'ആക്രമണം എവിടെ നിന്നാണോ വരുന്നത് അവിടെപ്പോയി ആക്രമിക്കുക''- ഇന്ത്യയുടെ ജെയിംസ് ബോണ്ട് എന്ന് അറിയപ്പെടുന്ന അജിത് ഡോവല്‍ എന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ഏറ്റവും പ്രിയപ്പെട്ട ഉദ്ധരണിയാണിത്. ഇതാണ് അദ്ദേഹത്തിന്റെ ശൈലിയും. 'അവന്‍ എന്നെ അത്താഴമാക്കുന്നതിന് മുമ്പ് ഞാന്‍ അവനെ ഉച്ചഭക്ഷണമാക്കി' എന്ന പഴമൊഴി തന്നെയാണ് ഡോവല്‍ സ്റ്റെല്‍. അപസര്‍പ്പക നോവലുകളെ വെല്ലുന്ന ഡോവലിന്റെ ജീവിതം മാധ്യമങ്ങളിലുടെ ഒരുപാട് ആഘോഷിക്കപ്പെട്ടതാണ്. ഈ വാര്‍ത്തകളില്‍ യാഥാര്‍ഥ്യവും അതിശയോക്തിയും പല അളവുകളില്‍ കലര്‍ന്നിരുന്നു. ഒരു വേള നാടോടിക്കഥകളിലെ വീരനായകരെപ്പോലെയായി അത് മാറി. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ പല വേഷങ്ങളില്‍ പല ഭാവങ്ങളില്‍ പലയിടത്തും ഈ കുറിയ മനുഷ്യന്‍ ഉണ്ടായിരുന്നു. അവിടെയെല്ലാം ഇന്ത്യയുടെ ശത്രുക്കള്‍ക്ക് എട്ടിന്റെ പണി കിട്ടുകയും ചെയ്തു.

ഇന്ത്യന്‍ റാംബോയെന്നും, 'യഥാര്‍ഥജീവിതത്തിലെ ബ്യോംകേഷ് ബക്ഷി' (ശരദിന്ദു ബന്ദോപാധ്യായ സൃഷ്ടിച്ച സുപ്രസിദ്ധനായ ബംഗാളി കുറ്റാന്വേഷകന്‍) എന്നും അദ്ദേഹം വിളിക്കപ്പെട്ടു. ഒരുപാട് കഥകള്‍ പ്രചരിക്കുമ്പോള്‍ അതിനെയെല്ലാം ഒറ്റയടിക്ക് പുളുവെന്നും, ഹരീഷ് കണാരന്‍ മോഡല്‍ 'വിടല്‍സ്' എന്നും വിമര്‍ശിക്കുന്നവരും ധാരാളമുണ്ടായിരുന്നു. രഹസ്യ ഓപ്പറേഷനായതുകൊണ്ട് ഇതിലൊന്നും പരസ്യ പ്രതികരണം നടത്താനും, സുരക്ഷാകാരണങ്ങളാല്‍ മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കാത്ത അജിത്ത് ഡോവലിന് കഴിയില്ല. ഈ കഥകളില്‍ കുറേയെണ്ണം, ഡോവല്‍ തള്ളുകളാണെന്ന് വിമര്‍ശകര്‍ പറഞ്ഞിരിക്കേയാണ്, ഡി ദേവദത്തിന്റെ 'അജിത് ഡോവല്‍: ഓണ്‍ എ മിഷന്‍' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്.

2023-ല്‍ പുറത്തിറങ്ങിയതാണെങ്കിലും പുസ്തകം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ഇപ്പോഴാണ്. നാം ഇതുവരെ നാം കേള്‍ക്കാത്ത സിക്കിമിലെ അജിത്ത് ഡോവലിന്റെ മിഷനെക്കുറിച്ചും, മീസോറാമിലെയും പാക്കിസ്ഥാനിലെയും പഞ്ചാബിലെയും ദൗത്യങ്ങളും പുസ്തകം എടുത്തുപറയുന്നു. എന്‍ഡിടിവി അടക്കമുള്ള ദേശീയമാധ്യമങ്ങള്‍ ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതോടെ, ഇടവേളക്കുശേഷം അജിത്ത് ഡോവലെന്ന 79 വയസ്സുള്ള ഇന്ത്യന്‍ ജെയിംസ് ബോണ്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.




മീസോ തീവ്രവാദികള്‍ക്ക് പോര്‍ക്ക്

അജിത്കുമാര്‍ ഡോവല്‍ എന്ന, കേരള കേഡര്‍ ഐപിഎസ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങി, പിന്നീട് കേന്ദ്ര ഇന്റലിജന്‍സിലേക്ക് മാറിയ ഈ ഇന്ത്യന്‍ സൂപ്പര്‍ കോപ്പിന്റെ ജീവിതം അതിസാഹസികം തന്നെയായിരുന്നു. ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവര്‍ത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജന്‍സ് മേധാവിയാണ് ഇദ്ദേഹം. ഉത്തരവിട്ട് ഒരു മൂലക്കിരിക്കുക എന്നത് ഡോവലിന്റെ രീതിയല്ല.

ഇന്ത്യന്‍ പട്ടാളത്തിലെ മേജറിന്റെ മകനായി ഉത്തരാഖണ്ഡിലെ ഗഡ്വാളി ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച്, അജ്മേറിലെ സൈനിക സ്‌കൂളിലും ആഗ്ര സര്‍വകലാശാലയിലും പഠിച്ച് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം നാഷണല്‍ ഡിഫന്‍സ് കോളേജില്‍നിന്ന് എം.ഫില്‍ പൂര്‍ത്തിയാക്കിയ അജിത് കുമാര്‍ പോലീസ് വേഷത്തില്‍ ആദ്യം കാണുന്നത് കോട്ടയത്താണ്, 1968-ല്‍. 1972-ല്‍ കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ തലശ്ശേരിയിലുണ്ടായ കലാപം നേരിടാന്‍ നിയോഗിക്കപ്പെട്ടത് എ.എസ്.പി.യായിരുന്ന ഡോവലായിരുന്നു. അന്ന്, കലാപകാരികളെ മുഴുവന്‍ പകല്‍വെളിച്ചത്തിലവതരിപ്പിച്ച് ഇരകള്‍ക്കൊപ്പംനിന്ന് കലാപത്തെ നിയന്ത്രണവിധേയമാക്കിയ ഡോവലിയന്‍തന്ത്രം ഓര്‍ക്കുന്നവരേറെയുണ്ട് ഇപ്പോഴും.

തുടര്‍ന്ന് കേന്ദ്ര സര്‍വീസിലേക്കുപോയ ഡോവലിന്റെ അടുത്ത അവതാരം മിസോറമില്‍ രഹസ്യാന്വേഷണ ഓഫീസറായിട്ടായിരുന്നു. ഡി ദേവദത്തിന്റെ 'അജിത് ഡോവല്‍: ഓണ്‍ എ മിഷന്‍' എന്ന പുസ്തകം ഈ വിഷയം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. അന്ന് മീസോറാം കത്തുന്ന കാലമായിരുന്നു. മിസോ നാഷണല്‍ ഫ്രണ്ട് ( എംഎന്‍എഫ്) എന്ന സംഘടനയുടെ തീവ്രവാദ വിഭാഗമായിരുന്നു പ്രധാന ഭീഷണി. വിചിത്രമെന്നുതോന്നാം എലിയുടെ പേരില്‍ രൂപം കൊണ്ട സംഘടയാണിത്!

മിസോറാമില്‍ വനത്തിന്റെ അധികവും മുളംകാടുകളാണ്. 50 വര്‍ഷത്തിലൊരിക്കല്‍ പൂവിട്ട് ഉണങ്ങി നശിക്കുന്ന മെലോകന ബാസിഫെറ എന്നയിനം മുള (ബംബു ഡെത്ത് അഥവാ മോട്ടം) ഉണങ്ങി തുടങ്ങുമ്പോള്‍ അതിന്റെ കായ്കള്‍ തിന്നാന്‍ എലികള്‍ കൂട്ടമായി എത്തും. ഇവ പെറ്റു പെരുകി കൃഷിഭൂമികള്‍ കയ്യടക്കും ഇതോടെ സകലകൃഷിയും നശിക്കും. സ്വതന്ത്ര ഭാരതത്തില്‍ ആദ്യ മോട്ടം( ഒന്നിച്ചുപൂക്കുന്നത്) നേരിട്ടത് 1959 -ല്‍ ആണ്. അന്ന് അസമിലെ ഒരു ജില്ല ആയിരുന്നു മിസോറാം. വിളവ് എത്തിയ കൃഷി മുഴുവന്‍ എലികള്‍ നശിപ്പിച്ചു. പട്ടിണി മൂലം ആളുകള്‍ മരണപെട്ടു. തിരിഞ്ഞുനോക്കാതിരുന്ന ഗവണ്മെന്റിനെതിരെ കര്‍ഷകര്‍ സംഘടിച്ചു മിസോ നാഷണല്‍ ഫാമിന്‍ ഫ്രണ്ട് (എം എന്‍ എഫ് എഫ്) എന്ന സംഘടന രൂപീകരിച്ചു ശക്തമായ പ്രക്ഷോഭം നടത്തി.1961ല്‍ എംഎന്‍എഫ്എഫ് രാഷ്ട്രീയ പാര്‍ട്ടിയായി.

പക്ഷേ കാര്യങ്ങള്‍ അവിടെ നിന്നില്ല. ഒരു വിഭാഗം തീവ്രവാദത്തിലേക്ക് പോയി. ഇന്ത്യന്‍ പട്ടാളത്തില്‍ ഹവില്‍ദാറായി ജോലിചെയ്ത ലാല്‍ ഡങ്കനായിരുന്നു ഇവരുടെ നേതാവ്. അദ്ദേഹം മിസോ നാഷണല്‍ ഫ്രണ്ട് ( എംഎന്‍എഫ്) എന്ന സംഘടനയുണ്ടാക്കി ഇന്ത്യക്കെതിരെ തിരിഞ്ഞു. 70-കളില്‍ ഒരു വേള മീസോറാം ഇന്ത്യയില്‍നിന്ന് നഷ്ടപ്പെട്ടുപോവുമോ എന്നുവരെ ആശങ്ക വന്നു. അതോടെയാണ് അജിത്ത് ഡോവല്‍ അവിടേക്ക് നിയോഗിക്കപ്പെട്ടത്. അതിഭീകരമായ ഒരു തീക്കളിയാണ് അജിത്ത് ഡോവല്‍ നടത്തിയത് ലാല്‍ ഡങ്കന്റെ സംഘത്തിലേക്ക് ഒരു തീവ്രവാദിയായി അദ്ദേഹം നുഴഞ്ഞു കയറി. ആര്‍ക്കും ഒരു സംശയവും തോന്നാതെ അവരെ പഠിച്ചു. സംഘത്തിലെ പലരും ഡോവലിന്റെ കമ്പനിയായി. അവരെ അദ്ദേഹം ബ്രയിന്‍വാഷ് ചെയ്തു. അങ്ങനെ എം എന്‍ എഫിന്റെ വലംകൈയായ ആറുപേരെ അദ്ദേഹം മറുകണ്ടം ചാടിച്ചു!



മിസോറമിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഫീല്‍ഡ് മാനായിരുന്ന ഡോവലിന്റെ വീട്ടില്‍ അത്താഴം കഴിക്കാനെത്തുമായിരുന്നു മിസോ നാഷണല്‍ ഫ്രണ്ടിലെ തീവ്രവാദി സംഘമെന്നാണ്, ഡി ദേവദത്തിന്റെ പുസ്തകം പറയുന്നത്. 2006-ല്‍ അതിനെക്കുറിച്ച് ഡോവല്‍ പറഞ്ഞിങ്ങനൊയിരുന്നു-'അവരെല്ലാം അത്യധികം ആയുധധാരികളായിരുന്നു. പക്ഷേ, 'എന്റെ വീട്ടില്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും' എന്ന അവരോടുള്ള വാക്ക് ഞാന്‍ പാലിച്ചു. സസ്യാഹാരിയായ എന്റെ ഭാര്യ അവര്‍ക്ക് പന്നിയറിച്ചിവെച്ച് വിളമ്പിക്കൊടുത്തു.'' അങ്ങനെയൊക്കെയാണ് അവരെ ഡോവല്‍, സംഘത്തില്‍നിന്നും പുറത്തുചാടിച്ചത്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പാകിസ്ഥാന്റെ തോല്‍വിയും ബംഗ്ലാദേശിന്റെ രൂപവത്കരണവുമാണ് പിന്‍ബലങ്ങള്‍ നിലച്ച ലാല്‍ ഡങ്കനെയും സംഘത്തെയും കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് എന്നൊരു മറുവാദമുണ്ട്. ആ അന്തരീക്ഷത്തെ ഡോവല്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. ഏതായാലും ലാല്‍ ഡങ്കന്‍ തന്റെ കീഴടങ്ങലിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: 'എനിക്കൊപ്പമുണ്ടായിരുന്ന ഏഴ് പോരാളികളില്‍ ആറു പേരെയും കൊണ്ടാണ് ഡോവല്‍ പോയത്. സമാധാനചര്‍ച്ച നടത്തുകയല്ലാതെ പിന്നെ ഞാനെന്തു ചെയ്യും?''- അതാണ് ഡോവല്‍ മാജിക്ക്.

ചാരവലയത്തിലെ രാജകുമാരന്‍

മീസോറാം ദൗത്യത്തിനുശേഷം ഡോവല്‍ നിയമിക്കപ്പെട്ടത് സിക്കിമിലേക്കായിരുന്നു. സിക്കിമിനെ ഇന്ത്യയോട് ചേര്‍ത്തത് ഡോവലിന്റെകൂടി കൈയുണ്ടെന്നത് അധികം അറിയപ്പെടാത്ത കാര്യമായിരുന്നു. ഡി ദേവദത്തിന്റെ ' അജിത് ഡോവല്‍: ഓണ്‍ എ മിഷന്‍' എന്ന പുസ്തകം ഈ വിഷയം വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്.

1642 മുതല്‍ ചോഗ്യാല്‍ രാജവംശം ഭരിച്ചിരുന്ന ഒരു ഹിമാലയന്‍ സാമ്രാജ്യമായിരുന്നു സിക്കിം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സിക്കിം ഒരു സംരക്ഷിത പ്രദേശമായി നിലനിര്‍ത്തി. അതായത് പ്രതിരോധവും വിദേശകാര്യങ്ങളും കൈകാര്യം ചെയ്തത് ഡല്‍ഹിയാണ്. അതേസമയം ചോഗ്യാല്‍ രാജവംശം ആഭ്യന്തര കാര്യങ്ങള്‍ കൈകാര്യം ചെയ്തു. അത് വലിയ കുഴപ്പമില്ലാതെ പോവുകയായിരുന്നു. 1965-ല്‍ സര്‍ താഷി നംഗ്യാലിന്റെ മരണശേഷം മകന്‍ പാല്‍ഡന്‍ തോണ്ടപ്പ് നംഗ്യാല്‍ സിക്കിമിന്റെ ഭരണാധികാരിയായതോടെ ക്രമീകരണം മാറാന്‍ തുടങ്ങി. പാല്‍ഡന്‍ ഇന്ത്യയില്‍ പഠിച്ചിരുന്ന, വിദ്യാഭ്യാസമുള്ള രാജകുമാരനായിരുന്നു.

1963-ല്‍ അദ്ദേഹം ഒരു അമേരിക്കന്‍ യുവതിയായ ഹോപ് കുക്കുമായി പ്രണയത്തിലായി. പക്ഷേ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെട്ടിരുന്ന, ചാര സുന്ദരി എന്നൊക്കെ വിശേഷിപ്പിക്കാന്‍ കഴിയുന്ന വനിതയായിരുന്നു അവര്‍. ഇക്കാര്യം പാല്‍ഡണ്‍

തോണ്ടപ്പിന് അറിയുമായിരുന്നില്ല. ഹോപ് കുക്ക്, പാല്‍ഡനെ വിവാഹം കഴിക്കാന്‍ യുഎസ് പൗരത്വം ഉപേക്ഷിച്ചു. അങ്ങനെ അവര്‍ സിക്കിമിന്റെ രാജ്ഞിയായി. പതുക്കെ പതുക്കെ സിക്കിമിന്റെ നയപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടാന്‍ തുടങ്ങി. ഹോപ് കുക്ക് പ്രവര്‍ത്തിച്ചത് അമേരിക്കക്ക് വേണ്ടിയായിരുന്നു. അവര്‍ ഇന്ത്യക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുകയും ഗാങ്‌ടോക്കിലെ രാഷ്ട്രീയത്തില്‍ അമേരിക്കയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.




ഇവര്‍ വിദേശ പത്രപ്രവര്‍ത്തകരെ ഇന്ത്യക്കെതിരെ തിരിച്ചു. സിക്കിമിനെ ഇന്ത്യന്‍ സമ്മര്‍ദ്ദത്തെ ചെറുക്കുന്ന ഒരു രാഷ്ട്രമായി ചിത്രീകരിക്കുന്ന അഭിമുഖങ്ങള്‍ നല്‍കി. സ്വാതന്ത്ര്യം നേടാന്‍ ഭര്‍ത്താവിനെ നിരന്തരം ബ്രെയിന്‍ വാഷ് ചെയ്തു. പതുക്കെപ്പതുക്കെ തലയണമന്ത്രങ്ങള്‍ ഭരണത്തില്‍ സ്വാധീനിക്കാന്‍ തുടങ്ങി. രാജാവ് റാണിയുടെ കൈയിലെ പാവയാണെന്ന് കൊട്ടാര ഗോസിപ്പുകള്‍ ഉയര്‍ന്നു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ഇന്ത്യക്കെതിരെ അമേരിക്ക നിലപാടെടുത്തതോടെ സിക്കിമിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമായി. ഇന്ത്യാ വിരുദ്ധ വികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമായി വളര്‍ന്നു. ചൈനക്കെതിരെ ഒരു ബഫര്‍ സോണായി പ്രവര്‍ത്തിക്കുന്ന സിക്കിം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും തന്ത്രപ്രധാനമായിരുന്നു.

സിക്കിമിനെ ഇന്ത്യയോട് ചേര്‍ക്കുന്നു

ഈ അപകടം മനസ്സിലാക്കിയ ഇന്ത്യ, അന്ന് യുവ ഇന്റലിജന്‍സ് ഓഫീസറായിരുന്ന അജിത് ഡോവലിനെ സിക്കിമിലേക്ക് അയച്ചു. പതിവുപോലെ, ശബ്ദകോലാഹലങ്ങളോ ശ്രദ്ധ പിടിച്ചുപറ്റുന്ന നീക്കങ്ങളോ നടത്താതെ, ഡോവല്‍ നിഴലില്‍ നിന്നുകൊണ്ട് ദൗത്യം ആരംഭിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജവാഴ്ചക്കെതിരെ സിക്കിമില്‍ വലിയ പ്രതിഷേധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് അവിടം മുഴുവന്‍ സഞ്ചരിച്ച ഡോവലിന് മനസ്സിലായി. അദ്ദേഹം തദ്ദേശവാസികള്‍ക്കിടയില്‍ ഇടപഴകി. രാഷ്ട്രീയ നേതാക്കളുമായി സംസാരിച്ചു. രാജവാഴ്ചയ്‌ക്കെതിരായ പൊതുജനങ്ങളുടെ കോപം മനസ്സിലാക്കി. ഡല്‍ഹിയുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി. സിക്കിം ജനത, പ്രത്യേകിച്ച് ഭൂരിപക്ഷം വരുന്ന നേപ്പാളി ജനത, പാല്‍ഡന്‍ ചോഗ്യാലിനോടും അദ്ദേഹത്തിന്റെ അമേരിക്കന്‍ രാജ്ഞിയോടും കടുത്ത നീരസത്തിലാണെന്ന് ഡോവലിന് മനസ്സിലായി. അത് അദ്ദേഹം ഡല്‍ഹിയെ അറിയിച്ചു.

ഡോവല്‍ താഴെത്തട്ടിലുള്ള നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. സിക്കിം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി. ഇന്ത്യന്‍ യൂണിയനില്‍ പൂര്‍ണ്ണമായി ലയിച്ചാലുള്ള സാമ്പത്തിക- സൈനിക നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി. ചൈനയില്‍നിന്നുള്ള ഭീഷണിയില്‍നിന്ന് പൂര്‍ണ്ണ സംരക്ഷണം വാഗ്ദാനം ചെയ്തു. ഇതോടെ പ്രാദേശിക രാഷ്ട്രീയക്കാര്‍ സാധാരണക്കാരുടെ ശബ്ദം ഏറ്റെടുത്ത്. 'സിക്കിമിനെ ഇന്ത്യയുമായി ലയിപ്പിക്കുക' എന്ന അവരുടെ ആവശ്യം ശക്തമാക്കി. അതിനായി അജിത്ത് നിരന്തരം പ്രവര്‍ത്തിച്ചു. അദ്ദേഹം ഗ്രാസ്റൂട്ടിലെ നേതാക്കളെ നിരന്തരം കണ്ട് ഇന്ത്യ എന്ന വികാരം കത്തിച്ചു.

ഡോവലിന്റെ തന്ത്രപരമായ നീക്കങ്ങള്‍ ഫലം കണ്ടു. 1973 ആയപ്പോഴേക്കും സിക്കിമില്‍ രാജവാഴ്ചക്കെതിരെ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ജനാധിപത്യം ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്, ഹോപ്പ് കുക്ക് സിക്കിം വിട്ട് ന്യൂയോര്‍ക്കിലേക്ക് പോയി. പിന്നെ ഒരിക്കലും തിരിച്ചുവന്നില്ല.

രണ്ട് വര്‍ഷത്തിന് ശേഷം, 1975 ല്‍, രാജവാഴ്ച നിര്‍ത്തലാക്കാനും ഇന്ത്യയുമായി ലയിപ്പിക്കാനും സിക്കിം അസംബ്ലി വന്‍ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തു. 97 ശതമാനത്തിലധികം പേരും ലയനത്തെ പിന്തുണച്ചു. ഡല്‍ഹിയും അതിവേഗം പ്രതികരിച്ച് ഭരണഘടനയുടെ 35-ാം ഭേദഗതി പാസാക്കി. അങ്ങനെ സിക്കിം ഇന്ത്യയുടെ 22-ാമത്തെ സംസ്ഥാനമായി. സിക്കിം ഇന്ത്യയുടെ ഭാഗമാക്കിയതോടെ ഹോപ് കുക്കിന്റെ പ്രേമവും അവസാനിച്ചു. അവര്‍ പാല്‍ഡനെ ഡിവോഴ്സ് ചെയ്തു. പക്ഷേ യുഎസ് പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡ് അവരുടെ അമേരിക്കന്‍ പൗരത്വം പുനഃസ്ഥാപിച്ചു. ഇത് പരാജയപ്പെട്ട ഒരു ദൗത്യത്തിന് ശേഷം ചാരസുന്ദരിയെ തിരികെ വിളിക്കുന്നതുപോലെയായിരുന്നു എന്ന് പുസ്തകം വിലയിരുത്തുന്നു.

മീസോറാമിലെയും സിക്കിമിലെയും അജിത്ത് ഡോവലിന്റെ ദൗത്യങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്ത് കോണ്‍ഗ്രസ് ഭരണമായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു, സിക്കിമിലെ ഡോവലിന്റെ നെറ്റ്വര്‍ക്കിന് ഏറ്റവും വലിയ പിന്തുണ നല്‍കിയതും. മോദിയുടെയും ബിജെപിയുടെയും സൃഷ്ടിയാണ് ഡോവല്‍ എന്ന വാദത്തിനൊന്നും യാതൊരു കഴമ്പുമില്ല. അയാള്‍ ഈ 79-ാം വയസ്സിലും രാജ്യത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്നു.





പാക്കിസ്ഥാനില്‍ യാചകന്‍

1980കളില്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെത്തിയ ഡോവല്‍ അവിടെ അണ്ടര്‍ കവര്‍ ഓപ്പറേഷന്റെ വഴികളിലൂടെ സഞ്ചരിച്ചു. ഏഴുവര്‍ഷമാണ് അദ്ദേഹം പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നത്. പാക്കിസ്ഥാന്‍ ആണവ ശക്തിയാവുന്നവോ എന്ന കാര്യത്തില്‍ യാതൊരു സ്ഥിരീകരണവുമില്ലാത്ത കാലം. ഇന്ത്യയുടെ എറ്റവും വലിയ പ്രശ്നം അതായിരുന്നു. അതറിയാനായി ഒരു യാചകന്റെ രൂപത്തില്‍ ദീര്‍ഘകാലം ഡോവല്‍ പാക്കിസ്ഥാനില്‍ അലഞ്ഞിട്ടുണ്ടെന്നാണ് പുസ്തകം പറയുന്നത്.

പാക്കിസ്ഥാന്റെ കഹൂട്ട ആണവനിലയം നില്‍ക്കുന്ന നഗരത്തില്‍ ശാസ്ത്രജ്ഞന്മാര്‍ മുടിവെട്ടുന്ന ബാര്‍ബര്‍ ഷോപ്പില്‍ കയറി ഡോവല്‍ അവിടെനിന്ന് വെട്ടിയിട്ട തലമുടികള്‍ ശേഖരിച്ചു. ഈ മുടിയില്‍നിന്ന് ആണവ നിലയത്തില്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന യുറേനിയത്തിന്റെ തരം തിരിച്ചറിയാന്‍ സാധിച്ചു. അപ്പോഴാണ് ഇന്ത്യ ഞെട്ടിയത്. പാക്കിസ്ഥാന്‍ ആണവ പദ്ധതിയുമായി മുന്നോട്ടുപോവന്നുവെന്ന് ഉറപ്പായി. പക്ഷേ ഇന്ന് ഇസ്രയേല്‍ ഇറാനുനേരെ ചെയ്തതുപോലെയൊക്കെ കടുത്ത നടപടിയെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മാറി മൊറാര്‍ജി ദേശായി വന്നതോടെ, കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഇന്ത്യയുടെ സ്പൈ വര്‍ക്കുകള്‍ക്കുപോലും മതിയായ പണം അനുവദിക്കാതെയായി. റോ മേധാവിയടക്കമുള്ളവര്‍ രാജിവെച്ചുപോയി. മൊറാര്‍ജി ഒരു ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞ ചില സൂചനകള്‍വെച്ച്, പാക് പ്രസിഡന്റ് അയൂബ്ഖാന് ചില സൂചനകള്‍ ലഭിച്ചു. അതോടെ പാക്കിസ്ഥാനിലെ നിരവധി ഇന്ത്യന്‍ ഏജന്റുമാരാണ് കൊല്ലപ്പെട്ടത്.

അജിത്ത് ഡോവലും പാക്കിസ്ഥാനില്‍വെച്ച് പലതവണ മരണം മുഖാമുഖം കണ്ടതാണ്. തന്റെ പാക്കിസ്ഥാന്‍ ജീവിതത്തിലെ ഒരനുഭവത്തെക്കുറിച്ച്, 2014-ല്‍ പുനെയിലെ ഒരു ചടങ്ങില്‍വെച്ച്, ഒരു കേള്‍വിക്കാരന്റെ ചോദ്യത്തിന് മറുപടിയായി ഡോവല്‍ പറഞ്ഞു:''....ഞാന്‍ ലഹോറില്‍ മുസ്ലിമായി ജീവിക്കുകയായിരുന്നു. ഒരു ദിവസം ഞാനവിടത്തെ ഒരു ശവക്കോട്ടയില്‍പ്പോയി. അവിടൈവച്ച് താടിനീട്ടിയ ഒരാള്‍ എന്നെ മാറ്റിനിര്‍ത്തിയശേഷം പറഞ്ഞു: 'നിങ്ങള്‍ ഹിന്ദുവാണ്.' ഞാന്‍ അത് നിഷേധിച്ചു. അയാള്‍ എന്നോട് പിറകേ വരാന്‍ പറഞ്ഞു. കുറെ തെരുവുകള്‍ക്കപ്പുറം ഒരു ചെറുമുറിയിലെത്തിയപ്പോള്‍, മുറിയടച്ച് കുറ്റിയിട്ടതിനുശേഷം അയാള്‍ പറഞ്ഞു: 'നിങ്ങള്‍ ഹിന്ദുവാണ്.' എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ പറയുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: 'നിങ്ങള്‍ കാത് കുത്തിയിട്ടുണ്ട്.' ഞാന്‍ മതപരിവര്‍ത്തനം ചെയ്തതാണ് എന്ന് പറഞ്ഞിട്ടും അയാള്‍ വിശ്വസിച്ചില്ല. വേഗം പോയി പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് കാത് ശരിയാക്കാന്‍ പറഞ്ഞു; അല്ലെങ്കിലത് അപകടമാണ് എന്നും''. ആ നല്ല മനുഷ്യന്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ടാണ് ഡോവല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്.

ഇന്നും പാക്കിസ്ഥാന്റെ പേടി സ്വപ്നമാണ് ഡോവല്‍. ഉറുദു നന്നായറിയുന്ന ഡോവലിന് പാക്കിസ്ഥാന്റെ ഉള്ളറകള്‍ കൈവെള്ളയിലെ രേഖകള്‍പോലെ അറിയാം. ഒരിക്കല്‍ ഡോവല്‍ പറഞ്ഞു-''നിങ്ങള്‍ക്ക് ഒരു മുംെബെ ആക്രമണം നടത്താന്‍ സാധിക്കുമായിരിക്കും; പക്ഷേ, നിങ്ങള്‍ക്ക് ബലൂചിസ്ഥാന്‍ നഷ്ടപ്പെടും.'' അത് പാകിസ്താനെ മാത്രമല്ല ചൈനയെയും അമ്പരപ്പിച്ചു. കാരണം, ബലൂചിസ്താനിലെ മക്‌റാന്‍ തീരത്തെ ഗ്വാദര്‍ തുറമുഖം കേന്ദ്രീകരിച്ചാണ് ചൈന മൂവായിരം കിലോമീറ്റര്‍ നിണ്ട സാമ്പത്തിക ഇടനാഴി ണ്ടാക്കുന്നത്. ഇന്ത്യയുടെ സംയുക്ത മിസൈല്‍ പരീക്ഷണകേന്ദ്രമായ ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ചാന്ദ്‌നിപുരിലെ ബംഗാളിയായ ചായക്കടക്കാരന്‍ പാകിസ്താന്‍ ഐ.എസ്.ഐ.യുടെ ചാരനാണെന്നും നാം അയാളെ പിടിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് ഡോവല്‍ തന്നെ അമ്പരപ്പിച്ചതായി മുന്‍ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി ആത്മകഥയായ മൈ ലൈഫ് മൈ കണ്‍ട്രി എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. അതായത് ഡോവല്‍ കഥകള്‍ ഒന്നും തള്ളല്ല എന്ന് ചുരുക്കം. ആരാധകര്‍ അതില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടുണ്ടാവുമെന്ന് മാത്രം.


പഞ്ചാബില്‍ ഉന്തുവണ്ടിക്കാരന്‍

പഞ്ചാബ് അമൃതസറിലെ സുവര്‍ണക്ഷേത്രം കയ്യടക്കിയ ദിവസങ്ങളിലാണ് അജിത് ഡോവലെന്ന സാഹസികനായ ഓഫിസറുടെ ധൈര്യം രാജ്യം മനസിലാക്കിയത്. ഇതും ദേവദത്തിന്റെ പുസ്തകം പരാമര്‍ശിക്കുന്നുണ്ട്. ഭീകരവാദികളുടെ ഇടയിലേക്ക് ഇദ്ദേഹം ഒരു ഉന്തുവണ്ടിക്കാന്റെ വേഷത്തില്‍ കടന്നുചെന്നു. പാക്കിസ്ഥാന്റെ ചാരസംഘടനായായ ഐ.എസ്.ഐ.യുടെ ആളാണ് താന്‍ എന്ന് ഭിന്ദ്രന്‍വാലയെയും സംഘത്തെയും വിശ്വസിപ്പിച്ചു. ക്ഷേത്രത്തിനകത്ത്് ഭീകരര്‍ എങ്ങനെ എവിടെയൊക്കെ നിലയുറപ്പിച്ചിരിക്കുന്നു എന്ന കാര്യം പുറത്തെ ഓപ്പറേഷന്‍ സംഘത്തിനെ അറിയിച്ചത് ഡോവലാണ് എന്ന് പറയപ്പെടുന്നു. എന്നാല്‍, ഇതിന് സ്ഥിരീകരണമില്ല എന്നും കെ.പി.എസ്.ഗില്ലിന്റെയും ജൂലിയോ റിബേറോയുടെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ കഠിനപ്രയത്നത്താലാണ് പഞ്ചാബിലെ ഭീകരവാദം അടിച്ചമര്‍ത്തിയത് എന്നുമാണ് മറുവാദം. ഈ വാദക്കാരും സമ്മതിക്കുന്ന ഒരു കാര്യം അജിത് ഡോവല്‍ ആ സമയത്ത് അവിടെയുണ്ടായിരുന്നു എന്നതാണ് ഈ തര്‍ക്കങ്ങള്‍ക്ക് ശേഖര്‍ ഗുപ്ത ക്രിക്കറ്റിന്റെ ഭാഷയില്‍ മറുപടി നല്‍കിയത് ഇങ്ങനെ: 'പഞ്ചാബില്‍ സംഭവിച്ചതിനെ ഇങ്ങനെ പറയാം-കോട്ട് ഡോവല്‍, ബൗള്‍ഡ് ഗില്‍ എന്നാണ് ( ഗില്ലിന്റെ ബൗളിങ്ങില്‍ ഡോവല്‍ ക്യാച്ചെടുത്തു). എന്നാല്‍ ദേവദത്തിന്റെ പുസ്തകം ഇക്കാര്യവും സ്ഥിരീകരിക്കുന്നു.



കാണ്ഡഹാര്‍ വിമാന റാഞ്ചലിലും ഇറാഖില്‍ ഇന്ത്യന്‍ നഴ്സുമാരെ ഐഎസ് ബന്ദികളാക്കിയപ്പോഴും ഭീകരന്മാരുമായി സംസാരിക്കാന്‍ ഇന്ത്യ നിയോഗിച്ചതു ഡോവലിനെത്തന്നെ. 2016 ല്‍ ഉറി ഭീകരാക്രമണത്തിനു ഉചിതമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി ഡോവലിനെയാണ് ദൗത്യമേല്‍പ്പിച്ചത്. നിയന്ത്രണരേഖയില്‍നിന്നു രണ്ടു കിലോമീറ്റര്‍വരെ ഉള്ളില്‍ കടന്ന് നമ്മുടെ സൈന്യം ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ത്തപ്പോള്‍ വിജയം കണ്ടത് ഡോവിലിന്റെ കൃത്യമായ പ്ലാനിങിലുടെ. ബംഗ്ലദേശ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു പല പിടികിട്ടാപ്പുള്ളികളെയും ഇന്ത്യയിലെത്തിച്ചത് ഡോവലിന്റെ ബുദ്ധികൂര്‍മതയായിരുന്നു.

മണിപ്പൂരില്‍ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാന്‍മറില്‍ കയറിയാണ് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയത്. അതിന്റെ പിന്നിലും ഡോവലിന്റെ ബുദ്ധിയായിരുന്നു. നേപ്പാളില്‍ ഭരണഘടന മാറ്റത്തിനുശേഷം മാദേശി പ്രക്ഷോഭം ഇളക്കി വിട്ട് ഹിന്ദു രാഷ്്ട്രമെന്ന വികാരമുണര്‍ത്തി പ്രധാനമന്ത്രി പ്രചണ്ഡയെ താഴെയിറക്കിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയുണ്ടായിരുന്നു. അതു പോലെ തന്നെ ശ്രീലങ്കയില്‍ മഹീന്ദ രാജപക്സയെ പരാജയപ്പെടുത്തി സിരിസേന അധികാരത്തിലേറിയതിനു പിന്നിലും ഡോവലിന്റെ ബുദ്ധിയും ചരടുവലികളുമുണ്ടായിരുന്നുവെന്നും പുസ്തകം വിലയിരുത്തുന്നു.




ഈ പുസ്തകത്തിലൂടെ ഒരുകാര്യം കൂടി വ്യക്തമായി. മോദിയുടെയോ സംഘപരിവാറിന്റെയോ വക്താവല്ല, രാജ്യത്തിന്റെ വക്താവാണ് ഡോവല്‍. പക്ഷേ ഐതിഹാസികമായ ഒരു കരിയറിനുശേഷം 2005ല്‍ വിരമിച്ച അജിത്ത് ഡോവലിനെ തിരികെ കൊണ്ടുവന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ പങ്കുണ്ട്. വിരമിച്ചതിനുശേഷം ആത്മീയ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാനായിരുന്നു ഡോവലിന്റെ തീരുമാനം. ആത്മീയതയും സേവനും ലക്ഷ്യമാക്കി വിവേകാനന്ദ ഫൗണ്ടേഷന്‍ എന്ന സംഘടന സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. പക്ഷേ മോദി അയാളെ വിടാന്‍ ഒരുക്കമല്ലായിരുന്നു. 2014 -ല്‍ മോദി പ്രധാനമന്ത്രിയതിന് ശേഷമാണ് ഡോവല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മോദി സര്‍ക്കാര്‍ ഏറ്റവും ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കുക എന്നാണ്. ആ തീരുമാനം ഇപ്പോള്‍ ഒരു രാജ്യത്തിന്റെ രക്ഷാകവചമായി നില്‍ക്കുന്നു!

വാല്‍ക്കഷ്ണം: 2014 ജൂണില്‍ ഇറാഖിലെ ഐ.എസ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ 46 ഇന്ത്യന്‍ നഴ്‌സുമാരെ ഒരു പോറല്‍ പോലുമേല്‍ക്കാതെ പൊക്കിക്കൊണ്ടുവന്നപ്പോള്‍ മീഡിയ ചോദിച്ചു. അജിത്ത് ഡോവല്‍ അവര്‍ക്ക് കൊടുത്ത ഓഫര്‍ എന്താണ്? ഇന്നും അത് ആര്‍ക്കുമറിയില്ല. 2020 മാര്‍ച്ച് 27-ന് കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് ഡല്‍ഹിയില്‍ നിസ്സാമുദ്ദീനിലെ പള്ളിയില്‍ പിരിഞ്ഞുപോവാന്‍ കൂട്ടാക്കാതെ തമ്പടിച്ചിരിക്കയായിരുന്നു ഒരു പറ്റം തബ്ലീഗുകാര്‍. ആരും പറഞ്ഞിട്ടും അവര്‍ കേള്‍ക്കുന്നില്ല. ഈ സമയത്ത് ഒരു പൊലീസ് നടപടിയും പറ്റില്ല. അപ്പോഴതാ പുലര്‍ച്ചെ രണ്ടുമണിക്ക് അജിത് ഡോവല്‍ അങ്ങോട്ട് കയറിച്ചെല്ലുന്നു. പത്തുമിനിറ്റിനകം അവര്‍ ഒഴിഞ്ഞുപോവാമെന്ന് സമ്മതിക്കുന്നു. അവരോട് എന്താണ് ഡോവല്‍ പറഞ്ഞത് എന്ന് ഇന്നും ആര്‍ക്കുമറിയില്ല!