എ ഐ യുഗത്തിൽ ജീവിച്ചുകൊണ്ട്, ഭൂമി പരന്നതാണെന്നും, മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയെന്നത് കെട്ടുകഥയാണെന്നും ഒരു സെലിബ്രിറ്റി പറഞ്ഞാൽ നാം ഞെട്ടും. അതാണ് ഇപ്പോൾ നൂറാം സിനിമ ആഘോഷിക്കുന്ന, 'ഷൈനിങ്ങ് സ്റ്റാർ എന്ന് അറിയപ്പെടുന്ന നമ്മുടെ ഷൈൻ ടോം ചാക്കോ, ഏറ്റവും ലേറ്റസ്റ്റായി ഉണ്ടാക്കിയ വിവാദം. 'വിവേകാനന്ദൻ വൈറലാണ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷൈൻ പറഞ്ഞത് ഇങ്ങനെയാണ്.

"ഭൂമി ഉരുണ്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്ന് എങ്ങനെയാണ് അറിയാൻ സാധിക്കുക. വട്ടത്തിലുള്ള ഭൂമി എന്നത് ഒരു പ്രതീകാത്മക ചിത്രമാണ്. ഭൂമി പരന്നതാണോ ഉരുണ്ടതാണോ എന്ന് പറയാൻ ഭൂമിയെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ. വീട്ടിൽ ആപ്പിൾ ഉണ്ടെന്ന് ആപ്പിൾ കണ്ടാൽ ആണ് വിശ്വസിക്കുക. ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിക്കാൻ ഭൂമിയുടെ ഫോട്ടോ എടുക്കാൻ പോലും പറ്റില്ല. ഭൂമിയെ വട്ടത്തിൽ കാണണമെങ്കിൽ എത്ര ദൂരം പോകേണ്ടി വരും. അവിടെ പോയി ആരാണ് ഭൂമിയുടെ ചിത്രം എടുക്കുക. ഇത്തരത്തിൽ തന്നെയുള്ള മറ്റൊരു കഥയാണ് മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയെന്നതും"- ഷൈൻ പറയുന്നു.

'ഭൂമിയിൽ നിന്ന് ഒരു റോക്കറ്റ് ഭ്രമണപഥം ഭേദിച്ച് ചന്ദ്രനിൽ എത്തുമ്പോഴേക്കും അത് വളരെ ചെറുതായിരിക്കും. പിന്നെ അത് തള്ളാൻ പോലും ഒരാളില്ല. അവിടെ നിന്ന് എന്ത് പ്രഷറിലാണ് അത് തിരിച്ചെത്തുക? കത്താതെ പേടകം തിരികെ വരികയാണെങ്കിൽ പിന്നെ എന്തിനാണ് ഇവിടെ നിന്ന് അയക്കുമ്പോൾ ഇത്രയും സന്നാഹം ഉപയോഗിക്കുത്. അതേ ഐഡിയ തന്നെ ഇവിടെ നിന്ന് ഉപയോഗിച്ചാൽ പോരെതെ. ഇവരുടെ ഈ പൊറോട്ട് കഥ നമ്മളല്ലാതെ മറ്റാരെങ്കിലും വിശ്വസിക്കുമോ?രണ്ട് പേര് അവിടെ എത്തിയിട്ട് ആദ്യം നീൽ ആംസ്‌ട്രോങ് അവിടെ കാലുകുത്തി എന്നു പറയുമോ. ആദ്യമായി ചന്ദ്രനിൽ മനുഷ്യൻ പോയ ശേഷം ആരും അവിടേക്ക് പോയിട്ടില്ലല്ലോ. അന്ന് പോയിട്ടുണ്ടെങ്കിൽ ഇന്ന് ബസ്സിന് ആളെ കൊണ്ടുപോകാമായിരുന്നല്ലോ' -ഷൈൻ ടോം ചാക്കോ പറയുന്നു.

ഈ അഭിമുഖം ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് ട്രോളായി മാറി. ഷൈനിനെ മാനസികരോഗത്തിന് ചികിത്സിപ്പിക്കേണ്ടി വരുമോ എന്നുപോലും പലരും പരിഹസിച്ചു. നടനെതിരെ പഴയ ലഹരിക്കേസുമായി ബന്ധപ്പെടുത്തിപോലും വിമർശനങ്ങൾ വന്നു. പക്ഷേ ഈ ലോകത്ത് ഇത്തരം അസംബന്ധവാദങ്ങൾ ഉന്നയിക്കുന്നവരിൽ ഷൈൻ ടോം തനിച്ചല്ല എന്നാണ് വാസ്തവം. അമേരിക്കയിലും മറ്റും ഡോക്ടർമാരും. എഞ്ചിനീയർമ്മാരും, ടെക്കികളും അടക്കം ഉന്നതവിദ്യാഭ്യാസം നേടിയ പലരും, ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന കൂട്ടായ്മകളിലും, ചന്ദ്രയാത്ര തട്ടിപ്പാണെന്ന് പറയുന്ന സംഘടനകളിലും, അന്യഗ്രഹജീവികളെ കണ്ടുവെന്ന് പറയുന്നവരുടെ കൂട്ടായ്മകളിലും, ലോകം നിയന്ത്രിക്കുന്നത് ഇല്യൂമിനാറ്റിയാണെന്ന് വിശ്വസിക്കുന്നവരിലും അംഗങ്ങളായുണ്ട്. നൂറുകണക്കിന് ആളുകളാണ് ഇത്തരം സംഘടനകളിൽ അംഗങ്ങളായിട്ടുള്ളത്! വലിയ കൺവെൻഷനുകളും അവർ നടത്താറുണ്ട്. ഇത്തരം ചില വിചിത്രമായ സംഘടനകളെ അറിയാം.


എന്താണ് പരന്ന ഭൂമി പ്രസ്ഥാനം?

ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിന്റെ പേരിൽ ജയിലിലടക്കപ്പെ ശാസ്ത്രജ്ഞനാണ് ഗലീലിയോ ഗലീലി എന്നാണ് പൊതുവെ പറയപ്പെടുന്നത്. അന്നുവരെ ഉണ്ടായിരുന്ന വിശ്വാസങ്ങളെ തകർത്തുകൊണ്ട് ഭൂമി ഉരുണ്ടതാണെന്ന് വാദിച്ച ഗലീലിയോയെ മതനിന്ദ നടത്തിയതിന്റെ പേരിൽ ജയിലിലടക്കാനാണ് പോപ്പ് എട്ടാമൻ വിധിച്ചത്. 1633 ജൂൺ 22 നാണ് അങ്ങിനെ ഒരു ശാസ്ത്രസത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഗലീലിയോ ഗലീലിക്ക് ജയിൽ ശിക്ഷ ലഭിച്ചത്. പിന്നീട് മരണം വരെ വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. ( പക്ഷേ ഗലീലിയോയുടെ കഥ അതിശയോക്തി നിറഞ്ഞതാണെന്നും പിന്നീട് പഠനങ്ങൾ വന്നിട്ടുണ്ട്) ഗലീലിയോ മരിച്ച് 300റോളം വർഷങ്ങൾ കഴിഞ്ഞപ്പോൾ മാത്രമാണ് ഭൂമി ഉരുണ്ടതാണെന്ന് ക്രിസ്തീയ സഭ അംഗീകരിച്ചത്.

പിന്നീട് കാലം എത്രയോ കഴിഞ്ഞു. ഇന്ന് ഭൂമി പരന്നതല്ല എന്ന് പറഞ്ഞാൽ സ്‌കുൾ കുട്ടികൾപോലും ചിരിക്കും. മനുഷ്യൻ ബഹിരാകാശത്തും ചന്ദ്രനിലുമെത്തി. അവനുണ്ടാക്കിയ റോബോട്ടുകൾ ചൊവ്വയിൽനിന്ന് പാറകളുമായി മടങ്ങിയെത്തി. സൂര്യനെ അടുത്തറിയാൻ പുതിയ ഉപഗ്രഹങ്ങളയച്ചു. സാറ്റലൈറ്റുകൾ കണ്ണുതുറന്ന് ഭൂമിയേയും പ്രപഞ്ചത്തേയും നിരീക്ഷിച്ച് ചിത്രങ്ങൾ നമുക്കു തന്നു. ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ ആയിരിക്കണക്കിന് ചിത്രങ്ങൾ ഉണ്ട്. ഭൂമി ഉരുണ്ടതാണ് എന്നതിന് ഇന്ന് പതിനായിരിക്കണക്കിന് തെളിവുൾ ഉണ്ട്.

പക്ഷേ അപ്പോഴും, ഭൂമിപരന്നതാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവർക്ക് ശക്തമായ ഒരു സംഘടനയുമുണ്ട്. അതാണ് 1956-ൽ രൂപംകൊണ്ട 'ഫ്ളാറ്റ് എർത്ത് റിസർച്ച് സൊസൈറ്റി'. ബ്രിട്ടനിലെ ഡോവർ സ്വദേശി സാമുവൽ ഷെന്റണാണ് ഇതിന്റെ സ്ഥാപകൻ. ഇവരുടെ ട്വിറ്റർ ഹാൻഡിൽ ഒരു ലക്ഷത്തോളം പേർ പിൻതുടരുന്നുണ്ട്. ഭൂമി പരന്നതാണെന്ന് സ്ഥാപിക്കാൻ വേണ്ടി പല 'പരീക്ഷണങ്ങളും' ഇവർ നടത്തുന്നുമുണ്ട്!

യു.എസിൽ എല്ലാവർഷവും ഫ്ളാറ്റ് എർത്ത് കോൺഫറൻസ് നടക്കാറുണ്ട്. ഭൂമിപരന്നതാണ് എന്നു വിശ്വസിക്കുന്നവരുടെ സാമാന്യം വലിയ കൂട്ടായ്മയാണത്. ഡോക്ടർമാരും എൻജിനിയർമാരും അദ്ധ്യാപകരുമൊക്കെ ഇതിൽ അംഗങ്ങളാണത്രെ! കഴിഞ്ഞ വർഷം നടന്ന സമ്മേളനത്തിൽ 600 പേർ പങ്കെടുത്തുവെന്നാണ് പറയുന്നത്. അതിനേക്കാൾ രസകരമായ മറ്റൊരു വാർത്തയുണ്ടായിരുന്നു. റഷ്യയിൽ അഞ്ചുവർഷം മുമ്പ് നടന്ന ഒരു സർവേയിൽ ചന്ദ്രയാത്ര അമേരിക്കയുടെ തട്ടിപ്പാണെന്നാണ് 40 ശതമാനം വിശ്വസിച്ചിരുന്നത്. ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവർ അവിടെ അഞ്ചു ശതമാനത്തോളം വരും.

'ഡാറ്റാഫോൾഹ' എന്ന പ്രശസ്തമായ ഡേറ്റാ കമ്പനി 2019-ൽ നടത്തിയ ഒരു സർവെയിൽ ബ്രസീലിലെ ഏഴുശതമാനം പേർ ഇപ്പോഴും ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നതായി പറയുന്നു. ഇത് ഏകദേശം 11 ദശലക്ഷംപേർ വരും. 2017- ൽ ബോബി റേ സിമ്മൺസ് ജൂനിയർ എന്ന 'പരന്നഭൂമിവാദി' ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം നടത്തി. എന്തിനായിരുന്നു ഈ വിക്ഷേപണമെന്നോ, ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ ! അതിന്റെ ഫലമെന്തായി എന്നറിയില്ല. എന്തായാലും ഇക്കൂട്ടർ ഇപ്പോഴും വാദിക്കുന്നത് ഭൂമി ഒരു ഡിസ്‌ക് പോലെ പരന്നതാണ് എന്നുതന്നെയാണ്. നാസപോലുള്ള ശാസ്ത്രസ്ഥാപനങ്ങളെല്ലാം അവരെ സംബന്ധിച്ചിടത്തോളം ഗൂഢാലോചനാ കേന്ദ്രങ്ങളാണ്.

മരണത്തിൽ കലാശിച്ച പരീക്ഷണം

ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ സ്വന്തമായി റോക്കറ്റ് നിർമ്മിച്ച് ശൂന്യാകാശത്തുപോയി ഫോട്ടോയെടുക്കാൻ ശ്രമിച്ചയാളാണ് മൈക്ക് ഹ്യൂഗ്‌സ് എന്ന അമേരിക്കക്കാരൻ. 'ശാസ്ത്രീയമായി' ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ സ്വന്തം റോക്കറ്റിൽ പല പ്രാവശ്യം ഇദ്ദേഹം സഞ്ചരിച്ചു. 2018ൽ സ്വന്തമായി നിർമ്മിച്ച റോക്കറ്റിൽ 1,875 അടി ഉയരത്തിലാണ് ഹ്യൂഗ്‌സ് പറന്നത്.

ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ ഹ്യൂഗ്‌സ് അവസാന പരീക്ഷണം നടത്തിയത് 2020 ഫെബ്രുവരി 22നായിരുന്നു. അത് പക്ഷേ അദ്ദേഹത്തിന്റെ മരണത്തിലാണ് കലാശിച്ചത്. യുഎസിലെ സാൻ ബെർണാഡിനോ മരുഭൂമിയിൽ സ്വന്തമായി നിർമ്മിച്ച റോക്കറ്റിൽ കയറി ആകാശത്തേക്കു കുതിച്ച മൈക്ക് ഹ്യൂഗ്‌സിന് ആസൂത്രണം ചെയ്തുപോലെ തിരിച്ചിറങ്ങാനായില്ല . റോക്കറ്റ് കുതിച്ചുയരുന്നതിനിടെ തിരിച്ചറിങ്ങുമ്പോൾ ഉപയോഗിക്കാനായി കരുതിയ പാരച്യൂട്ട് തെറിച്ചുവീണു. ഉയരത്തിലെത്തിയ റോക്കറ്റ് പാര്ച്യൂട്ടില്ലാത്തതിനാൽ പെട്ടെന്ന് താഴേക്ക് പതിച്ചു.

രണ്ടായിരത്തോളം അടി ഉയരത്തിൽ നിന്നുള്ള വീഴ്‌ച്ചയിൽ മൈക്ക് ഹ്യൂഗ്‌സ് തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തു. ഹ്യൂഗ്‌സിന്റെ പരാജയപ്പെട്ട പരീക്ഷണങ്ങളും മരണവുമൊന്നും 'പരന്ന ഭൂമി' സിദ്ധാന്തക്കാരെ ബാധിച്ചിട്ടില്ല. ഭൂമി ഉരുണ്ടതാണെന്ന് യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ കള്ളം പറയുകയാണ് എന്നു തന്നെയാണ് അവർ ആവകാശപ്പെടുന്നത്. തങ്ങളുടെ വാദഗതികൾ ഒരുനാൾ ലോകം അംഗീകരിക്കും എന്നും ഇവർ ഉറച്ച് വിശ്വസിക്കുന്നു.

സാധാരണ ഇവർ പരീക്ഷണങ്ങൾ നടത്താറില്ല. എന്നാൽ ഒരു ഫ്ളാറ്റ് എർത്ത് സൊസൈറ്റിക്കാരൻ തങ്ങളുടെ യുട്യൂബ് ചാനലിനുവേണ്ടി ഒരു പരീക്ഷണം നടത്തിയും പുലിവാലുപിടച്ചു. മൂന്നുവർഷം മുമ്പേയാണ് സംഭവം.സ്റ്റഡി ക്യാമുകൾ ഉപയോഗിച്ചാണ് പരീക്ഷണം. സ്റ്റഡികാ്യാമിന്റെ ബേസ് നാം എത്ര ചലിപ്പിച്ചാലും, ക്യാമറ സ്റ്റഡിയായിട്ട് നിൽക്കും. എത്ര ഇളക്കിയാലും ക്യാമറ എപ്പോഴും സ്റ്റഡിയാണ്. ഈ ടെക്ക്നോളജി ഉപയോഗിച്ചുള്ള ഒരു ഉപകരമാണ് ഗൈറോൺ സ്‌കോപ്പ്. അതിന്റെ ഏറ്റവും പുതിയ വേർഷൻ ആണ് റിങ്ങ് ലേസർ ഗൈറോ സ്‌ക്കോപ്പ്. ഇത് അനുസരിച്ച് മണിക്കൂറുകൾ നമുക്ക് ട്രാക്ക് ചെയ്യൻ കഴിയും.

ഭൂമി ഒരു ദിവസംകൊണ്ട് 360 ഡിഗ്രി, തിരയുന്നുണ്ട്. ആ കണക്കിൽ ഒരു മണിക്കുറിൽ 15 ഡിഗ്രി തിരിയും. ഇത് ഗൈറോസ്‌കോപ്പിലുടെ നോക്കിയാൽ 15 ഡിഗ്രി ചരിവ് നമുക്ക് കാണുവാൻ സാധിക്കും. ഭൂമി ഉരുണ്ടതാണെങ്കിൽ അത് കറങ്ങുന്നുണ്ടെങ്കിൽ ഇത് ഗൈറോസ്‌കോപ്പിൽ രേഖപ്പെടുത്തും. ഇതിനായി ഫ്ളാറ്റ് എർത്ത് സൊസെറ്റിക്കാർ 17 ലക്ഷം രൂപ കൊടുത്ത് ഗൈറോസ്‌കോപ്പ് വാങ്ങി പരീക്ഷിച്ചു. പക്ഷേ പരീക്ഷണത്തിൽ 15 ഡിഗ്രി ചരിവ് ഒരുമണിക്കൂറിനുള്ളിൽ കാണാമയിരുന്നു. അതോടെ അവർ പരീക്ഷണം ഉപേക്ഷിച്ചു. ആ വീഡിയോയും ഡിലീറ്റ് ചെയ്തു! ഇതാണ് ഇവരുടെ പൊതുരീതി. കണ്ണിൽക്കുത്തുന്ന തെളിവുകൾ കൊടുത്താലും ഒന്നും അംഗീകരിക്കില്ല.


മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല!

ഇതുപോലെ തന്നെ മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ടേയില്ലെന്ന് വാദിച്ചവരുടെ മുന്നിൽ പരന്ന ഭൂമി പ്രസ്ഥാനക്കാർ ഉണ്ടായിരുന്നു. പക്ഷേ ഭൂമി ഉരുണ്ടതാണെന്ന്, കരുതുന്നവർ പോലും, ചാന്ദ്രദൗത്യം കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നുണ്ട്. ഇതിന്റെ പേരിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഇവയൊക്കെ ആയിരക്കണക്കിന് കോപ്പികളാണ് വിറ്റുപോകുന്നത്. റഷ്യയെ പരാജയപ്പെടുത്താൻ അമേരിക്ക നെയ്ത കള്ളക്കഥയാണത്രേ ആദ്യത്തെ ചന്ദ്രയാത്രയെന്നാണ് ഇവരുടെ വാദം.

പക്ഷേ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുഎസും സോവിയറ്റ് റഷ്യയും തമ്മിൽ ഉടലെടുത്ത ശീതയുദ്ധമാണ് ചന്ദ്രയാത്രയുടെ പിറവിക്കുള്ള ഒരു കാരണമെന്നത് നിഷേധിക്കാനാവില്ല. എവിടെയും ഒന്നാംസ്ഥാനത്തെത്തണമെന്ന് ആഗ്രഹിച്ച ഈ ലോകശക്തികൾ തമ്മിലുള്ള പോരാട്ടം ബഹിരാകാശത്തേക്കും നീണ്ടു. ആദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന അമേരിക്കയുടെ ലക്ഷ്യം വോസ്റ്റോക് 1 ദൗത്യത്തിൽ യൂറി ഗഗാറിനെ അയയ്ക്കുക വഴി സോവിയറ്റ് റഷ്യ തച്ചുടച്ചു. പകരം ശക്തമായ മറുപടി യുഎസിനു നൽകണമായിരുന്നു. അതിനു ചന്ദ്രയാത്ര എന്ന ബൃഹദ്പദ്ധതിക്ക് കഴിയുമെന്നു യുഎസ് തിരിച്ചറിഞ്ഞു. ശീതയുദ്ധത്തിന്റെ മുൻനിര പോരാളിയായ ജോൺ എഫ്. കെന്നഡി തന്നെയായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ചന്ദ്രയാത്രയ്ക്കുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ അദ്ദേഹം നാസയ്ക്ക് എല്ലാവിധ സഹായങ്ങളും നിർദ്ദേശങ്ങളും നൽകി. ഒടുവിൽ ആ ചരിത്രലക്ഷ്യത്തിനു സാക്ഷാത്കാരമായി.

1969ൽ അമേരിക്ക അതു സാധിച്ചു. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നീ യാത്രികർ സാറ്റേൺ ഫൈവ് എന്ന റോക്കറ്റിലേറി ചന്ദ്രനിലേക്കു കുതിച്ചു. ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിലേക്കുള്ള ഇറക്കത്തിൽ പങ്കാളികളായി. ഒടുവിൽ ചന്ദ്രോപരിതലത്തിലെ മണ്ണിൽ കാലെടുത്തു വച്ച് ആംസ്ട്രോങ് ആദ്യമായി പറഞ്ഞു... 'മനുഷ്യന് ഒരു ചെറിയ കാൽവയ്പ്, മനുഷ്യരാശിക്ക് ഒരു വമ്പൻ കുതിച്ചുചാട്ടം'.പിന്നീട് ഒട്ടേറെ യാത്രികർ വിവിധ അപ്പോളോ ദൗത്യങ്ങളിലായി ചന്ദ്രനിലെത്തി. അവിടെ ഗോൾഫ് കളിച്ചവർ പോലുമുണ്ട്. എന്നാലും ചന്ദ്രയാത്ര ഒരു വലിയ ദുരൂഹതയായി ഒരു വിഭാഗം ആളുകളിൽ നിലനിന്നു. ദുരൂഹതാ സിദ്ധാന്തങ്ങളുടെ രാജാവെന്ന് ചന്ദ്രയാത്ര വ്യാജമാണെന്നുള്ള തിയറികളെ വിശേഷിപ്പിക്കാം.

എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ ചിലരുടെ മനസ്സുകളിൽ സംശയം നുരപൊന്തിത്തുടങ്ങി. സോവിയറ്റ് റഷ്യയ്ക്കു മേൽ മേൽക്കൈ നേടാനായി അമേരിക്കൻ സർക്കാർ നടത്തിയ നാടകമാണിതെന്നായിരുന്നു അവരുടെ വിശ്വാസം. ചന്ദ്രനെന്ന രീതിയിൽ ടെക്സസിലെ ഏതോ മരുഭൂമിയിലാണു ചിത്രങ്ങൾ ഷൂട്ട് ചെയ്തതെന്നും പ്രചരണമുണ്ടായി. ആയിടയ്ക്ക് വിയറ്റ്നാം യുദ്ധത്തിലെ അമേരിക്കയുടെ വിവാദ ഇടപെടലുകളിലേക്കു വെളിച്ചം വീശി പുറത്തിറങ്ങിയ പെന്റഗൺ പേപ്പേഴ്സും പ്രസിഡന്റ് നിക്സന്റെ പുറത്താകലിനു വഴി വച്ച വാട്ടർഗേറ്റ് വിവാദവുമൊക്കെ ചൂടുപിടിച്ച കാലമാണ്. സർക്കാരിലുള്ള പൗരജനങ്ങളുടെ വിശ്വാസത്തിൽ വലിയ തോതിൽ ഇടിവു സംഭവിച്ചിരുന്നു. ചന്ദ്രയാത്ര വ്യാജമാണെന്നും കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്നുമുള്ള വാദങ്ങൾക്ക് ശക്തി പകരാൻ ഈ വിവാദങ്ങൾ സഹായകമായി.

കല്ലും പാറയുമായി തെളിവുകൾ ഒട്ടേറെ

ഏറ്റവും പ്രമുഖമായ വാദം ചന്ദ്രനിൽ യാത്രികർ നാട്ടിയ പതാകയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അന്തരീക്ഷം വളരെ നേർത്ത, വായുചലനമില്ലാത്ത ചന്ദ്രനിൽ ചിത്രത്തിൽ കാണുന്നതു പോലെ പതാക പാറിപ്പറക്കുന്നതെങ്ങനെയായിരുന്നു ചോദ്യം. ഇതിനുള്ള ഉത്തരം പലതവണ വിദഗ്ദ്ധർ വിശദീകരിച്ചു നൽകിയിട്ടുണ്ട്. പ്രത്യേക തരം പതാകയാണ് യാത്രികർ ഉപയോഗിച്ചതെന്നായിരുന്നു ഈ ഉത്തരം. സാധാരണ പതാക ചന്ദ്രനിൽ നാട്ടിയാൽ കാറ്റില്ലാത്തപ്പോൾ ഭൂമിയിൽ കാണുന്നതു പോലെ താഴേക്കു തൂങ്ങിക്കിടക്കും. ചിത്രങ്ങളെടുക്കുന്നതിനായി പ്രത്യേക തരത്തിൽ പതാക നിർമ്മിച്ചെന്നാണ് നാസ പറയുന്നത്.

മറ്റൊരു പ്രധാനവാദം ചൂണ്ടിക്കാണിക്കപ്പെടുന്നത് ചിത്രങ്ങളിൽ നക്ഷത്രങ്ങളില്ലെന്നതാണ്. നക്ഷത്രങ്ങളുള്ള ചിത്രങ്ങളെടുത്താൽ ഫോട്ടോയിലെ വ്യത്യാസം മനസ്സിലാക്കി ആളുകൾ കള്ളി വെളിച്ചത്താക്കുമെന്നതിനാൽ ഇവ മായ്ച്ചുകളഞ്ഞ് നാസ പുറത്തിറക്കിയതാണെന്ന രീതിയിലുള്ള ആരോപണങ്ങളുണ്ടായി. എന്നാൽ ചന്ദ്രനിൽ നിന്നു പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ പ്രഭ മൂലം യാത്രികരുടെ ക്യാമറയിൽ നക്ഷത്രങ്ങൾ പതിയാത്തതാണെന്നതായിരുന്നു വിശദീകരണം.

ചന്ദ്രനിൽ നിന്നുള്ള ചിത്രങ്ങളിൽ നിഴൽവീണു കിടക്കുന്നിടങ്ങളിലും വസ്തുക്കളെ കാണാൻ സാധിക്കും. സൂര്യൻ മാത്രമാണ് ചന്ദ്രനിലെ പ്രകാശശ്രോതസ്സ് എന്നാണു വയ്പ്. അപ്പോൾ പിന്നെ സൂര്യപ്രകാശം വീഴാത്ത നിഴലിടങ്ങളിലെ വസ്തുക്കൾ എങ്ങനെ ദൃശ്യമാകും ? സൂര്യപ്രകാശം ചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്നുണ്ടെന്നും ഇതാണ് പ്രതിഭാസത്തിനു വഴിവയ്ക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു.

എഡ്വിൻ ആൽഡ്രിന്റെ ഒരു ചിത്രം ആംസ്ട്രോങ് എടുത്തത് നാസയ്ക്കു ലഭിച്ചിരുന്നു.ഇതിൽ ആൽഡ്രിൻ ധരിച്ച ഹെൽമറ്റിൽ ആംസ്ട്രോങ്ങിന്റെ പ്രതിഫലനം കാണാം, എന്നാൽ കൈയിൽ ക്യാമറയില്ല.പിന്നെങ്ങനെ ചിത്രം വരും, ഇതു തട്ടിപ്പല്ലേ? ഈ ചോദ്യത്തിനുള്ള ഉത്തരം നാസ തന്നിട്ടുണ്ട്. കൈയിലല്ല, മറിച്ച് ആംസ്ട്രോങ്ങിന്റെ സ്പേസ്സ്യൂട്ടിൽ ഘടിപ്പിച്ച നിലയിലായിരുന്നു ക്യാമറ.

ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും വിഷയത്തെക്കുറിച്ച് ഉയർന്നിട്ടുണ്ട്. ദുരൂഹതാ സിദ്ധാന്തക്കാർ ചോദിക്കുന്ന മറ്റൊരു പ്രധാന ചോദ്യം എന്തു കൊണ്ടാണ് അമേരിക്ക ചന്ദ്രയാത്രാ പദ്ധതികൾ അവസാനിപ്പിച്ചതെന്നാണ്. ശരിയാണ്, 1972ൽ യുഎസ് തങ്ങളുടെ ചന്ദ്രയാത്രാ പദ്ധതികളെല്ലാം നിർത്തിയിരുന്നു.എന്നാൽ ഇതിനു പല കാരണങ്ങളുണ്ട്. ഒന്നാമത്തേത് വലിയ ബജറ്റും ജനങ്ങൾക്കിടയിൽ ചന്ദ്രയാത്രയെക്കുറിച്ചുള്ള അഭിപ്രായം നഷ്ടപ്പെട്ടതുമാണ്. ശതകോടിക്കണക്കിനു തുക ചെലവഴിച്ച് എന്തിനാണ് ഇടയ്ക്കിടയ്ക്ക് മനുഷ്യരെ ചന്ദ്രനിലേക്ക് അയയ്ക്കുന്നതെന്നുള്ള ചോദ്യം ഇടയ്ക്കിടെ ഉയരുന്നുണ്ടായിരുന്നു. സോവിയറ്റ് റഷ്യയുമായുള്ള ശീതസമരത്തിൽ ബഹിരാകാശരംഗത്ത് ചന്ദ്രയാത്രയിലൂടെ തങ്ങൾ അനശ്വരമായ ആധിപത്യം നേടിയെന്നുള്ളതും യുഎസിന്റെ തുടർന്നുള്ള ഉത്സാഹം കുറച്ചു. അപ്പോഴേക്കും ഇരു രാജ്യങ്ങൾക്കും വിയറ്റ്നാം യുദ്ധം പോലുള്ള പുതിയ കളങ്ങളിൽ ഇടപെടേണ്ടിയും വന്നു.

എൻജിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ദ്ധർ മറ്റു തൊലിലാളികൾ എന്നിവരുൾപ്പെടെ നാലുലക്ഷത്തോളം ജീവനക്കാരുടെ സഹായം അപ്പോളോ ദൗത്യങ്ങളൊരുക്കാൻ യുഎസിനു വേണ്ടിവന്നിരുന്നു. വ്യാജമായ ഒരു കാര്യത്തിനായാണെങ്കിൽ ഇവരുടെ ആരുടെയെങ്കിലും ഭാഗത്ത് നിന്നു സത്യം വെളിപ്പെട്ടേനെ. ഒരു വലിയ കള്ളം ഒരുപാടുപേർക്ക് ഒരുപാടുകാലം മൂടിവയ്ക്കാനാകില്ലല്ലോ. എന്നാൽ അങ്ങനെയുണ്ടായില്ല. ഫോട്ടോഗ്രാഫുകൾ കൂടാതെ ചന്ദ്രനിൽ നിന്നുള്ള കല്ലുകളും മണ്ണും മറ്റു സാംപിളുകളും യാത്രികർ കൊണ്ടുവന്നിട്ടുണ്ട്. ഇതും തെളിവാണ്.

ചന്ദ്രനിലും അവർക്ക് സ്ഥലക്കച്ചവടം

ചന്ദ്രനിൽ സ്ഥലം വിൽക്കുന്നെന്ന് കേട്ടാൽ കൂട്ടുകാരിൽ പലരും നെറ്റി ചുളിക്കും. എന്നാൽ അത്തരമൊരു സ്ഥലക്കച്ചവടം അമേരിക്കയിൽ നടന്നിട്ടുണ്ട്. ഒരേക്കർ സ്ഥലത്തിന് 15.99 ഡോളർ നിശ്ചയിച്ച് ചന്ദ്രനിലെ സ്ഥലം വിൽപ്പന നടത്തിയ ആളാണ് അമേരിക്കക്കാരനായ ഡെന്നിസ് ഹോപ്‌സ്. സംഗതി ഒന്നാന്തരം തട്ടിപ്പാണു കേട്ടോ. ഈ കാര്യം പറഞ്ഞ് ലൂണാർ എംബസി എന്ന അദ്ദേഹത്തിന്റെ കമ്പനി പരസ്യം നൽകുകയും ചെയ്തു.

ചന്ദ്രനിൽ സ്ഥലം വാങ്ങാൻ മേൽ പറഞ്ഞ തുക മാത്രമല്ല ലൂണാർ ടാക്‌സ് (ചന്ദ്ര നികുതി), ഷിപ്പിങ് ചാർജ് എന്നിങ്ങനെ 11.16 ഡോളർ കൂടി അധികം വേണ്ടി വരുമെന്ന് തട്ടി വിടുകയും ചെയ്തു. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ റൊണാൾഡ് റീഗൻ, ജോർജ്ജ് ബുഷ് എന്നിവരൊക്കെ ചന്ദ്രനിൽസ്ഥലം വാങ്ങാൻ തയാറാകുകയും ചെയ്തു. പിന്നീട് സ്ഥലക്കൈമാറ്റത്തിന്റെ യാഥാർഥ്യം അന്വേഷിച്ചപ്പോഴാണ് 90 ലക്ഷം ഡോളർ കൈക്കലാക്കിയ തട്ടിപ്പ് മനസിലായത്.
കൂട്ടുകാരിൽ പലരും ചിന്തിക്കുക പൊതുജനങ്ങൾ എങ്ങനെയാണ് ഈ കാര്യം വിശ്വസിച്ചത് എന്നായിരിക്കും. അതിനൊരു കാരണമുണ്ട്. 1967 ൽ യു.എൻ കൊണ്ടു വന്ന ബഹിരാകാശ നിയമ പ്രകാരം ഒരു രാജ്യത്തിനും ഭൂമിക്ക് പുറത്ത് ഭൂമി വാങ്ങാനാവില്ല. എന്നാൽ വ്യക്തികൾക്ക് ഈ നിയമം ബാധകമല്ല. നിയമത്തിന് ഈ പഴുത് പൊതുജനങ്ങൾക്ക് വ്യക്തമാക്കാനായാണ് ഡെന്നിസ് ഹോപ്‌സ് ചന്ദ്രന്റെ ഉടമസ്ഥാവകാശത്തിനായി യു.എൻ.ഫെഡറൽ ഓഫീസിൽ അപേക്ഷ സമർപ്പിച്ച് യു.എസ്, റഷ്യൻ ഗവൺമെന്റുകൾക്ക് നോട്ടീസയച്ചത്. ഈ സംഭവം വൻ വിവാദങ്ങൾക്കു വഴി തെളിയിച്ചു.

അങ്ങനെ 1979 ൽ യു.എൻ നിയമം മാറ്റിയെഴുതാൻ കാരണമായി. ഇതനുസരിച്ച് സമാധാനപരമായ കാര്യങ്ങൾക്കുമാത്രമേ ബഹിരാകാശം ഉപയോഗിക്കാവൂ എന്നും ചന്ദ്രനിൽ ഗവൺമെന്റിനോ വ്യക്തികൾക്കോ സ്ഥലം സമ്പാദിക്കാൻ അവകാശമില്ലെന്നും ഐക്യരാഷ്ട്ര സഭ വ്യവസ്ഥയുണ്ടാക്കി. അപ്പോഴേക്കും ഒരുപാട് പേർ ഈ തട്ടിപ്പിൽ വീണിരുന്നു. അവരിലും എറെയും ഉന്നതവിദ്യാഭ്യാസമൊക്കെ ഉള്ളവരാണ്!

പറക്കും തളികകളെ കണ്ടവർ

അതുപോലെ തന്നെ വിദേശരാജ്യങ്ങളിൽ കൾട്ട് പോലെ ആയിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ് പറക്കും തളികകളെ കണ്ടവരുടേത്. അന്യഗ്രഹ ജീവികളെ കണ്ടുവെന്ന് മാത്രമല്ല, അവയുമായി ശാരീരിക ബന്ധം പുലർത്തി എന്ന് അവകാശപ്പെടുന്നവർ പോലുമുണ്ട്. എന്നാൽ ഇത്തരക്കാരിൽ നല്ലൊരു ശതമാനം മാനസിക അസ്വസ്ഥകൾ ഉള്ളവരോ, എളുപ്പത്തിൽ കിട്ടുന്ന പബ്ലിസിറ്റി മോഹിച്ച് വരുന്നവരോ ആണെന്നും, അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ഗെയിമുകളുമായുള്ള അഡിക്ഷന്മൂലം പല കുട്ടികൾക്കും ഇതുപോലെ വിഭ്രാന്തികൾ ഉണ്ടായിട്ടുണ്ട്.

കോടിക്കണക്കിന് രൂപ ചെലവിട്ട് പരീക്ഷണങ്ങൾ നടത്തിയിട്ടും, അന്യഗ്രഹ ജീവികൾ ഉണ്ടെന്നതിന് ഇതുവരെ യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല. അതേസമയം ശാസ്ത്രം ഒന്നും തള്ളുന്നുമില്ല. അന്യഗ്രഹജീവികളുണ്ടോ എന്ന് നാസ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കയാണ്. വേറെ ഗ്രഹങ്ങളിലേക്ക് ദൗത്യങ്ങൾ അയയ്ക്കുമ്പോൾ ഇക്കാര്യവും നാസ സൂക്ഷ്മമായി വിലയിരുത്തും. അന്യഗ്രഹജീവികളെ തേടുന്ന പ്രവർത്തനങ്ങളെല്ലാം പൊതുവിൽ അറിയപ്പെടുന്നത് സേറ്റി (സേർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ്) എന്ന പേരിലാണ്. മറ്റു ലോകങ്ങളിൽ നിന്നു അന്യഗ്രഹജീവികളുടെ റേഡിയോ സന്ദേശങ്ങൾ വരുന്നുണ്ടോ എന്ന അന്വേഷണമായിരുന്നു ഇവയുടെ പ്രധാനപ്രവർത്തനം. അമേരിക്കയിലെ സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഇക്കൂട്ടത്തിൽ പ്രസിദ്ധമാണ്. അമേരിക്ക, ചിലെ തുടങ്ങിയ രാജ്യങ്ങളിൽ ഇവർ വലിയ റേഡിയോ ടെലിസ്‌കോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭൂമിക്കു പുറത്തുള്ള ഗ്രഹങ്ങളിലേക്കും ,മറ്റു താരാപഥങ്ങളിലേക്കുമൊക്കെ റേഡിയോ സന്ദേശങ്ങൾ അയയ്ക്കുന്ന രീതിയിൽ സേറ്റി പ്രവർത്തനങ്ങൾ വളർന്നിട്ടുണ്ട്. മേറ്റി (മെസേജിങ് ടു എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻ്സ്) എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

അന്യഗ്രഹജീവികളുടെ വാഹനമായി കാലാകാലങ്ങളായി കണക്കാക്കപ്പെടുന്നത് പറക്കും തളികകളാണ്. എന്നാൽ പറക്കും തളികയുടെ രൂപത്തിലുള്ള പേടകങ്ങൾക്ക് ബഹിരാകാശത്തു പോയിട്ട് അന്തരീക്ഷത്തിൽ പോലും വിജയകരമായി പറക്കാൻ സാധിക്കില്ലെന്നാണു ബഹിരാകാശവിദഗ്ദ്ധർ പറയുന്നത്. ചിലർ ഇതു പരീക്ഷണങ്ങളിലൂടെ തെളിയിക്കുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും അന്യഗ്രഹജീവി ആരാധകരുടെ ചർച്ചകൾക്ക് ഒരു കുറവുമില്ല. മനുഷ്യരെ ഒറ്റനിമിഷം കൊണ്ടു പൊടിച്ചുകളയാൻ സാധിക്കുന്ന മഹാശക്തന്മാരാകും അന്യഗ്രഹജീവികളെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ , സ്നേഹം, കരുണ തുടങ്ങി നല്ല ഗുണങ്ങൾ ഒരുപാടുള്ള കൂട്ടമാകും അവരെന്നാണു മറുവാദം. കൂടിവന്നാൽ അമീബയും ബാക്ടീരിയയും പോലുള്ള സൂക്ഷ്മജീവികൾ മാത്രമാകും അന്യഗ്രഹജീവികളെന്നു മറ്റൊരു കൂട്ടർ വിശ്വസിക്കുന്നു. ഇവരുടെ ഇൻസ്റ്റഗ്രാം പേജിലൊക്കെ ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്്.

ഇല്ല്യൂമിനാറ്റി എന്ന ലോക പൊലീസ്

അതുപോലെ ലോകം നിയന്ത്രിക്കുന്ന ഇല്യുമിനാറ്റി എന്ന ഗ്രൂപ്പിൽ വിശ്വസിക്കുന്നവരും ഏറെയുണ്ട്. കേരളത്തിൽപോലും ഇതിന് വലിയ ആരാധകർ ഉണ്ട്. ബുഷും, ട്രപും, നെതന്യാഹുവുമൊക്കെ ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടവർ ആണെന്നും, ലോത്ത് ഫാമിലിയെന്ന ഒരു പത്തംഗം കുടുംബമാണ് ലോകം നിയന്ത്രിക്കുന്നതെന്നും ഇത്തരക്കാർ പ്രചരിപ്പിക്കുന്നു. അടിമുടി നിഗൂഢത.. അതാണ് ഇല്യുമിനാറ്റി. ഇങ്ങനെ ഒരു സംഘടന ഉണ്ടായിരുന്നോ എന്നതിൽ തുടങ്ങി നിലനിൽക്കുന്നുണ്ടോ എന്നതു വരെയുള്ള ചർച്ചകൾ സജീവമാണ്. ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞ് ആളുകൾ ചർച്ച നടത്തുന്നു, തമ്മിൽത്തല്ലുന്നു, സിനിമ വരെ എടുക്കുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലൂടെയാണല്ലോ ഇല്യുമിനാറ്റി മലയാളികൾക്കിടയിൽ ചർച്ചയായത്.

കൃത്യമായി അറിയാത്തതുകൊണ്ട് തന്നെ ഓരോരുത്തരും അവരവർക്ക് തോന്നുന്ന ഓരോ ഏച്ചുകെട്ടും കൂടി കൊടുത്താണ് ഇല്യുമിനാറ്റിയെപ്പറ്റി മറ്റൊരാളോട് പറയാറ്. മൊത്തത്തിൽ ഏതാണ് ശരി എന്നറിയാത്ത അവസ്ഥ. പതിനേഴാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ആരംഭിച്ച ഒരു സംഘടനയാണിത്. 1776ൽ ജർമ്മൻ തത്വചിന്തകനും, കാനൻ നിയമത്തിലും സിവിൽ നിയമത്തിലും പ്രൊഫസനറുമായ ആദം വെയ്ഷാപ്റ്റാണ് ഈ സംഘടന ഉണ്ടാക്കിയത്. മതങ്ങളുടെ അപ്രമാദിത്വം എടുത്തു കളയുക എന്നതായിരുന്ന സംഘടനയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭാ ഇവർക്കെതിരെ വ്യാപകമായ ആരോപണങ്ങൾ നിരത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഒരു റിഫോർമിസ്റ്റ് പ്രസ്ഥാനം പോലെ രംഗത്ത് എത്തിയ ഈ സംഘടനയാണ്,ഇപ്പോൾ ആർക്കും എന്തും എഴുതിവിടാവുന്ന രീതിയിൽ മാറിയിരിക്കുന്നത്. സൂനാമി തൊട്ട്, ഗസ്സ്സ-യുക്രൈൻ യുദ്ധംവരെ ഇല്ല്യൂമിനാറ്റിയുടെ കളികൾ ആയാണ് ഇവർ വിലയിരുത്തപ്പെടുന്നത്.

പക്ഷേ ഇതേക്കുറിച്ചു നിരവധി ശാസ്ത്രീയ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇല്യുമിനാറ്റി എന്നത് തീർത്തും കെട്ടുകഥയാണെന്നാണ് തെളിഞ്ഞത്. എന്നിട്ടും ആയിരക്കണക്കിന് ആളുകളാണ് ഈ അംസബന്ധങ്ങളിലൊക്കെ വിശ്വസിക്കുന്നത്. നമ്മുടെ ഷൈൻ ടോം ചാക്കോ, ലോകത്തിൽ ഒറ്റക്കല്ലെന്ന് ചുരുക്കം.

വാൽക്കഷ്ണം: ഭൂമിയിൽനിന്നു കൊണ്ട് സ്വർഗത്തിലെ സീറ്റ് വിൽക്കുന്നവരെ വെച്ചുനോക്കുമ്പോൾ ഇത് ഒന്നുമല്ല. അന്ത്യവിധി ആസന്നമാണെന്നും അതിനായി നോഹയുടെ പെട്ടകംപോലെ ഒന്നുണ്ടാക്കി അതിൽ സ്വർഗത്തിലേക്ക് പോകാനാണ്, ഇരിങ്ങാലക്കടുക്ക് അടുത്ത് മുരിയാട്ടെ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസപ്രസ്ഥാനം സീറ്റ് വിറ്റിരുന്നത്! മരിച്ചപോയ തങ്ങളുടെ സഭാധ്യക്ഷ ജോസഫ് പൊന്നാറ ഉയർത്തെഴുനേറ്റുവെന്ന് പറഞ്ഞും അവർ മുതലെടുപ്പ് നടത്തിയ വിവാദമായിരുന്നു. ഇതൊക്കെവെച്ച് നമ്മുടെ ഷൈൻ ടോമൊക്കെ വെറും ശിശുവാണ്.