സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് നർമ്മം ചാലിച്ച കവിത എഴുതുന്ന നേതാവ്. അഡ്വ. എൽദോസ് കുന്നപ്പള്ളിയെന്ന യുവ കോൺഗ്രസ് നേതാവിന്റെ പേര് ഈ ലേഖകനൊക്കെ ആദ്യമായി കേൾക്കുന്നത് ഒരു കവിതയുടെ പേരിലാണ്. 'സ്ഥാനമോഹികൾ' എന്നോ മറ്റോ പേരിട്ട ഒരു കവിത, ഒരു സെൽഫ് ട്രോൾ പോലെ തോന്നി. അപൂർവങ്ങളിൽ അപുർവമായിരിക്കണം ഒരു കവിതയുടെ പേരിൽ ഒരു രാഷ്ട്രീയ നേതാവ് ഓർമ്മയിൽ നിൽക്കുന്നത്. വെട്ടും കുത്തും അക്രമവും ഹർത്താലും ബന്ദും മാത്രമല്ല രാഷ്ട്രീയമെന്നും, കവിതയും നർമ്മവും സൗഹൃദവും സ്നേഹവും വെച്ചുപുലർത്തുന്ന ചെറുപ്പക്കാർ രാഷ്ട്രീയത്തിൽ വളർന്നുവരണമെന്ന് ആഗ്രഹിക്കുന്നവർക്കൊക്കെ ഇഷ്ടമായിരുന്നു എൽദോസ് കുന്നപ്പള്ളിയെന്ന രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധങ്ങൾ കാത്തൂസൂക്ഷിക്കുന്ന ഈ നേതാവിനെ.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഊർജസ്വലമായ പ്രവർത്തനം കാഴ്ചവെച്ച ഈ ചെറുപ്പക്കാരനെ പിന്നീട് കാണുന്നത് 2016ൽ പെരുമ്പാവുരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിട്ടാണ്. ശരിക്കും കവിയെന്നും കലാകാരനും എന്നുമുള്ള പരിഗണകൾ വെച്ച്, മീഡിയയിൽ വന്ന കാമ്പയിനിന്റെ കൂടി ഭാഗമായാണ് അയാൾക്ക് സീറ്റുകിട്ടുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിനെതിരെ കടുത്ത ജനവികാരം നിലനിൽക്കുന്ന സമയം. സിറ്റിങ്ങ് എംഎൽഎ സാജുപോൾ ആവട്ടെ നല്ല ജനപ്രീതിയുള്ള നേതാവുമാണ്. അതുകൊണ്ടുതന്നെ തുടക്കത്തിൽ കുന്നപ്പള്ളിയുടെ പരാജയം ഏവരും ഉറപ്പിച്ചിരുന്നു. പക്ഷേ അതിനിടെ ഉണ്ടായ ജിഷ വധക്കേസ് കാര്യങ്ങൾ മാറി മറിച്ചു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ വധക്കേസിൽ, ജിഷയുടെ അമ്മ അതിശക്തമായാണ് സാജുപോളിനെ വിമർശിച്ചത്. തന്റെ വീടിന്റെ അവസ്ഥയും പഠന കാര്യവും എല്ലാം പറഞ്ഞിട്ടും സാജുപോൾ ഒട്ടും സഹായിച്ചില്ല എന്നായിരുന്നു അവർ പറഞ്ഞത്. ഇതോടെ കാറ്റ് മാറിവീശി. കേരളം മുഴുവൻ എൽഡിഎഫ് തരംഗം വീശിയിട്ടും, പെരുമ്പാവൂരിൽ സിറ്റിങ്ങ് എംഎൽഎ തോറ്റു. എൽദോസ് എംഎൽഎ ആയി!

 അതിനുശേഷം, 2011ലെ തെരഞ്ഞെടുപ്പിൽ, ഇടതുമുന്നണി പിണറായി തരംഗത്തിലേറി വൻ ഭൂരിപക്ഷത്തിന് കേരളം പിടിച്ചപ്പോഴും പെരുമ്പാവൂർ എൽദോസിന് ഒപ്പം നിന്നും. അത്രയേറെ ആയിരുന്നു അയാൾ മണ്ഡലത്തിൽ ഉണ്ടാക്കിയ വ്യക്തിബന്ധങ്ങൾ. നാട മുറിക്കാനും, ചോറൂണിനും, ചാക്കാലക്കുമൊക്കെ ഓടിയെത്തുന്ന എംഎൽഎ മാത്രമായിരുന്നില്ല എൽദോസ്. നിയമസഭയിലും ശക്തമായ പ്രസംഗങ്ങളിലൂടെ, നിമിഷ കവിതയിലുടെ എല്ലാം അയാൾ പിണറായി സർക്കാറിനെ പ്രതിക്കൂട്ടിലാക്കി. അങ്ങനെ യുഡിഎഫിന്റെ നേതൃമുഖമായി തിളങ്ങി നിൽക്കുമ്പോഴാണ്, സ്ത്രീപീഡന വിവാദത്തിൽ പെടുന്നതും അറസ്റ്റ്് ഭയന്ന് മുങ്ങേണ്ടിവരുന്നതും.

കവിതയിലുടെ മറ്റുള്ളവരെ ട്രോളിയ എൽദോസിന് ഇപ്പോൾ സ്വന്തം കവിതകൾ തിരിഞ്ഞുകൊത്തുകയാണ്. 'എൽദോ നീ പെട്ടു, എൽദോ നിന്നെ സിൽമേല് എടുത്തു' തുടങ്ങി അഭിസംബോധനകളാണ് സോഷ്യൽ മീഡിയ മുഴുവൻ. ചില നൃത്തരംഗങ്ങളും സ്വകാര്യ ചാനലിൽ പരിപാടിക്കിടെ അവതരിപ്പിച്ച 'വഞ്ചകീ, നിനക്കെന്തുകൊഞ്ചലാണ്... ''എന്ന കവിതയും ധാരാളം പ്രചരിക്കുന്നു. ശരിക്കും അപ്രതീക്ഷിതമായ പതനം എന്നുതന്നെ പറയാം. അധികാരം അദ്ദേഹത്തെ വല്ലാതെ ദുഷിപ്പിച്ചുവെന്നാണ് പെരുമ്പാവൂരുകാർ പറയുന്നത്.

പക്ഷേ വ്യക്തി ജീവിതത്തിലെ ഈ പ്രശ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ, ശരിക്കും പൊരുതിക്കയറി വന്ന ഒരു വ്യക്തിയാണ് എൽദോസ്. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽനിന്ന് പടിപടി ആയാണ് അയാൾ ഉയർന്നുവന്നത്.

ഓട്ടോ ഓടിക്കുന്ന കോളജ് വിദ്യാർത്ഥി 

മനോരമ പ്രസിദ്ധീകരണമായ 'വനിത'ക്ക് നൽകിയ അഭിമുഖത്തിൽ എൽദോസ് കുന്നപ്പള്ളി തന്റെ ജീവിതം വിശദമായി പറയുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെയാണ്.
'കൊപ്ര കച്ചവടമായിരുന്നു പപ്പ പൗലോസിന്. അമ്മ മേരി വീട്ടമ്മ. ചേച്ചി ആശയും അനിയൻ ആഷ്ലിയും വീട്ടിലുണ്ട്. വലിയ കുരുത്തക്കേടായിരുന്നു എനിക്ക് കുട്ടിക്കാലത്ത്. പച്ചിരുമ്പിൽ ചെമ്പുകമ്പി ചുറ്റി, വൈദ്യുതി കടത്തിവിട്ടാൽ അത് കാന്തമായി തീരുമെന്ന് സാർ പറഞ്ഞതു പരീക്ഷിച്ച് ഞാൻ വീട്ടിലെ സകല ഇലക്ട്രോണിക്ക് ഉപകരണങ്ങളും കേടാക്കിയിട്ടുണ്ട്. ക്രൊപ്ര കളത്തിലേക്ക് തേങ്ങ പൊതിച്ച് കൊടുത്ത് കിട്ടിയ കൂലി ആയിരുന്നു ആദ്യത്തെ പോക്കറ്റ് മണി. അഞ്ചാം ക്ലാസിൽ വെച്ച് മാറാട് മാർ ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിൽ മണിയടിക്കാൻ ചേർന്നു. 10 രൂപയാണ് ശമ്പളം. 13 വർഷം ജോലിചെയ്തു. 8ാം ക്ലാസിൽ പഠിക്കുമ്പോൾ ട്യൂഷൻ എടുത്ത് തുടങ്ങി. പത്രമിടാനും പോകും. കോളജിൽ പഠിക്കുന്ന കാലത്ത് മൂവാറ്റുപുഴ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കും. പിന്നീട് ചിട്ടി കൂടി ഒരു ഓട്ടോ വാങ്ങി. അവസാനം എട്ട് ഓട്ടോറിക്ഷകളുടെ ഉടമായി.

ഇടക്ക് ഒരു ട്വിസ്റ്റ് ഉള്ള് പത്താം ക്ലാസിലാണ്. പപ്പയുടെ മദ്യപാനം വല്ലാതെ അലട്ടിയതോടെ, ഞാൻ നാടുവിടാൻ തീരുമാനിച്ചു. എറണാകുളത്തുനിന്ന് ട്രെയിനിൽ കയറി എങ്ങോട്ടെങ്കിലും പോകാനായിരുന്നു പ്ലാൻ. ബസിലിരുന്നപ്പോൾ സിസ്റ്റർ ആലോഷിയെ കാണണമെന്ന് മോഹം. ആനിക്കാട് സെന്റ് സെബാറ്റിയൻ സ്‌കൂളിന്റെ തൊട്ടുടുത്തുതന്നെയാണ് സിസ്റ്റർ താമസിച്ചിരുന്നു മഠം. അവിടെപ്പോയി സിസ്റ്ററെ കണ്ടു. പുസ്തകമായൊക്കെ എങ്ങോട്ടാ എന്ന ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു മറുപടി. പിന്നെ ടീച്ചർ വിട്ടില്ല. പരീക്ഷ തീരുന്നതുവരെ ക്ലാസ് മുറിയിലാണ് കിടന്നത്. സ്‌കൂളാണ് എന്റെ ജീവിതത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചതെന്ന് മിക്കപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സെബാസ്റ്റ്യൻ എന്ന് മകന് പേരുമിട്ടു. സ്‌കൂൾ നിൽക്കുന്ന മണ്ഡലത്തിൽ മത്സരിച്ച് ജയിക്കാനുള്ള ഭാഗ്യവും കിട്ടി ''- എൽദോസ് തന്റെ ജീവിതം പറയുന്നത് ഇങ്ങനെയാണ്.

കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലേക്ക്

വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ വളർന്നവന്ന നേതാവാണ് എൽദോസ്. കോലഞ്ചേരി സെന്റ് പീറ്റേഴസ് കോളജിലെ കെഎസ്‌യുവിന്റെ എല്ലാമെല്ലാം. ആ കാലം എൽദോസ് ഇങ്ങനെ ഓർക്കുന്നു. 'പീഡിഗ്രിക്ക് ആകെ 102 പേർ പഠിച്ച ക്ലാസിൽനിന്ന് 100 വോട്ടും കിട്ടിയിട്ടുണ്ട്. മാറി വോട്ട് ചെയ്ത രണ്ടുപേർ ആൺകുട്ടികൾ ആയിരുന്നു. 1997ൽ കോളജ് മാഗസിൻ എഡിറ്റായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, പെൺകുട്ടികളുടെ ഭാഗത്തുനിന്ന് ഒരു മുട്ട പാഞ്ഞുവന്ന് നെറ്റിയിൽ മുട്ടി. വർഷങ്ങൾക്ക്ശേഷം സഹപാഠിയായ അരുൺ വെളിപ്പെടുത്തി. ഞാനാണ് ആ മുട്ട എറിഞ്ഞത്.''- പിന്നീട് ഞാൻ മത്സരിച്ചപ്പോൾ അവർ ഒക്കെ വലിയ പിന്തുണയാണ് നൽകിയതെന്നും എൽദോസ് വെളിപ്പെടുത്തുന്നു.

'രാഷ്ട്രീയത്തോട് സ്നേഹവും, മോഹവും തോന്നിയ കാലത്ത് ഏറെ സ്വാധീനിച്ചവർ ലീഡർ കെ കരുണാകരനും എകെ ആന്റണിയുമാണ്. ആന്റണിയുടെ ആദർശ ശുദ്ധിയും ലീഡറുടെ സ്പീഡും. അവരായിരുന്നു എന്റെ റോൾ മോഡൽസ്. ഇടതുപക്ഷത്ത് ഇ കെ നായനാരെയും വലിയ ഇഷ്ടമായിരുന്നു.''- എൽദോസ് ഒരു അഭിമുഖത്തിൽ പറയുന്നു.

തന്റെ പ്രണയവും കവിത കമ്പവുമൊക്കെ എൽദോസ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 'സ്‌കൂൾ ഓഫ് തോട്ടിസിൽ എൽഎൽഎമ്മിന് ചേർന്ന സമയത്ത് മുവാറ്റുപുഴ ബാർ അസോസിയേഷൻ സെക്രട്ടറി ആയിരുന്നു. ഒരു ദിവസം വീട്ടിലേക്ക് ഒരു ഫോൺ കോൾ. വിവാഹ ആലോചനയാണെന്ന് അറിഞ്ഞതോടെ അമ്മയ്ക്ക് കൈമാറി. അങ്ങനെയാണ് മറിയാമ്മയുമായുള്ള വിവാഹം നടക്കുന്നത്. മൂന്നു മക്കളുണ്ട്. ''- എൽദോസ് പറയുന്നു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു വിശ്വാസിയാണ് എൽദോസ്. 'പള്ളിയിൽ മണിയടിക്കാൻ കയറിയ കാലം തൊട്ടേ വലിയ വിശ്വാസിയാണ്. പ്രാർത്ഥിക്കുമ്പോൾ വലിയ ശക്തി കിട്ടും. മറ്റു മതങ്ങളെ ബഹുമാനിക്കാൻ പഠിച്ചതാണ് വലിയ കാര്യം. ശബരിമലയിലും മുസ്ലിം പള്ളികളിലും പോകാറുണ്ട്. ഒരിക്കൽ മോളുമായി ശബരിമലയിൽ പോയപ്പോൾ മണിയടി കേട്ട് അവർ കുരിശ് വരച്ചു. അത്ര നിഷ്‌ക്കളങ്കമായിരിക്കണം ഭക്തി. ''- എൽദോസ് ഒരു അഭിമുഖത്തിൽ പറയുന്നു.

ബിബിസിയിൽ വരെ വന്ന ഉറക്കം

തെരഞ്ഞെടുപ്പ് റാലികളിൽ നിമിഷ കവിത ചൊല്ലുന്ന, മനോഹമായി സംസാരിക്കുന്ന ആ ചെറുപ്പക്കാരെ അധികാലം മാറ്റി നിർത്താൻ കോൺഗ്രസ് നേതൃത്വത്തിന് ആയില്ല. 'പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവായ എനിക്ക്, യാദൃശ്ചികമായാണ് 2010ൽ ജില്ലാപഞ്ചായത്തിലേക്ക് സീറ്റ് ലഭിച്ചത്. അതിലും അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി. അതായിരുന്നു നിയമസഭയിലേക്കുള്ള എന്റെ മേൽവിലാസം. ഞാൻ കോളജ് തെരഞ്ഞെടുപ്പിലുടെ വന്ന ആളാണ്. ക്യാംപസിൽ ഇലക്ഷൻ ഫലം വന്നാൽ അടി ഉറപ്പാണ്. പലവട്ടം കിട്ടിയിട്ടുണ്ട്. അടിച്ച ആരെയും തിരിച്ച് തല്ലിയിട്ടില്ല. ആരോഗ്യമില്ലാത്തതുകൊണ്ടല്ല, മനസുവരാഞ്ഞിട്ടാണ്. അടിച്ചവരൊക്കെ നിയസഭാ തെരഞ്ഞെടുപ്പിൽ നമുക്ക് വേണ്ടി വോട്ട് പിടിക്കാൻ വന്ന അനുഭവവുമുണ്ട്. ചെറിയ മധുര പ്രതികാരം.''- എൽദോസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ഗ്രൂപ്പുകൾക്ക് അതീതനായ നേതാവാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും പി പി തങ്കച്ചനെ നോമിനിയായാണ് 2016ൽ പെരുമ്പാവൂരിൽ എൽദോസ് ഇറങ്ങിയതാണ് പാർട്ടിയിലെ എതിരാളികൾ പറയുന്നത്. പക്ഷേ ഒന്ന് ഉറപ്പാണ്. എല്ലാ നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള എൽദോസിന്റെ മിടുക്ക് വേറെയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തൊട്ട് രമേശ് ചെന്നത്തല അടക്കമുള്ളവരുമായി ഒരുപോലെ വ്യക്തിബന്ധമുള്ള നേതാവാണ് ഇദ്ദേഹം.

തെരഞ്ഞെടുപ്പ് ജയിച്ച് തിരുവനന്തപുരത്ത് എത്തിയതോടെ എൽദോ വൈറലായി. ആദ്യ നിയമസഭാ സമ്മേളനത്തിനിടെ അയാൾ ഉറങ്ങുന്ന ചിത്രം ബിബിസിയിൽ വരെ വന്നു. ഇതേക്കുറിച്ച് എൽദോസ് പറയുന്നത് ഇങ്ങനെ-'പാതിരാത്രിവരെയും, പെരുമ്പാവൂരിൽ വിജയാഘോഷങ്ങൾ കഴിഞ്ഞ് വെളുപ്പിനാണ് തിരുവനന്തപുരത്ത് എത്തിയത്. നല്ല പനിയും തുമ്മലും ജലദോഷവും ഒക്കെയുണ്ട്. ആദ്യ ദിവസം സഭയിൽ പോകാതിരിക്കുന്നത് നല്ലതല്ല എന്ന് പലരും പറഞ്ഞു. ഗവൺണ്ണറുടെ നയ പ്രഖ്യാപന പ്രസംഗം തുടങ്ങി കുറച്ച് കഴിയുന്നതിന് മുമ്പ് തല കറങ്ങാൻ തുടങ്ങി. കണ്ണുകൾ ഇറുകി അടിച്ച് കിടന്നു. പ്രസംഗം കഴിയുകയും ആശുപത്രിയിൽ അഡ്‌മിറ്റ് ആവുകയും ചെയ്തു. പിറ്റേന്നന്നു തന്നെ താരമായി. ഉറങ്ങുന്ന വാർത്തയും ചിത്രവും ബിബിസിയിൽ വരെ വന്നു. ഇപ്പോൾ സമ്മേളനങ്ങളിൽ പ്രസംഗിക്കുന്നതിന് മുമ്പ് ഞാൻ പറയും. 'ഗവർണർ പ്രസംഗിക്കുമ്പോൾ എനിക്ക് ഉറങ്ങാമെങ്കിൽ ഞാൻ പ്രസംഗിക്കുമ്പോൾ നിങ്ങൾക്കും ഉറങ്ങാം.'ഈ വിഷയം വെച്ച് വൈറൽ എന്ന കവിയും എഴുതി.''- അതാണ് എൽദോസ് കുന്നപ്പള്ളി. വീണത് വിദ്യയാക്കും. തനിക്കുനേരെ വരുന്ന പാമ്പിനെപ്പോലും പൂമാലയാക്കാൻ കഴിയുന്ന രാഷ്ട്രീയ നയതന്ത്രം.

ഖദറിനുള്ളിലെ നിമിഷ കവി

കുട്ടിക്കാലം മുതൽക്കുന്നതന്നെ കവിത തനിക്ക് ജീവനാണെന്ന് എൽദോസ് പറയുന്നുണ്ട്. കവിയാവാൻ വേണ്ടി ജുബ്ബയും മുണ്ടും സഞ്ചിയും പതിവ് വേഷമിട്ടാണ് കോളജിൽ പോയിരുന്നത്. പ്രണയം ഉണ്ടായാലും പൊളിഞ്ഞാലുമൊക്കെ കവിത എഴുതുക ശീലം ആയിരുന്നു. ഒരു സംഭവം എൽദോസ് വിശദീകരിക്കുന്നത് ഇങ്ങനെ. 'ലോ അക്കാദാമിയിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയെ ഇഷ്ടം ആയിരുന്നു. ആറേഴു വർഷം മനസ്സിൽ കൊണ്ടുനടന്നു. പിന്നീട് കേട്ടത് അവളുടെ വിവാഹം ആണെന്നാണ്. നല്ല അസ്സൽ പ്രണയവിവാഹം. കല്യാണം കഴിഞ്ഞ് അവൾ വന്നപ്പോൾ വീണ്ടും പഴയതുപോലെ പെരുമാറുന്നു. ആ ദേഷ്യത്തിൽ എഴുതിയതാണ് വഞ്ചകി എന്ന കവിത. അന്നുമുതൽ എഴുതിയ കവികൾ ഒക്കെ ചേർത്ത് 'എന്റെ ഭ്രാന്തി' എന്ന കവിതാ പുസ്തകം പുറത്തിറക്കി. ''

നിയമസഭയിലും നിമിഷ കവിതയിലുടെ എൽദോസ് ശ്രദ്ധേയനായി. 'എന്തു വേണേലും റൂളു ചെയ്‌തെന്റെ കണ്ണുതുറക്കുന്ന കാവലാളേ' എന്ന സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ കവിത വലിയ ചർച്ചയായിരുന്നു. 'സംസ്ഥാനത്തെ കുഴികളിൽ മനുഷ്യ രക്തം വീഴുന്നു, പൊതുമരാമത്ത് വകുപ്പ് കാലന്റെ തോഴനായി മാറുന്നു' എന്നിങ്ങനെ പ്രാസമൊപ്പിച്ച് കവിതപോലുള്ള വാക്കുകളും കുന്നപള്ളിയെ ശ്രദ്ധേയനാക്കി. ഈയിടെ 'കുഴികൾ എന്നല്ല മുതല കുഴികൾ' എന്നാണ് പറയേണ്ടതെന്ന്' എന്ന് പറഞ്ഞതും സൈബർ ലോകം ആഘോഷിച്ചിരുന്നു.

ഇപ്പോൾ പീഡന കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നപ്പള്ളി എംഎൽഎയെ എതിരാളികൾ ട്രോളുന്നതും കവിതവച്ചാണ്. എന്നാൽ, പീഡന കേസ് വന്നപ്പോൾ ചില കവിത അച്ചട്ടായിരിക്കയാണ്. 'പത്രം മറിച്ചുനോക്കി, എന്റെമാത്രം പേരില്ല, പത്രാധിപരെ വിളിച്ചുനോക്കി, നാളെയെങ്കിലും, ഒരു ന്യൂസ് കൊടുത്തെന്നെ, ആളാക്കുവാൻ കനിയണം പൊന്നുസാറെ, നെഞ്ചുകവരുന്നു, പിഞ്ചു നേതാക്കൾ ഇന്നലെ ചെയ്ത വീര പ്രവൃത്തികൾ, ഇന്നിതാ വീരമൃത്യുവായ് ഫേസ്‌ബുക് കമന്റുകൾ '' എന്ന എൽദോസിന്റെ കവിത പീഡനക്കേസിൽ എംഎൽഎ ഒളിവിൽ എന്ന വാർത്തക്കൊപ്പമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

രാമക്ഷേത്രത്തിന് സംഭാവന തിരിച്ചുകൊടുത്തു

എന്നും വിവാദങ്ങളുടെ സഹയാത്രികനാണ് എൽദോസ്. നേരത്തെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയെന്നെ പേരിൽ അയാൾ വിവാദത്തിലായി. ഇത് വാർത്തയായതോടെ, കോൺഗ്രസ് നേതൃത്വം ഇടപെട്ട് അദ്ദേഹത്തെകൊണ്ട് സംഭാവന തിരിച്ച് വാങ്ങിപ്പിക്കുക ആയിരുന്നു. ഇതിനെതിരെ പി സി ജോർജ് ശക്തമായി രംഗത്ത് എത്തിയിരുന്നു. 'എന്തുകൊണ്ട് കൊടുത്ത സംഭാവന തിരിച്ചു വാങ്ങി. ആരാണ് എൽദോയെ ഭീഷണിപ്പെടുത്തിയത്? ആരോടാണ് എൽദോ ഇതിന്റെ പേരിൽ മാപ്പു പറഞ്ഞത്. ഉത്തരം എല്ലാവർക്കും അറിയാം. പക്ഷെ പറയാൻ പലരുടെയും നാവു പൊങ്ങില്ല''- പി സി ജോർജ് വാർത്തസമ്മേളനത്തിൽ ആഞ്ഞടിച്ചു.

നേരത്തെ കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞു കൊല്ലുമെന്ന് ഐഎസ് ഭീഷണി കത്ത് എൽദോസിന് വന്നതും വിവാദമായിരുന്നു. കത്തിൽ പിടി തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ, ഉമ്മൻ ചാണ്ടി തുടങ്ങിയവർക്കെല്ലാം എതിരെ രൂക്ഷമായ അസഭ്യ വർഷം നടത്തിയിരുന്നു.

വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തിൽ വച്ചിട്ടുണ്ട്. ഇത് വ്യാജമായിരുന്നു. കത്ത് ലഭിച്ച എംഎൽഎ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകയിരുന്നു. 'കിഴക്കമ്പലം പഞ്ചായത്ത് ട്വന്റി ട്വന്റി ആണ് ഭരിക്കുന്നത്. കിഴക്കമ്പലത്തെ കോൺഗ്രസുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ് അങ്ങനെ വന്നത്. പിടി തോമസ് കാളപെറ്റെന്നു പറഞ്ഞാൽ കയറെടുക്കുന്ന ആളാണ്. തോമസ് വിചാരിച്ചാൽ ട്വന്റി ട്വന്റിയെ ഒന്നും ചെയ്യാനാവില്ലെന്നും'' കത്തിൽ അവകാശപ്പെടുന്നു.യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ എന്നു പറഞ്ഞാണ് ഏഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സാമൂഹിക മാധ്യമത്തിൽ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൈപ്പടയിൽ എഴുതിയ കത്തായതിനാൽ പ്രതിയെ പിടികൂടാം എന്നാണ് പൊലീസ് പ്രതീക്ഷിച്ചത്.പക്ഷേ ആരെയും പിടികൂടാൻ ആയിട്ടില്ല.

അതുപോലെ എൽദോസ് കുന്നപ്പള്ളി എംഎ‍ൽഎക്കും ഭാര്യ മറിയം എബ്രാഹിമിനും ഇരട്ട വോട്ടെന്ന് റിപ്പോർട്ടും വിവാദത്തിലായി. പെരുമ്പാവൂർ രായരമംഗലം പഞ്ചായത്തിലും മുവാറ്റുപ്പുഴ മാറാടി പഞ്ചായത്തിലുമാണ് വോട്ട് കണ്ടെത്തിയത്. രായരമംഗലം പഞ്ചായത്തിലെ 142ാം ബൂത്തിലും മാറാടി പഞ്ചായത്തിലെ 130ാം ബൂത്തിലുമാണ് വോട്ടുള്ളത്. രായരമംഗലം പഞ്ചായത്തിലാണ് തനിക്കും ഭാര്യക്കും വോട്ടുള്ളതെന്ന് എൽദോസ് കുന്നപ്പള്ളി പറഞ്ഞു. മാറാടിയിലെ ബൂത്തിൽ അഞ്ച് വർഷം മുമ്പാണ് വോട്ട് ഉണ്ടായിരുന്നത്. അവിടെ നിന്നും വോട്ട് മാറ്റിയതാണ്. പുതിയ സംഭവം തെരഞ്ഞെടുപ്പ് കമീഷന്റെ പാളിച്ചയാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നും എൽദോസ് കുന്നപ്പള്ളി വ്യക്തമാക്കി.

മമ്മൂട്ടിയുടെ കുടെ കുമ്മനടി ശ്രമം വിവാദത്തിൽ

അവസാനമായി എൽദോസ് കുന്നപ്പിള്ളി പെട്ട വിവാദം, മെഗാ സ്റ്റാർ മമ്മൂട്ടിയുമായി ബന്ധപ്പെട്ടാണ്. അങ്കമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയുടെ കൈയിൽനിന്ന് കത്രികവാങ്ങി നാട മുറിക്കാൻ നോക്കുന്നതും ഇതിൽ അസ്വസ്ഥനായ മമ്മൂട്ടി കത്രിക എൽദോസിന് തന്നെ നീട്ടി മുറിച്ചോളാനും പറയുന്ന വീഡിയോ വൈറൽ അയിരുന്നു. വീണ്ടും 'കുമ്മനടി' എന്ന പരിഹാസവുമായി ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിരുന്നു.

ഇതിനെതിടെ കുമ്മനടിച്ചത് ഞാനല്ല എന്ന് പറഞ്ഞ് എൽദോസ് പോസ്റ്റ് ഇട്ടിരുന്നു. 'ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷൻസ് ടെക്‌സ്‌റ്റൈൽസ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടകൻ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകൻ എംഎൽഎ ആണെന്ന് കടയുടമ പറയുകയും ചെയ്തു.

എന്നാൽ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എൽ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശരിയായ നടപടിയല്ല.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്ലോറിന്റെ ഉദ്ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയാൽ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.''- ഇങ്ങനെയായിരുന്നു ഈ വിഷയത്തിൽ കുന്നപ്പള്ളി പ്രതികരിച്ചത്.

സ്ത്രീപീഡനം കുരുക്കിലേക്ക്

എന്തുവിവാദം വന്നാലും പൂച്ചയെപ്പോലെ നാലുകാലിൽ വീണ് രക്ഷപ്പെട്ട പാരമ്പര്യമാണ് എൽദോസിന് ഉള്ളത്. പക്ഷേ ഇപ്പോൾ അദ്ദേഹം ശരിക്കും പെടുമെന്ന് തോനുന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.

എൽദോസ് കുന്നപ്പള്ളിക്കെതിരെ അതീവ ഗുരുതര സ്വഭാവത്തിലുള്ള ഡിജിറ്റൽ തെളിവുകൾ പരാതിക്കാരിയായ യുവതിയുടെ കൈവശമുണ്ടെന്ന് വിവരം.
കേസൊതുക്കാൻ തനിക്ക് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരിയായ അദ്ധ്യാപിക വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മജിസ്ട്റേറ്റ് മുമ്പാകെയും പൊലീസിലും നൽകിയ പരാതിയിൽ താൻ ഉറച്ചുനിൽക്കുന്നെന്നാണ് അവർ പറയുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ കോവളം സിഐയും ചില കോൺഗ്രസ് നേതാക്കളും എൽദോസിന്റെ സുഹൃത്തുക്കളും തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന അവരുടെ വെളിപ്പെടുത്തലിൽ ഉടനടി നടപടിയായിട്ടുണ്ട്.

ഹണിട്രാപ്പിൽ കുടുക്കുമെന്ന് എൽദോസും പറഞ്ഞെന്ന വെളിപ്പെടുത്തലിൽ പുതിയ കേസിന് സാദ്ധ്യതയുണ്ട്. ''എൽദോസുമായി 10 വർഷത്തെ പരിചയം ഉണ്ട് . ആദ്യം എംഎൽഎ ആയപ്പോൾ പേഴ്സണൽ സ്റ്റാഫ് വഴിയാണ് പരിചയം തുടങ്ങിയത് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് കൂടുതൽ അടുപ്പത്തിലായത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. സ്റ്റെപംബർ 14 ന് തന്നെ നിർബ്ബന്ധിച്ച് കോവളം ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. പരസ്പരം ഉള്ള തർക്കം തീർക്കാനെന്ന മട്ടിലാണ് കൊണ്ടുപോയതങ്കിലും അവിടെ വച്ച് ശാരീരികമായി ഉപദ്രവിച്ചു. തന്നെ മർദ്ദിക്കുമ്പോൾ എംഎൽഎയുടെ പി.എയും സുഹൃത്ത് ജിഷ്ണുവും ഒപ്പം ഉണ്ടായിരുന്നു. മർദ്ദനം കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. താൻ ഭാര്യയാണെന്ന് പറഞ്ഞാണ് എംഎൽഎ തടിതപ്പിയത്. മർദ്ദനത്തിൽ പരിക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്.ശല്യം തുടർന്നതോടെയാണ് സ്റ്റെപംബർ 28 ന് വനിതാ സെല്ലിൽ പരാതി നൽകിയത്. എന്നാൽ പ്രതിസ്ഥാനത്ത് എംഎൽഎ ആയതിനാൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാൻ നിർദ്ദേശിച്ചു.

എൽദോസ് കുന്നപ്പള്ളി കടുത്ത മദ്യപാനിയാണ്. മദ്യപിച്ച് തന്നെ മർദ്ദിക്കുന്നത് പതിവായിരുന്നു. കേസ് ഒത്തു തീർപ്പാക്കാൻ വാഗ്ദാനം ചെയ്ത 30 ലക്ഷം രൂപ തനിക്ക് വേണ്ടെന്ന് പറഞ്ഞപ്പോൾ പെരുമ്പാവൂർ മാറമ്പള്ളി സ്വദേശിനിയും മുൻ വാർഡ് മെമ്പറും ആയ സ്ത്രി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. ''- ഇങ്ങനെയാണ് പരാതിക്കാരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ ക്രൈം ബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.കോവളം പൊലീസിൽ ഉന്നയിച്ച പരാതിയിലും പ്രഥമവിവരറിപ്പോർട്ടിൽ രേഖപ്പെടുത്തിയ മൊഴിയിലും വെളിപ്പെടുത്തിയതിലും ഗുരുതരമായ ആരോപണങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തോട് യുവതി വെളിപ്പെടുത്തിയതായാണ് സൂചന.
അതായത് നിലവിലുള്ള സാഹചര്യത്തിൽ എൽദോസ് പെടുമെന്ന് എതാണ്ട് ഉറപ്പാണ്.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചന ആണെനനാണ് എൽദോസും കോൺഗ്രസും പറയുന്നത്.
ഇവർ വിവാഹ തട്ടിപ്പുകാരിയാണെന്നാണ് കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ പരിചയപ്പെട്ട അഞ്ചോളം വ്യക്തികളെ വിവാഹം കഴിക്കുകയും ഇവർക്കും ഇവരുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും എതിരെ പീഡന പരാതികൾ ഉൾപ്പെടെ നിരവധി വ്യാജ പരാതികൾ നൽകിയ വ്യക്തിയാണ് ഇതെന്നുമാണ് അവർ പ്രചരിപ്പിക്കുന്നത്. പക്ഷേ ഇതെല്ലാം വ്യാജമാണെന്നും, ഇങ്ങനെ പ്രചരിപ്പിച്ച കോൺഗ്രസ് നേതാക്കൾക്ക് എതിരെ പരാതി കൊടുക്കുമെന്നുമാണ് യുവതി പറയുന്നത്.

എന്തായാലും മതേതര നിമിഷ കവിയിൽനിന്ന് വളരെ പെട്ടന്നാണ് മദ്യപാനിയിലേക്കും സ്ത്രീലമ്പടനിലേക്കും എൽദോയുടെ ഗ്രാഫ് താഴ്ന്നത്! ഒരു വൻ വീഴ്ച എന്നല്ലായെ എന്തു പറയാൻ.

വാൽക്കഷ്ണം: ഇരട്ട നരബലിക്കേസിൽ ഭഗവൽസിങ് അകത്തായതോടെ അയാളുടെ ഹൈക്കു കവിതയിലുടെയായി സോഷ്യൽ മീഡിയയുടെ ട്രോൾ. എൽദോസ് കേസ് വന്നതോടെ നിമിഷ കവിതയും!