- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അമേരിക്കയുടെ ആണവരഹസ്യങ്ങളുടെയും സൈനികപദ്ധതികളുടെയും രേഖകൾ കൂട്ടിയിട്ടത് ബാത്ത് റൂമിൽ! വൈറ്റ്ഹൗസിൽനിന്ന് കടത്തിയവ സുഹൃത്തുക്കൾക്ക് വായിച്ച് രസിക്കാൻ നൽകി; ചരിത്രത്തിലെ ഏറ്റവും ക്രിമിനലായ നേതാവ്; നേരിട്ടത് നാലായിരത്തോളം കേസുകൾ; എന്നിട്ടും ജനപ്രീതികുറയുന്നില്ല; ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
ലോകത്തിലെ ആണവയുദ്ധത്തിന്റെ രഹസ്യകോഡ് അമേരിക്കൻ പ്രസിഡന്റുമാരുടെ തലച്ചോറിലാണെന്നാണ് പറയുക. ഓരോ അമേരിക്കൻ പ്രസിഡന്റും അതീവ രഹസ്യമായി കൈമാറിപ്പോവുന്ന കോഡാണത്. അത് എവിടെയും എഴുതിവെക്കുകയോ സേവ് ചെയ്യാറുമോ ഇല്ല. വൈറ്റ് ഹൗസിൽനിന്ന് ആ കോഡ് മൂന്നുതവണ അടിച്ചാൽ അത് പെന്റഗണിലെ സൈനിക ആസ്ഥാനത്തിന് ആണവയുദ്ധത്തിനുള്ള മുന്നറിയിപ്പാണ്. ലോകത്തെ തന്നെ 41 തവണ ഭസ്മമാക്കാനുള്ള ആണവായുധങ്ങളാണ് ഇന്ന് യുഎസിന്റെ കൈയിലുള്ളത്. ഒന്ന് ആലോചിച്ച് നോക്കുക. മദ്യപിച്ച്് കോൺതെറ്റി നടക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്റിന് തോന്നുകയാണ്, ഏതെങ്കിലും ഒരു രാജ്യത്തെ അങ്ങോട്ട് തീർത്തേക്കാമെന്ന്. അങ്ങനെ അയാൾ ഈ ആണവ കോഡ് അടിച്ചിരുന്നെങ്കിൽ ഇന്ന് ലോകം കാണില്ലായിരുന്നു!
ഇത് പറയാൻ കാരണം മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുനേരെ വരുന്ന ആരോപണങ്ങളുടെ രൂക്ഷത കണ്ടിട്ടാണ്. സ്ഥാനമൊഴിഞ്ഞപ്പോൾ അമേരിക്കയുടെ ആണവരഹസ്യങ്ങളുടെയും സൈനികപദ്ധതികളുടെയും രേഖകൾ കടത്തി അത് തന്റെ സ്വകാര്യ ബംഗ്ലാവിന്റെ ബാത്ത് റൂമിൽ കൂട്ടിയിടുകയാണ് ട്രംപ് ചെയ്തത്! ഈ നിലക്ക് അലവലാതിയും ക്രിമനലുമായ ഒരു മനുഷ്യനോട് നാം നന്ദി പറയണം. തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിൽ അയാൾ ന്യൂക്ലിയർ ബട്ടൺ ഒന്നും അമർത്തിയില്ലല്ലോ!
യുഎസ്എ എന്ന മഹത്തായ രാജ്യത്തിന്റെ പ്രസിഡന്റ് എന്ന് പറയുന്നത് ഫലത്തിൽ ലോകത്തിന്റെ നായകനാണ്. നിന്ന നിൽപ്പിൽ രാജ്യങ്ങളുടെ ഗതിവിഗതികൾ നിയന്ത്രിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യൻ. അവിടെ ട്രംപിനേപ്പൊലുള്ള അലവലാതികളും, അൽപ്പന്മാരും, കയറിക്കൂടിയാൽ നശിക്കുക ലോകം തന്നെയാണ്. അമേരിക്കൻ പാർലിമെന്റിനൊന്നുമില്ലാത്ത വിപുലമായ അധികാരങ്ങളാണ് പ്രസിഡന്റിന് ഉള്ളത്. ഭരണഘടനാ ശിൽപ്പിയായ തോമസ് ജെഫേഴ്സണൊന്നും ഇതുപോലെ ഒരാൾ അമേരിക്കയിൽ അധികാരത്തിലെത്തും എന്ന് കരുതിയിട്ടുണ്ടാവില്ല.
അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോഴും സ്ഥാനമൊഴിഞ്ഞതിനുശേഷവുമെല്ലാം വിവാദനായകനായിരുന്നു ട്രംപ്. വ്യവഹാരങ്ങളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല ആ ജീവിതത്തിൽ. കേസുകൾ ട്രംപിനെ പിന്തുടരുകയാണോ, അദ്ദേഹം പിന്നാലെ നടന്ന് കേസുകളേറ്റുവാങ്ങുകയാണോയെന്നു ചരിത്രം പരിശോധിക്കുമ്പോൾ സംശയംതോന്നുന്നത് സ്വാഭാവികം. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനുശേഷം രാജ്യത്തെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന ഫയലുകൾ അനൗദ്യോഗികമായി കൈവശംവെച്ചെന്ന കേസിലാണ് കഴിഞ്ഞദിവസം മയാമി ഫെഡറൽ കോടതി ട്രംപിനെ അറസ്റ്റുചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തത്. യു.എസിൽ ഫെഡറൽ നിയമലംഘനക്കുറ്റം നേരിടുന്ന ആദ്യത്തെ മുൻപ്രസിഡന്റ് കൂടിയായി ട്രംപ്. ആറുവർഷംമുമ്പ് താനേതു നിയമത്തെ സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞചെയ്തുവോ അതേ നിയമങ്ങൾ ലംഘിച്ചെന്ന കുറ്റം.
420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
ലോകത്തിലെ ഒരു ഭരണാധിപനും ചെയ്യാൻ പാടില്ലാത്ത തൊട്ടിത്തങ്ങളാണ് സാക്ഷാൽ ട്രംപ് ചെയ്യുന്നത്. ഫ്ളോറിഡയിലെ ട്രംപിന്റെ, മാറ ലാഗോ എന്ന സ്വകാര്യ ബംഗ്ലാവിൽനിന്ന് ആയിരക്കണക്കിന് രേഖകളാണ് എഫ്.ബി.ഐ പിടിച്ചെടുത്തത്. രാജ്യത്തെ സൈനികപദ്ധതികൾ, ആണവപദ്ധതികൾ, ഇറാനുനേരെ നടത്താനുദ്ദേശിച്ചിരുന്ന സൈനികനടപടിയുടെ വിവരങ്ങൾ തുടങ്ങിയ സുപ്രധാന രേഖകൾ സ്ഥാനമൊഴിഞ്ഞതിനുശേഷവും കൈയിൽവെച്ചെന്നു മാത്രമല്ല, രാജ്യഭരണവുമായി പുലബന്ധമില്ലാത്ത തന്റെ സ്വകാര്യ അതിഥികൾക്ക് ഈ റിപ്പോർട്ടുകൾ വായിച്ചുരസിക്കാൻ നൽകുകയും ചെയ്തെന്നാണ് മയാമി കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ പറയുന്നത്!
37 കുറ്റമാണ് ട്രംപിന്റെ പേരിലുള്ളത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തിയതടക്കം തെളിയിക്കപ്പെട്ടാൽ 20 വർഷംവരെ തടവുലഭിക്കുന്ന കുറ്റങ്ങളും ട്രംപ് നേരിടുന്നുണ്ട്. ഈ കുറ്റങ്ങൾക്കെല്ലാമുള്ള ശിക്ഷ വെവ്വേറെ കൂട്ടിയാൽ 420 കൊല്ലം ട്രംപ് അകത്തുകിടക്കേണ്ടിവരുമെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
പതിനഞ്ച് പെട്ടികളിലായി സൂക്ഷിച്ചിരുന്ന രേഖകൾ എഫ്.ബി.ഐ. റെയ്ഡുചെയ്ത് പിടിച്ചിട്ടും അവ വ്യക്തിപരമായ രേഖകളാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നുണ്ടെങ്കിലും രണ്ടുവർഷത്തോളംനീണ്ട അന്വേഷണത്തിനുശേഷം എഫ്.ബി.ഐ.യാണ് രേഖകൾ കണ്ടെത്തിയത് എന്നതിനാൽ ആ ആരോപണത്തിന് മൂർച്ചയില്ലെന്ന് അവർക്കുതന്നെ അറിയാം. പക്ഷേ എന്നിട്ടും ട്രംപ് രാഷ്ട്രീയം കളിച്ച് പിടിച്ച് നിൽക്കയാണ്. ലോകത്തിലെ തീവ്രാവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ അടക്കം നേതൃത്വം കൊടുക്കേണ്ട എഫ്ബിഐ ഇപ്പോൾ, സ്വന്തം രാജ്യത്തെ മുൻ പ്രസിഡന്റിനെ അന്വേഷിക്കേണ്ട ഗതികേടിയാണ്.
രേഖകൾ കൂട്ടിയിട്ടത് ബാത്ത് റൂമിൽ
ഇപ്പോൾ ഞെട്ടിപ്പിക്കുന്ന മറ്റ് ചില വിവരങ്ങൾ കൂടി പുറത്തുവരികയാണ്. പാം ബീച്ചിലെ മാർ എ ലാഗോ എന്ന ട്രംപിന്റെ ആഡംബര വസതിയുടെ ബാത്ത് റൂമിലാണ് ലോകത്തെ ഞെട്ടിക്കുന്ന ഈ ആണവരഹസ്യങ്ങളും സൈനിക നടപടിയുടെ നേർ ചിത്രങ്ങളുമെല്ലാം ട്രംപ് കുട്ടിയിട്ടിരുന്നത്. ആയിരക്കണക്കിന് അതിഥികളും ക്ലബ്ബ് അംഗങ്ങളും പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്ന ഇടത്താണ് തീർത്തും കോൺഫിഡൻഷ്യലായ, പുറത്തായാൽ ഒരുപാട് രാജ്യങ്ങളെ തന്നെ ബാധിക്കുന്ന ഈ രേഖകൾ സൂക്ഷിച്ചത്.
വസതിയിലെ കുളിമുറിയിലും ഹാളിലുമായാണ് ക്ലാസിഫൈഡ് സ്വഭാവമുള്ള രേഖകൾ സൂക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരോടെ നുണ പറഞ്ഞതായും കുറ്റപത്രം വിശദമാക്കുന്നു. എഫ്ബിഐയിൽ നിന്ന് രഹസ്യ രേഖകൾ ഒളിച്ച് വച്ചതിന് ട്രംപിന്റെ സഹായി വാൾട്ട് നോട്ടയ്ക്ക് എതിരെയും കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാളാണ് രഹസ്യ രേഖകൾ ഒളിച്ച് കടത്തിയതെന്നാണ് 49 പേജുള്ള കുറ്റപത്രം വിശദമാക്കുന്നത്. മുൻ പ്രസിഡന്റിനെതിരെ ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തിക്കൊണ്ടുള്ള ആദ്യ കുറ്റപത്രമാണ് ഇത്. പ്രസിഡന്റ് പദവിയൊഴിഞ്ഞ ട്രംപ് ക്ലാസിഫൈഡ് സ്വഭാവമുള്ള 300 രേഖകൾ പാം ബീച്ചിലെ മാർ എ ലാഗോ എന്ന ആഡംബര വസതിയിലേക്ക് മാറ്റിയെന്നും ഇതൊരു സ്വകാര്യ ക്ലബ്ബ് കൂടിയാണെന്നും കുറ്റപത്രം വിശദമാക്കുന്നു.
രേഖകൾ കാണാതായത് സംബന്ധിച്ച എഫ്ബിഐ അന്വേഷണം തടസപ്പെടുത്താനും ട്രംപ് ശ്രമിച്ചു. രേഖകൾ ഒളിപ്പിക്കാനോ നശിപ്പിക്കാനോ തന്റെ അഭിഭാഷകനോട് ട്രംപ് നിർദ്ദേശിച്ചതായാണ് കുറ്റപത്രം വിശദമാക്കുന്നത്. ഇവിടെ നടക്കുന്ന പാർട്ടികളിൽ കുടിച്ച് കൂത്താടുന്ന പലരും ഈ രേഖകൾ എടുത്ത് വായിക്കാറുമുണ്ടായിരുന്നത്രേ. അമേരിക്കയെന്ന രാജ്യം എത്തിപ്പെട്ട അവസ്ഥ നോക്കുക. ഈ രേഖകൾ ചോർന്ന് ഏതെങ്കിലും പത്രങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ അത് അമേരിക്കയ്ക്ക് എതിരായ ഒരു വെടിക്കെട്ട് ആയനേ. മാത്രമല്ല, ഇത് ഏതെങ്കിലും തീവ്രവാദ സംഘങ്ങളുടെ കൈയിൽ എത്തിയാൽ അവർ ഈ പ്ലാനുകൾ ഉപയോഗിച്ച് അമേരിക്കയ്ക്ക് തന്നെ പണി തന്നേനെ. ഭാഗ്യത്തിന് അതൊന്നും ഉണ്ടായിട്ടില്ല. ഇനി ഏതെങ്കിലും രേഖകൾ ട്രംപ് എങ്ങോട്ടെങ്കിലും മാറ്റിയോ എന്ന് അറിയാനും അന്വേഷണം തുടരുകയാണ്.
പോൺസ്റ്റാറിന് പണം നൽകി കുടുങ്ങി
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ട്രംപിന്റെ പേരിൽ ചുമത്തപ്പെട്ട രണ്ടാമത്തെ ക്രിമിനൽക്കേസാണിത്. ബന്ധം മറച്ചുവയ്ക്കുന്നതിന് പോൺ താരത്തിന് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് പണം നൽകി എന്ന കേസലാണ്് ട്രംപ് ആദ്യം അറസ്റ്റിലാവുന്നത്. ഇതോടെ ക്രിമിനൽ കേസിൽ പ്രതിയായി അറസ്റ്റിലാകുന്ന ആദ്യ അമേരിക്കൻ മുൻ പ്രസിഡന്റായി ട്രംപ് മാറി. മാൻഹട്ടൻ കോടതിയിലെത്തി ട്രംപ് കീഴടങ്ങിയതിന് പിന്നാലെയാണ് അറസ്റ്റിലായത്.
അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺതാരം സ്റ്റോമി ഡാനിയേൽസിന് ( 44 ) 2016ൽ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ 1,30,000 ഡോളർ ( ഒരു കോടിയിൽപ്പരം രൂപ ) നൽകിയെന്നാണ് കേസ്. 2006ൽ നെവാദയിലെ ലേക് താഹോ ഗോൾഫ് കോഴ്സിൽ നടന്ന ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപ് സ്റ്റോമി ഡാനിയേൽസ് സമാഗമം ഉണ്ടായത്. സ്റ്റോമി എഴുതിയ 'ഫുൾ ഡിസ്‌ക്ലോഷർ' എന്ന പുസ്തകത്തിൽ വിശദാംശങ്ങളുണ്ട്. ട്രംപുമായി ലൈംഗിക ബന്ധം പുലർത്തിയെന്ന് ഇതിൽ പറയുന്നു. ട്രംപ് അത് നിഷേധിച്ചിട്ടുണ്ട്. അന്ന് സ്റ്റോമിക്ക് 27 വയസ്. ട്രംപിന് 60 വയസും. തന്റെ ജീവിതത്തിലെ ഒട്ടും തൃപ്തികരമല്ലാത്ത അറുബോറൻ ലൈംഗിക ബന്ധം എന്നാണ് സ്റ്റോമി വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ ശരീര വർണനയും ബുക്കിലുണ്ട്.അക്കാലത്ത് ട്രംപും സ്റ്റോമിയും ഒന്നിച്ച് പോൺ സ്റ്റുഡിയോയിൽ നിൽക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്.
2016ലെ തിരഞ്ഞെടുപ്പിൽ ട്രംപ് പ്രചാരണം നടത്തുമ്പോഴാണ് സ്റ്റോമി ട്രംപുമായുള്ള അവിഹിത ബന്ധം വിറ്റ് കാശാക്കാൻ ശ്രമിച്ചത്. ട്രംപിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള നാഷണൽ എൻക്വയറർ എന്ന ടാബ്ലോയിഡ് പത്രമാണ് സ്റ്റോമിയുടെ നീക്കം മണത്തറിഞ്ഞത്. ട്രംപിനെതിരായ വാർത്തകൾ പതുക്കിയിരുന്ന പത്രമുടമ സ്റ്റോമിയെ ട്രംപിന്റെ അഭിഭാഷകൻ മൈക്കേൽ കോഹനുമായി ബന്ധപ്പെടുത്തി. പെഗ്ഗി പെറ്റേഴ്സൺ ( സ്റ്റോമി ഡാനിയേൽസ് ), ഡേവിഡ് ഡെന്നിസൺ ( ഡൊണാൾഡ് ട്രംപ് ) എന്നീ കള്ളപ്പേരുകളിൽ കോഹൻ എഴുതിയുണ്ടാക്കിയ കരാർ പ്രകാരമാണ് സ്റ്റോമിക്ക് പണം നൽകിയതെന്ന് കോടതി കണ്ടെത്തി.
ട്രംപിന്റെ അവിഹിത ബന്ധം വെളിപ്പെടുത്തില്ലെന്നായിരുന്നു കരാർ. കോഹനെ പിന്നീട് പല കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചു. അതോടെ ട്രംപിനെതിരെ കോഹൻ തിരിഞ്ഞു.നിയമപരമായും ശാരീരികമായും തന്നെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കിയെന്ന് സ്റ്റോമി അഭിമുഖങ്ങളിൽ വെളിപ്പെടുത്തി.രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന കരാർ ( നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് ) പ്രകാരം പണം നൽകുന്നത് കുറ്റമല്ല. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് പണം നൽകിയത് ചട്ടലംഘനമാണ്. അതാണ് ട്രംപിന് വിനയായത്. അല്ലാതെ നമ്മുടെ നാട്ടിൽ പറയുന്നതുപോലുള്ള ഒരു അവിഹതി ബന്ധമല്ല ഇത്. തികഞ്ഞ സ്ത്രീലമ്പടനായി അറിയപ്പെടുന്ന ട്രംപിനെതിരെ നിരവധി സ്ത്രീകൾ പരാതി നൽകിയിട്ടുണ്ട്. പക്ഷേ എല്ലാം പണം നൽകി ഒതുക്കുകയായിരുന്നു.
ഇതുവരെ നാലായിരത്തോളം കേസുകൾ!
ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കേസുകൾ നേരിട്ട വ്യക്തി ആരാണെന്ന ചോദ്യത്തിനും, മറുപടി ഡൊണാൾഡ് ട്രംപ് എന്നുതന്നെ ആയിരിക്കും. ബിസിനസ് ജീവിതത്തിലും രാഷ്ട്രീയത്തിലുമായി ട്രംപ് ഇതുവരെ നേരിട്ടിട്ടുള്ളത് നാലായിരത്തോളം കേസാണ്. ഇതിൽ മിക്കതിലും അയാൾ കാശിറക്കി സാക്ഷികളെ സ്വാധീനിച്ചും, കോടികൾ കോമ്പൻസേഷൻ കൊടുത്തും രക്ഷപ്പെട്ടു. ട്രംപിന്റെ ജീവിതം പരിശോധിച്ചാൽ അറിയാം കുട്ടിക്കാലം മുതൽക്കുതന്നെ തട്ടിപ്പിലൂടെയാണ് അയാൾ വളർന്നുവന്നത്.
കോടീശ്വരനായ ഫ്രഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ചെറുപ്പത്തിലേ തന്നെ ഓവർസ്മാർട്ടും പ്രശ്‌നക്കാരനും ആയിരുന്നു. അതുകൊണ്ട് ശല്യം തീർക്കാനും അച്ചടക്കം പഠിപ്പിക്കാനുമാണ് അവനെ സൈനിക സ്‌കൂളിൽ ചേർത്തിയത്. അവിടെ നിന്നും അടിയുണ്ടാക്കിയതിന് പലതവണ പ്രശനമായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പല പരീക്ഷകൾ ട്രംപ് പാസായതും കോപ്പിയടിച്ച് ആയിരുന്നു. സൈനിക കോളജിൽനിന്ന് ഡിഗ്രി എടുത്തപ്പോഴും ട്രംപിന്റെ കുബുദ്ധി വർക്കൗട്ടായി. നിർബന്ധ സൈനിക സേവനത്തിൽനിന്ന് അയാൾ രക്ഷപെട്ടത് വ്യാജ മെഡിക്കൽ സർട്ടിഫിക്കേറ്റ് ഹാജരാക്കിക്കൊണ്ടായിരുന്നു. അതിനുശേഷം പെൻസിൽവവാനിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇക്കണോമികസിൽ ഡിഗ്രി എടുത്തു. നേരെ പിതാവിന്റെ ബിസിനസിലേക്കാണ് ട്രംപ് കടന്നത്. താൻ ഒരു സെൽഫ് മേഡ് മാൻ എന്നാണ് ട്രംപ് പറയാറ്. പക്ഷേ ഇത് ശുദ്ധ തട്ടിപ്പാണ്. പിതാവിന്റെ കൈയിൽനിന്ന് ഒരു മില്യൺ ഡോളർ വാങ്ങിയാണ് അയാൾ ബിസിനസ് തുടങ്ങിയത്.
ആദ്യഘട്ടത്തിൽ വൻ വിജയമായിരുന്നു ട്രംപ്. ഹോട്ടലും കാസിനോയും നടത്തി അയാൾ വൻവിജയമായി. എന്ത് പ്രാജകറ്റും വിജയിപ്പിക്കാൻ അയാൾക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. 33 വയസായപ്പോൾ ട്രംപിന്റെ ആസ്തി കോടികൾ കടന്നു. പക്ഷേ 1979ൽ തുടങ്ങിയ ട്രംപ് ടവർ എന്ന 58 നിലയുള്ള കെട്ടിടം പണിതതാണ് ട്രംപിന്റെ ജീവിതം മാറ്റിമറിച്ചത്. അന്ന് ആ ടവർ മാധ്യമങ്ങളിൽ നിറഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ചാൽ തന്റെ ബ്രാൻഡിങ്ങ് നന്നായി നടക്കുമെന്ന് അറിയുന്ന ട്രംപ് പിന്നെ ടാബ്ലോയിഡുകളെ കൂട്ടുപിടിച്ചു. അക്കാലത്ത് ടാബ്ലോയിഡുകൾ ആയിരുന്നു ഒരാളുടെ സെലിബ്രിറ്റിയാക്കിയിരുന്നത്. അന്ന് ന്യയോർക്കിലെ പ്രശസ്തമായ ന്യൂഡ് ഡേ എന്ന ടാബ്ലോയിഡിനെയും അതിന്റെ ലേഖകൻ എ. ജെ. ബെൻസിനെയുമാണ് ട്രംപ് കൂട്ടുപിടിച്ചതെന്ന് മാധ്യമ പ്രവർത്തകർ വെളിപ്പെടുത്തുകയുണ്ടായി. ട്രംപ് ടാബ്ലോയിഡുകാരോട് പറഞ്ഞിരുന്നത് ഇങ്ങനെയാണ്. 'എപ്പോഴൊക്കെ ട്രംപ് എന്ന് എഴുതുന്നുവോ അപ്പോഴൊക്കെ ബില്യണർ എന്ന വാക്കും വരണം'. അങ്ങനെയാണ് ട്രംപ് ദ ബില്ല്യണർ എന്ന വാക്ക് പ്രശസ്തമാവുന്നത്. ട്രംപ് എന്ന പേര് വല്ലാത്തൊരു ബ്രാൻഡ് ആവുന്നത്. സത്യത്തിൽ മില്ല്യണർ അല്ലാതെ ബില്ല്യണർ ആയിട്ടില്ലായിരുന്നു ട്രംപ്. പക്ഷേ ആവർത്തിച്ച് പറഞ്ഞ് അത് അങ്ങനെയാക്കാൻ ട്രംപിന് ആയി.
1990 മെയ് 2-ന് ഫോബ്‌സ് മാസികയുടെ കവർ ചിത്രം ട്രംപിന്റൊയിരുന്നു. 'ഹൗ മച്ച് ഇസ് ഡോണാൾഡ് ട്രംപ് റിയലി വർത്ത്' എന്നായിരുന്നു തലക്കെട്ട്. ട്രംപിന്റെ ആസ്തികളെക്കുറിച്ച് അക്കാലത്ത് നിറം പിടിപ്പിച്ച കഥകൾ ആണ് പുറത്തുവന്നത്. ട്രംപ് ടവറിന്റെ വിജയത്തിനുശേഷം അദ്ദേഹം ശരിക്കും ഒരു ബ്രാൻഡായി. കടം കൊടുക്കാൻ ബാങ്കുകൾ മൽസരിച്ചു. അറിഞ്ഞതും അറിയാത്തതും ബിസിനസ് മേഖലയിലൊക്കെ ട്രംപ് കൈവെച്ചു. അത് അദ്ദേഹത്തിന്റെ പതനത്തിന്റെ തുടക്കവും ആയിരുന്നു.
പാപ്പരായിട്ടും തിരിച്ച് പിടിച്ചു
80കളിൽ ഉണ്ടാക്കിയത് അത്രയും ട്രംപിന് 90 കളിൽ ഒലിച്ചുപോവുകയായിരുന്നു. ട്രംപ് ടവറിന്റെ വിജയത്തെ തുടർന്ന് അദ്ദേഹം വിവിധ ബിസിനസുകൾ ചാടി ഏറ്റെടുത്തു. അത്‌ലാന്റിക്ക് സിറ്റിയിലെ താജ്മഹൽ എന്ന കാസിനോ വമ്പൻ നഷ്ടത്തിലായി. കോടികൾ മുടക്കിയായിരുന്നു അത് ട്രംപ് ഏറ്റെടുത്തിരുന്നത്. ഇതിന് പുറമേ, ട്രംപ് ഷട്ടിൽ എന്ന എയർലൈൻ കമ്പനിയും അദ്ദേഹം തുടങ്ങി. ഫുട്‌ബോൾ ടീം, ടൈസന്റെ ബോക്‌സിങ്ങ് മൽസരം, ലോക സുന്ദരീ മൽസരം എന്നിങ്ങനെ സകലതും ഏറ്റെടുത്ത് നടത്തി. പക്ഷേ അറിയാത്ത ബിസിനസുകൾ ഏറ്റെടുത്തതിന്റെ തിക്തഫലങ്ങൾ വൈകാതെ കണ്ടു.
എയർലൈൻസ് നഷ്ടത്തിലായി. പല കാസിനോകളും ഒന്നിന് പിറകെ ഒന്നായി പൂട്ടി. ട്രംപിന്റെ ബാങ്ക് കടം കൂടി. ഒരു മില്യൻ ഡോളർവരെ പലിശ ഉയർന്നു. ബാങ്ക് നടപടി തുടങ്ങി. വൈകാതെ ട്രംപ് പാപ്പരായി. പക്ഷേ അപ്പോഴും ആ ബ്രാൻഡ് വാല്യു നിലനിൽക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു കാലം ട്രംപ് പിടിച്ചുനിന്നത്. അങ്ങനെയാണ്. അതായത് ലോകത്ത് എവിടെയുള്ള കെട്ടിടങ്ങൾക്ക് ഒരു നിശ്ചിത തുക കൊടുത്താൽ ട്രംപ് എന്ന പേര് കൊടുക്കാം. അങ്ങനെയാണ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ ട്രംപ് ടവറുകൾ ഉയർന്ന് വന്നത്. അവക്ക് പലതിനും ഡൊണാൾഡ് ട്രംപുമായി പുലബന്ധം പോലുമില്ല. ഇന്ത്യയിൽപ്പോലും അഞ്ച് ട്രംപ് ബിൽഡിങ്ങുകൾ ഉണ്ട്. എന്നാൽ ഇക്കാര്യം മറച്ചുവെച്ചുകൊണ്ട് അദ്ദേഹം അപ്പോഴും കോടീശ്വരനായി ഭാവിച്ചു. 90 കളിൽ അഞ്ചു തവണയാണ് ട്രംപ് പാപ്പർ സ്യൂട്ട് അടിച്ചത്. ട്രംപ് യൂണിവേഴ്‌സിറ്റിയെന്ന പേരിലും ഒരു സാധനം തുടങ്ങി നൂറുകണക്കിന് നിക്ഷേപകർക്ക് പണം പോയി. അവർ ബന്ധപ്പെട്ടപ്പോൾ ട്രംപ് പറഞ്ഞത് അത് ഫ്രാഞ്ചേസി മാത്രമാണെന്നും തനിക്ക് അതുമായി യാതൊരു ബന്ധവും ഇല്ലെന്നുമാണ്. ഈ കേസ് ഇപ്പോഴും കോടതിയിലാണ്.
പിന്നെ ട്രംപ് അമേരിക്കയുടെ സജീവ ശ്രദ്ധയിലേക്ക് വരുന്നത് 2003ൽ എൻബിസിയിൽ 'ദ അപ്രന്റീസ്' എന്ന പേരിൽ അദ്ദേഹം ആങ്കർ കം പ്രാഡ്യുസർ ആയിവന്ന റിയാലിറ്റി ഷോയിലൂടെയാണ്. സെറ്റിട്ട സമർഥമായ ഒരു തട്ടിപ്പ് ആയിരുന്നു അത്. അപ്രന്റീസ് ആയി എത്തുന്ന ഉദ്യോഗാർഥികളെ ട്രംപ് നേരിട്ട് ഇൻർവ്യൂ ചെയ്ത് തന്റെ കമ്പനിയിൽ ജോലിക്ക് എടുക്കും എന്നായിരുന്നു വാഗ്ദാനം. ഇത് കണ്ട ഭൂരിഭാഗം പേരും കരുതിയത് ഇതുപോലെ ചിട്ടയിലും അങ്ങേയറ്റം പ്രൊഫഷണലും ആയാണ് ട്രംപിന്റെ പ്രവർത്തനം എന്നാണെന്നാണ്. പക്ഷേ എല്ലാം സെറ്റിട്ടതായിരുന്നു. പക്ഷേ ഷോ വൻ വിജയമായി. പലപ്പോഴും അത് ട്രൻഡിങ്ങായി. തുടർച്ചായി 13 വർഷമാണ് ആ ഷോ മുന്നോട് പോയത്. അതും ട്രംപിന്റെ വിപണി മൂല്യം വല്ലാതെ ഉയർത്തി. അങ്ങനെയാണ് ട്രംപ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്.
പക്ഷേ ട്രംപിന്റെ തുറപ്പുചീട്ട് ഇതൊന്നുമല്ല. ദ ഗാർഡിയൻ പത്രത്തിൽ പ്രശസ്ത എഴുത്തുകാരൻ നോം ചോംസ്‌ക്കി നിരീക്ഷിച്ചപോലെ, 'അമേരിക്കൻ പ്രൈഡ്' എന്ന ടിപ്പിക്കൽ വലതുപക്ഷ സാധനത്തിലാണ് അദ്ദേഹത്തിന്റെ കളി. മുപ്പതുശതമാനം വരുന്ന അമേരിക്കയിലെ യഥാസ്ഥിതിക മത വിശ്വാസികൾ ആണ് അദ്ദേഹത്തിന്റെ വോട്ട് ബാങ്ക്. അമേരിക്കയെ താൻ ഉന്നതിയിൽ എത്തിക്കുമെന്നും, രാജ്യത്തിന് ലാഭമില്ലാത്ത ഒരു കച്ചവടത്തിനും കൂട്ടു നിൽക്കുകയുമില്ല എന്ന തോന്നൽ ഉണ്ടാക്കാൻ ട്രംപിന് കഴിഞ്ഞു. ഈ വലതുപക്ഷ യാഥാസ്ഥിതികർ പക്ഷേ നിശബ്ദരാണ്. അവർ തെരുവിൽ ഇറങ്ങില്ല. ഒരു അഭിപ്രായ സർവേയിലും പങ്കെടുക്കില്ല. പക്ഷേ ഇവരെ ആവേശം കൊള്ളിക്കാനുള്ള വകുപ്പുകൾ ഇടക്കിടെ ട്രംപ് ഇട്ടുകൊടുക്കും, കുടിയേറ്റ വിരുദ്ധതതയും മുസ്ലിം വിരുദ്ധതയും. അത് സോഷ്യൽ മീഡിയ മാനേജർമാർ വഴി കൃത്യമായി സൃഷ്ടിച്ച് എടുക്കാനും ട്രംപിന് കഴിഞ്ഞു. ആ വലതുപക്ഷം തന്നെയാണ് ഇപ്പോഴും ട്രംപിന്റെ ആരാധകരായി, ഇത്രയും മോശം വാർത്തകൾ വന്നിട്ടും ഒപ്പമുള്ളത്.
എന്നിട്ടും ജനപ്രീതി കുറയുന്നില്ല
തനിക്കുനേരെ എപ്പോഴോക്കെ ആരോപണം വരുന്നോ അപ്പോഴോക്കെ കലാപത്തിന് ആഹ്വാനം ചെയ്യുക ട്രംപിന്റെ ഒരു രീതിയാണ്. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ട്രംപ് അനുകൂലികൾ നടത്തിയ കലാപം ലോകം മറന്നിട്ടില്ല. ഇനി ട്രംപിനെ കോടതിയിൽ കയറ്റി ജയിലിലടയ്ക്കാം എന്ന് കരുതിയാൽ അദ്ദേഹത്തിന്റെ അനുയായികൾ എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക യുഎസ് ഭരണകൂടത്തിനുണ്ട്. പക്ഷേ ഇപ്പോഴും ഈ ഭ്രാന്തൻ നേതാവിന് അമേരിക്കയിൽ വലിയ ജന പിന്തുണയുണ്ട്.
2024-ലെ മത്സരത്തിൽ നിന്ന് തന്നെ പുറത്താക്കാനുള്ള രാഷ്ട്രീയ ശത്രുക്കളുടെ ഗൂഢാലോചനയായി ട്രംപ് കുറ്റപത്രത്തെ ചിത്രീകരിക്കയാണ്.
ലൂസിയാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ക്ലേ ഹിഗ്ഗിൻസ് ട്വിറ്ററിൽ ട്രംപിന് അനുകൂലമായി രൂക്ഷമായ ഭാഷയിൽ രംഗത്തു വന്നു. 'പീഡകരിൽ നിന്നുള്ള ഒരു അന്വേഷണം' എന്ന് അദ്ദേഹം കുറിച്ചു. ഇതു വിവാദമായതോടെ 'ഞങ്ങൾ ഞങ്ങളുടെ ഒരേയൊരു ആയുധമായി ഭരണഘടന ഉപയോഗിക്കുന്നു. സമാധാനം. പിടിച്ചുനിൽക്കുക.' എന്ന് വിശദീകരിച്ചു രംഗത്തുവന്നു.
81 ശതമാനം റിപ്പബ്ലിക്കൻ അനുകൂലികളും ട്രംപിനെതിരേയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വിശ്വസിക്കുന്നവരാണെന്ന ചില സർവേഫലവും പുറത്തുവന്നിട്ടുണ്ട്. സിബിഎസ് ന്യൂസ്/യുഗോവ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ, റിപ്പബ്ലിക്കൻ വോട്ടർമാരിൽ പകുതിയിലധികവും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞു തള്ളുകയായിരുന്നു. പുതിയ കുറ്റപത്രം മുൻ പ്രസിഡന്റിനെക്കുറിച്ചുള്ള അവരുടെ വീക്ഷണത്തെ സ്വാധീനിച്ചോ എന്ന് സിബിഎസ് വോട്ടെടുപ്പിൽ ചോദിച്ചപ്പോൾ, 61% ജിഒപി പ്രൈമറി വോട്ടർമാർ ഇല്ലെന്നാണ് വ്യക്തമാക്കിയത്. അതേസമയം 76% ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. എബിസി ന്യൂസ്/ഇപ്സോസ് വോട്ടെടുപ്പിൽ പ്രതികരിച്ചവരിൽ 48% പേർ ട്രംപിനെതിരെ കുറ്റം ചുമത്തുന്നത് ശരിയാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 35% പേർ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. അതായത് എന്തൊക്കെ ചെയ്തായും അമേരിക്കയിൽ ഒരു വലിയ വിഭാഗം വോട്ടർമാർ, അദ്ദേഹത്തിന് പിന്നിൽ ഉറച്ചുനിൽക്കയാണ്.
ഇത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് അമേരിക്കൻ ജനതയിൽ വന്ന ചില മാറ്റങ്ങൾ സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. കുടിയേറ്റവിരുദ്ധത, വംശീയത, തീവ്ര വലതുപക്ഷവാദം എന്നിവയിൽ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ആരാധകരെ ചുരുങ്ങിയകാലം കൊണ്ട് ഉണ്ടാക്കിയെടുക്കാൻ ട്രംപിന് കഴിഞ്ഞു. ഇത് ഒരു അപകടകരമായ സ്ഥിതിവിശേഷം ആണെന്നാണ് ട്രംപിനെ എതിർക്കുന്ന ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ
അതേസമയം മയാമി കോടതിയിൽനടന്ന വിചാരണയ്ക്കുശേഷം പ്രസിഡന്റ് ജോ ബൈഡനെ കടന്നാക്രമിച്ചാണ് ട്രംപ് രംഗത്ത് എത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തസമയത്ത് രാഷ്ട്രീയ എതിരാളിയെ കേസിൽക്കുടുക്കാനായി ബൈഡൻ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ട്രംപ് ആരോപിച്ചു. തോൽക്കുമെന്ന പേടികൊണ്ടാണ് ഇതെന്നും തനിക്കെതിരേയുള്ള കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂജെഴ്സിയിലെ തന്റെ ഗോൾഫ് ക്ലബ്ബിലേക്കാണ് ട്രംപ് മടങ്ങിയത്. നൂറിലധികം അനുയായികളാണ് അദ്ദേഹത്തെ കാണാനെത്തിയത്. തന്റെ 77-ാം പിറന്നാൾദിനത്തിലായിരുന്നു ട്രംപ് കോടതിയിൽ ഹാജരായത്.
നിലവിൽ നാലുക്രിമിനൽ കേസുകളിലാണ് ട്രംപ് വിചാരണനേരിടുന്നത്. രണ്ടാമതും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് നേരത്തേതന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതേവർഷംതന്നെയാണ് മേൽപ്പറഞ്ഞ കേസുകളുടെയും വിചാരണ തുടങ്ങുക. യു.എസ്. നിയമമനുസരിച്ച്, ക്രിമിനൽക്കേസുകളിൽ പ്രതിയായവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കില്ലാത്തതിനാൽ ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തെ ഇത് ബാധിക്കില്ല. എന്നാൽ, അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ഏതെങ്കിലും കേസുകളിൽ കുറ്റക്കാരനാണെന്നു പിന്നീട് കോടതി വിധിക്കുകയും ചെയ്താൽ അധികാരക്കസേരയിൽനിന്ന് പാതിവഴിക്ക് ഇറങ്ങിപ്പോരേണ്ട ദുർവിധി ട്രംപിനുണ്ടാവും.
ഭാവിയിൽ ട്രംപിന്റെ വിധി എന്തുതന്നെയായാലും പ്രതിസ്ഥാനത്തുള്ളത് എത്ര ഉന്നതനാണെങ്കിലും നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്ന ശക്തമായ സന്ദേശം ട്രംപിന്റെ അറസ്റ്റിലൂടെ യു.എസ്. മുന്നോട്ടുവെക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ ഗുസ്തിതാരങ്ങൾ മാസങ്ങളോളം സമരം ചെയ്തിട്ടും, ലൈംഗികാരോപണം നേരിടുന്ന എംപി.യുടെപേരിൽ കുറ്റംചുമത്താൻ മടിക്കുന്ന നാട്ടിലിരുന്ന് ഇതെല്ലാം കാണുകയും കേൾക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന നമ്മൾകൂടി ഉൾക്കൊള്ളേണ്ട സന്ദേശമാണിത്. പക്ഷേ അപ്പുറത്ത് ട്രംപാണ്. കുട്ടിക്കാലത്ത് തൊട്ട് തരികിടയിലുടെ ജയിച്ചുവന്ന ആളാണ്. നാലായിരം കേസുകൾ നേരിട്ട ആളാണ്. അതുകൊണ്ട് എന്താവുമെന്ന് കണ്ടുതന്നെ അറിയണം.
വാൽക്കഷ്ണം: പിന്നെ ഇന്ത്യൻ ജനതയെപ്പോലെ അല്ല യുഎസ് സിവിൽ സൊസൈറ്റി. മോണിക്കാ ലെവിൻസ്‌ക്കി കേസിൽ ക്ലിന്റൺ കളവ് പറഞ്ഞതായിരുന്നു പ്രശ്നം. സത്യം സമ്മതിച്ചതോടെ ക്ലിന്റന്റെ ജനപ്രീതി കൂടകയാണ് ഉണ്ടായത്. അതുപോലെ തന്നെ വേട്ടയാടുന്നുവെന്ന് പറഞ്ഞ് ഒരു രക്തസാക്ഷി ഇമേജ് സൃഷ്ടിച്ച് ട്രംപ് തിരിച്ചുവരുമോ എന്നും സാമൂഹിക നിരീക്ഷകർക്ക് ആശങ്കയുണ്ട്.