രു പുഞ്ചിരി പൊഴിച്ചാല്‍, ഒന്ന് കൈവീശി കാണിച്ചാല്‍ ലക്ഷങ്ങളെ കൈയിലെടുക്കാന്‍ കെല്‍പ്പുള്ള നടി! ഏതുവേദിയില്‍ പോയാലും അവള്‍ റാണിയാണ്. അവിടെ എത്ര വലിയ താരങ്ങള്‍ ഉണ്ടെങ്കിലും അവരെയെല്ലാം വകഞ്ഞുമാറ്റി ശ്രദ്ധപോവുക അവരിലേക്കാണ്. എവിടെ ഉദ്ഘാടനം ഉണ്ടോ അവിടെ ഹണി ഉണ്ട് എന്നാണ് സോഷ്യല്‍ മീഡിയയിലെ തമാശ. സാധാരണ സെലിബ്രിറ്റികള്‍, ജ്വല്ലറികളും വന്‍ കിടഹോട്ടലുകളും മാത്രം ഉദ്ഘാടിക്കുമ്പോള്‍ പെട്രോള്‍ പമ്പും, നീന്തല്‍ക്കുളവും തൊട്ട് മെഡിക്കല്‍ ഷോപ്പുവരെ ഈ നടി തുറന്നുകൊടുക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കേരളത്തിലെ അനൗദ്യോഗിക വ്യവസായ മന്ത്രിയാണ് നടി ഹണി റോസ്. നമ്മുടെ നാട്ടില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ പോലും ഹണിയക്ക് ഏറെ ആരാധകരുണ്ട്.

സിനിമയിലേക്കാള്‍ ഏത്രയോ ഇരിട്ടി പേരും പ്രശസ്തിയും ലക്ഷങ്ങളുടെ വരുമാനവമാണ് അവര്‍ ഉദ്ഘാടനങ്ങളിലൂടെ നേടുന്നത്. അതിനു കാരണം ഹണിക്ക് അവര്‍ക്ക് ഒരു സദസ്സിനെ സ്വാധീനിക്കാനുള്ള കഴിവാണ്. അങ്ങനെ ഒരു കഴിവുള്ളയാള്‍ ആ പണി ചെയ്യുന്നതില്‍, നമുക്കെന്താണ് പ്രശ്നം. ലോകം മുഴുവനുള്ള താരങ്ങളും സെലിബ്രിറ്റികളുമൊക്കെ ചെയ്യുന്നതാണ്, ബ്രാന്‍ഡിങ്ങും ഇനാഗുറേഷനും പരസ്യ ചിത്രങ്ങളുമൊക്കെ. പക്ഷേ അപ്പോള്‍ ഒന്നുമില്ലാത്ത സൈബര്‍ ആക്രമണമാണ്, മലയാളത്തിന്റെ മെര്‍ലിന്‍ മണ്‍റോ എന്ന് വിളിക്കപ്പെടുന്ന ഈ സൗന്ദര്യധാമത്തിനുനേരെയുണ്ടാവുന്നത്. ഒരുപാട് കാലമായി ആ നടി ഇത് സഹിക്കുന്നു. ഇപ്പോള്‍ എല്ലാപരിധികളും ലംഘിക്കപ്പെട്ടതോടെ ഈ സൈബര്‍ എരപ്പാളിക്കൂട്ടത്തിനെതിരെ, ഹണി പൊലീസില്‍ പരാതിപ്പെട്ടിരിക്കയാണ്.

ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി നടി രംഗത്തെത്തിയിരിക്കയാണ്. പേര് പരാമര്‍ശിച്ചില്ലെങ്കിലും ആ വ്യക്തിയെ ആളുകള്‍ക്ക് അറിയാമെന്നും ഹണി റോസ് വ്യക്തമാക്കി.-'' എനിക്ക് അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ല. എനിക്കും എന്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്''-ഹണി റോസ് പറയുന്നു.





ഒരു വ്യക്തി അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണി റോസ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു.പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്നും ഹണി റോസ് ചോദിക്കുന്നു.

മലയാളി സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ഇവിടെ എവിടെയാണ് കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീ സുരക്ഷ. ഹണി പേര് പറഞ്ഞില്ലെങ്കിലും, ഇതിലെ വില്ലന്‍ ബോ ചെ എന്ന് അറിയപ്പെടുന്ന ബോബി ചെമ്മണ്ണുര്‍ എന്ന ജ്വല്ലറി മുതലാളിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു നടിക്കുപോലും ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താവും. പക്ഷേ ഹണി റോസിനെ അങ്ങനെയൊന്നും തളര്‍ത്താന്‍ കഴിയില്ല. ഒരു സുപ്രഭാതത്തില്‍ താരറാണിയായതല്ല. അവര്‍ 14-ാം വയസ്സുമുതല്‍ തുടര്‍ച്ചയായി അഭിനയിച്ചും, മോഡലിങ്ങ് ചെയ്തും, കേരളത്തിലെ ഒരു കുഗ്രാമത്തില്‍നിന്ന് വളര്‍ന്നുവന്ന ധീരയായ സ്ത്രീ തന്നെയാണ് അവര്‍.

14-ാം വയസ്സില്‍ തുടങ്ങിയ അഭിനയജീവിതം

ഇന്ന് ഫാഷന്‍ ട്രെന്‍ഡ്്സിന്റെ കേരള ഐക്കണ്‍ ആയി കണക്കാക്കപ്പെടുന്ന ഹണി റോസിന്റെ ബാല്യം ഒരു ഗ്രാമത്തിലായിരുന്നു. 1991 സെപ്റ്റംബര്‍ 5 ന് ഇടുക്കിയിലെ മൂലമറ്റത്ത് ഒരു സീറോ മലബാര്‍ കത്തോലിക്കാ കുടുംബത്തിലാണ് ഹണി റോസ് ജനിച്ചത്. പിതാവ് വര്‍ഗീസ്, മാതാവ് റോസ്. മൂലമറ്റത്തെ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ആലുവയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോര്‍ വുമണില്‍ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

മനോരമക്ക് കൊടുത്ത അഭിമുഖത്തില്‍ ഹണി റോസ് തന്റെ ബാല്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ- ''ഞാന്‍ ജനിച്ചത് ചെപ്പുകുളം എന്ന സ്ഥലത്താണ്. ഞങ്ങളുടെ ആദ്യത്തെ ചെറിയ വീട്, അവിടെ തോട്ടിന്റെ കരയിലായിരുന്നു. എന്നെ എല്‍കെജിയില്‍ ചേര്‍ക്കാന്‍ വേണ്ടിയാണ് മൂലമറ്റത്തേക്ക് വന്നത്. ആദ്യം വാടകവീട്ടിലായിരുന്നു താമസം. പഴയ ഒരു ഓടിട്ട വീടായിരുന്നു അത്. അങ്കിള്‍, ആന്റിമാര്‍, കസിന്‍സ് എല്ലാവും. അമ്മുമ്മയൂടെ പാചകം, കളിചിരി... അങ്ങനെ സന്തോഷകരമായിരുന്നു ബാല്യം''.




അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമാണെന്ന് ഹണി റോസ് പറയുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞ് മുപ്പത് വര്‍ഷത്തോളം ആയി എങ്കിലും ആ പ്രണയ കഥ മാത്രം തന്നോട് പറഞ്ഞിട്ടില്ല എന്ന് നടി പറഞ്ഞു. ഒടുവില്‍ അമ്മയാണ് ആ പ്രണയ കഥ പറഞ്ഞത്. പന്ത്രണ്ടാം വയസ്സില്‍ ഹണി റോസിന്റെ അമ്മയുടെ വീടിനടുത്ത് സ്ഥലം മാറി വന്നതാണ് അച്ഛനും കുടുംബവും. അവിടെ വച്ച് കണ്ട് ഇഷ്ടം പറഞ്ഞു. പത്ത് വര്‍ഷത്തോളം പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നുവത്രെ. ആ പ്രണയം ഇപ്പോഴും അവര്‍ നിലനിര്‍ത്തുന്നു.

കുട്ടിക്കാലത്ത് ശാന്ത സ്വഭാവിയും, ഒരു നാണക്കാരിയായിരുന്നു ഹണി. . പൊതുവെ അച്ഛന്റെ സ്വഭാവമാണ് ഹണിക്ക് കിട്ടിയിരിക്കുന്നത് എന്നാണ് അമ്മ പറയുന്നത്. ഒറ്റ മകള്‍ ആയതുകൊണ്ട് ഏറെ ഓമനിച്ചാണ് രക്ഷിതാക്കള്‍ അവളെ വര്‍ത്തിയത്. തേനും റോസാ പുഷ്പവും കലരുന്ന ആ മനോഹരമായ പേരിട്ടതും അങ്ങനെ തന്നെ. എന്നാല്‍ സിനിമയിലേക്കുള്ള ഹണി റോസിന്റെ എന്‍ട്രി അത്ര എളുപ്പമല്ലായിരുന്നുവത്രെ. അച്ഛനെ കൊണ്ട് സമ്മതിപ്പിക്കാനായി ഒരുപാട് പ്രയാസപ്പെട്ടിരുന്നു. '' ഞാന്‍ എന്ത്് പറഞ്ഞാലും മുഴുവന്‍ സപ്പോര്‍ട്ടുമായി അച്ഛന്‍ കൂടെ തന്നെയുണ്ടാവും. മകള്‍ ഒന്ന് സങ്കടപ്പെട്ടാല്‍ അതിലും വലിയ സങ്കടമാണ് എനിക്ക് എന്നാണ് അച്ഛന്‍ പറയുന്നത്. അതുകൊണ്ടാണ് അഭിനയിക്കുന്നതിന് എതിര്‍ത്തത്''.- ഹണി റോസ് പറയുന്നു.

ബിഹൈന്‍ഡ് വുഡിന് കൊടുത്ത അഭിമുഖത്തില്‍ നടിയുടെ അമ്മ റോസ് ഇങ്ങനെ പറയുന്നു. -''ഹണി റോസിന് തുടക്കത്തില്‍ ഒരു സിനിമയില്‍ അവസരം കിട്ടി. പക്ഷേ പിന്നീട് അവര്‍ മറ്റൊരു താരത്തെ വച്ച് ആ സിനിമ ചെയ്തു. അത് മോള്‍ക്ക് വലിയ സങ്കടം ആയി. അവളെ കണ്ട് എനിക്കും സഹിക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ എങ്കില്‍ ഇനി അഭിനയിക്കേണ്ട എന്ന് അച്ഛന്‍ പറയുകയായിരുന്നു. പറയുക എന്നല്ല ആറ് മാസത്തോളം വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാതെ അച്ഛന്‍ സമരം ചെയ്തു. അവസാനം ഹണി റോസ് തന്നെ മയത്തില്‍ പറഞ്ഞാണ് സമ്മതിപ്പിച്ചത്. അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛനാണ് കൂടെ പോകന്നത് എല്ലാം. എവിടെ പോയാലും ഞാന്‍ ഹണി റോസിന്റെ അച്ഛനാണ് എന്ന് അഭിമാനത്തോടെ പറയുകയും ചെയ്യും''- റോസ് പറയുന്നു.

വെറും 14ാം വയസ്സില്‍ അഭിനയലോകത്ത് ഹണിയെത്തി. 2005-ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് തുടക്കം. ചിത്രം സൂപ്പര്‍ ഹിറ്റായില്ലെങ്കിലും ആവറേജ് വിജയമായിരുന്നു. നടന്‍ മണിക്കുട്ടനുമായുള്ള കോമ്പോയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഹണി റോസ്, തമിഴിലും തെലുഗിലുമെത്തി. 2007ല്‍, കനവേ ആയിരുന്നു ആദ്യ തമിഴ് പ്രൊജക്റ്റ്. തുടന്ന് അടുത്തവര്‍ഷം തെലുഗ് ചിത്രമായ ആലയത്തില്‍ വേഷമിട്ടു.

വഴിത്തിരിവായ ട്രിവാന്‍ഡ്രം ലോഡ്ജ്

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചില സൈബര്‍ ലിഞ്ചര്‍മാര്‍ കിടന്ന് വെരകുന്നതുപോലെ, സൗന്ദര്യം മാര്‍ക്കറ്റ് ചെയ്ത ജീവിക്കുന്ന നടിയല്ല അവര്‍. താന്‍ അഭിനയിച്ച ഒട്ടുമിക്ക വേഷങ്ങളും ഹണി സൂപ്പറായി ചെയ്തിട്ടുണ്ട്. ഒരു നടിയെന്ന നിലയില്‍ ഹണി റോസിന്റെ കരിയര്‍ തിരിച്ചുവിടുന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ പടത്തില്‍, ധ്വനി നമ്പ്യാര്‍ എന്ന പുരുഷനോട് അങ്ങോട്ട് ലൈംഗികാവശ്യങ്ങള്‍ക്ക് സമീപിക്കുന്ന, ബോള്‍ഡായ എഴുത്തുകാരിയുടെ വേഷം, സദാചാര മലയാളിയെ ഞെട്ടിച്ചു. അഡള്‍ട്ട് ഴോണറിലുള്ള സംഭാഷണങ്ങള്‍ അടങ്ങിയ ചിത്രം, ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. പക്ഷേ പടം വന്‍ വിജയമായി. യാതൊരു മുന്‍വിധിയും ഇല്ലാതെയാണ് ചിത്രത്തില്‍ അഭിനയിച്ചത് എന്നും അതില്‍ ഒരു ഖേദവും ഇല്ലെന്നും ഹണി റോസ് പിന്നീട് പറഞ്ഞു. ഇന്നും ഹണിയുടെ ഏറ്റവും നല്ല കഥാപാത്രമായി വിലയിരുത്തപ്പെടുന്നതും ഇതുതന്നെ.




ആ ചിത്രത്തിന് ശേഷം ധ്വനി എന്നാക്കി തന്റെ സ്‌ക്രീന്‍ നാമം മാറ്റാന്‍ അവര്‍ തീരുമാനിച്ചുവെങ്കിലും, പിന്നീട് അത് ഒഴിവാക്കി. തുടര്‍ന്നിറങ്ങിയ അഞ്ചു സുന്ദരികള്‍ എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. 'ഹോട്ടല്‍ കാലിഫോര്‍ണിയ', കുമ്പസാരം, മമ്മൂട്ടിയ്‌ക്കൊപ്പം നടിച്ച 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്നീ ചിത്രങ്ങളിലും ഹണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നടിയുടെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ കുമ്പസാരം ആണ്. അച്ഛന് ഇഷ്ടം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയും.

മോഹന്‍ലാലിനൊപ്പം കനല്‍, ഇട്ടിമാണി: മെയ്ഡ് ഇന്‍ ചൈന, ബിഗ് ബ്രദര്‍ എന്നീ ചിത്രങ്ങളിലും ജയറാമിനൊപ്പം സര്‍ സിപി, ദിലീപിനൊപ്പം റിംഗ് മാസ്റ്റര്‍ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹണി റോസ്, സുന്ദര്‍ സിയും ജയും അഭിനയിച്ച പട്ടാമ്പൂച്ചി (2022) എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തി . തുടര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്ററില്‍ അവര്‍ അഭിനയിച്ചു. ചിത്രത്തിലെ അവളുടെ പ്രകടനം നന്നായി ശ്രദ്ധിക്കപ്പെട്ടു. ചിത്രം വിജയിച്ചില്ലെങ്കിലും ഹണിയുടെ ക്യാരക്ടര്‍ ഹിറ്റായി.

ഇന്ന് തമിഴിലും, കന്നഡയിലും, തെലുഗിലുമടക്കം ആരാധകര്‍ ഏറെയുള്ള നടിയാണിവര്‍. 2023-ല്‍, നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച വീരസിംഹ റെഡ്ഡി എന്നചിത്രം, ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെലുഗ് സിനിമയിലേക്കുള്ള അവരുടെ തിരിച്ച് വരവായിരുന്നു.

സ്‌ക്രീനിന് പുറത്ത് ഫാമിലി വുമണ്‍

സ്‌ക്രീനിന് പുറത്ത്, പാചകവും ചെടി പരിപാലനവുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു സാധാരണ സ്ത്രീയാണ് ഹണി. വീട്ടില്‍ ഭയങ്കര വഴക്കാളിയാണെന്നാണ് അമ്മ ഒരു അഭിമുഖത്തില്‍ പാതി തമാശയായി പറയുന്നത്. ''സിനിമയിലെ പോലെ തന്നെ വീട്ടിലും ഗംഭീര അഭിനയമാണ്. ദേഷ്യം വന്നാല്‍ കൈയ്യില്‍ കിട്ടുന്നത് എല്ലാം എടുത്തെറിയും. കരയുകയാണെങ്കില്‍ മുഖത്ത് സകല ഭാവങ്ങളും വന്ന് പോവും. എന്റെ ഏറ്റവും വലിയ ആഗ്രഹം അവളുടെ കല്യാണമാണ്. അത് പറഞ്ഞാല്‍ ഞങ്ങള്‍ വഴക്കാവും''- അമ്മ റോസ് പറയുന്നു. ''കല്യാണം കഴിക്കുന്നതിനൊന്നും പ്രശ്നമില്ല. അതിന് തയ്യാറാണ്, പക്ഷെ നല്ല ഒരാള്‍ വരണം. അങ്ങനെ ഒരാള്‍ വരിക എന്നുള്ളത് ചെറിയ കാര്യമില്ല. കല്യാണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അമ്മക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. പപ്പ എല്ലാത്തിലും കൂളാണ്. ഇന്നത്തെ ജീവിതം അടിച്ച് പൊളിച്ച് മുന്നോട്ട് പോകുകയെന്ന് ചിന്തിക്കുന്നവരാണ് ഞാനും പപ്പയും. അമ്മയകാട്ടെ ഇന്ന് കഷ്ടപ്പെട്ട് നാളെ എവിടെയോ ഉള്ള ഒരു നല്ല ജീവിതത്തിനായുള്ള കാത്തിരിപ്പാണ്. ''- ഹണി പറയുന്നു.




ഹണി റോസിനെപ്പോലൊരു സെലിബ്രിറ്റി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്, മേക്കപ്പിനൊക്കെ ആയിരിക്കും എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ അത് ശരിയല്ല. തികഞ്ഞ ചെടി ഭ്രാന്തയാണ് ഹണി. അവര്‍ ഏറ്റവും കൂടുതല്‍ പണം ചെലവിടുന്നത് ചെടികള്‍ വാങ്ങാനാണ്. നാട്ടിലെ ഹണിയുടെ വീട്, ചെടികളും, പൂക്കളും, പൂമ്പാറ്റുകളും നിറഞ്ഞ ഒരു കൊച്ചു സ്വര്‍ഗം തന്നെയാണ്. ഹണിയുടെ മൂലമറ്റത്തെ വീടും സോഷ്യല്‍ മീഡിയയിലടക്കം തരംഗമായിരുന്നു.

ഒറ്റവാചകത്തില്‍ വീടിനെ പച്ചപ്പിനുള്ളിലെ വൈറ്റ് ഹൗസ് എന്ന് വിശേഷിപ്പിക്കാം. അടിമുടി വെള്ളനിറത്തിലാണ് വീട് ഒരുക്കിയത്. ഫ്ളോറും, ഭിത്തിയം, സീലിങ്ങുമെല്ലാം ഫുള്‍ വൈറ്റ്. തന്റെ ചെടി ആരെങ്കിലും തൊട്ടാല്‍ താന്‍ നാഗവല്ലിയാവുമെന്നാണ് ഒരു അഭിമുഖത്തില്‍ ഹണി റോസ് പറയുന്നത്. ഹണിയുടെ കുടുംബത്തിന് ചെറിയൊരു പ്രൊഡക്ഷന്‍ യുണിറ്റുമുണ്ട്. രാമച്ചവും കോട്ടണും കൊണ്ടുള്ള ബാത് സ്‌ക്രബറിന്റെ പ്രൊഡക്ഷന്‍ യൂണിറ്റാണ് ഇവര്‍ നടത്തുന്നത്.

വസ്ത്രത്തിന്റെ പേരില്‍ കടുത്ത അധിക്ഷേപം താരം നേരിടാറുണ്ട്. പക്ഷേ ഹണിയുടെ ഉദ്ഘാടനത്തിനുള്ള വസ്ത്രങ്ങളെല്ലാം താനാണ് തിരഞ്ഞെടുക്കുന്നത് എന്നാണ് അമ്മ പറയുന്നത്. '' ഹണിയാണ് പക്ഷെ അതിനൊക്കെയുള്ള തെറി കേള്‍ക്കുന്നത്. ഇവളോട് ഞാന്‍ ചോദിക്കാറുണ്ട്, നീ എന്താണ് എന്റെ പേര് പറയാത്തത് എന്ന്. എവിടെ പോയാലും ഇവളെ എല്ലാവരും നന്നായി നോക്കണം എന്നാണ് ആഗ്രഹം. കുഞ്ഞിലെ തൊട്ട് നന്നായി ഒരുക്കി നിര്‍ത്തുമായിരുന്നു. ഹണിയുടെ ഫോട്ടോയ്ക്ക് വരുന്ന കമന്റുകളൊക്കെ ഞാന്‍ വായിക്കാറുണ്ട്. അതിനൊന്നും പക്ഷെ മറുപടി കൊടുക്കാറില്ല. മറ്റുള്ളവര്‍ പറയുന്നത് കേട്ടാല്‍ നമ്മുക്ക് ജീവിതവും സന്തോഷവും ഉണ്ടാകില്ല. മറ്റുള്ളവരെ അങ്ങനെ തന്നെ കാണാനുള്ള ബോധം നമ്മുക്ക് വേണം.ഞങ്ങളുടെ പൊന്നുമോളാണ് ഹണി. ഞങ്ങള്‍ മൂന്ന് പേരും നല്ല സ്നേഹത്തിലാണ് കഴിയുന്നത്-'' അമ്മ പറയുന്നു

ലക്ഷങ്ങള്‍ മതിക്കുന്ന ഇനാഗുറേഷന്‍ സ്റ്റാര്‍!

ആദ്യചിത്രമായ ബോയ്ഫ്രണ്ടില്‍ വേഷമിട്ട അന്നുമുതല്‍, തനിക്ക് ഉദ്ഘാടനങ്ങള്‍ക്കുള്ള അവസരങ്ങള്‍ വന്നുകൊണ്ടിരുന്നെങ്കിലും, കോവിഡ് കാലത്തിനുശേഷമാണ് അത് വ്യാപകമായത് എന്നാണ് ഹണി റോസ്, പറയുന്നത്. നിരന്തരമായി ഉദ്ഘാടനങ്ങള്‍ ചെയ്യുന്നതുകൊണ്ട് തന്നെ ഉദ്ഘാടനം സ്റ്റാറെന്നൊരു വിളിപ്പേരും ഹണി റോസിനുണ്ട്. പക്ഷേ ഹണി അത്രയേറെ ഉദ്ഘാടനമൊന്നും നടത്താറില്ല എന്നതാണ് സത്യവും. പക്ഷേ ചെയ്യുന്നതിനൊക്കെ മീഡിയാ അറ്റന്‍ഷന്‍ കിട്ടുന്നതുകൊണ്ട് അങ്ങനെ തോന്നിപ്പോവുന്നതാണ്.




ഒരു മാസം എത്ര ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കുമെന്ന ചോദ്യത്തിന് ഒത്തിരിയൊന്നുമില്ലെന്നും വളരെക്കുറവെയുള്ളൂവെന്നുമാണ് ഹണി റോസിന്റെ മറുപടി. താരസംഘടന എഎംഎംഎയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നടന്‍ ബാബുരാജിനോടാണ് ഹണി റോസിന്റെ പ്രതികരണം.-''കേരളത്തില്‍ എല്ലാതരം ഷോപ്പുകളും അഭിനേതാക്കളെ വിളിച്ച് ഉദ്ഘാടനം ചെയ്യാറുണ്ട്. തെലുഗില്‍ ജ്വല്ലറിയും ടെക്‌സ്‌റ്റൈല്‍സും മാത്രമേയുള്ളൂ. റെസ്റ്റോറന്റുകളും മറ്റും ചുരുക്കമേ ചെയ്യാറുള്ളൂ. മരുന്നുകട ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാന്‍ അന്വേഷണമുണ്ടായിരുന്നു. പെട്രോള്‍ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. ഇതൊക്കെ ഭയങ്കര രസമുള്ള കാര്യങ്ങളല്ലേ.

പെട്രോള്‍ പമ്പ് ഉദ്ഘാടനം പക്ഷേ പിന്നീട് നടന്നില്ല. പിന്നെ ചുരുക്കം ഹോട്ടലുകള്‍. നമ്മളെ സമീപിക്കുന്നവരെ ഒന്നും നിരാശരാക്കാറില്ല. ഞാനൊരു മരുന്നുകട ഉദ്ഘാടനം ചെയ്തിട്ടുണ്ട്. മരുന്നുകളും ക്രീമുകളുമൊക്കെ ഉള്ള ഒരു ഷോപ്പ് ആയിരുന്നു. ബോയ്ഫ്രണ്ട് എന്ന സിനിമ ചെയ്തു കഴിഞ്ഞ സമയം മുതലേ ഉദ്ഘാടനങ്ങള്‍ക്ക് പോകാറുണ്ട്. ക്ഷേ കോവിഡ് മുതല്‍ ആണ് ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ശരിക്കു പറഞ്ഞാല്‍ കോവിഡിന് തൊട്ടുമുമ്പ്. അതിനു കാരണം ഓണ്‍ലൈന്‍ ചാനലുകളും യൂട്യൂബ് ചാനലുകളുടേയും അതിപ്രസരമാണ്. ആദ്യ കാലങ്ങളില്‍ ഒന്നും ഇത്രയും ഓണ്‍ലൈന്‍ ചാനലുകള്‍ ഇല്ലല്ലോ, അപ്പോള്‍ കൂടുതല്‍ ആളുകള്‍ ഒന്നും അറിയില്ല.പക്ഷേ ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയ വന്ന് ഉദ്ഘാടനങ്ങളെല്ലാം ഷൂട്ട് ചെയ്യും. അതുകൊണ്ട് എല്ലാവരും അറിയുന്നു. അതായിരിക്കും ഇപ്പൊ ഒരുപാട് ആളുകള്‍ കൂടുന്നത്''- ഹണി റോസ് പറയുന്നു.

ബോയ്ഫ്രണ്ട് എന്ന ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍, വെറും പതിനായിരം രൂപായിരുന്നു ഹണി റോസിന്റെ പ്രതിഫലം. ഒരു കവറിലിട്ട് സംവിധായകന്‍ വിനയന്‍ പ്രതിഫലം നല്‍കിയ കഥ അവര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ ഓരോ ഉദ്ഘാടനത്തിനും ലക്ഷങ്ങളാണ് ഹണിയുടെ പ്രതിഫലം. കഴിഞ്ഞവര്‍ഷം, ഒരു ഉദ്ഘാടന ചടങ്ങിന് ഹണി റോസ് വാങ്ങിയ പ്രതിഫലം സംബന്ധിച്ച കണക്കുകളാണ് തെലുഗ് മാധ്യമം പുറത്തുവിട്ടിരുന്നു. ആന്ധ്രാപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഒരു ഷോപ്പിങ് മാള്‍ ഉദ്ഘാടനം ചെയ്തത് ഹണി റോസായിരുന്നു. ഇതിനായി 50-60 ലക്ഷം രൂപ വരെയാണ് ഹണി റോസ് ഈടാക്കിയതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഇത്രയൊന്നും തുക അവര്‍ കേരളത്തിലെ ഉദ്ഘാടനത്തിന് വാങ്ങാറില്ല. മാത്രമല്ല, നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും അവര്‍ സൗജന്യമായി പങ്കാളിയാണ്. വിമര്‍ശകര്‍ പറയാത്ത കാര്യം ഹണിക്ക് ഈ പ്രതിഫലം കൊടുക്കുന്നത് ആരുടെയും ഔദാര്യമല്ല. ഒരു നടി, മോഡല്‍, ഫാഷന്‍ ബ്രാന്‍ഡ് എന്ന നിലയിലൊക്കെ അവരുടെ മൂല്യമാണിത്. ലോകത്തിലെ എല്ലാഭാഗത്തും അഭിനേതാക്കളും, സെലിബ്രിറ്റികളും ഇത്തരം പരിപാടികളില്‍ പങ്കെടുത്ത് പ്രതിഫലം പറ്റാറുണ്ട്. പക്ഷേ ഹണിറോസ് ചെയ്യുമ്പോള്‍ മാത്രം, അതിന് മ്ലേഛമായ കമന്റടുന്നവര്‍, തീര്‍ക്കുന്നത് സ്വന്തം ലൈംഗിക ദാരിദ്ര്യം തന്നെയാവാം.

ബോചെയുടെ ആഭാസത്തരം

ഞരമ്പുരോഗികളായ ഒരുപറ്റം സൈബര്‍ ആഭാസം സംഘം, നേരത്തെ തന്നെ ഈ നടി എവിടെപ്പോയാലും, വൃത്തികെട്ട കമന്റുകള്‍ ഇട്ട് രംഗത്തുവരുന്ന സംഭവം ഉണ്ടായിരുന്നു. പക്ഷേ ഇത് സംഘടിതവും ആസൂത്രിതവുമായത്, ബോ ചെ എന്ന ബോബി ചെമ്മണ്ണൂരിന്റെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന്, 2004 ആഗസ്റ്റില്‍ ഈ നടി എത്തിയതോടെയാണ്. നേരത്തെ തന്നെ സ്ത്രീവിരുദ്ധമായ അശ്ളീലങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ, ബോ ചെ എന്ന സ്വയം പ്രഖ്യാപിത നന്‍മമരം, അതി വഷളന്‍ രീതിയിലാണ് അന്ന് ഈ നടിയോട് പ്രതികരിച്ചത്. കണ്ണൂര്‍ ആലക്കോടുള്ള ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറി ഇന്റര്‍നാഷനല്‍ ഉദ്ഘാടന ചടങ്ങിലാണ് ബോബി ചെമ്മണ്ണൂരിന്റെ അശ്ലീല പരാമര്‍ശമുണ്ടായത്.




'ഹണി റോസിനെ, അവരെ കാണുമ്പോള്‍ എനിക്ക് .... ഓര്‍മ്മ വരുന്നു' എന്ന ഒരു ഏഭ്യന്‍ തമാശ പറഞ്ഞായിരുന്നു ഉദ്ഘാടന ചടങ്ങിലേക്ക് ഹണി റോസിനെ, ബോബി ചെമ്മണ്ണൂര്‍ സ്വാഗതം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം നടി ജ്വല്ലറി, സന്ദര്‍ശിക്കവേ നെക്ലസ് കഴുത്തില്‍ അണിയിച്ചതിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ചുറ്റും കറക്കുകയും 'ഇവിടെ നില്‍ക്കുമ്പോള്‍ മാലയുടെ മുന്‍ഭാഗമേ കാണൂ, മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്' എന്നും പറഞ്ഞു. ഈ ആഭാസത്തിനെതിരെ അന്നുതന്നെ നിരവധിയാളുകള്‍ അതിശക്തമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. എന്നാല്‍ ബോബി തന്റെ അശ്ളീല പരാമര്‍ശങ്ങള്‍ തുടരുകയായിരുന്നു. അതിനുശേഷം ബോ ചേ ടീമുമായി ഇനി സഹകരിക്കേണ്ടെന്ന് ഹണി റോസ് തീരുമാനിക്കുന്നു. അതിനുശേഷമാണ് അവര്‍ക്ക് സൈബര്‍ ആക്രമണം ശക്തമായത്. ഇപ്പോള്‍ ഹണി റോസിനെതിരെ നടക്കുന്ന, സൈബര്‍ ആക്രമണത്തിനുപിന്നിലും ബോച്ചെ ഫാന്‍സ് എന്ന് പറയുന്ന ഈ തെമ്മാടിക്കൂട്ടമാണ്.

എന്നാല്‍ ഇപ്പോള്‍ കളിമാറുകയാണ്. ഫെമിനിസ്റ്റുകള്‍ മുതല്‍ സാധാരണക്കാര്‍വരെയുള്ള നിരവധി പരാണ് ഹണിറോസിന് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുന്നത്. 'മൈ ബോഡി മൈ റൈറ്റ്' എന്ന വിഷയമൊക്കെ ഉയര്‍ത്തിക്കാട്ടി അവര്‍ ഈ ബോഡി ഷെയിമിങ്ങിനെതിരെ ശക്തമായി പ്രതികരിച്ച് ബോബിയെ നിര്‍ത്തിപ്പൊരിക്കയാണ്. ആണ്‍ബോധത്തിന്റെയും പ്രിവിലേജിന്റെയും ആനപ്പുറത്തിരുന്ന് അതില്ലാത്തവരെ നോക്കി പുച്ഛിക്കുക്കയാണ് ബോ ചെ എന്ന് സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.ഈ വൃത്തികേടുകള്‍ക്ക് കയ്യടിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ട് എന്നത് ഞെട്ടിക്കുന്നതുമാണ്.സര്‍ക്കാര്‍ സ്ത്രീവിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെയും പതികരണങ്ങള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും, ബോബി ചെമ്മണ്ണൂര്‍ ഒരു സാമൂഹിക ദുരന്തമാണെന്നും പോസ്റ്റുകള്‍ വരികയാണ്. ഹണി റോസിന്റെ പരാതിയില്‍ ശക്തമായ നടപടിയുമായി സര്‍ക്കാറും മുന്നോട്ട്പോവുകയാണ്.

വാല്‍ക്കഷ്ണം: ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുകയാണ് നടി. കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ പുതിയ നിര്‍മാണ കമ്പനിക്കാണ് താരം തുടക്കമിട്ടത്. ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. 20 വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്ന തന്റെ സ്വപ്നമാണ് നിര്‍മാണ കമ്പനി എന്നാണ് ഹണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമ്പനിയുടെ ലോഗോയും താരം പുറത്തിറക്കിയിരുന്നു. 'പട്ടികള്‍ കുരക്കട്ടെ സ്വാര്‍ത്ഥവാഹക സംഘം മുന്നോട്ട്' എന്ന ചൊല്ല് ഓര്‍മ്മവരുന്നുണ്ടോ!