ടിക്കടി സിനിമകൾ പൊളിയുന്ന ഒരു നടന് താര പദവി നിലനിർത്താൻ കഴിയുമോ? അങ്ങനെ നോക്കുമ്പോൾ, മലയാള സിനിമയിലെയോ, ഇന്ത്യൻ സിനിമയിലെയോ അല്ല, ലോക സിനിമയിലെ തന്നെ മഹാത്ഭുതമാണ് അയാൾ. ശരിക്കും ഒരു സമാന്തര സിനിമാ ഇൻഡസ്ട്രി. അതാണ് നടനും, സംവിധായകനും, നിർമ്മതാവും, തിരക്കഥാകൃത്തുമൊക്കെയായ ധ്യാൻ ശ്രീനിവാസൻ. മലയാളത്തിന്റെ പ്രിയപ്പെട്ട ശ്രീനിവാസന്റെ മകൻ എന്ന ലേബലില്ലാതെ ഒറ്റക്ക് വളർന്ന നടൻ. അഭിനയിച്ച പടങ്ങൾ എട്ടുനിലയിൽ പൊട്ടുമ്പോഴും ധ്യാൻ താരപദവി നിലനിർത്തിപ്പോന്നത് ഇന്റർവ്യൂകളിലുടെയാണ്. പടത്തിന്റെ പ്രേമോഷനും മറ്റുമായി ധ്യാൻ കൊടുക്കുന്ന അഭിമുഖങ്ങൾ സൂപ്പർ ഹിറ്റാവും. തഗ്ഗ് മറുപടികളും, സ്വന്തം ജീവിതത്തിലെ തമാശകളും, അമ്മയെയും അച്ഛനെയും പോലും ട്രോളിക്കൊണ്ടുള്ള കഥകളുമൊക്കെയായി അയാൾ മലയാളികളുടെ ഏറ്റവും വലിയ സ്ട്രസ് റിലീഫറായി.

കാക്കത്തൊള്ളായിരം യുട്യൂബ് ചാനലുകാരുടെ കളിത്തോഴാനാണ് ധ്യാൻ. അവൻ ഒന്ന് വായതുറന്നാൽ, ഒരു മില്യൺ അടിക്കുമെന്നാണ് പൊതുവെയുള്ള പറച്ചിൽ. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള സ്റ്റോറി ടെല്ലറാണ് ധ്യാൻ. സ്‌കൂൾ കാലത്തും കോളജ് കാലത്തുമുണ്ടായ പല അനുഭവങ്ങളും പറയുന്നത് കേട്ടാൽ ചിരിച്ച് മണ്ണുകപ്പും. ഒപ്പം ചിന്തിക്കാനുള്ള ഒരുപാട് കാര്യങ്ങളും പറയും. യുട്യൂബിൽ ഒന്ന് സേർച്ച് ചെയ്താൽ മതി. ഒന്നും രണ്ടുമല്ല, ഡസൻ കണക്കിന് ഇന്റർവ്യൂകളാണ് ധ്യാനിന്റെ പേരിലുള്ളത്. ഇവയൊക്കെ വൈറൽ ആയതോടെ, സ്വന്തം വീട്ടിലെ ഒരാളെപ്പോലെയാണ് ധ്യാനിനെ ജനം കാണുന്നത്. സിനിമകൾ ഒക്കെ സാമ്പത്തികമായി പൊളിയുമ്പോൾ, അയാൾ താരശോഭയോടെ നിൽക്കുന്നതും, ഈ സമാന്തര ഇൻഡസ്ട്രിയിലുടെയാണ്.

ധ്യാനിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, ഒരു സിനിമയുടെ പ്രോമോഷനായി കൊടുക്കുന്ന അഭിമുഖം സൂപ്പർ ഹിറ്റാവും. സിനിമ പൊട്ടും. പക്ഷേ ഇപ്പോഴിതാ ആ അവസ്ഥമാറി. 'കുഞ്ഞിരാമായണം' എന്ന സിനിമ കഴിഞ്ഞ് വർഷങ്ങൾക്കുശേഷം ധ്യാനിന്റെ ഒരു പടം ഹിറ്റായിരിക്കയാണ്. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത, 'വർഷങ്ങൾക്കുശേഷം' എന്ന ചിത്രം 50 കോടി പിന്നിട്ട്, നൂറുകോടി ക്ലബിലേക്ക് കുതിക്കയാണ്.

വെറുതെ ചിരിച്ച് തള്ളാനുള്ളത് മാത്രമല്ല, ധ്യാൻ ശ്രീനിവാസന്റെ ജീവിതം. എല്ലാമുണ്ടായിരുന്ന ഒരു കുടുബത്തിൽ ജനിച്ച്, സിന്തറ്റിക്ക് ലഹരിവഴി ആകെ തകർന്ന് കുടുംബത്തിൽനിന്ന് തന്നെ പുറത്തായി, ഒടുവിൽ അതെല്ലാം ഉപേക്ഷിച്ച് ജീവിതം തിരിച്ചുപിടിച്ച ഒരു അസാധാരണമായ കഥകൂടിയാണ് അത്. ഒരു മോട്ടിവേഷൻ ക്ലാസിലും കേൾക്കാത്ത അസാധ്യമായ ജീവിതാനുഭവം.

നവ്യാനായരെ പ്രണയിച്ച ബാല്യം

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലൊക്കെ പ്രശസ്തനായ ശ്രീനിവാസന്റെയും, വിമലടീച്ചറുടെ മകനായി, 1988 ഡിസംബർ 20ന് കുത്തുപറമ്പിലാണ് ധ്യാനിന്റെ ജനനം. സഹോദരൻ വിനീത് ശ്രീനിവാസൻ, നടനും സംവിധായകനും, ഗായകനുമാണ്. നാട്ടിലും മദ്രാസിലുമായിട്ടായിരുന്നു ധ്യാനിന്റെ വിദ്യാഭ്യാസം.

ചെറുപ്പത്തിലേ തന്നെ ഒരു തെറിച്ച പയ്യനായിരുന്നു താൻ എന്ന് ധ്യാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പഠിക്കാൻ തീരെ താൽപ്പര്യം ഉണ്ടായില്ല. ക്ലാസിൽ ഉഴപ്പോട് ഉഴപ്പ്. പ്ലസ്ടുകാലത്തൊക്കെ തീരെ ക്ലാസിൽ എത്തിയിരുന്നില്ല. കൂട്ടുകാരുമായി കറക്കവും ബിയറടിയും, പുകവലിയുമായി യാതൊരു ലക്ഷ്യബോധവുമില്ലാത്ത കുട്ടിയായിരുന്നു അയാൾ. ഇതിന്റെ പേരിൽ വീട്ടിൽനിന്ന് പലതവണ വഴക്ക് കേട്ടിട്ടുണ്ട്. ഈ കഥകളൊക്കെ ധ്യാൻ പറയുന്നതുകേട്ടാൽ ചിരിച്ചുപോവും. അമ്മയുടെ അനുഗ്രഹവും, അഞ്ചൂറ് രൂപയും വാങ്ങി പരീക്ഷക്ക് പോവുന്നതും, യൂണിഫോം മാറ്റി പുതിയ ഷർട്ടിട്ട്, ബിയർ വാങ്ങി കൂട്ടുകാരന്റെ വീട്ടിൽ പോവുന്നതും, തിരിച്ച് വൈകുന്നേരം യൂണിഫോം ഇട്ട് ഒന്നും അറിയാത്തെപോലെ വീട്ടിൽ എത്തുന്നതുമെല്ലാം. അതുപോലെ എൻട്രൻസ് കിട്ടിയെന്ന് കുട്ടുകാരനെകൊണ്ട് അമ്മക്ക് മെസേജ് അയപ്പിച്ച് പണം പറ്റിച്ച കഥയൊക്കെ അയാൾ നർമ്മത്തോടെ പറയുന്നത് കേൾക്കണം.

എന്നാൽ ധ്യാനിൽ നിന്ന് തീർത്തും വിഭിന്നനായിരുന്നു ചേട്ടൻ വിനീത്. ഒരു അഭിമുഖത്തിൽ ധ്യാൻ പറയുന്നു. "ഞാൻ സിഗരറ്റ് വലി തുടങ്ങിയപ്പോൾ ചേട്ടൻ പറഞ്ഞു, നീ നമ്മുടെ അച്ഛനെ ഓർത്ത് വലിക്കരുത് എന്ന്. പക്ഷേ ഞാൻ അച്ഛൻ വലിക്കുന്നത് കണ്ടാണ് വലി തുടങ്ങിയത്. അത് ചേട്ടന് അറിയില്ല." കുട്ടിക്കാലത്തിന്റെ കുരുത്തക്കേടുകളുടെ കഥ, ധ്യാൻ ഡിജിറ്റൽ ചാനലുകൾക്കുവേണ്ടി പറഞ്ഞത് മുഴുവനും എഴുതിയാൻ ദിവസങ്ങൾ എടുക്കും. വടക്കൻ സെൽഫിയിലെ 'കൈക്കോട്ടും കണ്ടിട്ടില്ല, കൈയിൽ തഴമ്പുമില്ല' എന്ന പാർട്ടിലുടെ പരിചയപ്പെടുത്ത നിവിൻ പോളി കഥാപാത്രത്തെപോലെ തന്നെയായിരുന്നു ധ്യാനിന്റെ സ്‌കുൾ -കോളജ് കാലം. പണമുള്ള കുട്ടികളെ നോക്കി പ്രണയിക്കുന്ന ചെന്നൈയിലെ സഹപാഠികളെകുറിച്ചൊക്കെ ധ്യാൻ പറയുന്നത് കേട്ടാൽ ചിരിച്ചുപോവും.

സ്‌കുൾ കാലത്തുതന്നെ നന്നായി സംസാരിക്കുന്ന ശീലം ധ്യാനിനുണ്ട്. വർഷങ്ങൾക്ക് മുമ്പേ തന്നെ, അയാളുടെ അഭിമുഖങ്ങൾ വൈറലാവാൻ തുടങ്ങിയിരുന്നു. അതിൽ എറ്റവും പ്രധാനപ്പെട്ടതാണ് പണ്ട് ശ്രീനിവാസൻ കുടുംബസമേതം, കൈരളി ടീവിക്ക് നൽകിയ അഭിമുഖം. ഇതിൽ തങ്ങൾക്കിഷ്ടപ്പെട്ട നായികമാരെ കുറിച്ച്, ധ്യാനും വിനീതും മനസു തുറക്കുകയാണ് ഭാഗം ഇന്നും ചിരിയുയർത്താറുണ്ട്. സ്‌കുൾ വിദ്യാർത്ഥിയായ ധ്യാൻ ഇങ്ങനെ പറയുന്നു. -"
ഇഷ്ടമുള്ള നടിമാർ ശോഭനയും നവ്യ നായരും ആയിരുന്നു. ഇപ്പോൾ അങ്ങനൊന്നുമില്ല. വെള്ളിത്തിരയിൽ പൃഥ്വിരാജിനൊപ്പമുള്ള ചില പോസ്റ്ററുകൾ കണ്ടതോടെ നവ്യയോടുള്ള ഇഷ്ടം പോയി. 'വെള്ളിത്തിര' കണ്ടപ്പോൾ പൃഥ്വിരാജ് വളരെ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്". 'നിനക്ക് നവ്യയെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നോ?' എന്ന ശ്രീനിവാസന്റെ ചോദ്യത്തിന് 'ഉണ്ടായിരുന്നു, ഇപ്പോ ഇല്ല' എന്നാണ് ധ്യാൻ മറുപടി നൽകുന്നത്.

ചേട്ടനു നടി മീരാ ജാസ്മിനെ വലിയ ഇഷ്ടമായിരുന്നുവെന്നും ഏട്ടത്തിയമ്മയായി മീരാ ജാസ്മിൻ വരുന്നതിൽ നിനക്കെന്തേലും പ്രശ്നമുണ്ടോ എന്നു ചേട്ടൻ തന്നോട് ചോദിച്ചിരുന്നു എന്നും ധ്യാൻ പറയുന്നു. അനിയന്റെ സംസാരം കേട്ട വിനീത്, ഞാനത് തമാശയായി പറഞ്ഞതായിരുന്നു എന്ന് ഇടയ്ക്ക് കയറി തിരുത്തുന്നതും വീഡിയോയിൽ കാണാം.തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും അച്ഛനോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുമെല്ലാം ഇരുവരും അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. ഇതെല്ലാം നിറഞ്ഞ ചിരിയോടെ ആസ്വദിക്കുന്ന ശ്രീനിവാസനേയും ഭാര്യയേയും അഭിമുഖത്തിൽ കാണാം.

ഇവിടെ കാണേണ്ട മറ്റൊരു കാര്യവുമുണ്ട്. ഒരു സൃഹൃത്തിനെപ്പോലെയാണ് ശ്രീനിവാസൻ തന്റെ മക്കളെ കാണുന്നത്. അവർക്കിടയിൽ പരസ്പരം കളിയാക്കാനും, വിമർശിക്കാനുമുള്ള സ്പേസ് ഉണ്ട്. ഈയിടെയും മോഹൻലാലിനെ വല്ലാതെ കളിയാക്കിയതിന്റെപേരിൽ, വിനീതും ധ്യാനും ശ്രീനിവാസനെ വിമർശിച്ചിരുന്നു. പിതാവിന്റെ ദുശ്ശാഠ്യങ്ങളും, ഈഗോയുമൊക്കെ ധ്യാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.


പിതാവിന്റെ സ്ഥാനത്ത് നിന്നത് സഹോദരൻ

തന്റെ ജീവിതത്തിൽ പിതാവിന്റെ സ്ഥാനത്തുനിന്ന് എല്ലാം ചെയ്തത് സഹോദരൻ വിനീത് ശ്രീനിവാസനാണെന്ന് ധ്യാൻ എപ്പോഴും പറയാറുണ്ട്. അച്ഛനോട് വഴക്കിട്ട് വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ അഭയം നൽകിയത് ജ്യേഷ്ഠൻ വിനീതാണ്. ആദ്യത്തെ സിനിമയിൽ അവസരം നൽകിയതും വിനീത് തന്നെ. ഇപ്പോൾ 'വർഷങ്ങൾക്കുശേഷം' സിനിമയിലൂടെ വീണ്ടും ബ്രേക്ക് നൽകിയതും, വീനീത് തന്നെ.

2013-ൽ സഹോദരൻ സംവിധാനം ചെയ്ത 'തിര' എന്ന മലയാള ചിത്രത്തിലൂടെയാണ് ധ്യാൻ അഭിനയരംഗത്തേക്ക് എത്തുന്നത്. അത് വിജയമായിരുന്നു. ധ്യാൻ എന്ന നടനെ നല്ലരീതിയിൽ ലോഞ്ച് ചെയ്യാൻ വിനീതിന് പറ്റി. പക്ഷേ തിരയിൽ തന്നെ അഭിനയിപ്പിച്ചത്, ചേട്ടന്റെ ഔദാര്യമല്ലെന്നും, എന്നിലെ നടന് അദ്ദേഹത്തെ ആവശ്യമുണ്ടായിരുന്നെന്നുമായിരുന്നു പകുതി തമാശയും, പകുതി കാര്യവുമായി ധ്യാൻ ഇതേക്കുറിച്ച് പറഞ്ഞത്. ഷോർട്ട് ഫിലിം എടുക്കാമെന്ന് പറഞ്ഞ് ചേട്ടന്റെ കൈയിൽനിന്ന് കാശ് അടിച്ച് മാറ്റിയത് തൊട്ട്, ചേട്ടന്റെ ഫ്ളാറ്റിൽ സൗജന്യമായി താമസിച്ച്, ചേട്ടൻ കൊടുത്ത കാശിന് കുടിച്ച് ഒടുവിൽ ചേട്ടനോടുതന്നെ വഴക്കായ കഥയുമൊക്കെ ധ്യാൻ സരസമായി പറയും. താൻ വീട് വിട്ടുപോയിട്ടും ചേട്ടൻ സുഹൃത്തുക്കൾ വഴി തനിക്ക് കാശ് എത്തിക്കാറുണ്ടായിരുന്നെന്നും ധ്യാൻ പറഞ്ഞിട്ടുണ്ട്.

പക്ഷേ ഒരു നടൻ എന്ന നിലയിൽ ധ്യാൻ പേരെടുത്തത് രണ്ടാമത്തെ ചിത്രത്തിൽ ആയിരുന്നു. വിനീത് ശ്രീനിവാസൻ സ്‌കൂളിൽനിന്ന് വന്ന ബേസിൽ ജോസഫ് സംവിധാനം ചെയ്ത, 'കുഞ്ഞിരാമയാണത്തിലെ' ലാലു എന്ന കഥാപാത്രത്തെ വർഷങ്ങൾക്കിപ്പുറവും മലയാളികൾ ഓർക്കുന്നു. 2022ലെ ഉടൽ എന്ന സിനിമക്കുശേഷം ഒരോ വർഷവും പത്തു ചിത്രം വച്ചാണ് ധ്യാൻ ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടനും ധ്യാൻ ആണ്.

ഇതിൽ ഭൂരിഭാഗവും പരാജയപ്പെട്ടുവെങ്കിലും ഇവയിൽനിന്നാണ് താൻ ഒരുപാട് കാര്യം പഠിച്ചത് എന്നാണ് ധ്യാൻ പറയുന്നത്. -" നൻപകൽ നേരത്ത് മയക്കത്തിന്റെ ഷൂട്ടിങ്് നടക്കുമ്പോൾ, ഞങ്ങൾ ആ ലൊക്കേഷന് അടുത്തായിരുന്നു. അന്ന് മമ്മൂട്ടിയെ കണ്ടു. ഇപ്പോൾ എത്ര സിനിമയായി എന്ന് അദ്ദേഹം ചോദിച്ചു. പണ്ട് ഒരു വർഷം 30 സിനിമകളിലൊക്കെ അഭിനയിച്ച കാര്യം മമ്മൂട്ടി പറഞ്ഞു. ആ അനുഭവം നല്ലതാണെന്നും പറഞ്ഞു. "- ഒരു അഭിമുഖത്തിൽ ധ്യാൻ പറയുന്നുണ്ട്.

ഒരാളെയും വിടാതെ ട്രോൾ

മുകേഷ് ഒരു അഭിമുഖത്തിൽ, ആളെ പറയാതെ ഒരു കാര്യം പറയുന്നുണ്ട്. ശ്രീനിവാസന്റെ മകനുമൊത്ത് ഒരു പടത്തിൽ അഭിനയിച്ചതും, ശ്രീനിവാസനോടുപോലും താൻ പറഞ്ഞിട്ടില്ലാത്ത അത്ര അഡൽട്ട്സ് കോമഡിയുമൊക്കെ ഇയാൾ ഷെയർ ചെയ്തതുമായ കഥ. അതാണ് ധ്യാൻ.

2017 ഏപ്രിൽ 7 തന്റെ ദീർഘകാല പ്രണയമായ അർപ്പിത സെബാസ്റ്റ്യനെ ധ്യാൻ വിവാഹം കഴിച്ചു. അവർക്ക് ഒരു കുട്ടിയുണ്ട്. കൂട്ടുകാർക്ക് ചീത്ത പഴം കൊടുത്ത അമ്മയെ വരെ അഭിമുഖങ്ങളിൽ ട്രോളാറുള്ള ധ്യാൻ, ഭാര്യയെയും വെറുതെ വിടാറില്ല. -"ജീവിതത്തിലെ ഒരു ബാലൻസ് തന്റെ ഭാര്യ ആണെന്നും ധ്യാൻ പറയുന്നു. എന്നെ അത്രയും മനസ്സിലാക്കുന്ന, എന്നെ അത്രയും അടുത്തറിയുന്ന ഒരാൾ ഉണ്ടെങ്കിൽ അത് അർപ്പിത മാത്രമാണ്. ഞാൻ എന്ത് ചെയ്താലും എല്ലാത്തിനും ഓക്കേ പറയുന്ന ഒരാൾ ഉണ്ടാകില്ലേ അത്തരത്തിൽ എല്ലാത്തരം അലമ്പിനും നല്ലതിനും എല്ലാം കൂട്ടുനിൽക്കുന്ന ഏക വ്യക്തി അവൾ മാത്രമാണ്. എന്റെ നല്ലൊരു സുഹൃത്താണ് എന്റെ ഭാര്യ. അങ്ങനെയുള്ള ഒരാളെ ഭാര്യയായി കിട്ടുമ്പോൾ ഞാൻ ഭാഗ്യവാൻ ആണ്.

ആരാണ് നല്ല സുഹൃത്ത് എന്ന് ചോദിച്ചാൽ അതെന്റെ ഭാര്യയാണ്. ആരാണ് എന്റെ ഭാര്യ എന്ന് ചോദിച്ചാൽ അതും ഒരാൾ തന്നെയാണ്. ഒരു കംപ്ലീറ്റിലി പാക്കേജ് ആണ് എന്റെ ഭാര്യ. അങ്ങനെ ഒരാളെ ജീവിതത്തിൽ കിട്ടുമ്പോൾ നമ്മൾക്ക് ഇനി എന്താണ് വേണ്ടത്. ഒരു കൃസ്ത്യാനിക്കുട്ടിയാണ് അവൾ.സഭകളിലും ബൈബിളിലും ഒക്കെ മദ്യപാനത്തിന് എതിരാണ്. എന്നാൽ അത്യാവശ്യം നല്ല മദ്യപാനിയാണ് കുട്ടി.പണ്ടൊക്കെ യാത്രകൾ പോകുമ്പോൾ ഞാൻ രണ്ടെണ്ണം അടിച്ചു ഏതേലും മൂലക്ക് ഇരിക്കുമ്പോൾ എടുത്തുപൊക്കിയിരുന്നത് അവൾ ആണെങ്കിൽ ഇപ്പോൾ നേരെ തിരിച്ചാണ്. ഞാൻ ആണ് മതിമതി അടിച്ചതുമതി എന്നുപറഞ്ഞു പിടിച്ചുപൊക്കുന്നത്. അതൊക്കെ ജീവിതത്തിന്റെ സൈക്കിൾ എന്ന് പറയുംപോലെയാണ്. പലപ്പോഴും അവൾക്ക് ഞാൻ ഉപദേശം കൊടുക്കുന്നുണ്ട്. ഒരു കർമ്മയാണ്. എന്നെപോലെ ആകരുത് എന്നാണ് ഞാൻ അവൾക്ക് കൊടുക്കുന്ന ഉപദേശം "- ഇതുപോലെ തുറന്ന് പറയാൻ ധ്യാനിനല്ലാതെ മറ്റാർക്കുമാവില്ല.

ആദ്യകാലത്ത് ധ്യാൻ അഭിമുഖം കൊടുക്കുമ്പോൾ ഇവൻ എന്താണ് പറയുക എന്ന പേടിയായിരുന്നു തങ്ങൾക്ക് എന്ന് വിനീത് പറയാറുണ്ട്. ധ്യാനിന്റെ വാക്കുകളിൽ പകുതിയേ സത്യം ഉണ്ടാവൂ എന്നും വിനീത് പറയാറുണ്ട്. തന്റെ വിവാഹത്തിന് പിതാവ് ശ്രീനിവാസന്റെ ഒരു അനൗൺസ്മെന്റിനെ കുറിച്ച് ധ്യാൻ നടത്തിയ പരാമർശവും, സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. 'എന്റെ മകനെന്ന് ഞാൻ കരുതുന്ന ധ്യാൻ ശ്രീനിവാസനെ' എന്ന് പറഞ്ഞാണ് ശ്രീനിവാസൻ മകനെ വിവാഹ വേദിയിലേക്ക് ക്ഷണിച്ചത്. ഇത് ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് പലരും പുളുവായിട്ടാണ് എടുത്തത്. പക്ഷേ പിന്നീട് ആ കല്യാണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇറങ്ങി. അതിൽ ശ്രീനിവാസൻ ശരിക്കും അങ്ങനെ പറയുന്നുണ്ട്. താൻ അൽപ്പം ഫ്ളേവറിങ്ങ് നടത്താറുണ്ടെങ്കിലും, ഇല്ലാത്തത് പറയാറില്ല എന്നാണ് തന്റെ അഭിമുഖങ്ങളെക്കുറിച്ച് ധ്യാൻ പറയാറുള്ളത്.


സിന്തറ്റിക്ക് ഡ്രഗ് തുലച്ച ജീവിതകാലം

ഒരു അഭിമുഖത്തിൽ ധ്യാൻ ഇങ്ങനെ പറയുന്നു. "ഞാൻ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛൻ വീട്ടിൽ നിന്നിറക്കി വിടുന്നു, അദ്ദേഹത്തിന് അസുഖമുണ്ടാകുന്നു. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത്. വീട്ടിൽ നിന്നും പുറത്തായെന്ന് അറിയുന്നത് തന്നെ ബോധം വന്ന ശേഷമാണ്. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. പല സ്‌കൂളുകൾ നിന്നും മാറ്റിയിട്ടുണ്ട്, എല്ലാ സ്ഥലത്തും പ്രശ്നങ്ങൾ."

ഒരു സമയത്ത് താൻ ലഹരിക്ക് അടിമയായിരുന്നു എന്ന് വെളിപ്പെടുത്താനും ധ്യാൻ ശ്രീനിവാസന് മടിയുണ്ടായിരുന്നില്ല. '2013ന് ശേഷം ഞാൻ മദ്യപാനം കുറച്ചു തുടങ്ങി. പിന്നീട് ഓർഗാനിക് ലഹരിമരുന്നിലേക്ക് കടന്നു. 2018 ൽ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളജ് കാലഘട്ടത്തിൽ നിർത്തിയതായിരുന്നു അത്. മദ്യവും സിന്തറ്റിക് ലഹരിയും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്നങ്ങൾ വരുന്നത്. ഇതൊന്നും ഒരിക്കലും ചെയ്യാൻ പാടില്ല. നമ്മൾ എന്താണ് പറയുന്നതെന്നുപോലും അറിയാൻ പറ്റില്ല, നമ്മളെന്തോ സംഭവമാണെന്ന് അത് ഉപയോഗിക്കുമ്പോൾ വിചാരിക്കും. മലയാള സിനിമയിൽ ഓർഗാനിക്കൊന്നും ആർക്കും വേണ്ട, എല്ലാവരും സിന്തറ്റിക്കിലേക്ക് മാറി. എന്റെ ജീവിതം തുലച്ചത് ഈ സിന്തറ്റിക് ഉപയോഗമാണ്.

അതെന്റെ നശിച്ച കാലമായാണ് ഞാൻ കണക്കാക്കുന്നത്. അവസാനം ഞാൻ കരഞ്ഞതു പോലും ആ സമയത്താണ്. നമ്മുടെ ശരീരവും ഇല്ലാതാക്കിക്കളയും. 2019 തൊട്ട് 2021 വരെ ഞാനത് ഉപയോഗിച്ചു. എല്ലാ ദിവസവും ഉപയോഗിക്കുമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവർക്ക് അസുഖം വന്നു തുടങ്ങി, എല്ലാ ബന്ധങ്ങളും ഇല്ലാതായി. അന്ന് ഉണ്ടായിരുന്നവർ ഇപ്പോൾ എവിടെയുണ്ടെന്നു പോലും അറിയില്ല"-തന്റെ ജീവിതത്തിലെ മോശം കാലഘട്ടത്തെ കുറിച്ച് ധ്യാൻ തുറന്നടിക്കുന്നു. താൻ സംവിധാനം ചെയ്ത 'ലവ് ആക്ഷൻ ഡ്രാമ' എന്ന സിനിമയിലെ നായകന് തന്റെ ജീവിതവുമായി സാമ്യമുണ്ടെന്നും ധ്യാൻ പറയാറുണ്ട്. തന്റെ ജീവിതം ഒരു സിനിമയാക്കണമെന്ന് വിചാരിക്കുന്നുണ്ടെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സ്വന്തം കല്യാണത്തിനും ഫിറ്റായി

ലൗ ആക്ഷൻ ഡ്രാമയെന്ന താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കാണുമ്പോൾ ഉറങ്ങിപ്പോയി എന്ന് തുറന്നടിച്ച് പറയാൻ ധ്യാൻ ശ്രീനിവാസനേ കഴിയു. അതുപോലെ താൻ ചെയ്യുന്ന മിക്ക ചിത്രങ്ങളും ബോറാണെന്നും, താൻ പോലും അവ കാണാറില്ലെന്നും അയാൾ പറയാറുണ്ട്. അതുപോലെ തന്റെ വ്യക്തി ജീവതവും ധ്യാനിന് തുറന്ന പുസ്തകമാണ്.

ദീർഘകാലം പ്രണയത്തിനുശേഷം വിവാഹിതർ ആയവരാണ് ധ്യാനും അർപ്പിതയും. സ്വന്തം കല്യാണത്തിനുവരെ ഫിറ്റായി എത്തിയ കഥ ധ്യാൻ പറയുമ്പോൾ നാം അമ്പരന്നുപോവും. ലഹരി ഒരു മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം ദുരന്തം ഉണ്ടാക്കുമെന്നതിന്റെ ഉദാഹരണമാണ് അത്. ഒരു അഭിമുഖത്തിൽ ധ്യാൻ ഇങ്ങനെ പറയുന്നു. -"വിവാഹത്തിന്റെ തലേദിവസം രാത്രി ഒൻപതു മണി വരെ വരെ മദ്യപിച്ചു ചീട്ടു കളിക്കുകയായിരുന്നു. ഭാര്യ അർപ്പിതയും അമ്മയുമെല്ലാം വിളിക്കുന്നുണ്ട്. അടുത്ത ദിവസം കണ്ണൂരിൽ വച്ചാണ് വിവാഹം. അവിടേക്ക് പോകാൻ പോലും ഞാൻ തയാറായിരുന്നില്ല. അവസാനം അർപ്പിത വിളിച്ച് വരുന്നുണ്ടോ? എന്ന് ചോദിച്ചപ്പോഴാണ് വരാം എന്നു പറയുന്നത്.

"രാത്രി മൂന്ന് മണിക്ക് അവിടെ എത്തുന്നു, അവിടെയും മദ്യപാനം. ആറുമണിക്ക് കുളിക്കുന്നു, ഏഴ് മണിക്ക് അജു വരുന്നു, വീണ്ടും മദ്യപാനം. ഒൻപതരയ്ക്ക് കല്യാണത്തിന് പോകാൻ റെഡിയാകുമ്പോൾ മൊത്തത്തിൽ പിങ്ക് കളറ് സെറ്റപ്പ്. ഒരു കളർ സെൻസുമില്ലാത്ത ആളുകൾ എന്നൊക്കെ ഞാൻ പരാതി പറയുന്നുണ്ട്. അങ്ങനെ പന്തലിൽ എത്തി. എന്നേക്കാൾ മുമ്പ് എല്ലാവരും വന്നിരിപ്പുണ്ട്. മന്ത്രിമാരോ ആരൊക്കെയോ ഉണ്ട്. കണ്ണൂരാണല്ലോ കല്യാണം. ഇത്രയും യൂസ്ലെസ് ആയ എന്റെ കല്യാണത്തിന് ഇവരൊക്കെ എന്തിന് വന്നു എന്നാണ് എന്റെ ചിന്ത. ശ്രീനിവാസന്റെ മകനാണെന്ന കാര്യം ഇടയ്ക്ക് മറന്നുപോകും.

സദ്യയിൽ നോൺ വെജ് ഇല്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കി.ആരുടെയൊക്കെയോ നിർബന്ധത്തിനാണ് ഭക്ഷണം കഴിക്കുന്നത്. എനിക്ക് പോകാൻ പൂവ് ഒട്ടിച്ച കാർ. ഞാൻ വരുമ്പോൾ ഈ പൂവ് ഇല്ലായിരുന്നുവെന്ന് അമ്മയോട് പറഞ്ഞു. അതാണ് അതിന്റെ രീതിയെന്ന് അമ്മ പറഞ്ഞു. പൂവ് പറിച്ചു കളയാൻ ഞാൻ നിർബന്ധം പിടിച്ചു. അങ്ങനെ ആ കാറിൽ എറണാകുളത്തെത്തി. അന്ന് രാത്രിയും ചീട്ടുകളി. അതായിരുന്നു എന്റെ കല്യാണം."- ധ്യാൻ പറയുന്നു. ഈ കഥയൊക്കെ അങ്ങേയറ്റം നർമ്മം കലർത്തിയാണ് ധ്യാൻ പറയുക.

"ലഹരി ജീവിതം നശിപ്പിക്കുമെന്ന് ചെറുപ്പക്കാർ മനസിലാക്കണം. എന്നാൽ മകൾ ജനിച്ചതോടെ ജീവിതം മാറി. ഇപ്പോൾ സിനിമയാണ് എന്റെ റീഹാബ്. സിനിമ ചെയ്യാതെ ഒരു ദിവസം പോലും ഇരിക്കുന്നില്ല. ചിലപ്പോൾ ഒരു വർഷം കഴിയുമ്പോൾ ഇപ്പോൾ ചെയ്യുന്ന പോലുള്ള സിനിമകൾ നിർത്തി നല്ല സിനിമകൾ ചെയ്യുമായിരിക്കും"- ധ്യാൻ പറയുന്നു.

ഇപ്പോൾ ധ്യാൻ ശ്രീനിവാസന്റെ ജീവിതം അദ്ദേഹം ആഗ്രഹിക്കുന്ന ഒരു ട്രാൻസിഷൻ സ്റ്റേജിലേക്ക് കടക്കുകയാണെന്ന് തോനുന്നു. 'വർഷങ്ങൾക്ക്ശേഷം' വലിയ ഹിറ്റായി പ്രദശർനം തുടരുന്നു. 'ജനഗണമന' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ലിസ്റ്റിൻ- ഡിജോ കൂട്ടുകെട്ടിൽ ഒരുക്കുന്ന് മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിൽ നിവിൻ പോളി- ധ്യാൻ കോമ്പോ വീണ്ടും വരുന്നുണ്ട്. ഒപ്പം നല്ല ഒരുപാട് ചിത്രങ്ങളും ഈ യുവ താരത്തെ കാത്തിരിക്കുന്നുണ്ട്.

വാൽക്കഷ്ണം: ഇപ്പോൾ മാതൃഭൂമിയുടെ 'ക' ഫെസ്റ്റിവൽപോലുള്ള വിഖ്യാത സാഹിത്യ പരിപരിപാടികളിലെ ക്ഷണിക്കപ്പെട്ട അതിഥിയാണ് ധ്യാൻ. അവിടെയും നന്നായി സംസാരിച്ച അദ്ദേഹം, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പേര് പറയാതെ തന്നെ എഴുത്തുകാരുടെ ധാർഷ്ട്യത്തെക്കുറിച്ച് സരളമായി പറഞ്ഞു. ശ്രീനിവാസന്റെ മകൻ ശ്രീനിവാസനെ വിമർശിക്കുകയോ എന്ന ചോദ്യത്തിന് ഇതുപോലെ പക്ഷേ ശ്രീനിവാസൻ എന്നോട് ചോദിക്കില്ല എന്ന തഗ്ഗ് മറുപടി പറഞ്ഞ് അവിടെയും ധ്യാൻ താരമായി.