- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു സി കോളജില്‍ നിന്ന് തുടങ്ങിയ ഗുരുശാപം; മഞ്ജുവിനെ കെട്ടുന്നതിന് മുമ്പേ മറ്റൊരു വിവാഹം; 'അങ്കിളേ' എന്ന് വിളിച്ച് പരിചയപ്പെട്ട കാവ്യയെ കാമുകിയാക്കി; അന്ന് സൂപ്പര്‍വൈറ്റ് വില്‍പ്പനയുമായി നടന്ന എല്ലും തോലുമായ മിമിക്രിക്കാരന്; വീണ്ടും വിജയിക്കുന്ന ഗോപാല ലീല! നടന്‍ ദിലീപിന്റെ ജീവിത കഥ
വീണ്ടും വിജയിക്കുന്ന ഗോപാല ലീല! നടന്‍ ദിലീപിന്റെ ജീവിത കഥ
കൊച്ചി നഗരത്തിലൂടെ സൂപ്പര്‍വെറ്റ് വിറ്റും, അല്ലറ ചില്ലറ മിമിക്രി പരിപാടിയുമായി കഴിഞ്ഞിരുന്ന, മെലിഞ്ഞ് എല്ലും തോലുമായ ഒരു ചെറുപ്പക്കാന്‍! 80 കളുടെ അവസാനത്തില്‍, ആലുവയില്‍നിന്ന് വന്ന ഗോപാലകൃഷ്ണന്‍ എന്ന ഒരുപാട് സ്വപ്നങ്ങളുള്ള ആ എലുമ്പനെ ഇന്നും ഓര്‍ക്കുന്നവര്‍ ഒരുപാടുണ്ട്. അന്ന് എങ്ങനെയെങ്കിലും ഈ ശോഷിച്ച ശരീരമൊന്ന് പുഷ്ടിപ്പെടുത്തണം, സിനിമയില്‍ എത്തണം എന്നിങ്ങനെ രണ്ട് ആഗ്രഹങ്ങള്‍ മാത്രമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. രാത്രി നീളുന്ന മിമിക്രി പരിപാടിയും, പകല്‍ സൂപ്പര്‍വൈറ്റ് കച്ചവടുമായി ജീവിച്ചിരുന്ന ആ ചെറുപ്പക്കാരനാണ് പിന്നീട് ദിലീപ് എന്ന മലയാള സിനിമയെ മൊത്തത്തില്‍ നിയന്ത്രിക്കുന്ന ജന പ്രിയനായകനായി വളര്‍ന്നത്! ഇല്ലായ്മകളില്‍ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയരുന്നതാണ് നടന്‍ ദിലീപിന്റെ ജീവിതം.
അസിറ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ അയാള്‍, കൊച്ചുവേഷങ്ങളിലുടെ പതുക്കെ വളര്‍ന്നു. അറിയപ്പെടുന്ന നടനായി, സൂപ്പര്‍താരം എന്ന് ഒരിക്കലും വിശേഷിപ്പിക്കപ്പെടാതെ ജനപ്രിയ നായകന്‍ എന്ന ലേബലില്‍ സൂപ്പര്‍താരമായി. ഒരു വേള താരസംഘടനയായ 'അമ്മ'യെയും, ടെക്ക്നീഷ്യന്‍സിന്റെ സംഘടനായ മാക്ടയെയും, നിര്‍മ്മാതാക്കളെയും, വിതരണക്കാരെയും, എന്തിന് തീയേറ്റര്‍ ഉടമകളെവരെ നിയന്ത്രിക്കുന്ന മലയാള സിനിമയിലെ ഏറ്റവും ശക്തനായ വ്യക്തിയായി. മല്ലുവുഡില്‍ ആര് വീഴ്ണം ആര് വാഴണം എന്ന് തീരുമാനിക്കുന്നത്, ഈ ഗോപാലകൃഷ്ണായി മാറി.
അങ്ങനെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ്, 2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാവുന്നത്. ഇതില്‍ ആദ്യത്തെ മൂന്നുമാസം ദിലീപ് നേരിട്ട് ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ പിന്നീട് കഥ മാറി. ദിലീപിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഉദയകൃഷ്ണയുടെ ഒരു തിരക്കഥയിലൊക്കെ സാധാരണ കാണുന്നതുപോല നായകന്‍ വില്ലനായി. നടിയെ ആക്രമിച്ച കേസില്‍ ജനപ്രിയ നായകന്‍ അകത്തായി. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ദിലീപിന് പരീക്ഷണങ്ങളുടെതായിരുന്നു. കോടിക്കണക്കിന് രൂപയാണ് അയാള്‍ കേസിനുവേണ്ടി ചിലവാക്കേണ്ടി വന്നത്. സിനിമകളാവട്ടെ ഒന്നൊന്നായി പൊളിഞ്ഞ് ഈ 58-ാം വയസ്സില്‍ ഗോപാലകൃഷ്ണന്‍ ഫീല്‍ഡ്ഔട്ടാവലിന്റെ വക്കിലാണ്. ഇപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കുമ്പോള്‍ അയാള്‍ക്ക് ഇനി ഒരു തിരിച്ചുവരവുണ്ടോ എന്ന കാര്യം സംശയമാണ്. തീര്‍ത്തും അസാധാരണമാണ് ആ ഗോപാലലീലകള്‍!
ഗുരുവിനെ പരിഹസിച്ച് പുറത്ത്
ആലുവക്കുടത്തെ എടവന്‍കാട് എന്ന സ്ഥലത്ത് പത്മനാഭന്‍ പിള്ളയുടെയും സരോജത്തിന്റെയും മകനായി 1967 ഒക്ടോബര്‍ 27നായിരുന്നു, ഗോപാലകൃഷ്ണന്റെ ജനനം. ചെറുപ്പം മുതലേ കലയോടും അനുകരണത്തോടും എല്ലാം വലിയ താല്‍പ്പര്യമായിരുന്നു. രാഷ്ട്രീയ സാംസ്‌ക്കാരിക നിരീക്ഷകന്‍ അഡ്വ ജയശങ്കര്‍, ഈയിടെ ഒരു അഭിമുഖത്തില്‍ തന്റെ അയല്‍വാസിയും, ബന്ധുവുമാണ് ദിലീപ് എന്ന് വെളിപ്പെടുത്തിയിരുന്നു. കണ്ടാല്‍ അങ്ങനെ തോന്നില്ലെങ്കിലും, തനിക്ക് ദിലീപിനേക്കാള്‍ നാലോ അഞ്ചോ വയസ്സിന്റെ പ്രായക്കൂടുതലേ ഉള്ളുവെന്നു ജയശങ്കര്‍ പറയുന്നു.
ഒരുകാലത്ത് നല്ല സാമ്പത്തിക ശേഷിയുള്ള പ്രമാണികളായ കുടംബമായിരുന്ന ഇവര്‍, പിന്നീട് ശോഷിച്ച് പോവുകയായിരുന്നു. ദിലീപിന്റെ പിതാവിന്റെ മദ്യപാനവും മറ്റുമായി ആ കുടുംബം മോശമായ അവസ്ഥയിലേക്കാണ് പോയിരുന്നതെന്ന് അഡ്വ ജയശങ്കര്‍ പറയുന്നു. പില്‍ക്കാലത്ത് 'ഇഷ്ടം' എന്ന സിനിമയൊക്കെ ഇറങ്ങിയ സമയത്ത് ദിലീപ് പറഞ്ഞത്, ആ സിനിമയിലെപോലെ സുഹൃത്തുക്കളെപ്പോലെയായിരുന്നു താനും അച്ഛനും തമ്മിലുള്ള ബന്ധം എന്നായിരുന്നു.
പഠനകാലത്ത് തന്നെ കിട്ടുന്ന ഒരവസരവും, ഒരു സ്റ്റേജും ഗോപാലകൃഷ്ണന്‍ പാഴാക്കി കളഞ്ഞില്ല. അതിനിടെയിലെ ഒരു സംഭവം അഡ്വ ജയശങ്കര്‍ മറച്ചുവെക്കുന്നില്ല. ഗോപാലകൃഷ്ണന്‍ ആലുവ യു സി കോളജില്‍ പഠിക്കുമ്പോള്‍, അവിടുത്തെ ഏറ്റവും മാന്യനും ആദരണീയനുമായ ഒരു അധ്യാപകനെ വളരെ മോശമായി മിമിക്രിയിലൂടെ പരിഹസിച്ചു. അതിന്റെ പേരില്‍ അയാള്‍ കോളജില്‍നിന്ന് പുറത്താക്കപ്പെട്ടു. അങ്ങനെയാണ് അവന്‍ യു സി കോളജില്‍നിന്ന് മഹാരാജാസില്‍ എത്തുന്നത്. പക്ഷേ ആ ഗുരുവിന്റെ ശാപം ഇന്നും ദിലീപിന് മുന്നിലുണ്ടോ എന്ന് സംശയമുണ്ടെന്നും ജയശങ്കര്‍ പറയുന്നു.
സുഹൃത്ത് നാദിര്‍ഷയ്‌ക്കൊപ്പം ചേര്‍ന്ന് പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയാണ് തുടക്കം. 1980 കളില്‍ കലാഭവനില്‍ മിമിക്രി ചെയ്തുകൊണ്ടാണ് കരിയറിന്റെ ആദ്യത്തെ പടി. അപ്പോഴേക്കും കുടുംബത്തിലെ അവസ്ഥ വളരെ മോശമായിരുന്നു. അങ്ങനെയാണ് അവന്‍ സൂപ്പര്‍വെറ്റ് കച്ചവടത്തിലേക്കും തിരിയുന്നത്. പക്ഷേ ഗോപാലകൃഷ്ണന് ആദ്യ ബ്രേക്ക് കിട്ടുന്നത് 'ദേ മാവേലി കൊമ്പത്ത്' എന്ന മിമിക്രി കാസറ്റിലൂടെയാണ്. അത് കേരളത്തില്‍ തരംഗമായി. അതുവഴി ടെലിവിഷന്‍ ചാനലുകളില്‍ അവസരം ലഭിച്ചു. 'കോമിക്കോള' എന്ന ഷോ കഴിഞ്ഞതിന് ശേഷമാണ് കമലിന്റെ അസിസ്റ്റന്റ് ഡയരക്ടറായി ചേരുന്നത്. ഒപ്പമുള്ള ലാല്‍ ജോസൊക്കെ എങ്ങനെയെങ്കിലും സംവിധാനം പഠിച്ച് ഒരു വലിയ സംവിധായകനാകണം എന്ന് സ്വപ്നം കാണുമ്പോഴും, ഗോപാലകൃഷ്ണന് താല്‍പ്പര്യം അഭിനയത്തോടായിരുന്നു.
അസിസ്റ്റന്റ് ഡയരക്ടറായി പ്രവൃത്തിക്കുമ്പോള്‍ തന്നെ കമലിന്റെ 'എന്നോടിഷ്ടം കൂടാമോ' (1992) എന്ന സിനിമയില്‍ എല്ലാം സപ്പോര്‍ട്ടിങ് റോള്‍ ചെയ്തിരുന്നു. അതായിരുന്നു തുടക്കം. 'ഇയാള്‍ നല്ല ഒരു നടനാണ്' എന്ന് പറഞ്ഞ് പല സംവിധായകരോടും ഗോപാലകൃഷ്ണനെ കമല്‍ തന്നെ സജസ്റ്റ് ചെയ്തിരുന്നു. പിന്നീട് പുക്കാലം വരവായി എന്ന ചിത്രം. ഈ ചിത്രത്തിലാണ് കാവ്യ മാധവന്‍ ആദ്യമായി ബാല നടിയായി അഭിനയിക്കുന്നതും. അന്ന് 'അങ്കിളേ' എന്നായിരുന്ന കാവ്യ ദിലീപിനെ വിളിച്ചിരുന്നത്! ഇവര്‍ തമ്മില്‍ 18 വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. ഒന്ന് രണ്ട് സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്തതിന് ശേഷം, ഗോപാലകൃഷ്ണന്, സുനില്‍ കാരന്തൂര്‍ സംവിധാനം ചെയ്ത 'മാനത്തെ കൊട്ടാരം' എന്ന ചിത്രത്തില്‍ അവസരം ലഭിച്ചു. ആ സിനിമ ഹിറ്റായി. അതിലെ കഥാപാത്രത്തിന്റെ പേര് നടന്‍ സ്വീകരിച്ചു, അങ്ങനെ ഗോപാലകൃഷ്ണന്‍ ദിലീപ് ആയി.
മഞ്ജു തടവറിയിലേക്ക്!
ദിലീപില്‍ നിന്ന് ജനപ്രിയ നായകനിലേക്കുള്ള യാത്രയ്ക്ക് പിന്നെയും ഒരുപാട് ദൂരമുണ്ടായിരുന്നു. സൈന്യം, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനേതാവായി എത്തിയ ദിലീപ് തുടര്‍ന്നും മിമിക്രിയില്‍ സജീവമായി. 'ഏഴരക്കൂട്ടത്തില്‍' നായകന്മാരില്‍ ഒരാളായി. 'സല്ലാപത്തി'ലൂടെ മഞ്ജുവിന്റെ നായകനായി എത്തിയ ദിലീപ് മലയാള സിനിമയില്‍ മെല്ലെ ഇടം പിടിക്കുകയായിരുന്നു. ലോഹിതദാസ് എഴുതിയ സല്ലാപത്തിലെ ജുനിയര്‍ യേശുദാസ് എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല. തുടര്‍ന്ന് 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ദിലീപും-മഞ്ജുവാര്യരും പ്രണയത്തിലാവുന്നത്.
അക്കാലത്ത് കത്തി നില്‍ക്കുന്ന നടിയായിരുന്നു മഞ്ജു. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരുള്ള താരം. ദിലീപാവട്ടെ, ഒരു ശരാശരി സ്വഭാവ നടന്‍ എന്നതിന അപ്പുറം ഒന്നുമായിരുന്നില്ല. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ വീട്ടുകാര്‍ അതിശക്തമായി ഈ പ്രണയത്തെ എതിര്‍ത്തു. സംവിധായകന്‍ ലാല്‍ ജോസിന്റെയൊക്കെ സഹായത്തോടെ, ഒളിച്ചും പാത്തുമായിരുന്നു അവരുടെ പ്രണയം. 1998-ല്‍ മഞ്ജുവാര്യര്‍ ദിലീപിനെ വിവാഹം കഴിക്കുകയും, മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് അഭിനയത്തില്‍നിന്ന് വിരമിക്കുകയും ചെയ്തു! ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്ലേഹേം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ തുടര്‍ച്ചയായ ഹിറ്റുകളിലുടെ ജ്വലിച്ച് നില്‍ക്കുന്ന സമയത്താണ് അവര്‍ തന്റെ കരിയറിന് കര്‍ട്ടനിടുന്നത്. മലയാളം ഇന്‍ഡസ്ട്രിക്കുന്നതന്നെ വലിയ ഒരു തിരിച്ചടിയായിരുന്നു അത്. മഞ്ജു വിവാഹത്തിന് തൊട്ട് മുമ്പ് അഭിയിച്ച 'പത്രം' എന്ന സിനിമയും സൂപ്പര്‍ഹിറ്റായിരുന്നു.
അന്ന് ദിലീപ് പറഞ്ഞ ചില വാക്കുകളും, ഏറെ വിവാദമായി. മഞ്ജു ഇനി അഭിനയിക്കുമോ എന്ന ചോദ്യത്തിന് 'എന്റെ ഭാര്യയെ ആരും കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് ഒന്നും എനിക്കിഷ്ടമല്ല, ഞാന്‍ ഒരു സാധാരണക്കാരനാണ്' എന്നായിരുന്ന ദിലീപിന്റെ മറുപടി. ഇതിനെതിരെ നടി സുഹാസിനി രൂക്ഷമായി പ്രതികരിച്ചിരുന്നു. അക്കാലത്ത് മൊത്തത്തില്‍ സിനിമാലോകവും ദിലീപിന് എതിരായിരുന്നു. ഒരു നല്ല നടിയുടെ കരിയര്‍ നശിപ്പിച്ച മെയില്‍ ഷോവനിസ്റ്റ് എന്ന നിലയിലാണ് അയാള്‍ വിലയിരുത്തപ്പെട്ടത്. അത് ശരിയുമായിരുന്നു. മഞ്ജുവാര്യര്‍ വിവാഹശേഷം വെള്ളിത്തിരയില്‍നിന്ന് മാത്രമല്ല, പൊതുജീവിതത്തില്‍നിന്ന് മൊത്തമായാണ് മാഞ്ഞുപോയത്. ആലുവയിലെ ദിലീപിന്റെ വീട്ടിലേക്ക് കയറിയ അവര്‍ പിന്നെ പുറംലോകം കണ്ടിട്ടില്ല. ഫോണില്‍പാലും വിളിച്ചാല്‍ കിട്ടായായി. മഞ്ജുപിന്നെ 14 വര്‍ഷത്തിനുശേഷമാണ് പുറംലോകം കാണുന്നത്. ദിലീപിന്റെ വിലക്ക് ലംഘിച്ച് അവര്‍ വീണ്ടും ചിലങ്കയണിഞ്ഞപ്പോള്‍, 'ആലുവയിലെ സെന്‍ട്രല്‍ ജയിലില്‍നിന്ന്' രക്ഷപ്പെടുന്നു എന്ന് എഴുതിയവരുണ്ടായിരുന്നു.
ഏറ്റവും വിചിത്രം ദിലീപിന്റെ രണ്ടാം വിവാഹമായിരുന്നു ഇതെന്നാണ്. മഞ്ജുവിനെ വിവാഹം കഴിക്കന്നതിനു മുമ്പ് ദിലീപ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഒരു അകന്ന ബന്ധുവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. മിമിക്രി താരം അബി ആദ്യവിവാഹത്തിനു സാക്ഷിയായിന്നു. ഈ വിവാഹബന്ധം പിന്നീട് ഒഴിഞ്ഞുവെന്നാണ് അറിയുന്നത്. ദിലീപിന്റെ വിക്കിപീഡിയ മലയാളം പേജില്‍വരെ ഇക്കാര്യം പറയുന്നുണ്ട്!
ജനപ്രിയ നായകനിലേക്ക്
മഞ്ജുവിനെ വിവാഹം കഴിക്കുമ്പോള്‍ ദിലീപിന്റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു. എല്ലാവര്‍ഷത്തെയും മലയാള സിനിമയുടെ ബോക്സോഫീസ് ഫ്ളാഷ്ബാക്ക് എഴുതുന്ന, 'വെള്ളിനക്ഷത്രം' എന്ന സിനിമാവാരിക പരിഹസിച്ചത് ദിലീപിന്റെ ആ വര്‍ഷത്തെ സമ്പാദ്യം മഞ്ജുവാര്യര്‍ മാത്രമാണെന്നായിരുന്നു! പഞ്ചാബി ഹൗസ് മാത്രമായിരുന്നു അതിന് മുമ്പ് ഹിറ്റായ ഒരു ദിലീപ് ചിത്രം. ഹരിശ്രീ അശോകന്‍ - ദിലീപ് കോമ്പോ ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി.
1999-ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് കാവ്യ മാധവന്‍ ആദ്യമായി ദിലീപിന്റെ നായികയാവുന്നത്. പക്ഷേ ചിത്രം വാണിജ്യപരമായി വിജയിച്ചില്ല. പക്ഷേ ദിലീപ് -കാവ്യ എന്ന താരജോടിയുടെ തുടക്കമായി അത്. ലോഹിതദാസിന്റെ ജോക്കര്‍ (2000) എന്ന ചിത്രത്തിലൂടെയാണ് ഒരു നടന്‍ എന്ന നിലയില്‍ ദിലീപിന്റെ കഴിവ് വിലയിരുത്തപ്പെടുന്നത്. തുടര്‍ന്ന് തെങ്കാശിപ്പട്ടണമെന്ന മെഗാഹിറ്റിലും അദ്ദേഹം കാവ്യക്കൊപ്പം ജോടിയായി ഒരു പ്രധാന വേഷം ചെയതു. ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000), ഈ പറക്കും തളിക (2001), ഇഷ്ടം (2001) തുടങ്ങിയ ചിത്രങ്ങളിലൂടെ ദിലീപ് വിജയം തുടര്‍ന്നു. പക്ഷേ ദിലീപിന്റെ ബ്ലോക്ക് ബസ്റ്റര്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 2002-ല്‍ ലാല്‍ ജോസിന്റെ മീശ മാധവനില്‍ ദിലീപ്- കാവ്യ കോമ്പോ വീണ്ടും തകര്‍ത്തു. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ദിലീപിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അടിക്കടി ഹിറ്റുകളിലുടെ അയാള്‍ ജനപ്രിയ നായകനായി. 2003ല്‍ സി ഐ ഡി മൂസ ഹിറ്റ് ആയതോടെ സിനിമ നിര്‍മ്മാണ രംഗത്തും ദിലീപ് കരുത്തനായി.
കരിയറില്‍ വെല്ലുവിളികളുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ പരീക്ഷിക്കുന്നതായിരുന്നു ദിലീപിന്റെ മറ്റൊരു ഹൈലൈറ്റ്. പെണ്‍ വേഷം കെട്ടിയും, കൂന് വച്ച് പിടിപ്പിച്ചും, മുച്ചിറിയാക്കിയും ദിലീപ് തന്നെ സ്വയം പരീക്ഷിച്ചു. കുഞ്ഞിക്കൂനന്‍ എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ആ പരീക്ഷണത്തിന്റെ വിജയമാണ്. ചാന്തുപൊട്ട്, പച്ചക്കുതിര, മായാമോഹിനി, തുടങ്ങിയ സിനിമകളിലെല്ലാം ദിലീപ് വ്യത്യസ്ത വേഷങ്ങള്‍ ചെയ്തു. പക്ഷേ വെറുമൊരു നടന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങാന്‍ ദിലീപ് തയ്യാറായില്ല. അയാള്‍ ബിസിനസിലേക്ക് ഇറങ്ങി.
ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ദേ പുട്ട് എന്ന പേരില്‍ ഹോട്ടലും ആരംഭിച്ചു. തുടര്‍ന്ന് മംഗോ ട്രീ എന്ന മറ്റൊരു റസ്റ്റോറന്റു കൂടി തുടങ്ങിയതോടെ ദിലീപ് ഒരു നല്ല ബിസിനസുകാരന്‍ എന്ന നിലയിലേയ്ക്ക് ഉയര്‍ന്നു.
2014 ചാലക്കുടിയില്‍ ഡി സിനിമസ് എന്ന പേരില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ആരംഭിച്ചു. അമ്മ എന്ന സംഘടനയ്ക്ക് വേണ്ടി ദിലീപ് ട്വന്റി 20 എന്ന സിനിമ നിര്‍മിച്ചത്, മലയാള സിനിമയിലെ എല്ലാ പ്രമുഖ നടന്മാരെയും ഒന്നിപ്പിച്ചാണ്. അതും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി. 31.4 കോടിയായിരുന്നു സിനിമയുടെ ഗ്രോസ് കലക്ഷന്‍. ഇന്ന് ചിന്തിക്കുമ്പോള്‍ അത് നിസ്സാരമെന്ന് തോന്നാമെങ്കിലും, അന്ന്, 2008 ല്‍ അത് വലിയൊരു കലക്ഷന്‍ റിപ്പോര്‍ട്ടായിരുന്നു. അങ്ങനെ മലയാള സിനിമയുടെ സമസ്തമേഖലയിലും അയാള്‍ കയറിപ്പറ്റി.
അഹങ്കാരിയായ സര്‍വശക്തന്‍
സ്വയം വളരുന്നതിനൊപ്പം ദിലീപ് പലരെയും സഹായിച്ചിട്ടുണ്ട്. അച്ഛന്റെ പേരില്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ദിലീപിന്റെ കൈ സഹായം സഹപ്രവര്‍ത്തകരിലേക്കും സാധാരണക്കാരിലേക്കും നീണ്ടു. പല പുതുമുഖ നടീ - നടന്മാര്‍ക്കും സംവിധായകര്‍ക്കും തന്റെ സിനിമകളിലൂടെ ദിലീപ് അവസരം നല്‍കി. മഞ്ജുവും കാവ്യയും നവ്യയും അടക്കം മലയാള സിനിമയില്‍ പലരുടെയും ആദ്യ നായകന്‍ ദിലീപാണ്. പതിനൊന്നോളം സിനിമകള്‍ ദിലീപ് നിര്‍മിച്ചു. മലര്‍വാടി ആട്‌സ് ക്ലബ്ബ് അടക്കം പല സിനിമകളും അതില്‍ പെടുന്നു. നിവിന്‍ പോളി, അജു വര്‍ഗ്ഗീസ് പോലുള്ളവര്‍ക്കും അവസരം കൊടുത്തത് ദിലീപാണെന്ന് സാരം.
പക്ഷേ ഇടക്ക് എപ്പഴോ ദിലീപിന്റെ മനസ്സില്‍ വന്ന വഴി മറക്കുകയും അയാള്‍ വലിയ അഹങ്കാരിയും, സവര്‍ശക്തനുമായെന്നാണ് പിന്നീട് വിവരങ്ങള്‍ പുറത്തുവരുന്നത്. തുടക്കകാലത്ത് ദിലീപിന് ഒരുപാട് ചിത്രങ്ങളില്‍ അഭിനയിപ്പിച്ച് കൈ പിടിച്ച് ഉയര്‍ത്തിയ സംവിധായകനായിരുന്നു വിനയന്‍. പക്ഷേ യു സി കോളജില്‍ സ്വന്തം ഗുരുവിനെ അപമാനിച്ച പാരമ്പര്യമുള്ള ദിലീപിന് സിനിമാ ഗുരു വിനയനെ ഒതുക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. തുളിസിദാസ് എന്ന സംവിധായകന്റെ പടത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി, ഡേറ്റ് കൊടുക്കാത്തതിന്റെ പേരിലാണ് അന്നത്തെ മാക്ട ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന വിയയന്‍, ദിലീപിനോട് ഉടക്കിയത്. തുളസീദാസ് എന്ന സീനിയര്‍ സംവിധായകനെ, കാലില്‍മ്മേല്‍ കാല്‍വെച്ച് ഇരുന്ന് ഒരു കസേരപോലും കൊടുക്കാതെ ദിലീപ് അപമാനിച്ചുവെന്നും വാര്‍ത്ത വന്നു. തുളസീദാസിന് ഒപ്പം നിന്നതിന് ദിലീപ് ചെയ്തത് വിനയന്റെ മാക്ട സംഘടന പിളര്‍ത്തുകയായിരുന്നു!
പിന്നീട് ലിബര്‍ട്ട് ബഷീറിനോട് ഉടക്കിയപ്പോള്‍, തീയേറ്റുകാരുടെ സംഘടനയും ദിലീപ് കൈപ്പടിയില്‍ ഒതുക്കി. നടന്‍ തിലകന്‍ ദിലീപിനെക്കുറിച്ച് പറഞ്ഞ വാചകങ്ങളെല്ലാം കേരളം ഏറെ ചര്‍ച്ചചെയ്തതാണ്. തിലകനെ ഒതുക്കി മൂലക്കിരുത്തുന്നതില്‍ ജനപ്രിയനായകനുള്ള പങ്ക് വലുതായിരുന്നു. അത് മാത്രമല്ല വലിയ തരത്തിലുള്ള ഗുണ്ടാപടയെയും, ദിലീപ് വളര്‍ത്തി വലുതാക്കിയെന്ന് ആരോപണമുയര്‍ന്നു. പ്രഥിരാജ്, കുഞ്ചാക്കോബോബന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ദിവസം തീയേറ്ററില്‍ ആളെ നിര്‍ത്തി കൂവിക്കുക, എന്നിട്ട് ഫസ്റ്റ്ഷോക്കുതന്നെ കൂവലാണെന്ന് സിനിമ വാരികളില്‍ വാര്‍ത്ത കൊടുപ്പിക്കുക ഇങ്ങനെ പല കലാപരിപാടികളും ദിലീപിന്റെ പേരില്‍ പറഞ്ഞുകേട്ടു. സാക്ഷാല്‍, മോഹന്‍ലാലിന്റെ ഒരു സിനിമക്കെതിരെപ്പോലെ ഇങ്ങനെ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നു.
സിനിമയില്‍ തനിക്കുവേണ്ടി ഒരു അധോലോകം അയാള്‍ പതുക്കെ കെട്ടിപ്പടുത്തു. ഈ ബന്ധങ്ങളാണ് നടിയെ ആക്രമിച്ച കേസിലേക്കുവരെ നയിച്ചത്. അപ്പോഴേക്കും നടി മഞ്ജുവാര്യരുമായി ദിലീപ് പിരിയുകയും ചെയ്തു. മഞ്ജു, 'ദിലീപേട്ടന് എല്ലാ നന്‍മയും വരട്ടെ' എന്ന ആശംസിച്ച്, കണ്ണീരോടെ പിരിഞ്ഞു. അവര്‍ ഒരു കാര്യവും പുറത്ത് പറഞ്ഞിരുന്നില്ല. പക്ഷേ നടി കാവ്യ മാധവനുമായുള്ള ബന്ധം തന്നെയാണ് അതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. കാവ്യയുടെ വിവാഹം നടക്കുമ്പോള്‍ അങ്ങോട്ട് പോവാതെ ദിലീപ് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മദ്യപിച്ച് കരഞ്ഞ് ഇരിക്കയായിരുന്നുവെന്ന്, പല്ലിശ്ശേരിയെപ്പോലെുള്ള സിനിമ പത്രപ്രവര്‍ത്തകര്‍ പിന്നീട് എഴുതിയിട്ടുണ്ട്. കാവ്യയുടെ ആദ്യവിവാഹം തകര്‍ന്നതിന് പിന്നിലും ദിലീപാണെന്ന് വാര്‍ത്തകള്‍ വന്നു. ഇതുസംബന്ധിച്ച് കാവ്യയുടെ ഭര്‍ത്താവിന്റെ അമ്മയുടെ ഓഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയിലുണ്ട്.
ദിലീപ്- കാവ്യ ബന്ധത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടിയതോടെയാണ് മഞ്ജു, 'ആലുവ ജയിലിലെ അഞ്ജാതവാസം' അവസാനിപ്പിച്ച് പുറത്തിറങ്ങിയത്. ഒരു നയാപ്പെസപോലും വാങ്ങാതെ, കുഞ്ഞിനെപ്പോലും ദിലീപിന് കൊടുത്ത് അവള്‍ അയാളുടെ ജീവിതത്തില്‍നിന്ന് മാറി. അതിനുശേഷം മഞ്ജു അഭിനയത്തിലേക്ക് തിരിച്ചെത്തി വീണ്ടും ഹിറ്റുകള്‍ സൃഷ്ടിച്ച്, തന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന സ്റ്റാര്‍ഡം തിരിച്ചുപിടിച്ചു. പക്ഷേ ആ സമയത്തും മഞ്ജുവിനെ തകര്‍ത്താന്‍ ദിലീപ് നിരന്തരം പാരവെച്ചുവെന്നതും, പരസ്യമായ രഹസ്യമാണ്. അങ്ങനെയിരിക്കെ, മുന്നറിയപ്പൊന്നുമില്ലാതെ, നടി കാവ്യമാധവനെ വിവാഹം കഴിച്ചുകൊണ്ട് ദിലീപ് വീണ്ടും മലയാള സിനിമയെ ഞെട്ടിച്ചു. താന്‍ മൂലം അപമാനിക്കപ്പെട്ട സ്ത്രീക്ക് സംരക്ഷണം കൊടുക്കുക എന്ന ഇരവാദമാണ് ദിലീപ് അപ്പോള്‍ ഉയര്‍ത്തിയത്. വല്ലാത്ത കുറുക്കന്‍ ബുദ്ധി തന്നെ. ബാലതാരമായി വന്ന കുട്ടിയെ പണിപ്പെട്ട് വശീകരിച്ച്, കൂടെക്കുട്ടി ഒടുവില്‍ ഒരു ഔദാര്യംപോലെ വിവാഹം! അന്ന് 'ആലുവയിലെ സെന്‍ട്രല്‍ ജയിലിലേക്ക് കയറിയ' കാവ്യയെയും പിന്നെ പുറംലോകം അധികമൊന്നും കണ്ടിട്ടില്ല.
ഇതിനുശേഷമാണ് നടിയെ ആക്രമിച്ച കേസ് വരുന്നത്. താനും കാവ്യയും തമ്മിലുള്ള ബന്ധം, മഞ്ജുവിനെ അറിയിച്ചത് ഈ നടിയാണെന്നായിരുന്നു ദിലീപിന്റെ ആരോപണം.
നായകനില്‍നിന്ന് വില്ലനിലേക്ക്
2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യത്തെ മൂന്നുമാസം നമ്മുടെ ജനപ്രിയ നായകന്‍ ദിലീപ് നേരിട്ട് ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യവുമായി കൊച്ചിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വികാര നിര്‍ഭരമായ പ്രസംഗമാണ്, ട്രോളന്‍മ്മാരുടെ പ്രിയപ്പെട്ട 'പേട്ടന്‍' കാഴ്ചവെച്ചത്. കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി സാക്ഷാല്‍ പിണറായി വിജയന്‍ പോലും പറഞ്ഞ കാലം. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ മാത്രമാണ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരുന്നത്.
അങ്ങനെ കേസിലെ പ്രതികളായി പള്‍സര്‍ സുനിയും കൂട്ടരും ജയിലില്‍ ആകവെ ആണ് മനോരമ ഓണ്‍ലൈനിന് ദിലീപ് ഒരു അസാധാരണ അഭിമുഖം കൊടുക്കുന്നത്. തനിക്കെതിരെ ശക്തമായ നിലപാട് എടുത്ത മാധ്യമ പ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചായിരുന്നു, പെയ്ഡ് ന്യൂസ് എന്ന് വിളിക്കാവുന്ന രീതിയിലുള്ള ഒരു അഭിമുഖം. പക്ഷേ ദിവസങ്ങള്‍ക്കുള്ളില്‍ കളിമാറി. പള്‍സര്‍ സുനി ജയിലില്‍നിന്ന് സഹതടവുകാരോട് പറഞ്ഞ കാര്യങ്ങളും, ജയിലില്‍വെച്ച് ദിലീപിനെ വിളിച്ചതുമെല്ലാം വാര്‍ത്തയായി. എല്ലാം അവസാനിച്ചു എന്ന് തോന്നിയടുത്തിനിന്ന് ദിലീപേട്ടന്‍ അകത്തായി. ലോക ചരിത്രത്തിലെ തന്നെ അപുര്‍വങ്ങളില്‍ അപൂര്‍വമായിരുന്ന ക്വട്ടേഷന്‍ ബലാത്സഗത്തിന്റെ വാര്‍ത്തകള്‍ കേട്ട് കേരളം ഞെട്ടിത്തരിച്ചു. പിന്നെ കണ്ടത് 55 ദിവസം ജയിലില്‍ കിടന്ന, താടി നീട്ടി വളര്‍ത്തി ആകെ അവശനായ ദിലീപിനെയാണ്. ഒടുഘട്ടത്തില്‍ കാവ്യ മാധവനും കേസില്‍ അകത്താവും എന്ന് വാര്‍ത്തകള്‍ വന്നതോടെ, ആദ്യത്തെ ആത്മവിശ്വാസമൊന്നുമില്ലാതെ വിതുമ്പിക്കരയുന്ന 'പേട്ടനെ'യാണ് ലോകം കണ്ടത്.
അതിനിടെ രാമലീലയെന്ന ദിലീപിന്റെ ചിത്രം ഹിറ്റായി. ജാമ്യവും കിട്ടി. പിന്നെ അങ്ങോട്ട് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളായിരുന്നു. റിമി ടോമിയും, സിദ്ദീഖും, ബിന്ദുപണിക്കരുമൊക്കെ അടങ്ങുന്ന 28 സാക്ഷികളാണ് വിചാരണ വേളയില്‍ കൂറുമാറിയത്. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും തള്ളപ്പെട്ടു. ജഡ്ജി തങ്ങള്‍ക്കെതിരാണെന്ന് പറഞ്ഞ് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചു. അപ്പുറത്ത് ഏത് കേസും ജയിക്കാന്‍ കഴിയുന്ന കേരളാ രാംജെത്മലാനി എന്ന് വിളിപ്പേരുള്ള സാക്ഷാല്‍ രാമന്‍ പിള്ളയാണ്. സൂചിപ്പഴുതുണ്ടെങ്കില്‍ അദ്ദേഹം ദിലീപിനെ രക്ഷിച്ചെടുക്കുമെന്ന് ഉറപ്പാണ്. ഇതോടെ കേസ് ആവിയാവുമെന്ന് പല മാധ്യമങ്ങളും എഴുതി. ഇതോടെ ജനപ്രിയ നായകനും ഫുള്‍ ചാര്‍ജായി. അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് നീതിക്കുവേണ്ടിയുള്ള വലിയ പോരാട്ടത്തിലാണ് താനെന്ന് വാചകമടിച്ചു.
അപ്പോഴിതാ രണ്ടാമത്തെ ട്വിസ്റ്റ്. ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ തന്നെ ദിലീപ് അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഒരുപാട് ഓഡിയോകളുമായി രംഗത്തുവരുന്നു. കേരളം വീണ്ടും ഞെട്ടിയ ദിവസങ്ങള്‍. ആലുവയിലെ വീട്ടില്‍വെച്ച് തന്റെ മുന്നില്‍വെച്ചാണ് ഇരയെ ആക്രമിച്ച വീഡിയോ ദിലീപ് പ്ലേ ചെയ്തതെന്നും, അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ പ്ലാനിട്ടതുമെന്നുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തില്‍ അമ്പരപ്പിക്കുന്നതായിരുന്നു. മലയാള സിനിമയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്നത് തൊട്ട് ദിലീപിന്റെ നേതൃത്വത്തില്‍ വലിയൊരു ഗുണ്ടാ- അധോലോക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വ്യക്തമാവുന്നു. ഇതും കേരളം ഞെട്ടലോടെയാണ് ചര്‍ച്ച ചെയ്തത്.
ഒരു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ദിലീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനിയെ ബാലചന്ദ്രകുമാര്‍ അവിടെ വെച്ച് കണ്ടിരുന്നു. ഇത് പുറത്തുപറയാതിരിക്കാന്‍വേണ്ടി ദിലീപ് എന്നെ ഒപ്പം കൂട്ടുകയായിരുന്നു. അന്ന് താന്‍ ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ ദിലീപിന് ജാമ്യം തന്നെ കിട്ടുമായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് താന്‍ സാക്ഷിയായത് ഞെട്ടിക്കുന്ന രംഗങ്ങള്‍ക്കാണെന്ന് ബാലചന്ദ്രകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. കേസിലെ അന്വേഷണ ഉദ്യോഗ്ഥരെ കൊല്ലാന്‍ അവിടെ ഗൂഢാലോചന നടക്കുകയായിരുന്നു. അതിന് ഇനി ഒരു ഒന്നരക്കോടി കൂടി മുടക്കേണ്ടിവരുമെന്നാണ് ദിലീപിന്റെയും സുഹൃത്തുക്കളുടെയും തമാശ.
ദിലീപിനെ ചാനല്‍ ചര്‍ച്ചകളില്‍ ന്യായീകരിക്കുന്നവര്‍ക്ക് പണം നല്‍കിയതും, പ്രതിഛായ വളര്‍ത്താനായി ഓണ്‍ലൈന്‍ പത്രങ്ങള്‍ തുടങ്ങിയതുമടക്കമുള്ള കഥകളും പിന്നീട് പുറത്തുവന്നു. ആലുവ കേന്ദ്രീകരിച്ച് ദിലീപിന് സ്വന്തമായി ഒരു ഗണ്ടാസംഘം തന്നെയുണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. ജനപ്രിയ നായകന്‍ പോവുന്ന സ്ഥലങ്ങളിലൊക്കെ ഇവരുടെ സാനിധ്യം ഉണ്ടാവും. വീട്ടില്‍വെച്ച് ഒരുതോക്ക് ദിലീപ് നിറക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജീവനില്‍ പേടിയുള്ളതുകൊണ്ടാണ് താന്‍ ഇക്കാര്യം മുമ്പ് പറയാഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്നെ ദിലീപ് കൊല്ലുമെന്ന് പേടിയുള്ളതിനാല്‍ മരണമൊഴിപോലെയാണ് ഈ കാര്യങ്ങള്‍ പറയുന്നത് എന്നും ബാലചന്ദ്രുകുമാര്‍ പറയുന്നു. പക്ഷേ അത് ശരിക്കും മരണമൊഴി തന്നെയായിരുന്നു. മാസങ്ങള്‍ക്കുശേഷം കാന്‍സര്‍ ബാധിച്ച് ബാലചന്ദ്രകുമാര്‍ അന്തരിച്ചു.
വാല്‍ക്കഷ്ണം: കോടതി വെറുതെ വിട്ടുവെങ്കിലും ദിലീപിന് ജനം ശിക്ഷിച്ചു കഴിഞ്ഞു. നെക്സറ്റ് ഡോര്‍ ബോയ് എന്ന ഇമേജോടെ വന്ന ദിലീപിന്റെ പ്രേക്ഷകരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു. അവര്‍ നടനെ കൈവിട്ടു. നടി ആക്രമിച്ചതിനുശേഷമിറങ്ങിയ ദിലീപിന്റെ ചിത്രങ്ങള്‍ മിക്കവയും പൊട്ടി. കോടികളാണ് അയാള്‍ക്ക് കേസില്‍ നഷ്ടമായത്. താരസിംഹാസനം ഒലിച്ചുപോയി. ബിസിനസും തകര്‍ന്നു. അയാള്‍ പാരവെച്ച മുഴുവന്‍ നടന്‍മ്മാരും വളര്‍ന്ന് പന്തലിച്ചു. ഇതിലും വലിയ ഒരു ശിക്ഷ മറ്റെന്താണ്!




