ഒരു ഇന്ത്യൻ പ്രധാനമന്ത്രി, പാക്കിസ്ഥാൻ പ്രസിഡന്റിനെ വിളിച്ച്, അവിടുത്തെ ഇന്ത്യയുടെ ചാരശൃംഖലയെക്കുറിച്ചും, അവരുടെ ആണവപദ്ധതിയെക്കുറിച്ച് നമ്മുടെ ചാരസംഘടന നടത്തിയ കണ്ടെത്തലും പറഞ്ഞുകൊടുക്കുക എന്നത് സങ്കൽപ്പിക്കാൻ കഴിയമോ! എന്നാൽ 1978ൽ അത്തരം ഒരു സംഭവം നടന്നുവെന്ന് ബിജെപി അടക്കമുള്ള രാഷ്ട്രീയ കക്ഷികളും, റോയിൽ നിന്ന് വിരമിച്ച മുതിർന്ന ജീവനക്കാരും വെളിപ്പെടുത്തിയിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധിയെ തുത്തെറിഞ്ഞുകൊണ്ട് മൊറാർജി ദേശായി പ്രധാനമന്ത്രിയായ സമയം. തികഞ്ഞ ഗാന്ധിയനും അഹിംസാവാദിയുമായ മൊറാർജിക്ക് ഈ ആയുധ സംസ്‌ക്കാരത്തോടും, ചാര സംഘടനകളോടുമൊക്കെ തികഞ്ഞ വെറുപ്പായിരുന്നു. അമേരിക്കയിലെ സിഐഎയുടെ മാതൃകയിൽ ഇന്ദിരാഗാന്ധി വളർത്തിക്കൊണ്ടുവന്നതായിരുന്നു, റിസർച്ച് ആൻഡ് അനാലിസിസ് വിംങ് അഥവാ റോ എന്ന ഇന്ത്യൻ ചാരസംഘടന. പക്ഷേ പുതിയ പ്രധാനമന്ത്രി തകഞ്ഞ റോ വിരുദ്ധനായിരുന്നു.

അടിയന്തരാവസ്ഥയിൽ പ്രതിപക്ഷത്തിനെതിരെ സിബിഐയുമായി ചേർന്ന് റോയും പ്രവർത്തിച്ചു എന്ന തെറ്റിദ്ധാരണയും ദേശായിക്ക് ഉണ്ടായിരുന്നു. ഇതിൻെയെല്ലാം അടിസ്്ഥാനത്തിൽ അദ്ദേഹം, റോയുടെ ബജറ്റ് 30 ശതമാനം വെട്ടിക്കുറച്ചു. ഫണ്ടില്ലാതെ ഇന്ത്യൻ ചാരസംഘടന വലഞ്ഞു. റോയുടെ മുതിർന്ന ജീവനക്കാർ അടക്കം പലരും അവധിയിൽപോയി.

എന്നാൽ ഇതിന് ശേഷം ദേശായി ചെയ്തത് ഞെട്ടിക്കുന്നതായിരുന്നു. അന്നത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് സിയാ ഉൽ ഹഖ് മൊറാർജിയുടെ അടുത്ത സുഹൃത്തായിരുന്നു. മൂത്ര ചികിത്സയടക്കമുള്ള വിവിധ വിചിത്രമായ ശീലങ്ങൾ ഉള്ള ദേശായിയെ ഇടയ്ക്കിടെ വിളിച്ച്, ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള അഭിപ്രായങ്ങൾ പറയുകയും കുശലം പറയുകയുമൊക്കെ സിയയുടെ ഒരു രീതിയായിരുന്നു. അങ്ങനെയുള്ള ഒരു ഹോട്ട്ലൈൻ സംഭാഷണത്തിലാണ്, റോയുടെ പാക്കിസ്ഥാനിലെ നെറ്റ്‌വർക്കിനെ കുറിച്ചും, കഹൂട്ടയിൽ പാക്കിസ്ഥാൻ നടത്തുന്ന രഹസ്യ ആണവ ബോംബ് നിർമ്മാണ കേന്ദ്രം റോ കണ്ടെത്തിയ കാര്യവുമെല്ലാം മൊറാർജി പറഞ്ഞുപോയത്.

ഇത് കേട്ട് ഞെട്ടിപ്പോയ സിയ ഉടൻ തന്നെ സൈനിക മേധാവി അയൂബ്ഖാനെ വിളിച്ച് ബദൽ നടപടികൾ നിർദ്ദേശിച്ചു. അവർ ആണവ നിർമ്മാണം കഹൂട്ടയിൽനിന്ന് മാറ്റി. ഇന്ത്യൻ ചാരന്മാരെക്കുറിച്ച് സുക്ഷ്മമായി പഠിക്കാൻ തുടങ്ങി. ഫലമോ, റോയ്്ക്ക്വേണ്ടി പാക്കിസ്ഥാനിൽ വേഷം മാറി പണിയെടുത്തിരുന്ന, ഇന്ത്യൻ ഉദ്യോഗസ്ഥർ ഒന്നൊന്നായി കൊല്ലപ്പെടാൻ തുടങ്ങി. റോയുടെ ചാരന്മാരെയും പാക്ക് സൈന്യം കൊന്ന് കെട്ടിത്തൂക്കി. അതോടെ ആ നെറ്റ് വർക്ക് പൊളിഞ്ഞു. പിന്നീട് സിയാ ഉൾ ഹഖ് തന്നെ ഇക്കാര്യം പാക്കിസ്ഥാൻ ചാരസംഘടനയായ ഐസ്ഐ ഉദ്യോസ്ഥരോട് ബ്രീഫ് ചെയതു. ഏതാനും വർഷങ്ങൾക്കുശേഷം ഇതിലെ ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് പാക്കിസ്ഥാൻ പ്രസിഡന്റ് പർവേസ് മുഷറഫും, ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ 'സഹായം' ഇല്ലായിരുന്നെങ്കിൽ പാക്കിസ്ഥാൻ ഒരു ആണവ രാഷ്ട്രം ആവില്ലായിരുന്നു എന്ന് പറഞ്ഞിരുന്നു.

https://www.dailyo.in/politics/morarji-desai-kargil-war-pervez-musharraf-pakistan-raw-kahuta-nuclear-warfare-3802

പിൽക്കാലത്ത് ബിജെപിയും, കോൺഗ്രസും ഈ ആരോപണം ജനതാപാർട്ടിക്കു നേരെ ഉന്നയിച്ചു. പക്ഷേ ഇതിന്റെ വിശദാംശങ്ങൾ വെളിയിൽ വന്നപ്പോഴേക്കും മൊറാർജി മരിച്ചിരുന്നു. ഇത് എന്താണ് സുചിപ്പിക്കുന്നത്. അത്രയും മോശമായിരുന്നു ഇന്ത്യൻ ഭരണാധികാരികളുടെ ഇന്റലിജൻസ് മേഖലയോടുള്ള സമീപനം. പിന്നീട് കാർഗിൽ യുദ്ധത്തിന്റെ സമയത്തും, പാർലമെന്റ് ആക്രമണത്തിന്റെ സമയത്തുമൊക്കെ ഇന്റലിജൻസ് വീഴ്ചയിൽ രാജ്യം വീണ്ടും വീണ്ടും തലകുനിച്ചു. ( നമ്മുടെ എ കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോഴും ആധുനികവത്ക്കരണത്തിൽ നിന്ന് പിന്മാറി സൈന്യത്തെയും, റോ യെയുമെല്ലാം വല്ലാതെ പിന്നോട്ട് അടിപ്പിച്ചിരുന്നു. ഏതാണ്ട് ഒരു മിനി മൊറാർജിയായിരുന്നു ആന്റണി!)

പക്ഷേ ഇപ്പോൾ കാലം മാറുകയാണ്. മോദി- അമിത്ഷാ- അജിത് ഡോവൽ കോമ്പോയുടെ കൈയിലേക്ക് രാജ്യത്തിന്റെ അധികാരം എത്തിയതോടെ, ഏതുകൊലകൊമ്പനോടും കിടപിടിക്കുന്ന സ്പൈ നെറ്റ്‌വർക്കുള്ള സംഘടനയായി ഇന്ത്യയുടെ റോ മാറി. മാത്രമല്ല അമേരിക്കയും, ഇസ്രയേലുമൊക്കെ ചെയ്യുന്നതുപോലെ രാജ്യത്തിന്റെ സുരക്ഷയ്ക്കു വിഘാതം സൃഷ്ടിക്കുന്നവരെ, മറ്റ് രാജ്യങ്ങളിൽ പോയി ഇല്ലാതാക്കാനുള്ള ഒരു കില്ലർ ലിസ്റ്റ് റോയും ഉണ്ടാക്കിയിരിക്കയാണെന്ന് ഇന്ത്യൻ എകസ്പ്രസ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദേശരാജ്യങ്ങളിൽ പോയി അവർ ഭീകരരെ കൃത്യമായി കൊന്ന് തള്ളുന്നുമുണ്ട്. മൊസാദ് മോഡലിൽ കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയിലേക്ക് ഇന്ത്യയും മാറുകയാണെന്നാണ് റിപ്പോർട്ടുകൾ.

റോയുടെ കില്ലർ സ്‌ക്വാഡ്

സിഐഎയുടെയും, മൊസാദിന്റെയുമൊക്കെ കില്ലർ സ്‌ക്വാഡുകളെക്കുറിച്ച് കേട്ടിട്ടില്ലേ. ലോകത്തിന്റെ ഏത് കോണിൽ പോയി ശത്രുക്കളെ കൊന്നിടുന്ന രീതി. ആ ശൈലിയിലേക്ക് റോയും കടക്കുകയാണെന്നാണ്, അടുത്തകാലത്ത് വിദേശത്ത് ഇന്ത്യയുടെ ശത്രുക്കൾ പൊടുന്നനെ കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന നിരവധി ഭീകരരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടത്. ആരാണ് ഇതിന് പിന്നിൽ. ലോക മാധ്യമങ്ങളുടെ ചോദ്യത്തിന് ഔദ്യോഗിക ഉത്തരമില്ല. പക്ഷേ രഹസ്യമായി എതിരാളികൾ ഭയക്കുന്നുണ്ട്്. അതിന് പിന്നിൽ റോ തന്നെയാണ്. ഇനി രാജ്യത്തിന് അകത്തേക്ക് വന്നാൽ, കാശ്മീർ ഭീകരർ ഇങ്ങനെ കൊല്ലപ്പെട്ട കാലം ഉണ്ടായിട്ടില്ല. പോപ്പുലർ ഫ്രണ്ട് തൊട്ടുള്ള തീവ്രവാദ സംഘടനകളെ എൻ ഐ എയും നിലം പരിശാക്കുന്നു. ഇക്കഴിഞ്ഞ ആഴ്ചയിലും എൻഐഎ പിടികൂടിയവരെ നോക്കുക. കേരളമടക്കം കത്തിക്കാൻ പദ്ധതിയിട്ടവർ എന്നാണ് ആരോപണം. ഇവർക്കൊക്കെ ആരാണ് കൃത്യമായി വിവരം കൊടുക്കുന്നത്. ഉത്തരം റോ എന്നുതന്നെ.

ഈ ലിസ്റ്റ് നോക്കുക. ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിങ് പഞ്ച്വാർ ലഹോറിൽ കഴിഞ്ഞ 2023 മെയ്‌ 7ന് വെടിയേറ്റു മരിച്ചു. യുകെയിൽ ഇന്ത്യയുടെ പതാക താഴെയിറക്കി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ച അവതാർ സിങ് ഖണ്ഡ ലണ്ടൻ ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫ് ഹർദീപ് നിജ്ജാർ കാനഡയിലെ സറിയിൽ ഗുരുദ്വാരയ്ക്കു മുന്നിൽ വെടിയേറ്റു മരിച്ചത് ജൂൺ 20ന്. ഭീകരനെന്നു പ്രഖ്യാപിച്ച് എൻഐഎ തലയ്ക്കു 10 ലക്ഷം വിലയിട്ടിരുന്ന ഹർദീപ്, ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഖലിസ്ഥാനിയാണ്.

കശ്മീർ ഭീകരരിൽ നാലു പേർ അജ്ഞാതരുടെ വെടിയേറ്റ് പാക്കിസ്ഥാനിൽ മരിച്ചിരുന്നു. 2023 ഫെബ്രുവരിയിൽ ഹിസ്ബുൽ ഭീകരൻ പാക്കിസ്ഥാനിൽ വെടിയേറ്റ് കാലപുരി പൂകി. 1999ൽ ഐസി 814 ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്ത ഭീകരരിലൊരാൾ കറാച്ചിയിൽ വെടിയേറ്റു മരിച്ചത് 2022 മാർച്ചിലാണ്. ഇക്കൊല്ലം തന്നെ ജനുവരിയിൽ രണ്ടു പാക്ക് ഐഎസ്ഐ ഏജന്റുമാർ പഞ്ചാബിൽ വെടിയേറ്റു മരിച്ചു.

ഈ കൊലകളിലൊന്നും ആരാണ് ഘാതകരെന്ന് ആർക്കും അറിയില്ല. പ്രതികളെ ഇതുവരെ പിടികൂടിയിട്ടുമില്ല. അതിനർഥം ഒന്നേയുള്ളു പ്രഫഷനൽ പരിശീലനം കിട്ടിയവരാണ് കൊല നടത്തിയത്. കൃത്യം നടത്തിയാലുടൻ രക്ഷപ്പെടാൻ സർവ സന്നാഹങ്ങളും ഉള്ളവർ. 'ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ'യെന്നാണ് സംസാരം. ഇന്ന് ചൈനയും പാക്കിസ്ഥാനും ഭയക്കുന്ന സ്പൈ നെറ്റ്‌വർക്ക് ഇന്ത്യക്ക് ഉണ്ടെന്ന് സാക്ഷാൽ ന്യൂയോർക്ക് ടൈംസ് പോലും എഴുതിയിട്ടുണ്ട്.

ഭീകരർ വെടിയേറ്റ് വീഴുന്നു

കശ്മീരിലേയും പഞ്ചാബിലേയും ഭീകരവാദക്കാർ ഒന്നൊന്നായി ഇല്ലാതാകുന്നത് റോയുടെ ശക്തമായ ഇന്റലിജൻസ് ഇൻപുട്ടിന് തെളിവായി മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ 7 മാസത്തിനിടെ 4 ഭീകരരെയാണു വകവരുത്തിയത്. ഇന്ന് ഓസ്ട്രേലിയയും, കാനഡയുമൊക്കെ ഖലിസ്ഥാൻ ഭീകരർ ഇന്ത്യക്കെതിരെ താവളമാക്കുന്നുണ്ട്.

ഓസ്ട്രേലിയയിലെ സിഡ്നിയിലെ സ്വാമിനാരായൺ ക്ഷേത്രം താറുമാറാക്കുകയും ക്ഷേത്രത്തിലെ ചുവരുകളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഇന്ത്യയ്ക്കെതിരെ പലതും എഴുതുകയും ചെയ്തിരുന്നു. ഓസ്ട്രേലിയയിലെ 5 ക്ഷേത്രങ്ങൾ ഇങ്ങനെ ആക്രമിക്കപ്പെട്ടു. ഇന്ത്യയുടെ ഒട്ടേറെ ഹൈക്കമ്മിഷൻ മന്ദിരങ്ങൾ ആക്രമിക്കുകയും ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കാനഡയിൽ ഇന്ത്യൻ ഹൈക്കമ്മിഷന്റെ മുന്നിൽ വച്ച് ഇന്ത്യൻ പത്രപ്രവർത്തകരെ ആക്രമിച്ചു. ലണ്ടനിൽ ഇന്ത്യയുടെ ദേശീയ പതാക വലിച്ചു താഴ്‌ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചു. ഇതോടൊക്കെയാണ് ഖലിസ്ഥാൻ തീവ്രവാദത്തിന്റെ പുതിയ നാമ്പുകളെ വേരോടെ നുള്ളിക്കളയാൻ റോ തീരുമാനിച്ചത്.

ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിങ് പഞ്ച്വാർ ലഹോറിലെ സൺഫ്ലവർ സൊസൈറ്റിയിൽ മെയ്‌ ആറിന് പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു തോക്ക് ധാരികൾ വെടിവച്ചത്. രക്തത്തിൽ കുളിച്ച് ഖലിസ്ഥാൻ ഭീകരൻ വീണപ്പോൾ ഘാതകർ കടന്നു കളഞ്ഞു. അവരെ കിട്ടിയിട്ടില്ല. ആരെന്നും അറിയില്ല. പഞ്ചാബിലെ ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്ത് അസമിലെ ജയിലിൽ അടച്ചിരിക്കുകയാണ്.

അമൃത്പാൽ സിങ്ങിന്റെ ഹാൻഡ്‌ലർ ആയിരുന്നു ലണ്ടനിലെ അവ്താർ സിങ് ഖണ്ഡ. കാൻസർ ബാധിച്ച് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം കാൻസർ മൂലമല്ല. വിഷം അകത്തു ചെന്നാണെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.

ഹാപ്പി പിഎച്ച്ഡി എന്നു വട്ടപ്പേരുള്ള ഖലിസ്ഥാൻ നേതാവ് ഹർമീത് സിങ് ലഹോറിലെ ഗുരുദ്വാരയ്ക്കടുത്ത് വെടിയേറ്റു മരിച്ചത് 2023 ജനുവരിയിലാണ്. ഖലിസ്ഥാനി ഭീകരരുടെ പരിശീലകൻ ആയിരുന്നു ഇയാളെന്നാണ് റിപ്പോർട്ടുകൾ. നാർകോ ഭീകരതയിൽ വിദഗ്ധനായിരുന്നു. മയക്കുമരുന്ന് ഒളിച്ചു കടത്തി അതിൽനിന്നു കിട്ടുന്ന പണം ഭീകരത പടർത്താൻ ഉപയോഗിക്കുക എന്നതായിരുന്നു രീതി. കാനഡയിലെ ഗുരുദ്വാരയ്ക്കു മുന്നിൽ പാർക്കിങ് കേന്ദ്രത്തിൽ വച്ച് 'അജ്ഞാതരു'ടെ വെടിയേറ്റു മരിക്കാനായിരുന്നു ഖലിസ്ഥാനി ടൈഗർ ഫോഴ്സ് ചീഫ് ഹർദീപ് സിങ് നിജ്ജാറിന്റെ വിധി. ഇതോടെയാണ് ലോകം റോയെ ശ്രദ്ധിച്ചു തുടങ്ങിയത്. എന്നാൽ മുമ്പ് എന്തായിരുന്നു ഇന്ത്യയുടെ അവസ്ഥ.

ചീറ്റിയ ദാവൂദ് വേട്ട

ഇതിന്റെ ക്രെഡിറ്റ് ഉദ്യോഗസ്ഥർക്ക് മാത്രം കൊടുക്കാൻ വരട്ടെ. രാഷ്ട്രീയ തീരുമാനം ഇതിൽ നിർണ്ണായകമാണ്. അവിടെയാണ് മോദി-അമിത് ഷാ- ഡോവൽ ടീം തിളങ്ങി നിൽക്കുന്നത്. സർജിക്കൽ സ്ട്രൈക്കിൽ അവർ അത് കാണിച്ചുതന്നതാണ്.പക്ഷേ പാർലമെന്റ് ആക്രമണത്തിനുശേഷം എന്താണ് സംഭവിച്ചത് എന്ന് നോക്കുക.

മന്മോഹൻ സിങ്ങിന്റെ ഭരണകാലം. 2008ലെ മുംബൈ ആക്രമണവും അതിൽ പാക്ക് കൊലയാളി അജ്മൽ കസബിനെ പിടികൂടി പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായി തെളിഞ്ഞിട്ടും ഇന്ത്യ തിരിച്ചടിക്കാതിരുന്ന സമയം. സർവ സന്നാഹങ്ങളുമായി സൈന്യം അതിർത്തിയിൽ തയാറായിരുന്നു. പാർലമെന്റ് ആക്രമിച്ചിട്ടു പോലും നമ്മൾ തിരിച്ചൊന്നും ചെയ്തില്ല. എന്തുകൊണ്ട് ഇന്ത്യ തിരിച്ചടിക്കുന്നില്ല എന്ന് ഇസ്രയേൽ പോലുള്ള രാജ്യങ്ങളിലെ സുരക്ഷാ വിദഗ്ദ്ധർ പോലും അദ്ഭുതത്തോടെ ചോദിച്ചിരുന്നു.

ഗസ്സയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനു സമാനമായി ഇന്ത്യയ്ക്കും ചെയ്യാമായിരുന്നില്ലേ എന്ന് അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന പ്രണാബ് മുഖർജിയോട് മാധ്യമ പ്രവർത്തകരുടെ ചോദ്യമുണ്ടായി. എന്നാൽ ഇന്ത്യയിലേയും ഇസ്രയേലിലെയും വ്യത്യസ്ത സാഹചര്യങ്ങളാണെന്നും അത്തരമൊരു ആക്രമണത്തിന് ഇന്ത്യ തയാറല്ലെന്നുമായിരുന്നു മറുപടി. പക്ഷേ ഇന്ത്യയുടെ മനസ്സിൽ മറ്റൊരു പദ്ധതിയുണ്ടായിരുന്നു അക്കാലത്ത്. രാജ്യത്തിന്റെ നിതാന്ത്ര ശത്രു ദാവൂദ് ഇബ്രാഹിമിനെ വധിക്കാനായിരുന്നു അത്.

പാക്ക് സംരക്ഷണയിൽ കഴിയുന്ന ദാവൂദിന്റെ ദിനചര്യ മാസങ്ങളോളം ഇന്ത്യൻ ചാരസംഘടന നിരീക്ഷിച്ചു. കറാച്ചിയിലെ വീട്ടിൽനിന്ന് ചില ദിവസങ്ങളിൽ കാറിൽ ഡ്രൈവറുമായി പ്രത്യേക റൂട്ടിലൂടെ യാത്രയുണ്ടെന്നു കണ്ടെത്തി. അങ്ങനെ ഓപറേഷൻ പ്ലാൻ റെഡിയായി. ഘാതകർ പല വഴിയിലൂടെ പാക്കിസ്ഥാനിലെത്തി. അവർക്ക് സുരക്ഷിതമായ താമസസൗകര്യം പല സ്ഥലത്തായി നൽകി. വാഹനം എത്തിച്ചു. ആയുധം കൈമാറി. ഒടുവിൽ ആ ദിനം വന്നെത്തി. വഴിയിൽ അധികം ആളുംഅനക്കവുമില്ലാത്ത സ്ഥലത്ത് ഘാതകർ സംഗമിച്ചു. ദാവൂദിന്റെ കാർ വരണം, ബൈക്കുകൊണ്ട് വഴിമുടക്കണം, വെടിയുതിർക്കണം. എന്നിട്ട് നാലു വഴിക്ക് രക്ഷപെടണം. എല്ലാ സന്നാഹവും തയ്യാർ. പക്ഷേ അപ്പോഴേക്കും അത്യുന്നതങ്ങളിൽനിന്നു വിളിയെത്തി. വേണ്ട, പാക്കിസ്ഥാനുമായി ബന്ധം വഷളാവും. എവിടെനിന്നാണ് വിളി വന്നതെന്ന് ഊഹിക്കാമല്ലോ. ആ ഓപറേഷൻ അങ്ങനെ ചീറ്റിപ്പോയി. ഇന്ന് അതുപോലെ ഒരു വിളി വരില്ല എന്നതാണ് ഇത്തരം കാര്യങ്ങളിലെ രാഷ്ട്രീയ മാറ്റം.

ലക്ഷ്യം ലോകോത്തര ചാര സംഘടന

സിഐഎയുടെയും മൊസാദിന്റെയും മോഡലിൽ ഒരു ലോകോത്തര ചാരസംഘടനയാണ് അജിത്ത് ഡോവൽ ലക്ഷ്യമിടുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെ സിഐഎക്ക് ഇരുപതിനായിരം അംഗങ്ങൾ ഉള്ളപ്പോൾ മൊസാദിന് വെറും രണ്ടായിരം സജീവ അംഗങ്ങളാണ് ഉള്ളത്. പക്ഷേ ഒരു മൊസാദ് കമാൻഡോ എന്നത് ബാഹുബലിയെപ്പോലെ ആയിരം സാധാ പട്ടാളക്കാർക്ക് തുല്യമാണ്. അയാളെ പഠിപ്പിക്കാത്ത ഒരു കാര്യവും ഉണ്ടാവില്ല. ലോകത്തിലെ ഏത് ആയുധവും ഉപയോഗിക്കാൻ അറിയാം. മരുഭൂമിയിലും കടലിലും ദിവസങ്ങൾ ഒറ്റെപ്പെട്ടുപോയാൽ അതിജീവിക്കാൻ പോലും അവരെ പഠിപ്പിക്കുന്നുണ്ട്. ഈ രീതിയിലുള്ള ഒരു പരിശീലനം ലോകത്ത് എവിടെയുമില്ല. അതുപോയുള്ള ഒരു കമാൻഡോ വിങ്ങ് സൃഷ്ടിച്ചെടുക്കാനാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്.

നാടോടിക്കാറ്റിൽ പവനാഴിയായി എത്തി നമ്മെ ചിരിപ്പിച്ച ക്യാപ്റ്റൻ രാജു നിരത്തുന്ന കുറേ സാധനങ്ങൾ ഉണ്ടല്ലോ. മലപ്പുറം കത്തി, അമ്പും വില്ലും, തൊട്ട് അൾട്രാമോഡേൺ മെഷീൻ ഗണ്ണവരെ അതിലുണ്ട്. മൊസാദിന്റെ കാര്യവും അങ്ങനെതന്നെയാണ്. വിഷ സൂഷി മുതൽ ചാരസുന്ദരികൾവരെ മൊസാദിന് ആയുധമാണ്. ഇരുചെവിയറിയാതെ ശത്രുവിനെ ഉന്മൂലനം ചെയ്യാനുള്ള മൊസാദിന്റെ മാസ്റ്റർപീസ് രീതികളിലൊന്നാണ് വിഷസൂചി പ്രയോഗം. ഒരു പുഷ്പംപോലെ കൊല്ലുക എന്നതാണ് അവരുടെ രീതി. 2010 ജനുവരി 20ന് ദുബൈയിൽവെച്ച് ഹമാസ് നേതാവ്, മഹ്‌മൂദ് അബ്ദുൽ റഹൂഫ് മുഹമ്മദ് ഹസ്സനെ കൊലപ്പെടുത്തിയത് അങ്ങനെയാണ്.

ഹോട്ടൽ മുറിയിൽ ഉറങ്ങാൻ പോയ മഹമൂദ് പിറ്റേദിവസം ഹൃദയാഘാതം വന്ന് മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ വൈകതെ ഇത് മൊസാദ് നടത്തിയ കൊലയാണെന്ന് തെളിഞ്ഞു. ഹോട്ടലിലെ അത്യാധുനിക ലോക്കിന്റെ സോഫ്‌റ്റ്‌വെയറിൽ പോലും മാറ്റം വരുത്തിയാണ് മഹ്‌മൂദിന്റെ റൂമിൽ കയറിയത്. ഇത്തരം ലോക്കുകൾ തുറക്കാൻ പ്രത്യേകം കഴിവുള്ളവർ മൊസാദിലുണ്ട്. ലോക്കിന്റെ മാതൃകയും ചിത്രവും ലഭിച്ചാൽ എല്ലാം നിമിഷങ്ങൾക്കുള്ളിൽ പൊട്ടിക്കാൻ അവർക്ക് സാധിക്കും. എന്തിനുംപോന്ന ട്രെയിൻഡ് ചാര വനിതകൾക്ക് പുറമേ, ലോകമെമ്പാടും മൊസാദിന് പെയിഡ് ചാരസുന്ദരികൾ ഉണ്ട്. മൊസാദ് ഒരു കാര്യം പറഞ്ഞാൽ ഹണി ട്രാപ്പിലുടെയാണെങ്കിലും അവർ കാര്യം നടത്തിത്തരും. അതുപോലെ കോടിക്കണക്കിന് ഡോളർ കൊടുത്ത് മൊസാദ് വളർത്തുന്ന പെയ്ഡ് ചാരന്മാരും ലോകത്തിന്റെ വിവിധ കോണുകളിലുണ്ട്. ഈജിപ്ഷ്യൻ പ്രസിഡന്റ് നാസറിന്റെ മരുമകനെപ്പോലും പണം നൽകി അവർ കൂറുമാറ്റിയിരുന്നു. വെറും പണം മാത്രമല്ല ആജീവനാന്ത പ്രൊട്ടക്ഷനും മൊസാദ് നൽകും. മൊസാദ് വാക്കുപറഞ്ഞാൽ വാക്കാന്. നിങ്ങുടെ രൂപം തന്നെ മാറ്റി മറ്റൊരു ഐഡന്റിറ്റിയിൽ ജീവിക്കാനുള്ള അവസരം നൽകും.

അതുപോലെ മേക്ക്ഓവർ ആണ് മൊസാദിന്റെ മറ്റൊരു പ്രത്യേക. സിഖുകാരനെ ആഫ്രിക്കക്കാരനാക്കാൻ മൊസാദ് ടീമിനെ് ഞൊടിയിട മതി. ഇന്ന് ഡ്രോണുകളും, ഉപഗ്രഹ സാങ്കേതികവിദ്യയുമാണ് മൊസാദിന്റെ ബലം. ഒരുസ്ഥലത്ത് ഒരു കമാൻഡോ പോകേണ്ട കാര്യം പോലുമില്ല. ആകാശത്ത് ജിയോസ്റ്റേഷനറി സാറ്റലൈറ്റുകളിലുടെ ആയിരിക്കണക്കിന് ക്യാമറകളിലൂടെ ലോകം നിരീക്ഷിക്കുന്നുണ്ട് ഇസ്രായോൽ. അങ്ങനെയാണ് അവർ കാർഗിൽ നുഴഞ്ഞുകയറ്റംപോലും കണ്ടെത്തിയത്. ഒരാളെ കൊല്ലണമെങ്കിൽ, ഉപഗ്രഹ നിയന്ത്രിത സംവിധാനം വഴിയുള്ള ഡ്രോണിൽനിന്നായിരിക്കും ഇനി വെടിയുണ്ട വരിക! ലോകത്തെ ഞെട്ടിച്ച നിരവധി ഓപ്പറേഷനുകൾ മൊസാദ് നടത്തി. മ്യൂണിച്ച് കൂട്ടക്കൊലത്ത് പ്രതികാരം നടത്തിയത് അടക്കമുള്ള എത്രയോ സംഭവങ്ങൾ ലോക പ്രശ്സതമാണല്ലോ. ഇപ്പോൾ ഇസ്രയേലുമായി സഹകരിച്ചുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ ഓപ്പറേഷനുകൾ നടത്തുന്നത്.

ഇവർ സംഹാരത്തിന്റെ ത്രിമൂർത്തികൾ!

ഇന്ത്യയുടെ ഈ ഭീകരമായ തിരിച്ചടി പദ്ധതികൾക്ക് പിന്നിൽ മാസ്റ്റർ ബ്രയിൻ എന്ന് പറയുന്നത് വെറും മുന്നേ മൂന്ന് പേരാണ്. ഈ സംഹാരത്തിന്റെ ത്രിമൂർത്തികൾ, കേന്ദ്ര സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലും, റോ യുടെ പുതിയ മേധാവി രവി സിൻഹയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമാണ്. തീർച്ചയായും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ എടുക്കുന്ന രാഷട്രീയ തീരുമാനം തന്നെയാണ്, ശക്തമായി തിരിച്ചടിക്കാൻ കഴിയുന്നു ഒരു ഡിഫൻസ് ഫോഴ്സിലേക്ക് എത്തിച്ചത്. പക്ഷേ ഈ മൂന്നുപേർ മാത്രമാണ്, ഇന്ത്യയുടെ അണ്ടർ കവർ ഓപ്പറേഷൻ അടക്കമുള്ള കാര്യങ്ങളുടെ ദൈനംദിന കാര്യങ്ങൾ അറിയുന്നത്.

ഈ 78ാം വയസ്സിലും ദിവസവും 18 മണിക്കൂർ ജോലിചെയ്യുന്ന അജിത്ത് ഡോവൽ ശരിക്കും ഇന്ത്യയുടെ ജെയിംസ് ബോണ്ട് തന്നെയാണ്. തോക്ക് തൊട്ട് ടോർപിഡോവരെ പ്രവർത്തിപ്പിക്കാൻ അറിയാം. ആ രീതിയിൽ പരിശീലനം കിട്ടിയ ഒരു സൂപ്പർ സ്പൈ ആയിരുന്നു അജിത്ത്. ഇന്ത്യയിലും വിദേശത്തുമായി, മരണം മുന്നിൽ കാണുന്ന നിരവധി സൈനിക നീക്കങ്ങളിൽ പങ്കെടുത്തയാൾ. മരുഭുമിയിൽ ദിവസങ്ങളോളം വെള്ളം കിട്ടാതെ പിടിച്ച് നിൽക്കാനും, കടലിൽ ഒറ്റപ്പെട്ടുപോയാൽ അതിജീവിക്കാനുമൊക്കെ പരിശീലനം കിട്ടിയ ഒരു സൂപ്പർ കമാൻഡോ. ആ അറിവ് തന്നെയാണ് ഇത്തരം ഒരു കില്ലർ ഫോഴ്സിന്റെ രൂപീകരത്തിലേക്ക് നയിച്ചത്.

വെറുമാരെു ഉപദേഷ്ടാവിന്റെ പൊളിറ്റിക്കൽ പോസ്റ്റിൽ അല്ല, ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവൻ ഇരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഒറ്റരാത്രി ഇരുട്ടിവെളുക്കുന്നതിന് മുമ്പ് ഇരുമ്പഴിക്കുള്ളിൽ എത്തിച്ച 'ഓപ്പറേഷൻ ഒക്റ്റോപ്പസിന്റെ' ആസൂത്രണം നോക്കുക. അരിയും മലരും കുന്തിരക്കവും വാങ്ങിവെച്ച് കാലനെ കാത്തിരിക്കാൻ എതിരാളികളോട് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ടുകാർ അറിഞ്ഞില്ല, പാക്കിസ്ഥാനെയും പഞ്ചാബ് തീവ്രവാദികളെയുമൊക്കെ വിറപ്പിച്ച ഒരു 'കാലൻ' തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന്! ഏഴു വർഷം ഒരു മുസ്ലീമിന്റെ വേഷത്തിൽ ഇന്ത്യൻ ചാരനായി പാക്കിസ്ഥാനിൽ കഴിഞ്ഞതാണ് അതിൽ എറ്റവും പ്രധാനം. ശത്രു രാജ്യങ്ങളിലിറങ്ങി നേരിട്ട് ചാരപ്രവർത്തനം നടത്തിയിട്ടുള്ള ഏക ഇന്റലിജൻസ് മേധാവിയാണ് ഇദ്ദേഹം. ഈ ഏഴുവർഷംകൊണ്ട് ചില ആണവ പദ്ധതികൾ അടക്കം പാക്കിസ്ഥാന്റെ പല രഹസ്യങ്ങളും ഡോവൽ ചോർത്തിയെന്നാണ് പറയുന്നത്. ഇതിനിടെ പാക്കിസ്ഥാനിലെ മർമ്മപ്രധാനമായ എല്ലാ സ്ഥലങ്ങളും കൈവെള്ളയിൽ രേഖപോലെ ഹൃദിസ്ഥമാക്കാനും ഡോവലിനായി. ഇങ്ങനെ സിനിമാ സ്റ്റൈലിൽ നടത്തിയ ചാര പ്രവർത്തിയാണ് അദ്ദേഹത്തിനെ ഇന്ത്യയുടെ ജയിംസ്ബോണ്ട് എന്ന് വിശേഷിപ്പിക്കാൻ പ്രധാന കാരണം.

ഇന്ത്യൻ രഹസ്യാന്വേഷണ സംഘത്തെ ലോകത്തെ ഏറ്റവും മികച്ച ചാര സംഘടനയായ ഇസ്രയേലിന്റെ മൊസാദുമായി കൂട്ടിയിണക്കുന്നത് ഡോവലിന്റെ ബുദ്ധിയാണ്. ഇതിന്റെ ഗുണം നാം കാർഗിൽ യുദ്ധകാലത്ത് കണ്ടു. പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റം ആദ്യം നമ്മെ അറിയിച്ചത് ഇസ്രയേൽ ആണ്. ഈയിടെ ചൈനയുടെ ചാരക്കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ട് ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചിരുന്നു. അത് നാം തകർത്തതും ഇസ്രയേൽ ടെക്ക്നോളജി വച്ചാണ്. 1988ൽ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രം ബോംബ് വച്ച് തകർത്തുകൊടും കലാപം അഴിച്ചുവിടാനുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെ നീക്കം നിഷ്പ്രഭമാക്കിയതും ഡോവലിന്റെ കുശാഗ്രബുദ്ധിയാണ് ഇപ്പോൾ ഇതുപോലുള്ള ഒരു ഫോഴ്സിന് പറകിലും ഡോവൽ തന്നെയാണെന്നാണ് ഇന്ത്യൻ എക്പ്രസ് അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്.

ആരാണ് രവി സിൻഹ?

എന്നാൽ ഈ ത്രിമൂർത്തികളിൽ രണ്ടാമനായ, രവി സിൻഹയെ അധികം ആർക്കും അറിയല്ല. കാനഡയിലെ ഗുരുദ്വാരയ്ക്കു മുന്നിൽ പാർക്കിങ് കേന്ദ്രത്തിൽ വച്ച് 'അജ്ഞാതരു'ടെ വെടിയേറ്റ് ഖലിസ്ഥാനി ടൈഗർ ഫോഴ്സ് ചീഫ് ഹർദീപ് സിങ് നിജ്ജാർ മരിച്ചത് അടക്കമുള്ള നിരവധി ഓപ്പറേഷനുകളുടെ സൂത്രധാരനാണ് രവി സിൻഹയെന്നാണ് പറയപ്പെടുന്നത്. ആ കൊലയുടെ പിറ്റേന്നാണ് 'റോ' മേധാവിയായി രവി സിൻഹ ചുമതലയേറ്റത്. അതുവരെ റോയുടെ ഓപ്പറേഷൻസ് വിഭാഗം മേധാവിയായിരുന്നു. 1988ലെ ഐപിഎസ് ബാച്ചിൽപ്പെട്ട രവി സിൻഹ ഛത്തീസ്‌ഗഡ് കേഡറുകാരനാണ്. റോ സെക്രട്ടറി സുമന്ത് കുമാർ ഗോയലിൽ നിന്നാണ് അദ്ദേഹം സ്ഥാനമേറ്റത്. ഗോയൽ 4 വർഷം റോ മേധാവിയായി വൻ മാറ്റങ്ങൾക്കു തുടക്കമിട്ടിരുന്നു. അതുവരെ ഓപറേഷൻസ് വിഭാഗത്തെ നയിച്ച രവി സിൻഹ അടുത്ത റോ മേധാവിയാവുമ്പോൾ ഊഹിക്കാം, ഇന്ത്യയുടെ ഇന്റലിജൻസ് കരുത്ത്.

പാക്കിസ്ഥാൻ രാഷ്ട്രീയമായും സാമ്പത്തികമായും അസ്ഥിരവും, വിദേശത്ത് നിന്ന് സിഖ് തീവ്രവാദം പ്രോത്സാഹിപ്പിക്കപ്പെടുകയും, വടക്കുകിഴക്കൻ മേഖലയിൽ അക്രമം പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്ന സമയത്താണ് ഇന്ത്യയുടെ തൊട്ടടുത്ത അയൽരാജ്യങ്ങളിലെ സ്പെഷ്യലിസ്റ്റായി കണക്കാക്കപ്പെടുന്ന സിൻഹയുടെ നിയമനം എന്ന് മാധ്യമങ്ങൾ എടുത്ത് പറഞ്ഞിരുന്നു. ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം ഇന്റലിജൻസ് ശേഖരണ മേഖലയിലേക്കുള്ള സാങ്കേതിക വിദഗ്ദ്ധമായ സമീപനത്തിന് മുമ്പ് പ്രശംസ നേടിയിരുന്നു. 59 കാരനായ അദ്ദേഹം രണ്ട് പതിറ്റാണ്ടിലേറെയായി റോ യിൽ പ്രവർത്തിക്കയാണ്. നേരത്തെ ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റോ മോധാവിയായി രവി സിൻഹ വരുന്നു എന്ന് കേട്ടതോടെതന്നെ തീവ്രവാദികൾ ആകെ വിറച്ചിരിക്കയാണ്. ഇതോടെ കാനഡ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ഒട്ടേറെ ഖലിസ്ഥാനി ഭീകര നേതാക്കൾ ഒളിവിലായി. അടുത്ത ഊഴം ആരുടേതെന്ന് അറിയില്ലല്ലോ. നിജ്ജാറിന്റെ കൂട്ടാളിയായ ഗുർപത്വന്ത് സിങ് പന്നുണും ഉണ്ട് ഇങ്ങനെ അണ്ടർഗ്രൗണ്ടിൽ പോയവരിൽ. കാരണം എവിടെനിന്നാണ് വെടി വരുന്നത് എന്ന് അറിയില്ലല്ലോ!

മൊസാദ് പോലെയാക്കാൻ കഴിയുമോ?

രാജ്യസുരക്ഷയുടെയൊക്കെ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞാലും, ഇസ്രയേലിന്റെ മൊസാദ് പോലെ പൂർണ്ണമായും പ്രവർത്തിക്കുന്ന ഒരു ചാരസംഘടനയാക്കി നമ്മുടെ റോ വിനെ മാറ്റാൻ കഴിയില്ല എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കാരണം ഇസ്രയേലിലെ സാഹചര്യമല്ല ഇന്ത്യയിൽ ഉള്ളത്. നമ്മുടെ ജനാധിപത്യത്തിന്റെ വിശാലതയും സുതാര്യതയും, അതിന് വല്ലാതെ തടയിടും.

ഇസ്രയേലിന്റെ കില്ലിങ്ങ് രീതി നോക്കാം. ഓസ്‌ക്കാർ നോമിനേഷനുകളൊക്കെ നാം കേട്ടിട്ടുണ്ട്. പക്ഷേ ഇസ്രയേലിൽ കൊലപാതകത്തിന് നോമിനേഷനുണ്ട്. കൊല്ലേണ്ട വ്യക്തിയെ 'നാമനിർദ്ദേശം ചെയ്യുക'യാണ് ആദ്യ പടി. രാജ്യത്തിലെ ഏതെങ്കിലും ഇന്റലിജൻസ് ഏജൻസിയിൽ നിന്നോ, മന്ത്രിസഭയിൽ നിന്നോ ഒക്കെ ആവും ആ നോമിനേഷൻ വരിക. രണ്ടാമത്തെ ഘട്ടം, കൊലപാതകത്തിന്റെ സാധ്യതാ പഠനമാണ്. ( നമ്മൾ കെ റെയിലിന്റെയും കൊച്ചി മെട്രോയുടെയുമൊക്കെ സാധ്യതാ പഠനം മാത്രമേ കേട്ടിട്ടുള്ളൂ) അയാളെക്കുറിച്ച് രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളും സമർപ്പിച്ചിട്ടുള്ള എല്ലാ ഇൻപുട്ടുകളും പരിശോധിക്കും. തുടർന്ന് എവിടെ വെച്ച്, എപ്പോൾ, എങ്ങനെ, എന്ത് ആയുധം ഉപയോഗിച്ച് കൊല്ലുന്നതാണ് ഉത്തമം എന്നൊക്കെയുള്ള കാര്യങ്ങളിൽ ചർച്ചകൾ നടത്തും.

ഈ ഫീസിബിലിറ്റി സ്റ്റഡി കഴിഞ്ഞാൽ അതിന്റെ കണ്ടെത്തലുകൾ ഇസ്രയേൽ, വരാഷ് എന്നു പേരായ രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളുടെയും തലവന്മാർ അംഗങ്ങളായ കമ്മിറ്റിയിൽ അവതരിപ്പിക്കും. ഈ ഉന്നതാധികാര കമ്മിറ്റി പ്രസ്തുത ഓപ്പറേഷന് വേണ്ട എല്ലാവിധ മാർഗനിർദ്ദേശങ്ങളും നൽകും. പക്ഷേ ഈ കമ്മിറ്റിക്കും പ്രസ്തുത കൊലപാതകത്തിന് അന്തിമാനുമതി നൽകാനുള്ള അധികാരമില്ല. മൊസാദിന്റെ എല്ലാ കൊലപാതകങ്ങളും ഇസ്രയേൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിന്റെ പുറത്താണ് നടപ്പിലാക്കപ്പെടുന്നത്. ഇസ്രയേൽ പ്രതിരോധ മന്ത്രിക്കും ഇതിൽ വലിയ റോൾ ഉണ്ട്. ഇവരുടെ കൈയിലുള്ള ഒരു യെല്ലോ ബുക്കിലുടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആ ബുക്കിൽ പേര് വന്നാൽ പിന്നെ ഏത് വമ്പന്റെയും കഥ കഴിഞ്ഞു.

ഇസ്രയേൽ പ്രധാനമന്ത്രിയിൽ നിന്നുള്ള അന്തിമാനുമതി കിട്ടിക്കഴിഞ്ഞാൽ സംഗതി വീണ്ടും മൊസാദിന്റെ കോർട്ടിലേക്ക് വരും. ഈ ഘട്ടത്തിലാണ് മൊസാദിന്റെ അണ്ടർ കവർ ഓപ്പറേഷനൽ ബ്രാഞ്ച് ആയ, സിസേറിയ കാര്യങ്ങൾ ഏറ്റെടുക്കുന്നത്. സിസേറിയയുടെ പണി ടാർഗെറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കലാണ്. അതിനുശേഷം ഒരു സ്‌പെഷ്യലൈസ്ഡ് പ്രൊഫഷണൽ കില്ലിങ് ഡിപ്പാർട്ട്‌മെന്റ് ആയ 'കിഡോൺ' ലേക്ക് എത്തും. ഇവരുടെ പരിശീലനം സിദ്ധിച്ച കൊലയാളികളാണ് 'വധം' നടപ്പാക്കുന്നത്. നോക്കണം, രാജ്യത്തിന്റെ മേധാവികൾ എല്ലാവും കൂടിച്ചേർന്ന് കൊല്ലേണ്ട രീതി ആസൂത്രണം ചെയ്യുന്ന ഒരു മീറ്റിങ്ങ് നമുക്ക് സങ്കൽപ്പിക്കാൻ കഴിയമോ. ( സർജിക്കൽ സ്ട്രൈക്കിൽ നാം അതുപോലെ ഒന്ന് കണ്ടു) അങ്ങനെ വിവധി ഡിപ്പാർട്ടുമെന്റുകളുടെ എകോപനത്തോടെയാണ് മൊസാദ് ഒരു വധം നടപ്പാക്കുന്നത്.

ഇന്ത്യയിൽ ഇതുപോലെ ഒരു രീതി പ്രായോഗികമാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രയേൽ പ്രധാനമന്ത്രി ചെയ്യുന്നതുപോലുള്ള ഒരു കില്ലർ ലിസ്റ്റിൽ ഒപ്പിടുന്ന വാർത്തയൊക്കെ പുറത്തായാൽ ഉണ്ടാവുന്ന പുകിൽ എന്തായിരിക്കും. മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഏറെ ശ്രദ്ധപുലർത്തുന്ന ഒരു ജനതയ്ക്ക് ഇത് അംഗീകരിക്കാനാവില്ല.

അതുകൊണ്ട് തന്നെ നമുക്ക് ഒരിക്കലും ഈ രാജ്യത്ത് മൊസാദിനെ ഉണ്ടാക്കാൻ ആവില്ല. പക്ഷേ അതിന്റെ പത്തിലൊന്ന് തീവ്രതയെങ്കിലും ഉള്ള, ഇപ്പോൾ ഉണ്ടാക്കിയതുപോലുള്ള സംവിധാനം ശരിക്കും ഇന്ത്യയിലെ ജനകോടികൾക്ക് മേലുള്ള മിസൈൽ പ്രതിരോധ കവചമാണ്. 'എന്നെ അത്താഴമാക്കുന്നതിന് മുമ്പ് അവനെ ഞാൻ ഉച്ചഭക്ഷണമാക്കി' എന്ന ഒരു ടർക്കിഷ് പഴമൊഴിയുണ്ട്. അതുപോലെ നമ്മളെ തീർക്കും മുമ്പ് ശത്രുക്കളെ അവസാനിപ്പിക്കുക എന്നത് ഈ രാജ്യത്തിന്റെ ആവശ്യം തന്നെയാണ്.

വാൽക്കഷ്ണം: ലോകത്ത് സമാധാനം കൊണ്ടുവന്നത് ആണവായുധങ്ങൾ ആണെന്നാണ് ചില വിദഗ്ദ്ധർ പറയുന്നത്. ഇന്ന് ചൈന ഇന്ത്യയെ ആക്രമിക്കാതിരിക്കുന്നതുപോലും നാം ഒരു ആണവ ശക്തിയായതുകൊണ്ട് മാത്രമാണ്. ആക്രമണം മികച്ച പ്രതിരോധമാണെന്നത് ഫുട്ബോളിൽ മാത്രം ബാധകമായതല്ല.