- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാള്‍ ഉപയോഗിച്ചത് സ്വര്‍ണ്ണം പൂശിയ ടോയ്ലറ്റോ? വീടിന് 33 കോടിയെന്നും, കര്ട്ടന് 99 ലക്ഷമെന്നും ആരോപണം; മോദിക്ക് 8,400 കോടിയുടെ വിമാനവും 10 ലക്ഷത്തിന്റെ കോട്ടുമെന്ന് ആപ്പിന്റെ തിരിച്ചടി; അഴിമതിയും വികസനവും വിഷയങ്ങള്‍; ഡല്‍ഹി പിടിക്കാന്‍ പ്രധാനമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍!
ഡല്‍ഹി പിടിക്കാന്‍ പ്രധാനമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍!
എലിയെകൊല്ലാന്‍ എ കെ 47 ഉപയോഗിക്കുക! ഡല്‍ഹി സര്‍ക്കാറിനെതിരെ, രാജ്യം ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പുറമേ നിന്ന് നോക്കുമ്പോള്‍ അങ്ങനെയാണ് തോന്നുക. ഒരു കൊച്ചു സംസ്ഥാനത്തിന്റെ ഭരണം പിടിക്കാന്‍ എന്തൊല്ലാം കളികളാണ്. ലോകത്തില്‍ എവിടെയും കാണാത്ത വിചിത്രമായ ഒരു രാഷ്ട്രീയ യുദ്ധത്തിനാണ് ഇന്ത്യാ തലസ്ഥാനമായ ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു തലേ ദിവസമാണ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി വസതി കേന്ദ്രം തിരിച്ചെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ ചെയ്താവാട്ടെ, നേരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍പോയി കുത്തിയിരിക്കുകയും! ഇലക്ഷന് തലേന്നും ഇവിടെ കേന്ദ്ര- സംസ്ഥാന യുദ്ധം അവസാനിക്കുന്നില്ല.
മോദി ഭരണത്തിന്റെ മൂക്കുനുതാഴെയുള്ള കൊച്ചു ഡല്‍ഹി, കാണാത്ത നാടകങ്ങളില്ല. ലഫ്റ്റന്റ് ഗവണ്‍ണ്ണറെയും, ഇ ഡിയെയും, സിബിഐയെയും മറയാക്കിക്കൊണ്ടുള്ള നിരന്തര രാഷ്ട്രീയ യുദ്ധങ്ങളാണ് ഈ അഞ്ചുവര്‍ഷത്തില്‍, ഇന്ദ്രപ്രസ്ഥം കണ്ടത്. മുഖ്യമന്ത്രിയായിരിക്കേ അരവിന്ദ് കെജ്രിവാള്‍ അഴിമതിക്കേസില്‍ ജയിലിലായി. അതോടെ ആപ്പ് തീര്‍ന്നുവെന്നാണ് ബിജെപി കരുതിയത്. എന്നാല്‍ വര്‍ധിത പ്രതാപത്തോടെ അയാള്‍ തിരിച്ചുവന്നു. ഡല്‍ഹിക്ക് സ്വന്തം പാര്‍ട്ടിയിലെ തന്നെ പുതിയ മുഖ്യമന്ത്രിയെയും ആം ആദ്മി പാര്‍ട്ടി കണ്ടെത്തി.
ഇപ്പോഴിതാ ഡല്‍ഹി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കയാണ്. ഫെബ്രുവരി അഞ്ചിനാണ് 70 മണ്ഡലങ്ങളിലും വിധിയെഴുത്ത്. എട്ടിനാണ് വോട്ടെണ്ണല്‍. ഇന്ത്യാ സഖ്യത്തിലെ വിള്ളലാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നത്. ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റുധാരണകള്‍ പൊളിഞ്ഞതോടെ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുകയാണ്. ഷീലാദീക്ഷിതിന് ശേഷം അതുപോലൊരു തലപ്പൊക്കമുള്ള കോണ്‍ഗ്രസ് നേതാവ് ഇതുവരെ ഡല്‍ഹിയില്‍ ഉണ്ടായിട്ടില്ല. ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതാണ് ഡല്‍ഹിയുടെ കോണ്‍ഗ്രസ് മുഖമായി തുടരുന്നത്.
കഴിഞ്ഞ പത്തുവര്‍ഷത്തെ അധികാരക്കുത്തക തകര്‍ത്ത്, ആം ആദ്മിയില്‍നിന്ന് അധികാരം പിടിക്കാനുള്ള തീവ്ര പേരാട്ടത്തിലാണ് ബിജെപി. സംസ്ഥാന രാഷ്ട്രീത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ജനപ്രിയ നേതാക്കള്‍ ഇല്ലാത്തതിനാല്‍ അവര്‍ മോദിയെ തന്നെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. മോദിയും തന്റെ പ്രസംഗങ്ങളില്‍ ലക്ഷ്യമിടുന്നത് കെജ്രിവാളിനെയാണ്. ഉരുളക്ക് ഉപ്പേരിപോലെ മറുപടി കൊടുത്ത്, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സജീവമാണ്. അദ്ദേഹത്തെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണിത്. ഫലത്തില്‍ മോദി വേഴ്സ്സ് കെജ്രിവാള്‍ എന്ന നിലയിലേക്ക് ഈ പോരാട്ടം മാറിയിരിക്കയാണ്.
ചരിത്രം തിരുത്തിയ കെജ്രിവാള്‍
ഡല്‍ഹിയുടെ സമീപകാല രാഷ്ട്രീയ ചരിത്രം അരവിന്ദ് കെജ്രിവാളിനെ ചുറ്റിപ്പറ്റിയാണ്. മുഷിഞ്ഞ ഷര്‍ട്ടും തൊണ്ട പൊട്ടിയുള്ള മുദ്രാവാക്യങ്ങളുമായി ഒരു കുറിയ മനുഷ്യന്‍. അദ്ദേഹം പിന്നീട് മുഖ്യമന്ത്രിയായി. സിവില്‍ സര്‍വ്വീസ് ഉദ്യോഗം രാജിവെച്ച് പൊതുസേവനത്തിന് ഇറങ്ങിയ നേതാവ്. ആദ്യം വിവാരാവകാശ നിയമത്തിന് വേണ്ടിയായിരുന്നു പോരാട്ടം. ആ പോരാട്ടം വിജയിച്ചു. ആര്‍.ടി.ഐ നിയമം നിയമം നിലവില്‍ വന്നു. പിന്നീട് അണ്ണാ ഹസാരേക്കൊപ്പം യു.പി.എ കാലത്തെ അഴിമതിക്കെതിരായ പോരാട്ടം. ടു ജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതിക്കെതിരെ ലോക്പാല്‍ ആവശ്യപ്പെട്ട് നടന്ന സത്യാഗ്രഹ സമരം ദേശീയതലത്തില്‍ വലിയ കൊടുങ്കാറ്റായി. സമരങ്ങളുടെ പാതയില്‍ നിന്ന് പെട്ടെന്നായിരുന്നു ഒരു രാഷ്ട്രീയ പാര്‍ടിയായി അരവിന്ദ് കെജ്രിവാള്‍ മാറിയത്. ചൂല്‍ ചിഹ്നമാക്കി ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. ദില്ലിയിലെ വലിയ തരംഗമായി പിന്നീട് അവര്‍ മാറി. 2014- ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദിക്കെതിരെ മത്സരിച്ച് ദേശീയതലത്തില്‍ തന്നെ കെജ്രിവാള്‍ ഹീറോ ആയി. പിന്നീട് ഡല്‍ഹിയില്‍ കെജ്രിവാള്‍ അധികാരത്തില്‍ എത്തി. മോദി ഇന്ത്യ ഭരിക്കുമ്പോള്‍ ഡല്‍ഹി അരവിന്ദ് ഭരിച്ചു.
ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റങ്ങളാണ് കെജ്രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. വൈദ്യുതി വിതരണം രംഗവും കുടിവെള്ള വിതരണ രംഗവും ശുദ്ധീകരിച്ചു. . ഡല്‍ഹി ജനത രണ്ടാമതൊരിക്കല്‍ കൂടി കെജ്രിവാളിനെ അധികാരത്തിലേറ്റി. രണ്ടാം സര്‍ക്കാര്‍ കെജ്രിവാളിന് അത്ര നല്ല കാലമായിരുന്നില്ല. തുടക്കത്തില്‍ തന്നെ ആരോഗ്യ മന്ത്രിയായിരുന്ന സത്യേന്ദ്ര ജയിന്‍ അഴിമതി കേസില്‍ ജയിലിലായി. തൊട്ടുപിന്നാലെ വലം കയ്യായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലേക്ക് പോയി. ഡല്‍ഹി മദ്യക്കോഴ കേസിലായിരുന്നു ആ അറസ്റ്റ്. അതിന്റെ തുടര്‍ച്ചയില്‍ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളും ജയിലിലായി. അങ്ങനെ മുഖ്യമന്ത്രിയായിരിക്കെ തന്നെ ജയിലില്‍ കിടന്ന ആദ്യത്തെ വ്യക്തികൂടിയായി അരവിന്ദ് കെജ്രിവാള്‍ മാറി.
കെജ്രിവാള്‍ ജയിലില്‍ പോകുന്നതോടെ ആം ആദ്മി എന്നെന്നേക്കുമായി ഇല്ലാതാവും എന്നാണ് ബി.ജെ.പി കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹം തിരിച്ചുവന്നു. ആം ആദ്മിയെ സംബന്ധിച്ച് സംഘടനാ ബലത്തിലല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്, മറിച്ച് ഒരു ആശയത്തില്‍ പ്രചോദിതമായിട്ടാണ്. ആ ആശയം കൊണ്ടുവന്നയാള്‍, ജയിലില്‍ പോകുന്നതോടെ ആം ആദ്മി തീരും എന്നാണ് ബിജെപി കരുതിയിരുന്നത്. പക്ഷേ അത് പാളി. മുഖ്യമന്ത്രിപദം രാജിവെച്ചതിലൂടെ കെജ്രിവാള്‍ രാഷ്ട്രീയ അന്തസ് ഉയര്‍ത്തി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ അതിഷിയാവട്ടെ, രാമായണത്തില്‍, ഭഗവാന്‍ രാമന്റെ പാദുകം സിംഹാസനത്തില്‍വെച്ച് അനുജനായ ഭരതന്‍ ഭരണം നടത്തിയതുപോലെ, താന്‍ നാലുമാസം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുമെന്നാണ് പറഞ്ഞത്.
അരവിന്ദ് കെജ്രിവാളും ഭാര്യ സുനിതയും ഇന്ത്യന്‍ റവന്യു സര്‍വ്വീസ് ഉദ്യോഗസ്ഥരായിരുന്നു. അഴിമതിക്കെതിരായ കുരിശുയുദ്ധം നടത്തുന്ന വ്യക്തിയായാണ് കെജ്രിവാള്‍ വാഴ്ത്തപ്പെട്ടത്. പക്ഷെ, അഴിമതിയില്‍ കെജ്രിവാളിനെ കുരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
കണ്ണാടിമാളിക വിവാദത്തില്‍ ആപ്പ്
ഈ തിരഞ്ഞെടുപ്പില്‍ ആപ്പിന് ഏറ്റവും വലിയ തിരിച്ചടിയാവുക, കണ്ണാടിമാളികാ വിവാദമാണെന്നണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ ആഡംബരവത്കരണത്തെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ബിജെപി പുറത്തുവിട്ടത്. ഈ വസതിയെയാണ് കണ്ണാടി മാളിക എന്ന് വിളിക്കുന്നത്.
33.66 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കെജ്രിവാളിന്റെ കാലത്ത് ഡല്‍ഹി സിവില്‍ ലൈനിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയിരിക്കുന്നതെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രിയായി എത്തിയതിന് പിന്നാലെ 7.91 കോടി രൂപ വീട് മോടി കൂട്ടാനായി ചെലവിട്ടു. 2020ല്‍ 8.62 കോടി രൂപ ചെലവാക്കി. ആകെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവാണ് 33.66 കോടി രൂപ. വീടിന്റെ ഡ്രോയിംഗ് റൂമില്‍ തൂക്കിയിരിക്കുന്ന കര്‍ട്ടന്റെ വില 99 ലക്ഷമാണ്. അടുക്കള സാധനങ്ങള്‍ 39 ലക്ഷം, മിനി തിയേറ്റര്‍ 20.34 ലക്ഷം, വ്യായാമ മുറി 18.52 ലക്ഷം, കാര്‍പ്പെറ്റ് 16.27 ലക്ഷം, മിനി ബാര്‍ 4.80 ലക്ഷം, മാര്‍ബിള്‍ സ്റ്റോണ്‍ വാള്‍ 20 ലക്ഷം, സോഫ 6.40 ലക്ഷം, ബെഡ് 3.99 ലക്ഷം, കണ്ണാടി 2.39 ലക്ഷം, ടൈല്‍സ് 14 ലക്ഷം അങ്ങനെ പോകുന്ന ചെലവുകള്‍ എന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വിശ്വസ്തയായ അതിഷിയെ മുഖ്യമന്ത്രിയാക്കിയ ശേഷം ഡല്‍ഹി ഫിറോസ് ഷാ റോഡിലെ അഞ്ചാം നമ്പര്‍ വസതിയിലേക്ക് മാസങ്ങള്‍ക്ക് മുമ്പ് കെജ്രിവാള്‍ മാറിയിരുന്നു. അതിനുശേഷമാണ് മുമ്പ് താമസിച്ച വീടിന്റെ ദൃശ്യങ്ങളൊക്കെ ഇപ്പോള്‍ പുറത്തുവരുന്നത്. കെജ്രിവാള്‍ സ്വര്‍ണ്ണം പൂശിയ ടോയ്‌ലറ്റ് സീറ്റാണ് ഉപയോഗിച്ചതെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. 33 കോടിയല്ല, 80 കോടി രൂപ ചെലവിട്ടാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയുടെ വസതി ആഡംബരവത്കരിച്ചതെന്നും ബിജെപി ആരോപിക്കുന്നു.പക്ഷേ ഈ കണുക്കുകളെല്ലാം പെരുപ്പിച്ചതാണെന്നും വ്യാജമാണെന്നും ആപ്പ് പറയുന്നു. സ്വര്‍ണ്ണം പൂശിയ ടോയ്ലറ്റ് എന്നതൊക്കെ വെറും കെട്ടുകഥയാണെന്നും ആര്‍ക്കും പരിശോധിക്കാമെന്നും കെജ്രിവാളും പറയുന്നുണ്ട്.
അഴിമതിക്കെതിരെ കാമ്പയില്‍ നടത്തി മധ്യവര്‍ഗത്തിന്റെ വോട്ടുനേടി വന്നയാളാണ് കെജ്രിവാള്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പ്രതിഛായ ഉടയ്ക്കുകയാണ്, ആപ്പിന്റെ മുന്നേറ്റം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് മോദിക്കും അമിത് ഷാക്കും നന്നായി അറിയാം. അതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെയാണ്, കെജ്രിവാളുമായുള്ള യുദ്ധത്തിന് നേരിട്ട് എത്തിയിരിക്കുന്നത്!
മോദിയും കെജ്രിവാളും നേര്‍ക്കുനേര്‍
ഈയിടെയായി, പ്രധാനമന്ത്രി നരേന്ദ്രമോദി അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിക്കുകയാണ്. ഡല്‍ഹിയില്‍ ചേരി നിവാസികള്‍ക്കുള്ള ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവേ, മോദി ഇങ്ങനെ പറഞ്ഞു-''ജനങ്ങളുടെ പണം ഉപയോഗിച്ച് കെജ്രിവാള്‍ കോടികളുടെ വീട് വെച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് വീട് വെച്ചു നല്‍കുകയാണ് ചെയ്യുന്നത്. അണ്ണാഹസാരയെ മുഖമാക്കിയാണ് ആം ആദ്മി അധികാരത്തില്‍ വന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഈ പാര്‍ട്ടി വലിയ ദുരന്തമായി. ഇവരുടെ പിടിയില്‍ നിന്ന് ഡല്‍ഹി നിവാസികള്‍ സ്വതന്ത്രരാവണം''- മോദി ആഹ്വാനം ചെയ്തു. ''അവര്‍ മോഷ്ടിക്കുകയും പിന്നീട് പ്രതിരോധിക്കുകയും ചെയ്യും. മോദി ഒരിക്കലും സ്വന്തമായൊരു വീട് വെച്ചിട്ടില്ലെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഈ 10 വര്‍ഷ കാലവധിക്കുള്ളില്‍ നാലുകോടി പൗരര്‍ക്ക് വീട് നല്‍കി. എനിക്കും ശീഷ്മഹല്‍ (പ്രസിദ്ധമായൊരു കൊട്ടാരം) പണിയാം. പക്ഷേ എന്റെ പൗരര്‍ക്ക് വീട് നല്‍കുക എന്നതാണ് എന്റെ സ്വപ്നം.ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് 30,000ത്തിലധികം വീടുകള്‍ പിഎം ആവാസ് യോജനയുടെ കീഴില്‍ പണിതുനല്‍കി.എല്ലാവര്‍ക്കും സ്വന്തം മക്കള്‍ നല്ല സ്ഥാപനങ്ങളില്‍ പഠിക്കണമെന്ന് ആഗ്രഹമുണ്ടാകും. ബി.ജെ.പി ഇക്കാര്യത്തിന് ഊന്നല്‍ നല്‍കുന്നു. മധ്യവര്‍ഗ കുടുംബത്തിന് മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്തുകൊണ്ട് ദരിദ്ര, മധ്യവര്‍ഗ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഡോക്ടറും എന്‍ജിനീയറും ആയിക്കൂടാ''- മോദി ചോദിച്ചു.
ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് വേണ്ട ഇടപെടല്‍ നടത്താതെയിരിക്കുന്നത് അപലപനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ യോജനയിലൂടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയിലെ ആളുകളാണ് ഡല്‍ഹിയുടെ വില്ലന്‍മാര്‍. അവര്‍ ഇതിനൊന്നും സമ്മതിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.
പക്ഷേ മോദിയുടെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് കെജ്രിവാളും രംഗത്തെത്തി. 2,700 കോടിരൂപയ്ക്ക് വീട് പണിത, 8,400 കോടി വിലയുടെ വിമാനത്തില്‍ പറക്കുന്ന 10 ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന ഒരാളില്‍ നിന്ന് ശീഷ്മഹല്‍ പരാമര്‍ശം വരുന്നത് ശരിയല്ല. ബിജെപിയുടെ പാര്‍പ്പിട വാഗ്ദാനം പകുതിയിലധികവും നടന്നിട്ടില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു.-''ദുരന്തം ഡല്‍ഹിയിലല്ല ബി.ജെ.പി.യിലാണ്. ആദ്യത്തെ ദുരന്തമെന്തെന്നാല്‍ ബി.ജെ.പിക്ക് ഡല്‍ഹിയില്‍ അവതരിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രിയുടെ മുഖമില്ല. രണ്ടാമത് ബിജെപിക്ക് പറയാന്‍ പ്രത്യേകിച്ച് കാരണങ്ങളില്ല. മൂന്നാമത് ഡല്‍ഹി തിരഞ്ഞെടുപ്പിനായി യാതൊരു അജണ്ടയും ഇല്ല.
2022-ഓടെ എല്ലാവര്‍ക്കും വീട് നല്‍കുമെന്ന് 2020-ലെ പ്രകടന പത്രികയില്‍ ബി.ജെ.പി പറഞ്ഞിരുന്നെങ്കിലും 2025 എത്തിയപ്പോഴും അത് പ്രാവര്‍ത്തികമാക്കാനായില്ല. 2025-ല്‍ 1700 വീടുകളുടെ താക്കോലും അതിന് മുമ്പ് 3000 വീടുകളുടെ താക്കോലുകളുമാണ് നല്‍കിയത്. അതായത് അഞ്ചുവര്‍ഷത്തിനിടെ പ്രാവര്‍ത്തികമാക്കാനായത് 4,700 വീടുകളാണ്. വാഗ്ദാനവും അത് നിറവേറ്റലും തമ്മിലുള്ള വിടവാണ് ഇവിടെ പ്രകടമാകുന്നത്''- കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ ഭവന പ്രതിസന്ധിയേക്കുറിച്ചും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ നാലുലക്ഷം ചേരികളാണുള്ളത്. പതിനഞ്ചുലക്ഷം പേര്‍ക്ക് വീടുകളാവശ്യമാണ്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പത്രിക അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനുദ്ദേശിച്ചല്ല മറിച്ച് ഇരുനൂറു വര്‍ഷത്തിലേക്കുള്ളതാണെന്ന് തോന്നുന്നുവെന്നും കെജ്രിവാള്‍ പരിഹസിച്ചു. ഈ രീതിയില്‍ വാക്പോരുമായി സിനിമാ സ്റ്റെലില്‍ മുന്നേറുകയാണ് ഡല്‍ഹി രാഷ്ട്രീയം.
തീവ്രഹിന്ദുത്വത്തിന് ബദലായി മൃദു
ബിജെപിയുടെ തീവ്ര ഹിന്ദുത്വയെ തളയ്ക്കാന്‍ പലപ്പോഴും കെജ്രിവാള്‍ പുറത്തെടുത്തത് മൃദു ഹിന്ദുത്വയായിരുന്നു. ഇത്് സെക്യുലര്‍ സര്‍ക്കിളിലൊക്കെ വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും, ബിജെപിയെ പ്രതിരോധിക്കാനുള്ള ആയുധം എന്ന നിലയിലും വിലയിരുത്തപ്പെട്ടു.
ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും ചടങ്ങുള്‍ നോക്കുക. അതില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് രാഹുല്‍ഗാന്ധിയടക്കമുള്ളവര്‍ ശങ്കിച്ചു നിന്നപ്പോള്‍ കെജ്രിവാളിന് യാതൊരു സംശയവും ഇല്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് പുതിയ ശ്രീരാമക്ഷേത്രത്തിലേക്ക് പോകാനുള്ള ട്രെയിന്‍ ടിക്കറ്റ് അദ്ദേഹം ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി. പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം കെജ്രിവാള്‍ അമ്മയെയും അച്ഛനെയും അവിടെ കൊണ്ടുപോയി രാമക്ഷേത്രം കാണിച്ചു. രാമക്ഷേത്രം ബിജെപിയുടെ സ്വത്തല്ല എന്ന വാദമാണ് കെജ്രിവാള്‍ ഉയര്‍ത്തിയത്. ''അത് ഇന്ത്യയിലെ ഒരു നിയമപ്രശ്‌നത്തിന്റെ ഭാഗമായി ഉണ്ടായിവന്നതാണ്. അവിടെ പള്ളിയാണെങ്കിലും അമ്പലമാണെങ്കിലും, അത് ഇന്ത്യയുടെ സ്വത്താണ്. ബി ജെ പിക്കാരുടെ നികുതിപ്പണം കൊണ്ടല്ല രാമക്ഷേത്രം അവിടെ പണിതിരിക്കുന്നത്.''- കെജ്രിവാള്‍ പറഞ്ഞു. പക്ഷേ കോണ്‍ഗ്രസ് തുടക്കത്തില്‍ തന്നെ രാമക്ഷേത്രം ബി ജെ പിക്ക് വിട്ടുകൊടുത്തു!
ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെ ചിത്രം വേണമെന്ന് കെജ്രിവാള്‍ പറഞ്ഞിട്ടുണ്ട്. ഇതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പക്ഷേ ബി ജെ പി ഗുജറാത്തില്‍ ഇങ്ങനെ ഒരു കാമ്പയിന്‍ കൊണ്ടുവരുമെന്ന് മനസ്സിലാക്കിയിട്ടാണ് അതിനുമുമ്പ് കെജ്രിവാള്‍ ഇത് പറഞ്ഞത് എന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ പിന്നീട് അത് ചെയ്യാന്‍ മോദിക്ക് സാധിക്കില്ല. ചെയ്തു കഴിഞ്ഞാല്‍ അത് ആപ്പിന്റെ അക്കൗണ്ടില്‍ വീഴും. പിന്നീട് കെജ്രിവാള്‍, ഒരു മുസ്ലിം രാജ്യമായ ഇന്തോനേഷ്യയുടെ കറന്‍സിയില്‍ ഹിന്ദു ദൈവത്തിന്റെ ചിത്രമുണ്ട് എന്ന തരത്തില്‍ കൗണ്ടര്‍ കാമ്പയിന്‍ തുടങ്ങി. അതായത് ബി ജെ പി ഒരുക്കി വെച്ചിരിക്കുന്ന ചൂണ്ടയില്‍ കൊത്താതെ തന്റെ ചുണ്ടയില്‍ ബി ജെ പിയെ കുരുക്കുക എന്ന കാമ്പയിനാണ് പലപ്പോഴും കെജ്വിവാള്‍ നടത്താറുള്ളത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ ഫലവുമുണ്ടായി. കാവിക്കോട്ടയായ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി കടന്നുവന്ന് 13 ശതമാനം വോട്ട് പിടിച്ചു. അഞ്ച് എം എല്‍ എമാരെ കിട്ടി! ഇത് ശരിക്കും ബിജെപിയെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഹൈന്ദവ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ആം ആദ്മി പാര്‍ട്ടി 'സനാതന്‍ സേവാ സമിതി' എന്ന സന്യാസികളുടെ സംഘടന രൂപീകരിച്ചിരിക്കയാണ്. ഡല്‍ഹിയിലെ പ്രമുഖ സന്യാസിമഠാധിപന്‍മാരെ ഉള്‍ക്കൊള്ളിച്ചാണ് സമിതി രൂപീകരിച്ചത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഈ നീക്കം.
പാര്‍ട്ടി ഓഫീസിന് മുന്നില്‍ ക്രമീകരിച്ച വേദിയില്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാരെയും സ്വാമിമാരെയും പങ്കെടുപ്പിച്ചാണ് ഉദ്ഘാടനം നടത്തിയത്. '''പുരോഹിത സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ദൈവം ഞങ്ങളെ തിരഞ്ഞെടുത്തു. സനാതന്‍ സേവാ സമിതി ഈ ദിശയിലുള്ള ഒരു വലിയ ചുവടുവയ്പാണ്''- അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരകളിലെ പുരോഹിതര്‍ക്കും 18,000 രൂപ നല്‍കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. പൂജാരി ഗ്രന്ഥി സമ്മാന്‍ എന്ന് പേരിട്ട പദ്ധതിയുടെ രജിസ്‌ട്രേഷനും ആരംഭിച്ചിരുന്നു.
ആപ്പിന്റെ പ്രതീക്ഷകള്‍ ഗ്രാസ് റൂട്ടില്‍
ബിജെപിയുടെ പ്രധാന പ്രതീക്ഷ ഇന്ത്യാ സഖ്യത്തിലെ വിള്ളല്‍ ആണ്. ആപ്പും കോണ്‍ഗ്രസും വേറിട്ട് മത്സരിക്കുന്നത് അവര്‍ക്ക് പ്രതീക്ഷയാണ്. ഇന്ത്യാ സഖ്യത്തിലെ മറ്റ് ഘടകകക്ഷികളായ ത്രിണമൂല്‍ കോണ്‍ഗ്രസും, സമാജ് വാദി പാര്‍ട്ടിയും, ആം ആദ്മി പാര്‍ട്ടിക്കാണ് പിന്തുണ നല്‍കിയിരിക്കുന്നത്. സിപിഎം അടക്കമുള്ള ഇടത് കക്ഷികള്‍ക്ക് ഇവിടെ വലിയ സാധീനമില്ല. പക്ഷേ തങ്ങളുടെ പിന്തുണ ആര്‍ക്കാണെന്ന് അവര്‍ ഇതുവരെയും, പ്രഖ്യാപിച്ചിട്ടില്ല. തുടര്‍ച്ചയായ പത്തുവര്‍ഷത്തെ ഭരണത്തിന്റെ ഭാഗമായി സ്വാഭാവികമായി ഉണ്ടാവുന്ന ഭരണ വിരുദ്ധ വികാരവും, അഴിമതി ആരോപണങ്ങളും ആപ്പിന് വിനയാവും എന്നാണ് ബിജെപി ക്യാമ്പ് കരുതുന്നത്.
പക്ഷേ കെജ്രിവാളിനെ എഴുതിത്തള്ളാന്‍ കഴിയില്ല എന്നാണ് ഡല്‍ഹി രാഷ്ട്രീയ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പലരും എഴുതുന്നത്. പത്തുവര്‍ഷത്തെ ആപ്പ് ഭരണം, ഡല്‍ഹിയിലെ സാധാരണക്കാരന്റെ ജീവിത നിലവാരത്തില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ആ വോട്ടിലാണ് ആപ്പിന്റെ പ്രതീക്ഷ. നേരത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാന്‍, മോദിയെ കെജ്രിവാള്‍ വെല്ലുവിളിച്ചിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗജന്യ വൈദ്യുതി ലഭ്യമാക്കിയാല്‍ താന്‍ ബി.ജെ.പിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞത്.
ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് പാര്‍ട്ടിക്ക് സൈദ്ധാന്തിക അടിത്തറയില്ല. എന്നാല്‍ കൃത്യമായ വെല്‍ഫെയര്‍ പൊളിറ്റിക്‌സാണ് ഇതിന്റെത്. ഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി അല്ല ഇത്. അംഗങ്ങളെല്ലാം വളണ്ടിയേഴ്‌സാണ്. അല്ലാതെ മെമ്പര്‍ഷിപ്പ് എടുത്ത് കാത്തിരിക്കുക, അതിനുശേഷം മേല്‍ഘടകം ആലോചിച്ചു തീരുമാനിച്ച് അയാളുടെ മെമ്പര്‍ഷിപ്പ് ഉറപ്പാക്കുക തുടങ്ങിയ കീഴ് വഴക്കങ്ങള്‍ ആം ആദ്മിയില്‍ ഇല്ല. അതിന്റെ ജനകീയത അവര്‍ക്കുണ്ട്. ആ ബലത്തില്‍ ആം ആദ്മി ഇക്കുറിയും ഒരുപാട് വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.
18 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ സഹായധനം നല്‍കുന്നതിനുള്ള മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജനയുടെ രജിസ്ട്രേഷന്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞു. 2024-25 ബജറ്റിലാണ് മുഖ്യമന്ത്രി മഹിളാസമ്മാന്‍ യോജന ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കുള്ള പ്രതിമാസ സഹായധനം 2,100 രൂപയായി ഉയര്‍ത്തുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ രജിസ്‌ട്രേഷനായി ഡല്‍ഹിയില്‍ അങ്ങോളമിങ്ങോളം എ.എ.പി. ആയിരക്കണക്കിന് ടീമുകളുണ്ടാക്കിയതായി കെജ്രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രി മഹിളാസമ്മാന്‍ യോജനയിലൂടെ 35 മുതല്‍ 40 ലക്ഷംവരെ സ്ത്രീകള്‍ക്കും സഞ്ജീവനി യോജനയിലൂടെ 10 മുതല്‍ 15 ലക്ഷംവരെ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.
ഇത്തവണ ഞെട്ടിക്കുന്ന മറ്റൊരു വാഗ്ദാനം കെജ്രിവാള്‍ നല്‍കുന്നുണ്ട്. വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നതാണ് അത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യതലസ്ഥാനത്തെ ഏത് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍നിന്നും സൗജന്യ ചികിത്സ തേടാം. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോ വീടുകളിലുമെത്തി 60 വയസിന് മുകളില്‍ പ്രായമുള്ളവരെ പദ്ധതിയില്‍ ചേര്‍ക്കും. സര്‍ക്കാര്‍ ആശുപത്രിയായാലും സ്വകാര്യ ആശുപത്രിയായാലും ചികിത്സ സൗജന്യമായിരിക്കും. ബിപിഎല്‍, എപിഎല്‍ തുടങ്ങിയ നിബന്ധനകള്‍ പദ്ധതിക്ക് ബാധകമായിരിക്കില്ല.
അതേസമയം, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ വാഗ്ദാനങ്ങളെന്ന് ബി.ജെ.പി. ആരോപിച്ചു. ഡല്‍ഹി ലോക്‌സഭാ തിരഞ്ഞെടുപ്പിനും പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി സമാനമായ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും നടപ്പാക്കാനാകാത്ത കെജ്രിവാള്‍ വ്യാജസ്വപ്നങ്ങള്‍ വില്‍ക്കുകയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നു.
വാല്‍ക്കഷ്ണം: എന്തൊക്കെപ്പറഞ്ഞാലും ഡല്‍ഹിയിലെ സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന്, ആപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് വിമര്‍ശകര്‍പോലും പറയുന്നുണ്ട്. ഈ വെല്‍ഫയര്‍ പൊളിറ്റിക്സ് ഇപ്പോള്‍ മറ്റ് പാര്‍ട്ടികളും അനുകരിക്കയാണ്. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗെയിം ചേഞ്ചര്‍ തന്നെയാണ് കെജ്രിവാള്‍.