- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പട്ടിണിരാജ്യമായി മാറി ഒരു കമ്യൂണിസ്റ്റ് സ്വർഗം; ഡോക്ടർക്കു പോലും നമ്മുടെ നാട്ടിലെ പ്യൂണിന്റെ ശമ്പളമില്ല; ഇന്ധന ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം; മെയ്ദിന റാലി വരെ റദ്ദാക്കി; യുവാക്കൾ അമേരിക്കയിലേക്ക് കുടിയേറുന്നു; സഹികെട്ട ജനം പ്രക്ഷോഭവുമായി തെരുവിൽ; ക്യൂബയിൽ നിന്നു കൂടി കമ്മ്യൂണിസം തൂത്തെറിയപ്പെടുമോ?
ക്യൂബ! കേരളത്തിന്റെ ഇടതുഭാവനയിൽ ഇത്രത്തോളം വേരുകളാഴ്‌ത്തിയ മറ്റൊരു രാജ്യം ഉണ്ടാവില്ല. മതങ്ങൾക്ക് സ്വർഗ്ഗമെന്നപോലൊരു മിത്തിലേക്ക് മാറ്റിപ്പണിയപ്പെടുകയായിരുന്നു ഇവിടെ കരീബിയിലെ ഈ കൊച്ചു ദ്വീപ്. മുതലാളിത്തത്തിന്റെയും വിപണിയുടെയും ചൂഷണങ്ങളിൽ നിന്ന് സ്വതന്ത്രമായ, അസമത്വങ്ങളുടെ നിഴൽ പരക്കാത്ത രാജ്യം. അമേരിക്കയെന്ന വലിയ കാട്ടാളന്റെ ചൊൽപ്പടിക്ക് വഴങ്ങാതെ, പൊരുതി അതിജീവിക്കുന്ന കൊച്ചു കമ്യുണിസ്റ്റ് രാജ്യം. ഫിദൽ കാസ്ട്രോയും ചെഗുവേരയുമെല്ലാം കേരളത്തിലെ കാമ്പസുകളിലെ ചുമരുകളിലും ടീ ഷർട്ടുകളിലും മാത്രമല്ല, കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള ചെറുപ്പക്കാരുടെ ഹൃദയത്തിലുമാണ് ജീവിച്ചത്. ക്യൂബക്ക് വേണ്ടി കഥയും കവിതയും ഇവിടെ രചിക്കപ്പെട്ടു. ക്യൂബാ മുകന്ദന്മാർ, അറബിക്കഥ സിനിമയിലെ സാങ്കൽപ്പിക സൃഷ്ടി മാത്രമായിരുന്നില്ല. അവർ കേരളത്തിന്റെ മുക്കിലും മൂലയിലും ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോൾ ആ കമ്യൂണിസ്റ്റ് സ്വർഗരാജ്യത്തിന്റെ അവസ്ഥയൊന്ന് കണ്ടറിയണം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് അക്ഷരാർത്ഥത്തിൽ പട്ടിണി രാജ്യമായിരിക്കയാണ് ഈ നാട്. സാമ്പത്തിക പ്രതിസന്ധിമൂലം മെയ് ഒന്നിന് നടത്തേണ്ടിയിരുന്ന അന്താരാഷ്ട്ര തൊഴിലാളി ദിന പരേഡ് പോലും ഇത്തവണ റദ്ദാക്കി. രൂക്ഷമായ ഇന്ധനക്ഷാമമാണ് ഇതിനു പ്രത്യക്ഷ കാരണമായത്.
സോഷ്യലിസത്തെയും ക്യൂബൻ വിപ്ലവത്തെയും പിന്തുണച്ച്, പതാകകളും ബാനറുകളും വീശി ചുവന്ന വസ്ത്രം ധരിച്ച ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി, എല്ലാവർഷവും മുടക്കമില്ലാതെ നടക്കുന്ന പരേഡാണ് ഇത്തവണ രാജ്യത്ത് റദ്ദാക്കിയത്. ഹവാന റെവല്യൂഷൻ സ്‌ക്വയറിൽ ദ്വീപിന്റെ ദേശീയ നായകനായ ജോസ് മാർട്ടിയുടെ കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നത് അടക്കമുള്ള പരിപാടികളും ഈ മെയ് ദിനത്തിൽ നടന്നില്ല. ''ഈ പ്രതിസന്ധിയിൽനിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് ഞങ്ങൾക്ക് ഇപ്പോഴും വ്യക്തമായ ധാരണയില്ല,'' പ്രസിഡന്റ് മിഗേൽ ഡിയസ് കനേൽ തുറന്നു പറയുന്നു.
കഴിഞ്ഞ കുറേ ആഴ്ചകളായി, വിതരണ രാജ്യങ്ങൾ ഇന്ധനം നൽകാത്തിനാൽ രാജ്യത്തുടനീളം ഇന്ധനക്ഷാമം നേരിടേണ്ടി വന്നതായി ക്യൂബൻ പ്രസിഡന്റ് പറഞ്ഞു. ഗവൺമെന്റിന് ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്നതിന് ആവശ്യമായ ഡിലൂയന്റുകൾ ഇറക്കുമതി ചെയ്യുന്നതിനോ അല്ലെങ്കിൽ ഉയർന്ന നിലവാരമുള്ള ക്രൂഡ് വാങ്ങുന്നതിനോ കഴിയാത്ത വിധം പ്രതിസന്ധിയാണ്. കരുതൽ ധനശേഖരം ഇടിഞ്ഞ രാജ്യത്തിന്റെ ദുർബലമായ സമ്പദ്വ്യവസ്ഥയാണ് ഇതിന് തടസ്സമാകുന്നത്.
ക്യൂബ സാധാരണയായി പ്രതിദിനം, 500 മുതൽ 600 ടൺ വരെ ഇന്ധനം ഉപയോഗിക്കുന്നത്. ഇപ്പോൾ ഒരു ദിവസം 400 ടണ്ണിൽ താഴെ മാത്രമേയുള്ളൂ. അതോടെ വാഹനങ്ങൾ കൂട്ടത്തോടെ കട്ടപ്പുറത്താണ്. കടകളിൽ സാധനങ്ങളില്ല. മരുന്നുകൾക്കും ക്ഷാമമുണ്ട്. ഇതോടെ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് രൂപപ്പെടുന്നത്. കമ്യൂണിസ്റ്റ് ഭരണകുടത്തിന് എതിരെയും യുവാക്കളുടെ പ്രതിഷേധം രൂപപ്പെടുന്നുണ്ട്. തെരുവിലെത്തി പ്രതിഷേധിക്കുന്ന ജനങ്ങളെ ഭരണകൂടം അടിച്ചമർത്തുകയാണെന്നും വാർത്തകൾ വരുന്നു.
അമേരിക്കയിലേക്ക് കുടിയേറുന്ന ജനത
കേരളത്തിലടക്കം സാമ്രാജ്വത്വ ഭീകരനായി ചിത്രീകരിക്കപ്പെടുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ നമ്മുടെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് അടക്കം മെച്ചപ്പെട്ട ചികിത്സ കിട്ടണമെങ്കിൽ, അമേരിക്കയിൽ പോവുകയും വേണം. അതേപോലെ തങ്ങളെ ഞെക്കിക്കൊല്ലുന്ന് എന്ന് ക്യൂബ ആരോപിക്കുന്ന അതേ യുഎസിലേക്കാണ് ആ രാജ്യത്തെ ചെറുപ്പക്കാർ വ്യാപകമായി കുടിയേറുന്നത്. അമേരിക്കക്കും ഇത് വലിയ ഭീഷണിയായി മാറുന്നുണ്ട്.
2021ൽ ക്യൂബയിൽ നിന്ന് കുടിയേറിയവരുടെ എണ്ണം 39,000 ആയിരുന്നെങ്കിൽ 2022 ൽ അത് രണ്ടേകാൽ ലക്ഷത്തിന് അടുത്താണ്. ദിനം പ്രതി മെക്സിക്കോ അതിർത്തിയിൽ നിന്ന് ധാരാളം ക്യൂബൻ ജനങ്ങൾ അമേരിക്കൻ സേനയാൽ പിടികൂടപ്പെടുന്നുണ്ട്. പലരും വെടിയേറ്റ് മരിക്കുന്നു. എന്നിട്ടു ജനം യുഎസിലേക്ക് ഒഴുകുകയാണ്. കാരണം പാതിരാവോളം പണിയെടുത്താലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത അവസ്ഥയാണ് ക്യൂബയിൽ. ഒരു ഡോക്ടർക്കുപോലും, നമ്മുടെ നാട്ടിലെ പ്യുണിന്റെ ശമ്പളമില്ല. ഇങ്ങനെ എല്ലാവർക്കും തുല്യമായി ശമ്പളം കൊടുക്കുന്താണ് സമത്വം എന്ന തെറ്റിദ്ധാരണയിലാണ് ഈ അടുത്തകാലവരെ ക്യുബൻ സർക്കാർ എന്ന് വിമർശകർ പറയുന്നു. സമ്പത്തിന്റെ തുല്യമായ വിതരണമല്ല, ദാരിദ്ര്യത്തിന്റെ വിതരണമാണ് അവിടെ നടക്കുന്നത്.
ക്യൂബ, വെനിസ്വേല, നിക്കരാഗ്വ, ഹെയ്തി എന്നീ നാല് രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾ യുഎസിലേക്ക് കുടിയേറാനുള്ള ശ്രമത്തിലാണ് .എന്നാൽ ഇതിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് പാസ്‌പോർട്ട് , വിമാനക്കൂലി എന്നിവ ഉണ്ടാകണമെന്ന് അധികൃതർ പറയുന്നു. മാത്രമല്ല അഭയാർത്ഥിയാണെങ്കിലും യുഎസിൽ തങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കാൻ കഴിയുന്ന നിയമപരമായ പദവിയുള്ള ഒരു സ്പോൺസർ ഉണ്ടെന്ന് തെളിയിക്കുകയും വേണം. പക്ഷേ ഇതൊന്നുമില്ലെങ്കിലും എങ്ങനെയെങ്കിലും അമേരിക്കയിൽ എത്തിയാൽ മതി എന്ന് കരുതി ബോട്ടിൽ പോകുകയാണ് യുവാക്കൾ. ഇവരിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്. പിടിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ എന്നിട്ടും അവർ നാടുവിടുകയാണ്. ക്യൂബയുടെ ജനസംഖ്യയിൽ 2 ശതമാനം ഒരു വർഷത്തിൽ ഇങ്ങനെ പലായനം ചെയ്യുന്നുവെന്നാണ് കണക്ക്.
പ്രശ്നം കമാൻഡ് ഇക്കണോമിയുടേത്
ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ കമ്യുണിസ്റ്റുകൾ ക്യുബയിൽ അധികാരം പിടിച്ചിട്ട് ഇപ്പോൾ 64 വർഷമായി. 1959 ജൂലൈ 26നായിരുന്നു കാസ്ട്രോ സായുധ വിപ്ലവത്തിലൂടെ അധികാരമേറ്റത്. ഐതിഹാസികമായ ക്യൂബൻ വിപ്ലവത്തിന്റെ കഥയൊക്കെ നാം ചെറുപ്പും മുതലേ കേൾക്കുന്നതാണ്. ഫിഡൽ കാസ്‌ട്രോക്ക് ശേഷം സഹോദരൻ റൗൾ കാസ്‌ട്രോയാണ് ക്യൂബയുടെ അധികാരം കൈയാളിയത്. ഇവരുടെ കാലത്ത് ക്യൂബയിൽ മറുവാക്ക് ഉണ്ടായിരുന്നില്ല. എന്നാൽ റൗളിൽ നിന്ന് മിഗേൽ ഡിയസ് കനേലിലേക്ക്, പതാക എത്തിയതോടെ കാര്യങ്ങൾ മാറി. ആൾമാറ്റം കൊണ്ടുണ്ടായ വിശ്വാസ്യതാ തകർച്ചയൊന്നുമല്ല ശരിക്കും ക്യൂബയിലെ പ്രശ്‌നം. അവിടെ ചോദ്യം ചെയ്യപ്പെടുന്നത് അടിസ്ഥാന കമ്മ്യൂണിസ്റ്റ് നയം തന്നെയാണ്. കമാൻഡ് ഇക്കോണമി എന്ന സർക്കാർ നിയന്ത്രിത സാമ്പത്തിക ക്രമമാണ് അടുത്തകാലംവരെ ക്യൂബ പിന്തുടർന്നിരുന്നത്.
ഈ കമാൻഡ് ഇക്കോണമിയെ കേന്ദ്ര നിയന്ത്രിത സാമ്പത്തിക ക്രമം എന്നും വിളിക്കാം. ഉൽപന്നങ്ങളുടെ വിലയും വിപണിയും എല്ലാം തീരുമാനിക്കുന്നത് സർക്കാർ ആണ്. അരിക്ക് ഇത്ര രൂപ, ഗോതമ്പിന് ഇത്ര രൂപ എന്നിങ്ങനെ. വിപ്ലവം നടത്തി ഫിഡൽ അധികാരം പിടിക്കും മുൻപ് ക്യൂബയിൽ ഭൂമി ഏതാനും ജന്മിമാരുടെ അധീനതയിൽ ആയിരുന്നു. വിപ്ലവാനന്തരം ഭൂമി സർക്കാർ ഏറ്റെടുത്തു. സർക്കാർ ഭൂമിയിൽ കൃഷി ചെയ്യും. വിളവ് ഒരു വില നിശ്ചയിച്ച് ജനങ്ങൾക്കു നൽകും.
ക്യൂബയിൽ അത് ഇത്രകാലം ഒരു പ്രശ്‌നമായിരുന്നില്ല. ജനങ്ങൾക്ക് ന്യായവിലയ്ക്കു തന്നെ ജീവിക്കാനുള്ളതെന്തും കിട്ടും. രാജ്യത്തെ വരിഞ്ഞുമുറുക്കി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടും ക്യൂബ ഇളകിയില്ല. സ്വന്തമായി വേണ്ടതെല്ലാം ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു. മരുന്നിനു പോലും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതുകൊണ്ടാണ് ക്യൂബ ആരോഗ്യ ഗവേഷണ രംഗത്ത് ലോകത്തെ തന്നെ മുൻനിരയിൽ എത്തിയത്. മരുന്നെല്ലാം സ്വന്തമായി വികസിപ്പിച്ച് പേറ്റന്റ് നേടി. ജനങ്ങൾക്കു ന്യായവിലയ്ക്ക് അത് എത്തിക്കുകയും ചെയ്തു.അമേരിക്കയ്‌ക്കൊപ്പം തന്നെ കോവിഡ് വാക്‌സിൻ സമാന്തരമായി വികസിപ്പിക്കാൻ ക്യൂബയ്ക്കു കഴിഞ്ഞു. പക്ഷേ കോവിഡിൽ എല്ലാം കൈവിട്ടു.
കോവിഡിലെ അസാധാരണ പ്രതിസന്ധി
കോവിഡ് കാലത്തു രണ്ടു രീതിയിലാണ് ക്യൂബയുടെ സാമ്പത്തിക ക്രമം ഉലഞ്ഞത്. ഒന്നാമത്തേത് എല്ലായിടത്തും എന്നതുപോലെ ക്യൂബയിലും ഉത്പാദനം തടസ്സപ്പെട്ടു. ഭക്ഷ്യോൽപ്പന്നങ്ങൾക്ക് നല്ല ക്ഷാമം ഉണ്ടായി. മാത്രമല്ല കാർഷിക തൊഴിലാളികൾക്കും വ്യവസായത്തൊഴിലാളികൾക്കും പണി ഇല്ലാതാവുകയും ചെയ്തു. ഉൽപന്നവും ഇല്ല, വാങ്ങാൻ പണവും ഇല്ല എന്ന സ്ഥിതി. അമേരിക്കയുടെ ഉപരോധം നിൽനിൽക്കുന്നതിനാൽ വലിയ തോതിലുള്ള ഇറക്കുമതി സാധിക്കില്ല. ഇനി അനുവാദം ലഭിച്ചാൽ തന്നെ അതിനുള്ള നീക്കിയിരിപ്പ് രാജ്യത്തില്ല.
സാമ്പത്തിക പ്രതിസന്ധിമൂലം ഉൽപന്നങ്ങളുടെ വില കൂട്ടാൻ സർക്കാർ നിർബന്ധിതമായി. ക്ഷാമം പരിഹരിക്കാൻ ഇറക്കുമതി സാധിച്ചും ഇല്ല. രണ്ടും ചേർന്നപ്പോൾ ജനത്തിന് തെരുവിൽ ഇറങ്ങേണ്ട സ്ഥിതി വന്നു. 2021ൽ ക്യൂബയിൽ കമ്യുണിസ്റ്റ് സർക്കാറിനെതിരെ പ്രതിഷേധിച്ച് ജനം തെരുവിൽ ഇറങ്ങിയപ്പോൾ ലോകം ഞെട്ടി. ഇതോടെ സാമ്പത്തിക നയങ്ങൾ അടക്കം മാറ്റിപ്പടിക്കാൻ ക്യൂബൻ സർക്കാർ തയ്യാറാവുകയും ചെയ്തു.
തൊണ്ണൂറുകളിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ക്യൂബയ്ക്ക് ലഭിച്ചിരുന്ന സബ്സിഡികളും നിലച്ചു. തുടർന്ന് രാജ്യാന്തര വിനോദ സഞ്ചാരത്തെയും പ്രവാസികളായ ഒരു വിഭാഗം ജനതയെയും ആശ്രയിച്ചാണ് രാജ്യം മുന്നോട്ട് പോയത്. എന്നാൽ 2020 ലെ കൊറോണ വ്യാപനം രാജ്യത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിനെ ഗണ്യമായി തന്നെ ബാധിച്ചു. കോവിഡ് കാലത്ത് ക്യൂബ സ്വന്തമായി വാക്സിൻ ഉണ്ടാക്കാനും കോടികളാണ് പൊടിച്ചത്. പക്ഷേ ചൈനീസ്-റഷ്യൻ വാക്സിൻ പോലെ ഇവയിൽ പലതിനും വേണ്ടത്ര ഫലസിദ്ധി ഇല്ലായിരുന്നു. ലോകത്തെ സഹായിക്കാൻ ക്യൂബൻ ഡോക്ടർമാർ എന്ന രീതിയിൽ ആദ്യകാലത്ത് നടത്തിയ പി ആർ വർക്കും പെരുപ്പിച്ചതായിരുന്നു. സ്വന്തം രാജ്യത്ത് കോവിഡ് പടർന്നപ്പോൾപോലും ക്യൂബയിലെ ഡോക്ടർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
സോവിയറ്റ് മോഡൽ ചതിച്ചു
കോവിഡ് മൂലം 2021ൽ വിനോദസഞ്ചാരികളിൽ 80 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. ആ വർഷം നവംബറിൽ വിമാനത്താവളങ്ങൾ വീണ്ടും തുറന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് വീണ്ടുമുണ്ടായി. എന്നാൽ കോവിഡ് രണ്ടാം തരംഗം വന്നതോടെ അതും നിലച്ചു. അതോടെ വിദേശ നാണയ ശേഖരം ഉടിഞ്ഞു. ശ്രീലങ്കയക്ക് സമാനായിരുന്നു 2021ലെ ക്യൂബയിലെ കാര്യങ്ങൾ. ഇതോടെ മുട്ട, ധാന്യമാവ്, കോഴിയിറച്ചി തുടങ്ങി റൊട്ടിയും സോപ്പും വരെയുള്ള സാധനങ്ങൾക്ക് റേഷൻ ഏർപ്പെടുത്തിയിരുന്നു. സാധനങ്ങളൊഴിഞ്ഞ കടകൾ സ്ഥിരം കാഴ്ചയാകയി. ഇന്ധന, ഊർജ നിയന്ത്രണങ്ങളും വന്നു.
ഒന്നിനുമീതെ ഒന്നായി നേരിടേണ്ടി വന്ന ഉപരോധങ്ങളേക്കാൾ ക്യൂബയുടെ സാമ്പത്തികരംഗത്തെ തളർത്തിയത് സോവിയറ്റ് മോഡൽ പകർത്താൻ ശ്രമിച്ചപ്പോഴുണ്ടായ ആസൂത്രണപ്പിഴവുകളായിരുന്നു. ഇങ്ങനെയൊരു കുറ്റസമ്മതം റൗൾ കാസ്ട്രോ തന്നെ 2010 ൽ നടത്തുകയുണ്ടായി. ക്യൂബയിൽ നിന്നും രക്ഷപെട്ട് ചങ്ങാടങ്ങളിലും ബോട്ടുകളിലും അമേരിക്കൻ തീരം ലക്ഷ്യമാക്കി നീങ്ങുന്ന അഭയാർഥികൾ, പരാജയപ്പെട്ട ക്യൂബൻ പരീക്ഷണത്തിന്റെ നേർചിത്രമായിരുന്നു.
സോവിയറ്റ് യൂണിയനു ശേഷം കുറേക്കാലം ക്യൂബയെ താങ്ങി നിർത്തിരിയിരുന്ന വെനസ്വേലയും തകർന്ന് പാപ്പരായി. ഇതോടെ കുറഞ്ഞ ചെലവിൽ ലഭിച്ചിരുന്ന എണ്ണയും ഇല്ലാതെ ആയി. ഇത് വല്ലാത്തൊരു ഊർജ ക്ഷാമത്തിലേക്ക് കൂടിയാണ് ക്യൂബ യെ കൊണ്ടത്തിച്ചത്. പണ്ടൊക്കെ ക്യബയെക്കുറിച്ച് നെഗറ്റീവ് വാർത്തവന്നാൽ 'സാമ്രാജ്യത്വ മാധ്യമങ്ങളുടെ സൃഷ്ടിയെന്നു' മുദ്രകുത്തി തള്ളിക്കളയാൻ കഴിയുമായിരുന്നു. ഇന്ന് അത് നടക്കില്ല. ഭരണകൂടം തന്നെ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിക്കുന്ന ക്യൂബയിലെ മാധ്യമങ്ങൾക്കെല്ലാം അപ്പുറം ഇന്റർനെറ്റ് മറ്റൊരിടം തുറന്നിട്ടുണ്ട്. അവിടെ ക്യൂബൻ യുവത്വത്തിന്റെ രോഷവും അതൃപ്തിയും നുരയുകയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണ് ക്യൂബയിൽ ഇന്റർനെറ്റിനെങ്കിലും ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. 2021ലെ ഭക്ഷണദൗർലഭ്യം അങ്ങനെയാണ് പുറം ലോകം അറിഞ്ഞത്. ക്യൂ ചലഞ്ച് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഇത് വെറലായിരുന്നു.
1999ൽ ക്യൂബയുടെ ജിഡിപി, വിപ്ലവം നടന്ന 1959ന് ഏകദേശം സമമായിരുന്നു. സുസ്ഥിരമായ വികസനവും സമൃദ്ധിയും വാഗ്ദാനം ചെയ്ത വിപ്ലവത്തിന്റെ നാൽപ്പത് വർഷങ്ങൾ അതുവരെ സമ്മാനിച്ചത്, ക്ഷാമവും പട്ടിണിയും ശരാശരിയിൽ താഴ്ന്ന ജീവിത നിലവാരവുമാണ്. ഇതിനെല്ലാം പുറമെയാണ് ക്യൂബയിൽ നിന്ന് പുറത്തു വന്നു കൊണ്ടിരുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാർത്തകൾ. അധികാരമെന്ന മരവിപ്പ് എതിർശബ്ദങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതിലേക്കാണ് കാസ്ട്രോയെ നയിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഞെരിക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മുന്നേറ്റം നടത്തിയെങ്കിലും ഉത്പാദന രംഗത്തെ മന്ദത ക്യൂബയെ ഒരിക്കലും വളരാൻ അനുവദിച്ചില്ല. താറുമാറായ സമ്പദ് വ്യവസ്ഥയെ ഉടച്ചുവാർക്കുന്നതിനുള്ള ശ്രമങ്ങൾ ക്യൂബ തുടങ്ങിയത് റൗളിന്റെ കീഴിലാണ്. സ്വകാര്യ സംരഭകരുടെ മേലെയുള്ള നിയമങ്ങൾ മയപ്പെടുത്തുകയും കൂടുതൽ വിദേശ നിക്ഷേപത്തിന് വഴിയൊരുക്കുകയും ചെയ്തു.
മുതലാളിത്തത്തിന് സ്വാഗതം
2021ലാണ് ക്യൂബ, കമ്യണിസ്റ്റുകൾ മുതലാളിത്തം എന്ന് വിളിച്ച് പരിഹസിക്കുന്ന ക്യാപിറ്റലിസത്തിന്റെ സാധ്യതകൾ പൂർണ്ണമായും ഉപയോഗിക്കാനും വിപണി തുറക്കാനും തീരുമാനിച്ചത്. സോഷ്യലിസവും, കമ്യുണിസവും ഒന്നും രാജ്യത്തെ എങ്ങും എത്തിക്കില്ലെന്ന് ചൈനയുടെ അനുഭവത്തിൽനിന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. ചൈനയിൽ മാവോയുടെ കാലത്ത് ലക്ഷക്കണക്കിന് ആളുകളാണ് പട്ടിണി മൂലം മരിച്ചത്. അതേ ചൈനയെ രക്ഷിച്ചത് ക്യാപിറ്റിലിസത്തിലുടെ ഡെങ്ങ് സിയാവോ പിങാണ്. അദ്ദേഹം വിപണി തുറക്കുകയും, ക്യാപിറ്റിലിസ്റ്റ് നയങ്ങൾ നടപ്പാക്കുകയും ചെയ്ത്, അതിന് ചൈനീസ് സോഷ്യലിസം എന്ന് പേരിട്ട് വിളിച്ചു. അതുപോലെ ഒരു മാറ്റമാണ് 2021ൽ ക്യൂബയിൽ പ്രസിഡന്റ് മിഗേൽ ഡിയസ് കനേൽ നടപ്പാക്കാൻ ശ്രമിച്ചത്.
എല്ലാം സർക്കാർ നിയന്ത്രിച്ചിരുന്ന ക്യൂബയിൽ സ്വകാര്യവിൽപനയ്ക്ക് അനുമതി നൽകി. സ്വന്തമായി കട തുറക്കാനും ഇഷ്ടമുള്ള വിലയ്ക്കു വിൽക്കാനും ആദ്യമായി ജനത്തിന് അനുമതി ലഭിച്ചു! അതിന് മികച്ച പ്രതികരണം ലഭിച്ചതോടെ വൻതോതിൽ സ്വകാര്യവത്കരണ നടപടികൾ പ്രഖ്യാപിച്ച് ക്യൂബ പ്രഖ്യാപിച്ചു. സമ്പദ്വ്യവസ്ഥയുടെ ഭൂരിഭാഗവും സ്വകാര്യ ബിസിനസുകൾക്കായി തുറക്കാനാണ് കമ്യൂണിസ്റ്റ് സർക്കാർ തീരുമാനിച്ചു.
ക്യൂബൻ കറൻസിയായ പെസോയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കുന്ന ഇരട്ട കറൻസി സമ്പ്രദായം റദ്ദാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള ചില കമ്പനികൾക്കുള്ള സബ്‌സിഡി അവസാനിപ്പിച്ചു. രണ്ടായിരത്തിലധികം തൊഴിൽമേഖലകളിൽ സ്വകാര്യ പങ്കാളിത്തം അനുവദിച്ചു. നിലവിൽ 127 തൊഴിലുകളിൽ മാത്രമാണു സ്വകാര്യ പങ്കാളിത്തമുള്ളത്. ഇനി 124 തൊഴിൽ മേഖലകൾ മാത്രമേ ഭാഗികമായോ പൂർണമായോ സർക്കാരിന്റെ അധീനതയിൽ നിലനിർത്തിയുള്ളൂ. അതായത് പൊതുമേഖല എന്ന വെള്ളാനയെ ക്യൂബയും ഒടുവിൽ തള്ളിപ്പറഞ്ഞുവെന്ന് ചുരുക്കം. ക്യൂബയുടെ സാമ്പത്തിക ക്രമം തന്നെ ചിട്ടപ്പെടുത്തിയിരുന്നത് സബ്‌സിഡികളാണ്. വളത്തിനും വിളവിനും ഒരുപോലെ സബ്‌സിഡി നൽകിയിരുന്നു. നിരവധി വ്യാവസായിക ഉൽപന്നങ്ങൾക്കും സർക്കാർ ഗ്രാൻഡ് നൽകി. ഖജനാവ് കാലിയായതോടെ അതെല്ലാം പിൻവലിച്ചു.
കമ്പ്യൂട്ടറുകളുടെയും സെൽ ഫോണുകളുടെയും വിൽപ്പന നിയമ വിധേയമാക്കിയതുൾപ്പെടെയുള്ള വിപണി സൗഹാർദ്ദപരമായ നയങ്ങൾ രൂപപ്പെടുത്തി. ശീതയുദ്ധകാലത്ത് തയ്യാറാക്കപ്പെട്ട ഭരണഘടന, സ്വകാര്യസ്വത്തിനെ അംഗീകരിക്കുന്ന തരത്തിലേക്ക്, പരിഷ്‌കരിച്ചു. ഏകാധിപത്യ രാജ്യമെന്ന ചീത്തപ്പേര് മാറ്റുന്നതിനും അങ്ങനെ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനുമെന്നവണ്ണം ഒരു തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. എല്ലാ സ്ഥാനാർത്ഥികളെയും ഭരണകൂടം തന്നെ നിശ്ചയിച്ച തിരഞ്ഞെടുപ്പിലൂടെ റൗളിന്റെ വലം കൈയായിരുന്ന മിഗേൽ ഡിയസ് കനേൽ പ്രസിഡന്റായി സ്ഥാനമേറ്റു. കാസ്ട്രോ കുടുംബത്തിന് പുറത്തു നിന്ന് ക്യൂബയുടെ ഭരണാധികാരിയാകുന്ന ആദ്യ വ്യക്തി. എങ്കിലും നിർണ്ണായക തീരുമാനങ്ങൾ വരുന്നത് പാർട്ടിയിൽ നിന്നു തന്നെ. പക്ഷേ പാർട്ടിയുടെ കടിഞ്ഞാൺ 2021 വരെ റൗളിന്റെ കരങ്ങളിലായിരുന്നു. ഇത്രയൊക്കെ മാറ്റങ്ങൾക്ക് ശേഷവും പരിതാപകരമായി തുടരുകയാണ് ഈ 'കമ്മ്യൂണിസ്റ്റ് പറുദീസയുടെ' അവസ്ഥ.
ട്രംപിന്റെ പ്രതികാരം
ക്യൂബയുടെ ഈ ഒരു അവസ്ഥക്ക് ഒരു പരിധി വരെ കാരണം അമേരിക്ക കൂടിയാണ്. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള രാഷ്രീയ ശത്രുത 2016ലാണ് അമേരിക്ക അവസാനിപ്പിച്ചത്. ബറാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോൾ. പക്ഷേ ട്രംപ് വന്നപ്പോൾ കഥ മാറി. അമേരിക്കയുമായുള്ള ക്യൂബയുടെ ബന്ധവും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയും വീണ്ടും തകർന്നു. അമേരിക്കയുള്ള ക്യൂബൻ ജനത സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് ട്രംപ് നിയന്ത്രങ്ങണൾ കൊണ്ട് വന്നു. സാമ്പത്തിക ഉപരോധം കർശനമാക്കി.
ക്യൂബയ്ക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയ യാത്രാ ഉപരോധം ടൂറിസം മേഖലയെ സാരമായി തന്നെ ബാധിച്ചു. ഇറക്കുമതിയെ ആശ്രയിക്കുന്ന ക്യൂബയ്ക്ക ടൂറിസം വരുമാനത്തിൽ വൻ ഇടിവ് വന്നതോടെ വിദേശനാണ്യ വിനിമയത്തിലും വൻ കുറവാണുണ്ടായി. 2020 ൽ സമ്പദ്വ്യവസ്ഥ 11 ശതമാനവും ഇറക്കുമതി മൂന്നിലൊന്നായും ഇടിഞ്ഞു. ഇതോടെ ദൈനംദിന സാധനങ്ങൾ വാങ്ങാൻ ക്യൂബക്കാർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടിവന്നു. അമേരിക്ക ഇമിഗ്രേഷൻ നയങ്ങൾ കടുപ്പിക്കുകയും, മെക്സിക്കോ അതിർത്തിയിൽ ട്രംപിന്റെ മതിലുയരുകയും ചെയ്തതോടെ, കുടിയേറ്റവും ദുഷ്‌ക്കരമായി. 2021ൽ ട്രംപ് സ്ഥാനമൊഴിയുന്നതിന് മുൻപ് നടത്തിയ അവസാന നടപടികളിലൊന്ന് ക്യൂബയെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു. ജോ ബൈഡൻ അധികാരത്തിലെത്തിയതിന് ശേഷമാണ് ഈ നിയന്ത്രങ്ങളിൽ ഇളവ് വന്നത്.
ആദ്യകാലത്തൊക്കെ തങ്ങളുടെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ക്യൂബ അംഗീകരിക്കില്ലായിരുന്നു. ഇപ്പോൾ അവർ അത് തുറന്ന് സമ്മതിക്കുന്നു. മാത്രമല്ല, സാക്ഷാൽ ചെഗുവേരയുടെ മകൾ അലൈൻഡ ഗുവേര കഴിഞ്ഞ വർഷം ഇതേകാര്യം ഇന്ത്യയിൽവെച്ച് ആവർത്തിച്ചിരുന്നു. ബംഗളൂരുവിൽ നടക്കുന്ന സിഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. '' ക്യൂബയിൽ പ്രതിസന്ധിയുണ്ടെന്നത് യാഥാർഥ്യമാണ്. കൊറോണ മഹാമാരി, അമേരിക്ക ഉപരോധം എന്നിവ മൂലമാണ് പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ വർഷം ക്യൂബക്കാരായ നിരവധി പേർ രാജ്യം വിട്ടത് വേദനാജനകമാണ്. പ്രശ്നം പരിഹരിക്കാൻ കൂടുതൽ പ്രവർത്തിക്കണം.ജനങ്ങൾക്ക് ആവശ്യമുള്ള ഭക്ഷ്യസാധനങ്ങൾ കൂടുതലായി ഉൽപാദിപ്പിക്കണം. ക്യൂബക്ക് ലോകത്തിന്റെ സഹായം വേണം. തൊഴിലാളികളുടെ ഏറ്റവും വലിയ ശക്തി ഐക്യമാണ്. വ്യത്യാസങ്ങളെ ബഹുമാനിക്കണം. വൻശക്തി രാജ്യത്തിന്റെ അടുത്ത് നിൽക്കുന്ന ചെറിയൊരു ദ്വീപ് രാജ്യമായ ക്യൂബക്ക് സ്വന്തമായി കാര്യങ്ങൾ നടത്താനുള്ള ശേഷി വന്നതും ജനങ്ങളുടെ ഐക്യം മൂലമാണ്''- ചഗുവേരയുടെ മകൾ പറഞ്ഞു. ഇപ്പോഴും അതേ വഴിയിൽ ലോകത്തിന്റെ സഹായം തേടുകയാണ് ക്യുബ.
94നും 2021ൽ വലിയ പ്രക്ഷോഭം
കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ നേരത്തെയും ക്യൂബയിൽ വലിയ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. 1994ൽ ക്യൂബയിലെ ജനങ്ങൾ പ്രക്ഷോഭവുമായി ഹവാനയിലേയും സാന്റിയാഗോയിലേയും തെരുവുകളിലേക്കിറങ്ങിയത് ഭരണാധികാരിയായ ഫിദൽ കാസ്‌ട്രോയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു. അന്ന് അവർ അതിനെ അടിച്ചമർത്തി. പിന്നെ സമനമായ പ്രക്ഷോഭം കണ്ടത് 2021ൽ ആയിരുന്നു.
2021ജൂലായ് പതിനൊന്നിന് ഹവാനയ്ക്ക് സമീപത്തെ സാൻ ആന്റോണിയോ ഡി ലോസ് ബാനോസിലും സാന്റിയോഗോയ്ക്ക് സമീപം പാൽമ സോറിയാനോയിലുമാണ് ആദ്യ പ്രക്ഷോഭങ്ങൾ ഒരേ സമയം പ്രത്യക്ഷപ്പെട്ടത്. കാസ്‌ട്രോയിസത്തിനെതിരെയുള്ള വിപ്‌ളവഗാനം 'പാട്രിയ വൈ വിദ' പ്രക്ഷോഭകർ പാടിയിരുന്നു. മോചനം വേണമെന്നും കമ്മ്യൂണിസം ഇല്ലാതാകണമെന്നും തങ്ങൾ ഭയപ്പെടില്ലെന്നും പ്രക്ഷോഭകാരികൾ വിളിച്ചു പറഞ്ഞു. ജനങ്ങൾക്ക് വാക്‌സിനുകൾ ലഭ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കൂടാതെ പതിനഞ്ചോളം ക്യൂബൻ നഗരങ്ങളിലും പട്ടണങ്ങളിലും പ്രതിഷേധസമരങ്ങൾ നടന്നു.
വിപ്‌ളവ വിരുദ്ധർ എന്നാണ് ക്യൂബൻ പ്രസിഡന്റ് പ്രക്ഷോഭകാരികളെ വിശേഷിപ്പിച്ചത്. യു.എസിന്റെ നയങ്ങളാണ് ക്യൂബയുടെ നിലവിലെ സാഹചര്യത്തിന് കാരണമെന്ന് കനേസ് ആരോപിക്കുന്നു. പ്രക്ഷോഭകരെ ബലം പ്രയോഗിച്ചാണ് അടിച്ചമർത്തിയത്.ജൂലായ് 12-ന് വീണ്ടും പ്രക്ഷോഭകാരികൾ നിരത്തിലിറങ്ങി. മാധ്യമപ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. ഫിഡൽ കാസ്‌ട്രോയുടെ പെയിന്റിങ് ഒരു സംഘം പ്രക്ഷോഭകർ തകർത്തു. പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ സ്ത്രീകളും കുട്ടികളും തങ്ങളുടെ വീടുകളിലെ പുരുഷന്മാരെ തിരഞ്ഞ് തടിച്ചുകൂടി. സാമൂഹിക മാധ്യമങ്ങളിൽ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തി. സാമൂഹികമാധ്യമ പോസ്റ്റുകളിൽ സൂക്ഷ്മനിരീക്ഷണമേർപ്പെടുത്തി.
പ്രക്ഷോഭകരെ കാണാതായതിനെ കുറിച്ചുള്ള ആരോപണങ്ങൾക്ക് പ്രസിഡന്റ് കനേൽ മറുപടി നൽകി. 'ക്യൂബയിൽ കൊന്നൊടുക്കുന്നു, അടിച്ചമർത്തുന്നു എന്നീ ആരോപണങ്ങളുമായാണ് അവർ പ്രക്ഷോഭത്തിനിറങ്ങിയത്, എന്നാൽ ഇതൊക്കെ ക്യൂബയിൽ എവിടെ നടക്കുന്നുവെന്ന് അവർ വെളിപ്പെടുത്തട്ടെ.' പ്രക്ഷോഭകരെ വിധ്വംസക പ്രവർത്തകരെന്നും പ്രസിഡന്റ് മുദ്ര കുത്തി. ക്യൂബയിൽ സാമൂഹിക അശാന്തത സൃഷ്ടിക്കാൻ വേണ്ടി യു.എസ്. സാമ്പത്തികപ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് കനേൽ ആരോപിച്ചു. ഒടുവിൽ അതും എങ്ങനെയോ കെട്ടടങ്ങി.
പ്രതിവിപ്ലവം വരുമോ?
ഭരണാധികാരി മിഗേൽ ഡിയസ് കനേലിന്റെ പിടിപ്പുകേടാണ് പ്രതിസദ്ധിക്ക് കാരണം എന്നും വിമർശമുണ്ട്. ഫിഡലിന്റെയും റൗളിന്റെയം കാലത്ത്, ഉദ്യോഗസ്ഥർ സർക്കാർ നയങ്ങൾക്കു വിരുദ്ധമായി ഒന്നും ചെയ്തില്ല. എന്നാൽ അവരുടെ കാലം കഴിഞ്ഞതോടെ അഴിമതിയും കെടുകാര്യസ്ഥതയും ആരംഭിച്ചു. റൗൾ 2011ൽ തന്നെ അപകടം തിരിച്ചറിഞ്ഞിരുന്നു. ജനതയ്ക്ക് സ്വന്തം നിലയ്ക്ക് കടകൾ തുറക്കാനും കർഷകർക്ക് നേരിട്ട് ജനങ്ങളിലേക്ക് വിൽപന നടത്താനും സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനുള്ള നിയമനിർമ്മാണങ്ങൾ തുടങ്ങിയെങ്കിലും അട്ടിമറിക്കപ്പെട്ടു. 10 വർഷത്തിനു ശേഷമാണ് അത് നടപ്പാക്കിയത്. അതോടെ ഏറെ വൈകിയിരുന്നു. 2021നുശേഷം മാറാനായി ക്യൂബൻ ഭരണകൂടം ഏറെ ശ്രമിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. 2022ൽ ഹിതപരിശോധന നടത്തിയാണ്, സ്വവർഗ വിവാഹവും വാടക ഗർഭധാരണവും അടക്കം നിയമവിധേയം ആയത്.
ഇപ്പോൾ ക്യൂബയിൽ വീണ്ടും പ്രക്ഷോഭത്തിന്റെ അലയൊലികൾ കേട്ട് തുടങ്ങിയിട്ടുണ്ട്. എന്തൊക്കെപ്പറഞ്ഞാലും ഫിഡലിന്റേയും റൗളിനോടും ജനങ്ങൾക്ക് വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഭരണാധികാരി മിഗേൽ ഡിയസ് കനേലിന് ഫിഡലിന്റേയോ റൗളിന്റേയോ വിപ്ലവ പാരമ്പര്യമില്ല. ജനതയുമായി വൈകാരികമായ അടുപ്പവും ഇല്ല. ഒരു നേരത്തെ ആഹാരത്തിനു പോലും പൗരന്മാർ ബുദ്ധിമുട്ടുന്ന കാലത്ത് ഡിയസിന്റെ കയ്യിൽ മാന്ത്രികവടിയും ഇല്ല. വിദേശ മാധ്യമങ്ങൾ പറയുന്ന അവസ്ഥവെച്ച് നോക്കുകയാണെങ്കിൽ വൈകാതെ ക്യൂബയിലും പ്രതിവിപ്ലവം ഉണ്ടാവുമെന്നാണ് പറയുന്നത്. കാരണം ജനം അത്രയേറെ അനുഭവിച്ചു. ക്യൂബയിൽനിന്നുകൂടി കമ്യുണിസം തൂത്തറിയപ്പെടുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
വാൽക്കഷ്ണം: നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽനിന്ന് ചികിത്സ കഴിഞ്ഞ നേരെ ക്യൂബയിലേക്കു പോകുമെന്നാണ് വിവരം. ജൂൺ 13-15 വരെയാണു ക്യൂബ സന്ദർശനം. നേരത്തെ പ്രവാസി കേരളീയർക്കും സംരംഭകർക്കും ക്യൂബയിൽ ടൂറിസം രംഗത്തു നിക്ഷേപം നടത്താൻ എല്ലാ സഹായവും ചെയ്തുകൊടുക്കുമെന്ന് ക്യുബൻ അംബാസഡർ മുഖ്യമന്ത്രിയെ സന്ദർശിച്ച് ഉറപ്പുനൽകിയിരുന്നു. ഇതോടെ ഒരു സംസ്ഥാനത്തിന് മറ്റൊരു രാജ്യത്തെ നേരിട്ട് സഹായിക്കാൻ കഴിയില്ല എന്നതുപോലും അറിയാതെ, കേരളം ക്യൂബയെ സഹായിക്കുമെന്ന് പലരും ഫേസ്‌ബുക്കിൽ വെച്ച് കാച്ചുന്നത് കണ്ടു. കടക്കെണയിൽ മുങ്ങിത്താഴുന്ന കേരളമാണെല്ലോ ഇനി ക്യൂബയെ രക്ഷിക്കാൻ പോവുന്നത്!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ