- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രീം ഗേൾ ഹേമമാലിനിയുടെ അസാധാരണ ജീവിതം
'മധ്യപ്രദേശിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾപോലെ സുന്ദരമാക്കും. നിലവിൽ ഇവിടുത്തെ റോഡുകൾ ബിജെപി നേതാവ് കൈലാസ് വിജയ് വർഗീയയുടെ വസൂരിക്കലകൾ നിറഞ്ഞ മുഖത്തിന്റെ അവസ്ഥയിലാണ്'- 2019-ൽ മധ്യപ്രദേശിലെ മന്ത്രി പി സി ശർമ പറഞ്ഞ വാക്കുകളാണിത്. അന്ന് ഈ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്നൊക്കെ പ്രതിഷേധമുണ്ടായി. പക്ഷേ ഹേമമാലിനിയെപ്പോലെ എന്ന വാക്ക് ഇന്ത്യയിൽ സൗന്ദര്യത്തിന്റെ പര്യായം തന്നെയാണ്. നല്ല വസ്ത്രം ധരിച്ച് പുറത്തിറങ്ങുമ്പോൾ, ഹേമമാലിനിക്ക് പഠിക്കയാണോ എന്ന് കളിവാക്കുകേൾക്കാത്തവർ ഈ നാട്ടിലുണ്ടാവില്ല. ഇന്ത്യൻ സിനിമയിലെ 'സ്വപ്ന നായിക' എന്നതിൽ കുറഞ്ഞ വിശേഷണമൊന്നും ഹേമമാലിനി ചക്രവർത്തി എന്ന തമിഴ്‌നാട്ടിൽനിന്ന് വന്ന് ഹിന്ദി സിനിമാലോകം കീഴടക്കിയ ഈ നടിക്ക് നൽകാൻ കഴിയില്ല. സിനിമാ ലോകത്തെ ഡ്രീം ഗേളായി തുടരുമ്പോഴും നർത്തകി, എഴുത്തുകാരി, സംവിധായിക, നിർമ്മാതാവ്, രാഷ്ട്രീയ-സാമൂഹിക പ്രവർത്തക എന്ന നിലയിലും ഹേമ ശോഭിച്ചു.
വയസ്സ് 75 കഴിഞ്ഞു. എന്നിട്ടും അവർ കത്തിനിൽക്കയാണ്. ഈയിടെ അയോധ്യയയിലെ രാമക്ഷേത്രത്തിൽ ഹേമമാലിനി അവതരിപ്പിച്ച ഭരതനാട്യം കണ്ടവർ അമ്പരുന്നുപോവും. വടിയും കുത്തിപ്പിടച്ച് നടക്കേണ്ടതെന്ന് പറയുന്ന പ്രായത്തിലും എത്ര ചടുലമായാണ് അവർ നൃത്തം ചെയ്യുന്നത്. അതും മണിക്കൂറുകൾ. എങ്ങനെയാണ് ഈ സൗന്ദര്യവും ആരോഗ്യവും സൂക്ഷിക്കുന്നത് എന്ന ചോദ്യത്തിനും അവർക്ക് ഒറ്റമുറുപടിയേ ഉള്ളൂ. 'നല്ല മനസ്സ്'. അസാധാരണമായ ഒരു ജീവിതമാണ്, 70-കളിലെയും, 80-കളിലെയും ഇന്ത്യൻ യുവാക്കളുടെ ഹൃദയം കവർന്ന ഈ കിന്നര സുന്ദരിയുടേത്.
ഹിന്ദിക്കാരിയല്ല, പക്കാ തമിഴത്തി
ഇന്ന് പലരും തെറ്റിദ്ധരിച്ചപോലെ ഉത്തരേന്ത്യക്കാരിയല്ല, പക്കാ തമിഴത്തിയാണ് ഹേമമാലിനി. മുഴവൻ പേര് ഹേമ മാലിനി ചക്രവർത്തി. തമിഴ് നാടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അമ്മൻകുടിയിയാണ് സ്വദേശം. വി എസ്. രാമാനുജം ചക്രവർത്തി, ജയ ലക്ഷ്മി എന്നിവരുടെ പുത്രിയായി ഒരു തമിഴ് അയ്യങ്കാർ ബ്രാഹ്മണ കുടുംബിത്തിൽ ഒക്ടോബർ 16, 1948ലാണ് അവർ ജനിച്ചത്.( ജയലളിതയും ഇതേ സമുദായക്കാരിയായിരുന്നു)
ചെന്നൈയിലെ ആന്ധ്ര മഹിളാ സഭയിൽ പഠനം നടത്തിയ അവരുടെ ഇഷ്ടവിഷയം ചരിത്രമായിരുന്നു. പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിനുശേഷം അഭിനയ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു. പിതാവ് ചെറിയ സിനമകൾക്ക് ഫിനാൻസ് ചെയ്യുന്നുണ്ടായിരുന്നു. കുട്ടിക്കാലം തൊട്ടേ ഒരു നർത്തകി എന്ന നിലയിലാണ് ഹേമമാലിനി തിളങ്ങിയത്. കുച്ചിപ്പുടിയിൽ വെമ്പട്ടി ചിന്നസത്യവും, മോഹിനിയാട്ടത്തിൽ കലാമണ്ഡലം ഗുരു ഗോപാലകൃഷ്ണൻ എന്നിവർ ഹേമ മാലിനിയുടെ ഗുരുക്കളാണ്. ആ അസാധാരണ സൗന്ദര്യമുള്ള നൃത്തം തന്നെയാണ് അവളെ ചെറിയ പ്രായത്തിൽ സിനിമയിൽ എത്തിച്ചതും.
1961- ൽ ഇതു സത്തിയം എന്ന തമിഴ് സിനിമയിലൂടെ അവർ ചലച്ചിത്ര ലോകത്ത് പ്രവേശിച്ചു. അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് ആദ്യ സിനിമയിൽനിന്ന് പുറത്താക്കപ്പെട്ട ദുരനുഭവവും അവർക്കുണ്ട്. നാല് ദിവസത്തെ ചിത്രീകരണത്തിന് ശേഷം നിർമ്മാതാവ് ശ്രീധർ അഭിനയം പോരെന്ന് പറഞ്ഞ് ആദ്യ ചിത്രത്തിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് ഹേമമാലിനി തുറന്നു പറഞ്ഞിരുന്നു. "എന്റെ ജീവിതത്തിലെ വലിയൊരു ഷോക്കായിരുന്നു ഈ അനുഭവം. പക്ഷേ അതുനന്നായി. ആ വാശിയാണ് എന്നെ ബോളിവുഡിൽ എത്തിച്ചത്. ഒരു നൃത്ത പരിപാടിക്കിടെയാണ് ചെന്നൈയിൽ വച്ച് ശ്രീധർ കണ്ടത്. അമ്മയോട് സംസാരിച്ച് കരാർ ഒപ്പിടുകയായിരുന്നു. എന്നാൽ അന്നങ്ങിനെ സംഭവിച്ചത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു. ഹിന്ദി സിനിമയിൽ ഉയരങ്ങൾ താണ്ടിയപ്പോൾ പിന്നീട് ശ്രീധർ കാൾഷീറ്റിനായി സമീപിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന് ഡേറ്റ് കൊടുക്കുകയും ചെയ്തു. ക്ഷമിക്കുക, മറക്കുക' എന്നതിൽ വിശ്വസിക്കുന്നതിനാൽ എനിക്ക് ആരോടും പകയില്ല'- ഒരു ടെലിവിഷൻ അഭിമുഖത്തിൽ ഹേമമാലിനി പറയുന്നു.
ആദ്യ ലേഡി സൂപ്പർ സ്റ്റാർ!
തമിഴ് സിനിമയിൽനിന്ന് കിട്ടിയ തിരിച്ചടിയാണ്, അതിനേക്കാൾ വലുതായി വളരണം എന്ന ഹേമമാലിനിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ചത്. പക്ഷേ 61-ലെ ആദ്യ സിനിമക്കുശേഷം കാര്യമായ അവസരങ്ങൾ കിട്ടിയില്ല. 1965- ലെ പാണ്ഡവ വനവാസം എന്ന തെലുങ്ക് ചിത്രത്തിലും നർത്തകിയുടെ ചെറിയ വേഷമായിരുന്നു. പക്ഷേ ഹേമ ശ്രമം തുടർന്നു. പിന്നീട് 1968- ൽ ബോളിവുഡ്ഡിൽ 'സപ്നോം കാ സൗദാഗർ 'എന്ന ചിത്രത്തിൽ രാജ് കപൂറിനൊപ്പം നായികയായി അഭിനയിച്ചു. അതായിരുന്നു ഹേമമാലിനിയുടെ ജീവിതത്തിലെ ബ്രേക്ക്. ആദ്യഹിന്ദി ചിത്രത്തിൽ നാൽപ്പതുകാരനായ രാജ് കപൂറിനോടൊപ്പമുള്ള റൊമാന്റിക് രംഗങ്ങൾ അവൾക്ക് എളുപ്പമായിരുന്നല്ല. "ഞാനൊരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ് വന്നത്. അതിനാൽ തന്നെ ആദ്യ ചിത്രത്തിൽ നടൻ രാജ് കപൂറിനോടൊപ്പമുള്ള പ്രണയരംഗങ്ങൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു- ഹേമമാലിനി പറഞ്ഞു.രാജ് കപൂറിനെ ഒരു അഭിനേതാവായി മാത്രമാണ് ഞാൻ കണ്ടത്. അദ്ദേഹം ആ കഥാപാത്രത്തിന് അനുയോജ്യനായിരുന്നു. പക്ഷേ രാജ് കപൂറിനോടൊപ്പം പ്രണയരംഗങ്ങൾ ചെയ്യാൻ ഞാൻ ഭയപ്പെട്ടിരുന്നു. അദ്ദേഹത്തിനോട് അഭിനയിക്കാൻ ബുദ്ധിമുട്ടാണ്. സിനിമയിലുടനീളം സംവിധായകൻ മഹേഷ് കൗൾ തന്നെ സഹായിച്ചിരുന്നു- ഹേമമാലിനി ആദ്യ ചിത്രത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ചത് ഇങ്ങനെയാണ്.
1970- ൽ ദേവ് ആനന്ദ് നായകനായി അഭിനയിച്ച ജോണി മേരാ നാം എന്ന ചിത്രം സൂപ്പർ ഹിറ്റായി. അതിനു ശേഷം ഹേമ സൂപ്പർ സ്റ്റാർ ആയി വളരുകയായിരുന്നു. 1972- ൽ ഇരട്ട വേഷത്തിൽ ധർമേന്ദ്രയുടെ നായികയായി അഭിനയിച്ച, സീത ഓർ ഗീത എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയുടെ ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു. ഇക്കാലത്ത് സ്വപ്ന സുന്ദരി എന്നർഥം വരുന്ന ഡ്രീം ഗേൾ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.1977 ൽ അതേ പേരിലുള്ള ഒരു സിനിമയിലും അഭിനയിച്ചു
ഷോലെ എന്ന ഇന്ത്യൻ സിനിമാചരിത്രത്തിലെ എറ്റവും വിജയമായ ചിത്രത്തിൽ ഹേമയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ നിന്നുതിരിയാൻപോലും സമയമില്ലാത്ത അഭിനയത്തിരക്കിലേക്കാണ് അവർ എടുത്തുചാടിയത്. തന്റെ മിക്ക ചിത്രങ്ങളിലും ധർമേന്ദ്ര, രാജേഷ് ഖന്ന, ദേവ് ആനന്ദ് എന്നിവരോടൊപ്പമാണ് അവർ അഭിനയിച്ചത്.ഹാസ്യ, നാടകീയ വേഷങ്ങളും ഒപ്പം നർത്തകിയെന്ന നിലയിലും തിളങ്ങി.1976 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ഇന്ത്യൻ നടിമാരിൽ ഒരാളായിരുന്നു അവർ. ബോൽവുഡിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ!
ഹേമയെ കെട്ടിപ്പിടിക്കാൻ കൈക്കൂലി!
70-കളുടെ അവസാനമായപ്പേഴേക്കും ഹേമമാലിനിയുടെ ജനപ്രീതി കുതിച്ചുകയറി. ഹൃദ്യമായ ചിരിയും മനോഹരമായ കണ്ണുകളും കൊണ്ട് നിരവധി ആരാധക ഹൃദയങ്ങളെ കീഴടക്കിയ സ്വപ്നസുന്ദരിയായിരുന്നു ഹേമമാലിനി. എന്നാൽ 1980-ൽ ഹേമമാലിനി ബോളിവുഡ് താരം ധർമേന്ദ്രയെ വിവാഹം കഴിച്ചുവെന്ന വാർത്ത അവരുടെ ആരാധകരെയും നടുക്കി. ഏറെ ട്വിസ്റ്റുകളും പ്രതിബന്ധങ്ങളുമെല്ലാം കടന്നായിരുന്നു ഹേമമാലിനി- ധർമേന്ദ്ര വിവാഹം. ശരിക്കും ഒരു പുലിവാൽ കല്യാണം. അനുകൂലിക്കുന്നവരേക്കാൾ, ആ ബന്ധത്തെ എതിർത്തവരായിരുന്നു കൂടുതൽ. ഹേമയെ വിവാഹം ചെയ്യുന്നതിനു മുൻപു തന്നെ ധർമേന്ദ്ര വിവാഹിതനായിരുന്നു. പ്രകാശ് കൗർ ആയിരുന്നു ധർമേന്ദ്രയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവർ അടക്കം നാലുമക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.
ആദ്യ കാഴ്ചയിൽ തന്നെ ഹേമയുമായി തനിക്ക് ഭ്രാന്തമായ അനുരാഗം തോന്നിയെന്നാണ് ധർമ്മേന്ദ്ര പറയുന്നത്. താൻ ഒരു സ്ത്രീലമ്പടൻ അല്ലെന്നും ഹേമയുടെ കാന്തിക ശക്തിയിൽപെട്ട് പോയതാണെന്നുമാണ് ഒരു അഭിമുഖത്തിൽ ധർമ്മേന്ദ്ര പറഞ്ഞത്. പ്രണയം ശക്തമായതോടെ, ഹേമയുമായി അടുത്ത് ഇടപഴകാൻ കിട്ടുന്ന അവസരങ്ങളൊന്നും അദ്ദേഹം ഒഴിവാക്കിയിരുന്നില്ല. ഷോലെയുടെ സെറ്റിൽവെച്ച് ഹേമ മാലിനിയെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിച്ചത് ധർമേന്ദ്രയായിരുന്നു. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന രംഗം ശരിയായില്ലെന്ന് പറയാൻ സെറ്റിലെ പയ്യന്മാർക്ക് ധർമ്മേന്ദ്ര പണം കൊടുക്കും. റീ ടേക്ക് എന്ന് പറഞ്ഞ് വീണ്ടും ഹേമ മാലിനിയെ കെട്ടിപ്പിടിക്കാൻ വേണ്ടിയായിരുന്നു താരം പൈസ കൊടുത്ത് ഏൽപ്പിച്ചത്. ഇങ്ങനെ ഓരോന്നിന്നും നൂറുരൂപ വീതം കൊടുത്ത്, വൈകുന്നേരം ആവുമ്പോഴേക്കും, പ്രൊഡക്ഷൻ ബോയ്സിന് രണ്ടായിരം രൂപവരെ കിട്ടുമായിരുന്നെന്ന് പിന്നീട് ധർമ്മേന്ദ്ര സരസമായി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യങ്ങൾ പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യുന്നതിന് വേണ്ടി സെറ്റിലെ പയ്യന്മാരുമായി ചില രഹസ്യ കോഡുകളും ധർമ്മേന്ദ്ര ഉപയോഗിച്ചിരുന്നു. സ്ഥിരമായി ഇങ്ങനെ ചെയ്തതോടെ ഹേമമാലിനിക്ക് ശല്യമായി തോന്നി തുടങ്ങി. ഇത് മനസിലാക്കിതോടെ താരം ഈ പരിപാടി അവസാനിപ്പിച്ചു. ഷോലെയുടെ സംവിധായകൻ രമേഷ് സിപ്പിയാട് അടക്കം 'ദയവായി എന്നെക്കുറിച്ച് അവളോട് നല്ല കാര്യങ്ങൾ പറയൂ. എനിക്കവളെ വിവാഹം കഴിക്കണം,' എന്ന് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. ആദ്യം ഹേമമാലിനി അദ്ദേഹത്തെ അവഗണിച്ചുവെങ്കിലും, ധർമ്മേന്ദ്ര ഒരു ഭ്രാന്തനെപ്പോലെ പിറകെ നടക്കയായിരുന്നു. പതിയെ അത് പ്രണയമായി മാറി.
സിനിമകളുടെ ഷൂട്ടിംഗിനിടെ ആളുകളുടെ കണ്ണുവെട്ടിച്ച് ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുക പതിവായിരുന്നു. പൂത്തുലഞ്ഞ ഈ പ്രണയം അധികം വൈകാതെ ഹേമമാലിനിയുടെ അമ്മ ജയയുടെ കണ്ണിൽ പെട്ടു.വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ധർമേന്ദ്രയുമായുള്ള മകളുടെ പ്രണയത്തെ ഹേമമാലിനിയുടെ അമ്മയും അച്ഛനും നഖശിഖാന്തം എതിർത്തു. ധർമ്മേന്ദ്രയിൽ നിന്ന് മകളെ അകറ്റാൻ ആ മാതാപിതാക്കൾ കിണഞ്ഞു ശ്രമിച്ചു. ഒരു ഘട്ടത്തിൽ, നടൻ ജിതേന്ദ്രയുമായി ഹേമയുടെ വിവാഹം ഉറപ്പിക്കുക വരെ ചെയ്തു.
ശരിക്കും ഒരു പുലിവാൽ കല്യാണം
ഹേമമാലിനിയുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു അമ്മ ജയ. 1974-ൽ ജിതേന്ദ്രയുടെ മാതാപിതാക്കളെ കാണാൻ ജയ ഹേമമാലിനിയെ നിർബന്ധിച്ചു. അമ്മയെ എതിർക്കാൻ കരുത്തില്ലാത്ത ഹേമ അതിനു സമ്മതിച്ചു. ജിതേന്ദ്രയുടെ കുടുംബത്തിനാവട്ടെ ഹേമയെ ഇഷ്ടമാവുകയും ചെയ്തു. അങ്ങനെ ഹേമമാലിനിയുടെയും ജിതേന്ദ്രയുടെയും കുടുംബം വിവാഹത്തിനായി മദ്രാസിലേക്ക് പോയി.
രാം കമൽ മുഖർജിയുടെ 'ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' എന്ന പുസ്തകത്തിൽ ഇതിനെ കുറിച്ച് ജിതേന്ദ്രയുടെ അടുത്ത സുഹൃത്ത് പറയുന്നത്, ധർമ്മേന്ദ്രയുമായി പ്രണയത്തിലാണെന്ന് അറിയാമായിരുന്നതിനാൽ ഹേമമാലിനിയെ വിവാഹം കഴിക്കാൻ ജിതേന്ദ്ര ആഗ്രഹിച്ചിരുന്നില്ല എന്നാണ്. "എനിക്ക് ഹേമയെ വിവാഹം കഴിക്കാൻ ആഗ്രഹമില്ല. ഞാൻ അവളുമായി പ്രണയത്തിലല്ല. അവൾക്ക് എന്നോടും പ്രണയമില്ല. പക്ഷേ എന്റെ കുടുംബത്തിന് ഈ ബന്ധം വേണം. അതുകൊണ്ടാണ് ഞാനിതിനു തയ്യാറാവുന്നത്. അവൾ വളരെ നല്ല പെൺകുട്ടിയാണ്," -എന്നാണ് ഹേമയുമായുള്ള വിവാഹത്തെ കുറിച്ച് ജിതേന്ദ്ര സുഹൃത്തിനോട് പറഞ്ഞത്.
വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഹേമയുടെ കുടുംബം അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും ഒരുക്കങ്ങൾക്കിടയിൽ വിവാഹത്തിന്റെ വിശദാംശങ്ങൾ ഒരു മാസികയ്ക്ക് ലഭിച്ചു. അതോടെ രഹസ്യം പരസ്യമായി. ആ വാർത്ത ഏറ്റവും തകർത്തത് ധർമേന്ദ്രയും, ജിതേന്ദ്രയുടെ അന്നത്തെ കാമുകി ശോഭ സിപ്പിയേയുമാണ്. ഇരുവരും ഉടൻ തന്നെ മദ്രാസിലേക്ക് പറന്നു. പിന്നീടുണ്ടായത് ഒരു റൊമാന്റിക് സിനിമയെ ഓർമിപ്പിക്കുന്ന സംഘർഷഭരിതമായ ക്ലൈമാക്സാണ്, ധർമേന്ദ്രയും ഹേമയുടെ പിതാവും തമ്മിൽ ഏറ്റുമുട്ടി!
'ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ' എന്ന പുസ്തകത്തിൽ ആ സംഭവത്തെ വിവരിക്കുന്നത് ഇങ്ങനെ. ധർമ്മേന്ദ്രയെ വീട്ടുവാതിൽക്കൽ കണ്ടപ്പോൾ, ഹേമമാലിനിയുടെ പിതാവ് വി എസ്. രാമാനുജം ചക്രവർത്തി ആക്രോശിച്ചു, "നീയെന്തുകൊണ്ടാണ് എന്റെ മകളുടെ ജീവിതത്തിൽ നിന്ന് പുറത്തുപോകാത്തത്? നിങ്ങൾ വിവാഹിതനാണ്, നിങ്ങൾക്ക് എന്റെ മകളെ വിവാഹം കഴിക്കാൻ കഴിയില്ല.' എന്നാൽ ഹേമയുമായി ഭ്രാന്തമായ പ്രണയത്തിലായിരുന്ന ധർമേന്ദ്രയെ ആ ആക്രോശങ്ങൾക്കൊന്നും പിന്തിരിപ്പിക്കാൻ സാധിക്കില്ലായിരുന്നു. ഹേമമാലിനിയുടെ മുറിയിലേക്ക് ധർമേന്ദ്ര കയറി ചെന്നു, ജീതേന്ദ്രയെ വിവാഹം കഴിച്ച് 'അബദ്ധം' ചെയ്യരുതെന്ന് അപേക്ഷിച്ചു.
കുറച്ച് മണിക്കൂറുകൾക്ക് ശേഷം, ഹേമമാലിനി തന്റെ മുറിയിൽ നിന്ന് ഇറങ്ങിവന്ന്, സ്വന്തം കുടുംബത്തോടും ജിതേന്ദ്രയുടെ കുടുംബത്തോടുമായി തനിക്ക് കുറച്ച് സമയം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജീതേന്ദ്രയുടെ കുടുംബത്തിന് അത് സ്വീകാര്യമല്ലായിരുന്നു. അവർ വിവാഹ വേദി വിട്ടിറങ്ങി.
ഇസ്ലാമിലേക്ക് മതം മാറിയ ധർമ്മേന്ദ്ര
ജിതേന്ദ്ര- ഹേമമാലിനി വിവാഹം അവിടെ മുടങ്ങിയെങ്കിലും, അതേ ദിവസം ധർമ്മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിച്ചതുമില്ല. അപ്പോഴും ആ പ്രണയത്തിലും മുന്നോട്ടുള്ള ജീവിതം എങ്ങനെ വേണമെന്നുമൊക്കെയുള്ള കാര്യത്തിൽ ധർമ്മേന്ദ്ര കടുത്ത അരക്ഷിതാവസ്ഥ നേരിട്ടിരുന്നു. മാത്രമല്ല, തന്റെ പ്രണയിനിക്ക് പലവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഉള്ളിലെ സമ്മർദ്ദങ്ങൾ കാരണം മദ്യപാനത്തിൽ വരെ ധർമ്മേന്ദ്ര അഭയം തേടി. ധർമേന്ദ്രയുടെ ഈ ശീലങ്ങളും നിബന്ധനകളും ബോളിവുഡിന്റെ 'ഡ്രീം ഗേളി'നെയും ശ്വാസം മുട്ടിച്ചു. അങ്ങനെ, ധർമ്മേന്ദ്രയുടെ ആഗ്രഹത്തിന് വിരുദ്ധമായി ജീതേന്ദ്രയ്‌ക്കൊപ്പം സിനിമ ചെയ്യാൻ ഹേമമാലിനി മടങ്ങി. അത് ധർമ്മേന്ദ്രയെ കൂടുതൽ തളർത്തി. ഇത്തവണ തന്റെ ഭാഗം ശരിയാക്കാമെന്ന് ധർമ്മേന്ദ്ര ഹേമമാലിനിക്ക് വാക്ക് കൊടുത്തു. ഒടുവിൽ, 1980 മെയ് 2ന് ധർമേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിച്ചു.
ആദ്യ ഭാര്യ ബന്ധം പിരിയാത്തതിനാൽ ഇസ്ലാമിലേക്ക് മതത്തിലേക്ക് മാറി രണ്ടാമതും വിവാഹം കഴിക്കാൻ ധർമേന്ദ്ര തീരുമാനിക്കുകയായിരുന്നു. താരത്തിന്റെ ഈ തീരുമാനം കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചു. മക്കളായ സണ്ണി ഡിയോളിനും ബോബി ഡിയോളിനും പിതാവിന്റെ അപ്രതീക്ഷിത നീക്കം വലിയൊരു ഷോക്കും നൽകി. പക്ഷേ തന്നെ സ്നേഹിക്കുന്നവരെയെല്ലാം ധിക്കരിച്ച് ധർമേന്ദ്രയോടൊപ്പം തീരുമാനിക്കാൻ ഹേമമാലിനി തീരുമാനിച്ചു.
ദിലാവർ ഖാൻ എന്നാണ് ഇസ്ലാമിലേക്ക് മാറിയപ്പോൾ അദ്ദേഹം താൽക്കാലിക പേരുണ്ടാക്കിയത്. ഹേമമാലിക്ക് ഐഷ എന്ന ഓമനപ്പേരുമിട്ടു. 1,11,000 രൂപയ് മഹർകൊടുത്ത് രണ്ട് പേരുടെ സാന്നിധ്യത്തിലായിരുന്നു ഇസ്ലാമിക ആചാര പ്രകാരമുള്ള വിവാഹം.
അന്ന് ലൗജിഹാദ് വിവാദമെന്നും ഇല്ലാത്തകാലമായിരുന്നു. ഇന്നാണെങ്കിൽ ഇസ്ലാമിലേക്ക് മാറി വിവാഹം കഴിച്ചതൊക്കെ വലിയ പ്രശ്നം ആവുമായിരുന്നു. ധരം സിങ് ഡിയോൾ എന്ന യഥാർത്ഥപേരുള്ള ധർമ്മേന്ദ്ര, സിഖ് മതത്തിലെ ജാട്ട് സമുദായത്തിലാണ് ജനിച്ചത്. ആദ്യ ഭാര്യ പ്രകാശ് കോറിനെ 1954 ൽ 19 വയസുള്ളപ്പോളാണ് അദ്ദേഹം വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് കാര്യങ്ങൾ നന്നായതോടെ, ധർമ്മേന്ദ്ര മുസ്ലിം മതവിശ്വാസം പിന്തുടർന്നതുമില്ല. ഇന്നാണെങ്കിൽ തലപോകത്തക്ക പ്രശ്നമായി ഇതൊക്കെ മാറുമായിരുന്നു.
ധർമേന്ദ്രയുടെ ലാളിത്യവും ആത്മാർത്ഥതയുമാണ് തന്നെ ആകർഷിച്ചതെന്നാണ് ഹേമമാലിനി പറയുന്നത്."അദ്ദേഹം എന്റെ അമ്മയെപ്പോലെയായിരുന്നു. ഒരിക്കലും എന്നെ പുകഴ്‌ത്തുകയില്ലായിരുന്നു. പക്ഷേ പുറത്തുള്ള ആളുകളോട് അദ്ദേഹം എന്നെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നുവെന്ന് അവരെന്നോട് പറയുമായിരുന്നു. പക്ഷേ എന്റെ മുഖത്തുനോക്കി പുകഴ്‌ത്തില്ല. എന്നോട് എപ്പോഴും, നീ ഓകെയാണ് എന്നു മാത്രം പറയും. എന്റെ അമ്മയെ പോലെ തന്നെ. ആർക്കറിയാം 'ഇത് ചെയ്യൂ... അങ്ങനെ ചെയ്യരുത്' എന്നിങ്ങനെ അമ്മയിൽ ഞാൻ കണ്ട് പരിചിതമായ ആ സ്വഭാവവിശേഷങ്ങൾ തന്നെയാവാം എന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്'- ഹേമമാലിനി പറയുന്നു. അങ്ങേയറ്റം സ്നേഹത്തോടെയാണ് അവർ ജീവിച്ചത്. ആ ബന്ധത്തിൽ ഇഷ ഡിയോൾ, അഷാന ഡിയോൾ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അവരും സിനിമയിലും നൃത്തത്തിലും അമ്മയ്ക്ക് ഒപ്പം നിറഞ്ഞു നിൽക്കുന്നു.
കുടുംബ ബന്ധങ്ങളെ വിളക്കിച്ചേർത്തു
എന്നിരുന്നാലും വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പലരും തന്നെ ധർമേന്ദ്രയുടെ രണ്ടാം ഭാര്യ എന്ന രീതിയിൽ വിളിക്കുന്നത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയിരുന്നെന്നും ഹേമമാലിനി പറയുന്നു. ധർമ്മേന്ദ്രയെ വിവാഹം കഴിച്ചെങ്കിലും അദ്ദേഹത്തെ ആദ്യ ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും അകറ്റാൻ ഹേമ ശ്രമിച്ചിട്ടില്ല. മാത്രമല്ല അവൾ ആ കുടുംബത്തെ അടുപ്പിക്കയും ചെയ്തു. ധർമ്മേന്ദ്രയുടെ ആദ്യഭാര്യയിലെ മക്കളും ഇപ്പോൾ സൂപ്പർ താരങ്ങളുമായ സണ്ണി ഡിയോളും, ബോബി ഡിയോളുമായി ഹേമക്ക് അടുത്ത ബന്ധമാണ്. ഒരു അഭിമുഖത്തിൽ ഹേമമാലിനി ഇങ്ങനെ പറയുന്നു. -"
ഞാനും സണ്ണി ഡിയോളും തമ്മിലുള്ള ബന്ധം കണ്ടിട്ട് എല്ലാവരും അത്ഭുതപ്പെട്ടിട്ടുണ്ട്. അത് മനോഹരവും സ്‌നേഹപൂർവ്വവുമായിട്ടുള്ള ബന്ധമാണ്. ആവശ്യമുള്ളപ്പോഴെല്ലാം സണ്ണി ധർമേന്ദ്രജിയുടെ കൂടെ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ഒരു അപകടനം നടന്നപ്പോഴും സണ്ണി കാണാൻ വന്നിരുന്നു.
അപകടം സംഭവിച്ച് വീട്ടിൽ ആയിരിക്കുന്ന സമയത്ത് സണ്ണിയാണ് ആ വീട്ടിൽ നിന്നും എന്നെ കാണാൻ വന്ന ആദ്യത്തെ വ്യക്തി. ആ സമയത്ത് എന്റെ മുഖത്ത് ഡോക്ടർമാർ തുന്നിക്കെട്ടി വെച്ചിരിക്കുകയായിരുന്നു. അന്നവൻ അത്രയധികം താൽപര്യത്തോടെ സംസാരിക്കുന്നത് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഞങ്ങൾ തമ്മിൽ ഏത് തരത്തിലുള്ള ബന്ധമാണ് ഉള്ളതെന്ന് ഈ പ്രവൃത്തികൾ കാണിച്ച് തന്നിരുന്നുവെന്നും"- ഹേമ മാലിനി പറഞ്ഞിരുന്നു.സണ്ണി ഡിയോളും ബോബി ഡിയോളും പിതാവിനെ പോലെ സിനിമയിലെത്തുകയും ബോളിവുഡിലെ മുൻനിര നടന്മാരായി വളരുകയും ചെയ്തു. പിതാവിന്റെ വിവാഹത്തിൽ ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് ഇതിനെ കുറിച്ച് സംസാരിക്കാൻ താരങ്ങൾ തയ്യാറായിട്ടില്ല. ഹേമ മാലിനിയുടെ മക്കളായ ഇഷ ഡിയോളിന്റെയും അഹാന ഡിയോളിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ താരസഹോദരന്മാർ പോയതും ശ്രദ്ധേയമായിരുന്നു.
രാഷ്ട്രീയത്തിലും തിളങ്ങുന്നു
ഇന്ന് ബിജെപിയുടെ എം പി കൂടിയായ ഹേമമാലിനി രാഷ്ട്രീയ രംഗത്ത് സജീവവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ്. യാദൃശ്ചികമായാണ് ഹേമ രാഷ്ട്രീയത്തിൽ എത്തുന്നത്. 1999 ൽ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും മുൻ ബോളിവുഡ് നടനുമായിരുന്ന വിനോദ് ഖന്നയ്ക്ക് വേണ്ടി പഞ്ചാബിലെ ഗുരുദാസ്പൂരിലെ ലോക്സഭാ മണ്ഡലത്തിൽ ഹേമ മാലിനി പ്രചാരണം നടത്തി. സത്യത്തിൽ ഇതിൽ പൊൽറ്റിക്സ് ഇല്ലായിരുന്നു. പക്ഷേ കോൺഗ്രസ് അവരെ സംഘിയാക്കി പ്രചാരണം നടത്തി. എന്നാൽ സംഘിയായിക്കളയാം എന്ന് അവരും തീരുമാനിച്ചു! അങ്ങനെ, 2004 ഫെബ്രുവരിയിൽ അവർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു.
2003 മുതൽ 2009 വരെയുള്ള ഹേമ കർണ്ണാടകയിൽനിന്നുള്ള ബിജെപി എപിയായി സേവനമനുഷ്ഠിച്ചു. 2010 മാർച്ചിൽ ഹേമ മാലിനിയെ ബിജെപിയുടെ ജനറൽ സെക്രട്ടറിയാക്കി. 2014- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ മഥുര മണ്ഡലത്തിൽനിന്ന് 3,30,743 വോട്ടുകൾക്കാണ് ജയിച്ചുകയറിത്. സിറ്റിങ്ങ് സീറ്റ് പിടിച്ചെടുക്കയായിരുന്നു. സാധാരണ നടിമാർ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വെറും ഷോകേസ് പീസ് പോലെയാവുകയാണ് പതിവ്. കാര്യമായി ഒരു അഭിപ്രായവും അവർ പറയാറില്ല. എന്നാൽ ഹേമമാലിനി അവിടെയും വ്യത്യസ്തയായി. ഓരോ വിഷയത്തിലും, അവർക്ക് കൃത്യമായ അഭിപ്രായമുണ്ട്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിവരെ ഒരു വേള അവരുടെ പേരുണ്ടായിരുന്നു. എന്നാൽ താൻ അധികാര മത്സരത്തിന് ഇല്ലെന്നാണ് അവർ പറഞ്ഞത്.
നിരവധി സാമൂഹിക സംഘടനകളിലും അവർ നിറഞ്ഞു നിൽക്കുന്നുണ്ട്. മൃഗങ്ങളുടെ അവകാശ സംഘടനയായ 'പെറ്റ് ഇന്ത്യ'യുടെ പിന്തുണക്കാരിലൊരാളാണ് ഹേമ മാലിനി. മുംബൈയിലെ തിരക്കേറിയ തെരുവുകളിൽ നിന്ന് കുതിരവണ്ടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2009- ൽ അവർ മുംബൈ മുനിസിപ്പൽ കമ്മീഷണർക്ക് ഒരു കത്തെഴുതിയത് വാർത്തയായിരുന്നു. ജല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2011- ൽ അവർ അന്നത്തെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ജയറാം രമേശിന് കത്തെഴുതിയടക്കമുള്ള നിരവധി ഇടപെടലുകൾ ഇക്കാലത്ത് നടത്തി.
അതിനിടയിലും അവർ അഭിനയത്തെയും നൃത്തത്തെും ഉപേക്ഷിച്ചില്ല. വർഷങ്ങളോളം വിട്ടുനിന്നശേഷം ബാഗ്ബാൻ (2003) എന്ന ചിത്രത്തിലൂടെ ഹേമ മാലിനി അഭിനയരംഗത്തേക്ക് തിരിച്ചുവന്നു. ഇന്നും ചെറുതും വലുതമായ നിരവധി വേഷങ്ങൾ ചെയ്യുന്നു. മക്കളായ ഇഷാ ഡിയോളും അഹാന ഡിയോളിനും ഒപ്പം നൃത്തവേദികളിലും അവർ സജീവമാണ്. ഖജുരാഹോ നൃത്തോത്സവത്തിൽ തന്റെ പെൺമക്കളോടൊപ്പം അവർ നൃത്തം അവതരിപ്പിച്ചു. ഇപ്പോൾ അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ സാന്നിദ്ധ്യത്തിൽ ഭരതനാട്യ ചുവടുകൾ വച്ച് ഹേമ മാലിനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇന്നലെയാണ് താരം അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇതിന് ശേഷമായിരുന്നു ഭരതനാട്യം കളിച്ചത്. ഇങ്ങനെ രാഷ്ട്രീയം- അഭിനയം- നൃത്തം എന്നിങ്ങനെ വിവിധ മേഖലകളിലുടെ ഈ 74ാം വയസ്സിലും അവർ തിളങ്ങുന്നു.
ഇപ്പോൾ ഒറ്റക്ക് ജീവിതം
ഇപ്പോൾ ഭർത്താവ് ധർമ്മേന്ദ്രയിൽ നിന്നകന്ന് പ്രത്യേകമൊരു വീട്ടിലാണ് ഹേമയും മക്കളും താമസിച്ചിരുന്നത്. മറ്റൊരു വീട്ടിൽ താമസിക്കണമെന്നത് ഹേമയുടെ തീരുമാനം തന്നെയായിരുന്നു. രണ്ട് പെൺമക്കളെയും ഹേമ ഒരു കുറവുമില്ലാതെ വളർത്തി. ഈ ഘട്ടങ്ങളിലെല്ലാം ധർമേന്ദ്ര ഒപ്പമുണ്ടായിരുന്നുവെന്നും ഹേമ അഭിമുഖത്തിൽ പറഞ്ഞു.
'ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. അത് സംഭവിച്ചു പോകുന്നത്. അതിനെ നമ്മൾ അംഗീകരിക്കണം. എല്ലാ സ്ത്രീകളും തന്റെ ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബമായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷെ എനിക്ക് എവിടെയോ അത് കൈമോശം വന്നു. അതിൽ എനിക്ക് സങ്കടമോ വിഷമമോയില്ല. എന്നിൽ ഞാൻ സന്തോഷവതിയാണ്. എനിക്ക് എന്റെ രണ്ട് കുട്ടികളുണ്ട്, ഞാൻ അവരെ നന്നായി വളർത്തി- ഹേമമാലിനി പറഞ്ഞു. മക്കൾക്കൊപ്പം എന്നും ധർമേന്ദ്ര കൂടെയുണ്ടായിരുന്നു. അതിന് അദ്ദേഹത്തിനോട് നന്ദിയുണ്ട്- ഹേമമാലിനി കൂട്ടിച്ചേർത്തു.കുട്ടികളുടെ കല്യാണം ആയിരുന്നു ധർമ്മേന്ദ്രക്ക് ആശങ്ക. ശരിയായ സമയത്ത് എല്ലാം നടക്കുമെന്ന് ഞാൻ പറഞ്ഞു. അത് നടക്കുകയും ചെയ്തു; ഹേമ കൂട്ടിച്ചേർത്തു. രണ്ടു വീടുകളിൽ താമസിക്കുന്നുണ്ടെങ്കിലും ധർമേന്ദ്ര എപ്പോഴും തങ്ങൾക്ക് ഒപ്പമുണ്ടെന്നും താരം വ്യക്തമാക്കി.
ഈയിടെയും ഒരു അഭിമുഖത്തിൽ അവർ ധർമ്മേന്ദ്രയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു. മക്കളായ ഇഷ, അഹാന എന്നിവരെ പ്രസവിക്കുമ്പോൾ തനിക്കായി ഒരു ആശുപത്രി മുഴുവൻ ഭർത്താവ് ധർമേന്ദ്ര ബുക്ക് ചെയ്തിരുന്നു. ആരാധകർ കാരണം പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരിക്കാനായിരുന്നു ഇതെന്നും അവർ ഓർക്കുന്നു. അതായത് രണ്ടുവീടുകളായി താമസമെങ്കിലും അവർ പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തുന്നു. മാത്രമല്ല ഈ 75-ാം വയസ്സിലും ഹേമമാലിനി ഇന്ത്യയിൽ നിറഞ്ഞുനിൽക്കയാണ്. ഏത് പ്രായത്തിലും അധ്വാനിച്ച് സ്വന്തം കാലിൽനിൽക്കണമെന്ന അവരുടെ നിർബന്ധബുദ്ധിയും നല്ല മാതൃകയാണ്.
വാൽക്കഷ്ണം: പ്രധാനമന്ത്രിയടക്കമുള്ളമുള്ള ഏതെങ്കിലും ഒരു വേദിയിൽ അഭിനേതാക്കൾ പങ്കെടുത്താൽ അവരെ ഉടനെ സംഘിയാക്കി ചാപ്പയടിക്കുന്നവർ ഹേമമാലിനിയുടെ ജീവിതം പഠിക്കണം. കോൺഗ്രസ് ആഭിമുഖ്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച അവർ, തന്റെ സഹപ്രവർത്തകനുവോട്ട് ചോദിക്കാൻ ഒരു പൊതുയോഗത്തിൽ പങ്കെടുത്തതോടെയാണ് സംഘിയെന്ന് പ്രചാരണം ഉണ്ടായത്. അതോടെ അവർ ബിജെപിയിൽ ചേരുകയും ചെയ്തു. നാളെ ശോഭന അടക്കമുള്ള നടിമാരെയും, നമ്മുടെ സൈബർ സഖാക്കൾ ഇതേ രീതിയിൽ ആക്കിയാൽ അത്ഭുതമില്ല!