- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പുടിൻ എന്നാൽ പിശാചിന് തുല്യം; എതിർക്കുന്നവർ ഒക്കെയും കെട്ടിടങ്ങളുടെ മുകളിൽ നിന്ന് വീണ് മരിക്കുന്നു; ഇപ്പോൾ വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവനും കൊല്ലപ്പെട്ടു; അവേശേഷിക്കുന്ന എതിർപ്പുകളെ ഇല്ലാതാക്കി ഇനി നാടിന്റെ ചക്രവർത്തി; അമ്മ പോലും വ്യാജമെന്നും ഇല്യൂമിനാറ്റിയെന്നും പ്രചാരണം; റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
'ആത്മഹത്യചെയ്യാൻ നടക്കുന്ന ആളാണ് നിങ്ങൾ. പക്ഷേ അതിനുള്ള ധൈര്യമില്ല. എന്നാൽ ഒന്നുമറിയാതെ മരിക്കണമെങ്കിൽ ഒരു കാര്യം ചെയ്താൽ മതി. പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ച് വീഡിയോകൾ ചെയ്യുക. പിന്നെ മരണം നിങ്ങളെ തേടി എത്തിക്കോളും'- വ്ളാദിമിർ പുടിൻ എന്ന ഏകാധിപതിയെ വിമർശിച്ചതിനെ തുടർന്ന് റഷ്യയുടെ കണ്ണിൽ കരടായതോടെ അമേരിക്കയിലേക്ക് നാടുവിട്ട, അലക്സി മിച്ചൽ എന്ന യുട്ഊബർ പറഞ്ഞതാണ് ഈ വാക്കുകൾ. ഇതിൽ ഒട്ടും അതിശയോക്തിയില്ല. പുടിന്റെ കടുത്ത വിമർശകരായ ഒരു ഡസനോളം മാധ്യമ പ്രവർത്തകരാണ് കഴിഞ്ഞ മൂന്നാല് വർഷത്തിനുള്ളിൽ റഷ്യയിൽ കൊല്ലപ്പെട്ടത്. മിക്കവരും കെട്ടിടത്തിന് മുകളിൽനിന്ന് വീണാണ് മരിക്കുക. പൊലീസ് അത് കാൽവഴുതിയെന്നോ, ആത്മഹത്യയെന്നോ ഒക്കെ എഴുതിത്ത്തള്ളും.
മരണത്തിന്റെ വ്യാപാരി എന്നൊക്കെ നാം ഹിറ്റ്ലെറയൊക്കെയാണ് വിശേഷിപ്പിക്കുക. പക്ഷേ ആ പദവി ഇപ്പോൾ പുടിനാണ്. 2015ൽ പുടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. പുടിന്റെ അഴിമതിക്കഥകൾ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന റഷ്യൻ ബ്ലോഗർ അലക്സി നവാൽനി ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. ജയിലിൽ ആണെന്നണ് പറയുന്നത്. ഇതോടെ കള്ളക്കേസിലും വിഷപ്രയോഗത്തിലും പെടുത്തി നവൽനിയെ ഇല്ലാതാക്കാനായിരുന്നു പുടിന്റെ ശ്രമം. അതുപോലെ സ്വന്തം പാർട്ടിയിലെ നിരവധി നേതാക്കളെയും ഈ നരാധമൻ ഇല്ലാതാക്കി.
ഇതോടെയാണ് പുടിൻ സമം മരണം എന്ന ഒരു സമവാക്യം രൂപപ്പെടുന്നത്. ലോകത്ത് എവിടെയും പോയി കൊലപ്പെടുത്താൻ കഴിയുന്ന കൊലയാളി സംഘവും അദ്ദേഹത്തിനുണ്ട്. ഒരുകാലത്ത പുടിന്റെ വലം കൈ ആയിരുന്നു, യെവ്ഗെനി പ്രിഗോഷ എന്ന വാഗ്നർ കൂലിപ്പടയുടെ തലവനും ഒടുവിൽ അതേ ഗതി വന്നിരിക്കയാണ്. 2023 ഓഗസ്റ്റ് 23ന് യെവ്ഗെനി പ്രിഗോഷിന്റെ എംബ്രയർ ബിസിനസ് വിമാനം മോസ്കോയിൽനിന്ന് പറന്നുയർന്നു അരമണിക്കൂർ പിന്നിടുംമുമ്പ് ഏതാണ്ട് 30,000 അടി ഉയരത്തിൽനിന്ന് അത് താഴേക്കുപതിച്ചു. വിമാനത്തിലുണ്ടായിരുന്ന ഏഴു യാത്രക്കാരും മൂന്നു ജീവനക്കാരും മരിച്ചു. പുടിനുമായി തെറ്റിയതോടെ പ്രിഗോഷിന്റെ മരണം ഉറപ്പിക്കപ്പെട്ടതായിരുന്നു. ഈ മരണത്തോടെ പുടിന്റെ കൊലയാളിക്കഥകൾ ലോകമാധ്യമങ്ങൾ വീണ്ടും ചർച്ചചെയ്യുകയാണ്. ഇന്നും തുടരുന്ന യുക്രൈൻ യുദ്ധത്തിലൂടെ ആയിരങ്ങളെ കൊലക്ക് കൊടുത്ത പുടിനെ, റഷ്യയിലെ കശാപ്പുകാരൻ എന്നാണ് ബിബിസി വിശേഷിപ്പിക്കുന്നത്.
കള്ളനിൽ നിന്ന് കൂലിപ്പട്ടാള തലവനിലേക്ക്
റഷ്യ നടുങ്ങിയ ദിവസമായിരുന്നു, 2023 ജൂൺ 23. യെവ്ഗെനി പ്രിഗോഷിന്റെ വാഗ്നർ കൂലിപ്പട്ടാളം റഷ്യയുടെ തെക്കൻ നഗരമായ റോസ്തോവ് ഓൺ ഡോണിൽ കടന്നുകയറി. ഒരു വെടി പോലുമുതിർക്കാതെ സേനാ ആസ്ഥാനം പിടിച്ചെടുത്തു. പിന്നെ, പ്രതിരോധമന്ത്രി സെർഗെയി ഷൊയിഗുവിനെയും സേനാമേധാവി വലേറി ജെരാസിമോവിനെയും പുറത്താക്കണമെന്ന ആവശ്യവുമായി ആയിരം കിലോമീറ്റർ അകലെയുള്ള മോസ്കോയിലേക്ക് യാത്ര തുടങ്ങി. അതിനിടെ, സേനാവിമാനങ്ങൾ വെടിവെച്ചുവീഴ്ത്തി. പൈലറ്റുമാർ മരിച്ചു. പ്രിഗോഷിനും പടയും മോസ്കോയിലെത്തിയില്ല. അതിനുമുമ്പ് ബെലറൂസ് പ്രസിഡന്റ് അലക്സാൻഡർ ലൂകാഷെങ്കോ ഇടപെട്ട് സന്ധിയുണ്ടാക്കി. 24 മണിക്കൂറിനുള്ളിൽ വാഗ്നർകലാപം അവസാനിച്ചു.
23 വർഷത്തെ വാഴ്ചയ്ക്കിടെ ആദ്യമായി പുട്ടിൻ നിലംപതിക്കാൻ പോകുന്നുവെന്ന ആഗോള അഭ്യൂഹത്തിന് തിരികൊളുത്തിയ ആളാണ് പ്രിഗോഷിൻ. അതിനാൽ, തിരിച്ചറിയാൻ പോലുമാകാത്തവിധം അയാളെ കരിച്ചുകളഞ്ഞത് പ്രതികാരദാഹിയായ പുട്ടിനാണ് എന്ന വാദത്തിനാണ് ബലം കൂടുതൽ. അതേസമയം ഈ ആരോപണം റഷ്യ തള്ളുകയാണ്. വിമാന അപകടത്തിന് പിന്നാലെ 'പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു പ്രിഗോഷിൻ' എന്ന് മാത്രമായിരുന്നു പുട്ടിന്റെ പ്രതികരണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പുട്ടിൻ, എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും സമയമെടുക്കുമെന്നുമാണ് ടിവി പ്രസംഗത്തിൽ പറഞ്ഞത്.
വെറുമൊരു കള്ളനിൽ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളർന്നയാളാണ് യവ്ഗിനി പ്രിഗോഷിൻ. ജയിലിൽ കഴിഞ്ഞ ക്രിമിനലുകളെ കോർത്തിണക്കിയാണ് ഇയാൾ സ്വന്തം പടയാളികളെ കണ്ടെത്തിയത്. വ്ലാദിമിർ പുടിന്റെ അതേ നഗരമായ സെന്റ് പീറ്റേഴ്സ് ബർഗിലാണ് യവ്ഗെനി പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തി. 1979 ൽ വെറും പതിനെട്ടാം വയസിൽ ജയിലിലായി. ജയിലിൽ നിന്ന് ഇറങ്ങിയിട്ടും വീണ്ടും മോഷണത്തിനിടെ പിടിച്ചു. ഒൻപതു വർഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിൻ പുതിയ ആളായി മാറി.
ബർഗർ വിൽക്കുന്ന കട തുടങ്ങി. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. ഈ വേളയിലാണ് വ്ലാദിമിർ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളർച്ച. 2000 ത്തിൽ പുടിൻ റഷ്യൻ പ്രസിഡന്റ് ആയപ്പോഴേയ്ക്കും യവ്ഗിനി പ്രിഗോഷിൻ വലംകൈ ആയി മാറിയിരുന്നു. ജയിലറകളിൽ നിന്ന് പടയാളികളെ റിക്രൂട്ട് ചെയ്യുന്ന യെവ്ഗിനി പ്രിഗോഷിൻ ക്രൂരനായ വ്യക്തിയായാണ് അന്താരാഷ്ട്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2016 അമേരിക്കൻ തെരഞ്ഞെടുപ്പിൽ കൈകടത്തിയ 13 റഷ്യക്കാരിൽ ഒരാളായിരുന്നു പ്രിഗോഷിൻ.
2014-ൽ യുക്രൈനിലെ ക്രിമിയ പെനിൻസുലയിൽ നടന്ന പോരാട്ടത്തിലാണ് പ്രിഗോഷിന്റെ കൂലിപ്പടയായ വാഗ്നർ സംഘത്തിന്റെ ഉദയം. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വർഷം കൊണ്ട് 50,000-ത്തിലേറെ പേർ ഉൾപ്പെടുന്ന കൂട്ടമായി മാറി. 2022 ഡിസംബറിലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനെതിരെ പോരാടാൻ വാഗ്നർ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിൽ 10,000 പേർ കോൺട്രാക്ടേഴ്സും 40,000 പേർ കുറ്റവാളികളുമാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. കുറ്റവാളികളെ ജയിലിൽനിന്ന് റിക്രൂട്ട് ചെയ്യും. യുദ്ധമുഖത്തിലെത്തിയവർക്ക് ജയിൽ ശിക്ഷയിലടക്കം ഇളവും വലിയ ശമ്പള വാഗ്ദാനവുമാണ് മുന്നോട്ടുവെക്കുന്നത്. റഷ്യയിലെ ഉൾനാടൻ പ്രദേശമായ മോൾക്കിനിയിൽവച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
'പ്രിഗോഷിന്റെ മരണം സുനിശ്ചിതം'
പുടിന്റെ പ്രതികാരത്തിന്റെ ചരിത്രം അറിയാവുന്നവർക്ക് പ്രിഗോഷിന്റെ മരണം സുനിശ്ചിതമായിരുന്നു. ജൂണിലെ കലാപത്തിന്റെ പേരിൽ ചുമത്തിയ രാജ്യദ്രോഹക്കുറ്റമൊഴിവാക്കി ബെലറൂസിൽ പ്രവാസത്തിന് പ്രിഗോഷിനെ പുതിൻ അനുവദിച്ചപ്പോഴും മരണത്തിലേക്ക് ഇനിയും എത്രദൂരം എന്നേ അവർ ആലോചിച്ചുള്ളൂ. മരിച്ചുകഴിഞ്ഞവന് പുടിൻ നൽകുന്ന ആനുകൂല്യങ്ങളായി റഷ്യൻ നിരീക്ഷകർ അതിനെ വ്യാഖ്യാനിച്ചു. 'ഞാനായിരുന്നു പ്രിഗോഷിനെങ്കിൽ എന്റെ രുചിനോട്ടക്കാരനെ പുറത്താക്കില്ല' എന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐ.എ.യുടെ തലവൻ വില്യം ബേൺസ് അടുത്തിടെ പറഞ്ഞത്. പ്രിഗോഷിന്റെ ആയുസ്സിനെക്കുറിച്ചായിരുന്നു ബേൺസിന്റെ വാക്കുകൾ. പൊളോണിയം 210 മുതൽ നോവിചോക് വരെയുള്ള രാസായുധങ്ങളേറ്റും ജനാലകളിലൂടെ വീണും വെടിയേറ്റും മുങ്ങിയും മരിച്ചവരും അദ്ഭുതകരമായി രക്ഷപ്പെട്ടവരുമായ പുതിന്റെ എതിരാളികളുടെയും വിമർശകരുടെയും നിര നീണ്ടതാണ്.
പക്ഷേ, അവരിൽനിന്നെല്ലാം വ്യത്യസ്തമാണ് പ്രിഗോഷിന്റെ കാര്യം. പുതിന് വളരെ ഉപകാരിയായിരുന്നു പ്രിഗോഷിൻ. റഷ്യക്കാർക്ക് ദേശീയ ഹീറോയും. പക്ഷേ പ്രിഗോഷിന്റെ മരണമാഗ്രഹിച്ച ഒട്ടേറെപ്പേർ റഷ്യയിലുണ്ടെന്ന് യുക്രൈൻ രഹസ്യാന്വേഷണ ഏജൻസിയിലെ ഉന്നതർ പറയുന്നു. പ്രിഗോഷിന്റെ ലക്ഷ്യമായിരുന്ന പ്രതിരോധമന്ത്രി സെർഗെയി ഷൊയിഗുവും അദ്ദേഹത്തെ ബാധ്യതയായിക്കണ്ട സൈനികനേതൃത്വവും ആ നിരയിലുണ്ട്. പ്രിഗോഷിനെ വധിക്കാൻ റഷ്യൻ സുരക്ഷാ ഏജൻസിക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് യുക്രൈൻ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ കിറിലോ ബുഡനോവ് ജൂണിലേ പറഞ്ഞിരുന്നു. ബുധനാഴ്ച നടന്നത് അപകടമല്ലെങ്കിൽ അതിനുള്ള അന്തിമാനുവാദം എത്തിയത് പുടിനിൽനിന്നുതന്നെയാകും. കാരണം, 'പുടിനറിയാതെ റഷ്യയിൽ ഒന്നും സംഭവിക്കില്ല.'
പ്രിഗോഷിൻ മരിച്ച അന്നുതന്നെയാണ് റഷ്യയുടെ വ്യോമബഹിരാകാശ സേനാ മേധാവി ജനറൽ സെർഗെയി സുറോവികിനെ ആ പദവിയിൽ നിന്ന് പിരിച്ചുവിട്ടത്. ജനുവരിയിൽ പുറത്താക്കുംവരെ യുക്രൈനിലെ റഷ്യയുടെ യുദ്ധത്തിന് നേതൃത്വം നൽകിയിരുന്നത് സുറോവികിനായിരുന്നു. പ്രിഗോഷിനോട് സുറോവികിനുള്ള അടുപ്പം രഹസ്യമല്ല. വാഗ്നർ കലാപത്തെക്കുറിച്ച് സുറോവികിന് മുന്നറിവുണ്ടായിരുന്നുവെന്നാണ് ആരോപണം. ആ സംഭവത്തോടെ വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. പ്രിഗോഷിന്റെ മരണവും സുറോവികിന്റെ പിരിച്ചുവിടലും ഒരേദിവസമായത് യാദൃച്ഛികമാകില്ല.
വാഗ്നറിനെയും കൈപ്പടിയിലൊതുക്കി
പ്രിഗോഷിന്റെ മരണം യുക്രൈൻ യുദ്ധത്തെ ഒരുതരത്തിലും ബാധിക്കില്ല. കലാപശേഷം യുക്രൈനിൽ വാഗ്നറിന് സ്ഥാനമില്ലാതായിക്കഴിഞ്ഞു. പ്രിഗോഷിന്റെ നഷ്ടം ബാധിക്കുക ആഫ്രിക്കയെയായിരിക്കും. റഷ്യയുടെ അനിഷ്ടത്തിനു പാത്രമായ പ്രിഗോഷിൻ ആഫ്രിക്കയിൽ താവളം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു എന്നാണ് വാർത്ത. ഈയാഴ്ച ആദ്യം ആഫ്രിക്കയിലെ അജ്ഞാതകേന്ദ്രത്തിൽനിന്ന് പ്രിഗോഷിൻ ഒരു വീഡിയോ ഇറക്കിയിരുന്നു. കലാപശേഷമുള്ള ആദ്യ വീഡിയോ. 'എല്ലാ ഭൂഖണ്ഡങ്ങളിലും റഷ്യയുടെ മാഹാത്മ്യം ഇനിയുമുയർത്തുകയാണ് വാഗ്നർ... ആഫ്രിക്കയെ കൂടുതൽ സ്വതന്ത്രമാക്കുകയാണ്.' എന്നായിരുന്നു അതിലെ സന്ദേശം. ആഫ്രിക്കയിൽ നിന്നുകൂടി വാഗ്നറിനെ തുരത്തി സ്വന്തം സേനയെ ഇറക്കാൻ നോക്കുന്ന റഷ്യയെ ഈ വീഡിയോയും പ്രിഗോഷിന്റെ പ്രവൃത്തികളും അലോസരപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.
വാഗ്നറിനെയും സമാനമായ കൂലിപ്പട്ടാളങ്ങളെയും പ്രതിരോധമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കുകയാണ് റഷ്യ. പ്രിഗോഷിന്റെയും കൂട്ടാളികളുടെ മരണത്തോടെ, സ്വതന്ത്രസംഘടന എന്ന നിലയിലുള്ള വാഗ്നറിന്റെ അസ്തിത്വം ഇല്ലാതായിക്കഴിഞ്ഞു. കലാപസമയത്തെ കരാറനുസരിച്ച് ബെലറൂസിലേക്കു പോയ കൂലിപ്പടയാളികളിൽ പലരും വാഗ്നർ വിട്ടുവെന്ന് 'ദ ഗാർഡി'യന്റെ റിപ്പോർട്ട്. റഷ്യൻ സൈന്യത്തിനു കീഴിൽ വാഗ്നറിനെ പുനഃസംഘടിപ്പിക്കാനാണ് സാധ്യത. പുടിന്റെ ആശീർവാദമുള്ള ആരെങ്കിലുമാകും അതിനെ നയിക്കാനെത്തുക.
വ്ളാദിമിർ പുടിന്റെ അറിവോടെയാണ് പ്രിഗോഷിന്റെ മരണമെങ്കിൽ പ്രതികാരദാഹിയായ സമഗ്രാധിപതിയെന്ന പ്രതിച്ഛായ അദ്ദേഹം അരക്കിട്ടുറപ്പിക്കുകയാണ്. മരണത്തോടെ പ്രിഗോഷിന്റെ പ്രതിച്ഛായയും മാറി. സത്യം പറഞ്ഞ ദേശസ്നേഹിയായ പ്രിഗോഷിനെ പുടിൻ കൊന്നുകളഞ്ഞുവെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർക്ക് പ്രചരിപ്പിക്കാം. 'ഈ കൊലപാതകത്തിന് വൻ പ്രത്യാഘാതങ്ങളുണ്ടാകും' എന്നാണ് വാഗ്നർ അനുകൂല ഗ്രേ സോണിന്റെ മുന്നറിയിപ്പ്. പക്ഷേ ഇതൊന്നും ദീർഘകാല അടിസ്ഥാനത്തിൽ നിലനിൽക്കില്ല. പതിയെ പുടിൻ ഈ സേനയുടെ നിയന്ത്രണം പിടിക്കാനാണ് സാധ്യത എന്നാണ് പറയുന്നത്.
പുടിൻസ് ഷെഫ് അഥവാ പുട്ടിന്റെ വിശ്വസ്തൻ എന്നറിയപ്പെടുന്ന റഷ്യൻ വ്യവസായി യെവ്ഗിനി പ്രിഗോഷിൻ നേതൃത്വം നൽകുന്ന സ്വകാര്യ സൈനിക സൈനിക സംഘമാണ് വാഗ്നർ ഗ്രൂപ്പ്. ഇവരാണു കിഴക്കൻ യുക്രെയ്നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്തിരുന്നത്. എന്നാൽ, ഏതാനും മാസങ്ങളായി റഷ്യൻ സൈനികനേതൃത്വത്തിനും പ്രതിരോധ മന്ത്രാലയത്തിനുമെതിരെ പ്രിഗോഷിൻ പരസ്യവിമർശനം ഉയർത്തുന്നുണ്ടായിരുന്നു. ഇത് ഇരു സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടവയ്ക്കുകയും ചെയ്തു.
തന്റെ പടയാളികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ നൽകുന്നില്ലെന്നും അവരുടെ പ്രതിസന്ധികൾ പരിഗണിക്കുന്നില്ലെന്നുമായിരുന്നു റഷ്യൻ സൈന്യത്തിനെതിരെയുള്ള പ്രിഗോഷിന്റെ പ്രധാന പരാതി. യുക്രൈനിലെ പ്രധാന നഗരമായ ബക്മൂതിൽ കഴിഞ്ഞ മാസം നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ വാഗ്നർ ഗ്രൂപ്പും റഷ്യൻ സൈന്യവും ഓന്നിച്ചായിരുന്നു പോരാടിയത്. എന്നാൽ, ബക്മൂത് കയ്പിടിയിൽ ഒതുക്കിയതോടെ റഷ്യ തങ്ങളെ പരിഗണിക്കുന്നില്ലെന്ന ആരോപണം വാഗ്നർ സംഘം ഉയർത്തി. ഈ ഭിന്നതകളാണ് പുടിനെതിരെ തിരിയാൻ പ്രിഗോഷിനെ പ്രേരിപ്പിച്ചത്. പക്ഷേ അത് അയാൾക്കുള്ള മരണ വാറണ്ടുമായി.
റഷ്യയുടെ ചക്രവർത്തി
റഷ്യയിൽ പുടിന് അവശേഷിച്ചിരുന്ന ഏക വെല്ലുവിളിയായിരുന്നു വാഗ്്നർ പട്ടാളം. അതിന്റെ തലവനെയും തകർത്തതോടെ, 70കാരനും പാർക്കിൻസൺ രോഗബാധിതനുമായ പുടിന് ഇനി ആരെയും പേടിക്കാനില്ലാത്ത അവസ്ഥ വന്നിരിക്കുന്നു. ശരിക്കും റഷ്യയുടെ ചക്രവർത്തിയാവുകാണ് ഈ മുൻ കെജിബി ഉദ്യോഗ്ഥൻ. ഇങ്ങനെ പോയാൽ മൂന്ന് ദശാബ്ദക്കാലം റഷ്യയെ അടക്കിഭരിച്ച സ്റ്റാലിന്റെ റിക്കാർഡ്് പുടിൻ തകർക്കുമെന്ന് ഉറപ്പാണ്്. തുടർച്ചയായി രണ്ടു തവണ ഒരാൾ പ്രസിഡന്റാകുന്നത് അയോഗ്യപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ വ്യവസ്ഥ നേരത്തെ പാർലമെന്റ് ഭേദഗതി ചെയ്തത്. ഇതനുസരിച്ച് പുടിന് ഇനിയും രണ്ടുതവണകൂടി പ്രസിഡന്റാകുവാൻ സാധിക്കും. റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആവുകയാണെന്നാണ് ലോകമാധ്യമങ്ങൾ പറയുന്നത്.
എന്തിനും പോന്ന സ്വകാര്യ കൊലയാളി സംഘമാണ് പുടിന്റെ ബലം. 1918-ൽ വിപ്ലവത്തിനുശേഷം ലെനിൻ രൂപം കൊടുത്ത ഗ്രൂ എന്ന സംഘടന ഇപ്പോൾ പുടിന്റെ കസ്റ്റഡിയിലാണ്. റഷ്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജൻസികളെക്കാൾ വ്യത്യസ്തമായ ദൗത്യമായിരുന്നു ഗ്രൂവിന് നിർവഹിക്കാനുണ്ടായിരുന്നത്. സാധാരണ രഹസ്യാന്വേഷണങ്ങൾ കെ.ജി.ബി.നിർവഹിക്കുമ്പോൾ കടുപ്പമേറിയ ഓപ്പറേഷനുകൾക്കായിരുന്നു ഗ്രൂ നിയോഗിക്കപ്പെട്ടിരുന്നത്.
സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ കെ.ജി.ബി പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് റഷ്യയിൽ എഫ്.എസ്.ബി. (ഫെഡറൽ സെക്യൂരിറ്റി സർവീസ്) നിലവിൽ വന്നു. കെ.ജി.ബി.യിൽ 16 വർഷത്തോളം പ്രവർത്തിച്ചയാളാണ് വ്ളാദിമിർ പുട്ടിൻ. എഫ്.എസ്.ബി. നിലവിൽവന്നപ്പോൾ അതിന്റെ തലവനുമായിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും ഗ്രൂ പിരിച്ചുവിട്ടിരുന്നില്ല. അതിതീവ്ര അന്വേഷണങ്ങൾക്കായി പുടിൻ ഈ സംഘടനയെ എഫ്.എസ്.ബിയുടെ ഭാഗമായി നിലനിർത്തുകയായിരുന്നു.രാജ്യത്തെ സർവകലാശാലകളിൽനിന്ന് മിടുക്കരായ വിദ്യാർത്ഥികളെയാണ് കെ.ജി.ബിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെങ്കിൽ, തെരുവിൽ നിന്നും ചേരികളിൽ നിന്നുമാണ് ഗ്രൂവിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയിരുന്നത്. എന്തും ചെയ്യാൻ കെൽപുള്ള ക്രിമിനൽ സംഘമായാണ് ഇവരെ കണ്ടിരുന്നതും. വിദേശരാജ്യങ്ങളിലുള്ള എംബസികളിലും മറ്റും ചെന്ന് രഹസ്യമായി ആക്രമണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഗ്രൂവിനെ റഷ്യ ഉപയോഗിക്കുനനതെന്ന് ചരിത്രകാരനായ ജോൺ ബാരൺ പറയുന്നു.
എന്തിനും പോന്നവരായാണ് ഗ്രൂവിലെ അംഗങ്ങളെ പരിശീലിപ്പിക്കുന്നതെന്ന് ഗ്രൂവിൽനിന്ന് 1978-ൽ പിരിഞ്ഞ് ബ്രി്ട്ടനിൽ താമസമാക്കിയ വിക്ടർ സുവോരോവ് പറയുന്നു. ഇവർക്കുള്ള പരിശീലനം തുടങ്ങുന്നതുതന്നെ ഗ്രൂവിൽനിന്ന് വേർപെട്ട ഒരു ചാരനെ പച്ചയ്ക്ക് കത്തിക്കുന്ന ദൃശ്യം കാണിച്ചുകൊണ്ടാണ്. ഗ്രൂവിലെ അംഗങ്ങളെ മനക്കട്ടിയുള്ളവരാക്കുന്നതിനൊപ്പം അവർക്കുതന്നെയുള്ള താക്കീതായും ഈ ദൃശ്യം ഉപയോഗിക്കുന്നു.അന്താരാഷ്ട്ര തലത്തിൽ റഷ്യയെ പ്രതിസ്ഥാനത്തുനിർത്തിയ പല സംഭവങ്ങളിലും ഗ്രൂവിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2016-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 12 ഗ്രൂ അംഗങ്ങൾ ഇടപെട്ടതായി യു.എസ് സ്പെഷ്യൽ കോൺസൽ റോബർട്ട് മ്യൂളർ കണ്ടെത്തിയിരുന്നു. 2014-ൽ യുക്രൈനിയൻ വിമാനം വെടിവെച്ചിട്ടതിനുപിന്നിലും ഗ്രൂവായിരുന്നു. 2016 ഒക്ടോബറിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് മോണ്ടനെഗ്രോ സർക്കാരിനെ അട്ടിമറിച്ചതിനുപിന്നിലും ഗ്രൂവിന്റെ പങ്ക് തെളിഞ്ഞിരുന്നു. ഇപ്പോൾ പുടിന് വേണ്ടി ലോകത്ത് എവിടെപ്പോയെ കൊല നടത്താനും കഴിയുന്ന രീതിയിൽ ഇവർ വളർന്നു കഴിഞ്ഞു.
എതിർക്കുന്നവരെ കൊന്ന് തള്ളുന്നു
എതിർക്കുന്നവരെ കൊന്നുതള്ളുകയെന്നതാണ് പുട്ടിന്റെ രീതി. ആദ്യം അധികാരത്തിലെത്തിയപ്പോൾ തന്നെ രാഷ്ട്രീയ എതിരാളിയാവുമെന്ന് പുടിൻ ഭയന്ന മിഖായിൽ കൊഡർക്കോവ്സ്കിയെ സാമ്പത്തിക തിരിമറികൾ ആരോപിച്ച് തടവിലാക്കിയത് 10 വർഷമാണ്. മുൻ ലോക ചെസ് ചാംപ്യനും പുടിന്റെ വിമർശകനുമായ ഗാരി കാസ്പറോവ് ഭരണകൂടത്തിന്റെ പീഡനം ഭയന്ന് റഷ്യയിൽ നിന്ന് പലായനം ചെയ്തു. മുൻ സുഹൃത്തും പിന്നീട് പുടിന്റെ മുഖ്യ ശത്രുവുമായി മാറിയ കോടീശ്വരൻ ബോറിസ് ബെറെസോവ്സ്കി ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയെങ്കിലും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുടിന്റെ കടുത്ത വിമർശകനായ മുൻ ഉപപ്രധാനമന്ത്രി ബോറിസ് നെംത്സോവ് 2015 ഫെബ്രുവരി 27നു ക്രെംലിൻ പാലത്തിലൂടെ വീട്ടിലേക്കു നടന്നുപോകുമ്പോൾ വെടിയേറ്റു മരിച്ചു.
2019 നവംബറിൽ ഒരു മരണം റഷ്യയെ പിടിച്ചുകുലുക്കിയിരുന്നു. ജയിംസ് ലേ മെസൂരിയർ എന്ന ബ്രിട്ടീഷ് ആർമി ഓഫിസർ മരിച്ചതോ അതോ റഷ്യൻ ചാരന്മാരാൽ കൊല്ലപ്പെട്ടതോ എന്നാണോ അന്ന് ഉയർന്ന പ്രധാനവിവാദം. പുടിന്റെ വിമർശകരെല്ലാം ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്നതാണ് ഇങ്ങനെ ഒരു സംശയത്തിന് കാരണം.ഇത് റഷ്യൻ ഗൂഢാലോചനയാണെന്നാണ് ഇപ്പോൾ വിമർശകർ ഉന്നയിക്കുന്നത്. ജയിംസ് ലേ ബ്രിട്ടീഷ് ചാരനാണെന്ന് ക്രെംലിൻ പരസ്യ പ്രസ്താവന നടത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് 48കാരനായ ജെയിംസിനെ ഇസ്താംബൂളിലെ ഒരു സ്ട്രീറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പത്രപ്രവർത്തകരും, നിയമജ്ഞരും എയ്ഡ് വർക്കർമാരും അടക്കം ക്രെംംലിൻ കടന്ന നിരവധി പേരാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. അല്ലെങ്കിൽ താഴേക്ക് വലിച്ചെറിയപ്പെട്ടിട്ടുള്ളത്. റഷ്യൻ മിഷണറീസിനെ കുറിച്ചും റഷ്യയിലെ അഴിമതിയെ കുറിച്ചും വാർത്തകൾ പുറത്തുകൊണ്ടു വന്ന മാക്സിം ബോർഡിൻ എന്ന റഷ്യൻ പത്ര പ്രവർത്തകൻ. ബാൽക്കണിയിൽ നിന്നും താഴേക്ക് വീണായിരുന്നു മരിച്ചത്. നിയമജ്ഞനായ നികോൽ ഗോർഖോവും നാല് നിലക്കെട്ടിടത്തിന്റെ ജനലിൽ നിന്നും താഴേയ്ക്ക് വീണ് മരിച്ചിരുന്നു.
റഷ്യയുടെ സിറിയയും ഇറാനുമായുള്ള ആയുധ കച്ചവടത്തെ കുറിച്ച് അന്വേഷണം നടത്തിയ ഇവാൻ സർഫ് നോവ് 2007ൽ അഞ്ച് നില കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് വീണും മരിച്ചിരുന്നു. അതിനും രണ്ട് വർഷങ്ങൾക്ക് ശേഷം സർക്കാരിനെതിരെ വാർത്ത നൽകിയ ബ്രോഡ് കാസ്റ്റർ ഒൾഗ കോട്ടോസ്ക്യ 14-ാം നിലയിൽ നിന്നാണ് വീണ് മരിച്ചത്. അതും ആത്മഹത്യയായി വിധി എഴുതി. ഒരു ബ്രിട്ടീഷ് പൗരനും ഇതേ വിധിയുണ്ടായി. പ്രോപ്പർട്ടി ഡവലപ്പറായ സ്കോട്ട് യങും റഷ്യൻ ചാരന്മാരാൽ 2014ൽ ബ്രിട്ടനിൽ വെച്ച് കൊല്ലപ്പെട്ടു. 2015ൽ പുടിന്റെ സ്ഥിരം വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. തന്റെ അധികാരം നിലനിർത്താൻ ഹിറ്റ്ലർക്ക് സമാനമായ ചെയ്തികളാണ് പുട്ടിൻ കാട്ടിക്കൂട്ടുന്നത്
അമ്മപോലും വ്യാജം; ശരിക്കും ഇല്യൂമിനാറ്റി
അതിനിടെ പുടിൻെ അമ്മപോലും യഥാർത്ഥ അമ്മയല്ല എന്ന വാർത്ത പുറത്തുവന്നത് ലോകത്തെ ഞെട്ടിച്ചിരുനനു. പുട്ടിന്റെ യഥാർത്ഥ അമ്മ എന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന 97 വയസ്സുണ്ടായിരുന്ന വെറ പുടിന എന്ന വൃദ്ധ കഴിഞ്ഞമാസമാണ് മരിച്ചത്. മുൻ സോവിയറ്റ് സ്റ്റേറ്റ് ആയിരുന്ന ജോർജിയയിലെ മേതേഖിയിൽ ജീവിച്ചിരുന്ന ഇവർ കടുത്ത ദാരിദ്ര്യത്തിലായിരുന്നു. പുടിൻ തന്റെ മകനാണെന്നും പത്താം വയസ്സിൽ അവന്റെ രണ്ടാനച്ഛനും തന്റെ ഭർത്താവുമായ ആളിൽ നിന്നും രക്ഷക്കായി വീട്ടിൽ നിന്നും പറഞ്ഞു വിടുകയായിരുന്നെന്നുമാണ് ഇവർ മാധ്യമങ്ങളോട് പറഞ്ഞത്.
റിട്ടയേർഡ് എഞ്ചിനീയറായ ഇവർ 1950ൽ പുടിന് ജന്മം നൽകി എന്ന് അവകാശപ്പെടുന്നു. വോവ എന്നാണ് വിളിച്ചിരുന്നത്. വിവാഹിതനായ ഒരാളിൽ ഉണ്ടായ കുട്ടിയാണ് പുടിൻ. പിന്നീട് മറ്റൊരു വിവാഹം ചെയ്തു. വിവാഹത്തിന് കുറച്ച് വർഷങ്ങൾക്ക് ശേഷം പുടിനെ റഷ്യയിലെ ഗ്രാന്റ് പേരന്റ്സിനടുത്തേക്ക് അയച്ചു. 1999ൽ ആദ്യമായി വെറ അവകാശ വാദവുമായി എത്തിയപ്പോൾ തന്നെ പുടിൻ അത് നിരസിച്ചു. പുടിന്റെ മുഖവുമായി ഏറെ സാമ്യമുള്ള തന്റെ മകന്റെ ഫോട്ടോ കാണിച്ചാണ് അവർ ആദ്യം എത്തിയത്.
പുടിന്റെ മാതാപിതാക്കൾ എന്ന് അവകാശപ്പെടുന്നവർക്ക് തന്റെ മാതാപിതാക്കൾ ഈ കുഞ്ഞിനെ കൊടുത്തതാവാമെന്നാണ് വെറ പറയുന്നത്. എന്നാൽ പുടിൻ വെറയെ തന്റെ അമ്മയാണെന്ന് അംഗീകരിച്ചിട്ടില്ല. പുടിന്റെ ഔദ്യോഗിക ജനന തിയതി 1952 ആണ്. ലെനിൻ ഗ്രാഡിലാണ് ജനിച്ചത്. വ്ലാഡിമറിന്റേയും മറിയയുടെയും മാന്നാമത്തെ പുത്രനാണ് പുടിൻ. വെറ തന്റെ അവസാന അഭിമുഖത്തിൽ പറഞ്ഞത്. തന്റെ മകനായ വോവ താൻ മരിക്കും മുന്നേ ഒരു പ്രാവശ്യമെങ്കിലും തന്നെ കാണാൻ എത്തണമെന്നാണ്. വാർദ്ധക്യകാല അസുഖത്തെ തുടർന്നായിരുന്നു വെറയുടെ അന്ത്യം. അന്നത്തെ സമയവും സാഹചര്യവും പരിശോധിക്കുമ്പോൾ ഈ സ്ത്രീ പറഞഞതാണ് സത്യം ആവാൻ സാധ്യത. പുടിൻ ആവട്ടെ ഇത് മൈൻഡ് ചെയ്തില്ല. ഡിഎൻഎ പരിശോധന പോയിട്ട് ആ കുട്ടിയെ ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല. ഇതും വിദേശമാധ്യമങ്ങൾ വലിയ വാർത്തയാക്കി.
തികച്ച സ്ത്രീലമ്പടനും ബാലപീഡകനുമാണ് പുടിൻ. ലോകത്തിന്റെ എവിടെയൊക്കെ കാമുകിമാർ ഉണ്ടെന്ന് ആർക്കും അറിയില്ല. അതുപോലെ ഇരുപത്തിഅയ്യായിരം കോടിയിലേറെ രൂപയുടെ സ്വത്തുകൾ അയാൾ ഉണ്ടാക്കിയിട്ടുണ്ട്. അഴിമതിയുടെ ആശാനാണ്. ഇത്രയേറെ ക്രിമിനൽ പ്രവർത്തികൾ നടത്തിയിട്ടും, അയാൾക്ക് ഒരു കുലുക്കവുമില്ല. യുക്രൈൻ എന്ന രാജ്യത്തെ ആക്രമിച്ചിട്ടുപോലും അയാളെ തകർക്കാൻ നാറ്റോക്ക് കഴിയുന്നില്ല. ശരിക്കും ബിൻ ലാദനെ വേട്ടയാടിയതുപോലെ, അമേരിക്ക വേട്ടയാടി കൊല്ലേണ്ട ക്രിമിലനലാണ് അയാൾ. പക്ഷേ എന്നിട്ടും ആരും അയാളെ ഒന്നും ചെയ്യുന്നില്ല. ഇതൊക്കെ കേട്ട്, ഇപ്പോൾ സോഷ്യൽ മീഡിയിൽ ഉയരുന്ന ചോദ്യം, ഈ പുടിൻ എന്നു പറയുന്നത് ശരിക്കും ഇല്യൂമിനാറ്റിയാണോ എന്നാണ്!
വാൽക്കഷ്ണം: പുടിന്റെ കളി നടക്കാതെ പോയെ ഒരേ ഒരാൾ ഉണ്ടെങ്കിൽ അത് യുക്രൈൻ പ്രസിഡന്റ് സെലൻസ്ക്കി മാത്രമാണ്. എത്രയോ കോടികൾ ചെലവിട്ടിട്ടും, എത്രയോ കൊലയാളി സംഘങ്ങളെ വിട്ടിട്ടും, റഷ്യയുടെ മുക്കിന് താഴെ അയാൾ ജീവിച്ചിരിക്കുന്നു!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ