രണകൂടം ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന, നിരന്തരമായി അമിത ദേശീയതയും, അശാസ്ത്രീയതയും, ന്യൂനപക്ഷവിദ്വേഷവും പ്രചരിക്കുന്ന ഒരുവിഭാഗം മാധ്യമങ്ങളെ 'ഗോഡി മീഡിയ' ('ഗോഡി' എന്നാൽ ഹിന്ദിയിൽ 'ലാപ്' എന്നർത്ഥം) എന്ന് വിളിച്ചത് മാധ്യമ പ്രവർത്തകൻ രവീഷ് കുമാറാണ്, 'ലാപ്ഡോഗ് മീഡിയ' എന്നർത്ഥം വരുന്ന വാക്ക് ഇന്ന് പ്രശസ്തമാണ്. ഒരു യൂട്യൂബ് ചാനൽ കൊണ്ട് ഭരണകൂടത്തെ വിറപ്പിക്കുക എന്ന പണിയാണ് 9 മില്യൺ സബ്സ്‌ക്രൈബേഴ്സുുള്ള, രവീഷ് കുമാർ എന്ന മാധ്യമ പ്രവർത്തകൻ ചെയ്യുന്നത്. അദാനി എൻഡിടിവി പിടിച്ചെടുത്തതോടെ അവിടെനിന്ന് പടിയിറങ്ങിയ രവീഷ് എൻഡിടിവിയുടെ എത്രയോ ഇരിട്ടി റീച്ചുള്ള മാധ്യമ പ്രവർത്തകനായി ഇന്ന് മാറി.

എന്നാൽ രവീഷ്‌കുമാറിനേക്കാൾ മോദി സർക്കാർ ഭയപ്പെടുന്ന മറ്റൊരു പയ്യനുണ്ട്്. വെറും 30 വയസ്സുള്ള ഈ യുട്യൂബറുടെ ഓരോ വീഡിയോക്കും കിട്ടുന്നത്ര റീച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കോപോലുമില്ല. അതാണ് ധ്രുവ് റാഠി എന്ന 30കാരൻ. മാസത്തിൽ പത്തിൽ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബിൽ പോസ്റ്റ് ചെയ്യാറുള്ളത്. എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാർത്താ ചാനലുകളെ പിന്നിട്ട്, ഏകദേശം 16 .6 മില്യൺ സബ്സ്‌ക്രൈബേഴ്‌സ് ധ്രുവിനുണ്ട് .കഴിഞ്ഞ വർഷത്തെ ടൈം മാഗസിന്റെ 'നെക്സ്റ്റ് ജനറേഷൻ ലീഡേഴസ്' പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ കൂടിയാണ് ധ്രുവ്.

ഈ ഇലക്ഷനെയും പ്രതിപക്ഷത്തെയും നോക്കുമ്പോൾ എന്റെ ഏറ്റവും വലിയ പ്രതീക്ഷ ധ്രുവ് റാഠി എന്ന യു ടൂ്ഊബർക്കു കിട്ടിയ അവിശ്വസനീയമായ സ്വീകാര്യതയാണ്. ഇലക്ട്രൽ ബോണ്ടിന്റെ കാര്യത്തിലായാലും ഇന്ത്യൻ ഡിക്ടേറ്റർഷിപ്പിന്റെ കാര്യത്തിലായാലും സമ്പൂർണ്ണമായ അറിവ് പകർന്നുതരുന്ന റാഠിയുടെ വീഡിയോകൾ ഇന്ത്യ കീഴടക്കുകയാണ്. റാഠിയുടെ അത്ര പോപ്പുലർ അല്ലെങ്കിലും, ആൾട്ട് ന്യൂസ് സുബൈറിനെയും, ഹിന്ദുത്വ വാച്ച് തുടങ്ങിയ ഹാൻഡിലുളും, അനവധി സോഷ്യൽ മീഡിയാ ആക്റ്റിവിസ്റ്റുകളും, ഫാക്റ്റ് ചെക്കേഴ്‌സും, സ്റ്റാൻഡപ്പ് കൊമേഡിയൻസും ഒക്കെ ചേർന്ന സമാന്തര മാധ്യമ ലോകം ഇപ്പോൾ ഇന്ത്യയിലെ യഥാർത്ഥ പ്രതിപക്ഷമാവുകയാണ്. അവിടുത്തെ പ്രതിപക്ഷ നേതാവാണ്, ധ്രുവ് റാഠി.

ഇന്ത്യയിലെ മെയിൻസ്ട്രീം മീഡിയയും പ്രതിപക്ഷവും ചെയ്യേണ്ട രാഷ്ട്രീയ ഇടപെടലാണ് ഒരു യൂട്ഊബർ ഏറ്റെടുത്ത് നടത്തിയിരിക്കുന്നത്. ഹിന്ദിയിലാണ് ധ്രുവ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് എന്നതാണ് മറ്റൊരു പ്രധാന കാര്യം. രാജ്യത്തെ 70 ശതമാനത്തോളം പൗരന്മാരോടുള്ള ആശയ വിനിമയം ഇതിലൂടെ സാധ്യമാകുന്നുണ്ട്. അദ്ദേഹത്തിന്റെ ഹിന്ദി എക്സ്പ്ലെയ്‌നറുകളെ പ്രാദേശിക ഭാഷയിലേക്ക് മാറ്റി ചർച്ച ചെയ്യുന്ന നിരവധി പ്രാദേശിക യൂട്ഊബർമാരുമുണ്ട്. ധ്രുവിന്റെ വീഡിയോകൾ രാജ്യവ്യാപകമായി ശ്രദ്ധ നേടുന്നത് ഇതിന്റെ കൂടി പിൻബലത്തിലാണ്.

വീഡിയോ ഫോർമാറ്റിൽ സംവദിക്കുന്നു എന്നത് സാധാരണക്കാരിലേക്ക് കൂടുതൽ പ്രചരിക്കാൻ സഹായിക്കുന്നു. കാര്യങ്ങൾ ഏറ്റവും സാധാരണക്കാർക്കുപോലും മനസിലാവുന്ന തരത്തിൽ വിശദീകരിക്കുക എന്നതിലാണ് ധ്രുവ് വിജയിക്കുന്നത്. ഒരു വലിയ സ്‌കാമിനെക്കുറിച്ച് പറയുമ്പോൾ സാധാരണ അവതാരകർ പുറത്തെടുക്കാറുള്ള ക്ഷോഭമോ എക്സാജറേഷനോ ഇല്ലാതെ ശാന്തമായി വിശദീകരണത്തിൽ മാത്രം ശ്രദ്ധിച്ചുള്ള അവതരണമാണ് ധ്രുവ് റാഠിയുടേത്. ഓരോ വിഡിയോയും അതിന്റെ സോഴ്സ് കാണിച്ചാണ് പറയുന്നത്. നമ്മുടെ നാട്ടിലെ ചില നേതാക്കന്മാരെ പോലെ വായിൽ തോന്നിയത് പറഞ്ഞിട്ട് പോണ രീതി ഇല്ല. അതുകൊണ്ടുതന്നെ അദേദഹത്തെ ഖണ്ഡിക്കാൻ വലിയ പ്രയാസമാണ്.


ഹരിയാനയിലെ ജാട്ട് കുടുംബത്തിൽ ജനനം

ഹരിയാനയിലെ റോഹ്തക്കിൽ ഒരു ഹിന്ദു ജാട്ട് കുടുംബത്തിൽ 1994 ഒക്ടോബർ 8 ന് ധ്രുവ്് ജനിച്ചത്. സാമ്പത്തികമായി ഒരു ഇടത്തരം കുടുംബമായിരുന്നു അത്. അച്ഛൻ ഒരു ബിസിനസുകാരനും അമ്മ അദ്ധ്യാപികയുമാണ്. ധ്രുവിന് ഒരു ഇളയ സഹോദരനുണ്ട്. ഡൽഹിയിൽ വളർന്ന അദ്ദേഹം ആർകെ പുരത്തെ ഡൽഹി പബ്ലിക് സ്‌കൂളിൽ പഠിച്ചു. ഡൽഹി സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദം നേടി. ജർമ്മനിയിലെ വിഖ്യാതമായ കാൾസ്‌റൂ ഹെഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേർന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിച്ചു. തുടർന്ന് അതേ സ്ഥാപനത്തിൽ നിന്ന് റിന്യൂവബിൾ എനർജിയിൽ ബിരുദാനന്തര ബിരുദവും രതി നേടി.

അയായത് ഒരേ സമയം സാമ്പത്തിക ശാസ്ത്രം, പൊളിറ്റക്കൽ സയൻസ്, എഞ്ചിനീയറിങ്, എൻവയോൺമെന്റൽ സയൻസ് തുടങ്ങിയവയിൽ വിദഗധ്നാണ് ധ്രുവ്. ഈ ശക്തമായ വിദ്യാഭ്യാസ പശ്ചാത്തലം തന്നെയാണ് അദ്ദേഹത്തിന്റെ വീഡിയോകളുടെ ശക്തി. താൻ ഒതു ആജീവനാന്ത പഠിതാവാണെന്ന് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നുണ്ട്. തന്റെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്താൻ ധ്രുവ് എപ്പോഴും പുതിയ വഴികൾ തേടുന്നു. വിദ്യാഭ്യാസത്തിന്റെ ശക്തമായ വക്താവ് കൂടിയാണ് അദ്ദേഹം. അന്ധകാരത്തിൽ കിടക്കുന്ന ഇന്ത്യൻ ഗ്രാമങ്ങളെ രക്ഷിക്കാൻ വിദ്യ്യഭ്യാസത്തിനെ കഴിയൂവെന്നും എല്ലാവർക്കും പഠിക്കാനും വളരാനുമുള്ള അവസരം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നു.

സുരക്ഷാകാരണങ്ങൾ കൊണ്ടുകൂടിയാവും തന്റെ കുടുംബത്തെക്കുറിച്ച് അത്രയെന്നും ധ്രുവ് സംസാരിക്കാറില്ല. പക്ഷേ താൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് അദ്ദേഹം മാതാപിതാക്കൾക്കാണ് നന്ദി പറയുന്നത്. "എന്റെ കരിയറിന് തുടക്കം മുതൽ കുടുംബം പിന്തുണ നൽകിയിരുന്നു. ഇഷ്ടമുള്ള വിദ്യാഭ്യാസം തുടരാനും, എന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചു. കുടുംബമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും അനുകമ്പയുടെയും പ്രാധാന്യം എന്നെ ചെറുപ്പത്തിലേ പഠിപ്പിച്ചതിന് ഞാൻ അവരെ ബഹുമാനിക്കുന്നു. "- ധ്രുവ് പറയുന്നു. സഹോദരനും ഒരു യൂട്ഊബർ ആണ്, നിരവധി വീഡിയോകളിൽ അദ്ദേഹം ധ്രുവുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ട്രാവൽ വ്ളോഗറിനിന്ന് തുടക്കം

2011-12 കാലയളവിൽ അണ്ണാ ഹസാരെയുടെ സമരകാലത്താണ് താൻ രാഷ്ട്രീയം ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ധ്രുവ് പറയുന്നു. അന്ന് ബോർഡ് പരീക്ഷയുടെ സമയമായതിനാൽ രാംലീല മൈതാനിയിൽ നടന്ന സമരത്തിൽ പങ്കെടുക്കാനായില്ല. ട്രാവൽ വ്ലോഗായിട്ടാണ് ധ്രുവ് റാഠി തന്റെ ചാനൽ ആരംഭിച്ചത്. പിന്നീട് ഫാക്ട് ചെക്കിംഗിലേക്കും എക്സ്പ്ലൈനർ വീഡിയോകളിലേക്കും തിരിഞ്ഞു. 2014 ഒക്ടോബറിലാണ് ധ്രുവ് ആദ്യ പൊളിറ്റിക്കൽ വീഡിയോ അപ് ലോഡ് ചെയ്യുന്നത്, 'ബിജെപി എക്പോസ്ഡ് ലൈയ്സ് ബിഹൈൻഡ് ദി ബുൾ ഷിറ്റ്'-എന്ന ടൈറ്റിലിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞ കാര്യങ്ങളും ശേഷം അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നതുമായ വിഷ്വൽസ് കലർത്തിയുള്ള ഒരു മ്യൂസിക്കിൽ വീഡിയോ ആയിരുന്നു അത്.

സിനിമാമോഹവും ഫോട്ടോഗ്രഫിയോടുള്ള താൽപ്പര്യവുമായി ഒക്കെ നടന്ന ഒരു ചെറുപ്പക്കാരൻ വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെയാണ് ആ വിഡിയോ പോസ്റ്റ് ചെയ്തത്. അന്ന് എല്ലാവരാലും ശ്രദ്ധിക്കപ്പെടുമെന്നോ വിഡിയോ വൈറലാകുമെന്നോ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനു മുമ്പ് മോദി നൽകിയ വാഗ്ദാനങ്ങൾ അധികാരത്തിലെത്തിയതിനു പിന്നാലെ മറക്കാൻ തുടങ്ങിയതിനെ ആ ചെറുപ്പക്കാരൻ നിശിതമായി വിമർശിച്ചു.

ഭരണസംവിധാനങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ട യുവത്വത്തിന്റെ പ്രതീകമായിരുന്നു അവൻ. വീഡിയോ വൈറലായി. ധ്രുവ് റാഠി എന്ന ചെറുപ്പക്കാരൻ നവമാധ്യമങ്ങളിൽ താരമായി. മോദി സർക്കാരിനെയും ബിജെപിയെയും വിമർശിച്ചു കൊണ്ട് പിന്നെയും നിരവധി വിഡിയോകൾ പ്രത്യക്ഷപ്പെട്ടു. ദിവസങ്ങൾക്കകം ധ്രുവിന്റെ ് യുട്യൂബിൽ അഞ്ചു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സായി. അതായിരുന്നു തുടക്കം.

ബിജെപി ഐടി സെല്ലിന്റെ തലവേദന

സംഘപരിവാർ, ബിജെപി ഭാഗത്തുനിന്നും വരുന്ന വ്യാജവാർത്തകളെ വിമർശിച്ചു കൊണ്ടുള്ള വിഡിയോകളാണ് ധ്രുവ് പോസ്റ്റ് ചെയ്യുന്നതിലധികവും. രാജ്യം ചർച്ച ചെയ്ത സുപ്രധാന വാർത്തകൾ പലതും വിഡിയോക്ക് വിഷയങ്ങളായി. ഉറി ആക്രമണം, സർജിക്കൽ സ്ട്രൈക്ക്, നോട്ടുനിരോധനം, യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്, ധനകാര്യബിൽ, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ ഹാക്കിങ്ങ് അങ്ങനെ പല വിഷയങ്ങളിലും ധ്രുവ് ബിജെപിയെ നിശിതമായി വിമർശിച്ചു. മോദിയുടെയും രാഹുലിന്റെയും പ്രംസഗങ്ങളിൽ ആരായിരുന്നു മികച്ചത്?, കറൻസി നിരോധനം കൊണ്ട് ആർക്കാണ് ലാഭമുണ്ടായത്?, അങ്ങനെ പല കാര്യങ്ങളിലും സധൈര്യം അഭിപ്രായ പ്രകടനം നടത്തി. അപ്പോഴേക്കും ഗോഡി മീഡിയ എന്ന നിലയിൽ കേന്ദ്രത്തിന് വഴങ്ങിയ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഇതിലൊന്നും വലിയ പ്രതികരണം നടത്തിയിരുന്നില്ല.

വിഡിയോകൾ വൈറലായെങ്കിലും ഈ യുവാവിനെതിരെ പ്രധാനപ്പെട്ട ആരോപണമുണ്ടാകുന്നത് ബിജെപി പ്രവർത്തകൻ എന്നവകാശപ്പെട്ട വികാസ് പാണ്ഡെ എന്നയാൾ 2018ൽ ഡൽഹിയിൽ കേസ് ഫയൽ ചെയ്തതോടെയാണ്. 'ഐ സപ്പോർട്ട് നരേന്ദ്ര മോദി' എന്ന പേജിലൂടെ വികാസ് പാണ്ഡെ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നു എന്നാണ് ധ്രുവ് വിഡിയോയിലൂടെ പറഞ്ഞത്. വികാസ്അ പാണ്ഡെയുടെ പരാതിക്ക് മറുവിഡിയോയും ധ്രുവ് പുറത്തിറങ്ങി. പരാതിയിൽ പറയുന്ന ആരോപണങ്ങളെ വസ്തുതകൾ സഹിതം ഖണ്ഡിച്ചു കൊണ്ടായിരുന്നു വിഡിയോ.

പിന്നീട് എംപി വിജയ് ഗോയലും പരിഹാസവുമായെത്തി. 99% വിദ്വേഷ പ്രചാരകരും കൂലിക്കാരോ അല്ലാത്തവരോ ആയ മോദി ഭക്തരാണ് എന്ന വിമർശനത്തിന് 'ദിവാസ്വപ്നം കാണുന്നത് നല്ലതല്ല കുട്ടീ' എന്നായിരുന്നു ഗോയലിന്റെ പരിഹാസം. "അഴിമതി രഹിത ഇന്ത്യയെന്ന ദിവാസ്വപ്നം വിൽക്കുന്നത് ഇനിയെങ്കിലും മതിയാക്കൂവെന്ന്മോദിയോട് പോയി പറയൂ" എന്നായിരുന്നു ധ്രുവിന്റെ മറുപടി. ഇങ്ങനെ ഉരുളക്ക് ഉപ്പേരി കൊടുത്താണ് ധ്രുവിന്റെ വളർച്ച

ബിജെപി, ഐടി സെല്ലിൽ നിന്ന് പുറത്തുവന്ന മഹാവീർ പ്രസാദുമായുള്ള ഇന്റർവ്യൂ ആണ് ധ്രുവ് റാഠിക്ക് വലിയൊരു പോപ്പുലാരിറ്റി കൊടുത്തത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഐ.ടി. സെൽ എങ്ങനെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന എന്ന് മഹാവീർ പ്രസാദ് വിശദീകരിക്കുന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷത്തിലധികം പേർ കണ്ടു. അതിനിടെ ബിജെപി. എംപി. വിജയ് ഗോയലുമായി ട്വിറ്ററിൽ നടത്തിയ വാഗ്വാദവും ധ്രുവ് റാഠിയെ ഐടി. സെല്ലിന്റെ പ്രധാന ടാർഗറ്റുകളിലൊരാളാക്കി. പലതവണ ധ്രുവിന്റെ ഫേസ്‌ബുക്ക് പേജ് പൂട്ടിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്.

കേരള സ്റ്റോറി പ്രൊപ്പഗാൻഡ

ദി കേരള സ്റ്റോറി എന്ന സിനിമയിലെ വസ്തുതാവിരുദ്ധതയും വിദ്വേഷപ്രചാരണവും പൊളിച്ചുകാട്ടി ധ്രുവ് റാഠി പ്രസിദ്ധീകരിച്ച വീഡിയോ ഹിന്ദിയിലായിരുന്നിട്ടു കൂടി കേരളത്തിലടക്കം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു.

കേരളത്തിൽ വ്യാപകമായി 'ലൗ ജിഹാദ്' നടത്തുന്നു എന്ന സംഘപരിവാർ പ്രചാരണത്തിനുള്ള മറുപടിയായിരുന്നു ഇത്. കാസർഗോഡുള്ള നഴ്സിങ് കോളേജിലേക്ക് എത്തുന്ന മൂന്ന് പെൺകുട്ടികളെ ഒരു സംഘം ബ്രയിൻവാഷ് ചെയ്യുന്നതും, പ്രണയം നടിച്ച് വലയിലാക്കി മതപരിവർത്തനം ചെയ്യുന്നതും, അഫ്ഗാനിലേക്കും അവിടുന്ന് സിറിയയിലേക്കും കടത്തുന്നതുമാണ് സിനിമയുടെ കഥ.

ചിത്രം റിലീസ് ചെയ്തതിനെ തുടർന്ന് ദേശീയ മാധ്യമങ്ങൾ വളരെ രൂക്ഷമായതും വസ്തുതാ വിരുദ്ധവുമായ പ്രചാരണങ്ങളാണ് കേരളത്തിനെതിരെ നടത്തിയത്. എ ബി പി ന്യൂസും ടൈംസ് നൗവും തുടരെ തുടരെ സ്പെഷ്യൽ സ്റ്റോറികൾ സംപ്രേഷണം ചെയ്തു. മതം മാറിയ പെൺകുട്ടികളെ 'ലൗ ജിഹാദിന്റെ' ഇരകൾ എന്ന രീതിയിൽ ഇന്റർവ്യൂ ചെയ്ത് അവതരിപ്പിച്ചു. 32,000 പെൺകുട്ടികളെ ഐ.എസിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന സിനിമയിലെ വാദം പലതവണ ഈ ചാനലുകൾ അതേ പോലെ ക്വോട്ട് ചെയ്തു.

പക്ഷേ ഈ കണക്കുകൾ പൊട്ടത്തെറ്റാണെന്ന് അദ്ദേഹം കൃത്യമായി തെളിയിച്ചു. ഈ വീഡിയോ 2 കോടിയോളംപേരാണ് കണ്ടത്. അതിന്റെ തന്നെ ചെറു ക്ലിപ്പുകളും റീലുകളും അതിലധികം പേർ കണ്ടിട്ടുണ്ടാവണം. 22 മിനിറ്റുള്ള വീഡിയോയിൽ കേരള സ്റ്റോറിയിലെ ഓരോ ആരോപണങ്ങളും ഓരോ നുണകളും പ്രത്യേകം പ്രത്യേകമായെടുത്ത് പൊളിക്കുന്നുണ്ട്. കേരളത്തിന്റെ സാമുദായിക സൗഹാർദ്ദത്തെക്കുറിച്ചും സമാധാനാന്തരീക്ഷത്തെക്കുറിച്ചും ധ്രുവ് വീഡിയോയിൽ വിശദീകരിക്കുന്നു. വിഷയത്തിൽ ഫോളോഅപ് ആയി ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോകൾക്കും ഒരു കോടിക്ക് മുകളിൽ കാഴ്ചക്കാരുണ്ട്. ധ്രുവ് ഇറക്കിയ വീഡിയോക്ക് കേരളത്തിലും വലിയ പിന്തുണ ലഭിച്ചു. 'കേരളത്തിന്റെ പൊതുചിത്രത്തെ ലോകത്തിന് മുന്നിൽ വികലമാക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ കൂടെ നിന്നതി'ന് നന്ദി പറഞ്ഞു നിരവധി മലയാളികൾ ധ്രുവിന്റെ വീഡിയോ ഷെയർ ചെയ്തു. ബിജെപിയെ തുറന്നുകാണിക്കുന്ന വീഡിയോകളാണ് കൂടുതലെങ്കിലും കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റുകളെയും വിമർശക്കുന്ന ഉള്ളടക്കങ്ങളും ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൽ കാണാം. പക്ഷേ താൻ നിഷ്പക്ഷനല്ലെന്നും, ഇക്കാലത്ത് സത്യത്തിന്റെ പക്ഷം പിടിക്കൽ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ട്രെൻഡിങ്ങായ ഡിക്റ്റേറ്റർ

2024 ഫെബ്രുവരി 22-നാണ് ധ്രുവ് റാഠി 'ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ' എന്ന ടൈറ്റിലിൽ പോസ്റ്റ് ചെയ്ത വീഡിയോ, ഇതിനകം രണ്ട് കോടിക്കുമേൽ ആളുകളാണ് കണ്ടത്. പിറ്റേന്നുമുതൽ തുടർച്ചയായ അഞ്ചു ദിവസമാണ് ധ്രുവ് റാഠി എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി.

ഇന്ത്യയിലെ വിവിധ ഭരണമേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന അസാധാരണ സംഭവങ്ങൾ ക്രോഡീകരിച്ചാണ് ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുന്നു എന്ന് ധ്രുവ് റാഠി സമർഥിക്കുന്നത്. തിരഞ്ഞെടുപ്പുകളിലെ അട്ടിമറിസാധ്യത, അസം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ബിജെപി നേതാവിന്റെ കാറിൽ നിന്ന് ഇ.വി എം കണ്ടെടുത്ത സംഭവം, 19 ലക്ഷം വോട്ടിങ് മെഷീൻ കാണാതായ സംഭവം തുടങ്ങിയ കാര്യങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്നും മോദിയുടെ സഖ്യകക്ഷിയായാണ് അവർ പ്രവർത്തിക്കുന്നതെന്നും ഉദാഹരണസഹിതം ധ്രുവ് ആരോപിക്കുന്നു.വ്ലാദ്മിർ പുടിന്റെ റഷ്യക്കും കിം ജോങ്ങ് ഉന്നിന്റെ ഉത്തര കൊറിയക്കും സമാനമായ അന്തരീക്ഷത്തിലേക്കാണ് ഇന്ത്യ പോവുന്നതെന്നും ധ്രുവ് പറയുന്നു. .

അതിനുശേഷം ദേശീയ തലത്തിലുണ്ടാകുന്ന ഓരോ സംഭവത്തെയും വീഡിയോയുടെ ആശയവുമായി ആളുകൾക്ക് കണക്ട് ചെയ്യാനാവുന്നുണ്ട്. ഉദാഹരണത്തിന് വീഡിയോയ്ക്ക് താഴെ 'അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനുശേഷം വീഡിയോ കാണുന്നവർ ആരൊക്കെയുണ്ട്?' എന്ന കമന്റിന് കിട്ടിയ ലൈക്കുകൾ പതിനായിരത്തിന് മുകളിലാണ്.

സംഘപരിവാർ കേന്ദ്രങ്ങളെ ഈ യുവ യൂട്ഊബർ എത്രത്തോളം ഉലച്ചിട്ടുണ്ട് എന്നത് തുടർന്നുള്ള ദിവസങ്ങളിൽ ധ്രുവിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽനിന്ന് വ്യക്തമാണ്. ധ്രുവിനെതിരെ നിരവധി റൈറ്റ് വിങ് വീഡിയോകൾ തുടർദിവസങ്ങളിൽ വന്നു. ട്വിറ്ററിൽ ധ്രുവിനെതിരെ ബിജെപി ഹാഷ്ടാഗ് ആരംഭിച്ച് കാമ്പയിൻ തുടങ്ങി. പക്ഷെ ട്വിറ്ററിൽ ഈ ഹാഷ് ടാഗ് ക്യാമ്പയിൻ ബിജെപിക്ക് തന്നെ ബൂമറാങ്ങായിമാറി. ട്രെൻഡിങ് ടോപിക് ആയി മാറിയതിലൂടെ വിഷയം കൂടുതൽ ചർച്ചയായി.

ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ ഇലക്്രടൽ ബോണ്ട് 'ഇന്ത്യാസ് ബിഗ്ഗസ്റ്റ് സ്‌കാം', എന്ന തലക്കെട്ടിലിറങ്ങിയ വീഡിയോയിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ട എല്ലാ കാര്യങ്ങളും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കൃത്യമായി വിവരിക്കുന്നുണ്ട്. കർഷക സമരം, ലഡാക്കിലെ സമരം തുടങ്ങിവയും കൃത്യമായി അദ്ദേഹം അവതരിപ്പിക്കുന്നു. എല്ലാത്തിനും വലിയ വ്യൂവർഷിപ്പും ലഭിക്കുന്നു.

കോടികളുടെ വരുമാനം

ഈ ഏപ്രിൽ മാസമാദ്യമിറങ്ങിയ ദി ഡിക്റ്റേറ്റർഷിപ്പ് ന്റെ രണ്ടാം ഭാഗത്തിൽ കെജ്രിവാളിന്റെ അറസ്റ്റിനെ കുറിച്ചും കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ചും പറയുന്നുണ്ട്. തിരഞ്ഞെടുപ്പിന് ചൂടേറുന്ന ഇനിയുള്ള ദിവസങ്ങളിലും നരേന്ദ്ര മോദിയെയും ബിജെപിയെയും വെല്ലുവിളിക്കുന്ന വീഡിയോ കണ്ടന്റുമായി ധ്രുവ് പ്രതിപക്ഷത്തുണ്ടാകുമെന്നുറപ്പാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്ന യൂട്ഊബർമാരിൽ ഒരാളാണ് ധ്രുവ് റാഠി. യുട്യൂബിൽനിന്നുള്ള അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 10,000ത്തിനും 20,000നും ഇടയിൽ യുഎസ് ഡോളാറാണ്. വാർഷിക വരുമാനം 1,20,000നും 2,40,000നും ഡോളറിൽ ഇടയിലാണെന്നും കണക്കാക്കപ്പെടുന്നു. അതായത് രണ്ടുകോടിരൂപവരെ യുട്യൂബിൽനിന്ന് മാത്രം, ഈ ചെറുപ്പക്കാരന് വാർഷിക വരുമാനുമുണ്ട്.യുട്യൂബ് വരുമാനത്തിന് പുറമേ, സ്‌പോൺസർഷിപ്പുകൾ, ബ്രാൻഡ് ഡീലുകൾ, സ്റ്റാർട്ടപ്പ് എന്നിവയിൽനിന്നൊക്കെ ധ്രുവ് വലിയതോതിൽ പണം സമ്പാദിക്കുന്നു. അങ്ങനെ നോക്കുമ്പോൾ മൊത്തം 5 കോടിരൂപവരെ വാർഷിക വരുമാനമുണ്ട്. 2023 ഒക്ടോബർ 27 വരെ ധ്രുവ് രതിയുടെ ആസ്തി ഏകദേശം 3.4 മില്യൺ യുഎസ് ഡോളർ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഇത് ചൂണ്ടിക്കാട്ടിയാണ്, സംഘപരിവാർ മാധ്യമങ്ങൾ ധ്രുവിനെ താറടിക്കുന്നത്. ലക്ഷങ്ങളുടെ യുട്യൂബ് വരുമാനത്തിനുവേണ്ടി അദ്ദേഹം, പ്രധാനമന്ത്രിയെയും രാജ്യത്തെയും, ഒറ്റിക്കൊടുത്തുവെന്നാണ് ആക്ഷേപം. പക്ഷേ താൻ അഴിമതിയിലൂടെയോ, ഇഡിയെ കാണിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തിയോ ഒന്നുമല്ല പണം സമ്പാദിക്കുന്നതെന്നും, തന്റെ അക്കൗണ്ടുകൾ എല്ലാം സുതാര്യമാണെന്നും ധ്രുവ് എക്സിൽ കുറിച്ചിരുന്നു.

പ്രതിപക്ഷ നേതാവാകുമോ?

ഇന്ത്യ വിട്ട് പുറത്തുപോയി പഠിക്കാൻ കഴിഞ്ഞത് ധ്രുവിന്റെ കരിയറിൽ നിർണ്ണായകമായി. ഇതോടെയാണ് അദ്ദേഹത്തിന് ഒരു അന്താരാഷ്ട്ര ലോക വീക്ഷണം ഉണ്ടാവുന്നത്. പഠനകാലത്താണ് അദ്ദേഹം തന്റെ ജീവിത സഖിയെയും കണ്ടുമുട്ടുന്നത്. കാൾസ്റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പഠിക്കുന്ന സമയത്താണ് ധ്രുവും, ജർമ്മൻകാരിയായ ജൂലി എൽബറും കണ്ടുമുട്ടുന്നത്. അവർ 2018-ൽ ഡേറ്റിങ് ആരംഭിച്ചു, 2020-ൽ വിവാഹനിശ്ചയം നടത്തി. 2021 നവംബറിൽ ഓസ്ട്രിയയിലെ വിയന്നയിലുള്ള ബെൽവെഡെരെ കൊട്ടാരത്തിൽ വച്ച, വിവാഹിതരാതി.

ജൂലിയാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും അവളെ തന്റെ ജീവിതത്തിൽ കിട്ടിയതിൽ താൻ വളരെ ഭാഗ്യവാനാണെന്നും ധ്രുവ് പറയാറുണ്ട്. വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണെന്നും എന്നാൽ ജൂലിയോടൊപ്പം തന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആരംഭിക്കാൻ താൻ ആവേശഭരിതനാണെന്നും ഒരു അഭിമുഖത്തിൽ രതി പറഞ്ഞു. ഒരുമിച്ച് ശക്തവും സന്തുഷ്ടവുമായ ജീവിതം കെട്ടിപ്പടുക്കാൻ ഇരുവരും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഭാര്യക്കൊപ്പം ബർലിനിലാണ് അദ്ദേഹം താമസം.
ജൂലി ഒരു ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമാണ്.

ദീർഘകാലമായി ജർമ്മനിയിൽ താമസമാക്കിയ ധ്രുവ് ഇപ്പോൾ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്നുള്ള ചർച്ചകളും സജീവമാണ്. 'ഡിക്റ്റേറ്റർ' വീഡിയോയുടെ രണ്ടാം ഭാഗം അദ്ദേഹം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്. തന്റെ വരവിനെക്കുറിച്ചുള്ള അറിയിപ്പ് പങ്കുവെച്ചുകൊണ്ട്, 'ഒരു ദേശസ്നേഹി തന്റെ സർക്കാരിനെതിരെ തന്റെ രാജ്യത്തെ പ്രതിരോധിക്കാൻ എപ്പോഴും തയ്യാറായിരിക്കണം' എന്ന അടിക്കുറിപ്പോടെയാണ് ധ്രുവ് വീഡിയോ പോസ്റ്റ് ചെയ്തത്. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം നിൽക്കുന്ന രതിയാണ് വീഡിയോയിലുള്ളത്. ഇതോടെയാണ് സാമൂഹിക മാധ്യമങ്ങളിലും ചർച്ച സജീവമായത്. ധ്രുവ് സജീവരാഷ്ട്രീയത്തിൽ ഇറങ്ങണമെന്നും, പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം കൊടുക്കണമെന്നുമാണ് പലരും എഴുതുന്നത്. പക്ഷേ അദ്ദേഹം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ആഴ്ച ധ്രുവിന്റെ ലൈവ് സ്ട്രീമിൽ നിന്നുള്ള ഒരു ക്ലിപ്പും വൈറൽ ആയിരുന്നു. സ്റ്റാൻഡ്-അപ്പ് കോമേഡിയൻ കുനാൽ കംറ, ചെസ്സ് താരം സാഗർ ഷാ ഹാസ്യതാരം സമയ് റെയ്‌ന എന്നിവരാണ് ഒപ്പമുണ്ടായിരുന്നതത്. ലൈവ് സ്ട്രീമിൽ നിന്നുള്ള ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രസകരമാണ്."നിങ്ങൾക്ക് ഇന്ത്യയിലേക്ക് വരാൻ കഴിയുമോ ഇല്ലയോ എന്ന് ജൂൺ 4 ന് അറിയാം"- ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതിയെ പരാമർശിച്ച് കംറ ധ്രുവിനോട് പറഞ്ഞതും വൈറലായി.

വാൽക്കഷ്ണം: ഇന്ത്യയിലെ മതാധിപത്യത്തെ നിരന്തരമായി വിർശിക്കുന്ന ധ്രുവ് റാഠി, പക്ഷേ അതിന്റെ അടിസ്ഥാന കാരണമായ മതത്തെ വിമർശിക്കാറില്ല. മതഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധതയും ജാതീയതയും ലൈംഗിക ന്യൂനപക്ഷകളോടുള്ള വെറുപ്പുമൊക്കെ പറയാതെ അദ്ദേഹം എല്ലാ മതങ്ങളും സ്നേഹവും സാഹോദര്യവും മാത്രമാണ് പറയാറുള്ളത്. മതത്തെ 'തെറ്റായി വ്യാഖ്യാനിക്കുന്നവരാണ്' പ്രശ്നക്കാർ എന്ന സ്ഥിരം മതവാദ ലൈനാണ് എടുക്കാറുള്ളത്. ഈ നിലപാട് സോഷ്യൽ മീഡിയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.