- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
'ദ ആക്സിഡൻഷ്യൽ പ്രൈം മിനിസ്റ്റർ' എന്ന് നാം വിളിക്കാറുള്ളത് സാക്ഷാൽ മന്മോഹൻസിങിനെ ആണെങ്കിലും, ആ പേരിന് ശരിക്കും അർഹൻ, മുൻ പ്രധാനമന്ത്രിയും, ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡയാണ്. 1996-ൽ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുമെന്ന്, അടുത്ത അനുയായികൾപോലും കരുതിയില്ല. 90കൾക്ക് മുമ്പ് ദേവഗൗഡ എന്ന് പേരുപോലും ആരും കേട്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ ഭാഗ്യം പലപ്പോൾ അങ്ങനെയാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ, ഹരദനഹള്ളി എന്ന കുഗ്രാമത്തിലെ നെൽകർഷകന്റെ മകനെ തുണച്ചു. 94-ൽ കർണ്ണാടക മുഖ്യമന്ത്രിയായ ഗൗഡ വെറുമൊരു പ്രാദേശിക നേതാവ് മാത്രമായിരുന്നു. പക്ഷേ 96-ൽ ഐക്യജനതാദൾ അടക്കമുള്ള സഖ്യകക്ഷി മുന്നണിയിൽ ഐ കെ ഗുജ്റാൾ രാജിവച്ചതോടെ, ദേവഗൗഡക്ക് നറുക്കുവീണു. പ്രധാനമന്ത്രിയാവാൻ അയാൾ ഒന്നും പരിശ്രമിച്ചിട്ടില്ല. വെറുതെ ഒരു സ്ഥാനം, തമ്മിൽഭേദം തൊമ്മൽ തിയറിവെച്ച്, തളികളിൽ വെച്ചെന്നപോലെ കിട്ടി. അതാണ് ഭാഗ്യം.
ശരിക്കും ഭാഗ്യം ചെയ്ത കുടുംബമാണ് ദേവഗൗഡ കുടുംബം. അതിലെ ഒരു കുടുംബയോഗം വിളിച്ചാൽ, മുൻ പ്രധാനമന്ത്രിയും, മുൻ മുഖ്യമന്ത്രിയും, തൊട്ട് പഞ്ചായത്ത് മെമ്പർമാർവരെയുണ്ടാവും. മകൻ കുമാസ്വാമിയെ കർണ്ണാടക മുഖ്യമന്ത്രിയാക്കാനും, മറ്റൊരു മകൻ രേവണ്ണയെ കേന്ദ്രമന്ത്രിയാക്കാനുമൊക്കെ ദേവഗൗഡക്ക് കഴിഞ്ഞു. ഇപ്പോൾ മക്കളുടെ ഭാര്യമാരും, അവരുടെ മക്കളും എംപിമാരും എംഎൽഎമാരുമാണ്!
കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഹോളാനരസിപ്പൂർ താലൂക്കിലെ ഹരദനഹള്ളി എന്ന ഗ്രാമത്തിലെ വൊക്കലിംഗ സമുദായംഗമായ നെൽകൃഷിക്കാരൻ ദൊഡ്ഡഗൗഡയുടേയും, ദേവമ്മയുടേയും മകനായി 1933 മെയ് 18ന് ജനിച്ച ദേവഗൗഡ എവിടെയും ഭാഗ്യതാരകമായിരുന്നു. സിവിൽ എൻജിനീയറിങ് ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ള ഇദ്ദേഹം 'രാഷ്ട്രീയ കൃഷി'യിലാണ് ഏറെ വിളവെടുത്തത്. 1962ലെ കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഹോളാനരസിപ്പൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചതോടെയാണ് ഗൗഡയുടെ രാശി തെളിയുന്നത്. വെറും 29ാം വയസ്സിൽ എംഎൽഎ ആയ അയാൾ ഈ 91ാം വയസ്സിലും രാജ്യസഭാംഗമായി ലക്ഷങ്ങൾ കൈപ്പറ്റി. വെറും ഇടത്തരം കുടംബത്തിൽ ജനിച്ച ഗൗഡയുടെ കുടുംബം ഇന്ന് കോടികൾ ആസ്തിയുള്ള രാഷ്ട്രീയ കുടുംബമായി.
എന്നാൽ ഭാഗ്യം എക്കാലവും കൂടെയുണ്ടാവില്ലല്ലോ. ക്രമേണെ ഗൗഡയുടെ പാർട്ടി ക്ഷയിക്കാൻ തുടങ്ങി. പറഞ്ഞ മതേതരതള്ളുകൾ എല്ലാം വിഴുങ്ങി അദ്ദേഹത്തിന് ബിജെപിയോടൊപ്പം ചേരേണ്ടിവന്നു. കുടുംബാധിപത്യത്തിനെതിരെ പാർട്ടിയിൽനിന്ന് തന്നെ പ്രതിഷേധം വന്നു. അങ്ങനെയുള്ള വിഷമഘട്ടത്തിലാണ്, ഇടിത്തീപോലെ, ദേവഗൗഡയുടെ മകനും, കൊച്ചുമകനുമെതിരെ ലൈംഗിക അപവാദവും എത്തുന്നത്.
2,976 വീഡിയോകളിൽ ഞെട്ടൽ
ഹാസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകളാണ് കർണാടകയെ ഞെട്ടിക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മൂത്തമകനും മുൻ മന്ത്രിയുമായ എച്ച്ഡി രേവണ്ണയുടെ രണ്ടുമക്കളിൽ മൂത്തയാളാണ് പ്രജ്വൽ. ഇയാളുടെ അശ്ളീല വീഡിയോകൾ ഒന്നും രണ്ടുമല്ല, 2976 എണ്ണമുണ്ട്! ഇതൊക്കെ എടുത്തതും പ്രജ്വൽ തന്നെയാണ്. അയാൾക്ക് പിന്നീട് കണ്ടുരസിക്കാൻ ആയിരുന്നത്രേ, ഇതെല്ലാ. എന്തൊരു സൈക്കോ!
ഹാസനിലെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെയും പല സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെയും നൂറുകണക്കിന് വിഡിയോകൾ വ്യാപകമായി പ്രചരിച്ചു. മിക്ക വിഡിയോകളും പ്രജ്വൽ തന്നെ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി പിന്നീട് ലാപ്‌ടോപ്പിലേക്ക് മാറ്റി സൂക്ഷിച്ചിരുന്നതാണ്. പ്രജ്വലിന്റെ വീട്ടിലും ഓഫിസിലുമാണ് എല്ലാ വിഡിയോകളും റെക്കോർഡ് ചെയ്തിരിക്കുന്നത്. കർണാടക പൊലീസ് പിടിച്ചെടുത്ത ഒരു പെൻഡ്രൈവിൽ മാത്രം 2,976 വിഡിയോകൾ ഉണ്ടായിരുന്നു. ബെംഗളൂരുവിലെയും ഹാസനിലെയും വീടുകളിലെ സ്റ്റോർ റൂമുകളിലാണ് കൂടുതൽ വിഡിയോകളും റെക്കോർഡ് ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പെൻഡ്രൈവുകൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇപ്പോൾ ബിജെപിയുമായി സഖ്യത്തിലാണ് ജെഡിഎസ്. അതുകൊണ്ട് ബിജെപി മുന്നണിയെ ബാധിക്കുന്ന വിവാദമായി ഇത് മാറിയിട്ടുണ്ട്. അതിനിടെ പ്രജ്വൽ രേവണ്ണ രാജ്യംവിട്ടതായി അഭ്യൂഹമുയർന്നു. അദ്ദേഹം വിദേശത്തേക്ക് രക്ഷപ്പെട്ടതായി പൊലീസ് സൂചന നൽകി. ജർമനിയിലെത്തിയതായാണ് വിവരം.
അശ്ലീല വീഡിയോ പ്രചരിക്കുന്നതിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ തീരുമാനിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെ പ്രജ്വൽ പരാതിയും നൽകിയിരുന്നു. വീഡിയോ മോർഫ് ചെയ്തതാണെന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും വോട്ടർമാരുടെ മനസിൽ വിഷം കുത്തിവെക്കാനുമാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്. അതിനിടെ പാർട്ടി നേതൃത്വവും പ്രജ്വലിനെ കൈയൊഴിഞ്ഞു. എസ്‌ഐ.ടി. അന്വേഷണത്തെ സ്വാഗതംചെയ്യുന്നതായാണ്, ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി അറിയിച്ചത്.
2014ൽ ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷമാണ് പ്രജ്വൽ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2019 മേയിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 നവംബറിൽ ജനതാദൾ സെക്കുലർ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായി. മുപ്പത്തിമൂന്നുകാരനായ പ്രജ്വൽ അവിവാഹിതനാണ്. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇദ്ദേഹത്തെ ജെഡിഎസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
പിതാവും മകനും ഒരുപോലെ പീഡകർ
വെറുമൊരു ലൈംഗിക പീഡനമല്ല, സമാനതകൾ ഇല്ലാത്ത സൈക്കോ സെക്സ് റാക്കറ്റിന്റെ കഥകളാണ് പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. തന്റെ ഓഫീസിലുള്ളവരെയും വീട്ടുവേലക്കാരെയും തൊട്ട് കണ്ണിൽ കണ്ടവരെയൊക്കെ ഇയാൾ തന്റെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കയാണ്. പ്രജ്വൽ രേവണ്ണയുടെ പിതാവും, ദേവഗൗഡയുടെ രണ്ടാമത്തെ മകനുമായി എച്ച്ഡി രേവണക്കുമെതിരെ ഗുരുതര ലൈംഗിക പരാതികളുണ്ട്. ഇവർ കുടുംബസമേതം പീഡകരാണെന്നാണ്, കോൺഗ്രസ് ആരോപിക്കുന്നത്.
പ്രജ്വലും പിതാവ് എച്ച്.ഡി രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിജീവിതകൾ അവർ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന വീഡിയോ കണ്ടതിന് പിന്നാലെയാണ്, താൻ പരാതിയുമായി മുന്നോട്ടു വന്ന് അച്ഛന്റെയും മകന്റെയും പേര് വെളിപ്പെടുത്താൻ തയ്യാറായതെന്ന് പരാതിക്കാരി പറഞ്ഞു. ജോലിക്ക് ചേർന്ന് നാലാം മാസംമുതൽ പ്രജ്വൽ തന്നെ ക്വാർട്ടേഴ്‌സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി. രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവിത ആരോപിച്ചു.
ആറ് വനിതാ ജോലിക്കാരാണ് വീട്ടിലുണ്ടായിരുന്നത്. പ്രജ്വൽ വീട്ടിലേക്ക് മടങ്ങിവരുമ്പോഴെല്ലാം ഞങ്ങൾ ഭീതിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവർത്തകർ പോലും ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പരാതിക്കാരി പറഞ്ഞു. രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാൾ സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും. സാരിയുടെ പിന്നുകൾ അഴിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങുമെന്നും ഇര മൊഴിയിൽ പറയുന്നു.
പിന്നിൽ കോൺഗ്രസ് അല്ല ബിജെപി
അതിനിടെ വിവാദത്തിലേക്ക് കൂടുതൽ വെളിപ്പെടുത്തലുമായി പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക് രംഗത്തെത്തി. പ്രജ്വലിന്റെ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് താനാണ് ബിജെപി നേതാവിന് കൈമാറിയതെന്നാണ് കാർത്തികിന്റെ വെളിപ്പെടുത്തൽ. ബിജെപി നേതാവായ ദേവരാജ് ഗൗഡയ്ക്കാണ് പെൻഡ്രൈവ് കൈമാറിയതെന്നും ഇത് കോൺഗ്രസ് നേതാക്കൾക്ക് നൽകിയിട്ടില്ലെന്നും ഇയാൾ വെളിപ്പെടുത്തി.
പ്രജ്വൽ രേവണ്ണയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് കോൺഗ്രസ് നേതാക്കളാണെന്ന് അമിത്ഷാ അടക്കമുള്ളവർ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങളെന്ന് വന്നിരിക്കയാണ്. തങ്ങളുമായുള്ള സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായുള്ള ബന്ധം സ്ഥാപിച്ചതിന് കോൺഗ്രസ് കൊടുത്ത പണിയാണിതെന്നായിരുന്നു, നേരത്തെയുള്ള വിലയിരുത്തൽ.
ബിജെപി നേതാവ് ദേവരാജ് ഗൗഡയാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോകളുടെ ഉത്തരവാദിയെന്നാണ് കാർത്തിക് വെളിപ്പെടുത്തുന്നത്. പ്രജ്വൽ തന്റെ സ്വത്ത് തട്ടിയെടുത്തെന്നും ഭാര്യയെ മർദിച്ചെന്നും കാർത്തിക് ആരോപിച്ചു. ദേവരാജ് ഗൗഡയുടെ നിർദ്ദേശപ്രകാരം പ്രജ്വലിനെതിരെ കേസ് കൊടുത്തെന്നും തന്റെ കൈവശമുള്ള പെൻഡ്രൈവിലെ വിവരങ്ങൾ വച്ച് ദേവരാജ് ബിജെപി നേതൃത്വത്തിന് കത്തയിച്ചിട്ടുണ്ടെന്നും കാർത്തിക് പറഞ്ഞു.
"പ്രജ്വൽ തനിക്കെതിരായ അശ്ലീല വിഡിയോകളൊന്നും പുറത്തുവിടരുതെന്ന് കാട്ടി കോടതിയിൽനിന്ന് നേരത്തെ സ്റ്റേ വാങ്ങി. എന്നാൽ ഇതിൽ സ്റ്റേ നീക്കിത്തരാമെന്നായിരുന്നു, ദേവരാജ് പറഞ്ഞത്.ഞാൻ ദേവരാജിനെ വിശ്വസിച്ച് വിഡിയോയുടെ പകർപ്പ് അദ്ദേഹത്തിന് കൈമാറി. അദ്ദേഹം അത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് എനിക്കറിയില്ല. ഞാൻ വക്കാലത്ത് ഒപ്പിട്ടു കൊടുക്കുക മാത്രമാണ് ചെയ്തത്. തുടർന്നാണ് ദേവരാജ് പത്രസമ്മേളനം വിളിച്ച് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഞാൻ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും മിണ്ടാതിരിക്കാനുമാണ് പറഞ്ഞത്."- കാർത്തിക് പറഞ്ഞു.
"അദ്ദേഹം വീണ്ടും വാർത്താസമ്മേളനം വിളിച്ച് ഞാൻ ഈ പെൻഡ്രൈവ് കോൺഗ്രസ് നേതാക്കൾക്കും നൽകിയിട്ടുണ്ടെന്ന് കളവ് പറഞ്ഞു. ഞാൻ ഇത് ദേവരാജിന് മാത്രമാണ് നൽകിയത്. അയാൾ എന്നെ ചതിക്കുകയും ചെയ്തു. അയാൾ അത് ആർക്കൊക്കെ നൽകിയിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്നാൽ അയാൾക്ക് ഇതിൽനിന്നെല്ലാം കൈകഴുകാനായി, ഞാനാണ് നൽകിയതെന്നാണ് പറഞ്ഞത്." കാർത്തിക് പറഞ്ഞു.
അതായത് കോൺഗ്രസ് അല്ല, ഇപ്പോൾ സഖ്യകക്ഷിയായ ബിജെപിയിലെ നേതാക്കൾ തന്നെയാണ് ഈ പണിക്ക് പിന്നിലെന്ന് വ്യക്തം. ദേവഗൗഡയുടെ മക്കളുടെയും, കൊച്ചുമക്കളുടെയും അഴിമതിയും, അഹങ്കാരവും, കണ്ടുമുടത്ത് ബിജെപി തന്നെ കൊടുത്ത പണിയാണ് ഇതെന്നാണ് വിവരം. ഇതോടെ തീർത്തും ദുർബലമാവുന്ന ജെഡിഎസ് പാർട്ടിയിലെ അവശേഷിക്കുന്ന നേതാക്കൾ ബിജെപിയിൽ എത്തുമെന്നാണ്, പാർട്ടി നേതാക്കൾ കരുതുന്നത്. എന്നാൽ ഇവർ ആരും ഇത് പരസ്യമായി പറയുന്നില്ല. സഖ്യകക്ഷിയായ ജെഡിഎസിന് ഒപ്പമെന്ന് വരുത്തിതീർത്ത് നക്കിക്കൊല്ലാനാണ് ബിജെപിയുടെ നീക്കം. ഫലത്തിൽ ദേവഗൗഡ കുടുംബ വാഴ്ചക്ക്മേലുള്ള അവസാനത്തെ ആണിയടിയായി വിവാദം മാറുകയാണ്.
അപ്പ മക്കളാ പക്ഷ
അപ്പൻ മകൻ പാർട്ടിയെന്നാണ് കർണ്ണാടകയിലെ ജെഡിഎസിനെ എതിരാളികൾ പരിഹസിക്കാറുള്ളത്. അത് ശരിയാണ്. മൂന്ന് തലമുറവരെ ഈ കുടുംബത്തിൽ രാഷ്ട്രീയക്കാരുണ്ട്. പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും, എംപിയും, എംഎൽഎയുമെല്ലാം ഈ കുടുംബത്തിൽനിന്ന് ഉണ്ടായി. എന്നിട്ടും ഇവർക്ക് അധികാരത്തോടുള്ള ആർത്തി കുറഞ്ഞിട്ടില്ല. 90ാം വയസിൽ കണ്ണും ചെവിയും കേൾക്കാത്ത പ്രായത്തിൽ ദേവഗൗഡ രാജ്യസഭാംഗമായതും വൻവിവാദമായിരുന്നു. ഇതിന്റെയല്ലാം പേരിൽ നേരത്തെ തന്നെ പലവിമർശനങ്ങളും ഗൗഡ കുടുംബം നേരിട്ടിട്ടുണ്ട്
സോഷ്യലിസ്റ്റുകൾക്ക് എന്നും വേരുള്ള മണ്ണായിരുന്നു കർണ്ണാടക. ആ പാരമ്പര്യത്തിനൊപ്പം കൃതമായ കർഷക- ജാതി വോട്ടുകളായിരുന്നു ഗൗഡ കുടുംബത്തിന്റെ അടിത്തറ. കർണാടകയിലെ പ്രബല സമുദായമായ വൊക്കലിഗയാണ് അവരുടെ വോട്ട്ബാങ്ക്. ദേവഗൗഡയ്ക്കും ഭാര്യ ചന്നമ്മയ്ക്കും നാല് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. എച്ച്ഡി ബാലകൃഷ്ണ ഗൗഡയാണ് മൂത്തമകൻ. കെഎഎസ് ഉദ്യോഗസ്ഥനായതുകൊണ്ട് ഇദേഹം രാഷ്ട്രീയത്തിലില്ല. ഇപ്പോൾ ലൈംഗിക വിവാദത്തിൽപെട്ട, രണ്ടാമത്തെ മകൻ എച്ച് ഡി രേവണ്ണ പലപ്പോഴും ദേവഗൗഡയുടെ പിൻഗാമി ഞാനാണെന്ന് പറയുന്ന ആളാണ്. മുൻ കേന്ദ്രമന്ത്രി കൂടിയായ രേവണ്ണയുടെ ഭാര്യ ഭവാനി മൂൻ എംഎൽഎയാണ്. ഇവരുടെ മുത്തമകൻ ആർ സൂരജ് ഡോക്ടറാണ്. പിന്നീട് അയാളും എംഎൽഎയായി. രണ്ടാം സന്താനമാണ് ഇപ്പോൾ പീഡന പരമ്പരകളിലൂടെ ശ്രദ്ധേയനായ എം പി പ്രജ്വൽ രേവണ്ണ.
പക്ഷേ ദേവഗൗഡയുടെ പിൻഗാമിയായി വാഴാനുള്ള ഭാഗ്യം കിട്ടിയത് മൂന്നാമത്തെ മകൻ എച്ച്ഡി കുമാരസ്വാമിക്കാണ്. എച്ച് ഡി രേവണ്ണയുടെ എതിർപ്പ് മറികടന്നാണ് ഗൗഡ കുമാരസ്വാമിയെ മുഖ്യമന്ത്രിവരെയാക്കിയത്. ഭാര്യ അനിത കുമാരസ്വാമിയും മുൻ എംഎൽഎയാണ്. ഇവരുടെ മൂത്തമകനാണ് നടനും, രാഷ്ട്രീയക്കാരനുമായ എച്ച് ഡി നിഖിൽ ഗൗഡ. കന്നഡ-തെലുങ്ക് ദ്വിഭാഷാ ചിത്രമായ ജാഗ്വാർ എന്ന ചിത്രത്തിലൂടെ 2016-ൽ അരങ്ങേറ്റം കുറിച്ച നിഖിൽ ഭേദപ്പെട്ട ഫാൻ ബേസുള്ള കന്നഡ നടനാണ്. കോവിഡ് കാലത്ത് 2020 ഫെബ്രുവരിയിൽ, കോൺഗ്രസ് നേതാവും എം കൃഷ്ണപ്പയുടെ കൊച്ചുമകൾ രേവതിയുമായുള്ള നിഖിലിന്റെ വിവാഹവും ആൾക്കൂട്ട നിയന്ത്രണങ്ങൾ പാലിച്ചില്ലെന്ന പേരിൽ വിവാദമായിരുന്നു. കുമാരസ്വാമിയുടെ രണ്ടാമത്തെ മകൻ എച്ച്ഡി രമേഷ് റേഡിയോളജിസ്റ്റാണ്. ഇയാൾ പക്ഷേ രാഷ്ട്രീയത്തിലില്ല.
ദേവഗൗഡയുടെ പെൺമക്കളും രാഷ്ട്രീയത്തിലില്ല. ലക്ചറർ ആയ മകൾ അനുസൂയയുടെ ഭർത്താവ് സി എൻ മഞ്ജുനാഥ്, കാർഡിയോളജിസ്റ്റാണ്. ഗൗഡയുടെ മറ്റൊരു മകൾ ഷൈല ചന്ദ്രശേഖർ പത്രപ്രവർത്തകയാണ്. ഭർത്താവ് എച്ച്എസ് ചന്ദ്രശേഖർ ഓർത്തോപീഡിക് സർജനും. ലൈംഗിക ആരോപണങ്ങളും ഇവർക്ക് പുത്തിരിയല്ല. എച്ച്ഡി കുമാരസ്വാമിയും നടി രാധികയും വിവാഹിതനാണെന്നും ഇരുവർക്കും ഒരു മകളുണ്ടെന്നും 2016-ൽ അന്നത്തെ കോൺഗ്രസ് നേതാവും നടിയുമായ രമ്യ ആരോപിച്ചിരുന്നു. ഈ വിവാദം ക്രമേണേ കെട്ടടങ്ങുകയായിരുന്നു.
ഗൗഡ തോറ്റു, ചെറുമകൻ ജയിച്ചു
അധികാരത്തിലേറിയപ്പോഴൊന്നും കർഷകർക്കായി യാതൊന്നും ചെയ്തില്ലെങ്കിലും, കരുത്തനായ ഭരണാധികാരി എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും, കന്നഡ മക്കൾക്ക് എപ്പോഴും ഒരു മുദൃസമീപനം ദേവഗൗഡയോട് ഉണ്ട്. എന്തൊക്കെയായാലും പ്രധാനമന്ത്രിയായി തങ്ങളുടെ അഭിമാനം ഉയർത്തിയ വ്യക്തിയാണെല്ലോ. മഹാരാഷ്ട്രയിൽ ശരത് പവാറിനുള്ളതുപോലെ ഒരു ഇമേജ് ദേവഗൗഡക്കുണ്ട്. അതാണ് മക്കൾ തകർത്തിരിക്കുന്നത്.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും, ജെഡിഎസിലെ മക്കൾ രാഷ്ട്രീയം വലിയ വിവാദമായിരുന്നു. മുതിർന്ന നേതാക്കളെ ഒഴിവാക്കി രാഷ്ട്രീയത്തിൽ പരിചയക്കുറവുള്ള കൊച്ചുമക്കളെ സ്ഥാനാർത്ഥിയാക്കിയതിലുള്ള മുറുമുറുപ്പ് പാർട്ടിയിലും ശക്തമായിരുന്നു. ഹാസനിലും, മാണ്ഡ്യയിലും പേരക്കുട്ടികളെ ഇറക്കിയാതാണ് ഗൗഡക്ക് വിനയായത്. അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയിരുന്നു, മാണ്ഡ്യയിലെ സ്ഥാനാർത്ഥി.ദേവഗൗഡ കുടുംബത്തിന്റെ രാഷ്ട്രീയ വാഴ്ചക്കെതിരെ 'നിഖിൽ പിന്മാറുക' എന്ന സോഷ്യൽ മീഡിയ കാമ്പെയിൻ നടന്നിരുന്നു.
ഇതിനെ ദേവഗൗഡ നേരിട്ടത് വൈകാരികമായിട്ടായിരുന്നു. ഹാസനിൽ തന്റെ പേരക്കുട്ടിയായ, ഇപ്പോഴത്ത പീഡനവീരൻ പ്രജ്വൽ രേവണ്ണയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നവേളയിൽ ദേവഗൗഡ വികാരാധീനനായി കരഞ്ഞു. ഈ സമയം വേദിയിലുണ്ടായിരുന്ന മകനും മന്ത്രിയുമായ എച്ച്.ഡി രേവണ്ണയും ചെറുമകൻ പ്രജ്വൽ രേവണ്ണയും കരഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ദേവഗൗഡ വിജയിച്ചു പോന്ന മണ്ഡലമാണ് ഹാസൻ. തന്റെ ചെറുമകനായ പ്രജ്വലിന് വേണ്ടി താൻ ഒഴിയുകയാണെന്ന് ഗൗഡ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വികാരാധീനനായി ഗൗഡ വേദിയിൽ വച്ച് പറഞ്ഞ വാക്കുകളിങ്ങനെ -"ഞാൻ പലരേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവർക്കെല്ലാം ജനപിന്തുണ ലഭിക്കുകയും ചെയ്തു. എന്നാൽ, കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതിൽ തെറ്റുകാണുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല".- ഗൗഡ ചോദിച്ചു. 'നിഖിലിനെ മാണ്ഡ്യയിൽ മത്സരിപ്പിക്കുന്നത് ജെഡിഎസ് നേതാക്കളുടെ തീരുമാന പ്രകാരമാണ്. എന്നാൽ നിഖിലിനെതിരെയുള്ള വിവാദം വേദനയുണ്ടാക്കുന്നതാണ്. മാണ്ഡ്യയിൽ പോയപ്പോൾ അവർ പറയുന്നു നിഖിൽ തിരിച്ചു പോകണമെന്ന്. കഴിഞ്ഞ 60 വർഷമായി ആർക്കു വേണ്ടിയാണോ ഞാൻ പോരാടിയത് അവരാണ് ഈ പറയുന്നത്'- ദേവഗൗഡ കണ്ണുനിറഞ്ഞുകൊണ്ട് ചോദിച്ചു.
അന്ന് പ്രതിപക്ഷം ഈ കണ്ണീരിനെ മുതലക്കണ്ണീർ എന്ന് വിളിച്ചെങ്കിലും പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൗഡക്കായി. പക്ഷേ ജനം ഗൗഡയെയം, നിഖിലിനെയും കൈവിട്ടു. തുമകുരുവിൽ ബിജെപിയുടെ ബസവരാജിനോട് 13,339 വോട്ടിന് പരാജയപ്പെടാനായിരുന്നു മുൻ പ്രധാനമന്ത്രിയുടെ യോഗം. മാണ്ഡ്യയിൽ മലയാളത്തിന്റെ പ്രിയ നടി സുമലതയോടെ ഒന്നരലക്ഷത്തോളം വോട്ടിനാണ് നിഖിൽ കുമാരസ്വാമി തോറ്റത്. എന്നാൽ ഹാസനിൽ പ്രജ്വൽ വിജയിച്ചു. 1,41,324 വോട്ടിന്റെ കലക്കൻ ഭൂരിപക്ഷത്തിന്. അന്ന് ജെഡിഎസിനുവേണ്ടി കർണ്ണടകയിൽനിന്ന് ജയിച്ച ഏക എംപിയായിരുന്നു അദ്ദേഹം. പക്ഷേ ജയിച്ചിട്ടും പ്രജ്വൽ നാടകം തുടർന്നു. തന്റെ മുത്തഛന് മത്സരിക്കാൻവേണ്ടി സീറ്റ് രാജിവെക്കയാണെന്ന്, 24 മണിക്കൂറിനകം പ്രഖ്യാപിച്ച് സകലരെയും ഞെട്ടിച്ചു. എന്നാൽ പരാജയ ഭീതിയിലാവണം വീണ്ടും മത്സരിക്കാൻ ദേവഗൗഡ കൂട്ടാക്കിയില്ല. ഈ രീതിയിൽ സീരിയലുകളുടെ വെല്ലുന്ന നാടകമാണ് ഈ കുടുംബത്തിൽ നടക്കാറുള്ളത്.
ഗൗഡ കുടുംബത്തിൽ കലാപം
നേരത്തെ തന്നെ രേവണ്ണയും, കുമാരസ്വാമിയും നല്ല സുഖത്തിലല്ല. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ രേവണ്ണയുടെ ഭാര്യ ഭവാനിയുടെ ഹാസൻ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി പാർട്ടിയിൽ രൂക്ഷമായ തകർക്കം ഉണ്ടായിരുന്നു. ഹാസൻ സീറ്റ് പാർട്ടി പ്രവർത്തകന് വിട്ടുകൊടുക്കണമെന്നും ഭവാനി ഇത്തവണ മത്സരിക്കരുതെന്നുമുള്ള കുമാരസ്വാമിയുടെ അഭിപ്രായത്തോടാണ് ഗൗഡ യോജിപ്പ് പ്രകടിപ്പിച്ചത്. പക്ഷേ ഇത് രേവണ്ണ അംഗീകരിച്ചില്ല. ഒടുവിൽ മനസ്സില്ലാമനസ്സോടെയാണ് ഗൗഡ അവരുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചത്.
91 വയസ് പിന്നിട്ട ദേവഗൗഡക്ക് അപ്പോഴേക്കും മക്കളുടെ തകർക്കം പരിഹരിക്കാനുള്ള ആരോഗ്യമൊക്കെ നഷ്ടപ്പെട്ടിരുന്നു. അതിനിടെ കർണ്ണാടകയിൽ ജെഡിഎസിന് ഗ്രിപ്പ് നഷ്ടപ്പെട്ടു. പാർട്ടിനേതാക്കളിൽ പലരും കോൺഗ്രസിലേക്കും ബിജെപിയിലേക്കും മാറി. അതുവരെ മതേതരത്വം പറഞ്ഞ ദേവഗൗഡ ഒരു സുപ്രഭാതത്തിൽ എല്ലാ മറന്നുകൊണ്ട് ബിജെപിയുമായി സഖ്യത്തിലായി. അതുവരെ എതിർത്ത രാമക്ഷേത്രംവരെ ഇപ്പോൾ ഗൗഡക്ക് വളരെ നല്ലകാര്യമാണ്.
കർണാടകത്തിൽ ബിജെപി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ദേവഗൗഡ പറഞ്ഞതും വൻ വിവാദമായി. പ്രായാധിക്യം മൂലമുള്ള ജൽപ്പനം എന്നായിരുന്നു പിണറായി ഇതിനെ തിരിച്ചടിച്ചത്. ഒടുവിൽ തന്റെ പ്രസ്താവന പിൻവലിച്ച് ഗൗഡ തടിയൂരി. ഒരു മൂൻ പ്രധാനമന്ത്രിയുടെ ഗതികേട് നോക്കണേ. കർണ്ണാടക ജെഡിഎസ് ബിജെപിയിൽപോയിട്ടും കേരള ഘടകം അതിനെ തള്ളിപ്പറഞ്ഞ് ഇടതുമുന്നണിയിൽ തുടരുകയാണ്. കോൺഗ്രസ് ചതിയന്മാരാണ് എന്നാണ് ഗൗഡ ഇപ്പോൾ പറയുന്നത്. 2018-ൽ കർണാടകയിൽ കോൺഗ്രസ്-ജനതാദൾ(എസ്) സഖ്യം അധികാരത്തിൽ വന്നപ്പോൾ ഖാർഗെ മുഖ്യമന്ത്രിയാവട്ടെ എന്നാണ് താൻ നിർദ്ദേശിച്ചതെന്ന് ദേവഗൗഡ ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ എന്റെ മകൻ കുമാരസ്വാമി മുഖ്യമന്ത്രിയാവണം എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് അന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ബിജെപിയുമായി ചങ്ങാത്തം വന്നതോടെ ഗൗഡക്കും കുടുംബത്തിനും കോൺഗ്രസ് ചതിയന്മാരുടെ പാർട്ടിയായി.
സ്വതവേ ദുർബല, പോരെങ്കിൽ ഗർഭിണിയും എന്നതുപോലെയുള്ള ജെഡിഎസിന്റെ തലക്ക് കിട്ടിയ കനത്ത ആഘാതമായി പിതാവും പുത്രനും ഉൾപ്പെട്ട ലൈംഗിക അപവാദം. ഇതോടെ ഗൗഡ കുടുംബത്തിലും കലാപമായി. കുമാരസ്വാമി പരസ്യമായാണ് രേവണ്ണയെ തള്ളിപ്പറഞ്ഞത്. മുൻ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള അട്ടിമറിയാണെന്ന് രേവണ്ണ പറയുന്നത്. എന്നാൽ കുമാരസ്വാമി ഇത് അംഗീകരിക്കുന്നില്ല. "ഇത് കുടുംബത്തെക്കുറിച്ചല്ല. ഞങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്, ഞങ്ങൾക്ക് പൊതുവായ ബിസിനസ്സുകളൊന്നുമില്ല. രാഷ്ട്രീയ വേദികളിൽ ഞങ്ങൾ ഒരുമിച്ച് പങ്കെടുക്കുന്നു. ഇതുമായി എനിക്കോ എന്റെ അച്ഛനോ എന്ത് ബന്ധം?"- കുമാരസ്വാമി ചോദിക്കുന്നു.
"എന്നെയോ എന്റെ പിതാവിനെയോ സംശയിക്കരുതെന്ന് അമ്മമാരോടും സഹോദരിമാരോടും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, പ്രതികൾക്ക് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തും."- കുമാരസ്വാമി പറയുന്നു. അതായത് രേവണ്ണ കുടുംബത്തെ നൈസായി കുമാരസ്വാമി കൈയൊഴിഞ്ഞുവെന്ന് ചുരുക്കം. ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ ഈ ലൈംഗിക അപാവദം ദേശീയതലത്തിൽ തന്നെ വലിയ വാർത്തയായതോടെ ഇത്തവണ ജെഡിഎസ് വെള്ളം കുടിക്കുമെന്ന് ഉറപ്പ്. ഫലത്തിൽ ഗൗഡ കുടുംബാധിപത്യത്തിന്റെ അവസാനമായിക്കും ഈ തിരിഞ്ഞെടുപ്പെന്നും മാധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്.
വാൽക്കഷ്ണം: കുടുംബാധിപത്യത്തിന് കർണ്ണാടകയിൽ ദേവഗൗഡയെ മാത്രം കുറ്റംപറയാൻ കഴിയില്ല. ബിജെപി നേതാവ് യെഡൂരിയപ്പയുടെത് തൊട്ട്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അടക്കം മക്കൾ രാഷ്ട്രീയത്തിലുണ്ട്. അഞ്ചു പ്രമുഖ കോൺഗ്രസ് നേതാക്കളുടെ മക്കൾ മത്സരിക്കുന്നുണ്ട്. മക്കളെ ഇറക്കി മണ്ഡലം പിടിക്കാനാണ് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ, കോൺഗ്രസ് നേതാക്കളോട് പറഞ്ഞതുതന്നെ!