''അയാളുടെ പേര് മുഹമ്മദ് ഷമിയെന്നാണ്''- ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിൽ ന്യുസിലാൻഡിനെതിരെ തകപ്പർ വിജയം ഇന്ത്യ നേടിയപ്പോൾ, കേരളത്തിൽ ഉടനീളം കേട്ട ഇരവാദ പോസ്റ്റുകളുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. മുഹമ്മദ് ഷമി മുസ്ലിം ആയതുകൊണ്ട് അയാൾ ഏറെ സൂക്ഷിക്കണമെന്നും, എത്രമാത്രം നന്നായി പെർഫോം ചെയ്താലും അയാളുടെ ഐഡിന്റിറ്റി തിരിച്ചടിയാവുമെന്നതുമാണ് ഈ പോസ്റ്റുകളുടെ ഉള്ളടക്കം.

പക്ഷേ ഇത്തരം ഇരവാദങ്ങളെയെല്ലാം ഒറ്റയടിക്ക് അപ്രസ്‌കതമാക്കുകയാണ് പുതിയ വാർത്തകൾ. മുഹമ്മദ് ഷമി ബിജെപിയിൽ ചേരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഷമിയെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപി ശ്രമം. ഇതുസംബന്ധിച്ച് ബിജെപി ദേശീയ നേതാക്കൾ ചർച്ച നടത്തിയതാതി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരോടൊപ്പമുള്ള ഷമിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജന്മനാടായ യുപിയിലെ അംറോഹയിൽനിന്ന് ഷമിയെ മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി നേതാവ് അനിൽ ബലൂനിയുടെ ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച ഈഗസ്സ് ആഘോഷത്തിൽ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡിലെ പുരാതനമായ ഒരു പരമ്പരാഗത ഉത്സവമാണ് ഈഗസ്സ്. 

ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ടീമിനെ ആശ്വസിപ്പിക്കാൻ ഡ്രസിങ് റൂം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഷമിയെ ആലിംഗനം ചെയ്തിരുന്നു. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിയിരുന്നു. അതേസമയം അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ വേഗത്തിലാക്കി. ലോകകപ്പിലെ ഷമിയുടെ മികച്ച പ്രകടനത്തോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമമായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ യുപി സർക്കാർ തീരുമാനിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പവർഹൗസാണ് ഇന്ന് ഷമി. എത്ര വലിയ തിരിച്ചടികളുണ്ടായാലും കൂടുതൽ കരുത്തോടെ കുതിക്കുന്ന പ്രതിഭാസം. കരിയർ അവസാനിപ്പിച്ചേക്കാവുന്ന പ്രതിസന്ധികളാണ് ഷമിയുടെ കുതിപ്പിന് എക്കാലവും ഊർജമായത്. ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ രംഗത്തെത്തിയതും തുടർന്ന് ബിസിസിഐ കരാർ മരവിപ്പിച്ചതും നാലു വർഷം മുൻപാണ്. വാഹനാപകടം, തുടർ പരുക്കുകൾ, ശസ്ത്രക്രിയ, കോവിഡ് എന്നിങ്ങനെ അതിനുശേഷവും തിരിച്ചടികൾ ഒന്നൊന്നായി ഷമിയെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷേ അയാൾ എല്ലാം അതിജീവിച്ചു.

വെറും 14 ഇന്നിങ്‌സുകളിൽ നിന്ന്, 48 വർഷത്തെ ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കരാനായാണ് ഷമി ചരിത്രം കുറിച്ചു കഴിഞ്ഞു. 23 ഇന്നിങ്‌സുകളിൽ നിന്ന് 44 വിക്കറ്റെടുത്ത സഹീർ ഖാനെയും 33 ഇന്നിങ്‌സിൽ നിന്ന് 44 വിക്കറ്റെടുത്ത ജവഗൽ ശ്രീനാഥിനെയുമാണ് ഷമി പിന്നിലാക്കിയത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ തവണ നാലോ അതിൽ കൂടുതലോ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡും ഷമി സ്വന്തമാക്കി കഴിഞ്ഞു. ഈ വർഷം നാലാം തവണയാണ് ഷമി നാലോ അതിൽ കൂടുതലോ വിക്കറ്റ് നേടുന്നത്. അതിൽ മൂന്ന് തവണയും അഞ്ച് വിക്കറ്റ് നേട്ടമുണ്ട്. ലോകകപ്പിൽ കളിച്ച 15 ഇന്നിങ്‌സിൽ ഏഴ് തവണയും നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അപർവ റിക്കോർഡും ഷമിക്ക് സ്വന്തം.

ഇങ്ങനെ കത്തിനിൽക്കുന്ന സമയത്താണ് ഷമി രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന വാർത്തകൾ വരുന്നന്നത്. ഷമിയെ ഒപ്പം നിർത്തി ബിജെപി തന്ത്രപരമായ പദ്ധതികൾ മെനയുന്നു എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ മുസ്ലിം ചെറുപ്പക്കാരെ പാർട്ടിയിലേക്ക് ആകർഷിക്കുക, ഉത്തർ പ്രദേശിനെ ബ്രാൻഡ് ചെയ്യുക തുടങ്ങിയ വിവിധി ഉദ്ദേശങ്ങൾ അവർക്ക് മുന്നിലുണ്ട്. ഷമിയാവട്ടെ തന്റെ ജന്മനാടും, നാട്ടുകാരുമാണ് തന്നെ വളർത്തി വലുതാക്കിയതെന്നും, അതിനാൽ തന്നെ താൻ ആരോടും, അയിത്തം കാട്ടാറില്ല എന്നും പറയുന്നുണ്ട്. തൻൈറ നാടിന്റെ വികസനത്തിനുവേണ്ടി സഹകരിക്കാൻ കഴിയുന്നവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറയുന്നു.

യു പിയിലെ കുഗ്രാമത്തിലെ ദരിദ്ര ബാല്യം

ഉത്തർപ്രദേശിലെ ഒരു വിദൂര കുഗ്രാമമായ അംറോഹയിലെ സഹസ്പൂർ ഗ്രാമത്തിൽ, അഞ്ചുമക്കളുള്ള ഒരു ദരിദ്ര കർഷക കൂടുംബത്തിലാണ് ഷമി ജനിച്ചത്. ഇന്ന് ആ ഗ്രാമത്തിൽ സകല സൗഭാഗ്യങ്ങളും വന്നുചേർന്നത് ഷമിയുടെ പേരിലാണ്. പിതാവ് തൗസീഫ് അലി ചെറുപ്പത്തിൽ ക്രിക്കറ്റ് കമ്പക്കാരനായിരുന്നു. ഒരു ഫാസ്റ്റ് ബൗളർ ആയിരുന്നു അദ്ദേഹം. ഷമിയുടെയും ബൗളിങ്് അഭിനിവേശം ആദ്യം തിരിച്ചറിഞ്ഞത്, പിതാവ് തന്നെയാണ്.

ഷമിക്ക് 15 വയസ്സുള്ളപ്പോൾ, വീട്ടിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള മൊറാദാബാദിലെ ക്രിക്കറ്റ് പരിശീലകനായ ബദ്‌റുദ്ദീൻ സിദ്ദിഖിന്റെ അടുത്തേക്ക് കൊണ്ടുപോയി പിതാവ് പരിശീലിപ്പിച്ചു. സത്യത്തിൽ ഇതാണ് അവന്റെ ജീവിതത്തിൽ വഴിത്തിരിവായത്. മുഹമ്മദ് ഷമിയെക്കുറിച്ച് കോച്ച് ബദറുദ്ദീൻ സിദ്ദിഖ് പിന്നീട് ഇങ്ങനെ എഴുതി -''വെറും 15 വയസ്സുള്ള ആ പയ്യൻ പന്തെറിയുന്നത് ആദ്യമായി കണ്ടപ്പോൾ തന്നെ, അവൻ സാധാരണക്കാരനല്ലെന്ന് എനിക്ക് മനസ്സിലായി. അവനെ സൗജന്യമായി പരിശീലിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഒരു വർഷത്തോളം ഞാൻ അവനെ യുപി ട്രയൽസിന് തയ്യാറെടുപ്പിച്ചു. അവൻ വളരെ സഹകരിക്കുന്നവനും കഠിനാധ്വാനിയും ആയിരുന്നു. പരിശീലനത്തിൽ നിന്ന് ഒരു ദിവസംപോലും അവധിയെടുത്തില്ല. അണ്ടർ 19 ട്രയൽസിൽ അവൻ നന്നായി പന്തെറിഞ്ഞു. പക്ഷേ അന്നത്തെ ചില താൽപ്പര്യങ്ങൾ കാരണം, അവസരം നഷ്ടമായി. പക്ഷേ അടുത്ത വർഷം അവനെ കൊണ്ടുവരാൻ അവർ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ ഷമിക്ക് ഒരു വർഷം നഷ്ടമാകാൻ ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ അവനെ കൊൽക്കത്തയിലേക്ക് അയയ്ക്കാൻ ഞാൻ അവന്റെ മാതാപിതാക്കളെ ഉപദേശിച്ചു. ''- ബദറുദ്ദീൻ പറയുന്നു.

മൊറാദാബാദിലെ പരിശീലനക്കാലത്താണ്, പന്ത് റിവേഴ്സ് സ്വിങ് ചെയ്യാനുള്ള കഴിവ് ഷമി ഉണ്ടാക്കിയെടുത്തത്. അത് പിന്നീട് കരിയറിൽ വല്ലാതെ ഗുണം ചെയ്തു. കൊൽക്കത്തയിൽ എത്തിയ ഷമി ഡൽഹൗസി അത്‌ലറ്റിക് ക്ലബ്ബിനായി കളിച്ചു. അന്നത്തെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറിയായ ദേബബ്രത ദാസിനോട് ഷമിയെ ശിപാർശ ചെയ്തതും, ബദറുദ്ദീനാണ്.

ഷമിയുടെ ബൗളിംഗിൽ തൃപ്തനായ ദേബബ്രത ദാസ്, സ്വന്തം ക്ലബ്ബായ ടൗൺ ക്ലബ്ബിൽ അവനെ ചേർത്തു. കൊൽക്കത്തയിൽ താമസിക്കാൻ ഇടമില്ലാതിരുന്ന ഷമിയെ ദാസ് തന്നോടൊപ്പം താമസിക്കാൻ കൊണ്ടുപോയി. ടൗൺ ക്ലബ്ബിനായി നന്നായി പന്തെറിഞ്ഞതിന് ശേഷം, ദാസ് ബംഗാൾ സെലക്ടർമാരിൽ ഒരാളായ ശംബരൻ ബാനർജിയോട് ഷമി ബൗൾ ചെയ്യുന്നത് കാണാൻ ആവശ്യപ്പെട്ടു. ബാനർജി ഷമിയെ ബംഗാൾ അണ്ടർ 22 ടീമിലേക്ക് തിരഞ്ഞെടുത്തു.
തീ പാറുന്ന ആ യുവ ബൗളർ വളരെ പെട്ടന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.

ഷമി പിന്നീട് ബംഗാളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ മോഹൻ ബഗാൻ ക്രിക്കറ്റ് ക്ലബ്ബിൽ ചേർന്നു. ഈഡൻ ഗാർഡൻസ് നെറ്റ്സിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് പന്തെറിഞ്ഞു. ഗാംഗുലി അദ്ദേഹത്തെ സംസ്ഥാന സെലക്ടർമാർക്ക് ശുപാർശ ചെയ്തു, താമസിയാതെ, 2010-11 രഞ്ജി ട്രോഫിക്കുള്ള ബംഗാൾ ടീമിൽ ഷമിയെ ഉൾപ്പെടുത്തി. പിന്നെ അവൻ തിരിഞ്ഞുനോക്കിയിട്ടില്ല. 2110ൽ രഞ്ജി കളിക്കാൻ തുടങ്ങിയ ഷമി 2013ൽ ഇന്ത്യൻ ടീമിനുവേണ്ടി ടെസ്റ്റ് കളിച്ചു.

ഷമിയുടെ ഈ ജീവിത യാത്ര നോക്കിയാൽ അറിയാം, ജാതി മതഭേദമന്യേ അയാളിലെ പ്രതിഭയെ കണ്ടെത്താൻ എല്ലാവരും സഹായിച്ചിട്ടുണ്ട്. കേരളത്തിലെ കുത്തിത്തിരുപ്പുകാർ പറയുന്നതുപോലെ, മുസ്ലിം ആയതുകൊണ്ട് മാത്രം അയാൾ നിരന്തരം തഴയപ്പെട്ടിട്ടില്ല.

തിരിച്ചടികളും ഒട്ടേറെ

വിജയം മാത്രമല്ല, തിരിച്ചടികളും ഒട്ടേറെ കിട്ടിയിട്ടുള്ള ക്രിക്കറ്ററാണ് ഷമി.
ഒന്നല്ല മൂന്ന് പ്രാവശ്യം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച സമയം തനിക്കുണ്ടായിട്ടുണ്ടെന്ന് ഷമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2015 ലോകകപ്പിന് ശേഷം ഷമി പരിക്കിൽ നിന്ന് മടങ്ങുന്ന സമയത്ത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ നേരിട്ടിരുന്നു. ആ സമയം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

2020 ലെ കൊറോണ കാലഘട്ടത്തിൽ, രോഹിത് ശർമ്മയ്‌ക്കൊപ്പമുള്ള ഒരു ഇൻസ്റ്റാഗ്രാം ലൈവിൽ, താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ഷമി വെളിപ്പെടുത്തിയിരുന്നു. 2015 ലോകകപ്പിൽ തനിക്കു പരിക്കേറ്റു. അതിനുശേഷം ടീമിലേക്ക് മടങ്ങിവരാൻ 18 മാസമെടുത്തു. അക്കാലം എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു. തിരിച്ചു വരാനുള്ള ശ്രമങ്ങളെ കുടുംബപ്രശ്നങ്ങളും ബാധിച്ചു. അതെല്ലാം ഷമി മറികടന്നുവെന്നതാണ് വസ്തുത.

2018-ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് കായികരംഗം വിടാൻ ആഗ്രഹിച്ചിരുന്ന താരമാണ് ഷമി. പരുക്കുകളോടും വ്യക്തിജീവിതത്തോടും പൊരുതുന്ന ഷമി തന്റെ കരിയറിലെ ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് അന്ന് കടന്നു പോയത്. അന്ന് ബൗളിങ് കോച്ചായിരുന്ന അരുണാണ് ഇത് വെളിപ്പെടുത്തിയത്. രവി ശാസ്ത്രിയുടെ ഇടപെടലാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. ശാസ്ത്രി പറഞ്ഞത് ഷമി കേട്ടു. അനുസരിക്കുകയും ചെയ്തു. അതിന്റെ പ്രതിഫലമാണ് ഈ ലോകകപ്പിൽ ഷമി നേടിയ ഓരോ വിക്കറ്റും.

അരുൺ ഇങ്ങനെ പറയുന്നു. -''2018ലെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ്, ഞങ്ങൾ ഫിറ്റ്നസ് ടെസ്റ്റ് നടത്തി, ഷമി അതിൽ പരാജയപ്പെട്ടു. അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപ്പെട്ടു. അവൻ എന്നെ വിളിച്ച് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. അതിനാൽ ഞാൻ അവനെ എന്റെ മുറിയിലേക്ക് ക്ഷണിച്ചു. വ്യക്തിപരമായ പ്രശ്‌നങ്ങളിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ശാരീരികക്ഷമതയെ ബാധിച്ചു, മാനസികമായി അവൻ പോയി. അവൻ എന്റെ അടുത്ത് വന്ന് -' എനിക്ക് ക്രിക്കറ്റ് വിടണം' എന്ന് പറഞ്ഞു, ഞാൻ ഉടൻ തന്നെ രവി ശാസ്ത്രിയെ കാണാൻ ഷമിയെ കൊണ്ടുപോയി,' . അന്ന് രവി ശാസ്ത്രിയായിരുന്നു ഇന്ത്യൻ പരിശീലകൻ.

'ഞങ്ങൾ രണ്ടുപേരും രവി ശാസ്ത്രിയുടെ മുറിയിലേക്ക് കയറി, ശാസ്ത്രി ഷമിലെ വിരമിക്കാന അനുവദിച്ചില്ല. തുടർന്ന് ഷമിയെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കാൻ തീരുമാനിച്ചു, ഇത് അദ്ദേഹത്തിന്റെ ഫിറ്റ്നസ് മെച്ചപ്പെടുത്തി. അങ്ങനെ ഷമി വീണ്ടും പന്തെറിഞ്ഞു. ഇന്ത്യൻ ടീമിന്റെ പേസ് കരുത്തായി മാറി.

ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

സംഘപരിവാറിൽനിന്നും ഇസ്ലാമിസ്റ്റുകളിൽനിന്നും ഒരു പോലെ സൈബർ ആക്രമണം നേരിട്ട ക്രിക്കറ്റാറാണ് ഷമി. ലോകകപ്പിന്റെ ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ പോരാട്ടം. രണ്ടു വിക്കറ്റുകൾ നേടി തലയുയർത്തി നിൽക്കുകയായിരുന്നു ഷമി. അപ്പോഴാണ് കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസണിന്റെ ക്യാച്ച് ഷമിയുടെ കൈയിൽ നിന്ന് ചോർന്നുപോകുന്നത്. എല്ലാം 2021 ലെ ട്വന്റി ട്വന്റി മത്സരത്തിന്റെ തുടർച്ച പോലെ. അന്ന് പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടപ്പോൾ കുരിശിലേറ്റപ്പെട്ടത് ഷമി മാത്രമാണ്. അയാൾ പാക്കിസ്ഥാനോട് കൂറ് കാണിക്കാൻ തോൽവി വരിച്ച വഞ്ചകനായി. ഷമിയോട് പാക്കിസ്ഥാനിലേക്ക് പൊയ്‌ക്കോളാൻ ട്വീറ്റുകളും പോസ്റ്റുകളും ആക്രോശിച്ചു.

മുഹമ്മദ് ഷമിയെന്ന ഇന്ത്യൻ ബൗളറെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചത് ഇസ്ലാമിസ്റ്റുകൾ തന്നെയാണെന്ന് അക്കാലെത്തെ പ്രമുഖ പത്രങ്ങളിൽ വന്ന വാർത്തകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. തട്ടം ഇടാത്ത ഭാര്യയുടെ ചിത്രം ഇട്ടതിനു ഷമി അതിഭീകരമായി സൈബർ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. ശ്രീരാമന്റെ പടം ഇട്ടപ്പോഴും, ദസറ- ദീപാവലി ആശംസ നേർന്നപ്പോഴും ഇതായിരുന്നു അവസ്ഥ. മൂന്നാഫിക്കെന്നു പറഞ്ഞു ഒറ്റപ്പെടുത്തുകയും, മുസ്ലിം അല്ല എന്നും കാഫിർ ആണെന്ന് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. പക്ഷേ അപ്പോൾ ഒന്നും ഉണ്ടാവാത്ത ഇരവാദമാണ്, ഇപ്പോൾ ഷമിയുടെ മികവിൽ ഇന്ത്യ ഫൈനലിൽ കയറിയപ്പോൾ ഉണ്ടായത്.

2021-ൽ ഇന്ത്യൻ ടീം പാക്കിസ്ഥാനോട് പരാജയപ്പെട്ട ഉടൻ ഷമിക്ക് എതിരെ വന്ന പോസ്റ്റുകൾ ഭൂരിഭാഗവും യഥാർത്ഥത്തിൽ പ്രോ-പാക്കിസ്ഥാൻ ഐഡികളിൽ നിന്ന് വന്നതാണെന്ന് നേരത്തെ വാർത്ത വന്നിരുന്നു. അന്ന് ഒരേ പാറ്റേണിൽ നൂറുകണക്കിന് സന്ദേശങ്ങൾ ഞൊടിയിടയിൽ ഇക്കൂട്ടർ അയച്ചു കൊണ്ടിരിന്നപ്പോൾ തന്നെ ഇത് കൃത്യമായ ഒരു ആസൂത്രിത ഗൂഢാലോചന തന്നെയെന്ന് പൊലീസ് സംശയിച്ചിരുന്നു. അന്വേഷണത്തിൽ പാക്കിസ്ഥാനും- ഗൾഫും കേന്ദ്രീകരിച്ച ഗൂഢാലോചനയാണ് ഇതെന്ന് തെളിഞ്ഞിരുന്നു. ഇക്കാര്യം ന്യൂസ്18 അടക്കമുള്ള ദേശീയ മാധ്യമങ്ങളിൽ വാർത്തയും ആയിരുന്നു.

രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച ഷമിയുടെ മൂൻ ഭാര്യക്ക് ഹസിൻ ജഹാന് ബലാത്സംഗ ഭീഷണിയും വധഭീഷണിയുംഉണ്ടായിരുന്നു. ഷമിക്കും കിട്ടി ഇതിന്റെ ഭാഗമായി പൊങ്കാല. അന്ന് സംഘിയാക്കിയവർ തന്നെയാണ് ഇന്ന് ഷമിക്കായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ന്യൂസിലാൻഡിനോടുള്ള മത്സരശേഷം, ഹസിൻ ജഹാൻ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഇത്തവണ വീഡിയോ പങ്കുവെച്ചപ്പോൾ പരിശുദ്ധമായ പ്രണയം എന്നാണ് ഹസിൻ കുറിച്ചിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ഹസിൻ ജഹാനും, ഷമിയും ഒന്നിക്കുകയാണോ ചോദിച്ചത്. ഇരുവരുടെയും കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ല.

ഹസിൻ ജഹാൻ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറാണ്. ഇൻസ്റ്റഗ്രാമിൽ ഇവർ സജീവമാണ്. പഴയ പാട്ടുകൾക്ക് ലിപ് സിങ്ക് ചെയ്ത് അഭിനയിക്കുന്ന വീഡിയോയാണ് അധികവും വരാറുള്ളത്. ഷമിയുടെ ഭാര്യയായിരിക്കേ ഇവരുടെ വീഡിയോക്കും ഷമിയുടെ പോസ്റ്റുകൾക്കും താഴെ തട്ടമെവിടെ മോഡൽ കമന്റുകൾ ആയിരുന്നു.

വില്ലനായത് ദാമ്പത്യ പ്രശ്നങ്ങൾ

2011ലാണ് മോഡലായ ഹസീൻ ജഹാനും ഷമിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സമയത്തുകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയർഗേളായിരുന്നു ഹസീൻ. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2014ൽ വിവാഹിതരാകുകയും ചെയ്തു. എന്നാൽ, 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള പരാതികളുമായി ഹസീൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. 2018 മാർച്ച് ഏഴിന് വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിൻ ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണ് ഈ ബന്ധം വഷളായത്. ഷമിക്ക് ലൈംഗികത്തൊഴിലാളികളുമായി ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഹസിൻ ആരോപിക്കുന്നു. ഇന്ത്യൻ ടീമിനൊപ്പമുള്ള പര്യടനങ്ങൾക്കിടെ ബിസിസിഐ അനുവദിച്ച ഹോട്ടൽ മുറികളിൽ വച്ചാണ് ഇതൊക്കെ നടന്നതെന്നും ഹസിൻ പറയുന്നു.

അതിക്രമം, വാതുവയ്‌പ്പ് ഉൾപ്പെടെയുള്ള ആരോപണങ്ങളും ഇവർ ഷമിക്കെതിരെ ഉയർത്തി. തുടർന്ന് 2018 മാർച്ച് എട്ടിനാണ് ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ ഹസീൻ ജഹാൻ ഷമിക്കെതിരെ പരാതി നൽകി. സ്ത്രീധനം ചോദിച്ച് പീഡനം, സ്ത്രീക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുത്തിരുന്നു. സൗത്ത് 24 പർഗാനാസിലെ ആലിപോർ അഡിഷനൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് സെഷൻസ് കോടതിയെ സമീപിച്ച് താരം വാറന്റിന് സ്റ്റേ വാങ്ങുകയായിരുന്നു. ഹസിൻ ജഹാന്റെ ആരോപണത്തെ തുടർന്ന് ബിസിസിഐ അദ്ദേഹത്തിന്റെ കരാർ പുതുക്കിയിരുന്നില്ല.

നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന് ഹസിൻ ആരോപിച്ചിരുന്നു. അവരുമായുള്ള സംഭാഷണങ്ങളും, ടെലിഫോൺ റെക്കോർഡിംഗുകളും തെളിവായി ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ ഹസിൻ സമർപ്പിച്ചിരുന്നു.

ഉത്തർപ്രദേശിലെ സ്വന്തം നാട്ടിലേക്ക് പോകുമ്പോഴെല്ലാം ഷമിയും കുടുംബാംഗങ്ങളും തന്നെ പീഡിപ്പിക്കാറുണ്ടെന്ന് ഹസിൻ ജഹാൻ പരാതിയിൽ പറയുന്നു. ''ഷമിയുടെ കുടുംബം എന്നോട് എങ്ങനെ പെരുമാറിയെന്ന് നിങ്ങൾക്ക് അയൽക്കാരോട് ചോദിക്കാം. രണ്ട് വർഷമായി അയാൾ വിവാഹമോചനം ആവശ്യപ്പെടുന്നതിനാൽ ഞാൻ മിണ്ടാതിരുന്നു. അയാൾ എന്നെ ക്രൂരമായി പീഡിപ്പിച്ചു, എന്നെ ഉപേക്ഷിക്കാൻ അയാൾ എല്ലാ ശ്രമങ്ങളും നടത്തി,'' ജഹാൻ പറഞ്ഞു. ഹസിൻ ജഹാന്റെ പരാതിയിൽ ഷമിയെയും സഹോദരനെയും പൊലീസ് ചോദ്യം ചെയ്യുകയും അറസ്റ്റ് വാറന്റ് പുറപ്പെടവിക്കുകയും ചെയ്തിരുന്നു. എന്നാൽ അറസ്റ്റ് വാറന്റിനെതിരെ മേൽക്കോടതിയെ സമീപിച്ച ഇരുവരും സ്റ്റേ വാങ്ങി.

എന്നാൽ ഷമി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. തന്റെ ഭാര്യ ദുഷ്ടശക്തിയായി മാറിയിരിക്കുകയാണെന്നും ഷമി ആരോപിച്ചിരുന്നു. രാജ്യത്തിന് വേണ്ടി മരിക്കാൻ തയ്യാറാണ്.എന്നാൽ ഒരിക്കലും വഞ്ചിക്കില്ലെന്നും വാതുവെപ്പ് ആരോപണങ്ങൾക്ക് മറുപടിയായി ഷമി പറഞ്ഞിരുന്നു. അതിനിടെ ഹസിൻ ജഹാന് പ്രതിമാസം 50,000 രൂപ, ഷമി ജീവനാംശം നൽകണമെന്ന് കൊൽക്കത്ത കോടതി ഉത്തരവിട്ടു.എന്നാൽ കോടതി വിധിയിൽ തൃപ്തിയില്ലെന്ന് ഹസിൻ ജഹാൻ പ്രതികരിച്ചു. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് അവർ കോടതിയെ സമീപിച്ചത്. കോടതി വിധിക്കെതിരെ ഹസിൻ ജഹാൻ മേൽക്കോടതിയിൽ അപ്പീൽ നൽകയിട്ടുണ്ട്.

ഇരുവരും വീണ്ടും ഒന്നിക്കുമോ?

എന്നാൽ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ഫൈനലിൽ കാലിടറിയെങ്കിലും ഷമി ഹീറോ ആയി. അതോടെ ഹസിൻ ജഹാന്റെയും നിലപാട് മയപ്പെട്ടു. ശുദ്ധമായ സ്‌നേഹം എന്ന കുറിപ്പോടെയാണ് ഫൈനലിന് തലേറ്റ് ഹസിന്റെ വിഡിയോ പുറത്തിറങ്ങിയത്.. അതിന് ദിവസങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാൽ ഷമിക്ക് ആശംസകൾ ഇല്ലെന്നും ഹസിൻ ജഹാൻ പറഞ്ഞത് വിവാദമായിരുന്നു.

ഹസിൻ ജഹാൻ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. ഇൻസ്റ്റഗ്രാമിൽ ഇവർ സജീവമാണ്. 'ലോകം എന്നെ അറിയുന്നത് നിന്റെ പേരിൽ മാത്രം. നിന്റെ മുഖം കണ്ടാലേ ആളുകൾ എന്നെ തിരിച്ചറിയൂ. ''-എന്ന ഗാനവും വീഡിയോയിലുണ്ട്. വിഡിയോ വൈറൽ ആയതിന് പിന്നാലെ പലരും കമന്റുകളുമായി രംഗത്തെത്തി.

ഇത്തവണ വീഡിയോ പങ്കുവെച്ചപ്പോൾ പ്യുവർ ലവ് (പരിശുദ്ധമായ പ്രണയം) എന്നാണ് ഹസിൻ കുറിച്ചിരിക്കുന്നത്. ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനത്തിന് പിന്നാലെയാണ് ഇവർ ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ ഇതിലെ വരികളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത് ഷമിക്കുള്ള സന്ദേശമാണെന്ന് ഇവർ പറയുന്നു. നിന്റെ നാമത്തിലൂടെ ലോകം എന്നെ അറിയും, നിന്റെ മുഖത്തിലൂടെ എന്നെ അവർ തിരിച്ചറിയും, എന്നായിരുന്നു ഗാനത്തിലെ വരികൾ.
അതേസമയം നിരവധി പേരാണ് ഹസിൻ ജഹാനും ഷമിയും ഒന്നിക്കുകയാണോ ചോദിച്ചത്. ഈ വരികളിലെ അർത്ഥം ഷമിയുടെ പ്രശസ്തിയിലൂടെ ഹസിനും അറിയപ്പെടുന്നുവെന്നാണെന്ന് ആരാധകർ പറയുന്നു. ഇരുവരുടെയും കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ല. വീണ്ടും ഒന്നിക്കാൻ കഴിയില്ലെങ്കിലും, പരസ്പരം വിഴുപ്പലക്കാതെ സമാധാനപരമായി പരിയാൻ എങ്കിലും ഇരുവർക്കും കഴിയട്ടെയെന്നാണ്, അഭ്യുയദയ കാംക്ഷികൾ പറയുന്നത്.

ഷമി സിറ്റി ഒരുങ്ങുമ്പോൾ

ഒരു താരത്തിന്റെ പേരിൽ മുഖഛായ മാറുന്ന ഒരു ഗ്രാമം. അമ്റോഹ ജില്ലയിലെ സഹസ്പൂർ അലിനഗർ ഗ്രാമം ഷമിയുടെ പേരിലാണ് മാറി മറിയുന്നത്. ഷമി സിറ്റിയെന്നാണ് ഇപ്പോൾ അവിടം അറിയപ്പെടുന്നത്. ഈ ഗ്രാമത്തിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് മുൻകൈ എടുത്ത്, ഒരു സ്റ്റേഡിയവും ഓപ്പൺ ജിംനേഷ്യവും പണിയുകയാണ്. ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനം പരിഗണിച്ചാണ് ഈ സമ്മാനം എന്ന് യോഗി തന്നെ തുറന്നുപറയുന്നു. കൗമാരകാലത്ത് നന്നായി പന്തെറിഞ്ഞിട്ടും അണ്ടർ 19 ടീമിൽ ഇടംകിട്ടാതെ ബംഗാളിലേക്ക് നാടുവിട്ട ഷമിക്ക് ഒടുവിൽ ജന്മനാടിന്റെ ആദരമായാണ് തീരുമാനം. യോഗി സർക്കാർ സംസ്ഥാനത്തുടനീളം പണിയുന്ന 20 സ്റ്റേഡിയങ്ങളുടെ പട്ടികയിൽ സഹസ്പൂർ അലിനഗറുമുണ്ട്.

വിദഗ്ധസംഘം ഇതിനായുള്ള സ്ഥലം സന്ദർശിച്ചിരുന്നു. മിനി സ്റ്റേഡിയത്തിനും ഓപ്പൺ ജിംനേഷ്യത്തിനുമായി സ്ഥലം ഉടൻ തന്നെ ഏറ്റെടുക്കുമെന്നും ഉടൻ തന്നെ നിർദ്ദേശം സർക്കാരിന് കൈമാറുമെന്നും അംറോഹ ജില്ലാ മജിസ്ട്രേറ്റ് രാജേഷ് ത്യാഗി ഐ.എ.എസ് വ്യക്തമാക്കി. ആർഎൽഡി രാജ്യസഭാ എംപി ജയന്ത് സിംഗും സ്റ്റേഡിയം പണിയാൻ സഹായവാഗ്ദാനം നൽകിയിട്ടുണ്ട്. ലോകകപ്പോടെ സൂപ്പർ ഹീറോയായ ഷമിയുടെ പരസ്യവരുമാനം ഇരട്ടിയായി ഒരു കോടിയിലെത്തിയെന്നും റിപ്പോർട്ടുണ്ട്. അതിൽനിന്ന് ഒരു തുക ഷമിയും ഇതിലേക്ക് സംഭാവന ചെയ്യുന്നുണ്ട്. തന്റെ നാട്ടിലെ പാവങ്ങൾക്ക് വിദ്യാഭ്യാസ സഹായമായി ഒരു സംഘടനയും ഷമി ഒരുക്കുന്നുണ്ട്. ഇതിന് ചുക്കാൻ പിടിക്കാനായി ഒരു ചാരിറ്റബിൾ ഫൗണ്ടേഷനും ഒരുങ്ങുന്നുണ്ട്.

എന്നിരുന്നാലും, ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിനും, രാഷ്ട്രീയത്തിൽ സജീവമാവുമോ എന്ന ചോദ്യത്തിന് ഒന്നും ഷമി കൃത്യമായി മറുപടി പറഞ്ഞിട്ടില്ല. ഒന്നും നിഷേധിച്ചിട്ടുമില്ല. -''ഞാനൊരു സാധാരണ മനുഷ്യനാണ്. എന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പിന്തുണയില്ലായിരുന്നുവെങ്കിൽ ഞാൻ ക്രിക്കറ്റ് വിടുമായിരുന്നു എന്ന് ഉറപ്പാണ്. മൂന്നു തവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച ഒരു വ്യക്തിയാണ് ഞാൻ. എന്നെ ഈ നിലയിൽ എത്തിച്ചത് എന്റെ നാടും നാട്ടുകാരുമാണ്. അവർക്ക് ഗുണം കിട്ടുന്ന എന്തുകാര്യത്തിനും ഞാൻ കൂടെയുണ്ടാവും. ഒരുപാട് വലിയ താരങ്ങൾ ഇനിയും ഉത്തർ പ്രദേശിൽനിന്ന് ഉയർന്നുവരണം''- ഷമി വിനയാന്വിതനായി പ്രതികരിക്കുന്നു.

വാൽക്കഷ്ണം: മുഹമ്മദ് ഷമിക്ക് ഇന്ത്യയിൽ വിവേചനം ഉണ്ടായി എന്നൊക്കെ പെരുപ്പിച്ച് എഴുതുന്നവർ, മതരാഷ്ട്രം മതേതര രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണ്. ഡാനിഷ് കനേരിയ എന്ന പാക്കിസ്ഥാൻ കളിക്കാരൻ ഹിന്ദുവായതിന്റെ പേരിൽ കടുത്ത വിവേചനമാണ് സ്വന്തം ടീം അംഗങ്ങളിൽ നിന്ന് നേരിട്ടത്. ഭക്ഷണം കഴിക്കാൻ പോലും അദ്ദേഹത്തെ അവർ ഒപ്പം കൂട്ടില്ലായിരുന്നു. റാവൽപിണ്ടി എക്സ്പ്രസ് ഷുഹൈബ് അക്തർ മാത്രമായിരുന്നു പാക് ടീമിൽ കനേരിയയോട് സ്നേഹത്തിൽ ഇടപഴകിയിരുന്നത്. ക്രിസ്ത്യാനിയായിരുന്ന ക്ളാസ് ബാറ്റ്സ്മാൻ യൂസഫ് യുഹാനയ്ക്ക് അവസാനം മതം മാറേണ്ടി വന്നു. പക്ഷേ ഇന്ത്യയിലേക്ക് വന്നാലേ. മുഹമ്മദ് സിറാജിന് ഫോം നഷ്ടമായ കാലത്ത് അദ്ദേഹത്തെ ചേർത്തുപിടിച്ചത് അന്ന് ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയാണ്. അതുപോലെ രവിശാസ്ത്രിയാണ് ഷമിയെ ടീമിൽ നിലനിർത്തിയത്. ക്യാപിറ്റൻ രോഹിത് ശർമ്മയാണ് അയാൾക്ക് പിന്തുണ കൊടുത്തത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിലുള്ള ഇരവാദ നിലവിളികൾക്ക് വലിയ പ്രസക്തിയൊന്നുമില്ല.