോട് ഇനി നാടകം വേണ്ട എന്നു പൊട്ടിത്തെറിച്ച് വെട്ടിത്തിരിഞ്ഞു. അത് കരുണാകരന് ക്ഷീണമായിപ്പോയി. അതോടെ പൊരിഞ്ഞപോരാട്ടമായി. തിരുവനന്തപരുത്ത് മുസ്ലിം അസോസിയേഷൻ ഹാളിൽവെച്ചു നടന്ന തിരഞ്ഞെടുപ്പിൽ എ.കെ ആന്റണിയെ മലർത്തിയടിച്ചുകൊണ്ട് എ ഗ്രൂപ്പുകാരനായിരുന്ന വയലാർ രവി ഐ ഗ്രൂപ്പുകാരുടെ പിന്തുണയയിൽ കെപിസി.സി പ്രസിഡന്റായി. പണ്ട് എം എ ജോണിനെ പിന്നിൽ നിന്ന് കുത്തിയതുപോലെ, ഒരുപാട് പേർ ആന്റണിയെയും പിന്നിൽനിന്ന് കുത്തി.

ഇമേജിന്റെ പേരിൽ രാജികൾ

തന്റെ ഇമേജ് സംരക്ഷിക്കുന്നതിലാണ് ആന്റണിയുടെ ഏറ്റവും വലിയ ശ്രദ്ധ. മൂന്നു തവണയായി അഞ്ച് വർഷം മുഖ്യമന്ത്രിയായെങ്കിലും രണ്ടു തവണയും ഇടയ്ക്ക് വച്ച് രാജി വെച്ചു. രാജൻ കേസിൽ കെ. കരുണാകരൻ മുഖ്യമന്ത്രി പദം രാജിവച്ചതിനെ തുടർന്ന് അധികാരത്തിൽ ഏറുമ്പോൾ അദ്ദേഹത്തിന് വെറും 37 വയസു മാത്രമായിരുന്നു പ്രായം. തുടർന്ന് 1977-ലെ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായി. എന്നാൽ തൊട്ടടുത്ത വർഷം, അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭാ ഇലക്ഷനിൽ പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ചിക്കമംഗ്ലൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 1978-ൽ അദ്ദേഹം മുഖ്യമന്ത്രി പദം രാജിവെച്ചു.

വൈകാതെ തന്നെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ (എ) ഗ്രൂപ്പ് രൂപീകരിച്ച് അദ്ദേഹം പാർട്ടി വിട്ടു ഇടതു മുന്നണിയിൽ ചേർന്നു. അവിടെ നിന്ന് അടിച്ചു പിരിഞ്ഞ് തിരിച്ച് കോൺഗ്രസിലെത്തി. ഈ സമയത്ത് ആന്റണിയുടെ ആദർശം എവിടെപ്പോയി എന്ന് മനസ്സിലാവുന്നില്ല.

1992 മുതൽ കോൺഗ്രസ് വർക്കിങ് കമ്മറ്റി അംഗമാണ്. 91മുതൽ 96വരെയുള്ള
കാലഘട്ടത്തിൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് കാബിനറ്റ് മന്ത്രിയായിരുന്നു. അദ്ദേഹം. 1995-ൽ ഉയർന്ന പഞ്ചസാര അഴിമതി ആരോപണത്തെ തുടർന്ന് കേന്ദ്ര മന്ത്രി സ്ഥാനം അദ്ദേഹം പൊടുന്നനെ രാജിവെച്ചു. മനോരമ ആദർശം എഴുതി കൊഴുപ്പിച്ചു. പക്ഷേ ഒരു ആരോപണം ഉണ്ടായാൽ അത് നേരിടുകയല്ലേ വേണ്ടത്. അല്ലാതെ രാജിവെച്ച് ഒളിച്ചോടുകയാണോ.

2004ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഏവരെയും ഞെട്ടിച്ചു. ഇന്് തിരഞ്ഞുനോക്കുമ്പോൾ അതും തീർത്തും അനാവശ്യമായിരുന്നു. കാരണം 2004ൽ യുഡിഎഫിന് ഉണ്ടായ അതിഭീകരമായ തിരിച്ചടിക്ക് ആന്റണി മാത്രമായിരുന്നില്ല ഉത്തരവാദി. ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ ഇനി ഒരു ജയം ഉണ്ടാവില്ലെന്ന് ആന്റണിക്കും നന്നായി അറിയാമായിരുന്നു. ആ രാജിയോടെ അദ്ദേഹം വീണ്ടും വളർന്നു. യുപിഎ സർക്കാറിൽ പ്രതിരോധ മന്ത്രിയായി. ക്യാബിനറ്റിൽ രണ്ടാമനായി. അതായത് ഓരോ രാജി കഴിയുമ്പോഴും രാഷ്ട്രീയ വളർച്ച തന്നെയാണ് ആന്റണിക്ക് ഉണ്ടാവുന്നത്.

വൺ റാങ്ക് വൺ പെൻഷനെ എതിർത്തു

പക്ഷേ ആന്റണിയൊക്കൊണ്ടുണ്ടായ ഏറ്റവും വലിയ ബുദ്ധിമുട്ട്, ഇന്ത്യൻ സൈന്യത്തെ പിറകോട്ട് അടുപ്പിച്ചുവെന്നതാണെന്ന്, പല തവണ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ഇതിന് സാധൂകരണമെന്നോണം ഇപ്പോൾ ഒരു സൈനികന്റെ ഓഡിയോ വൈറൽ ആയിരുന്നു. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. '' എല്ലാ സംസ്ഥാനങ്ങളിലും, സൈനികക്ഷേമ വകുപ്പിനെ നിയന്ത്രിക്കുന്ന, രാജ്യ സൈനിക ബോർഡിന്റെ ചെയർമാനും, സായുധ സേന പതാക കമ്മറ്റിയുടെയും ചെയർമാനും മുഖ്യമന്ത്രിയാണ്. ആന്റണി മുഖ്യമന്ത്രിയായപ്പോൾ ഞാൻ സൈനിക ക്ഷേമ വകുപ്പിൽ ഉണ്ടായിരുന്നു. ഏത് നല്ലകാര്യം എക്സ്സർവീസുകാർക്ക് ചെയ്യാൻ പറഞ്ഞാലും ഇയാൾ എതിർക്കും. ഗവൺമെന്റ് ഓഫ് ഇന്ത്യയിൽ നിന്ന് ഒരു ഡയറക്ഷൻ വന്നു, പട്ടാളത്തിൽനിന്ന് കമാൻഡോ ട്രെയിനിങ്ങ് കിട്ടിയ, 40 വയസ്സിൽ താഴെയുള്ളവരെ ഉൾപ്പെടുത്തി, ഒരു റാപ്പിഡ് ആക്ഷൻ ഫോഴ്സ് എല്ലാ സംസ്ഥാനങ്ങളും ഉണ്ടാക്കണമെന്ന്. അത് അജണ്ടയിൽ വന്നപ്പോൾ ആന്റണി എതിർത്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ ചർച്ച നടക്കയാണ്. ഞാൻ ഇയാളുടെ തൊട്ട് പിറകെയുണ്ട്. നമുക്കെന്തിനാ റാപ്പിഡ് ആക്ഷൻ ഫോഴ്സ്, നമ്മുടെ പൊലസീസ് പോരെ എന്നാണ് ആന്റണി ചീഫ് സെക്രട്ടറിയോട് ചോദിച്ചത്. അതോടെ ആ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഇല്ലാതായി.

രണ്ടാംലോക മഹായുദ്ധകാലത്ത് സർവീസ് തികയാതെ പിരിച്ചുവിടപ്പെട്ട പട്ടാളക്കാർക്ക് പെൻഷൻ കൊടുക്കുന്ന കാര്യം വന്നപ്പോഴും ആന്റണി എതിർത്തു. പിന്നെ അടുത്ത നായനാർ സർക്കാർ വന്നപ്പോഴാണ് മുന്നൂറ് രൂപ പെൻഷൻ അനുവദിച്ചത്. പിന്നെ അത് കുടി കൂടി 8000 ആയി. അതുപോലെ ഞാൻ ഇന്ത്യയിലെ ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്ത് വീരചക്രം വാങ്ങിയ മലയാളി ജവാന്മാരെ കുറിച്ചുള്ള പുസ്തകം എഴുതി. അത് വായിച്ച ആന്റണി നല്ല അഭിപ്രായം പറഞ്ഞെങ്കിലും, പൊതുഭരണവകുപ്പ് ആ പ്രൊപ്പോസൽ തള്ളി. പിന്നെ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ പിആർഡിയാണ്് അത് പ്രസിദ്ധീകരിച്ചത്. ആന്റണി 'വൺ റാങ്ക് വൺ പെൻഷൻ' പട്ടാളക്കാർ കൊടുക്കുന്നതിന് എതിരായിരുന്നു. ഒടുവിൽ മോദിയാണ്് അതുകൊടുത്തത്. മോദി കൊടുത്തപ്പോൾ, അതിൽ ഒരുപാട് അപാകതകൾ ഉണ്ടെന്ന് കുറ്റം പറയുകയാണ് ആന്റണി ചെയ്തത്. പട്ടാള ഓഫീസർമാർ സീരിയസായി സംസാരിച്ചുകൊണ്ടിരിക്കുന്ന ബോർഡ് മീറ്റിങ്ങുകളിലും മറ്റും മുഖ്യമന്ത്രി ആന്റണി അതൊന്നും ശ്രദ്ധിക്കാറില്ല. കരുണകകരൻ അടക്കമുള്ളവർ ഇത്തരം ബോർഡ് മീറ്റിങ്ങിൽ വളരെ അറ്റൻഡീവ് ആയിരിക്കും. ഇതുപോലെ എത്രയോ കേസുകൾ.

പണ്ട് ഡിഫൻസ് മിനിസ്റ്ററായിരുന്നു ആന്റണി ചൈന സന്ദർശിച്ചിരുന്നു. ചൈന നേഫയിൽ എത്രയോ ഹെക്ടർ സ്ഥലം ആക്രമിച്ച് കൈവശപ്പെടുത്തിയ സമയം ആയിരുന്നു അത്. പക്ഷേ ആന്റണി പാർലിമെന്റിൽ പറഞ്ഞത് അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നായിരുന്നു. പക്ഷേ പിന്നീട് അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞു. പിന്നെ പാർലിമെന്റിൽ ഇത് തിരുത്തിപ്പറയുകയാണ് ആന്റണി ചെയ്തത്. പാക്കിസ്ഥാൻ ബോർഡറിൽ റോന്ത് ചുറ്റിക്കൊണ്ടിരുന്നു അഞ്ച് സൈനികരെ പാക്ക് സൈന്യം പിടിച്ച് കഴുത്തറത്തുകൊന്നു. അത് പാർലിമെന്റിൽ വന്നപ്പോൾ അങ്ങനെ ഒരു സംഭവമേ നടന്നട്ടില്ല എന്നാണ് ആന്റണി ആദ്യം പറഞ്ഞത്. പിന്നീട് തെളിവ് വന്നപ്പോൾ തനിക്ക് തെറ്റു പറ്റിയതാണെന്ന് പറഞ്ഞു. അതുപോലെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോൾ പത്ത് അന്തർ വാഹിനികൾ 9 വർഷത്തിനിടെ മുങ്ങി. സർവീസ് നടത്താൻ ഉത്തരവ് കൊടുക്കില്ല. സ്പെയർപാട്സ് വാങ്ങുമ്പോൾ അഴിമതി നടക്കുമെന്നാണ് പറയുക. ''- ഇങ്ങനെ പോവുകയാണ് ആ ഓഡിയോ. നിഷ്പക്ഷമായി പരിശോധിച്ചാൽ ഈ വിമർശനം തീർത്തും ശരിയാണെന്ന് മനസ്സിലാക്കാം. ബിജെപി നേതാക്കൾ പലതവണ ആരോപിച്ച കാര്യങ്ങളാണ് ഇവയെല്ലാം.

ബെൻസൻ-ബെൻസി സംഭവം

ഇപ്പോൾ അനിൽ ആന്റണി വിഷയം വന്നതോടെ, എയ്ഡ്സ് രോഗത്തിന്റെ പേരിൽ സമൂഹം ഒറ്റപ്പെടുത്തിയ ബെൻസൻ, ബെൻസി എന്നീ കൊല്ലത്തെ കുട്ടികളുടെ അനുഭവവും, എം എസ് സനിൽകുമാറിനെപ്പോലുള്ള മുതിർന്ന മാധ്യമ പ്രവർത്തകർ എഴുതിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർ കൊല്ലത്തെ ഈ കുട്ടികളുടെ വീട് സന്ദർശിച്ചപ്പോൾ ദയനീയമായ കാഴ്ചയാണ് കണ്ടത്. മരുന്നില്ല, ഭക്ഷണമില്ല...കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തിൽ ഒരു കുടുംബം. നിസ്സഹായമായ കണ്ണുകളോടെ മരണം മുന്നിൽ കാണുന്ന രണ്ട് കുരുന്നുകൾ. അതൊക്കെ ഷൂട്ട് ചെയ്ത് മാധ്യമ പ്രവർത്തകർ തിരുവനന്തപുരത്തേക്ക് മടങ്ങി. വാർത്ത എല്ലാവരും അതാത് ചാനലുകളിൽ എയർ ചെയ്തു. അത് സമൂഹ മനസാക്ഷിയെ ഉണർത്തി. അന്ന് ഏ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. തുടർന്ന് മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയെ കണ്ടു. കുട്ടികൾക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദർശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു. അങ്ങനെ ബെൻസനും ബെൻസിക്കും ഒപ്പം മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തി. കസേരയിൽ ഇരിക്കുകയായിരുന്നു ആന്റണി. കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിർത്തിയപ്പോൾ പെട്ടെന്ന് ആന്റണി ചാടി എഴുനേറ്റു. അദ്ദേഹം കുട്ടികളിൽ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാൻ പോലുമോ അദ്ദേഹം മുതിർന്നില്ല.

എന്നാൽ പിന്നീട് കേന്ദ്രമന്ത്രി സുഷമ സ്വരാജ് കുട്ടികളെ സന്ദർശിച്ചപ്പോൾ വേറിട്ട അനുഭവമാണ് ഉണ്ടായത്. അവർ രണ്ടുകുട്ടികളെയും വാരിപ്പുണർന്നു. നെറുകയിൽ മാറി മാറി ചുംബിച്ചു. ''ബെൻസനും ബെൻസിക്കുമുള്ള സഹായം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിട്ടാണ് സുഷമ മടങ്ങിയത്. ഞാനപ്പോൾ കുട്ടികളെ സ്‌കൂളിൽ കയറ്റില്ലെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് എം എൽ ഏ പ്രതാപവർമ്മ തമ്പാനേയും, കുരുന്നുകളെ തൊടാനറച്ച് പേടിച്ചു ദൂരെ മാറിനിന്ന കോൺഗ്രസ് മുഖ്യമന്ത്രി എ കെ ആന്റണിയെയും ഓർത്തു.'' എം എസ് സനിൽകുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. എയ്ഡ്സ് സ്പർശനത്തിലുടെ പകരുന്ന രോഗമല്ല എന്നുപോലും ആനറണിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.


ഭാര്യയുടെ പേരിൽ വ്യാജ വിവാദം

ശരിക്കും അഭിഭാഷക കുടുംബമാണ് എ കെ ആന്റണിയുടേത്. 1967ൽ എന്റോൾ ചെയ്തെങ്കിലും, രാഷ്ട്രീയ രംഗത്താണ് ആന്റണി സജീവമായത്. ആന്റണി സഹോദരൻ എ കെ ജോൺ ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. ഇളയമകൻ അജിത്തും അഭിഭാഷകനാണ്. ഭാര്യ എലിസബത്തും വക്കീൽ വേഷം അണിഞ്ഞിരുന്നു. 2011ൽ കനറാ ബാങ്കിന്റെ ഡൽഹി നെഹ്റു പ്ളേസിലെ ശാഖാ മാനേജർ സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടർന്നാണ് അവർ എന്റോൾ ചെയ്തത്. കനറാ ബാങ്കിൽ തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ സായാഹ്ന കോഴ്സിൽ ചേ4ന്നാണ് നിയമ ബിരുദം സമ്പാദിച്ചത്. ലോ അക്കാദമിയിൽ 1993- 96 കാലയളവിലായിരുന്നു പഠനം.

1975 ൽ കനറാ ബാങ്കിൽ ക്ളർക്കായാണ് എലിസബത്ത് ജോലി തുടങ്ങുന്നത്. ആന്റണിയുടെ ഭാര്യയാകുന്നത് 1985 ലും. വിവാഹസമയത്ത് ആന്റണി എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. ഭർത്താവിനൊപ്പം പൊതുവേദികളിൽ അധികമൊന്നും പ്രത്യക്ഷപ്പെടാൻ താൽപ്പര്യം കാട്ടാതിരുന്ന ഇവർ തിരുവനന്തപുരത്താണ് അധികകാലവും ജോലി ചെയ്തത്. പിന്നീട് ആന്റണി ഡൽഹിയിലേക്ക് മാറിയതോടെ ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ വാങ്ങി.

നല്ലൊരു ചിത്രകാരി കൂടിയാണ് എലിസബത്ത്. എന്നും വിവാദങ്ങളിൽനിന്ന് അകന്ന് നിൽക്കുന്ന ആന്റണി കുടുംബം ആദ്യമായി വിവാദത്തിൽ പെട്ടത് എലിസബത്തിന്റെ ചിത്രങ്ങളിലൂടെയാണ്. എലിസബത്ത് വരച്ച ചിത്രം എയർ ഇന്ത്യ 28 ലക്ഷം രൂപയ്ക്ക് വാങ്ങി എന്ന ഒരു വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് പിന്നീട് മനസ്സിലായി. എലിസബത്ത് ആന്റണിയുടെ രണ്ട് പെയിന്റിംഗുകൾ 2.5 ലക്ഷം രൂപയ്ക്കാണ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയത്. ഇതും അവർ പൂർണ്ണമായും ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിച്ചത്. ഇക്കാര്യം വ്യക്തമാക്കി എലിസബത്ത് പോസ്റ്റ് ഇട്ടതോടെയാണ് വിവാദം അടങ്ങിയത്. അവിടെയും ഭാര്യയിലുടെ ആന്റണി ആദർശധീരൻ ഇമേജ് പൊളിക്കാനാണ് ചിലർ നീക്കം നടത്തിയത്.

മക്കളെ അധികാരത്തിലേക്ക് അടുപ്പിച്ചില്ല

സ്റ്റാൻഡ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് മാനേജ്‌മെന്റ് ആൻഡ് എഞ്ചിനീയറിങിൽ മാസ്റ്റർ ബിരുദമുള്ള വ്യക്തിയാണ് ആന്റണിയുടെ മുത്തമകൻ അനിൽ. പക്ഷേ മകൻ രാഷ്ട്രീയത്തിൽ വരുന്നതിന് ആന്റണിക്ക് ഒരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. കെ കരുണാകരനെപ്പോലെയൊക്കെ മക്കളെ പ്രമോട്ട് ചെയ്യാൻ അദ്ദേഹം ഒട്ടും ശ്രമിച്ചിരുന്നില്ല. സ്വ പ്രയത്നത്തിലുടെ തന്നെയാണ് അനിൽ വളർന്നുവന്നത്. അധികാരത്തിന്റെ ഒരു ഇടനാഴികളിലും മക്കളെ ആന്റണി അടുപ്പിച്ചിരുന്നുമില്ല

കഴിഞ്ഞതിന് മുമ്പത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി നവമാധ്യമങ്ങളിൽ നടത്തിയ പ്രചാരണമാണ് അനിൽ ആന്റണിയെ ശ്രദ്ധേയനാക്കിയത് .സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേലും അന്ന് അനിലിനൊപ്പമുണ്ടായിരുന്നു. കേരളത്തിലേക്കുള്ള അനിലിന്റെ എൻട്രിയിലും എ കെ ആന്റണിക്ക് യാതൊരു പങ്കും ഇല്ലായിരുന്നു. ഡാറ്റാ അനലിറ്റിക് വിദഗ്ദ്ധനായ അനിലിനെ, കെപിസിസിയുടെ ഡിജിറ്റൽ മീഡിയാ സെൽ അധ്യക്ഷക്കാൻ ശശി തരൂരാണ്, നാലുവർഷം മുമ്പ് നിർദ്ദേശിച്ചത്.

അധികം ആർക്കും അറിയാത്ത കാര്യമാണ് എ കെ ആന്റണിയുടെ രണ്ടാമത്തെ മകനായ അജിത് പോൾ ആന്റണിയും കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉണ്ടെന്നത്. ഇദ്ദേഹവും ഉയന്ന വിദ്യാഭ്യാസണ്ട്. ചില സിനിമകളിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. 'രാഹുൽ പ്രിയങ്കാ ഗാന്ധി സേന'യുടെ ദേശീയ വൈസ് പ്രസിഡന്റായി അജിത് ആന്റണി ചുമതലയേറ്റത് കഴിഞ്ഞവർഷം ആയിരുന്നു.

അഴിമതി രഹിത ജീവിതം

പക്ഷേ അഴിമതിരഹിത ജീവിതം എന്ന വലിയ കാര്യം നിർവഹിക്കാൻ ആന്റണിക്ക് കഴിഞ്ഞു. ഉത്തരേന്ത്യൻ ഗോസായി കോൺഗ്രസുകാർക്ക് ആന്റണി എന്നും ഒരു അത്ഭുദജീവിയായിരുന്നു. ഖജനാവ് കൊള്ളയടിച്ച് വിദേശബാങ്കുകളിൽ നിക്ഷേപിച്ച്, ആഡംബരക്കാറുകളും ഫാം ഹൗസും എല്ലാമായി സമ്പന്നതയിൽ മദിച്ചുപുളഞ്ഞ നേതാക്കൾക്കിടയിൽ അദ്ദേഹം വേറിട്ടുനിന്നു. പക്ഷേ ആന്റണി പൊതുജനത്തിനായി ഒന്നും ചെയ്തില്ല എന്ന് പറയുന്നതും വ്യാജമാണെന്ന് ജെ എസ് അടൂരിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്. സെൽഫ് ഫിനാൻസ്ഡ് വിദ്യാഭ്യാസം കൊണ്ടുവന്ന് കേരളത്തിൽ അദ്ദേഹം വൻ മാറ്റം ഉണ്ടാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

''കേരളത്തിൽ ഇന്ന് ഏകദേശം 190 ൽ അധികം എഞ്ചിനീയറിങ് കോളജുകൾ ഉണ്ട്.
253 നഴ്സിങ് കോളേജ് /സ്‌കൂളുകൾ ഉണ്ട്. 34 മെഡിക്കൽ കോളജുകൾ.
40 ലോ കോളേജുകൾ ഉണ്ട്. ഞാൻ പഠിച്ചിരുന്ന സമയത്തു ആറു എഞ്ചിനീയറിങ് കോളേജ്.അഞ്ചു മെഡിക്കൽ കോളേജ്വിരലിൽ എണ്ണാവുന്ന നേഴ്സിങ് കോളേജ്. ചുരുക്കം ലോ കോളേജ്.ഈ മാറ്റങ്ങൾ എങ്ങനെയുണ്ടായി? ശ്രീ എ കെ ആന്റണിയാണ് സെൽഫ് ഫിനാൻസ്ഡ് വിദ്യാഭ്യാസം കൊണ്ടുവന്നത്. അതുകൊണ്ടു ദശലക്ഷം ആളുകൾക്കു പ്രൊഫെഷനൽ വിദ്യാഭ്യാസം സാധ്യമായി. കേരളത്തിൽ എൻജിനിയറിങ് നേഴ്സിങ്ങും പഠിച്ചവർ ലക്ഷകണക്കിനു ലോകത്തു എല്ലായിടത്തും ജോലി ചെയ്യുന്നു.ആയിരകണക്കിന് ആളുകൾ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഈ സ്ഥാപനങ്ങൾ ഇടയാക്കിയിട്ടുണ്ട്.
സെൽഫ് ഫിനാൻസ് വിദ്യാഭ്യാസത്തിന് എതിരെ എസ് എഫ് ഐ പിള്ളേരെ ഇറക്കി സമരം ചെയ്യിച്ച ശ്രീ പിണറായി വിജയന്റെ മക്കൾ പഠിച്ചത് സെൽഫ് ഫിനാൻസ് കോളേജുകളിൽ. അന്ന് സെൽഫ് ഫിനാൻസ് കോളേജുകളെ എതിർത്ത ഒരുപാട് നേതാക്കളുടെ മക്കൾ സെൽഫ് ഫിനാൻസ് കോളേജുകളിൽ പഠിച്ചു സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നുണ്ട്.ഇന്ന് കേരളത്തിൽ മികച്ച ചികിത്സ ലഭ്യമാക്കിയത് കേരളത്തിൽ വിവിധ ഇടങ്ങളിൽ ഉള്ള പ്രൈവറ്റ് മെഡിക്കൽ കോളേജുകളാണ്.''- ജെ എസ് അടുർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. തൊഴിലില്ലായ്മ വേതനം, സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത എന്നിവ ഏർപ്പെടുത്തിയത് ആന്റണി മുഖമന്ത്രിയായിരുന്നപ്പോൾ ആണ്. അതുപോലെ വിവാദമായ ചാരായ നിരോധനവും. പോസറ്റീവായും നെഗറ്റീവായും അത് ഇന്നും ചർച്ചയാണ്.

പക്ഷേ മൊത്തത്തിലുള്ള ആന്റണിയുടെ സംഭാവനകൾ എടുത്തുനോക്കുമ്പോൾ, ഭരണമികവ് ഉണ്ടെന്ന് പറയാൻ കഴിയില്ലെന്ന് വാസ്തവമാണ്. അനിൽ ആന്റണി വിവാദത്തിലുടെ അത് ചർച്ചയാവുന്നതും, ചരിത്രത്തിന്റെ കാവ്യനീതിതന്നെ.

വാൽക്കഷ്ണം: പക്ഷേ ഒരുകാര്യത്തിൽ ആന്റണിയോട് ബുഹമാനമുണ്ട്. സംഘടിത ന്യൂനപക്ഷങ്ങളുടെ വിലപേശൽ രാഷ്ട്രീയം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ വിള്ളലുണ്ടാക്കുമെന്ന മുന്നറിയിപ്പ് നൽകാൻ ധൈര്യപ്പെട്ട ഒരേയൊരു മുഖ്യധാരാ മതേതര രാഷ്ട്രീയ നേതാവ് ഏ കെ ആന്റണി മാത്രമാണ്. അതിന് അദ്ദേഹം ശരിക്കും അനുഭവിക്കയും ചെയ്തു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന എന്നാണ് അത് വിലയിരുത്തപ്പെട്ടതും!